വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 38

യഹോവയോടും സഹോദരങ്ങളോടും ഉള്ള സ്‌നേഹം ശക്തമാക്കുക

യഹോവയോടും സഹോദരങ്ങളോടും ഉള്ള സ്‌നേഹം ശക്തമാക്കുക

“ഞാൻ എന്റെ പിതാവും നിങ്ങളുടെ പിതാവും . . . ആയവന്റെ അടുത്തേക്കു കയറിപ്പോകുന്നു.”—യോഹ. 20:17.

ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ധൈര്യം

പൂർവാവലോകനം *

1. വിശ്വസ്‌തരായ മനുഷ്യർക്ക്‌ യഹോവയുമായി എങ്ങനെയുള്ള ഒരു ബന്ധത്തിലേക്കു വരാനാകും?

യഹോവയുടെ ആരാധകരുടെ കുടുംബത്തിൽ ‘എല്ലാ സൃഷ്ടികളിലുംവെച്ച്‌ ആദ്യം ജനിച്ചവനായ’ യേശുവും കോടിക്കണക്കിനു ദൂതന്മാരും ഉണ്ട്‌. (കൊലോ. 1:15; സങ്കീ. 103:20) ഇനി യഹോവ, വിശ്വസ്‌തരായ മനുഷ്യരുടെയുംകൂടെ പിതാവാണെന്നു യേശു സൂചിപ്പിച്ചു. ശിഷ്യന്മാരോടു സംസാരിക്കുമ്പോൾ യഹോവയെക്കുറിച്ച്‌ യേശു പറഞ്ഞത്‌, “എന്റെ പിതാവും നിങ്ങളുടെ പിതാവും” എന്നാണ്‌. (യോഹ. 20:17) യഹോവയ്‌ക്കു സമർപ്പിച്ച്‌ സ്‌നാനമേൽക്കുമ്പോൾ നമ്മൾ സ്‌നേഹമുള്ള സഹോദരീസഹോദരന്മാർ ചേർന്ന ഒരു കുടുംബത്തിന്റെ ഭാഗമായിത്തീരുന്നു.—മർക്കോ. 10:29, 30.

2. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻ പോകുന്നത്‌?

2 ചിലർക്ക്‌ യഹോവയെ സ്‌നേഹവാനായ ഒരു പിതാവായി കാണാൻ ബുദ്ധിമുട്ടുണ്ട്‌. മറ്റു ചിലർക്കു സഹോദരങ്ങളോട്‌ എങ്ങനെ സ്‌നേഹം കാണിക്കണമെന്ന്‌ അറിയില്ലായിരിക്കാം. നമുക്കു വളരെ അടുപ്പം തോന്നുന്ന, സ്‌നേഹവാനായ ഒരു പിതാവായി യഹോവയെ കാണാൻ യേശു നമ്മളെ എങ്ങനെ സഹായിക്കുന്നെന്ന്‌ ഈ ലേഖനത്തിലൂടെ പഠിക്കും. സഹോദരങ്ങളോട്‌ ഇടപെടുമ്പോൾ എങ്ങനെയെല്ലാം യഹോവയെ അനുകരിക്കാമെന്നും നമ്മൾ കാണും.

നമ്മൾ യഹോവയോട്‌ അടുത്ത്‌ ചെല്ലാൻ യഹോവ ആഗ്രഹിക്കുന്നു

3. യേശു പഠിപ്പിച്ച പ്രാർഥന യഹോവയോടു കൂടുതൽ അടുപ്പം തോന്നാൻ നമ്മളെ എങ്ങനെ സഹായിക്കുന്നു?

3 യഹോവ സ്‌നേഹവാനായ ഒരു പിതാവാണ്‌. യഹോവയെ യേശു കാണുന്നതുപോലെ നമ്മളും കാണണമെന്നാണു യേശുവിന്റെ ആഗ്രഹം. അതായത്‌, എന്തു ചെയ്യണം, എന്തു ചെയ്യരുത്‌ എന്നു മാത്രം പറയുന്ന ക്രൂരനായ ഒരു വ്യക്തിയായിട്ടല്ല, മറിച്ച്‌ നമുക്ക്‌ ഏതു സമയത്തും സംസാരിക്കാൻ കഴിയുന്ന സ്‌നേഹവും ദയയും ഉള്ള ഒരു അപ്പനായി കാണണമെന്ന്‌. പ്രാർഥിക്കാൻ ശിഷ്യന്മാരെ പഠിപ്പിച്ചപ്പോൾ യേശു പറഞ്ഞ വാക്കുകളിൽനിന്ന്‌ അതു മനസ്സിലാക്കാം. ആ പ്രാർഥന തുടങ്ങുന്നതുതന്നെ “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്നു പറഞ്ഞുകൊണ്ടാണ്‌. (മത്താ. 6:9) യഹോവയെ ‘സർവശക്തൻ’ എന്നോ ‘സ്രഷ്ടാവ്‌’ എന്നോ ‘നിത്യതയുടെ രാജാവ്‌’ എന്നോ ഒക്കെ വിളിക്കാൻ യേശുവിനു പറയാമായിരുന്നു. യഹോവയ്‌ക്കുവേണ്ടി അത്തരം സ്ഥാനപ്പേരുകൾ ബൈബിളിൽ ഉപയോഗിച്ചിട്ടുമുണ്ട്‌. (ഉൽപ. 49:25; യശ. 45:18; 1 തിമൊ. 1:17) എന്നാൽ യഹോവയെ “പിതാവേ” എന്നു വിളിക്കാനാണു യേശു പറഞ്ഞത്‌.

4. നമ്മൾ യഹോവയുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാൻ യഹോവ ആഗ്രഹിക്കുന്നെന്ന്‌ എങ്ങനെ അറിയാം?

4 യഹോവയെ സ്‌നേഹമുള്ള ഒരു പിതാവായി കാണാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? ചിലർക്കെങ്കിലും തോന്നുന്നുണ്ടാകും. അവർ വളർന്നുവന്ന സാഹചര്യംകൊണ്ടായിരിക്കാം അത്‌. കാരണം അവരുടെ അപ്പൻ ഒരിക്കലും സ്‌നേഹമുള്ള ഒരു ആളായിരുന്നിട്ടില്ല. അങ്ങനെയുള്ളവർക്ക്‌, തന്നെ സ്‌നേഹമുള്ള ഒരു അപ്പനായി കാണാൻ ബുദ്ധിമുട്ടു തോന്നുമെന്ന കാര്യം യഹോവയ്‌ക്കു ശരിക്കും മനസ്സിലാകും. എത്ര ആശ്വാസമാണത്‌, അല്ലേ? വാസ്‌തവത്തിൽ നമ്മളുമായി ഒരു അടുത്തബന്ധം ഉണ്ടായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. അതുകൊണ്ടാണു ബൈബിൾ നമ്മളോട്‌ ഇങ്ങനെ പറയുന്നത്‌: “ദൈവത്തോട്‌ അടുത്ത്‌ ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട്‌ അടുത്ത്‌ വരും.” (യാക്കോ. 4:8) യഹോവ നമ്മളെ സ്‌നേഹിക്കുന്നു. മാത്രമല്ല നമുക്ക്‌ ഉണ്ടായിരിക്കാവുന്നതിലേക്കും ഏറ്റവും നല്ലൊരു അപ്പനായിരിക്കുമെന്നു വാക്കു തന്നിട്ടുമുണ്ട്‌.

5. ലൂക്കോസ്‌ 10:22 അനുസരിച്ച്‌ യഹോവയോടു കൂടുതൽ അടുക്കാൻ യേശു നമ്മളെ എങ്ങനെ സഹായിക്കുന്നു?

5 യഹോവയുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാൻ യേശുവിനു നമ്മളെ സഹായിക്കാനാകും. യേശുവിന്‌ യഹോവയെ നന്നായി അറിയാം. മാത്രമല്ല പിതാവിന്റെ ഗുണങ്ങൾ യേശു അങ്ങനെതന്നെ അനുകരിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ “എന്നെ കണ്ടിട്ടുള്ളവൻ പിതാവിനെയും കണ്ടിരിക്കുന്നു” എന്നു യേശുവിനു പറയാനായി. (യോഹ. 14:9) നമ്മുടെ അപ്പനെ എങ്ങനെ ബഹുമാനിക്കാം, അനുസരിക്കാം, എങ്ങനെ അപ്പനെ സങ്കടപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യാതിരിക്കാം, സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാം എന്നൊക്കെ ഒരു മൂത്ത ചേട്ടനെപ്പോലെ യേശു നമുക്കു പഠിപ്പിച്ചുതരുന്നു. ഇനി, യഹോവ എങ്ങനെയാണ്‌ ദയയും സ്‌നേഹവും ഉള്ളൊരു അപ്പനായിരിക്കുന്നതെന്നു ഭൂമിയിലെ ജീവിതത്തിലൂടെയും യേശു കാണിച്ചുതന്നു. (ലൂക്കോസ്‌ 10:22 വായിക്കുക.) അതിന്റെ ചില ഉദാഹരണങ്ങൾ നോക്കാം.

സ്‌നേഹമുള്ള ഒരു പിതാവായ യഹോവ ഒരു ദൂതനെ അയച്ച്‌ തന്റെ മകനെ ശക്തിപ്പെടുത്തി (6-ാം ഖണ്ഡിക കാണുക) *

6. യേശുവിനു പറയാനുള്ളത്‌ യഹോവ ശ്രദ്ധിച്ചെന്നു നമുക്ക്‌ എങ്ങനെ അറിയാം? ചില ഉദാഹരണങ്ങൾ പറയുക.

6 മക്കൾക്കു പറയാനുള്ളത്‌ യഹോവ കേൾക്കുന്നു. തന്റെ മൂത്ത മകനായ യേശുവിനു പറയാനുള്ളത്‌ യഹോവ ശ്രദ്ധിച്ചത്‌ എങ്ങനെയാണെന്നു നോക്കാം. ഭൂമിയിലായിരുന്നപ്പോൾ യേശു ഒരുപാടു തവണ പ്രാർഥിച്ചു. അതെല്ലാം യഹോവ കേട്ടു. (ലൂക്കോ. 5:16) 12 അപ്പോസ്‌തലന്മാരെ തിരഞ്ഞെടുക്കുന്നതുപോലുള്ള പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ്‌ യേശു പ്രാർഥിച്ചപ്പോൾ യഹോവ കേട്ടു. (ലൂക്കോ. 6:12, 13) ഇനി, മാനസികമായി ഒരുപാടു വിഷമിച്ചപ്പോൾ യേശു പ്രാർഥിച്ചതും യഹോവ കേട്ടു. ഉദാഹരണത്തിന്‌, യൂദാസ്‌ തന്നെ ഒറ്റിക്കൊടുക്കുന്നതിനു മുമ്പ്‌, തനിക്കു പെട്ടെന്നുതന്നെ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച്‌ യേശു ഉള്ളുരുകി പ്രാർഥിച്ചു. യഹോവ ആ പ്രാർഥന കേട്ടെന്നു മാത്രമല്ല പ്രിയമകനെ ശക്തിപ്പെടുത്താനായി ഒരു ദൂതനെ അയയ്‌ക്കുകയും ചെയ്‌തു.—ലൂക്കോ. 22:41-44.

7. യഹോവ നമ്മുടെ പ്രാർഥന കേൾക്കുമെന്ന അറിവ്‌ എന്തു ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കണം?

7 ഇന്നും യഹോവ തന്റെ ദാസന്മാരുടെ പ്രാർഥന കേൾക്കുന്നുണ്ട്‌. മാത്രമല്ല, ശരിയായ സമയത്ത്‌ സാധ്യമായതിലേക്കും ഏറ്റവും നല്ല രീതിയിൽ ഉത്തരം നൽകുകയും ചെയ്യുന്നു. (സങ്കീ. 116:1, 2) യഹോവ പ്രാർഥനയ്‌ക്ക്‌ ഉത്തരം തരുന്നത്‌ ഇന്ത്യയിൽനിന്നുള്ള ഒരു സഹോദരി അനുഭവിച്ചറിഞ്ഞു. എന്തിനും ഏതിനും വല്ലാതെ ടെൻഷനടിക്കുന്ന ആളായിരുന്നു സഹോദരി. അതെക്കുറിച്ച്‌ സഹോദരി യഹോവയോട്‌ ആത്മാർഥമായി പ്രാർഥിച്ചു. സഹോദരി എഴുതുന്നു: “2019 മെയ്‌ മാസത്തെ JW പ്രക്ഷേപണത്തിൽ വന്ന, ഉത്‌കണ്‌ഠകൾ എങ്ങനെ തരണം ചെയ്യാം എന്നതിനെക്കുറിച്ചുള്ള പരിപാടി എനിക്കുവേണ്ടി ഉള്ളതായിരുന്നു. ശരിക്കും എന്റെ പ്രാർഥനയ്‌ക്കുള്ള ഉത്തരം.”

8. യഹോവ ഏതെല്ലാം വിധങ്ങളിൽ യേശുവിനോടുള്ള സ്‌നേഹം കാണിച്ചു?

8 യഹോവ യേശുവിനെ സ്‌നേഹിക്കുന്നു. (യോഹ. 5:20) പ്രയാസസാഹചര്യങ്ങളിൽ ആയിരുന്നപ്പോൾ യേശുവിനെ യഹോവ പ്രോത്സാഹിപ്പിക്കുകയും വിശ്വാസം ശക്തമാക്കി നിറുത്താൻ സഹായിക്കുകയും ചെയ്‌തു. യേശുവിന്റെ മറ്റ്‌ ആവശ്യങ്ങൾക്കുവേണ്ടിയും യഹോവ കരുതി. കൂടാതെ യേശു ചെയ്യുന്ന കാര്യങ്ങളിൽ തനിക്ക്‌ എത്രമാത്രം സന്തോഷമുണ്ടെന്നും യേശുവിനെ താൻ സ്‌നേഹിക്കുന്നെന്നും യഹോവ തുറന്നുപറയുകയും ചെയ്‌തു. (മത്താ. 3:16, 17) സ്‌നേഹമുള്ള തന്റെ സ്വർഗീയപിതാവ്‌ എപ്പോഴും തന്റെ കൂടെയുണ്ടായിരിക്കുമെന്നു യേശുവിന്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ താൻ ഒറ്റയ്‌ക്കാണെന്നു യേശുവിന്‌ ഒരിക്കലും തോന്നിയില്ല. (യോഹ. 8:16) യഹോവ യേശുവിനെ സ്‌നേഹിച്ചതുപോലെ നമ്മളെയും സ്‌നേഹിക്കുന്നു, നമുക്കുവേണ്ടിയും കരുതുന്നു.

9. യഹോവ നമ്മളെ സ്‌നേഹിക്കുന്നുണ്ട്‌ എന്നതിന്‌ എന്തു തെളിവുണ്ട്‌?

9 യേശുവിനെപ്പോലെതന്നെ നമ്മളും യഹോവയുടെ സ്‌നേഹം പല വിധങ്ങളിൽ രുചിച്ചറിഞ്ഞിട്ടുണ്ട്‌. ഇതെക്കുറിച്ചൊക്കെ ഒന്നു ചിന്തിക്കുക: യഹോവ നമ്മളെ തന്റെ സ്‌നേഹിതരാകാൻ അനുവദിച്ചിരിക്കുന്നു. പ്രയാസസാഹചര്യങ്ങളിലൊക്കെ ആയിരിക്കുമ്പോൾ സന്തോഷത്തോടെയിരിക്കാൻ സഹായിക്കുന്ന, നമ്മളെ പ്രോത്സാഹിപ്പിക്കുന്ന, സ്‌നേഹമുള്ള ധാരാളം സഹോദരങ്ങളെ തന്നിരിക്കുന്നു. (യോഹ. 6:44) ഇനി, നമ്മുടെ വിശ്വാസം ശക്തമാക്കി നിറുത്താൻവേണ്ടി ആവശ്യമായ ആത്മീയഭക്ഷണം യഹോവ പതിവായി തരുന്നു. കൂടാതെ, ഓരോ ദിവസത്തെയും മറ്റ്‌ ആവശ്യങ്ങൾക്കുവേണ്ടിയും യഹോവ കരുതുന്നു. (മത്താ. 6:31, 32) യഹോവയ്‌ക്കു നമ്മളോടുള്ള സ്‌നേഹത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ യഹോവയോടുള്ള നമ്മുടെ സ്‌നേഹവും വർധിക്കും.

സഹോദരങ്ങളെ സ്‌നേഹിക്കുന്നതിൽ യഹോവയെ അനുകരിക്കുക

10. സഹോദരങ്ങളോട്‌ ഇടപെടുന്ന കാര്യത്തിൽ യഹോവയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

10 യഹോവ നമ്മുടെ സഹോദരങ്ങളെ സ്‌നേഹിക്കുന്നുണ്ട്‌. എന്നാൽ നമുക്ക്‌ അവരെ സ്‌നേഹിക്കാനും ആ സ്‌നേഹം പ്രവൃത്തിയിലൂടെ കാണിക്കാനും എപ്പോഴും അത്ര എളുപ്പമായിരിക്കണമെന്നില്ല. കാരണം നമ്മുടെ ഒക്കെ സംസ്‌കാരവും നമ്മൾ വളർന്നുവന്ന സാഹചര്യങ്ങളും പലതായിരിക്കാം. ഇനി, മറ്റുള്ളവരെ വിഷമിപ്പിക്കുകയോ അസ്വസ്ഥരാക്കുകയോ ചെയ്യുന്ന തെറ്റുകളും നമുക്കൊക്കെ സംഭവിക്കാം. ഇങ്ങനെയൊക്കെ ആണെങ്കിലും സഹോദരങ്ങൾക്കിടയിലെ സ്‌നേഹബന്ധം ശക്തമാക്കിനിറുത്താൻ നമുക്കു പലതും ചെയ്യാനാകും. സഹോദരങ്ങളോടു സ്‌നേഹം കാണിക്കുന്ന കാര്യത്തിൽ യഹോവ നല്ലൊരു മാതൃക വെച്ചിട്ടുണ്ട്‌. (എഫെ. 5:1, 2; 1 യോഹ. 4:19) അതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകുമെന്നു നോക്കാം.

11. യേശു എങ്ങനെയാണ്‌ യഹോവയുടെ “ആർദ്രാനുകമ്പ” അനുകരിച്ചത്‌?

11 “ആർദ്രാനുകമ്പ” കാണിക്കുന്ന ദൈവമാണ്‌ യഹോവ. (ലൂക്കോ. 1:78) അനുകമ്പയുള്ളവർക്കു മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ കാണുമ്പോൾ വിഷമം തോന്നും. അവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും ഉള്ള വഴികൾ കണ്ടെത്തുകയും ചെയ്യും. ആളുകളോട്‌ അനുകമ്പയോടെ ഇടപെട്ടപ്പോൾ യഹോവയുടെ അനുകമ്പ യേശു അനുകരിക്കുകയായിരുന്നു. (യോഹ. 5:19) ഒരിക്കൽ ഒരു “ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശുവിന്‌ അലിവ്‌ തോന്നി. കാരണം അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ അവഗണിക്കപ്പെട്ടവരും മുറിവേറ്റവരും ആയിരുന്നു.” (മത്താ. 9:36) യേശുവിന്‌ ആളുകളോട്‌ സ്‌നേഹം തോന്നുക മാത്രമല്ല ചെയ്‌തത്‌. അവരെ സഹായിക്കാനും യേശു തയ്യാറായി. യേശു രോഗികളെ സുഖപ്പെടുത്തി, ‘കഷ്ടപ്പെടുകയും ഭാരങ്ങൾ ചുമന്ന്‌ വലയുകയും’ ചെയ്യുന്നവർക്ക്‌ ഉന്മേഷം പകരുകയും ചെയ്‌തു.—മത്താ. 11:28-30; 14:14.

നമ്മുടെ സഹോദരങ്ങളോട്‌ അനുകമ്പയും ഉദാരതയും കാണിച്ചുകൊണ്ട്‌ യഹോവയെ അനുകരിക്കുക (12-14 ഖണ്ഡികകൾ കാണുക) *

12. നമുക്ക്‌ എങ്ങനെ അനുകമ്പ കാണിക്കാം? ഒരു ഉദാഹരണം പറയുക.

12 സഹോദരങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ശരിക്കും മനസ്സിലാക്കിയാലേ അവരോട്‌ അനുകമ്പ കാണിക്കാൻ കഴിയുകയുള്ളൂ. ഉദാഹരണത്തിന്‌, ഒരു സഹോദരിക്ക്‌ ഗുരുതരമായ ഒരു അസുഖം ഉണ്ടെന്നിരിക്കട്ടെ. സഹോദരി അതെക്കുറിച്ച്‌ ആരോടും ഒന്നും പറയുന്നില്ലായിരിക്കാം. എങ്കിലും ചില സഹായങ്ങൾ ചെയ്‌തുകൊടുത്താൽ സഹോദരിക്ക്‌ സന്തോഷമായിരിക്കും. ‘വീട്ടിലെ ജോലികളൊക്കെ ചെയ്യാൻ സഹോദരിക്കു സഹായം വേണോ, ഭക്ഷണം ഉണ്ടാക്കാനോ വീടു വൃത്തിയാക്കാനോ ഞാൻ സഹായിച്ചാൽ സഹോദരിക്കു സന്തോഷമാകുമോ’ എന്നൊക്കെ നമുക്കു ചിന്തിക്കാം. ഇനി, ഒരു സഹോദരനു ചിലപ്പോൾ തന്റെ ജോലി നഷ്ടപ്പെട്ടിരിക്കാം. ആ സമയത്ത്‌ സഹോദരന്‌ അല്‌പം പണം കൊടുക്കാനാകുമോ? ആരാണ്‌ കൊടുക്കുന്നതെന്ന്‌ അറിയിക്കാതെ നമുക്ക്‌ അതു ചെയ്യാനായേക്കും. എന്തായാലും മറ്റൊരു ജോലി കണ്ടെത്തുന്നതുവരെ അദ്ദേഹത്തിന്‌ അതൊരു സഹായമായിരിക്കും.

13-14. യഹോവയെപ്പോലെ നമുക്ക്‌ എങ്ങനെ ഉദാരമായി കൊടുക്കാം?

13 യഹോവ ഉദാരമായി തരുന്ന ദൈവമാണ്‌. (മത്താ. 5:45) സഹോദരങ്ങളോട്‌ അനുകമ്പ കാണിക്കാൻ, അവർ സഹായം ചോദിക്കുന്നതുവരെ കാത്തിരിക്കരുത്‌. ഇക്കാര്യത്തിൽ നമുക്ക്‌ യഹോവയുടെ മാതൃക അനുകരിക്കാം. ആരും ചോദിക്കാതെതന്നെ ദിവസവും സൂര്യൻ ഉദിക്കാൻ യഹോവ ഇടയാക്കുന്നു. സൂര്യന്റെ ചൂടും പ്രകാശവും എല്ലാവർക്കും പ്രയോജനം ചെയ്യുന്നു, അതു സംബന്ധിച്ച്‌ നന്ദിയില്ലാത്തവർക്കുപോലും. നമുക്കു വേണ്ടതെല്ലാം തന്നുകൊണ്ട്‌ നമ്മളെ സ്‌നേഹിക്കുന്നെന്ന്‌ യഹോവ തെളിയിക്കുകയാണ്‌. ഇങ്ങനെയെല്ലാം ഉദാരമായി തരുകയും ദയ കാണിക്കുകയും ചെയ്യുന്ന യഹോവയെ നമ്മൾ എത്രമാത്രം സ്‌നേഹിക്കുന്നു, അല്ലേ?

14 സ്വർഗീയപിതാവിനെ അനുകരിച്ചുകൊണ്ട്‌ പല സഹോദരങ്ങളും ഉദാരമായി കൊടുക്കാൻ മുന്നോട്ടുവരുന്നു. ഉദാഹരണത്തിന്‌, 2013-ൽ ഫിലിപ്പീൻസിൽ ഉണ്ടായ ചുഴലിക്കൊടുങ്കാറ്റ്‌ വലിയ നാശനഷ്ടങ്ങൾ വരുത്തി. പല സഹോദരങ്ങൾക്കും അവരുടെ വീടുകളും സാധനങ്ങളും നഷ്ടപ്പെട്ടു. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള സഹോദരങ്ങൾ സഹായവുമായി ഓടിയെത്തി. പലരും പണം കൊടുത്ത്‌ സഹായിച്ചു. മറ്റു ചിലർ നിർമാണപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടു. അങ്ങനെ ഒരു വർഷത്തിൽ കുറഞ്ഞ സമയംകൊണ്ട്‌ ഏതാണ്ട്‌ 750 വീടുകൾ കേടുപോക്കാനോ പുതുക്കിപ്പണിയാനോ കഴിഞ്ഞു. ഇനി, കോവിഡ്‌-19 മഹാമാരിയുടെ സമയത്ത്‌ ബുദ്ധിമുട്ടിലായ സഹോദരങ്ങളെ സഹായിക്കാനും പലരും മുന്നോട്ടുവന്നു. ഇത്തരത്തിൽ ഒരു ആവശ്യം നേരിടുമ്പോൾ പെട്ടെന്നു നമ്മുടെ സഹോദരങ്ങളെ സഹായിക്കാൻ തയ്യാറാകുന്നതിലൂടെ അവരെ സ്‌നേഹിക്കുന്നെന്നു നമ്മൾ തെളിയിക്കുകയാണ്‌.

15-16. ലൂക്കോസ്‌ 6:36 അനുസരിച്ച്‌ നമ്മുടെ സ്വർഗീയ പിതാവിനെ അനുകരിക്കാനുള്ള ഒരു പ്രധാനവിധം ഏതാണ്‌?

15 യഹോവ കരുണയുള്ളവനും ക്ഷമിക്കുന്നവനും ആണ്‌. (ലൂക്കോസ്‌ 6:36 വായിക്കുക.) സ്വർഗീയപിതാവ്‌ ദിവസവും നമ്മളോടു കരുണ കാണിക്കുന്നുണ്ട്‌. (സങ്കീ. 103:10-14) യേശുവിന്റെ അനുഗാമികൾ പല കുറവുകളുമുള്ളവരായിരുന്നു. എന്നിട്ടും യേശു അവരോടു കരുണ കാണിക്കുകയും ക്ഷമിക്കുകയും ചെയ്‌തു. നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നതിനുവേണ്ടി സ്വന്തം ജീവൻ ബലിയർപ്പിക്കാൻപോലും യേശു തയ്യാറായി. (1 യോഹ. 2:1, 2) നമ്മളോടു കരുണ കാണിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന യഹോവയോടും യേശുവിനോടും നിങ്ങൾക്കു സ്‌നേഹം തോന്നുന്നില്ലേ?

16 ‘ഉദാരമായി ക്ഷമിക്കുമ്പോൾ’ സഹോദരങ്ങളുമായുള്ള നമ്മുടെ സ്‌നേഹബന്ധം കൂടുതൽ ശക്തമാകുന്നു. (എഫെ. 4:32) എന്നാൽ ക്ഷമിക്കുന്നതു പലപ്പോഴും അത്ര എളുപ്പമായിരിക്കില്ല. അതുകൊണ്ട്‌ നമ്മൾ അതിനുവേണ്ടി നന്നായി ശ്രമിക്കണം. “അന്യോന്യം ഉദാരമായി ക്ഷമിക്കുക” എന്ന വീക്ഷാഗോപുര ലേഖനം തന്നെ ഒരുപാടു സഹായിച്ചതായി ഒരു സഹോദരി പറയുന്നു. * സഹോദരി എഴുതി: “ക്ഷമിക്കാൻ തയ്യാറാകുന്നത്‌ എനിക്ക്‌ എങ്ങനെ പ്രയോജനം ചെയ്യുമെന്നു മനസ്സിലാക്കാൻ ഈ ലേഖനം സഹായിച്ചു. മറ്റുള്ളവരോടു ക്ഷമിക്കുമ്പോൾ അവരുടെ തെറ്റിനെ അംഗീകരിക്കുകയോ ആ തെറ്റിന്റെ മോശമായ ഫലങ്ങളെ നിസ്സാരീകരിക്കുകയോ അല്ല; പകരം നീരസം മനസ്സിൽനിന്ന്‌ നീക്കിക്കളഞ്ഞുകൊണ്ട്‌ സ്വന്തം മനസ്സമാധാനം കാത്തുസൂക്ഷിക്കുകയാണ്‌ എന്ന്‌ ആ ലേഖനം വിശദീകരിച്ചു.” സഹോദരങ്ങളോട്‌ ഉദാരമായി ക്ഷമിക്കുന്നതിലൂടെ നമ്മൾ അവരെ സ്‌നേഹിക്കുന്നെന്നും നമ്മുടെ പിതാവായ യഹോവയെ അനുകരിക്കുന്നെന്നും കാണിക്കുകയാണ്‌.

യഹോവയുടെ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതിൽ നന്ദിയുള്ളവരായിരിക്കുക

മുതിർന്നവരും കുട്ടികളും തങ്ങളുടെ സഹോദരങ്ങളോടു സ്‌നേഹം കാണിക്കുന്നു (17-ാം ഖണ്ഡിക കാണുക) *

17. മത്തായി 5:16 അനുസരിച്ച്‌ നമുക്ക്‌ എങ്ങനെ സ്വർഗീയപിതാവിനെ ബഹുമാനിക്കാം?

17 ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള, പരസ്‌പരം സ്‌നേഹിക്കുന്ന സഹോദരങ്ങൾ ചേർന്നതാണു നമ്മുടെ കുടുംബം. അതിന്റെ ഭാഗമായിരിക്കാൻ കഴിയുന്നത്‌ എത്ര വലിയ അനുഗ്രഹമാണ്‌! യഹോവയെ ആരാധിക്കാൻ, കഴിയുന്നത്ര ആളുകൾ നമ്മളോടൊപ്പം ചേരാൻ നമ്മൾ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌ യഹോവയ്‌ക്കോ ദൈവജനത്തിനോ ചീത്തപ്പേര്‌ ഉണ്ടാക്കുന്ന ഒന്നും നമ്മൾ ഒരിക്കലും ചെയ്യരുത്‌. മറിച്ച്‌ നമ്മുടെ പെരുമാറ്റം എപ്പോഴും ഏറ്റവും നല്ലതായിരിക്കണം. അങ്ങനെയാകുമ്പോൾ യഹോവയെക്കുറിച്ച്‌ പഠിക്കാനും യഹോവയെ സേവിക്കാനും ആളുകൾ തയ്യാറായേക്കും.മത്തായി 5:16 വായിക്കുക.

18. പേടി കൂടാതെ വിശ്വാസങ്ങളെക്കുറിച്ച്‌ പറയാൻ എന്തു നമ്മളെ സഹായിക്കും?

18 നമ്മൾ സ്വർഗീയപിതാവിനെ അനുസരിക്കുന്നതുകൊണ്ട്‌ ചിലർ നമ്മളെ വിമർശിച്ചേക്കാം, ഉപദ്രവിക്കുകപോലും ചെയ്‌തേക്കാം. നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച്‌ മറ്റുള്ളവരോടു പറയുമ്പോൾ പേടി തോന്നുന്നെങ്കിൽ എന്തു ചെയ്യാം? നമുക്ക്‌ യഹോവയിലും പുത്രനായ യേശുവിലും ആശ്രയിക്കാം. അവർ സഹായിക്കുമെന്ന്‌ ഉറപ്പാണ്‌. എന്തു പറയും, എങ്ങനെ പറയും എന്നൊക്കെ ഓർത്ത്‌ വിഷമിക്കുകയേ വേണ്ടെന്നാണു യേശു ശിഷ്യന്മാരോടു പറഞ്ഞത്‌. എന്തുകൊണ്ട്‌? യേശു പറഞ്ഞു: “പറയാനുള്ളത്‌ ആ സമയത്ത്‌ നിങ്ങൾക്കു കിട്ടിയിരിക്കും. കാരണം സംസാരിക്കുന്നതു നിങ്ങൾ ഒറ്റയ്‌ക്കല്ല. നിങ്ങളുടെ പിതാവിന്റെ ആത്മാവായിരിക്കും നിങ്ങളിലൂടെ സംസാരിക്കുക.”—മത്താ. 10:19, 20.

19. ധൈര്യത്തോടെ തന്റെ വിശ്വാസങ്ങളെക്കുറിച്ച്‌ സംസാരിച്ച ഒരാളുടെ അനുഭവം പറയുക.

19 ബൈബിൾ പഠിക്കാൻ തുടങ്ങിയ കാലത്ത്‌ റോബർട്ട്‌ സഹോദരനുണ്ടായ ഒരു അനുഭവം നോക്കാം. സൈന്യത്തിൽ ചേരാൻ തയ്യാറാകാഞ്ഞതുകൊണ്ട്‌ അദ്ദേഹത്തിനു സൗത്ത്‌ ആഫ്രിക്കയിലെ ഒരു സൈനികകോടതിയിൽ ഹാജരാകേണ്ടിവന്നു. തന്റെ ക്രിസ്‌തീയ സഹോദരങ്ങളെ താൻ സ്‌നേഹിക്കുന്നെന്നും അതുകൊണ്ട്‌ നിഷ്‌പക്ഷത പാലിക്കാൻ ആഗ്രഹിക്കുന്നെന്നും ധൈര്യത്തോടെ അദ്ദേഹം കോടതി മുമ്പാകെ വിശദീകരിച്ചു. യഹോവയുടെ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നത്‌ അദ്ദേഹത്തിന്‌ അത്രയ്‌ക്ക്‌ ഇഷ്ടമായിരുന്നു. “ആരാണ്‌ നിങ്ങളുടെ ഈ സഹോദരന്മാർ?” പെട്ടെന്ന്‌ ജഡ്‌ജി ചോദിച്ചു. അങ്ങനെയൊരു ചോദ്യം അദ്ദേഹം തീരെ പ്രതീക്ഷിച്ചതല്ല. പക്ഷേ പെട്ടെന്നുതന്നെ അന്നത്തെ ദിനവാക്യം അദ്ദേഹത്തിന്റെ ഓർമയിലേക്കു വന്നു. മത്തായി 12:50 ആയിരുന്നു അത്‌: “സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നത്‌ ആരോ അവരാണ്‌ എന്റെ സഹോദരനും സഹോദരിയും അമ്മയും.” ബൈബിളിനെക്കുറിച്ച്‌ കാര്യമായ അറിവൊന്നും ഇല്ലായിരുന്നെങ്കിലും ആ ചോദ്യത്തിനും പ്രതീക്ഷിക്കാതെ വന്ന മറ്റു പല ചോദ്യങ്ങൾക്കും ശരിയായ ഉത്തരം നൽകാൻ യഹോവയുടെ ആത്മാവ്‌ അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹത്തെക്കുറിച്ച്‌ യഹോവയ്‌ക്ക്‌ എത്ര അഭിമാനം തോന്നിക്കാണും! പ്രയാസകരമായ സാഹചര്യങ്ങളിൽ ധൈര്യത്തോടെ നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച്‌ സംസാരിക്കാനുള്ള സഹായത്തിനായി യഹോവയിൽ ആശ്രയിക്കുമ്പോൾ യഹോവയ്‌ക്ക്‌ നമ്മളെക്കുറിച്ചും അഭിമാനം തോന്നും.

20. എന്തു ചെയ്യാൻ നമുക്ക്‌ ഉറച്ച തീരുമാനമെടുക്കാം? (യോഹന്നാൻ 17:11, 15)

20 യഹോവയുടെ സ്‌നേഹമുള്ള കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതിൽ നമുക്കു നന്ദിയുള്ളവരായിരിക്കാം. കിട്ടാവുന്നതിലേക്കും ഏറ്റവും നല്ല ഒരു അപ്പനെയാണു നമുക്കു കിട്ടിയിരിക്കുന്നത്‌. കൂടാതെ, നമ്മളെ സ്‌നേഹിക്കുന്ന ഒരുപാടു സഹോദരങ്ങളും നമുക്കുണ്ട്‌. അതൊന്നും ഒരിക്കലും നിസ്സാരമായി കാണരുത്‌. സ്വർഗീയപിതാവിനു നമ്മളോടുള്ള സ്‌നേഹത്തെക്കുറിച്ച്‌ നമ്മളിൽ സംശയം ജനിപ്പിക്കാനും നമ്മുടെ ഇടയിലെ ഐക്യം തകർക്കാനും ആണ്‌ സാത്താനും അവന്റെ അനുഗാമികളും ശ്രമിക്കുന്നത്‌. എന്നാൽ നമ്മുടെ കുടുംബത്തിന്റെ ഐക്യം തകരാതെ നമ്മളെ കാത്തുകൊള്ളണേ എന്നു യേശു പിതാവിനോടു പ്രാർഥിച്ചു. (യോഹന്നാൻ 17:11, 15 വായിക്കുക.) ആ പ്രാർഥനയ്‌ക്ക്‌ യഹോവ ഉത്തരം തരുന്നുണ്ട്‌. പിതാവ്‌ തന്നെ സ്‌നേഹിക്കുന്നുണ്ടെന്നും തന്നെ സഹായിക്കുമെന്നും യേശുവിനു നല്ല ഉറപ്പുണ്ടായിരുന്നു. അതേ ഉറപ്പ്‌ നമുക്കും ഉണ്ടായിരിക്കാം. നമ്മുടെ സഹോദരീസഹോദരന്മാരുമായുള്ള സ്‌നേഹബന്ധം ഇനിയും കൂടുതൽ ശക്തമാക്കാൻ നമുക്ക്‌ ഉറച്ച തീരുമാനമെടുക്കാം.

ഗീതം 99 ആയിരമായിരം സഹോദരങ്ങൾ

^ ഖ. 5 നമ്മളെല്ലാം സ്‌നേഹമുള്ള ഒരു സഹോദരകുടുംബത്തിന്റെ ഭാഗമാണ്‌. അതു നമുക്ക്‌ ഒരുപാടു സന്തോഷം തരുന്നു. നമ്മുടെ ഇടയിലെ ആ സ്‌നേഹബന്ധം കൂടുതൽ ശക്തമാക്കാൻ നമ്മളെല്ലാം ആഗ്രഹിക്കുന്നുണ്ട്‌. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം? അതിനുവേണ്ടി, യഹോവ നമ്മളോട്‌ എങ്ങനെയാണോ ഇടപെടുന്നത്‌ അതുപോലെ നമ്മൾ മറ്റുള്ളവരോടും ഇടപെടണം. കൂടാതെ യേശുവിന്റെയും നമ്മുടെ സഹോദരങ്ങളുടെയും മാതൃക അനുകരിക്കുകയും വേണം.

^ ഖ. 57 ചിത്രക്കുറിപ്പ്‌: ഗത്ത്‌ശെമന തോട്ടത്തിൽവെച്ച്‌ യേശുവിനെ ശക്തിപ്പെടുത്താൻ യഹോവ ഒരു ദൂതനെ അയച്ചു.

^ ഖ. 59 ചിത്രക്കുറിപ്പ്‌: കോവിഡ്‌-19 മഹാമാരിയുടെ സമയത്ത്‌ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യാൻ പലരും സഹായിച്ചു.

^ ഖ. 61 ചിത്രക്കുറിപ്പ്‌: ജയിലിൽ കഴിയുന്ന ഒരു സഹോദരനെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ കത്ത്‌ എഴുതാൻ ഒരു അമ്മ മോളെ സഹായിക്കുന്നു.