വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 26

ആളുകളെ പഠിപ്പിച്ച്‌ ശിഷ്യരാക്കാൻ നിങ്ങൾക്കു കഴിയുമോ?

ആളുകളെ പഠിപ്പിച്ച്‌ ശിഷ്യരാക്കാൻ നിങ്ങൾക്കു കഴിയുമോ?

“നിങ്ങൾക്ക്‌ ആഗ്രഹവും പ്രവർത്തിക്കാനുള്ള ശക്തിയും തന്നുകൊണ്ട്‌ . . . ഊർജം പകരുന്നതു ദൈവമാണ്‌.”—ഫിലി. 2:13.

ഗീതം 64 സന്തോഷത്തോടെ കൊയ്‌ത്തിൽ പങ്കുചേരാം

പൂർവാവലോകനം *

1. യഹോവ നിങ്ങൾക്കുവേണ്ടി എന്തു ചെയ്‌തിരിക്കുന്നു?

നിങ്ങൾ എങ്ങനെയാണ്‌ യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയിത്തീർന്നത്‌? ആദ്യം നിങ്ങൾ “സന്തോഷവാർത്ത” കേട്ടു. അത്‌ ഒരുപക്ഷേ നിങ്ങളുടെ മാതാപിതാക്കളിൽനിന്നോ കൂടെ ജോലി ചെയ്യുന്നവരിൽനിന്നോ കൂടെ പഠിക്കുന്നവരിൽനിന്നോ ആയിരിക്കാം; അതല്ലെങ്കിൽ ആരെങ്കിലും വീടുതോറും പ്രസംഗപ്രവർത്തനത്തിനു വന്നപ്പോൾ അവരിൽ നിന്നായിരിക്കാം. (മർക്കോ. 13:10) അതിനു ശേഷം ഒരാൾ നിങ്ങളെ ബൈബിൾ പഠിപ്പിച്ചു. അതിനുവേണ്ടി അവർ വളരെയധികം സമയവും ശ്രമവും ഒക്കെ ചെലവഴിച്ചിട്ടുണ്ട്‌. അങ്ങനെ ബൈബിൾ പഠിച്ചപ്പോൾ നിങ്ങൾ യഹോവയെ സ്‌നേഹിക്കാൻതുടങ്ങി. ദൈവം നിങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞു. യഹോവ നിങ്ങളെ സത്യത്തിലേക്ക്‌ ആകർഷിച്ചു. നിങ്ങൾ യേശുക്രിസ്‌തുവിന്റെ ഒരു ശിഷ്യനായിത്തീർന്നു. ഇപ്പോൾ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയും നിങ്ങൾക്കുണ്ട്‌. (യോഹ. 6:44) നിങ്ങളെ ബൈബിൾസത്യങ്ങൾ പഠിപ്പിക്കാൻ യഹോവ ആ വ്യക്തിയെ പ്രേരിപ്പിച്ചതിനും നിങ്ങളെ തന്റെ ഒരു ദാസനായി സ്വീകരിച്ചതിനും യഹോവയോടു നന്ദി തോന്നുന്നില്ലേ?

2. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

2 നമ്മൾ ഇപ്പോൾ ബൈബിൾസത്യം അറിഞ്ഞിരിക്കുന്ന സ്ഥിതിക്ക്‌ അതു മറ്റുള്ളവരോടു പറയാനും അങ്ങനെ നിത്യജീവനിലേക്കു നയിക്കുന്ന വഴിയിൽ നമ്മളോടൊപ്പം ചേരാൻ അവരെ സഹായിക്കാനും ഉള്ള വലിയ ഒരു ഉത്തരവാദിത്വം നമുക്കുണ്ട്‌. ആളുകളോടു സന്തോഷവാർത്ത അറിയിക്കാൻ നമുക്കൊക്കെ എളുപ്പമായിരിക്കാം. എന്നാൽ ഒരു ബൈബിൾപഠനത്തെക്കുറിച്ച്‌ അവരോടു പറയാനും അതു നടത്താനും പലർക്കും ബുദ്ധിമുട്ട്‌ തോന്നാറുണ്ട്‌. നിങ്ങൾ അത്തരത്തിലുള്ള ഒരാളാണോ? എങ്കിൽ ഈ ലേഖനത്തിലെ ചില നിർദേശങ്ങൾ നിങ്ങൾക്കു പ്രയോജനം ചെയ്‌തേക്കും. ആളുകളെ ശിഷ്യരാക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്‌ എന്താണെന്നു നമ്മൾ ചർച്ചചെയ്യും. കൂടാതെ, ഒരു ബൈബിൾപഠനം നടത്തുന്നതിൽനിന്ന്‌ നമ്മളെ പുറകോട്ടു വലിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണെന്നും നമുക്ക്‌ അതിനെ എങ്ങനെ തരണം ചെയ്യാമെന്നും നമ്മൾ കാണും. എന്നാൽ അതിനു മുമ്പ്‌ നമ്മൾ സന്തോഷവാർത്ത അറിയിച്ചാൽ മാത്രം പോരാ ആളുകളെ ബൈബിൾ പഠിപ്പിക്കുകയും ചെയ്യേണ്ടത്‌ എന്തുകൊണ്ടാണെന്നു നമുക്കു നോക്കാം.

പ്രസംഗിക്കാനും പഠിപ്പിക്കാനും യേശു നമ്മളോടു കല്‌പിച്ചു

3. നമ്മൾ എന്തുകൊണ്ടാണു ദൈവരാജ്യസന്ദേശം ആളുകളോടു പ്രസംഗിക്കുന്നത്‌?

3 യേശു ഭൂമിയിലായിരുന്നപ്പോൾ തന്റെ ശിഷ്യന്മാരോടു ചെയ്യാൻ ആവശ്യപ്പെട്ട ആ പ്രവർത്തനത്തിനു രണ്ടു വശങ്ങളുണ്ട്‌. ഒന്ന്‌, ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കുക. അത്‌ എങ്ങനെ ചെയ്യണമെന്നു യേശു അവർക്കു കാണിച്ചുകൊടുക്കുകയും ചെയ്‌തു. (മത്താ. 10:7; ലൂക്കോ. 8:1) ഉദാഹരണത്തിന്‌, ദൈവരാജ്യത്തിന്റെ സന്ദേശം ആളുകൾ സ്വീകരിച്ചാൽ എന്തു ചെയ്യണം, ഇനി അവർ അത്‌ കേട്ടില്ലെങ്കിൽ എന്തു ചെയ്യണം എന്നെല്ലാം യേശു അവർക്കു പറഞ്ഞുകൊടുത്തു. (ലൂക്കോ. 9:2-5) ഇനി, ഈ പ്രസംഗപ്രവർത്തനം എത്ര വ്യാപകമായിരിക്കുമെന്നും യേശു മുൻകൂട്ടിപ്പറഞ്ഞു. തന്റെ അനുഗാമികൾ ഈ സന്തോഷവാർത്ത “എല്ലാ ജനതകളും അറിയാനായി” പ്രസംഗിക്കുമെന്നു പറഞ്ഞപ്പോൾ അതാണ്‌ യേശു സൂചിപ്പിച്ചത്‌. (മത്താ. 24:14; പ്രവൃ. 1:8) അതുകൊണ്ട്‌ ആളുകൾ ഈ സന്ദേശം കേട്ടാലും ഇല്ലെങ്കിലും ദൈവരാജ്യത്തെക്കുറിച്ചും അതു ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും ശിഷ്യന്മാർ എല്ലാവരോടും പറയണമായിരുന്നു.

4. മത്തായി 28:18-20 പറയുന്നതനുസരിച്ച്‌ ദൈവരാജ്യത്തെക്കുറിച്ച്‌ പ്രസംഗിക്കുന്നതിനു പുറമേ മറ്റ്‌ എന്തുകൂടി നമ്മൾ ചെയ്യണം?

4 യേശു തന്റെ ശിഷ്യന്മാരോടു ചെയ്യാൻ പറഞ്ഞ പ്രവർത്തനത്തിന്റെ രണ്ടാമത്തെ വശം ഏതാണ്‌? ആളുകളെ പഠിപ്പിക്കുക. ഭാവിയിൽ ശിഷ്യന്മാരായിത്തീരാൻ സാധ്യതയുള്ള ആളുകളെ താൻ കല്‌പിച്ച എല്ലാ കാര്യങ്ങളും അനുസരിക്കാൻ പഠിപ്പിക്കണമെന്നു യേശു തന്റെ അനുഗാമികളോടു പറഞ്ഞു. എന്നാൽ പ്രസംഗിക്കാനും പഠിപ്പിക്കാനും ഉള്ള യേശുവിന്റെ ഈ കല്‌പന ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്കുവേണ്ടി മാത്രമുള്ളതാണെന്നു ചിലർ പറഞ്ഞേക്കാം. അതു ശരിയാണോ? അല്ല. കാരണം വളരെ പ്രധാനപ്പെട്ട ഈ പ്രവർത്തനം “വ്യവസ്ഥിതിയുടെ അവസാനകാലംവരെ” അതായത്‌, നമ്മുടെ കാലംവരെ തുടരുമെന്നു യേശു സൂചിപ്പിച്ചു. (മത്തായി 28:18-20 വായിക്കുക.) സാധ്യതയനുസരിച്ച്‌ യേശു ആ കല്‌പന നൽകിയത്‌ 500-ലധികം ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ട ഒരു സമയത്താണ്‌. (1 കൊരി. 15:6) ഇനി, യഹോവയെക്കുറിച്ച്‌ പഠിക്കാൻ മറ്റുള്ളവരെ സഹായിക്കാനുള്ള ഉത്തരവാദിത്വം തന്റെ എല്ലാ ശിഷ്യന്മാർക്കുമുണ്ടെന്ന്‌, യോഹന്നാനു നൽകിയ വെളിപാടിൽ യേശു വ്യക്തമായി സൂചിപ്പിക്കുകയും ചെയ്‌തു.—വെളി. 22:17.

5. ആളുകളോടു പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനെ 1 കൊരിന്ത്യർ 3:6-9-ൽ പൗലോസ്‌ എന്തിനോടാണു താരതമ്യപ്പെടുത്തിയത്‌?

5 ആളുകളെ ശിഷ്യരാക്കുന്ന പ്രവർത്തനത്തെ പൗലോസ്‌ അപ്പോസ്‌തലൻ ഒരു ചെടി നട്ട്‌ വളർത്തുന്നതിനോടാണു താരതമ്യം ചെയ്‌തത്‌. അതിന്റെ അർഥം, നമ്മൾ വിത്തു പാകിയാൽ മാത്രം പോരാ എന്നാണ്‌. പൗലോസ്‌ കൊരിന്തിലുള്ള ക്രിസ്‌ത്യാനികളോടു പറഞ്ഞു: ‘ഞാൻ നട്ടു, അപ്പൊല്ലോസ്‌ നനച്ചു. നിങ്ങൾ ദൈവം കൃഷി ചെയ്യുന്ന വയലും’ ആണ്‌. (1 കൊരിന്ത്യർ 3:6-9 വായിക്കുക.) ‘ദൈവത്തിന്റെ വയലിലെ’ പണിക്കാരാണു നമ്മൾ. ആളുകളോടു സന്തോഷവാർത്ത പ്രസംഗിച്ചുകൊണ്ട്‌ നമ്മൾ വിത്തു പാകുകയും അവരെ പഠിപ്പിച്ചുകൊണ്ട്‌ അതു നനയ്‌ക്കുകയും ചെയ്യുന്നു. (യോഹ. 4:35) എന്നാൽ ആളുകളെ തന്നിലേക്ക്‌ ആകർഷിച്ചുകൊണ്ട്‌ വിത്തു വളരാൻ ഇടയാക്കുന്നതു ദൈവമാണെന്ന്‌ നമുക്ക്‌ അറിയാം.

6. ആളുകളെ ബൈബിൾ പഠിപ്പിക്കുമ്പോൾ ഏതെല്ലാം കാര്യങ്ങളിൽ നമ്മൾ അവരെ സഹായിക്കണം?

6 ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ള’ ആളുകളെ കണ്ടെത്താനാണു നമ്മൾ ശ്രമിക്കുന്നത്‌. (പ്രവൃ. 13:48) എന്നാൽ അവർ ക്രിസ്‌തുശിഷ്യരായിത്തീരണമെങ്കിൽ ബൈബിളിൽനിന്ന്‌ പഠിക്കുന്ന കാര്യങ്ങൾ (1) മനസ്സിലാക്കാനും (2) വിശ്വസിക്കാനും (3) പ്രാവർത്തികമാക്കാനും നമ്മൾ അവരെ സഹായിക്കണം. (യോഹ. 17:3; കൊലോ. 2:6, 7; 1 തെസ്സ. 2:13) ഇനി, സഭയിലുള്ള എല്ലാവർക്കും തങ്ങളുടെ മാതൃകയിലൂടെയും ഈ ബൈബിൾവിദ്യാർഥികളെ സഹായിക്കാം. അവരോടു സ്‌നേഹം കാണിച്ചുകൊണ്ടും അവർ മീറ്റിങ്ങിന്‌ വരുമ്പോൾ അവരെ സ്വാഗതം ചെയ്‌തുകൊണ്ടും എല്ലാവർക്കും ഇതു ചെയ്യാവുന്നതാണ്‌. (യോഹ. 13:35) ‘വലിയ കോട്ടകൾ പോലുള്ള’ വിശ്വാസങ്ങളും ശീലങ്ങളും ഉപേക്ഷിക്കുന്നതിന്‌ ഒരു വിദ്യാർഥിയെ സഹായിക്കാൻ ബൈബിൾ പഠിപ്പിക്കുന്ന വ്യക്തിയും കുറെ സമയവും ശ്രമവും ചെലവഴിക്കേണ്ടതായി വരും. (2 കൊരി. 10:4, 5) ഒരാൾ ജീവിതത്തിൽ ഇത്തരം മാറ്റങ്ങളൊക്കെ വരുത്തി ഒടുവിൽ സ്‌നാനപ്പെടുന്നതിനുള്ള യോഗ്യതയിൽ എത്താൻ ചിലപ്പോൾ മാസങ്ങൾതന്നെ എടുത്തേക്കാം. എന്നാൽ അതിനുവേണ്ടി നമ്മൾ ചെയ്യുന്ന ശ്രമങ്ങളൊന്നും ഒരിക്കലും ഒരു നഷ്ടമല്ല.

സ്‌നേഹം നമ്മളെ പ്രേരിപ്പിക്കുന്നു

7. ആളുകളോടു സന്തോഷവാർത്ത അറിയിക്കാനും അവരെ പഠിപ്പിക്കാനും നമ്മളെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌?

7 നമ്മൾ ആളുകളോടു സന്തോഷവാർത്ത അറിയിക്കുകയും ക്രിസ്‌തുശിഷ്യരായിത്തീരാൻ അവരെ പഠിപ്പിക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? ഒന്നാമതായി, യഹോവയോടു നമുക്കു സ്‌നേഹം ഉള്ളതുകൊണ്ട്‌. പ്രസംഗിക്കാനും ആളുകളെ ശിഷ്യരാക്കാനും ഉള്ള കല്‌പന അനുസരിക്കാൻ നിങ്ങൾ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുമ്പോൾ ദൈവത്തോടു സ്‌നേഹമുണ്ടെന്നു തെളിയിക്കുകയാണ്‌. (1 യോഹ. 5:3) ഇതെക്കുറിച്ച്‌ ഒന്ന്‌ ഓർത്തുനോക്കിക്കേ, യഹോവയോടു സ്‌നേഹമുള്ളതുകൊണ്ട്‌ നിങ്ങൾ ഇപ്പോൾത്തന്നെ വീടുതോറും പോയി പ്രസംഗിക്കുന്നുണ്ട്‌, ശരിയല്ലേ? എന്നാൽ അത്‌ അനുസരിക്കുന്നത്‌ അത്ര എളുപ്പമായിരുന്നോ? സാധ്യതയനുസരിച്ച്‌ അല്ലായിരുന്നു. ആദ്യമായി പ്രസംഗപ്രവർത്തനത്തിനു പോയതിനെക്കുറിച്ച്‌ ഒന്ന്‌ ഓർത്തുനോക്കിക്കേ. ആദ്യത്തെ വീട്ടുവാതിൽക്കൽ മുട്ടുമ്പോൾ നിങ്ങൾക്കു ശരിക്കും പേടി തോന്നി, അല്ലേ? എന്നാൽ യേശു നിങ്ങളോട്‌ ആവശ്യപ്പെട്ടിരിക്കുന്ന ഒരു പ്രവർത്തനമാണ്‌ ഇതെന്നു നിങ്ങൾക്ക്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ നിങ്ങൾ അത്‌ അനുസരിച്ചു. കുറച്ച്‌ കാലം പ്രസംഗപ്രവർത്തനം ചെയ്‌തപ്പോൾ നിങ്ങൾക്ക്‌ അത്‌ എളുപ്പമായിത്തീർന്നു. എന്നാൽ, ഒരു ബൈബിൾപഠനം നടത്തുന്നതിനെക്കുറിച്ച്‌ ഓർക്കുമ്പോൾത്തന്നെ നിങ്ങൾക്ക്‌ പേടി തോന്നുന്നുണ്ടോ? ഉണ്ടായിരിക്കാം. എന്നാൽ ‘പേടിയൊക്കെ മറികടന്ന്‌ ബൈബിൾപഠനം നടത്താനുള്ള ധൈര്യം നൽകണേ’ എന്ന്‌ അപേക്ഷിക്കുമ്പോൾ യഹോവ നിങ്ങളെ സഹായിക്കും, ഉറപ്പ്‌.

8. മർക്കോസ്‌ 6:34 അനുസരിച്ച്‌ ആളുകളെ ബൈബിൾ പഠിപ്പിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന രണ്ടാമത്തെ കാര്യം എന്താണ്‌?

8 രണ്ടാമതായി, ആളുകളോടുള്ള സ്‌നേഹമാണ്‌ അവരെ ബൈബിൾസത്യങ്ങൾ പഠിപ്പിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്‌. യേശുവിന്റെ ജീവിതത്തിൽനിന്ന്‌ നമുക്ക്‌ അതു കാണാം. ഒരിക്കൽ യേശുവും ശിഷ്യന്മാരും പ്രസംഗപ്രവർത്തനം ഒക്കെ കഴിഞ്ഞ്‌ ആകെ ക്ഷീണിച്ചിരിക്കുകയായിരുന്നു. എവിടെയെങ്കിലും അൽപ്പം വിശ്രമിക്കാൻ അവർ ആഗ്രഹിച്ചു. അതിനുള്ള ഇടം തേടി പോകുമ്പോൾ ഒരു വലിയ ജനക്കൂട്ടം അവരെ കണ്ട്‌ അവിടെയെത്തി.അവരെ കണ്ടപ്പോൾ അലിവ്‌ തോന്നിയിട്ട്‌ യേശു അവരെ “പലതും” പഠിപ്പിച്ചു. (മർക്കോസ്‌ 6:34 വായിക്കുക.) നല്ല ക്ഷീണം ഉണ്ടായിരുന്നെങ്കിലും യേശു അതിനു തയ്യാറായി. കാരണം, യേശു അവരുടെ സാഹചര്യം ശരിക്കും മനസ്സിലാക്കി. അവർ എത്ര ദയനീയാവസ്ഥയിലാണെന്നും അവർക്കു പ്രത്യാശ എത്രമാത്രം ആവശ്യമാണെന്നും യേശു തിരിച്ചറിഞ്ഞു. അതുകൊണ്ട്‌ അവരെ സഹായിക്കാൻ യേശു ആഗ്രഹിച്ചു. ഇന്നും ആളുകളുടെ അവസ്ഥ അതുതന്നെയാണ്‌. പുറമേ വളരെ സന്തോഷമുള്ളവരായി കണ്ടേക്കാമെങ്കിലും അവരും പലപല പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നു. സഹായിക്കാൻ ആരുമില്ലാതെ വഴിതെറ്റി അലയുന്ന ആടുകളെപ്പോലെയാണ്‌ അവർ. അങ്ങനെയുള്ളവരെക്കുറിച്ച്‌ പൗലോസ്‌ അപ്പോസ്‌തലൻ പറഞ്ഞത്‌ അവർ ദൈവമില്ലാത്തവരും പ്രത്യാശയില്ലാത്തവരും ആണെന്നാണ്‌. (എഫെ. 2:12) ‘നാശത്തിലേക്കുള്ള വഴിയിലൂടെയാണ്‌’ അവർ പൊയ്‌ക്കൊണ്ടിരിക്കുന്നത്‌. (മത്താ. 7:13) നമ്മുടെ പ്രദേശത്തുള്ള ആളുകൾ സത്യദൈവത്തെ അറിയേണ്ടത്‌ എത്ര ആവശ്യമാണെന്ന്‌ ഒന്നു ചിന്തിച്ചുനോക്കിക്കേ. അവരെ സഹായിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്‌ അവരെ ബൈബിൾ പഠിപ്പിക്കുന്നത്‌. അവരോടുള്ള സ്‌നേഹവും അനുകമ്പയും ആണ്‌ അങ്ങനെ ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കുന്നത്‌.

9. ഫിലിപ്പിയർ 2:13 അനുസരിച്ച്‌ യഹോവ നമ്മളെ എങ്ങനെ സഹായിക്കും?

9 ബൈബിൾപഠനത്തിനു തയ്യാറാകാനും അതു നടത്താനും ഒരുപാടു സമയം വേണമല്ലോ എന്ന്‌ ഓർത്തിട്ടായിരിക്കാം നിങ്ങൾ ഒരുപക്ഷേ മടിച്ചുനിൽക്കുന്നത്‌. നിങ്ങൾക്ക്‌ അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അക്കാര്യം യഹോവയോടു പറയുക. ഒരു ബൈബിൾപഠനം കണ്ടെത്താനും അതു നടത്താനും ഉള്ള ആഗ്രഹം വളർത്താൻ സഹായിക്കണേ എന്ന്‌ യഹോവയോട്‌ അപേക്ഷിക്കുക. (ഫിലിപ്പിയർ 2:13 വായിക്കുക.) ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ എന്ത്‌ അപേക്ഷിച്ചാലും ദൈവം ആ പ്രാർഥനയ്‌ക്ക്‌ ഉത്തരം തരുമെന്നു യോഹന്നാൻ അപ്പോസ്‌തലൻ ഉറപ്പു തന്നിട്ടുണ്ട്‌. (1 യോഹ. 5:14, 15) അതുകൊണ്ട്‌ ആളുകളെ ബൈബിൾ പഠിപ്പിക്കാനുള്ള ആഗ്രഹം നിങ്ങളിൽ വളർത്താൻ യഹോവ സഹായിക്കുമെന്നുള്ളത്‌ ഉറപ്പാണ്‌.

മറ്റു ചില പ്രശ്‌നങ്ങൾ

10-11. ബൈബിൾപഠനം നടത്തുന്നതിന്‌ ഏതു കാര്യം പലർക്കും ഒരു തടസ്സമായേക്കാം?

10 ആളുകളെ ബൈബിൾ പഠിപ്പിക്കുന്നത്‌ എത്ര പ്രധാനമാണെന്നു നമുക്കറിയാം. എന്നാൽ പലപ്പോഴും ആഗ്രഹിക്കുന്ന അളവിൽ ഈ പ്രവർത്തനം ചെയ്യാൻ നമുക്കു കഴിയുന്നില്ലായിരിക്കാം. അതിനു തടസ്സമായി നിൽക്കുന്ന ചില പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്നും അതിനെ എങ്ങനെ മറികടക്കാമെന്നും നമുക്ക്‌ ഇപ്പോൾ നോക്കാം.

11 ആഗ്രഹിക്കുന്നത്രയും ചെയ്യാനുള്ള സാഹചര്യം നമുക്കില്ലായിരിക്കാം. ഉദാഹരണത്തിന്‌, ചില പ്രചാരകർക്ക്‌ നല്ല പ്രായമായി അല്ലെങ്കിൽ ആരോഗ്യം മോശമാണ്‌. അതാണോ നിങ്ങളുടെ അവസ്ഥ? ആണെങ്കിൽ കോവിഡ്‌-19 മഹാമാരി കാരണം നമ്മൾ പഠിച്ച ഒരു പാഠം ഓർക്കുക. ഫോണോ മറ്റ്‌ ഇലക്ട്രോണിക്‌ ഉപകരണങ്ങളോ ഉപയോഗിച്ച്‌ ബൈബിൾപഠനങ്ങൾ നടത്താൻ നമ്മൾ പഠിച്ചു. അതുകൊണ്ട്‌ വീട്ടിലിരുന്നുകൊണ്ടുതന്നെ ഒരു ബൈബിൾപഠനം തുടങ്ങാനും അതു നടത്താനും ഒക്കെ നിങ്ങൾക്കു പറ്റും. അങ്ങനെ ചെയ്യുന്നതുകൊണ്ട്‌ മറ്റൊരു ഗുണവും ഉണ്ട്‌. ചിലർക്കു ബൈബിൾ പഠിക്കാനൊക്കെ ഇഷ്ടമായിരിക്കും. പക്ഷേ പകൽ സമയത്ത്‌ അവരെ കിട്ടില്ല. എന്നാൽ അതിരാവിലെയോ രാത്രി വളരെ വൈകിയോ പഠിക്കാൻ അവർക്കു സൗകര്യമായിരിക്കും. ആരെയെങ്കിലും ആ സമയത്ത്‌ ബൈബിൾ പഠിപ്പിക്കാൻ നിങ്ങൾക്കു കഴിയുമോ? യേശു നിക്കോദേമൊസിനെ പഠിപ്പിച്ചതു രാത്രിയിലാണ്‌. അപ്പോൾ പഠിക്കാനായിരുന്നു അദ്ദേഹത്തിന്‌ ഇഷ്ടം.—യോഹ. 3:1, 2.

12. നമ്മുടെ ആത്മവിശ്വാസം കൂട്ടാൻ സഹായിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്‌?

12 ബൈബിൾപഠനം നടത്താനുള്ള കഴിവൊന്നുമില്ലെന്നു നമുക്കു തോന്നിയേക്കാം. കുറെക്കൂടി അറിവും പ്രാപ്‌തിയും ഒക്കെ ഉണ്ടെങ്കിലേ ബൈബിൾപഠനം നടത്താൻ പറ്റുകയുള്ളൂ എന്നായിരിക്കാം നമ്മൾ ചിന്തിക്കുന്നത്‌. അങ്ങനെയാണു നിങ്ങൾക്കു തോന്നുന്നതെങ്കിൽ നിങ്ങളുടെ ആത്മവിശ്വാസം കൂട്ടാൻ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ നമുക്ക്‌ ഇപ്പോൾ നോക്കാം. ഒന്നാമതായി, മറ്റുള്ളവരെ പഠിപ്പിക്കാൻ കഴിവുള്ള ഒരാളായിട്ടാണ്‌ യഹോവ നിങ്ങളെ കാണുന്നത്‌. (2 കൊരി. 3:5) രണ്ടാമതായി, “സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരവും” ഉള്ള യേശുവാണ്‌ ആളുകളെ പഠിപ്പിക്കാൻ നിങ്ങളോടു കല്‌പിച്ചിരിക്കുന്നത്‌. (മത്താ. 28:18) മൂന്നാമതായി, നിങ്ങൾക്ക്‌ യഹോവയുടെയും മറ്റു സഹോദരങ്ങളുടെയും സഹായം സ്വീകരിക്കാം. പിതാവ്‌ പഠിപ്പിച്ച കാര്യങ്ങളാണു യേശു പറയുകയും പഠിപ്പിക്കുകയും ചെയ്‌തത്‌. യഹോവ നിങ്ങളെയും സഹായിക്കും. (യോഹ. 8:28; 12:49) കൂടാതെ ഒരു ബൈബിൾപഠനം തുടങ്ങാനും അതു നടത്താനും സഹായിക്കാമോ എന്നു നിങ്ങളുടെ വയൽസേവന ഗ്രൂപ്പ്‌ മേൽവിചാരകനോടോ ഒരു മുൻനിരസേവകനോടോ അനുഭവപരിചയമുള്ള ഒരു പ്രചാരകനോടോ ചോദിക്കാം. ഇവരിൽ ആരെങ്കിലും ബൈബിൾപഠനം നടത്തുമ്പോൾ കൂടെ ഇരിക്കുന്നതു നമ്മുടെ കഴിവ്‌ മെച്ചപ്പെടുത്താനുള്ള ഒരു വഴിയാണ്‌.

13. ബൈബിൾപഠനം നടത്തുന്നതിനുള്ള ഏതു പുതിയ രീതിയുമായിട്ടാണു നമ്മൾ പൊരുത്തപ്പെടേണ്ടത്‌?

13 പുതിയ രീതി ഒരു ബുദ്ധിമുട്ടായി നമുക്കു തോന്നിയേക്കാം. നമ്മൾ ബൈബിൾപഠനം നടത്തിയിരുന്ന രീതി മാറി. ജീവിതം ആസ്വദിക്കാം—എന്നേക്കും! എന്ന പുസ്‌തകം ഉപയോഗിച്ചാണു നമ്മൾ ഇപ്പോൾ ബൈബിൾപഠനം നടത്തുന്നത്‌. ഈ പ്രസിദ്ധീകരണം ഉപയോഗിച്ച്‌ ബൈബിൾപഠനം നടത്താൻ നമ്മൾ നന്നായി തയ്യാറാകണം. ഇനി, അതു നടത്തുന്ന രീതിക്കും ഒരുപാടു മാറ്റം വന്നിരിക്കുന്നു. വായിക്കാനുള്ള ഖണ്ഡികകൾ കുറവാണ്‌. വിദ്യാർഥിയുമായി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ്‌ ഇവിടെ പ്രാധാന്യം. പഠിപ്പിക്കുമ്പോൾ നമ്മുടെ വെബ്‌സൈറ്റിൽനിന്നും JW ലൈബ്രറിയിൽനിന്നും ഉള്ള ധാരാളം വീഡിയോകളും മറ്റു വിവരങ്ങളും നമ്മൾ ഉൾപ്പെടുത്തും. നിങ്ങൾക്ക്‌ അത്‌ ഉപയോഗിക്കാൻ അറിയില്ലെങ്കിൽ നിങ്ങളെ പഠിപ്പിക്കാൻ കഴിയുന്ന ആരോടെങ്കിലും സഹായം ചോദിക്കുക. നമ്മൾ ശീലിച്ചതിൽനിന്ന്‌ ഒരു മാറ്റം വരുത്താൻ നമുക്കു പലപ്പോഴും ബുദ്ധിമുട്ടാണ്‌. അതുകൊണ്ടുതന്നെ പുതിയൊരു രീതി പരീക്ഷിക്കാൻ നമുക്കു മടിയായിരിക്കും. എന്നാൽ യഹോവയുടെയും മറ്റു സഹോദരങ്ങളുടെയും സഹായത്താൽ നിങ്ങൾക്ക്‌ അതിനു കഴിയും. അങ്ങനെ ബൈബിൾപഠനം നടത്തുന്നതു മുമ്പത്തെക്കാൾ നിങ്ങൾ ഒരുപാട്‌ ആസ്വദിക്കും. ഒരു മുൻനിരസേവകൻ പറഞ്ഞതുപോലെ, ബൈബിൾപഠനം നടത്തുന്ന ഈ പുതിയ രീതി “നല്ല രസമാണ്‌, പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും.”

14. ശ്രദ്ധിക്കാൻ പൊതുവേ ആളുകൾക്കു താത്‌പര്യം ഇല്ലാത്ത പ്രദേശത്ത്‌ പ്രവർത്തിക്കുമ്പോൾ ഏതു കാര്യം നമ്മൾ മനസ്സിൽപ്പിടിക്കണം, ഇക്കാര്യത്തിൽ 1 കൊരിന്ത്യർ 3:6, 7 നമുക്ക്‌ ആശ്വാസം തരുന്നത്‌ എങ്ങനെ?

14 ഒരു ബൈബിൾപഠനം തുടങ്ങാൻ ബുദ്ധിമുട്ടുള്ള ഒരു പ്രദേശമായിരിക്കാം നമ്മുടേത്‌. നമ്മൾ പ്രസംഗിക്കുന്ന സന്ദേശത്തോട്‌ ആളുകൾക്കു താത്‌പര്യം ഇല്ലായിരിക്കാം, ചിലപ്പോൾ അവർ നമ്മളെ എതിർക്കുകപോലും ചെയ്‌തേക്കാം. അത്തരം പ്രദേശങ്ങളിൽപ്പോലും മടുത്തുപോകാതെ പ്രസംഗപ്രവർത്തനം തുടരാൻ നമ്മളെ എന്തു സഹായിക്കും? പ്രശ്‌നങ്ങൾ നിറഞ്ഞ ഈ ലോകത്തിൽ ആളുകളുടെ സാഹചര്യങ്ങൾക്ക്‌ എപ്പോൾ വേണമെങ്കിലും മാറ്റം വരാം എന്ന്‌ ഓർക്കുക. അതുകൊണ്ട്‌ ഒരിക്കൽ ശ്രദ്ധിക്കാൻ കൂട്ടാക്കാഞ്ഞവർപോലും കുറച്ച്‌ കാലം കഴിഞ്ഞ്‌ ആത്മീയവിഷയങ്ങളിൽ താത്‌പര്യം കാണിച്ചേക്കാം. (മത്താ. 5:3) മുമ്പൊക്കെ നമ്മുടെ പ്രസിദ്ധീകരണങ്ങൾ വായിക്കാൻ ഇഷ്ടപ്പെടാഞ്ഞ ചിലർ പിന്നീട്‌ ഒരു ബൈബിൾപഠനത്തിനു തയ്യാറായിട്ടുണ്ട്‌. ഇനി, വിളവെടുപ്പിന്റെ അധികാരി യഹോവ ആണെന്നും നമുക്ക്‌ അറിയാം. (മത്താ. 9:38) നടുകയും നനയ്‌ക്കുകയും ചെയ്യുന്ന പണി നമ്മൾ തുടർന്നും ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്നുണ്ട്‌. എന്നാൽ അതു വളർത്തുന്നത്‌ യഹോവയാണ്‌. (1 കൊരി. 3:6, 7) നമുക്ക്‌ ഇപ്പോൾ ഒരു ബൈബിൾപഠനം നടത്താൻ കഴിയുന്നില്ലെങ്കിലും അതോർത്ത്‌ വിഷമിക്കേണ്ടാ. കാരണം നമ്മൾ എത്ര പേർക്കു പ്രസിദ്ധീകരണങ്ങൾ കൊടുത്തു, എത്ര പേരുമായി ബൈബിൾപഠനം നടത്തി എന്നതിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച്‌ ആളുകളെ സഹായിക്കാൻവേണ്ടി നമ്മൾ ചെയ്യുന്ന ശ്രമത്തിന്റെ അടിസ്ഥാനത്തിലാണ്‌ യഹോവ നമുക്കു പ്രതിഫലം തരുന്നത്‌. *

ആളുകളെ ശിഷ്യരാക്കുന്നതിന്റെ സന്തോഷം ആസ്വദിക്കുക

നമ്മുടെ പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനം ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ മാറ്റിയേക്കാം? (15-17 ഖണ്ഡികകൾ കാണുക) *

15. ഒരാൾ ബൈബിൾ പഠിക്കാൻ തയ്യാറാകുകയും പഠിക്കുന്നതിനനുസരിച്ച്‌ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ യഹോവയ്‌ക്ക്‌ എന്തു തോന്നും?

15 ഒരാൾ ബൈബിൾസത്യം സ്വീകരിക്കുകയും പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറയുകയും ചെയ്യുമ്പോൾ യഹോവ സന്തോഷിക്കുന്നു. (സുഭാ. 23:15, 16) അങ്ങനെയെങ്കിൽ ലോകവ്യാപകമായി യഹോവയുടെ ജനം ഇന്ന്‌ ഉത്സാഹത്തോടെ ബൈബിൾസന്ദേശം പ്രസംഗിക്കുകയും ആളുകളെ പഠിപ്പിക്കുകയും ചെയ്യുന്നതു കാണുമ്പോൾ യഹോവയ്‌ക്ക്‌ എത്രമാത്രം സന്തോഷം തോന്നുന്നുണ്ടാകും! കോവിഡ്‌-19 മഹാമാരി ഭൂവ്യാപകമായി പടർന്നുപിടിച്ചിരുന്ന സാഹചര്യത്തിൽപ്പോലും 2020 സേവനവർഷത്തിൽ 77,05,765 ബൈബിൾപഠനങ്ങൾ നടത്താൻ നമുക്കു കഴിഞ്ഞു. അതിലൂടെ 2,41,994 പേരെ യഹോവയ്‌ക്കു സമർപ്പിച്ച്‌ സ്‌നാനമേൽക്കുന്നതിനു സഹായിക്കാനും നമുക്കു സാധിച്ചു. ഈ പുതിയ ശിഷ്യരും ഇനി ബൈബിൾപഠനങ്ങൾ നടത്തുകയും ക്രിസ്‌തുശിഷ്യരാകാൻ കൂടുതൽ പേരെ സഹായിക്കുകയും ചെയ്യും. (ലൂക്കോ. 6:40) നമ്മൾ ആളുകളെ ബൈബിൾ പഠിപ്പിക്കുകയും ശിഷ്യരായിത്തീരാൻ സഹായിക്കുകയും ചെയ്യുമ്പോൾ അത്‌ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും, തീർച്ച.

16. നമുക്ക്‌ എന്തിനുവേണ്ടി ഒരു ലക്ഷ്യം വെക്കാം?

16 നമ്മുടെ സ്വർഗീയപിതാവിനെ സ്‌നേഹിക്കാനും ക്രിസ്‌തുവിന്റെ ശിഷ്യനായിത്തീരാനും ഒരാളെ സഹായിക്കുന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ യഹോവയുടെ സഹായത്താൽ നമുക്ക്‌ അതിനു കഴിയും. ഒരു ബൈബിൾപഠനം എങ്കിലും കണ്ടുപിടിക്കാൻ നമുക്കു ലക്ഷ്യം വെക്കാനാകുമോ? കഴിയുമെങ്കിൽ കണ്ടുമുട്ടുന്ന എല്ലാവരോടും ഒരു ബൈബിൾപഠനത്തെക്കുറിച്ച്‌ പറയുക. അതിന്റെ ഫലം ശരിക്കും അതിശയിപ്പിക്കുന്നതായിരിക്കും. ഇക്കാര്യത്തിൽ നമ്മൾ ചെയ്യുന്ന ശ്രമത്തെ യഹോവ അനുഗ്രഹിക്കുമെന്ന്‌ ഉറപ്പാണ്‌.

17. ഒരു ബൈബിൾപഠനം നടത്താനാകുന്നത്‌ എങ്ങനെയുള്ള ഒരു അനുഭവമാണ്‌?

17 ആളുകളോടു പ്രസംഗിക്കാനും അവരെ ബൈബിൾസത്യങ്ങൾ പഠിപ്പിക്കാനും ഉള്ള എത്ര വലിയ പദവിയാണു നമുക്കുള്ളത്‌! നമുക്കു ശരിക്കും സന്തോഷം തരുന്ന ഒരു പ്രവർത്തനമാണ്‌ ഇത്‌. തെസ്സലോനിക്യയിൽ പലരെയും ക്രിസ്‌തുശിഷ്യരായിത്തീരാൻ സഹായിച്ച പൗലോസ്‌ അപ്പോസ്‌തലൻ അതെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “നമ്മുടെ കർത്താവായ യേശുവിന്റെ സാന്നിധ്യസമയത്ത്‌ യേശുവിന്റെ മുന്നിൽ ഞങ്ങളുടെ പ്രത്യാശയും ആനന്ദവും അഭിമാനകിരീടവും ആരാണ്‌? വാസ്‌തവത്തിൽ അതു നിങ്ങളല്ലേ? അതെ, നിങ്ങൾതന്നെയാണു ഞങ്ങളുടെ മഹത്ത്വവും ആനന്ദവും.” (1 തെസ്സ. 2:19, 20; പ്രവൃ. 17:1-4) ഇന്നുള്ള പലർക്കും അങ്ങനെതന്നെയാണു തോന്നുന്നത്‌. സ്‌നാനമേറ്റ്‌ ക്രിസ്‌തുശിഷ്യരായിത്തീരാൻ ഒരുപാടു പേരെ സഹായിച്ചിട്ടുള്ളവരാണു സ്റ്റെഫാനി സഹോദരിയും ഭർത്താവും. അതെക്കുറിച്ച്‌ സ്റ്റെഫാനി സഹോദരിക്കു പറയാനുള്ളത്‌ ഇതാണ്‌: “യഹോവയ്‌ക്ക്‌ സമർപ്പിച്ച്‌ സ്‌നാനമേൽക്കാൻ ആരെയെങ്കിലും സഹായിക്കുന്നതിനെക്കാൾ സന്തോഷം വേറെയില്ല.”

ഗീതം 57 എല്ലാ തരം ആളുകളോടും പ്രസംഗിക്കുന്നു

^ ഖ. 5 ആളുകളോടു സന്തോഷവാർത്ത അറിയിക്കാൻ മാത്രമല്ല, യേശു കൽപ്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കാനുമുള്ള വലിയൊരു പദവിയാണ്‌ യഹോവ നമുക്കു നൽകിയിരിക്കുന്നത്‌. ആളുകളെ പഠിപ്പിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌? ആളുകളോടു സന്തോഷവാർത്ത അറിയിക്കുകയും ക്രിസ്‌തുശിഷ്യരായിത്തീരാൻ അവരെ സഹായിക്കുകയും ചെയ്യുമ്പോൾ നമ്മൾ നേരിടുന്ന ചില ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്‌? അവയെ നമുക്ക്‌ എങ്ങനെ മറികടക്കാം? അതിനെല്ലാം ഉള്ള ഉത്തരം ഈ ലേഖനത്തിൽ നമ്മൾ കാണും.

^ ഖ. 14 ക്രിസ്‌തുശിഷ്യനാകാൻ ഒരാളെ സഹായിക്കുന്നതിനു സഭയിലുള്ള എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളെക്കുറിച്ച്‌ മനസ്സിലാക്കാൻ 2021 മാർച്ച്‌ ലക്കം വീക്ഷാഗോപുരത്തിലെ “സ്‌നാനത്തിലേക്കു പുരോഗമിക്കാൻ ബൈബിൾവിദ്യാർഥിയെ എല്ലാവർക്കും സഹായിക്കാം” എന്ന ലേഖനം കാണുക.

^ ഖ. 53 ചിത്രക്കുറിപ്പ്‌: ബൈബിൾപഠനം ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ മാറ്റിയേക്കാമെന്നു കാണുക. തുടക്കത്തിൽ ആ വ്യക്തിക്കു ജീവിതത്തിൽ ഒരു ഉദ്ദേശ്യമില്ലാത്തതുപോലെ കാണപ്പെടുന്നു. അദ്ദേഹത്തിന്‌ യഹോവയെ അറിയില്ല. തുടർന്ന്‌ സാക്ഷികൾ പ്രസംഗപ്രവർത്തനത്തിനിടെ അദ്ദേഹത്തെ കണ്ടുമുട്ടുന്നു. അദ്ദേഹം ഒരു ബൈബിൾപഠനത്തിനു സമ്മതിക്കുന്നു. പഠിച്ച കാര്യങ്ങൾ, യഹോവയ്‌ക്കു സമർപ്പിച്ച്‌ സ്‌നാനമേൽക്കാൻ അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നു. തുടർന്ന്‌ അദ്ദേഹവും, ക്രിസ്‌തുശിഷ്യരായിത്തീരാൻ മറ്റുള്ളവരെ സഹായിക്കുന്നു. അവസാനം അവരെല്ലാവരും സന്തോഷത്തോടെ പറുദീസയിൽ ജീവിക്കുന്നു.