വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 29

സ്വന്തം പുരോഗതിയിൽ സന്തോഷിക്കുക!

സ്വന്തം പുരോഗതിയിൽ സന്തോഷിക്കുക!

“ഓരോരുത്തരും സ്വന്തം പ്രവൃത്തി വിലയിരുത്തട്ടെ. അപ്പോൾ, തന്നെ മറ്റാരുമായും താരതമ്യപ്പെടുത്താതെ തന്നിൽത്തന്നെ അഭിമാനിക്കാൻ അയാൾക്കു വകയുണ്ടാകും.”—ഗലാ. 6:4.

ഗീതം 34 നിഷ്‌കളങ്കരായി നടക്കാം

പൂർവാവലോകനം *

1. യഹോവ നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാത്തത്‌ എന്തുകൊണ്ടാണ്‌?

എല്ലാം ഒരുപോലെ ഇരിക്കണമെന്ന്‌ യഹോവ ചിന്തിക്കുന്നില്ല. സൃഷ്ടികളെ നോക്കിയാൽ നമുക്ക്‌ അതു മനസ്സിലാകും. ചെടികളിലും മൃഗങ്ങളിലും നമുക്കു വ്യത്യാസങ്ങൾ കാണാം. ഇനി, മനുഷ്യന്റെ കാര്യം എടുത്താലോ? ഓരോ വ്യക്തിയും മറ്റൊരാളിൽനിന്ന്‌ വ്യത്യസ്‌തനാണ്‌. അതുകൊണ്ടുതന്നെ യഹോവ ഒരിക്കലും നിങ്ങളെ മറ്റാരുമായും താരതമ്യം ചെയ്യുന്നില്ല. യഹോവ നിങ്ങളുടെ ഹൃദയത്തെയാണു നോക്കുന്നത്‌, ഉള്ളിന്റെ ഉള്ളിൽ നിങ്ങൾ എങ്ങനെയുള്ള ആളാണെന്ന്‌. (1 ശമു. 16:7) കൂടാതെ, നിങ്ങളുടെ കഴിവുകളും കുറവുകളും നിങ്ങൾ വളർന്നുവന്ന സാഹചര്യവും എല്ലാം യഹോവയ്‌ക്ക്‌ അറിയാം. അതുകൊണ്ട്‌ നിങ്ങൾക്കു പറ്റാത്തതൊന്നും യഹോവ നിങ്ങളിൽനിന്ന്‌ ആവശ്യപ്പെടില്ല. യഹോവ നമ്മളെ എങ്ങനെ കാണുന്നോ അതുപോലെയായിരിക്കണം നമ്മളും നമ്മളെ കാണേണ്ടത്‌. അപ്പോൾ നമ്മൾ നമ്മളെക്കുറിച്ച്‌ വേണ്ടതിലധികമോ തീരെ കുറച്ചോ ചിന്തിക്കാതെ “സുബോധത്തോടെ” നമ്മളെ വിലയിരുത്തും.—റോമ. 12:3.

2. നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിന്റെ കുഴപ്പം എന്താണ്‌?

2 മറ്റുള്ളവരുടെ നല്ല മാതൃകയിൽനിന്ന്‌ നമുക്കു പലതും പഠിക്കാനാകും. ഉദാഹരണത്തിന്‌, ഒരു സഹോദരനോ സഹോദരിയോ പ്രസംഗപ്രവർത്തനത്തിൽ നല്ല കഴിവുള്ള ആളായിരിക്കാം. (എബ്രാ. 13:7) അക്കാര്യത്തിൽ നമുക്ക്‌ എങ്ങനെ മെച്ചപ്പെടാനാകുമെന്നു നമുക്ക്‌ അവരിൽനിന്ന്‌ പഠിക്കാനായേക്കും. (ഫിലി. 3:17) എന്നാൽ മറ്റുള്ളവരുടെ നല്ല മാതൃക അനുകരിക്കുന്നതും നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ട്‌. നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്‌താൽ അസൂയയോ നിരുത്സാഹമോ നമ്മളെ ഒന്നിനും കൊള്ളില്ലെന്ന ചിന്തയോ ഒക്കെ ഉണ്ടായേക്കാം. ഇനി, കഴിഞ്ഞ ലേഖനത്തിൽ നമ്മൾ പഠിച്ചതുപോലെ നമ്മൾ മറ്റു സഹോദരങ്ങളെക്കാൾ മികച്ചുനിൽക്കാൻ ശ്രമിച്ചാൽ അത്‌ യഹോവയുമായുള്ള നമ്മുടെ ബന്ധം തകർത്തേക്കാം. അതുകൊണ്ട്‌ യഹോവ സ്‌നേഹത്തോടെ നമുക്ക്‌ ഈ ഉപദേശം തരുന്നു: “ഓരോരുത്തരും സ്വന്തം പ്രവൃത്തി വിലയിരുത്തട്ടെ. അപ്പോൾ, തന്നെ മറ്റാരുമായും താരതമ്യപ്പെടുത്താതെ തന്നിൽത്തന്നെ അഭിമാനിക്കാൻ അയാൾക്കു വകയുണ്ടാകും.”—ഗലാ. 6:4.

3. നിങ്ങൾക്കു സന്തോഷം തോന്നുന്ന എന്ത്‌ ആത്മീയപുരോഗതിയാണു നിങ്ങൾ വരുത്തിയിട്ടുള്ളത്‌?

3 സ്വന്തം ആത്മീയപുരോഗതിയിൽ നിങ്ങൾ സന്തോഷിക്കാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. ഉദാഹരണത്തിന്‌, നിങ്ങൾ സ്‌നാനമേറ്റ ഒരാളാണെന്നിരിക്കട്ടെ. ആ ലക്ഷ്യത്തിൽ എത്തിച്ചേർന്നതിൽ നിങ്ങൾക്കു സന്തോഷിക്കാനാകും. അതു നിങ്ങളുടെ സ്വന്തം തീരുമാനമായിരുന്നു. യഹോവയോടുള്ള നിങ്ങളുടെ സ്‌നേഹമാണ്‌ അതിന്‌ പ്രേരിപ്പിച്ചത്‌. പിന്നെ അങ്ങോട്ട്‌ നിങ്ങൾ വരുത്തിയ പുരോഗതിയെക്കുറിച്ചും ഒന്നു ചിന്തിക്കുക. ഉദാഹരണത്തിന്‌, ബൈബിൾ വായിക്കാനും പഠിക്കാനും ഉള്ള നിങ്ങളുടെ ആഗ്രഹം കൂടുതൽ ശക്തമായിട്ടില്ലേ? മുമ്പത്തെക്കാൾ അധികമായി നിങ്ങൾ ഇപ്പോൾ മനസ്സു തുറന്ന്‌ യഹോവയോടു പ്രാർഥിക്കാൻ തുടങ്ങിയിട്ടില്ലേ? (സങ്കീ. 141:2) ഇനി, പ്രസംഗ പ്രവർത്തനത്തിൽ ആളുകളുമായി ഒരു സംഭാഷണം തുടങ്ങുന്നതിലും ശുശ്രൂഷയ്‌ക്കുവേണ്ടിയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലും ഉള്ള നിങ്ങളുടെ കഴിവ്‌ കൂടിയിട്ടില്ലേ? നിങ്ങൾ ഒരു ഭർത്താവോ ഭാര്യയോ മാതാവോ പിതാവോ ആണെങ്കിൽ ഒന്നു ചിന്തിക്കുക, യഹോവയുടെ സഹായത്താൽ നിങ്ങൾക്ക്‌ ഇപ്പോൾ ആ ഉത്തരവാദിത്വം കൂടുതൽ നന്നായി ചെയ്യാൻ കഴിയുന്നില്ലേ? ഇക്കാര്യങ്ങളിലെല്ലാം വരുത്താൻ കഴിഞ്ഞ പുരോഗതിയിൽ നിങ്ങൾക്കു സന്തോഷിക്കാനാകും.

4. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കുന്നത്‌?

4 സ്വന്തം ആത്മീയപുരോഗതിയിൽ സന്തോഷിക്കാൻ നമുക്കു മറ്റുള്ളവരെയും സഹായിക്കാം. തങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്‌ ഒഴിവാക്കാനും നമുക്ക്‌ അവരെ സഹായിക്കാം. ഇക്കാര്യങ്ങളിൽ മാതാപിതാക്കൾക്കു മക്കളെയും ഇണകൾക്കു തമ്മിൽ തമ്മിലും ഇനി മൂപ്പന്മാർക്കും മറ്റുള്ളവർക്കും തങ്ങളുടെ സഹോദരങ്ങളെയും എങ്ങനെ സഹായിക്കാമെന്ന്‌ ഈ ലേഖനത്തിലൂടെ നമ്മൾ പഠിക്കും. അവസാനമായി, നമ്മുടെ കഴിവുകൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ചുള്ള ലക്ഷ്യങ്ങൾ വെക്കാൻ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങളെക്കുറിച്ചും നമ്മൾ കാണും.

മാതാപിതാക്കൾക്കും വിവാഹയിണകൾക്കും എന്തു ചെയ്യാം?

മാതാപിതാക്കളെ, ഓരോ കുട്ടിയും ചെയ്യുന്ന നല്ല കാര്യങ്ങൾ നിങ്ങളെ എത്ര സന്തോഷിപ്പിക്കുന്നെന്ന്‌ അവരോടു പറയുക (5-6 ഖണ്ഡികകൾ കാണുക) *

5. എഫെസ്യർ 6:4 പറയുന്നതനുസരിച്ച്‌ മാതാപിതാക്കൾ എന്ത്‌ ഒഴിവാക്കണം?

5 മാതാപിതാക്കൾ ഒരിക്കലും ഒരു കുട്ടിയെ മറ്റൊരാളുമായി താരതമ്യം ചെയ്യരുത്‌. ഇനി, അവനോ അവൾക്കോ ചെയ്യാവുന്നതിൽ അപ്പുറം പ്രതീക്ഷിക്കുകയും അരുത്‌. അത്തരം താരതമ്യങ്ങളും പ്രതീക്ഷകളും ഒക്കെ കുട്ടികളെ നിരുത്സാഹിതരാക്കും. (എഫെസ്യർ 6:4 വായിക്കുക.) സച്ചിക്കോ * സഹോദരി പറയുന്നു: “ഞാൻ മറ്റു കുട്ടികളെക്കാളെല്ലാം കൂടുതൽ മാർക്ക്‌ മേടിക്കാൻ എന്റെ ടീച്ചർമാർ പ്രതീക്ഷിച്ചു. ഇനി, എന്റെ അമ്മയുടെ ചിന്തയും അതുതന്നെയായിരുന്നു. ഞാൻ അങ്ങനെ ചെയ്യുന്നെങ്കിൽ ടീച്ചർമാർക്കും വിശ്വാസത്തിൽ ഇല്ലാത്ത എന്റെ പിതാവിനും യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ നല്ല മതിപ്പു തോന്നാൻ ഇടയാകുമെന്ന്‌ അമ്മ പറഞ്ഞു. പരീക്ഷയ്‌ക്ക്‌ ഞാൻ നൂറിൽ നൂറു മാർക്ക്‌ മേടിക്കാൻ അമ്മ പ്രതീക്ഷിച്ചു. എന്നെക്കൊണ്ട്‌ ഒരിക്കലും പറ്റാത്ത കാര്യമായിരുന്നു അത്‌. എന്റെ സ്‌കൂൾപഠനമൊക്കെ കഴിഞ്ഞിട്ട്‌ ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എങ്കിലും ‘ഞാൻ എത്രതന്നെ നന്നായി കാര്യങ്ങൾ ചെയ്‌താലും യഹോവയെ സന്തോഷിപ്പിക്കാൻ അതു പോരാ’ എന്നൊരു ചിന്ത ഇടയ്‌ക്കിടെ എന്നെ അലട്ടാറുണ്ട്‌.”

6. സങ്കീർത്തനം 131:1, 2-ൽനിന്ന്‌ മാതാപിതാക്കൾക്ക്‌ എന്തു പഠിക്കാം?

6 സങ്കീർത്തനം 131:1, 2-ൽ (വായിക്കുക.) മാതാപിതാക്കൾക്കു ശ്രദ്ധിക്കാവുന്ന വളരെ പ്രധാനപ്പെട്ട ഒരു പാഠം കാണാം. അവിടെ ദാവീദ്‌ രാജാവ്‌ പറഞ്ഞത്‌ താൻ ‘വലിയവലിയ കാര്യങ്ങൾ മോഹിച്ചില്ല; എത്തിപ്പിടിക്കാനാകാത്ത കാര്യങ്ങൾ ആശിച്ചില്ല’ എന്നാണ്‌. അദ്ദേഹത്തിന്റെ താഴ്‌മയും എളിമയും അദ്ദേഹത്തിനു ‘ശാന്തതയും സമാധാനവും’ നൽകി. ദാവീദിന്റെ വാക്കുകളിൽനിന്ന്‌ മാതാപിതാക്കൾക്ക്‌ എന്തു പഠിക്കാം? തങ്ങളിൽനിന്നുതന്നെയും മക്കളിൽനിന്നും ആവശ്യത്തിലേറെ പ്രതീക്ഷിക്കാതിരുന്നുകൊണ്ട്‌ അവർക്കു താഴ്‌മയും എളിമയും ഉള്ളവരായിരിക്കാം. മക്കളുടെ കഴിവുകളും കുറവുകളും തിരിച്ചറിഞ്ഞ്‌ അതനുസരിച്ചുള്ള ലക്ഷ്യങ്ങൾ വെക്കാൻ അവരെ സഹായിക്കുക. അങ്ങനെ ചെയ്യുമ്പോൾ തങ്ങളെ ഒന്നിനും കൊള്ളില്ല എന്നൊരു ചിന്ത അവർക്കു വരില്ല. മരീന സഹോദരി പറയുന്നു: “എനിക്കു മൂന്ന്‌ ആങ്ങളമാരാണുള്ളത്‌. എന്റെ അമ്മ ഒരിക്കലും അവരുമായിട്ടോ മറ്റു കുട്ടികളുമായിട്ടോ എന്നെ താരതമ്യം ചെയ്‌തിട്ടില്ല. ഓരോരുത്തർക്കും വ്യത്യസ്‌തമായ കഴിവുകളാണുള്ളതെന്നും എല്ലാവരും യഹോവയ്‌ക്കു വിലപ്പെട്ടവരാണെന്നും അമ്മ എന്നെ പഠിപ്പിച്ചു. അതുകൊണ്ടുതന്നെ പൊതുവേ മറ്റാരുമായും ഞാൻ എന്നെ താരതമ്യം ചെയ്യാറില്ല.”

7-8. ഭർത്താവിന്‌ എങ്ങനെ ഭാര്യയോട്‌ ആദരവ്‌ കാണിക്കാം?

7 ഒരു ക്രിസ്‌തീയ ഭർത്താവ്‌ തന്റെ ഭാര്യയോട്‌ ആദരവോടെ പെരുമാറണം. (1 പത്രോ. 3:7) ആദരിക്കുക എന്നു പറഞ്ഞാൽ ഒരാൾക്കു പ്രത്യേക ശ്രദ്ധ കൊടുക്കുക, അവരെ ബഹുമാനിക്കുക എന്നൊക്കെയാണ്‌ അർഥം. വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയോടെന്നപോലെ ഭാര്യയോട്‌ ഇടപെട്ടുകൊണ്ട്‌ ഭർത്താവിന്‌ അവളെ ആദരിക്കാനാകും. അങ്ങനെയൊരു ഭർത്താവ്‌ അവൾക്കു പറ്റാത്തതൊന്നും അവളിൽനിന്ന്‌ ആവശ്യപ്പെടില്ല. തന്റെ ഭാര്യയെ മറ്റു സ്‌ത്രീകളുമായി താരതമ്യം ചെയ്യുകയുമില്ല. ഭർത്താവ്‌ അങ്ങനെ താരതമ്യം ചെയ്‌താൽ ഒരു ഭാര്യക്ക്‌ എന്തായിരിക്കും തോന്നുക? റോസ സഹോദരിയുടെ സാക്ഷിയല്ലാത്ത ഭർത്താവ്‌ മിക്കപ്പോഴും അങ്ങനെ ചെയ്യാറുണ്ട്‌. അദ്ദേഹത്തിന്റെ ക്രൂരമായ വാക്കുകൾ സഹോദരിയെ വിഷമിപ്പിച്ചെന്നു മാത്രമല്ല തന്നെ ആരും സ്‌നേഹിക്കുന്നില്ലെന്നു ചിന്തിക്കാനും ഇടയാക്കി. “യഹോവ എന്നെ വളരെ വിലയേറിയവളായി കാണുന്നെന്ന കാര്യം എന്നെ കൂടെക്കൂടെ ഓർമിപ്പിക്കേണ്ടതുണ്ടായിരുന്നു” എന്നു സഹോദരി പറയുന്നു. എന്നാൽ ക്രിസ്‌തീയ ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരോട്‌ ആദരവ്‌ കാണിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ ഭാര്യയുമായും യഹോവയുമായും നല്ല ബന്ധം നിലനിറുത്താനാകുമെന്ന്‌ അവർക്ക്‌ അറിയാം. *

8 ഭാര്യയെ ആദരിക്കുന്ന ഒരു ഭർത്താവ്‌ മറ്റുള്ളവരുടെ മുന്നിൽവെച്ച്‌ അവളെ പ്രശംസിക്കും. (സുഭാ. 31:28) ഇനി, താൻ അവളെ എത്രമാത്രം സ്‌നേഹിക്കുന്നെന്നും അവൾ തനിക്ക്‌ എത്ര വിലപ്പെട്ടവളാണെന്നും അവളോടു പറയും. കഴിഞ്ഞ ലേഖനത്തിൽ കണ്ട കാതറീനയുടെ ഭർത്താവ്‌ അതാണു ചെയ്‌തത്‌. തന്നെ ഒന്നിനും കൊള്ളില്ല എന്ന ചിന്ത മറികടക്കാൻ അദ്ദേഹം അവളെ സഹായിച്ചു. കാതറീന ഒരു കുട്ടിയായിരുന്നപ്പോൾ അവളുടെ അമ്മ എപ്പോഴും അവളെ ഇടിച്ചുതാഴ്‌ത്തി സംസാരിക്കുമായിരുന്നു. അവളുടെ കൂട്ടുകാരികൾ ഉൾപ്പെടെ മറ്റു പെൺകുട്ടികളുമായി മിക്കപ്പോഴും അവളെ താരതമ്യം ചെയ്യുന്ന രീതിയും അമ്മയ്‌ക്കുണ്ടായിരുന്നു. അതുകൊണ്ട്‌ കാതറീന തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാൻതുടങ്ങി. ഒരു യഹോവയുടെ സാക്ഷിയായിത്തീർന്നശേഷവും സഹോദരി ആ രീതി തുടർന്നു. എന്നാൽ ആ ചിന്ത ഒക്കെ മാറ്റി തന്നെക്കുറിച്ച്‌ ശരിയായ ഒരു കാഴ്‌ചപ്പാട്‌ ഉണ്ടായിരിക്കാൻ സഹോദരിയുടെ സാക്ഷിയായ ഭർത്താവ്‌ സഹായിച്ചു. സഹോദരി പറയുന്നു: “അദ്ദേഹം എന്നെ ഒരുപാട്‌ സ്‌നേഹിക്കുന്നു. ഞാൻ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക്‌ അദ്ദേഹം എന്നെ അഭിനന്ദിക്കുന്നു, എനിക്കുവേണ്ടി പ്രാർഥിക്കുന്നു. അദ്ദേഹം യഹോവയുടെ മനോഹരമായ ഗുണങ്ങളെക്കുറിച്ച്‌ എന്നെ ഓർമിപ്പിക്കുകയും തെറ്റായ ചിന്തകൾ തിരുത്താൻ എന്നെ സഹായിക്കുകയും ചെയ്യുന്നു.”

മൂപ്പന്മാർക്കും മറ്റുള്ളവർക്കും എന്തു ചെയ്യാം?

9-10. മൂപ്പന്മാർ സ്‌നേഹത്തോടെ ഒരു സഹോദരിയെ സഹായിച്ചത്‌ എങ്ങനെ?

9 തങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന രീതി ഉള്ളവരെ സഹായിക്കാൻ മൂപ്പന്മാർക്ക്‌ എന്തു ചെയ്യാം? ഹാനൂനി സഹോദരിയുടെ അനുഭവം നോക്കാം. കുട്ടിയായിരുന്നപ്പോൾ ആരും സഹോദരിയെ കാര്യമായി അഭിനന്ദിച്ചിട്ടില്ല. സഹോദരി പറയുന്നു: “ഞാൻ പൊതുവേ ഒരു നാണക്കാരിയായിരുന്നു. മറ്റു കുട്ടികളൊക്കെ എന്നെക്കാൾ മിടുക്കരാണെന്നാണു ഞാൻ എപ്പോഴും ചിന്തിച്ചിരുന്നത്‌. കുട്ടിക്കാലം മുതലേ എന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന ഒരു രീതി എനിക്കുണ്ടായിരുന്നു.” സത്യം പഠിച്ച ശേഷവും സഹോദരി അങ്ങനെ ചെയ്യുമായിരുന്നു. അതുകൊണ്ട്‌ സഭയിൽ താൻ ചെയ്യുന്ന കാര്യങ്ങളൊക്കെ ഒട്ടും വിലയില്ലാത്തതാണെന്നു സഹോദരിക്കു തോന്നി. എന്നാൽ സഹോദരി ഇപ്പോൾ സന്തോഷത്തോടെ മുൻനിരസേവനം ചെയ്യുന്നു. തന്റെ മനോഭാവത്തിന്‌ മാറ്റം വരുത്താൻ സഹോദരിയെ സഹായിച്ചത്‌ എന്താണ്‌?

10 മൂപ്പന്മാർ സ്‌നേഹത്തോടെ തന്നെ സഹായിച്ചതായി ഹാനൂനി സഹോദരി പറയുന്നു. സഹോദരിയെ സഭയ്‌ക്കു വളരെ ആവശ്യമുണ്ടെന്ന്‌ അവർ പറഞ്ഞു. സഹോദരിയുടെ വിശ്വസ്‌തമായ മാതൃകയെ അവർ അഭിനന്ദിച്ചു. സഹോദരി പറയുന്നു: “ഒന്നു രണ്ടു തവണ പ്രോത്സാഹനം ആവശ്യമുള്ള ചില സഹോദരിമാരെ സഹായിക്കാൻ മൂപ്പന്മാർ എന്നോട്‌ ആവശ്യപ്പെട്ടു. മറ്റുള്ളവർക്ക്‌ എന്നെക്കൊണ്ട്‌ പ്രയോജനമുണ്ടെന്ന്‌ അപ്പോൾ എനിക്കു തോന്നി. ചെറുപ്പക്കാരായ ചില സഹോദരിമാരെ ഞാൻ പ്രോത്സാഹിപ്പിച്ചതിനു മൂപ്പന്മാർ എന്നോടു നന്ദി പറഞ്ഞതു ഞാൻ ഇപ്പോഴും ഓർക്കുന്നു. അവർ 1 തെസ്സലോനിക്യർ 1:2, 3-ഉം എന്നെ വായിച്ചുകേൾപ്പിച്ചു. എനിക്ക്‌ അപ്പോൾ എത്ര സന്തോഷം തോന്നിയെന്നോ! സഭയിൽ എന്നെക്കൊണ്ട്‌ ഉപകാരമുണ്ടെന്നു തോന്നാൻ സ്‌നേഹമുള്ള ആ മൂപ്പന്മാർ ശരിക്കും എന്നെ സഹായിച്ചു.”

11. യശയ്യ 57:15 പറയുന്നതുപോലെ ‘എളിയവരെയും മനസ്സു തകർന്നവരെയും’ നമുക്ക്‌ എങ്ങനെ സഹായിക്കാം?

11 യശയ്യ 57:15 വായിക്കുക. ‘എളിയവരെയും മനസ്സു തകർന്നവരെയും’ കുറിച്ച്‌ യഹോവയ്‌ക്ക്‌ ഒരുപാടു ചിന്തയുണ്ട്‌. നമ്മുടെ പ്രിയ സഹോദരീസഹോദരന്മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്വം മൂപ്പന്മാർക്കു മാത്രമല്ല എല്ലാവർക്കുമുണ്ട്‌. അവരെ പ്രോത്സാഹിപ്പിക്കാനുള്ള ഒരുവിധം അവരിൽ ആത്മാർഥമായ താത്‌പര്യം കാണിക്കുക എന്നതാണ്‌. യഹോവ തന്റെ ആടുകളെ എത്രമാത്രം സ്‌നേഹിക്കുന്നെന്നു നമ്മളിലൂടെ അവർ അറിയാൻ യഹോവ ആഗ്രഹിക്കുന്നു. (സുഭാ. 19:17) ഇനി, താഴ്‌മയുള്ളവരായിരിക്കുന്നതും നമ്മുടെ കഴിവുകളെക്കുറിച്ച്‌ പൊങ്ങച്ചം പറയാതിരിക്കുന്നതും സഹോദരങ്ങളോടു സ്‌നേഹം കാണിക്കാനുള്ള ഒരു വിധമാണ്‌. കാരണം നമ്മളിലേക്കുതന്നെ അനാവശ്യശ്രദ്ധ ആകർഷിച്ചുകൊണ്ട്‌ അവരിൽ അസൂയ ജനിപ്പിക്കാൻ നമ്മൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല. പകരം, നമ്മുടെ അറിവും പ്രാപ്‌തികളും ഒക്കെ പരസ്‌പരം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി നമുക്ക്‌ ഉപയോഗിക്കാം.—1 പത്രോ. 4:10, 11.

താൻ ശിഷ്യന്മാരെക്കാൾ വലിയവനാണെന്ന മട്ടിൽ യേശു ഒരിക്കലും അവരോട്‌ ഇടപെട്ടില്ല. അതുകൊണ്ടുതന്നെ അവർ യേശുവിന്റെ കൂടെയായിരിക്കാൻ ആഗ്രഹിച്ചു. കൂട്ടുകാരോടൊപ്പമായിരിക്കാൻ യേശുവിനും ഇഷ്ടമായിരുന്നു (12-ാം ഖണ്ഡിക കാണുക)

12. സാധാരണക്കാരായ ആളുകൾ യേശുവിന്റെകൂടെ ആയിരിക്കാൻ ഇഷ്ടപ്പെട്ടത്‌ എന്തുകൊണ്ട്‌? (പുറംതാളിലെ ചിത്രം കാണുക.)

12 യേശു തന്റെ ശിഷ്യന്മാരോട്‌ ഇടപെട്ട വിധത്തിൽനിന്ന്‌ മറ്റുള്ളവരോട്‌ എങ്ങനെ ഇടപെടണം എന്നതിനെക്കുറിച്ച്‌ നമുക്കു പലതും പഠിക്കാനാകും. ഈ ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യനായിരുന്നു യേശു. എന്നിട്ടും യേശു “സൗമ്യനും താഴ്‌മയുള്ളവനും” ആയിരുന്നു. (മത്താ. 11:28-30) യേശു ഒരിക്കലും തനിക്ക്‌ എത്രമാത്രം അറിവും കഴിവും ഉണ്ടെന്നു വീമ്പിളക്കുകയോ അതു മറ്റുള്ളവരുടെ മുന്നിൽ കാണിക്കാൻ ശ്രമിക്കുകയോ ചെയ്‌തില്ല. പകരം വളരെ ലളിതമായ ഭാഷയും എല്ലാവർക്കും മനസ്സിലാകുന്ന ദൃഷ്ടാന്തങ്ങളും ഉപയോഗിച്ച്‌ കേൾവിക്കാരുടെ ഹൃദയത്തെ തൊടുന്ന രീതിയിലാണു യേശു പഠിപ്പിച്ചത്‌. (ലൂക്കോ. 10:21) അക്കാലത്തെ അഹങ്കാരികളായ മതനേതാക്കന്മാരെപ്പോലെയായിരുന്നില്ല യേശു. അവർ ആളുകളെ ഒട്ടും വിലയില്ലാത്തവരായിട്ടാണു കണ്ടിരുന്നത്‌. എന്നാൽ യേശു സാധാരണക്കാരോടുപോലും വളരെ ആദരവോടെ ഇടപെട്ടു. ദൈവമുമ്പാകെ അവർ വളരെ വിലയേറിയവരാണെന്നു കാണിച്ചുകൊടുത്തു.—യോഹ. 6:37.

13. യേശു തന്റെ ശിഷ്യന്മാരോടു ദയയോടെയും സ്‌നേഹത്തോടെയും ആണ്‌ ഇടപെട്ടതെന്നു നമുക്ക്‌ എങ്ങനെ അറിയാം?

13 യേശു എത്ര ദയയും സ്‌നേഹവും ഉള്ള ആളായിരുന്നെന്നു ശിഷ്യന്മാരോടുള്ള യേശുവിന്റെ ഇടപെടലിൽനിന്ന്‌ നമുക്കു കാണാനാകും. ഓരോരുത്തരുടെയും പ്രാപ്‌തികളും സാഹചര്യങ്ങളും ഒക്കെ വ്യത്യസ്‌തമാണെന്നു യേശുവിന്‌ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവർക്കും ഒരേ ഉത്തരവാദിത്വങ്ങൾ വഹിക്കാനോ പ്രസംഗപ്രവർത്തനത്തിൽ ഒരേ അളവിൽ പ്രവർത്തിക്കാനോ കഴിയില്ലെന്നു യേശു മനസ്സിലാക്കി. എന്നാൽ ഓരോരുത്തരും അവരുടെ കഴിവിന്റെ പരമാവധി ചെയ്‌തത്‌ യേശു വിലമതിച്ചു. താലന്തുകളെക്കുറിച്ചുള്ള യേശുവിന്റെ ഉപമയിൽനിന്ന്‌ നമുക്ക്‌ അതു മനസ്സിലാക്കാം. ആ ദൃഷ്ടാന്തത്തിൽ “ഓരോരുത്തർക്കും അവരുടെ പ്രാപ്‌തിയനുസരിച്ചാണു” യജമാനൻ താലന്തുകൾ കൊടുത്തത്‌. നല്ല അടിമകളിൽ ഒരാൾ മറ്റേ ആളെക്കാൾ കൂടുതൽ സമ്പാദിച്ചു. എന്നാൽ യജമാനൻ രണ്ടു പേരെയും ഒരുപോലെയാണ്‌ അഭിനന്ദിച്ചത്‌. “കൊള്ളാം! നീ വിശ്വസ്‌തനായ ഒരു നല്ല അടിമയാണ്‌”എന്നു രണ്ടു പേരോടും പറഞ്ഞു.—മത്താ. 25:14-23.

14. യേശു മറ്റുള്ളവരോട്‌ ഇടപെട്ട വിധം നമുക്ക്‌ എങ്ങനെ അനുകരിക്കാം?

14 യേശു നമ്മളോടും ദയയോടെയും സ്‌നേഹത്തോടെയും ആണ്‌ ഇടപെടുന്നത്‌. നമ്മുടെ ഓരോരുത്തരുടെയും പ്രാപ്‌തികളും സാഹചര്യങ്ങളും വ്യത്യസ്‌തമാണെന്നു യേശുവിന്‌ അറിയാം. നമ്മൾ നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യുമ്പോൾ യേശു അതിൽ സന്തോഷിക്കുന്നു. മറ്റുള്ളവരോടുള്ള ഇടപെടലിൽ നമ്മളും യേശുവിന്റെ ഈ മാതൃക അനുകരിക്കണം. മറ്റുള്ളവരെപ്പോലെ ചെയ്യാൻ കഴിയാത്തതിന്റെ പേരിൽ നമ്മുടെ സഹവിശ്വാസികളിൽ ആർക്കെങ്കിലും സങ്കടം തോന്നാനോ തങ്ങൾ വിലയില്ലാത്തവരാണെന്ന്‌ അവർ ചിന്തിക്കാനോ ഒന്നും നമ്മൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ യഹോവയുടെ സേവനത്തിൽ അവർ തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്നതിന്‌ അവരെ എപ്പോഴും അഭിനന്ദിക്കാൻ നമ്മൾ ശ്രമിക്കണം.

നമ്മുടെ കഴിവിനനുസരിച്ചുള്ള ലക്ഷ്യങ്ങൾ വെക്കുക

നിങ്ങളുടെ പ്രാപ്‌തിക്കനുസരിച്ചുള്ള ലക്ഷ്യങ്ങൾവെച്ച്‌ അതിൽ എത്തിച്ചേരുക. അപ്പോൾ നിങ്ങൾക്കു സന്തോഷം കിട്ടും (15-16 ഖണ്ഡികകൾ കാണുക) *

15-16. തന്റെ കഴിവിനനുസരിച്ചുള്ള ലക്ഷ്യങ്ങൾ വെച്ച്‌ പ്രവർത്തിച്ചത്‌ ഒരു സഹോദരിയെ എങ്ങനെയാണു സഹായിച്ചത്‌?

15 യഹോവയുടെ സേവനത്തിൽ ലക്ഷ്യങ്ങൾ വെച്ച്‌ പ്രവർത്തിക്കുമ്പോൾ നമ്മുടെ ജീവിതത്തിന്‌ ഒരു ഉദ്ദേശ്യമുണ്ടാകും. സന്തോഷവും സംതൃപ്‌തിയും നേടാനാകും. എന്നാൽ നമ്മൾ നമ്മുടെ കഴിവും സാഹചര്യവും ഒക്കെ നോക്കിയിട്ടു വേണം ലക്ഷ്യങ്ങൾ വെക്കാൻ. അല്ലാതെ മറ്റുള്ളവർ എന്തു ചെയ്യുന്നു എന്നതു നോക്കിയിട്ടായിരിക്കരുത്‌. കാരണം നമ്മൾ അങ്ങനെ ചെയ്‌താൽ നമുക്ക്‌ ആകെ നിരാശയും നിരുത്സാഹവും ഒക്കെ തോന്നും. (ലൂക്കോ. 14:28) ഒരു മുൻനിരസേവികയായ മിഡോരി സഹോദരിയുടെ അനുഭവം നമുക്കു നോക്കാം.

16 മിഡോരി സഹോദരിയുടെ അപ്പൻ ഒരു സാക്ഷിയായിരുന്നില്ല. സഹോദരിയുടെ ചെറുപ്പകാലത്ത്‌ അപ്പൻ അവളെ ഇളയ കുട്ടികളുമായും കൂടെ പഠിക്കുന്നവരുമായും ഒക്കെ എപ്പോഴും താരതമ്യം ചെയ്യുമായിരുന്നു. സഹോദരി പറയുന്നു: “എന്നെ ഒന്നിനും കൊള്ളില്ലെന്ന്‌ എനിക്കു തോന്നി.” എന്നാൽ വലുതായപ്പോൾ സഹോദരിയുടെ അത്തരം ചിന്തകൾ ഒക്കെ മാറി. അതിനു തന്നെ സഹായിച്ചത്‌ എന്താണെന്നു സഹോദരി പറയുന്നു. “ദിവസവും ബൈബിൾ വായിക്കുന്ന ഒരു ശീലം എനിക്കുണ്ട്‌. യഹോവ എന്നെ ഒരുപാടു സ്‌നേഹിക്കുന്നുണ്ടെന്നു തിരിച്ചറിയാനും സന്തോഷം കണ്ടെത്താനും അത്‌ എന്നെ സഹായിച്ചു.” അതു കൂടാതെ, സഹോദരി തന്റെ കഴിവിനനുസരിച്ചുള്ള ലക്ഷ്യങ്ങൾ വെച്ചു. എന്നിട്ട്‌ ആ ലക്ഷ്യങ്ങളിൽ എത്താൻ തന്നെ സഹായിക്കണേ എന്ന്‌ യഹോവയോടു പ്രത്യേകമായി പ്രാർഥിച്ചു. അങ്ങനെ യഹോവയുടെ സേവനത്തിൽ തനിക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ സന്തോഷിക്കാൻ സഹോദരിക്കു സാധിച്ചു.

എപ്പോഴും യഹോവയ്‌ക്കു നിങ്ങളുടെ ഏറ്റവും നല്ലതു കൊടുക്കുക

17. നമുക്ക്‌ എങ്ങനെ ‘നമ്മുടെ ചിന്താരീതി പുതുക്കിക്കൊണ്ടേയിരിക്കാം,’ എന്തായിരിക്കും അതിന്റെ ഫലം?

17 നമ്മളെ ഒന്നിനും കൊള്ളില്ല എന്നതുപോലുള്ള ചിന്തകൾ മാറ്റിയെടുക്കുന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. അതിനു സമയമെടുക്കും. അതുകൊണ്ടാണ്‌ “നിങ്ങളുടെ ചിന്താരീതി പുതുക്കിക്കൊണ്ടേയിരിക്കുക” എന്ന്‌ യഹോവ നമ്മളോടു പറയുന്നത്‌. (എഫെ. 4:23, 24) അതിനുവേണ്ടി നമ്മൾ പ്രാർഥിക്കുകയും ദൈവവചനം പഠിക്കുകയും ധ്യാനിക്കുകയും ഒക്കെ വേണം. അതു നമ്മൾ തുടർച്ചയായി ചെയ്യണം. സഹായത്തിനുവേണ്ടി യഹോവയിൽ ആശ്രയിക്കുകയും വേണം. മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യാനുള്ള ഒരു ചായ്‌വ്‌ നമുക്കുണ്ടെങ്കിൽ അതിനെ മറികടക്കാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ നമ്മളെ സഹായിക്കും. ഇനി, നമ്മുടെ ഹൃദയത്തിൽ അസൂയയോ അഹങ്കാരമോ വളരാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ അതു തിരിച്ചറിയാനും എത്രയും പെട്ടെന്ന്‌ അവ പിഴുതെറിയാനും യഹോവയ്‌ക്കു നമ്മളെ സഹായിക്കാനാകും.

18. 2 ദിനവൃത്താന്തം 6:29, 30-ലെ വാക്കുകൾ നമുക്ക്‌ ആശ്വാസം തരുന്നത്‌ എങ്ങനെ?

18 നമ്മൾ എന്തു ചിന്തിക്കുന്നു, നമുക്ക്‌ എന്തു തോന്നുന്നു എന്നതെല്ലാം യഹോവയ്‌ക്ക്‌ അറിയാം. (2 ദിനവൃത്താന്തം 6:29, 30 വായിക്കുക.) ഈ ലോകത്തിന്റെ മോശമായ ചിന്തകൾക്കെതിരെയും തെറ്റു ചെയ്യാനുള്ള നമ്മുടെതന്നെ ചായ്‌വുകൾക്കെതിരെയും നമ്മൾ പോരാടുന്നതും യഹോവ കാണുന്നുണ്ട്‌. നമ്മുടെ ആ ശ്രമങ്ങൾ ഒക്കെ കാണുമ്പോൾ യഹോവയ്‌ക്കു നമ്മളോടുള്ള സ്‌നേഹം കൂടും.

19. യഹോവയ്‌ക്കു നമ്മളോടുള്ള സ്‌നേഹം മനസ്സിലാക്കാനായി എന്തു ദൃഷ്ടാന്തമാണ്‌ യഹോവ ഉപയോഗിച്ചിരിക്കുന്നത്‌?

19 യഹോവയ്‌ക്കു നമ്മളോടുള്ള സ്‌നേഹം മനസ്സിലാക്കാൻ ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച്‌ പറയുന്ന ഒരു ദൃഷ്ടാന്തം യഹോവ ഉപയോഗിച്ചിട്ടുണ്ട്‌. (യശ. 49:15) റെയ്‌ച്ചൽ എന്ന ഒരമ്മയുടെ അനുഭവം നമുക്കു നോക്കാം. ആ സഹോദരി പറയുന്നു: “എന്റെ മോൾ സ്റ്റെഫാനി മാസം തികയാതെയാണു ജനിച്ചത്‌. ഞാൻ ആദ്യം അവളെ കാണുമ്പോൾ അവൾക്ക്‌ ഒട്ടും വലുപ്പം ഇല്ലായിരുന്നു. ‘കൈവെള്ളയിൽ ഒതുങ്ങുന്നത്ര’ പൊടിക്കുഞ്ഞ്‌. ആദ്യത്തെ ഒരു മാസം അവൾ നഴ്‌സുമാരുടെ പരിചരണയിലായിരുന്നു. എന്നിട്ടും ദിവസവും അവളെ ഒന്നെടുക്കാൻ ഡോക്ടർ എനിക്ക്‌ അനുവാദം തന്നു. എന്റെ കുഞ്ഞിനെ ചേർത്തുപിടിക്കുന്ന ഓരോ നിമിഷവും ഞങ്ങൾ തമ്മിലുള്ള അടുപ്പം കൂടിക്കൊണ്ടിരുന്നു. അവൾക്ക്‌ ഇപ്പോൾ ആറു വയസ്സായി. ആ പ്രായത്തിലുള്ള മറ്റു കുട്ടികളെക്കാളെല്ലാം അവൾ ചെറുതാണ്‌. എങ്കിലും എന്റെ പൊന്നോമനയോട്‌ എനിക്ക്‌ എത്ര സ്‌നേഹമാണെന്നോ! കാരണം ജീവനോടിരിക്കാൻവേണ്ടി അവൾ അന്ന്‌ ഒരുപാടു പോരാടി. അങ്ങനെ അവൾ എന്റെ ജീവിതത്തിൽ സന്തോഷം നിറച്ചു.” യഹോവയെ സേവിക്കുന്നതിനുവേണ്ടി നമ്മൾ നമ്മുടെ കഴിവിന്റെ പരമാവധി പ്രവർത്തിക്കുമ്പോൾ ഇതുപോലുള്ള ഒരു സ്‌നേഹമാണ്‌ യഹോവയ്‌ക്കു നമ്മളോടും തോന്നുന്നത്‌. അത്‌ അറിയുന്നത്‌ എത്ര ആശ്വാസമാണ്‌!

20. യഹോവയ്‌ക്കു സമർപ്പിച്ച ഒരാളെന്ന നിലയിൽ സന്തോഷിക്കാൻ നിങ്ങൾക്ക്‌ എന്തു കാരണമുണ്ട്‌?

20 യഹോവയുടെ ദാസരായ നിങ്ങൾ ഓരോരുത്തരും യഹോവയുടെ കുടുംബത്തിലെ വേണ്ടപ്പെട്ട അംഗങ്ങളാണ്‌. നിങ്ങൾക്കു പകരം വെക്കാൻ മറ്റൊരാളില്ല. മറ്റുള്ളവരെക്കാൾ എന്തെങ്കിലും കഴിവുകളുണ്ടായിട്ടല്ല യഹോവ നിങ്ങളെ തന്നിലേക്ക്‌ ആകർഷിച്ചത്‌. യഹോവ നിങ്ങളുടെ ഹൃദയത്തിലേക്കു നോക്കിയപ്പോൾ നിങ്ങൾ താഴ്‌മയുള്ള ആളാണെന്നും തന്നിൽനിന്ന്‌ പഠിക്കാനും വേണ്ട മാറ്റങ്ങൾ വരുത്താനും തയ്യാറാണെന്നും യഹോവ കണ്ടു. (സങ്കീ. 25:9) യഹോവയെ സേവിക്കുന്നതിനു നിങ്ങൾ കഴിവിന്റെ പരമാവധി ചെയ്യുമ്പോൾ യഹോവയ്‌ക്ക്‌ ഒരുപാടു സന്തോഷമാകുമെന്ന്‌ ഓർക്കുക. നിങ്ങൾ വിശ്വസ്‌തരായി സഹിച്ചുനിൽക്കുന്നതു നിങ്ങൾക്ക്‌ ‘ആത്മാർഥതയുള്ള നല്ലൊരു ഹൃദയം’ ഉണ്ട്‌ എന്നതിന്റെ തെളിവാണ്‌. (ലൂക്കോ. 8:15) അതുകൊണ്ട്‌ യഹോവയ്‌ക്ക്‌ നിങ്ങളുടെ ഏറ്റവും നല്ലതു കൊടുക്കുന്നതിൽ തുടരുക. അപ്പോൾ നിങ്ങൾക്കു ‘നിങ്ങളിൽത്തന്നെ’ സന്തോഷിക്കാൻ ധാരാളം കാരണങ്ങളുണ്ടാകും.

ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും

^ ഖ. 5 യഹോവ നമ്മളെ മറ്റാരുമായും താരതമ്യം ചെയ്യുന്നില്ല. എങ്കിലും നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാനുള്ള ഒരു ചായ്‌വ്‌ നമുക്കുണ്ടായിരുന്നേക്കാം. അങ്ങനെ ചെയ്യുമ്പോൾ നമ്മളെ ഒന്നിനും കൊള്ളില്ലെന്നു നമുക്കു തോന്നിയേക്കാം. ഈ ലേഖനത്തിൽ, നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിന്റെ കുഴപ്പം എന്താണെന്നു നമ്മൾ കാണും. കൂടാതെ, യഹോവ എങ്ങനെയാണു തങ്ങളെ കാണുന്നതെന്നു തിരിച്ചറിയാൻ കുടുംബാംഗങ്ങളെയും സഹോദരങ്ങളെയും സഹായിക്കാനാകുന്ന വിധവും നമ്മൾ ചർച്ച ചെയ്യും.

^ ഖ. 5 ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.

^ ഖ. 7 ഇവിടെ ഭർത്താക്കന്മാരെക്കുറിച്ചാണു പറയുന്നതെങ്കിലും ഈ തത്ത്വങ്ങൾ ഭാര്യമാരുടെ കാര്യത്തിലും ശരിയാണ്‌.

^ ഖ. 58 ചിത്രക്കുറിപ്പ്‌: കുടുംബാരാധനയുടെ സമയത്ത്‌ ഒരു കുടുംബം നോഹയുടെ പെട്ടകം ഉണ്ടാക്കുകയാണ്‌. അതിനുവേണ്ടി ഓരോ കുട്ടിയും ചെയ്‌തത്‌ ആ മാതാപിതാക്കളെ സന്തോഷിപ്പിച്ചു.

^ ഖ. 62 ചിത്രക്കുറിപ്പ്‌: സ്‌കൂളിൽ പോകാൻ പ്രായമാകാത്ത കുട്ടിയുള്ള ഒറ്റയ്‌ക്കുള്ള ഒരമ്മ സഹായ മുൻനിരസേവനം ചെയ്യാനായി ഒരു പട്ടിക തയ്യാറാക്കുന്നു. തനിക്ക്‌ അതു ചെയ്യാൻ കഴിഞ്ഞപ്പോൾ അമ്മയ്‌ക്ക്‌ ഒരുപാടു സന്തോഷമായി.