വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 9

യേശു​വി​നെ​പ്പോ​ലെ മറ്റുള്ള​വരെ സഹായി​ക്കാൻ തയ്യാറാ​കുക

യേശു​വി​നെ​പ്പോ​ലെ മറ്റുള്ള​വരെ സഹായി​ക്കാൻ തയ്യാറാ​കുക

“വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌.”—പ്രവൃ. 20:35.

ഗീതം 17 “എനിക്കു മനസ്സാണ്‌”

ചുരുക്കം *

1. യഹോ​വ​യു​ടെ ജനത്തി​നി​ട​യിൽ ഏതു നല്ല മനോ​ഭാ​വ​മാ​ണു നമ്മൾ കാണു​ന്നത്‌?

 ദൈവ​ജനം യഹോ​വ​യു​ടെ സേവന​ത്തി​നു​വേണ്ടി തങ്ങളെ​ത്തന്നെ ‘സ്വമന​സ്സാ​ലെ വിട്ടു​കൊ​ടു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌’ വർഷങ്ങൾക്കു മുമ്പു​തന്നെ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (സങ്കീ. 110:3) ആ പ്രവചനം ഇന്നു നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. യേശു​വി​ന്റെ നേതൃ​ത്വ​ത്തിൻകീ​ഴി​ലാണ്‌ അവർ അതു ചെയ്യു​ന്നത്‌. ഓരോ വർഷവും യഹോ​വ​യു​ടെ തീക്ഷ്‌ണ​ത​യുള്ള ദാസന്മാർ കോടി​ക്ക​ണ​ക്കി​നു മണിക്കൂർ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നാ​യി ചെലവ​ഴി​ക്കു​ന്നു. അവർ അതിനു മനസ്സോ​ടെ മുന്നോ​ട്ടു​വ​രു​ന്നു. സ്വന്തം കൈയിൽനിന്ന്‌ പണം മുടക്കി​യാണ്‌ അവർ അതു ചെയ്യു​ന്നത്‌. കൂടാതെ, തങ്ങളുടെ സഹവി​ശ്വാ​സി​കളെ സഹായി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വിശ്വാ​സ​ത്തിൽ ബലപ്പെ​ടു​ത്താ​നും അവർ തയ്യാറാ​കു​ന്നു. ഇനി, മൂപ്പന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും മീറ്റി​ങ്ങി​ലെ പരിപാ​ടി​കൾ തയ്യാറാ​കാ​നും സഹോ​ദ​ര​ങ്ങൾക്ക്‌ ഇടയസ​ന്ദർശ​നങ്ങൾ നടത്താ​നും ഒരുപാ​ടു മണിക്കൂ​റു​കൾ ചെലവ​ഴി​ക്കു​ന്നുണ്ട്‌. ഇതി​നൊ​ക്കെ അവരെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌? സ്‌നേഹം. യഹോ​വ​യോ​ടും അയൽക്കാ​രോ​ടും ഉള്ള സ്‌നേഹം.—മത്താ. 22:37-39.

2. റോമർ 15:1-3-ൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ യേശു എന്തു മാതൃ​ക​വെച്ചു?

2 സ്വന്തം താത്‌പ​ര്യ​ങ്ങ​ളെ​ക്കാൾ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​ങ്ങൾക്കു പ്രാധാ​ന്യം കൊടു​ക്കു​ന്ന​തിൽ യേശു നല്ലൊരു മാതൃ​ക​വെച്ചു. യേശു​വി​നെ​പ്പോ​ലെ​യാ​യി​രി​ക്കാൻ നമ്മൾ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​ന്നു. (റോമർ 15:1-3 വായി​ക്കുക.) ആ മാതൃക അനുക​രി​ക്കു​ന്ന​തു​കൊണ്ട്‌ നമുക്കു പ്രയോ​ജ​ന​മുണ്ട്‌. യേശു പറഞ്ഞു: “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌.”—പ്രവൃ. 20:35.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്താണു പഠിക്കു​ന്നത്‌?

3 മറ്റുള്ള​വരെ സഹായി​ക്കാൻവേണ്ടി യേശു ചെയ്‌ത ചില ത്യാഗ​ങ്ങ​ളെ​ക്കു​റി​ച്ചും ആ മാതൃക നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം എന്നതി​നെ​ക്കു​റി​ച്ചും ഈ ലേഖന​ത്തിൽ നമ്മൾ കാണും. കൂടാതെ, മറ്റുള്ള​വരെ സഹായി​ക്കാ​നുള്ള ആഗ്രഹം കൂട്ടാൻ നമുക്ക്‌ എന്തു ചെയ്യാ​മെ​ന്നും ചർച്ച ചെയ്യും.

യേശു​വി​ന്റെ മാതൃക അനുകരിക്കുക

നല്ല ക്ഷീണമുണ്ടായിരുന്നെങ്കിലും ജനക്കൂട്ടം അന്വേഷിച്ചുവന്നപ്പോൾ യേശു എന്തു ചെയ്യാൻ തയ്യാറായി? (4-ാം ഖണ്ഡിക കാണുക)

4. യേശു സ്വന്തം താത്‌പ​ര്യ​ങ്ങ​ളെ​ക്കാൾ മറ്റുള്ള​വ​രു​ടെ ആവശ്യ​ങ്ങൾക്കു പ്രാധാ​ന്യം കൊടു​ത്തത്‌ എങ്ങനെ?

4 ക്ഷീണം തോന്നി​യ​പ്പോ​ഴും യേശു മറ്റുള്ള​വരെ സഹായി​ക്കാൻ തയ്യാറാ​യി. യേശു​വി​ന്റെ ജീവി​ത​ത്തി​ലെ ഒരു സംഭവം നോക്കാം. സാധ്യ​ത​യ​നു​സ​രിച്ച്‌, യേശു ഇപ്പോൾ കഫർന്ന​ഹൂ​മിന്‌ അടുത്താണ്‌. രാത്രി മുഴുവൻ യേശു ഒരു മലയിൽ പോയി പ്രാർഥി​ച്ചു. അതു​കൊണ്ട്‌ പിറ്റേന്നു നല്ല ക്ഷീണമു​ണ്ടാ​യി​രു​ന്നി​രി​ക്കണം. ആ സമയത്താണ്‌ ഒരു ജനക്കൂട്ടം യേശു​വി​നെ കാണാൻവ​രു​ന്നത്‌. അക്കൂട്ട​ത്തിൽ പാവ​പ്പെ​ട്ട​വ​രും രോഗി​ക​ളും ഒക്കെയു​ണ്ടാ​യി​രു​ന്നു. അവരെ കണ്ടപ്പോൾ യേശു എന്തു ചെയ്‌തു? അനുകമ്പ തോന്നി​യിട്ട്‌ യേശു അവരെ സുഖ​പ്പെ​ടു​ത്തി. കൂടാതെ അവി​ടെ​വെച്ച്‌ മനോ​ഹ​ര​മായ ഒരു പ്രസം​ഗ​വും നടത്തി. ഇതുവരെ നടന്നി​ട്ടു​ള്ള​തി​ലേ​ക്കും ആളുക​ളു​ടെ ഹൃദയത്തെ ഏറ്റവും സ്‌പർശി​ച്ചി​ട്ടുള്ള പ്രസം​ഗ​ങ്ങ​ളിൽ ഒന്നായ മലയിലെ പ്രസംഗം.—ലൂക്കോ. 6:12-20.

മറ്റുള്ള​വരെ സഹായി​ക്കുന്ന കാര്യ​ത്തിൽ യേശു​വെച്ച മാതൃക നമുക്ക്‌ എങ്ങനെ​യെ​ല്ലാം അനുക​രി​ക്കാം? (5-ാം ഖണ്ഡിക കാണുക)

5. ക്ഷീണി​ത​രാ​യി​രി​ക്കു​മ്പോ​ഴും കുടും​ബ​നാ​ഥ​ന്മാർ യേശു​വി​ന്റെ മാതൃക അനുക​രി​ക്കു​ന്നത്‌ എങ്ങനെ?

5 കുടും​ബ​നാ​ഥ​ന്മാർ യേശു​വി​നെ അനുക​രി​ക്കു​ന്നു. ഈ രംഗം ഒന്നു ഭാവന​യിൽ കാണുക. രാവി​ലെ​മു​തൽ വൈകു​ന്നേ​രം​വരെ ജോലി ചെയ്‌ത്‌ ക്ഷീണിച്ച്‌ തളർന്ന്‌ ഒരു കുടും​ബ​നാ​ഥൻ വീട്ടിൽ എത്തിയി​രി​ക്കു​ക​യാണ്‌. അന്നു വൈകു​ന്നേ​ര​മാ​ണു കുടും​ബാ​രാ​ധന ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. ‘ഇനി ഇതും​കൂ​ടെ നടത്താൻ എന്നെ​ക്കൊണ്ട്‌ വയ്യാ’ എന്നു തോന്നുന്ന അത്ര ക്ഷീണം അദ്ദേഹ​ത്തി​നുണ്ട്‌. എന്നാൽ അതു നടത്താ​നുള്ള ശക്തിക്കാ​യി അദ്ദേഹം യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു. യഹോവ ആ പ്രാർഥന കേട്ടു. അങ്ങനെ അദ്ദേഹ​ത്തി​നു പതിവു​പോ​ലെ കുടും​ബാ​രാ​ധന നടത്താ​നാ​യി. അതിലൂ​ടെ അദ്ദേഹ​ത്തി​ന്റെ മക്കൾ വളരെ പ്രധാ​ന​പ്പെട്ട ഒരു പാഠമാ​ണു പഠിച്ചത്‌: തങ്ങളുടെ അപ്പനും അമ്മയ്‌ക്കും മറ്റ്‌ എന്തി​നെ​ക്കാ​ളും പ്രധാനം ആത്മീയ​കാ​ര്യ​ങ്ങ​ളാ​ണെന്ന സത്യം.

6. ഒറ്റയ്‌ക്കാ​യി​രി​ക്കാൻ ആഗ്രഹി​ച്ച​പ്പോ​ഴും മറ്റുള്ള​വർക്കു​വേണ്ടി യേശു സമയം ചെലവ​ഴി​ച്ച​തി​ന്റെ ഒരു ഉദാഹ​രണം പറയുക.

6 ഒറ്റയ്‌ക്കാ​യി​രി​ക്കാൻ ആഗ്രഹി​ച്ച​പ്പോ​ഴും യേശു മറ്റുള്ള​വർക്കു​വേണ്ടി സമയം ചെലവ​ഴി​ക്കാൻ തയ്യാറാ​യി. യേശു​വി​ന്റെ ജീവി​ത​ത്തി​ലെ മറ്റൊരു സംഭവം നോക്കാം. യേശു​വി​ന്റെ സുഹൃ​ത്തായ യോഹ​ന്നാൻ സ്‌നാ​പകൻ കൊല്ല​പ്പെട്ടു. അത്‌ അറിഞ്ഞ​പ്പോൾ യേശു​വിന്‌ എത്ര സങ്കടം തോന്നി​ക്കാ​ണും! ബൈബിൾ പറയുന്നു: “ഇതു കേട്ട​പ്പോൾ, (യോഹ​ന്നാ​ന്റെ മരണ​ത്തെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ) കുറച്ച്‌ നേരം തനിച്ച്‌ ഇരിക്കാൻവേണ്ടി യേശു വള്ളത്തിൽ കയറി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി.” (മത്താ. 14:10-13) യേശു തനിച്ചി​രി​ക്കാൻ ആഗ്രഹി​ച്ചത്‌ എന്തു​കൊ​ണ്ടാ​ണെന്നു നമുക്കു മനസ്സി​ലാ​കും. സങ്കടം വരു​മ്പോൾ ഒറ്റയ്‌ക്ക്‌ ഇരിക്കാൻ ചില​പ്പോ​ഴൊ​ക്കെ നമുക്കും തോന്നാ​റി​ല്ലേ? പക്ഷേ യേശു​വിന്‌ അതിനു പറ്റിയില്ല. കാരണം ആ ഒറ്റപ്പെട്ട സ്ഥലത്ത്‌ എത്തുന്ന​തി​നു മുമ്പേ വലിയ ഒരു ജനക്കൂട്ടം അവി​ടെ​യെത്തി. യേശു അപ്പോൾ എന്തു ചെയ്‌തു? അവരുടെ അവസ്ഥ കണ്ട്‌ യേശു​വിന്‌ “അലിവ്‌ തോന്നി.” ദൈവ​ത്തിൽനി​ന്നുള്ള സഹായ​വും ആശ്വാ​സ​വും അവർക്ക്‌ എത്ര ആവശ്യ​മാ​ണെന്നു തിരി​ച്ച​റിഞ്ഞ യേശു പെട്ടെ​ന്നു​തന്നെ അവരെ സഹായി​ക്കാൻ തയ്യാറാ​യി. അതു​കൊണ്ട്‌ യേശു “അവരെ (ഒന്നോ രണ്ടോ കാര്യ​ങ്ങളല്ല) പലതും പഠിപ്പി​ച്ചു.”—മർക്കോ. 6:31-34; ലൂക്കോ. 9:10, 11.

7-8. സഭയിൽ ആർക്കെ​ങ്കി​ലും ഒരു ആവശ്യ​മു​ണ്ടാ​കു​മ്പോൾ മൂപ്പന്മാർ യേശു​വി​നെ​പ്പോ​ലെ സ്‌നേഹം കാണി​ക്കു​ന്ന​തി​ന്റെ ഒരു ഉദാഹ​രണം പറയുക.

7 മൂപ്പന്മാർ സ്‌നേ​ഹ​ത്തോ​ടെ യേശു​വി​നെ അനുക​രി​ക്കു​ന്നു. നമുക്കു​വേണ്ടി ഒരുപാട്‌ അധ്വാ​നി​ക്കുന്ന മൂപ്പന്മാ​രോ​ടു നമ്മളെ​ല്ലാം എത്ര നന്ദിയു​ള്ള​വ​രാണ്‌, അല്ലേ? സഭയ്‌ക്കു​വേണ്ടി അവർ എത്രമാ​ത്രം ജോലി ചെയ്യുന്നു എന്ന കാര്യം മിക്ക സഹോ​ദ​ര​ങ്ങ​ളും അറിയു​ന്നു​ണ്ടാ​കില്ല. ഉദാഹ​ര​ണ​ത്തിന്‌, സഹോ​ദ​ര​ങ്ങ​ളിൽ ആർക്കെ​ങ്കി​ലും അടിയ​ന്തി​ര​മായ ഒരു ചികിത്സ ആവശ്യ​മാ​യി​വ​രുന്ന സമയത്ത്‌ ആശുപ​ത്രി ഏകോ​പ​ന​സ​മി​തി​യി​ലെ അംഗങ്ങൾ സഹായ​ത്തി​നാ​യി ഓടി​യെ​ത്തു​ന്നു. പലപ്പോ​ഴും അത്തര​മൊ​രു സാഹച​ര്യ​മു​ണ്ടാ​കു​ന്നതു രാത്രി​യി​ലാ​യി​രി​ക്കും. പക്ഷേ അങ്ങനെ​യൊ​രു ആവശ്യ​മു​ണ്ടാ​കു​മ്പോൾ സമയ​മൊ​ന്നും അവർ നോക്കാ​റില്ല. അവരും അവരുടെ കുടും​ബാം​ഗ​ങ്ങ​ളും സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കു​ന്നു. അതു​കൊണ്ട്‌ സ്വന്തം താത്‌പ​ര്യ​ങ്ങ​ളെ​ക്കാൾ സഹോ​ദ​ര​ങ്ങ​ളു​ടെ താത്‌പ​ര്യ​ങ്ങൾക്കു പ്രാധാ​ന്യം കൊടു​ക്കാൻ അവർ തയ്യാറാ​കു​ന്നു.

8 ഇനി, മൂപ്പന്മാർ രാജ്യ​ഹാ​ളു​ക​ളു​ടെ​യും മറ്റു കെട്ടി​ട​ങ്ങ​ളു​ടെ​യും നിർമാ​ണ​ത്തി​ലും അതു​പോ​ലെ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങ​ളി​ലും സഹായി​ക്കു​ന്നു. കൂടാതെ സഭയിൽ പഠിപ്പി​ക്കാ​നും സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അതിനു​വേണ്ടി തയ്യാറാ​കാ​നും ഒക്കെ മൂപ്പന്മാർ എത്ര​യെത്ര മണിക്കൂ​റു​ക​ളാ​ണു ചെലവ​ഴി​ക്കു​ന്നത്‌! ഈ സഹോ​ദ​ര​ന്മാ​രെ​യും അവരുടെ കുടും​ബാം​ഗ​ങ്ങ​ളെ​യും എത്ര അഭിന​ന്ദി​ച്ചാ​ലും മതിയാ​കില്ല. സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി തങ്ങളെ​ത്തന്നെ വിട്ടു​കൊ​ടു​ക്കാൻ തയ്യാറാ​കുന്ന നമ്മുടെ പ്രിയ മൂപ്പന്മാ​രെ യഹോവ അനു​ഗ്ര​ഹി​ക്കട്ടെ. എന്നാൽ മറ്റെല്ലാ സഹോ​ദ​ര​ങ്ങ​ളെ​യും​പോ​ലെ മൂപ്പന്മാ​രും ഒരു കാര്യം മനസ്സിൽപ്പി​ടി​ക്കണം: കുടും​ബ​ത്തി​നു​വേണ്ടി ചെലവ​ഴി​ക്കാൻ ഒട്ടും സമയമി​ല്ലാത്ത വിധം സഭാകാ​ര്യ​ങ്ങ​ളിൽ മുഴു​ക​രുത്‌.

മറ്റുള്ള​വരെ സഹായി​ക്കാ​നുള്ള ആഗ്രഹം കൂട്ടാൻ നമുക്ക്‌ എന്തു ചെയ്യാം?

9. ഫിലി​പ്പി​യർ 2:4, 5 അനുസ​രിച്ച്‌ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ഏതു മനോ​ഭാ​വം വളർത്തണം?

9 ഫിലി​പ്പി​യർ 2:4, 5 വായി​ക്കുക. സ്വന്തം താത്‌പ​ര്യ​ങ്ങ​ളെ​ക്കാൾ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​ങ്ങൾക്കു പ്രാധാ​ന്യം കൊടു​ക്കേ​ണ്ടതു മൂപ്പന്മാർ മാത്രമല്ല. ഇക്കാര്യ​ത്തിൽ യേശു​വി​നെ അനുക​രി​ക്കാൻ നമു​ക്കെ​ല്ലാം പഠിക്കാ​നാ​കും. യേശു ‘ഒരു അടിമ​യു​ടെ രൂപം എടുത്തു’ എന്നാണു ബൈബിൾ പറയു​ന്നത്‌. (ഫിലി. 2:7) അതെക്കു​റിച്ച്‌ ഒന്നു ചിന്തിച്ച്‌ നോക്കൂ. നല്ല ഒരു അടിമ​യോ ദാസനോ എപ്പോ​ഴും യജമാ​നന്‌ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാ​നുള്ള അവസര​ങ്ങൾക്കാ​യി അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കും. നമ്മളും, യഹോ​വ​യു​ടെ അടിമ​ക​ളും സഹോ​ദ​ര​ങ്ങ​ളു​ടെ ദാസന്മാ​രും ആണ്‌. അതു​കൊണ്ട്‌ യഹോ​വ​യ്‌ക്കും സഹോ​ദ​ര​ങ്ങൾക്കും ഇഷ്ടമുള്ള രീതി​യിൽ പ്രവർത്തി​ക്കാൻ നമ്മളും ആഗ്രഹി​ക്കു​ന്നു. അതിനു​വേണ്ടി നമുക്കു ചെയ്യാ​നാ​കുന്ന ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഇനി നോക്കാം.

10. നമുക്കു നമ്മളോ​ടു​തന്നെ ഏതെല്ലാം ചോദ്യ​ങ്ങൾ ചോദി​ക്കാം?

10 നിങ്ങളു​ടെ മനോ​ഭാ​വ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. നിങ്ങൾക്കു നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കാം: ‘മറ്റുള്ള​വരെ സഹായി​ക്കാൻ ഞാൻ എത്ര​ത്തോ​ളം തയ്യാറാണ്‌? ഉദാഹ​ര​ണ​ത്തിന്‌, പ്രായ​മുള്ള ഒരു സഹോ​ദ​രനെ പോയി കാണാ​നോ പ്രായ​മുള്ള ഒരു സഹോ​ദ​രി​യെ മീറ്റി​ങ്ങി​നു കൂട്ടി​ക്കൊ​ണ്ടു​പോ​കാ​നോ ആവശ്യ​പ്പെ​ടു​മ്പോൾ ഞാൻ എന്താണു ചെയ്യാ​റു​ള്ളത്‌? ഒരു കൺ​വെൻ​ഷൻസ്ഥലം വൃത്തി​യാ​ക്കാ​നോ രാജ്യ​ഹാ​ളി​ന്റെ അറ്റകു​റ്റ​പ്പ​ണി​കൾ ചെയ്യാ​നോ പറഞ്ഞാൽ ഞാൻ മനസ്സോ​ടെ അതിനു തയ്യാറാ​കാ​റു​ണ്ടോ?’ നമ്മൾ യഹോ​വ​യ്‌ക്കു നമ്മളെ​ത്തന്നെ സമർപ്പി​ച്ച​പ്പോൾ നമുക്കു​ള്ള​തെ​ല്ലാം യഹോ​വയെ സേവി​ക്കു​ന്ന​തി​നു​വേണ്ടി നൽകാ​മെന്നു വാക്കു കൊടു​ത്ത​താണ്‌. അതു​കൊണ്ട്‌ നമ്മുടെ സമയവും ഊർജ​വും വസ്‌തു​വ​ക​ക​ളും മറ്റുള്ള​വരെ സഹായി​ക്കാൻവേണ്ടി ഉപയോ​ഗി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നുണ്ട്‌. നമ്മൾ മനസ്സോ​ടെ അങ്ങനെ ചെയ്യു​മ്പോൾ യഹോ​വ​യ്‌ക്കു സന്തോ​ഷ​മാ​കും. ഇക്കാര്യ​ത്തിൽ ഇനിയും മെച്ച​പ്പെ​ടേ​ണ്ട​തു​ണ്ടെന്നു തോന്നു​ന്നെ​ങ്കിൽ നമുക്ക്‌ എന്തു ചെയ്യാം?

11. മറ്റുള്ള​വരെ സഹായി​ക്കുന്ന കാര്യ​ത്തിൽ മെച്ച​പ്പെ​ടേ​ണ്ട​തു​ണ്ടെന്നു തോന്നു​ന്നെ​ങ്കിൽ പ്രാർഥന നമ്മളെ എങ്ങനെ സഹായി​ക്കും?

11 ആത്മാർഥ​മാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കുക. ചില കാര്യ​ങ്ങ​ളിൽ മെച്ച​പ്പെ​ടേ​ണ്ട​തു​ണ്ടെന്നു നിങ്ങൾക്ക്‌ അറിയാം. എന്നാൽ വേണ്ട മാറ്റങ്ങൾ വരുത്താ​നുള്ള ആഗ്രഹം തോന്നു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാം? നിങ്ങളെ സഹായി​ക്കണേ എന്ന്‌ ആത്മാർഥ​മാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കുക. നിങ്ങളു​ടെ പ്രശ്‌നം എന്താ​ണെ​ന്നും നിങ്ങൾക്ക്‌ എന്തു തോന്നു​ന്നെ​ന്നും യഹോ​വ​യോ​ടു തുറന്നു​പ​റ​യുക. “ആഗ്രഹ​വും പ്രവർത്തി​ക്കാ​നുള്ള ശക്തിയും” തരണേ എന്ന്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കുക.—ഫിലി. 2:13.

12. സ്‌നാ​ന​പ്പെട്ട ചെറു​പ്പ​ക്കാ​രായ സഹോ​ദ​ര​ന്മാർക്കു സഭയെ എങ്ങനെ സഹായി​ക്കാം?

12 നിങ്ങൾ സ്‌നാ​ന​പ്പെട്ട ഒരു ചെറു​പ്പ​ക്കാ​ര​നാ​ണോ? എങ്കിൽ സഭയിലെ സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി കൂടു​ത​ലാ​യി എന്തെങ്കി​ലു​മൊ​ക്കെ ചെയ്യാ​നുള്ള ആഗ്രഹം വളർത്തി​യെ​ടു​ക്കാൻ സഹായി​ക്കണേ എന്ന്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കുക. ചില രാജ്യ​ങ്ങ​ളിൽ മൂപ്പന്മാർ കൂടു​ത​ലും ശുശ്രൂ​ഷാ​ദാ​സ​ന്മാർ കുറവും ആണ്‌. ഉള്ള ശുശ്രൂ​ഷാ​ദാ​സ​ന്മാ​രിൽ പലരും അത്ര ചെറു​പ്പ​വും അല്ല. നമ്മുടെ സംഘടന വളരു​ന്ന​ത​നു​സ​രിച്ച്‌ യഹോ​വ​യു​ടെ ജനത്തെ സഹായി​ക്കാൻ ചെറു​പ്പ​ക്കാ​രായ കൂടുതൽ സഹോ​ദ​ര​ന്മാ​രെ നമുക്ക്‌ ആവശ്യ​മുണ്ട്‌. സഭയിൽ നിങ്ങ​ളെ​ക്കൊണ്ട്‌ ചെയ്യാ​നാ​കുന്ന ഏതു കാര്യ​ത്തി​നും മനസ്സോ​ടെ മുന്നോ​ട്ടു​വ​രു​ന്നെ​ങ്കിൽ അതു​കൊണ്ട്‌ പല പ്രയോ​ജ​ന​ങ്ങ​ളു​മുണ്ട്‌. നിങ്ങൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ക​യാ​യി​രി​ക്കും. നിങ്ങൾക്കു​തന്നെ നല്ലൊരു പേരു​ണ്ടാ​കും. ഇനി, സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്ന​തി​ന്റെ സന്തോ​ഷ​വും സംതൃ​പ്‌തി​യും നിങ്ങൾക്കു കിട്ടും.

യഹൂദ്യയിലുള്ള ക്രിസ്‌ത്യാ​നി​കൾ യോർദാൻ നദി കുറുകെ കടന്ന്‌ പെല്ല നഗരത്തി​ലേക്ക്‌ ഓടി​പ്പോ​യി. അവിടെ നേരത്തേ എത്തിയവർ പുതു​താ​യി വന്ന സഹക്രി​സ്‌ത്യാ​നി​കൾക്കു ഭക്ഷണസാ​ധ​നങ്ങൾ വിതരണം ചെയ്യുന്നു (13-ാം ഖണ്ഡിക കാണുക)

13-14. നമ്മുടെ സഹോ​ദ​ര​ങ്ങളെ സഹായി​ക്കാൻ നമുക്ക്‌ എന്തൊക്കെ ചെയ്യാം? (പുറം​താ​ളി​ലെ ചിത്രം കാണുക.)

13 മറ്റുള്ള​വ​രു​ടെ ആവശ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​രാ​യി​രി​ക്കുക. പൗലോസ്‌ അപ്പോ​സ്‌തലൻ എബ്രാ​യ​ക്രി​സ്‌ത്യാ​നി​ക​ളോ​ടു പറഞ്ഞു: “നന്മ ചെയ്യാ​നും നിങ്ങൾക്കു​ള്ളതു മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാ​നും മറക്കരുത്‌. അങ്ങനെ​യുള്ള ബലിക​ളി​ലാ​ണു ദൈവം പ്രസാ​ദി​ക്കു​ന്നത്‌.” (എബ്രാ. 13:16) അതു നല്ലൊരു ഉപദേ​ശ​മാ​യി​രു​ന്നു. ഈ കത്തു കിട്ടി അധികം താമസി​യാ​തെ യഹൂദ്യ​യി​ലുള്ള ക്രിസ്‌ത്യാ​നി​കൾക്കു തങ്ങളുടെ വീടും തൊഴി​ലും അതു​പോ​ലെ വിശ്വാ​സ​ത്തി​ലി​ല്ലാത്ത ബന്ധുക്ക​ളെ​യും വിട്ട്‌ ‘മലകളി​ലേക്ക്‌ ഓടി​പ്പോ​കേ​ണ്ടി​വന്നു.’ (മത്താ. 24:16) ആ സമയത്ത്‌ അവർ മറ്റുള്ള​വരെ സഹായി​ക്കേ​ണ്ടതു വളരെ ആവശ്യ​മാ​യി​രു​ന്നു. പൗലോസ്‌ കൊടുത്ത ആ ഉപദേശം അവർ നേര​ത്തേ​തന്നെ അനുസ​രി​ക്കു​ന്ന​വ​രാ​യി​രു​ന്നെ​ങ്കിൽ ഇപ്പോൾ ഈ പുതിയ സാഹച​ര്യ​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ അവർക്കു കുറെ​ക്കൂ​ടി എളുപ്പ​മാ​കു​മാ​യി​രു​ന്നു.

14 നമ്മുടെ സഹോ​ദ​രങ്ങൾ അവരുടെ ആവശ്യങ്ങൾ എപ്പോ​ഴും തുറന്നു​പ​റ​യ​ണ​മെ​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, ഒരു സഹോ​ദ​രന്റെ ഭാര്യ മരിച്ചു​പോ​യെ​ന്നി​രി​ക്കട്ടെ. നമ്മുടെ സഹോ​ദ​രനു ഭക്ഷണം ഉണ്ടാക്കാ​നോ എവി​ടെ​യെ​ങ്കി​ലും പോകാ​നോ വീട്ടിലെ ജോലി​കൾ ചെയ്യാ​നോ എന്തെങ്കി​ലും സഹായം ആവശ്യ​മു​ണ്ടോ? നമുക്ക്‌ ഒരു ബുദ്ധി​മു​ട്ടാ​കു​മെന്നു കരുതി അദ്ദേഹം ചില​പ്പോൾ തന്റെ ആവശ്യങ്ങൾ നമ്മളോ​ടു പറഞ്ഞെ​ന്നു​വ​രില്ല. എന്നാൽ അദ്ദേഹം ചോദി​ക്കാ​തെ​തന്നെ സഹായി​ക്കാൻ നമ്മൾ തയ്യാറാ​കു​ന്നെ​ങ്കിൽ അദ്ദേഹ​ത്തി​നു സന്തോ​ഷ​മാ​യി​രി​ക്കും. വേറെ ആരെങ്കി​ലും അദ്ദേഹത്തെ സഹായി​ക്കു​മെ​ന്നോ സഹായം ആവശ്യ​മു​ണ്ടെ​ങ്കിൽ അദ്ദേഹം ചോദി​ച്ചു​കൊ​ള്ളു​മെ​ന്നോ ഒരിക്ക​ലും ചിന്തി​ക്ക​രുത്‌. നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘ഞാനാ​യി​രു​ന്നു അങ്ങനെ​യൊ​രു സാഹച​ര്യ​ത്തി​ലെ​ങ്കിൽ എന്തു സഹായം കിട്ടാ​നാ​യി​രി​ക്കും ഞാൻ ആഗ്രഹി​ക്കു​ന്നത്‌?’

15. മറ്റുള്ള​വരെ സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നമ്മൾ എങ്ങനെ​യു​ള്ള​വ​രാ​യി​രി​ക്കണം?

15 മറ്റുള്ള​വർക്കു സഹായം ചോദി​ക്കാൻ തോന്നുന്ന തരത്തി​ലുള്ള ഒരാളാ​യി​രി​ക്കുക. നിങ്ങളു​ടെ സഭയി​ലുള്ള, എപ്പോൾ വേണ​മെ​ങ്കി​ലും സഹായി​ക്കാൻ ഒരു മടിയും ഇല്ലാത്ത സഹോ​ദ​ര​ങ്ങളെ എന്തായാ​ലും നിങ്ങൾക്ക്‌ അറിയാം. നമ്മൾ അവരെ ബുദ്ധി​മു​ട്ടി​ക്കു​ക​യാ​ണെന്ന്‌ അവർ ഒരിക്ക​ലും ചിന്തി​ക്കില്ല. എന്തു സഹായം ചോദി​ച്ചാ​ലും ചെയ്‌തു​ത​രാൻ അവർക്കു സന്തോ​ഷമേ ഉള്ളൂ. അവരെ കാണു​മ്പോൾ നമുക്കും അങ്ങനെ​യൊ​ക്കെ ആകണ​മെന്നു തോന്നും, ശരിയല്ലേ? അത്തരം ആഗ്രഹ​മുള്ള ഒരാളാണ്‌ ഇപ്പോൾ 45 വയസ്സുള്ള അലൻ സഹോ​ദരൻ. ഒരു മൂപ്പനായ അദ്ദേഹം യേശു​വി​ന്റെ മാതൃ​ക​യെ​ക്കു​റിച്ച്‌ ഓർത്തു​കൊണ്ട്‌ പറയുന്നു: “എത്ര തിരക്കു​ള്ള​യാ​ളാ​യി​രു​ന്നു യേശു! പക്ഷേ യേശു​വി​നു തങ്ങളെ​ക്കു​റിച്ച്‌ ശരിക്കും ചിന്തയു​ണ്ടെന്ന്‌ ആളുകൾക്ക്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ എല്ലാ പ്രായ​ക്കാർക്കും യേശു​വി​നെ ഇഷ്ടമാ​യി​രു​ന്നു. യേശു​വി​നോ​ടു സഹായം ചോദി​ക്കാൻ അവർക്ക്‌ ഒരു മടിയും തോന്നി​യില്ല. എനിക്കും അതു​പോ​ലെ​യാ​കണം. ആർക്കും എപ്പോൾ വേണ​മെ​ങ്കി​ലും സഹായം ചോദി​ക്കാ​വുന്ന, അവരെ​ക്കു​റിച്ച്‌ ശരിക്കും ചിന്തയുള്ള ഒരു കൂട്ടു​കാ​ര​നാ​യി അവർ എന്നെ കാണണ​മെ​ന്നാണ്‌ എന്റെ ആഗ്രഹം.”

16. സങ്കീർത്തനം 119:59, 60-ലെ ഉപദേശം അനുസ​രി​ക്കു​ന്നതു യേശു​വി​ന്റെ മാതൃ​ക​യ്‌ക്കു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ നമ്മളെ എങ്ങനെ സഹായി​ക്കും?

16 നമുക്ക്‌ ആർക്കും പൂർണ​മാ​യി യേശു​വി​നെ​പ്പോ​ലെ​യാ​കാൻ പറ്റില്ല. പക്ഷേ അതോർത്ത്‌ വിഷമി​ക്കേണ്ടാ. (യാക്കോ. 3:2) ഇതെക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കുക. ഒരു വിദ്യാർഥി അധ്യാ​പ​ക​നിൽനിന്ന്‌ ചിത്രം വരയ്‌ക്കാൻ പഠിക്കു​ക​യാണ്‌. അധ്യാ​പകൻ ചെയ്യുന്ന അത്രയും നന്നായി ചെയ്യാൻ വിദ്യാർഥി​ക്കു കഴി​ഞ്ഞെ​ന്നു​വ​രില്ല. എന്നാൽ ഓരോ തവണ തെറ്റു പറ്റു​മ്പോ​ഴും അതു തിരു​ത്തി​ക്കൊണ്ട്‌ അധ്യാ​പ​ക​നെ​പ്പോ​ലെ​യാ​കാൻ പരമാ​വധി ശ്രമി​ക്കു​ക​യാ​ണെ​ങ്കിൽ അവനു കൂടു​തൽക്കൂ​ടു​തൽ മെച്ച​പ്പെ​ടാ​നാ​കും. അതു​പോ​ലെ, ബൈബി​ളിൽനിന്ന്‌ പഠിക്കുന്ന കാര്യങ്ങൾ അനുസ​രി​ക്കാ​നും തെറ്റുകൾ തിരു​ത്താ​നും പരമാ​വധി ശ്രമി​ക്കു​ന്നെ​ങ്കിൽ നമുക്കും യേശു​വി​ന്റെ മാതൃക നന്നായി അനുക​രി​ക്കാ​നാ​കും.സങ്കീർത്തനം 119:59, 60 വായി​ക്കുക.

മറ്റുള്ള​വരെ സഹായി​ക്കാൻ തയ്യാറാ​കു​ന്ന​തി​ന്റെ പ്രയോജനങ്ങൾ

മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിൽ യേശു​വി​ന്റെ മാതൃക അനുക​രി​ച്ചു​കൊണ്ട്‌ മൂപ്പന്മാർ ചെറുപ്പക്കാർക്കു നല്ലൊരു മാതൃക വെക്കുന്നു (17-ാം ഖണ്ഡിക കാണുക) *

17-18. മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിൽ യേശു​വി​ന്റെ മാതൃക അനുക​രി​ക്കു​ന്ന​തി​ലൂ​ടെ നമുക്ക്‌ എന്തെല്ലാം പ്രയോ​ജ​നങ്ങൾ കിട്ടും?

17 നമ്മൾ സഹോ​ദ​ര​ങ്ങളെ സഹായി​ക്കാൻ തയ്യാറാ​കു​മ്പോൾ അതു കണ്ടിട്ടു മറ്റുള്ള​വർക്കും അങ്ങനെ ചെയ്യാൻ തോന്നും. ഒരു മൂപ്പനായ റ്റിം സഹോ​ദരൻ പറയുന്നു: “ഞങ്ങളുടെ സഭയിൽ ചെറു​പ്പ​ക്കാ​രായ കുറെ ശുശ്രൂ​ഷാ​ദാ​സ​ന്മാ​രുണ്ട്‌. പലർക്കും വളരെ ചെറു​പ്പ​ത്തിൽത്തന്നെ അങ്ങനെ​യൊ​രു നിയമനം കിട്ടി. അതിന്റെ ഒരു കാരണം, മറ്റുള്ള​വരെ സഹായി​ക്കാൻ തയ്യാറാ​യി അവർ മുന്നോ​ട്ടു വന്നു എന്നതാണ്‌. അവരെ അതിനു പ്രേരി​പ്പി​ച്ചത്‌, അങ്ങനെ ചെയ്യുന്ന മറ്റു സഹോ​ദ​ര​ങ്ങ​ളു​ടെ നല്ല മാതൃ​ക​യാ​യി​രു​ന്നു. ചെറു​പ്പ​ക്കാ​രായ ഈ സഹോ​ദ​ര​ന്മാർ സഭയ്‌ക്കു വലി​യൊ​രു സഹായ​മാണ്‌, അതു​പോ​ലെ മൂപ്പന്മാർക്കും.”

18 ലോക​ത്തി​ലെ ആളുകൾ ഇന്നു പൊതു​വേ വളരെ സ്വാർഥ​രാണ്‌. പക്ഷേ യഹോ​വ​യു​ടെ സാക്ഷികൾ ഒരിക്ക​ലും അങ്ങനെയല്ല. മറ്റുള്ള​വരെ സഹായി​ക്കാൻ മനസ്സു​കാ​ണിച്ച യേശു​വി​ന്റെ മാതൃക നമ്മളെ ശരിക്കും സ്വാധീ​നി​ച്ചി​ട്ടുണ്ട്‌. യേശു​വി​നെ​പ്പോ​ലെ​യാ​യി​രി​ക്കാൻ നമ്മൾ ഉറച്ച തീരു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്നു. നമുക്കു പൂർണ​മാ​യും യേശു​വി​നെ​പ്പോ​ലെ​യാ​കാൻ കഴിയില്ല എന്നുള്ളതു ശരിയാണ്‌. പക്ഷേ നമുക്ക്‌ ‘യേശു​വി​ന്റെ കാലടി​കൾക്കു തൊട്ടു​പി​ന്നാ​ലെ ചെല്ലാ​നാ​കും.’ (1 പത്രോ. 2:21) യേശു​വി​നെ അനുക​രി​ക്കാൻ നമ്മൾ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​മ്പോൾ യഹോ​വ​യു​ടെ അംഗീ​കാ​രം നേടാ​നും അതിന്റെ സന്തോഷം അനുഭ​വി​ക്കാ​നും നമുക്കാ​കും.

ഗീതം 13 നമ്മുടെ മാതൃ​കാ​പു​രു​ഷൻ, ക്രിസ്‌തു

^ യേശു എപ്പോ​ഴും സ്വന്തം താത്‌പ​ര്യ​ങ്ങ​ളെ​ക്കാൾ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​ങ്ങൾക്കാ​ണു പ്രാധാ​ന്യം കൊടു​ത്തത്‌. ഇക്കാര്യ​ത്തിൽ നമുക്ക്‌ എങ്ങനെ യേശു​വി​നെ അനുക​രി​ക്കാ​മെ​ന്നാണ്‌ ഈ ലേഖന​ത്തിൽ കാണാൻപോ​കു​ന്നത്‌. യേശു​വി​നെ​പ്പോ​ലെ​യാ​യി​രി​ക്കാൻ ശ്രമി​ക്കു​ന്നതു നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യു​മെ​ന്നും നമ്മൾ പഠിക്കും.

^ ചിത്രത്തിന്റെ വിവരണം: ആശുപ​ത്രി​യിൽ കിടക്കുന്ന തന്റെ പപ്പയെ കാണാൻ രണ്ടു മൂപ്പന്മാർ വരുന്നതു ഡാൻ എന്നു പേരുള്ള ചെറു​പ്പ​ക്കാ​ര​നായ സഹോ​ദരൻ കാണുന്നു. മൂപ്പന്മാ​രു​ടെ ആ നല്ല മാതൃക ഡാനിന്‌ ഇഷ്ടമായി. സഭയിലെ മറ്റുള്ള​വരെ സഹായി​ക്കാൻ അതു ഡാനിനെ പ്രേരി​പ്പി​ക്കു​ന്നു. സഹോ​ദ​ര​ങ്ങളെ സഹായി​ക്കാൻവേണ്ടി ഡാൻ ചെയ്യുന്ന കാര്യങ്ങൾ ചെറു​പ്പ​ക്കാ​ര​നായ ബെൻ സഹോ​ദരൻ കാണുന്നു. ഡാനിന്റെ നല്ല മാതൃക രാജ്യ​ഹാൾ വൃത്തി​യാ​ക്കു​ന്ന​തിൽ സഹായി​ക്കാൻ ബെന്നിനെ പ്രേരി​പ്പി​ക്കു​ന്നു.