വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 27

സഹിച്ചുനിൽക്കുന്നതിൽ യഹോവയുടെ മാതൃക അനുകരിക്കുക

സഹിച്ചുനിൽക്കുന്നതിൽ യഹോവയുടെ മാതൃക അനുകരിക്കുക

“സഹിച്ചുനിൽക്കുന്നെങ്കിൽ നിങ്ങൾ നിങ്ങളുടെ ജീവൻ രക്ഷിക്കും.”​—ലൂക്കോ. 21:19.

ഗീതം 114 “ക്ഷമയോടിരിക്കുക”

പൂർവാവലോകനം *

1-2. യശയ്യ 65:16, 17-ലെ യഹോവയുടെ വാക്കുകൾ സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

“മടുത്ത്‌ പിന്മാറരുത്‌!” എന്നതായിരുന്നു 2017-ലെ മേഖലാ കൺവെൻഷന്റെ വിഷയം. പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെ സഹിച്ചുനിൽക്കാമെന്ന്‌ ആ കൺവെൻഷൻ പരിപാടിയിലൂടെ നമ്മൾ പഠിച്ചു. ഇപ്പോൾ നാലു വർഷം കഴിഞ്ഞിരിക്കുന്നു. നമ്മൾ ഇന്നും ഈ ദുഷ്ട ലോകത്തിൽ പ്രശ്‌നങ്ങൾ സഹിച്ച്‌ മുന്നോട്ടു പോകുകയാണ്‌.

2 ഈയടുത്ത്‌ നിങ്ങൾ നേരിട്ട ചില പ്രശ്‌നങ്ങൾ എന്തൊക്കെയാണ്‌? നിങ്ങളുടെ ഒരു കുടുംബാംഗത്തെയോ സുഹൃത്തിനെയോ മരണത്തിൽ നഷ്ടപ്പെട്ടോ? നിങ്ങൾ മാരകമായ ഒരു രോഗത്തിന്റെ പിടിയിലാണോ? പ്രായമാകുന്നതിന്റെ ബുദ്ധിമുട്ടുകൾ നിങ്ങൾക്കുണ്ടോ? പ്രകൃതിദുരന്തത്തിനോ അക്രമത്തിനോ ഉപദ്രവത്തിനോ നിങ്ങൾ ഇരകളായിട്ടുണ്ടോ? കോവിഡ്‌-19 പോലുള്ള ഏതെങ്കിലും ഒരു പകർച്ചവ്യാധിയുടെ ബുദ്ധിമുട്ട്‌ നിങ്ങൾക്ക്‌ അനുഭവിക്കേണ്ടിവന്നോ? ഇതെല്ലാം ഒന്ന്‌ അവസാനിച്ച്‌ കാണാൻ നമ്മൾ എത്ര കൊതിക്കുന്നു, ഇതൊന്നും ഓർമയിൽ വരാത്ത, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ആ കാലത്തിനുവേണ്ടി!യശയ്യ 65:16, 17 വായിക്കുക.

3. നമ്മൾ ഇപ്പോൾ എന്തു ചെയ്യണം, എന്തുകൊണ്ട്‌?

3 ഈ ലോകത്തിലെ ജീവിതം വളരെ ബുദ്ധിമുട്ടുള്ളതാണ്‌. ഭാവിയിൽ ഇതിലും വലിയ പ്രശ്‌നങ്ങൾ നമുക്കു നേരിടേണ്ടിവന്നേക്കാം. (മത്താ. 24:21) അതുകൊണ്ട്‌ സഹിച്ചുനിൽക്കുന്നതിനെക്കുറിച്ച്‌ നമ്മൾ ഇനിയും പഠിക്കണം. കാരണം “സഹിച്ചുനിൽക്കുന്നെങ്കിൽ നിങ്ങൾ നിങ്ങളുടെ ജീവൻ രക്ഷിക്കും” എന്നാണു യേശു പറഞ്ഞത്‌. (ലൂക്കോ. 21:19) നമ്മുടേതുപോലുള്ള പ്രശ്‌നങ്ങൾ പലരും എങ്ങനെ സഹിച്ചുനിൽക്കുന്നെന്ന്‌ അറിയുന്നത്‌ അതുതന്നെ ചെയ്യാൻ നമ്മളെയും സഹായിക്കും.

4. സഹിച്ചുനിൽക്കുന്നതിൽ ഏറ്റവും നല്ല മാതൃകയാണ്‌ യഹോവ എന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

4 സഹിച്ചുനിൽക്കുന്നതിൽ ആരാണ്‌ ഏറ്റവും നല്ല മാതൃക? ദൈവമായ യഹോവ. ഒരുപക്ഷേ അതു കേൾക്കുമ്പോൾ നിങ്ങൾക്ക്‌ അതിശയം തോന്നിയേക്കാം. എന്നാൽ അതാണു വാസ്‌തവം. അതെങ്ങനെ? ഈ ലോകം പിശാചിന്റെ നിയന്ത്രണത്തിലാണ്‌. അതുകൊണ്ടുതന്നെ എവിടെയും പ്രശ്‌നങ്ങൾ നിറഞ്ഞിരിക്കുകയാണ്‌. ഇതൊക്കെ ഒരു നിമിഷംകൊണ്ട്‌ അവസാനിപ്പിക്കാൻ യഹോവയ്‌ക്കു കഴിയും. എന്നിട്ടും താൻ നിശ്ചയിച്ച ആ സമയത്തിനായി യഹോവ കാത്തിരിക്കുകയാണ്‌. (റോമ. 9:22) അതുവരെ പലതും സഹിക്കാൻ യഹോവ തയ്യാറായിരിക്കുന്നു. യഹോവ സഹിച്ചുകൊണ്ടിരിക്കുന്ന ഒൻപതു കാര്യങ്ങളെക്കുറിച്ച്‌ നമുക്ക്‌ ഇപ്പോൾ നോക്കാം.

യഹോവ എന്തെല്ലാം സഹിക്കുന്നു?

5. എങ്ങനെയാണു ദൈവത്തിന്റെ പേര്‌ നിന്ദിക്കപ്പെട്ടിരിക്കുന്നത്‌, അതെക്കുറിച്ച്‌ ഓർക്കുമ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നുന്നു?

5 തന്റെ പേരിനു വന്നിരിക്കുന്ന നിന്ദ യഹോവ സഹിക്കുന്നു. യഹോവ തന്റെ പേരിനെ വളരെയധികം പ്രിയപ്പെടുന്നു. എല്ലാവരും ആ പേര്‌ ആദരിക്കാനും ദൈവം ആഗ്രഹിക്കുന്നു. (യശ. 42:8) പക്ഷേ 6,000-ത്തോളം വർഷമായി ആ പേര്‌ നിന്ദിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. (സങ്കീ. 74:10, 18, 23) ഏദെൻ തോട്ടത്തിലായിരുന്നു അതിന്റെ തുടക്കം. ആദാമിനും ഹവ്വയ്‌ക്കും ശരിക്കും സന്തോഷം നൽകുന്ന ചില കാര്യങ്ങൾ യഹോവ പിടിച്ചുവെച്ചിരിക്കുകയാണെന്നു പിശാച്‌ (“പരദൂഷണം പറയുന്നവൻ” എന്നർഥം) അവിടെവെച്ച്‌ ആരോപിച്ചു. (ഉൽപ. 3:1-5) അന്നുതൊട്ട്‌, മനുഷ്യർക്കു ശരിക്കും ആവശ്യമുള്ളതൊന്നും യഹോവ നൽകുന്നില്ലെന്ന ആരോപണം തുടരുകയാണ്‌. തന്റെ പിതാവിന്റെ പേര്‌ ഇത്രമാത്രം നിന്ദിക്കപ്പെടുന്നതിൽ യേശുവിനു വിഷമം ഉണ്ടായിരുന്നു. അതുകൊണ്ടാണ്‌ ഇങ്ങനെ പ്രാർഥിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത്‌: “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്‌ പരിശുദ്ധമായിരിക്കേണമേ.”—മത്താ. 6:9.

6. തനിക്കാണു ഭരിക്കാനുള്ള അവകാശമെന്നു തെളിയിക്കാൻ യഹോവ ഇത്രയധികം സമയം അനുവദിച്ചത്‌ എന്തുകൊണ്ട്‌?

6 തന്നെയും തന്റെ ഭരണത്തെയും എതിർക്കുന്നവരെ യഹോവ സഹിക്കുന്നു. സ്വർഗത്തെയും ഭൂമിയെയും ഭരിക്കാൻ യഹോവയ്‌ക്കു മാത്രമേ അവകാശമുള്ളൂ. ആ ഭരണമാണ്‌ ഏറ്റവും മികച്ചതും. (വെളി. 4:11) എന്നാൽ ദൈവത്തിന്‌ അതിനുള്ള അവകാശമില്ലെന്നു ദൈവദൂതന്മാരും മനുഷ്യരും ചിന്തിക്കാൻ പിശാച്‌ ഇടയാക്കി. യഹോവയ്‌ക്കു ഭരിക്കാനുള്ള അവകാശമുണ്ടോ, യഹോവയാണോ ഏറ്റവും നല്ല ഭരണാധികാരി എന്നതൊന്നും ഒറ്റ ദിവസംകൊണ്ട്‌ തെളിയിക്കാനാകില്ല. അതുകൊണ്ട്‌ ജ്ഞാനിയായ ദൈവം, മനുഷ്യൻ മനുഷ്യന്റെമേൽ ഭരണം നടത്താൻ വേണ്ടുവോളം സമയം അനുവദിച്ചു. അതുവഴി സ്രഷ്ടാവിന്റെ സഹായം ഇല്ലാതെയുള്ള ആ ഭരണം ഒരു പരാജയമാണെന്നു മനുഷ്യർ തിരിച്ചറിയുമായിരുന്നു. (യിരെ. 10:23) ഇങ്ങനെ ദൈവം ക്ഷമ കാണിക്കുന്നതിലൂടെ ഈ പ്രശ്‌നം എന്നെന്നേക്കുമായി പരിഹരിക്കപ്പെടും. യഹോവയുടെ ഭരണമാണ്‌ ഏറ്റവും നല്ലതെന്നും ആ ഭരണത്തിലൂടെ മാത്രമേ ഭൂമിയിൽ ശരിക്കുള്ള സമാധാനവും സുരക്ഷിതത്വവും വരികയുള്ളൂ എന്നും എല്ലാവരും മനസ്സിലാക്കും.

7. ആരെല്ലാമാണ്‌ യഹോവയെ ധിക്കരിച്ചത്‌, യഹോവ ധിക്കാരികളെ എന്തു ചെയ്യും?

7 തന്റെ മക്കളിൽ ചിലരുടെ ധിക്കാരം യഹോവ സഹിക്കുന്നു. യഹോവ ദൂതന്മാരെയും മനുഷ്യരെയും യാതൊരു കുറവും ഇല്ലാത്ത പൂർണരായിട്ടാണു സൃഷ്ടിച്ചത്‌. എന്നാൽ ധിക്കാരിയായ ഒരു ദൂതപുത്രൻ, അതായത്‌ സാത്താൻ (“എതിർത്തുനിൽക്കുന്നയാൾ” എന്നർഥം) പൂർണമനുഷ്യരായ ആദാമിനെയും ഹവ്വയെയും യഹോവയ്‌ക്കെതിരെ തിരിച്ചു. മറ്റു ദൂതന്മാരും മനുഷ്യരും ആ ധിക്കാരികളുടെ കൂടെ കൂടി. (യൂദ 6) പിന്നീട്‌ ദൈവം തിരഞ്ഞെടുത്ത ഇസ്രായേൽ ജനതയിലെ ചിലർപോലും യഹോവയെ ഉപേക്ഷിച്ച്‌ വ്യാജദൈവങ്ങളെ ആരാധിക്കാൻ തുടങ്ങി. അങ്ങനെ അവർ യഹോവയെ വഞ്ചിച്ചു. (യശ. 63:8, 10) എന്നിട്ടും യഹോവ അതെല്ലാം സഹിച്ചു. എല്ലാ ധിക്കാരികളെയും നശിപ്പിക്കുന്ന സമയംവരെ യഹോവ തുടർന്നും അതു സഹിക്കും. യഹോവയോടൊപ്പം ഈ ലോകത്തിലെ ദുഷ്ടതയെല്ലാം സഹിക്കുന്ന ദൈവദാസർക്ക്‌ അന്ന്‌ എത്ര വലിയ ആശ്വാസമായിരിക്കും കിട്ടുക!

8-9. യഹോവയെക്കുറിച്ച്‌ എന്തെല്ലാം നുണകളാണു പ്രചരിക്കുന്നത്‌, നമുക്ക്‌ അതു സംബന്ധിച്ച്‌ എന്തു ചെയ്യാം?

8 പിശാച്‌ പ്രചരിപ്പിക്കുന്ന നുണകൾ യഹോവ സഹിക്കുന്നു. ഒരു വിശ്വസ്‌ത ദൈവദാസനായിരുന്ന ഇയ്യോബിനെക്കുറിച്ച്‌ സാത്താൻ പറഞ്ഞത്‌, സ്വാർഥകാരണങ്ങളാലാണ്‌ ഇയ്യോബ്‌ ദൈവത്തെ സേവിക്കുന്നതെന്നാണ്‌. അതു പറഞ്ഞതിലൂടെ അവൻ ദൈവത്തിന്റെ എല്ലാ വിശ്വസ്‌തദാസരെയും, യഹോവയെത്തന്നെയും ദുഷിക്കുകയായിരുന്നു. (ഇയ്യോ. 1:8-11; 2:3-5) പിശാച്‌ ഇന്നുവരെയും ഇതേ ആരോപണങ്ങൾ തുടർന്നിരിക്കുന്നു. (വെളി. 12:10) സാത്താന്റെ ആരോപണങ്ങൾ നുണയാണെന്നു തെളിയിക്കാനുള്ള വലിയ അവസരമാണു നമുക്കുള്ളത്‌. പരിശോധനകൾ സഹിച്ചുനിന്നുകൊണ്ടും സ്‌നേഹത്താൽ പ്രേരിതരായി യഹോവയെ വിശ്വസ്‌തമായി സേവിച്ചുകൊണ്ടും നമുക്ക്‌ അതു ചെയ്യാം. അങ്ങനെ സഹിച്ചുനിൽക്കുന്നെങ്കിൽ ഇയ്യോബിനെ അനുഗ്രഹിച്ചതുപോലെ യഹോവ നമ്മളെയും അനുഗ്രഹിക്കും.—യാക്കോ. 5:11.

9 യഹോവ ക്രൂരനാണെന്നും മനുഷ്യന്റെ പ്രശ്‌നങ്ങൾക്കെല്ലാം കാരണക്കാരൻ യഹോവയാണെന്നും പ്രചരിപ്പിക്കാൻ വ്യാജ മതനേതാക്കന്മാരെ സാത്താൻ ഉപയോഗിക്കുന്നു. കുഞ്ഞു കുട്ടികൾ മരിക്കുമ്പോൾ, ‘സ്വർഗത്തിൽ കൂടുതൽ മാലാഖമാരെ ആവശ്യമുണ്ടായിട്ടു ദൈവം അവരെ എടുത്തതാണ്‌’ എന്നുപോലും ചിലർ പറയാറുണ്ട്‌. ദൈവത്തെ നിന്ദിക്കുന്ന തരം പ്രസ്‌താവനകളാണ്‌ അതൊക്കെ. എന്നാൽ നമുക്കു സത്യം അറിയാം. ഗുരുതരമായ ഒരു രോഗം വരുമ്പോഴോ പ്രിയപ്പെട്ട ആരെങ്കിലും മരിക്കുമ്പോഴോ നമ്മൾ ഒരിക്കലും നമ്മുടെ ദൈവത്തെ കുറ്റപ്പെടുത്തില്ല. യഹോവ ഒരു ദിവസം ഇതിനെല്ലാം പരിഹാരം കൊണ്ടുവരുമെന്നു നമുക്ക്‌ ഉറപ്പുണ്ട്‌. യഹോവ സ്‌നേഹമുള്ള ഒരു ദൈവമാണെന്നു ശ്രദ്ധിക്കാൻ മനസ്സുള്ള എല്ലാവരോടും നമുക്കു പറയാം. തന്നെ നിന്ദിക്കുന്നവനു മറുപടി കൊടുക്കാൻ അങ്ങനെ ദൈവത്തിനു കഴിയും.—സുഭാ. 27:11.

10. സങ്കീർത്തനം 22:23, 24-ൽനിന്ന്‌ നമുക്ക്‌ യഹോവയെക്കുറിച്ച്‌ എന്തു പഠിക്കാം?

10 തന്റെ പ്രിയ ദാസർ അനുഭവിക്കുന്ന വേദന യഹോവ സഹിക്കുന്നു. യഹോവ അനുകമ്പയുള്ള ഒരു ദൈവമാണ്‌. ഉപദ്രവങ്ങൾ നേരിടുന്നതിനാലോ രോഗത്താലോ തങ്ങളുടെതന്നെ അപൂർണതയാലോ ഒക്കെ പല ദൈവദാസരും ഇന്നു കഷ്ടപ്പെടുന്നുണ്ട്‌. (സങ്കീർത്തനം 22:23, 24 വായിക്കുക.) അതു കാണുന്നത്‌ യഹോവയെ വളരെ സങ്കടപ്പെടുത്തുന്നു. നമ്മൾ വേദനിക്കുമ്പോൾ യഹോവയും വേദനിക്കുന്നു. ഇതെല്ലാം അവസാനിപ്പിക്കാൻ യഹോവ ആഗ്രഹിക്കുന്നു. തീർച്ചയായും യഹോവ അതു ചെയ്യും. (പുറപ്പാട്‌ 3:7, 8; യശയ്യ 63:9 എന്നിവ താരതമ്യം ചെയ്യുക.) ‘ദൈവം നമ്മുടെ കണ്ണുകളിൽനിന്ന്‌ കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.’ ആ ദിവസം പെട്ടെന്നുതന്നെ വരും.—വെളി. 21:4.

11. മരിച്ചുപോയ തന്റെ വിശ്വസ്‌ത ദാസരെക്കുറിച്ച്‌ യഹോവയ്‌ക്ക്‌ എന്തു തോന്നുന്നു?

11 മരിച്ചുപോയ സ്‌നേഹിതരെ പിരിഞ്ഞിരിക്കുന്നതിന്റെ വേദന യഹോവ സഹിക്കുന്നു. മരിച്ചുപോയ തന്റെ വിശ്വസ്‌തദാസരെക്കുറിച്ച്‌ യഹോവയ്‌ക്ക്‌ എന്തു തോന്നുന്നു? അവരെ വീണ്ടും കാണാൻ യഹോവയ്‌ക്കു കൊതി തോന്നുന്നു! (ഇയ്യോ. 14:15) ഒന്നു ചിന്തിച്ചുനോക്കിക്കേ, തന്റെ സ്‌നേഹിതനായ അബ്രാഹാമിനെ കാണാൻ യഹോവ എത്ര ആഗ്രഹിക്കുന്നുണ്ടാകും! (യാക്കോ. 2:23) അതുപോലെ, താൻ “മുഖാമുഖം” സംസാരിച്ച മോശയെ ഒന്നു കാണാൻ. (പുറ. 33:11) ഇനി, ദാവീദും മറ്റു സങ്കീർത്തനക്കാരും മനോഹരമായ സ്‌തുതിഗീതങ്ങൾ പാടുന്നതു കേൾക്കാൻ യഹോവ എത്രമാത്രം ആശിക്കുന്നുണ്ടാകും! (സങ്കീ. 104:33) തന്റെ ഈ സ്‌നേഹിതരെല്ലാം മരിച്ചുപോയെങ്കിലും യഹോവ അവരെ മറന്നുകളഞ്ഞിട്ടില്ല. (യശ. 49:15) അവരെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും യഹോവ ഓർക്കുന്നുണ്ട്‌. ഒരുതരത്തിൽ പറഞ്ഞാൽ “ദൈവമുമ്പാകെ അവരെല്ലാം ജീവിച്ചിരിക്കുന്നവരാണ്‌.” (ലൂക്കോ. 20:38) ഒരു ദിവസം ദൈവം അവരെയെല്ലാം ജീവനിലേക്കു കൊണ്ടുവരും. വീണ്ടും ദൈവം അവരുടെ ആത്മാർഥമായ പ്രാർഥനകൾ കേൾക്കുകയും ആരാധന സ്വീകരിക്കുകയും ചെയ്യും. നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും മരിച്ചുപോയിട്ടുണ്ടെങ്കിൽ ഇതെക്കുറിച്ചൊക്കെ ചിന്തിക്കുന്നതു നിങ്ങൾക്ക്‌ ആശ്വാസം തരും.

12. ഈ ദുഷിച്ച അവസാനനാളുകളിൽ യഹോവയെ വളരെയധികം വേദനിപ്പിക്കുന്നത്‌ എന്താണ്‌?

12 ദുഷ്ടരായവർ സഹമനുഷ്യരെ അടിച്ചമർത്തുന്നതു കാണുന്നത്‌ യഹോവ സഹിക്കുന്നു. ഏദെനിൽ പ്രശ്‌നം തലപൊക്കിയപ്പോൾത്തന്നെ യഹോവയ്‌ക്ക്‌ അറിയാമായിരുന്നു കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന്‌. ഇന്നു ലോകത്ത്‌ കാണുന്ന ദുഷ്ടതയും അനീതിയും അക്രമവും എല്ലാം യഹോവ വെറുക്കുന്നു. അനാഥരെയും വിധവമാരെയും പോലെ ഏറ്റവും ദുർബലരും നിസ്സഹായരും ആയവരോട്‌ യഹോവയ്‌ക്ക്‌ എന്നും അനുകമ്പ ഉണ്ടായിരുന്നിട്ടുണ്ട്‌. (സെഖ. 7:9, 10) തന്റെ വിശ്വസ്‌തദാസരെ ആളുകൾ അടിച്ചമർത്തുകയും തടവിലാക്കുകയും ചെയ്യുന്നതു കാണുമ്പോൾ അത്‌ യഹോവയെ കൂടുതൽ വിഷമിപ്പിക്കുന്നു. തന്നോടൊപ്പം സഹിച്ചുനിൽക്കുന്ന നിങ്ങളെ ഓരോരുത്തരെയും യഹോവ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്ന്‌ ഉറപ്പുണ്ടായിരിക്കുക.

13. ദൈവത്തിന്റെ മുമ്പാകെ മനുഷ്യകുടുംബം ധാർമികമായി അധഃപതിച്ചിരിക്കുന്നത്‌ എങ്ങനെ, ദൈവം ആ കാര്യത്തിൽ എന്തു ചെയ്യും?

13 മനുഷ്യകുടുംബത്തിന്റെ അധാർമികപ്രവൃത്തികൾ യഹോവ സഹിക്കുന്നു. ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനെക്കൊണ്ട്‌ മോശം കാര്യങ്ങൾ ചെയ്യിക്കാൻ സാത്താനു വലിയ ഇഷ്ടമാണ്‌. നോഹയുടെ നാളിൽ ‘മനുഷ്യന്റെ ദുഷ്ടത വളരെയധികം വർധിച്ചിരിക്കുന്നെന്നു കണ്ടപ്പോൾ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കിയതു കാരണം യഹോവ ഖേദിച്ചു. ദൈവത്തിന്റെ ഹൃദയത്തിനു ദുഃഖമായി.’ (ഉൽപ. 6:5, 6, 11) പിന്നീട്‌ ലോകാവസ്ഥകൾ മെച്ചപ്പെട്ടോ? ഒരിക്കലുമില്ല. എല്ലാത്തരം ലൈംഗിക അധാർമികതയും ഇന്നു വർധിച്ചിരിക്കുന്നതുകൊണ്ട്‌ സാത്താനു സന്തോഷമാണ്‌. വിപരീത ലിംഗവർഗത്തിൽപ്പെട്ടവർ തമ്മിലും ഒരേ ലിംഗവർഗത്തിൽപ്പെട്ടവർ തമ്മിലും ഉള്ള അധാർമികപ്രവൃത്തികൾ ഇന്ന്‌ ഒരു സാധാരണ സംഗതിയായിരിക്കുകയാണ്‌. (എഫെ. 4:18, 19) സത്യാരാധകരെക്കൊണ്ട്‌ ഇത്തരം തെറ്റായ കാര്യങ്ങൾ ചെയ്യിക്കുമ്പോഴാണു സാത്താനു കൂടുതൽ സന്തോഷം. ദൈവത്തിന്റെ ക്ഷമയുടെ കാലം തീരുമ്പോൾ ഇത്തരം അധാർമികപ്രവൃത്തികൾ ചെയ്യുന്ന സകലരെയും യഹോവ നശിപ്പിക്കും; അങ്ങനെ ഈ കാര്യങ്ങൾ താൻ എത്രമാത്രം വെറുക്കുന്നെന്നു തെളിയിക്കും.

14. ഭൂമിയെയും അതിലെ ജീവജാലങ്ങളെയും മനുഷ്യൻ എന്തു ചെയ്‌തിരിക്കുന്നു?

14 താൻ സൃഷ്ടിച്ച ഭൂമിയെ മനുഷ്യൻ നശിപ്പിക്കുന്നത്‌ യഹോവ സഹിക്കുന്നു. ‘മനുഷ്യൻ മനുഷ്യന്റെ മേൽ ആധിപത്യം നടത്തിക്കൊണ്ട്‌’ അവർക്കു മാത്രമല്ല ദോഷം ചെയ്‌തിരിക്കുന്നത്‌, ദൈവം മനുഷ്യന്റെ പരിപാലനത്തിൽ ഏൽപ്പിച്ച ഭൂമിയെയും അതിലെ ജീവജാലങ്ങളെയും അവർ നശിപ്പിക്കുന്നു. (സഭാ. 8:9; ഉൽപ. 1:28) മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമായി അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ പത്തു ലക്ഷത്തിൽ അധികം ജീവിവർഗങ്ങൾക്കെങ്കിലും * വംശനാശം സംഭവിക്കാമെന്നു ചില വിദഗ്‌ധർ മുന്നറിയിപ്പു തരുന്നു. ‘പ്രകൃതി അന്ത്യശ്വാസം വലിക്കുന്നു’ എന്ന്‌ അവർ പറയുന്നതിൽ ഒട്ടും അതിശയിക്കാനില്ല. ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കുമെന്നും’ മുഴു ഭൂമിയും പറുദീസയാക്കി മാറ്റുമെന്നും യഹോവ വാക്കു തന്നിരിക്കുന്നതിൽ നമുക്കു സന്തോഷിക്കാം.—വെളി. 11:18; യശ. 35:1.

യഹോവ സഹിക്കുന്നതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

15-16. (എ) സഹിച്ചുനിൽക്കാൻ യഹോവയെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌? ദൃഷ്ടാന്തീകരിക്കുക. (ബി) അതു നമ്മളെ എന്തു ചെയ്യാൻ പ്രേരിപ്പിക്കുന്നു?

15 ആയിരക്കണക്കിനു വർഷങ്ങളായി നമ്മുടെ സ്വർഗീയപിതാവ്‌ വിഷമിപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണു സഹിക്കുന്നത്‌, അല്ലേ? (“ യഹോവ എന്തെല്ലാം സഹിക്കുന്നു?” എന്ന ചതുരം കാണുക.) ഈ ദുഷ്ട വ്യവസ്ഥിതിയെ എപ്പോൾ വേണമെങ്കിലും നശിപ്പിക്കാൻ യഹോവയ്‌ക്കു കഴിയും. എങ്കിലും യഹോവ ക്ഷമ കാണിച്ചിരിക്കുന്നതുകൊണ്ട്‌ നമുക്കു പല അനുഗ്രഹങ്ങളും ലഭിച്ചിരിക്കുന്നു. അതു മനസ്സിലാക്കാൻ ഇങ്ങനെയൊന്നു ചിന്തിക്കുക. ഒരു ദമ്പതികളോട്‌, അവർക്കു ജനിക്കാനിരിക്കുന്ന കുഞ്ഞിനു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നും കുഞ്ഞു ജനിച്ചാൽത്തന്നെ പല വൈകല്യങ്ങൾ കാണുമെന്നും ഏറെക്കാലം ജീവിച്ചിരിക്കില്ലെന്നും ഡോക്ടർ പറയുന്നെന്നിരിക്കട്ടെ. കുഞ്ഞിനെ വളർത്തുന്നത്‌ അത്ര എളുപ്പമല്ലെന്ന്‌ അറിഞ്ഞിട്ടും ആ കുഞ്ഞു ജനിക്കാൻ മാതാപിതാക്കൾ അനുവദിക്കുന്നു. തങ്ങളുടെ പൊന്നോമനയെ ഒരുപാടു സ്‌നേഹിക്കുന്നതുകൊണ്ട്‌ കുഞ്ഞിന്‌ ഏറ്റവും നല്ല ജീവിതം കൊടുക്കാൻവേണ്ടി എന്തു കഷ്ടപ്പാടും സഹിക്കാൻ അവർ തയ്യാറാകുന്നു.

16 ഈ ദൃഷ്ടാന്തത്തിലെ കുഞ്ഞിനെപ്പോലെയാണ്‌ ആദാമിന്റെയും ഹവ്വയുടെയും മക്കൾ. അവരെല്ലാം അപൂർണരായിട്ടാണു ജനിക്കുന്നത്‌. എന്നിട്ടും യഹോവ അവരെ സ്‌നേഹിക്കുകയും അവർക്കായി കരുതുകയും ചെയ്യുന്നു. (1 യോഹ. 4:19) ഇനി, ദൃഷ്ടാന്തത്തിലെ മാതാപിതാക്കൾക്കു പറ്റാത്ത ഒരു കാര്യം യഹോവയ്‌ക്കു ചെയ്യാനാകും. തന്റെ മക്കളുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാൻ യഹോവയ്‌ക്കു സാധിക്കും. അതിനുവേണ്ടി ദൈവം ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്‌. (മത്താ. 24:36) എത്രകാലം വേണമെങ്കിലും സഹിച്ചുനിൽക്കാൻ യഹോവയുടെ സ്‌നേഹം നമ്മളെയും പ്രേരിപ്പിക്കേണ്ടതല്ലേ?

17. എബ്രായർ 12:2, 3-ൽ യേശുവിനെക്കുറിച്ച്‌ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

17 സഹിച്ചുനിൽക്കുന്നതിൽ ഏറ്റവും നല്ല മാതൃകയാണ്‌ യഹോവ. തന്റെ പിതാവിന്റെ മാതൃക അനുകരിച്ചുകൊണ്ട്‌ യേശുവും സഹിച്ചുനിന്നു. ഭൂമിയിൽ ആയിരുന്നപ്പോൾ യേശു നമുക്കുവേണ്ടി അപമാനവും ശത്രുക്കളുടെ പകയോടെയുള്ള സംസാരവും ദണ്ഡനസ്‌തംഭത്തിലെ മരണവും ഒക്കെ സഹിച്ചു. (എബ്രായർ 12:2, 3 വായിക്കുക.) യഹോവയുടെ നല്ല മാതൃക, യേശുവിനു സഹിച്ചുനിൽക്കാനുള്ള ശക്തി പകർന്നു. അതു നമുക്കും ശക്തി നൽകും.

18. യഹോവ ക്ഷമ കാണിക്കുന്നതുകൊണ്ടുള്ള പ്രയോജനം മനസ്സിലാക്കാൻ 2 പത്രോസ്‌ 3:9 നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

18 ഈ ദുഷ്ട ലോകത്തെ നശിപ്പിക്കാനുള്ള ഏറ്റവും പറ്റിയ സമയം ഏതാണെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം. യഹോവ ക്ഷമ കാണിച്ചിരിക്കുന്നതുകൊണ്ട്‌ ലക്ഷക്കണക്കിന്‌ ആളുകൾക്കു ദൈവത്തെ അറിയാൻ കഴിഞ്ഞിരിക്കുന്നു. (2 പത്രോസ്‌ 3:9 വായിക്കുക.) അങ്ങനെ യഹോവയെ ആരാധിക്കുന്ന ഒരു മഹാപുരുഷാരം ഇന്നു ഭൂമിയിലുണ്ട്‌. യഹോവ ഇത്രയും കാലം ക്ഷമയോടെ സഹിച്ചതുകൊണ്ടാണു തങ്ങൾക്ക്‌ ഈ ഭൂമിയിൽ ജനിക്കാനും യഹോവയെ അറിയാനും സ്‌നേഹിക്കാനും യഹോവയ്‌ക്ക്‌ തങ്ങളുടെ ജീവിതം സമർപ്പിക്കാനും കഴിഞ്ഞതെന്ന്‌ അവർ തിരിച്ചറിയുന്നു. അതിൽ അവർ നന്ദിയുള്ളവരാണ്‌. യഹോവ ഈ ദുഷ്ട വ്യവസ്ഥിതിയെ നശിപ്പിക്കുമ്പോൾ അതിജീവകരായി ലക്ഷക്കണക്കിന്‌ ആളുകൾ ഉണ്ടായിരിക്കും. അതു കാണുമ്പോൾ, യഹോവ ഇത്രയും കാലം ക്ഷമയോടെ സഹിച്ചത്‌ എത്ര നന്നായെന്ന്‌ നമുക്കു ബോധ്യമാകും.

19. എന്തു ചെയ്യാൻ നമുക്കു തീരുമാനിക്കാം, അപ്പോൾ നമുക്ക്‌ ഏത്‌ അനുഗ്രഹം കിട്ടും?

19 സന്തോഷത്തോടെ എങ്ങനെ സഹിച്ചുനിൽക്കാമെന്ന്‌ യഹോവയിൽനിന്ന്‌ നമുക്കു പഠിക്കാം. സാത്താൻ യഹോവയ്‌ക്കു വളരെയധികം ഹൃദയവേദനകൾ ഉണ്ടാക്കിയെങ്കിലും യഹോവ ഇപ്പോഴും “സന്തോഷമുള്ള ദൈവം” ആണ്‌. (1 തിമൊ. 1:11) അതുപോലെ നമുക്കും പ്രശ്‌നങ്ങൾ ഒക്കെ ഉണ്ടാകുമ്പോഴും സന്തോഷം നിലനിറുത്താം. യഹോവ തന്റെ പേര്‌ വിശുദ്ധീകരിക്കുകയും തന്റെ പരമാധികാരമാണ്‌ ഉചിതമെന്നു തെളിയിക്കുകയും ഈ ദുഷ്ട ലോകത്തെ നശിപ്പിക്കുകയും ഇന്നു നമ്മൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന ആ സമയത്തിനായി നമുക്കു ക്ഷമയോടെ കാത്തിരിക്കാം. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും സഹിച്ചുനിൽക്കാൻ നമുക്ക്‌ ഉറച്ച തീരുമാനമെടുക്കാം. കാരണം നമ്മുടെ സ്വർഗീയപിതാവും ഇതെല്ലാം ക്ഷമയോടെ സഹിക്കുകയാണ്‌. നമ്മൾ അങ്ങനെ ചെയ്യുന്നെങ്കിൽ യാക്കോബ്‌ 1:12-ൽ പറഞ്ഞിരിക്കുന്ന അനുഗ്രഹം നമുക്ക്‌ ഓരോരുത്തർക്കും കിട്ടും: “പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കുന്ന മനുഷ്യൻ സന്തുഷ്ടൻ. തന്നെ എപ്പോഴും സ്‌നേഹിക്കുന്നവർക്ക്‌ യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ജീവകിരീടം, പരീക്ഷണങ്ങളിൽ വിജയിക്കുന്നവർക്കു ലഭിക്കും.”

ഗീതം 139 എല്ലാം പുതുതാക്കുമ്പോൾ നിങ്ങളും അവിടെ!

^ ഖ. 5 നമുക്കെല്ലാവർക്കും പലപല പ്രശ്‌നങ്ങളുണ്ട്‌. അവയിൽ പലതിനും ഇന്നൊരു പരിഹാരമില്ല. നമ്മൾ അതു സഹിച്ചേ മതിയാകൂ. എന്നാൽ സഹിച്ചുനിൽക്കുന്നതിൽ നമ്മൾ ഒറ്റയ്‌ക്കല്ല. യഹോവതന്നെ പലതും സഹിച്ചുകൊണ്ടിരിക്കുകയാണ്‌. അത്തരം ഒൻപതു കാര്യങ്ങൾ നമ്മൾ ഈ ലേഖനത്തിൽ പഠിക്കും. അതൊക്കെ യഹോവ സഹിച്ചതുകൊണ്ടുണ്ടായ പ്രയോജനങ്ങൾ എന്തൊക്കെയാണെന്നും യഹോവയുടെ മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാമെന്നും നമ്മൾ കാണും.

^ ഖ. 14 ഇവിടെ പറഞ്ഞിരിക്കുന്ന “വർഗത്തിനും” സൃഷ്ടിക്രിയകളോടുള്ള ബന്ധത്തിൽ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന “തരം” എന്ന വാക്കിനും രണ്ട്‌ അർഥമാണുള്ളത്‌. “തരം” എന്ന പദം ജീവികളുടെ വലിയൊരു വിഭാഗത്തെ കുറിക്കുന്നു.