വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 37

“സകല ജനതകളെയും ഞാൻ കുലുക്കും”

“സകല ജനതകളെയും ഞാൻ കുലുക്കും”

“സകല ജനതകളെയും ഞാൻ കുലുക്കും, അപ്പോൾ ജനതകളുടെ അമൂല്യവസ്‌തുക്കൾ വന്നുചേരും.”—ഹഗ്ഗാ. 2:7.

ഗീതം 24 യഹോവയുടെ പർവതത്തിലേക്കു വരൂ!

പൂർവാവലോകനം *

1-2. ഹഗ്ഗായി പ്രവാചകൻ ഏതു കാര്യമാണു മുൻകൂട്ടിപ്പറഞ്ഞത്‌?

“ഏതാനും നിമിഷങ്ങൾകൊണ്ടാണു കടകളും പഴയ കെട്ടിടങ്ങളും ഒരു ചീട്ടുകൊട്ടാരംപോലെ തകർന്നുവീണത്‌.” “എല്ലാവരും പേടിച്ച്‌ വിറച്ചു . . . ആ കുലുക്കം ഏതാണ്ട്‌ രണ്ടു മിനിട്ടോളം നീണ്ടുനിന്നതായി പലരും പറഞ്ഞു. പക്ഷേ അത്‌ ഒരിക്കലും അവസാനിക്കാത്തതുപോലെയാണ്‌ എനിക്കു തോന്നിയത്‌.” 2015-ൽ നേപ്പാളിലുണ്ടായ ഭൂമികുലുക്കത്തെ അതിജീവിച്ച ചിലരുടെ അഭിപ്രായങ്ങളാണ്‌ ഇവ. നിങ്ങൾക്ക്‌ എന്നെങ്കിലും ഇതുപോലൊരു അനുഭവമുണ്ടായിട്ടുണ്ടെങ്കിൽ നിങ്ങളും അതു പെട്ടെന്നൊന്നും മറക്കാൻ ഇടയില്ല.

2 എന്നാൽ ഇന്നു മറ്റൊരു കുലുക്കൽ നടന്നുകൊണ്ടിരിക്കുകയാണ്‌, ഏതെങ്കിലും ഒരു നഗരത്തിലോ രാജ്യത്തോ അല്ല, ലോകമെങ്ങുമായി. അതു വർഷങ്ങളായി തുടരുകയാണ്‌. ഹഗ്ഗായി പ്രവാചകൻ ഈ കുലുക്കലിനെക്കുറിച്ച്‌ മുൻകൂട്ടിപ്പറഞ്ഞിരുന്നു. അദ്ദേഹം എഴുതി: “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത്‌ ഇതാണ്‌: ‘അൽപ്പം കഴിഞ്ഞ്‌ ഞാൻ വീണ്ടും ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.’”—ഹഗ്ഗാ. 2:6.

3. ഹഗ്ഗായി പറഞ്ഞതു ശരിക്കുള്ള ഭൂമികുലുക്കത്തെക്കുറിച്ച്‌ അല്ലെന്നു നമുക്ക്‌ എങ്ങനെ അറിയാം?

3 ഹഗ്ഗായി പറഞ്ഞതു ശരിക്കുള്ള ഭൂമികുലുക്കത്തെക്കുറിച്ചല്ല. കാരണം ഭൂമികുലുക്കത്തിൽ നാശം മാത്രമേ ഉണ്ടാകുന്നുള്ളൂ. എന്നാൽ ഈ കുലുക്കംകൊണ്ട്‌ നല്ല ഫലങ്ങളാണ്‌ ഉണ്ടാകുന്നത്‌. യഹോവ പറയുന്നു: “സകല ജനതകളെയും ഞാൻ കുലുക്കും, അപ്പോൾ ജനതകളുടെ അമൂല്യവസ്‌തുക്കൾ വന്നുചേരും. ഞാൻ ഈ ഭവനം മഹത്ത്വംകൊണ്ട്‌ നിറയ്‌ക്കും.” (ഹഗ്ഗാ. 2:7) ഹഗ്ഗായിയുടെ നാളിൽ ജീവിച്ചിരുന്നവരുടെ കാര്യത്തിൽ ഈ പ്രവചനത്തിന്റെ പ്രാധാന്യം എന്തായിരുന്നു? ഇനി, നമ്മുടെ നാളിൽ അതിന്റെ അർഥമെന്താണ്‌? ആ ചോദ്യങ്ങളുടെ ഉത്തരം നമ്മൾ കാണും. കൂടാതെ ജനതകളെ കുലുക്കുന്നതിൽ നമ്മൾ എങ്ങനെ ഉൾപ്പെടുന്നെന്നും നോക്കാം.

പ്രോത്സാഹനം നൽകിയ ഒരു സന്ദേശം

4. യഹോവ ഹഗ്ഗായി പ്രവാചകന്‌ ഏതു നിയമനം നൽകി, എന്തുകൊണ്ട്‌?

4 ഹഗ്ഗായി പ്രവാചകന്‌ യഹോവയിൽനിന്ന്‌ വളരെ പ്രധാനപ്പെട്ട ഒരു നിയമനം ലഭിച്ചു. അന്നത്തെ ആ സാഹചര്യം നമുക്കൊന്നു നോക്കാം. ബാബിലോണിലെ പ്രവാസജീവിതം കഴിഞ്ഞ്‌ ബി.സി. 537-ൽ യരുശലേമിലേക്കു മടങ്ങിവന്നവരുടെ കൂട്ടത്തിൽ സാധ്യതയനുസരിച്ച്‌ ഹഗ്ഗായിയും ഉണ്ടായിരുന്നു. അവിടെ എത്തിയ വിശ്വസ്‌തരായ ആ ജൂതന്മാർ അധികം വൈകാതെ, യഹോവയ്‌ക്കുവേണ്ടി ഒരു ആലയം പണിയുന്നതിന്‌ അടിസ്ഥാനം ഇട്ടു. (എസ്ര 3:8, 10) എന്നാൽ പെട്ടെന്നുതന്നെ കാര്യങ്ങൾ മാറിമറിഞ്ഞു. എതിർപ്പുണ്ടായപ്പോൾ അവരുടെ ഉത്സാഹമെല്ലാം പോയി. അവർ പണി നിറുത്തിവെച്ചു. (എസ്ര 4:4; ഹഗ്ഗാ. 1:1, 2) അതുകൊണ്ട്‌ ദേവാലയത്തിന്റെ പണി പൂർത്തിയാക്കാൻ ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിനു ബി.സി. 520-ൽ യഹോവ ഹഗ്ഗായിയെ നിയമിച്ചു. *എസ്ര 6:14, 15.

5. ഹഗ്ഗായിയുടെ വാക്കുകൾ ദൈവജനത്തെ ധൈര്യപ്പെടുത്തിയത്‌ എങ്ങനെ?

5 യഹോവയിലുള്ള ആ ജൂതന്മാരുടെ വിശ്വാസം ശക്തിപ്പെടുത്തുക എന്നതായിരുന്നു ഹഗ്ഗായിയുടെ സന്ദേശത്തിന്റെ ഉദ്ദേശ്യം. ഉത്സാഹമൊക്കെ കുറഞ്ഞുപോയ ആ ജൂതന്മാരോട്‌ ഹഗ്ഗായി ധൈര്യത്തോടെ ഇങ്ങനെ പറഞ്ഞു: “‘ദേശത്തെ ജനങ്ങളേ, നിങ്ങളെല്ലാവരും ധൈര്യമായി ജോലി തുടരൂ,’ എന്ന്‌ യഹോവ പറയുന്നു. ‘ഞാൻ നിങ്ങളുടെകൂടെയുണ്ട്‌’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.” (ഹഗ്ഗാ. 2:4) “സൈന്യങ്ങളുടെ അധിപനായ യഹോവ” എന്ന വാക്കുകൾ അവരെ ശരിക്കും ധൈര്യപ്പെടുത്തിയിരിക്കണം. യഹോവയുടെ അധികാരത്തിൻകീഴിൽ വലിയൊരു ദൂതസൈന്യമുണ്ടെന്നും അതുകൊണ്ട്‌ തങ്ങളുടെ ജോലി വിജയകരമായി പൂർത്തിയാക്കാൻ അവർ യഹോവയിൽ ആശ്രയിക്കേണ്ടതുണ്ടെന്നും ആ വാക്കുകൾ അവരെ ഓർമിപ്പിച്ചുകാണും.

6. ഹഗ്ഗായി മുൻകൂട്ടിപ്പറഞ്ഞ ആ കുലുക്കലിലൂടെ എന്തു സംഭവിക്കുമായിരുന്നു?

6 ആലങ്കാരികമായി സകല ജനതകളെയും കുലുക്കുന്നതിനെക്കുറിച്ചുള്ള ഒരു സന്ദേശം യഹോവ ഹഗ്ഗായിയിലൂടെ അറിയിച്ചു. ഉത്സാഹമൊക്കെ നഷ്ടപ്പെട്ട്‌ ദേവാലയംപണി നിറുത്തിവെച്ച ജൂതന്മാർക്കു പ്രോത്സാഹനം നൽകുന്നതായിരുന്നു ആ സന്ദേശം. അന്ന്‌ ഒരു ലോകശക്തിയായിരുന്ന പേർഷ്യയെ യഹോവ കുലുക്കുമെന്ന്‌ അത്‌ അവർക്ക്‌ ഉറപ്പുനൽകി. അപ്പോൾ എന്തു സംഭവിക്കുമായിരുന്നു? ഒന്നാമതായി, ദൈവജനം ദേവാലയത്തിന്റെ പണി പൂർത്തിയാക്കും. രണ്ടാമതായി, പുതുക്കിപ്പണിത ആ ആലയത്തിൽ യഹോവയെ ആരാധിക്കാൻ ജൂതന്മാരല്ലാത്തവരും ഉണ്ടായിരിക്കും. ആ സന്ദേശം ദൈവജനത്തെ എത്രയധികം പ്രോത്സാഹിപ്പിച്ചുകാണും!—സെഖ. 8:9.

ഭൂമിയെ മുഴുവൻ കുലുക്കുന്ന ഒരു പ്രവർത്തനം

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന, മുഴുഭൂമിയെയും കുലുക്കുന്ന ആ പ്രവർത്തനത്തിൽ നിങ്ങൾ ഉത്സാഹത്തോടെ പങ്കെടുക്കുന്നുണ്ടോ? (7-8 ഖണ്ഡികകൾ കാണുക) *

7. യഹോവയോടൊപ്പം നമ്മളും ഇന്ന്‌ ഏതു പ്രവർത്തനത്തിൽ ഉൾപ്പെടുന്നു?

7 ഹഗ്ഗായിയുടെ പ്രവചനത്തിനു നമ്മുടെ നാളിൽ എന്ത്‌ അർഥമാണുള്ളത്‌? യഹോവ ഇപ്പോൾ വീണ്ടും സകല ജനതകളെയും കുലുക്കുകയാണ്‌. ആ പ്രവർത്തനത്തിൽ നമ്മളും ഉൾപ്പെട്ടിട്ടുണ്ട്‌. 1914-ൽ യഹോവ സ്വർഗരാജ്യത്തിന്റെ രാജാവായി യേശുക്രിസ്‌തുവിനെ നിയമിച്ചു. (സങ്കീ. 2:6) അതു ലോകനേതാക്കന്മാർക്ക്‌ ഒരു നല്ല വാർത്തയായിരുന്നില്ല. കാരണം, “ജനതകൾക്കായി അനുവദിച്ചിട്ടുള്ള കാലം” തീർന്നെന്ന്‌ അത്‌ അർഥമാക്കി. മറ്റു വാക്കുകളിൽ പറഞ്ഞാൽ, യഹോവയുടെ പ്രതിനിധിയായി ഒരു ഭരണാധികാരി ഇല്ലാത്ത ആ കാലം അവസാനിച്ചു. (ലൂക്കോ. 21:24) അതു മനസ്സിലാക്കിയ യഹോവയുടെ ജനം മനുഷ്യരുടെ ഒരേ ഒരു പ്രത്യാശ ദൈവരാജ്യമാണെന്ന്‌ ആളുകളോടു പറഞ്ഞുകൊണ്ടിരിക്കുന്നു, പ്രത്യേകിച്ച്‌ 1919 മുതൽ. ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത’ അറിയിക്കുന്ന ഈ പ്രവർത്തനം ഇന്നു ലോകത്തെ മുഴുവൻ കുലുക്കുകയാണ്‌.—മത്താ. 24:14.

8. സങ്കീർത്തനം 2:1-3 അനുസരിച്ച്‌ മിക്കവരും ഈ സന്ദേശത്തെ എങ്ങനെയാണു കണ്ടത്‌?

8 ഈ സന്ദേശത്തെ ആളുകൾ എങ്ങനെയാണു കണ്ടത്‌? മിക്കവരും അതു സ്വീകരിക്കാൻ തയ്യാറായില്ല. (സങ്കീർത്തനം 2:1-3 വായിക്കുക.) ജനതകൾ ക്ഷോഭിച്ചു. യഹോവയുടെ നിയമിതരാജാവിനെ സ്വീകരിക്കാൻ അവർ തയ്യാറല്ല. നമ്മൾ പ്രസംഗിക്കുന്ന ദൈവരാജ്യത്തെക്കുറിച്ചുള്ള വാർത്ത അവർക്ക്‌ ഒരു സന്തോഷവാർത്തയല്ല. ചില ഗവൺമെന്റുകളാണെങ്കിൽ നമ്മുടെ പ്രസംഗപ്രവർത്തനത്തെ നിരോധിക്കുകപോലും ചെയ്‌തു! ഇന്നത്തെ പല ഭരണാധികാരികളും ദൈവത്തെ സേവിക്കുന്നതായി അവകാശപ്പെടുന്നുണ്ടെങ്കിലും തങ്ങളുടെ അധികാരം നഷ്ടപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ ദൈവം നിയമിച്ചിരിക്കുന്ന ഭരണാധികാരിയെ അവർ എതിർക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ ആളുകൾ ചെയ്‌തതുപോലെതന്നെ യേശുവിന്റെ അനുഗാമികളെ ഉപദ്രവിച്ചുകൊണ്ടാണ്‌ അവർ അതു ചെയ്യുന്നത്‌.—പ്രവൃ. 4:25-28.

9. ജനതകളുടെ മനോഭാവം കണ്ടിട്ട്‌ യഹോവ എന്തു ചെയ്യുന്നു?

9 ജനതകളുടെ ഈ മനോഭാവം കണ്ടിട്ട്‌ യഹോവ അവരോടു പറയുന്നു: “അതുകൊണ്ട്‌ രാജാക്കന്മാരേ, ഉൾക്കാഴ്‌ചയോടെ പ്രവർത്തിക്കൂ! ഭൂമിയിലെ ന്യായാധിപന്മാരേ, തിരുത്തൽ സ്വീകരിക്കൂ! ഭയത്തോടെ യഹോവയെ സേവിക്കൂ! ഭയഭക്തിയോടെ ഉല്ലസിക്കൂ! ദൈവപുത്രനെ ആദരിക്കൂ! അല്ലെങ്കിൽ ദൈവം കോപിച്ചിട്ട്‌ നിങ്ങൾ വഴിയിൽവെച്ച്‌ നശിച്ചുപോകും. ദൈവത്തിന്റെ കോപം ക്ഷണത്തിൽ ജ്വലിക്കുമല്ലോ. ദൈവത്തെ അഭയമാക്കുന്നവരെല്ലാം സന്തുഷ്ടർ.” (സങ്കീ. 2:10-12) യഹോവ ഈ എതിരാളികളോടു ദയ കാണിക്കുന്നു, അവർക്കു മാറ്റം വരുത്താൻ ഒരു അവസരം കൊടുക്കുന്നു. അവർക്ക്‌ ഇനി വേണമെങ്കിലും ശരിയായ തീരുമാനമെടുക്കാം, ദൈവരാജ്യത്തെ പിന്തുണയ്‌ക്കാം. എന്നാൽ അതിനുള്ള സമയം പെട്ടെന്നുതന്നെ അവസാനിക്കും. നമ്മൾ ഈ വ്യവസ്ഥിതിയുടെ ‘അവസാനകാലത്താണു’ ജീവിക്കുന്നത്‌. (2 തിമൊ. 3:1; യശ. 61:2) ആളുകൾ എത്രയും പെട്ടെന്നു സത്യം അറിഞ്ഞ്‌ യഹോവയെ സേവിക്കാൻ തീരുമാനിക്കണം.

ജനതകളെ കുലുക്കുന്നതിന്റെ നല്ല ഫലം

10. ഹഗ്ഗായി 2:7-9-ൽ ആലങ്കാരികമായ കുലുക്കൽകൊണ്ട്‌ ഉണ്ടാകുന്ന ഏതു നല്ല ഫലത്തെക്കുറിച്ചാണു വിവരിച്ചിരിക്കുന്നത്‌?

10 ഹഗ്ഗായി മുൻകൂട്ടിപ്പറഞ്ഞ ആ ആലങ്കാരിക കുലുക്കൽകൊണ്ട്‌ നല്ല ഫലങ്ങളും ഉണ്ടാകുന്നുണ്ട്‌. ഈ കുലുക്കലിന്റെ ഫലമായി യഹോവയെ ആരാധിക്കാൻ “ജനതകളുടെ അമൂല്യവസ്‌തുക്കൾ,” അതായത്‌ ആത്മാർഥഹൃദയമുള്ള ആളുകൾ, വന്നുചേരും എന്നു പ്രവാചകൻ പറയുന്നു. * (ഹഗ്ഗായി 2:7-9 വായിക്കുക.) “അവസാനനാളുകളിൽ” ഇങ്ങനെയൊരു പ്രവർത്തനം നടക്കുന്നതിനെക്കുറിച്ച്‌ യശയ്യ പ്രവാചകനും മീഖ പ്രവാചകനും മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്‌.—യശ. 2:2-4; മീഖ 4:1, 2.

11. ആദ്യമായി ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം കേട്ടപ്പോൾ ഒരു സഹോദരൻ എന്തു ചെയ്‌തു?

11 ഭൂമിയെ മുഴുവൻ കുലുക്കുന്ന ആ സന്ദേശം ചിലരെ എങ്ങനെയാണു സ്വാധീനിച്ചത്‌? ഇപ്പോൾ ലോകാസ്ഥാനത്ത്‌ സേവിക്കുന്ന കെൻ സഹോദരന്‌ അതെക്കുറിച്ച്‌ പറയാനുള്ളതു നമുക്കു നോക്കാം. ഏതാണ്ട്‌ 40 വർഷം മുമ്പ്‌ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം ആദ്യമായി കേട്ടത്‌ അദ്ദേഹത്തിന്റെ മനസ്സിൽ ഇപ്പോഴും തെളിഞ്ഞുനിൽക്കുന്നു. അതെക്കുറിച്ച്‌ കെൻ സഹോദരൻ പറയുന്നു: “ആദ്യമായി ദൈവവചനത്തിൽനിന്നുള്ള സത്യം അറിഞ്ഞപ്പോൾ നമ്മൾ ജീവിക്കുന്നതു വ്യവസ്ഥിതിയുടെ അവസാനകാലത്താണല്ലോ എന്നോർത്ത്‌ എനിക്ക്‌ ഒത്തിരി സന്തോഷം തോന്നി. ഈ ലോകം പെട്ടെന്നുതന്നെ തകർന്നടിയാൻ പോകുകയാണെന്നു ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട്‌ ദൈവത്തിന്റെ അംഗീകാരവും നിത്യജീവനും കിട്ടണമെങ്കിൽ, ഞാൻ ഈ ലോകത്തിന്റെ ഭാഗമായിരിക്കാതെ യഹോവയുടെ പക്ഷത്ത്‌ നിലയുറപ്പിക്കണമെന്ന്‌ എനിക്കു മനസ്സിലായി. ഞാൻ അതെക്കുറിച്ച്‌ യഹോവയോടു പ്രാർഥിച്ചു, എന്നിട്ടു പെട്ടെന്നുതന്നെ അങ്ങനെ ചെയ്‌തു. ഈ ലോകത്തെ ആശ്രയിക്കുന്നതു മതിയാക്കിയിട്ട്‌ ഞാൻ, എന്നും നിലനിൽക്കുന്ന ദൈവരാജ്യത്തെ പിന്തുണയ്‌ക്കാൻ തുടങ്ങി. കാരണം ആ ഗവൺമെന്റാണ്‌ യഥാർഥ സംരക്ഷണം തരുന്നതെന്ന്‌ എനിക്ക്‌ ഉറപ്പായിരുന്നു.”

12. ഈ അവസാനകാലത്ത്‌ യഹോവയുടെ ആത്മീയാലയം മഹത്ത്വംകൊണ്ട്‌ നിറയുന്നത്‌ എങ്ങനെയാണ്‌?

12 യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നതു നമുക്ക്‌ ഇന്നു വ്യക്തമായി കാണാം. ഈ അവസാനകാലത്ത്‌ യഹോവയെ ആരാധിക്കാനായി കൂടിവന്നിരിക്കുന്നവരുടെ എണ്ണത്തിൽ വലിയൊരു വർധനതന്നെ ഉണ്ടായിട്ടുണ്ട്‌. 1914-ൽ നമ്മൾ ഏതാനും ആയിരങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ദൈവസേവനത്തിൽ സജീവമായി പ്രവർത്തിക്കുന്നവരുടെ എണ്ണം 80 ലക്ഷത്തിലധികമാണ്‌. കൂടാതെ ഓരോ വർഷവും ക്രിസ്‌തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാനായി ലക്ഷക്കണക്കിന്‌ ആളുകൾ നമ്മളോടൊപ്പം കൂടിവരുന്നുമുണ്ട്‌. അങ്ങനെ യഹോവയുടെ ആത്മീയാലയത്തിന്റെ (അതായത്‌ ശുദ്ധാരാധനയ്‌ക്കുള്ള ദൈവത്തിന്റെ ക്രമീകരണം) മുറ്റം, ഇന്നു ‘ജനതകളുടെ അമൂല്യവസ്‌തുക്കൾകൊണ്ട്‌’ നിറഞ്ഞിരിക്കുകയാണ്‌. ഈ ആളുകൾ പുതിയ വ്യക്തിത്വം ധരിക്കുന്നതിന്റെ ഭാഗമായി ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുമ്പോഴും യഹോവയുടെ നാമം മഹത്ത്വപ്പെടുന്നു.—എഫെ. 4:22-24.

ലോകമെങ്ങുമുള്ള ദൈവജനം സന്തോഷത്തോടെ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം ആളുകളെ അറിയിക്കുന്നു (13-ാം ഖണ്ഡിക കാണുക)

13. ഇന്നു മറ്റ്‌ ഏതു പ്രവചനങ്ങളുടെ നിവൃത്തിയും നമ്മൾ കാണുന്നു? (പുറംതാളിലെ ചിത്രം കാണുക.)

13 ഹഗ്ഗായിയുടെ പ്രവചനം നിറവേറിയതിനൊപ്പം യശയ്യ 60-ാം അധ്യായത്തിലെ ചില പ്രവചനങ്ങളും നിവൃത്തിയേറുന്നുണ്ട്‌. ഉദാഹരണത്തിന്‌, 60-ാം അധ്യായത്തിന്റെ 22-ാം വാക്യം പറയുന്നു: “കുറഞ്ഞവൻ ആയിരവും ചെറിയവൻ ഒരു മഹാജനതയും ആയിത്തീരും. യഹോവ എന്ന ഞാൻ തക്ക സമയത്ത്‌ അതിന്റെ വേഗത കൂട്ടും.” കൂടുതൽക്കൂടുതൽ ആളുകൾ സത്യാരാധനയിലേക്കു വന്നിരിക്കുന്നതു മറ്റു ചില അനുഗ്രഹങ്ങൾക്കും ഇടയാക്കിയിരിക്കുന്നു. ഈ “അമൂല്യവസ്‌തുക്കൾ” അഥവാ ആളുകൾ നല്ല കഴിവും പ്രാപ്‌തിയും ഒക്കെയുള്ളവരാണ്‌. മാത്രമല്ല ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത’ അറിയിക്കാനുള്ള മനസ്സൊരുക്കവും അവർക്കുണ്ട്‌. അങ്ങനെ യശയ്യ പ്രവാചകൻ പറഞ്ഞ “ജനതകളുടെ പാൽ” ഇന്ന്‌ യഹോവയുടെ ജനത്തിനു ലഭ്യമായിരിക്കുന്നു. (യശ. 60:5, 16) ഈ സഹോദരീസഹോദരന്മാരുടെ സഹായത്തോടെ 240-ഓളം രാജ്യങ്ങളിൽ ഇന്നു പ്രസംഗപ്രവർത്തനം നടക്കുന്നുണ്ട്‌. കൂടാതെ 1,000-ത്തിലേറെ ഭാഷകളിൽ നമ്മുടെ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കാനുമാകുന്നു.

തീരുമാനമെടുക്കാനുള്ള സമയം

14. ആളുകൾ ഇന്ന്‌ ഏതു തീരുമാനമെടുക്കണം?

14 ഈ അവസാനകാലത്ത്‌ ജനതകളെ കുലുക്കുന്ന പ്രവർത്തനം നടക്കുന്നതുകൊണ്ട്‌ ആളുകൾ എന്തായാലും ഒരു തീരുമാനമെടുക്കണം. അവർ ദൈവരാജ്യത്തെ പിന്തുണയ്‌ക്കുമോ അതോ ഈ ലോകത്തിലെ ഗവൺമെന്റുകളിൽ ആശ്രയം വെക്കുമോ? ഈ വിഷയത്തിൽ എല്ലാവരും ഒരു തീരുമാനമെടുത്തേ മതിയാകൂ. യഹോവയുടെ ജനം അവർ താമസിക്കുന്ന ദേശത്തെ ഗവൺമെന്റിന്റെ നിയമങ്ങളൊക്കെ അനുസരിക്കും. അതേസമയം ഈ ലോകത്തിലെ രാഷ്ട്രീയകാര്യങ്ങളിൽ അവർ പൂർണമായും നിഷ്‌പക്ഷരുമാണ്‌. (റോമ. 13:1-7) കാരണം മനുഷ്യർ ഇന്നു നേരിടുന്ന പ്രശ്‌നങ്ങൾക്കുള്ള ഒരേ ഒരു പരിഹാരം ദൈവരാജ്യമാണെന്ന്‌ അവർക്ക്‌ അറിയാം. ആ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല.—യോഹ. 18:36, 37.

15. വിശ്വസ്‌തതയുടെ ഏതു വലിയ പരിശോധനയെക്കുറിച്ചാണു വെളിപാടു പുസ്‌തകം പറയുന്നത്‌?

15 അവസാനകാലത്ത്‌ ദൈവജനത്തിന്റെ വിശ്വസ്‌തത പരിശോധിക്കപ്പെടുമെന്നു വെളിപാട്‌ പുസ്‌തകം നമ്മളോടു പറയുന്നു. ആ പരിശോധനയുടെ ഫലമായി നമുക്കു കടുത്ത എതിർപ്പും ഉപദ്രവവും സഹിക്കേണ്ടിവരും. ഈ ലോകത്തിലെ ഗവൺമെന്റുകൾ ദൈവത്തിനു മാത്രം നൽകേണ്ട ആരാധന നമ്മളിൽനിന്ന്‌ ആവശ്യപ്പെടും. അവരെ പിന്തുണയ്‌ക്കാൻ തയ്യാറാകാത്തവരെ ഉപദ്രവിക്കുകയും ചെയ്യും. (വെളി. 13:12, 15) അവർ “ചെറിയവരും വലിയവരും, ധനികരും ദരിദ്രരും, സ്വതന്ത്രരും അടിമകളും തുടങ്ങി എല്ലാവരെയും വലതുകൈയിലോ നെറ്റിയിലോ മുദ്രയേൽക്കാൻ” നിർബന്ധിക്കും. (വെളി. 13:16) പുരാതന കാലത്ത്‌ ഒരാൾ ആരുടെ അടിമയാണെന്നു കാണിക്കാൻ അയാളുടെ മേൽ ഒരു മുദ്ര അഥവാ അടയാളം കുത്തുന്ന രീതിയുണ്ടായിരുന്നു. അതുപോലെ നമ്മുടെ ഈ നാളിലും എല്ലാവർക്കും കൈയിലോ നെറ്റിയിലോ ആലങ്കാരികമായ ഒരു മുദ്രയുണ്ടായിരിക്കാൻ ആളുകൾ പൊതുവേ പ്രതീക്ഷിക്കും. അതായത്‌ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെയും ചിന്തകളിലൂടെയും എല്ലാവരും ഇന്നത്തെ രാഷ്ട്രീയവ്യവസ്ഥിതിയെ പിന്തുണയ്‌ക്കുന്നെന്നു തെളിയിക്കാൻ അവർ പ്രതീക്ഷിക്കും.

16. നമ്മൾ യഹോവയോടു ശരിക്കും വിശ്വസ്‌തരാണോ എന്ന്‌ ഇപ്പോൾത്തന്നെ ഉറപ്പുവരുത്തേണ്ടത്‌ എന്തുകൊണ്ട്‌?

16 നമ്മൾ ഈ ആലങ്കാരിക മുദ്രയേൽക്കുകയും ഈ ലോകത്തിലെ ഗവൺമെന്റുകളെ പിന്തുണയ്‌ക്കുകയും ചെയ്യുമോ? ആ മുദ്രയേൽക്കാൻ തയ്യാറാകാത്തവർക്ക്‌ ഉപദ്രവങ്ങൾ സഹിക്കേണ്ടിവരും. അവരുടെ ജീവനുതന്നെ ഭീഷണി നേരിട്ടേക്കും. ‘മുദ്ര സ്വീകരിച്ചിട്ടില്ലാത്ത ആർക്കും വാങ്ങാനോ വിൽക്കാനോ കഴിയില്ല’ എന്നും വെളിപാട്‌ പുസ്‌തകം പറയുന്നു. (വെളി. 13:17) എന്നാൽ ആ മുദ്ര സ്വീകരിക്കുന്നവരോടു ദൈവം എന്തു ചെയ്യുമെന്നു ദൈവജനത്തിന്‌ അറിയാം. (വെളി. 14:9, 10) ആ മുദ്ര സ്വീകരിക്കുന്നതിനു പകരം അവർ ഒരർഥത്തിൽ “ഞാൻ യഹോവയ്‌ക്കുള്ളവൻ” എന്നു തങ്ങളുടെ കൈയിൽ എഴുതും. (യശ. 44:5) യഹോവയോടു നമ്മൾ ശരിക്കും വിശ്വസ്‌തരാണോ എന്ന്‌ ഉറപ്പുവരുത്താനുള്ള സമയമാണ്‌ ഇത്‌. നമ്മൾ വിശ്വസ്‌തരാണെങ്കിൽ യഹോവ നമ്മളെ തനിക്കുള്ളവരായി സ്വീകരിക്കും!

അവസാനത്തെ കുലുക്കൽ

17. യഹോവയുടെ ക്ഷമയെക്കുറിച്ച്‌ നമ്മൾ എന്തു മനസ്സിൽപ്പിടിക്കണം?

17 ഈ അവസാനകാലത്ത്‌ യഹോവ ക്ഷമയോടെ കാത്തിരിക്കുകയാണ്‌. ആരും നശിച്ചുപോകാൻ യഹോവ ആഗ്രഹിക്കുന്നില്ല. (2 പത്രോ. 3:9) മാനസാന്തരപ്പെടാനും ശരിയായ തീരുമാനമെടുക്കാനും യഹോവ എല്ലാവർക്കും അവസരം നൽകിയിരിക്കുന്നു. എന്നാൽ യഹോവ എന്നും ഇങ്ങനെ ക്ഷമയോടെ കാത്തിരിക്കില്ല. ഇന്നു ദൈവരാജ്യത്തെ പിന്തുണയ്‌ക്കാൻ തയ്യാറാകാത്തവർക്കു മോശയുടെ നാളിൽ ഫറവോന്‌ ഉണ്ടായ അതേ അനുഭവം തന്നെയായിരിക്കും ഉണ്ടാകുന്നത്‌. യഹോവ ഫറവോനോടു പറഞ്ഞു: “എനിക്ക്‌ ഇതിനോടകംതന്നെ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മാരകമായ പകർച്ചവ്യാധിയാൽ പ്രഹരിക്കാമായിരുന്നു, ഈ ഭൂമുഖത്തുനിന്ന്‌ നിന്നെ ഇല്ലാതാക്കാമായിരുന്നു. എന്നാൽ എന്റെ ശക്തി നിന്നെ കാണിക്കാനും ഭൂമിയിലെങ്ങും എന്റെ പേര്‌ പ്രസിദ്ധമാക്കാനും വേണ്ടി മാത്രമാണു നിന്നെ ജീവനോടെ വെച്ചിരിക്കുന്നത്‌.” (പുറ. 9:15, 16) യഹോവ മാത്രമാണു സത്യദൈവമെന്ന്‌ എല്ലാ ജനതകളും അവസാനം അറിയേണ്ടിവരും. (യഹ. 38:23) എങ്ങനെയായിരിക്കും അവർ അത്‌ അറിയുന്നത്‌?

18. (എ) ഹഗ്ഗായി 2:6, 20-22-ൽ വേറെ ഏതു കുലുക്കലിനെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്‌? (ബി) ഹഗ്ഗായിയുടെ വാക്കുകൾക്കു ഭാവിയിൽ ഒരു നിവൃത്തിയുണ്ടെന്നു നമുക്ക്‌ എങ്ങനെ അറിയാം?

18 ഹഗ്ഗായി മരിച്ച്‌ നൂറുകണക്കിനു വർഷങ്ങൾക്കു ശേഷം അപ്പോസ്‌തലനായ പൗലോസ്‌ എബ്രായ ക്രിസ്‌ത്യാനികൾക്കു കത്ത്‌ എഴുതിയപ്പോൾ ഹഗ്ഗായി 2:6, 20-22 (വായിക്കുക.) വരെയുള്ള വാക്കുകൾക്കു ഭാവിയിൽ ഒരു നിവൃത്തിയുണ്ടാകുമെന്നു പറഞ്ഞു. ആ കത്തിൽ പൗലോസ്‌ എഴുതി: “ഇപ്പോൾ ദൈവം, ‘ഞാൻ വീണ്ടും ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും’ എന്നു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. ‘വീണ്ടും’ എന്ന പ്രയോഗം, ഇളക്കമില്ലാത്തതു നിലനിറുത്താനായി ഇളകിയവയെ അഥവാ നിർമിതമായവയെ നീക്കിക്കളയുമെന്നു സൂചിപ്പിക്കുന്നു.” (എബ്രാ. 12:26, 27) ഹഗ്ഗായി 2:7-ൽ പറഞ്ഞിരിക്കുന്ന കുലുക്കൽ അല്ല ഇത്‌. ഈ കുലുക്കലിലൂടെ, ഫറവോനെപ്പോലെ യഹോവയെ ഭരണാധികാരിയായി അംഗീകരിക്കാത്തവർക്ക്‌, നിത്യമായ നാശം അനുഭവിക്കേണ്ടിവരും.

19. ഇളക്കം തട്ടാത്തതായി എന്തു മാത്രം ഉണ്ടായിരിക്കും, നമുക്ക്‌ എങ്ങനെ അറിയാം?

19 എന്നാൽ ഇളക്കം തട്ടില്ലാത്ത, നീങ്ങിപ്പോകുകയില്ലാത്ത ഒന്നുണ്ട്‌. അതെക്കുറിച്ച്‌ പൗലോസ്‌ പറഞ്ഞു: “ഇളക്കാനാകാത്ത ഒരു രാജ്യം നമുക്കു കിട്ടുമെന്നതിനാൽ അനർഹദയ സ്വീകരിക്കുന്നതിൽ തുടരാം; അതുവഴി, ദൈവം അംഗീകരിക്കുന്ന വിധത്തിൽ ഭയഭക്തിയോടെ നമുക്കു ദൈവത്തെ സേവിക്കാം.” (എബ്രാ. 12:28) അവസാനത്തെ ആ വലിയ കുലുക്കലിനു ശേഷം ദൈവരാജ്യം മാത്രമേ ഇളകാത്തതായി ഉണ്ടായിരിക്കുകയുള്ളൂ. അതു മാത്രം എന്നും നിലനിൽക്കും!—സങ്കീ. 110:5, 6; ദാനി. 2:44.

20. ആളുകൾ ഏതു തീരുമാനമെടുക്കണം, അതിനു നമുക്ക്‌ അവരെ എങ്ങനെ സഹായിക്കാം?

20 വെറുതേ കളയാൻ ഇനി ഒട്ടും സമയമില്ല. ആളുകൾ രണ്ടിലൊന്നു തീരുമാനിക്കണം. അവർ ഇനിയും ഈ ലോകത്തിന്റെ ജീവിതരീതിയെ പിന്തുണച്ചുകൊണ്ട്‌ നാശത്തിലേക്കു പോകുമോ? അതോ, ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട്‌ നിത്യജീവൻ നേടാൻ ശ്രമിക്കുമോ? (എബ്രാ. 12:25) നമ്മുടെ പ്രസംഗപ്രവർത്തനത്തിലൂടെ, ശരിയായ ഒരു തീരുമാനമെടുക്കാൻ നമുക്ക്‌ ആളുകളെ സഹായിക്കാം. അങ്ങനെ ദൈവരാജ്യത്തെ പിന്തുണയ്‌ക്കുന്നതിനു കഴിയുന്നത്ര ആളുകളെ സഹായിക്കാൻ നമുക്കു ശ്രമിക്കാം. നമ്മുടെ കർത്താവായ യേശുവിന്റെ വാക്കുകൾ നമുക്ക്‌ എപ്പോഴും ഓർക്കാം: “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.”—മത്താ. 24:14.

ഗീതം 40 നമ്മൾ ആർക്കുള്ളവർ?

^ ഖ. 5 ഹഗ്ഗായി 2:7-നെക്കുറിച്ച്‌ മുമ്പ്‌ നൽകിയിരുന്ന വിശദീകരണത്തിൽ വന്നിരിക്കുന്ന ചെറിയൊരു മാറ്റം ഈ ലേഖനത്തിൽ നമ്മൾ കാണും. സകല ജനതകളെയും കുലുക്കുന്ന ആവേശകരമായ പ്രവർത്തനത്തിൽ നമുക്ക്‌ എങ്ങനെ ഉൾപ്പെടാം? നമ്മുടെ ഈ പ്രവർത്തനം ഏതു രണ്ടു രീതിയിലുള്ള ഫലം ഉളവാക്കും? ഇക്കാര്യങ്ങളെക്കുറിച്ചും ഈ ലേഖനം വിശദീകരിക്കും.

^ ഖ. 4 ബി.സി. 515-ൽ ദേവാലയത്തിന്റെ പണി പൂർത്തിയായതിൽനിന്നും ഹഗ്ഗായി തന്റെ നിയമനം നന്നായി ചെയ്‌തെന്നു നമുക്കു മനസ്സിലാക്കാം.

^ ഖ. 10 ഹഗ്ഗായി 2:7-നെക്കുറിച്ച്‌ മുമ്പ്‌ നൽകിയിരുന്ന വിശദീകരണത്തിൽ വന്ന ഒരു മാറ്റമാണ്‌ ഇത്‌. ആത്മാർഥഹൃദയമുള്ള ആളുകൾ യഹോവയിലേക്ക്‌ ആകർഷിക്കപ്പെടുന്നതു ജനതകളുടെ കുലുക്കൽ നിമിത്തമല്ല എന്ന്‌ ചിലപ്പോഴൊക്കെ നമ്മൾ പറഞ്ഞിട്ടുണ്ട്‌. 2006 മെയ്‌ 15 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.

^ ഖ. 63 ചിത്രക്കുറിപ്പ്‌: ഉത്സാഹത്തോടെ ദേവാലയം പുനർനിർമിക്കാൻ ഹഗ്ഗായി ദൈവജനത്തെ പ്രോത്സാഹിപ്പിച്ചു. ദൈവജനം ഇന്ന്‌ ഉത്സാഹത്തോടെ ദൈവത്തിൽനിന്നുള്ള സന്ദേശം അറിയിക്കുന്നു. ഒരു ദമ്പതികൾ അവസാനത്തെ കുലുക്കലിനെക്കുറിച്ചുള്ള സന്ദേശം ആളുകളെ അറിയിക്കുന്നു.