വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 15

നിങ്ങളു​ടെ ‘സംസാ​ര​രീ​തി മറ്റുള്ള​വർക്കു നല്ലൊരു മാതൃ​ക​യാ​ണോ?’

നിങ്ങളു​ടെ ‘സംസാ​ര​രീ​തി മറ്റുള്ള​വർക്കു നല്ലൊരു മാതൃ​ക​യാ​ണോ?’

‘സംസാ​ര​ത്തിൽ വിശ്വ​സ്‌തർക്ക്‌ ഒരു മാതൃ​ക​യാ​യി​രി​ക്കുക.’—1 തിമൊ. 4:12.

ഗീതം 90 പരസ്‌പരം പ്രോത്സാഹിപ്പിക്കുക

ചുരുക്കം a

1. നമുക്കു സംസാ​രി​ക്കാ​നുള്ള കഴിവ്‌ തന്നത്‌ ആരാണ്‌?

 സ്‌നേ​ഹ​വാ​നായ ദൈവം നമുക്കു തന്നിരി​ക്കുന്ന ഒരു സമ്മാന​മാ​ണു സംസാ​രി​ക്കാ​നുള്ള കഴിവ്‌. ആദ്യമ​നു​ഷ്യ​നായ ആദാമി​നെ സൃഷ്ടി​ച്ച​പ്പോൾമു​തൽത്തന്നെ അദ്ദേഹ​ത്തി​നു തന്റെ സ്വർഗീ​യ​പി​താ​വു​മാ​യി സംസാ​രി​ക്കാ​നാ​യി. തുടർന്ന്‌ അദ്ദേഹം പുതി​യ​പു​തിയ വാക്കുകൾ കണ്ടുപി​ടി​ക്കു​ക​യും ചെയ്‌തു. എല്ലാ മൃഗങ്ങൾക്കും പേരി​ടാ​നുള്ള നിയമനം കിട്ടി​യ​പ്പോൾ അദ്ദേഹം തന്റെ ആ കഴിവ്‌ ഉപയോ​ഗി​ച്ചു. (ഉൽപ. 2:19) ആദ്യമാ​യി മനു​ഷ്യ​രിൽ ഒ​രാ​ളോട്‌, അതായത്‌ തന്റെ പ്രിയ​ഭാ​ര്യ​യായ ഹവ്വയോട്‌, സംസാ​രി​ച്ച​പ്പോൾ ആദാമിന്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും!—ഉൽപ. 2:22, 23.

2. (എ) മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ തുടക്ക​ത്തിൽ സംസാ​രി​ക്കാ​നുള്ള കഴിവ്‌ എങ്ങനെ​യാ​ണു മോശ​മാ​യി ഉപയോ​ഗി​ച്ചത്‌? (ബി) ഇന്ന്‌ ആളുക​ളു​ടെ സംസാ​ര​രീ​തി എങ്ങനെ​യാണ്‌?

2 അധികം താമസി​യാ​തെ​തന്നെ സംസാ​രി​ക്കാ​നുള്ള ആ കഴിവ്‌ മോശ​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ടാൻതു​ടങ്ങി. പിശാ​ചായ സാത്താൻ ഹവ്വയോ​ടു നുണ പറഞ്ഞു. ആ നുണയാണ്‌ ആളുകൾ പാപം ചെയ്യാ​നും അപൂർണ​രാ​യി​ത്തീ​രാ​നും ഇടയാ​ക്കി​യത്‌. (ഉൽപ. 3:1-4) ഇനി, ആദാം തന്റെ തെറ്റിനു ഹവ്വയെ​യും യഹോ​വ​യെ​പ്പോ​ലും കുറ്റ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ തന്റെ സംസാ​ര​പ്രാ​പ്‌തി ദുരു​പ​യോ​ഗം ചെയ്‌തു. (ഉൽപ. 3:12) കയീനാ​ണെ​ങ്കിൽ തന്റെ അനിയ​നായ ഹാബേ​ലി​നെ കൊന്നിട്ട്‌ യഹോ​വ​യോ​ടു നുണ പറഞ്ഞു. (ഉൽപ. 4:9) പിന്നീട്‌ കയീന്റെ പിൻത​ല​മു​റ​ക്കാ​ര​നായ ലാമേക്ക്‌ താൻ ഒരാ​ളോ​ടു പ്രതി​കാ​രം ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ ഒരു കവിത രചിച്ചു. അക്കാലത്ത്‌ ആളുകൾ അത്തരം പ്രവൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ വീമ്പി​ള​ക്കി​യി​രു​ന്നെ​ന്നും അവരുടെ ധാർമി​ക​നി​ല​വാ​രം എത്ര അധഃപ​തി​ച്ചി​രു​ന്നെ​ന്നും ആണ്‌ അതു കാണി​ക്കു​ന്നത്‌. (ഉൽപ. 4:23, 24) ഇന്നത്തെ ആളുക​ളു​ടെ കാര്യ​മോ? അവരുടെ സംസാ​ര​രീ​തി എങ്ങനെ​യു​ള്ള​താണ്‌? പല രാഷ്‌ട്രീ​യ​നേ​താ​ക്ക​ന്മാർക്കും പരസ്യ​മാ​യി മോശ​മായ ഭാഷ ഉപയോ​ഗി​ക്കാൻ ഒരു മടിയു​മില്ല. ഇനി, അസഭ്യ​സം​സാ​ര​മി​ല്ലാത്ത സിനി​മകൾ ഇല്ലെന്നു​തന്നെ പറയാം. സ്‌കൂ​ളു​ക​ളി​ലും ജോലി​സ്ഥ​ല​ങ്ങ​ളി​ലും വൃത്തി​കെട്ട സംസാരം സർവസാ​ധാ​ര​ണ​മാ​യി​രി​ക്കു​ന്നു. ഇതെല്ലാം കാണി​ക്കു​ന്നതു ലോക​ത്തി​ന്റെ ധാർമി​ക​നി​ല​വാ​രം എത്ര തരംതാ​ണി​രി​ക്കു​ന്നു എന്നാണ്‌.

3. (എ) സംസാ​ര​ത്തി​ന്റെ കാര്യ​ത്തിൽ നമ്മൾ എന്തു ശ്രദ്ധി​ക്കണം? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

3 ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ മോശ​മായ സംസാരം കേട്ടു​കേട്ട്‌ നമ്മളും അറിയാ​തെ അത്‌ ഉപയോ​ഗി​ച്ചു​തു​ട​ങ്ങി​യേ​ക്കാം. എന്നാൽ ക്രിസ്‌ത്യാ​നി​ക​ളായ നമ്മൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നാണ്‌ ആഗ്രഹി​ക്കു​ന്നത്‌. അതിനു മോശ​മായ സംസാരം ഒഴിവാ​ക്കി​യാൽ മാത്രം പോരാ. സംസാ​രി​ക്കാ​നുള്ള നമ്മുടെ കഴിവ്‌ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തുന്ന രീതി​യിൽ ഉപയോ​ഗി​ക്കു​ക​യും വേണം. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാ​മെ​ന്നാണ്‌ ഈ ലേഖന​ത്തിൽ പഠിക്കാൻപോ​കു​ന്നത്‌. (1) ശുശ്രൂ​ഷ​യിൽ ആയിരി​ക്കു​മ്പോൾ, (2) മീറ്റി​ങ്ങിൽ പങ്കെടു​ക്കു​മ്പോൾ (3) സാധാരണ സംഭാ​ഷ​ണ​ത്തിൽ. എന്നാൽ അതിനു മുമ്പ്‌ നമ്മുടെ സംസാ​ര​രീ​തി എങ്ങനെ​യു​ള്ള​താ​ണെന്ന്‌ യഹോവ ശ്രദ്ധി​ക്കു​ന്ന​തി​ന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ നമുക്കു നോക്കാം.

നമ്മുടെ സംസാ​ര​രീ​തി യഹോവ ശ്രദ്ധിക്കുന്നുണ്ട്‌

നമ്മുടെ ഹൃദയ​ത്തിൽ എന്താണെന്നാണു നമ്മുടെ സംസാരം വെളിപ്പെടുത്തുന്നത്‌? (4-5 ഖണ്ഡികകൾ കാണുക) d

4. മലാഖി 3:16 അനുസ​രിച്ച്‌ നമ്മുടെ സംസാ​ര​രീ​തി നമ്മൾ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

4 മലാഖി 3:16 വായി​ക്കുക. യഹോവ ചിലരു​ടെ പേരുകൾ തന്റെ മുന്നി​ലുള്ള “ഓർമ​പ്പു​സ്‌ത​ക​ത്തിൽ” എഴുതു​ന്നുണ്ട്‌. തങ്ങളുടെ സംസാ​ര​രീ​തി​യി​ലൂ​ടെ, യഹോ​വയെ ഭയപ്പെ​ടു​ന്നെ​ന്നും ദൈവ​നാ​മ​ത്തെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നെ​ന്നും തെളി​യി​ക്കു​ന്ന​വ​രു​ടെ പേരു​ക​ളാ​ണു ദൈവം അതിൽ എഴുതി​വെ​ക്കു​ന്നത്‌. എന്തു​കൊ​ണ്ടാണ്‌ യഹോവ അങ്ങനെ ചെയ്യു​ന്നത്‌? കാരണം അവരുടെ സംസാരം അവരുടെ ഉള്ളിന്റെ ഉള്ളിൽ എന്താ​ണെന്നു വെളി​പ്പെ​ടു​ത്തു​ന്നു. യേശു പറഞ്ഞു: “ഹൃദയം നിറഞ്ഞു​ക​വി​യു​ന്ന​താ​ണു വായ്‌ സംസാ​രി​ക്കു​ന്നത്‌!” (മത്താ. 12:34) നമുക്ക്‌ യഹോ​വ​യോ​ടു സ്‌നേ​ഹ​മു​ണ്ടോ എന്നു നമ്മുടെ സംസാ​ര​രീ​തി തെളി​യി​ക്കും. തന്നെ സ്‌നേ​ഹി​ക്കു​ന്നവർ പുതിയ ലോക​ത്തിൽ എന്നെന്നും ജീവി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌.

5. (എ) നമ്മുടെ സംസാ​ര​രീ​തിക്ക്‌ ആരാധ​ന​യു​മാ​യി എന്തു ബന്ധമുണ്ട്‌? (ബി) യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന രീതി​യിൽ സംസാ​രി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ചിത്ര​ത്തിൽ കാണുന്ന ഏതു സംസാ​ര​രീ​തി നമ്മൾ ഒഴിവാ​ക്കണം?

5 യഹോവ നമ്മുടെ ആരാധന സ്വീക​രി​ക്ക​ണ​മെ​ങ്കിൽ നമ്മുടെ സംസാ​ര​രീ​തി നല്ലതാ​യി​രി​ക്കണം. (യാക്കോ. 1:26) ദൈവത്തെ സ്‌നേ​ഹി​ക്കാത്ത ആളുകൾ ചില​പ്പോൾ ദേഷ്യ​ത്തോ​ടെ​യോ ദയയി​ല്ലാ​തെ​യോ അഹങ്കാ​ര​ത്തോ​ടെ​യോ ഒക്കെ സംസാ​രി​ച്ചേ​ക്കാം. (2 തിമൊ. 3:1-5) അവരെ​പ്പോ​ലെ​യാ​യി​രി​ക്കാൻ നമ്മൾ എന്തായാ​ലും ആഗ്രഹി​ക്കു​ന്നില്ല. പകരം നമ്മുടെ സംസാ​ര​ത്തി​ലൂ​ടെ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നാ​ണു നമ്മുടെ ആഗ്രഹം. എന്നാൽ മീറ്റിങ്ങ്‌ കൂടു​ക​യും ശുശ്രൂ​ഷ​യിൽ ആയിരി​ക്കു​ക​യും ചെയ്യു​മ്പോൾ ദയയോ​ടെ സംസാ​രി​ക്കു​ക​യും അതേസ​മയം മറ്റാരും കാണു​ക​യോ കേൾക്കു​ക​യോ ചെയ്യാത്ത സമയത്ത്‌ കുടും​ബാം​ഗ​ങ്ങ​ളോ​ടു മോശ​മാ​യി സംസാ​രി​ക്കു​ക​യും ചെയ്‌താൽ യഹോ​വ​യ്‌ക്കു സന്തോ​ഷ​മാ​കു​മോ?—1 പത്രോ. 3:7.

6. കിംബർലി​യു​ടെ സംസാ​ര​രീ​തി​കൊണ്ട്‌ എന്തു നല്ല ഫലമു​ണ്ടാ​യി?

6 സംസാ​രി​ക്കാ​നുള്ള കഴിവ്‌ നല്ല രീതി​യിൽ ഉപയോ​ഗി​ക്കു​ന്ന​തി​ലൂ​ടെ നമ്മൾ യഹോ​വ​യു​ടെ ആരാധ​ക​രാ​ണെന്നു തെളി​യി​ക്കു​ക​യാണ്‌. നമ്മൾ അങ്ങനെ ചെയ്യു​മ്പോൾ ‘ദൈവത്തെ സേവി​ക്കു​ന്ന​വ​നും സേവി​ക്കാ​ത്ത​വ​നും തമ്മിലുള്ള വ്യത്യാ​സം’ മറ്റുള്ള​വർക്കു കാണാ​നാ​കും. (മലാ. 3:18) ഇതു വ്യക്തമാ​ക്കു​ന്ന​താ​ണു കിംബർലി b സഹോ​ദ​രി​യു​ടെ അനുഭവം. സഹോ​ദ​രി​യും കൂടെ പഠിക്കുന്ന മറ്റൊരു കുട്ടി​യും​കൂ​ടി സ്‌കൂ​ളി​ലെ ഒരു പ്രോ​ജക്ട്‌ ചെയ്യു​ക​യാ​യി​രു​ന്നു. കിംബർലി മറ്റുള്ള​വ​രെ​പ്പോ​ലെ അല്ലെന്ന്‌ ആ കുട്ടി അപ്പോൾ ശ്രദ്ധിച്ചു. അവൾ ഒരിക്ക​ലും മറ്റുള്ള​വ​രു​ടെ കുറ്റം പറയു​ക​യോ സംസാ​ര​ത്തിൽ ചീത്ത വാക്കുകൾ ഉപയോ​ഗി​ക്കു​ക​യോ ചെയ്‌തില്ല. പകരം എപ്പോ​ഴും ദയയോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും ആണ്‌ സംസാ​രി​ച്ചി​രു​ന്നത്‌. ഇതൊക്കെ കണ്ടപ്പോൾ കിംബർലി​യു​ടെ കൂടെ​യു​ണ്ടാ​യി​രുന്ന കുട്ടിക്കു ശരിക്കും അതിശ​യം​തോ​ന്നി. അങ്ങനെ ആ കുട്ടി ബൈബിൾ പഠിക്കാൻ തയ്യാറാ​യി. നമ്മുടെ സംസാ​ര​രീ​തി​യി​ലൂ​ടെ ആളുകളെ സത്യത്തി​ലേക്ക്‌ ആകർഷി​ക്കാൻ കഴിഞ്ഞാൽ യഹോ​വ​യ്‌ക്ക്‌ എത്ര സന്തോ​ഷ​മാ​യി​രി​ക്കും!

7. ദൈവം തന്നിരി​ക്കുന്ന സംസാ​ര​പ്രാ​പ്‌തി എങ്ങനെ ഉപയോ​ഗി​ക്കാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

7 യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും സഹോ​ദ​ര​ങ്ങ​ളു​മാ​യുള്ള നമ്മുടെ ബന്ധം ശക്തമാ​ക്കു​ക​യും ചെയ്യുന്ന വിധത്തിൽ സംസാ​രി​ക്കാ​നാ​ണു നമ്മളെ​ല്ലാം ആഗ്രഹി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ‘സംസാ​ര​ത്തിൽ ഒരു മാതൃ​ക​യാ​യി​രി​ക്കാൻ’ നമുക്കു ചെയ്യാ​നാ​കുന്ന ചില കാര്യങ്ങൾ ഇനി നോക്കാം.

ശുശ്രൂഷയിലായിരിക്കുമ്പോൾ

ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കു​മ്പോൾ ആളുക​ളോ​ടു ദയയോ​ടെ സംസാ​രി​ക്കു​ന്നത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നു (8-9 ഖണ്ഡികകൾ കാണുക)

8. ശുശ്രൂ​ഷ​യി​ലാ​യി​രു​ന്ന​പ്പോൾ ആളുക​ളോ​ടു സംസാ​രിച്ച രീതി​യി​ലൂ​ടെ യേശു നമുക്ക്‌ എന്തു മാതൃക വെച്ചു?

8 ദേഷ്യം തോന്നാ​വുന്ന സാഹച​ര്യ​ത്തി​ലും ദയയോ​ടെ​യും ആദര​വോ​ടെ​യും സംസാ​രി​ക്കുക. യേശു ശുശ്രൂഷ ചെയ്‌തി​രുന്ന കാലത്ത്‌ ആളുകൾ, യേശു ഒരു കുടി​യ​നും തീറ്റി​പ്രി​യ​നും പിശാ​ചി​ന്റെ കൂട്ടാ​ളി​യും ശബത്ത്‌ ആചരി​ക്കാ​ത്ത​വ​നും ദൈവ​നി​ന്ദ​കൻപോ​ലും ആണെന്നു പറഞ്ഞു. (മത്താ. 11:19; 26:65; ലൂക്കോ. 11:15; യോഹ. 9:16) പക്ഷേ യേശു ഒരിക്ക​ലും തിരിച്ച്‌ അവരോ​ടു ദേഷ്യ​പ്പെ​ട്ടില്ല. ആളുകൾ നമ്മളോ​ടു ദയയി​ല്ലാ​തെ സംസാ​രി​ക്കു​മ്പോൾ നമുക്കും യേശു​വി​നെ അനുക​രി​ക്കാം. അവരോ​ടു തിരിച്ച്‌ ദേഷ്യ​പ്പെ​ടാ​തി​രി​ക്കാം. (1 പത്രോ. 2:21-23) എന്നാൽ അങ്ങനെ ചെയ്യു​ന്നത്‌ അത്ര എളുപ്പമല്ല. (യാക്കോ. 3:2) പക്ഷേ തിരിച്ച്‌ ദയയോ​ടെ സംസാ​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

9. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ആയിരി​ക്കു​മ്പോൾ ആരെങ്കി​ലും നമ്മളോ​ടു ദേഷ്യ​പ്പെ​ട്ടാ​ലും തിരിച്ച്‌ ദയയോ​ടെ സംസാ​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

9 പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ആയിരി​ക്കു​മ്പോൾ ആരെങ്കി​ലും നമ്മളോ​ടു ദേഷ്യ​പ്പെ​ട്ടാൽ, അവർ എന്തു​കൊ​ണ്ടാ​യി​രി​ക്കും അങ്ങനെ ചെയ്യു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. സാം സഹോ​ദരൻ പറയുന്നു: “ആ വീട്ടു​കാ​രൻ സത്യം കേൾക്കേ​ണ്ടത്‌ എത്ര ആവശ്യ​മാ​ണെ​ന്നും അങ്ങനെ​യുള്ള ഒരാൾക്കു​പോ​ലും മാറ്റം വരുത്താ​നാ​കു​മെ​ന്നും ചിന്തി​ക്കാൻ ഞാൻ ശ്രമി​ക്കാ​റുണ്ട്‌.” ചില​പ്പോൾ ആളുകൾ ദേഷ്യ​പ്പെ​ടു​ന്നതു നമ്മൾ ആ ഒരു പ്രത്യേ​ക​സ​മ​യത്ത്‌ അവിടെ ചെന്നതു​കൊണ്ട്‌ മാത്ര​മാ​യി​രി​ക്കാം. ആരെങ്കി​ലും നമ്മളോ​ടു ദേഷ്യ​പ്പെ​ട്ടാൽ ലൂസിയ സഹോ​ദരി ചെയ്യു​ന്ന​തു​പോ​ലെ നമുക്കും ചെയ്യാം. അങ്ങനെ​യുള്ള ഒരാ​ളോ​ടു ദയയി​ല്ലാ​തെ​യോ ആദരവി​ല്ലാ​തെ​യോ ഒന്നും പറയാതെ ശാന്തരാ​യി​രി​ക്കാൻ സഹായി​ക്കണേ എന്നു നമുക്ക്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കാ​നാ​കും.

10. 1 തിമൊ​ഥെ​യൊസ്‌ 4:13 അനുസ​രിച്ച്‌ നമ്മൾ എന്തു ലക്ഷ്യം വെച്ച്‌ പ്രവർത്തി​ക്കണം?

10 നല്ല ഒരു അധ്യാ​പ​ക​നാ​കാൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കുക. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഒരുപാ​ടു കഴിവു​ക​ളൊ​ക്കെ​യുള്ള ആളായി​രു​ന്നു തിമൊ​ഥെ​യൊസ്‌. എങ്കിലും അദ്ദേഹം തന്റെ പഠിപ്പി​ക്കൽപ്രാ​പ്‌തി മെച്ച​പ്പെ​ടു​ത്ത​ണ​മാ​യി​രു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 4:13 വായി​ക്കുക.) ശുശ്രൂ​ഷ​യി​ലെ നമ്മുടെ കഴിവ്‌ മെച്ച​പ്പെ​ടു​ത്താൻ നമുക്ക്‌ എന്തു ചെയ്യാം? നന്നായി തയ്യാറാ​കുക. നല്ല അധ്യാ​പ​ക​രാ​യി​ത്തീ​രാൻ നമ്മളെ സഹായി​ക്കുന്ന പലതരം ഉപകര​ണങ്ങൾ നമുക്കുണ്ട്‌. വായി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും അർപ്പി​ത​രാ​യി​രി​ക്കുക എന്ന ലഘുപ​ത്രി​ക​യിൽ പ്രയോ​ജ​ന​ക​ര​മായ പല വിവര​ങ്ങ​ളും കാണാം. കൂടാതെ നമ്മുടെ ക്രിസ്‌തീയ ജീവി​ത​വും സേവന​വും യോഗ​ത്തി​നുള്ള പഠനസ​ഹാ​യി​യി​ലെ “വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം” എന്ന ഭാഗത്തു​നി​ന്നും നമുക്കു പലതും പഠിക്കാ​നാ​കും. ഇവയിൽനി​ന്നൊ​ക്കെ നിങ്ങൾ പ്രയോ​ജനം നേടു​ന്നു​ണ്ടോ? നമ്മൾ നന്നായി തയ്യാറാ​കു​ന്നെ​ങ്കിൽ നമുക്ക്‌ അധികം പേടി തോന്നില്ല. നല്ല ആത്മവി​ശ്വാ​സ​ത്തോ​ടെ സംസാ​രി​ക്കാ​നു​മാ​കും.

11. ചില സഹോ​ദ​രങ്ങൾ നല്ല അധ്യാ​പ​ക​രാ​യി​ത്തീർന്നി​രി​ക്കു​ന്നത്‌ എങ്ങനെ?

11 നല്ല അധ്യാ​പ​ക​രാ​കാ​നുള്ള മറ്റൊരു വിധം സഭയിലെ സഹോ​ദ​ര​ങ്ങളെ നിരീ​ക്ഷി​ക്കു​ന്ന​തും അവരിൽനിന്ന്‌ പഠിക്കു​ന്ന​തും ആണ്‌. സഭയിലെ ചില സഹോ​ദ​രങ്ങൾ വളരെ നല്ല അധ്യാ​പ​ക​രാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം എന്താ​ണെന്നു നേരത്തേ പറഞ്ഞ സാം സഹോ​ദരൻ ചിന്തി​ക്കാ​റുണ്ട്‌. എന്നിട്ട്‌ അവർ എങ്ങനെ​യാ​ണു പഠിപ്പി​ക്കു​ന്ന​തെന്ന്‌ അദ്ദേഹം നന്നായി ശ്രദ്ധി​ക്കു​ക​യും അവരുടെ രീതികൾ അനുക​രി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യുന്നു. ഇനി, റ്റാലിയ സഹോ​ദരി, അനുഭ​വ​പ​രി​ച​യ​മുള്ള പ്രസം​ഗകർ പൊതു​പ്ര​സം​ഗം നടത്തു​മ്പോൾ ഓരോ വിഷയ​വും അവതരി​പ്പി​ക്കുന്ന രീതി നന്നായി നിരീ​ക്ഷി​ക്കും. അതിലൂ​ടെ വയലിൽ നേരി​ടുന്ന പല ചോദ്യ​ങ്ങൾക്കും എങ്ങനെ നല്ല രീതി​യിൽ ഉത്തരം കൊടു​ക്കാ​മെന്നു സഹോ​ദരി പഠിക്കു​ന്നു.

മീറ്റിങ്ങുകളിലായിരിക്കുമ്പോൾ

മീറ്റി​ങ്ങിന്‌ ഉത്സാഹ​ത്തോ​ടെ പാട്ടു പാടു​മ്പോൾ നമ്മൾ യഹോ​വയെ സ്‌തു​തി​ക്കു​ക​യാണ്‌ (12-13 ഖണ്ഡികകൾ കാണുക)

12. ചിലർക്ക്‌ എന്തു ചെയ്യാൻ ബുദ്ധി​മു​ട്ടാണ്‌?

12 എല്ലാവ​രു​ടെ​യും​കൂ​ടെ പാട്ടു പാടി​ക്കൊ​ണ്ടും നല്ലനല്ല അഭി​പ്രാ​യങ്ങൾ പറഞ്ഞു​കൊ​ണ്ടും നമു​ക്കൊ​ക്കെ മീറ്റി​ങ്ങിൽ പങ്കെടു​ക്കാ​നാ​കും. (സങ്കീ. 22:22) പക്ഷേ മീറ്റി​ങ്ങി​ന്റെ സമയത്ത്‌ പാട്ടു പാടു​ന്ന​തും അഭി​പ്രാ​യം പറയു​ന്ന​തും ഒരു ബുദ്ധി​മു​ട്ടാ​യി പലർക്കും തോന്നാ​റുണ്ട്‌. നിങ്ങൾക്ക്‌ അങ്ങനെ​യാ​ണോ? എങ്കിൽ അത്തരത്തി​ലുള്ള പേടി മാറാൻ പലരെ​യും സഹായി​ച്ചത്‌ എന്താ​ണെന്ന്‌ അറിയു​ന്നത്‌ നിങ്ങൾക്കു പ്രയോ​ജനം ചെയ്‌തേ​ക്കാം.

13. മീറ്റി​ങ്ങിൽ ഉത്സാഹ​ത്തോ​ടെ പാട്ടു പാടാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

13 ഉത്സാഹ​ത്തോ​ടെ പാടുക. മീറ്റി​ങ്ങു​ക​ളിൽ നമ്മൾ പാട്ടു പാടു​ന്ന​തി​ന്റെ പ്രധാന ഉദ്ദേശ്യം യഹോ​വയെ സ്‌തു​തി​ക്കുക എന്നതാണ്‌. യഹോ​വയെ പാടി സ്‌തു​തി​ക്കാൻ വളരെ​യ​ധി​കം ആഗ്രഹി​ക്കുന്ന ഒരു സഹോ​ദ​രി​യാ​ണു സാറ. തനിക്ക്‌ അത്ര നന്നായി പാടാ​നൊ​ന്നും അറിയി​ല്ലെന്നു സഹോ​ദ​രിക്ക്‌ അറിയാം. അതു​കൊണ്ട്‌ സഹോ​ദരി എന്താണു ചെയ്യു​ന്നത്‌? മീറ്റി​ങ്ങി​ന്റെ മറ്റു പരിപാ​ടി​കൾക്കു തയ്യാറാ​കു​ന്ന​തു​പോ​ലെ​തന്നെ വീട്ടിൽവെച്ച്‌ പാട്ടും പാടി പഠിക്കും. കൂടാതെ ഓരോ പാട്ടി​ലെ​യും വരികൾ അന്നത്തെ മീറ്റി​ങ്ങിൽ ചർച്ച ചെയ്യുന്ന വിഷയ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നെന്നു മനസ്സി​ലാ​ക്കാ​നും ശ്രമി​ക്കു​ന്നു. “അങ്ങനെ ചെയ്യു​ന്ന​തു​കൊണ്ട്‌ പാട്ടു പാടാ​നുള്ള എന്റെ കഴിവിൽ അധികം ശ്രദ്ധി​ക്കാ​തെ അതിലെ വരികൾക്കു ശ്രദ്ധ​കൊ​ടു​ക്കാൻ എനിക്കു കഴിയു​ന്നു” എന്നു സഹോ​ദരി പറയുന്നു.

14. മീറ്റി​ങ്ങിന്‌ അഭി​പ്രാ​യങ്ങൾ പറയാൻ പേടി​യു​ണ്ടെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

14 പതിവാ​യി അഭി​പ്രാ​യങ്ങൾ പറയുക. പലർക്കും ഇതു വളരെ ബുദ്ധി​മു​ട്ടുള്ള ഒരു കാര്യ​മാ​യി​രു​ന്നേ​ക്കാം. നേരത്തേ പറഞ്ഞ റ്റാലിയ സഹോ​ദരി പറയുന്നു: “കുറെ ആളുകൾ ഒന്നിച്ചി​രി​ക്കു​മ്പോൾ എന്തെങ്കി​ലും സംസാ​രി​ക്കു​ന്നത്‌ എനിക്കു വലിയ പേടി​യുള്ള കാര്യ​മാണ്‌. അതു​കൊ​ണ്ടു​തന്നെ മീറ്റി​ങ്ങിന്‌ ഉത്തരം പറയാ​നും എനിക്കു ബുദ്ധി​മു​ട്ടുണ്ട്‌. പക്ഷേ എന്റെ ശബ്ദം പൊതു​വേ പതുങ്ങി​യ​താ​യ​തു​കൊണ്ട്‌ അധിക​മാ​രും എന്റെ പേടി തിരി​ച്ച​റി​യാ​റി​ല്ലെന്നു മാത്രം.” ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും സഹോ​ദരി ഉത്തരം പറയാ​തി​രി​ക്കു​ന്നില്ല. മീറ്റി​ങ്ങി​നു തയ്യാറാ​കു​മ്പോൾ സഹോ​ദരി ഒരു കാര്യം ഓർക്കാ​റുണ്ട്‌. ഒരു ചോദ്യ​ത്തിന്‌ ആദ്യം പറയുന്ന ഉത്തരം നേരി​ട്ടു​ള്ള​തും ചെറു​തും ആയിരി​ക്കണം. “അതു​കൊണ്ട്‌ എന്റെ ഉത്തരങ്ങൾ ചെറു​തും ലളിത​വും പ്രധാന ആശയങ്ങൾ മാത്രം ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള​തും ആയാലും കുഴപ്പ​മി​ല്ല​ല്ലോ എന്നു ഞാൻ ഓർക്കും. കാരണം അതാണ​ല്ലോ പരിപാ​ടി നടത്തുന്ന സഹോ​ദ​ര​നും പ്രതീ​ക്ഷി​ക്കു​ന്നത്‌,” എന്നു സഹോ​ദരി പറയുന്നു.

15. മീറ്റി​ങ്ങിന്‌ അഭി​പ്രാ​യങ്ങൾ പറയു​ന്ന​തി​നെ​ക്കു​റിച്ച്‌ നമ്മൾ എന്ത്‌ ഓർക്കണം?

15 സംസാ​രി​ക്കാൻ പൊതു​വേ പേടി​യോ മടിയോ ഒന്നും ഇല്ലാത്ത​വ​രും ചില​പ്പോൾ മീറ്റി​ങ്ങിന്‌ ഉത്തരം പറയാ​തി​രു​ന്നേ​ക്കാം. എന്തു​കൊണ്ട്‌? “എന്റെ ഉത്തരം അത്ര നല്ലതൊ​ന്നും അല്ലെന്നു ചിന്തി​ക്കു​ന്ന​തു​കൊണ്ട്‌ എനിക്കു പലപ്പോ​ഴും അതു പറയാൻ മടിയാണ്‌” എന്നു ജൂലി​യറ്റ്‌ സഹോ​ദരി പറയുന്നു. എന്നാൽ ഒന്നോർക്കുക: നമ്മളെ​ക്കൊണ്ട്‌ പറയാൻ പറ്റുന്ന അഭി​പ്രാ​യങ്ങൾ പറയാനേ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു​ള്ളൂ. c മടിച്ചു​നിൽക്കാ​തെ ഉത്തരങ്ങൾ പറഞ്ഞു​കൊണ്ട്‌ സഭാമീ​റ്റി​ങ്ങു​ക​ളിൽ നമ്മൾ യഹോ​വയെ സ്‌തു​തി​ക്കു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ ഒരുപാ​ടു സന്തോ​ഷ​മാ​കു​ന്നു.

സാധാരണ സംഭാഷണത്തിൽ

16. ഏതു തരത്തി​ലുള്ള സംസാരം നമ്മൾ ഒഴിവാ​ക്കണം?

16 എല്ലാ തരം “അസഭ്യ​സം​സാ​ര​വും” ഒഴിവാ​ക്കുക. (എഫെ. 4:31) ക്രിസ്‌ത്യാ​നി​കൾ ഒരിക്ക​ലും ചീത്ത വാക്കുകൾ ഉപയോ​ഗി​ക്ക​രു​തെന്നു നമുക്ക്‌ അറിയാം. എന്നാൽ മോശ​മാ​ണെന്നു പെട്ടെന്നു തോന്നാത്ത തരത്തി​ലുള്ള സംസാ​ര​രീ​തി​ക​ളും നമ്മൾ ഒഴിവാ​ക്കേ​ണ്ട​തുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ മറ്റൊരു സംസ്‌കാ​ര​ത്തിൽനി​ന്നോ മതപശ്ചാ​ത്ത​ല​ത്തിൽനി​ന്നോ ദേശത്തു​നി​ന്നോ ഉള്ള ആളുകളെ അപമാ​നി​ക്കുന്ന രീതി​യിൽ നമ്മൾ സംസാ​രി​ച്ചു​പോ​യേ​ക്കാം. അത്തരം സംസാരം നമ്മൾ ഒഴിവാ​ക്കണം. ഇനി, മറ്റുള്ള​വരെ മുറി​പ്പെ​ടു​ത്തുന്ന രീതി​യി​ലും നമ്മൾ ഒരിക്ക​ലും സംസാ​രി​ക്ക​രുത്‌. ഒരു സഹോ​ദരൻ പറയുന്നു: “ഞാൻ പലപ്പോ​ഴും തമാശ​യാ​യി പറഞ്ഞി​രുന്ന പല കാര്യ​ങ്ങ​ളും മറ്റുള്ള​വരെ ഒരുപാ​ടു വേദനി​പ്പി​ച്ചി​രു​ന്നു. എന്റെ ഈ പ്രശ്‌നം പരിഹ​രി​ക്കാൻ ഭാര്യ എന്നെ ശരിക്കും സഹായി​ച്ചു. എന്റെ സംസാരം അവളെ​യോ മറ്റുള്ള​വ​രെ​യോ വേദനി​പ്പി​ച്ച​പ്പോ​ഴൊ​ക്കെ സ്വകാ​ര്യ​മാ​യി അവൾ അതെക്കു​റിച്ച്‌ എന്നോടു പറയു​മാ​യി​രു​ന്നു. അങ്ങനെ വർഷങ്ങൾകൊണ്ട്‌ എനിക്കു മാറ്റം വരുത്താ​നാ​യി.”

17. നമുക്ക്‌ എങ്ങനെ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന രീതി​യിൽ സംസാ​രി​ക്കാം? (എഫെസ്യർ 4:29)

17 പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന രീതി​യിൽ സംസാ​രി​ക്കുക. ചാടി​ക്ക​യറി കുറ്റം പറയു​ക​യോ പരാതി പറയു​ക​യോ ചെയ്യു​ന്ന​തി​നു പകരം അഭിന​ന്ദി​ക്കുക. (എഫെസ്യർ 4:29 വായി​ക്കുക.) നന്ദി തോന്നാൻ ഇസ്രാ​യേ​ല്യർക്ക്‌ ഒത്തിരി​യൊ​ത്തി​രി കാരണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എന്നിട്ടും അവർ കൂടെ​ക്കൂ​ടെ പരാതി പറഞ്ഞു. നമ്മൾ എപ്പോ​ഴും പരാതി പറയു​ന്ന​വ​രാ​ണെ​ങ്കിൽ മറ്റുള്ള​വ​രും അതുതന്നെ ചെയ്യാൻതു​ട​ങ്ങി​യേ​ക്കും. വാഗ്‌ദ​ത്ത​ദേശം ഒറ്റു​നോ​ക്കാൻ പോയ പത്ത്‌ ഒറ്റുകാർ മോശ​മായ വാർത്ത പ്രചരി​പ്പി​ച്ച​പ്പോൾ ‘ഇസ്രാ​യേ​ല്യ​രെ​ല്ലാം മോശ​യ്‌ക്കെ​തി​രെ പിറു​പി​റു​ക്കാൻ’ ഇടയായ ആ സംഭവം നിങ്ങൾ ഓർക്കു​ന്നു​ണ്ടാ​കും. (സംഖ്യ 13:31–14:4) എന്നാൽ അഭിന​ന്ദനം കേൾക്കു​ന്നത്‌ എല്ലാവർക്കും സന്തോ​ഷ​മുള്ള കാര്യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌ കൂട്ടു​കാ​രി​ക​ളിൽനിന്ന്‌ അഭിന​ന്ദനം കിട്ടി​യത്‌ തന്റെ നിയമ​ന​ത്തിൽ തുടരാൻ യിഫ്‌താ​ഹി​ന്റെ മകളെ ശരിക്കും പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടുണ്ട്‌. (ന്യായാ. 11:40) നേരത്തേ പറഞ്ഞ സാറ പറയുന്നു: “നമ്മൾ മറ്റുള്ള​വരെ അഭിന​ന്ദി​ക്കു​മ്പോൾ യഹോ​വ​യും മറ്റു സഹോ​ദ​ര​ങ്ങ​ളും അവരെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നെന്നു മനസ്സി​ലാ​ക്കാൻ നമ്മൾ അവരെ സഹായി​ക്കു​ക​യാണ്‌.” അതു​കൊണ്ട്‌ നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ അഭിന​ന്ദി​ക്കാ​നുള്ള അവസരങ്ങൾ കണ്ടെത്തുക.

18. സങ്കീർത്തനം 15:1, 2 അനുസ​രിച്ച്‌ നമ്മൾ സത്യം സംസാ​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌, അതിൽ എന്തും ഉൾപ്പെ​ടു​ന്നു?

18 സത്യം പറയുക. സത്യസ​ന്ധ​ര​ല്ലെ​ങ്കിൽ നമുക്ക്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നാ​കില്ല. കാരണം എല്ലാ തരം നുണയും യഹോവ വെറു​ക്കു​ന്നു. (സുഭാ. 6:16, 17) കുറ​ച്ചൊ​ക്കെ നുണ പറയു​ന്നത്‌ അത്ര വലിയ തെറ്റല്ല എന്നാണ്‌ ഇന്നു പലരും ചിന്തി​ക്കു​ന്നത്‌. എന്നാൽ അതു തെറ്റാ​ണെന്ന്‌ യഹോവ പറഞ്ഞി​രി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മൾ അങ്ങനെ ചെയ്യില്ല. (സങ്കീർത്തനം 15:1, 2 വായി​ക്കുക.) പക്ഷേ നുണ പറയാ​തി​രു​ന്നാൽ മാത്രം പോരാ. ആളുകളെ തെറ്റി​ദ്ധ​രി​പ്പി​ക്കുന്ന രീതി​യിൽ സംസാ​രി​ക്കു​ന്ന​തും നമ്മൾ ഒഴിവാ​ക്കണം.

മോശ​മായ സംസാരം നല്ല രീതി​യിൽ തിരി​ച്ചു​വി​ടു​ന്നത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കും (19-ാം ഖണ്ഡിക കാണുക)

19. സംസാ​ര​ത്തി​ന്റെ കാര്യ​ത്തിൽ മറ്റെന്തു​കൂ​ടി നമ്മൾ ശ്രദ്ധി​ക്കണം?

19 മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ മോശ​മായ കാര്യങ്ങൾ പറഞ്ഞു​ന​ട​ക്ക​രുത്‌. (സുഭാ. 25:23; 2 തെസ്സ. 3:11) അത്തരം സംസാരം കേൾക്കു​മ്പോൾ തനിക്ക്‌ എന്തു തോന്നു​ന്നു എന്നു നേരത്തേ പറഞ്ഞ ജൂലി​യറ്റ്‌ സഹോ​ദരി പറയുന്നു: “മറ്റുള്ള​വ​രെ​ക്കു​റി​ച്ചുള്ള മോശ​മായ സംസാരം കേൾക്കു​ന്നത്‌ ഒട്ടും സുഖമുള്ള കാര്യമല്ല. മാത്രമല്ല പറയുന്ന ആളിലുള്ള എന്റെ വിശ്വാ​സ​വും നഷ്ടപ്പെ​ടും. മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ഇങ്ങനെ​യൊ​ക്കെ പറയുന്ന ഒരാൾ നാളെ എന്നെക്കു​റി​ച്ചും അങ്ങനെ പറയി​ല്ലെന്ന്‌ ആരുകണ്ടു?” അതു​കൊണ്ട്‌ ആരു​ടെ​യെ​ങ്കി​ലും സംസാരം തെറ്റായ ദിശയി​ലേക്കു പോകു​ന്ന​താ​യി കണ്ടാൽ അപ്പോൾത്തന്നെ അതു നല്ല കാര്യ​ങ്ങ​ളി​ലേക്കു തിരി​ച്ചു​വി​ടുക.—കൊലോ. 4:6.

20. എന്തു ചെയ്യാൻ നമുക്ക്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം?

20 മോശ​മായ സംസാരം ഇന്നു വളരെ സാധാ​ര​ണ​മാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന രീതി​യി​ലാ​ണു നമ്മൾ സംസാ​രി​ക്കു​ന്ന​തെന്ന്‌ ഉറപ്പു​വ​രു​ത്താൻ പ്രത്യേ​കം ശ്രദ്ധി​ക്കണം. സംസാ​രി​ക്കാ​നുള്ള കഴിവ്‌ യഹോവ തന്നിരി​ക്കുന്ന ഒരു സമ്മാന​മാ​ണ​ല്ലോ. നമ്മൾ അത്‌ എങ്ങനെ ഉപയോ​ഗി​ക്കു​ന്നെന്ന്‌ യഹോവ നോക്കു​ക​യും ചെയ്യും. ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കു​മ്പോ​ഴും മീറ്റി​ങ്ങി​ലും സാധാരണ സംഭാ​ഷ​ണ​ത്തി​ലും ആ കഴിവ്‌ നല്ല രീതി​യിൽ ഉപയോ​ഗി​ക്കാ​നുള്ള നമ്മുടെ ശ്രമത്തെ യഹോവ അനു​ഗ്ര​ഹി​ക്കും. ഈ ദുഷ്ട​ലോ​ക​ത്തി​ന്റെ സ്വാധീ​നം ഇല്ലാതാ​കു​ന്ന​തോ​ടെ സംസാ​രി​ക്കാ​നുള്ള നമ്മുടെ കഴിവ്‌ ഉപയോ​ഗിച്ച്‌ യഹോ​വയെ ബഹുമാ​നി​ക്കു​ന്നതു നമുക്കു കുറെ​ക്കൂ​ടെ എളുപ്പ​മാ​യി​രി​ക്കും. (യൂദ 15) അക്കാലം വരുന്ന​തു​വ​രെ​യുള്ള ഈ സമയത്ത്‌ നിങ്ങളു​ടെ ‘വായിലെ വാക്കു​കൾകൊണ്ട്‌’ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ഉറച്ച തീരു​മാ​ന​മെ​ടു​ക്കുക.—സങ്കീ. 19:14.

ഗീതം 121 നമുക്ക്‌ ആത്മനി​യ​ന്ത്രണം വേണം

a യഹോവ നമുക്കു തന്നിരി​ക്കുന്ന നല്ലൊരു സമ്മാന​മാ​ണു സംസാ​രി​ക്കാ​നുള്ള കഴിവ്‌. എന്നാൽ യഹോവ ഇഷ്ടപ്പെ​ടുന്ന രീതി​യി​ലല്ല മിക്ക ആളുക​ളും ആ കഴിവ്‌ ഉപയോ​ഗി​ക്കു​ന്നത്‌. ആളുക​ളു​ടെ സംസാ​ര​രീ​തി ഇന്നു കൂടു​തൽക്കൂ​ടു​തൽ മോശ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽപ്പോ​ലും ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ക​യും ചെയ്യുന്ന രീതി​യിൽ സംസാ​ര​പ്രാ​പ്‌തി ഉപയോ​ഗി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും? പ്രത്യേ​കിച്ച്‌ ശുശ്രൂ​ഷ​യിൽ ആയിരി​ക്കു​മ്പോ​ഴും മീറ്റി​ങ്ങിൽ പങ്കെടു​ക്കു​മ്പോ​ഴും ആളുക​ളു​മാ​യി സാധാരണ സംസാ​രി​ക്കു​മ്പോ​ഴും നമുക്ക്‌ എങ്ങനെ അതു ചെയ്യാ​നാ​കും? ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരം നമ്മൾ ഈ ലേഖന​ത്തിൽ കാണും.

b ചില പേരു​കൾക്കു മാറ്റമുണ്ട്‌.

c മീറ്റിങ്ങിൽ അഭി​പ്രാ​യങ്ങൾ പറയു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള കൂടുതൽ വിവര​ങ്ങൾക്ക്‌ 2019 ജനുവരി ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “സഭാമ​ധ്യേ യഹോ​വയെ സ്‌തു​തി​ക്കുക” എന്ന ലേഖനം കാണുക.

d ചിത്രത്തിന്റെ വിവരണം: ദേഷ്യ​ത്തോ​ടെ സംസാ​രി​ക്കുന്ന ഒരു വീട്ടു​കാ​ര​നോട്‌ ഒരു സഹോ​ദരൻ തിരിച്ച്‌ ദേഷ്യ​പ്പെ​ടു​ന്നു; മീറ്റി​ങ്ങി​ന്റെ സമയത്ത്‌ ഒരു സഹോ​ദരൻ പാട്ടു പാടാതെ നിൽക്കു​ന്നു; ഒരു സഹോ​ദരി മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ മോശ​മായ കാര്യങ്ങൾ പറഞ്ഞു​പ​ര​ത്തു​ന്നു.