വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 18

ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കുക, അതിൽ എത്തി​ച്ചേ​രുക

ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കുക, അതിൽ എത്തി​ച്ചേ​രുക

“ഇവയെ​ക്കു​റി​ച്ചെ​ല്ലാം ധ്യാനി​ക്കുക. ഇവയിൽ മുഴു​കി​യി​രി​ക്കുക. അങ്ങനെ നിന്റെ പുരോ​ഗതി എല്ലാവ​രും വ്യക്തമാ​യി കാണട്ടെ.”—1 തിമൊ. 4:15.

ഗീതം 84 സമഗ്ര​മായ്‌ പ്രസംഗിക്കാം

ചുരുക്കം a

1. നമുക്ക്‌ ഏതുത​ര​ത്തി​ലുള്ള ലക്ഷ്യങ്ങൾ വെക്കാ​വു​ന്ന​താണ്‌?

 സത്യ​ക്രി​സ്‌ത്യാ​നി​ക​ളായ നമ്മൾ യഹോ​വയെ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ന്നു. നമ്മുടെ ഏറ്റവും നല്ലത്‌ യഹോ​വ​യ്‌ക്കു കൊടു​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. അങ്ങനെ നമ്മൾ യഹോ​വ​യ്‌ക്കു നമ്മുടെ പരമാ​വധി കൊടു​ക്ക​ണ​മെ​ങ്കിൽ നല്ല ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കണം. b ക്രിസ്‌തീ​യ​ഗു​ണങ്ങൾ വളർത്തി​യെ​ടു​ക്കു​ന്ന​തും പുതിയ വൈദ​ഗ്‌ധ്യ​ങ്ങൾ പഠി​ച്ചെ​ടു​ക്കു​ന്ന​തും മറ്റുള്ള​വരെ സേവി​ക്കാ​നുള്ള വഴിക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​തും ഒക്കെ ഈ ലക്ഷ്യങ്ങ​ളിൽപ്പെ​ടു​ന്നു.

2. നമ്മൾ ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കു​ക​യും അതിൽ എത്താൻ നന്നായി ശ്രമി​ക്കു​ക​യും ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

2 ആത്മീയ​പു​രോ​ഗതി വരുത്തുന്ന കാര്യ​ത്തിൽ നമ്മൾ താത്‌പ​ര്യം കാണി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌? പ്രധാ​ന​മാ​യും സ്‌നേ​ഹ​വാ​നായ നമ്മുടെ സ്വർഗീ​യ​പി​താ​വി​നെ സന്തോ​ഷി​പ്പി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. നമ്മൾ ദൈവ​സേ​വ​ന​ത്തിൽ പൂർണ​മാ​യി നമ്മുടെ കഴിവു​കൾ ഉപയോ​ഗി​ക്കു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്കു സന്തോ​ഷ​മാ​കും. ഇനി, മറ്റൊരു കാരണം ആത്മീയ​പു​രോ​ഗതി വരുത്തി​ക്കൊണ്ട്‌ സഹോ​ദ​ര​ങ്ങളെ സഹായി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു എന്നതാണ്‌. (1 തെസ്സ. 4:9, 10) നമ്മൾ സത്യത്തിൽ വന്നിട്ട്‌ എത്ര കാലമാ​യാ​ലും നമുക്ക്‌ എല്ലാവർക്കും ആത്മീയ​പു​രോ​ഗതി വരുത്താ​നാ​കും. നമുക്ക്‌ എങ്ങനെ അതു ചെയ്യാ​മെന്നു നോക്കാം.

3. 1 തിമൊ​ഥെ​യൊസ്‌ 4:12-16-ൽ എന്തു ചെയ്യാ​നാ​ണു പൗലോസ്‌ അപ്പോ​സ്‌തലൻ തിമൊ​ഥെ​യൊ​സി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌?

3 പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ ആദ്യത്തെ കത്തു കിട്ടുന്ന സമയത്ത്‌ തിമൊ​ഥെ​യൊസ്‌ ചെറു​പ്പ​മാ​യി​രു​ന്നെ​ങ്കി​ലും അനുഭ​വ​പ​രി​ച​യ​മുള്ള ഒരു മൂപ്പനാ​യി​രു​ന്നു. എന്നിട്ടും ആത്മീയ​പു​രോ​ഗതി വരുത്തു​ന്ന​തിൽ തുടരാൻ പൗലോസ്‌ ആ കത്തിൽ എഴുതി. (1 തിമൊ​ഥെ​യൊസ്‌ 4:12-16 വായി​ക്കുക.) പൗലോ​സി​ന്റെ വാക്കു​ക​ളിൽനിന്ന്‌ തിമൊ​ഥെ​യൊസ്‌ രണ്ടു കാര്യ​ങ്ങ​ളിൽ പുരോ​ഗതി വരുത്താ​നാണ്‌ അദ്ദേഹം ആഗ്രഹി​ച്ച​തെന്നു നമുക്കു മനസ്സി​ലാ​ക്കാം. ഒന്ന്‌, സ്‌നേഹം, വിശ്വാ​സം, നിർമലത പോലുള്ള ക്രിസ്‌തീ​യ​ഗു​ണങ്ങൾ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ലും രണ്ട്‌, പരസ്യ​മാ​യി വായി​ക്കു​ന്ന​തി​ലും മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും മറ്റുമുള്ള കഴിവ്‌ മെച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും. ന്യായ​മായ ലക്ഷ്യങ്ങൾ വെച്ച്‌ പ്രവർത്തി​ക്കു​ന്നതു ദൈവ​സേ​വ​ന​ത്തിൽ നല്ല പുരോ​ഗതി വരുത്താൻ നമ്മളെ എങ്ങനെ സഹായി​ക്കു​മെന്നു തിമൊ​ഥെ​യൊ​സി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്കു നോക്കാം. കൂടാതെ, പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ കൂടുതൽ ചെയ്യാ​നുള്ള ചില വിധങ്ങ​ളെ​ക്കു​റി​ച്ചും നമ്മൾ കാണും.

ക്രിസ്‌തീ​യ​ഗു​ണങ്ങൾ വളർത്തിയെടുക്കുക

4. ഫിലി​പ്പി​യർ 2:19-22 പറയു​ന്ന​ത​നു​സ​രിച്ച്‌ യഹോവ തിമൊ​ഥെ​യൊ​സി​നെ തന്റെ സേവന​ത്തി​നാ​യി ഉപയോ​ഗി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌?

4 തിമൊ​ഥെ​യൊ​സി​നെ യഹോവ തന്റെ സേവന​ത്തിൽ ഉപയോ​ഗി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌? അദ്ദേഹ​ത്തി​നു നല്ല ദൈവി​ക​ഗു​ണങ്ങൾ ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌. (ഫിലി​പ്പി​യർ 2:19-22 വായി​ക്കുക.) തിമൊ​ഥെ​യൊ​സി​നെ​ക്കു​റി​ച്ചുള്ള പൗലോ​സി​ന്റെ വാക്കു​ക​ളിൽനിന്ന്‌ തിമൊ​ഥെ​യൊസ്‌ താഴ്‌മ​യും വിശ്വ​സ്‌ത​ത​യും ഉള്ള, ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ക്കുന്ന, ആശ്രയ​യോ​ഗ്യ​നായ വ്യക്തി​യാ​യി​രു​ന്നെന്നു മനസ്സി​ലാ​ക്കാം. നല്ല സ്‌നേ​ഹ​വും സഹോ​ദ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയും ഉള്ള വ്യക്തി​യാ​യി​രു​ന്നു അദ്ദേഹം. അതു​കൊ​ണ്ടു​തന്നെ പൗലോ​സി​നു തിമൊ​ഥെ​യൊ​സി​നെ വളരെ ഇഷ്ടമാ​യി​രു​ന്നു. പല പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വ​ങ്ങ​ളും തിമൊ​ഥെ​യൊ​സി​നെ ഏൽപ്പി​ക്കു​ക​യും ചെയ്‌തു. (1 കൊരി. 4:17) അതു​പോ​ലെ​യുള്ള നല്ല ഗുണങ്ങൾ നമ്മളും വളർത്തി​യെ​ടു​ത്താൽ യഹോ​വ​യ്‌ക്കു നമ്മളെ ഒരുപാട്‌ ഇഷ്ടമാ​കും, സഭയ്‌ക്ക്‌ നമ്മളെ​ക്കൊണ്ട്‌ കൂടുതൽ പ്രയോ​ജ​ന​മു​ണ്ടാ​കു​ക​യും ചെയ്യും.—സങ്കീ. 25:9; 138:6.

നിങ്ങൾ വളർത്തി​യെ​ടു​ക്കാൻ ആഗ്രഹി​ക്കുന്ന ഒരു ക്രിസ്‌തീ​യ​ഗു​ണം കണ്ടെത്തുക (5-6 ഖണ്ഡികകൾ കാണുക)

5. (എ) ക്രിസ്‌തീ​യ​ഗു​ണങ്ങൾ വളർത്തി​യെ​ടു​ക്കു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ എന്തു ലക്ഷ്യം വെക്കണ​മെന്നു നിങ്ങൾക്ക്‌ എങ്ങനെ തീരു​മാ​നി​ക്കാം? (ബി) ചിത്ര​ത്തിൽ കാണു​ന്ന​തു​പോ​ലെ, സഹാനു​ഭൂ​തി കാണി​ക്കു​ന്ന​തിൽ മെച്ച​പ്പെ​ടാൻ യുവ​പ്രാ​യ​ത്തി​ലുള്ള ഒരു സഹോ​ദരി ശ്രമി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

5 ലക്ഷ്യം വെക്കുക. നമ്മുടെ സ്വഭാ​വ​ത്തിൽ എന്തു മാറ്റങ്ങ​ളാ​ണു വരു​ത്തേ​ണ്ടത്‌ എന്നതി​നെ​ക്കു​റിച്ച്‌ പ്രാർഥി​ക്കു​ക​യും ചിന്തി​ക്കു​ക​യും ചെയ്യുക. എന്നിട്ട്‌ നിങ്ങൾ മെച്ച​പ്പെ​ടാൻ ആഗ്രഹി​ക്കുന്ന ഒരു ഗുണത്തിൽ ശ്രദ്ധി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, മറ്റുള്ള​വ​രു​ടെ സ്ഥാനത്ത്‌ നിന്ന്‌ ചിന്തി​ച്ചു​കൊണ്ട്‌ അവരോട്‌ സഹാനു​ഭൂ​തി കാണി​ക്കാ​നോ സഹോ​ദ​ര​ങ്ങളെ കൂടുതൽ സഹായി​ക്കു​ന്ന​തി​നുള്ള ആഗ്രഹം വളർത്താ​നോ നിങ്ങൾക്കു ശ്രമി​ക്കാം. അല്ലെങ്കിൽ മറ്റുള്ള​വ​രോ​ടു സമാധാ​ന​ത്തോ​ടെ ഇടപെ​ടു​ന്ന​തി​ലും ക്ഷമിക്കു​ന്ന​തി​ലും മെച്ച​പ്പെ​ടാൻ നിങ്ങൾക്കു ലക്ഷ്യം വെക്കാം. നമ്മൾ മാറ്റം വരുത്തേണ്ട വശം ഏതാ​ണെന്ന്‌ ഒരു അടുത്ത സുഹൃ​ത്തി​നോ​ടു നിങ്ങൾക്കു ചോദിച്ച്‌ മനസ്സി​ലാ​ക്കാൻ കഴി​ഞ്ഞേ​ക്കും.—സുഭാ. 27:6.

6. ഏതെങ്കി​ലും ഒരു ഗുണം വളർത്തി​യെ​ടു​ക്കുക എന്ന ലക്ഷ്യത്തിൽ നിങ്ങൾക്ക്‌ എങ്ങനെ എത്തി​ച്ചേ​രാം?

6 ലക്ഷ്യത്തിൽ എത്താൻവേണ്ടി നല്ല ശ്രമം ചെയ്യുക. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാൻ കഴിയും? നിങ്ങൾ മെച്ച​പ്പെ​ടു​ത്താൻ ആഗ്രഹി​ക്കുന്ന ഗുണ​ത്തെ​ക്കു​റിച്ച്‌ നന്നായി പഠിക്കുക എന്നതാണ്‌ ഒരു വിധം. ഉദാഹ​ര​ണ​ത്തിന്‌, മറ്റുള്ള​വ​രോ​ടു ക്ഷമിക്കുന്ന കാര്യ​ത്തിൽ പുരോ​ഗതി വരുത്താ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തെന്നു വിചാ​രി​ക്കുക. അതിനു​വേണ്ടി നിങ്ങൾക്ക്‌ ആദ്യം മറ്റുള്ള​വ​രോട്‌ ഉദാര​മാ​യി ക്ഷമിച്ച ബൈബിൾ കഥാപാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും അങ്ങനെ ചെയ്യാ​തി​രു​ന്ന​വ​രെ​ക്കു​റി​ച്ചും വായി​ക്കു​ക​യും കൂടു​ത​ലാ​യി ചിന്തി​ക്കു​ക​യും ചെയ്യാ​വു​ന്ന​താണ്‌. മനസ്സോ​ടെ ക്ഷമിക്കുന്ന കാര്യ​ത്തിൽ യേശു നല്ലൊരു മാതൃ​ക​യാ​യി​രു​ന്നു. (ലൂക്കോ. 7:47, 48) മറ്റുള്ള​വ​രു​ടെ കുറവു​ക​ളിൽ നോക്കാ​തെ ഭാവി​യിൽ അവർക്കു ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങ​ളിൽ യേശു ശ്രദ്ധിച്ചു. എന്നാൽ യേശു​വി​ന്റെ നാളിലെ പരീശ​ന്മാർ ആളുകളെ വളരെ ‘നിസ്സാ​ര​രാ​യി​ട്ടാ​ണു കണ്ടത്‌.’ (ലൂക്കോ. 18:9) ഈ മാതൃ​ക​ക​ളെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ച്ച​തി​നു ശേഷം നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘മറ്റുള്ള​വ​രിൽ ഞാൻ എന്താണു കാണു​ന്നത്‌, അവരുടെ നല്ല ഗുണങ്ങ​ളാ​ണോ മോശം ഗുണങ്ങ​ളാ​ണോ?’ നിങ്ങൾക്ക്‌ ആരോ​ടെ​ങ്കി​ലും ക്ഷമിക്കാൻ ബുദ്ധി​മു​ട്ടു തോന്നു​ന്നെ​ങ്കിൽ ആ വ്യക്തി​യു​ടെ എന്തൊക്കെ നല്ല ഗുണങ്ങൾ ഓർത്തെ​ടു​ക്കാൻ കഴിയു​ന്നു​ണ്ടോ അതെല്ലാം എഴുതി​വെ​ക്കുക. എന്നിട്ട്‌ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘യേശു എങ്ങനെ​യാ​യി​രി​ക്കും ഈ വ്യക്തിയെ കാണു​ന്നത്‌? യേശു അദ്ദേഹ​ത്തോ​ടു ക്ഷമിക്കു​മോ?’ ഈ വിധത്തിൽ പഠിക്കു​ന്നതു നമ്മുടെ ചിന്താ​രീ​തി​ക്കു മാറ്റം വരുത്താൻ സഹായി​ക്കും. നമ്മളെ വേദനി​പ്പിച്ച ഒരാ​ളോ​ടു ക്ഷമിക്കുക എന്നത്‌ ആദ്യ​മൊ​ക്കെ അത്ര എളുപ്പ​മാ​യി​രി​ക്കില്ല. എന്നാൽ ഇക്കാര്യ​ത്തിൽ നമ്മൾ മെച്ച​പ്പെ​ടാൻ ശ്രമി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നെ​ങ്കിൽ പതി​യെ​പ്പ​തി​യെ നമുക്ക്‌ അതു കൂടുതൽ എളുപ്പ​മാ​കും.

കഴിവു​കൾ മെച്ചപ്പെടുത്തുക

രാജ്യ​ഹാ​ളി​ലെ അറ്റകു​റ്റ​പ്പ​ണി​കൾ എങ്ങനെ ചെയ്യാമെന്നു പഠിക്കാൻ മുന്നോ​ട്ടു​വ​രുക (7-ാം ഖണ്ഡിക കാണുക) e

7. സുഭാ​ഷി​തങ്ങൾ 22:29-നു ചേർച്ച​യിൽ വിദഗ്‌ധ​രായ ജോലി​ക്കാ​രെ യഹോവ ഇന്ന്‌ ഏതെല്ലാം വിധങ്ങ​ളി​ലാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌?

7 കഴിവു​കൾ മെച്ച​പ്പെ​ടു​ത്താ​നും പുതിയ വൈദ​ഗ്‌ധ്യ​ങ്ങൾ പഠി​ച്ചെ​ടു​ക്കാ​നും നിങ്ങൾക്കു ലക്ഷ്യം വെക്കാ​വു​ന്ന​താണ്‌. നമ്മുടെ ബഥേൽ കെട്ടി​ട​ങ്ങ​ളും സമ്മേള​ന​ഹാ​ളു​ക​ളും രാജ്യ​ഹാ​ളു​ക​ളും ഒക്കെ നിർമി​ക്കാ​നാ​യി എത്രമാ​ത്രം ആളുകളെ ആവശ്യ​മു​ണ്ടെന്നു ചിന്തി​ക്കുക. അനുഭ​വ​പ​രി​ച​യ​മുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ​കൂ​ടെ പ്രവർത്തി​ച്ചു​കൊ​ണ്ടാ​ണു പലരും അതിനു​വേണ്ട കഴിവു​കൾ നേടി​യെ​ടു​ത്തത്‌. ചിത്ര​ത്തിൽ കാണാൻ കഴിയു​ന്ന​തു​പോ​ലെ സമ്മേള​ന​ഹാ​ളു​ക​ളും രാജ്യ​ഹാ​ളു​ക​ളും പരിപാ​ലി​ക്കു​ന്ന​തിന്‌ ആവശ്യ​മായ വൈദ​ഗ്‌ധ്യ​ങ്ങൾ സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും പഠി​ച്ചെ​ടു​ക്കു​ന്നു. ‘നിത്യ​ത​യു​ടെ രാജാ​വായ’ യഹോ​വ​യും ‘രാജാ​ക്ക​ന്മാ​രു​ടെ രാജാ​വായ’ യേശു​വും വിദഗ്‌ധ​രായ ഈ ജോലി​ക്കാ​രെ ഉപയോ​ഗിച്ച്‌ നിർമാ​ണ​പ്ര​വർത്ത​ന​ത്തി​ലും മറ്റു മേഖല​ക​ളി​ലും അത്ഭുത​ക​ര​മായ പല കാര്യ​ങ്ങ​ളും ചെയ്യുന്നു. (1 തിമൊ. 1:17; 6:15; സുഭാ​ഷി​തങ്ങൾ 22:29 വായി​ക്കുക.) നമ്മുടെ കഴിവു​ക​ളും ഊർജ​വും സ്വന്തം പേരി​നും പ്രശസ്‌തി​ക്കും വേണ്ടിയല്ല, യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ന്ന​തി​നു​വേണ്ടി ഉപയോ​ഗി​ക്കാ​നാണ്‌ നമ്മൾ ആഗ്രഹി​ക്കു​ന്നത്‌.—യോഹ. 8:54.

8. ഏതു കാര്യ​ത്തിൽ വൈദ​ഗ്‌ധ്യം നേടണ​മെന്നു നിങ്ങൾക്ക്‌ എങ്ങനെ തീരു​മാ​നി​ക്കാം?

8 ലക്ഷ്യം വെക്കുക. ഏതു കാര്യ​ത്തിൽ വൈദ​ഗ്‌ധ്യം നേടാൻ നിങ്ങൾക്കു ലക്ഷ്യം വെക്കാം? അതെക്കു​റിച്ച്‌ സഭയിലെ മൂപ്പന്മാ​രോ​ടും ഒരുപക്ഷേ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നോ​ടും നിങ്ങൾക്കു ചോദി​ക്കാ​വു​ന്ന​താണ്‌. നിങ്ങളു​ടെ പ്രസംഗ-പഠിപ്പി​ക്കൽ പ്രാപ്‌തി മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ അവർ പറഞ്ഞേ​ക്കാം. അങ്ങനെ​യെ​ങ്കിൽ ഏതു പ്രത്യേക പ്രസം​ഗ​ഗു​ണ​മാ​ണു നിങ്ങൾ വളർത്തി​യെ​ടു​ക്കേ​ണ്ട​തെന്ന്‌ അവരോ​ടു ചോദി​ക്കുക. എന്നിട്ട്‌ ആ കാര്യ​ത്തിൽ മെച്ച​പ്പെ​ടാൻ വേണ്ടതു ചെയ്യുക. അതിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

9. ഏതെങ്കി​ലും ഒരു വൈദ​ഗ്‌ധ്യം നേടാ​നുള്ള ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

9 ലക്ഷ്യത്തി​ലെ​ത്താൻവേണ്ടി നല്ല ശ്രമം ചെയ്യുക. പഠിപ്പി​ക്കാ​നുള്ള കഴിവ്‌ മെച്ച​പ്പെ​ടു​ത്താ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തെന്നു വിചാ​രി​ക്കുക. എങ്കിൽ വായി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും അർപ്പി​ത​രാ​യി​രി​ക്കുക എന്ന ലഘുപ​ത്രിക നിങ്ങൾക്കു നന്നായി പഠിക്കാൻ കഴിയും. ഇടദി​വ​സത്തെ മീറ്റി​ങ്ങിൽ നിങ്ങൾക്ക്‌ ഒരു പരിപാ​ടി കിട്ടു​ന്നെ​ങ്കിൽ അനുഭ​വ​പ​രി​ച​യ​മുള്ള ഒരു സഹോ​ദ​രനു മുമ്പിൽ അതു നടത്തി​ക്കാ​ണി​ച്ചിട്ട്‌ ഏതൊക്കെ കാര്യ​ങ്ങ​ളിൽ മെച്ച​പ്പെ​ട​ണ​മെന്ന്‌ അദ്ദേഹ​ത്തോ​ടു ചോദി​ക്കാ​വു​ന്ന​താണ്‌. നിങ്ങളു​ടെ പരിപാ​ടി നന്നായി അവതരി​പ്പി​ക്കാൻ നേര​ത്തേ​തന്നെ തയ്യാറാ​കു​ക​യാ​ണെ​ങ്കിൽ നിങ്ങൾ ഉത്സാഹ​മു​ള്ള​വ​രും ആശ്രയ​യോ​ഗ്യ​രും ആണെന്നു മറ്റുള്ള​വർക്കു മനസ്സി​ലാ​കും.—സുഭാ. 21:5; 2 കൊരി. 8:22.

10. ഏതെങ്കി​ലും ഒരു വൈദ​ഗ്‌ധ്യം നേടാൻ നമുക്ക്‌ എന്തു ചെയ്യാം എന്നതിന്‌ ഒരു ഉദാഹ​രണം പറയുക.

10 ഏതെങ്കി​ലും ഒരു വൈദ​ഗ്‌ധ്യം നേടി​യെ​ടു​ക്കാൻ നിങ്ങൾക്ക്‌ അൽപ്പം ബുദ്ധി​മു​ട്ടാ​ണെ​ങ്കി​ലോ? ശ്രമം ഉപേക്ഷി​ക്ക​രുത്‌. ഗ്യാരി സഹോ​ദ​രന്റെ അനുഭവം നമുക്കു നോക്കാം. അദ്ദേഹ​ത്തി​നു വായന അൽപ്പം ബുദ്ധി​മു​ട്ടുള്ള കാര്യ​മാ​യി​രു​ന്നു. മീറ്റി​ങ്ങിന്‌ ഉറക്കെ വായി​ക്കു​ന്നതു തനിക്ക്‌ ഒട്ടും എളുപ്പ​മാ​യി​രു​ന്നി​ല്ലെന്ന്‌ അദ്ദേഹം ഓർക്കു​ന്നു. എങ്കിലും മെച്ച​പ്പെ​ടാൻ അദ്ദേഹം തുടർന്നും ശ്രമി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. അനുഭ​വ​പ​രി​ച​യ​മുള്ള സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ ലഭിച്ച പരിശീ​ല​ന​വും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ വന്ന നിർദേ​ശ​ങ്ങ​ളും തന്നെ ഒരുപാ​ടു സഹായി​ച്ചെ​ന്നും അതു​കൊണ്ട്‌ തനിക്ക്‌ ഇപ്പോൾ രാജ്യ​ഹാ​ളി​ലും സമ്മേള​ന​ങ്ങ​ളി​ലും കൺ​വെൻ​ഷ​നു​ക​ളി​ലും പ്രസം​ഗങ്ങൾ നടത്താൻ കഴിയു​ന്നു​ണ്ടെ​ന്നും അദ്ദേഹം പറയുന്നു.

11. ദൈവ​സേ​വ​ന​ത്തിൽ കൂടു​ത​ലാ​യി പലതും ചെയ്യു​ന്ന​തി​നു​വേണ്ടി തിമൊ​ഥെ​യൊ​സി​നെ​പ്പോ​ലെ നമുക്കും എന്തു ചെയ്യാം?

11 തിമൊ​ഥെ​യൊസ്‌ ഒരു മികച്ച അധ്യാ​പ​ക​നോ പ്രസം​ഗ​ക​നോ ആയിത്തീർന്നോ? ബൈബിൾ അതെക്കു​റിച്ച്‌ ഒന്നും പറയു​ന്നില്ല. എന്നാൽ പൗലോ​സി​ന്റെ നിർദേശം അനുസ​രി​ച്ച​തു​കൊണ്ട്‌ അദ്ദേഹ​ത്തി​നു തന്റെ നിയമനം കുറെ​ക്കൂ​ടെ നന്നായി ചെയ്യാൻ കഴിഞ്ഞു എന്നതിനു സംശയ​മില്ല. (2 തിമൊ. 3:10, 11) അതു​പോ​ലെ നമ്മളും കഴിവു​കൾ മെച്ച​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കിൽ ദൈവ​സേ​വ​ന​ത്തിൽ കൂടു​ത​ലാ​യി പലതും ചെയ്യാൻ നമുക്കാ​കും.

മറ്റുള്ള​വരെ സേവി​ക്കാ​നുള്ള വഴിക​ളെ​ക്കു​റിച്ച്‌ ചിന്തിക്കുക

12. മറ്റുള്ള​വ​രു​ടെ സഹായം സ്വീക​രിച്ച ഏതൊക്കെ സന്ദർഭങ്ങൾ നിങ്ങൾക്ക്‌ ഓർക്കാ​നാ​കു​ന്നുണ്ട്‌?

12 മറ്റുള്ള​വ​രിൽനിന്ന്‌ സഹായം ലഭിക്കു​മ്പോൾ നമുക്ക്‌ എല്ലാവർക്കും സന്തോഷം തോന്നാ​റുണ്ട്‌. നമ്മൾ ആശുപ​ത്രി​യി​ലാ​യി​രി​ക്കു​മ്പോൾ ആശുപ​ത്രി ഏകോ​പ​ന​സ​മി​തി​യി​ലെ​യോ രോഗീ​സ​ന്ദർശന കൂട്ടത്തി​ലെ​യോ മൂപ്പന്മാർ നമ്മളെ കാണാൻ വരുന്നതു നമുക്ക്‌ എത്രമാ​ത്രം ആശ്വാ​സ​മാണ്‌, അല്ലേ? നമ്മൾ വിഷമി​ച്ചി​രി​ക്കുന്ന സമയത്ത്‌ നമ്മൾ പറയു​ന്നതു കേൾക്കാ​നും നമ്മളെ ആശ്വസി​പ്പി​ക്കാ​നും സ്‌നേ​ഹ​മുള്ള ഒരു മൂപ്പൻ തയ്യാറാ​കു​മ്പോൾ നമുക്ക്‌ അദ്ദേഹ​ത്തോ​ടു നന്ദി തോന്നാ​റി​ല്ലേ? ഇനി, ബൈബിൾപ​ഠനം നടത്താൻ ബുദ്ധി​മു​ട്ടു തോന്നുന്ന അവസര​ത്തിൽ അനുഭ​വ​പ​രി​ച​യ​മുള്ള ഒരു മുൻനി​ര​സേ​വ​ക​നോ സേവി​ക​യോ നമ്മു​ടെ​കൂ​ടെ ബൈബിൾപ​ഠ​ന​ത്തി​നു വന്ന്‌ വേണ്ട സഹായം ചെയ്‌തു​ത​രു​മ്പോൾ നമുക്കു സന്തോഷം തോന്നാ​റി​ല്ലേ? ഇത്തരത്തിൽ നമ്മളെ സഹായി​ക്കാൻ അവരെ​ല്ലാം സന്തോ​ഷ​മു​ള്ള​വ​രാണ്‌. ഇതു​പോ​ലെ മറ്റുള്ള​വരെ സഹായി​ക്കാൻ നമ്മളും മുന്നോ​ട്ടു​വ​രു​ക​യാ​ണെ​ങ്കിൽ നമുക്കും സന്തോഷം കിട്ടും. “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌” എന്നു യേശു പറഞ്ഞു. (പ്രവൃ. 20:35) ഇതു​പോ​ലെ​യോ മറ്റ്‌ ഏതെങ്കി​ലും വിധങ്ങ​ളി​ലോ മറ്റുള്ള​വരെ സേവി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ആ ലക്ഷ്യങ്ങ​ളിൽ നിങ്ങൾക്ക്‌ എങ്ങനെ എത്തി​ച്ചേ​രാൻ കഴിയും?

13. ലക്ഷ്യം വെക്കു​മ്പോൾ ഏതു കാര്യം പ്രത്യേ​കം ശ്രദ്ധി​ക്കണം?

13 നമ്മൾ കൃത്യ​മായ ഒരു ലക്ഷ്യം വെച്ച്‌ പ്രവർത്തി​ക്കണം. അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ ഒരു കുഴപ്പ​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ‘സഭയിൽ കൂടു​ത​ലാ​യി എന്തെങ്കി​ലു​മൊ​ക്കെ ചെയ്യണം’ എന്നൊരു ലക്ഷ്യം നിങ്ങൾ വെച്ചി​ട്ടു​ണ്ടാ​യി​രി​ക്കാം. എന്നാൽ നിങ്ങൾ അങ്ങനെ പൊതു​വായ ഒരു ലക്ഷ്യമാ​ണു വെക്കു​ന്ന​തെ​ങ്കിൽ എങ്ങനെ ആ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാ​മെന്നു കണ്ടെത്താ​നും ഇനി അതിൽ എത്തി​ച്ചേർന്നാൽ അതു തിരി​ച്ച​റി​യാ​നും കഴിയാ​തെ​പോ​യേ​ക്കും. അതു​കൊണ്ട്‌ വ്യക്തമായ ഒരു ലക്ഷ്യം വെക്കുക. നിങ്ങളു​ടെ ലക്ഷ്യവും അതിൽ എങ്ങനെ എത്തി​ച്ചേ​രാ​മെ​ന്ന​തും നിങ്ങൾക്ക്‌ എഴുതി​വെ​ക്കു​ക​പോ​ലും ചെയ്യാം.

14. ചില​പ്പോൾ ലക്ഷ്യങ്ങ​ളിൽ മാറ്റം വരുത്താൻ തയ്യാറാ​കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

14 എന്നാൽ എല്ലാ സാഹച​ര്യ​ങ്ങ​ളും എപ്പോ​ഴും നമ്മുടെ നിയ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്നില്ല. അതു​കൊണ്ട്‌ നമ്മുടെ ലക്ഷ്യങ്ങ​ളിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ നമ്മൾ തയ്യാറാ​കണം. അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ ജീവി​ത​ത്തി​ലു​ണ്ടായ ഒരു സാഹച​ര്യം. അദ്ദേഹ​ത്തി​ന്റെ സഹായ​ത്തോ​ടെ തെസ്സ​ലോ​നി​ക്യ​യിൽ പുതി​യൊ​രു സഭ സ്ഥാപി​ത​മായ സമയം. കുറച്ച്‌ കാലം​കൂ​ടെ അവി​ടെ​ത്തന്നെ തുടരാ​നും ആ പുതിയ ക്രിസ്‌ത്യാ​നി​കളെ സഹായി​ക്കാ​നും പൗലോസ്‌ ലക്ഷ്യം വെച്ചി​ട്ടു​ണ്ടാ​കു​മെ​ന്ന​തി​നു സംശയ​മില്ല. എന്നാൽ എതിരാ​ളി​കൾ കാരണം പൗലോ​സിന്‌ അവി​ടെ​നിന്ന്‌ പോ​കേ​ണ്ടി​വന്നു. (പ്രവൃ. 17:1-5, 10) പൗലോസ്‌ അവിടെ നിന്നി​രു​ന്നെ​ങ്കിൽ അതു മറ്റു സഹോ​ദ​ര​ങ്ങളെ അപകട​ത്തി​ലാ​ക്കി​യേനേ. എന്നാൽ അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങളെ സഹായി​ക്കാ​നുള്ള ശ്രമം പൗലോസ്‌ ഉപേക്ഷി​ച്ചില്ല. സാഹച​ര്യ​ങ്ങൾ മാറി​യ​ത​നു​സ​രിച്ച്‌ പൗലോ​സും വേണ്ട മാറ്റങ്ങൾ വരുത്തി. തെസ്സ​ലോ​നി​ക്യ​യി​ലുള്ള ആ പുതിയ വിശ്വാ​സി​കളെ ആത്മീയ​മാ​യി ബലപ്പെ​ടു​ത്തു​ന്ന​തി​നു പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ അവി​ടേക്ക്‌ അയച്ചു. (1 തെസ്സ. 3:1-3) ആവശ്യ​മുള്ള സമയത്ത്‌ തങ്ങളെ സഹായി​ക്കാൻ തിമൊ​ഥെ​യൊസ്‌ വന്നതു കണ്ടപ്പോൾ തെസ്സ​ലോ​നി​ക്യ​യി​ലു​ള്ള​വർക്ക്‌ എത്ര സന്തോ​ഷ​മാ​യി​ക്കാ​ണും!

15. സാഹച​ര്യ​ങ്ങൾക്കു മാറ്റം വരു​മ്പോൾ നമ്മുടെ ലക്ഷ്യങ്ങൾക്ക്‌ എന്തു സംഭവി​ച്ചേ​ക്കാം? ഒരു ഉദാഹ​രണം പറയുക.

15 നമ്മുടെ നിയ​ന്ത്ര​ണ​ത്തി​ല​ല്ലാത്ത ചില സാഹച​ര്യ​ങ്ങൾ കാരണം നമുക്കും ചില ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേ​രാൻ കഴിയാ​തെ​വ​ന്നേ​ക്കാം. (സഭാ. 9:11) അങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ പൗലോ​സി​നെ​പ്പോ​ലെ ലക്ഷ്യങ്ങ​ളിൽ മാറ്റം വരുത്തു​ക​യോ നമുക്ക്‌ എത്തിപ്പി​ടി​ക്കാൻ കഴിയുന്ന മറ്റൊരു ലക്ഷ്യം വെക്കു​ക​യോ ചെയ്യാം. റ്റെഡ്‌-ഹേഡി ദമ്പതികൾ അതാണു ചെയ്‌തത്‌. അവരിൽ ഒരാൾക്ക്‌ ഒരു ആരോ​ഗ്യ​പ്ര​ശ്‌ന​മു​ണ്ടാ​യ​പ്പോൾ ബഥേൽ വിട്ട്‌ പോ​രേ​ണ്ടി​വന്നു. യഹോ​വ​യോ​ടുള്ള സ്‌നേഹം കാരണം ശുശ്രൂ​ഷ​യു​ടെ മറ്റു വശങ്ങളിൽ പ്രവർത്തി​ക്കാൻ കഴിയു​മോ എന്നതി​നെ​ക്കു​റിച്ച്‌ അവർ ചിന്തിച്ചു. അങ്ങനെ അവർ സാധാരണ മുൻനി​ര​സേ​വനം തുടങ്ങി. പിന്നീട്‌ അവരെ പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യി നിയമി​ച്ചു. റ്റെഡ്‌ സഹോ​ദ​രന്‌, പകരം സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കാ​നുള്ള പരിശീ​ല​ന​വും ലഭിച്ചു. അങ്ങനെ​യി​രി​ക്കു​മ്പോ​ഴാ​ണു സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രാ​യി സേവി​ക്കു​ന്ന​വർക്കുള്ള പ്രായ​പ​രി​ധിക്ക്‌ ഒരു മാറ്റം വന്നത്‌. തങ്ങൾക്ക്‌ ഇനി ഈ നിയമ​ന​ത്തിൽ തുടരാൻ കഴിയി​ല്ലെന്ന്‌ അതോടെ അവർക്കു മനസ്സി​ലാ​യി. അവർക്കു വിഷമം തോന്നി​യെ​ങ്കി​ലും മറ്റു വിധങ്ങ​ളിൽ യഹോ​വയെ സേവി​ക്കാ​നാ​കു​മെന്ന്‌ അവർ മനസ്സി​ലാ​ക്കി. റ്റെഡ്‌ സഹോ​ദരൻ പറയുന്നു: “ഏതെങ്കി​ലും ഒരു പ്രത്യേ​ക​വി​ധ​ത്തി​ലേ ദൈവത്തെ സേവിക്കൂ എന്നു ചിന്തി​ക്കാ​തെ മറ്റു വിധങ്ങ​ളി​ലും ദൈവത്തെ സേവി​ക്കാൻ തയ്യാറാ​ക​ണ​മെന്നു ഞങ്ങൾ തിരി​ച്ച​റി​ഞ്ഞു.”

16. ഗലാത്യർ 6:4-ൽനിന്ന്‌ നമുക്ക്‌ എന്തു പാഠം പഠിക്കാം?

16 നമ്മുടെ ജീവി​ത​ത്തിൽ നടക്കുന്ന എല്ലാ കാര്യ​ങ്ങ​ളും നിയ​ന്ത്രി​ക്കാ​നൊ​ന്നും നമുക്കു കഴിയില്ല. അതു​കൊണ്ട്‌ ഏതെങ്കി​ലും പ്രത്യേക നിയമ​ന​ങ്ങ​ളു​ള്ള​തു​കൊ​ണ്ടാണ്‌ യഹോ​വ​യു​ടെ മുമ്പാകെ നമുക്കു വിലയു​ള്ള​തെന്നു ചിന്തി​ക്ക​രുത്‌. അതു​പോ​ലെ നമ്മുടെ നിയമ​നത്തെ മറ്റുള്ള​വ​രു​ടെ നിയമ​ന​വു​മാ​യി താരത​മ്യം ചെയ്യു​ക​യു​മ​രുത്‌. ഹേഡി സഹോ​ദരി പറയുന്നു: “നിങ്ങളു​ടെ ജീവിതം മറ്റൊ​രാ​ളു​ടെ ജീവി​ത​വു​മാ​യി താരത​മ്യം ചെയ്യാൻതു​ട​ങ്ങി​യാൽ നിങ്ങളു​ടെ സമാധാ​നം നശിക്കും.” (ഗലാത്യർ 6:4 വായി​ക്കുക.) അതു​കൊണ്ട്‌ യഹോ​വയെ സേവി​ക്കാ​നും സഹോ​ദ​ര​ങ്ങളെ സഹായി​ക്കാ​നും നമുക്ക്‌ എന്തു ചെയ്യാ​നാ​കു​മെ​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​താണ്‌ ഏറ്റവും നല്ലത്‌. c

17. ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാ​നുള്ള യോഗ്യ​ത​യിൽ എത്തി​ച്ചേ​രാൻ നമുക്ക്‌ എന്തു ചെയ്യാം?

17 ജീവിതം ലളിത​മാ​ക്കി നിറു​ത്തു​ക​യും അനാവ​ശ്യ​മായ കടബാ​ധ്യ​തകൾ ഒഴിവാ​ക്കു​ക​യും ചെയ്‌താൽ യഹോ​വ​യു​ടെ സേവന​ത്തിൽ കൂടു​ത​ലാ​യി പലതും നമുക്കു ചെയ്യാ​നാ​കും. വലിയ ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേ​രാൻ അതിനു സഹായി​ക്കുന്ന ചെറി​യ​ചെ​റിയ ലക്ഷ്യങ്ങൾ വെക്കുക. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ ഒരു സാധാരണ മുൻനി​ര​സേ​വ​ക​നാ​യി പ്രവർത്തി​ക്കാ​നാ​ണു ലക്ഷ്യം വെച്ചി​രി​ക്കു​ന്നത്‌ എന്നിരി​ക്കട്ടെ. അങ്ങനെ​യെ​ങ്കിൽ ഇപ്പോൾത്തന്നെ നിങ്ങൾക്കു തുടർച്ച​യാ​യി സഹായ മുൻനി​ര​സേ​വനം ചെയ്യാൻ കഴിയു​മോ? ഇനി, ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​കാ​നാ​ണു നിങ്ങൾ ലക്ഷ്യം വെച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലോ? പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ കൂടുതൽ ചെയ്യാ​നും സഭയിലെ രോഗി​ക​ളെ​യും പ്രായ​മാ​യ​വ​രെ​യും സന്ദർശി​ക്കാ​നും നിങ്ങൾക്കു സമയം കണ്ടെത്താ​നാ​കു​മോ? ഇപ്പോൾ നിങ്ങൾ നേടി​യെ​ടു​ക്കുന്ന അനുഭ​വ​പ​രി​ചയം ഭാവി​യിൽ കൂടുതൽ സേവന​ങ്ങൾക്കുള്ള അവസരം തുറന്നു​ത​ന്നേ​ക്കാം. അതു​കൊണ്ട്‌ നിങ്ങൾക്കു കിട്ടുന്ന ഏതൊരു നിയമ​ന​വും ഏറ്റവും നന്നായി ചെയ്യാൻ ഉറച്ച തീരു​മാ​ന​മെ​ടു​ക്കുക.—റോമ. 12:11.

നിങ്ങൾക്ക്‌ എത്തിപ്പി​ടി​ക്കാ​നാ​കുന്ന ഒരു ലക്ഷ്യം വെക്കുക (18-ാം ഖണ്ഡിക കാണുക) f

18. ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ ബിവർലി സഹോ​ദ​രി​യു​ടെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

18 ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെച്ച്‌ അതിൽ എത്തി​ച്ചേ​രു​ന്ന​തി​നു പ്രായം ഒരു തടസ്സമല്ല. 75 വയസ്സുള്ള ബിവർലി സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. സഹോ​ദ​രി​ക്കു ഗുരു​ത​ര​മായ ഒരു ആരോ​ഗ്യ​പ്ര​ശ്‌നം ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ നടക്കാൻ വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. എങ്കിലും സ്‌മാരക പ്രചാ​ര​ണ​പ​രി​പാ​ടി​യിൽ കൂടുതൽ ചെയ്യാൻ സഹോ​ദരി ഒരുപാട്‌ ആഗ്രഹി​ച്ചു. അതിനു​വേണ്ടി സഹോ​ദരി പ്രത്യേ​കം ലക്ഷ്യങ്ങൾ വെച്ച്‌ പ്രവർത്തി​ച്ചു. ആ ലക്ഷ്യങ്ങ​ളി​ലൊ​ക്കെ എത്തി​ച്ചേർന്ന​പ്പോൾ സഹോ​ദ​രിക്ക്‌ ഒത്തിരി സന്തോഷം തോന്നി. സഹോ​ദ​രി​യു​ടെ പ്രവർത്തനം കണ്ടപ്പോൾ മറ്റുള്ള​വർക്കും കൂടുതൽ ചെയ്യാൻ ഉത്സാഹ​മാ​യി. തങ്ങളുടെ സാഹച​ര്യ​ങ്ങൾ കാരണം അധിക​മൊ​ന്നും ചെയ്യാൻ പ്രായ​മായ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്കു കഴിയു​ന്നി​ല്ലെ​ങ്കി​ലും അവർ ചെയ്യുന്ന കാര്യ​ങ്ങളെ യഹോവ വളരെ​യ​ധി​കം മൂല്യ​മു​ള്ള​താ​യി കാണുന്നു.—സങ്കീ. 71:17, 18.

19. നമുക്കു വെക്കാ​നാ​കുന്ന ചില ആത്മീയ​ല​ക്ഷ്യ​ങ്ങൾ എന്തൊ​ക്കെ​യാണ്‌?

19 നിങ്ങൾക്ക്‌ എത്തിപ്പി​ടി​ക്കാൻ കഴിയുന്ന ലക്ഷ്യങ്ങൾവെ​ക്കുക. യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന ഗുണങ്ങൾ വളർത്തി​യെ​ടു​ക്കുക. യഹോ​വ​യ്‌ക്കും സംഘട​ന​യ്‌ക്കും നമ്മളെ മെച്ചമാ​യി ഉപയോ​ഗി​ക്കാൻ കഴിയുന്ന വിധത്തി​ലുള്ള വൈദ​ഗ്‌ധ്യ​ങ്ങൾ പഠി​ച്ചെ​ടു​ക്കുക. സഹോ​ദ​ര​ങ്ങളെ കൂടു​ത​ലാ​യി സഹായി​ക്കാ​നുള്ള അവസരങ്ങൾ കണ്ടെത്തുക. d അങ്ങനെ തിമൊ​ഥെ​യൊ​സി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ ‘നിങ്ങളു​ടെ പുരോ​ഗ​തി​യും എല്ലാവ​രും വ്യക്തമാ​യി കാണാൻ ഇടയാ​കട്ടെ.’—1 തിമൊ. 4:15.

ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും

a സന്തോഷവാർത്ത അറിയി​ക്കു​ന്ന​തിൽ വളരെ വിദഗ്‌ധ​നാ​യി​രു​ന്നു തിമൊ​ഥെ​യൊസ്‌. എന്നിട്ടും ആത്മീയ​പു​രോ​ഗതി വരുത്തു​ന്ന​തിൽ തുടരാൻ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അദ്ദേഹത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. പൗലോ​സി​ന്റെ ഉപദേശം അനുസ​രി​ച്ച​തു​കൊണ്ട്‌ യഹോവ അദ്ദേഹത്തെ കൂടു​ത​ലാ​യി ഉപയോ​ഗി​ച്ചു. അങ്ങനെ തിമൊ​ഥെ​യൊ​സി​നു സഹോ​ദ​ര​ങ്ങളെ കൂടുതൽ സഹായി​ക്കാ​നു​മാ​യി. തിമൊ​ഥെ​യൊ​സി​നെ​പ്പോ​ലെ നിങ്ങൾക്കും യഹോ​വ​യെ​യും സഹോ​ദ​ര​ങ്ങ​ളെ​യും കൂടു​ത​ലാ​യി സേവി​ക്കാൻ ആഗ്രഹ​മി​ല്ലേ? തീർച്ച​യാ​യു​മു​ണ്ടാ​കും. അതിനു​വേണ്ടി നിങ്ങൾക്ക്‌ എന്തൊക്കെ ലക്ഷ്യങ്ങൾ വെക്കാ​നാ​കും? അത്തരം ലക്ഷ്യങ്ങൾ വെക്കാ​നും അതിൽ എത്തി​ച്ചേ​രാ​നും നിങ്ങൾ എന്താണു ചെയ്യേ​ണ്ടത്‌?

b പദപ്രയോഗത്തിന്റെ വിശദീ​ക​രണം: യഹോ​വയെ കൂടുതൽ നന്നായി സേവി​ക്കാ​നും യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നും നമ്മൾ വെക്കുന്ന എല്ലാ ലക്ഷ്യങ്ങ​ളെ​യും ആത്മീയ​ല​ക്ഷ്യ​ങ്ങൾ എന്നു വിളി​ക്കാം.

c യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടി​തർ എന്ന പുസ്‌ത​ക​ത്തി​ന്റെ 10-ാം അധ്യാ​യ​ത്തി​ലെ “ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കാം” എന്ന ഉപതല​ക്കെ​ട്ടി​നു കീഴി​ലുള്ള 6-9 വരെയുള്ള ഖണ്ഡികകൾ കാണുക.

d ജീവിതം ആസ്വദി​ക്കാം പുസ്‌ത​ക​ത്തി​ലെ “ഇനിയും പുരോ​ഗതി വരുത്തുക” എന്ന 60-ാം പാഠം കാണുക.

e ചിത്രത്തിന്റെ വിവരണം: ഒരു സഹോ​ദരൻ അറ്റകു​റ്റ​പ്പ​ണി​കൾ ചെയ്യാൻ രണ്ടു സഹോ​ദ​രി​മാ​രെ പരിശീ​ലി​പ്പി​ക്കു​ന്നു. തങ്ങൾ പഠി​ച്ചെ​ടുത്ത ആ പുതിയ വൈദ​ഗ്‌ധ്യം അവർ നന്നായി ഉപയോ​ഗി​ക്കു​ന്നു.

f ചിത്രത്തിന്റെ വിവരണം: വീട്ടിൽത്തന്നെ കഴിയുന്ന ഒരു സഹോ​ദരി ടെലി​ഫോൺ ഉപയോ​ഗിച്ച്‌ സ്‌മാ​ര​ക​ത്തിന്‌ ആളുകളെ ക്ഷണിക്കു​ന്നു.