വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 43

മടുത്ത്‌ പിന്മാറരുത്‌!

മടുത്ത്‌ പിന്മാറരുത്‌!

“നന്മ ചെയ്യു​ന്നതു നിറു​ത്തി​ക്ക​ള​യ​രുത്‌.”—ഗലാ. 6:9.

ഗീതം 68 രാജ്യ​വിത്ത്‌ വിതയ്‌ക്കാം

പൂർവാവലോകനം *

1. യഹോ​വ​യു​ടെ ഒരു സാക്ഷി​യാ​യി​രി​ക്കു​ന്ന​തിൽ നമുക്കു സന്തോ​ഷ​വും അഭിമാ​ന​വും തോന്നു​ന്നത്‌ എന്തു​കൊണ്ട്‌?

യഹോ​വ​യു​ടെ ഒരു സാക്ഷി​യാ​യി​രി​ക്കു​ന്ന​തിൽ നമുക്ക്‌ ഒരുപാ​ടു സന്തോ​ഷ​വും അഭിമാ​ന​വും തോന്നു​ന്നു. നമ്മൾ യഹോ​വ​യു​ടെ ജനമാണ്‌. മാത്രമല്ല യഹോ​വ​യെ​ക്കു​റിച്ച്‌ പറയു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​തി​ലൂ​ടെ ദൈവ​ത്തി​ന്റെ സാക്ഷി​ക​ളാ​ണെന്നു തെളി​യി​ക്കു​ക​യും ചെയ്യുന്നു. കൂടാതെ, ‘നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മു​ള്ള​വരെ’ വിശ്വാ​സ​ത്തി​ലേക്കു വരാൻ സഹായി​ക്കു​ന്നതു നമുക്ക്‌ ഒത്തിരി സന്തോഷം തരുന്ന കാര്യ​മാണ്‌. (പ്രവൃ. 13:48) യേശു​വി​ന്റെ ശിഷ്യ​ന്മാർ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തങ്ങൾക്കു​ണ്ടായ നല്ല അനുഭ​വ​ങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ യേശു ‘അതിയാ​യി സന്തോ​ഷി​ച്ചു.’ അതു​പോ​ലൊ​രു സന്തോ​ഷ​മാ​ണു നമുക്കും തോന്നു​ന്നത്‌.—ലൂക്കോ. 10:1, 17, 21.

2. പ്രസം​ഗ​പ്ര​വർത്ത​നത്തെ നമ്മൾ വളരെ ഗൗരവ​ത്തോ​ടെ കാണുന്നു എന്ന്‌ എങ്ങനെ തെളി​യി​ക്കാം?

2 പ്രസം​ഗ​പ്ര​വർത്ത​നത്തെ നമ്മൾ ഗൗരവ​ത്തോ​ടെ​യാ​ണു കാണു​ന്നത്‌. പൗലോസ്‌ അപ്പോ​സ്‌തലൻ തിമൊ​ഥെ​യൊ​സി​നോട്‌ ഇങ്ങനെ പറഞ്ഞു: “നിനക്കും നിന്റെ പഠിപ്പി​ക്ക​ലി​നും എപ്പോ​ഴും ശ്രദ്ധ കൊടു​ക്കുക.” അതിന്റെ കാരണ​വും പൗലോ​സു​തന്നെ പറയുന്നു: “എങ്കിൽ, നിന്നെ​ത്ത​ന്നെ​യും നിന്നെ ശ്രദ്ധി​ക്കു​ന്ന​വ​രെ​യും നീ രക്ഷിക്കും.” (1 തിമൊ. 4:16) അതെ, ജീവൻ രക്ഷിക്കുന്ന ഒരു പ്രവർത്ത​ന​മാണ്‌ ഇത്‌. അതു​കൊണ്ട്‌ നമ്മൾ നമുക്കു​ത​ന്നെ​യും നമ്മുടെ പഠിപ്പി​ക്ക​ലി​നും ശ്രദ്ധ കൊടു​ക്കു​ന്നു. എങ്ങനെ​യാ​ണു നമ്മൾ നമുക്കു​തന്നെ ശ്രദ്ധ കൊടു​ക്കു​ന്നത്‌? ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജക​ളായ നമ്മൾ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുന്ന രീതി​യി​ലും നമ്മൾ അറിയി​ക്കുന്ന സന്തോ​ഷ​വാർത്ത​യ്‌ക്കു ചേർച്ച​യി​ലും എപ്പോ​ഴും ജീവി​ക്കാൻ ശ്രമി​ക്കു​ന്നു. (ഫിലി. 1:27) ഇനി, നമ്മുടെ ‘പഠിപ്പി​ക്ക​ലി​നു നമ്മൾ ശ്രദ്ധ കൊടു​ക്കു​ന്നത്‌’ എങ്ങനെ​യാണ്‌? ശുശ്രൂ​ഷ​യ്‌ക്കു​വേണ്ടി നന്നായി തയ്യാറാ​കു​ക​യും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പോകു​ന്ന​തി​നു മുമ്പ്‌ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​നു​വേണ്ടി പ്രാർഥി​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടാണ്‌ അതു ചെയ്യു​ന്നത്‌.

3. നമ്മൾ എത്ര നന്നായി പ്രവർത്തി​ച്ചാ​ലും എല്ലാവ​രും ദൈവ​രാ​ജ്യ സന്ദേശം സ്വീക​രി​ക്ക​ണ​മെ​ന്നു​ണ്ടോ? ഒരു ഉദാഹ​രണം പറയുക.

3 നമ്മൾ എത്രതന്നെ നന്നായി പ്രവർത്തി​ച്ചാ​ലും ചില​പ്പോൾ നമ്മുടെ പ്രദേ​ശത്തെ ആളുകൾ ദൈവ​രാ​ജ്യ സന്ദേശ​ത്തോ​ടു താത്‌പ​ര്യം കാണി​ക്ക​ണ​മെ​ന്നില്ല. നമുക്കു ജോർജ്‌ ലിൻഡൽ സഹോ​ദ​രന്റെ അനുഭവം നോക്കാം. അദ്ദേഹം 1929 മുതൽ 1947 വരെ ഒറ്റയ്‌ക്ക്‌ ഐസ്‌ലാൻഡിൽ മുഴുവൻ പ്രസം​ഗ​പ്ര​വർത്തനം നടത്തി. അദ്ദേഹം പതിനാ​യി​ര​ക്ക​ണ​ക്കി​നു പ്രസി​ദ്ധീ​ക​ര​ണങ്ങൾ ആളുകൾക്കു വിതരണം ചെയ്‌തെ​ങ്കി​ലും ഒരാൾപ്പോ​ലും സത്യം സ്വീക​രി​ച്ചില്ല. അദ്ദേഹം എഴുതി: “അവരിൽ ചിലർ സത്യത്തിന്‌ എതിരാ​യി ഒരു നിലപാട്‌ എടുത്തി​രി​ക്കു​ന്ന​തു​പോ​ലെ തോന്നു​ന്നു. ബാക്കി​യുള്ള ഭൂരി​ഭാ​ഗ​ത്തി​നും ഒരുതരം നിസ്സം​ഗ​ത​യാണ്‌.” പിന്നീട്‌ ഗിലെ​യാ​ദിൽനിന്ന്‌ ബിരുദം നേടിയ മിഷന​റി​മാർ അവിടെ എത്തി. അവരും ഒൻപതു വർഷം പ്രവർത്തി​ച്ച​ശേ​ഷ​മാണ്‌ ഐസ്‌ലാൻഡു​കാ​രിൽ ചിലർ യഹോ​വ​യ്‌ക്കു സമർപ്പിച്ച്‌ സ്‌നാ​ന​മേ​റ്റത്‌. *

4. ആളുകൾ സന്തോ​ഷ​വാർത്ത സ്വീക​രി​ക്കാൻ തയ്യാറാ​കാ​ത്ത​പ്പോൾ നമുക്ക്‌ എന്തു തോന്നി​യേ​ക്കാം?

4 ആളുകൾ ബൈബിൾ പഠിക്കാൻ താത്‌പ​ര്യം കാണി​ക്കാ​ത്ത​പ്പോൾ നമുക്ക്‌ ആകെപ്പാ​ടെ നിരാശ തോന്നും. നമുക്ക്‌ ഇപ്പോൾ പൗലോ​സി​ന്റെ കാര്യം നോക്കാം. മിക്ക ജൂതന്മാ​രും യേശു​വി​നെ മിശി​ഹ​യാ​യി അംഗീ​ക​രി​ക്കാ​ഞ്ഞ​പ്പോൾ തനിക്ക്‌ “അതിയായ ദുഃഖ​വും അടങ്ങാത്ത വേദന​യും” തോന്നി എന്നാണു പൗലോസ്‌ പറഞ്ഞത്‌. (റോമ. 9:1-3) ഇനി, നമ്മൾ നന്നായി ശ്രമി​ക്കു​ക​യും വിദ്യാർഥി​ക്കു​വേണ്ടി പ്രാർഥി​ക്കു​ക​യും ഒക്കെ ചെയ്‌തി​ട്ടും അദ്ദേഹം വേണ്ട പുരോ​ഗതി വരുത്താ​ത്ത​തി​ന്റെ പേരിൽ ഒരു ബൈബിൾപ​ഠനം നിറു​ത്തേ​ണ്ടി​വ​രു​ന്നെ​ങ്കി​ലോ? അതല്ലെ​ങ്കിൽ നമ്മൾ ബൈബിൾ പഠിപ്പിച്ച ആരും ഇതുവരെ സമർപ്പിച്ച്‌ സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലെ​ങ്കി​ലോ? അതു നമ്മുടെ കുറ്റം​കൊ​ണ്ടാ​ണെ​ന്നോ യഹോവ നമ്മുടെ പ്രവർത്ത​നത്തെ അനു​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നോ ചിന്തി​ക്കേ​ണ്ട​തു​ണ്ടോ? ഈ ലേഖന​ത്തിൽ രണ്ടു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും. (1) നമ്മുടെ പ്രസം​ഗ​പ്ര​വർത്തനം വിജയ​മാ​ണോ എന്നു തീരു​മാ​നി​ക്കു​ന്നത്‌ എന്താണ്‌? (2) പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ മടുത്തു​പോ​കാ​തി​രി​ക്കാൻ നമ്മൾ എന്തു മനസ്സിൽപ്പി​ടി​ക്കണം?

പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ വിജയം അളക്കു​ന്നത്‌ എങ്ങനെ​യാണ്‌?

5. യഹോ​വ​യു​ടെ സേവന​ത്തിൽ നമ്മൾ ചെയ്യു​ന്ന​തെ​ല്ലാം എപ്പോ​ഴും വിജയി​ക്ക​ണ​മെ​ന്നില്ല, എന്തു​കൊണ്ട്‌?

5 ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യുന്ന ഒരാൾ “ചെയ്യു​ന്ന​തെ​ല്ലാം സഫലമാ​കും” എന്നു ബൈബിൾ പറയുന്നു. (സങ്കീ. 1:3) എന്നാൽ യഹോ​വ​യു​ടെ സേവന​ത്തിൽ എന്തു ചെയ്‌താ​ലും നമ്മൾ ആഗ്രഹി​ക്കുന്ന ഫലം കിട്ടു​മെന്ന്‌ അതിന്‌ അർഥമില്ല. കാരണം നമ്മളെ​ല്ലാം അപൂർണ​രാ​യ​തു​കൊണ്ട്‌ ജീവിതം ഇന്നു ‘ദുരി​ത​പൂർണ​മാണ്‌.’ (ഇയ്യോ. 14:1) ഇനി, പരസ്യ​മാ​യി പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ന്ന​തിന്‌ എതിരാ​ളി​കൾ ചില​പ്പോൾ തടസ്സം സൃഷ്ടി​ച്ചേ​ക്കാം. (1 കൊരി. 16:9; 1 തെസ്സ. 2:18) അത്തരം സാഹച​ര്യ​ങ്ങ​ളിൽ നമ്മുടെ പ്രസം​ഗ​പ്ര​വർത്തനം വിജയ​മാ​ണോ അല്ലയോ എന്ന്‌ യഹോവ എങ്ങനെ​യാ​ണു തീരു​മാ​നി​ക്കു​ന്നത്‌? അതിനുള്ള ഉത്തരം കണ്ടെത്താൻ സഹായി​ക്കുന്ന ചില ബൈബിൾത​ത്ത്വ​ങ്ങൾ നമുക്ക്‌ ഇപ്പോൾ നോക്കാം.

നമ്മൾ ആളുക​ളോ​ടു രാജ്യ​സ​ന്ദേശം അറിയി​ക്കു​ന്നതു നേരി​ട്ടോ കത്തിലൂ​ടെ​യോ ടെലി​ഫോ​ണി​ലൂ​ടെ​യോ ആയാലും അതെല്ലാം യഹോവ വിലമ​തി​ക്കു​ന്നു (6-ാം ഖണ്ഡിക കാണുക)

6. നമ്മുടെ പ്രസം​ഗ​പ്ര​വർത്തനം വിജയി​ച്ചോ എന്ന്‌ യഹോവ എങ്ങനെ​യാ​ണു തീരു​മാ​നി​ക്കു​ന്നത്‌?

6 പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നമ്മൾ ചെയ്യുന്ന കഠിനാ​ധ്വാ​ന​വും മടുത്തു​പോ​കാ​തെ നമ്മൾ അതിൽ തുടരു​ന്ന​തും യഹോവ ശ്രദ്ധി​ക്കു​ന്നു. ആളുകൾ കേട്ടാ​ലും ഇല്ലെങ്കി​ലും യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​ത്താൽ പ്രേരി​ത​രാ​യി നമ്മൾ ഉത്സാഹ​ത്തോ​ടെ പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​മ്പോൾ നമ്മൾ വിജയി​ച്ച​താ​യി യഹോവ കണക്കാ​ക്കും. പൗലോസ്‌ എഴുതി: “വിശു​ദ്ധരെ ശുശ്രൂ​ഷി​ച്ച​തി​ലൂ​ടെ​യും ഇപ്പോ​ഴും അവരെ ശുശ്രൂ​ഷി​ക്കു​ന്ന​തി​ലൂ​ടെ​യും നിങ്ങൾ ദൈവ​നാ​മ​ത്തോ​ടു കാണി​ക്കുന്ന സ്‌നേ​ഹ​വും നിങ്ങൾ ചെയ്യുന്ന സേവന​വും മറന്നു​ക​ള​യാൻ ദൈവം അനീതി​യു​ള്ള​വനല്ല.” (എബ്രാ. 6:10) നമ്മൾ ഒരാളെ കുറെ കാലം ബൈബിൾ പഠിപ്പി​ച്ചി​ട്ടും അയാൾ സമർപ്പിച്ച്‌ സ്‌നാ​ന​മേൽക്കു​ന്നി​ല്ലെ​ന്നി​രി​ക്കട്ടെ. നിരാ​ശ​പ്പെ​ട​രുത്‌. കാരണം, അതിനു​വേണ്ടി നമ്മൾ ചെയ്‌ത ആ ശ്രമങ്ങ​ളും നമ്മുടെ സ്‌നേ​ഹ​വും ഒന്നും യഹോവ ഒരിക്ക​ലും മറന്നു​ക​ള​യില്ല. കൊരി​ന്തി​ലെ ക്രിസ്‌ത്യാ​നി​കൾക്കു പൗലോസ്‌ എഴുതിയ വാക്കുകൾ നമുക്ക്‌ ഓർക്കാം: “കർത്താ​വി​ന്റെ സേവന​ത്തിൽ നിങ്ങൾ അധ്വാ​നി​ക്കു​ന്നതു വെറു​തേയല്ല.”—1 കൊരി. 15:58.

7. തന്റെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തെ​ക്കു​റിച്ച്‌ പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

7 അപ്പോ​സ്‌ത​ല​നായ പൗലോസ്‌ നല്ലൊരു മിഷന​റി​യാ​യി​രു​ന്നു. അദ്ദേഹം പല നഗരങ്ങ​ളി​ലും പുതി​യ​പു​തിയ സഭകൾ സ്ഥാപിച്ചു. പക്ഷേ ചില ആളുകൾ പൗലോ​സി​ന്റെ പഠിപ്പി​ക്കൽ രീതി​യൊ​ന്നും അത്ര നല്ലതല്ല എന്നു പറഞ്ഞ്‌ അദ്ദേഹത്തെ വിമർശി​ച്ചു. ആ വിമർശ​ക​രു​ടെ വാദത്തി​നു മറുപടി കൊടു​ക്കാൻവേണ്ടി ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രാൻ താൻ സഹായിച്ച ആളുക​ളു​ടെ എണ്ണമൊ​ന്നും പൗലോസ്‌ പറഞ്ഞില്ല. പകരം, “ഞാൻ അവരെ​ക്കാൾ അധികം അധ്വാ​നി​ച്ചു” എന്നാണു പൗലോസ്‌ എഴുതി​യത്‌. (2 കൊരി. 11:23) അതു​കൊണ്ട്‌ പൗലോ​സി​നെ​പ്പോ​ലെ നമുക്കും ഒരു കാര്യം മനസ്സിൽപ്പി​ടി​ക്കാം. യഹോവ കൂടുതൽ പ്രാധാ​ന്യ​മു​ള്ള​താ​യി കാണു​ന്നതു പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നമ്മൾ ചെയ്യുന്ന കഠിനാ​ധ്വാ​ന​വും മടുത്തു​പോ​കാ​തെ നമ്മൾ അതു തുടരു​ന്ന​തും ആണ്‌.

8. നമ്മുടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തെ​ക്കു​റിച്ച്‌ ഏതു കാര്യം നമ്മൾ മനസ്സിൽപ്പി​ടി​ക്കണം?

8 നമ്മുടെ പ്രസം​ഗ​പ്ര​വർത്തനം യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നു. ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ യേശു 70 ശിഷ്യ​ന്മാ​രെ അയച്ച​പ്പോൾ അവർ ആ പ്രവർത്തനം കഴിഞ്ഞ്‌ ‘സന്തോ​ഷ​ത്തോ​ടെ മടങ്ങി​വന്നു.’ അവർക്ക്‌ അത്രയ​ധി​കം സന്തോഷം തോന്നി​യത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? അവർ പറഞ്ഞു: “അങ്ങയുടെ പേര്‌ ഉപയോ​ഗി​ക്കു​മ്പോൾ ഭൂതങ്ങൾപോ​ലും ഞങ്ങൾക്കു കീഴട​ങ്ങു​ന്നു.” എന്നാൽ അവരുടെ ആ ചിന്തയെ തിരു​ത്തി​ക്കൊണ്ട്‌ യേശു അവരോ​ടു പറഞ്ഞു: “ഭൂതങ്ങൾ നിങ്ങൾക്കു കീഴട​ങ്ങു​ന്ന​തു​കൊ​ണ്ടല്ല, നിങ്ങളു​ടെ പേരുകൾ സ്വർഗ​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ സന്തോ​ഷി​ക്കുക.” (ലൂക്കോ. 10:17-20) കാരണം, പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ അവർക്ക്‌ എപ്പോ​ഴും ഇത്ര നല്ല അനുഭവം ഉണ്ടാകി​ല്ലെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. ശരിക്കും പറഞ്ഞാൽ അന്ന്‌ അവർ അറിയിച്ച ആ സന്ദേശം കേട്ട എത്ര പേർ ഒടുവിൽ ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്നു എന്നൊ​ന്നും നമുക്ക്‌ അറിയില്ല. ആളുകൾ രാജ്യ​സ​ന്ദേശം കേൾക്കാൻ തയ്യാറാ​കു​മ്പോൾ അവരെ​പ്പോ​ലെ​തന്നെ നമുക്കും സന്തോഷം തോന്നു​മെ​ന്നു​ള്ളതു ശരിയാണ്‌. എങ്കിലും, പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നമ്മൾ ചെയ്യുന്ന കഠിനാ​ധ്വാ​നം യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നു എന്ന അറിവാ​യി​രി​ക്കണം നമ്മുടെ സന്തോ​ഷ​ത്തി​ന്റെ പ്രധാന കാരണം.

9. നമ്മൾ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ മടുത്തു​പോ​കാ​തി​രു​ന്നാൽ എന്തു കിട്ടു​മെ​ന്നാ​ണു ഗലാത്യർ 6:7-9 പറയു​ന്നത്‌?

9 പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ മടുത്തു​പോ​കാ​തെ തുടർന്നാൽ നമുക്കു നിത്യ​ജീ​വൻ കിട്ടും. ആളുകളെ സന്തോ​ഷ​വാർത്ത അറിയി​ക്കാ​നും പഠിപ്പി​ക്കാ​നും പരമാ​വധി ശ്രമി​ക്കു​മ്പോൾ നമ്മൾ ‘ആത്മാവി​നു​വേണ്ടി വിതയ്‌ക്കു​ക​യാ​യി​രി​ക്കും.’ അതായത്‌, ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാവ്‌ നമ്മുടെ ജീവി​ത​ത്തിൽ പ്രവർത്തി​ക്കാൻ നമ്മൾ അനുവ​ദി​ക്കു​ക​യാ​യി​രി​ക്കും. നമ്മൾ ‘തളർന്നു​പോ​കു​ക​യോ നിറു​ത്തി​ക്ക​ള​യു​ക​യോ’ ചെയ്യാ​തി​രു​ന്നാൽ നിത്യ​ജീ​വൻ കൊയ്യാ​നാ​കു​മെന്ന്‌ യഹോവ ഉറപ്പു​ത​ന്നി​ട്ടുണ്ട്‌. സത്യത്തി​ലേക്ക്‌ ആരെ​യെ​ങ്കി​ലും കൊണ്ടു​വ​രാൻ നമുക്കു കഴിഞ്ഞാ​ലും ഇല്ലെങ്കി​ലും നമുക്ക്‌ അതു കിട്ടും.ഗലാത്യർ 6:7-9 വായി​ക്കുക.

മടുത്തു​പോ​കാ​തി​രി​ക്കാൻ നമ്മൾ എന്തു മനസ്സിൽപ്പി​ടി​ക്കണം?

10. ആളുകൾ സത്യം സ്വീക​രി​ക്കു​മോ ഇല്ലയോ എന്നത്‌ എന്തിനെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌?

10 ആളുകൾ സത്യം സ്വീക​രി​ക്കു​മോ ഇല്ലയോ എന്നതു പ്രധാ​ന​മാ​യും അവരുടെ ഹൃദയ​നി​ലയെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. അതു മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ഒരു ദൃഷ്ടാന്തം യേശു പറഞ്ഞു. പല തരം മണ്ണിൽ വീണ വിത്തി​നെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്ത​മാ​യി​രു​ന്നു അത്‌. അതിൽ നല്ല മണ്ണിൽ വീണ വിത്തു മാത്രമേ വിളവ്‌ നൽകി​യു​ള്ളൂ. (ലൂക്കോ. 8:5-8) ഓരോ മണ്ണും ആളുക​ളു​ടെ വ്യത്യസ്‌ത രീതി​യി​ലുള്ള ഹൃദയ​നി​ല​യെ​യാ​ണു സൂചി​പ്പി​ക്കു​ന്നത്‌ എന്നു യേശു പറഞ്ഞു. ആ ഹൃദയ​നി​ലയെ ആശ്രയി​ച്ചാ​യി​രി​ക്കും അവർ “ദൈവ​വ​ചനം” സ്വീക​രി​ക്കു​ക​യോ സ്വീക​രി​ക്കാ​തി​രി​ക്കു​ക​യോ ചെയ്യു​ന്നത്‌. (ലൂക്കോ. 8:11-15) ഒരു വിതക്കാ​രനു താൻ വിതയ്‌ക്കുന്ന വിത്തിന്റെ വളർച്ചയെ നിയ​ന്ത്രി​ക്കാ​നാ​കില്ല. അതു​പോ​ലെ​തന്നെ നമ്മൾ അറിയി​ക്കുന്ന സന്തോ​ഷ​വാർത്ത ഒരാളു​ടെ ഹൃദയ​ത്തിൽ വളർത്താൻ നമ്മളെ​ക്കൊ​ണ്ടാ​കില്ല. ദൈവ​രാ​ജ്യ സന്ദേശ​ത്തി​ന്റെ നല്ല വിത്ത്‌ വിതച്ചു​കൊ​ണ്ടേ​യി​രി​ക്കുക എന്നതാണു നമ്മുടെ ഉത്തരവാ​ദി​ത്വം. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞതു​പോ​ലെ ഓരോ​രു​ത്തർക്കും “അവനവൻ ചെയ്യുന്ന പണിക്ക​നു​സ​രിച്ച്‌” ആയിരി​ക്കും പ്രതി​ഫലം കിട്ടു​ന്നത്‌.—1 കൊരി. 3:8.

നോഹ വിശ്വ​സ്‌ത​മാ​യി വർഷങ്ങ​ളോ​ളം പ്രസം​ഗ​പ്ര​വർത്തനം ചെയ്‌തെ​ങ്കി​ലും പെട്ടകം പണിയാൻ സ്വന്തം കുടും​ബാം​ഗങ്ങൾ മാത്രമേ കൂടെ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. എങ്കിലും, യഹോവ പറഞ്ഞത്‌ അങ്ങനെ​തന്നെ ചെയ്‌ത​തു​കൊണ്ട്‌ നോഹ​യു​ടെ പ്രവർത്തനം ഒരു വിജയ​മാ​യി​രു​ന്നു. (11-ാം ഖണ്ഡിക കാണുക)

11. ആളുകൾ കേൾക്കാൻ തയ്യാറാ​യി​ല്ലെ​ങ്കി​ലും നോഹ​യു​ടെ പ്രവർത്ത​ന​ത്തിൽ യഹോവ സന്തോ​ഷി​ച്ചത്‌ എന്തു​കൊണ്ട്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

11 യഹോ​വ​യു​ടെ ആദ്യകാല ദാസന്മാർ പ്രസം​ഗി​ച്ച​പ്പോ​ഴും ആ സന്ദേശം കേൾക്കാൻ പലരും തയ്യാറാ​യില്ല. “നീതി​യെ​ക്കു​റിച്ച്‌ പ്രസം​ഗിച്ച” നോഹ​യു​ടെ കാര്യം​ത​ന്നെ​യെ​ടു​ക്കാം. (2 പത്രോ. 2:5) സാധ്യ​ത​യ​നു​സ​രിച്ച്‌ അദ്ദേഹം പതിറ്റാ​ണ്ടു​ക​ളോ​ളം ആ പ്രവർത്തനം ചെയ്‌തു. താൻ പറയു​ന്ന​തൊ​ക്കെ ആളുകൾ കേൾക്കും, അതനു​സ​രിച്ച്‌ പ്രവർത്തി​ക്കും എന്നൊക്കെ നോഹ ചിന്തി​ച്ചു​കാ​ണും. പക്ഷേ, യഹോവ അങ്ങനെ​യൊ​ന്നും പറഞ്ഞി​ട്ടി​ല്ലാ​യി​രു​ന്നു. വാസ്‌ത​വ​ത്തിൽ പെട്ടകം പണിയാ​നുള്ള നിർദേശം നൽകി​യ​പ്പോൾ യഹോവ പറഞ്ഞത്‌, “നീയും നിന്റെ ആൺമക്ക​ളും നിന്റെ ഭാര്യ​യും ആൺമക്ക​ളു​ടെ ഭാര്യ​മാ​രും അതിൽ കടക്കണം” എന്നാണ്‌. (ഉൽപ. 6:18) എന്തായാ​ലും പണിയാ​നുള്ള പെട്ടക​ത്തി​ന്റെ വലുപ്പ​ത്തെ​ക്കു​റിച്ച്‌ യഹോവ പറഞ്ഞ​പ്പോൾ അധികം പേരൊ​ന്നും താൻ പറയു​ന്നതു കേൾക്കാൻ തയ്യാറാ​കി​ല്ലെന്നു നോഹ ഒരുപക്ഷേ തിരി​ച്ച​റി​ഞ്ഞു​കാ​ണും. (ഉൽപ. 6:15) നോഹ അത്രയും കാലം പ്രസം​ഗി​ച്ചിട്ട്‌ ഒരാൾപ്പോ​ലും ചെവി കൊടു​ക്കാൻ തയ്യാറാ​യില്ല എന്നതാണു വാസ്‌തവം. (ഉൽപ. 7:7) അതിന്റെ അർഥം നോഹ​യു​ടെ പ്രവർത്തനം ശരിയാ​യി​ല്ലെ​ന്നാ​ണോ? യഹോ​വ​യ്‌ക്ക്‌ അങ്ങനെ തോന്നി​യില്ല. നോഹ ആ പ്രവർത്ത​ന​ത്തിൽ വിജയി​ച്ച​താ​യാണ്‌ യഹോവ കണക്കാ​ക്കി​യത്‌. കാരണം യഹോവ ആവശ്യ​പ്പെ​ട്ട​തെ​ല്ലാം നോഹ വിശ്വ​സ്‌ത​മാ​യി അങ്ങനെ​തന്നെ ചെയ്‌തു.—ഉൽപ. 6:22.

12. യിരെമ്യ പ്രവാ​ച​കന്‌ എങ്ങനെ​യാ​ണു സന്തോ​ഷ​ത്തോ​ടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തുടരാ​നാ​യത്‌?

12 അടുത്ത​താ​യി, നമുക്കു യിരെമ്യ പ്രവാ​ച​കന്റെ കാര്യം നോക്കാം. ആളുകൾക്കു കേൾക്കാൻ ഇഷ്ടമി​ല്ലാ​ഞ്ഞി​ട്ടും അവർ എതിർത്തി​ട്ടും അദ്ദേഹം 40-ലധികം വർഷം പ്രസം​ഗി​ച്ചു. ‘നിന്ദയും പരിഹാ​സ​വും’ ഒക്കെ സഹി​ക്കേ​ണ്ടി​വ​ന്ന​പ്പോൾ നിരു​ത്സാ​ഹം തോന്നിയ യിരെമ്യ ഒരു സമയത്ത്‌ തന്റെ നിയമനം ഉപേക്ഷി​ച്ചാ​ലോ എന്നു​പോ​ലും ചിന്തി​ച്ച​താണ്‌. (യിരെ. 20:8, 9) പക്ഷേ, യിരെമ്യ മടുത്ത്‌ പിന്മാ​റി​യില്ല! തന്റെ പ്രവർത്തനം തുടരാ​നും അതിൽ സന്തോഷം കണ്ടെത്താ​നും യിരെ​മ്യ​യെ സഹായി​ച്ചത്‌ എന്താണ്‌? പ്രധാ​ന​പ്പെട്ട രണ്ടു കാര്യ​ങ്ങ​ളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു. ഒന്നാമ​താ​യി, അവരെ അറിയി​ക്കാ​നുള്ള ദൈവ​ത്തി​ന്റെ സന്ദേശം ‘നല്ലൊരു ഭാവി​യെ​യും പ്രത്യാ​ശ​യെ​യും’ കുറി​ച്ചു​ള്ള​താ​ണെന്നു യിരെ​മ്യക്ക്‌ അറിയാ​മാ​യി​രു​ന്നു. (യിരെ. 29:11) രണ്ടാമ​താ​യി, ആ സന്ദേശം അറിയി​ക്കാൻ തന്നെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌ യഹോ​വ​യാ​ണെ​ന്നും അദ്ദേഹം ഓർത്തു. (യിരെ. 15:16) നമുക്കും ഇന്ന്‌ ആളുക​ളോട്‌ അറിയി​ക്കാ​നു​ള്ളതു പ്രത്യാ​ശ​യു​ടെ ഒരു സന്ദേശ​മാണ്‌. ഇനി, തന്റെ സാക്ഷി​ക​ളാ​യി​രി​ക്കാൻ യഹോ​വ​യാ​ണു നമ്മളെ​യും തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌. പ്രധാ​ന​പ്പെട്ട ഈ രണ്ടു കാര്യങ്ങൾ നമ്മൾ എപ്പോ​ഴും ഓർക്കു​ന്നെ​ങ്കിൽ ആളുകൾ നമ്മുടെ സന്ദേശം കേട്ടാ​ലും ഇല്ലെങ്കി​ലും നമുക്കു സന്തോ​ഷ​ത്തോ​ടെ തുടരാ​നാ​കും.

13. മർക്കോസ്‌ 4:26-29-ൽ യേശു പറഞ്ഞ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

13 ബൈബിൾ വിദ്യാർഥി പുരോ​ഗ​മി​ക്കാൻ സമയ​മെ​ടു​ക്കും. അതു മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ഒരു ദൃഷ്ടാന്തം യേശു പറഞ്ഞു. അതിൽ വിതക്കാ​രൻ വിത്തു വിതച്ചിട്ട്‌ കിടന്ന്‌ ഉറങ്ങി. (മർക്കോസ്‌ 4:26-29 വായി​ക്കുക.) ആ വിത്തു മുളച്ച്‌ വളർന്നതു പതി​യെ​പ്പ​തി​യെ​യാണ്‌. അതിന്റെ വളർച്ച പെട്ടെ​ന്നാ​ക്കാൻ അദ്ദേഹ​ത്തിന്‌ ഒന്നും ചെയ്യാ​നാ​കി​ല്ലാ​യി​രു​ന്നു. നമ്മുടെ ബൈബിൾവി​ദ്യാർഥി​യും പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തി​ക​മാ​ക്കാൻ സമയ​മെ​ടു​ത്തേ​ക്കാം. അതു​കൊണ്ട്‌ നമ്മളും ഒരുപക്ഷേ കാത്തി​രി​ക്കേ​ണ്ടി​വ​രും. തന്റെ ചെടി​യു​ടെ വളർച്ച വേഗത്തി​ലാ​ക്കാൻ ഒരു കൃഷി​ക്കാ​രനു കഴിയില്ല. അതു​പോ​ലെ നമ്മൾ ആഗ്രഹി​ക്കുന്ന രീതി​യിൽ നമ്മുടെ ബൈബിൾവി​ദ്യാർഥി പുരോ​ഗ​മി​ക്ക​ണ​മെന്നു പറയാൻ നമുക്കു​മാ​കില്ല. അതു​കൊണ്ട്‌ പുരോ​ഗ​മി​ക്കാൻ അവർ കൂടുതൽ സമയ​മെ​ടു​ത്താ​ലും നമ്മൾ നിരു​ത്സാ​ഹി​ത​രാ​കു​ക​യോ മടുത്തു​പോ​കു​ക​യോ ചെയ്യരുത്‌. കൃഷി​യു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ​തന്നെ ആളുകളെ ശിഷ്യ​രാ​ക്കു​മ്പോ​ഴും നമുക്കു നല്ല ക്ഷമ വേണം.—യാക്കോ. 5:7, 8.

14. ചില പ്രദേ​ശ​ങ്ങ​ളിൽ ആളുക​ളു​ടെ മനോ​ഭാ​വ​ത്തി​നു മാറ്റം വരാൻ സമയ​മെ​ടു​ത്തേ​ക്കാ​മെന്ന്‌ ഏത്‌ അനുഭവം തെളി​യി​ക്കു​ന്നു?

14 ചില പ്രദേ​ശ​ങ്ങ​ളിൽ കുറെ വർഷം നമ്മൾ പ്രസം​ഗ​പ്ര​വർത്തനം നടത്തി​യാ​ലാ​യി​രി​ക്കാം ആരെങ്കി​ലും യഹോ​വ​യു​ടെ ഒരു ആരാധ​ക​നാ​യി​ത്തീ​രു​ന്നത്‌. ചേടത്തി-അനിയ​ത്തി​മാ​രായ ഗ്ലാഡി​സി​ന്റെ​യും റൂബി​യു​ടെ​യും അനുഭവം നമുക്കു നോക്കാം. * 1959-ൽ അവരെ കാനഡ​യി​ലെ ക്യു​ബെ​ക്കി​ലുള്ള ഒരു പട്ടണത്തിൽ സാധാരണ മുൻനി​ര​സേ​വ​ക​രാ​യി നിയമി​ച്ചു. സമൂഹ​ത്തെ​യും മതപു​രോ​ഹി​ത​ന്മാ​രെ​യും ഒക്കെ പേടി​യാ​യി​രു​ന്ന​തു​കൊണ്ട്‌ അവി​ടെ​യുള്ള പലരും ദൈവ​രാ​ജ്യ​ത്തി​ന്റെ സന്ദേശം കേൾക്കാൻ മടി കാണിച്ചു. ഗ്ലാഡിസ്‌ സഹോ​ദരി പറയുന്നു: “ഒരു സ്ഥലത്ത്‌ ഞങ്ങൾ ദിവസം എട്ട്‌ മണിക്കൂർവെച്ച്‌ രണ്ട്‌ വർഷം വീടു​തോ​റു​മുള്ള വേലയി​ലേർപ്പെ​ട്ടി​ട്ടും ഞങ്ങളുടെ സന്ദേശം കേൾക്കാൻ ആരും തയ്യാറാ​യില്ല. ആളുകൾ വാതിക്കൽ വന്ന്‌ നോക്കു​മ്പോൾ ഞങ്ങളാ​ണെന്നു കണ്ടാൽ പിന്നെ അവർ വാതിൽ തുറക്കു​ക​പോ​ലും ഇല്ലായി​രു​ന്നു. എന്നാൽ, ഞങ്ങൾ ശ്രമം നിറു​ത്തി​യില്ല.” പതി​യെ​പ്പ​തി​യെ ആളുക​ളു​ടെ മനോ​ഭാ​വ​ത്തി​നു മാറ്റം​വന്നു. പലരും ശ്രദ്ധി​ക്കാൻ തയ്യാറാ​യി. ആ പട്ടണത്തിൽ ഇപ്പോൾ മൂന്നു സഭയുണ്ട്‌.—യശ. 60:22.

15. ശിഷ്യ​രാ​ക്കൽവേ​ല​യെ​ക്കു​റിച്ച്‌ 1 കൊരി​ന്ത്യർ 3:6, 7 നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

15 ഒരാൾ യഹോ​വ​യു​ടെ ആരാധ​ക​നാ​യി​ത്തീ​രു​ന്ന​തി​നു പിന്നിൽ പലരുടെ ശ്രമമുണ്ട്‌. സമർപ്പിച്ച്‌ സ്‌നാ​ന​മേൽക്കാൻ ഒരാളെ സഹായി​ക്കു​ന്ന​തി​നു സഭയിലെ എല്ലാവർക്കും എന്തെങ്കി​ലു​മൊ​ക്കെ ചെയ്യാ​നാ​കും. (1 കൊരി​ന്ത്യർ 3:6, 7 വായി​ക്കുക.) ഒരു പ്രചാ​രകൻ താത്‌പ​ര്യം കാണിച്ച വ്യക്തിക്ക്‌ ഒരു ലഘു​ലേ​ഖ​യോ ഒരു മാസി​ക​യോ കൊടു​ക്കു​ന്നു. ആ ആളിന്റെ അടുത്ത്‌ വീണ്ടും ചെല്ലാൻ തനിക്കു പറ്റാത്ത​തു​കൊണ്ട്‌ അവിടെ മടക്കസ​ന്ദർശനം നടത്താ​മോ എന്ന്‌ അദ്ദേഹം മറ്റൊരു പ്രചാ​ര​ക​നോ​ടു ചോദി​ക്കു​ന്നു. ആ പ്രചാ​രകൻ അയാളു​മാ​യി ഒരു ബൈബിൾപ​ഠനം ആരംഭി​ക്കു​ന്നു. അവിടെ ബൈബിൾപ​ഠ​ന​ത്തി​നു പോകു​മ്പോൾ പ്രചാ​രകൻ സഭയി​ലുള്ള സഹോ​ദ​ര​ങ്ങളെ മാറി​മാ​റി കൊണ്ടു​പോ​കു​ന്നു. അവർ ഓരോ​രു​ത്ത​രും വിദ്യാർഥി​യെ പല വിധങ്ങ​ളിൽ സഹായി​ക്കും. അങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ അവരൊ​ക്കെ സത്യത്തി​ന്റെ ആ വിത്തു വളരാൻ ആവശ്യ​മായ വെള്ളം ഒഴിച്ചു​കൊ​ടു​ക്കു​ക​യാണ്‌. അതിലൂ​ടെ യേശു പറഞ്ഞതു​പോ​ലെ വിതയ്‌ക്കു​ന്ന​വ​നും കൊയ്യു​ന്ന​വ​നും ഈ ആത്മീയ​കൊ​യ്‌ത്തിൽ ഒരുമി​ച്ചു സന്തോ​ഷി​ക്കാ​നാ​കും.—യോഹ. 4:35-38.

16. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ മുമ്പത്തെ അത്ര പ്രവർത്തി​ക്കാൻ കഴിയു​ന്നി​ല്ലെ​ങ്കി​ലും നമുക്കു സന്തോ​ഷി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

16 മുമ്പത്തെ അത്ര ആരോ​ഗ്യ​മോ ശക്തിയോ ഒന്നും ഇല്ലാത്ത​തു​കൊണ്ട്‌ പഴയതു​പോ​ലെ പ്രസം​ഗ​പ്ര​വർത്തനം ചെയ്യാൻ നിങ്ങൾക്കു കഴിയു​ന്നി​ല്ലെ​ങ്കി​ലോ? അത്‌ ഓർത്ത്‌ വിഷമി​ക്കേണ്ടാ. നിങ്ങൾക്കു ചെയ്യാൻ കഴിയു​ന്ന​തിൽ സന്തോ​ഷി​ക്കുക. അതു മനസ്സി​ലാ​ക്കാൻ ദാവീ​ദി​ന്റെ​യും കൂടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ​യും ജീവി​ത​ത്തി​ലു​ണ്ടായ ഒരു സംഭവം നമുക്കു നോക്കാം. ഒരിക്കൽ അമാ​ലേ​ക്യർ വന്ന്‌ അവരുടെ വസ്‌തു​വ​കകൾ കൊള്ള​യ​ടി​ച്ചു. ഭാര്യ​മാ​രെ​യും മക്കളെ​യും പിടി​ച്ചു​കൊണ്ട്‌ പോയി. അത്‌ അറിഞ്ഞ ദാവീ​ദും കൂട്ടരും അവരെ പിന്തു​ടർന്നു. എന്നാൽ ക്ഷീണി​ത​രാ​യി​രുന്ന 200 പേർ ദാവീ​ദി​ന്റെ​കൂ​ടെ പോയില്ല. അവർ സാധന​ങ്ങ​ളൊ​ക്കെ കാത്തു​സൂ​ക്ഷിച്ച്‌ അവി​ടെ​ത്തന്നെ തങ്ങി. പോരാ​ട്ടം കഴിഞ്ഞ്‌ മടങ്ങി​വ​ന്ന​പ്പോൾ, കിട്ടിയ കൊള്ള​മു​തൽ എല്ലാവർക്കും തുല്യ​മാ​യി വീതി​ക്കണം എന്നു ദാവീദ്‌ പറഞ്ഞു. (1 ശമു. 30:21-25) ഈ സംഭവ​ത്തിൽനിന്ന്‌ നമുക്ക്‌ ഒരു കാര്യം പഠിക്കാം. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ആഗ്രഹി​ക്കു​ന്നത്ര ചെയ്യാൻ ഒരുപക്ഷേ നമുക്കു കഴിയു​ന്നി​ല്ലാ​യി​രി​ക്കാം. എങ്കിലും ഓരോ തവണ പുതിയ ഒരാൾ പഠിച്ച്‌ സ്‌നാ​ന​മേൽക്കു​മ്പോ​ഴും കഴിവി​ന്റെ പരമാ​വധി ചെയ്യുന്ന എല്ലാവർക്കും ഒരു​പോ​ലെ സന്തോ​ഷി​ക്കാ​നാ​കും.

17. ഏതു കാര്യ​ത്തി​നു നമുക്ക്‌ യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം?

17 യഹോ​വ​യു​ടെ സേവന​ത്തിൽ നമ്മൾ എത്ര ആത്മാർഥ​മാ​യി പ്രവർത്തി​ക്കു​ന്നു, നമ്മുടെ ആന്തരം എങ്ങനെ​യു​ള്ള​താണ്‌ എന്നതാണ്‌ യഹോവ നോക്കു​ന്നത്‌. അതനു​സ​രി​ച്ചാ​ണു നമുക്കു പ്രതി​ഫലം തരുന്നത്‌. യഹോവ അങ്ങനെ ചെയ്യു​ന്ന​തിൽ നമുക്ക്‌ എത്ര നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം! ഇനി, മുമ്പെ​ന്ന​ത്തേ​തി​ലും വലിയ അളവിൽ നടക്കുന്ന പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നമുക്കു ചെയ്യാ​നാ​കു​ന്ന​തിൽ സന്തോ​ഷി​ക്കാ​നും യഹോവ നമ്മളെ പഠിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. (യോഹ. 14:12) രാജ്യ​സ​ന്ദേശം കേൾക്കാ​നോ യഹോ​വ​യു​ടെ ആരാധ​ക​രാ​യി​ത്തീ​രാ​നോ നമുക്ക്‌ ആരെയും നിർബ​ന്ധി​ക്കാ​നാ​കി​ല്ലെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. അതു​കൊണ്ട്‌ മടുത്തു​പോ​കാ​തെ നമുക്ക്‌ ഈ പ്രവർത്തനം തുടരാം! അങ്ങനെ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാം!

ഗീതം 67 “വചനം പ്രസം​ഗി​ക്കുക”

^ ഖ. 5 ആളുകൾ സന്തോ​ഷ​വാർത്ത കേൾക്കു​ക​യും ബൈബിൾ പഠിക്കാൻ തയ്യാറാ​കു​ക​യും ചെയ്യു​മ്പോൾ നമു​ക്കൊ​ക്കെ സന്തോഷം തോന്നാ​റുണ്ട്‌. എന്നാൽ ആളുകൾ താത്‌പ​ര്യം കാണി​ക്കാ​തെ വരു​മ്പോൾ നമുക്കു നിരാശ തോന്നും. നമ്മുടെ ബൈബിൾ വിദ്യാർഥി പഠിക്കു​ന്ന​തി​ന​നു​സ​രിച്ച്‌ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ന്നി​ല്ലെ​ങ്കി​ലോ? അതല്ലെ​ങ്കിൽ നമ്മൾ ബൈബിൾ പഠിപ്പിച്ച ആരും ഇതുവരെ സമർപ്പിച്ച്‌ സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലെ​ങ്കി​ലോ? നിങ്ങളു​ടെ ശിഷ്യ​രാ​ക്കൽവേല ഒരു പരാജ​യ​മാ​ണെ​ന്നാ​ണോ അതിന്റെ അർഥം? ആളുകൾ നമ്മുടെ സന്ദേശം കേട്ടാ​ലും ഇല്ലെങ്കി​ലും നമ്മുടെ ശുശ്രൂഷ ഒരു വിജയ​മാണ്‌ എന്നു പറയാ​നാ​കു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നും നമുക്ക്‌ എങ്ങനെ സന്തോഷം കണ്ടെത്താ​മെ​ന്നും ഈ ലേഖന​ത്തിൽ നമ്മൾ കാണും.

^ ഖ. 14 2002 സെപ്‌റ്റം​ബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ഞാൻ ഒന്നിനും മാറ്റം വരുത്തു​ക​യില്ല!” എന്ന ഗ്ലാഡിസ്‌ അലൻ സഹോ​ദ​രി​യു​ടെ ജീവി​തകഥ കാണുക.