വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 25

മറ്റുള്ള​വ​രോ​ടു ക്ഷമിക്കൂ, യഹോ​വ​യു​ടെ അനു​ഗ്രഹം നേടൂ!

മറ്റുള്ള​വ​രോ​ടു ക്ഷമിക്കൂ, യഹോ​വ​യു​ടെ അനു​ഗ്രഹം നേടൂ!

“യഹോവ നിങ്ങ​ളോട്‌ ഉദാര​മാ​യി ക്ഷമിച്ച​തു​പോ​ലെ നിങ്ങളും ക്ഷമിക്കുക.”—കൊലോ. 3:13.

ഗീതം 130 ക്ഷമിക്കുന്നവരായിരിക്കുക

ചുരുക്കം *

1. മാനസാ​ന്ത​ര​പ്പെ​ടുന്ന പാപി​കൾക്ക്‌ യഹോവ എന്ത്‌ ഉറപ്പു കൊടു​ത്തി​രി​ക്കു​ന്നു?

 യഹോവ നമ്മുടെ സ്രഷ്ടാ​വാണ്‌, നിയമ​നിർമാ​താ​വാണ്‌, ന്യായാ​ധി​പ​നാണ്‌; അതേസ​മയം നമ്മളെ ഒരുപാ​ടു സ്‌നേ​ഹി​ക്കുന്ന നമ്മുടെ അപ്പനു​മാണ്‌. (സങ്കീ. 100:3; യശ. 33:22) അതു​കൊ​ണ്ടു​തന്നെ ശരിക്കും മാനസാ​ന്ത​ര​പ്പെ​ടുന്ന ഒരു പാപി​യോ​ടു ക്ഷമിക്കാൻ യഹോ​വ​യ്‌ക്ക്‌ അധികാ​ര​മു​ണ്ടെന്നു മാത്രമല്ല, അങ്ങനെ ചെയ്യാൻ യഹോവ ഒരുപാട്‌ ആഗ്രഹി​ക്കു​ന്നു​മുണ്ട്‌. (സങ്കീ. 86:5) യശയ്യ പ്രവാ​ച​ക​നി​ലൂ​ടെ യഹോവ സ്‌നേ​ഹ​ത്തോ​ടെ നമുക്ക്‌ ഇങ്ങനെ ഉറപ്പു തന്നിരി​ക്കു​ന്നു: “നിങ്ങളു​ടെ പാപങ്ങൾ കടുഞ്ചു​വ​പ്പാ​ണെ​ങ്കി​ലും അവ മഞ്ഞു​പോ​ലെ വെളു​ക്കും.”—യശ. 1:18.

2. മറ്റുള്ള​വ​രു​മാ​യി നല്ല സ്‌നേ​ഹ​ബ​ന്ധ​മു​ണ്ടാ​യി​രി​ക്കാൻ നമ്മൾ എന്തു ചെയ്യണം?

2 അപൂർണ​രാ​യ​തു​കൊണ്ട്‌ മറ്റുള്ള​വരെ വേദനി​പ്പി​ക്കുന്ന എന്തെങ്കി​ലു​മൊ​ക്കെ നമ്മൾ പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌തേ​ക്കാം. (യാക്കോ. 3:2) അതിന്റെ അർഥം നമുക്ക്‌ ഒരിക്ക​ലും മറ്റുള്ള​വ​രു​മാ​യി ഒരു അടുത്ത സ്‌നേ​ഹ​ബ​ന്ധ​ത്തി​ലാ​യി​രി​ക്കാൻ കഴിയില്ല എന്നാണോ? അല്ല. ക്ഷമിക്കാൻ പഠിക്കു​ന്നെ​ങ്കിൽ നമുക്ക്‌ അതിനു കഴിയും. (സുഭാ. 17:9; 19:11; മത്താ. 18:21, 22) മറ്റുള്ളവർ നമ്മളെ ചെറിയ രീതി​യി​ലൊ​ക്കെ വേദനി​പ്പി​ക്കു​മ്പോൾ നമ്മൾ അവരോ​ടു ക്ഷമിക്കാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌. (കൊലോ. 3:13) നമ്മൾ അങ്ങനെ ചെയ്യേ​ണ്ട​തു​മാണ്‌. കാരണം യഹോവ നമ്മളോ​ടും “ഉദാര​മാ​യി” ക്ഷമിച്ചി​ട്ടുണ്ട്‌.—യശ. 55:7.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

3 ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കാൻപോ​കുന്ന ചില കാര്യങ്ങൾ ഇവയാണ്‌: അപൂർണ​രാ​ണെ​ങ്കിൽപ്പോ​ലും ക്ഷമിക്കുന്ന കാര്യ​ത്തിൽ നമുക്ക്‌ എങ്ങനെ യഹോ​വയെ അനുക​രി​ക്കാം? മൂപ്പന്മാ​രു​ടെ ശ്രദ്ധയിൽ കൊണ്ടു​വ​രേണ്ട പാപങ്ങൾ എങ്ങനെ​യു​ള്ള​വ​യാണ്‌? നമ്മൾ മറ്റുള്ള​വ​രോ​ടു ക്ഷമിക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? മറ്റുള്ള​വ​രു​ടെ തെറ്റുകൾ കാരണം ഒരുപാ​ടു വിഷമം അനുഭ​വിച്ച നമ്മുടെ ചില സഹോ​ദ​ര​ങ്ങ​ളു​ടെ അനുഭ​വ​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

ഒരു ക്രിസ്‌ത്യാ​നി ഗുരു​ത​ര​മായ പാപം ചെയ്യുമ്പോൾ

4. (എ) ഒരു ക്രിസ്‌ത്യാ​നി ഗുരു​ത​ര​മായ ഒരു പാപം ചെയ്‌താൽ എന്തു ചെയ്യണം? (ബി) തെറ്റു ചെയ്‌ത ഒരു വ്യക്തി​യു​ടെ കാര്യ​ത്തിൽ മൂപ്പന്മാർക്കുള്ള ഉത്തരവാ​ദി​ത്വം എന്താണ്‌?

4 ദൈവ​നി​യ​മ​ത്തി​ന്റെ കടുത്ത ലംഘന​ത്തെ​യാ​ണു ഗുരു​ത​ര​മായ പാപം എന്നു വിളി​ക്കു​ന്നത്‌. 1 കൊരി​ന്ത്യർ 6:9, 10 വാക്യ​ങ്ങ​ളിൽ അങ്ങനെ​യുള്ള ചില പാപങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞി​ട്ടുണ്ട്‌. ഒരു ക്രിസ്‌ത്യാ​നി അത്തര​മൊ​രു ഗുരു​ത​ര​മായ പാപം ചെയ്‌താൽ അദ്ദേഹം ആദ്യം യഹോ​വ​യോ​ടു പ്രാർഥ​ന​യിൽ അക്കാര്യം പറയേ​ണ്ട​തുണ്ട്‌. കാരണം യഹോ​വ​യ്‌ക്കു മാത്ര​മാ​ണു മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ പാപങ്ങൾ ക്ഷമിക്കാ​നുള്ള അധികാ​ര​മു​ള്ളത്‌. * എന്നാൽ അതു മാത്രം മതിയോ? പോരാ. സഭയിലെ മൂപ്പന്മാ​രോ​ടും അദ്ദേഹം അതെക്കു​റിച്ച്‌ പറയണം. (സങ്കീ. 32:5; യാക്കോ. 5:14) എന്തു​കൊ​ണ്ടാണ്‌ അങ്ങനെ ചെയ്യേ​ണ്ടത്‌? കാരണം തെറ്റു ചെയ്‌ത വ്യക്തിക്കു സഭയിൽ തുടരാ​നാ​കു​മോ എന്നു തിരു​വെ​ഴു​ത്തു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ തീരു​മാ​നി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം യഹോവ മൂപ്പന്മാ​രെ​യാണ്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്നത്‌. (1 കൊരി. 5:12) ആ ഉത്തരവാ​ദി​ത്വം ചെയ്യു​മ്പോൾ മൂപ്പന്മാർ കണക്കി​ലെ​ടു​ക്കുന്ന ചില കാര്യങ്ങൾ ഇവയാണ്‌: തെറ്റാ​ണെന്ന്‌ അറിഞ്ഞു​കൊ​ണ്ടാ​ണോ അയാൾ അങ്ങനെ​യൊ​രു കാര്യം ചെയ്‌തത്‌? ഇനി, അദ്ദേഹം തന്റെ തെറ്റു മറച്ചു​വെ​ക്കാൻ ശ്രമി​ച്ചോ? കുറെ​ക്കാ​ല​മാ​യി ആ വ്യക്തി അങ്ങനെ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണോ? ഏറ്റവും പ്രധാ​ന​മാ​യി, അദ്ദേഹ​ത്തി​നു ശരിക്കുള്ള മാനസാ​ന്തരം വന്നിട്ടു​ണ്ടോ? കൂടാതെ യഹോവ അദ്ദേഹ​ത്തോ​ടു ക്ഷമിച്ച​തി​ന്റെ സൂചനകൾ കാണാ​നാ​കു​ന്നു​ണ്ടോ?—പ്രവൃ. 3:19.

5. മൂപ്പന്മാർ ചെയ്യുന്ന കാര്യ​ങ്ങ​ളു​ടെ പ്രയോ​ജ​നങ്ങൾ എന്തൊ​ക്കെ​യാണ്‌?

5 തെറ്റു ചെയ്‌ത ഒരു വ്യക്തി​യു​ടെ കാര്യ​ത്തിൽ തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​രു​മ്പോൾ, സ്വർഗ​ത്തി​ലെ​ടുത്ത അതേ തീരു​മാ​ന​മെ​ടു​ക്കുക എന്നതാണു മൂപ്പന്മാ​രു​ടെ ലക്ഷ്യം. (മത്താ. 18:18) അങ്ങനെ ചെയ്യു​ന്നതു സഭയ്‌ക്ക്‌ എങ്ങനെ​യാ​ണു പ്രയോ​ജ​ന​പ്പെ​ടു​ന്നത്‌? മാനസാ​ന്ത​ര​പ്പെ​ടാത്ത ആളുകൾ യഹോ​വ​യു​ടെ പ്രിയ ദാസന്മാ​രെ വഴി​തെ​റ്റി​ക്കു​ന്നതു തടയാൻ അതുവഴി കഴിയു​ന്നു. (1 കൊരി. 5:6, 7, 11-13; തീത്തോ. 3:10, 11) മാത്രമല്ല, മാനസാ​ന്ത​ര​ത്തി​ലേക്കു വരാനും യഹോ​വ​യു​ടെ ക്ഷമ നേടാ​നും തെറ്റു ചെയ്‌ത വ്യക്തിയെ അതു സഹായി​ച്ചേ​ക്കും. (ലൂക്കോ. 5:32) ഇനി, മാനസാ​ന്ത​ര​പ്പെട്ട ഒരു വ്യക്തി​യോ​ടൊ​പ്പം മൂപ്പന്മാർ പ്രാർഥി​ക്കു​ന്നത്‌ യഹോ​വ​യു​മാ​യു​ണ്ടാ​യി​രുന്ന പഴയ ബന്ധത്തി​ലേക്കു തിരി​ച്ചു​വ​രാ​നും അദ്ദേഹത്തെ സഹായി​ക്കും.—യാക്കോ. 5:15.

6. പുറത്താ​ക്ക​പ്പെട്ട ഒരു വ്യക്തി​ക്കു​പോ​ലും യഹോ​വ​യു​ടെ ക്ഷമ നേടാ​നാ​കു​മോ? വിശദീ​ക​രി​ക്കുക.

6 സഭയിലെ മൂപ്പന്മാർ തെറ്റു ചെയ്‌ത വ്യക്തി​യു​മാ​യി സംസാ​രി​ക്കു​മ്പോൾ അദ്ദേഹ​ത്തി​നു മാനസാ​ന്തരം വന്നതായി കാണു​ന്നി​ല്ലെ​ങ്കി​ലോ? അപ്പോൾ ആ വ്യക്തിയെ സഭയിൽനിന്ന്‌ പുറത്താ​ക്കും. ആ വ്യക്തി ഗവൺമെ​ന്റി​ന്റെ ഏതെങ്കി​ലും നിയമം ലംഘി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ അതിന്റെ പേരി​ലു​ണ്ടാ​കുന്ന നിയമ​ന​ട​പ​ടി​ക​ളിൽനിന്ന്‌ മൂപ്പന്മാർ അദ്ദേഹത്തെ രക്ഷിക്കില്ല. കാരണം നിയമം ലംഘി​ക്കുന്ന ഏതൊ​രാ​ളെ​യും, ആ വ്യക്തിക്കു പശ്ചാത്താ​പം ഉണ്ടെങ്കി​ലും ഇല്ലെങ്കി​ലും, ന്യായം വിധി​ക്കാ​നും ശിക്ഷി​ക്കാ​നും ഉള്ള അധികാ​രം യഹോവ ഗവൺമെന്റ്‌ അധികാ​രി​കൾക്കു നൽകി​യി​ട്ടുണ്ട്‌. (റോമ. 13:4) എന്നാൽ പിന്നീട്‌ ആ വ്യക്തി തന്റെ തെറ്റു തിരി​ച്ച​റിഞ്ഞ്‌ പശ്ചാത്ത​പിച്ച്‌ തിരി​ഞ്ഞു​വ​രു​ക​യാ​ണെ​ങ്കിൽ യഹോവ അദ്ദേഹ​ത്തോ​ടു ക്ഷമിക്കും. (ലൂക്കോ. 15:17-24) ആ വ്യക്തി​യു​ടെ തെറ്റ്‌ എത്ര വലുതാ​ണെ​ങ്കി​ലും യഹോവ അതിനു തയ്യാറാണ്‌.—2 ദിന. 33:9, 12, 13; 1 തിമൊ. 1:15.

7. നമ്മളോ​ടു തെറ്റു ചെയ്‌ത ഒരു വ്യക്തി​യോ​ടു ക്ഷമിക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

7 തെറ്റു ചെയ്‌ത വ്യക്തി യഹോ​വ​യു​ടെ ക്ഷമയ്‌ക്ക്‌ അർഹനാ​ണോ അല്ലയോ എന്നു തീരു​മാ​നി​ക്കേ​ണ്ടതു നമ്മളല്ല. എന്നാൽ നമ്മൾ തീരു​മാ​നി​ക്കേണ്ട ഒരു കാര്യ​മുണ്ട്‌. എന്താണത്‌? ഒരാൾ നമ്മളെ വേദനി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ ആ വ്യക്തി​യോ​ടു ക്ഷമിക്കാൻ നമുക്കു തീരു​മാ​നി​ക്കാം. അദ്ദേഹ​ത്തോ​ടു ദേഷ്യ​മോ നീരസ​മോ വെക്കാ​തി​രി​ക്കു​ന്ന​തി​ലൂ​ടെ നമുക്ക്‌ അതു ചെയ്യാ​നാ​കും. അദ്ദേഹം നമു​ക്കെ​തി​രെ ഗുരു​ത​ര​മായ തെറ്റാണു ചെയ്‌തി​രി​ക്കു​ന്ന​തെ​ങ്കി​ലും ഇനി, അദ്ദേഹം നമ്മളോ​ടു ക്ഷമ ചോദി​ക്കാൻ തയ്യാറാ​യി​ട്ടി​ല്ലെ​ങ്കി​ലും നമുക്ക്‌ അങ്ങനെ ചെയ്യാം. പക്ഷേ ആ വ്യക്തി നമ്മളെ ഒരുപാ​ടു വേദനി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ നമുക്ക്‌ അത്ര പെട്ടെ​ന്നൊ​ന്നും അതിനു കഴി​ഞ്ഞെ​ന്നു​വ​രില്ല, നമ്മൾ നല്ല ശ്രമം ചെയ്യേ​ണ്ടി​വ​രും. ഇതി​നോ​ടുള്ള ബന്ധത്തിൽ 1994 സെപ്‌റ്റം​ബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ ഇങ്ങനെ പറഞ്ഞു: “ഒരു പാപി​യോ​ടു ക്ഷമിക്കു​മ്പോൾ നിങ്ങൾ പാപത്തിന്‌ അംഗീ​കാ​രം കൊടു​ക്കു​ന്നു​വെന്നല്ല അതിന്റെ അർഥം എന്ന വസ്‌തു​ത​കൂ​ടി തിരി​ച്ച​റി​യുക. ക്രിസ്‌ത്യാ​നി​യെ സംബന്ധി​ച്ചി​ട​ത്തോ​ളം ക്ഷമ എന്നു പറയു​മ്പോൾ വിശ്വ​സ്‌ത​ത​യോ​ടെ സംഗതി യഹോ​വ​യു​ടെ കൈക​ളിൽ ഏൽപ്പി​ക്കുക എന്നാണ്‌ അർഥം. മുഴു അഖിലാ​ണ്ഡ​ത്തി​ന്റെ​യും നീതി​യുള്ള ന്യായാ​ധി​പൻ അവനാണ്‌. ഉചിത​മായ സമയത്ത്‌ അവൻ നീതി നടത്തി​ക്കൊ​ള്ളും.” എന്തു​കൊ​ണ്ടാ​യി​രി​ക്കാം ആ ഉത്തരവാ​ദി​ത്വം യഹോ​വയെ ഏൽപ്പി​ക്കാ​നും നമ്മൾ മറ്റുള്ള​വ​രോ​ടു ക്ഷമിക്കാ​നും യഹോവ ആഗ്രഹി​ക്കു​ന്നത്‌?

നമ്മൾ മറ്റുള്ള​വ​രോ​ടു ക്ഷമിക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

8. യഹോവ നമ്മളോ​ടു കാണിച്ച കരുണ​യ്‌ക്കു നന്ദിയു​ള്ള​വ​രാ​ണെന്നു നമുക്ക്‌ എങ്ങനെ തെളി​യി​ക്കാം?

8 നന്ദി കാണി​ക്കാ​നുള്ള ഒരു വിധം. അതു മനസ്സി​ലാ​ക്കാൻ യേശു പറഞ്ഞ ഒരു ദൃഷ്ടാന്തം നോക്കാം. ഒരു രാജാവ്‌ കടം വീട്ടാൻ വകയി​ല്ലാ​തി​രുന്ന അടിമ​യു​ടെ വലിയ തുക എഴുതി​ത്തള്ളി. എന്നാൽ ആ അടിമ തനിക്കു വളരെ ചെറി​യൊ​രു തുക തരാനു​ണ്ടാ​യി​രുന്ന ഒരു അടിമ​യോ​ടു ക്ഷമിക്കാൻ തയ്യാറാ​യില്ല. (മത്താ. 18:23-35) ഇതിലൂ​ടെ യേശു നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌? ആ വലിയ കടം എഴുതി​ത്ത​ള്ളിയ രാജാ​വി​ന്റെ സ്ഥാനത്താണ്‌ യഹോവ. യഹോവ നമ്മളോ​ടു കാണിച്ച കരുണ​യ്‌ക്കു നമ്മൾ ശരിക്കും നന്ദിയു​ള്ള​വ​രാ​ണെ​ങ്കിൽ മറ്റുള്ള​വ​രോ​ടു ക്ഷമിക്കാൻ നമ്മൾ തയ്യാറാ​കും. (സങ്കീ. 103:9) അതെക്കു​റിച്ച്‌ വർഷങ്ങൾക്കു മുമ്പ്‌ ഒരു വീക്ഷാ​ഗോ​പു​രം ഇങ്ങനെ പറഞ്ഞു: “നമ്മൾ മറ്റുള്ള​വ​രോട്‌ എത്ര തവണ ക്ഷമിച്ചാ​ലും അത്‌ ഒരിക്ക​ലും യഹോവ നമ്മളോ​ടു കാണിച്ച കരുണ​യ്‌ക്കു തുല്യ​മാ​കില്ല.”

9. യഹോവ ആരോ​ടാ​ണു കരുണ കാണി​ക്കു​ന്നത്‌? (മത്തായി 6:14, 15)

9 ക്ഷമിക്കു​ന്ന​വർക്കു ക്ഷമ കിട്ടും. മറ്റുള്ള​വ​രോ​ടു കരുണ കാണി​ക്കു​ന്ന​വ​രോ​ടാണ്‌ യഹോവ കരുണ കാണി​ക്കു​ന്നത്‌. (മത്താ. 5:7; യാക്കോ. 2:13) എങ്ങനെ പ്രാർഥി​ക്കാ​മെന്നു ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ച​പ്പോൾ യേശു ആ കാര്യം വ്യക്തമാ​ക്കി. (മത്തായി 6:14, 15 വായി​ക്കുക.) മുമ്പ്‌ തന്റെ ദാസനായ ഇയ്യോ​ബി​നോട്‌ യഹോവ പറഞ്ഞ വാക്കു​ക​ളിൽനി​ന്നും നമുക്ക്‌ അതേ കാര്യം മനസ്സി​ലാ​ക്കാം. ഇയ്യോ​ബി​നെ ആശ്വസി​പ്പി​ക്കാ​നെന്നു പറഞ്ഞ്‌ വന്ന എലീഫ​സും ബിൽദാ​ദും സോഫ​റും തങ്ങളുടെ വാക്കു​ക​ളി​ലൂ​ടെ അദ്ദേഹത്തെ ഒരുപാ​ടു വേദനി​പ്പി​ച്ചു. എന്നാൽ അവർക്കു​വേണ്ടി പ്രാർഥി​ക്കാൻ യഹോവ ഇയ്യോ​ബി​നോട്‌ ആവശ്യ​പ്പെട്ടു. ഇയ്യോബ്‌ അങ്ങനെ ചെയ്‌ത​തി​നു ശേഷമാണ്‌ യഹോവ അദ്ദേഹത്തെ അനു​ഗ്ര​ഹി​ച്ചത്‌.—ഇയ്യോ. 42:8-10.

10. ദേഷ്യം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നതു നമുക്കു ദോഷം ചെയ്യു​ന്നത്‌ എങ്ങനെ? (എഫെസ്യർ 4:31, 32)

10 ദേഷ്യം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നതു നമുക്കു ദോഷം ചെയ്യും. ദേഷ്യം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ ഒരു ഭാരം ചുമക്കു​ന്ന​തു​പോ​ലെ​യാണ്‌. മറ്റുള്ള​വ​രോ​ടു ക്ഷമിച്ചു​കൊണ്ട്‌ ആ ഭാരം ഇറക്കി​വെ​ക്കു​ന്ന​തി​ന്റെ സുഖം നമ്മൾ അനുഭ​വി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നുണ്ട്‌. (എഫെസ്യർ 4:31, 32 വായി​ക്കുക.) അതു​കൊ​ണ്ടാണ്‌ “കോപം കളഞ്ഞ്‌ ദേഷ്യം ഉപേക്ഷി​ക്കൂ!” എന്ന്‌ യഹോവ നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌. (സങ്കീ. 37:8) അങ്ങനെ ചെയ്യു​ന്ന​തു​കൊണ്ട്‌ മറ്റു പ്രയോ​ജ​ന​ങ്ങ​ളു​മുണ്ട്‌. കാരണം കോപം വെച്ചു​കൊ​ണ്ടി​രു​ന്നാൽ അതു നമ്മുടെ ശരീര​ത്തി​ന്റെ​യും മനസ്സി​ന്റെ​യും ആരോ​ഗ്യ​ത്തി​നു ദോഷം ചെയ്യും. (സുഭാ. 14:30) ഇനി, നമ്മൾ ദേഷ്യം വെച്ചു​കൊ​ണ്ടി​രു​ന്നാ​ലും നമ്മളെ ദ്രോ​ഹിച്ച ആൾക്ക്‌ ഒന്നും സംഭവി​ക്കാൻ പോകു​ന്നില്ല. അത്‌, നമ്മൾ വിഷം കുടി​ച്ചിട്ട്‌ മറ്റേ വ്യക്തിക്കു ദോഷം വരണ​മെന്ന്‌ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും. വാസ്‌ത​വ​ത്തിൽ നമ്മൾ മറ്റുള്ള​വ​രോ​ടു ക്ഷമിക്കു​മ്പോൾ നമുക്കു​ത​ന്നെ​യാണ്‌ അതിന്റെ പ്രയോ​ജനം. (സുഭാ. 11:17) നമുക്കു സമാധാ​നം ലഭിക്കും, സന്തോ​ഷ​ത്തോ​ടെ ദൈവ​സേ​വ​ന​ത്തിൽ തുടരാ​നും കഴിയും.

11. പ്രതി​കാ​രം ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു? (റോമർ 12:19-21)

11 പ്രതി​കാ​രം യഹോ​വ​യ്‌ക്കു​ള്ളത്‌. നമ്മളോ​ടു തെറ്റു ചെയ്യുന്ന ഒരു വ്യക്തി​യോ​ടു പ്രതി​കാ​രം ചെയ്യാ​നുള്ള അധികാ​രം യഹോവ നമുക്കു തന്നിട്ടില്ല. (റോമർ 12:19-21 വായി​ക്കുക.) കാരണം യഹോ​വ​യെ​പ്പോ​ലെ കാര്യങ്ങൾ വിലയി​രു​ത്താ​നുള്ള കഴിവ്‌ നമുക്കില്ല. നമ്മളെ​ല്ലാം അപൂർണ​രും പല പരിമി​തി​ക​ളു​ള്ള​വ​രും ആണല്ലോ. (എബ്രാ. 4:13) ഇനി ചില​പ്പോ​ഴൊ​ക്കെ നമ്മൾ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നത്‌ അപ്പോ​ഴത്തെ നമ്മുടെ വികാ​ര​ത്തി​ന്റെ​പു​റ​ത്താ​യി​രി​ക്കും. ദൈവ​പ്ര​ചോ​ദി​ത​നാ​യി യാക്കോബ്‌ ഇങ്ങനെ എഴുതി: “മനുഷ്യ​ന്റെ കോപം ദൈവ​ത്തി​ന്റെ നീതി നടപ്പാ​ക്കു​ന്നില്ല.” (യാക്കോ. 1:20) എന്നാൽ കാര്യങ്ങൾ യഹോ​വ​യ്‌ക്കു വിട്ടു​കൊ​ടു​ക്കു​ക​യാ​ണെ​ങ്കിൽ അതിന്റെ കൃത്യ​സ​മ​യത്ത്‌ ന്യായ​ത്തോ​ടെ യഹോവ കാര്യങ്ങൾ ചെയ്യു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.

ദേഷ്യ​വും നീരസ​വും മനസ്സിൽനിന്ന്‌ കളയുക. കാര്യങ്ങൾ യഹോ​വ​യ്‌ക്കു വിട്ടു​കൊ​ടു​ക്കുക. യഹോവ എല്ലാം നേരെ​യാ​ക്കും (12-ാം ഖണ്ഡിക കാണുക)

12. യഹോവ നീതി നടപ്പാ​ക്കു​മെന്നു നമ്മൾ വിശ്വ​സി​ക്കു​ന്നു​ണ്ടെന്ന്‌ എങ്ങനെ തെളി​യി​ക്കാം?

12 യഹോവ നീതി നടത്തി​ത്ത​രു​മെന്ന വിശ്വാ​സം നമുക്കു​ണ്ടെന്നു തെളി​യി​ക്കു​ക​യാണ്‌. കാര്യങ്ങൾ യഹോ​വ​യ്‌ക്കു വിട്ടു​കൊ​ടു​ക്കു​ന്ന​തി​ലൂ​ടെ, നമുക്കു​ണ്ടായ എല്ലാ പ്രശ്‌ന​ങ്ങ​ളും യഹോവ പരിഹ​രി​ക്കു​മെന്ന വിശ്വാ​സം നമുക്കു​ണ്ടെന്നു കാണി​ക്കു​ക​യാണ്‌. ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ വേദനി​പ്പി​ക്കുന്ന ഓർമ​ക​ളൊ​ന്നും “ആരു​ടെ​യും മനസ്സി​ലേക്കു വരില്ല; ആരു​ടെ​യും ഹൃദയ​ത്തിൽ അവയു​ണ്ടാ​യി​രി​ക്കില്ല” എന്നു ബൈബിൾ പറയുന്നു. (യശ. 65:17) എന്നാൽ നമ്മളെ വല്ലാതെ വേദനി​പ്പി​ച്ച​വ​രോട്‌ ഒട്ടും ദേഷ്യ​വും നീരസ​വും വെച്ചു​കൊ​ണ്ടി​രി​ക്കാ​തെ ക്ഷമിക്കാൻ നമുക്കു ശരിക്കും പറ്റുമോ? പറ്റു​മെ​ന്നാണ്‌ ചില സഹോ​ദ​ര​ങ്ങ​ളു​ടെ അനുഭ​വങ്ങൾ തെളി​യി​ക്കു​ന്നത്‌. അതെക്കു​റിച്ച്‌ നമുക്ക്‌ ഇനി നോക്കാം.

ക്ഷമിക്കു​ന്ന​തി​ന്റെ അനുഗ്രഹങ്ങൾ

13-14. ക്ഷമിക്കുന്ന കാര്യ​ത്തെ​ക്കു​റിച്ച്‌ ടോണി​യു​ടെ​യും ജോസി​ന്റെ​യും അനുഭ​വ​ത്തിൽനിന്ന്‌ എന്തു മനസ്സി​ലാ​ക്കാം?

13 ചില സഹോ​ദ​രങ്ങൾ തങ്ങളെ വല്ലാതെ വേദനി​പ്പി​ച്ച​വ​രോ​ടു​പോ​ലും ക്ഷമിക്കാൻ തയ്യാറാ​യി. അതു​കൊണ്ട്‌ അവർക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹ​ങ്ങ​ളാ​ണു കിട്ടി​യ​തെന്നു നമുക്കു നോക്കാം.

14 ആദ്യ​ത്തേത്‌ ഫിലി​പ്പീൻസിൽ താമസി​ക്കുന്ന ടോണി * സഹോ​ദ​രന്റെ അനുഭ​വ​മാണ്‌. സഹോ​ദ​രനു സത്യം കിട്ടു​ന്ന​തി​നു വർഷങ്ങൾക്കു മുമ്പ്‌ അദ്ദേഹ​ത്തി​ന്റെ ചേട്ടനെ ജോസ്‌ എന്നു പേരുള്ള ഒരു വ്യക്തി കൊല​പ്പെ​ടു​ത്തി. ആ സമയത്ത്‌ ടോണി വലിയ ദേഷ്യ​ക്കാ​ര​നാ​യി​രു​ന്നു. അതു​കൊണ്ട്‌ ജോസി​നോ​ടു പകരം വീട്ടാൻ അദ്ദേഹം തീരു​മാ​നി​ച്ചു. പക്ഷേ ജോസ്‌ അറസ്റ്റി​ലാ​കു​ക​യും ജയിലിൽ പോകു​ക​യും ചെയ്‌തു. പിന്നീട്‌ ജോസ്‌ ജയിലിൽനിന്ന്‌ പുറത്തി​റ​ങ്ങി​യ​പ്പോൾ, എങ്ങനെ​യും അദ്ദേഹത്തെ തേടി​പ്പി​ടിച്ച്‌ കൊല്ലു​മെന്നു ടോണി ഉറപ്പിച്ചു. അതിനു​വേണ്ടി ഒരു തോക്കു വാങ്ങു​ക​പോ​ലും ചെയ്‌തു. അതിനി​ടെ ടോണി യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻതു​ടങ്ങി. അദ്ദേഹം പറയുന്നു: “ബൈബിൾ പഠിച്ച​പ്പോൾ ഞാൻ ഒരുപാ​ടു മാറ്റങ്ങൾ വരുത്ത​ണ​മെന്ന്‌ എനിക്കു മനസ്സി​ലാ​യി. അതിൽ എന്റെ ദേഷ്യം നിയ​ന്ത്രി​ക്കു​ന്ന​തും ഉൾപ്പെ​ട്ടി​രു​ന്നു.” കുറച്ച്‌ നാളു​കൾക്കു​ശേഷം ടോണി സ്‌നാ​ന​പ്പെ​ടു​ക​യും പിന്നീട്‌ ഒരു മൂപ്പനാ​യി​ത്തീ​രു​ക​യും ചെയ്‌തു. അതിനി​ട​യ്‌ക്ക്‌ ജോസും ഒരു സാക്ഷി​യാ​യി എന്ന്‌ അറിഞ്ഞ​പ്പോൾ ടോണി അതിശ​യി​ച്ചു​പോ​യി. ഒടുവിൽ അവർ രണ്ടു പേരും കണ്ടുമു​ട്ടി​യ​പ്പോൾ അവർ സ്‌നേ​ഹ​ത്തോ​ടെ കെട്ടി​പ്പി​ടി​ച്ചു. ജോസ്‌ ചെയ്‌ത​തെ​ല്ലാം ക്ഷമി​ച്ചെന്ന്‌ ടോണി അദ്ദേഹ​ത്തോ​ടു പറഞ്ഞു. അങ്ങനെ ക്ഷമിച്ച​തി​ലൂ​ടെ തനിക്കു കിട്ടിയ സന്തോഷം പറഞ്ഞറി​യി​ക്കാൻ കഴിയാ​ത്ത​താ​ണെന്നു ടോണി പറയുന്നു. ടോണി ക്ഷമിക്കാൻ തയ്യാറാ​യ​തു​കൊണ്ട്‌ യഹോവ അദ്ദേഹത്തെ അനു​ഗ്ര​ഹി​ച്ചു എന്നല്ലേ അതു കാണി​ക്കു​ന്നത്‌?

ദേഷ്യ​വും നീരസ​വും വിട്ടു​ക​ള​യാൻ നമുക്കു കഴിയു​മെ​ന്നാ​ണു പീറ്ററി​ന്റെ​യും സ്യൂവി​ന്റെ​യും മാതൃക നമ്മളെ പഠിപ്പി​ക്കു​ന്നത്‌ (15-16 ഖണ്ഡികകൾ കാണുക)

15-16. ക്ഷമിക്കുന്ന കാര്യ​ത്തെ​ക്കു​റിച്ച്‌ പീറ്റർ-സ്യൂ ദമ്പതി​ക​ളിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

15 1985-ൽ ഒരു ദിവസം പീറ്ററും സ്യൂവും രാജ്യ​ഹാ​ളിൽ മീറ്റിങ്ങ്‌ കൂടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പെട്ടെന്ന്‌ അവിടെ വലി​യൊ​രു സ്‌ഫോ​ടനം ഉണ്ടായി. ആരോ അവിടെ ബോംബ്‌ വെച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. സ്യൂവിന്‌ ഗുരു​ത​ര​മായ പരി​ക്കേറ്റു. കാഴ്‌ച​യ്‌ക്കും കേൾവി​ക്കും തകരാറു പറ്റി. മാത്രമല്ല, മണം അറിയാ​നുള്ള കഴിവും നഷ്ടപ്പെട്ടു. * പീറ്ററും സ്യൂവും പലപ്പോ​ഴും ഇങ്ങനെ ചിന്തി​ച്ചി​ട്ടുണ്ട്‌, ‘ഇത്ര വലിയ ക്രൂരത കാണി​ക്കാൻ അയാൾക്ക്‌ എങ്ങനെ തോന്നി?’ വർഷങ്ങൾക്കു​ശേഷം ആ കുറ്റവാ​ളി​യെ അറസ്റ്റു ചെയ്‌ത്‌ ജീവപ​ര്യ​ന്തം തടവിനു വിധിച്ചു. അയാ​ളോ​ടു ക്ഷമിച്ചോ എന്നു പീറ്ററി​നോ​ടും സ്യൂവി​നോ​ടും ചോദി​ച്ച​പ്പോൾ അവർ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “ദേഷ്യ​വും നീരസ​വും ഒന്നും മനസ്സിൽവെ​ച്ചു​കൊ​ണ്ടി​രി​ക്ക​രു​തെ​ന്നാണ്‌ യഹോവ ഞങ്ങളെ പഠിപ്പി​ച്ചി​രി​ക്കു​ന്നത്‌. കാരണം അതൊക്കെ നമ്മുടെ ശരീര​ത്തി​നും മനസ്സി​നും ദോഷം ചെയ്യു​കയേ ഉള്ളൂ. അതു​കൊണ്ട്‌ ആ സംഭവം കഴിഞ്ഞ്‌ അധികം വൈകാ​തെ​തന്നെ, പകയൊ​ന്നും മനസ്സിൽവെ​ക്കാ​തെ സമാധാ​ന​ത്തോ​ടെ ജീവി​ക്കാൻ സഹായി​ക്കണേ എന്നു ഞങ്ങൾ യഹോ​വ​യോ​ടു പ്രാർഥി​ച്ചു.”

16 ആ വ്യക്തി​യോ​ടു ക്ഷമിക്കാൻ അവർക്ക്‌ എളുപ്പ​മാ​യി​രു​ന്നോ? ഒരിക്ക​ലു​മല്ല. അവർ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “അന്നത്തെ പരിക്കു​കൊണ്ട്‌ ഉണ്ടായ പ്രശ്‌നങ്ങൾ ചില സന്ദർഭ​ങ്ങ​ളിൽ സ്യൂവി​നെ വല്ലാതെ ബുദ്ധി​മു​ട്ടി​ക്കാ​റുണ്ട്‌. അപ്പോൾ ഞങ്ങൾക്കു ശരിക്കും ദേഷ്യം തോന്നും. പക്ഷേ ഞങ്ങൾ അതെക്കു​റി​ച്ചു​തന്നെ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കില്ല. അപ്പോൾ പതി​യെ​പ്പ​തി​യെ ആ ചിന്തക​ളൊ​ക്കെ മനസ്സിൽനിന്ന്‌ പോകും. എന്തായാ​ലും സത്യസ​ന്ധ​മാ​യി ഒരു കാര്യം ഞങ്ങൾക്കു പറയാൻ പറ്റും: ഈ വ്യക്തി എന്നെങ്കി​ലും ഒരു സഹോ​ദ​ര​നാ​യി​ത്തീർന്നാൽ സന്തോ​ഷ​ത്തോ​ടെ ഞങ്ങൾ അദ്ദേഹത്തെ സ്വീക​രി​ക്കും. ഈ അനുഭ​വ​ത്തിൽനിന്ന്‌ ഞങ്ങൾ പഠിച്ചത്‌ ഇതാണ്‌: ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ക്കു​ന്നെ​ങ്കിൽ ജീവി​ത​ത്തി​ലെ കയ്‌പേ​റിയ അനുഭ​വ​ങ്ങ​ളൊ​ക്കെ മറന്ന്‌ നമുക്കു സന്തോ​ഷ​ത്തോ​ടെ മുന്നോ​ട്ടു​പോ​കാ​നാ​കും. യഹോവ പെട്ടെ​ന്നു​തന്നെ ഞങ്ങളുടെ പ്രശ്‌ന​ങ്ങ​ളെ​ല്ലാം പൂർണ​മാ​യി പരിഹ​രി​ക്കും എന്നതി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌ ഞങ്ങളെ ആശ്വസി​പ്പി​ക്കു​ന്നു.”

17. മിറെ സഹോ​ദ​രി​യു​ടെ അനുഭ​വ​ത്തിൽനിന്ന്‌ ക്ഷമയെ​ക്കു​റിച്ച്‌ നിങ്ങൾ എന്തു പഠിച്ചു?

17 കല്യാണം കഴിഞ്ഞ്‌ മക്കൾ രണ്ടു പേരും തീരെ ചെറു​താ​യി​രു​ന്ന​പ്പോ​ഴാണ്‌ മിറെ സഹോ​ദരി സത്യം പഠിക്കു​ന്നത്‌. സഹോ​ദ​രി​യു​ടെ ഭർത്താവ്‌ ബൈബിൾ പഠിച്ചില്ല. കുറച്ച്‌ നാൾ കഴിഞ്ഞ്‌ അദ്ദേഹം വ്യഭി​ചാ​രം ചെയ്‌തു, കുടും​ബത്തെ ഉപേക്ഷിച്ച്‌ പോയി. മിറെ സഹോ​ദരി പറയുന്നു: “ഭർത്താവ്‌ എന്നെയും മക്കളെ​യും ഉപേക്ഷിച്ച്‌ പോയ​പ്പോൾ ഞാൻ ശരിക്കും ഞെട്ടി​പ്പോ​യി. വല്ലാത്ത ദേഷ്യ​വും സങ്കടവും ഒക്കെ തോന്നി. എന്റെ കുഴപ്പം​കൊ​ണ്ടാ​ണോ ഇങ്ങനെ സംഭവി​ച്ചത്‌ എന്നു​പോ​ലും ഞാൻ ചിന്തിച്ചു. നമ്മൾ ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കുന്ന ഒരാൾ വഞ്ചിക്കു​ന്ന​തി​ന്റെ വേദന ഒരിക്ക​ലും താങ്ങാ​നാ​കില്ല.” അവരുടെ വിവാ​ഹ​ബന്ധം അവസാ​നി​ച്ചെ​ങ്കി​ലും വഞ്ചിക്ക​പ്പെ​ട്ട​തി​ന്റെ ആ വേദന സഹോ​ദ​രി​യെ തുടർന്നും വേട്ടയാ​ടി​ക്കൊ​ണ്ടി​രു​ന്നു. മിറെ സഹോ​ദരി തുടരു​ന്നു: “മാസങ്ങൾ കഴിഞ്ഞി​ട്ടും എന്റെ ദേഷ്യ​വും സങ്കടവും ഒന്നും മാറി​യില്ല. അതു​കൊ​ണ്ടു​തന്നെ യഹോ​വ​യിൽനി​ന്നും മറ്റുള്ള​വ​രിൽനി​ന്നും ഞാൻ അകലാൻതു​ടങ്ങി.” എന്നാൽ ഇപ്പോൾ മിറെ സഹോ​ദരി പറയു​ന്നത്‌, തന്റെ മുൻഭർത്താ​വി​നോ​ടു തോന്നിയ ദേഷ്യ​മെ​ല്ലാം വിട്ടു​ക​ളഞ്ഞു, അദ്ദേഹ​ത്തിന്‌ എന്തെങ്കി​ലും ദോഷം വരണ​മെന്നു ചിന്തി​ക്കു​ന്നില്ല എന്നാണ്‌. പകരം അദ്ദേഹം എന്നെങ്കി​ലും യഹോ​വ​യു​ടെ ഒരു ആരാധ​ക​നാ​കും എന്ന പ്രതീ​ക്ഷ​യാ​ണു സഹോ​ദ​രി​ക്കു​ള്ളത്‌. അങ്ങനെ​യൊ​ക്കെ ചെയ്‌ത​തു​കൊണ്ട്‌ ഭാവി​യിൽ യഹോവ തരാനി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളി​ലേക്കു നോക്കാൻ സഹോ​ദ​രി​ക്കു പറ്റുന്നു. ഒറ്റയ്‌ക്കാ​യി​രു​ന്നെ​ങ്കി​ലും സഹോ​ദരി മക്കളെ യഹോ​വ​യു​ടെ ആരാധ​ക​രാ​യി വളർത്തി​ക്കൊ​ണ്ടു​വന്നു. ഇപ്പോൾ സഹോ​ദ​രി​യും മക്കളും അവരുടെ കുടും​ബ​ങ്ങ​ളും സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ന്നു.

യഹോവ ഏറ്റവും നല്ല ന്യായാധിപൻ

18. ഒരു ന്യായാ​ധി​പൻ എന്ന നിലയിൽ യഹോവ എടുക്കുന്ന തീരു​മാ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്ക്‌ എന്ത്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

18 ആളുകളെ വിധി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം നമ്മളെ ഏൽപ്പി​ക്കാ​ത്ത​തിൽ നമുക്ക്‌ ആശ്വാസം തോന്നു​ന്നി​ല്ലേ? യഹോവ പരമോ​ന്നത ന്യായാ​ധി​പ​നാ​യ​തു​കൊണ്ട്‌ ആ പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വം ഏറ്റവും നന്നായി ചെയ്യും. (റോമ. 14:10-12) ശരിയും തെറ്റും സംബന്ധിച്ച തന്റെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ മാത്രമേ യഹോവ വിധി നടപ്പി​ലാ​ക്കൂ എന്ന കാര്യ​ത്തിൽ നമുക്കു പൂർണ​വി​ശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ കഴിയും. (ഉൽപ. 18:25; 1 രാജാ. 8:32) യഹോ​വ​യ്‌ക്ക്‌ ഒരിക്ക​ലും അനീതി പ്രവർത്തി​ക്കാൻ കഴിയില്ല.

19. ഏറ്റവും നല്ല ന്യായാ​ധി​പ​നായ യഹോവ ഭാവി​യിൽ എന്തു ചെയ്യും?

19 യഹോവ മനുഷ്യ​രു​ടെ അപൂർണ​ത​യും പാപവും എല്ലാം നീക്കു​ക​യും അതുവഴി ഉണ്ടായ പ്രശ്‌ന​ങ്ങ​ളെ​ല്ലാം പൂർണ​മാ​യി പരിഹ​രി​ക്കു​ക​യും ചെയ്യുന്ന കാലത്തി​നാ​യി നമ്മൾ കാത്തി​രി​ക്കു​ക​യാണ്‌. നമ്മുടെ മനസ്സി​നും ശരീര​ത്തി​നും ഏറ്റ എല്ലാ മുറി​വു​ക​ളും അന്ന്‌ ഉണങ്ങും, എന്നേക്കു​മാ​യി. (സങ്കീ. 72:12-14; വെളി. 21:3, 4) ആ വേദന​ക​ളൊ​ന്നും പിന്നെ ഒരിക്ക​ലും ആരു​ടെ​യും മനസ്സി​ലേക്കു വരില്ല. ആ കാലം വരുന്ന​തു​വരെ നമുക്ക്‌ എന്തു ചെയ്യാം? യഹോ​വയെ അനുക​രി​ച്ചു​കൊണ്ട്‌ മറ്റുള്ള​വ​രോ​ടു ക്ഷമിക്കാം. യഹോവ അങ്ങനെ​യൊ​രു കഴിവ്‌ തന്നതിൽ നിങ്ങൾക്കു ശരിക്കും നന്ദി തോന്നു​ന്നി​ല്ലേ?

ഗീതം 18 മോച​ന​വി​ല​യ്‌ക്കു നന്ദിയുള്ളവർ

^ മാനസാന്തരപ്പെടുന്ന പാപി​ക​ളോ​ടു ക്ഷമിക്കാൻ യഹോവ എപ്പോ​ഴും ഒരുക്ക​മാണ്‌. നമ്മളെ ആരെങ്കി​ലും വേദനി​പ്പി​ക്കു​മ്പോൾ ക്രിസ്‌ത്യാ​നി​ക​ളായ നമ്മൾ യഹോ​വ​യു​ടെ ആ മാതൃക അനുക​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു. ചില തെറ്റുകൾ നമുക്കു ക്ഷമിച്ചു​ക​ള​യാ​നാ​കും. എന്നാൽ ചിലതു മൂപ്പന്മാർ കൈകാ​ര്യം ചെയ്യേ​ണ്ട​വ​യാണ്‌. അത്‌ എങ്ങനെ​യു​ള്ള​വ​യാ​ണെന്നു നമ്മൾ ഈ ലേഖന​ത്തിൽ പഠിക്കും. കൂടാതെ, നമ്മൾ മറ്റുള്ള​വ​രോ​ടു ക്ഷമിക്കാൻ യഹോവ ആഗ്രഹി​ക്കു​ന്ന​തി​ന്റെ കാരണ​ങ്ങ​ളും അങ്ങനെ ചെയ്യു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങ​ളും നമ്മൾ കാണും.

^ 1996 ഏപ്രിൽ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.

^ ചില പേരു​കൾക്കു മാറ്റമുണ്ട്‌.

^ JW പ്രക്ഷേ​പ​ണ​ത്തി​ലെ പീറ്റർ ഷുൽസും സ്യൂ ഷുൽസും: ദുരന്ത​ത്തി​ന്റെ ആഘാതത്തെ നമുക്ക്‌ അതിജീ​വി​ക്കാ​നാ​കും എന്ന വീഡി​യോ കാണുക. ഈ വീഡി​യോ കണ്ടുപി​ടി​ക്കാൻ jw.org-ലെ തിരയുക എന്ന ഭാഗത്ത്‌ അതിന്റെ പേര്‌ അടിച്ചു​കൊ​ടു​ക്കുക.