വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 8

നിങ്ങളു​ടെ ഉപദേശം “ഹൃദയ​ത്തി​നു സന്തോഷം” നൽകു​ന്ന​താ​ണോ?

നിങ്ങളു​ടെ ഉപദേശം “ഹൃദയ​ത്തി​നു സന്തോഷം” നൽകു​ന്ന​താ​ണോ?

“എണ്ണയും സുഗന്ധ​ക്കൂ​ട്ടും ഹൃദയ​ത്തി​നു സന്തോ​ഷ​മേ​കു​ന്നു; ആത്മാർഥ​മായ ഉപദേ​ശ​ത്തിൽനിന്ന്‌ ഉളവായ മധുര​മായ സൗഹൃ​ദ​വും അതു​പോ​ലെ.”—സുഭാ. 27:9.

ഗീതം 102 ‘ബലഹീ​നരെ സഹായി​ക്കുക’

ചുരുക്കം *

1-2. ഉപദേശം നൽകു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒരു സഹോ​ദരൻ എന്താണു പഠിച്ചത്‌?

 വർഷങ്ങൾക്കു മുമ്പ്‌ നടന്ന ഒരു സംഭവ​മാണ്‌. രണ്ടു മൂപ്പന്മാർ, കുറച്ച്‌ നാളു​ക​ളാ​യി മീറ്റി​ങ്ങി​നു വരാത്ത ഒരു സഹോ​ദ​രി​യെ കാണാൻ ചെന്നു. അതിൽ ഒരു സഹോ​ദരൻ മീറ്റി​ങ്ങി​നു വരേണ്ട​തി​ന്റെ പ്രാധാ​ന്യം വ്യക്തമാ​ക്കുന്ന കുറെ തിരു​വെ​ഴു​ത്തു​കൾ സഹോ​ദ​രി​ക്കു കാണി​ച്ചു​കൊ​ടു​ത്തു. താൻ പറഞ്ഞ​തൊ​ക്കെ സഹോ​ദ​രി​യെ ശരിക്കും പ്രോ​ത്സാ​ഹി​പ്പി​ച്ചെ​ന്നാണ്‌ ആ സഹോ​ദരൻ വിചാ​രി​ച്ചത്‌. എന്നാൽ അവർ അവി​ടെ​നിന്ന്‌ പോരു​മ്പോൾ സഹോ​ദരി പറഞ്ഞു: “എന്റെ സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്ത്‌ അറിയാം?” സഹോ​ദ​രി​യു​ടെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചോ അവസ്ഥ​യെ​ക്കു​റി​ച്ചോ ഒന്നും ചോദി​ക്കാ​തെ​യാണ്‌ അവർ ആ ഉപദേശം നൽകി​യത്‌. അതു​കൊ​ണ്ടു​തന്നെ അവരുടെ ഉപദേശം തനിക്കു പ്രയോ​ജനം ചെയ്യു​മെന്നു സഹോ​ദ​രി​ക്കു തോന്നി​യില്ല.

2 അന്ന്‌ ആ സഹോ​ദ​രി​ക്കു തിരു​വെ​ഴു​ത്തു​ക​ളൊ​ക്കെ കാണി​ച്ചു​കൊ​ടുത്ത സഹോ​ദരൻ പറയുന്നു: “ഒട്ടും ആദരവി​ല്ലാ​തെ​യാ​ണ​ല്ലോ ആ സഹോ​ദരി സംസാ​രി​ച്ചത്‌ എന്നാണ്‌ അന്ന്‌ എനിക്കു തോന്നി​യത്‌. എന്നാൽ പിന്നീട്‌ അതെക്കു​റിച്ച്‌ ചിന്തി​ച്ച​പ്പോൾ ഒരു കാര്യം എനിക്കു മനസ്സി​ലാ​യി. ആ വാക്യ​ങ്ങ​ളൊ​ക്കെ കാണി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു പകരം സഹോ​ദ​രി​യു​ടെ പ്രശ്‌നം എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ ചില ചോദ്യ​ങ്ങ​ളാ​യി​രു​ന്നു ഞാൻ ചോദി​ക്കേ​ണ്ടി​യി​രു​ന്നത്‌. ‘കാര്യ​ങ്ങ​ളൊ​ക്കെ എങ്ങനെ പോകു​ന്നു, ഞങ്ങൾ എന്താ ചെയ്‌തു​ത​രേ​ണ്ടത്‌’ എന്നതു​പോ​ലുള്ള ചോദ്യ​ങ്ങൾ.” ആ സംഭവ​ത്തി​ലൂ​ടെ വിലപ്പെട്ട ഒരു പാഠമാ​ണു സഹോ​ദരൻ പഠിച്ചത്‌. അതു​കൊണ്ട്‌ ഇന്ന്‌ അദ്ദേഹം സഹാനു​ഭൂ​തി​യുള്ള, സഹോ​ദ​ര​ങ്ങളെ സഹായി​ക്കാൻ മനസ്സുള്ള ഒരു ഇടയനാണ്‌.

3. സഭയിൽ ആരൊക്കെ ഉപദേശം നൽകി​യേ​ക്കാം?

 3 സഹോ​ദ​ര​ങ്ങൾക്ക്‌ ആവശ്യ​മായ ഉപദേശം കൊടു​ക്കാൻ, ഇടയന്മാ​രെന്ന നിലയിൽ മൂപ്പന്മാർക്ക്‌ ഉത്തരവാ​ദി​ത്വ​മുണ്ട്‌. എന്നാൽ സഭയിലെ മറ്റുള്ള​വ​രും ചില​പ്പോൾ ഉപദേശം നൽകേ​ണ്ട​താ​യി വന്നേക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ തങ്ങളുടെ ഒരു സുഹൃ​ത്തി​നു ബൈബി​ളിൽനി​ന്നുള്ള ചില ഉപദേ​ശങ്ങൾ കൊടു​ത്തേ​ക്കാം. (സങ്കീ. 141:5; സുഭാ. 25:12) അല്ലെങ്കിൽ തീത്തോസ്‌ 2:3-5-ൽ പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പ്രായ​മുള്ള സഹോ​ദ​രി​മാർക്കു ചില​പ്പോൾ “പ്രായം കുറഞ്ഞ സ്‌ത്രീ​കളെ” ഉപദേ​ശി​ക്കേണ്ടി വന്നേക്കാം. ഇനി, കുട്ടി​ക​ളു​ടെ കാര്യ​ത്തിൽ മാതാ​പി​താ​ക്കൾക്കു മിക്ക​പ്പോ​ഴും ഉപദേ​ശ​മോ തിരു​ത്ത​ലോ നൽകേണ്ടി വരാറുണ്ട്‌. അതു​കൊണ്ട്‌ ഈ ലേഖനം പ്രധാ​ന​മാ​യും മൂപ്പന്മാ​രെ ഉദ്ദേശി​ച്ചു​ള്ള​താ​ണെ​ങ്കി​ലും ഇതു പഠിക്കു​ന്ന​തി​ലൂ​ടെ നമുക്ക്‌ എല്ലാവർക്കും പ്രയോ​ജനം നേടാ​നാ​കും. ഉപദേശം കേൾക്കുന്ന വ്യക്തിക്ക്‌, വേണ്ട മാറ്റങ്ങൾ വരുത്താൻ തോന്നുന്ന വിധത്തിൽ എങ്ങനെ അതു കൊടു​ക്കാ​മെന്നു നമ്മൾ ചർച്ച​ചെ​യ്യും. അത്തരത്തി​ലുള്ള ഉപദേശം അതു ലഭിക്കുന്ന വ്യക്തി​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും.—സുഭാ. 27:9.

4. ഈ ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച​ചെ​യ്യും?

4 ഈ ലേഖന​ത്തിൽ ഉപദേശം നൽകു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള നാലു ചോദ്യ​ങ്ങ​ളു​ടെ ഉത്തരം നമ്മൾ കണ്ടെത്തും. (1) അതിനു നമ്മളെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്തായി​രി​ക്കണം? (2) ഉപദേശം ശരിക്കും ആവശ്യ​മാ​ണോ? (3) ആരാണ്‌ ഉപദേശം നൽകേ​ണ്ടത്‌? (4) പ്രയോ​ജനം ചെയ്യുന്ന വിധത്തിൽ നമുക്ക്‌ എങ്ങനെ ഉപദേശം നൽകാം?

നമ്മളെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്തായി​രി​ക്കണം?

5. സ്വീക​രി​ക്കാൻ എളുപ്പ​മായ വിധത്തിൽ സഹോ​ദ​ര​ങ്ങൾക്ക്‌ ഉപദേശം കൊടു​ക്കാൻ മൂപ്പന്മാ​രെ എന്തു സഹായി​ക്കും? (1 കൊരി​ന്ത്യർ 13:4, 7)

5 മൂപ്പന്മാർ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ സ്‌നേ​ഹി​ക്കു​ന്നു. ചില​പ്പോൾ അവർ സ്‌നേഹം കാണി​ക്കു​ന്നതു തെറ്റി​ലേക്കു പോകുന്ന വ്യക്തിക്ക്‌ ഉപദേശം കൊടു​ത്തു​കൊ​ണ്ടാണ്‌. (ഗലാ. 6:1) എന്നാൽ ഉപദേശം നൽകു​ന്ന​തി​നു മുമ്പ്‌ മൂപ്പന്മാർ, സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞ ചില കാര്യങ്ങൾ ഓർക്കു​ന്നതു നന്നായി​രി​ക്കും: “സ്‌നേഹം ക്ഷമയും ദയയും ഉള്ളതാണ്‌. . . . അത്‌ എല്ലാം സഹിക്കു​ന്നു; എല്ലാം വിശ്വ​സി​ക്കു​ന്നു; എല്ലാം പ്രത്യാ​ശി​ക്കു​ന്നു; എന്തു വന്നാലും പിടി​ച്ചു​നിൽക്കു​ന്നു.” (1 കൊരി​ന്ത്യർ 13:4, 7 വായി​ക്കുക.) മൂപ്പന്മാർ ഈ വാക്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നത്‌ ഒരു ഉപദേശം കൊടു​ക്കാൻ തങ്ങളെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താ​ണെന്നു ചിന്തി​ക്കാ​നും ശരിയായ മനോ​ഭാ​വ​ത്തോ​ടെ അതു നൽകാ​നും അവരെ സഹായി​ക്കും. മൂപ്പന്മാർ തങ്ങളെ സ്‌നേ​ഹി​ക്കു​ന്നെന്നു തിരി​ച്ച​റി​യു​മ്പോൾ അവർ നൽകുന്ന ഉപദേശം സ്വീക​രി​ക്കാൻ സഹോ​ദ​ര​ങ്ങൾക്ക്‌ എളുപ്പ​മാ​യി​രി​ക്കും.—റോമ. 12:10.

6. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എന്തു നല്ല മാതൃ​ക​വെച്ചു?

6 ഒരു മൂപ്പനാ​യി​രുന്ന പൗലോസ്‌ അപ്പോ​സ്‌തലൻ ഇക്കാര്യ​ത്തിൽ നല്ല മാതൃ​ക​വെച്ചു. ഉദാഹ​ര​ണ​ത്തിന്‌ തെസ്സ​ലോ​നി​ക്യ​യി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ ഉപദേശം ആവശ്യ​മാ​യി വന്നപ്പോൾ അതു നൽകാൻ പൗലോസ്‌ മടിച്ചില്ല. എന്നാൽ അവർക്കു കത്തുകൾ എഴുതി​യ​പ്പോൾ അദ്ദേഹം ആദ്യം അവരെ അഭിന​ന്ദി​ക്കു​ക​യാ​ണു ചെയ്‌തത്‌. അവരുടെ വിശ്വ​സ്‌ത​ത​യോ​ടെ​യുള്ള പ്രവൃ​ത്തി​ക​ളെ​യും സ്‌നേ​ഹ​ത്തോ​ടെ അവർ ചെയ്യുന്ന കഠിനാ​ധ്വാ​ന​ത്തെ​യും അവരുടെ സഹനശ​ക്തി​യെ​യും കുറിച്ച്‌ അദ്ദേഹം എടുത്തു​പ​റഞ്ഞു. ഇനി, അവരുടെ സാഹച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അദ്ദേഹം ചിന്തിച്ചു. അവരുടെ ജീവിതം ഒട്ടും എളുപ്പ​മ​ല്ലാ​യി​രു​ന്നെ​ന്നും അവർക്ക്‌ ഒരുപാ​ടു കഷ്ടതയും ഉപദ്ര​വ​വും സഹി​ക്കേണ്ടി വന്നെന്നും തനിക്ക്‌ അറിയാ​മെന്ന്‌ അദ്ദേഹം പറഞ്ഞു. (1 തെസ്സ. 1:3; 2 തെസ്സ. 1:4) അവർ മറ്റു ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒരു മാതൃ​ക​യാ​ണെന്ന കാര്യ​വും അദ്ദേഹം അവരോ​ടു പറയാ​തി​രു​ന്നില്ല. (1 തെസ്സ. 1:8, 9) പൗലോ​സി​ന്റെ ആ അഭിന​ന്ദ​ന​വാ​ക്കു​കൾ കേട്ട​പ്പോൾ അവർക്ക്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും? പൗലോ​സിന്‌ ആ സഹോ​ദ​ര​ങ്ങ​ളോട്‌ ഒരുപാ​ടു സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു എന്ന കാര്യ​ത്തിൽ ഒരു സംശയ​വു​മില്ല. അതു​കൊ​ണ്ടാ​ണു തെസ്സ​ലോ​നി​ക്യർക്ക്‌ എഴുതിയ രണ്ടു കത്തിലും അവർക്കു സ്വീക​രി​ക്കാൻ എളുപ്പ​മുള്ള വിധത്തിൽ ഉപദേ​ശങ്ങൾ നൽകാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞത്‌.—1 തെസ്സ. 4:1, 3-5, 11; 2 തെസ്സ. 3:11, 12.

7. ഒരു ഉപദേശം സ്വീക​രി​ക്കാൻ ചില​പ്പോൾ ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

7 ഉപദേശം കൊടു​ക്കു​ന്നതു ശരിയായ രീതി​യി​ല​ല്ലെ​ങ്കിൽ എന്തു സംഭവി​ക്കാം? അനുഭ​വ​പ​രി​ച​യ​മുള്ള ഒരു മൂപ്പൻ പറയുന്നു: “ചിലർ ഉപദേശം സ്വീക​രി​ക്കാ​തി​രി​ക്കു​ന്നതു പറഞ്ഞ കാര്യ​ങ്ങൾക്ക്‌ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടാ​യി​ട്ടല്ല, സ്‌നേ​ഹ​ത്തോ​ടെ അതു പറയാ​ത്ത​തു​കൊ​ണ്ടാണ്‌.” ഇതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും? ഉപദേശം കൊടു​ക്കു​ന്നത്‌ ഒരാൾ ചെയ്‌ത ഒരു കാര്യം ഇഷ്ടപ്പെ​ടാ​ത്ത​തി​ന്റെ പേരി​ലാ​യി​രി​ക്ക​രുത്‌, പകരം ആ വ്യക്തി​യോ​ടു സ്‌നേഹം തോന്നി​യി​ട്ടാ​യി​രി​ക്കണം. അങ്ങനെ​യാ​കു​മ്പോൾ അതു സ്വീക​രി​ക്കാൻ എളുപ്പ​മാ​യി​രി​ക്കും.

ഉപദേശം ശരിക്കും ആവശ്യ​മാ​ണോ?

8. ഒരു വ്യക്തിക്ക്‌ ഉപദേശം കൊടു​ക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാൻ ഒരു മൂപ്പൻ തന്നോ​ടു​തന്നെ എന്തു ചോദി​ക്കണം?

8 ഉപദേശം നൽകാൻ മൂപ്പന്മാർ തിടുക്കം കാണി​ക്ക​രുത്‌. അതു കൊടു​ക്കു​ന്ന​തി​നു മുമ്പ്‌ ഒരു മൂപ്പൻ തന്നോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കണം: ‘ശരിക്കും ഇങ്ങനെ​യൊ​രു ഉപദേശം നൽകേണ്ട ആവശ്യ​മു​ണ്ടോ? അദ്ദേഹം ചെയ്യു​ന്നതു തെറ്റാ​ണെന്ന്‌ എനിക്ക്‌ ഉറപ്പു​ണ്ടോ? ഏതെങ്കി​ലും ഒരു ബൈബിൾക​ല്‌പന അദ്ദേഹം ലംഘി​ച്ചി​ട്ടു​ണ്ടോ? അതോ അദ്ദേഹം അക്കാര്യം ചെയ്യു​ന്നതു ഞാൻ ചെയ്യു​ന്ന​തു​പോ​ലെയല്ല എന്നേ ഉള്ളോ?’ ‘ചിന്തി​ക്കാ​തെ സംസാ​രി​ക്കു​ന്ന​തിന്‌’ എതിരെ ബൈബിൾ തരുന്ന മുന്നറി​യിപ്പ്‌ മൂപ്പന്മാർ എപ്പോ​ഴും ഓർക്കണം. (സുഭാ. 29:20) ഒരു കാര്യം സംബന്ധിച്ച്‌ ആർക്കെ​ങ്കി​ലും ഉപദേശം കൊടു​ക്ക​ണോ വേണ്ടയോ എന്ന്‌ ഉറപ്പി​ല്ലെ​ങ്കിൽ മറ്റൊരു മൂപ്പ​നോട്‌ അതെക്കു​റിച്ച്‌ സംസാ​രി​ക്കാ​വു​ന്ന​താണ്‌. ആ വ്യക്തി ചെയ്യുന്ന കാര്യം ബൈബിൾത​ത്ത്വ​ത്തിന്‌ എതിരാ​ണോ എന്നു തീരു​മാ​നി​ക്കാൻ അതു സഹായി​ക്കും.—2 തിമൊ. 3:16, 17.

9. വസ്‌ത്ര​ധാ​ര​ണ​ത്തോ​ടും ഒരുക്ക​ത്തോ​ടും ഉള്ള ബന്ധത്തിൽ ഉപദേശം കൊടു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പൗലോ​സിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (1 തിമൊ​ഥെ​യൊസ്‌ 2:9, 10)

9 ഒരു ഉദാഹ​രണം നോക്കാം. ഒരു സഹോ​ദ​ര​ന്റെ​യോ സഹോ​ദ​രി​യു​ടെ​യോ വസ്‌ത്ര​ധാ​ര​ണ​വും ഒരുക്ക​വും അത്ര ശരിയ​ല്ലെന്ന്‌ ഒരു മൂപ്പനു തോന്നു​ന്നു​വെ​ന്നി​രി​ക്കട്ടെ. അദ്ദേഹ​ത്തി​നു തന്നോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കാം: ‘ഈ വ്യക്തി ഏതെങ്കി​ലും ബൈബിൾത​ത്ത്വ​ത്തി​നു വിരു​ദ്ധ​മാ​യാ​ണോ പ്രവർത്തി​ക്കു​ന്നത്‌?’ സ്വന്തം ആശയങ്ങൾ ആ വ്യക്തി​യു​ടെ മേൽ അടി​ച്ചേൽപ്പി​ക്കാ​തി​രി​ക്കാ​നാ​യി അദ്ദേഹ​ത്തിന്‌ ഒരു മൂപ്പ​നോ​ടോ അനുഭ​വ​പ​രി​ച​യ​മുള്ള മറ്റൊരു പ്രചാ​ര​ക​നോ​ടോ ചോദി​ക്കാ​വു​ന്ന​താണ്‌. അവർക്ക്‌ ഒരുമിച്ച്‌ പൗലോസ്‌ അപ്പോ​സ്‌തലൻ അതെക്കു​റിച്ച്‌ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ നോക്കാ​നാ​കും. (1 തിമൊ​ഥെ​യൊസ്‌ 2:9, 10 വായി​ക്കുക.) ക്രിസ്‌ത്യാ​നി​കൾ ഏതു വസ്‌ത്രം ധരിക്കണം, ഏതു ധരിക്ക​രുത്‌ എന്നതു സംബന്ധിച്ച്‌ പൗലോസ്‌ പ്രത്യേ​ക​നി​യ​മ​ങ്ങ​ളൊ​ന്നും ഉണ്ടാക്കി​യില്ല. എന്നാൽ അതുമാ​യി ബന്ധപ്പെട്ട ചില തത്ത്വങ്ങൾ പറഞ്ഞി​ട്ടുണ്ട്‌. ക്രിസ്‌ത്യാ​നി​ക​ളു​ടെ വസ്‌ത്ര​ധാ​രണം മാന്യ​വും സുബോ​ധ​ത്തോ​ടെ​യു​ള്ള​തും അന്തസ്സു​ള്ള​തും ആയിരി​ക്കണം എന്നാണു പൗലോസ്‌ പറഞ്ഞത്‌. ബൈബിൾത​ത്ത്വ​ങ്ങൾ ലംഘി​ക്കാ​ത്തി​ട​ത്തോ​ളം ഓരോ​രു​ത്തർക്കും അവരുടെ ഇഷ്ടമനു​സ​രിച്ച്‌ വസ്‌ത്രം ധരിക്കാ​നുള്ള അവകാ​ശ​മു​ണ്ടെന്നു പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ വസ്‌ത്ര​ധാ​ര​ണ​ത്തോ​ടു ബന്ധപ്പെട്ട്‌ ആർക്കെ​ങ്കി​ലും ഉപദേശം കൊടു​ക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കു​ന്ന​തി​നു മുമ്പ്‌ മൂപ്പന്മാർ ഈ കാര്യം ചിന്തി​ക്കണം: ആ വ്യക്തി​യു​ടെ വസ്‌ത്ര​ധാ​രണം മാന്യ​വും സുബോ​ധ​ത്തോ​ടെ​യു​ള്ള​തും ആണോ?

10. നമ്മൾ ഏതു കാര്യം ഓർക്കണം?

10 ഒരു കാര്യം സംബന്ധിച്ച്‌ പക്വത​യുള്ള രണ്ടു ക്രിസ്‌ത്യാ​നി​കൾ എടുക്കുന്ന തീരു​മാ​നം രണ്ടു തരത്തി​ലു​ള്ള​താ​യി​രി​ക്കാം, രണ്ടും ശരിയു​മാ​യി​രി​ക്കാം. അതു നമ്മൾ എപ്പോ​ഴും ഓർക്കണം. ശരിയാ​ണെന്നു നമുക്കു തോന്നുന്ന കാര്യങ്ങൾ മറ്റുള്ള​വ​രു​ടെ മേൽ അടി​ച്ചേൽപ്പി​ക്കാൻ നമ്മൾ ശ്രമി​ക്ക​രുത്‌.—റോമ. 14:10.

ആരാണ്‌ ഉപദേശം നൽകേ​ണ്ടത്‌?

11-12. ഉപദേശം കൊടു​ക്കേ​ണ്ടത്‌ ആവശ്യ​മാ​യി വരു​മ്പോൾ ഒരു മൂപ്പൻ തന്നോ​ടു​തന്നെ എന്തു ചോദി​ക്കണം, എന്തു​കൊണ്ട്‌?

11 ഉപദേശം കൊടു​ക്കേ​ണ്ടത്‌ ആവശ്യ​മാ​ണെന്നു മനസ്സി​ലാ​യി​ക്ക​ഴി​ഞ്ഞാൽ അടുത്ത ചോദ്യം ആരാണ്‌ അതു കൊടു​ക്കേ​ണ്ടത്‌ എന്നതാണ്‌. വിവാ​ഹി​ത​യായ ഒരു സഹോ​ദ​രി​ക്കോ പ്രായ​പൂർത്തി​യാ​കാത്ത ഒരു കുട്ടി​ക്കോ ഉപദേശം കൊടു​ക്കേ​ണ്ടി​വ​രു​മ്പോൾ ഒരു മൂപ്പൻ അതെക്കു​റിച്ച്‌ അവരുടെ കുടും​ബ​നാ​ഥ​നോ​ടു സംസാ​രി​ക്കണം. ചില​പ്പോൾ കുടും​ബ​നാ​ഥൻതന്നെ അക്കാര്യം അവരോ​ടു സംസാ​രി​ക്കാൻ തീരു​മാ​നി​ച്ചേ​ക്കാം. * അതല്ലെ​ങ്കിൽ ഉപദേശം കൊടു​ക്കുന്ന സമയത്ത്‌ കുടും​ബ​നാ​ഥ​നോ​ടും അവി​ടെ​യു​ണ്ടാ​യി​രി​ക്കാൻ മൂപ്പന്‌ ആവശ്യ​പ്പെ​ടാ​വു​ന്ന​താണ്‌. ഇനി,  3-ാം ഖണ്ഡിക​യിൽ കണ്ടതു​പോ​ലെ ചില സന്ദർഭ​ങ്ങ​ളിൽ ചെറു​പ്പ​ക്കാ​രി​യായ സഹോ​ദ​രി​ക്കു പ്രായ​മുള്ള ഒരു സഹോ​ദരി ഉപദേശം കൊടു​ക്കു​ന്ന​താ​യി​രി​ക്കും കൂടുതൽ നല്ലത്‌.

12 മൂപ്പന്മാർ ചിന്തി​ക്കേണ്ട മറ്റൊരു കാര്യ​വു​മുണ്ട്‌. ഒരു മൂപ്പനു തന്നോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കാം: ‘ഈ ഉപദേശം കൊടു​ക്കാൻ ഏറ്റവും പറ്റിയ വ്യക്തി ഞാനാ​ണോ? അതോ മറ്റാ​രെ​ങ്കി​ലും കൊടു​ക്കു​മ്പോ​ഴാ​യി​രി​ക്കു​മോ അവർക്ക്‌ അതു സ്വീക​രി​ക്കാൻ കൂടുതൽ എളുപ്പം?’ ഉദാഹ​ര​ണ​ത്തിന്‌, തന്നെ ഒന്നിനും കൊള്ളി​ല്ലെന്നു ചിന്തി​ക്കുന്ന ഒരു സഹോ​ദ​രന്‌ അതേ സാഹച​ര്യ​ത്തി​ലൂ​ടെ കടന്നു​പോ​യി​ട്ടുള്ള ഒരാളിൽനിന്ന്‌ ഉപദേശം സ്വീക​രി​ക്കാൻ കുറെ​ക്കൂ​ടി എളുപ്പ​മാ​യി​രി​ക്കും. കാരണം ആ വ്യക്തിക്ക്‌ അദ്ദേഹ​ത്തി​ന്റെ അവസ്ഥ നന്നായി മനസ്സി​ലാ​കും. അതു​കൊ​ണ്ടു​തന്നെ അദ്ദേഹ​ത്തി​നു സ്വീക​രി​ക്കാൻ കഴിയുന്ന വിധത്തിൽ കാര്യങ്ങൾ പറഞ്ഞു​കൊ​ടു​ക്കാ​നു​മാ​കും. എന്നാൽ വേണ്ട മാറ്റങ്ങൾ വരുത്താൻ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഉപദേ​ശി​ക്കാ​നും ഉള്ള ഉത്തരവാ​ദി​ത്വം എല്ലാ മൂപ്പന്മാർക്കു​മുണ്ട്‌ എന്ന കാര്യം ഓർക്കുക. അതു​കൊണ്ട്‌ പ്രധാ​ന​മായ സംഗതി ഉപദേശം കൊടു​ക്കേ​ണ്ട​തു​ള്ള​പ്പോൾ അതു കൊടു​ക്കുക എന്നതാണ്‌, മൂപ്പന്മാർ അത്തരം സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇല്ലെങ്കി​ലും.

പ്രയോ​ജനം ചെയ്യുന്ന വിധത്തിൽ നമുക്ക്‌ എങ്ങനെ ഉപദേശം നൽകാൻ കഴിയും?

മൂപ്പന്മാർ ‘കേൾക്കാൻ തിടു​ക്ക​മു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌’ എന്തുകൊണ്ട്‌? (13, 14 ഖണ്ഡികകൾ കാണുക)

13-14. മൂപ്പന്മാർ ശ്രദ്ധി​ച്ചു​കേൾക്കേ​ണ്ടതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

13 ശ്രദ്ധി​ച്ചു​കേൾക്കുക. ആർക്കെ​ങ്കി​ലും ഒരു ഉപദേശം കൊടു​ക്കാൻ തയ്യാറാ​കു​മ്പോൾ ഒരു മൂപ്പൻ തന്നോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കണം: ‘ആ സഹോ​ദ​രന്റെ സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ എനിക്ക്‌ എന്തൊക്കെ അറിയാം? അദ്ദേഹ​ത്തി​ന്റെ കാര്യ​ങ്ങ​ളൊ​ക്കെ എങ്ങനെ പോകു​ന്നു? എനിക്ക്‌ അറിയാത്ത എന്തെങ്കി​ലും പ്രശ്‌നങ്ങൾ അദ്ദേഹം നേരി​ടു​ന്നു​ണ്ടോ? അദ്ദേഹ​ത്തിന്‌ ഇപ്പോൾ ഏറ്റവും ആവശ്യം എന്തായി​രി​ക്കും?’

14 ഉപദേശം നൽകു​ന്നവർ യാക്കോബ്‌ 1:19-ലെ തത്ത്വത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കേ​ണ്ട​തുണ്ട്‌. യാക്കോബ്‌ എഴുതി: “എല്ലാവ​രും കേൾക്കാൻ തിടു​ക്ക​മു​ള്ള​വ​രാ​യി​രി​ക്കണം; എന്നാൽ സംസാ​രി​ക്കാൻ തിടുക്കം കൂട്ടരുത്‌, പെട്ടെന്നു കോപി​ക്കു​ക​യു​മ​രുത്‌.” തനിക്ക്‌ എല്ലാ വസ്‌തു​ത​ക​ളും അറിയാ​മെന്ന്‌ ഒരു മൂപ്പൻ ചിന്തി​ച്ചേ​ക്കാം. പക്ഷേ ശരിക്കും അദ്ദേഹ​ത്തിന്‌ എല്ലാം അറിയാ​മോ? സുഭാ​ഷി​തങ്ങൾ 18:13 പറയുന്നു: “വസ്‌തു​ത​ക​ളെ​ല്ലാം കേൾക്കും​മു​മ്പേ മറുപടി പറയു​ന്നതു വിഡ്‌ഢി​ത്തം; അതു മനുഷ്യന്‌ അപമാ​ന​കരം.” കാര്യ​ങ്ങ​ളൊ​ക്കെ ആ വ്യക്തി​യോ​ടു​തന്നെ ചോദി​ച്ച​റി​യു​ന്ന​താണ്‌ ഏറ്റവും നല്ലത്‌. അതിന്‌ ആദ്യം അദ്ദേഹ​ത്തി​നു പറയാ​നു​ള്ളതു മുഴുവൻ കേൾക്കണം. ഈ ലേഖന​ത്തി​ന്റെ തുടക്ക​ത്തിൽ പറഞ്ഞ മൂപ്പനു​ണ്ടായ അനുഭവം ഓർക്കുക. താൻ തയ്യാറാ​യി​പ്പോയ വിവരങ്ങൾ സംസാ​രി​ക്കു​ന്ന​തി​നു മുമ്പ്‌ സഹോ​ദ​രി​യു​ടെ സാഹച​ര്യം മനസ്സി​ലാ​ക്കാൻ ആദ്യം ചില ചോദ്യ​ങ്ങൾ ചോദി​ക്ക​ണ​മാ​യി​രു​ന്നെന്നു സഹോ​ദരൻ തിരി​ച്ച​റി​ഞ്ഞു. “കാര്യ​ങ്ങ​ളൊ​ക്കെ എങ്ങനെ പോകു​ന്നു, ഞാൻ എന്താ ചെയ്‌തു​ത​രേ​ണ്ടത്‌” എന്നതു​പോ​ലുള്ള ചോദ്യ​ങ്ങൾ. സഹോ​ദ​ര​ങ്ങ​ളു​ടെ സാഹച​ര്യ​ങ്ങ​ളൊ​ക്കെ മനസ്സി​ലാ​ക്കാൻ മൂപ്പന്മാർ സമയ​മെ​ടു​ക്കു​ന്നെ​ങ്കിൽ കുറെ​ക്കൂ​ടി നന്നായി സഹോ​ദ​ര​ങ്ങളെ സഹായി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അവർക്കു കഴി​ഞ്ഞേ​ക്കും.

15. സുഭാ​ഷി​തങ്ങൾ 27:23-ലെ തത്ത്വത്തി​നു ചേർച്ച​യിൽ മൂപ്പന്മാർക്ക്‌ എങ്ങനെ പ്രവർത്തി​ക്കാം?

15 സഹോ​ദ​ര​ങ്ങളെ അടുത്ത്‌ അറിയുക. തുടക്ക​ത്തിൽ കണ്ടതു​പോ​ലെ നല്ല ഉപദേശം കൊടു​ക്കു​ന്ന​തിൽ ചില ബൈബിൾവാ​ക്യ​ങ്ങൾ വായി​ക്കു​ക​യോ ഒന്നോ രണ്ടോ നിർദേ​ശങ്ങൾ നൽകു​ക​യോ ചെയ്യു​ന്ന​തി​ലും അധികം ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. നമ്മുടെ സഹോ​ദ​ര​ങ്ങളെ നമ്മൾ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും അവരെ മനസ്സി​ലാ​ക്കു​ന്നു​ണ്ടെ​ന്നും സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നും അവർ തിരി​ച്ച​റി​യണം. (സുഭാ​ഷി​തങ്ങൾ 27:23 വായി​ക്കുക.) സഹോ​ദ​ര​ങ്ങ​ളു​മാ​യി നല്ല കൂട്ടാ​കാൻ മൂപ്പന്മാർ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കണം.

ഉപദേശം നൽകു​ന്നത്‌ എളുപ്പ​മാ​ക്കാൻ മൂപ്പന്മാർക്ക്‌ എന്തു ചെയ്യാം? (16-ാം ഖണ്ഡിക കാണുക)

16. മൂപ്പന്മാർ എന്തു ചെയ്യു​ന്നെ​ങ്കിൽ അവർ നൽകുന്ന ഉപദേശം സ്വീക​രി​ക്കാൻ സഹോ​ദ​ര​ങ്ങൾക്ക്‌ എളുപ്പ​മാ​യി​രി​ക്കും?

16 ഉപദേശം കൊടു​ക്കേ​ണ്ട​തു​ള്ള​പ്പോൾ മാത്രമേ മൂപ്പന്മാർ തങ്ങളോ​ടു സംസാ​രി​ക്കു​ക​യു​ള്ളൂ എന്നൊരു ധാരണ സഹോ​ദ​ര​ങ്ങൾക്കു കൊടു​ക്കാ​തി​രി​ക്കാൻ മൂപ്പന്മാർ ശ്രദ്ധി​ക്കണം. പകരം, പതിവാ​യി സഹോ​ദ​ര​ങ്ങ​ളോ​ടു സംസാ​രി​ക്കുക. ഇനി, അവർക്ക്‌ എന്തെങ്കി​ലും പ്രശ്‌ന​ങ്ങ​ളു​ള്ള​പ്പോൾ ശരിക്കും അവരെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടെന്നു കാണി​ക്കുക. “അങ്ങനെ ചെയ്യു​മ്പോൾ നിങ്ങൾ അവരു​മാ​യി നല്ല സൗഹൃ​ദ​ത്തി​ലാ​കും. അവർക്ക്‌ ഒരു ഉപദേശം കൊടു​ക്കേ​ണ്ട​തു​ള്ള​പ്പോൾ അതു കൊടു​ക്കാ​നും എളുപ്പ​മാ​യി​രി​ക്കും” എന്ന്‌ അനുഭ​വ​പ​രി​ച​യ​മുള്ള ഒരു മൂപ്പൻ പറയുന്നു. ഇനി, ഉപദേശം കിട്ടു​ന്ന​വർക്ക്‌ അതു സ്വീക​രി​ക്കാ​നും എളുപ്പ​മാ​യി​രി​ക്കും.

ഉപദേശം നൽകു​മ്പോൾ മൂപ്പന്മാർ ദയയും ക്ഷമയും കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (17-ാം ഖണ്ഡിക കാണുക)

17. ഒരു മൂപ്പൻ ദയയും ക്ഷമയും കാണി​ക്കേ​ണ്ടതു കൂടുതൽ ആവശ്യ​മാ​യി​വ​രു​ന്നത്‌ എപ്പോൾ?

17 ക്ഷമയും ദയയും ഉള്ളവരാ​യി​രി​ക്കുക. നമ്മൾ ബൈബി​ളിൽനിന്ന്‌ കൊടു​ക്കുന്ന ഉപദേശം സ്വീക​രി​ക്കാ​നോ അനുസ​രി​ക്കാ​നോ ഒരാൾ പെട്ടെന്നു തയ്യാറാ​കു​ന്നി​ല്ലെ​ങ്കിൽ ദേഷ്യം തോന്നാ​തി​രി​ക്കാൻ മൂപ്പന്മാർ പ്രത്യേ​കം ശ്രദ്ധി​ക്കണം. അതിനു ദയയും ക്ഷമയും അവരെ സഹായി​ക്കും. അവർ യേശു​വി​നെ​പ്പോ​ലെ​യാ​യി​രി​ക്കണം. യേശു​വി​നെ​ക്കു​റിച്ച്‌ ഇങ്ങനെ ഒരു പ്രവച​ന​മു​ണ്ടാ​യി​രു​ന്നു: “ചതഞ്ഞ ഈറ്റ അവൻ ഒടിച്ചു​ക​ള​യില്ല, പുകയുന്ന തിരി കെടു​ത്തി​ക്ക​ള​യു​ക​യു​മില്ല.” (മത്താ. 12:20) അതു​കൊണ്ട്‌ ഉപദേശം ആവശ്യ​മായ വ്യക്തി​ക്കു​വേണ്ടി മൂപ്പനു വ്യക്തി​പ​ര​മാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കാം. ആ ഉപദേശം നൽകി​യ​തി​ന്റെ കാരണം മനസ്സി​ലാ​ക്കാ​നും അതനു​സ​രിച്ച്‌ ജീവി​ത​ത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താ​നും ആ വ്യക്തിയെ സഹായി​ക്കണേ എന്ന്‌ അപേക്ഷി​ക്കാം. ഉപദേശം കിട്ടിയ സഹോ​ദ​രന്‌ അതെക്കു​റിച്ച്‌ ചിന്തി​ക്കാൻ സമയം വേണ്ടി​വ​ന്നേ​ക്കാം. മൂപ്പൻ ആ വ്യക്തി​യോ​ടു ദയയോ​ടെ​യും ക്ഷമയോ​ടെ​യും ആണ്‌ ഇടപെ​ടു​ന്ന​തെ​ങ്കിൽ ഉപദേശം നൽകിയ വിധത്തിൽ ശ്രദ്ധി​ക്കാ​തെ ഉപദേ​ശ​ത്തിൽ ശ്രദ്ധി​ക്കാൻ ആ വ്യക്തിക്കു ബുദ്ധി​മു​ട്ടു​ണ്ടാ​കില്ല. നൽകുന്ന ഉപദേശം ദൈവ​വ​ച​ന​ത്തിൽനി​ന്നാ​യി​രി​ക്കാൻ എപ്പോ​ഴും ശ്രദ്ധി​ക്കണം.

18. (എ) ഉപദേശം നൽകു​മ്പോൾ നമ്മൾ ഏതു കാര്യം മനസ്സിൽപ്പി​ടി​ക്കണം? (ബി) ചതുര​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ, ചിത്ര​ത്തിൽ കാണുന്ന മാതാ​പി​താ​ക്കൾ എന്താണു ചർച്ച ചെയ്യു​ന്നത്‌?

18 സ്വന്തം തെറ്റു​ക​ളിൽനിന്ന്‌ പഠിക്കുക. അപൂർണ​രാ​യ​തു​കൊണ്ട്‌ ഈ ലേഖന​ത്തിൽ പറഞ്ഞി​രി​ക്കുന്ന എല്ലാ നിർദേ​ശ​ങ്ങ​ളും അങ്ങനെ​തന്നെ പാലി​ക്കാൻ നമുക്കു കഴിയില്ല. (യാക്കോ. 3:2) നമു​ക്കെ​ല്ലാം തെറ്റു​പ​റ്റും. അങ്ങനെ സംഭവി​ക്കു​മ്പോൾ അവയിൽനിന്ന്‌ പാഠങ്ങൾ പഠിക്കാൻ നമ്മൾ ശ്രമി​ക്കണം. സഹോ​ദ​ര​ങ്ങളെ നമ്മൾ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു മനസ്സി​ലാ​കു​മ്പോൾ അവരെ വിഷമി​പ്പി​ക്കുന്ന രീതി​യിൽ നമ്മൾ എന്തെങ്കി​ലും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌താ​ലും ക്ഷമിക്കാൻ അവർക്ക്‌ എളുപ്പ​മാ​യി​രി​ക്കും.—“ മാതാ​പി​താ​ക്ക​ളോട്‌ ഒരു വാക്ക്‌” എന്ന ചതുരം കാണുക.

നമ്മൾ എന്താണു പഠിച്ചത്‌?

19. നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ ഹൃദയ​ത്തി​നു സന്തോ​ഷ​മേ​കാൻ നമുക്ക്‌ എങ്ങനെ കഴിയും?

19 നമ്മൾ കണ്ടതു​പോ​ലെ നല്ല ഉപദേശം നൽകാൻ എപ്പോ​ഴും അത്ര എളുപ്പമല്ല. ഉപദേശം കൊടു​ക്കു​ന്ന​വ​രും അതു സ്വീക​രി​ക്കു​ന്ന​വ​രും അപൂർണ​രാണ്‌. ഈ ലേഖന​ത്തിൽ നമ്മൾ പഠിച്ച തത്ത്വങ്ങൾ എപ്പോ​ഴും ഓർക്കണം. സഹോ​ദ​ര​ങ്ങ​ളോ​ടുള്ള സ്‌നേ​ഹ​മാ​ണോ അവർക്ക്‌ ഉപദേശം കൊടു​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്ന​തെന്നു ചിന്തി​ക്കണം. കൂടാതെ ഈ ഉപദേശം ശരിക്കും ആവശ്യ​മാ​ണോ എന്നും നിങ്ങളാ​ണോ അതു കൊടു​ക്കാൻ പറ്റിയ ആൾ എന്നും ഉറപ്പു​വ​രു​ത്തുക. ഒരു ഉപദേശം നൽകു​ന്ന​തി​നു മുമ്പ്‌ ആ വ്യക്തി​യു​ടെ പ്രശ്‌നങ്ങൾ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. അതിനു​വേണ്ടി ചോദ്യ​ങ്ങൾ ചോദി​ക്കുക. അദ്ദേഹ​ത്തി​നു പറയാ​നു​ള്ളതു നന്നായി ശ്രദ്ധി​ക്കുക. കാര്യ​ങ്ങളെ അദ്ദേഹം കാണു​ന്ന​തു​പോ​ലെ കാണാൻ ശ്രമി​ക്കുക. ദയയോ​ടെ ഇടപെ​ടുക. സഹോ​ദ​ര​ങ്ങ​ളു​മാ​യി നല്ല സുഹൃ​ദ്‌ബ​ന്ധ​ത്തി​ലേക്കു വരുക. നമ്മുടെ ലക്ഷ്യം ഓർക്കുക: നമ്മുടെ ഉപദേശം നല്ലതാ​യി​രു​ന്നാൽ മാത്രം പോരാ. അതു ‘ഹൃദയ​ത്തിന്‌ സന്തോ​ഷ​മേ​കു​ന്ന​തും’ ആയിരി​ക്കണം.—സുഭാ. 27:9.

ഗീതം 103 ഇടയന്മാർ—ദൈവ​ത്തിൽനി​ന്നുള്ള സമ്മാനം

^ ഉപദേശം നൽകു​ന്നത്‌ എപ്പോഴും അത്ര എളുപ്പ​മുള്ള കാര്യമല്ല. എന്നാൽ ഉപദേശം കൊടു​ക്കേ​ണ്ടി​വ​രു​മ്പോൾ ഒരു വ്യക്തിക്കു സന്തോ​ഷ​ത്തോ​ടെ അതു സ്വീക​രി​ക്കാ​നും വേണ്ട മാറ്റങ്ങൾ വരുത്താ​നും തോന്നുന്ന രീതി​യിൽ നമുക്ക്‌ എങ്ങനെ അതു കൊടു​ക്കാ​നാ​കും? അങ്ങനെ ചെയ്യാൻ ഉപദേശം നൽകു​ന്ന​വരെ, പ്രത്യേകിച്ച്‌ മൂപ്പന്മാ​രെ, സഹായി​ക്കുന്ന വിവര​ങ്ങ​ളാണ്‌ ഈ ലേഖന​ത്തി​ലു​ള്ളത്‌.

^ 2021 ഫെബ്രു​വരി ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ശിരഃ​സ്ഥാ​ന​ക്ര​മീ​ക​രണം—സഭയിൽ” എന്ന ലേഖനം കാണുക.