വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതകഥ

ജീവിതത്തിന്റെ ഉദ്ദേശ്യം തേടിയുള്ള എന്റെ യാത്ര

ജീവിതത്തിന്റെ ഉദ്ദേശ്യം തേടിയുള്ള എന്റെ യാത്ര

മെഡി​റ്റ​റേ​നി​യൻ കടലി​ലൂ​ടെ ബോട്ടിൽ പൊയ്‌ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണു ഞാൻ ഒരു കാര്യം ശ്രദ്ധി​ക്കു​ന്നത്‌. ഞങ്ങളുടെ ബോട്ടിന്‌ ഒരു ദ്വാരം വീണി​രി​ക്കു​ന്നു. അതിലൂ​ടെ ബോട്ടി​നു​ള്ളി​ലേക്കു വെള്ളം കയറു​ന്നുണ്ട്‌. ഒപ്പം അതിശ​ക്ത​മായ ഒരു കാറ്റും വീശി​ത്തു​ടങ്ങി. ഞാൻ ആകെ പേടി​ച്ചു​പോ​യി. വർഷങ്ങൾക്കു​ശേഷം ആദ്യമാ​യി ഞാൻ പ്രാർഥി​ച്ചു. ഞാൻ എങ്ങനെ​യാണ്‌ ആ സാഹച​ര്യ​ത്തിൽ ചെന്നു​പെ​ട്ടത്‌. കഥയുടെ തുടക്കം​തൊട്ട്‌ പറയാം.

എനിക്ക്‌ ഏഴു വയസ്സു​ള്ള​പ്പോൾ, ഞങ്ങൾ അന്ന്‌ ബ്രസീ​ലി​ലാ​ണു താമസിച്ചിരുന്നത്‌

1948-ൽ നെതർലൻഡ്‌സി​ലാ​ണു ഞാൻ ജനിച്ചത്‌. പിറ്റേ വർഷം ഞങ്ങളുടെ കുടും​ബം ബ്രസീ​ലി​ലെ സാവോ പൗലോ​യി​ലേക്കു താമസം മാറി. എന്റെ മാതാ​പി​താ​ക്കൾ മുടങ്ങാ​തെ പള്ളിയിൽ പോകു​ന്ന​വ​രാ​യി​രു​ന്നു. എന്നും അത്താഴം കഴിഞ്ഞ്‌ കുടും​ബം ഒരുമിച്ച്‌ ബൈബിൾ വായി​ക്കുന്ന രീതി​യും ഞങ്ങൾക്കു​ണ്ടാ​യി​രു​ന്നു. 1959-ൽ ഞങ്ങൾ വീണ്ടും മറ്റൊരു രാജ്യ​ത്തേക്കു താമസം മാറി. ഇത്തവണ ഐക്യ​നാ​ടു​ക​ളി​ലെ മാസച്ചു​സെ​റ്റ്‌സ്‌ എന്ന സ്ഥലത്താണു താമസ​മാ​ക്കി​യത്‌.

എട്ടു പേരുള്ള ഞങ്ങളുടെ കുടും​ബത്തെ നോക്കാൻവേണ്ടി അപ്പൻ ശരിക്കും കഷ്ടപ്പെട്ട്‌ പണി​യെ​ടു​ത്തു. അദ്ദേഹം ഒരു സെയ്‌ൽസ്‌മാ​ന്റെ ജോലി​യും റോഡു നിർമാ​ണ​വും ഒക്കെ ചെയ്‌തി​ട്ടുണ്ട്‌. കൂടാതെ, ഒരു അന്താരാ​ഷ്ട്ര വിമാ​ന​ക്ക​മ്പ​നി​യി​ലും ജോലി നോക്കി​യി​ട്ടുണ്ട്‌. പപ്പയ്‌ക്ക്‌ വിമാ​ന​ക്ക​മ്പ​നി​യിൽ ജോലി കിട്ടി​യ​പ്പോൾ ഞങ്ങൾക്കെ​ല്ലാം വളരെ സന്തോ​ഷ​മാ​യി. കാരണം ഞങ്ങൾക്കും ഒരുപാ​ടു യാത്ര ചെയ്യാൻ പറ്റുമാ​യി​രു​ന്നു.

ഹൈസ്‌കൂ​ളിൽ പഠിക്കു​മ്പോൾ ഞാൻ മിക്ക​പ്പോ​ഴും ആലോ​ചി​ക്കു​മാ​യി​രു​ന്നു, ‘വലുതാ​കു​മ്പോൾ എന്തു ചെയ്യണ​മെന്ന്‌?’ എന്റെ കൂട്ടു​കാ​രിൽ ചിലർ കോ​ളേ​ജിൽ പോയി പഠിക്കാൻ തീരു​മാ​നി​ച്ചു, വേറെ ചിലർ പട്ടാള​ത്തിൽ ചേർന്നു. പട്ടാള​ത്തിൽ പോകുന്ന കാര്യം എനിക്കു ചിന്തി​ക്കാൻപോ​ലും കഴിയി​ല്ലാ​യി​രു​ന്നു. കാരണം ആരുമാ​യും വഴക്കു​ണ്ടാ​ക്കു​ന്നത്‌ എനിക്ക്‌ ഇഷ്ടമി​ല്ലാ​യി​രു​ന്നു. അപ്പോൾപ്പി​ന്നെ യുദ്ധത്തി​ന്റെ കാര്യം പറയാ​നു​ണ്ടോ? പട്ടാള​ത്തിൽ പോകാൻ ഇഷ്ടമി​ല്ലാ​ഞ്ഞ​തു​കൊണ്ട്‌ കോ​ളേ​ജിൽ ചേരാൻ ഞാൻ തീരു​മാ​നി​ച്ചു. അപ്പോ​ഴും മറ്റുള്ള​വരെ സഹായി​ക്കാൻ വേണ്ടി എന്തെങ്കി​ലു​മൊ​ക്കെ ചെയ്യണ​മെ​ന്നാ​യി​രു​ന്നു എന്റെ ആഗ്രഹം. കാരണം അതിലൂ​ടെ ജീവി​ത​ത്തിൽ സന്തോഷം കിട്ടു​മെ​ന്നു​തന്നെ ഞാൻ ചിന്തിച്ചു.

കോ​ളേ​ജി​ലെ എന്റെ ജീവിതം

ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം കണ്ടെത്താൻ വർഷങ്ങ​ളോ​ളം ഞാൻ അന്വേഷിച്ചു

കോ​ളേ​ജിൽ മനുഷ്യ​രെ​ക്കു​റി​ച്ചും പല സംസ്‌കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ഒക്കെ മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന നരവം​ശ​ശാ​സ്‌ത്രം പഠിക്കാ​നാ​യി​രു​ന്നു എനിക്ക്‌ ഇഷ്ടം. കാരണം ജീവൻ എങ്ങനെ ഉണ്ടായി എന്ന്‌ അറിയാൻ എനിക്കു വലിയ ആഗ്രഹ​മാ​യി​രു​ന്നു. അവിടെ ഞങ്ങളെ പരിണാ​മ​സി​ദ്ധാ​ന്തം പഠിപ്പി​ച്ചു. എല്ലാവ​രും അതൊരു വസ്‌തു​ത​യാ​യി അംഗീ​ക​രി​ക്കാൻ അധ്യാ​പകർ പ്രതീ​ക്ഷി​ച്ചു. പക്ഷേ അതിന്റെ പല വിശദീ​ക​ര​ണ​ങ്ങ​ളും യുക്തിക്കു നിരക്കാ​ത്ത​താ​യി​ട്ടാണ്‌ എനിക്കു തോന്നി​യത്‌. തെളി​വു​കൾ ഇല്ലാതി​രുന്ന ആ കാര്യങ്ങൾ കണ്ണുമ​ടച്ച്‌ വിശ്വ​സി​ക്കാൻ എനിക്കു ബുദ്ധി​മു​ട്ടാ​യി​രു​ന്നു.

ഞങ്ങളുടെ ക്ലാസിൽ ശരിയും തെറ്റും സംബന്ധിച്ച്‌ നല്ല തത്ത്വങ്ങ​ളൊ​ന്നും പഠിപ്പി​ച്ചി​രു​ന്നില്ല. പകരം ഏതു വിധേ​ന​യും ലക്ഷ്യത്തിൽ എത്തുന്ന​തി​നാ​യി​രു​ന്നു പ്രാധാ​ന്യം കൊടു​ത്തി​രു​ന്നത്‌. പാർട്ടി​കൾക്കു പോകു​ന്ന​തും പല തരം മയക്കു​മ​രു​ന്നു​കൾ ഒക്കെ ഉപയോ​ഗിച്ച്‌ നോക്കു​ന്ന​തും എനിക്കു സന്തോഷം തന്നിരു​ന്നു. പക്ഷേ ആ സന്തോഷം കുറച്ച്‌ സമയ​ത്തേക്കേ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊ​ണ്ടു​തന്നെ ‘ഇതാണോ ശരിക്കു​മുള്ള ജീവിതം’ എന്നു ഞാൻ അപ്പോ​ഴും ചിന്തി​ക്കു​മാ​യി​രു​ന്നു.

അതിനി​ടെ ഞാൻ ബോസ്റ്റൺ നഗരത്തി​ലേക്കു താമസം മാറി. അവി​ടെ​യുള്ള ഒരു കോ​ളേ​ജിൽ ചേർന്നു. പഠനത്തി​നുള്ള പണം കണ്ടെത്താൻ അവധി​ക്കാ​ലത്ത്‌ ഞാൻ ജോലി​ക്കു പോയി. അവി​ടെ​വെ​ച്ചാണ്‌ ഞാൻ ആദ്യമാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളെ കാണു​ന്നത്‌. എന്റെകൂ​ടെ ജോലി ചെയ്‌തി​രുന്ന അദ്ദേഹം ദാനി​യേൽ 4-ാം അധ്യാ​യ​ത്തിൽ കാണുന്ന ‘ഏഴു കാല​ത്തെ​ക്കു​റി​ച്ചുള്ള’ ഒരു പ്രവച​ന​ത്തെ​പ്പറ്റി എന്നോടു പറഞ്ഞു. എന്നിട്ട്‌ നമ്മൾ ജീവി​ക്കു​ന്നത്‌ അവസാ​ന​കാ​ല​ത്താ​ണെന്നു വിശദീ​ക​രി​ച്ചു. (ദാനി. 4:13-17) അദ്ദേഹ​വു​മാ​യി ഇത്തരം ചർച്ചക​ളൊ​ക്കെ തുടരു​ക​യും ഞാൻ അതു വിശ്വ​സി​ക്കു​ക​യും ചെയ്‌താൽ എന്റെ ജീവി​ത​രീ​തി മാറ്റേ​ണ്ടി​വ​രു​മെന്നു പെട്ടെ​ന്നു​തന്നെ എനിക്കു മനസ്സി​ലാ​യി. അതു​കൊണ്ട്‌ അദ്ദേഹ​ത്തി​ന്റെ കണ്ണിൽപ്പെ​ടാ​തി​രി​ക്കാൻ ഞാൻ പരമാ​വധി ശ്രദ്ധിച്ചു.

പുതിയ കോ​ളേ​ജിൽ ഞാൻ തിര​ഞ്ഞെ​ടുത്ത കോഴ്‌സ്‌ തെക്കേ അമേരി​ക്ക​യിൽ പോയി സന്നദ്ധ​സേ​വനം ചെയ്യാൻ എന്നെ സഹായി​ക്കു​ന്ന​താ​യി​രു​ന്നു. സഹായം ആവശ്യ​മു​ള്ള​വർക്ക്‌ അതു ചെയ്‌തു​കൊ​ടു​ക്കു​ന്ന​തി​ലൂ​ടെ എനിക്കു സന്തോഷം കിട്ടു​മെന്നു ഞാൻ വിചാ​രി​ച്ചു. എന്നാൽ അതിലൂ​ടെ​യും എന്റെ ജീവി​ത​ത്തിന്‌ ഒരു അർഥവും ഉദ്ദേശ്യ​വും ഒന്നും കിട്ടി​ല്ലെന്ന്‌ എനിക്കു മനസ്സി​ലാ​യി. അങ്ങനെ നിരാ​ശി​ത​നാ​യി പഠനം ഉപേക്ഷി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു.

ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം തേടി മറ്റു ദേശങ്ങളിലേക്ക്‌

1970 മെയ്‌ മാസത്തിൽ ഞാൻ നെതർലൻഡ്‌സി​ലെ ആംസ്റ്റർഡാ​മി​ലേക്കു താമസം മാറി. അവിടെ പപ്പ ജോലി ചെയ്‌തി​രുന്ന അതേ വിമാ​ന​ക്ക​മ്പ​നി​യിൽ ഞാൻ ജോലി​ക്കു കയറി. ആ ജോലി കിട്ടി​യ​തു​കൊണ്ട്‌ എനിക്ക്‌ ആഫ്രി​ക്ക​യി​ലും അമേരി​ക്കൻ ദേശങ്ങ​ളി​ലും യൂറോ​പ്പി​ലും ഏഷ്യയി​ലും ഒക്കെ പോകാൻ പറ്റി. ആ സ്ഥലങ്ങളി​ലൊ​ക്കെ പോയ​പ്പോൾ എനിക്ക്‌ ഒരു കാര്യം മനസ്സി​ലാ​യി, എല്ലാവർക്കും ഒരുപാ​ടു പ്രശ്‌ന​ങ്ങ​ളുണ്ട്‌. പക്ഷേ ഒരു പരിഹാ​രം കണ്ടെത്താൻ ആരെ​ക്കൊ​ണ്ടു​മാ​കു​ന്നില്ല. എന്റെ ജീവി​തം​കൊണ്ട്‌ പ്രയോ​ജ​ന​മുള്ള എന്തെങ്കി​ലും ചെയ്യണ​മെന്ന ആഗ്രഹം വീണ്ടും എന്നിൽ ശക്തമായി. അതു​കൊണ്ട്‌ ഐക്യ​നാ​ടു​ക​ളി​ലേക്കു തിരി​ച്ചു​പോ​യി ബോസ്റ്റ​ണി​ലെ കോ​ളേ​ജിൽ പഠനം തുടരാൻ ഞാൻ തീരു​മാ​നി​ച്ചു.

പക്ഷേ ഈ പഠനം​കൊ​ണ്ടൊ​ന്നും ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള എന്റെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കിട്ടു​ന്നി​ല്ലെന്ന്‌ ഉടനെ ഞാൻ മനസ്സി​ലാ​ക്കി. എന്തു ചെയ്യണ​മെന്ന്‌ എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞാൻ അതെക്കു​റിച്ച്‌ എന്റെ പ്രൊ​ഫ​സ​റോ​ടു സംസാ​രി​ച്ചു. ഒട്ടും പ്രതീ​ക്ഷി​ക്കാത്ത മറുപ​ടി​യാണ്‌ അദ്ദേഹ​ത്തിൽനിന്ന്‌ വന്നത്‌. “എങ്കിൽ പഠനം നിറു​ത്തു​ന്ന​താ​യി​രി​ക്കും നല്ലത്‌” എന്ന്‌ അദ്ദേഹം പറഞ്ഞു. അതു കേട്ടപാ​ടെ ഞാൻ കോ​ളേ​ജി​ന്റെ പടിയി​റങ്ങി.

ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം കണ്ടെത്താ​നാ​കാ​തെ അവസാനം അന്നു പ്രചാ​ര​ത്തി​ലി​രുന്ന ഒരു ഗ്രൂപ്പി​ന്റെ​കൂ​ടെ ചേരാൻ ഞാൻ തീരു​മാ​നി​ച്ചു. സമൂഹ​ത്തി​ന്റെ ആചാര​ങ്ങ​ളൊ​ക്കെ ഉപേക്ഷിച്ച്‌ എല്ലായി​ട​ത്തും സമാധാ​ന​വും സ്‌നേ​ഹ​വും വളർത്താൻ ശ്രമി​ച്ചി​രുന്ന ഒരു ഗ്രൂപ്പാ​യി​രു​ന്നു അത്‌. പിന്നീട്‌ ഞാനും ചില കൂട്ടു​കാ​രും പല സ്ഥലങ്ങളി​ലൂ​ടെ യാത്ര ചെയ്‌ത്‌ മെക്‌സി​ക്കോ​യി​ലെ അക്കാൾപുൾക്കോ​യിൽ എത്തി. അവിടെ ഞങ്ങൾ ഹിപ്പി​ക​ളു​ടെ ഇടയി​ലാ​ണു താമസി​ച്ചത്‌. സമൂഹം അംഗീ​ക​രി​ക്കുന്ന നിയമ​ങ്ങ​ളൊ​ന്നും നോക്കാ​തെ തങ്ങൾക്ക്‌ ഇഷ്ടമുള്ള രീതി​യിൽ ജീവി​ക്കു​ന്ന​തി​ലൂ​ടെ സന്തോഷം കിട്ടു​മെ​ന്നാണ്‌ ആ കൂട്ടരു​ടെ വാദം. പക്ഷേ അവരു​ടെ​കൂ​ടെ താമസി​ക്കാൻ തുടങ്ങി​യ​പ്പോ​ഴാ​ണു മനസ്സി​ലാ​യത്‌ ആ ജീവി​ത​ത്തി​നും അർഥ​മൊ​ന്നു​മില്ല, അതിലൂ​ടെ​യും സന്തോഷം കിട്ടില്ല എന്ന്‌. അവരിൽ പലരും വിശ്വ​സ്‌ത​രോ സത്യസ​ന്ധ​രോ ഒന്നുമാ​യി​രു​ന്നില്ല.

ഒരു സമു​ദ്ര​യാ​ത്ര​യി​ലൂ​ടെ അന്വേ​ഷണം തുടരുന്നു

ഞാനും കൂട്ടു​കാ​ര​നും കൂടി പറുദീ​സാ​തു​ല്യ​മായ ദ്വീപ്‌ അന്വേ​ഷിച്ച്‌ ഇറങ്ങി

ആ സമയത്ത്‌, കുട്ടി​ക്കാ​ലത്ത്‌ എന്റെ മനസ്സി​ലു​ണ്ടാ​യി​രുന്ന ഒരു ആഗ്രഹം വീണ്ടും തലപൊ​ക്കി, കടലി​ലൂ​ടെ ഒരു യാത്ര! വെറു​മൊ​രു യാത്ര​ക്കാ​ര​നാ​യി​ട്ടല്ല, കപ്പിത്താ​നാ​യിട്ട്‌. അതിന്‌ ഒരേ ഒരു മാർഗമേ ഉള്ളൂ, സ്വന്തമാ​യി ഒരു ബോട്ടു വേണം. എന്റെ കൂട്ടു​കാ​ര​നായ ടോമി​നും അങ്ങനെ​യൊ​രു ആഗ്രഹം ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ ഞങ്ങൾ ഒരുമിച്ച്‌ കടലി​ലൂ​ടെ ലോകം ചുറ്റാൻ തീരു​മാ​നി​ച്ചു. സമൂഹ​ത്തി​ന്റെ നിയമ​ങ്ങ​ളും ചട്ടങ്ങളും ഒന്നുമി​ല്ലാ​തെ സ്വത​ന്ത്ര​മാ​യി ജീവി​ക്കാൻ കഴിയുന്ന പറുദീ​സാ​തു​ല്യ​മായ ഒരു ദ്വീപ്‌ കണ്ടെത്തു​ക​യാ​യി​രു​ന്നു എന്റെ ലക്ഷ്യം.

ടോമും ഞാനും സ്‌പെ​യി​നി​ലെ ബാർസി​ലോ​ന​യ്‌ക്ക്‌ അടുത്തുള്ള അർനിസ്‌ ദേ മാറി​ലേക്ക്‌ യാത്ര ചെയ്‌തു. അവി​ടെ​നിന്ന്‌ ഞങ്ങൾ 9.4 മീറ്റർ നീളമുള്ള ഒരു പായ്‌ക്കപ്പൽ വാങ്ങി. ലൈഗ്ര എന്നായി​രു​ന്നു അതിന്റെ പേര്‌. അതു കടൽ യാത്ര​യ്‌ക്കു പറ്റിയ​താ​ക്കാൻ അതിൽ ചില അറ്റകു​റ്റ​പ്പ​ണി​ക​ളൊ​ക്കെ ചെയ്യണ​മാ​യി​രു​ന്നു. ലക്ഷ്യസ്ഥാ​നത്ത്‌ എത്താൻ ഞങ്ങൾക്കു തിര​ക്കൊ​ന്നു​മി​ല്ലാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അതിന്റെ എഞ്ചി​നൊ​ക്കെ മാറ്റി അവി​ടെ​യും​കൂ​ടെ ഞങ്ങൾ കുടി​വെള്ളം സൂക്ഷിച്ചു. ചെറിയ തുറമു​ഖ​ങ്ങ​ളിൽ ബോട്ട്‌ അടുപ്പി​ക്കാൻ കഴി​യേ​ണ്ട​തിന്‌ അഞ്ചു മീറ്റർ നീളമുള്ള രണ്ടു തുഴക​ളും ഞങ്ങൾ അതിൽ പിടി​പ്പി​ച്ചു. അവസാനം ഞങ്ങൾ ഇന്ത്യൻ മഹാസ​മു​ദ്ര​ത്തി​ലെ സെയ്‌ഷെൽസ്‌ ലക്ഷ്യമാ​ക്കി നീങ്ങി. ആഫ്രി​ക്ക​യു​ടെ പടിഞ്ഞാ​റൻ തീരത്തു​കൂ​ടി സൗത്ത്‌ ആഫ്രി​ക്ക​യി​ലെ ഗുഡ്‌ഹോപ്പ്‌ മുനമ്പു കടന്ന്‌ പോകാ​നാ​യി​രു​ന്നു ഞങ്ങളുടെ പരിപാ​ടി. നക്ഷത്ര​ങ്ങ​ളു​ടെ സ്ഥാനം നോക്കി ശരിയായ ദിശയിൽ യാത്ര ചെയ്യാൻ സഹായി​ക്കുന്ന ചില ഉപകര​ണ​ങ്ങ​ളും ഭൂപട​ങ്ങ​ളും പുസ്‌ത​ക​ങ്ങ​ളും ഒക്കെ ഞങ്ങളുടെ കൈയിൽ ഉണ്ടായി​രു​ന്നു. അവയുടെ സഹായ​ത്തോ​ടെ ആ കടലിന്റെ നടുക്കു ഞങ്ങളുടെ സ്ഥാനം കൃത്യ​മാ​യി എവി​ടെ​യാ​ണെന്നു മനസ്സി​ലാ​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ശരിക്കും അത്ഭുതം തോന്നി.

ഈ പഴയ പായ്‌ക്കപ്പൽ കടൽയാ​ത്ര​യ്‌ക്കു പറ്റിയ​ത​ല്ലെന്നു പെട്ടെ​ന്നു​തന്നെ ഞങ്ങൾക്കു മനസ്സി​ലാ​യി. ബോട്ടി​ലെ ഒരു ദ്വാര​ത്തിൽക്കൂ​ടി മണിക്കൂ​റിൽ 22 ലിറ്റർ വെള്ള​മെ​ങ്കി​ലും അകത്തേക്കു കയറു​ന്നു​ണ്ടാ​യി​രു​ന്നു. ആ സമയത്തു​തന്നെ ശക്തമായ ഒരു കാറ്റും വീശി. തുടക്ക​ത്തിൽ പറഞ്ഞതു​പോ​ലെ ഞാൻ ശരിക്കും പേടി​ച്ചു​പോ​യി. വർഷങ്ങൾക്കു​ശേഷം ഞാൻ ആദ്യമാ​യി ദൈവ​ത്തോ​ടു പ്രാർഥി​ച്ചു. ഞങ്ങൾ രക്ഷപ്പെ​ടു​ക​യാ​ണെ​ങ്കിൽ ദൈവത്തെ കൂടുതൽ അറിയാൻ ശ്രമി​ക്കു​മെന്നു ഞാൻ ദൈവ​ത്തി​നു വാക്കു കൊടു​ത്തു. ആ കാറ്റു ശമിച്ചു. ഞാൻ ദൈവ​ത്തി​നു കൊടുത്ത വാക്കു പാലി​ക്കു​ക​യും ചെയ്‌തു.

അങ്ങനെ മെഡി​റ്റ​റേ​നി​യൻ കടലിന്റെ നടുക്കു​വെച്ച്‌ ഞാൻ ബൈബിൾ വായി​ക്കാൻതു​ടങ്ങി. അതിരു​ക​ളി​ല്ലാ​തെ പരന്നു​കി​ട​ക്കുന്ന നീലാ​കാ​ശം. ചുറ്റും കുതിച്ച്‌ ചാടുന്ന മത്സ്യങ്ങ​ളും ഡോൾഫി​നു​ക​ളും. ഇനി, രാത്രി​യി​ലാ​ണെ​ങ്കിൽ ആകാശത്ത്‌ നിറയെ മിന്നി​ത്തി​ള​ങ്ങുന്ന കോടി​ക്ക​ണ​ക്കി​നു നക്ഷത്രങ്ങൾ. ഇതെല്ലാം കണ്ടപ്പോൾ മനുഷ്യ​രെ​ക്കു​റിച്ച്‌ ചിന്തയുള്ള ഒരു ദൈവ​മു​ണ്ടെന്ന്‌ എനിക്കു കുറെ​ക്കൂ​ടി ബോധ്യ​മാ​യി.

ഏതാനും ആഴ്‌ച​കൾക്കു​ശേഷം ഞങ്ങൾ സ്‌പെ​യി​നി​ലെ അലികാ​ന്റെ തുറമു​ഖത്ത്‌ എത്തി. ഞങ്ങളുടെ ഈ പഴയ ബോട്ട്‌ അവിടെ വിറ്റിട്ട്‌ കുറെ​ക്കൂ​ടി നല്ല ഒരെണ്ണം വാങ്ങാൻ ഞങ്ങൾ തീരു​മാ​നി​ച്ചു. പക്ഷേ എഞ്ചി​നൊ​ന്നും ഇല്ലാത്ത, വെള്ളം കയറുന്ന ഈ പഴയ പായ്‌ക്കപ്പൽ ആരു വാങ്ങാനാ? അതു വാങ്ങാൻ ഒരാളെ കണ്ടെത്തു​ന്നത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. എന്തായാ​ലും ആ സമയ​മെ​ല്ലാം ഞാൻ ബൈബിൾ വായി​ക്കാൻ ഉപയോ​ഗി​ച്ചു.

ബൈബിൾ വായി​ക്കും​തോ​റും ജീവി​ത​ത്തിൽ സന്തോഷം കണ്ടെത്താൻ സഹായി​ക്കുന്ന ഒരു പുസ്‌ത​ക​മാണ്‌ അതെന്ന്‌ എനിക്കു മനസ്സി​ലാ​കാൻതു​ടങ്ങി. ധാർമി​ക​മാ​യി ശുദ്ധമായ ഒരു ജീവിതം നയിക്ക​ണ​മെന്നു ബൈബി​ളിൽ എത്ര വ്യക്തമാ​യി​ട്ടാ​ണു പറഞ്ഞി​രി​ക്കു​ന്നത്‌! എന്നിട്ടും ഞാൻ ഉൾപ്പെടെ ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടുന്ന പലരും ഇതൊ​ന്നും അനുസ​രി​ക്കു​ന്നി​ല്ല​ല്ലോ എന്ന്‌ ഓർത്ത​പ്പോൾ എനിക്ക്‌ അതിശയം തോന്നി.

ജീവി​ത​ത്തിൽ മാറ്റങ്ങ​ളൊ​ക്കെ വരുത്തി ശരിക്കും ഒരു നല്ല വ്യക്തി​യാ​കാൻ ഞാൻ തീരു​മാ​നി​ച്ചു. മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കു​ന്നത്‌ ഞാൻ നിറുത്തി. ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കുന്ന ആരെങ്കി​ലും ഇല്ലാതി​രി​ക്കി​ല്ലെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവരെ കണ്ടെത്താൻ ഞാൻ ആഗ്രഹി​ച്ചു. അങ്ങനെ രണ്ടാമ​തും ഞാൻ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു. ഇത്തവണ ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ക്കു​ന്ന​വരെ കണ്ടെത്താൻ സഹായി​ക്കണേ എന്നായി​രു​ന്നു എന്റെ അപേക്ഷ.

സത്യമ​ത​ത്തി​നാ​യുള്ള എന്റെ അന്വേഷണം

മതങ്ങളെ ഓരോ​ന്നാ​യി പരി​ശോ​ധിച്ച്‌ സത്യമതം ഏതാ​ണെന്നു കണ്ടെത്താൻ ഞാൻ തീരു​മാ​നി​ച്ചു. അലികാ​ന്റെ നഗരത്തി​ലൂ​ടെ നടക്കു​മ്പോൾ ഞാൻ പല ആരാധ​നാ​ല​യ​ങ്ങ​ളും കണ്ടു. അവയിൽ മിക്കതി​ലും വിഗ്ര​ഹങ്ങൾ ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ അതൊ​ന്നും സത്യമതം അല്ലെന്നു മനസ്സി​ലാ​ക്കാൻ എനിക്ക്‌ എളുപ്പം കഴിഞ്ഞു.

ഒരു ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ തുറമു​ഖ​ത്തിന്‌ എതി​രെ​യുള്ള ഒരു കുന്നിൻചെ​രു​വിൽ ഇരുന്ന്‌ ഞാൻ യാക്കോബ്‌ 2:1-5 വരെ വായി​ക്കു​ക​യാ​യി​രു​ന്നു. ഒരാൾക്കു കുറെ പണം ഉണ്ടെന്നു കരുതി അയാ​ളോ​ടു പ്രത്യേ​ക​പ​രി​ഗണന കാണി​ക്ക​രു​തെന്ന്‌ ആ വാക്യം പറയുന്നു. വായന കഴിഞ്ഞ്‌ ബോട്ടി​ലേക്കു നടക്കു​മ്പോൾ ആരാധ​നാ​ല​യം​പോ​ലെ തോന്നി​ക്കുന്ന ഒരു കെട്ടിടം ഞാൻ കണ്ടു. അവിടെ “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാൾ” എന്ന്‌ എഴുതി​വെ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.

‘ഇവർ എന്നോട്‌ എങ്ങനെ പെരു​മാ​റു​മെന്ന്‌ ഒന്നു നോക്കാം’ എന്നു ഞാൻ ചിന്തിച്ചു. അതു​കൊണ്ട്‌ ഞാൻ ചെരി​പ്പി​ടാ​തെ, താടി​വ​ടി​ക്കാ​തെ, കീറി​പ്പ​റിഞ്ഞ ഒരു ജീൻസൊ​ക്കെ​യിട്ട്‌ അവിടെ ചെന്നു. അവിടെ ഉണ്ടായി​രുന്ന ഒരാൾ എന്നെ പ്രായ​മുള്ള ഒരു സ്‌ത്രീ​യു​ടെ അടുത്ത്‌ കൊണ്ടു​പോ​യി ഇരുത്തി. പ്രസം​ഗകൻ പറയുന്ന ബൈബിൾവാ​ക്യ​ങ്ങ​ളൊ​ക്കെ കണ്ടുപി​ടി​ക്കാൻ അവർ എന്നെ സഹായി​ച്ചു. മീറ്റിങ്ങു കഴിഞ്ഞ്‌ എല്ലാവ​രും എന്നെ പരിച​യ​പ്പെ​ടാൻ വന്നപ്പോൾ ഞാൻ ഞെട്ടി​പ്പോ​യി. ഒരു മനുഷ്യൻ ബൈബിൾ ചർച്ചകൾക്കാ​യി എന്നെ വീട്ടി​ലേക്കു ക്ഷണിച്ചു. ഞാൻ അതുവരെ ബൈബിൾ മുഴുവൻ വായിച്ച്‌ തീരാ​ത്ത​തു​കൊണ്ട്‌ “റെഡി​യാ​കു​മ്പോൾ അറിയി​ക്കാം” എന്നു ഞാൻ അദ്ദേഹ​ത്തോ​ടു പറഞ്ഞു. എങ്കിലും ഞാൻ എല്ലാ മീറ്റി​ങ്ങു​കൾക്കും പോയി.

കുറച്ച്‌ ആഴ്‌ച​കൾക്കു​ശേഷം ഞാൻ ആ മനുഷ്യ​ന്റെ വീട്ടിൽ ചെന്നു. അദ്ദേഹം എന്റെ ബൈബിൾചോ​ദ്യ​ങ്ങൾക്കെ​ല്ലാം ഉത്തരം നൽകി. ഒരാഴ്‌ച കഴിഞ്ഞ്‌ അദ്ദേഹം ഒരു ബാഗു നിറയെ നല്ല വസ്‌ത്രങ്ങൾ എനിക്കു തന്നു. ഈ വസ്‌ത്ര​ത്തി​ന്റെ ഉടമ ഇപ്പോൾ ജയിലി​ലാ​ണെ​ന്നും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്ക​ണ​മെ​ന്നും യുദ്ധം പരിശീ​ലി​ക്ക​രു​തെ​ന്നും ഉള്ള ബൈബിൾക​ല്‌പ​നകൾ അനുസ​രി​ച്ച​തി​ന്റെ പേരി​ലാണ്‌ ആ വ്യക്തിക്കു ജയിലിൽ പോ​കേ​ണ്ടി​വ​ന്ന​തെ​ന്നും അദ്ദേഹം എന്നോടു പറഞ്ഞു. (യശ. 2:4; യോഹ. 13:34, 35) ഞാൻ അന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്നതു കണ്ടെത്തി​യെന്ന്‌ എനിക്ക്‌ അപ്പോൾ മനസ്സി​ലാ​യി. ബൈബി​ളിൽ വ്യക്തമാ​യി പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ അങ്ങനെ​തന്നെ അനുസ​രി​ക്കു​ന്ന​വ​രാണ്‌ ഇവർ എന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു. അതു​കൊണ്ട്‌ പറുദീ​സാ​തു​ല്യ​മായ ദ്വീപു കണ്ടെത്താ​നുള്ള ശ്രമം ഒക്കെ ഉപേക്ഷിച്ച്‌ ബൈബിൾ ആഴത്തിൽ പഠിക്കാൻ ഞാൻ തീരു​മാ​നി​ച്ചു. അങ്ങനെ ഞാൻ നെതർലൻഡ്‌സി​ലേക്കു തിരി​ച്ചു​പോ​യി.

ജോലി അന്വേഷിക്കുന്നു

നെതർലൻഡ്‌സി​ലെ ഗ്രോ​ണി​ങ്കൻ നഗരത്തി​ലെ​ത്താൻ നാലു ദിവസ​മെ​ടു​ത്തു. ജീവി​ക്കാൻ വേണ്ടി എനിക്ക്‌ ഒരു ജോലി കണ്ടെത്ത​ണ​മാ​യി​രു​ന്നു. മരപ്പണി​കൾ ചെയ്യുന്ന ഒരു കടയിൽ ഞാൻ ജോലിക്ക്‌ അപേക്ഷി​ച്ചു. ആ അപേക്ഷാ​ഫാ​റ​ത്തിൽ മതം ഏതാ​ണെന്ന്‌ എഴുതണം. “യഹോ​വ​യു​ടെ സാക്ഷികൾ” എന്നു ഞാൻ എഴുതി. അതു വായി​ച്ച​തും കടയു​ട​മ​യു​ടെ മുഖം മാറി. അയാൾ പറഞ്ഞു, “ഞാൻ വിളി​ക്കാം.” പക്ഷേ അയാൾ വിളി​ച്ചില്ല.

ഞാൻ മറ്റൊരു കടയിൽ ചെന്ന്‌ അവിടെ ജോലി കിട്ടു​മോ എന്ന്‌ അന്വേ​ഷി​ച്ചു. ആ കടയുടമ എന്റെ സർട്ടി​ഫി​ക്ക​റ്റു​ക​ളും നേരത്തേ ജോലി ചെയ്‌തി​ട​ത്തു​നി​ന്നുള്ള പ്രവൃ​ത്തി​പ​രി​ച​യ​ത്തി​ന്റെ കത്തും ചോദി​ച്ചു. മരം കൊണ്ടുള്ള ഒരു പായ്‌ക്ക​പ്പ​ലിൽ അറ്റകു​റ്റ​പ്പ​ണി​കൾ ചെയ്‌ത പരിച​യ​മു​ണ്ടെന്നു ഞാൻ പറഞ്ഞു. എന്നെ അതിശ​യി​പ്പി​ച്ചു​കൊണ്ട്‌ അദ്ദേഹം പറഞ്ഞു, “ഇന്ന്‌ ഉച്ച കഴിഞ്ഞു​തന്നെ ജോലി​ക്കു കയറാം. പക്ഷേ ഒരു വ്യവസ്ഥ​യുണ്ട്‌, ഇവിടെ പ്രശ്‌ന​മൊ​ന്നും ഉണ്ടാക്ക​രുത്‌. കാരണം ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാണ്‌. ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ച്ചാ​ണു ഞാൻ ജീവി​ക്കു​ന്നത്‌.” ആശ്ചര്യ​ത്തോ​ടെ ഞാൻ അദ്ദേഹ​ത്തോ​ടു പറഞ്ഞു, “ഞാനും ഒരു സാക്ഷി​യാണ്‌.” പക്ഷേ എന്റെ നീണ്ട മുടി​യും താടി​യും ഒക്കെ കണ്ടപ്പോൾ ഞാനൊ​രു സാക്ഷി​യ​ല്ലെന്ന്‌ അദ്ദേഹ​ത്തി​നു മനസ്സി​ലാ​യി. അതു​കൊണ്ട്‌ അദ്ദേഹം പറഞ്ഞു, “ഞാൻ താങ്കളെ ബൈബിൾ പഠിപ്പി​ക്കാം.” ഞാൻ സന്തോ​ഷ​ത്തോ​ടെ അതിനു സമ്മതിച്ചു. മറ്റേ ആ കടയുടമ എന്നെ വിളി​ക്കാ​തി​രു​ന്ന​തി​ന്റെ കാരണം അപ്പോൾ എനിക്കു മനസ്സി​ലാ​യി. യഹോവ എന്റെ ഹൃദയ​ത്തി​ലെ ആഗ്രഹങ്ങൾ സാധി​ച്ചു​ത​രു​ക​യാ​യി​രു​ന്നു. (സങ്കീ. 37:4) ഞാൻ ഒരു വർഷം സഹോ​ദ​രന്റെ കടയിൽ ജോലി ചെയുതു. ആ സമയത്ത്‌ അദ്ദേഹം എന്നെ ബൈബിൾ പഠിപ്പി​ച്ചു. 1974 ജനുവ​രി​യിൽ ഞാൻ സ്‌നാ​ന​മേറ്റു.

അവസാനം ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം ഞാൻ കണ്ടെത്തി!

ഒരു മാസം കഴിഞ്ഞ്‌ ഞാൻ മുൻനി​ര​സേ​വനം തുടങ്ങി. അതൊരു പുതിയ തുടക്ക​മാ​യി​രു​ന്നു. എനിക്ക്‌ ഒരുപാ​ടു സന്തോഷം തോന്നി. പിറ്റേ മാസം ഞാൻ ആംസ്റ്റർഡാ​മി​ലേക്കു താമസം മാറി. അവിടെ പുതു​താ​യി സ്ഥാപിച്ച സ്‌പാ​നിഷ്‌ ഭാഷാ​ക്കൂ​ട്ടത്തെ സഹായി​ക്കു​ന്ന​തി​നു വേണ്ടി​യാ​യി​രു​ന്നു അത്‌. സ്‌പാ​നിഷ്‌ ഭാഷയി​ലും പോർച്ചു​ഗീസ്‌ ഭാഷയി​ലും ബൈബിൾപ​ഠ​നങ്ങൾ നടത്തു​ന്നത്‌ എത്ര രസമാ​യി​രു​ന്നെ​ന്നോ! 1975 മെയ്യിൽ എന്നെ ഒരു പ്രത്യേക മുൻനി​ര​സേ​വ​ക​നാ​യി നിയമി​ച്ചു.

ഒരു ദിവസം പ്രത്യേക മുൻനി​ര​സേ​വി​ക​യായ കാതറീന സഹോ​ദരി ഞങ്ങളുടെ സ്‌പാ​നിഷ്‌ മീറ്റി​ങ്ങി​നു വന്നു. സഹോ​ദ​രി​യു​ടെ ബൊളീ​വി​യ​ക്കാ​രി​യായ ഒരു ബൈബിൾവി​ദ്യാർഥി​നി​യെ സ്‌പാ​നിഷ്‌ സംസാ​രി​ക്കുന്ന സഹോ​ദ​ര​ങ്ങൾക്കു പരിച​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ഉദ്ദേശ്യം. കാതറീ​ന​യും ഞാനും പരസ്‌പരം കൂടുതൽ പരിച​യ​പ്പെ​ടാൻ തീരു​മാ​നി​ച്ചു. കത്തുക​ളി​ലൂ​ടെ അടുത്ത്‌ അറിഞ്ഞ​പ്പോ​ഴാ​ണു മനസ്സി​ലാ​യതു ഞങ്ങൾക്കു രണ്ടു പേർക്കും ഒരേ ലക്ഷ്യങ്ങ​ളാ​ണു​ള്ള​തെന്ന്‌. 1976-ൽ ഞങ്ങൾ കല്യാണം കഴിച്ചു. 1982 വരെ ഞങ്ങൾ രണ്ടു പേരും പ്രത്യേക മുൻനി​ര​സേ​വനം ചെയ്‌തു. തുടർന്ന്‌ 73-ാമത്തെ ഗിലെ​യാദ്‌ ക്ലാസി​ലേക്കു ഞങ്ങൾക്കു ക്ഷണം കിട്ടി. ക്ലാസു കഴിഞ്ഞ്‌ ആഫ്രി​ക്ക​യി​ലെ കെനി​യ​യി​ലുള്ള മൊം​ബാ​സ​യി​ലേ​ക്കാ​ണു ഞങ്ങളെ നിയമി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ അറിഞ്ഞ​പ്പോൾ ഞങ്ങൾക്ക്‌ അതിശ​യ​വും ഒപ്പം സന്തോ​ഷ​വും തോന്നി. അവിടെ ഞങ്ങൾ അഞ്ചു വർഷം പ്രവർത്തി​ച്ചു. 1987-ൽ ഞങ്ങളെ ടാൻസ​നി​യ​യി​ലേക്കു നിയമി​ച്ചു. ആ സമയം ആയപ്പോ​ഴേ​ക്കും അവിടെ നമ്മുടെ പ്രവർത്ത​ന​ത്തി​നു മേൽ ഉണ്ടായി​രുന്ന നിരോ​ധനം നീങ്ങി​യി​രു​ന്നു. 26 വർഷം ഞങ്ങൾ അവിടെ പ്രവർത്തി​ച്ചു. അതിനു ശേഷം വീണ്ടും കെനി​യ​യിൽ മടങ്ങി​യെത്തി.

ആഫ്രി​ക്ക​യി​ലെ ആളുകളെ ബൈബിൾസ​ത്യ​ങ്ങൾ മനസ്സി​ലാ​ക്കാൻ സഹായി​ച്ചത്‌ എനിക്കും ഭാര്യ​ക്കും ഒരുപാ​ടു സന്തോഷം നൽകി

ആത്മാർഥ​ഹൃ​ദ​യ​രായ ആളുകളെ ബൈബിൾസ​ത്യം പഠിപ്പി​ക്കാ​നാ​യ​പ്പോൾ ഞങ്ങൾക്കു ശരിക്കും സംതൃ​പ്‌തി തോന്നി. ഉദാഹ​ര​ണ​ത്തിന്‌, മൊം​ബാ​സ​യി​ലെ എന്റെ ആദ്യത്തെ ബൈബിൾവി​ദ്യാർഥി​യെ കണ്ടുമു​ട്ടിയ കാര്യം ഞാൻ പറയാം. ഒരു ദിവസം പരസ്യ​സാ​ക്ഷീ​ക​രണം നടത്തു​മ്പോ​ഴാ​ണു ഞാൻ അദ്ദേഹത്തെ കണ്ടത്‌. ഞാൻ അദ്ദേഹ​ത്തി​നു രണ്ടു മാസിക കൊടു​ത്തു. “ഇതു വായി​ച്ചു​ക​ഴി​യു​മ്പോൾ ഞാൻ എന്തു ചെയ്യണം” എന്ന്‌ അദ്ദേഹം ചോദി​ച്ചു. പിറ്റേ ആഴ്‌ച നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പുസ്‌തകം ഉപയോ​ഗിച്ച്‌ ഞങ്ങൾ ബൈബിൾപ​ഠനം തുടങ്ങി. ആ പുസ്‌തകം അപ്പോൾ സ്വാഹി​ലി ഭാഷയിൽ പുറത്ത്‌ ഇറങ്ങി​യതേ ഉണ്ടായി​രു​ന്നു​ള്ളൂ. ഒരു വർഷം കഴിഞ്ഞ്‌ അദ്ദേഹം സ്‌നാ​ന​മേറ്റു, സാധാരണ മുൻനി​ര​സേ​വ​ന​വും തുടങ്ങി. അന്നുമു​തൽ ആ സഹോ​ദ​ര​നും ഭാര്യ​യും കൂടി 100-ഓളം പേരെ​യെ​ങ്കി​ലും സമർപ്പിച്ച്‌ സ്‌നാ​ന​മേറ്റ സാക്ഷി​ക​ളാ​യി​ത്തീ​രാൻ സഹായി​ച്ചി​ട്ടുണ്ട്‌.

ജീവി​ത​ത്തിൽ സന്തോ​ഷ​വും സംതൃ​പ്‌തി​യും കണ്ടെത്താൻ യഹോവ തന്റെ ജനത്തെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്നു ഞാനും കാതറീ​ന​യും അനുഭവിച്ചറിഞ്ഞു

ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ ആദ്യമാ​യി മനസ്സി​ലാ​ക്കിയ സമയത്ത്‌ ഒരു വില​യേ​റിയ മുത്തു കണ്ടെത്തി​യ​പ്പോൾ അതു നഷ്ടപ്പെ​ട​രു​തെന്ന്‌ ആഗ്രഹിച്ച വ്യാപാ​രി​യെ​പ്പോ​ലെ​യാണ്‌ എനിക്കും തോന്നി​യത്‌. (മത്താ. 13:45, 46) ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം കണ്ടെത്താൻ മറ്റുള്ള​വരെ സഹായി​ക്കാൻവേണ്ടി എന്റെ ജീവിതം ഉപയോ​ഗി​ക്കാൻ ഞാൻ ആഗ്രഹി​ച്ചു. ജീവി​ത​ത്തിൽ സന്തോ​ഷ​വും സംതൃ​പ്‌തി​യും കണ്ടെത്താൻ യഹോവ തന്റെ ജനത്തെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ ഞാനും ഭാര്യ​യും സ്വന്തം ജീവി​ത​ത്തി​ലൂ​ടെ അനുഭ​വി​ച്ച​റി​ഞ്ഞു.