വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 47

നിങ്ങളുടെ വിശ്വാസം എത്ര ശക്തമാണ്‌?

നിങ്ങളുടെ വിശ്വാസം എത്ര ശക്തമാണ്‌?

“നിങ്ങളു​ടെ ഹൃദയം അസ്വസ്ഥ​മാ​ക​രുത്‌. ദൈവ​ത്തിൽ വിശ്വ​സി​ക്കുക.”—യോഹ. 14:1.

ഗീതം 119 നമുക്കു വിശ്വാസമുണ്ടായിരിക്കണം

പൂർവാവലോകനം *

1. ഏതു ചിന്ത നമ്മുടെ മനസ്സിൽ വന്നേക്കാം?

 പെട്ടെ​ന്നു​തന്നെ വ്യാജ​മ​ത​ങ്ങ​ളു​ടെ നാശവും മാഗോ​ഗി​ലെ ഗോഗി​ന്റെ ആക്രമ​ണ​വും അർമ​ഗെ​ദോൻ യുദ്ധവും ഉണ്ടാകും. അതെക്കു​റി​ച്ചൊ​ക്കെ ഓർക്കു​മ്പോൾ ചില​പ്പോ​ഴെ​ങ്കി​ലും നിങ്ങൾക്ക്‌ ഉത്‌കണ്‌ഠ തോന്നാ​റു​ണ്ടോ? ‘ഭയപ്പെ​ടു​ത്തുന്ന ഈ സംഭവ​ങ്ങ​ളൊ​ക്കെ നടക്കു​മ്പോൾ വിശ്വ​സ്‌ത​നാ​യി നിൽക്കാൻ എന്നെ​ക്കൊ​ണ്ടാ​കു​മോ’ എന്നു നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? നിങ്ങൾ അങ്ങനെ ചിന്തി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ നമ്മുടെ ആധാര​വാ​ക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന, യേശു​വി​ന്റെ വാക്കുകൾ നിങ്ങളെ സഹായി​ക്കും. യേശു തന്റെ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: “നിങ്ങളു​ടെ ഹൃദയം അസ്വസ്ഥ​മാ​ക​രുത്‌. ദൈവ​ത്തിൽ വിശ്വ​സി​ക്കുക.” (യോഹ. 14:1) ശക്തമായ വിശ്വാ​സ​മു​ണ്ടെ​ങ്കിൽ ഭാവി​യിൽ എന്തൊക്കെ സംഭവി​ച്ചാ​ലും അവയെ ധൈര്യ​ത്തോ​ടെ നേരി​ടാൻ നമുക്കാ​കും.

2. നമുക്ക്‌ എങ്ങനെ നമ്മുടെ വിശ്വാ​സം ശക്തമാ​ക്കാം, ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

2 ഇപ്പോൾ ഉണ്ടാകുന്ന പരി​ശോ​ധ​ന​കളെ നമ്മൾ എങ്ങനെ​യാ​ണു നേരി​ടു​ന്ന​തെന്നു ചിന്തി​ക്കു​ന്നതു ഭാവി​യിൽ ഉണ്ടാ​യേ​ക്കാ​വുന്ന പരി​ശോ​ധ​ന​കളെ വിജയ​ക​ര​മാ​യി നേരി​ടാൻ നമ്മളെ സഹായി​ക്കും. കാരണം, അങ്ങനെ ചിന്തി​ക്കു​മ്പോൾ ഏതു കാര്യ​ത്തി​ലാ​ണു നമ്മുടെ വിശ്വാ​സം കൂടുതൽ ശക്തമാ​ക്കേ​ണ്ട​തെന്നു നമുക്കു മനസ്സി​ലാ​കും. ഓരോ പരി​ശോ​ധ​ന​യി​ലൂ​ടെ കടന്നു​പോ​കു​മ്പോ​ഴും നമ്മുടെ വിശ്വാ​സം കൂടു​തൽക്കൂ​ടു​തൽ ശക്തമാ​കു​ക​യാണ്‌. അതു ഭാവി​യിൽ വലിയ പരി​ശോ​ധ​നകൾ ഉണ്ടാകു​മ്പോൾ അവയെ നേരി​ടാൻ നമ്മളെ പ്രാപ്‌ത​രാ​ക്കും. യേശു​വി​ന്റെ ശിഷ്യ​ന്മാർക്കു നേരിട്ട നാലു സാഹച​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. അവ ഓരോ​ന്നും അവരുടെ വിശ്വാ​സം വർധി​പ്പി​ക്കേ​ണ്ട​തി​ന്റെ ആവശ്യം വെളി​പ്പെ​ടു​ത്തു​ന്ന​വ​യാ​യി​രു​ന്നു. തുടർന്ന്‌ അതു​പോ​ലുള്ള പരി​ശോ​ധ​നകൾ നമ്മുടെ ജീവി​ത​ത്തിൽ എങ്ങനെ ഉണ്ടാ​യേ​ക്കാ​മെ​ന്നും അവ ഭാവി​യിൽ നേരി​ട്ടേ​ക്കാ​വുന്ന പരി​ശോ​ധ​ന​കൾക്കാ​യി നമ്മളെ എങ്ങനെ ഒരുക്കു​മെ​ന്നും നമ്മൾ കാണും.

ജീവി​ക്കാൻ വേണ്ടതു ദൈവം തരുമെന്ന വിശ്വാസം

പണപര​മായ ബുദ്ധി​മു​ട്ടു​കൾ ഉണ്ടായാ​ലും ദൈവ​രാ​ജ്യ പ്രവർത്ത​ന​ങ്ങൾക്ക്‌ ഒന്നാം സ്ഥാനം നൽകാൻ വിശ്വാ​സം നമ്മളെ സഹായി​ക്കും (3-6 ഖണ്ഡികകൾ കാണുക)

3. നമുക്ക്‌ ഏതു കാര്യ​ത്തിൽ വിശ്വാ​സം വേണ​മെ​ന്നാ​ണു മത്തായി 6:30, 33-ൽ യേശു പറയു​ന്നത്‌?

3 ഭാര്യ​ക്കും മക്കൾക്കും ആവശ്യ​മായ ഭക്ഷണവും വസ്‌ത്ര​വും താമസ​സൗ​ക​ര്യ​വും നൽകാൻ ഒരു കുടും​ബ​നാ​ഥൻ ആഗ്രഹി​ക്കും, അതു സ്വാഭാ​വി​ക​മാണ്‌. പക്ഷേ, കഷ്ടത നിറഞ്ഞ ഇക്കാലത്ത്‌ എല്ലായ്‌പോ​ഴും അത്‌ അത്ര എളുപ്പമല്ല. ചില സഹോ​ദ​ര​ങ്ങൾക്കു തങ്ങളുടെ ജോലി നഷ്ടപ്പെട്ടു. എത്ര ശ്രമി​ച്ചി​ട്ടും മറ്റൊന്നു കണ്ടെത്താ​നു​മാ​കു​ന്നില്ല. ഇനി മറ്റു ചിലർക്ക്‌, ഒരു ക്രിസ്‌ത്യാ​നി​ക്കു ചെയ്യാൻ പറ്റാത്ത തരം ജോലി​യാ​യ​തു​കൊണ്ട്‌ അതു വേണ്ടെ​ന്നു​വെ​ക്കേണ്ടി വന്നിട്ടുണ്ട്‌. ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ യഹോവ നമുക്കു​വേണ്ടി കരുതു​മെന്നു ചിന്തി​ക്കാൻ നമുക്കു ശക്തമായ വിശ്വാ​സം വേണം. മലയിലെ തന്റെ പ്രസം​ഗ​ത്തിൽ യേശു ഇക്കാര്യം തന്റെ ശിഷ്യ​ന്മാ​രോ​ടു വ്യക്തമാ​യി പറഞ്ഞു. (മത്തായി 6:30, 33 വായി​ക്കുക.) യഹോവ നമ്മളെ ഒരിക്ക​ലും ഉപേക്ഷി​ക്കി​ല്ലെന്ന്‌ ഉറപ്പു​ണ്ടെ​ങ്കിൽ ദൈവ​രാ​ജ്യ പ്രവർത്ത​ന​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ പിന്നെ നമുക്കു ബുദ്ധി​മു​ട്ടു​ണ്ടാ​കില്ല. നമ്മുടെ ആവശ്യങ്ങൾ നിറ​വേ​റ്റാൻ യഹോവ നമ്മളെ സഹായി​ക്കു​ന്നതു കാണു​മ്പോൾ നമുക്കു യഹോ​വ​യോ​ടു കൂടുതൽ അടുപ്പം തോന്നും, നമ്മുടെ വിശ്വാ​സം ശക്തമാ​കു​ക​യും ചെയ്യും.

4-5. ജീവി​ക്കാൻ ആവശ്യ​മാ​യത്‌ എങ്ങനെ കണ്ടെത്തു​മെന്ന ഉത്‌ക​ണ്‌ഠയെ തരണം ചെയ്യാൻ ഒരു കുടും​ബ​ത്തി​നു കഴിഞ്ഞത്‌ എങ്ങനെ?

4 വെന​സ്വേ​ല​യി​ലുള്ള ഒരു കുടും​ബം തങ്ങൾക്കു ജീവി​ക്കാൻ വേണ്ട കാര്യങ്ങൾ കണ്ടെത്തു​ന്ന​തിൽ യഹോ​വ​യു​ടെ സഹായം അനുഭ​വി​ച്ച​റി​ഞ്ഞത്‌ എങ്ങനെ​യെന്നു നോക്കാം. ആ കുടും​ബം അവർക്കുള്ള കൃഷി​യി​ട​ത്തിൽ പണി​യൊ​ക്കെ എടുത്ത്‌ ലളിത​മായ ഒരു ജീവിതം നയിക്കു​ക​യാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ ഒരു ദിവസം കുറെ പേർ തോക്കു​ക​ളൊ​ക്കെ​യാ​യി വന്ന്‌ അവരുടെ സ്ഥലം തട്ടി​യെ​ടു​ത്തു. എന്നിട്ട്‌ അവരെ അവി​ടെ​നിന്ന്‌ ഓടിച്ചു. അപ്പനായ മീഗൽ പറയുന്നു: “പാട്ടത്തി​നെ​ടുത്ത ചെറി​യൊ​രു കൃഷി​യി​ട​ത്തിൽ പണി​യെ​ടു​ത്താ​ണു ഞങ്ങൾ ഇപ്പോൾ കഴിയു​ന്നത്‌. ഓരോ ദിവസ​വും രാവിലെ ഞാൻ യഹോ​വ​യോട്‌ അന്നത്തെ ദിവസ​ത്തേക്ക്‌ ആവശ്യ​മാ​യതു ഞങ്ങൾക്കു തരണേ എന്നു പ്രാർഥി​ക്കും.” മീഗൽ സഹോ​ദ​ര​നും കുടും​ബ​ത്തി​നും ജീവിതം ഒട്ടും എളുപ്പമല്ല. എങ്കിലും സ്വർഗീയ പിതാവ്‌ തങ്ങളുടെ ആവശ്യ​ങ്ങൾക്കു​വേണ്ടി കരുതു​മെന്ന പൂർണ​വി​ശ്വാ​സ​ത്തോ​ടെ അവർ പതിവാ​യി മീറ്റി​ങ്ങു​ക​ളിൽ പങ്കെടു​ക്കു​ന്നു, പ്രസം​ഗ​പ്ര​വർത്തനം ചെയ്യുന്നു. അങ്ങനെ അവർ ദൈവ​രാ​ജ്യ പ്രവർത്ത​ന​ങ്ങൾക്കു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം നൽകുന്നു; അതു​കൊ​ണ്ടു​തന്നെ യഹോവ അവരുടെ ആവശ്യ​ങ്ങൾക്കു​വേണ്ടി കരുതു​ന്നു.

5 ആ പ്രയാസ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യ​പ്പോ​ഴെ​ല്ലാം മീഗലും ഭാര്യ യുറേ​യും പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​തി​നു പകരം യഹോവ തങ്ങളെ എങ്ങനെ പരിപാ​ലി​ക്കു​ന്നു എന്നതി​നാ​ണു ശ്രദ്ധ കൊടു​ത്തത്‌. ചില സമയങ്ങ​ളിൽ മറ്റു സഹോ​ദ​ര​ങ്ങളെ ഉപയോ​ഗിച്ച്‌ യഹോവ അവരെ സഹായി​ച്ചു. അവർ ആ കുടും​ബ​ത്തിന്‌ ആവശ്യ​മായ സാധനങ്ങൾ നൽകു​ക​യോ ഒരു ജോലി കണ്ടെത്താൻ മീഗലി​നെ സഹായി​ക്കു​ക​യോ ചെയ്‌തു. മറ്റു ചില സമയങ്ങ​ളിൽ ബ്രാ​ഞ്ചോ​ഫീ​സി​ന്റെ ദുരി​താ​ശ്വാ​സ പ്രവർത്ത​ന​ത്തി​ലൂ​ടെ യഹോവ അവർക്കു വേണ്ടതു നൽകി. യഹോവ ഒരിക്ക​ലും അവരെ ഉപേക്ഷി​ച്ചില്ല. അത്‌ അവരുടെ വിശ്വാ​സം ശക്തമാ​കാൻ സഹായി​ച്ചു. യഹോവ തങ്ങളെ സഹായിച്ച ഒരു സന്ദർഭ​ത്തെ​ക്കു​റിച്ച്‌ പറയുന്ന കൂട്ടത്തിൽ മൂത്ത മോളായ യോസ്ലിൻ പറയുന്നു: “യഹോവ ഞങ്ങളെ സഹായി​ക്കു​ന്നതു ഞങ്ങൾ ശരിക്കും തിരി​ച്ച​റി​ഞ്ഞു. യഹോവ എന്റെ സുഹൃ​ത്താണ്‌. എന്ത്‌ ആവശ്യം ഉണ്ടായാ​ലും യഹോവ എന്നെ സഹായി​ക്കു​മെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. ഞങ്ങളുടെ കുടും​ബ​ത്തി​നു നേരിട്ട പ്രശ്‌നങ്ങൾ ഭാവി​യിൽ ഇതിലും കഠിന​മായ പരി​ശോ​ധ​നകൾ ഉണ്ടായാ​ലും അവയെ നേരി​ടാൻ ഞങ്ങളെ ഒരുക്കി.”

6. സാമ്പത്തിക ബുദ്ധി​മുട്ട്‌ ഉണ്ടാകു​മ്പോൾ നിങ്ങൾക്ക്‌ എങ്ങനെ വിശ്വാ​സം ശക്തമാ​ക്കാം?

6 നിങ്ങൾക്കു സാമ്പത്തിക ബുദ്ധി​മുട്ട്‌ നേരി​ടു​ന്നു​ണ്ടോ? എങ്കിൽ ജീവിതം വളരെ പ്രയാസം നിറഞ്ഞ​താ​യി​രി​ക്കും. എന്നാൽ കഷ്ടപ്പാ​ടു​ക​ളൊ​ക്കെ​യു​ണ്ടെ​ങ്കി​ലും ഈ സമയം വിശ്വാ​സം ശക്തമാ​ക്കാ​നാ​യി നിങ്ങൾക്ക്‌ ഉപയോ​ഗി​ക്കാ​നാ​കും. അതിനാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കുക. എന്നിട്ട്‌ മത്തായി 6:25-34-ൽ കാണുന്ന യേശു​വി​ന്റെ വാക്കുകൾ വായി​ക്കു​ക​യും അതെക്കു​റിച്ച്‌ ധ്യാനി​ക്കു​ക​യും ചെയ്യുക. ദൈവ​സേ​വ​ന​ത്തിൽ തിര​ക്കോ​ടെ പ്രവർത്തി​ക്കു​ന്ന​വർക്കു​വേണ്ടി യഹോവ കരുതു​ന്നു​ണ്ടെന്നു തെളി​യി​ക്കുന്ന നമ്മുടെ നാളിലെ അനുഭ​വ​ങ്ങ​ളും നിങ്ങൾക്കു വായി​ക്കാം. (1 കൊരി. 15:58) ആ അനുഭ​വങ്ങൾ വായി​ക്കു​ന്നത്‌ യഹോവ നിങ്ങൾക്കു​വേ​ണ്ടി​യും കരുതു​മെന്ന വിശ്വാ​സം ശക്തമാ​കാൻ സഹായി​ക്കും. നിങ്ങളു​ടെ ആവശ്യം എന്താ​ണെ​ന്നും അത്‌ എങ്ങനെ നിറ​വേ​റ്റി​ത്ത​ര​ണ​മെ​ന്നും യഹോ​വ​യ്‌ക്ക്‌ അറിയാം. ജീവി​ത​ത്തിൽ യഹോ​വ​യു​ടെ സഹായം അനുഭ​വി​ച്ച​റി​യു​മ്പോൾ നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​കും. അതു ഭാവി​യിൽ വലിയ പരി​ശോ​ധ​ന​കളെ നേരി​ടാൻ നിങ്ങളെ സഹായി​ക്കും.—ഹബ. 3:17, 18.

വലിയ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ വിശ്വാ​സം വേണം

കൊടു​ങ്കാ​റ്റു​പോ​ലുള്ള വലിയ പ്രശ്‌നങ്ങൾ ഉണ്ടായാ​ലും സഹിച്ചു​നിൽക്കാൻ ശക്തമായ വിശ്വാ​സം നമ്മളെ സഹായി​ക്കും (7-11 ഖണ്ഡികകൾ കാണുക)

7. മത്തായി 8:23-26 അനുസ​രിച്ച്‌ ഒരു “കൊടു​ങ്കാറ്റ്‌” എങ്ങനെ​യാ​ണു ശിഷ്യ​ന്മാ​രു​ടെ വിശ്വാ​സം പരി​ശോ​ധി​ച്ചത്‌?

7 ഒരിക്കൽ യേശു​വും ശിഷ്യ​ന്മാ​രും കടലി​ലൂ​ടെ ഒരു വള്ളത്തിൽ യാത്ര ചെയ്യു​മ്പോൾ പെട്ടെന്ന്‌ ഒരു കൊടു​ങ്കാ​റ്റു​ണ്ടാ​യി. ശിഷ്യ​ന്മാർ തങ്ങളുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെന്നു പഠിപ്പി​ക്കാൻ യേശു ആ സന്ദർഭം ഉപയോ​ഗി​ച്ചു. (മത്തായി 8:23-26 വായി​ക്കുക.) കാറ്റു വളരെ ശക്തമാ​യി​രു​ന്ന​തു​കൊണ്ട്‌ വള്ളത്തി​നു​ള്ളി​ലേക്കു വെള്ളം അടിച്ചു​ക​യറി. യേശു ആ സമയത്ത്‌ സുഖമാ​യി ഉറങ്ങു​ക​യാ​യി​രു​ന്നു. പേടി​ച്ചു​പോയ ശിഷ്യ​ന്മാർ പെട്ടെന്നു യേശു​വി​നെ വിളി​ച്ചു​ണർത്തി തങ്ങളെ രക്ഷിക്ക​ണ​മെന്നു പറഞ്ഞു. അപ്പോൾ യേശു അവരോ​ടു ചോദി​ച്ചു: “നിങ്ങൾക്ക്‌ ഇത്ര വിശ്വാ​സമേ ഉള്ളോ? എന്തിനാണ്‌ ഇങ്ങനെ പേടി​ക്കു​ന്നത്‌?” യേശു​വി​നെ​യും കൂടെ​യു​ള്ള​വ​രെ​യും രക്ഷിക്കാൻ യഹോ​വ​യ്‌ക്ക്‌ ഒരു ബുദ്ധി​മു​ട്ടും ഇല്ലെന്ന കാര്യം ആ ശിഷ്യ​ന്മാർ തിരി​ച്ച​റി​യേ​ണ്ട​താ​യി​രു​ന്നു. ഈ സംഭവം നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌? ശക്തമായ വിശ്വാ​സ​മു​ണ്ടെ​ങ്കിൽ ഏതു വലിയ ‘കൊടു​ങ്കാ​റ്റി​നെ​യും’ നേരി​ടാൻ നമുക്കാ​കും.

8-9. അനൽ സഹോ​ദ​രി​യു​ടെ വിശ്വാ​സം എങ്ങനെ​യാ​ണു പരി​ശോ​ധി​ക്ക​പ്പെ​ട്ടത്‌, സഹോ​ദ​രിക്ക്‌ എന്തു സഹായം ലഭിച്ചു?

8 നമുക്ക്‌ ഇപ്പോൾ പോർട്ടോ റീക്കോ​യിൽ താമസി​ക്കുന്ന, ഒറ്റയ്‌ക്കുള്ള അനൽ സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. ഒരു കഠിന​പ​രി​ശോ​ധ​നയെ വിജയ​ക​ര​മാ​യി നേരി​ട്ട​തു​കൊണ്ട്‌ സഹോ​ദ​രി​യു​ടെ വിശ്വാ​സം ശക്തമായി. സഹോ​ദ​രി​യു​ടെ കാര്യ​ത്തിൽ ആ “കൊടു​ങ്കാറ്റ്‌” അക്ഷരാർഥ​ത്തി​ലു​ള്ള​താ​യി​രു​ന്നു. 2017-ൽ ഉണ്ടായ മരിയ ചുഴലി​ക്കൊ​ടു​ങ്കാ​റ്റിൽ സഹോ​ദ​രി​യു​ടെ വീടു തകർന്നു, ജോലി​യും നഷ്ടപ്പെട്ടു. സഹോ​ദരി പറയുന്നു: “ആ ദിവസ​ങ്ങ​ളിൽ എനിക്കു നല്ല ടെൻഷൻ തോന്നി എന്നതു ശരിയാണ്‌. പക്ഷേ, പ്രാർഥ​ന​യിൽ യഹോ​വ​യിൽ ആശ്രയി​ക്കാൻ ഞാൻ പഠിച്ചു. മാത്രമല്ല, ടെൻഷ​നും മറ്റും എന്നെ തളർത്തി​ക്ക​ള​യാ​തി​രി​ക്കാ​നും ഞാൻ ശ്രദ്ധിച്ചു.”

9 ആ പരി​ശോ​ധ​നയെ നേരി​ടാൻ തന്നെ സഹായിച്ച മറ്റൊരു കാര്യ​ത്തെ​ക്കു​റി​ച്ചും അനൽ സഹോ​ദരി പറയുന്നു, അനുസ​ര​ണ​മാ​യി​രു​ന്നു അത്‌. “സംഘടന തന്ന നിർദേ​ശങ്ങൾ അനുസ​രി​ച്ചതു മനസ്സമാ​ധാ​ന​ത്തോ​ടെ​യി​രി​ക്കാൻ എന്നെ സഹായി​ച്ചു. സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രി​ലൂ​ടെ യഹോവ എന്നെ സഹായി​ക്കു​ന്നതു ഞാൻ അനുഭ​വി​ച്ച​റി​ഞ്ഞു. അവർ എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. എനിക്കു വേണ്ട മറ്റു സഹായ​ങ്ങ​ളും നൽകി. എനിക്കു ചിന്തി​ക്കാൻപോ​ലും കഴിയാത്ത രീതി​യി​ലാണ്‌ യഹോവ എന്നെ സഹായി​ച്ചത്‌. എന്റെ വിശ്വാ​സം ശരിക്കും ബലപ്പെട്ടു” എന്നു സഹോ​ദരി പറയുന്നു.

10. ഒരു ‘കൊടു​ങ്കാ​റ്റു​പോ​ലുള്ള’ പ്രശ്‌നം ജീവി​ത​ത്തിൽ ഉണ്ടായാൽ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

10 നിങ്ങളും ഇപ്പോൾ ‘കൊടു​ങ്കാ​റ്റു​പോ​ലുള്ള’ ഏതെങ്കി​ലും ഒരു പ്രശ്‌നത്തെ നേരി​ടു​ന്നു​ണ്ടോ? അതു ചില​പ്പോൾ ഒരു പ്രകൃ​തി​ദു​ര​ന്ത​ത്തി​ന്റെ കെടു​തി​ക​ളാ​യി​രി​ക്കാം. അതല്ലെ​ങ്കിൽ ഗുരു​ത​ര​മായ എന്തെങ്കി​ലും ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളാ​യി​രി​ക്കാം. ഇത്തരം പ്രശ്‌ന​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ കുറ​ച്ചൊ​ക്കെ ടെൻഷൻ തോന്നി​യേ​ക്കാം. എന്നാൽ അതൊ​ന്നും നിങ്ങളെ തളർത്തി​ക്ക​ള​യ​രുത്‌. പകരം യഹോ​വ​യിൽ ആശ്രയി​ക്കുക, ആത്മാർഥ​മാ​യി പ്രാർഥി​ക്കുക. കൂടാതെ കഴിഞ്ഞ കാലങ്ങ​ളിൽ യഹോവ നിങ്ങളെ എങ്ങനെ​യൊ​ക്കെ സഹായി​ച്ചി​ട്ടു​ണ്ടെന്നു ചിന്തി​ക്കുക. അങ്ങനെ​യൊ​ക്കെ ചെയ്യു​ന്നതു നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കും. (സങ്കീ. 77:11, 12) ഉറപ്പാ​യും യഹോവ നിങ്ങളെ ഉപേക്ഷി​ക്കില്ല, ഇപ്പോ​ഴും ഭാവി​യി​ലും.

11. സംഘട​ന​യും മൂപ്പന്മാ​രും തരുന്ന നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 പരി​ശോ​ധ​ന​കളെ നേരി​ടാൻ മറ്റെന്തു നിങ്ങളെ സഹായി​ക്കും? അനൽ സഹോ​ദരി പറഞ്ഞതു​പോ​ലെ അനുസ​രണം. യഹോ​വ​യും യേശു​വും വിശ്വാ​സം അർപ്പി​ച്ചി​രി​ക്കു​ന്ന​വരെ വിശ്വ​സി​ക്കാൻ നമ്മളും പഠിക്കണം. ചില​പ്പോൾ നേതൃ​ത്വ​മെ​ടു​ക്കു​ന്നവർ തരുന്ന ചില നിർദേ​ശങ്ങൾ അത്ര പ്രാ​യോ​ഗി​ക​മ​ല്ലെന്നു നമുക്കു തോന്നി​യേ​ക്കാം. പക്ഷേ അനുസ​രി​ച്ചാൽ നമുക്ക്‌ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മു​ണ്ടാ​കും. അനുസ​രി​ക്കു​ന്ന​തി​ലൂ​ടെ ജീവൻ രക്ഷിക്കാ​നാ​കു​മെന്നു ബൈബിൾ വിവര​ണ​ങ്ങ​ളി​ലൂ​ടെ​യും വിശ്വ​സ്‌ത​രായ സഹോ​ദ​ര​ങ്ങ​ളു​ടെ അനുഭ​വ​ങ്ങ​ളി​ലൂ​ടെ​യും നമ്മൾ മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്‌. (പുറ. 14:1-4; 2 ദിന. 20:17) അതെക്കു​റി​ച്ചൊ​ക്കെ വീണ്ടും ചിന്തി​ക്കുക. അത്‌ ഇപ്പോ​ഴും ഭാവി​യി​ലും സംഘട​ന​യി​ലൂ​ടെ കിട്ടുന്ന ഓരോ നിർദേ​ശ​വും അനുസ​രി​ക്കാൻ നമ്മളെ സഹായി​ക്കും. (എബ്രാ. 13:17) മാത്രമല്ല പെട്ടെ​ന്നു​തന്നെ വരാനി​രി​ക്കുന്ന മഹാക​ഷ്ട​ത​യെ​ക്കു​റിച്ച്‌ ഓർത്ത്‌ നമ്മൾ പേടി​ക്കു​ക​യു​മില്ല.—സുഭാ. 3:25.

അനീതി സഹിക്കാൻ വിശ്വാ​സം വേണം

ഇടവി​ടാ​തെ പ്രാർഥി​ക്കു​ന്നതു നമ്മുടെ വിശ്വാ​സത്തെ ബലപ്പെ​ടു​ത്തും (12-ാം ഖണ്ഡിക കാണുക)

12. അനീതി സഹിക്കാൻ വിശ്വാ​സം വേണ​മെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? (ലൂക്കോസ്‌ 18:1-8)

12 അനീതി സഹി​ക്കേ​ണ്ടി​വ​രു​മ്പോൾ അതു ശിഷ്യ​ന്മാ​രു​ടെ വിശ്വാ​സ​ത്തിന്‌ ഒരു പരി​ശോ​ധ​ന​യാ​യേ​ക്കാ​മെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അത്തരം സാഹച​ര്യ​ങ്ങ​ളിൽ സഹിച്ചു​നിൽക്കു​ന്ന​തിന്‌ അവരെ സഹായി​ക്കാൻ യേശു ഒരു ദൃഷ്ടാന്തം പറഞ്ഞു. ലൂക്കോ​സി​ന്റെ സുവി​ശേ​ഷ​ത്തിൽ നമുക്ക്‌ അതു കാണാം. ന്യായം നടത്തി​ക്കി​ട്ടാൻവേണ്ടി നീതി​കെട്ട ഒരു ന്യായാ​ധി​പന്റെ അടുത്ത്‌ കരഞ്ഞ​പേ​ക്ഷി​ക്കുന്ന ഒരു വിധവ​യെ​ക്കു​റി​ച്ചു​ള്ള​താ​യി​രു​ന്നു ആ ദൃഷ്ടാന്തം. നിറു​ത്താ​തെ ചോദി​ച്ചു​കൊ​ണ്ടി​രു​ന്നാൽ ഇന്ന്‌ അല്ലെങ്കിൽ നാളെ ന്യായം നടത്തി​ക്കി​ട്ടു​മെന്ന്‌ ആ വിധവ​യ്‌ക്ക്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. ഒടുവിൽ ആ ന്യായാ​ധി​പൻ വിധവ​യു​ടെ അപേക്ഷ കേൾക്കാൻ തയ്യാറാ​യി. എന്താണു നമുക്കുള്ള പാഠം? യഹോവ ഒരിക്ക​ലും ആ നീതി​കെട്ട ന്യായാ​ധി​പ​നെ​പ്പോ​ലെയല്ല. അതു​കൊണ്ട്‌ യേശു പറഞ്ഞു: ‘അങ്ങനെ​യെ​ങ്കിൽ ദൈവം രാവും പകലും തന്നോടു നിലവി​ളി​ക്കുന്ന തന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വർക്കു ന്യായം നടത്തി​ക്കൊ​ടു​ക്കാ​തി​രി​ക്കു​മോ?’ (ലൂക്കോസ്‌ 18:1-8 വായി​ക്കുക.) എന്നിട്ട്‌ യേശു ഇങ്ങനെ​യും പറഞ്ഞു: “എന്നാൽ മനുഷ്യ​പു​ത്രൻ എത്തു​മ്പോൾ ഭൂമി​യിൽ ഇത്തരം വിശ്വാ​സം കണ്ടെത്തു​മോ?” അനീതി സഹി​ക്കേ​ണ്ടി​വ​രു​മ്പോൾ നമ്മളും ആ വിധവ​യെ​പ്പോ​ലെ ക്ഷമയോ​ടെ കാത്തി​രി​ക്കു​ക​യും മടുത്തു​പി​ന്മാ​റാ​തെ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ക​യും വേണം. അങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ യഹോ​വ​യിൽ നമുക്കു വിശ്വാ​സ​മു​ണ്ടെന്നു തെളി​യി​ക്കു​ക​യാണ്‌, ഇന്ന്‌ അല്ലെങ്കിൽ നാളെ യഹോവ നമുക്കു​വേണ്ടി പ്രവർത്തി​ക്കു​മെ​ന്നുള്ള വിശ്വാ​സം. ഇനി, പ്രാർഥ​ന​യ്‌ക്കു ശക്തിയു​ണ്ടെ​ന്നും നമ്മൾ ഓർക്കണം. ചില​പ്പോൾ നമ്മൾ ഒട്ടും ചിന്തി​ക്കാത്ത രീതി​യി​ലാ​യി​രി​ക്കാം യഹോവ നമ്മുടെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം തരുന്നത്‌.

13. അനീതി സഹി​ക്കേണ്ടി വന്നപ്പോൾ പ്രാർഥന എങ്ങനെ​യാണ്‌ ഒരു കുടും​ബത്തെ സഹായി​ച്ചത്‌?

13 കോം​ഗോ ജനാധി​പത്യ റിപ്പബ്ലി​ക്കിൽ താമസി​ക്കുന്ന വെറോ സഹോ​ദ​രി​യു​ടെ അനുഭവം നമുക്കു നോക്കാം. പട്ടാള​ക്കാ​രു​ടെ ഒരു കൂട്ടം അവർ താമസി​ക്കുന്ന ഗ്രാമ​ത്തിൽ ആക്രമണം നടത്തി​യ​പ്പോൾ സഹോ​ദ​രി​ക്കും സാക്ഷി​യ​ല്ലാത്ത ഭർത്താ​വി​നും അവരുടെ 15 വയസ്സുള്ള മകൾക്കും ആ ഗ്രാമം വിട്ട്‌ ഓടേ​ണ്ടി​വന്നു. പോകുന്ന വഴിക്ക്‌ ഒരു സ്ഥലത്ത്‌ എത്തിയ​പ്പോൾ പട്ടാള​ക്കാർ അവരെ തടഞ്ഞു. അവരെ​യെ​ല്ലാം കൊന്നു​ക​ള​യു​മെന്നു ഭീഷണി​പ്പെ​ടു​ത്തി. അതു കേട്ട്‌ വെറോ കരയാൻതു​ടങ്ങി. അപ്പോൾ അമ്മയെ ആശ്വസി​പ്പി​ക്കാൻവേണ്ടി വെറോ​യു​ടെ മകൾ യഹോ​വ​യു​ടെ പേര്‌ പല തവണ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഉച്ചത്തിൽ പ്രാർഥി​ച്ചു. അവൾ പ്രാർഥിച്ച്‌ കഴിഞ്ഞ​പ്പോൾ പട്ടാള​ക്കാ​രു​ടെ മേധാവി ചോദി​ച്ചു: “മോളേ, ആരാ നിന്നെ പ്രാർഥി​ക്കാൻ പഠിപ്പി​ച്ചത്‌?” അവൾ പറഞ്ഞു: ‘അമ്മയാ പഠിപ്പി​ച്ചത്‌, ബൈബി​ളിൽനിന്ന്‌.’ (മത്തായി 6:9-13) അപ്പോൾ ആ മേധാവി പറഞ്ഞു: “മോളേ, അപ്പന്റെ​യും അമ്മയു​ടെ​യും കൂടെ നീ സമാധാ​ന​ത്തോ​ടെ പൊയ്‌ക്കൊ​ള്ളൂ. നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ സംരക്ഷി​ക്കട്ടെ.”

14. ഏതു കാര്യം നമ്മുടെ വിശ്വാ​സ​ത്തിന്‌ ഒരു പരി​ശോ​ധ​ന​യാ​യേ​ക്കാം, സഹിച്ചു​നിൽക്കാൻ നമ്മളെ എന്തു സഹായി​ക്കും?

14 പ്രാർഥ​ന​യ്‌ക്കു വലിയ ശക്തിയു​ണ്ടെ​ന്നല്ലേ ഇത്തരം അനുഭ​വങ്ങൾ നമ്മളെ പഠിപ്പി​ക്കു​ന്നത്‌? പക്ഷേ, യഹോവ നമ്മുടെ പ്രാർഥ​ന​യ്‌ക്കു പെട്ടെ​ന്നോ അത്ഭുത​ക​ര​മാ​യോ ഉത്തരം തരുന്നി​ല്ലെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം? യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തി​ലെ വിധവ​യെ​പ്പോ​ലെ നമുക്കും ചെയ്യാം. യഹോവ നമ്മളെ ഉപേക്ഷി​ക്കി​ല്ലെ​ന്നും ഉചിത​മായ സമയത്ത്‌ ഉചിത​മായ വിധത്തിൽ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം തരു​മെ​ന്നും ഉള്ള ഉറപ്പോ​ടെ നമുക്കു പ്രാർഥി​ച്ചു​കൊ​ണ്ടേ​യി​രി​ക്കാം. പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി നമുക്ക്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കാം. (ഫിലി. 4:13) യഹോവ പെട്ടെ​ന്നു​തന്നെ നമ്മളെ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്കു​മെ​ന്നും ഓർക്കുക. അതുവരെ നിങ്ങൾ അനുഭ​വിച്ച വേദന​ക​ളൊ​ന്നും ഓർമ​യി​ലേക്കു വരുക​പോ​ലു​മില്ല. കാരണം അത്ര വലുതാ​യി​രി​ക്കും ആ അനു​ഗ്ര​ഹങ്ങൾ. യഹോ​വ​യു​ടെ സഹായ​ത്തോ​ടെ നമ്മൾ ഇന്നു പരി​ശോ​ധ​നകൾ സഹിച്ചു​നിൽക്കു​ന്നെ​ങ്കിൽ ഭാവി​യിൽ ഉണ്ടാ​യേ​ക്കാ​വുന്ന പരി​ശോ​ധ​ന​കളെ വിജയ​ക​ര​മാ​യി നേരി​ടാ​നും നമുക്കാ​കും.—1 പത്രോ. 1:6, 7.

തടസ്സങ്ങളെ മറിക​ടന്ന്‌ മുന്നേ​റാൻ വിശ്വാ​സം വേണം

15. മത്തായി 17:19, 20 പറയു​ന്ന​തു​പോ​ലെ യേശു​വി​ന്റെ ശിഷ്യ​ന്മാർക്ക്‌ ഏതു പ്രശ്‌ന​മാ​ണു നേരി​ട്ടത്‌?

15 തടസ്സങ്ങളെ മറിക​ട​ക്കാൻ വിശ്വാ​സം സഹായി​ക്കു​മെന്നു യേശു തന്റെ ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചു. (മത്തായി 17:19, 20 വായി​ക്കുക.) മുമ്പ്‌ പല തവണ ഭൂതങ്ങളെ പുറത്താ​ക്കാൻ ശിഷ്യ​ന്മാർക്കു കഴിഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ഒരു തവണ അവർക്ക്‌ അതിനു കഴിയാ​തെ​പോ​യി. എന്തായി​രു​ന്നു കാരണം? അവരുടെ വിശ്വാ​സ​ക്കു​റ​വു​കൊ​ണ്ടാണ്‌ അതിനു കഴിയാ​ഞ്ഞ​തെന്നു യേശു പറഞ്ഞു. വേണ്ടത്ര വിശ്വാ​സ​മു​ണ്ടെ​ങ്കിൽ വലിയ പർവത​ങ്ങൾപോ​ലുള്ള തടസ്സങ്ങ​ളെ​പ്പോ​ലും മറിക​ട​ക്കാൻ അവർക്കാ​കു​മെന്നു യേശു വിശദീ​ക​രി​ച്ചു. മറിക​ട​ക്കാൻ പറ്റി​ല്ലെന്നു തോന്നുന്ന തരത്തി​ലുള്ള വലിയ പ്രശ്‌നങ്ങൾ ഇന്നു നമുക്കും നേരി​ട്ടേ​ക്കാം.

കടുത്ത ദുഃഖം ഉണ്ടാകു​മ്പോ​ഴും ദൈവ​സേ​വ​ന​ത്തിൽ തിരക്കു​ള്ള​വ​രാ​യി​രി​ക്കാൻ വിശ്വാ​സം നമ്മളെ സഹായി​ക്കും (16-ാം ഖണ്ഡിക കാണുക)

16. ഭർത്താ​വി​ന്റെ മരണം മൂലം ഉണ്ടായ ആ വലിയ വേദനയെ മറിക​ട​ക്കാൻ വിശ്വാ​സം എങ്ങനെ​യാ​ണു ഗെയ്‌ഡി സഹോ​ദ​രി​യെ സഹായി​ച്ചത്‌?

16 ഗ്വാട്ടി​മാ​ല​യിൽനി​ന്നുള്ള ഗെയ്‌ഡി സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. ഒരു ദിവസം മീറ്റിങ്ങ്‌ കഴിഞ്ഞ്‌ വീട്ടി​ലേക്കു വരുന്ന വഴി സഹോ​ദ​രി​യു​ടെ ഭർത്താ​വായ എയ്‌ഡി സഹോ​ദരൻ അക്രമി​ക​ളു​ടെ കൈയാൽ കൊല്ല​പ്പെട്ടു. ആ സാഹച​ര്യ​ത്തിൽ പിടി​ച്ചു​നിൽക്കാൻ വിശ്വാ​സം എങ്ങനെ​യാ​ണു ഗെയ്‌ഡി സഹോ​ദ​രി​യെ സഹായി​ച്ചത്‌? സഹോ​ദരി പറയുന്നു: “പ്രാർഥ​ന​യിൽ എന്റെ ഭാര​മെ​ല്ലാം യഹോ​വ​യു​ടെ മേൽ ഇടുന്ന​തി​ലൂ​ടെ എനിക്കു വലിയ മനസ്സമാ​ധാ​നം കിട്ടുന്നു. കുടും​ബാം​ഗ​ങ്ങ​ളി​ലൂ​ടെ​യും സഭയിലെ കൂട്ടു​കാ​രി​ലൂ​ടെ​യും യഹോവ എനിക്കു​വേണ്ടി കരുതു​ന്നതു ശരിക്കും കാണാ​നാ​കു​ന്നുണ്ട്‌. യഹോ​വ​യു​ടെ സേവന​ത്തിൽ തിരക്കു​ള്ള​വ​ളാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ എന്റെ വേദന​യൊ​ക്കെ മറക്കാ​നും നാളെ​യെ​ക്കു​റിച്ച്‌ അധികം ചിന്തി​ക്കാ​തെ അന്നന്നത്തെ കാര്യം മാത്രം നോക്കാ​നും എനിക്കാ​കു​ന്നു. ഈ ഒരു അനുഭവം ഉണ്ടായ​തിൽനിന്ന്‌ ഒരു കാര്യം ഞാൻ പഠിച്ചു. നാളെ എത്ര വലിയ പരി​ശോ​ധന ഉണ്ടായാ​ലും യഹോ​വ​യു​ടെ​യും യേശു​വി​ന്റെ​യും സംഘട​ന​യു​ടെ​യും സഹായ​ത്തോ​ടെ എനിക്ക്‌ അതിനെ നേരി​ടാ​നാ​കും.”

17. പർവതം​പോ​ലുള്ള തടസ്സങ്ങൾ നേരി​ടു​മ്പോ​ഴും നമുക്ക്‌ എന്തു ചെയ്യാം?

17 പ്രിയ​പ്പെട്ട ആരു​ടെ​യെ​ങ്കി​ലും മരണത്തി​ന്റെ വേദന അനുഭ​വി​ക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കാൻ ശ്രമി​ക്കുക. പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​ര​ണങ്ങൾ വായി​ച്ചു​കൊണ്ട്‌ നിങ്ങൾക്ക്‌ അതു ചെയ്യാ​നാ​കും. ഇനി, കുടും​ബാം​ഗ​ങ്ങ​ളിൽ ആരെങ്കി​ലും പുറത്താ​ക്ക​പ്പെ​ട്ട​തി​ന്റെ വേദന അനുഭ​വി​ക്കുന്ന ആളാണോ നിങ്ങൾ? യഹോവ ശിക്ഷണം നൽകു​ന്നത്‌ ഏറ്റവും നല്ല രീതി​യി​ലാ​ണെന്ന ബോധ്യം ശക്തമാ​ക്കാൻ അതെക്കു​റിച്ച്‌ പഠിക്കുക. നിങ്ങൾക്കു നേരി​ടുന്ന പ്രശ്‌നം എന്തുത​ന്നെ​യാ​യാ​ലും വിശ്വാ​സം ശക്തമാ​ക്കാ​നുള്ള ഒരു അവസര​മാ​യി അതിനെ കാണുക. ഉള്ളിലു​ള്ള​തെ​ല്ലാം യഹോ​വ​യോ​ടു പറയുക. നിങ്ങ​ളെ​ത്തന്നെ ഒറ്റപ്പെ​ടു​ത്താ​തെ സഹോ​ദ​ര​ങ്ങ​ളു​മാ​യി നല്ല അടുപ്പം നിലനി​റു​ത്തുക. (സുഭാ. 18:1) മുമ്പ്‌ ചെയ്‌തി​രു​ന്ന​തു​പോ​ലെ​തന്നെ പതിവാ​യി മീറ്റി​ങ്ങു​കൾക്കും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നും പോകുക. ദിവസ​വും ബൈബിൾ വായി​ക്കുക. ഇടയ്‌ക്കു സങ്കട​മൊ​ക്കെ തോന്നി​യാ​ലും പിടി​ച്ചു​നിൽക്കാൻ സഹായി​ക്കുന്ന ഇത്തരം പ്രവർത്ത​ന​ങ്ങൾക്കൊ​ന്നും മുടക്കം വരുത്ത​രുത്‌. (സങ്കീ. 126:5, 6) ഭാവി​യിൽ യഹോവ നമുക്കു തരു​മെന്നു പറഞ്ഞി​രി​ക്കുന്ന വലിയ അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ക്കെ എപ്പോ​ഴും ചിന്തി​ക്കുക. യഹോവ നിങ്ങളെ ഇപ്പോൾ സഹായി​ക്കു​ന്നതു കാണു​മ്പോൾ നിങ്ങളു​ടെ വിശ്വാ​സം കൂടുതൽ ശക്തമാ​കും.

“ഞങ്ങളുടെ വിശ്വാ​സം വർധി​പ്പി​ച്ചു​ത​രണേ”

18. നമ്മുടെ വിശ്വാ​സം അത്ര ശക്തമ​ല്ലെന്നു തിരി​ച്ച​റി​ഞ്ഞാൽ നമുക്ക്‌ എന്തു ചെയ്യാം?

18 കഴിഞ്ഞ​കാ​ല​ത്തോ ഇപ്പോ​ഴോ ഒരു പ്രശ്‌നം നേരി​ട്ട​പ്പോൾ നിങ്ങളു​ടെ വിശ്വാ​സം ശക്തമ​ല്ലെന്നു തിരി​ച്ച​റി​ഞ്ഞെ​ങ്കിൽ നിരാ​ശ​പ്പെ​ട​രുത്‌. പകരം വിശ്വാ​സം ശക്തമാ​ക്കാൻ ശ്രമി​ക്കുക. “ഞങ്ങളുടെ വിശ്വാ​സം വർധി​പ്പി​ച്ചു​ത​രണേ” എന്നു പറഞ്ഞ അപ്പോ​സ്‌ത​ല​ന്മാ​രെ​പ്പോ​ലെ നമുക്കും അപേക്ഷി​ക്കാം. (ലൂക്കോ. 17:5) കൂടാതെ ഈ ലേഖന​ത്തിൽ പഠിച്ച അനുഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും ചിന്തി​ക്കുക. മീഗലി​നെ​യും യുറേ​യെ​യും പോലെ യഹോവ നമ്മളെ സഹായിച്ച ഓരോ സന്ദർഭ​ത്തെ​ക്കു​റി​ച്ചും ഓർക്കുക. വെറോ സഹോ​ദ​രി​യു​ടെ മോ​ളെ​യും അനൽ സഹോ​ദ​രി​യെ​യും പോലെ ഉള്ളുരു​കി യഹോ​വ​യോ​ടു പ്രാർഥി​ക്കുക, പ്രത്യേ​കിച്ച്‌ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ. ഇനി, ഗെയ്‌ഡി സഹോ​ദ​രി​യെ​പ്പോ​ലെ കുടും​ബാം​ഗ​ങ്ങ​ളെ​യും സുഹൃ​ത്തു​ക്ക​ളെ​യും ഉപയോ​ഗിച്ച്‌ യഹോവ നമുക്ക്‌ ആവശ്യ​മായ സഹായം തരു​മെന്നു തിരി​ച്ച​റി​യുക. ഇപ്പോൾ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ നമ്മൾ യഹോ​വ​യിൽ ആശ്രയി​ക്കു​ന്നെ​ങ്കിൽ യഹോവ നമ്മളെ സഹായി​ക്കും. അങ്ങനെ യഹോവ നമ്മളെ സഹായി​ക്കു​ന്നതു കാണു​മ്പോൾ, ഭാവി​യിൽ ഉണ്ടാ​യേ​ക്കാ​വുന്ന പ്രശ്‌ന​ങ്ങളെ മറിക​ട​ക്കാ​നും യഹോവ നമ്മു​ടെ​കൂ​ടെ ഉണ്ടായി​രി​ക്കു​മെന്ന വിശ്വാ​സം ശക്തമാ​കും.

19. യേശു​വിന്‌ ഏതു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രു​ന്നു, നമുക്ക്‌ എന്ത്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

19 തന്റെ ശിഷ്യ​ന്മാർക്ക്‌ പല കാര്യ​ങ്ങ​ളി​ലും കൂടുതൽ വിശ്വാ​സം വേണ്ടതു​ണ്ടെന്നു യേശു അവരോ​ടു പറഞ്ഞെ​ന്നു​ള്ളതു ശരിയാണ്‌. എങ്കിലും ഭാവി​യിൽ എന്തൊക്കെ പരി​ശോ​ധ​നകൾ ഉണ്ടായാ​ലും യഹോ​വ​യു​ടെ സഹായ​ത്താൽ അവർക്ക്‌ അതിനെ വിജയ​ക​ര​മാ​യി നേരി​ടാ​നാ​കു​മെന്നു യേശു​വിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. (യോഹ. 14:1; 16:33) ഇനി, ശക്തമായ വിശ്വാ​സ​മു​ള്ള​തു​കൊണ്ട്‌ മഹാക​ഷ്ട​തയെ അതിജീ​വി​ക്കുന്ന ഒരു മഹാപു​രു​ഷാ​രം ഉണ്ടായി​രി​ക്കു​മെ​ന്നും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (വെളി. 7:9, 14) നിങ്ങൾ ആ മഹാപു​രു​ഷാ​ര​ത്തിൽ ഒരാളാ​യി​രി​ക്കു​മോ? യഹോ​വ​യു​ടെ സഹായ​ത്താൽ നിങ്ങൾക്ക്‌ അതിനു കഴിയും. എന്നാൽ അതിനു​വേണ്ടി, വിശ്വാ​സം വളർത്തി​യെ​ടു​ക്കാ​നും അതു ശക്തമാ​ക്കാ​നും ലഭിക്കുന്ന ഓരോ അവസര​വും നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്തുക.—എബ്രാ. 10:39.

ഗീതം 118 “ഞങ്ങളുടെ വിശ്വാ​സം വർധി​പ്പി​ച്ചു​ത​രണേ”

^ ഖ. 5 ഈ ദുഷ്ട​ലോ​ക​ത്തി​ന്റെ നാശത്തി​നാ​യി നമ്മളെ​ല്ലാം കാത്തി​രി​ക്കു​ക​യാണ്‌. എന്നാൽ അവസാ​ന​ത്തോ​ളം സഹിച്ചു​നിൽക്കാൻ ആവശ്യ​മായ വിശ്വാ​സം നമുക്കു​ണ്ടോ എന്നു ചില​പ്പോ​ഴെ​ങ്കി​ലും നമ്മൾ സംശയി​ച്ചേ​ക്കാം. നമ്മുടെ വിശ്വാ​സം ശക്തമാ​ക്കാൻ സഹായി​ക്കുന്ന ചില അനുഭ​വ​ങ്ങ​ളും പ്രാ​യോ​ഗിക പാഠങ്ങ​ളു​മാണ്‌ ഈ ലേഖന​ത്തി​ലൂ​ടെ പഠിക്കാൻ പോകു​ന്നത്‌.