വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 23

യഹോവ എപ്പോ​ഴും കൂടെ​യു​ള്ള​തു​കൊണ്ട്‌ നമ്മൾ ഒറ്റയ്‌ക്കല്ല

യഹോവ എപ്പോ​ഴും കൂടെ​യു​ള്ള​തു​കൊണ്ട്‌ നമ്മൾ ഒറ്റയ്‌ക്കല്ല

“തന്നെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും, . . . യഹോവ സമീപസ്ഥൻ.”—സങ്കീ. 145:18.

ഗീതം 28 യഹോ​വ​യു​ടെ സൗഹൃദം നേടുക

പൂർവാവലോകനം *

1. യഹോ​വ​യു​ടെ ദാസന്മാർക്ക്‌ ചില​പ്പോൾ ഏകാന്തത തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

നമ്മളിൽ മിക്കവർക്കും ഇടയ്‌ക്കൊ​ക്കെ ഏകാന്തത അനുഭ​വ​പ്പെ​ടാ​റുണ്ട്‌. ചിലർക്ക്‌ അതു പെട്ടെന്നു മാറും. എന്നാൽ മറ്റു ചിലരു​ടെ കാര്യ​ത്തിൽ അതു കുറെ​ക്കാ​ലം നീണ്ടു​നി​ന്നേ​ക്കാം. ചുറ്റും ധാരാളം ആളുക​ളു​ള്ള​പ്പോ​ഴും നമുക്കു ചില​പ്പോൾ ഏകാന്തത തോന്നാം. പുതി​യൊ​രു സഭയിൽ ചെല്ലു​മ്പോൾ കൂട്ടു​കാ​രെ കണ്ടെത്താൻ ചിലർക്കു ബുദ്ധി​മു​ട്ടാണ്‌. ഇനി, കുടും​ബാം​ഗ​ങ്ങ​ളു​മാ​യി വളരെ അടുത്ത്‌ കഴിഞ്ഞ​വർക്ക്‌ അവരെ വിട്ട്‌ ദൂരെ ഒരു സ്ഥലത്തേക്കു പോകു​മ്പോൾ ഏകാന്തത തോന്നി​യേ​ക്കാം. മറ്റു ചിലരു​ടെ കാര്യ​ത്തിൽ പ്രിയ​പ്പെട്ട ഒരാൾ മരിച്ചു​പോ​കു​മ്പോൾ ഏകാന്തത അനുഭ​വ​പ്പെ​ടു​ന്നു. ചില സഹോ​ദ​ര​ങ്ങൾക്ക്‌, പ്രത്യേ​കിച്ച്‌ പുതു​താ​യി സത്യം പഠിച്ചു​വ​ന്ന​വർക്ക്‌, അതിന്റെ പേരിൽ അവരുടെ വിശ്വാ​സി​ക​ള​ല്ലാത്ത കുടും​ബാം​ഗ​ങ്ങ​ളോ സുഹൃ​ത്തു​ക്ക​ളോ അവരെ ഉപദ്ര​വി​ക്കു​ക​യോ ഉപേക്ഷി​ക്കു​ക​യോ ഒക്കെ ചെയ്യു​മ്പോൾ ഒറ്റപ്പെ​ട്ട​താ​യി തോന്നി​യേ​ക്കാം.

2. ഏതെല്ലാം ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തും?

2 യഹോ​വ​യ്‌ക്കു നമ്മളെ ശരിക്കും അറിയാം. നമുക്ക്‌ ഏകാന്തത തോന്നു​മ്പോൾ യഹോവ അതു മനസ്സി​ലാ​ക്കു​ന്നു. നമ്മളെ സഹായി​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. യഹോവ എങ്ങനെ​യാ​ണു നമ്മളെ സഹായി​ക്കു​ന്നത്‌? ഏകാന്തത തോന്നു​മ്പോൾ നമ്മൾ എന്തു ചെയ്യണം? ഇനി, സഭയിൽ ഏകാന്തത അനുഭ​വി​ക്കുന്ന മറ്റുള്ള​വരെ നമുക്ക്‌ എങ്ങനെ സഹായി​ക്കാം? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നമുക്കു നോക്കാം.

യഹോ​വ​യ്‌ക്കു നമ്മളെ​ക്കു​റിച്ച്‌ ചിന്തയുണ്ട്‌

ഏലിയ ഒറ്റയ്‌ക്ക​ല്ലെന്ന്‌ ഉറപ്പു കൊടു​ക്കാൻ യഹോവ തന്റെ ദൂതനെ അയച്ചു (3-ാം ഖണ്ഡിക കാണുക)

3. ഏലിയ​യെ​ക്കു​റിച്ച്‌ തനിക്ക്‌ ചിന്തയു​ണ്ടെന്ന്‌ യഹോവ എങ്ങനെ​യാ​ണു കാണി​ച്ചത്‌?

3 തന്റെ ആരാധ​ക​രെ​ല്ലാം സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. യഹോവ നമു​ക്കെ​ല്ലാം സമീപ​സ്ഥ​നാണ്‌. അതു​കൊ​ണ്ടു നമ്മൾ സങ്കട​പ്പെ​ടു​ക​യോ നിരു​ത്സാ​ഹി​ത​രാ​കു​ക​യോ ഒക്കെ ചെയ്യു​മ്പോൾ യഹോവ അതു കാണും. (സങ്കീ. 145:18, 19) ഏലിയ പ്രവാ​ച​കന്റെ കാര്യ​ത്തിൽ യഹോവ എന്തു ചെയ്‌തെന്നു നോക്കാം. ഇസ്രാ​യേ​ലി​ന്റെ ചരി​ത്ര​ത്തി​ലെ വളരെ പ്രയാ​സ​ക​ര​മായ കാലഘ​ട്ട​ത്തി​ലാ​യി​രു​ന്നു വിശ്വ​സ്‌ത​നായ ആ പ്രവാ​ചകൻ ജീവി​ച്ചി​രു​ന്നത്‌. സത്യാ​രാ​ധ​കർക്ക്‌ സ്വന്തം ജനത്തിൽനി​ന്നു​തന്നെ ഉപദ്രവം നേരി​ട്ടി​രുന്ന കാലം. എങ്ങനെ​യും ഏലിയ​യെ​യും വകവരു​ത്താ​നാ​യി​രു​ന്നു അവരുടെ ഗൂഢപ​ദ്ധതി. (1 രാജാ. 19:1, 2) പ്രവാ​ച​കന്‌ ആകെ സങ്കടവും നിരാ​ശ​യും ഒക്കെ തോന്നി. അതു മാത്രമല്ല, യഹോ​വ​യു​ടെ ആരാധ​ക​നാ​യി താൻ മാത്രമേ ഉള്ളൂ എന്നും ഏലിയ വിചാ​രി​ച്ചു. അത്‌ അദ്ദേഹത്തെ കൂടുതൽ വിഷമ​ത്തി​ലാ​ക്കി. (1 രാജാ. 19:10) യഹോവ അതെല്ലാം കാണു​ന്നു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ ഏലിയയെ സഹായി​ക്കാൻ യഹോവ പെട്ടെ​ന്നു​തന്നെ ഒരു ദൂതനെ അയച്ചു. ഏലിയ ഒറ്റയ്‌ക്ക​ല്ലെ​ന്നും യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കുന്ന ധാരാളം പേർ അപ്പോ​ഴും ഇസ്രാ​യേ​ലി​ലു​ണ്ടെ​ന്നും ദൂതൻ ഏലിയ​യോ​ടു പറഞ്ഞു.—1 രാജാ. 19:5, 18.

4. മറ്റുള്ള​വ​രു​ടെ സഹായം നഷ്ടപ്പെ​ടുന്ന തന്റെ ദാസന്മാ​രെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്കു ചിന്തയു​ണ്ടെന്നു മർക്കോസ്‌ 10:29, 30 കാണി​ക്കു​ന്നത്‌ എങ്ങനെ?

4 യഹോ​വയെ സേവി​ക്കാൻ തീരു​മാ​നി​ക്കു​മ്പോൾ നമുക്കു പല ത്യാഗ​ങ്ങ​ളും ചെയ്യേ​ണ്ടി​വ​രു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. വിശ്വാ​സ​ത്തി​ലി​ല്ലാത്ത ബന്ധുക്ക​ളു​ടെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും സഹായ​വും പിന്തു​ണ​യും നഷ്ടപ്പെ​ടു​ന്ന​താ​യി​രി​ക്കാം അതി​ലൊന്ന്‌. ഇത്തരം കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ ഉത്‌കണ്‌ഠ തോന്നി​യി​ട്ടാ​യി​രി​ക്കാം ഒരുപക്ഷേ പത്രോസ്‌ അപ്പോ​സ്‌തലൻ ഒരിക്കൽ യേശു​വി​നോട്‌ ഇങ്ങനെ ചോദി​ച്ചത്‌: “ഞങ്ങൾ എല്ലാം ഉപേക്ഷിച്ച്‌ അങ്ങയെ അനുഗ​മി​ച്ചി​രി​ക്കു​ന്നു; ഞങ്ങൾക്ക്‌ എന്തു കിട്ടും?” (മത്താ. 19:27) ഒരു വലിയ ആത്മീയ​കു​ടും​ബത്തെ അവർക്കു കിട്ടു​മെന്ന്‌ അപ്പോൾ യേശു സ്‌നേ​ഹ​ത്തോ​ടെ തന്റെ ശിഷ്യ​ന്മാർക്ക്‌ ഉറപ്പു​കൊ​ടു​ത്തു. (മർക്കോസ്‌ 10:29, 30 വായി​ക്കുക.) തന്നെ സേവി​ക്കു​ന്ന​വരെ സഹായി​ക്കു​മെന്നു നമ്മുടെ ആത്മീയ​കു​ടും​ബ​ത്തി​ന്റെ ശിരസ്സായ യഹോവ വാക്കു​ത​ന്നി​ട്ടു​മുണ്ട്‌. (സങ്കീ. 9:10) എന്നാൽ ഏകാന്ത​തയെ മറിക​ട​ക്കാൻ യഹോ​വ​യിൽനി​ന്നുള്ള സഹായം കിട്ടു​ന്ന​തി​നു നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കാം.

ഏകാന്തത തോന്നു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

5. യഹോവ നമ്മളെ എങ്ങനെ സഹായി​ക്കു​ന്നെന്നു ചിന്തി​ക്കു​ന്ന​തി​ന്റെ പ്രയോ​ജനം എന്ത്‌?

5 യഹോവ നിങ്ങളെ എങ്ങനെ സഹായി​ക്കു​ന്നെന്നു ചിന്തി​ക്കുക. (സങ്കീ. 55:22) അങ്ങനെ ചെയ്യു​ന്നതു നമ്മൾ ഒറ്റയ്‌ക്ക​ല്ലെന്നു തിരി​ച്ച​റി​യാൻ സഹായി​ക്കും. കുടും​ബാം​ഗങ്ങൾ ആരും വിശ്വാ​സ​ത്തി​ലി​ല്ലാത്ത അവിവാ​ഹി​ത​യായ കാരൾ * സഹോ​ദരി പറയുന്നു: “പ്രയാ​സങ്ങൾ നിറഞ്ഞ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യ​പ്പോൾ യഹോവ എന്നെ എങ്ങനെ​യൊ​ക്കെ​യാ​ണു സഹായി​ച്ച​തെന്നു ഞാൻ ഇടയ്‌ക്കി​ടെ ചിന്തി​ക്കാ​റുണ്ട്‌. ഞാൻ ഒറ്റയ്‌ക്കല്ല എന്ന്‌ ഓർക്കാൻ അത്‌ എന്നെ സഹായി​ക്കു​ന്നു. ഭാവി​യി​ലും യഹോവ എന്റെ കൂടെ​യു​ണ്ടാ​യി​രി​ക്കു​മെന്ന ഉറപ്പ്‌ എനിക്ക്‌ അതിലൂ​ടെ കിട്ടുന്നു.”

6. ഏകാന്ത​ത​യു​മാ​യി മല്ലിടു​ന്ന​വർക്ക്‌ 1 പത്രോസ്‌ 5:9, 10 പ്രോ​ത്സാ​ഹനം പകരു​ന്നത്‌ എങ്ങനെ?

6 പ്രശ്‌ന​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കുന്ന നമ്മുടെ സഹോ​ദ​ര​ങ്ങളെ യഹോവ എങ്ങനെ​യാ​ണു സഹായി​ക്കു​ന്ന​തെന്നു ചിന്തി​ക്കുക. (1 പത്രോസ്‌ 5:9, 10 വായി​ക്കുക.) വർഷങ്ങ​ളാ​യി ഒറ്റയ്‌ക്കു വിശ്വാ​സ​ത്തി​ലുള്ള ഹിരോ​ഷി സഹോ​ദരൻ പറയുന്നു: “സഭയിലെ എല്ലാ സഹോ​ദ​ര​ങ്ങൾക്കും എന്തെങ്കി​ലു​മൊ​ക്കെ പ്രശ്‌ന​ങ്ങ​ളുണ്ട്‌. എന്നിട്ടും അവർ യഹോ​വയെ സേവി​ക്കാൻ തങ്ങളുടെ കഴിവി​ന്റെ പരമാ​വധി ചെയ്യുന്നു. അതു കാണു​ന്നത്‌ ഒറ്റയ്‌ക്കു വിശ്വാ​സ​ത്തി​ലുള്ള എന്നെ​പ്പോ​ലു​ള്ള​വർക്ക്‌ ശരിക്കും ഒരു പ്രോ​ത്സാ​ഹ​ന​മാണ്‌.”

7. പ്രാർഥന നിങ്ങളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

7 ആത്മീയ​കാ​ര്യ​ങ്ങൾ മുടങ്ങാ​തെ ചെയ്യുക. നമ്മുടെ ഉള്ളിലു​ള്ള​തെ​ല്ലാം യഹോ​വ​യോ​ടു തുറന്നു​പ​റ​യു​ന്നത്‌ അതിൽ ഉൾപ്പെ​ടു​ന്നു. (1 പത്രോ. 5:7) “ഏകാന്ത​തയെ മറിക​ട​ക്കാൻ എന്നെ സഹായിച്ച ഒരു പ്രധാ​ന​സം​ഗതി യഹോ​വ​യോ​ടു മുട്ടി​പ്പാ​യി പ്രാർഥി​ച്ച​താണ്‌” എന്നു മാസീൽ സഹോ​ദരി പറയുന്നു. സത്യം സ്വീക​രി​ച്ച​തി​ന്റെ പേരിൽ കുടും​ബാം​ഗ​ങ്ങ​ളിൽനിന്ന്‌ ഒറ്റപ്പെ​ട്ട​തു​പോ​ലെ തോന്നിയ ഒരു യുവസ​ഹോ​ദ​രി​യാ​ണു മാസീൽ. “യഹോവ എനിക്കു സ്വന്തം അപ്പനെ​പ്പോ​ലെ​യാ​യി​രു​ന്നു. ദിവസ​വും പല തവണ ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. എന്റെ ഉള്ളിലു​ള്ള​തെ​ല്ലാം ഞാൻ യഹോ​വ​യോ​ടു പറഞ്ഞു” എന്നു സഹോ​ദരി പറയുന്നു.

ബൈബി​ളി​ന്റെ​യും ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യും ഓഡി​യോ കേൾക്കു​ന്നത്‌ ഏകാന്തത കുറയ്‌ക്കാൻ സഹായി​ക്കും (8-ാം ഖണ്ഡിക കാണുക) *

8. ബൈബിൾ വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​ന്നതു നിങ്ങളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

8 പതിവാ​യി ബൈബിൾ വായി​ക്കു​ക​യും യഹോ​വ​യ്‌ക്കു നിങ്ങ​ളോ​ടുള്ള സ്‌നേ​ഹത്തെ എടുത്തു​കാ​ണി​ക്കുന്ന ബൈബിൾവി​വ​ര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ക​യും ചെയ്യുക. കുടും​ബാം​ഗ​ങ്ങ​ളിൽനിന്ന്‌ കളിയാ​ക്ക​ലും കുറ്റ​പ്പെ​ടു​ത്ത​ലും ഒക്കെ കേൾക്കേ​ണ്ടി​വ​രുന്ന ബിയൻക സഹോ​ദരി പറയുന്നു: “ബൈബിൾവി​വ​ര​ണ​ങ്ങ​ളും എന്റേതു​പോ​ലുള്ള സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യി​ട്ടുള്ള മറ്റു സഹോ​ദ​ര​ങ്ങ​ളു​ടെ അനുഭ​വ​ങ്ങ​ളും വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​ന്നതു ശരിക്കും എന്നെ സഹായി​ക്കു​ന്നു.” മറ്റു ചിലർ ആശ്വാസം തരുന്ന സങ്കീർത്തനം 27:10; യശയ്യ 41:10 പോലുള്ള തിരു​വെ​ഴു​ത്തു​കൾ കാണാ​പ്പാ​ഠം പഠിക്കു​ന്നു. ഇനി വേറെ ചിലർ, മീറ്റി​ങ്ങി​നു പഠിക്കാ​നുള്ള ഭാഗത്തി​ന്റെ​യോ ബൈബിൾ വായനാ​ഭാ​ഗ​ത്തി​ന്റെ​യോ ഓഡി​യോ റെക്കോർഡി​ങ്ങു​കൾ കേൾക്കു​ന്നു. അത്‌ ഏകാന്ത​തയെ മറിക​ട​ക്കാൻ അവരെ സഹായി​ക്കു​ന്നു.

9. മീറ്റി​ങ്ങു​കൾ നിങ്ങളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

9 ഒരു മീറ്റി​ങ്ങു​പോ​ലും മുടക്കാ​തി​രി​ക്കാൻ ശ്രമി​ക്കുക. അങ്ങനെ​യാ​കു​മ്പോൾ അവിടെ നടക്കുന്ന പരിപാ​ടി​ക​ളിൽനിന്ന്‌ പ്രോ​ത്സാ​ഹനം കിട്ടും, സഹോ​ദ​ര​ങ്ങളെ അടുത്ത്‌ അറിയാ​നും പറ്റും. (എബ്രാ. 10:24, 25) നേരത്തേ പറഞ്ഞ മാസീൽ സഹോ​ദരി പറയുന്നു: “ഞാൻ ഒരു നാണക്കാ​രി​യാ​യി​രു​ന്നെ​ങ്കി​ലും ഒരു മീറ്റി​ങ്ങു​പോ​ലും മുടക്കാ​തി​രി​ക്കാ​നും ഒരു ഉത്തര​മെ​ങ്കി​ലും പറയാ​നും ഞാൻ തീരു​മാ​നി​ച്ചി​രു​ന്നു. അങ്ങനെ ചെയ്‌തതു സഹോ​ദ​ര​ങ്ങ​ളോ​ടു നല്ല അടുപ്പ​വും സ്‌നേ​ഹ​വും ഒക്കെ തോന്നാൻ എന്നെ സഹായി​ച്ചു.”

10. സഹോ​ദ​ര​ങ്ങ​ളു​മാ​യി സൗഹൃദം വളർത്തു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

10 സഹോ​ദ​ര​ങ്ങ​ളു​മാ​യി സുഹൃ​ദ്‌ബന്ധം വളർത്തുക. പല പ്രായ​ത്തി​ലും പശ്ചാത്ത​ല​ത്തി​ലും പെട്ട സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ നമുക്കു പലതും പഠിക്കാ​നാ​കും. അതു​കൊണ്ട്‌ അങ്ങനെ​യു​ള്ള​വ​രു​മാ​യി സൗഹൃ​ദ​ത്തി​ലാ​കുക. “പ്രായ​മാ​യവർ” ജ്ഞാനി​ക​ളാ​യി​രി​ക്കു​മെന്നു ബൈബിൾ പറയുന്നു. (ഇയ്യോ. 12:12) ഇനി, പ്രായ​മാ​യ​വർക്കു സഭയിലെ ചെറു​പ്പ​ക്കാ​രിൽനി​ന്നും പലതും പഠിക്കാ​നു​ണ്ടാ​കും. ദാവീ​ദും യോനാ​ഥാ​നും തമ്മിൽ നല്ല പ്രായ​വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നു. എന്നിട്ടും അവർ അടുത്ത കൂട്ടു​കാ​രാ​യി. (1 ശമു. 18:1) പല പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങൾ നേരി​ട്ട​പ്പോ​ഴും യഹോ​വയെ സേവി​ക്കാൻ അവർ പരസ്‌പരം സഹായി​ച്ചു. (1 ശമു. 23:16-18) ഒറ്റയ്‌ക്കു വിശ്വാ​സ​ത്തി​ലുള്ള ഇറീന സഹോ​ദരി പറയുന്നു: “നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു ശരിക്കും നമ്മുടെ മാതാ​പി​താ​ക്ക​ളെ​പ്പോ​ലെ​യോ നമ്മുടെ കൂടപ്പി​റ​പ്പു​ക​ളെ​പ്പോ​ലെ​യോ ഒക്കെ ആകാനാ​കും. അവരെ ഉപയോ​ഗിച്ച്‌, നമ്മൾ ഒറ്റയ്‌ക്കാ​ണെന്ന സങ്കടം മാറ്റാൻ യഹോ​വ​യ്‌ക്കു കഴിയും.”

11. നല്ല സുഹൃ​ദ്‌ബ​ന്ധങ്ങൾ വളർത്തി​യെ​ടു​ക്കാൻ നമ്മൾ എന്തു ചെയ്യണം?

11 പുതിയ കൂട്ടു​കാ​രെ കണ്ടെത്തുക എന്നത്‌ അത്ര എളുപ്പ​മുള്ള കാര്യമല്ല, പ്രത്യേ​കിച്ച്‌ നമ്മൾ സംസാ​രി​ക്കാൻ മടിയു​ള്ള​വ​രാ​ണെ​ങ്കിൽ. എതിർപ്പു​ക​ളൊ​ക്കെ ഉണ്ടായി​ട്ടും സത്യം പഠിച്ചു​വന്ന, അല്‌പം നാണക്കാ​രി​യായ ഒരു സഹോ​ദ​രി​യാ​ണു രത്‌ന. സഹോ​ദരി പറയുന്നു: “സഹോ​ദ​ര​ങ്ങ​ളു​ടെ സഹായ​മി​ല്ലാ​തെ പിടി​ച്ചു​നിൽക്കാ​നാ​കി​ല്ലെന്നു ഞാൻ അംഗീ​ക​രി​ക്ക​ണ​മാ​യി​രു​ന്നു.” ഉള്ളുതു​റന്നു മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​ന്നത്‌ അല്‌പം ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. എന്നാൽ അങ്ങനെ ചെയ്‌തെ​ങ്കി​ലേ അവരു​മാ​യി നല്ല സൗഹൃ​ദ​ത്തി​ലാ​കാൻ പറ്റുക​യു​ള്ളൂ. നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സഹായി​ക്കാ​നും കൂട്ടു​കാർക്ക്‌ ആഗ്രഹം കാണും. പക്ഷേ നമ്മുടെ വിഷമങ്ങൾ നമ്മൾ അവരോ​ടു തുറന്നു​പ​റ​യണം. കാരണം അവർക്ക്‌ അത്‌ ഊഹി​ച്ചെ​ടു​ക്കാ​നാ​കി​ല്ല​ല്ലോ.

12. നല്ല കൂട്ടു​കാ​രെ കണ്ടെത്താ​നുള്ള ഒരു വഴി എന്താണ്‌?

12 നല്ല കൂട്ടു​കാ​രെ കണ്ടെത്താ​നുള്ള ഒരു എളുപ്പ​വഴി സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ന്ന​താണ്‌. നേരത്തേ പറഞ്ഞ കാരൾ സഹോ​ദരി പറയുന്നു: “സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം പ്രസം​ഗ​പ്ര​വർത്ത​ന​വും മറ്റു ദിവ്യാ​ധി​പത്യ പ്രവർത്ത​ന​ങ്ങ​ളും ചെയ്‌ത​തു​കൊണ്ട്‌ എനിക്കു കുറെ നല്ല കൂട്ടു​കാ​രെ കിട്ടി. കഴിഞ്ഞ വർഷങ്ങ​ളി​ലെ​ല്ലാം ഈ കൂട്ടു​കാ​രി​ലൂ​ടെ യഹോവ എന്നെ സഹായി​ച്ചി​ട്ടുണ്ട്‌.” വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​ക​ളു​മാ​യി സൗഹൃ​ദ​ത്തി​ലാ​കു​ന്ന​തു​കൊണ്ട്‌ നമുക്ക്‌ ഒരുപാ​ടു ഗുണങ്ങ​ളുണ്ട്‌. കാരണം ഈ കൂട്ടു​കാ​രി​ലൂ​ടെ​യാണ്‌ ഏകാന്ത​ത​പോ​ലുള്ള പ്രശ്‌നങ്ങൾ മറിക​ട​ക്കാൻ യഹോവ നമ്മളെ സഹായി​ക്കു​ന്നത്‌.—സുഭാ. 17:17.

നമ്മുടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​ണെന്നു തോന്നാൻ മറ്റുള്ള​വരെ സഹായിക്കുക

13. സഭയി​ലുള്ള എല്ലാവർക്കും എന്ത്‌ ഉത്തരവാ​ദി​ത്വ​മുണ്ട്‌?

13 സഭയിൽ നല്ല സ്‌നേ​ഹ​വും സമാധാ​ന​വും ഒക്കെ നിലനി​റു​ത്താൻ എല്ലാവർക്കും ഉത്തരവാ​ദി​ത്വ​മുണ്ട്‌. അങ്ങനെ​യാ​കു​മ്പോൾ തങ്ങൾ ഒറ്റയ്‌ക്കാ​ണെന്ന ഒരു തോന്നൽ ആർക്കു​മു​ണ്ടാ​കില്ല. (യോഹ. 13:35) അതിന്‌, നമ്മൾ എന്തു പറയുന്നു, എന്തു ചെയ്യുന്നു എന്നതു വളരെ പ്രധാ​ന​മാണ്‌. ഒരു സഹോ​ദരി പറയുന്നു: “സത്യം പഠിച്ച​തോ​ടെ ക്രിസ്‌തീ​യസഭ എന്റെ കുടും​ബ​മാ​യി. ആ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ സഹായ​മി​ല്ലാ​തെ എനിക്ക്‌ ഒരിക്ക​ലും ഒരു സാക്ഷി​യാ​കാൻ കഴിയു​മാ​യി​രു​ന്നില്ല.” ഒറ്റയ്‌ക്കു സത്യം പഠിച്ചു​വ​രു​ന്ന​വർക്ക്‌, സഹോ​ദ​രങ്ങൾ അവരെ ശരിക്കും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു തോന്നണം. അതിനു നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

14. പുതി​യ​വരെ കൂട്ടു​കാ​രാ​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

14 പുതി​യ​വരെ സുഹൃ​ത്തു​ക്ക​ളാ​ക്കാൻ മുൻ​കൈ​യെ​ടു​ക്കുക. പുതി​യവർ മീറ്റി​ങ്ങി​നു വരു​മ്പോൾ നമുക്ക്‌ അവരെ സ്‌നേ​ഹ​ത്തോ​ടെ സ്വാഗതം ചെയ്യാം. (റോമ. 15:7) എന്നാൽ അതു മാത്രം പോരാ. പതി​യെ​പ്പ​തി​യെ അവരുടെ കൂട്ടു​കാ​രാ​കാൻ ശ്രമി​ക്കണം. അതിനു നമ്മൾ സ്‌നേ​ഹ​ത്തോ​ടെ അവരുടെ കാര്യ​ത്തിൽ ആത്മാർഥ​മായ താത്‌പ​ര്യ​മെ​ടു​ക്കണം. വിഷമി​പ്പി​ക്കുന്ന ചോദ്യ​ങ്ങ​ളൊ​ന്നും ചോദി​ക്കാ​തെ​തന്നെ അവർ നേരി​ടുന്ന പ്രശ്‌നങ്ങൾ എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. പലരും അത്ര പെട്ടെ​ന്നൊ​ന്നും കാര്യങ്ങൾ തുറന്നു​പ​റ​യുന്ന പ്രകൃ​ത​ക്കാ​രാ​യി​രി​ക്കില്ല. അതു​കൊണ്ട്‌ നമ്മൾ അതിന്‌ അവരെ നിർബ​ന്ധി​ക്ക​രുത്‌. പകരം നയപൂർവം അവരെ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. അവർക്കു പറയാ​നു​ള്ള​തെ​ല്ലാം ശ്രദ്ധി​ച്ചു​കേൾക്കുക. അതിനു​വേണ്ടി, അവരോട്‌, ‘എങ്ങനെ​യാ​ണു സത്യം അറിയാൻ ഇടയാ​യത്‌’ എന്നതു​പോ​ലുള്ള ചോദ്യ​ങ്ങൾ ചോദി​ക്കാം.

15. പക്വത​യുള്ള ക്രിസ്‌ത്യാ​നി​കൾക്കു സഭയിലെ മറ്റുള്ള​വരെ എങ്ങനെ സഹായി​ക്കാം?

15 നമ്മൾ ഓരോ​രു​ത്ത​രും മറ്റുള്ള​വ​രോ​ടു സ്‌നേ​ഹ​വും പരിഗ​ണ​ന​യും കാണി​ക്കു​മ്പോൾ സഭയിലെ എല്ലാവ​രു​ടെ​യും വിശ്വാ​സം ശക്തമാ​കും. പക്വത​യുള്ള ക്രിസ്‌ത്യാ​നി​കൾക്ക്‌, പ്രത്യേ​കിച്ച്‌ മൂപ്പന്മാർക്ക്‌, ഇക്കാര്യ​ത്തിൽ മുൻ​കൈ​യെ​ടു​ക്കാം. മെലി​സ്സ​യു​ടെ കാര്യം നോക്കുക. ഒരു സാക്ഷി​യാ​കാൻ സഹോ​ദ​രി​യെ സഹായി​ച്ചത്‌ അമ്മയാണ്‌. സഹോ​ദരി പറയുന്നു: “സഭയിലെ പല സഹോ​ദ​ര​ന്മാ​രും എനിക്കു സ്വന്തം അപ്പനെ​പ്പോ​ലെ​യാ​യി​രു​ന്നു. അവർ എന്റെ കൂടെ സമയം ചെലവ​ഴി​ച്ചു, എന്റെ കാര്യ​ത്തിൽ താത്‌പ​ര്യ​മെ​ടു​ത്തു. അവരോട്‌ എനിക്ക്‌ ഒരുപാ​ടു നന്ദിയുണ്ട്‌. എനിക്ക്‌ എപ്പോൾ സംസാ​രി​ക്ക​ണ​മെന്നു തോന്നി​യാ​ലും കേൾക്കാൻ അവർ തയ്യാറാ​യി​രു​ന്നു.” ഇനി, മുറീ​ഷ്യോ എന്ന യുവസ​ഹോ​ദ​രന്റെ അനുഭവം നോക്കാം. അദ്ദേഹത്തെ സത്യം പഠിപ്പിച്ച വ്യക്തി നിഷ്‌ക്രി​യ​നാ​യ​പ്പോൾ തനിക്ക്‌ ആരുമി​ല്ലാ​ത്ത​തു​പോ​ലെ അദ്ദേഹ​ത്തി​നു തോന്നി. അദ്ദേഹം പറയുന്നു: “ആ സമയത്ത്‌ മൂപ്പന്മാർ എന്റെ കാര്യ​ത്തിൽ പ്രത്യേ​കം താത്‌പ​ര്യ​മെ​ടു​ത്തു. അത്‌ എനിക്കു വലിയ ആശ്വാ​സ​മാ​യി​രു​ന്നു. അവർ പതിവാ​യി എന്നോടു സംസാ​രി​ച്ചു, പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പോകു​മ്പോൾ എന്നെ കൂട്ടി​ക്കൊ​ണ്ടു​പോ​യി, അവർ ബൈബിൾ പഠിച്ച​പ്പോൾ കണ്ടെത്തിയ നല്ലനല്ല ആശയങ്ങൾ എന്നോടു പറഞ്ഞു. ഞങ്ങൾ ഒരുമിച്ച്‌ ചില കളിക​ളിൽ ഏർപ്പെ​ടു​ക​പോ​ലും ചെയ്‌തു.” മെലി​സ്സ​യും മുറീ​ഷ്യോ​യും ഇപ്പോൾ മുഴു​സ​മ​യ​സേ​വ​ക​രാണ്‌.

കുറച്ച്‌ സമയം നിങ്ങൾ കൂടെ​യു​ണ്ടാ​യി​രി​ക്കു​ന്നതു പ്രയോ​ജനം ചെയ്യുന്ന ആരെങ്കി​ലും നിങ്ങളു​ടെ സഭയി​ലു​ണ്ടോ? (16-19 ഖണ്ഡികകൾ കാണുക) *

16-17. മറ്റുള്ള​വരെ നിങ്ങൾക്ക്‌ ഏതൊക്കെ വിധങ്ങ​ളിൽ സഹായി​ക്കാ​നാ​കും?

16 വേണ്ട സഹായം ചെയ്‌തു​കൊ​ടു​ക്കുക. (ഗലാ. 6:10) സ്വന്തം വീട്ടു​കാ​രിൽനി​ന്നെ​ല്ലാം ദൂരെ​യുള്ള ഒരു ദേശത്ത്‌ മിഷനറി സേവനം ചെയ്യുന്ന ലിയോ സഹോ​ദരൻ പറയുന്നു: “സ്‌നേ​ഹ​ത്തോ​ടെ ആരെങ്കി​ലും ചെയ്‌തു​ത​രുന്ന ചെറി​യൊ​രു സഹായ​മാ​യി​രി​ക്കും മിക്ക​പ്പോ​ഴും നമുക്ക്‌ ആകെക്കൂ​ടി വേണ്ടത്‌. എനിക്ക്‌ അങ്ങനെ​യൊ​രു അനുഭ​വ​മു​ണ്ടാ​യി. ഒരു ദിവസം എന്റെ കാർ അപകട​ത്തിൽപ്പെട്ടു. എല്ലാം കഴിഞ്ഞ്‌ വീട്ടിൽ എത്തിയ​പ്പോ​ഴേ​ക്കും ഞാൻ ആകെ അവശനാ​യി​രു​ന്നു. അപ്പോ​ഴാണ്‌ ഒരു സഹോ​ദ​ര​നും സഹോ​ദ​രി​യും എന്നെ ഭക്ഷണത്തി​നു വിളി​ച്ചത്‌. അന്നു കഴിച്ചത്‌ എന്താ​ണെ​ന്നൊ​ന്നും എനിക്ക്‌ ഓർമ​യില്ല. പക്ഷേ ഒരു കാര്യം ഞാൻ ഓർക്കു​ന്നുണ്ട്‌, ഞാൻ പറഞ്ഞ​തെ​ല്ലാം അവർ ശ്രദ്ധ​യോ​ടെ കേട്ടി​രു​ന്നു. അവി​ടെ​നിന്ന്‌ പോരു​മ്പോ​ഴേ​ക്കും എന്റെ മനസ്സു വളരെ ശാന്തമാ​യി​രു​ന്നു.”

17 സമ്മേള​ന​ങ്ങ​ളും കൺ​വെൻ​ഷ​നു​ക​ളും പോലുള്ള കൂടി​വ​ര​വു​കൾ നമു​ക്കെ​ല്ലാം വലിയ സന്തോ​ഷ​മുള്ള കാര്യ​മാണ്‌. കാരണം, സഹോ​ദ​ര​ങ്ങളെ കാണാം, കേട്ട പ്രസം​ഗ​ങ്ങ​ളെ​ക്കു​റിച്ച്‌ അവരു​മാ​യിട്ട്‌ സംസാ​രി​ക്കാം. എങ്കിലും നേരത്തേ കണ്ട കാരളി​നു പറയാ​നു​ള്ളത്‌ ഇതാണ്‌: “സമ്മേള​ന​ങ്ങൾക്കും കൺ​വെൻ​ഷ​നു​കൾക്കും ഒക്കെ പോകു​മ്പോ​ഴാ​ണു ശരിക്കും ഒറ്റപ്പെ​ട്ട​തു​പോ​ലെ എനിക്കു തോന്നി​യി​രു​ന്നത്‌. കാരണം, നൂറു​ക​ണ​ക്കി​നോ ചില​പ്പോൾ ആയിര​ക്ക​ണ​ക്കി​നോ സഹോ​ദ​രങ്ങൾ ചുറ്റു​മു​ണ്ടെ​ങ്കി​ലും അവരെ​ല്ലാം അവരുടെ കുടും​ബാം​ഗ​ങ്ങ​ളു​ടെ കൂടെ​യാ​യി​രി​ക്കും ഇരിക്കു​ന്നത്‌. അതു കാണു​മ്പോൾ ഞാൻ മാത്രം ഒറ്റയ്‌ക്കാ​ണ​ല്ലോ എന്ന്‌ എനിക്കു തോന്നും.” ഇനി, ഇണയെ നഷ്ടപ്പെ​ട്ട​ശേഷം ആദ്യമാ​യി ഒരു കൺ​വെൻ​ഷ​നോ സമ്മേള​ന​ത്തി​നോ പോകു​മ്പോൾ ചിലർക്കു വലിയ സങ്കടം തോന്നാ​റുണ്ട്‌. ഇത്തരം സാഹച​ര്യ​ങ്ങ​ളി​ലുള്ള ആരെ​യെ​ങ്കി​ലും നിങ്ങൾക്ക്‌ അറിയാ​മോ? അടുത്ത തവണ സമ്മേള​ന​ത്തി​നു പോകു​മ്പോൾ അവരെ​യും​കൂ​ടെ നിങ്ങളു​ടെ കുടും​ബ​ത്തോ​ടൊ​പ്പം കൊണ്ടു​പോ​കാ​നാ​കു​മോ?

18. ആതിഥ്യം കാണി​ക്കു​മ്പോൾ 2 കൊരി​ന്ത്യർ 6:11-13-ലെ ഉപദേശം നമുക്ക്‌ എങ്ങനെ അനുസ​രി​ക്കാം?

18 മറ്റുള്ള​വ​രു​ടെ​കൂ​ടെ​യാ​യി​രി​ക്കാൻ സമയം കണ്ടെത്തുക. നിങ്ങൾ രസകര​മായ എന്തെങ്കി​ലും പരിപാ​ടി പ്ലാൻ ചെയ്യു​മ്പോൾ പലരെ മാറി​മാ​റി കൂടെ​ക്കൂ​ട്ടാൻ ശ്രമി​ക്കുക, പ്രത്യേ​കിച്ച്‌ തങ്ങൾ ഒറ്റയ്‌ക്കാണ്‌ എന്നു ചിന്തി​ക്കു​ന്ന​വരെ. അങ്ങനെ​യു​ള്ള​വർക്കു​വേണ്ടി നമ്മൾ “ഹൃദയം വിശാ​ല​മാ​യി” തുറക്കണം. (2 കൊരി​ന്ത്യർ 6:11-13 വായി​ക്കുക.) “സഹോ​ദ​രങ്ങൾ അവരുടെ വീടു​ക​ളി​ലേക്കു ഞങ്ങളെ ക്ഷണിക്കു​ക​യും ടൂർ പോകു​മ്പോൾ ഞങ്ങളെ കൂടെ​ക്കൂ​ട്ടു​ക​യും ചെയ്‌തി​രു​ന്ന​തൊ​ക്കെ എത്ര സന്തോ​ഷ​മാ​യി​രു​ന്നെ​ന്നോ” എന്നു നേരത്തേ പറഞ്ഞ മെലിസ്സ പറയുന്നു. ഇത്തരത്തിൽ ആതിഥ്യം കാണി​ക്കേ​ണ്ട​താ​യുള്ള ആരെങ്കി​ലും നിങ്ങളു​ടെ സഭയി​ലു​ണ്ടോ?

19. ഏതെല്ലാം സാഹച​ര്യ​ങ്ങ​ളിൽ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ന്നത്‌ അവർക്കു പ്രയോ​ജനം ചെയ്‌തേ​ക്കാം?

19 ചില പ്രത്യേ​ക​സ​മ​യ​ങ്ങ​ളിൽ നമ്മൾ കൂടെ​യു​ണ്ടാ​യി​രി​ക്കു​ന്നതു പല സഹോ​ദ​ര​ങ്ങ​ളും ഒരുപാ​ടു വിലമ​തി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, വിശേ​ഷ​ദി​വ​സ​ങ്ങ​ളൊ​ക്കെ വരു​മ്പോൾ അവിശ്വാ​സി​ക​ളായ ബന്ധുക്ക​ളു​ടെ​കൂ​ടെ താമസി​ക്കു​ന്ന​വർക്ക്‌ അല്‌പം ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. ഇനി, മറ്റു ചിലർക്ക്‌ ഓരോ വർഷവും തങ്ങളുടെ പ്രിയ​പ്പെ​ട്ട​വരെ നഷ്ടപ്പെട്ട ആ ദിവസം വരു​മ്പോൾ വലിയ വിഷമ​മാ​യി​രി​ക്കാം. ഇത്തരത്തി​ലുള്ള ബുദ്ധി​മു​ട്ടു​കൾ അനുഭ​വി​ക്കുന്ന സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ന്നെ​ങ്കിൽ അവരുടെ കാര്യ​ത്തിൽ ‘ആത്മാർഥ​മായ താത്‌പ​ര്യ​മു​ണ്ടെന്നു’ കാണി​ക്കു​ക​യാ​യി​രി​ക്കും നമ്മൾ.—ഫിലി. 2:20.

20. നമ്മൾ ഒറ്റയ്‌ക്കാ​ണെന്നു തോന്നു​മ്പോൾ മത്തായി 12:48-50-ലെ യേശു​വി​ന്റെ വാക്കുകൾ നമ്മളെ എങ്ങനെ സഹായി​ക്കും?

20 പലപല കാരണ​ങ്ങ​ളാൽ തങ്ങൾ ഒറ്റയ്‌ക്കാ​ണെന്ന്‌ ഇടയ്‌ക്കൊ​ക്കെ സഹോ​ദ​ര​ങ്ങൾക്കു തോന്നി​യേ​ക്കാം. എന്നാൽ ഒരു കാര്യം ഉറപ്പാണ്‌. നമ്മുടെ ആ വിഷമം യഹോവ ശരിക്കും മനസ്സി​ലാ​ക്കു​ന്നുണ്ട്‌. യഹോവ നമ്മളെ സഹായി​ക്കു​ക​യും ചെയ്യും. മിക്ക​പ്പോ​ഴും അതു നമ്മുടെ പ്രിയ സഹോ​ദ​ര​ങ്ങ​ളി​ലൂ​ടെ​യാ​യി​രി​ക്കും. (മത്തായി 12:48-50 വായി​ക്കുക.) യഹോവ സ്‌നേ​ഹ​പൂർവം ചെയ്‌തി​രി​ക്കുന്ന ഈ കരുത​ലി​നോ​ടു നമ്മൾ നന്ദിയു​ള്ള​വ​രാണ്‌. സഹോ​ദ​ര​ങ്ങളെ സഹായി​ക്കാൻ നമ്മളെ​ക്കൊ​ണ്ടാ​കു​ന്ന​തെ​ല്ലാം ചെയ്‌തു​കൊണ്ട്‌ നമുക്ക്‌ ആ നന്ദി കാണി​ക്കാം. ചില​പ്പോൾ നമ്മൾ ഒറ്റയ്‌ക്കാ​ണെന്നു നമുക്കു തോന്നി​യേ​ക്കാം. പക്ഷേ നമ്മൾ ഒരിക്ക​ലും ഒറ്റയ്‌ക്കല്ല. കാരണം, യഹോവ എപ്പോ​ഴും നമ്മുടെ കൂടെ​യുണ്ട്‌.

ഗീതം 46 യഹോവേ, ഞങ്ങൾ നന്ദിയേകുന്നു

^ ഖ. 5 നിങ്ങൾക്ക്‌ ഇടയ്‌ക്കൊ​ക്കെ ഏകാന്തത അനുഭ​വ​പ്പെ​ടാ​റു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ ഇത്‌ ഓർക്കുക: നിങ്ങളു​ടെ ആ വിഷമം യഹോവ ശരിക്കും മനസ്സി​ലാ​ക്കു​ന്നുണ്ട്‌. യഹോവ നിങ്ങളെ സഹായി​ക്കാൻ തയ്യാറു​മാണ്‌. ഏകാന്ത​തയെ മറിക​ട​ക്കാൻ നമുക്ക്‌ എന്തു ചെയ്യാ​മെന്നു നമ്മൾ ഈ ലേഖന​ത്തി​ലൂ​ടെ പഠിക്കും. അതു​പോ​ലെ, ആ വിഷമം അനുഭ​വി​ക്കുന്ന സഹാരാ​ധ​കരെ നമുക്ക്‌ എങ്ങനെ സഹായി​ക്കാ​മെ​ന്നും നമ്മൾ കാണും.

^ ഖ. 5 ഈ ലേഖന​ത്തി​ലെ ചില പേരുകൾ യഥാർഥമല്ല.

^ ഖ. 60 ചിത്രക്കുറിപ്പ്‌: ഭാര്യ മരിച്ചു​പോയ ഒരു സഹോ​ദരൻ ഏകാന്ത​തയെ മറിക​ട​ക്കാൻ ബൈബി​ളി​ന്റെ​യോ ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യോ ഓഡി​യോ കേൾക്കു​ന്നു.

^ ഖ. 62 ചിത്രക്കുറിപ്പ്‌: ഒരു സഹോ​ദ​ര​നും മോളും കൂടി ആഹാര​വു​മാ​യി സഭയിലെ പ്രായ​മുള്ള ഒരു സഹോ​ദ​രനെ കാണാൻ ചെല്ലുന്നു.