വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 13

സത്യാരാധന നമ്മുടെ സന്തോഷം വർധിപ്പിക്കും

സത്യാരാധന നമ്മുടെ സന്തോഷം വർധിപ്പിക്കും

“ഞങ്ങളുടെ ദൈവമായ യഹോവേ, മഹത്ത്വവും ബഹുമാനവും ശക്തിയും ലഭിക്കാൻ അങ്ങ്‌ യോഗ്യനാണ്‌.”—വെളി. 4:11.

ഗീതം 31 യാഹിനോടൊപ്പം നടക്കാം!

ചുരുക്കം *

1-2. നമ്മുടെ ആരാധന യഹോവയ്‌ക്കു സ്വീകാര്യമാകുന്നത്‌ എപ്പോഴാണ്‌?

 “ആരാധന” എന്ന വാക്കു കേൾക്കുമ്പോൾ എന്താണു നിങ്ങളുടെ മനസ്സിലേക്കു വരുന്നത്‌? ഉറങ്ങുന്നതിനു മുമ്പ്‌ കട്ടിലിന്‌ അരികെ മുട്ടുകുത്തി നിന്ന്‌ താഴ്‌മയോടെ യഹോവയോടു പ്രാർഥിക്കുന്ന ഒരു സഹോദരന്റെ ചിത്രമാണോ? അതല്ലെങ്കിൽ ഒരു കുടുംബം ഒരുമിച്ച്‌ സന്തോഷത്തോടെ ഇരുന്ന്‌ ബൈബിൾ പഠിക്കുന്നതാണോ നിങ്ങളുടെ മനസ്സിലേക്കു വരുന്നത്‌?

2 ആ സഹോദരനും ആ കുടുംബവും അങ്ങനെ ചെയ്‌തതിലൂടെ യഹോവയെ ആരാധിക്കുകയായിരുന്നു. എന്നാൽ യഹോവ അവരുടെ ആരാധന സ്വീകരിക്കുമോ? അവർ ആരാധിക്കുന്നത്‌ യഹോവയുടെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ, സ്‌നേഹത്തോടെയും ആദരവോടെയും ആണെങ്കിൽ യഹോവ അതു സ്വീകരിക്കും. നമുക്കെല്ലാം യഹോവയെ ഒരുപാട്‌ ഇഷ്ടമാണ്‌. നമ്മൾ യഹോവയെയാണ്‌ ആരാധിക്കേണ്ടതെന്നു നമുക്ക്‌ അറിയാം. അത്‌ ഏറ്റവും നന്നായി ചെയ്യാനും നമ്മൾ ആഗ്രഹിക്കുന്നു.

3. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?

3 ബൈബിൾക്കാലങ്ങളിൽ യഹോവ ഏതു രീതിയിലുള്ള ആരാധനയാണു സ്വീകരിച്ചിരുന്നതെന്നു നമ്മൾ ഈ ലേഖനത്തിൽ കാണും. കൂടാതെ സത്യാരാധനയുടെ ഭാഗമായി നമ്മൾ ഇന്നു ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്ന എട്ടു കാര്യങ്ങളെക്കുറിച്ചും പഠിക്കും. അവ പഠിക്കുമ്പോൾ അക്കാര്യങ്ങൾ നമുക്ക്‌ എങ്ങനെ കുറെക്കൂടി നന്നായി ചെയ്യാമെന്നു ചിന്തിക്കാനാകും. ഇനി, യഹോവയെ ശരിയായ വിധത്തിൽ ആരാധിക്കുമ്പോൾ അത്‌ എങ്ങനെയാണു നമുക്കു സന്തോഷം നൽകുന്നതെന്നും നമ്മൾ കാണും.

ബൈബിൾക്കാലങ്ങളിൽ യഹോവ സ്വീകരിച്ച ആരാധന

4. യേശുവിനു മുമ്പുണ്ടായിരുന്ന വിശ്വസ്‌തരായ ദൈവദാസന്മാർ യഹോവയെ സ്‌നേഹിക്കുന്നെന്നും ആദരിക്കുന്നെന്നും എങ്ങനെയാണു തെളിയിച്ചത്‌?

4 ഹാബേൽ, നോഹ, അബ്രാഹാം, ഇയ്യോബ്‌ തുടങ്ങിയ വിശ്വസ്‌തരായ ദൈവദാസർ യഹോവയോടുള്ള സ്‌നേഹവും ആദരവും തെളിയിച്ചവരാണ്‌. അവർ എങ്ങനെയാണ്‌ അതു ചെയ്‌തത്‌? അവർ ദൈവത്തിൽ വിശ്വസിച്ചു, ദൈവത്തെ അനുസരിച്ചു, ദൈവത്തിനു ബലികൾ അർപ്പിച്ചു. എന്നാൽ ദൈവത്തെ ആരാധിക്കുന്നതിനായി അവർ ചെയ്‌ത കാര്യങ്ങളുടെ എല്ലാ വിശദാംശങ്ങളും ബൈബിളിൽ പറഞ്ഞിട്ടില്ല. എന്തായാലും യഹോവയെ ബഹുമാനിക്കാനായി അവർ തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്‌തെന്ന കാര്യം ഉറപ്പാണ്‌. യഹോവ അവരുടെ ആരാധന സ്വീകരിക്കുകയും ചെയ്‌തു. യഹോവ പിന്നീട്‌ അബ്രാഹാമിന്റെ പിൻതലമുറക്കാർക്കു മോശയിലൂടെ ചില നിയമങ്ങൾ നൽകി. അതിൽ യഹോവയെ എങ്ങനെ ആരാധിക്കണം എന്നതു സംബന്ധിച്ച്‌ വ്യക്തമായ നിർദേശങ്ങളുണ്ടായിരുന്നു.

5. യേശു മരിച്ച്‌ പുനരുത്ഥാനപ്പെട്ടതിനു ശേഷം സത്യാരാധനയുടെ കാര്യത്തിൽ എന്തു മാറ്റം സംഭവിച്ചു?

5 യേശു മരിച്ച്‌ പുനരുത്ഥാനപ്പെട്ടതിനു ശേഷം ചില മാറ്റങ്ങളുണ്ടായി. മോശയിലൂടെ ഇസ്രായേല്യർക്കു കൊടുത്ത നിയമങ്ങൾ ആളുകൾ പിന്നീട്‌ അനുസരിക്കാൻ യഹോവ പ്രതീക്ഷിച്ചില്ല. (റോമ. 10:4) പകരം ക്രിസ്‌ത്യാനികൾ ഒരു പുതിയ നിയമം, അതായത്‌ “ക്രിസ്‌തുവിന്റെ നിയമം” അനുസരിക്കണമായിരുന്നു. (ഗലാ. 6:2) അതിന്‌ അവർ എന്തൊക്കെ ചെയ്യാം, ചെയ്യരുത്‌ എന്നു പറയുന്ന കുറെ നിയമങ്ങൾ ഓർത്തിരുന്ന്‌ അവ പിൻപറ്റുകയായിരുന്നില്ല വേണ്ടത്‌. പകരം അവർ യേശുവിന്റെ മാതൃക അനുകരിക്കുകയും യേശു പഠിപ്പിച്ച കാര്യങ്ങൾ അനുസരിക്കുകയും ചെയ്യണമായിരുന്നു. ഇന്നും ക്രിസ്‌ത്യാനികൾ അതുതന്നെ ചെയ്‌തുകൊണ്ട്‌ യഹോവയെ സന്തോഷിപ്പിക്കാൻ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. അതിലൂടെ അവർ ‘ഉന്മേഷം കണ്ടെത്തുന്നു.’—മത്താ. 11:29.

6. ഈ ലേഖനത്തിൽനിന്ന്‌ പ്രയോജനം നേടാൻ നമുക്ക്‌ എന്തു ചെയ്യാം?

6 സത്യാരാധനയോടു ബന്ധപ്പെട്ട ഓരോ കാര്യവും ചർച്ച ചെയ്യുമ്പോൾ ‘ഇക്കാര്യത്തിൽ ഞാൻ എന്തു പുരോഗതിയാണു വരുത്തിയിട്ടുള്ളത്‌’ എന്നു നിങ്ങളോടുതന്നെ ചോദിക്കുക. ‘ഇതിൽ ഇനിയും കുറെക്കൂടി നന്നായി ചെയ്യാൻ എനിക്കാകുമോ’ എന്നും ചിന്തിക്കുക. ഇതുവരെ വരുത്തിയ പുരോഗതിയിൽ നിങ്ങൾക്കു തീർച്ചയായും സന്തോഷിക്കാനാകും. ഒപ്പം, ഇനിയും എന്തു പുരോഗതിയാണു വരുത്തേണ്ടതെന്നു മനസ്സിലാക്കാൻ സഹായിക്കണേ എന്ന്‌ യഹോവയോടു പ്രാർഥിക്കാനുമാകും.

നമ്മൾ യഹോവയെ ആരാധിക്കുന്ന ചില വിധങ്ങൾ

7. നമ്മുടെ ആത്മാർഥമായ പ്രാർഥനകളെ യഹോവ എങ്ങനെയാണു കാണുന്നത്‌?

7 യഹോവയോടു പ്രാർഥിക്കുമ്പോൾ നമ്മൾ യഹോവയെ ആരാധിക്കുകയാണ്‌. ഇസ്രായേൽ ജനം പ്രത്യേകം തയ്യാർ ചെയ്‌ത സുഗന്ധക്കൂട്ട്‌, വിശുദ്ധകൂടാരത്തിലും പിന്നീടു ദേവാലയത്തിലും അർപ്പിച്ചിരുന്നു. ആ സുഗന്ധക്കൂട്ടിനോടാണു ബൈബിൾ നമ്മുടെ പ്രാർഥനയെ താരതമ്യം ചെയ്‌തിരിക്കുന്നത്‌. (സങ്കീ. 141:2) അതു യാഗപീഠത്തിൽ അർപ്പിക്കുമ്പോൾ സുഗന്ധം എല്ലായിടത്തും പരന്നിരുന്നു. യഹോവയെ സന്തോഷിപ്പിക്കുന്ന ഒന്നായിരുന്നു അത്‌. അതുപോലെ നമ്മുടെ ആത്മാർഥമായ പ്രാർഥനകളും ദൈവത്തെ “സന്തോഷിപ്പിക്കുന്നു.” നമ്മുടെ വാക്കുകൾ എത്രതന്നെ ലളിതമാണെങ്കിൽപ്പോലും അത്‌ യഹോവയ്‌ക്കു സ്വീകാര്യമാണ്‌. (സുഭാ. 15:8; ആവ. 33:10) നമ്മൾ യഹോവയെ എത്രമാത്രം സ്‌നേഹിക്കുന്നെന്നും യഹോവയോട്‌ എത്ര നന്ദിയുള്ളവരാണെന്നും പ്രാർഥനയിൽ പറയുന്നതു കേൾക്കുമ്പോൾ യഹോവയ്‌ക്കു സന്തോഷമാകുമെന്ന്‌ ഉറപ്പാണ്‌. നമ്മുടെ ഉത്‌കണ്‌ഠകളും പ്രതീക്ഷകളും ആഗ്രഹങ്ങളും ഒക്കെ നമ്മൾ യഹോവയോടു പറയാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. അതുകൊണ്ട്‌ പ്രാർഥിക്കുന്നതിനു മുമ്പ്‌, എന്തൊക്കെ കാര്യങ്ങൾ യഹോവയോടു പറയണമെന്നു ചിന്തിക്കുന്നതു നന്നായിരിക്കും. അങ്ങനെ ചെയ്യുന്നെങ്കിൽ ഏറ്റവും നല്ല ‘സുഗന്ധക്കൂട്ടായിരിക്കും’ നിങ്ങൾ സ്വർഗീയപിതാവിന്‌ അർപ്പിക്കുന്നത്‌.

8. യഹോവയെ സ്‌തുതിക്കാൻ ഏതു നല്ല അവസരമാണു നമുക്കുള്ളത്‌?

8 യഹോവയെ സ്‌തുതിക്കുമ്പോൾ നമ്മൾ യഹോവയെ ആരാധിക്കുകയാണ്‌. (സങ്കീ. 34:1) യഹോവയുടെ മനോഹരമായ ഗുണങ്ങളെയും പ്രവൃത്തികളെയും കുറിച്ച്‌ വിലമതിപ്പോടെ സംസാരിക്കുന്നതിലൂടെ നമ്മൾ യഹോവയെ സ്‌തുതിക്കുന്നു. ഉള്ളിന്റെ ഉള്ളിൽ ഒരാളോടു നന്ദി തോന്നുമ്പോൾ ആ വ്യക്തിയെക്കുറിച്ചുള്ള നല്ല കാര്യങ്ങൾ എടുത്തുപറഞ്ഞ്‌ സംസാരിക്കാൻ നമ്മൾ ആഗ്രഹിക്കും. യഹോവ നമുക്കുവേണ്ടി എന്തെല്ലാം ചെയ്‌തിരിക്കുന്നെന്നു സമയമെടുത്ത്‌ ചിന്തിക്കുന്നെങ്കിൽ യഹോവയെ സ്‌തുതിക്കാൻ നമുക്ക്‌ ഒരുപാടു കാര്യങ്ങളുണ്ടാകും. പ്രസംഗപ്രവർത്തനം യഹോവയ്‌ക്ക്‌ “അധരഫലം, അതായത്‌ സ്‌തുതികളാകുന്ന ബലി,” അർപ്പിക്കാനുള്ള ധാരാളം അവസരങ്ങൾ നമുക്കു തരുന്നു. (എബ്രാ. 13:15) പ്രാർഥിക്കുന്നതിനു മുമ്പ്‌, യഹോവയോട്‌ എന്തു പറയുമെന്നു നമ്മൾ നന്നായി ചിന്തിക്കുന്നതുപോലെതന്നെ പ്രസംഗപ്രവർത്തനത്തിൽ കണ്ടുമുട്ടുന്ന ഒരാളോട്‌ എന്തു പറയും എന്നതിനെക്കുറിച്ചും നമ്മൾ നന്നായി ചിന്തിക്കേണ്ടതുണ്ട്‌. നമ്മുടെ “സ്‌തുതികളാകുന്ന ബലി” ഏറ്റവും നല്ലതായിരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. അതുകൊണ്ടാണു പ്രസംഗപ്രവർത്തനത്തിൽ നമ്മൾ ഹൃദയത്തിൽനിന്ന്‌ ഉത്സാഹത്തോടെ സംസാരിക്കാൻ ആഗ്രഹിക്കുന്നത്‌.

9. (എ) പുരാതന ഇസ്രായേല്യരെപ്പോലെ മീറ്റിങ്ങുകൾക്കു കൂടിവരുന്നതു നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും? (ബി) മീറ്റിങ്ങുകൾക്കു വന്നതുകൊണ്ട്‌ നിങ്ങൾക്കു കിട്ടിയ ഒരു പ്രയോജനത്തെക്കുറിച്ച്‌ പറയുക.

9 മീറ്റിങ്ങുകൾക്കു കൂടിവരുമ്പോൾ നമ്മൾ യഹോവയെ ആരാധിക്കുകയാണ്‌. “വർഷത്തിൽ മൂന്നു പ്രാവശ്യം . . . നിങ്ങൾക്കിടയിലെ ആണുങ്ങളെല്ലാം നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ, ദൈവം തിരഞ്ഞെടുക്കുന്ന സ്ഥലത്ത്‌ കൂടിവരണം” എന്നു പുരാതന ഇസ്രായേല്യരോടു ദൈവം പറഞ്ഞിരുന്നു. (ആവ. 16:16) അവർ അങ്ങനെ പോകുമ്പോൾ അവരുടെ വീടും കൃഷിയിടങ്ങളും സംരക്ഷിക്കാൻ ആരുമില്ലാതെ വിട്ടിട്ട്‌ പോകണമായിരുന്നു. എന്നാൽ യഹോവ അവർക്ക്‌ ഇങ്ങനെ വാക്കുകൊടുത്തു: ‘നീ നിന്റെ ദൈവമായ യഹോവയുടെ മുഖം ദർശിക്കാൻ പോകുമ്പോൾ ആരും നിന്റെ ദേശം മോഹിക്കുകയില്ല.’ (പുറ. 34:24) യഹോവയിൽ പൂർണമായി വിശ്വാസമർപ്പിച്ചിരുന്നതുകൊണ്ട്‌ ആ ഇസ്രായേല്യർ വർഷംതോറും ഉത്സവങ്ങൾക്കു പോകുമായിരുന്നു. അങ്ങനെ ചെയ്‌തതുകൊണ്ട്‌ അവർക്ക്‌ ഒരുപാട്‌ അനുഗ്രഹങ്ങൾ കിട്ടി. ഉദാഹരണത്തിന്‌, ദൈവനിയമത്തെക്കുറിച്ച്‌ അവർക്കു നന്നായി പഠിക്കാനായി. യഹോവ അവർക്കുവേണ്ടി ചെയ്‌തിരിക്കുന്ന നല്ല കാര്യങ്ങളെക്കുറിച്ച്‌ അവർക്കു ചിന്തിക്കാൻ കഴിഞ്ഞു. കൂടാതെ, സഹാരാധകരോടൊപ്പം ഒത്തുചേരുന്നതിന്റെ സന്തോഷം ആസ്വദിക്കാനുമായി. (ആവ. 16:15) മീറ്റിങ്ങുകൾക്കു ഹാജരാകാൻവേണ്ടി നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിക്കുമ്പോൾ നമുക്കും ഇതുപോലുള്ള അനുഗ്രഹങ്ങൾ കിട്ടും. കൂടാതെ, ചെറിയചെറിയ ഉത്തരങ്ങൾ പറയാൻ നന്നായി തയ്യാറായി നമ്മൾ മീറ്റിങ്ങിനു വരുന്നതു കാണുമ്പോൾ യഹോവയ്‌ക്ക്‌ ഒരുപാട്‌ സന്തോഷമാകും.

10. സ്‌തുതിഗീതങ്ങൾ പാടുന്നത്‌ ആരാധനയുടെ ഒരു പ്രധാനഭാഗമാണെന്നു പറയാനാകുന്നത്‌ എന്തുകൊണ്ട്‌?

10 സഹോദരങ്ങളോടൊപ്പം പാട്ടു പാടുമ്പോൾ നമ്മൾ യഹോവയെ ആരാധിക്കുകയാണ്‌. (സങ്കീ. 28:7) ഇസ്രായേല്യരുടെ ആരാധനയിൽ പാട്ടിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. ദേവാലയത്തിൽ പാട്ടു പാടാൻ ദാവീദ്‌ രാജാവ്‌ 288 ലേവ്യരെയാണു നിയമിച്ചിരുന്നത്‌. (1 ദിന. 25:1, 6-8) ഇന്നും സ്‌തുതിഗീതങ്ങൾ പാടിക്കൊണ്ട്‌ ദൈവത്തെ എത്രമാത്രം സ്‌നേഹിക്കുന്നെന്നു നമുക്കു കാണിക്കാനാകും. അതിനു നമ്മൾ നല്ല പാട്ടുകാരായിരിക്കണം എന്നൊന്നും ഇല്ല. ഇങ്ങനെയൊന്നു ചിന്തിച്ചുനോക്കൂ: സംസാരിക്കുമ്പോൾ നമുക്കെല്ലാം ‘തെറ്റു പറ്റാറുണ്ടല്ലോ.’ (യാക്കോ. 3:2) എന്നു കരുതി സഭയിലായിരിക്കുമ്പോഴോ പ്രസംഗപ്രവർത്തനം ചെയ്യുമ്പോഴോ നമ്മൾ മിണ്ടാതിരിക്കുന്നുണ്ടോ? ഇല്ലല്ലോ. അതുപോലെ, ശബ്ദം കൊള്ളില്ലെന്നോ നന്നായി പാടാൻ അറിയില്ലെന്നോ തോന്നിയാൽപ്പോലും നമുക്ക്‌ യഹോവയ്‌ക്കുള്ള സ്‌തുതിഗീതങ്ങൾ പാടാനാകും.

11. സങ്കീർത്തനം 48:13 പറയുന്നതുപോലെ കുടുംബം ഒരുമിച്ച്‌ ബൈബിൾ പഠിക്കാൻ സമയം മാറ്റിവെക്കേണ്ടത്‌ എന്തുകൊണ്ട്‌?

11 നമ്മൾ ദൈവവചനം പഠിക്കുകയും യഹോവയെക്കുറിച്ച്‌ മക്കളെ പഠിപ്പിക്കുകയും ചെയ്യുമ്പോൾ യഹോവയെ ആരാധിക്കുകയാണ്‌. യഹോവയുമായുള്ള തങ്ങളുടെ ബന്ധം ശക്തമാക്കാനാണ്‌ ഇസ്രായേല്യർ ശബത്തുദിവസം ഉപയോഗിച്ചിരുന്നത്‌. ആ ദിവസം അവർ ജോലിയൊന്നും ചെയ്യില്ലായിരുന്നു. (പുറ. 31:16, 17) വിശ്വസ്‌തരായ ഇസ്രായേല്യർ യഹോവയെക്കുറിച്ചും യഹോവയുടെ നന്മയെക്കുറിച്ചും തങ്ങളുടെ മക്കളെ പഠിപ്പിക്കാനും ആ അവസരം ഉപയോഗിച്ചു. ദൈവവചനം വായിക്കാനും പഠിക്കാനും നമ്മളും അതുപോലെ സമയം മാറ്റിവെക്കണം. അതു നമ്മുടെ ആരാധനയുടെ ഭാഗമാണ്‌. മാത്രമല്ല അങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക്‌ യഹോവയോടു കൂടുതൽ അടുക്കാനുമാകും. (സങ്കീ. 73:28) കുടുംബം ഒരുമിച്ച്‌ ദൈവവചനം പഠിക്കുമ്പോൾ യഹോവയെ സ്‌നേഹിക്കാനും യഹോവയുടെ അടുത്ത കൂട്ടുകാരാകാനും ഒരു പുതിയ തലമുറയെ, അതായതു നമ്മുടെ മക്കളെ, നമ്മൾ സഹായിക്കുകയാണ്‌.സങ്കീർത്തനം 48:13 വായിക്കുക.

12. വിശുദ്ധകൂടാരവുമായി ബന്ധപ്പെട്ട പണികളെ യഹോവ എങ്ങനെയാണു കണ്ടത്‌ എന്നതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

12 ആരാധനാസ്ഥലങ്ങൾ പണിയുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ നമ്മൾ യഹോവയെ ആരാധിക്കുകയാണ്‌. വിശുദ്ധകൂടാരവും അതിലെ ഉപകരണങ്ങളും ഉണ്ടാക്കുന്നതിനെ ‘വിശുദ്ധമായ’ ജോലിയായിട്ടാണു ബൈബിളിൽ പറഞ്ഞിരിക്കുന്നത്‌. (പുറ. 36:1, 4) ഇന്നും അതുപോലെ രാജ്യഹാളുകളും ദൈവരാജ്യപ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള മറ്റു കെട്ടിടങ്ങളും ഉണ്ടാക്കുന്നതിനെ വിശുദ്ധസേവനമായിട്ടാണ്‌ യഹോവ കാണുന്നത്‌. ചില സഹോദരങ്ങൾ ഇത്തരം പ്രവർത്തനങ്ങൾക്കായി ഒരുപാടു സമയം ചെലവഴിക്കുന്നു. രാജ്യപ്രവർത്തനങ്ങൾക്കുവേണ്ടി അവർ ചെയ്യുന്ന ഈ സേവനത്തെ നമ്മൾ വിലമതിക്കുന്നില്ലേ? അതോടൊപ്പംതന്നെ അവർ പ്രസംഗപ്രവർത്തനവും ചെയ്യുന്നുണ്ട്‌. അവരിൽ ചിലർ മുൻനിരസേവനം ചെയ്യാൻപോലും ആഗ്രഹിക്കുന്നു. അവർ മുൻനിരസേവനത്തിനായി അപേക്ഷിക്കുമ്പോൾ യോഗ്യരാണെങ്കിൽ അതിനുള്ള അനുമതി നൽകിക്കൊണ്ട്‌ നിർമാണപ്രവർത്തനത്തെ പിന്തുണയ്‌ക്കുന്നെന്നു മൂപ്പന്മാർക്കു കാണിക്കാനാകും. നമ്മൾ നിർമാണപ്രവർത്തനങ്ങളിൽ വൈദഗ്‌ധ്യമുള്ളവരാണെങ്കിലും അല്ലെങ്കിലും ഈ കെട്ടിടങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിൽ നമുക്കെല്ലാം ശ്രദ്ധിക്കാനാകും.

13. രാജ്യപ്രവർത്തനത്തെ പിന്തുണയ്‌ക്കാനായി സംഭാവന കൊടുക്കുന്നതിനെ നമ്മൾ എങ്ങനെ കാണണം?

13 രാജ്യപ്രവർത്തനങ്ങളെ പിന്തുണയ്‌ക്കാൻവേണ്ടി സംഭാവന നൽകുമ്പോൾ നമ്മൾ യഹോവയെ ആരാധിക്കുകയാണ്‌. വെറുങ്കൈയോടെ യഹോവയുടെ മുന്നിൽ വരരുതെന്ന്‌ ഇസ്രായേല്യരോടു ദൈവം കല്‌പിച്ചിരുന്നു. (ആവ. 16:16) ഓരോരുത്തരും തങ്ങളുടെ കഴിവനുസരിച്ചുള്ള സംഭാവനകൾ കൊണ്ടുവരണമായിരുന്നു. അതിലൂടെ യഹോവ തങ്ങൾക്കുവേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും നന്ദിയുള്ളവരാണെന്ന്‌ അവർക്കു കാണിക്കാനായി. നമ്മൾ യഹോവയെ സ്‌നേഹിക്കുന്നെന്നും യഹോവ നമുക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾക്കു നന്ദിയുണ്ടെന്നും ഇന്നു നമുക്ക്‌ എങ്ങനെ കാണിക്കാം? അതിനുള്ള ഒരു വിധം നമ്മുടെ സാഹചര്യങ്ങൾക്കനുസരിച്ച്‌ സംഭാവന നൽകുക എന്നതാണ്‌. സഭാസംഭാവനയായും ലോകവ്യാപകവേലയ്‌ക്കുള്ള സംഭാവനയായും നമുക്ക്‌ അതു നൽകാം. സംഭാവന കൊടുക്കുന്നതിനോടുള്ള ബന്ധത്തിൽ പൗലോസ്‌ അപ്പോസ്‌തലൻ ഇങ്ങനെ പറഞ്ഞു: “മനസ്സോടെ കൊടുക്കുന്നെങ്കിൽ അതായിരിക്കും ദൈവത്തിനു കൂടുതൽ സ്വീകാര്യം. ഒരാൾ തന്റെ കഴിവിന്‌ അപ്പുറമല്ല, കഴിവനുസരിച്ച്‌ കൊടുക്കാനാണു ദൈവം പ്രതീക്ഷിക്കുന്നത്‌.” (2 കൊരി. 8:4, 12) നമ്മൾ നമ്മുടെ കഴിവനുസരിച്ച്‌ മനസ്സോടെ കൊടുക്കുമ്പോൾ, അത്‌ എത്ര ചെറിയ തുകയാണെങ്കിൽപ്പോലും യഹോവയ്‌ക്കു സന്തോഷമാകും.—മർക്കോ. 12:42-44; 2 കൊരി. 9:7.

14. സുഭാഷിതങ്ങൾ 19:17 അനുസരിച്ച്‌ സഹായം ആവശ്യമുള്ള സഹോദരങ്ങളെ നമ്മൾ സഹായിക്കുമ്പോൾ യഹോവ അതിനെ എങ്ങനെയാണു കാണുന്നത്‌?

14 സഹായം ആവശ്യമുള്ള സഹോദരങ്ങളെ സഹായിക്കുമ്പോൾ നമ്മൾ യഹോവയെ ആരാധിക്കുകയാണ്‌. ദരിദ്രരെ സഹായിക്കാൻ തയ്യാറാകുന്ന ഇസ്രായേല്യരെ അനുഗ്രഹിക്കുമെന്ന്‌ യഹോവ അവർക്കു വാക്കു കൊടുത്തു. (ആവ. 15:7, 10) സഹായം ആവശ്യമുള്ള ഒരു സഹോദരനെയോ സഹോദരിയെയോ നമ്മൾ ഓരോ തവണ സഹായിക്കുമ്പോഴും യഹോവയ്‌ക്ക്‌ ഒരു സമ്മാനം കൊടുക്കുന്നതുപോലെയാണ്‌ യഹോവ അതിനെ കാണുന്നത്‌. (സുഭാഷിതങ്ങൾ 19:17 വായിക്കുക.) ഉദാഹരണത്തിന്‌ ഫിലിപ്പിയിലെ ക്രിസ്‌ത്യാനികൾ, ജയിലിൽ കഴിഞ്ഞിരുന്ന പൗലോസ്‌ അപ്പോസ്‌തലന്‌ ആവശ്യമായ ചില സാധനങ്ങൾ കൊടുത്തയച്ചപ്പോൾ അവയെ, ‘ദൈവത്തെ പ്രസാദിപ്പിക്കുന്ന, ദൈവത്തിനു സ്വീകാര്യമായ ബലി’ എന്നാണ്‌ അദ്ദേഹം വിളിച്ചത്‌. (ഫിലി. 4:18) നിങ്ങളുടെ സഭയിലുള്ളവരെക്കുറിച്ച്‌ ഒന്നു ചിന്തിക്കുക. എന്നിട്ടു നിങ്ങളോടുതന്നെ ചോദിക്കുക, ‘എനിക്കു സഹായിക്കാൻ കഴിയുന്ന ആരെങ്കിലുമുണ്ടോ?’ നമ്മൾ നമ്മുടെ സമയവും ഊർജവും കഴിവുകളും വസ്‌തുവകകളും മറ്റുള്ളവരെ സഹായിക്കാൻവേണ്ടി ഉപയോഗിക്കുന്നതു കാണുമ്പോൾ യഹോവയ്‌ക്കു സന്തോഷമാകും. അതിനെ നമ്മുടെ ആരാധനയുടെ ഭാഗമായിട്ടാണ്‌ യഹോവ കാണുന്നത്‌.—യാക്കോ. 1:27.

സത്യാരാധന നമുക്കു സന്തോഷം തരുന്നു

15. സത്യാരാധനയ്‌ക്കുവേണ്ടി നമ്മുടെ സമയവും ഊർജവും ഒക്കെ ചെലവഴിക്കേണ്ടതുണ്ടെങ്കിലും അത്‌ ഒരു ഭാരമായി നമുക്കു തോന്നാത്തത്‌ എന്തുകൊണ്ടാണ്‌?

15 യഹോവ ആഗ്രഹിക്കുന്ന രീതിയിൽ യഹോവയെ ആരാധിക്കുന്നതിനു നല്ല ശ്രമം ആവശ്യമാണ്‌. അതുപോലെ സമയവും ചെലവഴിക്കണം. എന്നാൽ അത്‌ ഒരിക്കലും ഒരു ഭാരമല്ല. (1 യോഹ. 5:3) എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? കാരണം നമ്മൾ യഹോവയെ ആരാധിക്കുന്നത്‌ യഹോവയോടു സ്‌നേഹമുള്ളതുകൊണ്ടാണ്‌. ഇതെക്കുറിച്ചൊന്നു ചിന്തിക്കുക: ഒരു കുട്ടി തന്റെ അപ്പനു കൊടുക്കാനായി ഒരു പടം വരയ്‌ക്കാൻ ആഗ്രഹിക്കുന്നു. അതു വരയ്‌ക്കാൻ അവൻ ചിലപ്പോൾ മണിക്കൂറുകൾ ചെലവഴിച്ചേക്കാം. ‘ഈ പടം വരയ്‌ക്കാൻവേണ്ടി എന്റെ എത്ര സമയമാ പോയത്‌’ എന്ന്‌ അവൻ ഒരിക്കലും ചിന്തിക്കില്ല. കാരണം അവനു തന്റെ അപ്പനെ അത്രയ്‌ക്ക്‌ ഇഷ്ടമാണ്‌. അപ്പന്‌ അങ്ങനെയൊരു സമ്മാനം കൊടുക്കാൻ അവനു സന്തോഷമേ ഉള്ളൂ. അതുപോലെ നമ്മളും യഹോവയെ ഒരുപാടു സ്‌നേഹിക്കുന്നു. അതുകൊണ്ടുതന്നെ സത്യാരാധനയ്‌ക്കുവേണ്ടി നമ്മുടെ സമയവും ഊർജവും ചെലവഴിക്കാൻ നമുക്കു സന്തോഷമേ ഉള്ളൂ.

16. എബ്രായർ 6:10 അനുസരിച്ച്‌ യഹോവയെ സന്തോഷിപ്പിക്കാനായി നമ്മൾ ഓരോരുത്തരും ചെയ്യുന്ന ശ്രമങ്ങളെ യഹോവ എങ്ങനെ കാണുന്നു?

16 സ്‌നേഹമുള്ള മാതാപിതാക്കൾ തങ്ങളുടെ എല്ലാ മക്കളിൽനിന്നും ഒരേ സമ്മാനം പ്രതീക്ഷിക്കില്ല. ഓരോ കുട്ടിയുടെയും കഴിവുകളും സാഹചര്യങ്ങളും വ്യത്യസ്‌തമാണെന്ന്‌ അവർക്ക്‌ അറിയാം. അതുപോലെ നമ്മുടെ സ്വർഗീയപിതാവും നമുക്ക്‌ ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്നത്‌ എത്രത്തോളമാണെന്നു മനസ്സിലാക്കുന്നു. നിങ്ങൾക്കു ചിലപ്പോൾ ദൈവസേവനത്തിൽ മറ്റു സഹോദരങ്ങളെക്കാൾ കൂടുതൽ ചെയ്യാൻ കഴിയുന്നുണ്ടാകും. അതല്ലെങ്കിൽ പ്രായമോ ആരോഗ്യപ്രശ്‌നങ്ങളോ കുടുംബോത്തരവാദിത്വങ്ങളോ കാരണം മറ്റുള്ളവർ ചെയ്യുന്ന അത്രയും നിങ്ങൾക്കു ചെയ്യാനായില്ലെന്നും വരാം. അങ്ങനെയാണെങ്കിലും വിഷമിക്കരുത്‌. (ഗലാ. 6:4) യഹോവയ്‌ക്കുവേണ്ടി നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ യഹോവ ഒരിക്കലും മറക്കില്ല. നിങ്ങൾ നിങ്ങളുടെ കഴിവിന്റെ പരമാവധി നൽകുന്നെങ്കിൽ, ശരിയായ മനോഭാവത്തോടെ അതു ചെയ്യുന്നെങ്കിൽ, യഹോവയ്‌ക്കു സന്തോഷമാകും. (എബ്രായർ 6:10 വായിക്കുക.) യഹോവയ്‌ക്കുവേണ്ടി നിങ്ങൾ എന്തു ചെയ്യാൻ ആഗ്രഹിക്കുന്നു എന്നതുപോലും യഹോവ കാണുന്നുണ്ട്‌. സത്യാരാധനയ്‌ക്കായി നിങ്ങൾക്കു ചെയ്യാനാകുന്ന കാര്യങ്ങളിൽ നിങ്ങൾ സന്തോഷവും സംതൃപ്‌തിയും ഉള്ളവരായിരിക്കാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌.

17. (എ) ആരാധനയുമായി ബന്ധപ്പെട്ട്‌ ഏതെങ്കിലും കാര്യം ചെയ്യാൻ ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ നമുക്ക്‌ എന്തു ചെയ്യാം? (ബി) “ നിങ്ങളുടെ സന്തോഷം കൂട്ടാം” എന്ന ചതുരത്തിലെ ഏതു കാര്യമാണു നിങ്ങൾക്കു പ്രയോജനം ചെയ്‌തിട്ടുള്ളത്‌?

17 സത്യാരാധനയുടെ ഭാഗമായ പല കാര്യങ്ങളെക്കുറിച്ചും നമ്മൾ ഈ ലേഖനത്തിൽ പഠിച്ചു. അവയിൽ ഏതെങ്കിലും ചെയ്യാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? ഉദാഹരണത്തിന്‌, വ്യക്തിപരമായ പഠനം, പ്രസംഗപ്രവർത്തനം എന്നിവപോലെ ഏതെങ്കിലും കാര്യങ്ങൾ. എങ്കിൽ ഒന്നോർക്കുക, ഏതൊരു കാര്യവും എത്ര കൂടെക്കൂടെ ചെയ്യുന്നോ അത്ര കൂടുതൽ നമ്മൾ അത്‌ ഇഷ്ടപ്പെടും, അതിന്റെ പ്രയോജനവും നേടും. സത്യാരാധനയോടു ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനെ നമുക്ക്‌ ഏതെങ്കിലും ഒരു പ്രത്യേക വ്യായാമം ചെയ്യുന്നതിനോടോ ഒരു സംഗീതോപകരണം പഠിക്കുന്നതിനോടോ താരതമ്യം ചെയ്യാം. വല്ലപ്പോഴും മാത്രമാണ്‌ അതു ചെയ്യുന്നതെങ്കിൽ നമ്മൾ അതിൽ അധികം പുരോഗമിക്കില്ല. എന്നാൽ ദിവസവും നമ്മൾ അതു ചെയ്യാൻ ശ്രമിക്കുന്നെങ്കിലോ? ഒരുപക്ഷേ ആദ്യമൊന്നും അധികസമയം ചെയ്യാൻ പറ്റില്ലായിരിക്കും. എന്നാൽ പതിയെപ്പതിയെ സമയം കൂട്ടാനാകും. നമ്മുടെ ശ്രമങ്ങളുടെ നല്ല ഫലങ്ങൾ കാണുമ്പോൾ വീണ്ടും അതു ചെയ്യാൻ നമുക്ക്‌ ആഗ്രഹം തോന്നും, നമ്മൾ അത്‌ ആസ്വദിക്കുകയും ചെയ്യും. ആരാധനയുടെ കാര്യത്തിലും അത്‌ അങ്ങനെതന്നെയാണ്‌.

18. നമ്മുടെ ജീവിതംകൊണ്ട്‌ നമുക്കു ചെയ്യാനാകുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ്‌, അതിലൂടെ നമുക്ക്‌ എന്തെല്ലാം അനുഗ്രഹങ്ങൾ കിട്ടും?

18 നമ്മുടെ ജീവിതംകൊണ്ട്‌ നമുക്കു ചെയ്യാനാകുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം മുഴുഹൃദയത്തോടെ യഹോവയെ ആരാധിക്കുക എന്നതാണ്‌. അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മുടെ ജീവിതം സന്തോഷമുള്ളതാകും. ജീവിതത്തിന്‌ ഒരു ഉദ്ദേശ്യമുണ്ടായിരിക്കും. എന്നെന്നും യഹോവയെ ആരാധിക്കാനുള്ള അവസരവും കിട്ടും. (സുഭാ. 10:22) കൂടാതെ നമുക്ക്‌ ഇപ്പോൾത്തന്നെ വലിയ മനസ്സമാധാനമുണ്ട്‌. കാരണം എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ സഹായിക്കാൻ യഹോവയുണ്ടെന്നു നമുക്ക്‌ അറിയാം. (യശ. 41:9, 10) അതുകൊണ്ട്‌ തന്റെ എല്ലാ സൃഷ്ടികളിൽനിന്നും “മഹത്ത്വവും ബഹുമാനവും . . . ലഭിക്കാൻ” യോഗ്യനായ സ്‌നേഹവാനായ പിതാവിനെ നമുക്ക്‌ ആരാധിക്കാം. (വെളി. 4:11) അങ്ങനെ ചെയ്യുന്നതു നമുക്കു സന്തോഷിക്കാനുള്ള ഒരുപാടു കാരണങ്ങൾ തരും.

ഗീതം 24 യഹോവയുടെ പർവതത്തിലേക്കു വരൂ!

^ യഹോവ സകലത്തിന്റെയും സ്രഷ്ടാവായതുകൊണ്ട്‌ നമ്മൾ യഹോവയെയാണ്‌ ആരാധിക്കേണ്ടത്‌. എന്നാൽ നമ്മൾ ദൈവത്തിന്റെ കല്‌പനകളും തത്ത്വങ്ങളും അനുസരിച്ചാൽ മാത്രമേ ദൈവത്തെ ആരാധിക്കാനായി നമ്മൾ ചെയ്യുന്ന കാര്യങ്ങൾ യഹോവ സ്വീകരിക്കുകയുള്ളൂ. യഹോവയെ ആരാധിക്കാനായി നമ്മൾ ചെയ്യുന്ന എട്ടു കാര്യങ്ങളെക്കുറിച്ചാണ്‌ ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്‌. അവ ഓരോന്നും എങ്ങനെ കുറെക്കൂടി നന്നായി ചെയ്യാമെന്നും അതിലൂടെ നമ്മുടെ സന്തോഷം എങ്ങനെ വർധിപ്പിക്കാമെന്നും നമ്മൾ കാണും.