വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 24

യഹോവ—ക്ഷമിക്കു​ന്ന​തിൽ ഏറ്റവും നല്ല മാതൃക

യഹോവ—ക്ഷമിക്കു​ന്ന​തിൽ ഏറ്റവും നല്ല മാതൃക

“യഹോവേ, അങ്ങ്‌ നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും അല്ലോ; അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​വ​രോ​ടെ​ല്ലാം സമൃദ്ധ​മാ​യി അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്നവൻ.”—സങ്കീ. 86:5.

ഗീതം 42 ദൈവ​ദാ​സന്റെ പ്രാർഥന

ചുരുക്കം *

1. സഭാ​പ്ര​സം​ഗകൻ 7:20-ലെ ശലോ​മോൻ രാജാ​വി​ന്റെ വാക്കു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു മനസ്സി​ലാ​ക്കാം?

 ശലോ​മോൻ രാജാവ്‌ പറഞ്ഞു: “ഒരിക്ക​ലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതി​മാ​നും ഭൂമു​ഖ​ത്തി​ല്ല​ല്ലോ.” (സഭാ. 7:20) എത്ര ശരിയാണ്‌, അല്ലേ? നമ്മൾ എല്ലാവ​രും പാപി​ക​ളാണ്‌. (1 യോഹ. 1:8) അതു​കൊ​ണ്ടു​തന്നെ ദൈവ​ത്തിൽനി​ന്നും മനുഷ്യ​രിൽനി​ന്നും നമു​ക്കെ​ല്ലാം ക്ഷമ കിട്ടേ​ണ്ട​തുണ്ട്‌.

2. ഒരു കൂട്ടു​കാ​രൻ നിങ്ങ​ളോ​ടു ക്ഷമിക്കു​മ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നും?

2 നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ഒരു അടുത്ത കൂട്ടു​കാ​രനെ വേദനി​പ്പി​ച്ചെ​ന്നി​രി​ക്കട്ടെ. എന്നാൽ വീണ്ടും ആ പഴയ ബന്ധത്തി​ലേക്കു വരാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നുണ്ട്‌. അതു​കൊണ്ട്‌ നിങ്ങൾ അദ്ദേഹ​ത്തോട്‌ ആത്മാർഥ​മാ​യി ക്ഷമ ചോദി​ക്കു​ന്നു. നിങ്ങൾ ചെയ്‌ത​തൊ​ന്നും മനസ്സിൽവെ​ക്കാ​തെ, നിങ്ങ​ളോ​ടു ക്ഷമിക്കാൻ അദ്ദേഹം തയ്യാറാ​കു​മ്പോൾ നിങ്ങൾക്ക്‌ എത്ര ആശ്വാ​സ​വും സന്തോ​ഷ​വും തോന്നും, അല്ലേ?

3. ഈ ലേഖന​ത്തിൽ നമ്മൾ എന്താണു പഠിക്കാൻപോ​കു​ന്നത്‌?

3 യഹോവ നമ്മുടെ ഏറ്റവും അടുത്ത കൂട്ടു​കാ​ര​നാ​യി​രി​ക്കാൻ നമ്മൾ എല്ലാവ​രും ആഗ്രഹി​ക്കു​ന്നു. എന്നാൽ പലപ്പോ​ഴും നമ്മുടെ വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും നമ്മൾ യഹോ​വയെ വേദനി​പ്പി​ക്കാ​റുണ്ട്‌. നമ്മൾ അങ്ങനെ​യൊ​ക്കെ ചെയ്‌താ​ലും യഹോവ നമ്മളോ​ടു ക്ഷമിക്കാൻ ആഗ്രഹി​ക്കു​ന്നെന്ന്‌ എങ്ങനെ അറിയാം? യഹോ​വ​യെ​പ്പോ​ലെ ക്ഷമിക്കാൻ മറ്റാർക്കു​മാ​കില്ല എന്നു പറയാ​വു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഇനി, യഹോവ ആരോ​ടൊ​ക്കെ ക്ഷമിക്കും? ഇതെക്കു​റി​ച്ചൊ​ക്കെ നമ്മൾ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും.

യഹോവ ക്ഷമിക്കാൻ തയ്യാറാണ്‌

4. യഹോവ എപ്പോ​ഴും ക്ഷമിക്കാൻ ഒരുങ്ങി​യി​രി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ അറിയാം?

4 യഹോവ ക്ഷമിക്കാൻ തയ്യാറാ​ണെന്നു ബൈബിൾ ഉറപ്പു​ത​രു​ന്നു. സീനായ്‌ പർവത​ത്തിൽവെച്ച്‌ ഒരു ദൂതനി​ലൂ​ടെ തന്നെക്കു​റി​ച്ചു​തന്നെ യഹോവ മോശ​യോട്‌ പറഞ്ഞു: “യഹോവ, യഹോവ, കരുണ​യും അനുക​മ്പ​യും ഉള്ള ദൈവം, പെട്ടെന്നു കോപി​ക്കാ​ത്തവൻ, അചഞ്ചല​സ്‌നേ​ഹ​വും സത്യവും നിറഞ്ഞവൻ, ആയിര​മാ​യി​ര​ങ്ങ​ളോട്‌ അചഞ്ചല​മായ സ്‌നേഹം കാണി​ക്കു​ന്നവൻ, തെറ്റു​ക​ളും ലംഘന​വും പാപവും പൊറു​ക്കു​ന്നവൻ.” (പുറ. 34:6, 7) മാനസാ​ന്ത​ര​പ്പെ​ടുന്ന പാപി​ക​ളോ​ടു ക്ഷമിക്കാൻ എപ്പോ​ഴും ഒരുങ്ങി​യി​രി​ക്കുന്ന, ദയയും കരുണ​യും ഉള്ള ദൈവ​മാണ്‌ യഹോവ എന്നല്ലേ ഇതു കാണി​ക്കു​ന്നത്‌?—നെഹ. 9:17; സങ്കീ. 86:15.

നമ്മുടെ സാഹച​ര്യ​വും നമ്മൾ എന്തു​കൊ​ണ്ടാണ്‌ ഇങ്ങനെ​യാ​യി​രി​ക്കു​ന്ന​തെ​ന്നും യഹോ​വ​യ്‌ക്ക്‌ അറിയാം (5-ാം ഖണ്ഡിക കാണുക)

5. നമ്മളെ നന്നായി അറിയാ​വു​ന്ന​തു​കൊണ്ട്‌ എന്തു ചെയ്യാൻ യഹോവ തയ്യാറാ​കു​ന്നു? (സങ്കീർത്തനം 103:13, 14)

5 യഹോ​വ​യാ​ണ​ല്ലോ നമ്മളെ സൃഷ്ടി​ച്ചത്‌. അതു​കൊണ്ട്‌ യഹോ​വ​യ്‌ക്കു നമ്മളെ​ക്കു​റിച്ച്‌ എല്ലാം അറിയാം. നമ്മുടെ മാത്രമല്ല ഭൂമി​യിൽ ജീവി​ക്കുന്ന ഓരോ വ്യക്തി​യു​ടെ​യും എല്ലാ വിശദാം​ശ​ങ്ങ​ളും യഹോ​വ​യ്‌ക്ക്‌ അറിയാം. (സങ്കീ. 139:15-17) ആദാമി​ന്റെ മക്കളായ നമ്മൾ പാപി​ക​ളാ​ണെന്ന്‌ യഹോവ മനസ്സി​ലാ​ക്കു​ന്നു. ഇനി, നമ്മുടെ സാഹച​ര്യ​വും നമ്മൾ എന്തു​കൊ​ണ്ടാണ്‌ ഇങ്ങനെ​യാ​യി​രി​ക്കു​ന്ന​തെ​ന്നും എല്ലാം യഹോ​വ​യ്‌ക്ക്‌ അറിയാം. നമ്മളെ ഇത്ര നന്നായി അറിയാ​വു​ന്ന​തു​കൊണ്ട്‌ നമ്മളോ​ടു കരുണ​യോ​ടെ ഇടപെ​ടാൻ യഹോവ തയ്യാറാ​കു​ന്നു.—സങ്കീ. 78:39; സങ്കീർത്തനം 103:13, 14 വായി​ക്കുക.

6. നമ്മളോ​ടു ക്ഷമിക്കാൻ യഹോവ ഒരുപാട്‌ ആഗ്രഹി​ക്കു​ന്നെന്നു തെളി​യി​ച്ചത്‌ എങ്ങനെ?

6 ആദാം പാപം ചെയ്‌ത​തു​കൊണ്ട്‌ നമ്മളെ​ല്ലാം പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ത്ത​ത്തി​ലാ​ണെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. (റോമ. 5:12) നമുക്കു സ്വന്തമാ​യി അതിൽനിന്ന്‌ രക്ഷപ്പെ​ടാൻ പറ്റില്ല; മറ്റുള്ള​വരെ രക്ഷിക്കാ​നും നമുക്കാ​കില്ല. (സങ്കീ. 49:7-9) എന്നാൽ നമ്മളെ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മളെ രക്ഷിക്കാൻ യഹോവ ഒരു ക്രമീ​ക​രണം ചെയ്‌തു. യോഹ​ന്നാൻ 3:16 പറയു​ന്ന​തു​പോ​ലെ നമുക്കു​വേണ്ടി മരിക്കാൻ യഹോവ തന്റെ ഏകജാ​ത​നായ മകനെ ഭൂമി​യി​ലേക്ക്‌ അയച്ചു. (മത്താ. 20:28; റോമ. 5:19) അങ്ങനെ യേശു​വിൽ വിശ്വ​സി​ക്കു​ന്ന​വർക്കു പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ത്ത​ത്തിൽനിന്ന്‌ രക്ഷപ്പെ​ടാ​നാ​കും. (എബ്രാ. 2:9) തന്റെ പ്രിയ മകൻ കഠിന​മായ വേദന സഹിച്ച്‌ ഇഞ്ചിഞ്ചാ​യി മരിക്കു​ന്നതു കണ്ടപ്പോൾ ആ പിതാ​വിന്‌ എത്ര സങ്കടം തോന്നി​ക്കാ​ണും! നമ്മളോ​ടു ക്ഷമിക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നി​ല്ലെ​ങ്കിൽ തന്റെ മകൻ ഇങ്ങനെ മരിക്കാൻ യഹോവ അനുവ​ദി​ക്കു​മാ​യി​രു​ന്നോ?

7. യഹോവ ഉദാര​മാ​യി ക്ഷമിച്ച ചിലരു​ടെ ഉദാഹ​ര​ണങ്ങൾ പറയുക.

7 യഹോവ ഉദാര​മാ​യി ക്ഷമിച്ച കുറെ പേരെ​ക്കു​റിച്ച്‌ ബൈബി​ളിൽ പറയു​ന്നുണ്ട്‌. (എഫെ. 4:32) അതെക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ മനശ്ശെ രാജാ​വി​ന്റെ കാര്യ​മാ​യി​രി​ക്കാം നിങ്ങളു​ടെ മനസ്സി​ലേക്കു വരുന്നത്‌. യഹോ​വയെ വേദനി​പ്പി​ക്കുന്ന എത്ര​യെത്ര കാര്യ​ങ്ങ​ളാണ്‌ മനശ്ശെ ചെയ്‌തത്‌! അദ്ദേഹം മറ്റു ദൈവ​ങ്ങളെ ആരാധി​ച്ചു, അതിനു​വേണ്ടി മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു. ഇനി, സ്വന്തം മക്കളെ വ്യാജ​ദൈ​വ​ങ്ങൾക്കു ബലിയർപ്പി​ച്ചു. അതൊ​ന്നും പോരാ​ഞ്ഞിട്ട്‌ ഒരു വ്യാജ​ദൈ​വ​ത്തി​ന്റെ വിഗ്രഹം ദൈവ​ത്തി​ന്റെ വിശു​ദ്ധ​ഭ​വ​ന​ത്തിൽ സ്ഥാപി​ക്കു​ക​യും ചെയ്‌തു. മനശ്ശെ​യെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌, അദ്ദേഹം “യഹോ​വ​യു​ടെ മുമ്പാകെ ഒരുപാ​ടു തെറ്റുകൾ ചെയ്‌ത്‌ ദൈവത്തെ കോപി​പ്പി​ച്ചു” എന്നാണ്‌. (2 ദിന. 33:2-7) എന്നിട്ടും മനശ്ശെ മാനസാ​ന്ത​ര​പ്പെ​ട്ട​പ്പോൾ യഹോവ അദ്ദേഹ​ത്തോട്‌ ഉദാര​മാ​യി ക്ഷമിച്ചു. അദ്ദേഹത്തെ വീണ്ടും രാജാ​വാ​യി നിയമി​ക്കു​ക​യും ചെയ്‌തു. (2 ദിന. 33:12, 13) ഇനി, ദാവീ​ദി​ന്റെ കാര്യ​വും നമ്മുടെ മനസ്സി​ലേക്കു വന്നേക്കാം. അദ്ദേഹം വ്യഭി​ചാ​ര​വും കൊല​പാ​ത​ക​വും ഉൾപ്പെടെ ഗുരു​ത​ര​മായ പല തെറ്റു​ക​ളും ചെയ്‌തു. എന്നാൽ തന്റെ തെറ്റു സമ്മതി​ക്കു​ക​യും മാനസാ​ന്ത​ര​പ്പെ​ടു​ക​യും ചെയ്‌ത​പ്പോൾ യഹോവ ദാവീ​ദി​നോ​ടും ക്ഷമിച്ചു. (2 ശമു. 12:9, 10, 13, 14) നമ്മളോ​ടു ക്ഷമിക്കാൻ യഹോവ ഒരുപാട്‌ ആഗ്രഹി​ക്കു​ന്നു എന്നല്ലേ ഈ ഉദാഹ​ര​ണങ്ങൾ കാണി​ക്കു​ന്നത്‌? എന്നാൽ മനുഷ്യർ ക്ഷമിക്കു​ന്ന​തു​പോ​ലെയല്ല യഹോവ ക്ഷമിക്കു​ന്നത്‌. എന്താണു വ്യത്യാ​സം? അതെക്കു​റി​ച്ചാ​ണു നമ്മൾ ഇനി കാണാൻപോ​കു​ന്നത്‌.

യഹോ​വ​യെ​പ്പോ​ലെ ക്ഷമിക്കാൻ മറ്റാർക്കുമാകില്ല

8. ആരോടു ക്ഷമിക്ക​ണ​മെന്ന കാര്യ​ത്തിൽ ശരിയായ തീരു​മാ​ന​മെ​ടു​ക്കാൻ യഹോ​വ​യ്‌ക്കു കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

8 യഹോവ “സർവഭൂ​മി​യു​ടെ​യും ന്യായാ​ധി​പൻ” ആണ്‌. (ഉൽപ. 18:25) ഒരു നല്ല ന്യായാ​ധി​പനു നിയമ​ങ്ങ​ളെ​ക്കു​റിച്ച്‌ നല്ല അറിവു​ണ്ടാ​യി​രി​ക്കണം. യഹോ​വ​യു​ടെ കാര്യ​ത്തിൽ അതു ശരിയാണ്‌. കാരണം യഹോവ നിയമ​നിർമാ​താ​വും​കൂ​ടെ​യാണ്‌. (യശ. 33:22) അതു​കൊണ്ട്‌ മറ്റാ​രെ​ക്കാ​ളും നന്നായി ശരിയും തെറ്റും മനസ്സി​ലാ​ക്കാൻ യഹോ​വ​യ്‌ക്കു സാധി​ക്കും. നല്ലൊരു ന്യായാ​ധി​പനു മറ്റെന്തു​കൂ​ടെ വേണം? തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ ഒരു കാര്യ​ത്തി​ന്റെ എല്ലാ വശവും അദ്ദേഹം അറിഞ്ഞി​രി​ക്കണം. ഇക്കാര്യ​ത്തി​ലും യഹോ​വ​യെ​പ്പോ​ലെ മറ്റാരു​മില്ല.

9. ഒരാ​ളോ​ടു ക്ഷമിക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കു​മ്പോൾ യഹോവ എന്തെല്ലാം കാര്യങ്ങൾ കണക്കി​ലെ​ടു​ക്കു​ന്നുണ്ട്‌?

9 മനുഷ്യ​ന്യാ​യാ​ധി​പ​ന്മാർ വിധി​ക്കു​ന്നത്‌, കാണു​ക​യും കേൾക്കു​ക​യും ചെയ്യുന്ന കാര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ലാണ്‌. എന്നാൽ യഹോ​വ​യ്‌ക്ക്‌ ഒരു കാര്യ​ത്തി​ന്റെ എല്ലാ വശങ്ങളും നന്നായി അറിയാം. (ഉൽപ. 18:20, 21; സങ്കീ. 90:8) ഒരാൾക്കു മാതാ​പി​താ​ക്ക​ളിൽനിന്ന്‌ കൈമാ​റി​ക്കി​ട്ടിയ സ്വഭാ​വ​രീ​തി​കൾ, അദ്ദേഹം വളർന്നു​വന്ന സാഹച​ര്യം, ജീവി​ക്കുന്ന സ്ഥലം, അദ്ദേഹ​ത്തി​ന്റെ വിദ്യാ​ഭ്യാ​സം, മാനസി​കാ​വസ്ഥ എന്നിവ​യെ​ല്ലാം ആ വ്യക്തി​യു​ടെ പ്രവർത്ത​നത്തെ എങ്ങനെ സ്വാധീ​നി​ക്കു​മെന്ന്‌ യഹോ​വ​യ്‌ക്കു നന്നായി മനസ്സി​ലാ​കും. ഒരാൾ എന്തു​കൊണ്ട്‌ ഒരു കാര്യം ചെയ്യുന്നു, അദ്ദേഹ​ത്തി​ന്റെ ഹൃദയ​ത്തി​ലു​ള്ളത്‌ എന്താണ്‌ എന്നൊക്കെ യഹോ​വ​യ്‌ക്ക്‌ അറിയാം. യഹോ​വ​യു​ടെ കണ്ണിനു മറഞ്ഞി​രി​ക്കുന്ന ഒന്നുമില്ല. (എബ്രാ. 4:13) അതു​കൊണ്ട്‌ യഹോവ ഒരാ​ളോ​ടു ക്ഷമിക്കു​ന്നത്‌ എപ്പോ​ഴും അദ്ദേഹ​ത്തെ​ക്കു​റി​ച്ചുള്ള എല്ലാ കാര്യ​ങ്ങ​ളും നന്നായി വിലയി​രു​ത്തി​യി​ട്ടാണ്‌.

യഹോവ നീതി​യും ന്യായ​വും ഉള്ള ദൈവം, മുഖപക്ഷം കാണി​ക്കില്ല. കൈക്കൂ​ലി കൊടുത്ത്‌ യഹോ​വയെ വശത്താ​ക്കാ​നു​മാ​കില്ല (10-ാം ഖണ്ഡിക കാണുക)

10. യഹോവ എപ്പോ​ഴും നീതി​യോ​ടെ​യും ന്യായ​ത്തോ​ടെ​യും വിധി​ക്കു​മെന്നു പറയാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌? (ആവർത്തനം 32:4)

10 യഹോവ എപ്പോ​ഴും നീതി​യോ​ടെ​യും ന്യായ​ത്തോ​ടെ​യും ആണ്‌ വിധി​ക്കു​ന്നത്‌. യഹോ​വ​യു​ടെ തീരു​മാ​നങ്ങൾ വസ്‌തു​ത​കളെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​വ​യാണ്‌. ആരോ​ടും ഒരിക്ക​ലും മുഖപക്ഷം കാണി​ക്കില്ല. ഒരാളു​ടെ സൗന്ദര്യ​മോ പണമോ കഴിവു​ക​ളോ സമൂഹ​ത്തി​ലെ വിലയോ ഒന്നും നോക്കി​യി​ട്ടല്ല അയാ​ളോ​ടു ക്ഷമിക്ക​ണോ വേണ്ടയോ എന്ന്‌ യഹോവ തീരു​മാ​നി​ക്കു​ന്നത്‌. (1 ശമു. 16:7; യാക്കോ. 2:1-4) യഹോ​വ​യെ​ക്കൊണ്ട്‌ നിർബ​ന്ധിച്ച്‌ ഒരു കാര്യം ചെയ്യി​ക്കാ​നോ കൈക്കൂ​ലി കൊടുത്ത്‌ യഹോ​വയെ വശത്താ​ക്കാ​നോ ആർക്കും പറ്റില്ല. (2 ദിന. 19:7) പെട്ടെന്ന്‌ ഒരു ദേഷ്യം തോന്നി​യിട്ട്‌ യഹോവ ഒരാൾക്കു ശിക്ഷ വിധി​ക്കു​ക​യോ മാനസാ​ന്ത​ര​പ്പെ​ടാത്ത പാപി​യോ​ടു സഹതാ​പ​ത്തി​ന്റെ പേരിൽ ക്ഷമിക്കു​ക​യോ ഇല്ല. (പുറ. 34:7) ചുരു​ക്ക​ത്തിൽ, നമ്മളെ​ക്കു​റിച്ച്‌ എല്ലാം അറിയാ​വു​ന്ന​തു​കൊ​ണ്ടും നമ്മുടെ സാഹച​ര്യ​ങ്ങൾ നന്നായി വിലയി​രു​ത്താൻ കഴിവു​ള്ള​തു​കൊ​ണ്ടും യഹോവ ഏറ്റവും നല്ല ന്യായാ​ധി​പ​നാ​ണെന്നു പറയാ​നാ​കും.ആവർത്തനം 32:4 വായി​ക്കുക.

11. യഹോ​വ​യെ​പ്പോ​ലെ ക്ഷമിക്കാൻ മറ്റാർക്കും കഴിയില്ല എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

11 യഹോ​വ​യെ​പ്പോ​ലെ ക്ഷമിക്കാൻ ആർക്കും കഴിയില്ല. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ എഴുത്തു​കാർ ആ വസ്‌തുത തിരി​ച്ച​റി​ഞ്ഞു. അതു​കൊ​ണ്ടു​തന്നെ ക്ഷമിക്കുക എന്ന അർഥത്തിൽ ചില ഇടങ്ങളിൽ അവർ ഒരു പ്രത്യേ​ക​പദം ഉപയോ​ഗി​ച്ചു. ആ വാക്കി​നെ​ക്കു​റിച്ച്‌ ഒരു പുസ്‌തകം പറയുന്നു: “ദൈവം പാപി​ക​ളോ​ടു ക്ഷമിക്കു​ന്ന​തി​നെ സൂചി​പ്പി​ക്കാൻ മാത്രം ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഒരു പദമാണ്‌ ഇത്‌. മനുഷ്യർ തമ്മിൽത്ത​മ്മിൽ ക്ഷമിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറയു​മ്പോൾ ഒരിക്ക​ലും ഈ പദം ഉപയോ​ഗി​ച്ചി​ട്ടില്ല.” മാനസാ​ന്ത​ര​പ്പെ​ടുന്ന പാപി​യോ​ടു പൂർണ​മാ​യി ക്ഷമിക്കാ​നുള്ള അധികാ​രം യഹോ​വ​യ്‌ക്കു മാത്രമേ ഉള്ളൂ. ആ അധികാ​രം മനുഷ്യർക്കില്ല. യഹോവ ആ വിധത്തിൽ ക്ഷമിക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ എന്തെല്ലാ​മാണ്‌?

12-13. (എ) യഹോവ ഒരാ​ളോ​ടു ക്ഷമിക്കു​മ്പോൾ അയാൾക്ക്‌ എന്തു തോന്നും? (ബി) യഹോവ നമ്മളോ​ടു ക്ഷമിക്കു​ന്ന​തി​ന്റെ പ്രയോ​ജനം എത്ര കാലം നിലനിൽക്കും?

12 യഹോവ നമ്മുടെ തെറ്റുകൾ ക്ഷമിക്കു​മ്പോൾ നമ്മുടെ ജീവി​ത​ത്തിൽ “ഉന്മേഷ​കാ​ലങ്ങൾ” ഉണ്ടാകു​ന്നു, നമുക്കു മനസ്സമാ​ധാ​ന​വും ശുദ്ധമായ ഒരു മനസ്സാ​ക്ഷി​യും ലഭിക്കും. “യഹോവ” ക്ഷമിക്കു​മ്പോൾ മാത്രമേ നമുക്ക്‌ ഇതു​പോ​ലെ​യൊ​ക്കെ തോന്നു​ക​യു​ള്ളൂ. (പ്രവൃ. 3:19) നമ്മൾ മുമ്പ്‌ പാപം ചെയ്‌തി​ട്ടേ ഇല്ല എന്ന രീതി​യി​ലാ​യി​രി​ക്കും യഹോവ തുടർന്നു നമ്മളോട്‌ ഇടപെ​ടു​ന്നത്‌. അങ്ങനെ യഹോ​വ​യു​മാ​യി ആ പഴയ ബന്ധത്തി​ലേക്കു വരാൻ നമുക്കു കഴിയും.

13 യഹോവ നമ്മുടെ തെറ്റുകൾ ക്ഷമിക്കു​മ്പോൾ അതു പൂർണ​മാ​യും മറന്നു​ക​ള​യു​ന്നു. വീണ്ടും ഒരിക്ക​ലും ആ തെറ്റിന്റെ പേരിൽ നമ്മളെ കുറ്റ​പ്പെ​ടു​ത്തു​ക​യോ ശിക്ഷി​ക്കു​ക​യോ ഇല്ല. (യശ. 43:25; യിരെ. 31:34) നമ്മുടെ പാപങ്ങളെ, “സൂര്യോ​ദയം സൂര്യാ​സ്‌ത​മ​യ​ത്തിൽനിന്ന്‌ എത്ര അകലെ​യാ​ണോ അത്ര അകലേക്കു” ദൈവം മാറ്റുന്നു എന്നാണു ബൈബിൾ പറയു​ന്നത്‌. * (സങ്കീ. 103:12) യഹോ​വ​യു​ടെ ഈ ക്ഷമയെ​ക്കു​റിച്ച്‌ നമ്മൾ ചിന്തി​ക്കു​മ്പോൾ നമുക്ക്‌ യഹോ​വ​യോട്‌ എത്രമാ​ത്രം നന്ദിയും ഭയാദ​ര​വും തോന്നു​ന്നു! (സങ്കീ. 130:4) എന്നാൽ യഹോവ ആരോ​ടാണ്‌ ഇങ്ങനെ ക്ഷമിക്കു​ന്നത്‌?

യഹോവ ആരോ​ടാ​ണു ക്ഷമിക്കു​ന്നത്‌?

14. യഹോ​വ​യു​ടെ ക്ഷമയെ​ക്കു​റിച്ച്‌ നമ്മൾ ഇതുവരെ എന്താണു പഠിച്ചത്‌?

14 നമ്മൾ ഇതുവരെ എന്തൊ​ക്കെ​യാ​ണു പഠിച്ചത്‌? ഒരാളു​ടെ പാപം എത്ര വലുതോ ചെറു​തോ ആണെന്നു നോക്കി​യി​ട്ടല്ല യഹോവ ക്ഷമിക്കു​ന്നത്‌. അതു മാത്രമല്ല സ്രഷ്ടാ​വും നിയമ​നിർമാ​താ​വും ന്യായാ​ധി​പ​നും ആയതു​കൊണ്ട്‌ ആ അറി​വെ​ല്ലാം ഉപയോ​ഗി​ച്ചാണ്‌ ആരോടു ക്ഷമിക്ക​ണ​മെന്ന്‌ യഹോവ തീരു​മാ​നി​ക്കു​ന്നത്‌. എന്നാൽ ഒരാ​ളോ​ടു ക്ഷമിക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കു​മ്പോൾ യഹോവ കണക്കി​ലെ​ടു​ക്കുന്ന മറ്റു ചില കാര്യ​ങ്ങ​ളു​മുണ്ട്‌. അത്‌ എന്തൊ​ക്കെ​യാണ്‌?

15. ലൂക്കോസ്‌ 12:47, 48 പറയു​ന്ന​ത​നു​സ​രിച്ച്‌ ഒരാ​ളോ​ടു ക്ഷമിക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കു​മ്പോൾ യഹോവ കണക്കി​ലെ​ടു​ക്കുന്ന ഒരു കാര്യം എന്താണ്‌?

15 തെറ്റാ​ണെന്ന്‌ അറിഞ്ഞു​കൊ​ണ്ടാ​ണോ ഒരാൾ ഒരു കാര്യം ചെയ്യു​ന്നത്‌ എന്നതാണ്‌ യഹോവ കണക്കി​ലെ​ടു​ക്കുന്ന ഒരു സംഗതി. ലൂക്കോസ്‌ 12:47, 48 വാക്യ​ങ്ങ​ളിൽ യേശു അക്കാര്യം വ്യക്തമാ​യി പറഞ്ഞു. (വായി​ക്കുക.) ഒരു കാര്യം തെറ്റാ​ണെന്ന്‌ അറിഞ്ഞി​ട്ടും മനഃപൂർവം ഒരാൾ അതു ചെയ്യു​മ്പോൾ അതിനെ ഗുരു​ത​ര​മായ പാപമാ​യി യഹോവ കണക്കാ​ക്കും. അങ്ങനെ​യുള്ള തെറ്റിനു ചില​പ്പോൾ യഹോ​വ​യു​ടെ ക്ഷമ കിട്ടാ​തി​രു​ന്നേ​ക്കാം. (മർക്കോ. 3:29; യോഹ. 9:41) എന്നാൽ നമ്മളും ഇടയ്‌ക്കൊ​ക്കെ, തെറ്റാ​ണെന്ന്‌ അറിയാ​വുന്ന ചില കാര്യങ്ങൾ ചെയ്‌തു​പോ​കാ​റു​ണ്ട​ല്ലോ. അങ്ങനെ സംഭവി​ച്ചാൽ നമുക്കു പ്രതീ​ക്ഷ​യ്‌ക്കു വകയി​ല്ലെ​ന്നാ​ണോ? യഹോവ കണക്കി​ലെ​ടു​ക്കുന്ന രണ്ടാമത്തെ കാര്യം നോക്കു​ന്നെ​ങ്കിൽ നമുക്ക്‌ അതിനുള്ള ഉത്തരം കിട്ടും.

നമ്മൾ ശരിക്കും മാനസാ​ന്ത​ര​പ്പെ​ട്ടാൽ യഹോവ നമ്മളോ​ടു ക്ഷമിക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം (16-17 ഖണ്ഡികകൾ കാണുക)

16. എന്താണു മാനസാ​ന്തരം, യഹോവ നമ്മുടെ തെറ്റുകൾ ക്ഷമിക്കാൻ നമ്മൾ മാനസാ​ന്ത​ര​പ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?

16 യഹോവ കണക്കി​ലെ​ടു​ക്കുന്ന രണ്ടാമത്തെ കാര്യം, പാപം ചെയ്‌ത​യാൾ ശരിക്കും പശ്ചാത്ത​പി​ച്ചോ, മാനസാ​ന്ത​ര​പ്പെ​ട്ടോ എന്നതാണ്‌. മാനസാ​ന്തരം എന്നു പറയു​മ്പോൾ “ഒരാൾ തന്റെ ചിന്തയ്‌ക്കും മനോ​ഭാ​വ​ത്തി​നും ഉദ്ദേശ്യ​ത്തി​നും മാറ്റം വരുത്തുക” എന്നാണ്‌ അർഥം. ചെയ്‌തു​പോയ തെറ്റി​നെ​ക്കു​റി​ച്ചോ ചെയ്യേണ്ട എന്തെങ്കി​ലും ചെയ്യാ​തി​രു​ന്ന​തി​നെ​ക്കു​റി​ച്ചോ ആത്മാർഥ​മാ​യി ഖേദി​ക്കു​ന്നത്‌ അതിൽ ഉൾപ്പെ​ടു​ന്നു. തന്റെ ആത്മീയാ​വസ്ഥ ഇത്ര മോശ​മാ​യി​ത്തീർന്ന​തു​കൊ​ണ്ടാ​ണ​ല്ലോ താൻ ഇങ്ങനെ​യൊ​രു തെറ്റി​ലേക്കു വീണത്‌ എന്ന്‌ ഓർത്തും അയാൾക്കു ദുഃഖം തോന്നും. മനശ്ശെ രാജാ​വി​ന്റെ​യും ദാവീദ്‌ രാജാ​വി​ന്റെ​യും കാര്യം നമ്മൾ പഠിച്ചു. രണ്ടു പേരും ഗുരു​ത​ര​മായ പാപം ചെയ്‌ത​താണ്‌. എന്നിട്ടും യഹോവ അവരോ​ടു ക്ഷമിച്ചു. കാരണം രണ്ടു പേരും ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കു​ക​യും മാനസാ​ന്ത​ര​പ്പെ​ടു​ക​യും ചെയ്‌തു. (1 രാജാ. 14:8) അതു കാണി​ക്കു​ന്നത്‌ ഒരു വ്യക്തിക്കു ശരിക്കും മാനസാ​ന്തരം വന്നിട്ടു​ണ്ടെന്നു കണ്ടാൽ യഹോവ ക്ഷമിക്കും എന്നാണ്‌. എന്നാൽ യഹോവ നമ്മുടെ തെറ്റുകൾ ക്ഷമിക്കാൻ നമ്മൾ മറ്റൊരു കാര്യം​കൂ​ടി ചെയ്യണം. * എന്താണ്‌ അത്‌?

17. ജീവി​ത​ത്തിൽ മാറ്റം വരുത്തുക എന്നു പറയു​മ്പോൾ എന്താണ്‌ ഉദ്ദേശി​ക്കു​ന്നത്‌, അതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (യശയ്യ 55:7)

17 ഒരു വ്യക്തി​യോ​ടു ക്ഷമിക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കു​മ്പോൾ യഹോവ നോക്കുന്ന പ്രധാ​ന​പ്പെട്ട മറ്റൊരു കാര്യം, അയാൾ “വേണ്ട മാറ്റങ്ങൾ വരുത്തി തന്നി​ലേക്കു മടങ്ങി​വ​ന്നി​ട്ടു​ണ്ടോ” എന്നതാണ്‌. അതായത്‌, ഒരു വ്യക്തി താൻ ചെയ്‌തു​കൊ​ണ്ടി​രുന്ന തെറ്റായ കാര്യങ്ങൾ ഉപേക്ഷി​ക്കു​ക​യും യഹോവ ചെയ്യാൻ പ്രതീ​ക്ഷി​ക്കുന്ന കാര്യങ്ങൾ ചെയ്യു​ക​യും വേണം. (യശയ്യ 55:7 വായി​ക്കുക.) അതിന്റെ അർഥം, അയാൾ മനസ്സു പുതുക്കി യഹോവ ചിന്തി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്കണം എന്നാണ്‌. (റോമ. 12:2; എഫെ. 4:23) മുൻജീ​വി​ത​രീ​തി​യി​ലേക്കു വീണ്ടും പോകാ​തി​രി​ക്കാൻ ഉറച്ച തീരു​മാ​ന​മെ​ടു​ക്കു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു. (കൊലോ. 3:7-10) ക്രിസ്‌തു​വി​ന്റെ ബലിമ​ര​ണ​ത്തി​ലുള്ള നമ്മുടെ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ യഹോവ നമ്മളോ​ടു ക്ഷമിക്കു​ക​യും നമ്മളെ പാപത്തിൽനിന്ന്‌ ശുദ്ധീ​ക​രി​ക്കു​ക​യും ചെയ്യു​ന്നത്‌ എന്നുള്ളതു ശരിയാണ്‌. എന്നാൽ നമ്മൾ ജീവി​ത​ത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ആത്മാർഥ​മാ​യി ശ്രമി​ക്കു​ന്നതു കാണു​മ്പോൾ മാത്രമേ യഹോവ അങ്ങനെ ചെയ്യു​ക​യു​ള്ളൂ.—1 യോഹ. 1:7.

യഹോവ നിങ്ങ​ളോ​ടു തീർച്ചയായും ക്ഷമിക്കും

18. യഹോ​വ​യു​ടെ ക്ഷമയെ​ക്കു​റിച്ച്‌ നമ്മൾ എന്താണു പഠിച്ചത്‌?

18 നമ്മൾ ഇതുവരെ ചർച്ച ചെയ്‌ത ചില പ്രധാ​ന​പ്പെട്ട കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌? ക്ഷമിക്കുന്ന കാര്യ​ത്തിൽ ഏറ്റവും നല്ല മാതൃ​ക​യാണ്‌ യഹോവ. എന്തു​കൊ​ണ്ടാ​ണു നമ്മൾ അങ്ങനെ പറയു​ന്നത്‌? ഒന്നാമ​താ​യി, യഹോവ എപ്പോ​ഴും ക്ഷമിക്കാൻ ഒരുക്ക​മുള്ള ദൈവ​മാണ്‌. രണ്ടാമത്‌, യഹോ​വ​യ്‌ക്കു നമ്മളെ നന്നായി അറിയാം. മാത്രമല്ല, നമ്മൾ ശരിക്കും പശ്ചാത്ത​പി​ച്ചി​ട്ടു​ണ്ടോ എന്ന്‌ ഉറപ്പു​വ​രു​ത്താ​നും യഹോ​വ​യ്‌ക്കാ​കും. മൂന്നാ​മത്‌, യഹോവ ക്ഷമിക്കു​മ്പോൾ ഒന്നും ബാക്കി വെക്കാതെ പൂർണ​മാ​യി ക്ഷമിക്കും, ഒരു സ്ലേറ്റിൽ എഴുതി​യി​രി​ക്കുന്ന എന്തെങ്കി​ലും മുഴു​വ​നാ​യി മായ്‌ച്ചു​ക​ള​യു​ന്ന​തു​പോ​ലെ. അതു​കൊ​ണ്ടു​തന്നെ നമുക്ക്‌ ഒരു ശുദ്ധമ​ന​സ്സാ​ക്ഷി ഉണ്ടായി​രി​ക്കാ​നും യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധത്തി​ലേക്കു തിരികെ വരാനും സാധി​ക്കും.

19. ഇടയ്‌ക്കൊ​ക്കെ തെറ്റു പറ്റാറു​ണ്ടെ​ങ്കി​ലും നമുക്കു സന്തോ​ഷി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

19 പാപി​ക​ളാ​യ​തു​കൊണ്ട്‌ നമു​ക്കെ​ല്ലാം തെറ്റു പറ്റും എന്നുള്ളതു ശരിയാണ്‌. എന്നാൽ യഹോവ കരുണ​യുള്ള ദൈവ​മാണ്‌. തന്റെ ദാസന്മാർ അപൂർണ​രാ​ണെ​ന്നും അവർക്കു കുറവു​ക​ളൊ​ക്കെ ഉണ്ടെന്നും യഹോ​വ​യ്‌ക്ക്‌ അറിയാം. അതു​കൊണ്ട്‌ നമുക്കു തെറ്റു പറ്റുന്ന​ല്ലോ എന്നോർത്ത്‌ എപ്പോ​ഴും സങ്കട​പ്പെ​ട്ടി​രി​ക്കേ​ണ്ട​തില്ല. (സങ്കീ. 103:8-14; 130:3) ദൈവ​ത്തി​ന്റെ വഴിക​ളിൽ നടക്കാൻ നമ്മൾ ആത്മാർഥ​മാ​യി ശ്രമി​ക്കു​ന്നു​ണ്ടെ​ങ്കിൽ നമുക്കു സന്തോ​ഷി​ക്കാ​നാ​കും. (ഫിലി. 4:4-6; 1 യോഹ. 3:19-22) അത്‌ എത്ര ആശ്വാ​സ​മാണ്‌, അല്ലേ?

20. അടുത്ത ലേഖന​ത്തിൽ നമ്മൾ എന്താണു പഠിക്കു​ന്നത്‌?

20 ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കുന്ന പാപി​ക​ളോട്‌ യഹോവ ക്ഷമിക്കും എന്ന്‌ അറിഞ്ഞ​പ്പോൾ നമുക്ക്‌ എത്ര സന്തോഷം തോന്നി, അല്ലേ? എന്നാൽ യഹോ​വയെ അനുക​രി​ച്ചു​കൊണ്ട്‌ നമുക്ക്‌ എങ്ങനെ മറ്റുള്ള​വ​രോ​ടു ക്ഷമിക്കാം? യഹോവ നമ്മളോ​ടു ക്ഷമിക്കുന്ന രീതി​ക്കും നമ്മൾ മറ്റുള്ള​വ​രോ​ടു ക്ഷമിക്കുന്ന രീതി​ക്കും എന്തൊക്കെ സമാന​ത​ക​ളുണ്ട്‌, എന്തൊക്കെ വ്യത്യാ​സ​ങ്ങ​ളുണ്ട്‌? ആ വ്യത്യാ​സം തിരി​ച്ച​റി​യു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം അടുത്ത ലേഖന​ത്തിൽ നമ്മൾ പഠിക്കും.

ഗീതം 45 എന്റെ ഹൃദയ​ത്തിൻ ധ്യാനം

^ യഥാർഥ പശ്ചാത്താ​പ​മു​ള്ള​വ​രോട്‌ യഹോവ ക്ഷമിക്കു​മെന്നു ദൈവം തന്റെ വചനത്തി​ലൂ​ടെ ഉറപ്പു​ത​രു​ന്നു. എങ്കിലും യഹോ​വ​യു​ടെ ക്ഷമയ്‌ക്കു നമ്മൾ അർഹര​ല്ലെന്നു ചില​പ്പോൾ നമുക്കു തോന്നി​യേ​ക്കാം. ആത്മാർഥ​മാ​യി പശ്ചാത്തപിക്കുന്നവരോടു ക്ഷമിക്കാൻ ദൈവം എപ്പോ​ഴും ഒരുങ്ങി​യി​രി​ക്കു​ന്നെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അതെക്കു​റിച്ച്‌ ഈ ലേഖന​ത്തിൽ പഠിക്കും.

^ പദപ്രയോഗത്തിന്റെ വിശദീ​ക​രണം: മുൻകാ​ല​ജീ​വി​ത​ഗ​തി​യെ​ക്കു​റി​ച്ചോ ചെയ്‌തു​പോയ തെറ്റി​നെ​ക്കു​റി​ച്ചോ എന്തെങ്കി​ലും ചെയ്യാ​തി​രു​ന്ന​തി​നെ​ക്കു​റി​ച്ചോ ഓർത്ത്‌ ആത്മാർഥ​മാ​യി ഖേദി​ക്കു​ന്ന​തി​നെ​യാ​ണു ബൈബി​ളിൽ “പശ്ചാത്താ​പം” എന്നു വിളി​ക്കു​ന്നത്‌. മനോ​ഭാ​വ​ത്തിന്‌ ഉണ്ടാകുന്ന മാറ്റത്തെ “മാനസാ​ന്തരം” എന്നു വിളി​ക്കു​ന്നു. ആത്മാർഥ​മായ പശ്ചാത്താ​പ​മു​ള്ള​യാൾ പ്രവർത്ത​ന​ങ്ങ​ളിൽ മാറ്റം വരുത്തും.