വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 31

യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കാൻ നിങ്ങൾ തയ്യാറാ​ണോ?

യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കാൻ നിങ്ങൾ തയ്യാറാ​ണോ?

“ദൈവ​ത്തി​നാ​യി ഞാൻ ക്ഷമയോ​ടെ കാത്തി​രി​ക്കും.”—മീഖ 7:7.

ഗീതം 128 അവസാ​ന​ത്തോ​ളം സഹിച്ചുനിൽക്കുക

പൂർവാവലോകനം *

1-2. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

നിങ്ങൾക്ക്‌ അത്യാ​വ​ശ്യ​മുള്ള ഒരു സാധനം ആരെങ്കി​ലും അയച്ചിട്ട്‌ നിങ്ങൾ പ്രതീ​ക്ഷി​ക്കുന്ന സമയത്ത്‌ അതു കൈയിൽ കിട്ടാ​തി​രു​ന്നാൽ നിങ്ങൾക്ക്‌ എന്തു തോന്നും? ആകെ സങ്കടമാ​കും അല്ലേ? സുഭാ​ഷി​തങ്ങൾ 13:12-ൽ പറയു​ന്നത്‌ എത്ര സത്യമാണ്‌! “പ്രതീ​ക്ഷകൾ നിറ​വേ​റാൻ വൈകു​മ്പോൾ ഹൃദയം തകരുന്നു.” എന്നാൽ നിങ്ങൾ പ്രതീ​ക്ഷിച്ച സമയത്ത്‌ സാധനം എത്താത്ത​തി​ന്റെ കാരണം അറിയു​ന്നെ​ങ്കി​ലോ? അപ്പോൾ ക്ഷമയോ​ടെ കാത്തി​രി​ക്കാൻ നിങ്ങൾ തയ്യാറാ​കും.

2 ‘ക്ഷമയോ​ടെ കാത്തി​രി​ക്കാൻ’ നമ്മളെ സഹായി​ക്കുന്ന ചില ബൈബിൾ തത്ത്വങ്ങ​ളെ​ക്കു​റിച്ച്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. (മീഖ 7:7) യഹോവ പ്രവർത്തി​ക്കു​ന്ന​തി​നു​വേണ്ടി കാത്തി​രി​ക്കേണ്ട രണ്ടു സാഹച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും നമ്മൾ ചർച്ച ചെയ്യും. ഇനി, ക്ഷമയോ​ടെ കാത്തി​രി​ക്കാൻ തയ്യാറു​ള്ള​വർക്ക്‌ യഹോവ നൽകാ​നി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചും നമ്മൾ കാണും.

ക്ഷമയോ​ടെ കാത്തി​രി​ക്കാൻ പഠിപ്പി​ക്കുന്ന ചില ബൈബിൾതത്ത്വങ്ങൾ

3. സുഭാ​ഷി​തങ്ങൾ 13:11-ൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

3 തിരക്കു​കൂ​ട്ടാ​തെ ക്ഷമയോ​ടി​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജനം മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ഒരു തിരു​വെ​ഴു​ത്താ​ണു സുഭാ​ഷി​തങ്ങൾ 13:11. അവിടെ പറയുന്നു: “പെട്ടെന്ന്‌ ഉണ്ടാക്കുന്ന സമ്പത്തു കുറഞ്ഞു​കു​റ​ഞ്ഞു​പോ​കും; എന്നാൽ അൽപ്പാൽപ്പ​മാ​യി നേടുന്ന സമ്പത്തു കൂടി​ക്കൂ​ടി​വ​രും.” ഇതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? വളരെ ശ്രദ്ധിച്ച്‌, ക്ഷമയോ​ടെ കാര്യങ്ങൾ ചെയ്യു​ന്നെ​ങ്കിൽ അതു​കൊണ്ട്‌ നല്ല ഫലമു​ണ്ടാ​കും.

4. സുഭാ​ഷി​തങ്ങൾ 4:18-ൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

4 സുഭാ​ഷി​തങ്ങൾ 4:18 പറയുന്നു: “നീതി​മാ​ന്മാ​രു​ടെ പാത പ്രഭാ​ത​ത്തിൽ തെളി​യുന്ന വെളി​ച്ചം​പോ​ലെ​യാണ്‌; നട്ടുച്ച​വരെ അതു കൂടു​തൽക്കൂ​ടു​തൽ തെളി​ഞ്ഞു​വ​രു​ന്നു.” ഈ വാക്കുകൾ യഹോവ തന്റെ ഉദ്ദേശ്യം നമുക്കു വെളി​പ്പെ​ടു​ത്തി​ത്ത​രുന്ന രീതി​യെ​യാ​ണു സൂചി​പ്പി​ക്കു​ന്നത്‌. പടിപ​ടി​യാ​യി​ട്ടാണ്‌ യഹോവ അതു ചെയ്യു​ന്നത്‌. ഒരു ക്രിസ്‌ത്യാ​നി തന്റെ ജീവി​ത​ത്തിൽ മാറ്റങ്ങ​ളൊ​ക്കെ വരുത്തി യഹോ​വ​യോ​ടു കൂടു​തൽക്കൂ​ടു​തൽ അടുക്കു​ന്നത്‌ എങ്ങനെ​യാ​ണെന്നു മനസ്സി​ലാ​ക്കാ​നും ഈ വാക്യം സഹായി​ക്കും. അത്‌ ഒറ്റയടി​ക്കു സംഭവി​ക്കുന്ന ഒരു കാര്യമല്ല. അതിനു സമയ​മെ​ടു​ക്കും. ദൈവം തന്റെ വചനത്തി​ലൂ​ടെ​യും സംഘട​ന​യി​ലൂ​ടെ​യും നമുക്ക്‌ ഉപദേ​ശങ്ങൾ തരുന്നുണ്ട്‌. അവ ആത്മാർഥ​മാ​യി പഠിക്കു​ക​യും അതിനു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും ചെയ്യു​മ്പോ​ഴാ​ണു പതി​യെ​പ്പ​തി​യെ നമ്മുടെ ജീവി​ത​ത്തിൽ ക്രിസ്‌തീ​യ​ഗു​ണങ്ങൾ വളരു​ന്ന​തും ദൈവ​ത്തെ​ക്കു​റി​ച്ചുള്ള അറിവ്‌ വർധി​ക്കു​ന്ന​തും. യേശു അത്‌ ഒരു ദൃഷ്ടാന്തം ഉപയോ​ഗിച്ച്‌ പറഞ്ഞത്‌ എങ്ങനെ​യാ​ണെന്നു നമുക്കു നോക്കാം.

ഒരു ചെടി അൽപ്പാൽപ്പ​മാ​യി വളരു​ന്ന​തു​പോ​ലെ രാജ്യ​സ​ന്ദേശം സ്വീക​രി​ക്കുന്ന ഒരു വ്യക്തി പടിപ​ടി​യാ​യി ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ന്നു (5-ാം ഖണ്ഡിക കാണുക)

5. ഒരു വ്യക്തി ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ സമയ​മെ​ടു​ക്കും എന്നു കാണി​ക്കാൻ യേശു ഏതു ദൃഷ്ടാ​ന്ത​മാണ്‌ ഉപയോ​ഗി​ച്ചത്‌?

5 നമ്മൾ അറിയി​ക്കുന്ന രാജ്യ​സ​ന്ദേ​ശ​ത്തി​ന്റെ വിത്ത്‌ ആത്മാർഥ​ഹൃ​ദ​യ​രായ ആളുക​ളു​ടെ ഉള്ളിൽ പതി​യെ​പ്പ​തി​യെ വളരു​ന്നത്‌ എങ്ങനെ​യാ​ണെന്നു യേശു ഒരു ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ വിശദീ​ക​രി​ച്ചു. യേശു പറഞ്ഞു: “വിത്തു മുളച്ച്‌ വളരു​ന്നത്‌ എങ്ങനെ​യെന്ന്‌ അയാൾ (വിതക്കാ​രൻ) അറിയു​ന്നില്ല. ആദ്യം നാമ്പ്‌, പിന്നെ കതിർ, ഒടുവിൽ കതിർ നിറയെ ധാന്യ​മ​ണി​കൾ. ഇങ്ങനെ, പടിപ​ടി​യാ​യി മണ്ണു സ്വയം ഫലം വിളയി​ക്കു​ന്നു.” (മർക്കോ. 4:27, 28) യേശു എന്താണ്‌ ഉദ്ദേശി​ച്ചത്‌? ഒരു ചെടി അൽപ്പാൽപ്പ​മാ​യി വളരു​ന്ന​തു​പോ​ലെ, രാജ്യ​സ​ന്ദേശം സ്വീക​രി​ക്കുന്ന ഒരാളും ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ന്നതു പടിപ​ടി​യാ​യി​ട്ടാ​യി​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, ഒരു ബൈബിൾവി​ദ്യാർഥി യഹോ​വ​യോ​ടു കൂടു​തൽക്കൂ​ടു​തൽ അടുക്കു​മ്പോൾ അദ്ദേഹം ജീവി​ത​ത്തിൽ നല്ലനല്ല മാറ്റങ്ങൾ വരുത്തു​ന്നതു നമുക്കു കാണാ​നാ​കും. (എഫെ. 4:22-24) എന്നാൽ ആ ചെറിയ വിത്ത്‌ വളർത്തു​ന്നത്‌ യഹോ​വ​യാ​ണെന്ന കാര്യം നമ്മൾ എപ്പോ​ഴും ഓർക്കണം.—1 കൊരി. 3:7.

6-7. യഹോവ ഭൂമിയെ സൃഷ്ടിച്ച വിധത്തിൽനി​ന്നും നമുക്ക്‌ എന്തു പഠിക്കാം?

6 യഹോവ ഒരു കാര്യം ചെയ്യു​മ്പോൾ അത്‌ ഏറ്റവും നന്നായി പൂർത്തി​യാ​ക്കു​ന്ന​തിന്‌, ഒട്ടും തിരക്കു​കൂ​ട്ടാ​തെ ആവശ്യ​ത്തി​നു സമയ​മെ​ടു​ത്താ​ണു ചെയ്യു​ന്നത്‌. ദൈവ​നാ​മ​ത്തി​ന്റെ മഹത്ത്വ​ത്തി​നും മറ്റുള്ള​വ​രു​ടെ പ്രയോ​ജ​ന​ത്തി​നും വേണ്ടി​യാ​ണു ദൈവം അങ്ങനെ ചെയ്യു​ന്നത്‌. അതിന്റെ നല്ലൊരു ഉദാഹ​ര​ണ​മാ​ണു മനുഷ്യർക്കു​വേണ്ടി ദൈവം ഭൂമിയെ ഒരുക്കിയ വിധം. പടിപ​ടി​യാ​യി​ട്ടാണ്‌ യഹോവ അതു ചെയ്‌തത്‌.

7 യഹോവ ഭൂമിയെ സൃഷ്ടി​ച്ച​തി​നെ​ക്കു​റിച്ച്‌ വിവരി​ക്കു​മ്പോൾ ദൈവം അതിന്‌ ‘അളവുകൾ നിശ്ചയി​ച്ചെ​ന്നും’ അതിന്റെ ‘അടിസ്ഥാ​നം ഉറപ്പിച്ചു’ എന്നും അതിനു ‘മൂലക്കല്ല്‌ ഇട്ടു’ എന്നും ബൈബിൾ പറയുന്നു. (ഇയ്യോ. 38:5, 7) കൂടാതെ താൻ ചെയ്‌ത​തൊ​ക്കെ എങ്ങനെ​യു​ണ്ടെന്നു നോക്കാ​നും ദൈവം സമയ​മെ​ടു​ത്തു. (ഉൽപ. 1:10, 12) യഹോവ പടിപ​ടി​യാ​യി ഓരോ​ന്നും സൃഷ്ടി​ക്കു​ന്നതു കണ്ടപ്പോൾ ദൈവ​ദൂ​ത​ന്മാർക്ക്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും! ഒരു ഘട്ടത്തിൽ അവർ ‘ആനന്ദ​ഘോ​ഷം മുഴക്കി’ എന്നു നമ്മൾ വായി​ക്കു​ന്നു. (ഇയ്യോ. 38:6) ഇതിൽനി​ന്നെ​ല്ലാം യഹോ​വ​യെ​ക്കു​റിച്ച്‌ നമ്മൾ എന്താണു പഠിക്കു​ന്നത്‌? ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾകൊ​ണ്ടാണ്‌ യഹോവ നക്ഷത്ര​ങ്ങ​ളെ​യും ഭൂമി​യെ​യും അതിലെ ജീവജാ​ല​ങ്ങ​ളെ​യും ഒക്കെ സൃഷ്ടി​ച്ചത്‌. അതു​കൊണ്ട്‌ പ്രയോ​ജ​ന​മു​ണ്ടാ​യി. അവസാനം താൻ ശ്രദ്ധ​യോ​ടെ ഉണ്ടാക്കി​യ​തെ​ല്ലാം വിലയി​രു​ത്തി​യിട്ട്‌ ‘വളരെ നല്ലത്‌’ എന്നാണു ദൈവം പറഞ്ഞത്‌.—ഉൽപ. 1:31.

8. നമ്മൾ ഇനി എന്താണു പഠിക്കാൻ പോകു​ന്നത്‌?

8 നമ്മൾ കണ്ടു കഴിഞ്ഞ​തു​പോ​ലെ ക്ഷമയോ​ടെ കാത്തി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം വ്യക്തമാ​ക്കുന്ന ധാരാളം തത്ത്വങ്ങൾ ബൈബി​ളിൽ കാണാം. യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കേണ്ട രണ്ടു സാഹച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു നമ്മൾ ഇനി കാണാൻ പോകു​ന്നത്‌.

യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കേ​ണ്ടി​വ​ന്നേ​ക്കാ​വുന്ന ചില സാഹചര്യങ്ങൾ

9. യഹോ​വ​യ്‌ക്കാ​യി നമ്മൾ കാത്തി​രി​ക്കേ​ണ്ടി​വ​രുന്ന ഒരു സാഹച​ര്യം ഏതാണ്‌?

9 നമ്മുടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം കിട്ടു​ന്ന​തി​നാ​യി കാത്തി​രി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. ഒരു പരി​ശോ​ധ​നയെ നേരി​ടാ​നുള്ള ശക്തിക്കാ​യോ ഒരു ബലഹീ​ന​തയെ മറിക​ട​ക്കാ​നുള്ള സഹായ​ത്തി​നാ​യോ പ്രാർഥി​ക്കു​മ്പോൾ യഹോവ പെട്ടെന്ന്‌ ഉത്തരം തരാത്ത​താ​യി നമുക്കു തോന്നി​യേ​ക്കാം. എന്തു​കൊ​ണ്ടാണ്‌ യഹോവ നമ്മുടെ എല്ലാ പ്രാർഥ​ന​കൾക്കും ഉടനടി ഉത്തരം തരാത്തത്‌?

10. പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം കിട്ടാൻ നമ്മൾ ക്ഷമയോ​ടെ കാത്തി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

10 യഹോവ നമ്മുടെ പ്രാർഥ​നകൾ ശ്രദ്ധിച്ച്‌ കേൾക്കു​ന്നു. (സങ്കീ. 65:2) നമ്മുടെ ആത്മാർഥ​മായ പ്രാർഥ​നകൾ യഹോ​വ​യി​ലുള്ള നമ്മുടെ വിശ്വാ​സ​ത്തി​ന്റെ തെളി​വാ​യി​ട്ടാണ്‌ യഹോവ കാണു​ന്നത്‌. (എബ്രാ. 11:6) നമ്മുടെ പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ ജീവി​ക്കാൻ, യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാൻ, നമ്മൾ എത്ര​ത്തോ​ളം തയ്യാറാ​ണെന്ന്‌ യഹോവ നോക്കും. (1 യോഹ. 3:22) അതു​കൊണ്ട്‌ നമുക്കുള്ള ഒരു ദുശ്ശീ​ല​മോ ബലഹീ​ന​ത​യോ മറിക​ട​ക്കാൻ ശ്രമി​ക്കു​മ്പോൾ ക്ഷമയോ​ടെ പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ പ്രവർത്തി​ക്കണം. നമ്മുടെ പ്രാർഥ​ന​യ്‌ക്കു ചില​പ്പോൾ പെട്ടെ​ന്നൊ​ന്നും ഉത്തരം കിട്ടി​ല്ലെന്നു യേശു​വും സൂചി​പ്പി​ച്ചു. യേശു പറഞ്ഞു: “ചോദി​ച്ചു​കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു കിട്ടും. അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടി​ക്കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു തുറന്നു​കി​ട്ടും. കാരണം, ചോദി​ക്കു​ന്ന​വർക്കെ​ല്ലാം കിട്ടുന്നു. അന്വേ​ഷി​ക്കു​ന്ന​വ​രെ​ല്ലാം കണ്ടെത്തു​ന്നു. മുട്ടു​ന്ന​വർക്കെ​ല്ലാം തുറന്നു​കി​ട്ടു​ന്നു.” (മത്താ. 7:7, 8) ഈ ഉപദേ​ശ​ത്തി​നു ചേർച്ച​യിൽ നമ്മൾ ‘മടുത്ത്‌ പിന്മാ​റാ​തെ പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്നാൽ’ നമ്മുടെ സ്വർഗീയ പിതാവ്‌ ആ പ്രാർഥന കേൾക്കു​ക​യും അതിന്‌ ഉത്തരം തരുക​യും ചെയ്യു​മെ​ന്നു​ള്ളത്‌ ഉറപ്പാണ്‌.—കൊലോ. 4:2.

യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കു​മ്പോൾ വിശ്വാ​സ​ത്തോ​ടെ പ്രാർഥി​ക്കു​ന്നതു നമ്മൾ തുടരും (11-ാം ഖണ്ഡിക കാണുക) *

11. പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം കിട്ടാൻ വൈകു​ന്ന​താ​യി തോന്നു​മ്പോൾ 1 പത്രോസ്‌ 5:6 നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

11 ചില​പ്പോൾ നമ്മുടെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം കിട്ടാൻ വൈകു​ന്ന​താ​യി നമുക്കു തോന്നി​യേ​ക്കാ​മെ​ങ്കി​ലും “തക്കസമ​യത്ത്‌” ഉത്തരം തരു​മെന്ന്‌ യഹോവ വാക്കു തന്നിട്ടുണ്ട്‌. (1 പത്രോസ്‌ 5:6 വായി​ക്കുക.) അതു​കൊണ്ട്‌ നമ്മൾ വിചാ​രി​ക്കുന്ന അത്ര പെട്ടെന്ന്‌ ഉത്തരം കിട്ടി​യി​ല്ലെ​ങ്കിൽ ഒരിക്ക​ലും യഹോ​വയെ കുറ്റ​പ്പെ​ടു​ത്ത​രുത്‌. ഉദാഹ​ര​ണ​ത്തിന്‌ ദൈവ​രാ​ജ്യം ഈ ദുഷ്ട​ലോ​കത്തെ നശിപ്പി​ക്കു​ന്നതു കാണാൻ എത്രയോ വർഷങ്ങ​ളാ​യി ആളുകൾ പ്രാർഥി​ക്കു​ന്നു. അതിനാ​യി പ്രാർഥി​ക്കാൻ യേശു നമ്മളോ​ടു പറയു​ക​പോ​ലും ചെയ്‌ത​താണ്‌. (മത്താ. 6:10) എന്നാൽ നമ്മൾ വിചാ​രിച്ച സമയത്ത്‌ അന്ത്യം വന്നില്ല എന്നുക​രു​തി നമ്മൾ ദൈവത്തെ ഉപേക്ഷി​ച്ചാൽ അത്‌ എത്ര മണ്ടത്തര​മാ​യി​രി​ക്കും! (ഹബ. 2:3; മത്താ. 24:44) എന്തായാ​ലും കൃത്യ​സ​മ​യ​ത്തു​തന്നെ അന്ത്യം വരും. കാരണം യഹോവ അതിനുള്ള “ദിവസ​വും മണിക്കൂ​റും” മുമ്പേ​തന്നെ തീരു​മാ​നി​ച്ചു​വെ​ച്ചി​ട്ടുണ്ട്‌. അതായി​രി​ക്കും അതിന്‌ ഏറ്റവും പറ്റിയ സമയവും. അതു​കൊണ്ട്‌ നമ്മൾ യഹോ​വ​യ്‌ക്കാ​യി ക്ഷമയോ​ടെ കാത്തി​രി​ക്കു​ക​യും വിശ്വാ​സ​ത്തോ​ടെ പ്രാർഥി​ക്കു​ക​യും ചെയ്യു​ന്ന​താ​യി​രി​ക്കി​ല്ലേ ബുദ്ധി?—മത്താ. 24:36; 2 പത്രോ. 3:15.

ക്ഷമയോ​ടെ കാത്തി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ യോ​സേ​ഫിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (12-14 ഖണ്ഡികകൾ കാണുക)

12. നമുക്കു ക്ഷമയോ​ടെ കാത്തി​രി​ക്കാൻ വളരെ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാ​വുന്ന ഒരു സാഹച​ര്യം ഏതാണ്‌?

12 നീതി നടപ്പാ​കു​ന്നതു കാണാൻ നമ്മൾ കാത്തി​രി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. സംസ്‌കാ​ര​ത്തി​ന്റെ​യോ വംശത്തി​ന്റെ​യോ ഭാഷയു​ടെ​യോ ഒക്കെ പേരിൽ പലരും ഇന്ന്‌ അനീതി സഹിക്കു​ന്നുണ്ട്‌. വേറെ ചിലർക്കു ശാരീ​രി​ക​മോ മാനസി​ക​മോ ആയ വൈക​ല്യ​ങ്ങൾ കാരണം മോശ​മായ പെരു​മാ​റ്റം സഹി​ക്കേ​ണ്ടി​വ​രു​ന്നു. ഇനി, യഹോ​വ​യു​ടെ ജനത്തി​നാ​ണെ​ങ്കിൽ തങ്ങളുടെ വിശ്വാ​സ​ത്തി​ന്റെ പേരി​ലും അന്യായം സഹി​ക്കേ​ണ്ടി​വ​രു​ന്നുണ്ട്‌. ഇത്തരം അനുഭ​വ​ങ്ങ​ളൊ​ക്കെ ഉണ്ടാകു​മ്പോൾ നമ്മൾ യേശു​വി​ന്റെ വാക്കുകൾ ഓർക്കണം. യേശു പറഞ്ഞു: “അവസാ​ന​ത്തോ​ളം സഹിച്ചു​നിൽക്കു​ന്നവൻ രക്ഷ നേടും.” (മത്താ. 24:13) എന്നാൽ സഭയിൽ ആരെങ്കി​ലും ഗുരു​ത​ര​മായ ഒരു തെറ്റു ചെയ്യു​ന്ന​താ​യി നിങ്ങൾ അറിഞ്ഞാ​ലോ? മൂപ്പന്മാർ കാര്യം അറിഞ്ഞി​രി​ക്കുന്ന സ്ഥിതിക്ക്‌ ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യിൽ അവർ അതു കൈകാ​ര്യം ചെയ്യാൻവേണ്ടി നിങ്ങൾ ക്ഷമയോ​ടെ കാത്തി​രി​ക്കു​മോ? മൂപ്പന്മാർ എങ്ങനെ​യാണ്‌ അതു കൈകാ​ര്യം ചെയ്യു​ന്ന​തെന്നു നമുക്കു നോക്കാം.

13. ആരെങ്കി​ലും ഗുരു​ത​ര​മായ ഒരു തെറ്റു ചെയ്‌താൽ ആ പ്രശ്‌നം എങ്ങനെ കൈകാ​ര്യം ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌?

13 സഭയിൽ ആരെങ്കി​ലും ഗുരു​ത​ര​മായ ഒരു തെറ്റു ചെയ്‌ത​താ​യി അറിഞ്ഞാൽ മൂപ്പന്മാർ ‘ഉയരത്തിൽനി​ന്നുള്ള ജ്ഞാനത്തി​നാ​യി’ പ്രാർഥി​ക്കും. (യാക്കോ. 3:17) ഈ കാര്യത്തെ യഹോവ എങ്ങനെ​യാ​ണു കാണു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ അത്‌ അവരെ സഹായി​ക്കും. പാപം ചെയ്‌ത വ്യക്തിയെ ‘തെറ്റായ വഴിയിൽനിന്ന്‌ നേർവ​ഴി​ക്കു കൊണ്ടു​വ​രുക’ എന്നതാണു മൂപ്പന്മാ​രു​ടെ ലക്ഷ്യം. (യാക്കോ. 5:19, 20) കൂടാതെ സഭയെ സംരക്ഷി​ക്കാ​നും ആ വ്യക്തി​യു​ടെ തെറ്റു കാരണം വേദന അനുഭ​വി​ക്കേ​ണ്ടി​വ​ന്ന​വരെ ആശ്വസി​പ്പി​ക്കാ​നും അവർ പരമാ​വധി ശ്രമി​ക്കും. (2 കൊരി. 1:3, 4) ആരെങ്കി​ലും ഗുരു​ത​ര​മായ തെറ്റു ചെയ്‌തെന്ന്‌ അറിഞ്ഞാൽ ആദ്യം​തന്നെ ശരിക്കും എന്താണ്‌ സംഭവി​ച്ച​തെന്നു മൂപ്പന്മാർ കണ്ടെത്തണം. അതിനു കുറച്ച്‌ സമയ​മെ​ടു​ത്തേ​ക്കാം. അതിനു ശേഷം അവർ പ്രാർഥ​നാ​പൂർവം ശ്രദ്ധ​യോ​ടെ തെറ്റു ചെയ്‌ത വ്യക്തിക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉപദേ​ശ​വും “ന്യായ​മായ തോതിൽ” തിരു​ത്ത​ലും നൽകും. (യിരെ. 30:11) ഇത്തരം കാര്യങ്ങൾ കൈകാ​ര്യം ചെയ്യു​ന്നതു മൂപ്പന്മാർ പിന്ന​ത്തേക്കു മാറ്റി​വെ​ക്കില്ല. അതേസ​മയം തിരക്കു​കൂ​ട്ടി പെട്ടെ​ന്നൊ​രു തീരു​മാ​ന​മെ​ടു​ക്കു​ക​യു​മില്ല. യഹോ​വ​യു​ടെ ഇഷ്ടത്തിനു ചേർച്ച​യിൽ പ്രശ്‌നം കൈകാ​ര്യം ചെയ്യു​മ്പോൾ മുഴു​സ​ഭ​യ്‌ക്കും അതിന്റെ പ്രയോ​ജനം ലഭിക്കും. എങ്കിലും ചില​പ്പോൾ മൂപ്പന്മാർ പ്രശ്‌നം എത്ര നന്നായി കൈകാ​ര്യം ചെയ്‌താ​ലും നിരപ​രാ​ധി​യായ വ്യക്തി​യു​ടെ വിഷമം മുഴുവൻ മാറണ​മെ​ന്നില്ല. നിങ്ങൾക്ക്‌ അങ്ങനെ​യൊ​രു അനുഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കിൽ ആ സങ്കടം കുറയ്‌ക്കാൻ എന്തു ചെയ്യാം?

14. സഹോ​ദ​ര​ങ്ങ​ളിൽ ആരെങ്കി​ലും നമ്മളെ വേദനി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ ആശ്വാസം കണ്ടെത്താൻ ബൈബി​ളി​ലെ ആരുടെ ദൃഷ്ടാന്തം നമ്മളെ സഹായി​ക്കും?

14 ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ നിങ്ങളെ വേദനി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ യഹോവ ആ പ്രശ്‌നം പരിഹ​രി​ക്കു​ന്ന​തു​വരെ ക്ഷമയോ​ടെ കാത്തി​രി​ക്കാൻ സഹായി​ക്കുന്ന നല്ല മാതൃ​കകൾ ബൈബി​ളി​ലുണ്ട്‌. അതിനു നല്ല ഒരു ഉദാഹ​ര​ണ​മാണ്‌ യോ​സേഫ്‌. സ്വന്തം ചേട്ടന്മാർതന്നെ യോ​സേ​ഫി​നോ​ടു വളരെ മോശ​മാ​യി പെരു​മാ​റി. അവരുടെ മോശം പെരു​മാ​റ്റം തന്റെ സ്വഭാ​വത്തെ മാറ്റി​മ​റി​ക്കാൻ യോ​സേഫ്‌ ഒരിക്ക​ലും അനുവ​ദി​ച്ചില്ല. തനിക്ക്‌ അത്തരം മോശ​മായ അനുഭ​വ​ങ്ങ​ളൊ​ക്കെ ഉണ്ടായ​പ്പോ​ഴും യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തി​ലാ​യി​രു​ന്നു യോ​സേ​ഫി​ന്റെ ശ്രദ്ധ. യോ​സേഫ്‌ അങ്ങനെ ക്ഷമയോ​ടെ സഹിച്ചു​നി​ന്ന​തു​കൊണ്ട്‌ യഹോവ അദ്ദേഹത്തെ അനു​ഗ്ര​ഹി​ച്ചു. (ഉൽപ. 39:21) കാലങ്ങൾ കഴിഞ്ഞ​പ്പോൾ, തന്നെ ദ്രോ​ഹി​ച്ച​വ​രോ​ടൊ​ക്കെ ക്ഷമിക്കാ​നും യഹോവ തന്നെ എത്രമാ​ത്രം അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നെന്നു തിരി​ച്ച​റി​യാ​നും യോ​സേ​ഫി​നു കഴിഞ്ഞു. (ഉൽപ. 45:5) ആരെങ്കി​ലും നമ്മളെ വേദനി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ യോ​സേ​ഫി​നെ​പ്പോ​ലെ നമുക്കും യഹോ​വ​യോട്‌ അടുത്തു​ചെ​ല്ലാം. ഉചിത​മായ സമയത്ത്‌ യഹോവ കാര്യങ്ങൾ നേരെ​യാ​ക്കു​ന്ന​തു​വരെ കാത്തി​രി​ക്കാം. അതു സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കും.—സങ്കീ. 7:17; 73:28.

15. ദ്രോഹം സഹിക്കാ​നും മനസ്സമാ​ധാ​നം വീണ്ടെ​ടു​ക്കാ​നും ഒരു സഹോ​ദ​രി​യെ സഹായി​ച്ചത്‌ എന്താണ്‌?

15 യോ​സേ​ഫി​നു​ണ്ടാ​യ​തു​പോ​ലുള്ള അത്ര വലിയ പ്രശ്‌ന​മൊ​ന്നും നമുക്കു ചില​പ്പോൾ നേരി​ട​ണ​മെ​ന്നില്ല. എങ്കിലും ആരെങ്കി​ലും നമ്മളോ​ടു മോശ​മാ​യി പെരു​മാ​റി​യാൽ നമുക്കു വിഷമ​മു​ണ്ടാ​കും, അതു സ്വാഭാ​വി​ക​മാണ്‌. മറ്റുള്ള​വ​രു​മാ​യി ഒരു പ്രശ്‌ന​മു​ണ്ടാ​കു​മ്പോൾ നമ്മൾ ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ക്കു​ന്നെ​ങ്കിൽ അതു​കൊ​ണ്ടു പ്രയോ​ജ​ന​മുണ്ട്‌, അത്‌ യഹോ​വയെ ആരാധി​ക്കാത്ത ആളുക​ളു​മാ​യി​ട്ടാ​ണെ​ങ്കിൽപ്പോ​ലും. (ഫിലി. 2:3, 4) ഒരു സഹോ​ദ​രി​യു​ടെ അനുഭവം നമുക്കു നോക്കാം. കൂടെ ജോലി ചെയ്യുന്ന ഒരാൾ തന്നെക്കു​റിച്ച്‌ ഇല്ലാത്ത​തൊ​ക്കെ പറഞ്ഞു​ന​ട​ക്കു​ന്ന​താ​യി സഹോ​ദരി അറിഞ്ഞു. എടുത്തു​ചാ​ടി ഒന്നും ചെയ്യാതെ സഹോ​ദരി സമയ​മെ​ടുത്ത്‌ യേശു​വി​ന്റെ മാതൃ​ക​യെ​ക്കു​റിച്ച്‌ ചിന്തിച്ചു. ആളുകൾ യേശു​വി​നെ അപമാ​നി​ച്ചെ​ങ്കി​ലും യേശു തിരിച്ച്‌ അതു​പോ​ലെ ചെയ്‌തില്ല. (1 പത്രോ. 2:21, 23) അതുത​ന്നെ​യാ​ണു സഹോ​ദ​രി​യും ചെയ്‌തത്‌. ആ പ്രശ്‌നം വിട്ടു​ക​ള​യാൻ സഹോ​ദരി തീരു​മാ​നി​ച്ചു. തന്റെ ആ സഹപ്ര​വർത്ത​ക​യ്‌ക്കു ഗുരു​ത​ര​മായ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​ണ്ടെ​ന്നും അവർ കടുത്ത മാനസിക പിരി​മു​റു​ക്കം അനുഭ​വി​ക്കു​ന്നു​ണ്ടെ​ന്നും പിന്നീടു സഹോ​ദരി അറിയാ​നി​ട​യാ​യി. അതു​കൊണ്ട്‌ ആ സ്‌ത്രീ അങ്ങനെ​യൊ​ക്കെ പറഞ്ഞത്‌, തന്നെ ദ്രോ​ഹി​ക്കു​ക​യെന്ന ലക്ഷ്യത്തി​ലാ​യി​രി​ക്കി​ല്ലെന്നു സഹോ​ദരി ചിന്തിച്ചു. താൻ ക്ഷമയോ​ടെ അതെല്ലാം സഹിച്ചത്‌ എത്ര നന്നാ​യെന്ന്‌ ഓർത്ത്‌ സഹോ​ദ​രി​ക്കു സന്തോഷം തോന്നി.

16. നിങ്ങൾ അനീതി സഹിക്കു​ന്നു​ണ്ടെ​ങ്കിൽ ഏതു കാര്യം നിങ്ങളെ ആശ്വസി​പ്പി​ക്കും? (1 പത്രോസ്‌ 3:12)

16 നിങ്ങൾക്ക്‌ അനീതി സഹി​ക്കേ​ണ്ടി​വ​രു​ക​യോ ആരെങ്കി​ലും നിങ്ങളെ വേദനി​പ്പി​ക്കു​ക​യോ ചെയ്‌താൽ ഇതോർക്കുക: “യഹോവ ഹൃദയം തകർന്ന​വ​രു​ടെ അരികി​ലുണ്ട്‌.” (സങ്കീ. 34:18) പ്രശ്‌ന​ങ്ങ​ളൊ​ക്കെ​യു​ണ്ടാ​കു​മ്പോൾ അതെല്ലാം ക്ഷമയോ​ടെ സഹിക്കു​ക​യും ഭാരങ്ങൾ യഹോ​വ​യു​ടെ മേൽ ഇടുക​യും ചെയ്യുന്ന നിങ്ങളെ യഹോവ സ്‌നേ​ഹി​ക്കു​ന്നു. (സങ്കീ. 55:22) മുഴു​ഭൂ​മി​യു​ടെ​യും ന്യായാ​ധി​പൻ യഹോ​വ​യാണ്‌. യഹോവ എല്ലാം കാണു​ക​യും ശ്രദ്ധി​ക്കു​ക​യും ചെയ്യു​ന്നുണ്ട്‌. (1 പത്രോസ്‌ 3:12 വായി​ക്കുക.) അതു​കൊ​ണ്ടു നിങ്ങൾക്കു പരിഹ​രി​ക്കാ​നാ​കാത്ത ഗുരു​ത​ര​മായ ഒരു പ്രശ്‌നം നിങ്ങൾ നേരി​ടു​ന്നു​ണ്ടെ​ങ്കിൽ ക്ഷമയോ​ടെ യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കുക.

യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കു​ന്ന​വർക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ

17. യശയ്യ 30:18-ൽ യഹോവ നമുക്ക്‌ എന്തു വാക്കു തന്നിട്ടുണ്ട്‌?

17 നമ്മുടെ സ്വർഗീയ പിതാവ്‌ പെട്ടെ​ന്നു​തന്നെ ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തി​ലൂ​ടെ നമ്മളെ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്കും. യശയ്യ 30:18 ഇങ്ങനെ പറയുന്നു: “നിങ്ങ​ളോ​ടു കരുണ കാണി​ക്കാൻ യഹോവ ക്ഷമയോ​ടെ കാത്തി​രി​ക്കു​ന്നു, നിങ്ങ​ളോ​ടു കനിവ്‌ കാട്ടാൻ ദൈവം എഴു​ന്നേൽക്കും. യഹോവ ന്യായ​ത്തി​ന്റെ ദൈവ​മ​ല്ലോ. ദൈവ​ത്തി​നു​വേണ്ടി കാത്തി​രി​ക്കുന്ന എല്ലാവ​രും സന്തുഷ്ടർ.” യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കു​ന്ന​വർക്ക്‌ ഇപ്പോ​ഴും വരാനി​രി​ക്കുന്ന പുതിയ ലോക​ത്തി​ലും അനേകം അനു​ഗ്ര​ഹങ്ങൾ ലഭിക്കും.

18. എന്തെല്ലാം അനു​ഗ്ര​ഹ​ങ്ങ​ളാ​ണു നമ്മളെ കാത്തി​രി​ക്കു​ന്നത്‌?

18 പുതിയ ലോക​ത്തിൽ ദൈവ​ജ​ന​ത്തിന്‌ അവർ ഇന്ന്‌ അനുഭ​വി​ക്കു​ന്ന​തു​പോ​ലുള്ള ഉത്‌ക​ണ്‌ഠ​ക​ളോ പ്രയാ​സ​ങ്ങ​ളോ ഒന്നും സഹി​ക്കേണ്ടി വരില്ല. അനീതി​യോ വേദന​യോ അവിടെ ഉണ്ടായി​രി​ക്കില്ല. (വെളി. 21:4) നമുക്ക്‌ ആവശ്യ​മു​ള്ള​തെ​ല്ലാം അവിടെ സമൃദ്ധ​മാ​യു​ണ്ടാ​കും. അതു​കൊണ്ട്‌ അതെക്കു​റി​ച്ചൊ​ന്നും ഉത്‌ക​ണ്‌ഠ​പ്പെ​ടേ​ണ്ടി​വ​രില്ല. (സങ്കീ. 72:16; യശ. 54:13) അത്‌ എത്ര വലിയ ഒരു സന്തോ​ഷ​മാ​യി​രി​ക്കും!

19. യഹോവ നമ്മളെ എന്തിനാ​യി ഒരുക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌?

19 ദൈവ​രാ​ജ്യ​ത്തിൻകീ​ഴി​ലെ പ്രജക​ളാ​യി​രി​ക്കാൻ യഹോവ നമ്മളെ ഇപ്പോൾ ഒരുക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതിന്റെ ഭാഗമാ​യി, ദുശ്ശീ​ലങ്ങൾ മറിക​ട​ക്കാ​നും നല്ലനല്ല ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാ​നും യഹോവ നമ്മളെ സഹായി​ക്കു​ന്നു. അതു​കൊ​ണ്ടു പ്രശ്‌നങ്ങൾ ഉണ്ടായാ​ലും മടുത്തു​പോ​ക​രുത്‌. യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തി​ക്ക​ള​യ​രുത്‌. താൻ ചെയ്യു​മെന്നു പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ യഹോവ പൂർത്തി​യാ​ക്കു​ന്ന​തു​വരെ നമുക്കു ക്ഷമയോ​ടെ, സന്തോ​ഷ​ത്തോ​ടെ കാത്തി​രി​ക്കാം. ശരിക്കും മഹത്തായ ഒരു ഭാവി​യാ​ണു നമുക്കു മുന്നി​ലു​ള്ളത്‌.

ഗീതം 118 “ഞങ്ങളുടെ വിശ്വാ​സം വർധി​പ്പി​ച്ചു​ത​രണേ”

^ ഖ. 5 വളരെക്കാലമായി യഹോ​വയെ സേവി​ക്കുന്ന ആരെങ്കി​ലും ഇങ്ങനെ പറയു​ന്നതു നിങ്ങൾ കേട്ടി​ട്ടു​ണ്ടോ: “ഈ ദുഷ്ടവ്യ​വ​സ്ഥി​തി ഇത്രയും നീണ്ടു​പോ​കു​മെന്നു ഞാൻ ഒട്ടും വിചാ​രി​ച്ചില്ല.” കഷ്ടതക​ളെ​ല്ലാം ഒന്നി​നൊ​ന്നു കൂടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തു​കൊണ്ട്‌ യഹോവ ഇതൊ​ക്കെ​യൊന്ന്‌ അവസാ​നി​പ്പി​ക്കു​ന്നതു കാണാൻ നമ്മളെ​ല്ലാം ഒരുപാട്‌ ആഗ്രഹി​ക്കു​ന്നുണ്ട്‌. എന്നാൽ ക്ഷമയോ​ടെ കാത്തി​രി​ക്കാൻ നമ്മൾ പഠിക്കണം. യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കാൻ സഹായി​ക്കുന്ന ചില ബൈബിൾത​ത്ത്വ​ങ്ങൾ നമ്മൾ ഈ ലേഖന​ത്തിൽ പഠിക്കും. യഹോവ പ്രവർത്തി​ക്കു​ന്ന​തി​നു​വേണ്ടി ക്ഷമയോ​ടെ കാത്തി​രി​ക്കേണ്ട രണ്ടു സാഹച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും നമ്മൾ ചർച്ച ചെയ്യും. ഇനി, മനസ്സോ​ടെ കാത്തി​രി​ക്കു​ന്ന​വർക്ക്‌ യഹോവ നൽകാ​നി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചും കാണും.

^ ഖ. 56 ചിത്രക്കുറിപ്പ്‌: കുഞ്ഞു​ന്നാൾ മുതലേ ഒരു സഹോ​ദരി യഹോ​വ​യോ​ടു പതിവാ​യി പ്രാർഥി​ച്ചി​രു​ന്നു. എങ്ങനെ പ്രാർഥി​ക്ക​ണ​മെന്നു ചെറു​പ്പ​ത്തിൽ മാതാ​പി​താ​ക്കൾ സഹോ​ദ​രി​യെ പഠിപ്പി​ച്ചു. കൗമാ​ര​ത്തിൽ മുൻനി​ര​സേ​വനം തുടങ്ങിയ സഹോ​ദരി തന്റെ ശുശ്രൂ​ഷയെ അനു​ഗ്ര​ഹി​ക്കേ​ണമേ എന്ന്‌ യഹോ​വ​യോ​ടു കൂടെ​ക്കൂ​ടെ പ്രാർഥി​ച്ചു. വർഷങ്ങൾക്കു​ശേഷം ഭർത്താ​വിന്‌ തീരെ സുഖമി​ല്ലാ​താ​യ​പ്പോൾ ആ പരി​ശോ​ധ​നയെ നേരി​ടാ​നുള്ള ശക്തിക്കാ​യി സഹോ​ദരി യഹോ​വ​യോട്‌ ഉള്ളുരു​കി പ്രാർഥി​ച്ചു. ഇപ്പോൾ സഹോ​ദരി ഒരു വിധവ​യാണ്‌. ഇന്നും മടുത്തു​പോ​കാ​തെ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു. തന്റെ ജീവി​ത​ത്തിൽ ഉടനീളം ചെയ്‌ത​തു​പോ​ലെ ഇനിയും തന്റെ പ്രാർഥ​ന​കൾക്ക്‌ യഹോവ ഉത്തരം തരു​മെന്നു സഹോ​ദ​രിക്ക്‌ ഉറപ്പുണ്ട്‌.