വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ലോകം അവസാ​നി​ക്കാൻ പോകു​ക​യാ​ണോ?

ഈ ലോകം അവസാ​നി​ക്കാൻ പോകു​ക​യാ​ണോ?

ഈ ലോകം അവസാ​നി​ക്കു​മെന്ന്‌ ബൈബി​ളിൽ പറയു​ന്ന​താ​യി നിങ്ങൾക്ക്‌ അറിയാ​മാ​യി​രി​ക്കും. (1 യോഹ​ന്നാൻ 2:17) അതിനർഥം, മനുഷ്യ​രൊ​ന്നും പിന്നെ ഭൂമി​യിൽ ഉണ്ടാകി​ല്ലെ​ന്നാ​ണോ? ഭൂമി ജീവജാ​ലങ്ങൾ ഒന്നുമി​ല്ലാ​തെ വെറുതേ പാഴാ​യി​ക്കി​ട​ക്കും, അല്ലെങ്കിൽ ഭൂമി​തന്നെ നശിച്ചു​പോ​കും എന്നാണോ?

ഈ ചോദ്യ​ങ്ങൾക്കുള്ള ബൈബി​ളി​ന്റെ ഉത്തരം ‘അല്ല’ എന്നാണ്‌.

അവസാ​നി​ക്കി​ല്ലാ​ത്തത്‌

മനുഷ്യ​വർഗം

ബൈബിൾ പറയു​ന്നത്‌: ദൈവം ‘ഭൂമിയെ വെറുതേ സൃഷ്ടി​ക്കാ​തെ, മനുഷ്യർക്കു താമസി​ക്കാ​നാ​യി ഉണ്ടാക്കി.’—യശയ്യ 45:18.

ഭൂമി

ബൈബിൾ പറയു​ന്നത്‌: “ഒരു തലമുറ പോകു​ന്നു, മറ്റൊരു തലമുറ വരുന്നു. പക്ഷേ ഭൂമി എന്നും നിലനിൽക്കു​ന്നു.”—സഭാ​പ്ര​സം​ഗകൻ 1:4.

അർഥം: ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ ഭൂമി ഒരിക്ക​ലും നശിച്ചു​പോ​കില്ല, അവിടെ എന്നും മനുഷ്യർ താമസി​ക്കും. അങ്ങനെ​യാ​ണെ​ങ്കിൽ എന്താണ്‌ ഈ ലോകാ​വ​സാ​നം?

ചിന്തി​ക്കു​ക: വരാൻപോ​കുന്ന ലോകാ​വ​സാ​നത്തെ നോഹ​യു​ടെ നാളിൽ നടന്ന സംഭവ​ങ്ങ​ളോ​ടാണ്‌ ബൈബിൾ താരത​മ്യ​പ്പെ​ടു​ത്തു​ന്നത്‌. നോഹ ജീവി​ച്ചി​രുന്ന കാലത്ത്‌ ഭൂമി ‘അക്രമം​കൊണ്ട്‌ നിറഞ്ഞി​രു​ന്നു.’ (ഉൽപത്തി 6:13) എന്നാൽ നോഹ നീതി​മാ​നാ​യി​രു​ന്നു. അതു​കൊണ്ട്‌ ഒരു പ്രളയ​ത്താൽ ദൈവം ദുഷ്ടരായ ആളുക​ളെ​യെ​ല്ലാം നശിപ്പി​ച്ച​പ്പോൾ നോഹ​യെ​യും കുടും​ബ​ത്തെ​യും സംരക്ഷി​ച്ചു. അന്നു നടന്ന ആ സംഭവ​ത്തെ​ക്കു​റിച്ച്‌ പിന്നീട്‌ ബൈബിൾ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: ‘പ്രളയ​മു​ണ്ടാ​യി ലോകം നശിച്ചു.’ (2 പത്രോസ്‌ 3:6) അതെ, അതൊരു ലോകാ​വ​സാ​ന​മാ​യി​രു​ന്നു. എന്നാൽ എന്താണ്‌ അന്ന്‌ നശിച്ചത്‌? ഭൂമിയല്ല, ഭൂമി​യി​ലെ ദുഷ്ടരായ മനുഷ്യ​രാണ്‌. അതു​കൊണ്ട്‌ ലോക​ത്തി​ന്റെ അവസാനം എന്നു ബൈബിൾ പറയു​ന്നത്‌ ഈ ഭൂമി നശിക്കു​ന്ന​തി​നെ​ക്കു​റി​ച്ചല്ല. മറിച്ച്‌, ഈ ഭൂമി​യി​ലെ ദുഷ്ടരായ ആളുക​ളെ​യും അവർ കെട്ടി​പ്പ​ടു​ത്തിയ കാര്യ​ങ്ങ​ളെ​യും നശിപ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌.

അവസാ​നി​ക്കു​ന്നത്‌

ദുഷ്ടത​യും മറ്റു പ്രശ്‌ന​ങ്ങ​ളും

ബൈബിൾ പറയു​ന്നത്‌: “കുറച്ച്‌ കാലം​കൂ​ടെ കഴിഞ്ഞാൽ ദുഷ്ടന്മാ​രു​ണ്ടാ​യി​രി​ക്കില്ല. അവർ ഉണ്ടായി​രു​ന്നി​ടത്ത്‌ നീ നോക്കും; പക്ഷേ, അവരെ കാണില്ല. എന്നാൽ സൗമ്യ​ത​യു​ള്ളവർ ഭൂമി കൈവ​ശ​മാ​ക്കും; സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ അത്യധി​കം ആനന്ദി​ക്കും.”—സങ്കീർത്തനം 37:10, 11.

അർഥം: നോഹ​യു​ടെ നാളിലെ പ്രളയ​ത്തോ​ടെ ദുഷ്ടത അവസാ​നി​ച്ചു എന്ന്‌ പറയാ​നാ​കില്ല. കാരണം പിന്നീ​ടും ദുഷ്ടരായ ആളുകൾ ഭൂമി​യിൽ ഉണ്ടാകു​ക​യും ആളുക​ളു​ടെ ജീവിതം ബുദ്ധി​മു​ട്ടി​ലാ​ക്കു​ക​യും ചെയ്‌തു. എന്നാൽ പെട്ടെ​ന്നു​തന്നെ ദൈവം ഈ ദുഷ്ടത​യ്‌ക്കെ​ല്ലാം ഒരു അവസാനം കൊണ്ടു​വ​രും. സങ്കീർത്ത​ന​ക്കാ​രൻ പറഞ്ഞതു​പോ​ലെ, പിന്നെ “ദുഷ്ടന്മാ​രു​ണ്ടാ​യി​രി​ക്കില്ല.” ദൈവം തന്റെ രാജ്യ​ത്തി​ലൂ​ടെ​യാണ്‌ ദുഷ്ടന്മാ​രെ​യെ​ല്ലാം നശിപ്പി​ക്കാൻ പോകു​ന്നത്‌. ദൈവ​ത്തോട്‌ അനുസ​ര​ണ​മുള്ള ആളുകളെ ഭരിക്കുന്ന ഒരു ഗവൺമെ​ന്റാണ്‌ ഈ രാജ്യം. സ്വർഗ​ത്തിൽനി​ന്നാ​യി​രി​ക്കും അത്‌ ഭരണം നടത്തു​ന്നത്‌.

ചിന്തി​ക്കു​ക: ദൈവ​രാ​ജ്യം വരു​മ്പോൾ ഇന്നു മനുഷ്യ​രെ ഭരിക്കുന്ന നേതാ​ക്ക​ന്മാ​രു​ടെ പ്രതി​ക​രണം എന്തായി​രി​ക്കും? അവർ ദൈവ​രാ​ജ്യ​ത്തെ എതിർക്കു​മെന്നു ബൈബിൾ പറയുന്നു. അങ്ങനെ അവർ അബദ്ധം കാണി​ക്കും. (സങ്കീർത്തനം 2:2) ഫലമോ? ദൈവ​രാ​ജ്യം ഇന്നത്തെ മനുഷ്യ​ഗ​വൺമെ​ന്റു​ക​ളെ​യെ​ല്ലാം തകർത്തു​ക​ള​യും. എന്നിട്ട്‌ “അതു മാത്രം എന്നും നിലനിൽക്കും.” (ദാനി​യേൽ 2:44) മനുഷ്യ​രു​ടെ ഭരണം അവസാ​നി​ക്കേ​ണ്ട​തു​ണ്ടോ?

അവസാ​നി​ക്കേ​ണ്ടത്‌—മനുഷ്യ​രു​ടെ ഭരണം

ബൈബിൾ പറയു​ന്നത്‌: ‘സ്വന്തം കാലടി​ക​ളു​ടെ നിയ​ന്ത്ര​ണം​പോ​ലും മനുഷ്യ​നു​ള്ളതല്ല.’—യിരെമ്യ 10:23.

അർഥം: മനുഷ്യർക്ക്‌ മനുഷ്യ​രെ ഭരിക്കാ​വുന്ന രീതി​യി​ലല്ല ദൈവം അവരെ സൃഷ്ടി​ച്ചത്‌. മറ്റുള്ള​വരെ ഭരിക്കാ​നും അവരുടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നും ഉള്ള മനുഷ്യ​രു​ടെ ശ്രമങ്ങൾ ഇന്നു പരാജ​യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

ചിന്തി​ക്കു​ക: ഒരു സർവവി​ജ്ഞാ​ന​കോ​ശം (Britannica Academic) പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ദാരി​ദ്ര്യം, പട്ടിണി, രോഗം, പ്രകൃ​തി​ദു​ര​ന്തങ്ങൾ, യുദ്ധം, മറ്റു കുറ്റകൃ​ത്യ​ങ്ങൾ എന്നിവ​യൊ​ന്നും പരിഹ​രി​ക്കാൻ” ഇന്നത്തെ ഗവൺമെ​ന്റു​കൾക്ക്‌ കഴിയു​ന്നി​ല്ലെ​ന്നാണ്‌ തോന്നു​ന്നത്‌. അതു തുടർന്ന്‌ ഇങ്ങനെ പറയുന്നു: “ലോകം മുഴുവൻ ഒരൊറ്റ ഗവൺമെ​ന്റി​ന്റെ കീഴി​ലാ​ണെ​ങ്കിൽ ഇതു​പോ​ലുള്ള പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ കഴിയു​മെ​ന്നാണ്‌” ചിലർ വിശ്വ​സി​ക്കു​ന്നത്‌. ശരി, ലോകം മുഴു​വ​നും ഒരൊറ്റ ഗവൺമെ​ന്റി​ന്റെ കീഴിൽ വന്നാലും, അപ്പോ​ഴും അതു ഭരിക്കു​ന്നത്‌ ഈ പ്രശ്‌ന​ങ്ങ​ളൊ​ന്നും പരിഹ​രി​ക്കാൻ കഴിയാത്ത, കുറവു​ക​ളൊ​ക്കെ​യുള്ള മനുഷ്യർത​ന്നെ​യല്ലേ? ദൈവ​ത്തി​ന്റെ ഗവൺമെ​ന്റി​നു മാത്രമേ ലോക​ത്തി​ലെ എല്ലാ പ്രശ്‌ന​ങ്ങ​ളും പൂർണ​മാ​യി പരിഹ​രി​ക്കാൻ കഴിയു​ക​യു​ള്ളൂ.

ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ അവസാ​ന​ത്തെ​ക്കു​റിച്ച്‌ ഓർത്ത്‌, അതായത്‌ ഈ ലോക​ത്തി​ന്റെ അവസാ​ന​ത്തെ​ക്കു​റിച്ച്‌ ഓർത്ത്‌, നല്ലവരായ ആളുകൾ പേടി​ക്ക​ണോ? ‘വേണ്ട’ എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. പകരം അവർ സന്തോ​ഷി​ക്കു​ക​യാണ്‌ വേണ്ടത്‌. കാരണം ഈ മോശ​മായ ലോക​ത്തി​ന്റെ സ്ഥാനത്ത്‌ ദൈവം അതിമ​ഹ​ത്തായ ഒരു പുതിയ ലോകം കൊണ്ടു​വ​രും!

അത്‌ എപ്പോൾ സംഭവി​ക്കും? ബൈബി​ളി​ന്റെ ഉത്തരം അടുത്ത ലേഖന​ത്തിൽ കാണാം.