വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 49

പുനരു​ത്ഥാ​നം—ഉറപ്പുള്ള ഒരു പ്രത്യാശ!

പുനരു​ത്ഥാ​നം—ഉറപ്പുള്ള ഒരു പ്രത്യാശ!

“പുനരു​ത്ഥാ​നം ഉണ്ടാകു​മെ​ന്നാ​ണു ദൈവ​ത്തി​ലുള്ള എന്റെ പ്രത്യാശ.”—പ്രവൃ. 24:15.

ഗീതം 151 ദൈവം വിളി​ക്കും

പൂർവാവലോകനം *

1-2. യഹോ​വ​യു​ടെ ആരാധ​കർക്ക്‌ മഹത്തായ എന്തു പ്രത്യാ​ശ​യാ​ണു​ള്ളത്‌?

പ്രത്യാ​ശി​ക്കാൻ ഒന്നുമി​ല്ലാത്ത ജീവിതം നമുക്കു സങ്കൽപ്പി​ക്കാ​നേ കഴിയില്ല. നല്ലൊരു വിവാ​ഹ​ജീ​വി​തം ആസ്വദി​ക്കാൻ കഴിയു​മെ​ന്നും കുട്ടികൾ ആരോ​ഗ്യ​മു​ള്ള​വ​രാ​യി​രി​ക്കു​മെ​ന്നും ചിലർ പ്രതീ​ക്ഷി​ക്കു​ന്നു. ഇനി, ഗുരു​ത​ര​മായ രോഗം ബാധിച്ച ഒരാൾ അതു മാറു​മെന്നു പ്രത്യാ​ശി​ക്കു​ന്നു. ക്രിസ്‌ത്യാ​നി​ക​ളായ നമ്മളും ഇത്തരം കാര്യ​ങ്ങൾക്കു​വേണ്ടി പ്രത്യാ​ശ​യോ​ടെ കാത്തി​രു​ന്നേ​ക്കാം. എന്നാൽ പ്രത്യാ​ശി​ക്കാൻ അതി​നെ​ക്കാ​ളെ​ല്ലാം വലിയ കാര്യങ്ങൾ നമുക്കുണ്ട്‌, നമ്മുടെ നിത്യ​ഭാ​വി​യും മരിച്ചു​പോയ നമ്മുടെ പ്രിയ​പ്പെ​ട്ട​വ​രു​ടെ ഭാവി​യും.

2 അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞു: “നീതി​മാ​ന്മാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകു​മെ​ന്നാ​ണു ദൈവ​ത്തി​ലുള്ള എന്റെ പ്രത്യാശ.” (പ്രവൃ. 24:15) പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യെ​ക്കു​റിച്ച്‌ ആദ്യമാ​യി സംസാ​രി​ച്ചത്‌ പൗലോ​സാ​യി​രു​ന്നില്ല. ഗോ​ത്ര​പി​താ​വായ ഇയ്യോ​ബും ഇതെക്കു​റിച്ച്‌ പറഞ്ഞി​ട്ടുണ്ട്‌. ദൈവം തന്നെ ഓർക്കു​മെ​ന്നും ജീവനി​ലേക്കു തിരികെ കൊണ്ടു​വ​രു​മെ​ന്നും ഇയ്യോ​ബിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു.—ഇയ്യോ. 14:7-10, 12-15.

3. 1 കൊരി​ന്ത്യർ 15-ാം അധ്യായം നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ?

3 “മരിച്ച​വ​രു​ടെ പുനരു​ത്ഥാ​നം” ക്രിസ്‌ത്യാ​നി​ക​ളു​ടെ ‘അടിസ്ഥാ​ന​പ​ഠി​പ്പി​ക്ക​ലു​ക​ളിൽ’ ഒന്നാണ്‌. (എബ്രാ. 6:1, 2) 1 കൊരി​ന്ത്യർ 15-ാം അധ്യാ​യ​ത്തിൽ പൗലോസ്‌ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ വിശദ​മാ​യി ചർച്ച ചെയ്യുന്നു. അവിടെ പൗലോസ്‌ എഴുതിയ കാര്യങ്ങൾ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ വിശ്വാ​സം ഉറപ്പാ​യും ബലപ്പെ​ടു​ത്തി​ക്കാ​ണും. ആ അധ്യാ​യ​ത്തി​ലെ വിവര​ങ്ങൾക്കു നമ്മളെ​യും ബലപ്പെ​ടു​ത്താൻ കഴിയും. നമ്മൾ സത്യം പഠിച്ചിട്ട്‌ എത്ര വർഷമാ​യെ​ങ്കി​ലും പുനരു​ത്ഥാ​ന​ത്തി​ലുള്ള വിശ്വാ​സം ശക്തമാ​ക്കാൻ അതു സഹായി​ക്കും.

4. മരിച്ചു​പോയ നമ്മുടെ പ്രിയ​പ്പെ​ട്ടവർ പുനരു​ത്ഥാ​ന​പ്പെ​ടു​മെന്ന നമ്മുടെ പ്രത്യാ​ശ​യു​ടെ അടിസ്ഥാ​നം എന്താണ്‌?

4 മരിച്ചു​പോയ നമ്മുടെ പ്രിയ​പ്പെ​ട്ടവർ പുനരു​ത്ഥാ​ന​പ്പെ​ടും എന്നു വിശ്വ​സി​ക്കാ​നുള്ള അടിസ്ഥാ​നം എന്താണ്‌? അത്‌ യേശു​ക്രി​സ്‌തു​വി​ന്റെ പുനരു​ത്ഥാ​ന​മാണ്‌. കൊരി​ന്തി​ലു​ള്ള​വ​രോ​ടു പൗലോസ്‌ പ്രസം​ഗിച്ച ‘സന്തോ​ഷ​വാർത്ത​യു​ടെ’ ഭാഗമാ​യി​രു​ന്നു അത്‌. (1 കൊരി. 15:1, 2) ഒരു ക്രിസ്‌ത്യാ​നി യേശു​വി​ന്റെ പുനരു​ത്ഥാ​ന​ത്തിൽ വിശ്വ​സി​ക്കു​ന്നി​ല്ലെ​ങ്കിൽ ആ വ്യക്തി​യു​ടെ ക്രിസ്‌തീ​യ​വി​ശ്വാ​സം​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല എന്നു​പോ​ലും പൗലോസ്‌ പറഞ്ഞു. (1 കൊരി. 15:17) അതെ, യേശു​വി​ന്റെ പുനരു​ത്ഥാ​ന​ത്തി​ലുള്ള വിശ്വാ​സ​മാണ്‌ നമ്മുടെ ക്രിസ്‌തീ​യ​പ്ര​ത്യാ​ശ​യു​ടെ അടിസ്ഥാ​നം.

5-6. 1 കൊരി​ന്ത്യർ 15:3, 4 എന്തു​കൊ​ണ്ടാണ്‌ നമുക്കു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌?

5 പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള ചർച്ചയു​ടെ തുടക്ക​ത്തിൽ മൂന്നു വസ്‌തു​ത​ക​ളെ​ക്കു​റിച്ച്‌ പൗലോസ്‌ പറഞ്ഞു: (1) ‘ക്രിസ്‌തു നമ്മുടെ പാപങ്ങൾക്കു​വേണ്ടി മരിച്ചു,’ (2) ‘അടക്ക​പ്പെട്ടു,’ (3) “തിരു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​രു​ന്ന​തു​പോ​ലെ മൂന്നാം ദിവസം ഉയിർത്തെ​ഴു​ന്നേറ്റു.”—1 കൊരി​ന്ത്യർ 15:3, 4 വായി​ക്കുക.

6 യേശു​വി​ന്റെ മരണവും ശവസം​സ്‌കാ​ര​വും പുനരു​ത്ഥാ​ന​വും നമുക്കു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? മിശി​ഹയെ ‘ജീവനു​ള്ള​വ​രു​ടെ ദേശത്തു​നിന്ന്‌ നീക്കി​ക്ക​ള​യും’ എന്നും ‘ദുഷ്ടന്മാ​രോ​ടൊ​പ്പ​മാ​യി​രി​ക്കും അവന്റെ ശവക്കുഴി’ എന്നും യശയ്യ പ്രവാ​ചകൻ മുൻകൂ​ട്ടി​പ്പ​റഞ്ഞു. എന്നാൽ അതു മാത്രമല്ല, മിശിഹ ‘അനേക​രു​ടെ പാപങ്ങൾ ചുമക്കു​മെ​ന്നും​കൂ​ടെ’ യശയ്യ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. തന്റെ മനുഷ്യ​ജീ​വൻ ഒരു മോച​ന​വി​ല​യാ​യി നൽകി​ക്കൊണ്ട്‌ യേശു അതു ചെയ്‌തു. (യശ. 53:8, 9, 12; മത്താ. 20:28; റോമ. 5:8) അതു​കൊണ്ട്‌ യേശു​വി​ന്റെ മരണവും ശവസം​സ്‌കാ​ര​വും പുനരു​ത്ഥാ​ന​വും നമ്മുടെ പ്രത്യാ​ശ​യ്‌ക്ക്‌ ഉറച്ച അടിസ്ഥാ​നം തരുന്നു, പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും മോചനം ലഭിക്കു​മെ​ന്നും മരിച്ചു​പോയ നമ്മുടെ പ്രിയ​പ്പെ​ട്ട​വ​രു​ടെ​കൂ​ടെ വീണ്ടും ജീവി​ക്കാൻ കഴിയു​മെ​ന്നും ഉള്ള പ്രത്യാ​ശ​യ്‌ക്ക്‌.

അനേകം സാക്ഷി​ക​ളു​ടെ മൊഴി​കൾ

7-8. യേശു പുനരു​ത്ഥാ​ന​പ്പെട്ടു എന്നു വിശ്വ​സി​ക്കാൻ ക്രിസ്‌ത്യാ​നി​കളെ എന്തു സഹായി​ക്കു​ന്നു?

7 യേശു പുനരു​ത്ഥാ​ന​പ്പെട്ടു എന്ന കാര്യ​ത്തിൽ നമുക്കു പൂർണ​ബോ​ധ്യ​മു​ണ്ടാ​യി​രി​ക്കണം. കാരണം, നമ്മൾ ചർച്ച ചെയ്‌ത​തു​പോ​ലെ, യേശു പുനരു​ത്ഥാ​ന​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കിൽ നമ്മുടെ പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യ്‌ക്ക്‌ അടിസ്ഥാ​ന​മി​ല്ലാ​തെ പോകും. യഹോവ യേശു​വി​നെ തിരികെ ജീവനി​ലേക്കു കൊണ്ടു​വന്നു എന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

8 യേശു പുനരു​ത്ഥാ​ന​പ്പെട്ടു എന്നതിന്‌ ധാരാളം ദൃക്‌സാ​ക്ഷി​ക​ളു​ണ്ടാ​യി​രു​ന്നു. (1 കൊരി. 15:5-7) അവർ അതെക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയു​ക​യും ചെയ്‌തു. പത്രോസ്‌ അപ്പോ​സ്‌തലൻ (കേഫ) ആയിരു​ന്നു പൗലോ​സി​ന്റെ ലിസ്റ്റിലെ ആദ്യസാ​ക്ഷി. (ലൂക്കോ. 24:33, 34) പുനരു​ത്ഥാ​ന​പ്പെട്ട യേശു​വി​നെ പത്രോസ്‌ കണ്ടെന്നു മറ്റു ചില ശിഷ്യ​ന്മാ​രും പറഞ്ഞു. കൂടാതെ ‘പന്ത്രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാ​രും’ ഉയിർത്തെ​ഴു​ന്നേറ്റ യേശു​വി​നെ കണ്ടു. അതിനു ശേഷം ക്രിസ്‌തു “ഒരു അവസര​ത്തിൽ 500-ലധികം സഹോ​ദ​ര​ങ്ങ​ളു​ടെ മുന്നിൽ പ്രത്യ​ക്ഷ​നാ​യി.” ഒരുപക്ഷേ മത്തായി 28:16-20-ൽ പറഞ്ഞ ഗലീല​യിൽവെച്ച്‌ നടന്ന സന്തോ​ഷ​ക​ര​മായ ആ യോഗ​ത്തിൽവെ​ച്ചാ​യി​രി​ക്കാം അത്‌. പിന്നീട്‌ യേശു ‘യാക്കോ​ബി​നും പ്രത്യ​ക്ഷ​നാ​യി.’ ഈ യാക്കോബ്‌ യേശു​വി​ന്റെ അർധസ​ഹോ​ദ​ര​നാ​യി​രു​ന്നി​രി​ക്കാം. മുമ്പ്‌ അദ്ദേഹം യേശു മിശി​ഹ​യാ​ണെന്നു വിശ്വ​സി​ച്ചി​രു​ന്നില്ല. (യോഹ. 7:5) എന്നാൽ പുനരു​ത്ഥാ​ന​പ്പെട്ട യേശു​വി​നെ കണ്ടപ്പോൾ യാക്കോ​ബി​നു വിശ്വാ​സ​മാ​യി. എ.ഡി. 55-ൽ പൗലോസ്‌ ഈ കത്ത്‌ എഴുതു​മ്പോൾ പുനരു​ത്ഥാ​ന​പ്പെട്ട യേശു​വി​നെ കണ്ട പലരും അന്ന്‌ ജീവി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ ആർക്കെ​ങ്കി​ലും സംശയ​മു​ണ്ടാ​യി​രു​ന്നെ​ങ്കിൽ അവർക്ക്‌ ആശ്രയ​യോ​ഗ്യ​രായ സാക്ഷി​ക​ളോട്‌ അത്‌ നേരിട്ട്‌ ചോദിച്ച്‌ ഉറപ്പു വരുത്താ​മാ​യി​രു​ന്നു.

9. പ്രവൃ​ത്തി​കൾ 9:3-5 അനുസ​രിച്ച്‌, യേശു​വി​ന്റെ പുനരു​ത്ഥാ​നം നടന്നു എന്നതിനു പൗലോസ്‌ കൂടു​ത​ലായ എന്തു തെളി​വാണ്‌ നൽകി​യത്‌?

9 പിന്നീട്‌ യേശു പൗലോ​സി​നും പ്രത്യ​ക്ഷ​നാ​യി. (1 കൊരി. 15:8) ദമസ്‌കൊ​സി​ലേ​ക്കുള്ള യാത്ര​യ്‌ക്കി​ടെ പൗലോസ്‌ (ശൗൽ) പുനരു​ത്ഥാ​ന​പ്പെട്ട യേശു​വി​ന്റെ ശബ്ദം കേൾക്കു​ക​യും യേശു​വി​ന്റെ സ്വർഗീ​യ​തേ​ജ​സ്സി​ന്റെ ഒരു ദർശനം കാണു​ക​യും ചെയ്‌തു. (പ്രവൃ​ത്തി​കൾ 9:3-5 വായി​ക്കുക.) യേശു​വി​ന്റെ പുനരു​ത്ഥാ​നം ഒരു കെട്ടു​ക​ഥയല്ല എന്നതിന്റെ കൂടു​ത​ലായ ഒരു തെളി​വാ​യി​രു​ന്നു പൗലോ​സി​ന്റെ ഈ അനുഭവം.—പ്രവൃ. 26:12-15.

10. യേശു പുനരു​ത്ഥാ​ന​പ്പെട്ടു എന്ന വിശ്വാ​സം എന്തു ചെയ്യാൻ പൗലോ​സി​നെ പ്രേരി​പ്പി​ച്ചു?

10 പൗലോ​സി​ന്റെ സാക്ഷ്യം ചിലർക്കു കൂടുതൽ ശ്രദ്ധേ​യ​മാ​യി തോന്നു​ന്നു. കാരണം മുമ്പ്‌ പൗലോസ്‌ ക്രിസ്‌ത്യാ​നി​കളെ ഉപദ്ര​വി​ച്ചി​രുന്ന ഒരു വ്യക്തി​യാ​യി​രു​ന്നു. യേശു ഉയിർപ്പി​ക്ക​പ്പെട്ടു എന്നു ബോധ്യം വന്നപ്പോൾ അക്കാര്യം മറ്റുള്ള​വരെ ബോധ്യ​പ്പെ​ടു​ത്താൻ പൗലോസ്‌ സകല​ശ്ര​മ​വും ചെയ്‌തു. യേശു മരിച്ച​വ​രിൽനിന്ന്‌ പുനരു​ത്ഥാ​ന​പ്പെട്ടു എന്ന സത്യം മറ്റുള്ള​വരെ അറിയി​ക്കു​ന്ന​തി​നി​ടെ പൗലോ​സി​നു കപ്പലപ​കടം നേരി​ടേ​ണ്ടി​വന്നു, വടി​കൊ​ണ്ടുള്ള അടിയും തടവു​ശി​ക്ഷ​യും ഒക്കെ സഹി​ക്കേ​ണ്ടി​വന്നു. (1 കൊരി. 15:9-11; 2 കൊരി. 11:23-27) ആ സത്യം അറിയി​ക്കു​ന്നതു മൂലം മരി​ക്കേ​ണ്ടി​വ​ന്നാൽ അതിനും പൗലോസ്‌ തയ്യാറാ​യി​രു​ന്നു. അത്രയ്‌ക്ക്‌ ഉറപ്പാ​യി​രു​ന്നു പൗലോ​സിന്‌ യേശു ഉയിർപ്പി​ക്ക​പ്പെട്ടു എന്ന്‌. ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ഈ സാക്ഷി​മൊ​ഴി​കൾ യേശു മരിച്ച​വ​രിൽനിന്ന്‌ പുനരു​ത്ഥാ​ന​പ്പെട്ടു എന്നു നിങ്ങളെ ബോധ്യ​പ്പെ​ടു​ത്തു​ന്നി​ല്ലേ? ഭാവി​യി​ലെ പുനരു​ത്ഥാ​ന​ത്തി​ലെ നിങ്ങളു​ടെ വിശ്വാ​സ​വും അതു ശക്തമാ​ക്കു​ന്നി​ല്ലേ?

തെറ്റായ വിശ്വാ​സ​ങ്ങളെ തിരു​ത്തു​ന്നു

11. പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ കൊരി​ന്തി​ലെ ചില ക്രിസ്‌ത്യാ​നി​കൾക്ക്‌ തെറ്റി​ദ്ധാ​ര​ണ​ക​ളു​ണ്ടാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം?

11 ഗ്രീക്കു​ന​ഗ​ര​മായ കൊരി​ന്തി​ലെ ചില ക്രിസ്‌ത്യാ​നി​കൾക്കു പുനരു​ത്ഥാ​ന​ത്തെ​പ്പറ്റി ചില തെറ്റി​ദ്ധാ​ര​ണ​ക​ളു​ണ്ടാ​യി​രു​ന്നു. “മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​മില്ല” എന്നു​പോ​ലും ചിലർ പറഞ്ഞു. എന്തു​കൊണ്ട്‌? (1 കൊരി. 15:12) മറ്റൊരു ഗ്രീക്കു​ന​ഗ​ര​മായ ആതൻസി​ലെ തത്ത്വചി​ന്തകർ യേശു​വി​ന്റെ പുനരു​ത്ഥാ​നം എന്ന വസ്‌തു​തയെ പരിഹ​സി​ച്ചു​ത​ള്ളു​ക​യാണ്‌ ചെയ്‌തത്‌. ആ മനോ​ഭാ​വം കൊരി​ന്തി​ലെ ചില ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലും സ്വാധീ​നി​ച്ചി​ട്ടു​ണ്ടാ​കാം. (പ്രവൃ. 17:18, 31, 32) മറ്റു ചിലർ പുനരു​ത്ഥാ​നത്തെ ഒരു ആലങ്കാ​രിക അർഥത്തി​ലാ​യി​രി​ക്കാം എടുത്തി​ട്ടു​ള്ളത്‌. പാപി​ക​ളാ​യ​തു​കൊണ്ട്‌ ഒരർഥ​ത്തിൽ എല്ലാവ​രും ‘മരിച്ച​വ​രാ​ണെ​ന്നും’ ഒരു ക്രിസ്‌ത്യാ​നി​യാ​കു​മ്പോ​ഴാണ്‌ ‘ജീവൻ തിരികെ കിട്ടു​ന്ന​തെ​ന്നും’ അവർ കരുതി​യി​രി​ക്കാം. അവരുടെ വാദങ്ങൾ എന്തുത​ന്നെ​യാ​യാ​ലും പുനരു​ത്ഥാ​നം ഇല്ല എന്നു പറയു​ന്നെ​ങ്കിൽ അവരുടെ വിശ്വാ​സം​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മി​ല്ലാ​യി​രു​ന്നു. ദൈവം യേശു​വി​നെ ഉയിർപ്പി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു എങ്കിൽ, മോച​ന​വില അർപ്പി​ക്ക​പ്പെ​ട്ടി​ട്ടില്ല എന്നുവ​രും. പാപത്തിൽനി​ന്നുള്ള മോച​ന​വും അസാധ്യ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ പുനരു​ത്ഥാ​ന​ത്തിൽ വിശ്വ​സി​ക്കാ​ത്ത​വർക്കു വാസ്‌ത​വ​ത്തിൽ യാതൊ​രു പ്രത്യാ​ശ​യു​മില്ല.—1 കൊരി. 15:13-19; എബ്രാ. 9:12, 14.

12. 1 പത്രോസ്‌ 3:18, 22 അനുസ​രിച്ച്‌, മുമ്പ്‌ നടന്ന പുനരു​ത്ഥാ​ന​ങ്ങ​ളിൽനിന്ന്‌ യേശു​വി​ന്റെ പുനരു​ത്ഥാ​നം എങ്ങനെ​യാണ്‌ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നത്‌?

12 ‘ക്രിസ്‌തു മരിച്ച​വ​രു​ടെ ഇടയിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെട്ടു’ എന്നു നേരിട്ട്‌ മനസ്സി​ലാ​ക്കിയ ആളായി​രു​ന്നു പൗലോസ്‌. യേശു​വി​ന്റെ പുനരു​ത്ഥാ​നം മുമ്പ്‌ നടന്നി​ട്ടുള്ള മറ്റു പുനരു​ത്ഥാ​ന​ങ്ങ​ളെ​ക്കാൾ മികച്ച​താ​യി​രു​ന്നു. കാരണം മുമ്പ്‌ പുനരു​ത്ഥാ​ന​പ്പെ​ട്ട​വ​രെ​യെ​ല്ലാം മരണം വീണ്ടും കീഴടക്കി. യേശു​വാണ്‌ “മരിച്ച​വ​രിൽനി​ന്നുള്ള ആദ്യഫ​ല​മാ​യി മരിച്ച​വ​രു​ടെ ഇടയിൽനിന്ന്‌” ഉയിർപ്പി​ക്ക​പ്പെ​ട്ട​തെന്ന്‌ പൗലോസ്‌ പറഞ്ഞു. ആദ്യഫലം എന്ന്‌ യേശു​വി​നെ​ക്കു​റിച്ച്‌ പറയു​ന്നത്‌ ഏത്‌ അർഥത്തി​ലാണ്‌? ആത്മവ്യ​ക്തി​യാ​യി ജീവനി​ലേക്കു വന്ന ആദ്യ​ത്തെ​യാ​ളും, മരിച്ച​വ​രു​ടെ ഇടയിൽനിന്ന്‌ സ്വർഗ​ത്തി​ലേക്കു പോയ ആദ്യത്തെ വ്യക്തി​യും യേശു​വാ​യി​രു​ന്നു.—1 കൊരി. 15:20; പ്രവൃ. 26:23; 1 പത്രോസ്‌ 3:18, 22 വായി​ക്കുക.

‘ജീവൻ കിട്ടാൻ’ പോകു​ന്ന​വർ

13. ആദാമും യേശു​വും തമ്മിലുള്ള ഏതു വ്യത്യാ​സം പൗലോസ്‌ വരച്ചു​കാ​ട്ടി?

13 ഒരാളു​ടെ മരണം എങ്ങനെ​യാണ്‌ കോടി​ക്ക​ണ​ക്കിന്‌ ആളുകൾക്കു ജീവൻ നൽകു​ന്നത്‌? ആ ചോദ്യ​ത്തി​നുള്ള കൃത്യ​മായ ഉത്തരം പൗലോസ്‌ നൽകുന്നു. ആദാമി​ന്റെ പ്രവൃത്തി മൂലം മനുഷ്യർക്കു നഷ്ടപ്പെ​ട്ട​തും ക്രിസ്‌തു​വി​ന്റെ പ്രവൃ​ത്തി​യി​ലൂ​ടെ മനുഷ്യർക്കു സാധ്യ​മാ​യ​തും തമ്മിലുള്ള വ്യത്യാ​സം പൗലോസ്‌ വരച്ചു​കാ​ട്ടി. പൗലോസ്‌ എഴുതി: ‘ഒരു മനുഷ്യ​നി​ലൂ​ടെ മരണം വന്നു.’ പാപം ചെയ്‌ത​തി​ലൂ​ടെ ആദാം തനിക്കു​ത​ന്നെ​യും തന്റെ പിൻഗാ​മി​കൾക്കും ദുരന്തം വരുത്തി​വെച്ചു. ആദാമി​ന്റെ അനുസ​ര​ണ​ക്കേ​ടി​ന്റെ അനന്തര​ഫ​ലങ്ങൾ നമ്മൾ ഇന്നും അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. എന്നാൽ ദൈവം തന്റെ പുത്രനെ ഉയിർപ്പി​ച്ച​തി​ലൂ​ടെ മരിച്ചവർ വീണ്ടും ജീവനി​ലേക്കു വരും. അതെ, “മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​വും ഒരു മനുഷ്യ​നി​ലൂ​ടെ,” അതായത്‌ യേശു​വി​ലൂ​ടെ​യാണ്‌ വരുന്നത്‌. “ആദാമിൽ എല്ലാവ​രും മരിക്കു​ന്ന​തു​പോ​ലെ ക്രിസ്‌തു​വിൽ എല്ലാവർക്കും ജീവൻ കിട്ടും” എന്നു പൗലോസ്‌ പറഞ്ഞു.—1 കൊരി. 15:21, 22.

14. ആദാം പുനരു​ത്ഥാ​ന​പ്പെ​ടു​മോ? വിശദീ​ക​രി​ക്കുക.

14 ‘ആദാമിൽ എല്ലാവ​രും മരിക്കു​ന്നു’ എന്നു പറഞ്ഞ​പ്പോൾ പൗലോസ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌? ആദാം പാപം ചെയ്‌തതു നിമിത്തം പാപി​ക​ളും അപൂർണ​രും ആയിത്തീ​രു​ക​യും മരിക്കു​ക​യും ചെയ്യേ​ണ്ടി​വ​രുന്ന ആദാമി​ന്റെ പിൻഗാ​മി​ക​ളാണ്‌ പൗലോ​സി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌. (റോമ. 5:12) ‘ജീവൻ കിട്ടു​ന്ന​വ​രു​ടെ’ കൂട്ടത്തിൽ ആദാമു​ണ്ടാ​യി​രി​ക്കു​ക​യില്ല. ക്രിസ്‌തു​വി​ന്റെ മോച​ന​വി​ല​യു​ടെ പ്രയോ​ജനം ആദാമി​നു കിട്ടു​ക​യില്ല. കാരണം, ദൈവ​ത്തോ​ടു മനഃപൂർവം അനുസ​ര​ണ​ക്കേടു കാണിച്ച ഒരു പൂർണ​മ​നു​ഷ്യ​നാ​യി​രു​ന്നു ആദാം. നമുക്ക്‌ അറിയാം, ഭാവി​യിൽ “മനുഷ്യ​പു​ത്രൻ” ‘കോലാ​ടു​ക​ളാ​യി’ വിധി​ക്കു​ന്ന​വരെ “എന്നേക്കു​മാ​യി നിഗ്ര​ഹി​ച്ചു​ക​ള​യും” എന്ന്‌. അതുത​ന്നെ​യാണ്‌ ആദാമി​നു കിട്ടിയ ശിക്ഷ.—മത്താ. 25:31-33, 46; എബ്രാ. 5:9.

സ്വർഗീയജീവനിലേക്ക്‌ ഉയിർപ്പി​ക്ക​പ്പെട്ട ആദ്യത്തെ വ്യക്തി യേശു​വാ​യി​രു​ന്നു (15, 16 ഖണ്ഡികകൾ കാണുക) *

15. “എല്ലാവർക്കും ജീവൻ കിട്ടും” എന്നു പറഞ്ഞി​രി​ക്കു​ന്ന​തിൽ ആര്‌ ഉൾപ്പെ​ടു​ന്നു?

15 “ക്രിസ്‌തു​വിൽ എല്ലാവർക്കും ജീവൻ കിട്ടും” എന്നു പൗലോസ്‌ പറഞ്ഞതു ശ്രദ്ധി​ക്കുക. (1 കൊരി. 15:22) സ്വർഗീ​യ​ജീ​വ​നി​ലേക്കു പുനരു​ത്ഥാ​നം പ്രാപി​ക്കാ​നി​രുന്ന കൊരി​ന്തി​ലെ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്കാണ്‌ പൗലോസ്‌ ഈ കത്ത്‌ എഴുതി​യത്‌. “ക്രിസ്‌തു​യേ​ശു​വി​ന്റെ ശിഷ്യ​രാ​യി വിശു​ദ്ധീ​ക​രി​ക്ക​പ്പെട്ട്‌, വിശു​ദ്ധ​രാ​യി വിളി​ക്ക​പ്പെട്ട” ക്രിസ്‌ത്യാ​നി​ക​ളാ​യി​രു​ന്നു അവർ. ‘ക്രിസ്‌തു​വി​നോ​ടു യോജി​പ്പി​ലാ​യി​രുന്ന മരിച്ച​വ​രെ​ക്കു​റി​ച്ചും’ പൗലോസ്‌ പറഞ്ഞു. (1 കൊരി. 1:2; 15:18; 2 കൊരി. 5:17) ‘ക്രിസ്‌തു​വി​ന്റേ​തു​പോ​ലുള്ള ഒരു മരണത്തി​ലൂ​ടെ ക്രിസ്‌തു​വി​നോ​ടു ചേർന്നവർ ക്രിസ്‌തു​വി​ന്റേ​തു​പോ​ലുള്ള ഒരു പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ ക്രിസ്‌തു​വി​നോ​ടു ചേരും’ എന്ന്‌ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതിയ മറ്റൊരു കത്തിൽ പൗലോസ്‌ പറഞ്ഞു. (റോമ. 6:3-5) യേശു ഒരു ആത്മവ്യ​ക്തി​യാ​യി ഉയിർപ്പി​ക്ക​പ്പെ​ടു​ക​യും സ്വർഗ​ത്തി​ലേക്കു പോകു​ക​യും ചെയ്‌തു. അതുത​ന്നെ​യാണ്‌ ‘ക്രിസ്‌തു​വി​നോ​ടു യോജി​പ്പി​ലാ​യി​രി​ക്കുന്ന’ എല്ലാവർക്കും, അതായത്‌ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭിഷി​ക്ത​രായ എല്ലാ ക്രിസ്‌ത്യാ​നി​കൾക്കും ലഭിക്കാൻപോ​കു​ന്നത്‌.

16. യേശു​വി​നെ “ആദ്യഫലം” എന്നു വിളി​ച്ച​തി​ലൂ​ടെ പൗലോസ്‌ എന്താണ്‌ സൂചി​പ്പി​ച്ചത്‌?

16 “മരിച്ച​വ​രിൽനി​ന്നുള്ള ആദ്യഫ​ല​മാ​യി” ഉയിർപ്പി​ക്ക​പ്പെ​ട്ടത്‌ ക്രിസ്‌തു​വാ​ണെന്നു പൗലോസ്‌ എഴുതി. ലാസറി​നെ​പ്പോ​ലെ​യുള്ള ചിലർ ഭൂമി​യി​ലെ ജീവനി​ലേക്കു തിരി​കെ​വന്നു എന്നതു ശരിയാണ്‌. പക്ഷേ യേശു​വാണ്‌ മരിച്ച​വ​രിൽനിന്ന്‌ ഒരു ആത്മവ്യ​ക്തി​യാ​യി ഉയിർപ്പി​ക്ക​പ്പെ​ടു​ക​യും നിത്യ​ജീ​വ​നി​ലേക്കു വരുക​യും ചെയ്‌ത ആദ്യ​ത്തെ​യാൾ. ഇസ്രാ​യേ​ല്യർ ദൈവ​ത്തിന്‌ അർപ്പി​ച്ചി​രുന്ന വിള​വെ​ടു​പ്പി​ന്റെ ആദ്യഫ​ല​ത്തോട്‌ യേശു​വി​നെ താരത​മ്യം ചെയ്യാ​നാ​കും. ഇനി, യേശു​വി​നെ “ആദ്യഫലം” എന്നു വിളി​ച്ച​തി​ലൂ​ടെ അതിനു ശേഷം സ്വർഗീ​യ​ജീ​വ​നി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടുന്ന മറ്റുള്ള​വ​രും ഉണ്ടായി​രി​ക്കു​മെന്നു പൗലോസ്‌ സൂചി​പ്പി​ച്ചു. അതെ, “ക്രിസ്‌തു​വി​നോ​ടു യോജി​പ്പി​ലാ​യി​രുന്ന” അപ്പോ​സ്‌ത​ല​ന്മാർക്കും മറ്റുള്ള​വർക്കും യേശു​വിന്‌ ലഭിച്ച​തു​പോ​ലുള്ള ഒരു പുനരു​ത്ഥാ​നം കാല​ക്ര​മ​ത്തിൽ ലഭിക്കു​മാ​യി​രു​ന്നു.

17. ‘ക്രിസ്‌തു​വി​നോ​ടു യോജി​പ്പി​ലാ​യി​രു​ന്ന​വർക്ക്‌’ എപ്പോ​ഴാണ്‌ സ്വർഗീ​യ​പ്ര​തി​ഫലം ലഭിക്കുക?

17 പൗലോസ്‌ കൊരി​ന്തി​ലു​ള്ള​വർക്ക്‌ ഈ കത്ത്‌ എഴുതുന്ന സമയത്ത്‌ ‘ക്രിസ്‌തു​വി​നോ​ടു യോജി​പ്പി​ലാ​യി​രു​ന്ന​വ​രു​ടെ’ സ്വർഗീ​യ​പു​ന​രു​ത്ഥാ​നം ആരംഭി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ അത്‌ ഭാവി​യിൽ ഒരു സമയത്താണ്‌ നടക്കാൻപോ​കു​ന്ന​തെന്നു പൗലോസ്‌ സൂചി​പ്പി​ച്ചു: “എല്ലാവ​രും അവരവ​രു​ടെ ക്രമമ​നു​സ​രി​ച്ചാ​യി​രി​ക്കും: ആദ്യഫലം ക്രിസ്‌തു; പിന്നീട്‌, ക്രിസ്‌തു​വി​നു​ള്ളവർ ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യ​കാ​ലത്ത്‌.” (1 കൊരി. 15:23; 1 തെസ്സ. 4:15, 16) നമ്മൾ ഇന്നു ജീവി​ക്കു​ന്നത്‌ മുൻകൂ​ട്ടി​പ്പറഞ്ഞ ക്രിസ്‌തു​വി​ന്റെ ‘സാന്നി​ധ്യ​കാ​ല​ത്താണ്‌.’ മരിച്ചു​പോയ അപ്പോ​സ്‌ത​ല​ന്മാ​രും മറ്റ്‌ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളും ഈ സാന്നി​ധ്യ​കാ​ലം എത്തു​മ്പോ​ഴേ ‘ക്രിസ്‌തു​വി​ന്റേ​തു​പോ​ലുള്ള ഒരു പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ ക്രിസ്‌തു​വി​നോ​ടു ചേരു​ക​യും’ അവർക്കു സ്വർഗീ​യ​പ്ര​തി​ഫലം ലഭിക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു​ള്ളൂ.

നമ്മുടെ പ്രത്യാശ ഉറപ്പുള്ള ഒന്നാണ്‌!

18. (എ) സ്വർഗീ​യ​പു​ന​രു​ത്ഥാ​ന​ത്തി​നു ശേഷം മറ്റൊരു പുനരു​ത്ഥാ​ന​മു​ണ്ടെന്ന്‌ നമുക്ക്‌ എങ്ങനെ മനസ്സി​ലാ​ക്കാം? (ബി) 1 കൊരി​ന്ത്യർ 15:24-26 സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ, സ്വർഗ​ത്തിൽ എന്തെല്ലാം സംഭവ​വി​കാ​സ​ങ്ങ​ളു​ണ്ടാ​കും?

18 സ്വർഗ​ത്തി​ലേക്കു പോകുന്ന പൗലോ​സി​നും മറ്റും “നേരത്തേ നടക്കുന്ന പുനരു​ത്ഥാ​ന​ത്തിൽ” ആണ്‌ പങ്കുള്ള​തെന്നു ബൈബിൾ പറയുന്നു. (ഫിലി. 3:11) അതിനു ശേഷം മറ്റൊരു പുനരു​ത്ഥാ​ന​മു​ണ്ടെന്ന്‌ അതു സൂചി​പ്പി​ക്കു​ന്നി​ല്ലേ? ഭാവി​യിൽ തനിക്കു സംഭവി​ക്കാ​നി​രി​ക്കുന്ന കാര്യ​ത്തെ​ക്കു​റിച്ച്‌ ഇയ്യോബ്‌ പറഞ്ഞ​പ്പോൾ ഇതാണ്‌ അദ്ദേഹ​ത്തി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌. (ഇയ്യോ. 14:15) ‘ക്രിസ്‌തു​വി​നു​ള്ള​വ​രു​ടെ’ കാര്യ​ത്തിൽ, യേശു എല്ലാ ഗവൺമെ​ന്റു​ക​ളെ​യും അധികാ​ര​ങ്ങ​ളെ​യും ശക്തിക​ളെ​യും നീക്കി​ക്ക​ള​യു​മ്പോൾ അവർ സ്വർഗ​ത്തി​ലാ​യി​രി​ക്കും. സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടു​ന്നവർ പിന്നെ ഒരിക്ക​ലും മരിക്കില്ല എന്നു നമുക്ക്‌ അറിയാം, “അവസാ​നത്തെ ശത്രു​വാ​യി മരണത്തെ” പോലും നീക്കം ചെയ്യും. എന്നാൽ ക്രിസ്‌തു​വി​ന്റെ​കൂ​ടെ സ്വർഗ​ത്തിൽ ജീവി​ക്കാൻ പ്രത്യാ​ശ​യി​ല്ലാത്ത വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​ക​ളു​ടെ കാര്യ​മോ?—1 കൊരി​ന്ത്യർ 15:24-26 വായി​ക്കുക.

19. ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ളവർ മരിച്ചു​പോ​യാൽ അവർക്ക്‌ എന്തു പ്രതീ​ക്ഷി​ക്കാം?

19 ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വർക്ക്‌ എന്തു പ്രതീ​ക്ഷി​ക്കാം? “നീതി​മാ​ന്മാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകു​മെ​ന്നാണ്‌ എന്റെ പ്രത്യാശ” എന്ന പൗലോ​സി​ന്റെ വാക്കുകൾ അവർക്കു പ്രതീക്ഷ നൽകു​ന്ന​താണ്‌. (പ്രവൃ. 24:15) നീതി​കെട്ട ഒരാളും ഒരിക്ക​ലും സ്വർഗ​ത്തി​ലേക്കു പ്രവേ​ശി​ക്കില്ല. അതു​കൊണ്ട്‌, ഈ വാക്കുകൾ ഭാവി​യിൽ ഭൂമി​യിൽ നടക്കാൻപോ​കുന്ന ഒരു പുനരു​ത്ഥാ​ന​ത്തി​ലേ​ക്കാണ്‌ വിരൽചൂ​ണ്ടു​ന്നത്‌.

പുനരുത്ഥാനത്തിൽ നമുക്കു വിശ്വാ​സ​മു​ണ്ടെ​ങ്കിൽ ആത്മവി​ശ്വാ​സ​ത്തോ​ടെ ഭാവി​യി​ലേക്കു നോക്കാൻ നമുക്കു കഴിയും (20-ാം ഖണ്ഡിക കാണുക) *

20. ഈ ലേഖനം പഠിച്ച​തി​ലൂ​ടെ നിങ്ങളു​ടെ പ്രത്യാശ എങ്ങനെ​യാണ്‌ കൂടുതൽ ശക്തമാ​യത്‌?

20 ‘പുനരു​ത്ഥാ​നം ഉണ്ടാകും!’ അക്കാര്യ​ത്തിൽ ഒരു സംശയ​വു​മില്ല. ഭൂമി​യി​ലേക്കു പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രു​ന്ന​വർക്ക്‌ ഇവിടെ എന്നേക്കും ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യു​ണ്ടാ​യി​രി​ക്കും. ഈ വാഗ്‌ദാ​ന​ത്തിൽ നിങ്ങൾക്കു ധൈര്യ​മാ​യി വിശ്വ​സി​ക്കാം. നിങ്ങളു​ടെ പ്രിയ​പ്പെട്ട ആരെങ്കി​ലും മരിച്ചു​പോ​യി​ട്ടു​ണ്ടെ​ങ്കിൽ, ഈ പ്രത്യാശ നിങ്ങൾക്ക്‌ ഒരു ആശ്വാ​സ​മല്ലേ? ക്രിസ്‌തു​വും മറ്റുള്ള​വ​രും ‘1,000 വർഷം രാജാ​ക്ക​ന്മാ​രാ​യി ഭരിക്കുന്ന’ സമയത്ത്‌ അവർ പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രു​ന്ന​തി​നാ​യി നമുക്കു കാത്തി​രി​ക്കാം. (വെളി. 20:6) ആയിരം​വർഷ ഭരണം തുടങ്ങു​ന്ന​തി​നു മുമ്പ്‌ നിങ്ങൾ മരിച്ചു​പോ​യാ​ലും പേടി​ക്കേണ്ടാ. ഈ പ്രത്യാശ ഉറപ്പു​ള്ള​താണ്‌, നിങ്ങളു​ടെ ഭാവി സുരക്ഷി​ത​മാണ്‌. “നമ്മുടെ പ്രത്യാശ ഒരിക്ക​ലും നമ്മളെ നിരാ​ശ​പ്പെ​ടു​ത്തില്ല.” (റോമ. 5:5) പിടി​ച്ചു​നിൽക്കാ​നും സന്തോ​ഷ​ത്തോ​ടെ ദൈവത്തെ സേവി​ക്കാ​നും ഈ പ്രത്യാശ നിങ്ങളെ സഹായി​ക്കും. 1 കൊരി​ന്ത്യർ 15-ാം അധ്യാ​യ​ത്തിൽനിന്ന്‌ നമുക്കു പഠിക്കാൻ കഴിയുന്ന മറ്റു ചില കാര്യ​ങ്ങ​ളു​മുണ്ട്‌. അതെക്കു​റിച്ച്‌ നമ്മൾ അടുത്ത ലേഖന​ത്തിൽ ചർച്ച ചെയ്യും.

ഗീതം 147 നിത്യ​ജീ​വൻ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു

^ ഖ. 5 1 കൊരി​ന്ത്യർ 15-ാം അധ്യാ​യ​ത്തിൽ പ്രധാ​ന​മാ​യും പുനരു​ത്ഥാ​നം എന്ന വിഷയ​ത്തെ​ക്കു​റി​ച്ചാണ്‌ പറഞ്ഞി​രി​ക്കു​ന്നത്‌. ആ വിഷയം നമുക്കു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? യേശു ഉയിർപ്പി​ക്ക​പ്പെട്ടു എന്നു നമുക്ക്‌ ഉറച്ച്‌ വിശ്വ​സി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌? ഇവയ്‌ക്കുള്ള ഉത്തരങ്ങ​ളും പുനരു​ത്ഥാ​ന​വു​മാ​യി ബന്ധപ്പെട്ട മറ്റു ചില ചോദ്യ​ങ്ങൾക്കുള്ള ഉത്തരവും ഈ ലേഖന​ത്തിൽ കാണാം.

^ ഖ. 56 ചിത്രക്കുറിപ്പ്‌: സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെട്ട ആദ്യത്തെ വ്യക്തി യേശു​വാ​യി​രു​ന്നു. (പ്രവൃ. 1:9) അവിടെ യേശു​വി​നോ​ടൊ​പ്പം ചേരു​മാ​യി​രുന്ന യേശു​വി​ന്റെ ചില ശിഷ്യ​ന്മാ​രാണ്‌ തോമസ്‌, യാക്കോബ്‌, ലുദിയ, യോഹ​ന്നാൻ, മറിയ, പൗലോസ്‌ എന്നിവർ.

^ ഖ. 58 ചിത്രക്കുറിപ്പ്‌: അനേക​വർഷം തന്നോ​ടൊ​പ്പം വിശ്വ​സ്‌ത​മാ​യി സേവിച്ച തന്റെ ഭാര്യയെ ഒരു സഹോ​ദ​രനു നഷ്ടപ്പെ​ടു​ന്നു. ഭാര്യ പുനരു​ത്ഥാ​ന​ത്തിൽ വരു​മെന്ന്‌ അദ്ദേഹം ഉറച്ച്‌ വിശ്വ​സി​ക്കു​ന്നു. തുടർന്നും യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്നു.