വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 44

യഹോവയുടെ അചഞ്ചലസ്‌നേഹം

യഹോവയുടെ അചഞ്ചലസ്‌നേഹം

“(യഹോ​വ​യു​ടെ) അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌.”—സങ്കീ. 136:1.

ഗീതം 108 ദൈവ​ത്തി​ന്റെ അചഞ്ചലസ്‌നേഹം

പൂർവാവലോകനം *

1. തന്റെ ആരാധ​ക​രിൽനിന്ന്‌ യഹോവ എന്താണു പ്രതീ​ക്ഷി​ക്കു​ന്നത്‌?

 “അചഞ്ചല​മായ സ്‌നേ​ഹ​ത്തി​ലാണ്‌ എന്റെ ആനന്ദം” എന്ന്‌ യഹോവ പറയുന്നു. (ഹോശേ. 6:6) തന്റെ ആരാധ​ക​രും അചഞ്ചല​സ്‌നേ​ഹത്തെ ആ രീതി​യിൽ കാണാൻ യഹോവ ആഗ്രഹി​ക്കു​ന്നു. മീഖ പ്രവാ​ച​ക​നി​ലൂ​ടെ യഹോവ നമ്മളോട്‌ ‘അചഞ്ചല​സ്‌നേ​ഹത്തെ സ്‌നേ​ഹി​ക്കാൻ’ പറഞ്ഞി​ട്ടുണ്ട്‌. (മീഖ 6:8, അടിക്കു​റിപ്പ്‌) പക്ഷേ അങ്ങനെ സ്‌നേ​ഹി​ക്കാൻ കഴിയ​ണ​മെ​ങ്കിൽ ആദ്യം​തന്നെ അചഞ്ചല​സ്‌നേഹം എന്താ​ണെന്നു നമ്മൾ അറിയണം.

2. എന്താണ്‌ അചഞ്ചല​സ്‌നേഹം?

2 എന്താണ്‌ അചഞ്ചല​സ്‌നേഹം? “അചഞ്ചല​സ്‌നേഹം” എന്ന പദപ്ര​യോ​ഗം വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ പുതിയ ലോക ഭാഷാ​ന്തരം ബൈബി​ളിൽ ഏതാണ്ട്‌ 230 തവണ കാണാം. അതിലെ ബൈബിൾ പദാവ​ലി​യിൽ അചഞ്ചല​സ്‌നേഹം എന്താ​ണെന്നു വിശദീ​ക​രി​ച്ചി​ട്ടുണ്ട്‌. അവിടെ പറയുന്നു: “ഈ സ്‌നേഹം ഉളവാ​കു​ന്നതു പ്രതി​ബദ്ധത, ധർമനിഷ്‌ഠ, നല്ല അടുപ്പം, വിശ്വ​സ്‌തത എന്നിവ​യിൽനി​ന്നാണ്‌. ഇതു മിക്ക​പ്പോ​ഴും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​ത്തി​നു മനുഷ്യ​രോ​ടുള്ള സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ പറയു​മ്പോ​ഴാണ്‌. എങ്കിലും മനുഷ്യർ തമ്മിലും അത്തരം സ്‌നേ​ഹ​മുണ്ട്‌.” അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്ന​തിൽ ഏറ്റവും നല്ല മാതൃക വെച്ചി​രി​ക്കു​ന്നത്‌ യഹോ​വ​യാണ്‌. യഹോവ എങ്ങനെ​യാ​ണു മനുഷ്യ​രോട്‌ അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്ന​തെന്ന്‌ ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യും. അടുത്ത ലേഖന​ത്തിൽ നമുക്ക്‌ എങ്ങനെ യഹോ​വ​യു​ടെ ആ മാതൃക അനുക​രി​ച്ചു​കൊണ്ട്‌ തമ്മിൽത്ത​മ്മിൽ അചഞ്ചല​സ്‌നേഹം കാണി​ക്കാ​മെന്നു പഠിക്കും.

യഹോവ ‘അചഞ്ചല​സ്‌നേഹം നിറഞ്ഞവൻ’

3. യഹോവ തന്നെക്കു​റിച്ച്‌ എന്താണു മോശ​യോ​ടു പറഞ്ഞത്‌?

3 ഇസ്രാ​യേൽ ജനം ഈജി​പ്‌തിൽനിന്ന്‌ പോന്ന്‌ അധികം താമസി​യാ​തെ യഹോവ തന്റെ പേരി​നെ​ക്കു​റി​ച്ചും തന്റെ ചില ഗുണങ്ങ​ളെ​ക്കു​റി​ച്ചും മോശ​യോ​ടു പറഞ്ഞു. ദൈവം പറഞ്ഞു: “യഹോവ, യഹോവ, കരുണ​യും അനുക​മ്പ​യും ഉള്ള ദൈവം, പെട്ടെന്നു കോപി​ക്കാ​ത്തവൻ, അചഞ്ചല​സ്‌നേ​ഹ​വും സത്യവും നിറഞ്ഞവൻ, ആയിര​മാ​യി​ര​ങ്ങ​ളോട്‌ അചഞ്ചല​മായ സ്‌നേഹം കാണി​ക്കു​ന്നവൻ, തെറ്റു​ക​ളും ലംഘന​വും പാപവും പൊറു​ക്കു​ന്നവൻ.” (പുറ. 34:6, 7) മോശ​യോ​ടു പറഞ്ഞ മനോ​ഹ​ര​മായ ഈ വാക്കു​ക​ളിൽ യഹോവ തന്റെ അചഞ്ചല​സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ഒരു പ്രത്യേ​ക​കാ​ര്യം വെളി​പ്പെ​ടു​ത്തി. എന്തായി​രു​ന്നു അത്‌?

4-5. (എ) യഹോവ തന്നെക്കു​റി​ച്ചു​തന്നെ എന്താണു പറഞ്ഞി​രി​ക്കു​ന്നത്‌? (ബി) ഏതു രണ്ടു ചോദ്യ​ങ്ങ​ളു​ടെ ഉത്തരം നമ്മൾ കണ്ടെത്തും?

4 യഹോവ ഇവിടെ തന്നെക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നതു തനിക്ക്‌ അചഞ്ചല​സ്‌നേ​ഹ​മുണ്ട്‌ എന്നല്ല, മറിച്ച്‌ താൻ ‘അചഞ്ചല​സ്‌നേഹം നിറഞ്ഞ​വ​നാണ്‌’ എന്നാണ്‌. അചഞ്ചല​സ്‌നേഹം നിറഞ്ഞവൻ എന്ന ഈ പദപ്ര​യോ​ഗം ബൈബി​ളിൽ പലയി​ട​ങ്ങ​ളി​ലും കാണാം. (സംഖ്യ 14:18; സങ്കീ. 86:15; 103:8; യോവേ. 2:13; യോന 4:2) അവി​ടെ​യെ​ല്ലാം യഹോ​വ​യെ​ക്കു​റിച്ച്‌ മാത്ര​മാണ്‌ അങ്ങനെ പറഞ്ഞി​രി​ക്കു​ന്നത്‌, മനുഷ്യ​രെ​ക്കു​റി​ച്ചല്ല. യഹോവ തന്റെ ഈ ഗുണ​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ എടുത്തു​പ​റ​ഞ്ഞി​രി​ക്കു​ന്ന​തി​ലൂ​ടെ യഹോവ അതിന്‌ എത്രമാ​ത്രം പ്രാധാ​ന്യം കൊടു​ക്കു​ന്നു​ണ്ടെന്നു നമുക്കു മനസ്സി​ലാ​ക്കാം. * അതു​കൊ​ണ്ടാ​ണു ദാവീദ്‌ രാജാവ്‌ ഇങ്ങനെ പറഞ്ഞത്‌: “യഹോവേ, അങ്ങയുടെ അചഞ്ചല​സ്‌നേഹം ആകാശ​ത്തോ​ളം എത്തുന്നു. . . . ദൈവമേ, അങ്ങയുടെ അചഞ്ചല​സ്‌നേഹം എത്ര അമൂല്യം! അങ്ങയുടെ ചിറകിൻനി​ഴ​ലിൽ മനുഷ്യ​മക്കൾ അഭയം കണ്ടെത്തു​ന്നു.” (സങ്കീ. 36:5, 7) ദാവീ​ദി​നെ​പ്പോ​ലെ നമ്മളും യഹോ​വ​യു​ടെ അചഞ്ചല​സ്‌നേ​ഹത്തെ അമൂല്യ​മാ​യി കാണു​ന്നു​ണ്ടോ?

5 അചഞ്ചല​സ്‌നേഹം എന്താ​ണെന്നു ശരിക്കും മനസ്സി​ലാ​ക്കാൻ നമുക്ക്‌ ഇപ്പോൾ രണ്ടു ചോദ്യ​ങ്ങ​ളു​ടെ ഉത്തരം കണ്ടെത്താം: യഹോവ ആരോ​ടാണ്‌ അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്നത്‌? യഹോവ അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്ന​തു​കൊണ്ട്‌ നമുക്ക്‌ എന്തു പ്രയോ​ജ​ന​മാ​ണു​ള്ളത്‌?

യഹോവ ആരോ​ടാണ്‌ അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്നത്‌?

6. യഹോവ ആരോ​ടാണ്‌ അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്നത്‌?

6 നമുക്കു പല കാര്യ​ങ്ങ​ളോ​ടും ഒരു ഇഷ്ടം അല്ലെങ്കിൽ സ്‌നേഹം തോന്നാം. ഉദാഹ​ര​ണ​ത്തിന്‌, ‘കൃഷി​യോ​ടും’ ‘വീഞ്ഞി​നോ​ടും എണ്ണയോ​ടും’ ‘ശിക്ഷണ​ത്തോ​ടും’ ‘അറിവി​നോ​ടും’ ‘ജ്ഞാന​ത്തോ​ടും’ ഒക്കെ. (2 ദിന. 26:10; സുഭാ. 12:1; 21:17; 29:3) പക്ഷേ, അചഞ്ചല​സ്‌നേഹം വസ്‌തു​ക്ക​ളോ​ടല്ല, വ്യക്തി​ക​ളോ​ടു മാത്രമേ കാണി​ക്കാ​നാ​കൂ. എന്നാൽ യഹോവ എല്ലാ ആളുക​ളോ​ടും അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്നില്ല. താനു​മാ​യി ഒരു അടുത്ത ബന്ധമു​ള്ള​വ​രോ​ടു മാത്ര​മാണ്‌ യഹോവ അതു കാണി​ക്കു​ന്നത്‌. നമ്മുടെ ദൈവം തന്റെ സ്‌നേ​ഹി​ത​രോട്‌ എന്നും വിശ്വ​സ്‌ത​നാ​യി​രി​ക്കും. അവർക്കു​വേണ്ടി പലതും ചെയ്യു​മെന്ന്‌ യഹോവ വാക്കു കൊടു​ത്തി​ട്ടുണ്ട്‌. അത്‌ ഉറപ്പാ​യും പാലി​ച്ചു​കൊണ്ട്‌ യഹോവ അവരോട്‌ അചഞ്ചല​സ്‌നേഹം കാണി​ക്കും.

യഹോവ മുഴു മനുഷ്യ​കു​ടും​ബ​ത്തി​നും​വേണ്ടി ധാരാളം നല്ല കാര്യങ്ങൾ ചെയ്യു​ന്നുണ്ട്‌, തന്നെ ആരാധി​ക്കാ​ത്ത​വർക്കു​വേ​ണ്ടി​പ്പോ​ലും (7-ാം ഖണ്ഡിക കാണുക) *

7. യഹോവ എല്ലാ മനുഷ്യ​രെ​യും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു കാണി​ച്ചത്‌ എങ്ങനെ?

7 യഹോവ എല്ലാ മനുഷ്യ​രെ​യും സ്‌നേ​ഹി​ക്കു​ന്നുണ്ട്‌. യേശു ഒരിക്കൽ നിക്കോ​ദേ​മൊസ്‌ എന്നു പേരുള്ള ഒരു മനുഷ്യ​നോ​ടു പറഞ്ഞു: “തന്റെ ഏകജാ​ത​നായ മകനിൽ വിശ്വ​സി​ക്കുന്ന ആരും നശിച്ചു​പോ​കാ​തെ അവരെ​ല്ലാം നിത്യ​ജീ​വൻ നേടാൻ ദൈവം അവനെ ലോക​ത്തി​നു​വേണ്ടി (മുഴു മനുഷ്യർക്കും വേണ്ടി) നൽകി. അത്ര വലുതാ​യി​രു​ന്നു ദൈവ​ത്തി​നു ലോക​ത്തോ​ടുള്ള സ്‌നേഹം.”—യോഹ. 3:1, 16; മത്താ. 5:44, 45.

യഹോവ അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്നതു തന്നെ അറിയു​ക​യും ഭയപ്പെ​ടു​ക​യും സ്‌നേ​ഹി​ക്കു​ക​യും തന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ക​യും ചെയ്യു​ന്ന​വ​രോ​ടാ​ണെന്നു ദാവീദ്‌ രാജാ​വി​ന്റെ​യും ദാനി​യേൽ പ്രവാ​ച​ക​ന്റെ​യും വാക്കുകൾ കാണി​ക്കു​ന്നു (8-9 ഖണ്ഡികകൾ കാണുക)

8-9. (എ) യഹോവ തന്റെ ആരാധ​ക​രോട്‌ അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) അടുത്ത​താ​യി നമ്മൾ എന്താണു പഠിക്കാൻ പോകു​ന്നത്‌?

8 നമ്മൾ നേരത്തേ കണ്ടതു​പോ​ലെ യഹോവ അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്നതു താനു​മാ​യി ഒരു അടുത്ത ബന്ധമു​ള്ള​വ​രോട്‌, അതായത്‌ തന്റെ ദാസന്മാ​രോട്‌, മാത്ര​മാണ്‌. ദാവീദ്‌ രാജാ​വി​ന്റെ​യും ദാനി​യേൽ പ്രവാ​ച​ക​ന്റെ​യും വാക്കു​ക​ളിൽനിന്ന്‌ നമുക്ക്‌ അതു മനസ്സി​ലാ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌ ദാവീദ്‌ ഇങ്ങനെ പറഞ്ഞു: ‘അങ്ങയെ അറിയു​ന്ന​വ​രോട്‌ അചഞ്ചല​മായ സ്‌നേഹം അങ്ങ്‌ തുടർന്നും കാണി​ക്കേ​ണമേ.’ “തന്നെ ഭയപ്പെ​ടു​ന്ന​വ​രോ​ടുള്ള യഹോ​വ​യു​ടെ അചഞ്ചല​മായ സ്‌നേഹം എന്നേക്കു​മു​ള്ളത്‌.” ഇനി, ദാനി​യേൽ യഹോ​വ​യെ​ക്കു​റിച്ച്‌ പറഞ്ഞത്‌, ‘ദൈവത്തെ സ്‌നേ​ഹിച്ച്‌ ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്ന​വ​രോട്‌ അചഞ്ചല​സ്‌നേഹം കാണി​ക്കുന്ന മഹാനായ ദൈവം’ എന്നാണ്‌. (സങ്കീ. 36:10; 103:17; ദാനി. 9:4) ഈ വാക്യ​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ ഒരു കാര്യം മനസ്സി​ലാ​ക്കാം. യഹോവ അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്നതു തന്നെ അറിയു​ക​യും ഭയപ്പെ​ടു​ക​യും സ്‌നേ​ഹി​ക്കു​ക​യും തന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ക​യും ചെയ്യുന്ന തന്റെ ദാസന്മാ​രോ​ടാണ്‌; അതെ, തന്റെ വിശ്വസ്‌ത ആരാധ​ക​രോ​ടു മാത്രം.

9 നമ്മൾ യഹോ​വയെ ആരാധി​ക്കാൻ തുടങ്ങു​ന്ന​തി​നു മുമ്പു​തന്നെ യഹോവ എല്ലാ മനുഷ്യ​രോ​ടും കാണി​ക്കുന്ന ആ സ്‌നേഹം നമുക്കും കിട്ടി​യി​ട്ടുണ്ട്‌. (സങ്കീ. 104:14) എന്നാൽ ഇപ്പോൾ യഹോ​വ​യു​ടെ ആരാധ​ക​രാ​യി​ത്തീർന്ന​തു​കൊണ്ട്‌ യഹോ​വ​യു​ടെ അചഞ്ചല​സ്‌നേ​ഹ​വും​കൂ​ടെ നമുക്കു കിട്ടുന്നു. യഹോവ തന്റെ ആരാധ​കർക്ക്‌ ഇങ്ങനെ​യൊ​രു ഉറപ്പും തന്നിട്ടുണ്ട്‌: “നിന്നോ​ടുള്ള എന്റെ അചഞ്ചല​സ്‌നേഹം ഒരിക്ക​ലും നീങ്ങി​പ്പോ​കില്ല.” (യശ. 54:10) “യഹോവ തന്റെ വിശ്വ​സ്‌ത​നോ​ടു പ്രത്യേ​ക​പ​രി​ഗണന കാണി​ക്കു​മെന്ന്‌” ദാവീദ്‌ തന്റെ ജീവി​ത​ത്തിൽ അനുഭ​വി​ച്ച​റി​ഞ്ഞു. (സങ്കീ. 4:3) യഹോവ നമ്മളെ അചഞ്ചല​മാ​യി സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മൾ എന്തു ചെയ്യണം? സങ്കീർത്ത​ന​ക്കാ​രൻ പറഞ്ഞു: “ബുദ്ധി​യു​ള്ളവൻ ഇതെല്ലാം നന്നായി ശ്രദ്ധി​ക്കും, യഹോവ അചഞ്ചല​സ്‌നേഹം കാണിച്ച വിധങ്ങ​ളെ​ക്കു​റിച്ച്‌ ഗൗരവ​മാ​യി ചിന്തി​ക്കും.” (സങ്കീ. 107:43) നമുക്ക്‌ ഇപ്പോൾ ആ ഉപദേശം മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ യഹോവ തന്റെ ആരാധ​ക​രോട്‌ അചഞ്ചല​സ്‌നേഹം കാണി​ക്കുന്ന മൂന്നു വിധങ്ങൾ ഏതൊ​ക്കെ​യാ​ണെ​ന്നും അതു നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യു​ന്നെ​ന്നും നോക്കാം.

യഹോ​വ​യു​ടെ അചഞ്ചല​സ്‌നേഹം നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യുന്നു?

തന്റെ ആരാധ​കർക്കു​വേണ്ടി യഹോവ അതി​ലേറെ നല്ല കാര്യങ്ങൾ ചെയ്യുന്നു (10-16 ഖണ്ഡികകൾ കാണുക) *

10. യഹോ​വ​യു​ടെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്ന​താ​ണെന്ന അറിവ്‌ നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യുന്നു? (സങ്കീർത്തനം 31:7)

10 യഹോ​വ​യു​ടെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കും. 136-ാം സങ്കീർത്ത​ന​ത്തിൽ അചഞ്ചല​സ്‌നേ​ഹ​ത്തി​ന്റെ ഈ പ്രത്യേ​കത 26 തവണ എടുത്തു​പ​റ​ഞ്ഞി​ട്ടുണ്ട്‌. അതിന്റെ 1-ാം വാക്യം പറയുന്നു: “യഹോ​വ​യോ​ടു നന്ദി പറയു​വിൻ; ദൈവം നല്ലവന​ല്ലോ; ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌.” (സങ്കീ. 136:1) 2 മുതൽ 26 വരെയുള്ള വാക്യ​ങ്ങ​ളിൽ ഓരോ വാക്യ​ത്തി​ലും “ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌” എന്ന്‌ ആവർത്തി​ച്ചി​ട്ടുണ്ട്‌. ഈ സങ്കീർത്തനം വായി​ക്കു​മ്പോൾ യഹോ​വ​യോ​ടു നമുക്കു ശരിക്കും നന്ദി തോന്നും. കാരണം യഹോവ തന്റെ ദാസന്മാ​രോട്‌ അചഞ്ചല​സ്‌നേഹം കാണി​ച്ചി​രി​ക്കുന്ന പലപല വിധങ്ങൾ നമുക്ക്‌ ഈ വാക്യ​ങ്ങ​ളിൽ കാണാം. “ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌” എന്ന വാക്കുകൾ തന്റെ ദാസന്മാ​രോ​ടുള്ള ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ത്തിന്‌ ഒരിക്ക​ലും മാറ്റം വരില്ല എന്ന ഉറപ്പാണു തരുന്നത്‌. അവർ എന്തൊക്കെ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യാ​ലും യഹോവ അവരോ​ടു പറ്റിനിൽക്കും, അവരു​ടെ​കൂ​ടെ​ത്ത​ന്നെ​യു​ണ്ടാ​കും. നമുക്കുള്ള പ്രയോ​ജനം: യഹോവ എപ്പോ​ഴും കൂടെ​യു​ണ്ടെ​ന്നുള്ള അറിവ്‌ പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പിടി​ച്ചു​നിൽക്കാ​നുള്ള ശക്തി നമുക്കു തരും. കൂടാതെ സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്കാൻ നമ്മളെ സഹായി​ക്കു​ക​യും ചെയ്യും.—സങ്കീർത്തനം 31:7 വായി​ക്കുക.

11. സങ്കീർത്തനം 86:5 അനുസ​രിച്ച്‌ ക്ഷമിക്കാൻ യഹോ​വയെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌?

11 അചഞ്ചല​സ്‌നേഹം, ക്ഷമിക്കാൻ ദൈവത്തെ പ്രേരി​പ്പി​ക്കു​ന്നു. പാപി​യായ ഒരാൾ തന്റെ ആ ജീവി​ത​രീ​തി​യൊ​ക്കെ ഉപേക്ഷിച്ച്‌ മാനസാ​ന്ത​ര​പ്പെട്ട്‌ തിരികെ വരു​മ്പോൾ ഈ അചഞ്ചല​സ്‌നേ​ഹ​മാ​ണു ക്ഷമിക്കാൻ ദൈവത്തെ പ്രേരി​പ്പി​ക്കു​ന്നത്‌. സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പറഞ്ഞു: “ദൈവം നമ്മുടെ പാപങ്ങൾക്ക​നു​സൃ​ത​മാ​യി നമ്മോടു പെരു​മാ​റി​യി​ട്ടില്ല; തെറ്റു​കൾക്ക​നു​സ​രിച്ച്‌ നമ്മോടു പകരം ചെയ്‌തി​ട്ടു​മില്ല.” (സങ്കീ. 103:8-11) പാപം ചെയ്യു​മ്പോൾ തോന്നുന്ന കുറ്റ​ബോ​ധം എത്ര വേദനി​പ്പി​ക്കു​ന്ന​താ​ണെന്നു സ്വന്തം ജീവി​ത​ത്തി​ലൂ​ടെ അനുഭ​വി​ച്ച​റിഞ്ഞ ആളാണു ദാവീദ്‌. അതേസ​മയം യഹോവ ക്ഷമിക്കാൻ സന്നദ്ധനാ​ണെ​ന്നും ദാവീദ്‌ തിരി​ച്ച​റി​ഞ്ഞു. അങ്ങനെ ക്ഷമിക്കാൻ യഹോ​വയെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌? അതിനുള്ള ഉത്തരം സങ്കീർത്തനം 86:5-ൽ കാണാം. (വായി​ക്കുക.) ദാവീദ്‌ തന്റെ പ്രാർഥ​ന​യിൽ പറഞ്ഞതു​പോ​ലെ യഹോ​വയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​വ​രോ​ടെ​ല്ലാം അചഞ്ചല​സ്‌നേഹം ഉള്ളതു​കൊ​ണ്ടാണ്‌ യഹോവ അവരോ​ടു ക്ഷമിക്കു​ന്നത്‌.

12-13. മുമ്പ്‌ ചെയ്‌തു​പോയ തെറ്റി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ ഇപ്പോ​ഴും കുറ്റ​ബോ​ധ​വും സങ്കടവും ഒക്കെ തോന്നു​ന്നു​ണ്ടെ​ങ്കിൽ അതിനെ മറിക​ട​ക്കാൻ എന്തു സഹായി​ക്കും?

12 ചെയ്‌തു​പോയ തെറ്റി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ സങ്കടം തോന്നു​ന്നതു ശരിയാണ്‌, അതു നല്ലതു​മാണ്‌. കാരണം അങ്ങനെ തോന്നു​ന്നതു ക്ഷമ ചോദി​ക്കാ​നും വേണ്ട മാറ്റങ്ങൾ വരുത്താ​നും നമ്മളെ സഹായി​ക്കും. എന്നാൽ ചില ദൈവ​ദാ​സ​ന്മാർ മുമ്പ്‌ ചെയ്‌ത തെറ്റി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ ഇപ്പോ​ഴും കുറ്റ​ബോ​ധ​ത്താൽ മനസ്സു വിഷമിച്ച്‌ കഴിയു​ക​യാണ്‌. തങ്ങൾ ക്ഷമ ചോദി​ക്കു​ക​യും തെറ്റു തിരു​ത്തു​ക​യും ഒക്കെ ചെയ്‌തെ​ങ്കി​ലും യഹോവ ഒരിക്ക​ലും തങ്ങളോ​ടു ക്ഷമിക്കില്ല എന്നാണ്‌ അവർ ചിന്തി​ക്കു​ന്നത്‌. നിങ്ങൾക്ക്‌ അത്തരം ചിന്തകൾ ഉണ്ടെങ്കിൽ തന്റെ ദാസന്മാ​രോട്‌ അചഞ്ചല​സ്‌നേഹം കാണി​ക്കാൻ യഹോവ എത്രമാ​ത്രം ആഗ്രഹി​ക്കു​ന്നെന്ന്‌ അറിയു​ന്നതു നിങ്ങളെ സഹായി​ക്കും.

13 നമുക്കുള്ള പ്രയോ​ജനം: പല കുറവു​ക​ളൊ​ക്കെ​യു​ണ്ടെ​ങ്കി​ലും നമുക്കു സന്തോ​ഷ​ത്തോ​ടെ, ശുദ്ധമ​ന​സ്സാ​ക്ഷി​യോ​ടെ യഹോ​വയെ സേവി​ക്കാ​നാ​കും. ‘യേശു​വി​ന്റെ രക്തം എല്ലാ പാപങ്ങ​ളിൽനി​ന്നും നമ്മളെ ശുദ്ധീ​ക​രി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌’ അതു സാധി​ക്കു​ന്നത്‌. (1 യോഹ. 1:7) കുറ്റ​ബോ​ധം നിങ്ങളെ തളർത്തി​ക്ക​ള​യു​ന്നു​ണ്ടെ​ങ്കിൽ ഒരു കാര്യം ഓർക്കുക: മാനസാ​ന്ത​ര​പ്പെ​ടുന്ന പാപി​ക​ളോ​ടു ക്ഷമിക്കാൻ യഹോവ ഒരുക്ക​മാണ്‌, അതിനാ​യി ശരിക്കും ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. അചഞ്ചല​സ്‌നേ​ഹ​ത്തെ​യും ക്ഷമയെ​യും ബന്ധപ്പെ​ടു​ത്തി ദാവീദ്‌ പറഞ്ഞ വാക്കുകൾ ശ്രദ്ധി​ക്കുക: “ആകാശം ഭൂമി​യെ​ക്കാൾ എത്ര ഉയരത്തി​ലാ​ണോ അത്ര വലുതാ​ണു തന്നെ ഭയപ്പെ​ടു​ന്ന​വ​രോ​ടുള്ള ദൈവ​ത്തി​ന്റെ അചഞ്ചല​മായ സ്‌നേഹം. സൂര്യോ​ദയം സൂര്യാ​സ്‌ത​മ​യ​ത്തിൽനിന്ന്‌ എത്ര അകലെ​യാ​ണോ അത്ര അകലേക്കു ദൈവം നമ്മുടെ ലംഘന​ങ്ങളെ നമ്മിൽനിന്ന്‌ അകറ്റി​യി​രി​ക്കു​ന്നു.” (സങ്കീ. 103:11, 12) അതെ, ‘ഉദാര​മാ​യി ക്ഷമിക്കാൻ’ യഹോവ തയ്യാറാണ്‌.—യശ. 55:7.

14. യഹോ​വ​യു​ടെ അചഞ്ചല​സ്‌നേഹം നമ്മളെ സംരക്ഷി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ദാവീദ്‌ എന്തു പറഞ്ഞു?

14 യഹോ​വ​യു​ടെ അചഞ്ചല​സ്‌നേഹം ഒരു ആത്മീയ​സം​ര​ക്ഷ​ണ​മാണ്‌. ദാവീദ്‌ തന്റെ പ്രാർഥ​ന​യിൽ യഹോ​വ​യെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “അങ്ങ്‌ എനിക്ക്‌ ഒരു മറവി​ട​മാണ്‌; കഷ്ടകാ​ലത്ത്‌ അങ്ങ്‌ എന്നെ സംരക്ഷി​ക്കും. വിമോ​ച​ന​ത്തി​ന്റെ സന്തോ​ഷാ​ര​വ​ത്താൽ അങ്ങ്‌ എന്നെ പൊതി​യും. . . . തന്നിൽ ആശ്രയി​ക്കു​ന്ന​വനെ യഹോ​വ​യു​ടെ അചഞ്ചല​മായ സ്‌നേഹം പൊതി​യു​ന്നു.” (സങ്കീ. 32:7, 10) ബൈബിൾക്കാ​ല​ങ്ങ​ളിൽ നഗരമ​തി​ലു​കൾ ആ നഗരത്തിൽ താമസി​ക്കു​ന്ന​വർക്കു സംരക്ഷണം നൽകി​യി​രു​ന്നു. യഹോ​വ​യു​ടെ അചഞ്ചല​സ്‌നേ​ഹ​വും ഒരു മതിൽപോ​ലെ​യാണ്‌. യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തെ തകർത്തേ​ക്കാ​വുന്ന എല്ലാ അപകട​ങ്ങ​ളിൽനി​ന്നും അതു നമ്മളെ സംരക്ഷി​ക്കു​ന്നു. മാത്രമല്ല, ആ അചഞ്ചല​സ്‌നേഹം നമ്മളെ ഓരോ​രു​ത്ത​രെ​യും തന്നി​ലേക്കു കൂടുതൽ അടുപ്പി​ക്കാൻ യഹോ​വയെ പ്രേരി​പ്പി​ക്കു​ക​യും ചെയ്യുന്നു.—യിരെ. 31:3.

15. യഹോ​വ​യു​ടെ അചഞ്ചല​സ്‌നേഹം സംരക്ഷണം നൽകുന്ന ഒരു സങ്കേത​വും കോട്ട​യും പോലെ ആയിരി​ക്കു​ന്നത്‌ എങ്ങനെ?

15 തന്റെ ജനത്തെ യഹോവ എങ്ങനെ സംരക്ഷി​ക്കു​ന്നെന്നു ദാവീദ്‌ മറ്റൊരു രീതി​യി​ലും വർണി​ക്കു​ന്നുണ്ട്‌. ദാവീദ്‌ ഇങ്ങനെ എഴുതി: “ദൈവ​മാണ്‌ എന്റെ സുരക്ഷി​ത​സ​ങ്കേതം. എന്നോട്‌ അചഞ്ചല​സ്‌നേഹം കാട്ടു​ന്ന​വ​നാണ്‌ ആ ദൈവം.” കൂടാതെ യഹോ​വ​യെ​ക്കു​റിച്ച്‌ ദാവീദ്‌ ഇങ്ങനെ​യും പറഞ്ഞു: “ദൈവം എന്റെ അചഞ്ചല​സ്‌നേ​ഹ​വും എന്റെ കോട്ട​യും, എന്റെ സുരക്ഷി​ത​സ​ങ്കേ​ത​വും എന്റെ വിമോ​ച​ക​നും; എന്റെ പരിച, ഞാൻ അഭയമാ​ക്കി​യി​രി​ക്കു​ന്നവൻ.” (സങ്കീ. 59:17; 144:2) ദാവീദ്‌ എന്തു​കൊ​ണ്ടാണ്‌ യഹോ​വ​യു​ടെ അചഞ്ചല​സ്‌നേ​ഹത്തെ ഒരു സുരക്ഷി​ത​സ​ങ്കേ​ത​ത്തോ​ടും കോട്ട​യോ​ടും താരത​മ്യം ചെയ്‌തത്‌? നമ്മൾ താമസി​ക്കു​ന്നതു ലോകത്ത്‌ എവി​ടെ​യാ​ണെ​ങ്കി​ലും ശരി, നമ്മൾ യഹോ​വ​യു​ടെ ദാസരാ​യി തുടരു​ന്നെ​ങ്കിൽ യഹോ​വ​യു​മാ​യി നമുക്കുള്ള വില​യേ​റിയ ബന്ധം സംരക്ഷി​ക്കാൻ ആവശ്യ​മാ​യ​തെ​ല്ലാം യഹോവ തരും. 91-ാം സങ്കീർത്ത​ന​ത്തി​ലും നമുക്ക്‌ അതേ ഉറപ്പു കാണാം. അവിടെ ഇങ്ങനെ വായി​ക്കു​ന്നു: “ഞാൻ യഹോ​വ​യോ​ടു പറയും: ‘അങ്ങാണ്‌ എന്റെ അഭയസ്ഥാ​നം, എന്റെ സുരക്ഷി​ത​സ​ങ്കേതം.’” (സങ്കീ. 91:1-3, 9, 14) 90-ാം സങ്കീർത്ത​ന​ത്തിൽ മോശ അതേ​പോ​ലൊ​രു താരത​മ്യം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (സങ്കീ. 90:1, അടിക്കു​റിപ്പ്‌) അതു​പോ​ലെ തന്റെ മരണത്തി​നു തൊട്ടു​മുമ്പ്‌ മോശ യഹോ​വ​യെ​ക്കു​റിച്ച്‌ പറഞ്ഞ വാക്കു​ക​ളും വളരെ ഹൃദയ​സ്‌പർശി​യാ​യി​രു​ന്നു: “പുരാ​ത​ന​കാ​ലം​മു​തൽ ദൈവം ഒരു സങ്കേത​മാണ്‌. നിന്റെ കീഴിൽ ദൈവ​ത്തി​ന്റെ ശാശ്വ​ത​ഭു​ജ​ങ്ങ​ളു​ണ്ട​ല്ലോ.” (ആവ. 33:27) “നിന്റെ കീഴിൽ ദൈവ​ത്തി​ന്റെ ശാശ്വ​ത​ഭു​ജ​ങ്ങ​ളു​ണ്ട​ല്ലോ” എന്ന പ്രയോ​ഗം യഹോ​വ​യെ​ക്കു​റിച്ച്‌ നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

16. ഏതു രണ്ടു വിധങ്ങ​ളിൽ യഹോവ നമ്മളെ സഹായി​ക്കു​ന്നു? (സങ്കീർത്തനം 136:23)

16 യഹോവ നമ്മുടെ സുരക്ഷി​ത​സ​ങ്കേ​ത​മാ​യി​രി​ക്കു​മെന്ന്‌ അറിയു​ന്നതു നമുക്ക്‌ ഒരു ആശ്വാ​സ​മാണ്‌. എങ്കിലും നമ്മൾ ആകെ തളർന്നു​പോ​കുന്ന ചില സമയങ്ങൾ ഉണ്ടായി​രു​ന്നേ​ക്കാം. അത്തരം സമയങ്ങ​ളിൽ യഹോവ നമുക്കു​വേണ്ടി എന്തു ചെയ്യും? (സങ്കീർത്തനം 136:23 വായി​ക്കുക.) യഹോവ മെല്ലെ തന്റെ കൈകൾകൊണ്ട്‌ നമ്മളെ താങ്ങി എഴു​ന്നേൽപ്പി​ക്കും. അതെ, ഏതു സമയത്തും നമുക്ക്‌ യഹോ​വ​യിൽ ആശ്രയി​ക്കാ​നാ​കും. (സങ്കീ. 28:9; 94:18) നമുക്കുള്ള പ്രയോ​ജനം: ഒന്നാമ​താ​യി, നമ്മൾ ലോകത്ത്‌ എവി​ടെ​യാ​യി​രു​ന്നാ​ലും ഒരു സുരക്ഷി​ത​സ​ങ്കേ​തം​പോ​ലെ യഹോവ നമ്മളെ സംരക്ഷി​ക്കു​മെന്നു നമുക്ക്‌ ഉറപ്പുണ്ട്‌. രണ്ടാമ​താ​യി, സ്‌നേ​ഹ​മുള്ള ഒരു അപ്പനെ​പ്പോ​ലെ യഹോവ നമുക്കു​വേണ്ടി കരുതു​മെ​ന്നും നമുക്ക്‌ അറിയാം. എത്ര വലിയ അനു​ഗ്ര​ഹ​മാണ്‌ അത്‌!

യഹോവ നമ്മളോട്‌ എന്നെന്നും അചഞ്ചല​സ്‌നേഹം കാണിക്കും

17. യഹോ​വ​യെ​ക്കു​റിച്ച്‌ നമുക്ക്‌ എന്ത്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം? (സങ്കീർത്തനം 33:18-22)

17 നമ്മൾ കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ എന്തെല്ലാം പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യാ​ലും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി തുടരാൻ യഹോവ നമ്മളെ സഹായി​ക്കു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. (2 കൊരി. 4:7-9) യിരെമ്യ പ്രവാ​ചകൻ പറഞ്ഞു: “യഹോ​വ​യു​ടെ അചഞ്ചല​സ്‌നേഹം നിമി​ത്ത​മാ​ണു നമ്മൾ ഇപ്പോ​ഴും ജീവ​നോ​ടി​രി​ക്കു​ന്നത്‌. ദൈവ​ത്തി​ന്റെ ദയ ഒരിക്ക​ലും അവസാ​നി​ക്കു​ന്നില്ല.” (വിലാ. 3:22) യഹോവ നമ്മളോ​ടു തുടർന്നും അചഞ്ചല​സ്‌നേഹം കാണി​ക്കു​മെന്ന്‌ ഉറപ്പാണ്‌. കാരണം ബൈബിൾ പറയുന്നു: “യഹോ​വ​യു​ടെ കണ്ണുകൾ, തന്നെ ഭയപ്പെ​ടു​ന്ന​വ​രു​ടെ മേൽ, തന്റെ അചഞ്ചല​മായ സ്‌നേ​ഹ​ത്തി​നാ​യി കാത്തി​രി​ക്കു​ന്ന​വ​രു​ടെ മേൽ, ഉണ്ട്‌.”—സങ്കീർത്തനം 33:18-22 വായി​ക്കുക.

18-19. (എ) ഈ ലേഖന​ത്തിൽ നമ്മൾ എന്താണു പഠിച്ചത്‌? (ബി) അടുത്ത ലേഖന​ത്തി​ലൂ​ടെ നമ്മൾ എന്തു പഠിക്കും?

18 നമ്മൾ എന്താണു പഠിച്ചത്‌? നമ്മൾ യഹോ​വയെ ആരാധി​ക്കാൻ തുടങ്ങു​ന്ന​തി​നു മുമ്പു​തന്നെ യഹോവ എല്ലാ മനുഷ്യ​രോ​ടും കാണി​ക്കുന്ന ആ സ്‌നേഹം നമ്മളും അനുഭ​വി​ച്ചി​ട്ടുണ്ട്‌. എന്നാൽ ഇപ്പോൾ യഹോ​വ​യു​ടെ ആരാധ​ക​രാ​യി​ത്തീർന്ന​തു​കൊണ്ട്‌ യഹോ​വ​യു​ടെ അചഞ്ചല​സ്‌നേ​ഹം​കൂ​ടെ നമുക്കു കിട്ടുന്നു. ആ അചഞ്ചല​സ്‌നേഹം തന്റെ കൈകൾകൊണ്ട്‌ നമ്മളെ ചേർത്തു​പി​ടിച്ച്‌ സംരക്ഷി​ക്കാൻ യഹോ​വയെ പ്രേരി​പ്പി​ക്കു​ന്നു. യഹോവ ഒരിക്ക​ലും നമ്മളെ ഉപേക്ഷി​ക്കില്ല. മാത്രമല്ല നമുക്കു നല്ലൊരു ഭാവി തരു​മെ​ന്നുള്ള വാക്കു പാലി​ക്കു​ക​യും ചെയ്യും. നമ്മൾ എന്നെന്നും യഹോ​വ​യു​ടെ സുഹൃ​ത്തു​ക്ക​ളാ​യി ഉണ്ടായി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. (സങ്കീ. 46:1, 2, 7) അതു​കൊണ്ട്‌ എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടായാ​ലും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി തുടരാ​നുള്ള ശക്തി യഹോവ നമുക്കു തരും.

19 യഹോവ തന്റെ ദാസന്മാ​രോട്‌ അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്നു നമ്മൾ കണ്ടു. തിരിച്ച്‌ യഹോവ നമ്മളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്താണ്‌? നമ്മൾ തമ്മിൽത്ത​മ്മിൽ അചഞ്ചല​സ്‌നേഹം കാണി​ക്ക​ണ​മെ​ന്നാണ്‌. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം? അടുത്ത ലേഖനം അതെക്കു​റി​ച്ചാ​ണു ചർച്ച ചെയ്യു​ന്നത്‌.

ഗീതം 136 യഹോ​വ​യിൽനി​ന്നുള്ള “പൂർണ​പ്ര​തി​ഫലം”

^ ഖ. 5 എന്താണ്‌ അചഞ്ചല​സ്‌നേഹം? യഹോവ ആരോ​ടാണ്‌ അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്നത്‌? അവർക്ക്‌ അത്‌ എങ്ങനെ പ്രയോ​ജനം ചെയ്യുന്നു? ഇവയ്‌ക്കുള്ള ഉത്തരം ഈ ലേഖന​ത്തി​ലൂ​ടെ നമ്മൾ കാണും. അടുത്ത ലേഖന​വും അചഞ്ചല​സ്‌നേഹം എന്ന ഈ പ്രധാ​ന​പ്പെട്ട ഗുണ​ത്തെ​ക്കു​റി​ച്ചു​ത​ന്നെ​യു​ള്ള​താണ്‌.

^ ഖ. 4 യഹോവ അചഞ്ചല​സ്‌നേഹം നിറഞ്ഞ​വ​നാ​ണെന്ന ആശയം ബൈബി​ളി​ലെ മറ്റു വാക്യ​ങ്ങ​ളി​ലും കാണാം.—നെഹമ്യ 9:17; 13:22; സങ്കീർത്തനം 69:13; 106:7; വിലാ​പങ്ങൾ 3:32 കാണുക.

^ ഖ. 54 ചിത്രക്കുറിപ്പ്‌: യഹോ​വ എല്ലാ മനു​ഷ്യരോടും സ്‌നേ​ഹം കാണി​ക്കുന്നുണ്ട്‌. അ​തിൽ ത​ന്റെ ദാസ​ന്മാരും അല്ലാ​ത്തവരും ഉൾ​പ്പെടുന്നു. ആളു​കളുടെ മുക​ളിലായി വൃത്തത്തിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ യഹോവ നമ്മളോടു സ്‌നേഹം കാണിക്കുന്ന ചില വിധ​ങ്ങൾ സൂചി​പ്പി​ക്കുന്നു. അ​തിൽ ഏറ്റ​വും പ്ര​ധാനം നമു​ക്കു​വേണ്ടി മരി​ക്കാൻ തന്റെ പു​ത്രനായ യേ​ശുവിനെ നൽ​കി എന്ന​താണ്‌.

^ ഖ. 62 ചിത്രക്കുറിപ്പ്‌: യഹോ​വയുടെ ആരാധ​കരായി​ത്തീരുകയും യേശു​വിന്റെ ബലി​യിൽ വിശ്വ​സിക്കുകയും ചെയ്യു​ന്നവരെ യഹോ​വ മറ്റൊരു രീതി​യിലും സ്‌നേ​ഹിക്കുന്നു. യഹോ​വ എ​ല്ലാ മനുഷ്യ​രോടും കാണി­ക്കുന്ന സ്‌നേ​ഹം കിട്ടുന്ന­തോ­ടൊപ്പം ത­ന്റെ ദാസ­ന്മാരോടു മാ­ത്രം കാണി­ക്കുന്ന അച­ഞ്ചല­സ്‌നേഹവും അവ­ർക്കു കി­ട്ടുന്നു. യഹോ­വയുടെ അച­ഞ്ചലസ്‌നേഹ­ത്തിന്റെ ചില ഉദാ­ഹരണങ്ങൾ വൃത്ത­ത്തിലെ ചിത്ര­ങ്ങളിൽ കാ­ണാം.