വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഒരു നല്ല സഹപ്രവർത്തകനാണോ?

നിങ്ങൾ ഒരു നല്ല സഹപ്രവർത്തകനാണോ?

“ഒരു വിദഗ്‌ധ​ജോ​ലി​ക്കാ​ര​നാ​യി ഞാൻ ദൈവ​ത്തിന്‌ അരി​കെ​യു​ണ്ടാ​യി​രു​ന്നു. . . . ഞാൻ എപ്പോ​ഴും ദൈവ​സ​ന്നി​ധി​യിൽ സന്തോ​ഷി​ച്ചു​കൊ​ണ്ടി​രു​ന്നു.” (സുഭാ. 8:30) ഭൂമി​യിൽ വരുന്ന​തി​നു മുമ്പ്‌ ദൈവ​പു​ത്രൻ യുഗങ്ങ​ളോ​ളം തന്റെ പിതാ​വി​നോ​ടൊ​പ്പം പ്രവർത്തി​ച്ച​തി​നെ​ക്കു​റി​ച്ചാണ്‌ ഈ വാക്യം പറയു​ന്നത്‌. ദൈവ​ത്തി​ന്റെ ഒരു സഹപ്ര​വർത്തക​നാ​യി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ യേശു​വിന്‌ എന്താണു തോന്നി​യ​തെ​ന്നും ആ വാക്യ​ത്തിൽ പറയു​ന്നുണ്ട്‌. യേശു “ദൈവ​സ​ന്നി​ധി​യിൽ സന്തോ​ഷി​ച്ചു​കൊ​ണ്ടി​രു​ന്നു.”

സ്വർഗ​ത്തി​ലാ​യി​രുന്ന സമയത്ത്‌ ഒരു നല്ല സഹപ്ര​വർത്ത​ക​നാ​യി​രി​ക്കാൻ വേണ്ട ഗുണങ്ങൾ യേശു യഹോ​വ​യിൽനിന്ന്‌ പഠിച്ചു. അതു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ ഒരു നല്ല സഹപ്ര​വർത്ത​ക​നാ​യി​രി​ക്കാൻ യേശു​വി​നെ സഹായി​ച്ചു. യേശു​വി​ന്റെ മാതൃക നന്നായി പഠിക്കു​ന്നെ​ങ്കിൽ ഒരു നല്ല സഹപ്ര​വർത്ത​ക​നാ​യി​രി​ക്കാൻ സഹായി​ക്കുന്ന മൂന്നു തത്ത്വങ്ങൾ നമുക്കു മനസ്സി​ലാ​ക്കാം. ആ തത്ത്വങ്ങൾ പിൻപ​റ്റു​ന്ന​തി​ലൂ​ടെ സഹോ​ദ​ര​ങ്ങ​ളു​മാ​യി ഐക്യ​ത്തോ​ടെ സഹകരിച്ച്‌ പ്രവർത്തി​ക്കാൻ നമുക്കു കഴിയും.

യഹോ​വ​യും യേശു​വും ചെയ്‌ത​തു​പോ​ലെ നിങ്ങൾക്ക്‌ അറിയാ​വുന്ന കാര്യങ്ങൾ സഹപ്ര​വർത്ത​കർക്കു പറഞ്ഞുകൊടുക്കുക

തത്ത്വം 1: ‘പരസ്‌പരം ബഹുമാ​നം കാണി​ക്കുക’

ഒരു നല്ല സഹപ്ര​വർത്തകൻ താഴ്‌മ​യുള്ള ആളായി​രി​ക്കും. അദ്ദേഹം മറ്റുള്ളവർ ചെയ്യുന്ന കാര്യ​ങ്ങൾക്കു വില കല്‌പി​ക്കും, അവരുടെ മുന്നിൽ വലിയ ആളാകാൻ ശ്രമി​ക്കു​ക​യു​മില്ല. യേശു തന്റെ പിതാ​വിൽനിന്ന്‌ പഠിച്ച ഒരു കാര്യ​മാ​യി​രു​ന്നു അത്‌. സ്രഷ്ടാവ്‌ എന്ന്‌ അറിയ​പ്പെ​ടാൻ യോഗ്യ​ത​യു​ള്ളതു യഹോ​വ​യ്‌ക്കു മാത്ര​മാണ്‌. എങ്കിലും ഒരു സഹപ്ര​വർത്ത​ക​നെന്ന നിലയിൽ തന്റെ പുത്രൻ ചെയ്‌ത പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മറ്റുള്ളവർ അറിയാൻ യഹോവ ആഗ്രഹി​ച്ചു. “നമുക്കു നമ്മുടെ ഛായയിൽ” മനുഷ്യ​നെ ഉണ്ടാക്കാ​മെന്ന്‌ യഹോവ പറഞ്ഞതിൽനിന്ന്‌ അതു മനസ്സി​ലാ​ക്കാം. (ഉൽപ. 1:26) യഹോവ എത്ര താഴ്‌മ​യു​ള്ള​വ​നാ​ണെന്ന്‌ ആ വാക്കു​ക​ളിൽനിന്ന്‌ യേശു​വിന്‌ അറിയാ​നാ​യി.—സങ്കീ. 18:35.

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​വും അതു​പോ​ലെ താഴ്‌മ കാണിച്ചു. യേശു ചെയ്‌ത കാര്യ​ങ്ങളെ മറ്റുള്ളവർ പുകഴ്‌ത്തി​പ്പ​റ​ഞ്ഞ​പ്പോൾ അതിന്റെ ബഹുമതി യേശു പിതാ​വായ ദൈവ​ത്തി​നു നൽകി. (മർക്കോ. 10:17, 18; യോഹ. 7:15, 16) തനിക്കും ശിഷ്യ​ന്മാർക്കും ഇടയിൽ എപ്പോ​ഴും സ്‌നേ​ഹ​വും സന്തോ​ഷ​വും നിലനി​റു​ത്താൻ യേശു പ്രത്യേ​കം ശ്രദ്ധിച്ചു. യേശു അവരെ അടിമ​ക​ളാ​യി​ട്ടല്ല, സ്‌നേ​ഹി​ത​ന്മാ​രാ​യി​ട്ടാ​ണു കണ്ടത്‌. (യോഹ. 15:15) താഴ്‌മ പഠിപ്പി​ക്കാ​നാ​യി യേശു അവരുടെ കാലുകൾ കഴുകു​ക​പോ​ലും ചെയ്‌തു. (യോഹ. 13:5, 12-14) നമ്മുടെ താത്‌പ​ര്യ​ങ്ങ​ളെ​ക്കാൾ നമ്മുടെ സഹപ്ര​വർത്ത​ക​രു​ടെ താത്‌പ​ര്യ​ങ്ങൾക്കു പ്രാധാ​ന്യം കൊടു​ത്തു​കൊണ്ട്‌ നമുക്കും യേശു​വി​നെ അനുക​രി​ക്കാം. അങ്ങനെ ‘പരസ്‌പരം ബഹുമാ​നം കാണി​ക്കാം.’ കൂടാതെ നമ്മൾ ചെയ്യുന്ന കാര്യ​ങ്ങ​ളു​ടെ ബഹുമതി നമുക്കു​തന്നെ ലഭിക്ക​ണ​മെന്ന്‌ ആഗ്രഹി​ക്കാ​തി​രി​ക്കാം. അപ്പോൾ നമുക്കു മറ്റുള്ള​വ​രോ​ടൊ​പ്പം പ്രവർത്തി​ച്ചു​കൊണ്ട്‌ കൂടുതൽ കാര്യങ്ങൾ ചെയ്യാ​നാ​കും.—റോമ. 12:10.

“അനേകം ഉപദേ​ശ​ക​രു​ണ്ടെ​ങ്കിൽ വിജയം നേടാം” എന്നു താഴ്‌മ​യുള്ള ഒരു വ്യക്തി തിരി​ച്ച​റി​യും. (സുഭാ. 15:22) എത്രതന്നെ അനുഭ​വ​പ​രി​ച​യ​വും അറിവും ഉണ്ടെങ്കി​ലും നമുക്ക്‌ എല്ലാ കാര്യ​ങ്ങ​ളും അറിയി​ല്ലെന്ന സത്യം എപ്പോ​ഴും ഓർക്കണം. തനിക്ക്‌ അറിയി​ല്ലാത്ത കാര്യ​ങ്ങ​ളു​ണ്ടെന്നു യേശു​പോ​ലും സമ്മതിച്ചു. (മത്താ. 24:36) ഇനി, തന്റെ അപൂർണ​രായ ശിഷ്യ​ന്മാർ ചില വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ എന്തു ചിന്തി​ക്കു​ന്നെന്ന്‌ അറിയാ​നും യേശു ആഗ്രഹി​ച്ചു. (മത്താ. 16:13-16) അതു​കൊ​ണ്ടു​തന്നെ യേശു​വി​നോ​ടൊ​പ്പം പ്രവർത്തി​ക്കു​ന്നത്‌ അവർക്കു സന്തോ​ഷ​മുള്ള ഒരു കാര്യ​മാ​യി​രു​ന്നു. യേശു​വി​നെ​പ്പോ​ലെ നമ്മളും താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കണം, മറ്റുള്ള​വ​രു​ടെ അഭി​പ്രാ​യങ്ങൾ കേൾക്കാൻ തയ്യാറാ​കണം; കാരണം നമുക്ക്‌ എല്ലാ കാര്യ​ങ്ങ​ളും അറിയില്ല. അങ്ങനെ​യൊ​ക്കെ ചെയ്യു​മ്പോൾ നമുക്ക്‌ എല്ലാവ​രു​മൊത്ത്‌ സമാധാ​ന​ത്തിൽ പ്രവർത്തി​ക്കാ​നും ‘വിജയം നേടാ​നും’ കഴിയും.

ഒരുമിച്ച്‌ പ്രവർത്തി​ക്കു​മ്പോൾ താഴ്‌മ കാണി​ക്കുന്ന കാര്യ​ത്തിൽ മൂപ്പന്മാർ യേശു​വി​നെ അനുക​രി​ക്കു​ന്നതു വളരെ പ്രധാ​ന​മാണ്‌. പരിശു​ദ്ധാ​ത്മാ​വി​നു മൂപ്പന്മാ​രു​ടെ സംഘത്തി​ലെ ആരെ വേണ​മെ​ങ്കി​ലും ഉപയോ​ഗി​ക്കാ​നാ​കു​മെന്ന്‌ എല്ലാ മൂപ്പന്മാ​രും ഓർക്കണം. മൂപ്പന്മാ​രു​ടെ യോഗ​ത്തിൽ എല്ലാവർക്കും തുറന്ന്‌ അഭി​പ്രാ​യം പറയാൻ തോന്നുന്ന ഒരു സാഹച​ര്യം ഉണ്ടായി​രി​ക്കണം. അതിനു​വേണ്ടി എല്ലാ മൂപ്പന്മാ​രും ശ്രമി​ക്കു​മ്പോൾ മുഴു​സ​ഭ​യ്‌ക്കും പ്രയോ​ജനം ചെയ്യുന്ന നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ അവർക്കാ​കും.

തത്ത്വം 2: ന്യായബോധമുള്ളവരായിരിക്കുക

നല്ലൊരു സഹപ്ര​വർത്തകൻ കൂടെ ജോലി ചെയ്യു​ന്ന​വ​രോ​ടു ന്യായ​ബോ​ധ​ത്തോ​ടെ ഇടപെ​ടും. അയാൾ വഴക്കമു​ള്ള​വ​നും വിട്ടു​വീഴ്‌ച കാണി​ക്കാൻ സന്നദ്ധനും ആയിരി​ക്കും. തന്റെ പിതാവ്‌ വിട്ടു​വീഴ്‌ച കാണി​ക്കാൻ എത്ര മനസ്സു​ള്ള​വ​നാ​ണെന്നു യേശു പല സന്ദർഭ​ങ്ങ​ളിൽ നേരിട്ട്‌ കണ്ടറിഞ്ഞു. ഉദാഹ​ര​ണ​ത്തിന്‌, മനുഷ്യർ മരണശിക്ഷ അർഹി​ക്കു​ന്ന​വ​രാ​യി​രു​ന്നി​ട്ടും അവരെ രക്ഷിക്കാൻ യഹോവ യേശു​വി​നെ ഭൂമി​യി​ലേക്ക്‌ അയച്ചു.—യോഹ. 3:16.

വിട്ടു​വീ​ഴ്‌ച കാണി​ക്കു​ന്നത്‌ ആവശ്യ​മാ​യി വന്നപ്പോ​ഴും അങ്ങനെ ചെയ്യു​ന്നത്‌ ഉചിത​മാ​ണെന്നു തോന്നി​യ​പ്പോ​ഴും യേശു​വും അതിനു തയ്യാറാ​യി. ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേൽഗൃ​ഹ​ത്തി​ലെ കാണാ​തെ​പോയ ആളുക​ളു​ടെ അടു​ത്തേക്കു മാത്ര​മാ​ണു യേശു​വി​നെ അയച്ച​തെ​ങ്കി​ലും ഒരു ഫൊയ്‌നി​ക്യ​ക്കാ​രി​യെ സഹായി​ക്കാൻ യേശു തയ്യാറാ​യി. (മത്താ. 15:22-28) ഇനി, തന്റെ ശിഷ്യ​ന്മാ​രിൽനിന്ന്‌ യേശു ന്യായ​മായ കാര്യങ്ങൾ മാത്രമേ പ്രതീ​ക്ഷി​ച്ചു​ള്ളൂ. അടുത്ത സുഹൃ​ത്താ​യി​രുന്ന പത്രോസ്‌ തന്നെ പരസ്യ​മാ​യി തള്ളിപ്പ​റ​ഞ്ഞി​ട്ടും അദ്ദേഹ​ത്തോ​ടു ക്ഷമിക്കാൻ യേശു തയ്യാറാ​യി. മാത്രമല്ല, പിന്നീടു പ്രധാ​ന​പ്പെട്ട പല ഉത്തരവാ​ദി​ത്വ​ങ്ങൾ പത്രോ​സി​നെ ഏൽപ്പി​ക്കു​ക​യും ചെയ്‌തു. (ലൂക്കോ. 22:32; യോഹ. 21:17; പ്രവൃ. 2:14; 8:14-17; 10:44, 45) യേശു​വി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ ഒരു കാര്യം മനസ്സി​ലാ​ക്കാം. ‘വിട്ടു​വീഴ്‌ച കാണി​ക്കാ​നുള്ള നമ്മുടെ സന്നദ്ധത’ എല്ലാവർക്കും വ്യക്തമാ​യി​രി​ക്കണം.—ഫിലി. 4:5.

ന്യായ​ബോ​ധ​മു​ള്ള ഒരാൾ എല്ലാ തരം ആളുക​ളോ​ടും ഒത്തു​പോ​കാൻ കഴി​യേ​ണ്ട​തിന്‌ ആവശ്യ​മായ മാറ്റങ്ങൾ വരുത്താ​നും തയ്യാറാ​കും. തന്റെ സന്ദേശം ശ്രദ്ധി​ക്കാൻ തയ്യാറായ എല്ലാ തരം ആളുക​ളോ​ടും യേശു വളരെ സ്‌നേ​ഹ​ത്തോ​ടെ ഇടപെ​ട്ടെന്ന്‌ ഉറപ്പാണ്‌. കാരണം അതു​കൊ​ണ്ടാ​ണു ശത്രുക്കൾ യേശു​വി​നെ​ക്കു​റിച്ച്‌ “നികു​തി​പി​രി​വു​കാ​രു​ടെ​യും പാപി​ക​ളു​ടെ​യും കൂട്ടു​കാ​രൻ” എന്നു​പോ​ലും പറഞ്ഞത്‌. (മത്താ. 11:19) യേശു​വി​നെ​പ്പോ​ലെ നമുക്കും എല്ലാ തരം ആളുക​ളോ​ടും ഒത്തു​പോ​കാൻ കഴിയു​ന്നു​ണ്ടോ? സഞ്ചാര​വേ​ല​യി​ലാ​യി​രു​ന്ന​പ്പോ​ഴും ബഥേലിൽവെ​ച്ചും പല പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നുള്ള സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം പ്രവർത്തി​ച്ചി​ട്ടുള്ള ലൂയിസ്‌ സഹോ​ദരൻ പറയുന്നു: “അപൂർണ​രായ പല ആളുകൾ ഒരുമിച്ച്‌ പ്രവർത്തി​ക്കു​ന്നതു പല വലുപ്പ​ത്തി​ലുള്ള കല്ലുകൾ ഉപയോ​ഗിച്ച്‌ ഒരു ഭിത്തി കെട്ടു​ന്ന​തു​പോ​ലെ​യാണ്‌. കല്ലുകൾ പല വലുപ്പ​ത്തി​ലു​ള്ള​വ​യാ​ണെ​ങ്കി​ലും അവകൊ​ണ്ടും നേരെ​യുള്ള ഭിത്തി കെട്ടാ​നാ​കും, കുറച്ച്‌ അധികം ശ്രമം ചെയ്യണ​മെന്നു മാത്രം. ചില​പ്പോൾ ചില കല്ലുക​ളു​ടെ സ്ഥാനം മാറ്റേ​ണ്ട​താ​യി വന്നേക്കാം. എന്റെ കാര്യ​ത്തി​ലും, മറ്റുള്ള​വ​രു​മാ​യി ഒത്തു​പോ​കാൻ ഞാൻ കുറെ മാറ്റങ്ങൾ വരുത്താൻ തയ്യാറാ​യി. അതു​കൊ​ണ്ടു​തന്നെ ധാരാളം കാര്യങ്ങൾ ചെയ്‌തു​തീർക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.” എത്ര നല്ല ഒരു മനോ​ഭാ​വം!

കൂടെയുള്ളവരെ തന്റെ നിയ​ന്ത്ര​ണ​ത്തിൽ നിറു​ത്താൻവേണ്ടി ഒരു നല്ല സഹപ്ര​വർത്തകൻ ഒരിക്ക​ലും വിവരങ്ങൾ അവരിൽനിന്ന്‌ മറച്ചുവെക്കില്ല

സഹോ​ദ​ര​ങ്ങ​ളോ​ടുള്ള ഇടപെ​ട​ലിൽ വഴക്കമു​ള്ള​വ​രാ​ണെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം? വയൽസേ​വ​ന​ഗ്രൂ​പ്പി​നോ​ടൊ​പ്പം പ്രവർത്തി​ക്കു​മ്പോൾ നമുക്ക്‌ അതിനുള്ള അവസര​മുണ്ട്‌. പല പ്രായ​ത്തി​ലുള്ള, വ്യത്യസ്‌ത കുടും​ബോ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളുള്ള സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം നമുക്ക്‌ അപ്പോൾ പ്രവർത്തി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. അവർക്കു പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ കൂടുതൽ സന്തോഷം കിട്ടുന്ന വിധത്തിൽ നമുക്കു നമ്മുടെ പതിവ്‌ രീതി​ക​ളിൽ മാറ്റം വരുത്താ​നും കുറെ​ക്കൂ​ടി വഴക്കം കാണി​ക്കാ​നും ആകുമോ?

തത്ത്വം 3: കൊടു​ക്കാൻ മനസ്സുള്ളവരായിരിക്കുക

ഒരു നല്ല സഹപ്ര​വർത്തകൻ ‘ദാനശീ​ലൻ’ അഥവാ കൊടു​ക്കാൻ മനസ്സു​ള്ളവൻ ആയിരി​ക്കും. (1 തിമൊ. 6:18) തന്റെ പിതാ​വി​നോ​ടൊ​പ്പം പ്രവർത്തി​ച്ച​പ്പോൾ യഹോവ കാര്യ​ങ്ങ​ളൊ​ന്നും മറച്ചു​വെ​ക്കു​ന്നി​ല്ലെന്നു യേശു ശ്രദ്ധി​ച്ചു​കാ​ണും. യഹോവ “ആകാശത്തെ സൃഷ്ടി​ച്ച​പ്പോൾ” യേശു “അവി​ടെ​യു​ണ്ടാ​യി​രു​ന്നു.” (സുഭാ. 8:27) പിതാ​വിൽനിന്ന്‌ പലതും പഠിക്കാൻ യേശു​വി​നു കഴിഞ്ഞു. പിന്നീട്‌ യേശു “പിതാ​വിൽനിന്ന്‌ കേട്ട” കാര്യങ്ങൾ സന്തോ​ഷ​ത്തോ​ടെ ശിഷ്യ​ന്മാർക്കു പറഞ്ഞു​കൊ​ടു​ത്തു. (യോഹ. 15:15) യഹോ​വ​യു​ടെ മാതൃക അനുക​രി​ച്ചു​കൊണ്ട്‌ നമുക്കും നമ്മുടെ അറിവും അനുഭ​വ​പ​രി​ച​യ​വും മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാം. മറ്റുള്ളവർ അറി​യേ​ണ്ട​തോ അവർക്കു പ്രയോ​ജനം ചെയ്യു​ന്ന​തോ ആയ വിവരങ്ങൾ പറഞ്ഞു​കൊ​ടു​ക്കാ​തെ രഹസ്യ​മാ​ക്കി​വെ​ച്ചു​കൊണ്ട്‌ അവരെ നിയ​ന്ത്ര​ണ​ത്തിൽ നിറു​ത്താൻ ഒരു നല്ല സഹപ്ര​വർത്തകൻ ഒരിക്ക​ലും ശ്രമി​ക്കില്ല. മറിച്ച്‌, തനിക്ക​റി​യാ​വുന്ന കാര്യങ്ങൾ മറ്റുള്ള​വർക്കു പറഞ്ഞു​കൊ​ടു​ക്കാൻ അദ്ദേഹ​ത്തി​നു സന്തോ​ഷ​മാ​യി​രി​ക്കും.

സഹപ്ര​വർത്ത​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന വിധത്തിൽ സംസാ​രി​ക്കു​ന്ന​താ​ണു കൊടു​ക്കാ​നുള്ള മറ്റൊരു വിധം. യേശു അങ്ങനെ ചെയ്‌തു. തന്റെ സഹപ്ര​വർത്തകർ ചെയ്‌ത നല്ല കാര്യങ്ങൾ കണ്ടിട്ട്‌ യേശു അവരെ അഭിന​ന്ദി​ച്ചു. (മത്തായി 25:19-23; ലൂക്കോസ്‌ 10:17-20 എന്നിവ താരത​മ്യം ചെയ്യുക.) താൻ ചെയ്‌ത​തി​ലും ‘വലിയ’ കാര്യങ്ങൾ അവർ ചെയ്യു​മെ​ന്നു​പോ​ലും പറഞ്ഞു. (യോഹ. 14:12) മരണത്തി​ന്റെ തലേ രാത്രി വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ല​ന്മാ​രെ അഭിന​ന്ദി​ച്ചു​കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളാണ്‌ എന്റെ പരീക്ഷ​ക​ളിൽ എന്റെകൂ​ടെ നിന്നവർ.” (ലൂക്കോ. 22:28) ആ വാക്കുകൾ ശിഷ്യ​ന്മാ​രെ എത്ര പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും കൂടുതൽ പ്രവർത്തി​ക്കാൻ പ്രേരി​പ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കണം! നമ്മൾ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർ ശ്രദ്ധി​ക്കു​ക​യും ആത്മാർഥ​മാ​യി അഭിന​ന്ദി​ക്കു​ക​യും ചെയ്യു​മ്പോൾ നമുക്കു സന്തോഷം തോന്നാ​റി​ല്ലേ? അതു​പോ​ലെ നമ്മൾ സഹപ്ര​വർത്ത​കരെ അഭിന​ന്ദി​ക്കു​മ്പോൾ അവർക്കും സന്തോ​ഷ​മാ​കും. കൂടുതൽ പ്രവർത്തി​ക്കാൻ ഉത്സാഹം തോന്നു​ക​യും ചെയ്യും.

നിങ്ങൾക്ക്‌ ഒരു നല്ല സഹപ്രവർത്തകനായിരിക്കാനാകും

“നല്ല സഹപ്ര​വർത്തകൻ ഒരു തെറ്റും പറ്റാത്ത ആളായി​രി​ക്ക​ണ​മെ​ന്നില്ല” എന്നു കെയൊഡ്‌ സഹോ​ദരൻ പറയുന്നു. “നല്ല സഹപ്ര​വർത്തകൻ കൂടെ​യു​ള്ള​വരെ സന്തോ​ഷ​മു​ള്ള​വ​രാ​ക്കി നിറു​ത്തു​ക​യും അവരുടെ ജോലി എളുപ്പ​മാ​ക്കി​ത്തീർക്കു​ക​യും ചെയ്യും.” അങ്ങനെ​യുള്ള ഒരു സഹപ്ര​വർത്ത​ക​നാ​ണോ നിങ്ങൾ? നിങ്ങളു​ടെ​കൂ​ടെ പ്രവർത്തി​ക്കുന്ന ചില സഹോ​ദ​ര​ങ്ങ​ളോട്‌ എങ്ങനെ​യുള്ള സഹപ്ര​വർത്ത​ക​നാ​യി​ട്ടാണ്‌ അവർ നിങ്ങളെ കാണു​ന്ന​തെന്നു ചോദി​ച്ച​റി​യുക. യേശു​വി​നോ​ടൊ​പ്പം പ്രവർത്തി​ക്കു​ന്നതു ശിഷ്യ​ന്മാർ വളരെ​യ​ധി​കം ആസ്വദി​ച്ചു. അതു​പോ​ലെ നിങ്ങളു​ടെ സഹപ്ര​വർത്ത​കർക്കും നിങ്ങ​ളോ​ടൊ​പ്പം ജോലി​ചെ​യ്യു​ന്നതു സന്തോഷം നൽകു​ന്നു​ണ്ടെ​ങ്കിൽ അപ്പോ​സ്‌ത​ല​നായ പൗലോ​സി​നെ​പ്പോ​ലെ നിങ്ങൾക്കും പറയാ​നാ​കും: “ഞങ്ങൾ നിങ്ങളു​ടെ സന്തോ​ഷ​ത്തി​നു​വേ​ണ്ടി​യുള്ള സഹപ്ര​വർത്ത​ക​രാണ്‌.”—2 കൊരി. 1:24.