വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതകഥ

മരുന്നി​നെ​ക്കാൾ മൂല്യ​മുള്ള ഒന്നു ഞാൻ കണ്ടെത്തി

മരുന്നി​നെ​ക്കാൾ മൂല്യ​മുള്ള ഒന്നു ഞാൻ കണ്ടെത്തി

“നിങ്ങൾ ഇപ്പോൾ പറഞ്ഞ കാര്യം കുട്ടി​ക്കാ​ലം​മു​ത​ലുള്ള എന്റെ സ്വപ്‌ന​മാണ്‌!” എന്നു ഞാൻ വളരെ ആവേശ​ത്തോ​ടെ അവരോ​ടു പറഞ്ഞു. എന്നെ കാണാൻവന്ന രണ്ടു രോഗി​ക​ളാ​യി​രു​ന്നു അവർ. 1971-ലാണ്‌ ഈ സംഭവം. ഡോക്ട​റാ​യ​തി​നു ശേഷം ഞാൻ സ്വന്തമാ​യി ഒരു ക്ലിനിക്ക്‌ തുടങ്ങി​യതേ ഉണ്ടായി​രു​ന്നു​ള്ളൂ. ആരായി​രു​ന്നു ആ രോഗി​കൾ? എന്തായി​രു​ന്നു എന്റെ ആ സ്വപ്‌നം? അവരു​മാ​യുള്ള ആ സംഭാ​ഷണം എന്റെ ജീവി​ത​ല​ക്ഷ്യ​ങ്ങളെ മാറ്റി​മ​റി​ച്ചത്‌ എങ്ങനെ​യാ​ണെ​ന്നും എന്റെ ബാല്യ​കാ​ല​സ്വ​പ്‌നം സത്യമാ​കു​മെന്നു വിശ്വ​സി​ക്കാ​നുള്ള കാരണം എന്താ​ണെ​ന്നും ഞാൻ പറയാം.

1941-ലാണു ഞാൻ ജനിച്ചത്‌, ഫ്രാൻസി​ലെ പാരീ​സി​ലുള്ള ഒരു സാധാരണ കുടും​ബ​ത്തിൽ. പഠിക്കാൻ എനിക്ക്‌ ഒരുപാട്‌ ഇഷ്ടമാ​യി​രു​ന്നു. എന്നാൽ പത്താമത്തെ വയസ്സിൽ എനിക്കു ക്ഷയരോ​ഗം പിടി​പെ​ട്ട​തു​കൊണ്ട്‌ സ്‌കൂ​ളിൽ പോകാൻ പറ്റാ​തെ​വന്നു. അത്‌ എനിക്കു വലിയ സങ്കടമാ​യി. എന്റെ ശ്വാസ​കോ​ശം ശരിയാ​യി പ്രവർത്തി​ക്കാ​ത്ത​തു​കൊണ്ട്‌ ഓടി​ച്ചാ​ടി നടക്കാതെ കട്ടിലിൽത്തന്നെ കിടക്കാൻ ഡോക്ടർമാർ പറഞ്ഞു. അതു​കൊണ്ട്‌ മാസങ്ങ​ളോ​ളം ഞാൻ കിടക്ക​യിൽത്ത​ന്നെ​യാ​യി​രു​ന്നു. ആ സമയത്ത്‌ ഒരു ഡിക്‌ഷ​ണറി വായി​ച്ചും റേഡി​യോ​യിൽക്കൂ​ടി വരുന്ന പാരീസ്‌ യൂണി​വേ​ഴ്‌സി​റ്റി​യു​ടെ ഒരു വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി കേട്ടും ഒക്കെയാ​ണു ഞാൻ സമയം തള്ളിനീ​ക്കി​യത്‌. ‘അസുഖം മാറി, ഇനി സ്‌കൂ​ളിൽ പോകാം’ എന്നു ഡോക്ടർ പറഞ്ഞ​പ്പോൾ എനിക്ക്‌ എത്ര സന്തോ​ഷ​മാ​യെ​ന്നോ! ഞാൻ എന്നോ​ടു​തന്നെ പറഞ്ഞു: ‘ഹോ, ഈ ഡോക്ടർമാർ ചെയ്യു​ന്നത്‌ ഒരു അത്ഭുതം​ത​ന്നെയാ!’ അന്നുമു​തൽ ആളുക​ളു​ടെ രോഗം സുഖ​പ്പെ​ടു​ത്തു​ന്നതു ഞാൻ സ്വപ്‌നം കാണാൻതു​ടങ്ങി. ‘ഭാവി​യിൽ ആരാകാ​നാ​ണു നിന്റെ ആഗ്രഹം’ എന്നു ഡാഡി ചോദി​ക്കു​മ്പോ​ഴൊ​ക്കെ എനിക്ക്‌ ഒരൊറ്റ ഉത്തരമേ ഉണ്ടായി​രു​ന്നു​ള്ളൂ, “ഒരു ഡോക്ട​റാ​കണം.” അങ്ങനെ​യാ​ണു ഞാൻ വൈദ്യ​ശാ​സ്‌ത്രത്തെ പ്രണയി​ക്കാൻതു​ട​ങ്ങി​യത്‌.

ശാസ്‌ത്ര​പ​ഠനം എന്നെ ദൈവ​ത്തോ​ടു കൂടുതൽ അടുപ്പിച്ചു

കത്തോ​ലിക്ക മതവി​ശ്വാ​സി​ക​ളാ​യി​രു​ന്നു ഞങ്ങൾ. എങ്കിലും എനിക്കു ദൈവ​ത്തെ​ക്കു​റിച്ച്‌ കാര്യ​മാ​യി ഒന്നും അറിയി​ല്ലാ​യി​രു​ന്നു. എനിക്ക്‌ ഒത്തിരി സംശയ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ഞാൻ വൈദ്യ​ശാ​സ്‌ത്ര​പ​ഠനം തുടങ്ങി​യ​ശേ​ഷ​മാ​ണു ജീവൻ തനിയെ ഉണ്ടായതല്ല ആരെങ്കി​ലും സൃഷ്ടി​ച്ച​താ​ണെന്ന ബോധ്യം എനിക്കു വന്നത്‌.

ആദ്യമാ​യി ടൂലിപ്പ്‌ ചെടി​യു​ടെ കോശങ്ങൾ സൂക്ഷ്‌മ​ദർശി​നി​യി​ലൂ​ടെ കണ്ടപ്പോൾ ഞാൻ ശരിക്കും അതിശ​യി​ച്ചു​പോ​യി. കോശ​ത്തി​ലെ ചില ഭാഗങ്ങൾ ചൂടിൽനി​ന്നും തണുപ്പിൽനി​ന്നും അതിനെ സംരക്ഷി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്നു ഞാൻ മനസ്സി​ലാ​ക്കി. ഇനി, കോശ​ത്തി​നു​ള്ളി​ലെ സൈ​റ്റോ​പ്ലാ​സം എന്ന്‌ അറിയ​പ്പെ​ടുന്ന കോശ​ദ്ര​വ്യം ഉപ്പു​വെ​ള്ള​ത്തിൽ ചുരു​ങ്ങു​ന്ന​തും ശുദ്ധജ​ല​ത്തിൽ വികസി​ക്കു​ന്ന​തും ഞാൻ കണ്ടു. ഇതും ഇതു​പോ​ലുള്ള ഒരുപാ​ടു പ്രവർത്ത​ന​ങ്ങ​ളും കൊണ്ടാ​ണു മാറുന്ന സാഹച​ര്യ​ങ്ങ​ളി​ലും അവയ്‌ക്കു ജീവൻ നിലനി​റു​ത്താ​നാ​കു​ന്നത്‌. ഓരോ കോശ​ത്തി​ലും നടക്കുന്ന ഇത്തരം സങ്കീർണ​മായ പ്രവർത്ത​നങ്ങൾ കണ്ടപ്പോൾ എനിക്ക്‌ ഒരു കാര്യം മനസ്സി​ലാ​യി: ജീവൻ തനിയെ ഉണ്ടായതല്ല!

വൈദ്യ​ശാ​സ്‌ത്ര പഠനത്തി​ന്റെ രണ്ടാം വർഷം ദൈവ​മുണ്ട്‌ എന്നതിന്റെ കൂടുതൽ തെളി​വു​കൾ ഞാൻ മനസ്സി​ലാ​ക്കി. ഉദാഹ​ര​ണ​ത്തിന്‌, മനുഷ്യ​ശ​രീ​ര​ത്തി​ന്റെ ഘടന​യെ​ക്കു​റി​ച്ചുള്ള ക്ലാസിൽനിന്ന്‌ കൈവി​ര​ലു​കൾ മടക്കാ​നും നിവർക്കാ​നും കൈത്ത​ണ്ട​യു​ടെ ഘടന എങ്ങനെ സഹായി​ക്കു​ന്നെന്നു ഞാൻ പഠിച്ചു. പേശി​കളെ അസ്ഥിക​ളു​മാ​യി ബന്ധിപ്പി​ച്ചി​രി​ക്കുന്ന വിധവും പേശി​ക​ളു​ടെ​യും അസ്ഥിക​ളു​ടെ​യും സ്‌നാ​യു​ക്ക​ളു​ടെ​യും (tendons) യോജി​ച്ചുള്ള പ്രവർത്ത​ന​വും ശരിക്കും ഒരു അത്ഭുതം​ത​ന്നെ​യാണ്‌. തള്ളവിരൽ ഒഴി​കെ​യുള്ള ഓരോ വിരലി​നും മൂന്ന്‌ അസ്ഥികൾ വീതമുണ്ട്‌. കൈത്ത​ണ്ട​യി​ലെ ഒരു പേശിയെ ഓരോ വിരലി​ലെ​യും അസ്ഥിക​ളു​മാ​യി സ്‌നാ​യു​ക്കൾകൊണ്ട്‌ ബന്ധിപ്പി​ച്ചി​രി​ക്കു​ന്നു. ഓരോ വിരലി​ലേ​ക്കും പോകുന്ന സ്‌നാ​യു​ക്ക​ളിൽ ഒരെണ്ണം വിരലി​ലെ രണ്ടാമത്തെ അസ്ഥിയിൽ എത്തു​മ്പോൾ രണ്ടായി പിരി​യു​ന്നു. ഇനി, ഓരോ വിരലി​ന്റെ​യും വിരൽത്തു​മ്പു​വരെ എത്തുന്ന സ്‌നാ​യു​വുണ്ട്‌. അതു പോകു​ന്നതു രണ്ടായി പിരി​ഞ്ഞി​രി​ക്കുന്ന സ്‌നാ​യു​വി​ന്റെ അടിയി​ലൂ​ടെ​യാണ്‌. അതു​കൊണ്ട്‌ വിരലു​കൾ ചലിപ്പി​ക്കു​മ്പോൾ സ്ഥാനം തെറ്റാതെ അവയ്‌ക്കു മുന്നോ​ട്ടും പിന്നോ​ട്ടും തെന്നി​നീ​ങ്ങാ​നാ​കു​ന്നു. ഒരു കൂട്ടം കോശങ്ങൾ ഈ സ്‌നാ​യു​ക്കളെ വിരലി​ലെ അസ്ഥിക​ളോ​ടു ചേർത്തു​നി​റു​ത്തു​ക​യും ചെയ്യുന്നു. ഇതൊ​ന്നു​മി​ല്ലാ​യി​രു​ന്നെ​ങ്കിൽ വിരലു​കൾ ശരിയാ​യി ചലിപ്പി​ക്കാ​നാ​കാ​ത്ത​വി​ധം ഈ സ്‌നാ​യു​ക്കൾ വലിച്ചു​കെ​ട്ടിയ ഞാണു​കൾപോ​ലെ വലിഞ്ഞു​മു​റു​കി നിൽക്കു​മാ​യി​രു​ന്നു. ഇതെക്കു​റിച്ച്‌ പഠിച്ച​പ്പോൾ മനുഷ്യ​ശ​രീ​ര​ത്തി​ന്റെ രൂപക​ല്‌പ​ന​യ്‌ക്കു പിന്നിൽ അപാര​മായ ബുദ്ധി പ്രവർത്തി​ച്ചി​ട്ടു​ണ്ടെന്ന്‌ എനിക്കു ബോധ്യ​മാ​യി.

ജനിച്ച ഉടനെ ഒരു കുഞ്ഞ്‌ ശ്വസി​ക്കാൻതു​ട​ങ്ങു​ന്ന​തി​നെ​ക്കു​റിച്ച്‌ പഠിച്ചതു സ്രഷ്ടാ​വി​നോ​ടുള്ള എന്റെ ആദരവ്‌ പല മടങ്ങ്‌ വർധി​ക്കാൻ ഇടയാക്കി. അമ്മയുടെ വയറ്റി​ലാ​യി​രി​ക്കു​മ്പോൾ ഒരു കുഞ്ഞ്‌ ശ്വാ​സോ​ച്ഛ്വാ​സം ചെയ്യു​ന്നില്ല. പൊക്കിൾക്കൊ​ടി​യി​ലൂ​ടെ​യാ​ണു കുഞ്ഞിന്‌ ആവശ്യ​മായ ഓക്‌സി​ജൻ കിട്ടു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ കുഞ്ഞിന്റെ ശ്വാസ​കോ​ശ​ത്തി​നു​ള്ളി​ലെ ബലൂണി​ന്റെ ആകൃതി​യി​ലുള്ള ചെറി​യ​ചെ​റിയ അറകളിൽ (alveoli) ഒരിക്കൽപ്പോ​ലും വായു നിറഞ്ഞി​ട്ടില്ല. എന്നാൽ ഒരു കുഞ്ഞു ജനിക്കു​ന്ന​തിന്‌ ഏതാനും ആഴ്‌ചകൾ മുമ്പ്‌ ഈ അറകളു​ടെ ഉൾഭാഗം ഒരു കൊഴുത്ത ദ്രാവ​കം​കൊണ്ട്‌ (surfactant) ആവരണം ചെയ്യ​പ്പെ​ടു​ന്നു. ഇനി, കുഞ്ഞു ജനിച്ച്‌ ആദ്യത്തെ ശ്വാസ​മെ​ടു​ക്കു​ന്ന​തോ​ടെ അതിശ​യ​ക​ര​മായ കാര്യ​ങ്ങ​ളാ​ണു സംഭവി​ക്കു​ന്നത്‌. അപ്പോൾ കുഞ്ഞിന്റെ ഹൃദയ​ത്തി​ലെ ഒരു ദ്വാരം അടയു​ക​യും രക്തം ശ്വാസ​കോ​ശ​ത്തി​ലേക്ക്‌ ഒഴുകാൻതു​ട​ങ്ങു​ക​യും ചെയ്യുന്നു. അതൊരു നിർണാ​യക നിമി​ഷ​മാണ്‌. കാരണം ആദ്യമാ​യി ശ്വാസ​കോ​ശ​ത്തിൽ വായു നിറയുന്ന സമയമാണ്‌ അത്‌. എന്നാൽ ചെറിയ അറകളു​ടെ ഭിത്തി​ക​ളിൽ ആ കൊഴുത്ത ദ്രാവ​ക​ത്തി​ന്റെ ആവരണ​മു​ള്ള​തു​കൊണ്ട്‌ അവ ഒട്ടിപ്പി​ടി​ച്ചി​രി​ക്കാ​തെ അവയിൽ പെട്ടെന്ന്‌ വായു കടന്നു​ചെ​ല്ലു​ന്നു. അങ്ങനെ വെറും നിമി​ഷ​ങ്ങൾകൊണ്ട്‌ ശ്വാസ​കോ​ശ​ത്തിൽ വായു നിറയു​ക​യും കുഞ്ഞ്‌ സ്വന്തമാ​യി ശ്വാ​സോ​ച്ഛാ​സം ചെയ്‌തു​തു​ട​ങ്ങു​ക​യും ചെയ്യുന്നു.

ഈ അത്ഭുത​ങ്ങ​ളു​ടെ​യെ​ല്ലാം പിന്നിലെ സ്രഷ്ടാ​വി​നെ അടുത്ത്‌ അറിയാൻ ഞാൻ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ ഞാൻ ആത്മാർഥ​മാ​യി ബൈബിൾ വായി​ക്കാൻതു​ടങ്ങി. 3,000-ത്തിലേറെ വർഷങ്ങൾക്കു മുമ്പ്‌ ഇസ്രാ​യേൽ ജനതയ്‌ക്കു ദൈവം കൊടുത്ത നിയമ​ത്തിൽ ശുചി​ത്വ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞി​രുന്ന കാര്യങ്ങൾ എന്നെ ശരിക്കും അത്ഭുത​പ്പെ​ടു​ത്തി. വിസർജ്യം മണ്ണിട്ട്‌ മൂടാ​നും പതിവാ​യി കുളി​ക്കാ​നും പകരുന്ന ഒരു രോഗം പിടി​പെ​ട്ടാൽ മറ്റുള്ള​വ​രു​മാ​യി സമ്പർക്ക​ത്തിൽ വരാതെ മാറി​ത്താ​മ​സി​ക്കാ​നും ദൈവം ഇസ്രാ​യേ​ല്യർക്കു നിർദേശം നൽകി. (ലേവ്യ 13:50; 15:11; ആവ. 23:13) രോഗം പകരു​ന്നത്‌ എങ്ങനെ​യാ​ണെന്നു ശാസ്‌ത്ര​ജ്ഞ​ന്മാർ കണ്ടുപി​ടി​ച്ചിട്ട്‌ ഏതാണ്ട്‌ 150 വർഷമേ ആയിട്ടു​ള്ളൂ. എന്നാൽ അതിനും എത്രയോ മുമ്പാണു ബൈബി​ളിൽ അതെക്കു​റി​ച്ചുള്ള നിർദേ​ശങ്ങൾ രേഖ​പ്പെ​ടു​ത്തി​യത്‌. ഇനി, ലേവ്യ പുസ്‌ത​ക​ത്തിൽ കാണുന്ന ലൈം​ഗി​ക​ത​യോ​ടു ബന്ധപ്പെട്ട ശുചി​ത്വ​നി​യ​മങ്ങൾ നല്ല ആരോ​ഗ്യ​ത്തോ​ടെ​യി​രി​ക്കാൻ ഇസ്രാ​യേൽ ജനത്തെ സഹായി​ക്കു​ന്ന​വ​യാ​യി​രു​ന്നു. (ലേവ്യ 12:1-6; 15:16-24) സ്രഷ്ടാ​വായ ദൈവം ഇസ്രാ​യേൽ ജനതയ്‌ക്കു നൽകിയ നിയമങ്ങൾ അവരുടെ നന്മയ്‌ക്കു​വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നെ​ന്നും അവ അനുസ​രി​ച്ച​വരെ ദൈവം അനു​ഗ്ര​ഹി​ച്ചെ​ന്നും ഞാൻ തിരി​ച്ച​റി​ഞ്ഞു. ബൈബിൾ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താ​ണെന്ന്‌ എനിക്കു ബോധ്യ​മാ​യി, അന്ന്‌ ആ ദൈവ​ത്തി​ന്റെ പേര്‌ എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നെന്നു മാത്രം.

വിവാ​ഹ​വും യഹോ​വയെ അറിയാനിടയായ വിധവും

ലൈഡി​യും ഞാനും ഞങ്ങളുടെ വിവാഹദിവസം, 1965 ഏപ്രിൽ 3

ഞാൻ ഡോക്ട​റാ​കാൻ പഠിച്ചു​കൊ​ണ്ടി​രി​ക്കുന്ന സമയത്താ​ണു ലൈഡി​യെ ആദ്യമാ​യി കാണു​ന്നത്‌. ഞങ്ങൾ സ്‌നേ​ഹ​ത്തി​ലാ​യി. 1965-ൽ ഞങ്ങൾ വിവാ​ഹി​ത​രാ​കു​മ്പോൾ എന്റെ പഠനം പൂർത്തി​യാ​യി​ട്ടു​ണ്ടാ​യി​രു​ന്നില്ല. 1971 ആയപ്പോ​ഴേ​ക്കും ഞങ്ങളുടെ ആറു മക്കളിൽ മൂന്നു പേരും ജനിച്ചി​രു​ന്നു. എന്റെ ജോലി​യി​ലും മക്കളെ വളർത്തു​ന്ന​തി​ലും ഒക്കെ ലൈഡി എനിക്കു വലി​യൊ​രു സഹായ​മാ​യി​രു​ന്നു.

ഞാൻ ഒരു ആശുപ​ത്രി​യിൽ മൂന്നു വർഷം ജോലി ചെയ്‌ത​തി​നു ശേഷം ഒരു ക്ലിനിക്ക്‌ തുടങ്ങി. അധികം താമസി​യാ​തെ ഒരു ദമ്പതികൾ അവിടെ ചികി​ത്സ​യ്‌ക്കു​വേണ്ടി എത്തി. ഇവരെ​ക്കു​റി​ച്ചാണ്‌ ഈ ലേഖന​ത്തി​ന്റെ തുടക്ക​ത്തിൽ പറഞ്ഞത്‌. ഞാൻ ഭർത്താ​വി​നുള്ള മരുന്നു കുറി​ക്കാൻതു​ട​ങ്ങു​മ്പോൾ ഭാര്യ പറഞ്ഞു: “ഡോക്ടറേ, രക്തത്തിന്റെ ഘടകങ്ങ​ളൊ​ന്നു​മി​ല്ലാത്ത മരുന്നു​വേണം കേട്ടോ.” അതിശ​യ​ത്തോ​ടെ ഞാൻ ചോദി​ച്ചു: “അതെന്താ അങ്ങനെ?” ആ സ്‌ത്രീ പറഞ്ഞു, “ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌.” ഞാൻ ഒരിക്ക​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റി​ച്ചോ രക്തത്തിന്റെ ഉപയോ​ഗ​ത്തെ​പ്പറ്റി അവർ പഠിപ്പി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചോ കേട്ടി​ട്ടി​ല്ലാ​യി​രു​ന്നു. അവർ രക്തം സ്വീക​രി​ക്കാ​ത്ത​തി​ന്റെ കാരണം എന്താ​ണെന്ന്‌ ആ സ്‌ത്രീ ബൈബി​ളിൽനിന്ന്‌ എനിക്കു കാണി​ച്ചു​തന്നു. (പ്രവൃ. 15:28, 29) കൂടാതെ, ദൈവ​രാ​ജ്യം ചെയ്യാൻപോ​കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അവർ എന്നോടു പറഞ്ഞു. ആ രാജ്യം, കഷ്ടപ്പാ​ടും രോഗ​വും മരണവും ഒക്കെ ഇല്ലാതാ​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറയുന്ന വാക്യ​ങ്ങ​ളും അവർ എന്നെ കാണിച്ചു. (വെളി. 21:3, 4) “നിങ്ങൾ ഇപ്പോൾ പറഞ്ഞ കാര്യം കുട്ടി​ക്കാ​ലം​മു​ത​ലുള്ള എന്റെ സ്വപ്‌ന​മാണ്‌!” എന്നു ഞാൻ വളരെ ആവേശ​ത്തോ​ടെ അവരോ​ടു പറഞ്ഞു. “ഞാനൊ​രു ഡോക്ട​റാ​യ​തു​തന്നെ ആളുക​ളു​ടെ കഷ്ടപ്പാട്‌ ഇല്ലാതാ​ക്കാ​നാ.” ഞങ്ങളുടെ സംഭാ​ഷണം ഏതാണ്ട്‌ ഒന്നര മണിക്കൂർ നീണ്ടു​പോ​യി. ആ ദമ്പതികൾ പോയ​പ്പോ​ഴേ​ക്കും, ഇനി എന്തായാ​ലും ഒരു കത്തോ​ലിക്ക വിശ്വാ​സി​യാ​യി തുടരില്ല എന്നു ഞാൻ തീരു​മാ​നി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. അവരു​മാ​യി സംസാ​രി​ച്ച​പ്പോൾ എനിക്ക്‌ ഒരു കാര്യം​കൂ​ടി മനസ്സി​ലാ​യി: ഞാൻ വളരെ ആദര​വോ​ടെ കണ്ടിരുന്ന ആ സ്രഷ്ടാ​വിന്‌ ഒരു പേരുണ്ട്‌, യഹോവ!

ആ ദമ്പതികൾ മൂന്നു തവണ എന്റെ ക്ലിനി​ക്കിൽ വന്നു. ഓരോ പ്രാവ​ശ്യ​വും ഒരു മണിക്കൂ​റി​ലേറെ സമയം ഞങ്ങൾ ബൈബിൾവി​ഷ​യങ്ങൾ സംസാ​രി​ച്ചി​രു​ന്നു. അവരെ ഞാൻ വീട്ടി​ലേക്കു ക്ഷണിച്ചു. അവി​ടെ​യാ​കു​മ്പോൾ കൂടുതൽ സമയം ഞങ്ങൾക്കു സംസാ​രി​ക്കാ​മ​ല്ലോ. ബൈബിൾ പഠിക്കാൻ ലൈഡി​യും സമ്മതി​ച്ചെ​ങ്കി​ലും കത്തോ​ലി​ക്ക​രു​ടെ ചില ഉപദേ​ശങ്ങൾ തെറ്റാ​ണെന്നു സമ്മതി​ക്കാൻ അവൾ തയ്യാറ​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ഒരു വൈദി​കനെ ഞാൻ വീട്ടി​ലേക്കു ക്ഷണിച്ചു. സഭാപ​ഠി​പ്പി​ക്ക​ലു​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ മാത്രം ഉപയോ​ഗി​ച്ചു​കൊണ്ട്‌ രാത്രി വൈകു​വോ​ളം ഞങ്ങൾ വാദിച്ചു. യഹോ​വ​യു​ടെ സാക്ഷികൾ പഠിപ്പി​ക്കുന്ന കാര്യങ്ങൾ സത്യമാ​ണെന്ന്‌ അപ്പോൾ ലൈഡി​ക്കു ബോധ്യ​മാ​യി. അതോടെ ദൈവ​മായ യഹോ​വ​യോ​ടുള്ള ഞങ്ങളുടെ സ്‌നേഹം വളരാൻതു​ടങ്ങി. അങ്ങനെ 1974-ൽ ഞങ്ങൾ സ്‌നാ​ന​പ്പെട്ടു.

യഹോ​വയെ ജീവി​ത​ത്തിൽ ഒന്നാമതു വെക്കുന്നു

മനുഷ്യ​നെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​പ്പറ്റി മനസ്സി​ലാ​ക്കി​യ​തോ​ടെ ജീവി​ത​ത്തിൽ ഞാൻ പ്രാധാ​ന്യം കൊടു​ക്കുന്ന കാര്യ​ങ്ങൾക്കു മാറ്റം​വന്നു. യഹോ​വയെ സേവി​ക്കു​ന്ന​തി​നാ​യി​രു​ന്നു പിന്നീട്‌ ഞങ്ങളുടെ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം. മക്കളെ ബൈബിൾനി​ല​വാ​ര​ങ്ങ​ള​നു​സ​രിച്ച്‌ വളർത്തി​ക്കൊ​ണ്ടു​വ​രാൻ ഞങ്ങൾ തീരു​മാ​നി​ച്ചു. ദൈവ​ത്തെ​യും അയൽക്കാ​രെ​യും സ്‌നേ​ഹി​ക്കാൻ ഞങ്ങൾ മക്കളെ പഠിപ്പി​ച്ചു. അതു​കൊ​ണ്ടു​തന്നെ ഞങ്ങളുടെ കുടും​ബ​ത്തിൽ നല്ല ഐക്യ​മു​ണ്ടാ​യി​രു​ന്നു.—മത്താ. 22:37-39.

മാതാ​പി​താ​ക്ക​ളെന്ന നിലയിൽ ഞങ്ങൾക്കുള്ള ഐക്യം കുട്ടി​കൾക്കു നന്നായി അറിയാ​മാ​യി​രു​ന്നു. അതെക്കു​റിച്ച്‌ പറഞ്ഞ്‌ ഞങ്ങൾ ഇടയ്‌ക്കൊ​ക്കെ ചിരി​ക്കാ​റുണ്ട്‌. “‘ഉവ്വ്‌’ എന്നു പറഞ്ഞാൽ ഉവ്വ്‌ എന്നും, ‘ഇല്ല’ എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരി​ക്കണം” എന്ന യേശു​വി​ന്റെ വാക്കു​കൾക്കു ചേർച്ച​യി​ലാ​ണു വീട്ടിൽ കാര്യങ്ങൾ നടക്കു​ന്ന​തെന്ന്‌ അവർക്ക്‌ നല്ല ബോധ്യ​മു​ണ്ടാ​യി​രു​ന്നു. (മത്താ. 5:37) അതി​നൊ​രു ഉദാഹ​രണം പറയാം. ഞങ്ങളുടെ പെൺമ​ക്ക​ളിൽ ഒരാൾക്കു 17 വയസ്സുള്ള സമയം. ചെറു​പ്പ​ക്കാ​രായ കൂട്ടു​കാ​രു​ടെ​കൂ​ടെ ഒന്നു കറങ്ങാൻ പോക​ണ​മെന്ന്‌ അവൾ പറഞ്ഞു. പക്ഷേ ലൈഡി സമ്മതി​ച്ചില്ല. അപ്പോൾ കൂട്ടു​കാ​രിൽ ഒരാൾ പറഞ്ഞു, “അമ്മ സമ്മതി​ക്കു​ന്നി​ല്ലെ​ങ്കിൽ നീ അപ്പനോ​ടു ചോദിക്ക്‌.” പക്ഷേ അവൾ പറഞ്ഞു: “അതു​കൊണ്ട്‌ ഒരു കാര്യ​വു​മില്ല. അവർ എപ്പോ​ഴും ഒറ്റക്കെട്ടാ.” ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ക്കുന്ന കാര്യ​ത്തിൽ ഞങ്ങളുടെ തീരു​മാ​നം എപ്പോ​ഴും ഒന്നായി​രി​ക്കു​മെന്നു ഞങ്ങളുടെ ആറു മക്കൾക്കും അറിയാ​മാ​യി​രു​ന്നു. ഇന്ന്‌, യഹോ​വയെ വിശ്വ​സ്‌ത​മാ​യി ആരാധി​ക്കുന്ന ഒരുപാ​ടു പേരുള്ള ഒരു വലിയ കുടും​ബ​മു​ള്ള​തിൽ ഞങ്ങൾ യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​രാണ്‌.

സത്യം അറിഞ്ഞ​തോ​ടെ ഞാൻ ജീവി​ത​ത്തിൽ പ്രാധാ​ന്യം കൊടു​ത്തി​രുന്ന കാര്യ​ങ്ങൾക്കു മാറ്റം വന്നെങ്കി​ലും ഡോക്ട​റെന്ന നിലയി​ലുള്ള എന്റെ കഴിവു​കൾ ദൈവ​ജ​ന​ത്തി​നു​വേണ്ടി ഉപയോ​ഗി​ക്കാൻ ഞാൻ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ പാരീ​സി​ലെ ബഥേലിൽ ഞാൻ ഡോക്ട​റാ​യി സേവി​ക്കാൻതു​ടങ്ങി. പിന്നീട്‌ ലൂവ്‌റി​ലെ പുതിയ ബഥേൽഭ​വ​ന​ത്തി​ലും ഞാൻ എന്റെ സേവനം തുടർന്നു. ഞാൻ ഇപ്പോൾ ബഥേലിൽ കമ്മ്യൂ​ട്ട​റാ​യി (വന്നു​പോ​യി സേവി​ക്കു​ന്ന​യാൾ) സേവി​ക്കാൻ തുടങ്ങി​യിട്ട്‌ ഏതാണ്ട്‌ 50 വർഷമാ​യി. ഈ നാളു​കൾകൊണ്ട്‌ ബഥേൽ കുടും​ബ​ത്തി​ലെ ഒരുപാ​ടു പേരെ എനിക്കു സുഹൃ​ത്തു​ക്ക​ളാ​യി കിട്ടി. അവരിൽ ചിലർക്ക്‌ ഇപ്പോൾ 90-നു മേൽ പ്രായ​മുണ്ട്‌. ഒരിക്കൽ ഒരു പുതിയ ബഥേലം​ഗത്തെ പരിച​യ​പ്പെ​ട്ട​പ്പോൾ എനിക്കു വളരെ സന്തോ​ഷ​മാ​യി. കാരണം ഏതാണ്ട്‌ 20 വർഷം മുമ്പ്‌ അവൻ ജനിക്കുന്ന സമയത്ത്‌ അവന്റെ അമ്മയെ നോക്കി​യി​രുന്ന ഡോക്ടർ ഞാനാ​യി​രു​ന്നു.

യഹോവ തന്റെ ജനത്തെ​ക്കു​റിച്ച്‌ എത്രമാ​ത്രം ചിന്തയു​ള്ള​വ​നാ​ണെന്നു ഞാൻ കണ്ടു

ഇക്കാല​ങ്ങ​ളി​ലെ​ല്ലാം യഹോവ തന്റെ സംഘട​ന​യി​ലൂ​ടെ ദൈവ​ജ​നത്തെ വഴിന​യി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യു​ന്നതു കണ്ടപ്പോൾ യഹോ​വ​യോ​ടുള്ള എന്റെ സ്‌നേഹം ഒന്നുകൂ​ടെ വർധിച്ചു. 1980-കളുടെ തുടക്ക​ത്തിൽ ഐക്യ​നാ​ടു​ക​ളിൽ ഭരണസം​ഘം ഒരു പുതിയ പരിപാ​ടി തുടങ്ങി. സാക്ഷികൾ രക്തം സ്വീക​രി​ക്കാ​ത്ത​തി​ന്റെ കാരണം മനസ്സി​ലാ​ക്കാൻ ഡോക്ടർമാ​രെ​യും വൈദ്യ​ശാ​സ്‌ത്ര​രം​ഗ​ത്തുള്ള മറ്റുള്ള​വ​രെ​യും സഹായി​ക്കുക എന്നതാ​യി​രു​ന്നു അതിന്റെ ലക്ഷ്യം.

1988-ൽ ഭരണസം​ഘം ബഥേലിൽ ആശുപ​ത്രി വിവര​ദാ​ന​സേ​വനം (എച്ച്‌ഐ​എസ്‌) എന്നൊരു പുതിയ ഡിപ്പാർട്ടു​മെന്റ്‌ തുടങ്ങി. അനു​യോ​ജ്യ​മായ ചികിത്സ കണ്ടെത്താൻ സാക്ഷി​ക​ളായ രോഗി​കളെ സഹായി​ക്കു​ന്ന​തിന്‌ ഐക്യ​നാ​ടു​ക​ളിൽ ആരംഭിച്ച ആശുപ​ത്രി ഏകോ​പ​ന​സ​മി​തി​യു​ടെ (എച്ച്‌എൽസി) മേൽനോ​ട്ടം ഈ ഡിപ്പാർട്ടു​മെ​ന്റി​നാ​യി​രു​ന്നു. പിന്നീട്‌ എച്ച്‌എൽസി-യുടെ പ്രവർത്തനം ലോക​മെ​ങ്ങു​മാ​യി വിപു​ല​പ്പെ​ടു​ത്തി​യ​പ്പോൾ ഫ്രാൻസി​ലും ഈ ക്രമീ​ക​രണം നിലവിൽവന്നു. രോഗി​ക​ളായ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി യഹോ​വ​യു​ടെ സംഘടന സ്‌നേ​ഹ​ത്തോ​ടെ ചെയ്‌തി​രി​ക്കുന്ന ഈ ക്രമീ​ക​രണം കണ്ട്‌ എനിക്കു ശരിക്കും മതിപ്പു തോന്നി​യി​ട്ടുണ്ട്‌.

എന്റെ സ്വപ്‌നം യാഥാർഥ്യമാകുന്നു

ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ ഞങ്ങൾക്ക്‌ ഇപ്പോ​ഴും ഒരുപാട്‌ ഇഷ്ടമാണ്‌

വൈദ്യ​ശാ​സ്‌ത്ര​ത്തോ​ടാ​യി​രു​ന്നു എന്റെ ആദ്യത്തെ പ്രണയം. എന്നാൽ സത്യം പഠിച്ച​പ്പോൾ ആളുകളെ ആത്മീയ​മാ​യി സുഖ​പ്പെ​ടു​ത്തു​ന്ന​താണ്‌, അതായത്‌ ജീവന്റെ ഉറവായ യഹോ​വ​യു​മാ​യി നല്ലൊരു ബന്ധത്തി​ലേ​ക്കു​വ​രാൻ അവരെ സഹായി​ക്കു​ന്ന​താണ്‌, കൂടുതൽ പ്രധാ​ന​മെന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു. ജോലി​യിൽനിന്ന്‌ വിരമി​ച്ച​ശേഷം ഞാനും ലൈഡി​യും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ ഓരോ മാസവും കൂടുതൽ സമയം ചെലവ​ഴി​ച്ചു​കൊണ്ട്‌ സാധാരണ മുൻനി​ര​സേ​വ​ക​രാ​യി പ്രവർത്തി​ക്കു​ക​യാണ്‌. ആളുക​ളു​ടെ ജീവൻ രക്ഷിക്കുന്ന ഈ പ്രവർത്തനം ഞങ്ങൾ ഇപ്പോ​ഴും കഴിവി​ന്റെ പരമാ​വധി ചെയ്യുന്നു.

ലൈഡി​യും ഞാനും, 2021

രോഗി​ക​ളെ സുഖ​പ്പെ​ടു​ത്താൻ എന്നെ​ക്കൊണ്ട്‌ കഴിയു​ന്ന​തെ​ല്ലാം ഞാൻ ഇന്നും ചെയ്യു​ന്നുണ്ട്‌. എന്നാൽ ഒരു ഡോക്ടർ എത്ര മിടു​ക്ക​നാ​യാ​ലും എല്ലാ രോഗ​ങ്ങ​ളും ഇല്ലാതാ​ക്കാ​നോ മരണത്തെ തടയാ​നോ അദ്ദേഹ​ത്തി​നു കഴിയി​ല്ലെന്ന്‌ എനിക്ക്‌ അറിയാം. അതു​കൊണ്ട്‌ വേദന​യോ രോഗ​മോ മരണമോ ഒന്നുമി​ല്ലാത്ത കാലത്തി​നാ​യി ഞാൻ കാത്തി​രി​ക്കു​ക​യാണ്‌. ഉടൻതന്നെ വരാനി​രി​ക്കുന്ന ആ പുതിയ ലോക​ത്തിൽ ദൈവം അത്ഭുത​ക​ര​മാ​യി സൃഷ്ടി​ച്ചി​രി​ക്കുന്ന മനുഷ്യ​ശ​രീ​ര​ത്തെ​ക്കു​റി​ച്ചും ദൈവ​ത്തി​ന്റെ മറ്റു സൃഷ്ടി​ക​ളെ​ക്കു​റി​ച്ചും എനിക്ക്‌ എന്നെന്നും പഠിക്കാ​നാ​കും. കുട്ടി​ക്കാ​ലത്തെ എന്റെ സ്വപ്‌നം കുറെ​യൊ​ക്കെ യാഥാർഥ്യ​മാ​യി എന്നുള്ളതു ശരിയാണ്‌. എങ്കിലും എനിക്ക്‌ അറിയാം ഏറ്റവും നല്ലതു വരാനി​രി​ക്കു​ന്നതേ ഉള്ളൂ.