വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 33

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്ന​തിൽ സന്തോ​ഷി​ക്കുക

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്ന​തിൽ സന്തോ​ഷി​ക്കുക

“ആഗ്രഹ​ങ്ങൾക്കു പിന്നാലെ പായു​ന്ന​തി​നെ​ക്കാൾ ഏറെ നല്ലതു കൺമു​ന്നി​ലു​ള്ളത്‌ ആസ്വദി​ക്കു​ന്ന​താണ്‌.”—സഭാ. 6:9എ.

ഗീതം 111 സന്തോ​ഷി​ക്കാ​നുള്ള കാരണങ്ങൾ

പൂർവാവലോകനം *

1. യഹോ​വ​യു​ടെ സേവന​ത്തിൽ കൂടുതൽ ചെയ്യാ​നാ​യി പലരും എന്തെല്ലാം ലക്ഷ്യങ്ങ​ളാ​ണു വെച്ചി​രി​ക്കു​ന്നത്‌?

 ഈ ദുഷ്ട​ലോ​കം അതിന്റെ അവസാ​ന​ത്തോട്‌ അടുക്കുന്ന ഈ സമയത്ത്‌ നമുക്ക്‌ ഒരുപാ​ടു കാര്യങ്ങൾ ചെയ്യാ​നുണ്ട്‌. (മത്താ. 24:14; ലൂക്കോ. 10:2; 1 പത്രോ. 5:2) യഹോ​വ​യു​ടെ സേവന​ത്തിൽ കഴിവി​ന്റെ പരമാ​വധി ചെയ്യാൻ നമ്മളെ​ല്ലാം ആഗ്രഹി​ക്കു​ന്നു. അതിനു​വേണ്ടി പലരും പല ലക്ഷ്യങ്ങൾവെച്ച്‌ പ്രവർത്തി​ക്കു​ന്നു. ചിലർ മുൻനി​ര​സേ​വനം ചെയ്യാൻ ആഗ്രഹി​ക്കു​ന്നു. മറ്റു ചിലർ ബഥേൽ സേവനം ചെയ്യാ​നോ സംഘട​ന​യു​ടെ ഏതെങ്കി​ലും നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കാ​നോ തയ്യാറാ​കു​ന്നു. ഇനി, പല സഹോ​ദ​ര​ന്മാ​രും ഒരു ശുശ്രൂ​ഷാ​ദാ​സ​നോ മൂപ്പനോ ആകാനുള്ള യോഗ്യ​ത​യി​ലെ​ത്താൻ ലക്ഷ്യം വെച്ചി​രി​ക്കു​ന്നു. (1 തിമൊ. 3:1, 8) ദൈവ​സേ​വ​ന​ത്തി​നു​വേണ്ടി തങ്ങളെ​ത്തന്നെ വിട്ടു​കൊ​ടു​ക്കാ​നുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ മനസ്സൊ​രു​ക്കം കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എത്രമാ​ത്രം സന്തോഷം തോന്നു​ന്നു​ണ്ടാ​കും.—സങ്കീ. 110:3; യശ. 6:8.

2. യഹോ​വ​യു​ടെ സേവന​ത്തിൽ നമ്മൾ വെച്ച ഏതെങ്കി​ലും ഒരു ലക്ഷ്യത്തി​ലെ​ത്താൻ കഴിഞ്ഞി​ല്ലെ​ങ്കിൽ നമുക്ക്‌ ചില​പ്പോൾ എന്തു തോന്നി​യേ​ക്കാം?

2 വളരെ​ക്കാ​ലം കഴിഞ്ഞി​ട്ടും, യഹോ​വ​യു​ടെ സേവന​ത്തിൽ നമ്മൾ വെച്ച ലക്ഷ്യങ്ങ​ളിൽ എത്താൻ സാധി​ച്ചി​ട്ടി​ല്ലെ​ങ്കിൽ ഒരുപക്ഷേ നമുക്കു സങ്കടവും നിരാ​ശ​യും ഒക്കെ തോന്നി​യേ​ക്കാം. അതല്ലെ​ങ്കിൽ പ്രായം കടന്നു​പോ​യ​തി​ന്റെ പേരി​ലോ മറ്റേ​തെ​ങ്കി​ലും കാരണ​ങ്ങ​ളാ​ലോ ദൈവ​സേ​വ​ന​ത്തിൽ നമ്മൾ ആഗ്രഹി​ക്കുന്ന പലതും ചെയ്യാൻ കഴിയാ​ത്ത​തു​കൊണ്ട്‌ നമുക്കു വിഷമം തോന്നി​യേ​ക്കാം. (സുഭാ. 13:12) മെലിസ * സഹോ​ദ​രി​യു​ടെ സാഹച​ര്യം അതായി​രു​ന്നു. ബഥേലിൽ സേവി​ക്കാ​നും രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളിൽ പങ്കെടു​ക്കാ​നും ഒക്കെ സഹോ​ദ​രിക്ക്‌ ഒരുപാട്‌ ആഗ്രഹം തോന്നി. എന്നാൽ സഹോ​ദരി പറയുന്നു: “എനിക്ക്‌ അതിനുള്ള പ്രായം കടന്നു​പോ​യി. ഇനി അതൊക്കെ സ്വപ്‌നം കാണാനേ എനിക്കു പറ്റുക​യു​ള്ളൂ. ചില​പ്പോ​ഴൊ​ക്കെ അതോർത്ത്‌ എനിക്കു നിരാശ തോന്നാ​റുണ്ട്‌.”

3. യഹോ​വ​യു​ടെ സേവന​ത്തിൽ കൂടു​ത​ലായ ഉത്തരവാ​ദി​ത്വ​ങ്ങൾ കിട്ടു​ന്ന​തി​നു ചിലർ എന്തു ചെയ്യേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം?

3 ചെറു​പ്പ​ക്കാ​രായ ചിലർക്ക്‌ അവരുടെ ലക്ഷ്യങ്ങ​ളി​ലെ​ത്താൻ ചില​പ്പോൾ പെട്ടെ​ന്നൊ​ന്നും കഴി​ഞ്ഞെന്നു വരില്ല. കാരണം അതിനു​വേണ്ടി അവർ ചില ഗുണങ്ങൾ വളർത്തി​യെ​ടു​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. കാര്യം അവർക്കു നല്ല ബുദ്ധി​ശ​ക്തി​യും പെട്ടെന്നു തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള കഴിവും ജോലി ചെയ്യാ​നുള്ള മനസ്സും ഒക്കെ ഉണ്ടെങ്കി​ലും അവർ പലതും ഇനിയും പഠി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, കൂടുതൽ ക്ഷമയു​ള്ള​വ​രാ​യി​രി​ക്കാ​നോ കാര്യങ്ങൾ ശ്രദ്ധ​യോ​ടെ ചെയ്യാ​നോ മറ്റുള്ള​വ​രോ​ടു കൂടുതൽ ആദരവ്‌ കാണി​ക്കാ​നോ ഒക്കെ അവർ ശീലി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. നമ്മൾ ഇത്തരം ഗുണങ്ങ​ളൊ​ക്കെ വളർത്തി​യെ​ടു​ക്കാൻ ശ്രമി​ക്കു​ന്നെ​ങ്കിൽ ഒട്ടും പ്രതീ​ക്ഷി​ക്കാത്ത സമയത്ത്‌ നമുക്കു ചില ഉത്തരവാ​ദി​ത്വ​ങ്ങൾ ലഭി​ച്ചേ​ക്കാം. നിക്ക്‌ സഹോ​ദ​രന്റെ അനുഭവം നമുക്കു നോക്കാം. അദ്ദേഹ​ത്തി​നു 20 വയസ്സുള്ള സമയത്ത്‌ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യുള്ള നിയമനം കിട്ടാ​ത്ത​തു​കൊണ്ട്‌ ആകെ സങ്കടമാ​യി. അദ്ദേഹം പറയുന്നു: “എനിക്ക്‌ എന്തോ കുഴപ്പ​മു​ണ്ടെ​ന്നു​തന്നെ ഞാൻ വിചാ​രി​ച്ചു.” എന്നാൽ അദ്ദേഹം നിരു​ത്സാ​ഹ​പ്പെ​ട്ടു​പോ​യില്ല. സഭയി​ലും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലും കഴിവി​ന്റെ പരമാ​വധി ചെയ്‌തു​കൊണ്ട്‌ തനിക്കു ചെയ്യാ​നാ​കുന്ന കാര്യ​ങ്ങ​ളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു. ഇന്നു സഹോ​ദരൻ ഒരു ബ്രാഞ്ച്‌ കമ്മിറ്റി അംഗമാ​യി സേവി​ക്കു​ന്നു.

4. ഈ ലേഖന​ത്തിൽ നമ്മൾ എന്താണു പഠിക്കാൻപോ​കു​ന്നത്‌?

4 ദൈവ​സേ​വ​ന​ത്തിൽ ഒരു ലക്ഷ്യം വെച്ചിട്ട്‌ അതിൽ എത്തി​ച്ചേ​രാൻ പറ്റാത്ത​തു​കൊണ്ട്‌ നിങ്ങൾക്കു നിരാശ തോന്നു​ന്നു​ണ്ടോ? എങ്കിൽ നിങ്ങളു​ടെ സങ്കടങ്ങൾ യഹോ​വ​യോ​ടു പറയുക. (സങ്കീ. 37:5-7) കൂടാതെ ദൈവ​സേ​വ​ന​ത്തിൽ ഇനിയും എങ്ങനെ മെച്ച​പ്പെ​ടാ​മെന്നു പക്വത​യുള്ള സഹോ​ദ​ര​ങ്ങ​ളോ​ടു ചോദി​ക്കുക; അവർ തരുന്ന നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കുക. അങ്ങനെ ചെയ്‌താൽ നിങ്ങൾക്കു നിങ്ങളു​ടെ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാ​നാ​യേ​ക്കും. എന്നാൽ നേരത്തേ കണ്ട മെലിസ സഹോ​ദ​രി​യു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ യഹോ​വ​യു​ടെ സേവന​ത്തിൽ ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം ചെയ്യാൻ നിങ്ങൾക്ക്‌ ഇപ്പോൾ കഴിയി​ല്ലാ​യി​രി​ക്കാം. അപ്പോ​ഴും നിങ്ങൾക്ക്‌ എങ്ങനെ നിങ്ങളു​ടെ സന്തോഷം നിലനി​റു​ത്താ​നാ​കും? അതിനുള്ള ഉത്തരത്തി​നാ​യി ഈ ലേഖന​ത്തിൽ നമ്മൾ മൂന്നു കാര്യങ്ങൾ ചർച്ച ചെയ്യും. (1) നിങ്ങൾക്ക്‌ എങ്ങനെ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാം? (2) നിങ്ങളു​ടെ സന്തോഷം എങ്ങനെ വർധി​പ്പി​ക്കാം? (3) അതിനു​വേണ്ടി എന്തെല്ലാം ലക്ഷ്യങ്ങൾ വെക്കാം?

നമുക്ക്‌ എങ്ങനെ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാം?

5. സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മൾ എന്തു ചെയ്യണം? (സഭാ​പ്ര​സം​ഗകൻ 6:9എ)

5 സഭാ​പ്ര​സം​ഗകൻ 6:9 പറയു​ന്ന​തു​പോ​ലെ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം? (സഭാ​പ്ര​സം​ഗകൻ 6:9എ വായി​ക്കുക.) “കൺമു​ന്നി​ലു​ള്ളത്‌ ആസ്വദി​ക്കുന്ന” ഒരാൾ തന്റെ ഇപ്പോ​ഴത്തെ സാഹച​ര്യം മനസ്സി​ലാ​ക്കു​ക​യും തനിക്കു​ള്ള​തിൽ തൃപ്‌ത​നാ​യി​രി​ക്കു​ക​യും ചെയ്യും. എന്നാൽ “ആഗ്രഹ​ങ്ങൾക്കു പിന്നാലെ പായുന്ന” ഒരാൾ തനിക്ക്‌ ഒരിക്ക​ലും നേടാ​നാ​കാത്ത കാര്യങ്ങൾ ആഗ്രഹി​ക്കും. അതു​കൊണ്ട്‌ നമുക്കുള്ള പാഠം എന്താണ്‌? സന്തോഷം കിട്ടണ​മെ​ങ്കിൽ നമുക്ക്‌ ഉള്ളതിൽ നമ്മൾ തൃപ്‌ത​രാ​യി​രി​ക്കണം. നമുക്ക്‌ എത്തിപ്പി​ടി​ക്കാ​നാ​കുന്ന ലക്ഷ്യങ്ങൾ വെക്കണം.

6. ഏത്‌ ഉപമ​യെ​ക്കു​റി​ച്ചാ​ണു നമ്മൾ ചർച്ച ചെയ്യാൻ പോകു​ന്നത്‌? അതിൽനിന്ന്‌ നമ്മൾ എന്തു പഠിക്കും?

6 നമ്മൾ പൊതു​വേ പുതി​യ​പു​തിയ കാര്യങ്ങൾ പഠിക്കാ​നും ചെയ്യാ​നും ആഗ്രഹ​മു​ള്ള​വ​രാണ്‌. അതു​കൊ​ണ്ടു​തന്നെ ഉള്ളതിൽ തൃപ്‌ത​രാ​യി​രി​ക്കാൻ നമുക്കു പറ്റില്ല എന്നാണു പലരും ചിന്തി​ക്കു​ന്നത്‌. എന്നാൽ നമുക്ക്‌ അതിനു കഴിയും എന്നതാണു വാസ്‌തവം. എങ്ങനെ? അതു മനസ്സി​ലാ​ക്കാൻ യേശു പറഞ്ഞ താലന്തു​ക​ളെ​ക്കു​റി​ച്ചുള്ള ഉപമ നമുക്കു നോക്കാം. മത്തായി 25:14-30-ലാണ്‌ അതു കാണു​ന്നത്‌. നമുക്കു​ള്ള​തിൽ എങ്ങനെ സന്തോഷം കണ്ടെത്താ​മെ​ന്നും നമ്മുടെ സന്തോഷം എങ്ങനെ വർധി​പ്പി​ക്കാ​മെ​ന്നും ആ ഉപമയിൽനിന്ന്‌ നമ്മൾ പഠിക്കും.

നമുക്ക്‌ എങ്ങനെ സന്തോഷം കൂട്ടാം?

7. താലന്തു​ക​ളെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ഉപമ ചുരു​ക്കി​പ്പ​റ​യുക.

7 യേശു പറഞ്ഞ ഉപമയി​ലെ യജമാനൻ ഒരു യാത്ര പോകാൻ ഒരുങ്ങു​ക​യാ​യി​രു​ന്നു. പോകു​ന്ന​തി​നു മുമ്പ്‌ അദ്ദേഹം തന്റെ അടിമ​കളെ വിളിച്ച്‌ വ്യാപാ​രം ചെയ്യു​ന്ന​തി​നു​വേണ്ടി ഓരോ​രു​ത്തർക്കും താലന്തു​കൾ കൊടു​ത്തു. * അവരുടെ കഴിവ​നു​സ​രിച്ച്‌ അദ്ദേഹം ഒരാൾക്ക്‌ അഞ്ചു താലന്തും മറ്റൊ​രാൾക്കു രണ്ടു താലന്തും മൂന്നാ​മത്തെ ആൾക്ക്‌ ഒരു താലന്തും നൽകി. ആദ്യത്തെ രണ്ട്‌ അടിമ​ക​ളും യജമാ​നന്റെ പണം വർധി​പ്പി​ക്കാ​നാ​യി നന്നായി ജോലി ചെയ്‌തു. എന്നാൽ മൂന്നാ​മത്തെ അടിമ തനിക്കു കിട്ടിയ പണം​കൊണ്ട്‌ ഒന്നും ചെയ്‌തില്ല. അതു​കൊണ്ട്‌ യജമാനൻ അയാളെ അവി​ടെ​നിന്ന്‌ പുറത്താ​ക്കി.

8. യേശു​വി​ന്റെ ഉപമയി​ലെ ആദ്യത്തെ അടിമ​യ്‌ക്കു സന്തോ​ഷി​ക്കാൻ എന്തു കാരണം ഉണ്ടായി​രു​ന്നു?

8 യജമാനൻ തനിക്ക്‌ അഞ്ചു താലന്തു നൽകി​യ​തു​കൊണ്ട്‌ ആദ്യത്തെ അടിമ​യ്‌ക്ക്‌ ഒരുപാ​ടു സന്തോ​ഷ​മാ​യി​ക്കാ​ണും. അഞ്ചു താല​ന്തെന്നു പറയു​ന്നതു വലി​യൊ​രു തുകയാണ്‌. യജമാനൻ അയാളെ എത്രമാ​ത്രം വിശ്വ​സി​ക്കു​ന്നു എന്നതിന്റെ തെളി​വാ​യി​രു​ന്നു അത്‌. എന്നാൽ രണ്ടാമത്തെ അടിമ​യ്‌ക്കു രണ്ടു താലന്തേ കിട്ടി​യു​ള്ളൂ. ആദ്യത്തെ അടിമ​യ്‌ക്കു കൊടുത്ത അത്രയും തനിക്കു കിട്ടി​യി​ല്ല​ല്ലോ എന്നു​വേ​ണ​മെ​ങ്കിൽ അയാൾക്കു ചിന്തി​ക്കാ​മാ​യി​രു​ന്നു. എന്നാൽ അയാൾ അങ്ങനെ ചിന്തി​ച്ചോ?

യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തി​ലെ രണ്ടാമത്തെ അടിമ​യിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പഠിക്കാം? (1) യജമാനൻ കൊടുത്ത രണ്ടു താലന്ത്‌ അടിമ സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ച്ചു. (2) യജമാനൻ കൊടുത്ത പണം വർധി​പ്പി​ക്കാൻവേണ്ടി അടിമ നന്നായി ജോലി ചെയ്‌തു. (3) അയാൾ യജമാനൻ കൊടുത്ത താലന്തു​കൾ ഇരട്ടി​യാ​ക്കി (9-11 ഖണ്ഡികകൾ കാണുക)

9. ആ രണ്ടാമത്തെ അടിമ​യെ​ക്കു​റിച്ച്‌ യേശു എന്തു പറഞ്ഞില്ല? (മത്തായി 25:22, 23)

9 മത്തായി 25:22, 23 വായി​ക്കുക. രണ്ടാമത്തെ അടിമ​യ്‌ക്കു രണ്ടു താലന്തു മാത്രം കിട്ടി​യ​തു​കൊണ്ട്‌ അയാൾ പരാതി പറയു​ക​യോ ദേഷ്യ​പ്പെ​ടു​ക​യോ ഒന്നും ചെയ്‌ത​താ​യി യേശു പറഞ്ഞില്ല. ‘എനിക്ക്‌ ഇത്രയേ ഉള്ളോ? അഞ്ചു താലന്തു കിട്ടിയ ആ അടിമ​യു​ടെ അത്രയും​തന്നെ കഴിവ്‌ എനിക്കു​മുണ്ട്‌. എന്നെ അത്ര നല്ല പണിക്കാ​ര​നാ​യി​ട്ടൊ​ന്നും യജമാനൻ കാണു​ന്നി​ല്ലെ​ങ്കിൽ വേണ്ടാ. കിട്ടിയ താലന്ത്‌ വല്ലയി​ട​ത്തും കുഴി​ച്ചി​ട്ടിട്ട്‌ ഞാൻ എന്റെ കാര്യം നോക്കി​ക്കൊ​ള്ളാം,’ എന്നൊ​ന്നും ആ അടിമ പരാതി​പ്പെ​ട്ട​താ​യി നമ്മൾ വായി​ക്കു​ന്നില്ല.

10. രണ്ടാമത്തെ അടിമ തനിക്കു കിട്ടിയ താലന്തു​കൊണ്ട്‌ എന്തു ചെയ്‌തു?

10 ആദ്യത്തെ അടിമ​യെ​പ്പോ​ലെ​തന്നെ രണ്ടാമത്തെ അടിമ​യും, വലി​യൊ​രു ഉത്തരവാ​ദി​ത്വ​മാ​ണു തന്നെ ഏൽപ്പി​ച്ചി​രി​ക്കു​ന്ന​തെന്ന ചിന്ത​യോ​ടെ യജമാ​ന​നു​വേണ്ടി നന്നായി ജോലി ചെയ്യാൻ തയ്യാറാ​യി. അങ്ങനെ അയാൾ യജമാനൻ കൊടുത്ത താലന്തു​കൾ ഇരട്ടി​യാ​ക്കി. ആ അടിമ ആത്മാർഥ​മാ​യി ജോലി ചെയ്‌ത​തു​കൊണ്ട്‌ യജമാ​നനു സന്തോ​ഷ​മാ​യി. അദ്ദേഹം അയാളെ അഭിന​ന്ദി​ക്കു​ക​യും കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു.

11. നമുക്ക്‌ എങ്ങനെ നമ്മുടെ സന്തോഷം കൂട്ടാം?

11 അതു​പോ​ലെ യഹോ​വ​യു​ടെ സേവന​ത്തിൽ കിട്ടുന്ന ഏതൊരു നിയമ​ന​വും ഏറ്റവും നന്നായി ചെയ്യാൻ ശ്രമി​ക്കു​ന്നെ​ങ്കിൽ നമ്മു​ടെ​യും സന്തോഷം വർധി​ക്കും. സഭാ​പ്ര​വർത്ത​ന​ങ്ങ​ളി​ലും ദൈവ​വ​ചനം പ്രസം​ഗി​ക്കു​ന്ന​തി​ലും നമുക്കു ‘മുഴു​കി​യി​രി​ക്കാം.’ (പ്രവൃ. 18:5; എബ്രാ. 10:24, 25) മീറ്റി​ങ്ങിൽ ചർച്ച ചെയ്യുന്ന ഭാഗങ്ങ​ളൊ​ക്കെ നല്ലതു​പോ​ലെ പഠിച്ചി​ട്ടു പോകുക. അപ്പോൾ നിങ്ങൾക്കു പ്രോ​ത്സാ​ഹനം പകരുന്ന അഭി​പ്രാ​യങ്ങൾ പറയാ​നാ​കും. ഇടദി​വ​സത്തെ മീറ്റി​ങ്ങി​നു നിങ്ങൾക്കു കിട്ടുന്ന വിദ്യാർഥി നിയമ​നങ്ങൾ ശരിക്കും തയ്യാറാ​യി നടത്തുക. സഭയിലെ ഏതെങ്കി​ലും കാര്യം ചെയ്യാൻ നിങ്ങളെ ഏൽപ്പി​ച്ചാൽ അതു കൃത്യ​സ​മ​യത്ത്‌ വിശ്വ​സ്‌ത​മാ​യി ചെയ്യുക. ഏതെങ്കി​ലും ഒരു നിയമനം കിട്ടു​മ്പോൾ ‘ഈ നിസ്സാര കാര്യ​ത്തി​നു ഞാൻ എന്റെ വിലപ്പെട്ട സമയം കളയണോ’ എന്നു ചിന്തി​ക്കാ​തെ അത്‌ ഏറ്റവും നന്നായി ചെയ്യാൻ ശ്രമി​ക്കുക. അങ്ങനെ ആ നിയമനം ചെയ്യു​ന്ന​തിൽ കൂടുതൽ കഴിവ്‌ നേടുക. (സുഭാ. 22:29) ആത്മീയ പ്രവർത്ത​ന​ങ്ങ​ളും നിയമ​ന​ങ്ങ​ളും നമ്മൾ എത്ര നന്നായി ചെയ്യാൻ ശ്രമി​ക്കു​ന്നോ അതനു​സ​രിച്ച്‌ പെട്ടെന്നു നമ്മൾ പുരോ​ഗ​മി​ക്കും, നമ്മുടെ സന്തോ​ഷ​വും കൂടും. (ഗലാ. 6:4) അതു​പോ​ലെ നിങ്ങൾ ആഗ്രഹിച്ച ഒരു നിയമനം മറ്റൊ​രാൾക്കു കിട്ടു​മ്പോൾ അവരോ​ടൊ​പ്പം സന്തോ​ഷി​ക്കാ​നും അപ്പോൾ നിങ്ങൾക്ക്‌ എളുപ്പ​മാ​യി​രി​ക്കും.—റോമ. 12:15; ഗലാ. 5:26.

12. തങ്ങളുടെ സന്തോഷം കൂട്ടാൻ രണ്ടു സഹോ​ദ​രങ്ങൾ എന്താണു ചെയ്‌തത്‌?

12 മെലിസ സഹോ​ദ​രി​യെ ഓർക്കു​ന്നി​ല്ലേ? ബഥേലിൽ പോകാ​നും രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളിൽ പങ്കെടു​ക്കാ​നും ഉള്ള ആഗ്രഹം നടക്കാതെ വന്നപ്പോൾ സഹോ​ദരി എന്താണു ചെയ്‌തത്‌? സഹോ​ദരി പറയുന്നു: “മുൻനി​ര​സേ​വ​ന​ത്തിൽ എന്റെ കഴിവി​ന്റെ പരമാ​വധി ചെയ്യാ​നും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ വ്യത്യസ്‌ത രീതികൾ പരീക്ഷി​ച്ചു നോക്കാ​നും ഞാൻ തീരു​മാ​നി​ച്ചു. അതിലൂ​ടെ എനിക്ക്‌ ഒരുപാ​ടു സന്തോഷം കിട്ടി.” ഇനി, ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യുള്ള നിയമനം കിട്ടാതെ വന്നപ്പോ​ഴു​ണ്ടായ നിരാ​ശയെ മറിക​ട​ക്കാൻ നിക്ക്‌ സഹോ​ദരൻ എന്താണു ചെയ്‌തത്‌? “എനിക്കു ചെയ്യാ​നാ​കുന്ന കാര്യ​ങ്ങ​ളെ​ല്ലാം ഏറ്റവും നന്നായി ചെയ്യാൻ ഞാൻ തീരു​മാ​നി​ച്ചു. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ കൂടുതൽ ഉൾപ്പെ​ടാ​നും മീറ്റി​ങ്ങു​ക​ളിൽ നല്ലനല്ല ഉത്തരങ്ങൾ പറയാ​നും ഞാൻ ശ്രമിച്ചു. കൂടാതെ ഞാൻ ബഥേൽ സേവന​ത്തിന്‌ അപേക്ഷി​ക്കു​ക​യും ചെയ്‌തു. തൊട്ട​ടുത്ത വർഷം​തന്നെ എന്നെ ബഥേലി​ലേക്കു ക്ഷണിച്ചു.”

13. നിങ്ങളു​ടെ ഇപ്പോ​ഴത്തെ നിയമനം നന്നായി ചെയ്യു​ന്നെ​ങ്കിൽ അതിന്റെ പ്രയോ​ജനം എന്താണ്‌? (സഭാ​പ്ര​സം​ഗകൻ 2:24)

13 ഇപ്പോ​ഴുള്ള നിയമ​നങ്ങൾ നിങ്ങൾ ഏറ്റവും നന്നായി ചെയ്യു​ന്നെ​ങ്കിൽ ഭാവി​യിൽ നിങ്ങൾക്കു കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ കിട്ടി​യേ​ക്കും. നിക്ക്‌ സഹോ​ദ​രന്റെ അനുഭവം അതായി​രു​ന്നു. ഇനി, മറ്റു നിയമ​നങ്ങൾ ഒന്നും കിട്ടു​ന്നി​ല്ലെ​ങ്കിൽപ്പോ​ലും മെലിസ സഹോ​ദ​രി​യെ​പ്പോ​ലെ യഹോ​വ​യ്‌ക്കു​വേണ്ടി ഇപ്പോൾത്തന്നെ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽനിന്ന്‌ നിങ്ങൾക്കു കൂടുതൽ സന്തോഷം കണ്ടെത്താ​നാ​കും. (സഭാ​പ്ര​സം​ഗകൻ 2:24 വായി​ക്കുക.) മാത്രമല്ല നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ യജമാ​ന​നായ യേശു​ക്രി​സ്‌തു​വി​നെ സന്തോ​ഷി​പ്പി​ക്കു​ന്നെന്ന്‌ അറിയു​ന്ന​തും നമ്മുടെ സന്തോഷം കൂട്ടും.

നമുക്കു സന്തോഷം തരുന്ന ലക്ഷ്യങ്ങൾ

14. ആത്മീയ ലക്ഷ്യങ്ങ​ളോ​ടുള്ള ബന്ധത്തിൽ നമ്മൾ ഏതു കാര്യം എപ്പോ​ഴും ഓർക്കണം?

14 യഹോ​വ​യു​ടെ സേവന​ത്തിൽ നമ്മൾ ഇപ്പോൾത്തന്നെ നന്നായി ചെയ്യു​ന്നു​ണ്ടെ​ങ്കിൽ അതിന്റെ അർഥം ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ലക്ഷ്യങ്ങൾവെച്ച്‌ പ്രവർത്തി​ക്കേണ്ടാ എന്നാണോ? അങ്ങനെയല്ല. യഹോ​വ​യു​ടെ സേവന​ത്തിൽ നമ്മൾ എപ്പോ​ഴും ലക്ഷ്യങ്ങൾവെച്ച്‌ പ്രവർത്തി​ക്കണം. പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലും ആളുകളെ ബൈബിൾ പഠിപ്പി​ക്കു​ന്ന​തി​ലും ഉള്ള നമ്മുടെ കഴിവു​കൾ മെച്ച​പ്പെ​ടു​ത്താ​നും അതു​പോ​ലെ സഹോ​ദ​ര​ങ്ങളെ കൂടുതൽ സഹായി​ക്കാ​നും ഒക്കെ നമുക്കു ലക്ഷ്യം വെക്കാം. നമ്മളെ​ക്കു​റിച്ച്‌ അധികം ചിന്തി​ക്കാ​തെ എളിമ​യോ​ടെ മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ കൂടുതൽ ചിന്തി​ക്കു​ന്നെ​ങ്കിൽ നമുക്ക്‌ ആ ലക്ഷ്യങ്ങ​ളിൽ എത്താനാ​കും.—സുഭാ. 11:2; പ്രവൃ. 20:35.

15. നിങ്ങളു​ടെ സന്തോഷം കൂട്ടാൻ സഹായി​ക്കുന്ന ചില ലക്ഷ്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

15 നിങ്ങൾക്ക്‌ ഏതെല്ലാം ലക്ഷ്യങ്ങൾ വെക്കാ​നാ​യേ​ക്കും? നമുക്കു പറ്റുന്ന ലക്ഷ്യങ്ങൾ ഏതൊ​ക്കെ​യാ​ണെന്നു തിരി​ച്ച​റി​യാൻ സഹായി​ക്കണേ എന്നു നമുക്കു യഹോ​വ​യോട്‌ അപേക്ഷി​ക്കാം. (സുഭാ. 16:3; യാക്കോ. 1:5) ഈ ലേഖന​ത്തി​ന്റെ  ആദ്യഖ​ണ്ഡി​ക​യിൽ, നമുക്കു വെക്കാ​നാ​കുന്ന ചില ലക്ഷ്യങ്ങ​ളെ​ക്കു​റിച്ച്‌ കണ്ടിരു​ന്ന​ല്ലോ; സഹായ മുൻനി​ര​സേ​വനം, സാധാരണ മുൻനി​ര​സേ​വനം, ബഥേൽ സേവനം, സംഘട​ന​യി​ലെ ഏതെങ്കി​ലും നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കു​ന്നത്‌ പോലുള്ള ലക്ഷ്യങ്ങൾ. ഇവയിൽ ഏതെങ്കി​ലും ചെയ്യാൻ നിങ്ങൾക്കാ​കു​മോ? ഇനി, പുതിയ ഒരു ഭാഷ പഠിച്ചു​കൊ​ണ്ടോ മറ്റൊരു പ്രദേ​ശ​ത്തേക്കു മാറി​ത്താ​മ​സി​ച്ചു​കൊ​ണ്ടോ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തിൽ കൂടുതൽ പ്രവർത്തി​ക്കാൻ കഴിയു​മോ? നമുക്കു വെക്കാൻ കഴിയുന്ന ചില ലക്ഷ്യങ്ങ​ളെ​ക്കു​റിച്ച്‌ അറിയാൻ യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാൻ സംഘടി​തർ എന്ന പുസ്‌ത​ക​ത്തി​ന്റെ 10-ാം അധ്യായം നോക്കാം. കൂടാതെ നമുക്കു സഭയിലെ മൂപ്പന്മാ​രോട്‌ അതെക്കു​റിച്ച്‌ സംസാ​രി​ക്കു​ക​യും ചെയ്യാം. * നിങ്ങൾ ഇത്തരം ലക്ഷ്യങ്ങൾവെച്ച്‌ പ്രവർത്തി​ക്കു​മ്പോൾ മറ്റുള്ള​വർക്കു നിങ്ങളു​ടെ പുരോ​ഗതി കാണാ​നാ​കും; നിങ്ങളു​ടെ സന്തോ​ഷ​വും കൂടും.

16. ഈ ലേഖന​ത്തിൽ പറയുന്ന ലക്ഷ്യങ്ങ​ളി​ലൊ​ന്നും എത്താൻ നിങ്ങൾക്കു കഴിയു​ന്നി​ല്ലെ​ങ്കിൽ എന്തു ചെയ്യാം?

16 ഈ ലേഖന​ത്തിൽ പറഞ്ഞ ലക്ഷ്യങ്ങ​ളി​ലൊ​ന്നും എത്താൻ ഇപ്പോ​ഴത്തെ സാഹച​ര്യ​ത്തിൽ നമുക്കു പറ്റുന്നി​ല്ലെ​ങ്കിൽ എന്തു ചെയ്യാം? നിങ്ങൾക്കു പറ്റുന്ന മറ്റൊരു ലക്ഷ്യം വെക്കുക. അത്തരം ചില ലക്ഷ്യങ്ങ​ളെ​ക്കു​റി​ച്ചാണ്‌ ഇനി നമ്മൾ നോക്കു​ന്നത്‌.

നിങ്ങൾക്ക്‌ എത്തിപ്പി​ടി​ക്കാ​നാ​കുന്ന ഒരു ലക്ഷ്യം ഏതാണ്‌? (17-ാം ഖണ്ഡിക കാണുക) *

17. 1 തിമൊ​ഥെ​യൊസ്‌ 4:13, 15 പറയു​ന്ന​ത​നു​സ​രിച്ച്‌ നല്ലൊരു അധ്യാ​പ​ക​നാ​കാൻ ഒരു സഹോ​ദ​രന്‌ എന്തു ചെയ്യാം?

17 1 തിമൊഥെയൊസ്‌ 4:13, 15 വായി​ക്കുക. നിങ്ങൾ സ്‌നാ​ന​മേറ്റ ഒരു സഹോ​ദ​ര​നാ​ണെ​ങ്കിൽ പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​തി​ലെ നിങ്ങളു​ടെ കഴിവ്‌ മെച്ച​പ്പെ​ടു​ത്താൻ നിങ്ങൾക്കു ശ്രമി​ക്കാം. എന്തു​കൊണ്ട്‌? കാരണം നിങ്ങൾ നന്നായി വായി​ക്കു​ക​യും പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ഒക്കെ ചെയ്യു​ന്നെ​ങ്കിൽ നിങ്ങളു​ടെ കേൾവി​ക്കാർക്കു കൂടുതൽ പ്രയോ​ജനം കിട്ടും. വായി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും അർപ്പി​ത​രാ​യി​രി​ക്കുക എന്ന ലഘുപ​ത്രി​ക​യി​ലെ ഓരോ പ്രസം​ഗ​ഗു​ണ​വും പഠിക്കാ​നും പരിശീ​ലിച്ച്‌ നോക്കാ​നും ലക്ഷ്യം വെക്കുക. ഒരു സമയത്ത്‌ ഒരു പ്രസം​ഗ​ഗു​ണം വീതം പഠിക്കു​ക​യും വീട്ടിൽവെച്ച്‌ അതു നന്നായി പരിശീ​ലിച്ച്‌ നോക്കു​ക​യും ചെയ്യുക. എന്നിട്ട്‌ ഒരു പ്രസം​ഗ​നി​യ​മനം കിട്ടു​മ്പോൾ അതു​പോ​ലെ ചെയ്യാൻ ശ്രമി​ക്കുക. മെച്ച​പ്പെ​ടാ​നുള്ള വഴിക​ളെ​ക്കു​റിച്ച്‌ സഭയിലെ ഉപബു​ദ്ധി​യു​പ​ദേ​ശ​ക​നോ​ടോ “പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​തിൽ അധ്വാ​നി​ക്കുന്ന” മറ്റു മൂപ്പന്മാ​രോ​ടോ ചോദി​ച്ച​റി​യുക. * (1 തിമൊ. 5:17) എന്നാൽ പ്രസം​ഗ​ഗു​ണം മെച്ച​പ്പെ​ടു​ത്തുക എന്നതു​മാ​ത്രം ആയിരി​ക്ക​രുത്‌ നമ്മുടെ ലക്ഷ്യം. വിശ്വാ​സം ബലപ്പെ​ടു​ത്താ​നും കേൾക്കുന്ന കാര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ പ്രവർത്തി​ക്കാ​നും നമ്മൾ കേൾവി​ക്കാ​രെ സഹായി​ക്കു​ക​യും വേണം. അങ്ങനെ ചെയ്യു​മ്പോൾ നമ്മു​ടെ​യും കേൾവി​ക്കാ​രു​ടെ​യും സന്തോഷം കൂടും.

നിങ്ങൾക്ക്‌ എത്തിപ്പി​ടി​ക്കാ​നാ​കുന്ന ഒരു ലക്ഷ്യം ഏതാണ്‌? (18-ാം ഖണ്ഡിക കാണുക) *

18. പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലെ കഴിവ്‌ മെച്ച​പ്പെ​ടു​ത്താൻ നമുക്ക്‌ എന്തു ചെയ്യാം?

18 ആളുക​ളോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാ​നും അവരെ പഠിപ്പിച്ച്‌ ശിഷ്യ​രാ​ക്കാ​നും ഉള്ള നിയമനം നമുക്ക്‌ എല്ലാവർക്കു​മുണ്ട്‌. (മത്താ. 28:19, 20; റോമ. 10:14) വളരെ പ്രധാ​ന​പ്പെട്ട ഈ പ്രവർത്തനം ചെയ്യു​ന്ന​തി​ലുള്ള നിങ്ങളു​ടെ കഴിവ്‌ മെച്ച​പ്പെ​ടു​ത്താൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? അതിനും പഠിപ്പി​ക്കാൻ ലഘുപ​ത്രി​ക​യി​ലെ നിർദേ​ശങ്ങൾ നിങ്ങളെ സഹായി​ക്കും. അതിലെ ഓരോ പാഠവും പഠിക്കാ​നും കൃത്യ​മായ ലക്ഷ്യങ്ങൾവെച്ച്‌ അതു പ്രാവർത്തി​ക​മാ​ക്കാ​നും ശ്രമി​ക്കുക. ഇനി നമ്മുടെ ക്രിസ്‌തീയ ജീവി​ത​വും സേവന​വും യോഗ​ത്തി​നുള്ള പഠനസ​ഹാ​യി​യിൽനി​ന്നും ഇടദി​വ​സത്തെ മീറ്റി​ങ്ങു​ക​ളിൽ കാണി​ക്കുന്ന, വീഡി​യോ രൂപത്തി​ലുള്ള സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ എന്നതിൽനി​ന്നും നിങ്ങൾക്കു കൂടുതൽ സഹായം ലഭിക്കും. ഏത്‌ അവതര​ണ​മാ​ണു നിങ്ങളു​ടെ പ്രദേ​ശ​ത്തിന്‌ ഏറ്റവും പറ്റിയത്‌ എന്നറി​യാൻ പലതു പരീക്ഷി​ച്ചു നോക്കുക. നിങ്ങൾ ഈ നിർദേ​ശ​ങ്ങ​ളൊ​ക്കെ അനുസ​രി​ക്കു​ന്നെ​ങ്കിൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലെ നിങ്ങളു​ടെ കഴിവ്‌ മെച്ച​പ്പെ​ടും; നിങ്ങൾക്കു കൂടുതൽ സന്തോഷം ലഭിക്കു​ക​യും ചെയ്യും.—2 തിമൊ. 4:5.

നിങ്ങൾക്ക്‌ എത്തിപ്പി​ടി​ക്കാ​നാ​കുന്ന ഒരു ലക്ഷ്യം ഏതാണ്‌? (19-ാം ഖണ്ഡിക കാണുക) *

19. നിങ്ങൾക്ക്‌ എങ്ങനെ ക്രിസ്‌തീയ ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാം?

19 ഇനി, നിങ്ങൾക്കു വെക്കാൻ കഴിയുന്ന മറ്റൊരു ലക്ഷ്യമാ​ണു ക്രിസ്‌തീയ ഗുണങ്ങൾ വളർത്തി​യെ​ടു​ക്കുക എന്നത്‌. (ഗലാ. 5:22, 23; കൊലോ. 3:12; 2 പത്രോ. 1:5-8) അതു വളരെ പ്രധാ​ന​മാ​ണു​താ​നും. നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാം? ഉദാഹ​ര​ണ​ത്തിന്‌ വിശ്വാ​സം കൂടുതൽ ശക്തമാ​ക്കാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടെ​ന്നി​രി​ക്കട്ടെ. അതിനുള്ള പല നിർദേ​ശ​ങ്ങ​ളും നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ വന്നിട്ടുണ്ട്‌. അത്തരം ലേഖനങ്ങൾ വായി​ക്കുക. ഇനി, പല പരി​ശോ​ധ​ന​ക​ളി​ലൂ​ടെ കടന്നു​പോ​യ​പ്പോൾ ശക്തമായ വിശ്വാ​സം കാണിച്ച സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ അനുഭ​വങ്ങൾ JW പ്രക്ഷേ​പ​ണ​ത്തിൽ വന്നിട്ടുണ്ട്‌. അത്തരം അനുഭ​വ​ങ്ങ​ളു​ടെ വീഡി​യോ​കൾ കാണു​മ്പോൾ അവരു​ടേ​തു​പോ​ലുള്ള വിശ്വാ​സം നിങ്ങളു​ടെ ജീവി​ത​ത്തിൽ എങ്ങനെ കാണി​ക്കാ​മെന്നു ചിന്തി​ക്കുക.

20. നമ്മുടെ സന്തോഷം കൂട്ടാ​നും നിരാശ കുറയ്‌ക്കാ​നും നമുക്ക്‌ എന്തു ചെയ്യാം?

20 യഹോ​വ​യു​ടെ സേവന​ത്തിൽ ഇപ്പോൾ ചെയ്യാൻ കഴിയു​ന്ന​തിൽ കൂടുതൽ ചെയ്യാൻ നമ്മളെ​ല്ലാം ആഗ്രഹി​ക്കു​ന്നുണ്ട്‌. അതു പൂർണ​മാ​യി ചെയ്യാൻ പുതിയ ലോക​ത്തി​ലേ നമുക്കു കഴിയൂ. അതുവരെ നമുക്കു ചെയ്യാ​നാ​കുന്ന കാര്യങ്ങൾ ഏറ്റവും നന്നായി ചെയ്യാൻ ശ്രമി​ക്കാം. അതു നമ്മുടെ നിരാശ കുറയ്‌ക്കാ​നും സന്തോഷം കൂട്ടാ​നും സഹായി​ക്കും. ഇനി, നമ്മൾ അങ്ങനെ ചെയ്യു​മ്പോൾ ‘സന്തോ​ഷ​മുള്ള ദൈവ​മായ’ യഹോ​വ​യ്‌ക്കു മഹത്ത്വ​വും സ്‌തു​തി​യും നൽകാ​നാ​കും എന്നതാണ്‌ അതിലും വലിയ കാര്യം. (1 തിമൊ. 1:11) അതു​കൊണ്ട്‌ ദൈവ​സേ​വ​ന​ത്തിൽ ഇപ്പോൾ ചെയ്യാ​നാ​കുന്ന കാര്യ​ങ്ങ​ളിൽ നമുക്കു സന്തോ​ഷി​ക്കാം.

ഗീതം 82 ‘നിങ്ങളു​ടെ വെളിച്ചം പ്രകാ​ശി​ക്കട്ടെ’

^ ഖ. 5 നമ്മൾ യഹോ​വയെ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ന്നു. ദൈവ​സേ​വ​ന​ത്തിൽ നമ്മുടെ കഴിവി​ന്റെ പരമാ​വധി ചെയ്യാൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. അതിനു​വേണ്ടി നമ്മൾ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ കൂടുതൽ ചെയ്യാ​നും സഭയിലെ ഉത്തരവാ​ദി​ത്വ​ങ്ങൾക്കാ​യി യോഗ്യത നേടാ​നും ശ്രമി​ക്കു​ന്നു. എന്നാൽ നമ്മൾ എത്രതന്നെ ശ്രമി​ച്ചി​ട്ടും ചില ലക്ഷ്യങ്ങ​ളിൽ എത്താൻ കഴിയു​ന്നി​ല്ലെ​ങ്കി​ലോ? അപ്പോ​ഴും യഹോ​വ​യു​ടെ സേവന​ത്തിൽ തിരക്കു​ള്ള​വ​രാ​യി​രി​ക്കാ​നും സന്തോഷം നിലനി​റു​ത്താ​നും നമുക്ക്‌ എങ്ങനെ കഴിയും? അതിനുള്ള ഉത്തരം യേശു പറഞ്ഞ താലന്തു​ക​ളു​ടെ ദൃഷ്ടാ​ന്ത​ത്തിൽ നമുക്കു കാണാം.

^ ഖ. 2 ഈ ലേഖന​ത്തി​ലെ ചില പേരുകൾ യഥാർഥമല്ല.

^ ഖ. 7 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: ഒരു താലന്ത്‌ ഒരു സാധാരണ ജോലി​ക്കാ​രന്റെ ഏതാണ്ട്‌ 20 വർഷത്തെ കൂലി​യാ​യി​രു​ന്നു.

^ ഖ. 15 സ്‌നാനമേറ്റ സഹോ​ദ​ര​ന്മാർക്കു ശുശ്രൂ​ഷാ​ദാ​സ​ന്മാ​രോ മൂപ്പന്മാ​രോ ഒക്കെ ആകാനാ​യി ലക്ഷ്യം​വെച്ച്‌ പ്രവർത്തി​ക്കാം. അതിന്‌ അവർ എത്തി​ച്ചേ​രേണ്ട യോഗ്യ​ത​ക​ളെ​ക്കു​റിച്ച്‌ യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാൻ സംഘടി​തർ എന്ന പുസ്‌ത​ക​ത്തി​ന്റെ 5, 6 അധ്യാ​യ​ങ്ങ​ളിൽ കാണാം.

^ ഖ. 17 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: സഭയിൽ പ്രസം​ഗ​മോ മറ്റു പരിപാ​ടി​ക​ളോ വായന​യോ ഒക്കെ നടത്തുന്ന മൂപ്പന്മാർക്കും ശുശ്രൂ​ഷാ​ദാ​സ​ന്മാർക്കും ആവശ്യാ​നു​സ​രണം സ്വകാ​ര്യ​മാ​യി ബുദ്ധി​യു​പ​ദേശം നൽകാൻ നിയമി​ത​നാ​യി​രി​ക്കുന്ന മൂപ്പനാണ്‌ ഉപബു​ദ്ധി​യു​പ​ദേ​ശകൻ.

^ ഖ. 64 ചിത്രക്കുറിപ്പ്‌: മികച്ച അധ്യാ​പ​ക​നാ​കാൻ ലക്ഷ്യം വെച്ചി​രി​ക്കുന്ന ഒരു സഹോ​ദരൻ അതിനു​വേണ്ടി നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ പഠിക്കു​ന്നു.

^ ഖ. 66 ചിത്രക്കുറിപ്പ്‌: അനൗപ​ചാ​രിക സാക്ഷീ​ക​രണം നടത്താൻ ലക്ഷ്യം വെച്ചി​രി​ക്കുന്ന ഒരു സഹോ​ദരി ഹോട്ട​ലി​ലെ ഒരു ജോലി​ക്കാ​രിക്ക്‌ സന്ദർശക കാർഡ്‌ നൽകുന്നു.

^ ഖ. 68 ചിത്രക്കുറിപ്പ്‌: ഉദാരത കാണി​ക്കു​ന്ന​തിൽ മെച്ച​പ്പെ​ടാൻ ലക്ഷ്യം വെച്ചി​രി​ക്കുന്ന ഒരു സഹോ​ദരി താൻ ഉണ്ടാക്കിയ ഭക്ഷണസാ​ധ​ന​വു​മാ​യി മറ്റൊരു സഹോ​ദ​രി​യെ സന്ദർശി​ക്കു​ന്നു.