വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
മെസ്സേജുകൾ അയയ്ക്കാൻ ഇലക്ട്രോണിക് രൂപത്തിലുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ക്രിസ്ത്യാനികൾ ശ്രദ്ധയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
കുടുംബാംഗങ്ങളോടും സഹക്രിസ്ത്യാനികളോടും ഒക്കെ വിശേഷങ്ങൾ പങ്കുവെക്കാൻ ഇന്നു പല ക്രിസ്ത്യാനികളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. എങ്കിലും, പക്വതയുള്ള എല്ലാ ക്രിസ്ത്യാനികളും ഒരു കാര്യം എപ്പോഴും ഓർക്കും: “വിവേകമുള്ളവൻ ആപത്തു കണ്ട് ഒളിക്കുന്നു; എന്നാൽ അനുഭവജ്ഞാനമില്ലാത്തവൻ നേരെ അതിൽ ചെന്ന് ചാടി ഭവിഷ്യത്തുകൾ അനുഭവിക്കുന്നു.”—സുഭാ. 27:12.
നമ്മുടെ സുരക്ഷയെക്കുറിച്ച് യഹോവയ്ക്കു ചിന്തയുണ്ടെന്നു നമുക്ക് അറിയാം. അതുകൊണ്ട്, ഭിന്നിപ്പുണ്ടാക്കുന്നവരോടും പുറത്താക്കപ്പെട്ടവരോടും നമ്മുടെ പഠിപ്പിക്കലുകളെ വളച്ചൊടിക്കുന്നവരോടും നമ്മൾ സഹവസിക്കില്ല. (റോമ. 16:17; 1 കൊരി. 5:11; 2 യോഹ. 10, 11) ഇനി, സഭയിലുള്ള ചിലർപോലും ദൈവികനിലവാരങ്ങൾക്ക് അത്ര വില കൊടുക്കാതെയായിരിക്കാം ജീവിക്കുന്നത്. (2 തിമൊ. 2:20, 21) ഇക്കാര്യങ്ങളെല്ലാം മനസ്സിൽപ്പിടിച്ചുകൊണ്ടുവേണം നമ്മൾ സുഹൃത്തുക്കളെ തിരഞ്ഞെടുക്കാൻ. പക്ഷേ, ഇലക്ട്രോണിക് രൂപത്തിലുള്ള ആപ്ലിക്കേഷൻ ഉപയോഗിച്ച് സുഹൃത്തുക്കളെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കാൻ അത്ര എളുപ്പമല്ല.
ഒരു മെസ്സേജിങ്ങ് ഗ്രൂപ്പിലെ ആളുകളുടെ എണ്ണം കൂടുതലാണെങ്കിൽ അതിൽ അംഗമായി തുടരണോ എന്നു ഗൗരവമായി ചിന്തിക്കണം. ഇങ്ങനെയുള്ള വലിയ ഗ്രൂപ്പുകളിൽ അംഗങ്ങളായ ചില ക്രിസ്ത്യാനികൾക്ക് അതുമൂലം പല പ്രശ്നങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. നൂറുകണക്കിനോ ആയിരക്കണക്കിനോ അംഗങ്ങളുള്ള ഒരു ഗ്രൂപ്പിലെ ആളുകളെ ശ്രദ്ധയോടെ മനസ്സിലാക്കി മുന്നോട്ട് പോകാൻ നമ്മുടെ ഒരു സഹോദരനോ സഹോദരിക്കോ കഴിയുമോ? അത് ഒരിക്കലും പ്രായോഗികമായ ഒരു കാര്യമല്ല. കാരണം അവർ ഓരോരുത്തരും ശരിക്കും എങ്ങനെയുള്ളവരാണ്, അവർ നല്ല ആത്മീയതയുള്ളവരാണോ എന്നൊന്നും നമുക്ക് അറിയാനാകില്ല. സങ്കീർത്തനം 26:4 പറയുന്നു: “വഞ്ചകരോടു ഞാൻ കൂട്ടു കൂടാറില്ല; തനിസ്വരൂപം മറച്ചുവെക്കുന്നവരെ ഞാൻ ഒഴിവാക്കുന്നു.” നമുക്ക് അറിയാവുന്ന ആളുകളുമായി മാത്രം മെസ്സേജുകൾ കൈമാറുന്നതാണ് ബുദ്ധി എന്നല്ലേ ഈ വാക്യം കാണിക്കുന്നത്?
ഇനി, ചെറിയ ഗ്രൂപ്പാണെങ്കിൽപ്പോലും അതിലെ ആളുകളുടെ സംസാരം എന്തിനെപ്പറ്റിയുള്ളതാണെന്നും താൻ എത്ര സമയം അതിനുവേണ്ടി ചെലവഴിക്കുന്നുണ്ടെന്നും ഒരു ക്രിസ്ത്യാനി ചിന്തിക്കണം. നമുക്ക് കിട്ടുന്ന എല്ലാ മെസ്സേജുകൾക്കും മറുപടി അയയ്ക്കണമെന്നു കരുതരുത്. അതു പ്രാധാന്യമുള്ളതാണോ, അതിന് എത്ര സമയം വേണ്ടിവരും എന്നൊക്കെ ചിന്തിച്ചിട്ടുവേണം മറുപടി അയയ്ക്കാൻ. “പരകാര്യങ്ങൾ പറഞ്ഞുപരത്തുകയും മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടുകയും” ചെയ്യുന്നവരെക്കുറിച്ച് പൗലോസ് തിമൊഥെയൊസിന് മുന്നറിയിപ്പു കൊടുത്തു. (1 തിമൊ. 5:13) ഇന്ന് ഇലക്ട്രോണിക് രൂപത്തിലും ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ട്.
പക്വതയുള്ള ഒരു ക്രിസ്ത്യാനി സഹവിശ്വാസികളെ കുറ്റപ്പെടുത്തി സംസാരിക്കുകയോ അങ്ങനെയുള്ള സംസാരം ശ്രദ്ധിക്കുകയോ അവരെക്കുറിച്ച് രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ പരസ്യപ്പെടുത്തുകയോ ഇല്ല. (സങ്കീ. 15:3; സുഭാ. 20:19) പേടിപ്പിക്കുന്നതോ പെരുപ്പിച്ചുപറയുന്നതോ ആയ വാർത്തകളും ശരിയാണെന്ന് ഉറപ്പില്ലാത്ത വിവരങ്ങളും അദ്ദേഹം ശ്രദ്ധിക്കുകയോ മറ്റുള്ളവർക്ക് അയയ്ക്കുകയോ ഇല്ല. (എഫെ. 4:25) നമ്മുടെ jw.org സൈറ്റിലൂടെയും JW പ്രക്ഷേപണത്തിലെ പ്രതിമാസപരിപാടികളിലൂടെയും നമുക്ക് ആവശ്യമായ ആത്മീയഭക്ഷണവും വിശ്വസനീയമായ വാർത്തകളും കിട്ടുന്നുണ്ട്.
ചില സാക്ഷികൾ സാധനങ്ങൾ വാങ്ങാനോ വിൽക്കാനോ പരസ്യം ചെയ്യാനോ അതുപോലെ ജോലി വാഗ്ദാനം ചെയ്യാനോ ഒക്കെ മെസ്സേജിങ്ങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാറുണ്ട്. ഇതൊക്കെ ബിസിനസ്സ് കാര്യങ്ങളാണ്, അല്ലാതെ യഹോവയുടെ ആരാധനയോടു ബന്ധപ്പെട്ടവയല്ല. ‘പണസ്നേഹമില്ലാത്തവരാകാൻ ആഗ്രഹിക്കുന്ന’ ക്രിസ്ത്യാനികൾ തങ്ങളുടെ ആത്മീയസഹോദരങ്ങളെ ബിസിനസ്സ് നേട്ടങ്ങൾക്കായി ഒരിക്കലും ഉപയോഗിക്കില്ല.—എബ്രാ. 13:5.
ഇത്തരം മെസ്സേജിങ്ങ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച്, ഞെരുക്കമോ ദുരന്തങ്ങളോ കാരണം കഷ്ടപ്പെടുന്ന സഹോദരങ്ങളെ സഹായിക്കാൻ പണം ശേഖരിക്കുന്നതിനെക്കുറിച്ചോ? നമ്മൾ നമ്മുടെ സഹോദരങ്ങളെ സ്നേഹിക്കുന്നു, അവർക്കു വേണ്ട സഹായവും ആശ്വാസവും നൽകാൻ ആഗ്രഹിക്കുന്നു. (യാക്കോ. 2:15, 16) പക്ഷേ അവരെ സഹായിക്കാൻ സഭയ്ക്കും ബ്രാഞ്ചോഫീസിനും അതിന്റേതായ ക്രമീകരണങ്ങളുണ്ട്. ഒരു വലിയ ഗ്രൂപ്പിലൂടെ നമ്മൾ അത്തരം സഹായം കൊടുക്കാൻ ശ്രമിച്ചാൽ അതു മൊത്തത്തിൽ ഒരു ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. (1 തിമൊ. 5:3, 4, 9, 10, 16) മാത്രമല്ല, അങ്ങനെ ചെയ്താൽ ഇത്തരം സാഹചര്യങ്ങളിൽ ദൈവത്തിന്റെ ആടുകളെ പരിപാലിക്കാനുള്ള ഒരു പ്രത്യേക നിയമനം നമുക്കു കിട്ടിയിട്ടുണ്ടെന്ന് മറ്റുള്ളവർ ചിന്തിച്ചേക്കാം. അങ്ങനെയൊരു ധാരണ മറ്റുള്ളവർക്കു കൊടുക്കാതിരിക്കുന്നതല്ലേ നല്ലത്?
ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യാനാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്. (1 കൊരി. 10:31) അതുകൊണ്ട്, മെസ്സേജിങ്ങ് ആപ്ലിക്കേഷനോ അതുപോലുള്ള മറ്റു സാങ്കേതികവിദ്യയോ ഉപയോഗിക്കാൻ തീരുമാനിക്കുമ്പോൾ അതിന്റെ അപകടങ്ങളെക്കുറിച്ച് ചിന്തിക്കുക, ജാഗ്രതയുള്ളവരായിരിക്കുക.