വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവി​ത​കഥ

“യഹോവ എന്നെ ഒരിക്ക​ലും മറന്നു​ക​ള​ഞ്ഞില്ല”

“യഹോവ എന്നെ ഒരിക്ക​ലും മറന്നു​ക​ള​ഞ്ഞില്ല”

തെക്കേ അമേരി​ക്ക​യി​ലെ ഗയാന​യി​ലുള്ള ഒരു ഗ്രാമ​മാണ്‌ ഓറി​യെല. ഏകദേശം 2,000 ആളുകൾ മാത്ര​മുള്ള ആ കൊച്ചു​ഗ്രാ​മ​ത്തി​ലാണ്‌ എന്റെ വീട്‌. ഒറ്റപ്പെട്ട ഒരു ഗ്രാമ​മാണ്‌ അത്‌. ഒരു ചെറിയ വിമാ​ന​ത്തി​ലൂ​ടെ​യോ ബോട്ടി​ലൂ​ടെ​യോ മാത്രമേ അവിടെ എത്താൻ കഴിയൂ.

ഞാൻ 1983-ൽ ആണ്‌ ജനിച്ചത്‌. പത്തു വയസ്സു​വരെ എനിക്ക്‌ നല്ല ആരോ​ഗ്യ​മു​ണ്ടാ​യി​രു​ന്നു. പിന്നെ​പ്പി​ന്നെ ശരീരം മുഴുവൻ വേദന​യെ​ടു​ക്കാൻ തുടങ്ങി. അങ്ങനെ ഏകദേശം രണ്ടു വർഷം കടന്നു​പോ​യി. പിന്നെ ഒരു ദിവസം രാവിലെ എഴു​ന്നേ​റ്റ​പ്പോൾ എനിക്കു നടക്കാൻ കഴിയു​ന്നില്ല. എത്ര ശ്രമി​ച്ചി​ട്ടും കാലുകൾ അനക്കാ​നാ​യില്ല. അതിൽപ്പി​ന്നെ ഞാൻ നടന്നിട്ടേ ഇല്ല. ഈ രോഗം കാരണം എനിക്കു വളർച്ച​യും ഇല്ലായി​രു​ന്നു. ഇന്നും എനിക്ക്‌ ഒരു കുട്ടി​യു​ടെ വലുപ്പമേ ഉള്ളൂ.

രോഗം വന്നശേഷം ഞാൻ വീട്ടിൽത്ത​ന്നെ​യാ​യി​രു​ന്നു. ഏകദേശം രണ്ടു മാസം കഴിഞ്ഞ​പ്പോൾ രണ്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ ഞങ്ങളുടെ വീട്ടിൽ വന്നു. സാധാരണ ആരെങ്കി​ലും വീട്ടിൽ വന്നാൽ ഞാൻ അവരുടെ മുന്നിൽ ചെന്നു​പെ​ടാ​റി​ല്ലാ​യി​രു​ന്നു. എന്നാൽ ആ സ്‌ത്രീ​കൾ വന്നപ്പോൾ അവർ പറയു​ന്നത്‌ ഞാൻ കേട്ടു. അവർ പറുദീ​സാ​ഭൂ​മി​യെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ ഞാൻ എന്റെ അഞ്ചാമത്തെ വയസ്സിൽ കേട്ട കാര്യങ്ങൾ എന്റെ ഓർമ​യി​ലേക്കു വന്നു. ആ സമയത്ത്‌ സുരി​നാ​മിൽ താമസി​ച്ചി​രുന്ന ജെത്രോ എന്ന മിഷനറി മാസത്തിൽ ഒരിക്കൽ ഞങ്ങളുടെ ഗ്രാമ​ത്തിൽ വന്ന്‌ എന്റെ അച്ഛന്റെ​കൂ​ടെ ബൈബിൾ പഠിച്ചി​രു​ന്നു. ജെത്രോ സ്‌നേ​ഹ​ത്തോ​ടെ​യാണ്‌ എന്നോട്‌ ഇടപെ​ട്ടി​രു​ന്നത്‌. എനിക്കു ജെ​ത്രോ​യെ​യും വലിയ ഇഷ്ടമാ​യി​രു​ന്നു. ആ ഗ്രാമ​ത്തിൽവെച്ച്‌ നടന്നി​രുന്ന ചില മീറ്റി​ങ്ങു​കൾക്ക്‌ മുത്തച്ഛ​നും മുത്തശ്ശി​യും എന്നെ ചില​പ്പോ​ഴൊ​ക്കെ കൊണ്ടു​പോ​യി​ട്ടുണ്ട്‌. അതു​കൊണ്ട്‌ അന്ന്‌ എന്റെ വീട്ടിൽ വന്ന സ്‌ത്രീ​ക​ളിൽ ഒരാളായ ഫ്‌ലോ​റൻസ്‌ കൂടുതൽ പഠിക്കാൻ ആഗ്രഹ​മു​ണ്ടോ എന്നു ചോദി​ച്ച​പ്പോൾ ഞാൻ സമ്മതിച്ചു.

അങ്ങനെ ഫ്‌ലോ​റൻസ്‌ ഭർത്താ​വായ ജസ്റ്റസി​നെ​യും കൂട്ടി തിരി​ച്ചു​വന്നു. ഞാൻ അവരോ​ടൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങി. എനിക്കു വായി​ക്കാൻ അറിയി​ല്ലെന്ന്‌ അവർക്കു മനസ്സി​ലാ​യ​പ്പോൾ അവർ എന്നെ വായി​ക്കാൻ പഠിപ്പി​ച്ചു. കുറച്ച്‌ നാൾ കഴിഞ്ഞ​പ്പോൾ ഞാൻ തനിയെ വായി​ക്കാൻ തുടങ്ങി. സുരി​നാ​മിൽ പോയി സേവി​ക്കാ​നുള്ള നിയമനം അവർക്കു കിട്ടി​യെന്ന്‌ ഒരു ദിവസം ആ ദമ്പതികൾ എന്നോടു പറഞ്ഞു. എന്റെ ബൈബിൾപ​ഠനം തുടർന്നു​കൊ​ണ്ടു​പോ​കാൻ വേറെ ആരും ഓറി​യെ​ല​യിൽ ഉണ്ടായി​രു​ന്നില്ല. അത്‌ എന്നെ വലിയ സങ്കടത്തി​ലാ​ക്കി. എന്നാൽ സന്തോ​ഷ​ക​ര​മായ സംഗതി, യഹോവ എന്നെ മറന്നു​ക​ള​ഞ്ഞില്ല എന്നതാ​യി​രു​ന്നു.

അധികം വൈകാ​തെ ഫ്‌ലോ​യ്‌ഡ്‌ എന്ന മുൻനി​ര​സേ​വകൻ ഓറി​യെ​ല​യിൽ എത്തി. കുടി​ലു​കൾതോ​റും സാക്ഷീ​ക​രി​ക്കു​ന്ന​തി​നി​ടെ അദ്ദേഹം എന്നെ കണ്ടുമു​ട്ടി. ബൈബിൾ പഠിക്കുന്ന കാര്യം അദ്ദേഹം എന്നോടു പറഞ്ഞ​പ്പോൾ ഞാൻ ഒന്നു പുഞ്ചി​രി​ച്ചു. “എന്തിനാ ചിരി​ക്കു​ന്നേ” എന്ന്‌ അദ്ദേഹം ചോദി​ച്ചു. ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? എന്ന ലഘുപ​ത്രിക ഞാൻ പഠിച്ചു​ക​ഴി​ഞ്ഞെ​ന്നും നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാനം * എന്ന പുസ്‌തകം പഠിക്കാൻ തുടങ്ങി​യി​രു​ന്നെ​ന്നും ഞാൻ പറഞ്ഞു. പഠനം നിന്നു​പോ​യ​തി​ന്റെ കാരണ​വും ഞാൻ പറഞ്ഞു. പരിജ്ഞാ​നം പുസ്‌ത​ക​ത്തി​ന്റെ ബാക്കി​യുള്ള ഭാഗം ഫ്‌ലോ​യ്‌ഡ്‌ എന്നെ പഠിപ്പി​ച്ചു. പക്ഷേ അദ്ദേഹ​വും വേറൊ​രു സ്ഥലത്തേക്കു നിയമനം കിട്ടി പോയി. വീണ്ടും എന്നെ ബൈബിൾ പഠിപ്പി​ക്കാൻ ആരുമി​ല്ലാ​താ​യി.

പിന്നീട്‌ 2004-ൽ ഗ്രാൻവി​ല്ല​യും ജോഷ്വ​യും ഓറി​യെ​ല​യിൽ എത്തി. പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യി അവരെ അവി​ടേക്കു നിയമി​ച്ച​താ​യി​രു​ന്നു. പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ന്ന​തി​നി​ടെ അവർ എന്റെ കുടി​ലി​ലും എത്തി. ബൈബിൾ പഠിക്കുന്ന കാര്യം അവർ എന്നോടു പറഞ്ഞ​പ്പോൾ ഞാൻ ഒന്നു പുഞ്ചി​രി​ച്ചു. പരിജ്ഞാ​നം പുസ്‌ത​ക​ത്തി​ന്റെ തുടക്കം​മു​തൽ പഠിപ്പി​ക്കാൻ ഞാൻ അവരോ​ടു പറഞ്ഞു. മുമ്പ്‌ എന്റെ അടുത്തു​വ​ന്നി​രു​ന്നവർ പഠിപ്പി​ച്ചി​രു​ന്ന​തു​പോ​ലെ​യാ​ണോ ഇവരും പഠിപ്പി​ക്കു​ന്ന​തെന്ന്‌ അറിയാ​നാ​യി​രു​ന്നു അത്‌. ആ ഗ്രാമ​ത്തിൽവെച്ച്‌ നടക്കുന്ന മീറ്റി​ങ്ങു​ക​ളെ​ക്കു​റി​ച്ചും ഗ്രാൻവില്ല എന്നോടു പറഞ്ഞു. പത്തു വർഷ​ത്തോ​ള​മാ​യി വീട്ടിൽനിന്ന്‌ പുറത്തി​റ​ങ്ങി​യി​ട്ടി​ല്ലാ​യി​രു​ന്നെങ്കി​ലും ആ മീറ്റി​ങ്ങു​കൾക്ക്‌ പോക​ണ​മെന്ന്‌ എനിക്കു തോന്നി. അതു​കൊണ്ട്‌ ഗ്രാൻവില്ല എന്നെ എടുത്ത്‌ ഒരു വീൽച്ചെ​യ​റിൽ ഇരുത്തി. എന്നിട്ടു രാജ്യ​ഹാൾവരെ തള്ളി​ക്കൊ​ണ്ടു​പോ​യി.

അങ്ങനെ​യി​രി​ക്കെ ഒരു ദിവസം ഗ്രാൻവില്ല എന്നോട്‌ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളിൽ പേര്‌ കൊടു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറഞ്ഞു. അദ്ദേഹം പറഞ്ഞു: “നിനക്ക്‌ നടക്കാൻ കഴിയില്ല, എങ്കിലും നിനക്ക്‌ സംസാ​രി​ക്കാൻ കഴിയും. നോക്കി​ക്കോ, ഒരു ദിവസം നീ ഒരു പൊതു​പ്ര​സം​ഗം നടത്തും. അതുറപ്പാ.” അദ്ദേഹ​ത്തി​ന്റെ ആ വാക്കുകൾ കേട്ട​പ്പോൾ എന്റെ ആത്മവി​ശ്വാ​സം കൂടി.

ഗ്രാൻവി​ല്ല​യു​ടെ​കൂ​ടെ ഞാൻ വയൽസേ​വ​ന​ത്തിന്‌ പോകാൻ തുടങ്ങി. ഞങ്ങളുടെ ഗ്രാമ​ത്തി​ലെ മിക്ക റോഡു​ക​ളും നിറയെ കുണ്ടും കുഴി​ക​ളും നിറഞ്ഞ​താ​യി​രു​ന്നു. അതിലെ വീൽച്ചെയർ ഉരുട്ടാൻ ഭയങ്കര പാടാ​യി​രു​ന്നു. അതു​കൊണ്ട്‌ എന്നെ ഒരു ഒറ്റച​ക്ര​മുള്ള കൈവ​ണ്ടി​യിൽ ഇരുത്തി​യിട്ട്‌ ഉന്തി​ക്കൊണ്ട്‌ പോകാ​മോ എന്ന്‌ ഞാൻ ഗ്രാൻവി​ല്ല​യോട്‌ ചോദി​ച്ചു. ആ ഐഡിയ കൊള്ളാ​യി​രു​ന്നു. 2005 ഏപ്രി​ലിൽ ഞാൻ സ്‌നാ​ന​പ്പെട്ടു. അധികം താമസി​യാ​തെ, സഭയിലെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ കാര്യം നോക്കാ​നും രാജ്യ​ഹാ​ളി​ലെ ശബ്ദസം​വി​ധാ​നം കൈകാ​ര്യം ചെയ്യാ​നും സഹോ​ദ​രങ്ങൾ എന്നെ പഠിപ്പി​ച്ചു.

2007-ൽ എന്റെ അച്ഛൻ ഒരു ബോട്ട്‌ അപകട​ത്തിൽ മരിച്ചു. നിനയ്‌ക്കാത്ത നേരത്തു​ണ്ടായ ആ മരണം എന്റെ കുടും​ബത്തെ ദുഃഖ​ത്തി​ലാ​ഴ്‌ത്തി. ആ സമയ​ത്തെ​ല്ലാം ഗ്രാൻവില്ല ഞങ്ങളോ​ടൊ​പ്പം ഉണ്ടായി​രു​ന്നു, ഞങ്ങൾക്കു​വേണ്ടി പ്രാർഥി​ച്ചു. ബൈബി​ളിൽനിന്ന്‌ ആശ്വാസം പകരുന്ന ധാരാളം കാര്യങ്ങൾ പറഞ്ഞു​തന്നു. രണ്ടു വർഷം കഴിഞ്ഞ​പ്പോൾ ഞങ്ങൾക്ക്‌ മറ്റൊരു ദുരന്തം​കൂ​ടി നേരി​ടേ​ണ്ടി​വന്നു, ഗ്രാൻവി​ല്ല​യും ഒരു ബോട്ട്‌ അപകട​ത്തിൽ മരിച്ചു.

ഞങ്ങളുടെ കുഞ്ഞു​സ​ഭ​യ്‌ക്ക്‌ അതൊരു വലിയ നഷ്ടമാ​യി​രു​ന്നു. സഭയിൽ പിന്നെ ഒരു ശുശ്രൂ​ഷാ​ദാ​സൻ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ, മൂപ്പന്മാ​രാ​യി ആരുമി​ല്ലാ​യി​രു​ന്നു. ഗ്രാൻവി​ല്ല​യു​ടെ മരണം എന്നെ ആകെ തളർത്തി​ക്ക​ളഞ്ഞു. അദ്ദേഹം എന്റെ നല്ലൊരു സുഹൃ​ത്താ​യി​രു​ന്നു. യഹോ​വ​യോട്‌ അടുക്കാൻ അദ്ദേഹം എന്നെ ഒരുപാട്‌ സഹായി​ച്ചി​ട്ടുണ്ട്‌. എനിക്ക്‌ ആവശ്യ​മുള്ള പല കാര്യ​ങ്ങ​ളും അദ്ദേഹം ചെയ്‌തു​ത​ന്നി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ വേർപാ​ടി​നു ശേഷമുള്ള ആദ്യത്തെ മീറ്റി​ങ്ങിൽ എനിക്കാ​യി​രു​ന്നു വീക്ഷാ​ഗോ​പു​ര​വാ​യന. ഒരുവി​ധ​ത്തിൽ ഞാൻ ആദ്യത്തെ രണ്ടു ഖണ്ഡികകൾ വായിച്ചു. പിന്നെ എനിക്ക്‌ കരച്ചി​ല​ട​ക്കാൻ കഴിഞ്ഞില്ല. ഞാൻ സ്റ്റേജിൽനിന്ന്‌ ഇറങ്ങി​പ്പോ​ന്നു.

അടുത്തുള്ള സഭയിലെ ചില സഹോ​ദ​രങ്ങൾ ഞങ്ങളുടെ സഭയെ സഹായി​ക്കാൻ വന്നപ്പോൾ എന്റെ സങ്കടം പതു​ക്കെ​പ്പ​തു​ക്കെ മാറാൻ തുടങ്ങി. പിന്നീട്‌ ബ്രാ​ഞ്ചോ​ഫീസ്‌ പ്രത്യേക മുൻനി​ര​സേ​വ​ക​നായ കോജോ സഹോ​ദ​രനെ ഞങ്ങളുടെ സഭയി​ലേക്ക്‌ അയച്ചു. ഇതിനി​ടെ എന്റെ അമ്മയും ഒരു അനിയ​നും ബൈബിൾ പഠിക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്‌തു. എനിക്ക്‌ അത്‌ വലിയ സന്തോ​ഷ​മാ​യി. 2015 മാർച്ചിൽ ഞാൻ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യി. കുറച്ച്‌ നാൾ കഴിഞ്ഞ്‌ ഞാൻ ആദ്യത്തെ പൊതു​പ്ര​സം​ഗം നടത്തി. “നോക്കി​ക്കോ, ഒരു ദിവസം നീ ഒരു പൊതു​പ്ര​സം​ഗം നടത്തും. അതുറപ്പാ” എന്നു വർഷങ്ങൾക്ക്‌ മുമ്പ്‌ ഗ്രാൻവില്ല പറഞ്ഞ വാക്കുകൾ ഞാൻ ഓർത്തു​പോ​യി. അപ്പോൾ എനിക്ക്‌ ഒരേ സമയം കരച്ചി​ലും ചിരി​യും വന്നു.

JW പ്രക്ഷേ​പണം തുടങ്ങി​യ​പ്പോൾ എന്നെ​പ്പോ​ലെ പല സഹോ​ദ​ര​ങ്ങ​ളു​മു​ണ്ടെന്ന്‌ എനിക്ക്‌ മനസ്സി​ലാ​ക്കാൻ കഴിഞ്ഞു. വൈക​ല്യ​ങ്ങ​ളു​ള്ളവർ ആണെങ്കി​ലും അവർക്ക്‌ പലപല കാര്യങ്ങൾ ചെയ്യാ​നും സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാ​നും കഴിയു​ന്നു. എനിക്കും എന്തെങ്കി​ലു​മൊ​ക്കെ ചെയ്യാൻ കഴിയും. എനിക്കുള്ള ശക്തി മുഴുവൻ ഉപയോ​ഗിച്ച്‌ യഹോ​വയെ സേവി​ക്കാൻ ആഗ്രഹി​ച്ച​തു​കൊണ്ട്‌ ഞാനൊ​രു സാധാരണ മുൻനി​ര​സേ​വ​ക​നാ​യി. 2019 സെപ്‌റ്റം​ബ​റിൽ അതിശ​യ​ക​ര​മായ ഒരു വാർത്ത എന്നെ തേടി​യെത്തി, 40 പ്രചാ​ര​ക​രുള്ള ഞങ്ങളുടെ സഭയിൽ ഒരു മൂപ്പനാ​യി എന്നെ നിയമി​ച്ചു!

എന്നെ ബൈബിൾ പഠിപ്പി​ക്കു​ക​യും ശുശ്രൂ​ഷ​യിൽ എനിക്ക്‌ കൈത്താ​ങ്ങാ​കു​ക​യും ചെയ്‌ത സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ ഒരുപാട്‌ നന്ദി. എന്നെ ഒരിക്ക​ലും മറന്നു​ക​ള​യാ​തി​രു​ന്ന​തിന്‌ യഹോ​വ​യോ​ടും എനിക്ക്‌ പറഞ്ഞറി​യി​ക്കാ​നാ​കാത്ത നന്ദിയുണ്ട്‌.

^ ഖ. 8 യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചി​രു​ന്നത്‌. ഇപ്പോൾ അച്ചടി​ക്കു​ന്നില്ല.