വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 12

സെഖര്യ കണ്ടതു നിങ്ങൾക്കു കാണാനാകുന്നുണ്ടോ?

സെഖര്യ കണ്ടതു നിങ്ങൾക്കു കാണാനാകുന്നുണ്ടോ?

“‘സൈന്യ​ത്താ​ലോ ശക്തിയാ​ലോ അല്ല, എന്റെ ആത്മാവി​നാൽ’ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.”—സെഖ. 4:6.

ഗീതം 73 ധൈര്യം തരേണമേ

ചുരുക്കം *

1. ബാബി​ലോ​ണിൽ അടിമ​ക​ളാ​യി​രുന്ന ജൂതന്മാർക്കു സന്തോ​ഷ​ക​ര​മായ എന്തു വാർത്ത​യാ​ണു കേൾക്കാ​നാ​യത്‌?

 ജൂതന്മാർ വർഷങ്ങ​ളാ​യി ബാബി​ലോ​ണിൽ അടിമ​ക​ളാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ ഇസ്രാ​യേ​ല്യ​രെ വിട്ടയ​യ്‌ക്കാൻ യഹോവ “പേർഷ്യൻ രാജാ​വായ കോ​രെ​ശി​ന്റെ . . . മനസ്സു​ണർത്തി.” ജൂതന്മാർക്കു സ്വന്തം ദേശ​ത്തേക്കു മടങ്ങി​പ്പോ​കാ​നും ‘ഇസ്രാ​യേ​ലി​ന്റെ ദൈവ​ത്തി​ന്റെ ഭവനം പുതു​ക്കി​പ്പ​ണി​യാ​നും’ അനുവാ​ദം നൽകി​ക്കൊണ്ട്‌ രാജാവ്‌ ഒരു വിളം​ബരം നടത്തി. (എസ്ര 1:1, 3) അതു കേട്ട​പ്പോൾ അവർക്ക്‌ എത്രമാ​ത്രം ആവേശം തോന്നി​ക്കാ​ണും! കാരണം അതിലൂ​ടെ അവർക്കു ദൈവം നൽകിയ ദേശത്തു​വെച്ച്‌ യഹോ​വയെ വീണ്ടും ആരാധി​ക്കാ​നാ​കു​മാ​യി​രു​ന്നു.

2. യരുശ​ലേ​മിൽ തിരി​ച്ചെ​ത്തിയ ജൂതന്മാർക്ക്‌ എന്തു ചെയ്യാൻ കഴിഞ്ഞു?

2 ബാബി​ലോ​ണിൽനി​ന്നുള്ള ജൂതന്മാ​രു​ടെ ആദ്യകൂ​ട്ടം ബി.സി. 537-ൽ യരുശ​ലേ​മിൽ എത്തി​ച്ചേർന്നു. മുമ്പ്‌ തെക്കേ രാജ്യ​മായ യഹൂദ​യു​ടെ തലസ്ഥാ​ന​മാ​യി​രു​ന്നു യരുശ​ലേം. തിരി​ച്ചെ​ത്തിയ ജൂതന്മാർ പെട്ടെ​ന്നു​തന്നെ ദേവാ​ല​യ​ത്തി​ന്റെ പണി തുടങ്ങി. അങ്ങനെ ബി.സി. 536-ൽ അതിന്റെ അടിസ്ഥാ​നം പണിത്‌ പൂർത്തി​യാ​ക്കി.

3. ജൂതന്മാർക്ക്‌ എന്ത്‌ എതിർപ്പാണ്‌ ഉണ്ടായത്‌?

3 അടിസ്ഥാ​നം ഇട്ടതിനു ശേഷം ആലയത്തി​ന്റെ പണി തുടങ്ങി​യ​പ്പോ​ഴേ​ക്കും ചുറ്റു​മുള്ള ജനതക​ളിൽനിന്ന്‌ അവർക്കു കടുത്ത എതിർപ്പു നേരിട്ടു. ആ ആളുകൾ “ദേവാ​ലയം പണിയുന്ന യഹൂദാ​ജ​നത്തെ നിരു​ത്സാ​ഹ​പ്പെ​ടു​ത്താ​നും അവരുടെ മനസ്സി​ടി​ച്ചു​ക​ള​യാ​നും” ശ്രമി​ച്ചു​കൊ​ണ്ടി​രു​ന്നു. (എസ്ര 4:4) എന്നാൽ കാര്യങ്ങൾ പിന്നെ​യും വഷളായി. ബി.സി. 522-ൽ അർഥഹ്‌ശഷ്ട പേർഷ്യ​യി​ലെ പുതിയ രാജാ​വാ​യി. * അധികാ​ര​ത്തിൽ വന്ന ഈ മാറ്റം എതിരാ​ളി​കൾ നന്നായി മുത​ലെ​ടു​ത്തു. ‘നിയമ​ത്തി​ന്റെ പേരും പറഞ്ഞ്‌ കുഴപ്പങ്ങൾ ഉണ്ടാക്കി’ പണി നിറു​ത്തി​ക്കാൻ അവർ തീരു​മാ​നി​ച്ചു. (സങ്കീ. 94:20) ജൂതന്മാ​രെ​ക്കു​റിച്ച്‌ കുറെ നുണക​ളൊ​ക്കെ പറഞ്ഞു​കൊണ്ട്‌ അവർ അർഥഹ്‌ശഷ്ട രാജാ​വിന്‌ ഒരു കത്ത്‌ എഴുതി. ജൂതന്മാർ രാജാ​വി​നെ ധിക്കരി​ക്കാൻ പദ്ധതി​യി​ടു​ക​യാ​ണെ​ന്നും അവർ അതിൽ എഴുതി​യി​രു​ന്നു. (എസ്ര 4:11-16) രാജാവ്‌ അവരുടെ നുണകൾ വിശ്വ​സി​ക്കു​ക​യും ദേവാ​ല​യ​ത്തി​ന്റെ പണി നിരോ​ധി​ക്കു​ക​യും ചെയ്‌തു. (എസ്ര 4:17-23) സന്തോ​ഷ​ത്തോ​ടെ ദേവാ​ല​യ​ത്തി​ന്റെ പണി തുടങ്ങിയ ജൂതന്മാർ അങ്ങനെ ആ പണി നിറു​ത്തി​വെച്ചു.—എസ്ര 4:24.

4. എതിരാ​ളി​കൾ ദേവാ​ല​യ​ത്തി​ന്റെ പണി തടസ്സ​പ്പെ​ടു​ത്തി​യ​പ്പോൾ യഹോവ എന്തു ചെയ്‌തു? (യശയ്യ 55:11)

4 ചുറ്റു​മുള്ള ജനതക​ളി​ലെ ആളുക​ളും പേർഷ്യൻ ഗവൺമെ​ന്റി​ന്റെ ചില അധികാ​രി​ക​ളും എങ്ങനെ​യും ദേവാ​ല​യ​ത്തി​ന്റെ പണി നിറു​ത്തി​ക്കാൻ തീരു​മാ​നി​ച്ചു​റ​ച്ചി​രു​ന്നു. എന്നാൽ ജൂതന്മാർ ആലയത്തി​ന്റെ പണി പൂർത്തി​യാ​ക്ക​ണ​മെ​ന്നത്‌ യഹോ​വ​യു​ടെ ഉദ്ദേശ്യ​മാ​യി​രു​ന്നു. യഹോവ എപ്പോ​ഴും തന്റെ ഉദ്ദേശ്യം നിറ​വേ​റ്റും. (യശയ്യ 55:11 വായി​ക്കുക.) ആ ജൂതന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി യഹോവ ധീരനായ സെഖര്യ​യെ തന്റെ പ്രവാ​ച​ക​നാ​യി തിര​ഞ്ഞെ​ടു​ത്തു. എന്നിട്ട്‌ യഹോവ അദ്ദേഹത്തെ ആവേശ​ക​ര​മായ എട്ടു ദർശനങ്ങൾ കാണിച്ചു. അദ്ദേഹം അതു ജനത്തോ​ടു പറയണ​മാ​യി​രു​ന്നു. എതിരാ​ളി​കളെ അവർ പേടി​ക്കേ​ണ്ട​തി​ല്ലെ​ന്നും യഹോവ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ​തന്നെ ധൈര്യ​ത്തോ​ടെ പണിയു​മാ​യി മുന്നോ​ട്ടു​പോ​കാ​നാ​കു​മെ​ന്നും ആ ദർശനങ്ങൾ അവർക്ക്‌ ഉറപ്പു​നൽകി. അഞ്ചാമത്തെ ദർശന​ത്തിൽ ഒരു തണ്ടുവി​ള​ക്കും രണ്ട്‌ ഒലിവ്‌ മരങ്ങളും ആണ്‌ സെഖര്യ കണ്ടത്‌.

5. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

5 നമു​ക്കെ​ല്ലാം ഇടയ്‌ക്കു നിരു​ത്സാ​ഹം തോന്നാ​റുണ്ട്‌. ചില​പ്പോൾ എതിർപ്പു നേരി​ട്ടേ​ക്കാം, അല്ലെങ്കിൽ നമ്മുടെ സാഹച​ര്യ​ങ്ങൾ മാറി​യേ​ക്കാം. അതുമ​ല്ലെ​ങ്കിൽ കിട്ടുന്ന ചില നിർദേ​ശങ്ങൾ സ്വീക​രി​ക്കാൻ നമുക്കു ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. ഇത്തരം സന്ദർഭ​ങ്ങ​ളി​ലും നമുക്ക്‌ എങ്ങനെ യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കാ​നാ​കും? സെഖര്യക്ക്‌ യഹോവ നൽകിയ അഞ്ചാമത്തെ ദർശനം ജൂതന്മാർക്കു വലി​യൊ​രു പ്രോ​ത്സാ​ഹ​ന​മാ​യി​രു​ന്നു. ആ ദർശന​ത്തെ​ക്കു​റിച്ച്‌ പഠിക്കു​ന്നതു നമുക്കും ഒരു പ്രോ​ത്സാ​ഹ​ന​മാണ്‌. അത്‌ എങ്ങനെ​യാ​ണെന്ന്‌ ഈ ലേഖന​ത്തി​ലൂ​ടെ നമ്മൾ കാണും.

ആളുകൾ നമ്മളെ എതിർക്കുമ്പോൾ

സെഖര്യ ഒരു ദർശന​ത്തിൽ, രണ്ട്‌ ഒലിവ്‌ മരങ്ങളും അവയിൽനിന്ന്‌ ഏഴു ദീപങ്ങ​ളുള്ള ഒരു തണ്ടുവി​ള​ക്കി​ലേക്ക്‌ എണ്ണ ഒഴുകി​ച്ചെ​ല്ലു​ന്ന​തും കണ്ടു (6-ാം ഖണ്ഡിക കാണുക)

6. സെഖര്യ 4:1-3-ൽ പറഞ്ഞി​രി​ക്കുന്ന തണ്ടുവി​ള​ക്കി​നെ​യും രണ്ട്‌ ഒലിവ്‌ മരങ്ങ​ളെ​യും കുറി​ച്ചുള്ള ദർശനം ജൂതന്മാർക്കു ധൈര്യം നൽകി​യത്‌ എങ്ങനെ? (പുറം​താ​ളി​ലെ ചിത്രം കാണുക.)

6 സെഖര്യ 4:1-3 വായി​ക്കുക. എതിർപ്പു​ക​ളൊ​ക്കെ​യു​ണ്ടെ​ങ്കി​ലും ധൈര്യ​ത്തോ​ടെ ദേവാ​ല​യ​ത്തി​ന്റെ പണി മുന്നോ​ട്ടു കൊണ്ടു​പോ​കാൻ തണ്ടുവി​ള​ക്കി​നെ​യും ഒലിവ്‌ മരങ്ങ​ളെ​യും കുറി​ച്ചുള്ള ആ ദർശനം ജൂതന്മാ​രെ സഹായി​ച്ചു. എങ്ങനെ? തണ്ടുവി​ളക്കു കത്തിനിൽക്കാ​നുള്ള എണ്ണ ആ രണ്ട്‌ ഒലിവ്‌ മരങ്ങളിൽനിന്ന്‌ തുടർച്ച​യാ​യി കിട്ടു​ന്നു​ണ്ടാ​യി​രു​ന്നു​വെന്ന കാര്യം നിങ്ങൾ ശ്രദ്ധി​ച്ചോ? ആ മരങ്ങളിൽനി​ന്നുള്ള എണ്ണ ആദ്യം ഒരു പാത്ര​ത്തി​ലേക്കു വീണിട്ട്‌ അവി​ടെ​നിന്ന്‌ തണ്ടുവി​ള​ക്കി​ലെ ഏഴു ദീപങ്ങ​ളി​ലേക്ക്‌ ഒഴുകി​യി​രു​ന്നു. ഇങ്ങനെ തുടർച്ച​യാ​യി എണ്ണ കിട്ടി​യി​രു​ന്ന​തു​കൊണ്ട്‌ ആ വിളക്കി​ലെ തീ കെട്ടു​പോ​കു​ന്നി​ല്ലാ​യി​രു​ന്നു. സെഖര്യ ചോദി​ച്ചു: “എന്താണ്‌ ഇവയുടെ അർഥം?” അപ്പോൾ ദൈവ​ദൂ​തൻ യഹോ​വ​യിൽനി​ന്നുള്ള ഈ സന്ദേശം അദ്ദേഹത്തെ അറിയി​ച്ചു: “‘സൈന്യ​ത്താ​ലോ ശക്തിയാ​ലോ അല്ല, എന്റെ ആത്മാവി​നാൽ’ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.” (സെഖ. 4:4, 6) മരങ്ങളിൽനി​ന്നുള്ള എണ്ണ യഹോ​വ​യു​ടെ ശക്തമായ പരിശു​ദ്ധാ​ത്മാ​വി​നെ​യാണ്‌ അർഥമാ​ക്കി​യത്‌. ആ എണ്ണ വിളക്കി​ലേക്കു തുടർച്ച​യാ​യി ഒഴുകി​യി​രു​ന്ന​തു​പോ​ലെ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​ന്റെ നിലയ്‌ക്കാത്ത സഹായം അവർക്കു കിട്ടു​മാ​യി​രു​ന്നു. ദൈവാ​ത്മാ​വി​ന്റെ ശക്തിക്കു മുന്നിൽ ആ പേർഷ്യൻ സൈന്യ​ത്തി​ന്റെ ശക്തി ഒന്നുമ​ല്ലാ​യി​രു​ന്നു. ദേവാ​ലയം പണിയു​ന്ന​വ​രോ​ടൊ​പ്പം യഹോ​വ​യു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ ആരൊക്കെ എതിർത്താ​ലും ആ പണി പൂർത്തി​യാ​ക്കാ​നാ​കു​മാ​യി​രു​ന്നു. ആ സന്ദേശം അവർക്ക്‌ എത്രമാ​ത്രം ധൈര്യം നൽകി​യി​രി​ക്കണം! അതു​കൊണ്ട്‌ ആ ജൂതന്മാർ ഇത്രയും ചെയ്‌താൽ മതിയാ​യി​രു​ന്നു: യഹോ​വ​യിൽ ആശ്രയി​ച്ചു​കൊണ്ട്‌ വീണ്ടും പണി തുടങ്ങുക. അതുത​ന്നെ​യാണ്‌ അവർ ചെയ്‌തത്‌. നിരോ​ധ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അവർ വീണ്ടും പണി തുടങ്ങി.

7. ദേവാ​ലയം പണിതു​കൊ​ണ്ടി​രുന്ന ജൂതന്മാർക്ക്‌ ആശ്വാസം നൽകുന്ന എന്തു മാറ്റമാ​ണു വന്നത്‌?

7 ദേവാ​ലയം പണിയു​ന്ന​വർക്ക്‌ ആശ്വാസം നൽകുന്ന ഒരു മാറ്റം സംഭവി​ച്ചു. എന്തായി​രു​ന്നു അത്‌? ഒരു പുതിയ രാജാവ്‌ പേർഷ്യ​യിൽ അധികാ​ര​ത്തിൽ വന്നു. ദാര്യാ​വേശ്‌ ഒന്നാമ​നാ​യി​രു​ന്നു അത്‌. അദ്ദേഹ​ത്തി​ന്റെ ഭരണത്തി​ന്റെ രണ്ടാം വർഷം, അതായത്‌ ബി.സി. 520-ൽ, ആലയം​പണി നിരോ​ധി​ച്ചു​കൊ​ണ്ടുള്ള കല്‌പന നിയമ​വി​രു​ദ്ധ​മാ​ണെന്ന്‌ അദ്ദേഹം കണ്ടെത്തി. അതു​കൊണ്ട്‌ അദ്ദേഹം ആ പണി പൂർത്തി​യാ​ക്കാ​നുള്ള അനുവാ​ദം നൽകി. (എസ്ര 6:1-3) രാജാ​വി​ന്റെ ആ തീരു​മാ​നം എല്ലാവ​രെ​യും അതിശ​യി​പ്പി​ച്ചു. എന്നാൽ ആലയം​പ​ണിക്ക്‌ അംഗീ​കാ​രം നൽകുക മാത്രമല്ല അദ്ദേഹം ചെയ്‌തത്‌. ചുറ്റു​മുള്ള ജനതക​ളോട്‌ ആലയം​പണി തടസ്സ​പ്പെ​ടു​ത്ത​രു​തെ​ന്നും പണവും മറ്റു വസ്‌തു​ക്ക​ളും നൽകി പണിയെ പിന്തു​ണ​യ്‌ക്ക​ണ​മെ​ന്നും അദ്ദേഹം ഉത്തരവി​ട്ടു. (എസ്ര 6:7-12) അങ്ങനെ ജൂതന്മാർക്ക്‌ ഏതാണ്ടു നാലു വർഷം​കൊണ്ട്‌, ബി.സി. 515-ൽ, ആലയത്തി​ന്റെ പണി പൂർത്തി​യാ​ക്കാൻ കഴിഞ്ഞു.—എസ്ര 6:15.

എതിർപ്പു​കൾ നേരി​ടു​മ്പോൾ യഹോ​വ​യു​ടെ ശക്തിയിൽ ആശ്രയി​ക്കുക (8-ാം ഖണ്ഡിക കാണുക)

8. എതിർപ്പു​കൾ ഉണ്ടാകു​മ്പോ​ഴും നിങ്ങൾക്ക്‌ എങ്ങനെ ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കാം?

8 ഇന്നും യഹോ​വ​യു​ടെ ആരാധ​കർക്കു പല തരത്തി​ലുള്ള എതിർപ്പു​കൾ നേരി​ടു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ചില രാജ്യ​ങ്ങ​ളിൽ അധികാ​രി​കൾ നമ്മുടെ പ്രവർത്ത​ന​ത്തി​നു നിയ​ന്ത്രണം ഏർപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അത്തരം സ്ഥലങ്ങളിൽ സഹോ​ദ​ര​ങ്ങളെ അറസ്റ്റു ചെയ്‌ത്‌ ചില​പ്പോ​ഴൊ​ക്കെ ‘ഗവർണർമാ​രു​ടെ​യും രാജാ​ക്ക​ന്മാ​രു​ടെ​യും മുന്നിൽ ഹാജരാ​ക്കു​ന്നു.’ അതിലൂ​ടെ നമ്മുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ പറയാ​നുള്ള അവസരം അവർക്കു ലഭിക്കു​ന്നു. (മത്താ. 10:17, 18) ചില സന്ദർഭ​ങ്ങ​ളിൽ പുതിയ ഗവൺമെന്റ്‌ അധികാ​ര​ത്തിൽ വരുന്ന സമയത്ത്‌ സഹോ​ദ​ര​ങ്ങൾക്ക്‌ കുറ​ച്ചൊ​ക്കെ ആരാധ​നാ​സ്വാ​ത​ന്ത്ര്യം കിട്ടാ​റുണ്ട്‌. മറ്റു ചില​പ്പോൾ നല്ല മനസ്സുള്ള ജഡ്‌ജി​മാർ നമുക്ക്‌ ആരാധ​നാ​സ്വാ​ത​ന്ത്ര്യം കിട്ടുന്ന വിധത്തി​ലുള്ള തീരു​മാ​ന​ങ്ങ​ളെ​ടു​ത്തേ​ക്കാം. ഇനി, വേറെ ചില സഹോ​ദ​ര​ങ്ങൾക്കു മറ്റു രീതി​യി​ലുള്ള എതിർപ്പാ​ണു നേരി​ടു​ന്നത്‌. അവർ താമസി​ക്കുന്ന രാജ്യ​ങ്ങ​ളിൽ ആരാധ​നാ​സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ങ്കി​ലും അവർക്കു കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നുള്ള എതിർപ്പു നേരി​ടേ​ണ്ടി​വ​രു​ന്നു. (മത്താ. 10:32-36) എന്നാൽ പലപ്പോ​ഴും എതിർക്കു​ന്ന​തു​കൊണ്ട്‌ കാര്യ​മി​ല്ലെന്നു മനസ്സി​ലാ​ക്കി​യിട്ട്‌ അവർ അങ്ങനെ ചെയ്യു​ന്നതു നിറു​ത്തി​യി​ട്ടുണ്ട്‌. അവരിൽ ചിലർ പിന്നീടു വളരെ ഉത്സാഹ​മുള്ള സാക്ഷി​ക​ളാ​യി​ത്തീർന്നി​ട്ടു​പോ​ലു​മുണ്ട്‌. എപ്പോ​ഴും ഒരു കാര്യം ഓർക്കുക: എതിർപ്പു നേരി​ട്ടാ​ലും യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തി​ക്ക​ള​യ​രുത്‌. ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കുക, യഹോവ നിങ്ങളു​ടെ​കൂ​ടെ​യുണ്ട്‌. യഹോവ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ നിങ്ങൾക്കു തരും. അതു​കൊണ്ട്‌ പേടി​ക്കേണ്ടാ!

സാഹച​ര്യ​ങ്ങൾ മാറുമ്പോൾ

9. പുതിയ ആലയത്തി​ന്റെ അടിസ്ഥാ​നം ഇട്ടപ്പോൾ ചില ജൂതന്മാർ കരഞ്ഞത്‌ എന്തു​കൊണ്ട്‌?

9 പുതിയ ആലയത്തിന്‌ അടിസ്ഥാ​നം ഇടുന്നതു കണ്ടപ്പോൾ വൃദ്ധരായ പല ജൂതന്മാ​രും ഉറക്കെ കരഞ്ഞു. (എസ്ര 3:12) കാരണം ശലോ​മോൻ രാജാവ്‌ നിർമിച്ച അതിമ​നോ​ഹ​ര​മായ ആലയം അവർ കണ്ടിട്ടു​ണ്ടാ​യി​രു​ന്നു. അതുമാ​യി ‘താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ ഈ പുതിയ ആലയം ഒന്നുമ​ല്ലെന്ന്‌’ അവർക്കു തോന്നി. (ഹഗ്ഗാ. 2:2, 3) അത്‌ അവർക്ക്‌ ഒട്ടും സഹിക്കാ​നാ​യില്ല. എന്നാൽ സെഖര്യ​ക്കു കിട്ടിയ ദർശനം അവരുടെ സങ്കട​മൊ​ക്കെ മാറാൻ സഹായി​ക്കു​മാ​യി​രു​ന്നു. എങ്ങനെ?

10. സെഖര്യ 4:8-10-ൽ കാണുന്ന ദൂതന്റെ വാക്കുകൾ ജൂതന്മാ​രു​ടെ സങ്കടം മാറാൻ സഹായി​ച്ചത്‌ എങ്ങനെ?

10 സെഖര്യ 4:8-10 വായി​ക്കുക. ജൂതന്മാർ “ആഹ്ലാദി​ക്കു​ക​യും (ജൂതഗ​വർണ​റായ) സെരു​ബ്ബാ​ബേ​ലി​ന്റെ കൈയിൽ തൂക്കുകട്ട കാണു​ക​യും ചെയ്യും” എന്നു ദൈവ​ദൂ​തൻ പറഞ്ഞതി​ന്റെ അർഥം എന്തായി​രു​ന്നു? ഭിത്തി​യും മറ്റും നേരെ​യാ​ണോ പണിതി​രി​ക്കു​ന്ന​തെന്ന്‌ ഉറപ്പു​വ​രു​ത്താൻ ഉപയോ​ഗി​ക്കുന്ന ഉപകര​ണ​മാ​ണു തൂക്കുകട്ട. പഴയ ആലയ​ത്തോ​ടുള്ള താരത​മ്യ​ത്തിൽ പുതി​യതു ചെറു​താ​ണെന്നു ദൈവ​ജ​ന​ത്തി​നു തോന്നി​യാ​ലും ഇതിന്റെ പണി പൂർത്തി​യാ​കു​മെ​ന്നും യഹോവ ആഗ്രഹി​ക്കു​ന്ന​തു​പോ​ലുള്ള ഒന്നായി​രി​ക്കും അതെന്നും ദൂതന്റെ വാക്കുകൾ സൂചി​പ്പി​ച്ചു. ഇങ്ങനെ​യൊ​രു ആലയമു​ണ്ടാ​യി​രി​ക്കു​ന്ന​തിൽ യഹോവ സന്തോ​ഷി​ക്കു​ന്നു​ണ്ടെ​ങ്കിൽ ദൈവ​ജ​ന​വും അതിൽ സന്തോ​ഷി​ക്കേ​ണ്ട​തല്ലേ? ആലയത്തി​ന്റെ വലുപ്പമല്ല, യഹോ​വ​യു​ടെ ഇഷ്ടമനു​സ​രിച്ച്‌ അവിടെ ആരാധന നടക്കു​ന്നു​ണ്ടോ എന്നതാണ്‌ യഹോ​വ​യ്‌ക്ക്‌ ഏറ്റവും പ്രധാനം. യഹോ​വ​യ്‌ക്ക്‌ ഇഷ്ടമുള്ള വിധത്തിൽ ആരാധന നടത്തു​ന്ന​തി​ലാ​ണു ജൂതന്മാ​രു​ടെ മുഖ്യ​ശ്ര​ദ്ധ​യെ​ങ്കിൽ അവർക്ക്‌ യഹോ​വ​യു​ടെ അംഗീ​കാ​ര​മു​ണ്ടാ​കും. അതോടെ അവരുടെ സന്തോഷം തിരികെ കിട്ടു​ക​യും ചെയ്യു​മാ​യി​രു​ന്നു.

സാഹച​ര്യ​ങ്ങൾക്കു മാറ്റം വരു​മ്പോ​ഴും സന്തോഷം നിലനി​റു​ത്തുക (11-12 ഖണ്ഡികകൾ കാണുക) *

11. എന്തൊക്കെ കാരണ​ങ്ങ​ളാൽ യഹോ​വ​യു​ടെ ആരാധ​ക​രിൽ ചിലർക്ക്‌ ഇന്നു നിരാശ തോന്നി​യേ​ക്കാം?

11 സാഹച​ര്യ​ങ്ങൾക്കു മാറ്റം വരു​മ്പോൾ അത്‌ ഉൾക്കൊ​ള്ളാൻ നമു​ക്കൊ​ക്കെ പ്രയാസം തോന്നി​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ചില പ്രത്യേക മുഴു​സ​മ​യ​സേ​വകർ വർഷങ്ങ​ളാ​യി ഒരേ നിയമ​ന​ത്തി​ലാ​യി​രു​ന്നു. അവർക്ക്‌ ഇപ്പോൾ പുതിയ ഒരു നിയമനം ലഭിക്കു​ന്നു. ഇനി, മറ്റു ചിലർക്കു പ്രായം കൂടി​യ​തു​കൊണ്ട്‌ അവർ വർഷങ്ങ​ളോ​ളം വളരെ സന്തോ​ഷ​ത്തോ​ടെ ചെയ്‌തു​കൊ​ണ്ടി​രുന്ന ചില ഉത്തരവാ​ദി​ത്വ​ങ്ങൾ ഉപേക്ഷി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. ഇത്തരത്തിൽ മാറ്റം കിട്ടു​മ്പോൾ വിഷമം തോന്നു​ന്നതു സ്വാഭാ​വി​ക​മാണ്‌. ആദ്യ​മൊ​ക്കെ നമുക്ക്‌ ആ തീരു​മാ​ന​ത്തോ​ടു യോജി​ക്കാ​നോ എന്തു​കൊണ്ട്‌ അങ്ങനെ​യൊ​രു തീരു​മാ​ന​മെ​ടു​ത്തെന്നു മനസ്സി​ലാ​ക്കാ​നോ കഴി​ഞ്ഞെ​ന്നു​വ​രില്ല. കാരണം ആ പഴയ നിയമനം നമ്മൾ അത്രമാ​ത്രം ഇഷ്ടപ്പെ​ട്ടി​രു​ന്നു. ഇനി, ഈ പുതിയ നിയമ​ന​ത്തിൽ യഹോ​വ​യ്‌ക്കു​വേണ്ടി അധിക​മൊ​ന്നും ചെയ്യാ​നാ​കു​ന്നി​ല്ല​ല്ലോ എന്നോർത്തും നമുക്കു നിരാശ തോന്നി​യേ​ക്കാം. (സുഭാ. 24:10) എന്നാൽ മാറിയ സാഹച​ര്യ​ത്തി​ലും നമ്മുടെ ഏറ്റവും നല്ലത്‌ യഹോ​വ​യ്‌ക്കു നൽകാൻ സെഖര്യ​യു​ടെ ഈ ദർശനം നമ്മളെ എങ്ങനെ സഹായി​ക്കും?

12. സാഹച​ര്യ​ങ്ങൾക്കു മാറ്റമു​ണ്ടാ​കു​മ്പോ​ഴുള്ള വിഷമത്തെ മറിക​ട​ക്കാൻ സെഖര്യ​യു​ടെ ദർശനം നമ്മളെ എങ്ങനെ സഹായി​ക്കും?

12 സാഹച​ര്യ​ങ്ങൾക്കു മാറ്റം വരു​മ്പോൾ അതിനെ യഹോവ കാണു​ന്ന​തു​പോ​ലെ കാണു​ക​യാ​ണെ​ങ്കിൽ നമുക്ക്‌ അതുമാ​യി പൊരു​ത്ത​പ്പെ​ടാൻ എളുപ്പ​മാ​യി​രി​ക്കും. യഹോവ ഇന്നു വലിയ​വ​ലിയ കാര്യ​ങ്ങ​ളാ​ണു ചെയ്യു​ന്നത്‌. ഇങ്ങനെ​യൊ​രു സമയത്ത്‌ യഹോ​വ​യു​ടെ സഹപ്ര​വർത്ത​ക​രാ​യി​രി​ക്കാ​നുള്ള വലി​യൊ​രു അവസര​മാ​ണു നമുക്കു​ള്ളത്‌. (1 കൊരി. 3:9) നമ്മുടെ നിയമ​ന​ത്തിൽ മാറ്റം വന്നേക്കാം. എന്നാൽ യഹോ​വ​യ്‌ക്കു നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​നു മാറ്റം വരില്ല. അതു​കൊണ്ട്‌ നിങ്ങളു​ടെ നിയമ​ന​ത്തിൽ ഒരു മാറ്റമു​ണ്ടാ​കു​മ്പോൾ എന്തിനാണ്‌ എനിക്ക്‌ ഇങ്ങനെ​യൊ​രു മാറ്റം തന്നത്‌ എന്നു ചിന്തിച്ച്‌ സമയം പാഴാ​ക്ക​രുത്‌. “കഴിഞ്ഞ കാലം” ഇപ്പോ​ഴ​ത്തെ​ക്കാൾ നല്ലതാ​യി​രു​ന്നെന്നു ചിന്തി​ക്കു​ന്ന​തി​നു പകരം പുതിയ നിയമ​ന​ത്തി​ന്റെ നല്ല വശങ്ങൾ കാണാൻ സഹായി​ക്കണേ എന്ന്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കുക. (സഭാ. 7:10) നിങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാൻ പറ്റാത്ത കാര്യ​ങ്ങ​ളി​ലല്ല, ചെയ്യാൻ പറ്റുന്ന കാര്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക. അങ്ങനെ ചെയ്യു​ന്നത്‌ എത്ര പ്രധാ​ന​മാ​ണെ​ന്നാ​ണു സെഖര്യ​യു​ടെ ദർശനം നമ്മളെ പഠിപ്പി​ക്കു​ന്നത്‌. അപ്പോൾ സാഹച​ര്യ​ങ്ങൾ മാറി​യാ​ലും സന്തോ​ഷ​ത്തോ​ടെ, വിശ്വ​സ്‌ത​മാ​യി നമ്മൾ യഹോ​വയെ സേവി​ക്കും.

നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ ബുദ്ധി​മു​ട്ടു തോന്നുമ്പോൾ

13. ദേവാ​ല​യ​ത്തി​ന്റെ പണി വീണ്ടും തുടങ്ങാ​നുള്ള നിർദേശം അത്ര ശരിയാ​യി​ല്ലെന്നു ചില ജൂതന്മാർക്കു തോന്നി​യത്‌ എന്തു​കൊ​ണ്ടാണ്‌?

13 ദേവാ​ല​യ​ത്തി​ന്റെ പണി രാജാവ്‌ നിരോ​ധി​ച്ചെ​ങ്കി​ലും മഹാപു​രോ​ഹി​ത​നായ യേശു​വ​യും (യോശുവ) ഗവർണ​റായ സെരു​ബ്ബാ​ബേ​ലും ‘ദൈവ​ഭ​വ​ന​ത്തി​ന്റെ പണി വീണ്ടും തുടങ്ങി.’ (എസ്ര 5:1, 2) ദൈവ​ജ​ന​ത്തി​നു നേതൃ​ത്വ​മെ​ടു​ത്തി​രുന്ന അവരുടെ ആ തീരു​മാ​നം അത്ര ശരിയാ​യി​ല്ലെന്നു ചില ജൂതന്മാ​രെ​ങ്കി​ലും ചിന്തി​ച്ചു​കാ​ണും. കാരണം ദേവാ​ല​യ​ത്തി​ന്റെ പണി ഒളിച്ച്‌ ചെയ്യാൻ പറ്റുന്ന ഒന്നായി​രു​ന്നില്ല. പണി​യെ​ക്കു​റിച്ച്‌ അറിയു​മ്പോൾ ശത്രുക്കൾ അതു തടസ്സ​പ്പെ​ടു​ത്താൻ ശ്രമി​ക്കു​മെന്ന്‌ ഉറപ്പാ​യി​രു​ന്നു. അത്തര​മൊ​രു സാഹച​ര്യ​ത്തിൽ തങ്ങൾക്ക്‌ യഹോ​വ​യു​ടെ പിന്തു​ണ​യു​ണ്ടെന്ന ഉറപ്പ്‌ നേതൃ​ത്വം വഹിച്ചി​രുന്ന യോശു​വ​യ്‌ക്കും സെരു​ബ്ബാ​ബേ​ലി​നും ആവശ്യ​മാ​യി​രു​ന്നു. അവർക്ക്‌ അതു ലഭിക്കു​ക​യും ചെയ്‌തു. എങ്ങനെ?

14. സെഖര്യ 4:12, 14 പറയു​ന്ന​ത​നു​സ​രിച്ച്‌ മഹാപു​രോ​ഹി​ത​നായ യോശു​വ​യ്‌ക്കും ഗവർണ​റായ സെരു​ബ്ബാ​ബേ​ലി​നും എന്ത്‌ ഉറപ്പു ലഭിച്ചു?

14 സെഖര്യ 4:12, 14 വായി​ക്കുക. സെഖര്യ​യു​ടെ ദർശന​ത്തി​ന്റെ ഈ ഭാഗത്ത്‌ ദൈവ​ദൂ​തൻ പ്രവാ​ച​കന്‌ ഒരു കാര്യം വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു. ആ രണ്ട്‌ ഒലിവ്‌ മരങ്ങൾ ചിത്രീ​ക​രി​ക്കു​ന്നത്‌ ‘രണ്ട്‌ അഭിഷി​ക്ത​രെ​യാണ്‌,’ യോശു​വ​യെ​യും സെരു​ബ്ബാ​ബേ​ലി​നെ​യും. ആ രണ്ടു പേരും ആലങ്കാ​രി​ക​മാ​യി ‘മുഴു​ഭൂ​മി​യു​ടെ​യും നാഥന്റെ, അതായത്‌ യഹോ​വ​യു​ടെ, അരികിൽ നിൽക്കു​ന്ന​താ​യി’ ദൂതൻ പറഞ്ഞു. എത്ര വലി​യൊ​രു പദവി​യാ​യി​രു​ന്നു അത്‌! യഹോ​വ​യ്‌ക്ക്‌ അവരിൽ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ ആ ജൂതന്മാ​രും അവരെ വിശ്വ​സി​ക്ക​ണ​മാ​യി​രു​ന്നു. അനുസ​രി​ക്കാൻ ബുദ്ധി​മു​ട്ടു തോന്നു​മ്പോ​ഴും അവർ ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ ചെയ്യണ​മാ​യി​രു​ന്നു.

15. യഹോവ തന്റെ വചനത്തി​ലൂ​ടെ തരുന്ന നിർദേ​ശ​ങ്ങളെ വിലമ​തി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ തെളി​യി​ക്കാം?

15 യഹോവ ഇന്നും പല വിധങ്ങ​ളിൽ നമുക്കു നിർദേ​ശങ്ങൾ തരുന്നുണ്ട്‌. ഒരു വിധം, തന്റെ വചനമായ ബൈബി​ളി​ലൂ​ടെ​യാണ്‌. നമ്മൾ എങ്ങനെ​യാണ്‌ യഹോ​വയെ ആരാധി​ക്കേ​ണ്ട​തെന്ന്‌ അതിലൂ​ടെ യഹോവ നമ്മളോ​ടു പറയു​ന്നുണ്ട്‌. അതിലെ നിർദേ​ശങ്ങൾ വിലമ​തി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം? ബൈബിൾ ശ്രദ്ധ​യോ​ടെ വായി​ക്കാ​നും പഠിക്കാ​നും സമയ​മെ​ടു​ത്തു​കൊണ്ട്‌ അതു ചെയ്യാം. നമുക്കു നമ്മളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കാം: ‘ബൈബി​ളോ നമ്മുടെ ഏതെങ്കി​ലും പ്രസി​ദ്ധീ​ക​ര​ണ​മോ വായി​ക്കു​മ്പോൾ ഇടയ്‌ക്ക്‌ ഒന്നു നിറു​ത്തി​യിട്ട്‌ ഞാൻ അതി​നെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കാ​റു​ണ്ടോ? മനസ്സി​ലാ​ക്കാൻ പ്രയാ​സ​മുള്ള ബൈബിൾസ​ത്യ​ങ്ങൾ പഠിക്കാൻവേണ്ടി ഞാൻ കൂടുതൽ ശ്രമം ചെയ്യാ​റു​ണ്ടോ? അതോ അത്തരം ഭാഗങ്ങൾ ഞാൻ ഓടിച്ച്‌ വായി​ച്ചു​തീർക്കു​ക​യാ​ണോ ചെയ്യു​ന്നത്‌?’ (2 പത്രോ. 3:16) യഹോവ പഠിപ്പി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ സമയ​മെ​ടുത്ത്‌ ചിന്തി​ക്കു​ക​യാ​ണെ​ങ്കിൽ ആ നിർദേ​ശങ്ങൾ അനുസ​രി​ക്കാ​നും പ്രസം​ഗ​പ്ര​വർത്തനം നന്നായി ചെയ്യാ​നും നമുക്കു കഴിയും.—1 തിമൊ. 4:15, 16.

‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ​യിൽനിന്ന്‌’ ലഭിക്കുന്ന നിർദേ​ശ​ങ്ങ​ളിൽ വിശ്വാ​സ​മർപ്പി​ക്കുക (16-ാം ഖണ്ഡിക കാണുക) *

16. “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” തരുന്ന ഒരു നിർദേശം നമുക്കു പൂർണ​മാ​യി മനസ്സി​ലാ​യി​ല്ലെ​ങ്കിൽപ്പോ​ലും അത്‌ അനുസ​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

16 യഹോവ നമുക്കു നിർദേ​ശങ്ങൾ തരുന്ന മറ്റൊരു വിധം ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ​യി​ലൂ​ടെ​യാണ്‌.’ (മത്താ. 24:45) ചില​പ്പോൾ ഈ അടിമ നൽകുന്ന നിർദേ​ശങ്ങൾ നമുക്കു മുഴു​വ​നാ​യി മനസ്സി​ലാ​ക​ണ​മെ​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, ഒരു പ്രകൃ​തി​ദു​രന്തം ഉണ്ടായാൽ രക്ഷപ്പെ​ടാ​നാ​യി നമ്മൾ എന്തൊക്കെ ചെയ്യണ​മെന്ന നിർദേ​ശങ്ങൾ അടിമ തന്നേക്കാം. എന്നാൽ അങ്ങനെ​യൊ​രു ദുരന്തം നമ്മുടെ പ്രദേ​ശത്ത്‌ ഒരിക്ക​ലും ഉണ്ടാകില്ല എന്നായി​രി​ക്കാം നമ്മൾ ചിന്തി​ക്കു​ന്നത്‌. അതല്ലെ​ങ്കിൽ ഒരു മഹാമാ​രി​യു​ടെ സമയത്ത്‌ സംഘടന തരുന്ന നിർദേ​ശങ്ങൾ കേൾക്കു​മ്പോൾ ‘ഇത്ര​യൊ​ക്കെ ശ്രദ്ധി​ക്കേ​ണ്ട​തു​ണ്ടോ’ എന്നു നമ്മൾ ചിന്തി​ച്ചേ​ക്കാം. കിട്ടിയ നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്നത്‌ അത്ര എളുപ്പ​മ​ല്ലെന്നു തോന്നി​യാൽ നമുക്ക്‌ എന്തു ചെയ്യാം? അങ്ങനെ തോന്നു​ന്നു​ണ്ടെ​ങ്കിൽ യോശു​വ​യിൽനി​ന്നും സെരു​ബ്ബാ​ബേ​ലിൽനി​ന്നും നിർദേ​ശങ്ങൾ ലഭിച്ച​പ്പോൾ അവ അനുസ​രി​ച്ചത്‌ ഇസ്രാ​യേ​ല്യർക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്‌തെന്നു നമുക്കു ചിന്തി​ക്കാം. ഇനി, ചില സന്ദർഭ​ങ്ങ​ളിൽ ദൈവ​ജ​ന​ത്തി​നു കിട്ടിയ നിർദേ​ശങ്ങൾ മനുഷ്യ​കാ​ഴ്‌ച​പ്പാ​ടിൽ അത്ര പ്രാ​യോ​ഗി​ക​മ​ല്ലാ​യി​രു​ന്നു. എന്നാൽ അവ അനുസ​രി​ച്ചത്‌ അവരുടെ ജീവൻ രക്ഷിച്ചു. അത്തരത്തി​ലുള്ള ബൈബിൾവി​വ​ര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർക്കു​ന്ന​തും നമുക്കു പ്രയോ​ജനം ചെയ്യും.—ന്യായാ. 7:7; 8:10.

സെഖര്യ കണ്ടതു നിങ്ങളും കാണുക

17. സെഖര്യ​യു​ടെ അഞ്ചാമത്തെ ദർശന​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കി​യത്‌ ആ ജൂതന്മാ​രെ എങ്ങനെ സഹായി​ച്ചു?

17 സെഖര്യ​ക്കു കിട്ടിയ അഞ്ചാമത്തെ ദർശനം വളരെ ചെറിയ ഒന്നായി​രു​ന്നു. എന്നാൽ തങ്ങളുടെ ജോലി​യും ആരാധ​ന​യും ഉത്സാഹ​ത്തോ​ടെ മുന്നോ​ട്ടു കൊണ്ടു​പോ​കാൻ ആ ജൂതന്മാ​രെ സഹായി​ക്കു​ന്ന​താ​യി​രു​ന്നു അത്‌. ദർശന​ത്തിൽനിന്ന്‌ പഠിച്ച കാര്യങ്ങൾ അവർ ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കി​യ​പ്പോൾ അവർക്ക്‌ യഹോ​വ​യു​ടെ പിന്തു​ണ​യും സഹായ​വും കിട്ടി. അവരുടെ ജോലി തുടരാ​നും സന്തോഷം വീണ്ടെ​ടു​ക്കാ​നും യഹോവ തന്റെ പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ അവരെ സഹായി​ച്ചു.—എസ്ര 6:16.

18. സെഖര്യ​യു​ടെ ദർശനം നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

18 തണ്ടുവി​ള​ക്കി​നെ​യും രണ്ട്‌ ഒലിവ്‌ മരങ്ങ​ളെ​യും കുറിച്ച്‌ സെഖര്യ കണ്ട ദർശനം നിങ്ങളു​ടെ ജീവി​ത​ത്തി​ലും ശരിക്കും പ്രയോ​ജനം ചെയ്യും. നമ്മൾ കണ്ടതു​പോ​ലെ അതെക്കു​റിച്ച്‌ പഠിക്കു​ന്നത്‌ എതിർപ്പു​കളെ നേരി​ടാ​നുള്ള ശക്തി നിങ്ങൾക്കു തരും. സാഹച​ര്യ​ങ്ങൾക്കു മാറ്റം വരു​മ്പോ​ഴും സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ സഹായി​ക്കും. മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടുള്ള ചില നിർദേ​ശങ്ങൾ കിട്ടു​മ്പോ​ഴും അവയിൽ വിശ്വാ​സ​മർപ്പി​ച്ചു​കൊണ്ട്‌ അനുസ​രി​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ക്കും. ജീവി​ത​ത്തിൽ ചില പ്രതി​സ​ന്ധി​ക​ളൊ​ക്കെ നേരി​ടു​മ്പോൾ നിങ്ങൾ എന്തു ചെയ്യണം? ഒന്നാമ​താ​യി സെഖര്യ കണ്ടതു കാണുക, അതായത്‌ യഹോവ തന്റെ ജനത്തി​നു​വേണ്ടി കരുതു​ന്നു എന്നതിന്റെ തെളി​വു​കൾ. എന്നിട്ട്‌ നിങ്ങൾ കണ്ടതിനു ചേർച്ച​യിൽ പ്രവർത്തി​ക്കുക. യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ ആരാധി​ക്കു​ക​യും ചെയ്യുക. (മത്താ. 22:37) അങ്ങനെ ചെയ്‌താൽ സന്തോ​ഷ​ത്തോ​ടെ എന്നെന്നും യഹോ​വയെ സേവി​ക്കാൻ യഹോവ നിങ്ങളെ സഹായി​ക്കും.—കൊലോ. 1:10, 11.

ഗീതം 7 യഹോവ നമ്മുടെ ബലം

^ യഹോവ സെഖര്യ പ്രവാ​ച​കന്‌ ആവേശം പകരുന്ന കുറെ ദർശനങ്ങൾ കാണി​ച്ചു​കൊ​ടു​ത്തു. ആ ദർശനങ്ങൾ, പ്രശ്‌ന​ങ്ങൾക്കി​ട​യി​ലും ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാ​നുള്ള ശക്തി സെഖര്യ​ക്കും ദൈവ​ജ​ന​ത്തി​നും നൽകി. പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോ​ഴും യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കാൻ അവ നമ്മളെ​യും സഹായി​ക്കും. സെഖര്യ കണ്ട ഒരു ദർശന​ത്തെ​ക്കു​റി​ച്ചാ​ണു നമ്മൾ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യാൻപോ​കു​ന്നത്‌. വിളക്കു​ത​ണ്ടും ഒലിവ്‌ മരങ്ങളും ഉൾപ്പെട്ട ആ ദർശന​ത്തിൽനിന്ന്‌ നമുക്ക്‌ എന്തൊക്കെ വിലപ്പെട്ട പാഠങ്ങൾ പഠിക്കാ​നാ​കു​മെന്നു നോക്കാം.

^ വർഷങ്ങൾക്കു ശേഷം നെഹമ്യ ഗവർണ​റാ​യി​രുന്ന സമയത്തും ഒരു അർഥഹ്‌ശഷ്ട രാജാവ്‌ ഭരണം നടത്തി​യി​രു​ന്നു. അദ്ദേഹം ജൂതന്മാ​രോ​ടു വളരെ ദയയു​ള്ള​യാ​ളാ​യി​രു​ന്നു.

^ ചിത്രത്തിന്റെ വിവരണം: പ്രായം​കൊ​ണ്ടും ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങൾകൊ​ണ്ടും തന്റെ സാഹച​ര്യ​ത്തി​നു മാറ്റം വന്നപ്പോൾ അതുമാ​യി പൊരു​ത്ത​പ്പെ​ടേ​ണ്ട​തി​ന്റെ ആവശ്യം ഒരു സഹോ​ദരൻ തിരി​ച്ച​റി​യു​ന്നു.

^ ചിത്രത്തിന്റെ വിവരണം: യോശു​വ​യെ​യും സെരു​ബ്ബാ​ബേ​ലി​നെ​യും സഹായി​ച്ച​തു​പോ​ലെ യഹോവ ഇന്നു ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ’ പിന്തു​ണ​യ്‌ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒരു സഹോ​ദരി ചിന്തി​ക്കു​ന്നു.