വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 27

“യഹോ​വ​യിൽ പ്രത്യാശ വെക്കൂ!”

“യഹോ​വ​യിൽ പ്രത്യാശ വെക്കൂ!”

“യഹോ​വ​യിൽ പ്രത്യാശ വെക്കൂ! ധീരരാ​യി​രി​ക്കൂ! മനക്കരു​ത്തു​ള്ള​വ​രാ​യി​രി​ക്കൂ!”—സങ്കീ. 27:14.

ഗീതം 128 അവസാ​ന​ത്തോ​ളം സഹിച്ചുനിൽക്കുക

ചുരുക്കം *

1. (എ) യഹോവ നമുക്കു തന്നിരി​ക്കുന്ന പ്രത്യാശ എന്താണ്‌? (ബി) യഹോ​വ​യിൽ പ്രത്യാശ വെക്കൂ എന്നു പറയു​ന്ന​തി​ന്റെ അർഥം എന്താണ്‌? (“പദപ്ര​യോ​ഗ​ത്തി​ന്റെ വിശദീ​ക​രണം” കാണുക.)

 തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്ക്‌ യഹോവ എത്ര നല്ല പ്രത്യാ​ശ​യാ​ണു തന്നിരി​ക്കു​ന്നത്‌! പെട്ടെ​ന്നു​തന്നെ രോഗ​വും ദുഃഖ​വും മരണവും ദൈവം അവസാ​നി​പ്പി​ക്കും. (വെളി. 21:3, 4) ഈ ഭൂമി പറുദീ​സ​യാ​ക്കാൻ യഹോവ സൗമ്യ​ത​യുള്ള ആളുകളെ സഹായി​ക്കും. (സങ്കീ. 37:9-11) യഹോ​വ​യു​മാ​യി നമുക്ക്‌ ഇപ്പോ​ഴു​ള്ള​തി​നെ​ക്കാൾ അടുപ്പ​വും സ്‌നേ​ഹ​ബ​ന്ധ​വും അന്ന്‌ ആസ്വദി​ക്കാ​നാ​കു​ക​യും ചെയ്യും. എത്ര നല്ല ഒരു പ്രത്യാ​ശ​യാണ്‌ അത്‌! എന്നാൽ ദൈവം വാക്കു​ത​ന്നി​രി​ക്കുന്ന ഈ കാര്യ​ങ്ങ​ളൊ​ക്കെ സത്യമാ​യി​ത്തീ​രു​മെന്നു നമുക്കു വിശ്വ​സി​ക്കാ​നാ​കു​മോ? ആകും. കാരണം യഹോവ ഒരിക്ക​ലും വാക്കു മാറ്റില്ല. യഹോ​വ​യിൽ പ്രത്യാശ വെക്കു​ന്ന​തി​നുള്ള എത്ര നല്ല കാരണം! * (സങ്കീ. 27:14) യഹോവ തന്റെ വാക്കു പാലി​ക്കുന്ന ആ സമയം​വരെ ക്ഷമയോ​ടും സന്തോ​ഷ​ത്തോ​ടും കൂടെ നമുക്കു കാത്തി​രി​ക്കാം.—യശ. 55:10, 11.

2. യഹോവ ഇതി​നോ​ടകം എന്തു തെളി​യി​ച്ചി​രി​ക്കു​ന്നു?

2 യഹോവ വാക്കു പാലി​ക്കുന്ന ദൈവ​മാ​ണെന്ന്‌ ഇതി​നോ​ടകം തെളി​യി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഒരു ഉദാഹ​രണം നോക്കാം. നമ്മുടെ നാളിൽ നടക്കാൻപോ​കുന്ന ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ വെളി​പാട്‌ പുസ്‌ത​ക​ത്തിൽ യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. എല്ലാ ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും ഭാഷക​ളി​ലും നിന്നുള്ള ആളുകളെ ശുദ്ധാ​രാ​ധ​ന​യ്‌ക്കാ​യി കൂട്ടി​ച്ചേർക്കു​മെ​ന്നാണ്‌ യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നത്‌. ആ കൂട്ടമാണ്‌ ഇന്നു “മഹാപു​രു​ഷാ​രം” എന്ന്‌ അറിയ​പ്പെ​ടു​ന്നത്‌. (വെളി. 7:9, 10) ലോക​മെ​ങ്ങു​മുള്ള, പല ഭാഷക്കാ​രായ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും ഈ കൂട്ടത്തി​ലുണ്ട്‌. (സങ്കീ. 133:1; യോഹ. 10:16) എന്നാലും അവർ ഒരു കുടും​ബ​ത്തി​ലെ അംഗങ്ങ​ളെ​പ്പോ​ലെ സമാധാ​ന​ത്തിൽ കഴിയു​ന്നു. അവരെ​ല്ലാം വളരെ ഉത്സാഹ​ത്തോ​ടെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​വ​രു​മാണ്‌. കേൾക്കാൻ മനസ്സു​ള്ള​വ​രോട്‌ അവരുടെ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌, അതായത്‌ പുതിയ ലോക​ത്തെ​ക്കു​റിച്ച്‌, സംസാ​രി​ക്കാൻ അവർ എപ്പോ​ഴും ഒരുങ്ങി​യി​രി​ക്കു​ന്നു. (മത്താ. 28:19, 20; വെളി. 14:6, 7; 22:17) നിങ്ങൾ ആ മഹാപു​രു​ഷാ​ര​ത്തി​ന്റെ ഭാഗമാ​ണെ​ങ്കിൽ, ഇനി വരാൻപോ​കുന്ന ആ നല്ല ഭാവി​യെ​ക്കു​റി​ച്ചുള്ള പ്രത്യാശ നിങ്ങൾ വളരെ അമൂല്യ​മാ​യി കാണും.

3. എന്താണു സാത്താന്റെ ലക്ഷ്യം?

3 നമ്മുടെ പ്രത്യാശ തകർക്കുക എന്നതാണു സാത്താന്റെ ലക്ഷ്യം. യഹോവ നമുക്കു​വേണ്ടി കരുതു​ന്നില്ല, യഹോവ വാക്കു പാലി​ക്കില്ല എന്നൊക്കെ നമ്മൾ വിശ്വ​സി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു. നമ്മൾ അതൊക്കെ വിശ്വ​സി​ച്ചാൽ നമ്മുടെ ധൈര്യം നഷ്ടപ്പെ​ടും. യഹോ​വയെ സേവി​ക്കു​ന്ന​തു​പോ​ലും നമ്മൾ നിറു​ത്തി​യേ​ക്കാം. ഇയ്യോ​ബി​ന്റെ കാര്യ​ത്തിൽ സാത്താൻ അതിനാ​ണു ശ്രമി​ച്ചത്‌. ഇയ്യോ​ബി​ന്റെ പ്രത്യാശ തകർക്കാ​നും അങ്ങനെ അദ്ദേഹത്തെ യഹോ​വ​യിൽനിന്ന്‌ അകറ്റാ​നു​മാ​യി​രു​ന്നു അവന്റെ ലക്ഷ്യം. അതെക്കു​റി​ച്ചാ​ണു നമ്മൾ ഇനി പഠിക്കാൻപോ​കു​ന്നത്‌.

4. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും? (ഇയ്യോബ്‌ 1:9-12)

4 യഹോ​വ​യോ​ടുള്ള ഇയ്യോ​ബി​ന്റെ വിശ്വ​സ്‌തത തകർക്കാൻവേണ്ടി സാത്താൻ ഉപയോ​ഗിച്ച തന്ത്രങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ ഈ ലേഖന​ത്തിൽ പഠിക്കും. (ഇയ്യോബ്‌ 1:9-12 വായി​ക്കുക.) ഒപ്പം, ഇയ്യോ​ബി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​മെ​ന്നും കാണും. കൂടാതെ, ദൈവം നമ്മളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും തന്റെ വാക്കു പാലി​ക്കു​മെ​ന്നും എപ്പോ​ഴും ഓർക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റി​ച്ചും മനസ്സി​ലാ​ക്കും.

ഇയ്യോ​ബി​ന്റെ പ്രത്യാശ തകർക്കാൻ സാത്താൻ ശ്രമിച്ചു

5-6. കുറച്ച്‌ സമയം​കൊണ്ട്‌ ഇയ്യോ​ബി​ന്റെ ജീവി​ത​ത്തിൽ എന്തൊക്കെ സംഭവി​ക്കു​ന്നു?

5 വളരെ സന്തോ​ഷ​ത്തോ​ടെ ജീവി​ച്ചു​പോ​രു​ക​യാ​യി​രു​ന്നു ഇയ്യോബ്‌. യഹോ​വ​യു​മാ​യി വളരെ അടുത്ത ബന്ധം, സ്‌നേ​ഹ​വും ഐക്യ​വും ഉള്ള ഒരു കുടും​ബം, ധാരാളം സമ്പത്ത്‌. (ഇയ്യോ. 1:1-5) എന്നാൽ ഒറ്റ ദിവസം​കൊണ്ട്‌ ഇയ്യോ​ബി​നു മിക്കവാ​റും എല്ലാം​തന്നെ നഷ്ടപ്പെട്ടു. ആദ്യം സമ്പത്തെ​ല്ലാം പോയി. (ഇയ്യോ. 1:13-17) പിന്നെ പ്രിയ​പ്പെട്ട മക്കൾ മരിച്ചു. ഒന്ന്‌ ആലോ​ചി​ച്ചു നോക്കുക, ഒരു മകനോ മകളോ മരിച്ചാൽത്തന്നെ മാതാ​പി​താ​ക്കൾക്ക്‌ അതു സഹിക്കാൻ പറ്റില്ല. അപ്പോൾ ഒറ്റയടിക്ക്‌ പത്തു മക്കളെ​യും നഷ്ടപ്പെ​ട്ടാ​ലുള്ള അവസ്ഥയോ. മക്കളുടെ മരണവാർത്ത കേട്ട​പ്പോൾ ഇയ്യോ​ബി​നും ഭാര്യ​ക്കും ഉണ്ടായ ഞെട്ടലും വിഷമ​വും വേദന​യും എത്ര വലുതാ​യി​രു​ന്നി​രി​ക്കണം! ഇയ്യോബ്‌ തന്റെ വസ്‌ത്രം കീറി, തളർന്ന്‌ കുമ്പി​ട്ടി​രു​ന്നു എന്നു ബൈബിൾ പറയു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല.—ഇയ്യോ. 1:18-20.

6 അടുത്ത​താ​യി സാത്താൻ ഇയ്യോ​ബിന്‌ ഒരു രോഗം വരുത്തി. കണ്ടാൽ അറപ്പു തോന്നുന്ന, ഒരുപാ​ടു വേദന​യു​ണ്ടാ​ക്കുന്ന ഒരു രോഗം. (ഇയ്യോ. 2:6-8; 7:5) ഒരുകാ​ലത്ത്‌ ആളുകൾ ഇയ്യോ​ബി​നെ വളരെ ആദരി​ച്ചി​രു​ന്ന​താണ്‌. ഉപദേശം തേടി​പ്പോ​ലും ആളുകൾ അദ്ദേഹ​ത്തി​ന്റെ അടുത്ത്‌ വരുമാ​യി​രു​ന്നു. (ഇയ്യോ. 31:18) എന്നാൽ ഇപ്പോൾ ഇയ്യോ​ബി​നെ ആരും കണ്ട ഭാവം നടിക്കു​ന്നില്ല. സ്വന്തം സഹോ​ദ​ര​ന്മാ​രും കൂട്ടു​കാ​രും വീട്ടിലെ വേലക്കാർപോ​ലും അദ്ദേഹത്തെ ഒഴിവാ​ക്കു​ക​യാണ്‌.—ഇയ്യോ. 19:13, 14, 16.

ദുരന്തങ്ങൾ നേരി​ട്ട​പ്പോൾ ഇയ്യോ​ബി​നു​ണ്ടായ വേദന ഇന്നത്തെ പല സഹോ​ദ​ര​ങ്ങൾക്കും ശരിക്കും മനസ്സി​ലാ​ക്കാ​നാ​കും (7-ാം ഖണ്ഡിക കാണുക) *

7. (എ) തന്റെ ദുരന്ത​ങ്ങൾക്കെ​ല്ലാം കാരണം എന്താ​ണെ​ന്നാണ്‌ ഇയ്യോബ്‌ ചിന്തി​ച്ചത്‌, എന്നാൽ ഇയ്യോബ്‌ എന്തു ചെയ്‌തില്ല? (ബി) ഈ ചിത്ര​ത്തിൽ കാണു​ന്ന​തു​പോ​ലുള്ള എന്തു പ്രശ്‌നം ഒരു ക്രിസ്‌ത്യാ​നി​ക്കു നേരി​ട്ടേ​ക്കാം?

7 ദൈവ​ത്തി​ന്റെ അംഗീ​കാ​രം ഇല്ലാത്ത​തു​കൊ​ണ്ടാ​ണു തനിക്ക്‌ ഈ കഷ്ടപ്പാ​ടൊ​ക്കെ അനുഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​തെന്ന്‌ ഇയ്യോബ്‌ ചിന്തി​ക്കാൻ സാത്താൻ ആഗ്രഹി​ച്ചു. എന്നാൽ അതിനു​വേണ്ടി സാത്താൻ എന്താണു ചെയ്‌തത്‌? ആകാശ​ത്തു​നിന്ന്‌ ഒരു തീ ഇറക്കി ഇയ്യോ​ബി​ന്റെ ആടുക​ളെ​യും ദാസന്മാ​രെ​യും കൊന്നു​ക​ളഞ്ഞു. (ഇയ്യോ. 1:16) പിന്നെ ഇയ്യോ​ബി​ന്റെ പത്തു മക്കൾ വീട്ടിൽ ഒരുമിച്ച്‌ ഭക്ഷണം കഴിച്ചു​കൊ​ണ്ടി​രി​ക്കുന്ന സമയത്ത്‌ ഒരു കൊടു​ങ്കാറ്റ്‌ അടിച്ച്‌ വീട്‌ തകർന്ന്‌ അവരെ​ല്ലാം മരിക്കാൻ ഇടയാക്കി. (ഇയ്യോ. 1:18, 19) ആകാശ​ത്തു​നിന്ന്‌ തീ ഇറങ്ങു​ക​യും കൊടു​ങ്കാറ്റ്‌ അടിക്കു​ക​യും ചെയ്‌ത​തു​കൊണ്ട്‌ ഇതിനു പിന്നിൽ യഹോ​വ​യാ​യി​രി​ക്കു​മെന്ന്‌ ഇയ്യോബ്‌ ചിന്തിച്ചു. താൻ ഏതെങ്കി​ലും വിധത്തിൽ യഹോ​വയെ വിഷമി​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കണം, അതു​കൊ​ണ്ടാണ്‌ ഇങ്ങനെ​യൊ​ക്കെ സംഭവി​ക്കു​ന്നത്‌ എന്ന്‌ ഇയ്യോബ്‌ കരുതി. ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും തന്റെ സ്വർഗീ​യ​പി​താ​വി​നെ ഇയ്യോബ്‌ ഒരിക്ക​ലും ശപിച്ചില്ല. ‘യഹോ​വ​യിൽനിന്ന്‌ ഒരുപാട്‌ അനു​ഗ്ര​ഹങ്ങൾ കിട്ടി​യ​താ​ണ​ല്ലോ, അതു​കൊണ്ട്‌ ഇപ്പോ​ഴത്തെ ഈ മോശ​മായ അവസ്ഥയും സ്വീക​രി​ക്കാൻ താൻ തയ്യാറാ​കേ​ണ്ട​തല്ലേ’ എന്നാണ്‌ ഇയ്യോബ്‌ ചിന്തി​ച്ചത്‌. അതു​കൊണ്ട്‌ ഇയ്യോബ്‌ പറഞ്ഞു: “യഹോ​വ​യു​ടെ പേര്‌ സ്‌തു​തി​ക്ക​പ്പെ​ടട്ടെ.” (ഇയ്യോ. 1:20, 21; 2:10) സാമ്പത്തി​ക​ന​ഷ്ട​വും മക്കളുടെ മരണവും ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളും പോ​ലെ​യുള്ള ഒരുപാ​ടു ദുരന്തങ്ങൾ സഹി​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും ഇയ്യോബ്‌ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി​ത്തന്നെ തുടർന്നു. എന്നാൽ സാത്താൻ തന്റെ ക്രൂരത അവിടം​കൊ​ണ്ടൊ​ന്നും അവസാ​നി​പ്പി​ക്കാൻ ഉദ്ദേശി​ച്ചി​രു​ന്നില്ല.

8. സാത്താൻ ഇയ്യോ​ബിന്‌ എതിരെ പ്രയോ​ഗി​ക്കുന്ന അടുത്ത തന്ത്രം ഏതാണ്‌?

8 ഇയ്യോ​ബി​ന്റെ കാര്യ​ത്തിൽ സാത്താൻ മറ്റൊരു തന്ത്രം​കൂ​ടെ ഉപയോ​ഗി​ച്ചു. മൂന്നു വ്യാജ​കൂ​ട്ടു​കാ​രെ ഉപയോ​ഗിച്ച്‌, താൻ ഒന്നിനും കൊള്ളാ​ത്ത​വ​നാ​ണെന്ന ചിന്ത ഇയ്യോ​ബിന്‌ ഉണ്ടാക്കാൻ സാത്താൻ ശ്രമിച്ചു. ഇയ്യോബ്‌ ജീവി​ത​ത്തിൽ ചെയ്‌തു​കൂ​ട്ടിയ തെറ്റായ കാര്യ​ങ്ങ​ളു​ടെ ഫലമാണ്‌ ഇപ്പോൾ അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ എന്നാണ്‌ അവർ ഇയ്യോ​ബി​നോ​ടു പറഞ്ഞത്‌. (ഇയ്യോ. 22:5-9) ഇനി, ഇയ്യോബ്‌ തെറ്റൊ​ന്നും ചെയ്‌തി​ല്ലെ​ങ്കിൽപ്പോ​ലും, ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻവേണ്ടി ചെയ്യുന്ന കാര്യ​ങ്ങ​ളൊ​ന്നും ദൈവം ശ്രദ്ധി​ക്കു​ന്നി​ല്ലെ​ന്നും അവർ പറഞ്ഞു. (ഇയ്യോ. 4:18; 22:2, 3; 25:4) ചുരു​ക്കി​പ്പ​റ​ഞ്ഞാൽ ദൈവം ഇയ്യോ​ബി​നെ സ്‌നേ​ഹി​ക്കു​ന്നില്ല, ഇയ്യോ​ബി​നു​വേണ്ടി കരുതു​ന്നില്ല, ദൈവത്തെ സേവി​ക്കു​ന്ന​തിൽ ഒരു അർഥവു​മില്ല എന്നൊക്കെ ഇയ്യോബ്‌ ചിന്തി​ക്കാൻ ഇടവരു​ത്തുന്ന വിധത്തി​ലാണ്‌ അവർ സംസാ​രി​ച്ചത്‌. അവരുടെ ആ വാക്കു​ക​ളൊ​ക്കെ ഇയ്യോ​ബി​ന്റെ പ്രത്യാശ നശിപ്പി​ക്കാൻ ഇടയാ​ക്കുന്ന തരത്തി​ലു​ള്ള​വ​യാ​യി​രു​ന്നു.

9. നല്ല ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കാൻ ഇയ്യോ​ബി​നെ സഹായി​ച്ചത്‌ എന്താണ്‌?

9 വേദന​കൊണ്ട്‌ പുളഞ്ഞ്‌ ചാരത്തിൽ ഇരിക്കുന്ന ഇയ്യോ​ബി​നെ ഒന്നു മനസ്സിൽ കാണുക. (ഇയ്യോ. 2:8) ഇയ്യോ​ബി​ന്റെ സ്വഭാവം ശരിയ​ല്ലെ​ന്നും ഇതുവരെ ഇയ്യോബ്‌ ചെയ്‌തി​ട്ടുള്ള കാര്യ​ങ്ങൾക്കൊ​ന്നും ഒരു വിലയു​മി​ല്ലെ​ന്നും ആണ്‌ കൂട്ടു​കാർ പറയു​ന്നത്‌. താൻ ഇപ്പോൾ അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന വിഷമ​വും മക്കളുടെ വേർപാ​ടും തനിക്കു താങ്ങാ​നാ​കാത്ത ഒരു ഭാരമാ​യി ഇയ്യോ​ബി​നു തോന്നു​ന്നു. ആദ്യം ഇയ്യോബ്‌ മിണ്ടാ​തി​രി​ക്കു​ന്നു. (ഇയ്യോ. 2:13–3:1) സ്രഷ്ടാ​വി​നെ മറന്നതു​കൊ​ണ്ടാണ്‌ ഇയ്യോബ്‌ മിണ്ടാ​തി​രി​ക്കു​ന്ന​തെന്നു കൂട്ടു​കാർ ചിന്തി​ച്ചെ​ങ്കിൽ അവർക്കു തെറ്റി. ഒരു അവസര​ത്തിൽ ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞു: “മരണം​വരെ ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌തത ഞാൻ ഉപേക്ഷി​ക്കില്ല!” (ഇയ്യോ. 27:5) സാധ്യ​ത​യ​നു​സ​രിച്ച്‌ തല ഉയർത്തി​പ്പി​ടിച്ച്‌, ആ കൂട്ടു​കാ​രു​ടെ മുഖത്ത്‌ നോക്കി​യാ​യി​രി​ക്കണം ഇയ്യോബ്‌ അതു പറഞ്ഞത്‌. ഈ പ്രയാ​സ​ങ്ങ​ളും ബുദ്ധി​മു​ട്ടു​ക​ളും ഒക്കെ അനുഭ​വി​ക്കു​മ്പോ​ഴും ഇത്ര ധൈര്യ​ത്തോ​ടെ ഇയ്യോ​ബിന്‌ അതു പറയാൻ കഴിഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം അപ്പോ​ഴും ഇയ്യോ​ബി​ന്റെ പ്രത്യാശ നഷ്ടപ്പെ​ട്ടില്ല. തന്നെ സ്‌നേ​ഹി​ക്കുന്ന പിതാവ്‌ ഒരിക്ക​ലും തന്നെ ഉപേക്ഷി​ക്കി​ല്ലെന്ന്‌ ഇയ്യോ​ബിന്‌ അറിയാ​മാ​യി​രു​ന്നു. മരിച്ചാൽപ്പോ​ലും തന്നെ വീണ്ടും ജീവനി​ലേക്കു കൊണ്ടു​വ​ന്നു​കൊണ്ട്‌ യഹോവ തന്നെ സംരക്ഷി​ക്കു​മെന്ന്‌ ഇയ്യോ​ബിന്‌ ഉറപ്പാ​യി​രു​ന്നു.—ഇയ്യോ. 14:13-15.

നമുക്ക്‌ എങ്ങനെ ഇയ്യോ​ബി​ന്റെ മാതൃക പകർത്താം?

10. ഇയ്യോ​ബി​ന്റെ അനുഭവം നമ്മളെ എന്തൊക്കെ കാര്യ​ങ്ങ​ളാ​ണു പഠിപ്പി​ക്കു​ന്നത്‌?

10 നമ്മൾ ഇതുവരെ എന്താണു പഠിച്ചത്‌? സാത്താൻ പല സമ്മർദ​ങ്ങ​ളും കൊണ്ടു​വ​ന്നേ​ക്കാം. എങ്കിലും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്ക​ണോ വേണ്ടയോ എന്ന തീരു​മാ​നം പൂർണ​മാ​യും നമ്മു​ടേ​താണ്‌. സാത്താന്‌ അക്കാര്യ​ത്തിൽ നിയ​ന്ത്ര​ണ​മില്ല. കൂടാതെ നമ്മൾ കടന്നു​പോ​കുന്ന ഓരോ സാഹച​ര്യ​വും യഹോ​വ​യ്‌ക്കു നന്നായി അറിയാം. മറ്റു പല പ്രധാ​ന​പ്പെട്ട പാഠങ്ങ​ളെ​ക്കു​റി​ച്ചും ഇയ്യോ​ബി​ന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്കു പഠിക്കാ​നുണ്ട്‌. അതെക്കു​റിച്ച്‌ ഇനി നോക്കാം.

11. നമ്മൾ എപ്പോ​ഴും യഹോ​വ​യിൽ ആശ്രയി​ച്ചാൽ നമുക്ക്‌ ഏതു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും? (യാക്കോബ്‌ 4:7)

11 നമ്മൾ എപ്പോ​ഴും യഹോ​വ​യിൽ ആശ്രയി​ക്കു​ക​യാ​ണെ​ങ്കിൽ സഹിച്ചു​നിൽക്കാ​നും സാത്താനെ എതിർത്ത്‌ തോൽപ്പി​ക്കാ​നും നമുക്കു കഴിയു​മെന്ന്‌ ഇയ്യോ​ബി​ന്റെ അനുഭവം തെളി​യി​ക്കു​ന്നു. നമ്മൾ അങ്ങനെ ചെയ്യു​മ്പോൾ ബൈബിൾ പറയു​ന്ന​തു​പോ​ലെ സാത്താൻ നമ്മളെ വിട്ട്‌ ഓടി​പ്പോ​കും.യാക്കോബ്‌ 4:7 വായി​ക്കുക.

12. പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ ഇയ്യോ​ബി​നു ശക്തി പകർന്നത്‌ എങ്ങനെ?

12 നമുക്കു പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യിൽ ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കണം. മുൻലേ​ഖ​ന​ത്തിൽ പഠിച്ച​തു​പോ​ലെ യഹോ​വ​യോ​ടുള്ള നമ്മുടെ വിശ്വ​സ്‌തത നമ്മൾ ഉപേക്ഷി​ക്കു​ന്ന​തി​നു​വേണ്ടി സാത്താൻ മരണഭയം എന്ന കെണി മിക്ക​പ്പോ​ഴും ഉപയോ​ഗി​ക്കു​ന്നു. സ്വന്തം ജീവൻ രക്ഷിക്കു​ന്ന​തി​നു​വേണ്ടി ഇയ്യോബ്‌ യഹോ​വ​യോ​ടുള്ള വിശ്വ​സ്‌ത​ത​യിൽ വിട്ടു​വീഴ്‌ച വരുത്താൻ തയ്യാറാ​കു​മെ​ന്നാ​ണു സാത്താൻ പറഞ്ഞത്‌. എന്നാൽ സാത്താനു തെറ്റി. മരണത്തെ മുഖാ​മു​ഖം കണ്ടെങ്കി​ലും ഇയ്യോബ്‌ യഹോ​വ​യോ​ടുള്ള തന്റെ വിശ്വ​സ്‌തത ഉപേക്ഷി​ച്ചില്ല. യഹോവ ചെയ്‌തി​രി​ക്കുന്ന നന്മക​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ച​തും കാര്യ​ങ്ങ​ളെ​ല്ലാം കൃത്യ​സ​മ​യത്ത്‌ യഹോവ നേരെ​യാ​ക്കും എന്ന പ്രത്യാ​ശ​യു​ണ്ടാ​യി​രു​ന്ന​തും, മുന്നോ​ട്ടു പോകാൻ ഇയ്യോ​ബി​നെ സഹായി​ച്ചു. ഒരുപക്ഷേ ഇപ്പോൾ കാര്യ​ങ്ങ​ളൊ​ന്നും ശരിയാ​യി​ല്ലെ​ങ്കി​ലും ഭാവി​യിൽ, തന്നെ ജീവനി​ലേക്കു കൊണ്ടു​വ​ന്നു​കൊ​ണ്ടു​പോ​ലും ദൈവം തനിക്കു​വേണ്ടി പ്രവർത്തി​ക്കു​മെന്ന്‌ ഇയ്യോ​ബിന്‌ അറിയാ​മാ​യി​രു​ന്നു. പുനരു​ത്ഥാ​നം ഇയ്യോ​ബിന്‌ വളരെ ഉറപ്പുള്ള ഒരു പ്രത്യാ​ശ​യാ​യി​രു​ന്നു. ഇയ്യോ​ബി​നെ​പ്പോ​ലെ നമുക്കും അതേ ഉറപ്പു​ണ്ടെ​ങ്കിൽ മരിച്ചു​പോ​കു​മെന്ന ഒരു സാഹച​ര്യം വന്നാൽപ്പോ​ലും യഹോ​വ​യോ​ടുള്ള വിശ്വ​സ്‌തത നമ്മൾ ഉപേക്ഷി​ക്കില്ല.

13. ഇയ്യോ​ബി​ന്റെ കാര്യ​ത്തിൽ സാത്താൻ ഉപയോ​ഗിച്ച തന്ത്രങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ നന്നായി മനസ്സി​ലാ​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

13 ഇയ്യോ​ബി​ന്റെ കാര്യ​ത്തിൽ സാത്താൻ ഉപയോ​ഗിച്ച തന്ത്രങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ നന്നായി മനസ്സി​ലാ​ക്കണം. കാരണം അതു​പോ​ലുള്ള തന്ത്രങ്ങ​ളാ​ണു സാത്താൻ നമ്മുടെ കാര്യ​ത്തി​ലും ഉപയോ​ഗി​ക്കു​ന്നത്‌. സാത്താന്റെ ആരോ​പണം ഇതായി​രു​ന്നു: “സ്വന്തം ജീവൻ രക്ഷിക്കാൻ മനുഷ്യൻ (ഇയ്യോബ്‌ മാത്രമല്ല) തനിക്കു​ള്ള​തെ​ല്ലാം കൊടു​ക്കും.” (ഇയ്യോ. 2:4, 5) ആ പറഞ്ഞതി​ലൂ​ടെ സാത്താൻ ഉദ്ദേശി​ച്ചത്‌, ‘നമ്മൾ ആരും യഹോ​വയെ ശരിക്കും സ്‌നേ​ഹി​ക്കു​ന്നില്ല, ജീവനു ഭീഷണി നേരി​ടുന്ന ഒരു സാഹച​ര്യം വന്നാൽ നമ്മൾ യഹോ​വയെ തള്ളിപ്പ​റ​യും’ എന്നാണ്‌. കൂടാതെ ദൈവ​ത്തി​നു നമ്മളോ​ടു സ്‌നേ​ഹ​മി​ല്ലെ​ന്നും ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ നമ്മൾ ചെയ്യു​ന്ന​തെ​ല്ലാം വെറും പാഴ്‌വേ​ല​യാ​ണെ​ന്നും ആണ്‌ അവന്റെ വാദം. സാത്താന്റെ തന്ത്രങ്ങൾ യഹോവ നമുക്കു വെളി​പ്പെ​ടു​ത്തി​ത്ത​ന്നി​രി​ക്കു​ന്ന​തു​കൊണ്ട്‌ അവന്റെ നുണക​ളിൽ നമ്മൾ വീണു​പോ​കില്ല.

14. നമുക്കു നേരി​ടുന്ന പരീക്ഷ​ണങ്ങൾ നമ്മളെ​ക്കു​റിച്ച്‌ എന്തു വെളി​പ്പെ​ടു​ത്തും? ഒരു ഉദാഹ​ര​ണ​ത്തി​ലൂ​ടെ വിശദീ​ക​രി​ക്കുക.

14 പരീക്ഷ​ണ​ങ്ങ​ളു​ണ്ടാ​കു​മ്പോൾ, നമ്മളെ​ത്തന്നെ മനസ്സി​ലാ​ക്കാ​നുള്ള അവസര​ങ്ങ​ളാ​യി അതിനെ കാണുക. ഇയ്യോ​ബി​നു നേരിട്ട പരീക്ഷ​ണങ്ങൾ അദ്ദേഹ​ത്തി​ന്റെ കുറവു​കൾ മനസ്സി​ലാ​ക്കാ​നും പരിഹ​രി​ക്കാ​നും അദ്ദേഹത്തെ സഹായി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌ താഴ്‌മ കാണി​ക്കുന്ന കാര്യ​ത്തിൽ ഇനിയും മെച്ച​പ്പെ​ടേ​ണ്ട​തു​ണ്ടെന്ന്‌ ഇയ്യോബ്‌ മനസ്സി​ലാ​ക്കി. (ഇയ്യോ. 42:3) നമുക്കും പരീക്ഷ​ണങ്ങൾ നേരി​ടു​മ്പോൾ നമ്മളെ​ക്കു​റി​ച്ചു​തന്നെ ഒരുപാ​ടു കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ നമുക്കാ​കും. നിക്കോളാസ്‌ * സഹോ​ദ​രന്റെ അനുഭവം അതാണു കാണി​ക്കു​ന്നത്‌. ഗുരു​ത​ര​മായ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉണ്ടായി​രു​ന്നെ​ങ്കി​ലും അദ്ദേഹത്തെ അധികാ​രി​കൾ ജയിലി​ലാ​ക്കി. അദ്ദേഹം പറയുന്നു: “ജയിൽവാ​സം ഒരു എക്‌സ്‌റേ​പോ​ലെ​യാ​ണെന്നു പറയാം. നമുക്കുള്ള കുറവു​കൾ എന്താ​ണെന്ന്‌ അതു കാണി​ച്ചു​ത​രും.” അവ മനസ്സി​ലാ​ക്കി​യാൽ നമുക്ക്‌ അവ പരിഹ​രി​ക്കാ​നാ​കും.

15. നമ്മൾ ആരുടെ വാക്കുകൾ ശ്രദ്ധി​ക്കണം, എന്തു​കൊണ്ട്‌?

15 നമ്മൾ യഹോ​വ​യു​ടെ വാക്കു​കൾക്കാ​ണു ശ്രദ്ധ കൊടു​ക്കേ​ണ്ടത്‌. അല്ലാതെ നമ്മുടെ ശത്രു​ക്കൾക്ക്‌ അല്ല. യഹോവ സംസാ​രി​ച്ച​പ്പോൾ ഇയ്യോബ്‌ നന്നായി ശ്രദ്ധിച്ചു. ദൈവം ഇയ്യോ​ബി​നോട്‌ ഇങ്ങനെ ചോദി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു: ‘ഓരോ​ന്നും സൃഷ്ടി​ക്കാൻ ഞാൻ ഉപയോ​ഗിച്ച ശക്തി നീ കാണു​ന്നി​ല്ലേ? എനിക്കു നിന്നെ സംരക്ഷി​ക്കാൻ കഴിയി​ല്ലെന്നു നിനക്കു തോന്നു​ന്നു​ണ്ടോ? നിനക്കു സംഭവിച്ച ഓരോ കാര്യ​വും ഞാൻ അറിയു​ന്നു​ണ്ടാ​യി​രു​ന്നു.’ യഹോവ ഇയ്യോ​ബി​നോ​ടു സംസാ​രി​ക്കുന്ന ആ സമയത്തും അദ്ദേഹ​ത്തി​ന്റെ സാഹച​ര്യ​ങ്ങൾക്കു മാറ്റ​മൊ​ന്നും വന്നിരു​ന്നില്ല. സാധ്യ​ത​യ​നു​സ​രിച്ച്‌ ഇയ്യോബ്‌ അപ്പോ​ഴും ചാരത്തിൽ ഇരിക്കു​ക​യാണ്‌. ദേഹ​മെ​ല്ലാം പൊട്ടി​യൊ​ലി​ക്കു​ന്നുണ്ട്‌. കൂടാതെ മക്കളെ നഷ്ടപ്പെ​ട്ട​തി​ന്റെ വേദന​യും. എന്നിട്ടും യഹോവ സംസാ​രി​ച്ച​തി​നെ​ക്കു​റി​ച്ചും യഹോ​വ​യു​ടെ നന്മയെ​ക്കു​റി​ച്ചും ഒക്കെ ചിന്തി​ച്ച​പ്പോൾ താഴ്‌മ​യോ​ടെ, ആദര​വോ​ടെ ഇയ്യോ​ബിന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “എന്റെ ചെവികൾ അങ്ങയെ​ക്കു​റിച്ച്‌ കേട്ടി​ട്ടുണ്ട്‌; എന്നാൽ ഇപ്പോൾ എന്റെ കണ്ണുകൾകൊണ്ട്‌ ഞാൻ അങ്ങയെ കാണുന്നു.” (ഇയ്യോ. 42:5) യഹോവ ഇയ്യോ​ബി​നെ സ്‌നേ​ഹി​ക്കു​ന്നി​ല്ലെ​ന്നാ​ണു കൂട്ടു​കാർ പറഞ്ഞ​തെ​ങ്കി​ലും താൻ ഇപ്പോ​ഴും ഇയ്യോ​ബി​നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും അംഗീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും യഹോവ ഇയ്യോ​ബിന്‌ ഉറപ്പു​കൊ​ടു​ത്തു.—ഇയ്യോ. 42:7, 8.

16. പരീക്ഷ​ണങ്ങൾ നേരി​ടുന്ന സമയത്ത്‌ യശയ്യ 49:15, 16 പറയുന്ന ഏതു കാര്യം നമ്മൾ മനസ്സിൽപ്പി​ടി​ക്കണം?

16 ഇന്നും ആളുകൾ നമ്മളെ കളിയാ​ക്കു​ക​യും നമ്മൾ ഒരു വിലയും ഇല്ലാത്ത​വ​രാ​ണെ​ന്ന​പോ​ലെ നമ്മളോ​ടു പെരു​മാ​റു​ക​യും ചെയ്‌തേ​ക്കാം. (മത്താ. 5:11) നമ്മളെ​ക്കു​റി​ച്ചോ സംഘട​ന​യെ​ക്കു​റി​ച്ചോ പലതരം അപവാദം പറഞ്ഞു​കൊണ്ട്‌ നമ്മുടെ പേര്‌ നശിപ്പി​ക്കാ​നാണ്‌ അവരുടെ ശ്രമം. എന്നാൽ ഇയ്യോ​ബിന്റ വിവര​ണ​ത്തിൽനിന്ന്‌ നമ്മൾ പഠിച്ച പാഠം ഇതാണ്‌: എന്തൊക്കെ പരീക്ഷ​ണങ്ങൾ നേരി​ട്ടാ​ലും നമ്മൾ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​മെന്ന ഉറപ്പ്‌ യഹോ​വ​യ്‌ക്കുണ്ട്‌. യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നു. തന്നിൽ പ്രത്യാശ വെക്കു​ന്ന​വരെ യഹോവ ഒരിക്ക​ലും ഉപേക്ഷി​ക്കില്ല. (യശയ്യ 49:15, 16 വായി​ക്കുക.) അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ ശത്രുക്കൾ പറഞ്ഞു​പ​ര​ത്തുന്ന നുണകൾക്കൊ​ന്നും നമ്മൾ ശ്രദ്ധ കൊടു​ക്ക​രുത്‌. തുർക്കി​യി​ലുള്ള ജയിംസ്‌ സഹോ​ദരൻ പറയു​ന്നതു ശ്രദ്ധി​ക്കുക. അദ്ദേഹ​ത്തി​നും കുടും​ബ​ത്തി​നും ഒരുപാ​ടു പ്രശ്‌നങ്ങൾ നേരി​ടേ​ണ്ടി​വന്നു. ആ സഹോ​ദരൻ പറയുന്നു: “ദൈവ​ജ​ന​ത്തെ​ക്കു​റിച്ച്‌ ആളുകൾ പറയുന്ന നുണക​ളൊ​ക്കെ ശ്രദ്ധി​ച്ചാൽ നമ്മുടെ ഉത്സാഹ​മൊ​ക്കെ പോകും എന്നു ഞങ്ങൾ മനസ്സി​ലാ​ക്കി. അതു​കൊണ്ട്‌ ദൈവ​രാ​ജ്യ പ്രത്യാ​ശ​യ്‌ക്കു ഞങ്ങൾ കൂടുതൽ ശ്രദ്ധ കൊടു​ത്തു. ദൈവ​സേ​വ​ന​ത്തിൽ തീക്ഷ്‌ണ​ത​യോ​ടെ പ്രവർത്തി​ക്കു​ക​യും ചെയ്‌തു. അങ്ങനെ ഞങ്ങൾക്കു സന്തോഷം നിലനി​റു​ത്താൻ കഴിഞ്ഞു.” ഇയ്യോ​ബി​നെ​പ്പോ​ലെ നമുക്കും യഹോ​വ​യു​ടെ വാക്കു​കൾക്കു ശ്രദ്ധ കൊടു​ക്കാം. ശത്രു​ക്ക​ളു​ടെ നുണകൾ നമ്മുടെ പ്രത്യാ​ശയെ നശിപ്പി​ക്കാൻ നമ്മൾ ഒരിക്ക​ലും അനുവ​ദി​ക്ക​രുത്‌.

വിശ്വ​സ്‌ത​രാ​യി നിൽക്കാൻ പ്രത്യാശ സഹായിക്കും

വിശ്വ​സ്‌ത​നാ​യി നിന്നതു​കൊണ്ട്‌ യഹോവ ഇയ്യോ​ബി​നെ അനു​ഗ്ര​ഹി​ച്ചു. അദ്ദേഹവും ഭാര്യ​യും സന്തോ​ഷ​ത്തോ​ടെ ഒരുപാ​ടു കാലം ജീവിച്ചു (17-ാം ഖണ്ഡിക കാണുക) *

17. എബ്രായർ 11-ാം അധ്യാ​യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ മാതൃ​ക​യിൽനിന്ന്‌ നമ്മൾ എന്താണു പഠിക്കു​ന്നത്‌?

17 കടുത്ത പരീക്ഷ​ണ​ങ്ങ​ളും പ്രയാ​സ​ങ്ങ​ളും ഒക്കെ നേരി​ട്ട​പ്പോ​ഴും ധൈര്യ​ത്തോ​ടും മനക്കരു​ത്തോ​ടും കൂടെ യഹോ​വയെ സേവിച്ച ദൈവ​ദാ​സ​ന്മാ​രിൽ ഒരാൾ മാത്ര​മാണ്‌ ഇയ്യോബ്‌. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എബ്രാ​യർക്ക്‌ എഴുതിയ കത്തിൽ അതു​പോ​ലുള്ള ധാരാളം പേരെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌. ‘സാക്ഷി​ക​ളു​ടെ വലി​യൊ​രു കൂട്ടം’ എന്നാണു പൗലോസ്‌ അവരെ വിളി​ച്ചത്‌. (എബ്രാ. 12:1) അവർക്കെ​ല്ലാം വിശ്വാ​സ​ത്തി​ന്റെ പേരിൽ പല കഷ്ടതക​ളും സഹി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. എന്നിട്ടും അവർ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി തുടർന്നു. (എബ്രാ. 11:36-40) അവർ സഹിച്ചു​നി​ന്ന​തും കഠിനാ​ധ്വാ​നം ചെയ്‌ത​തും ഒക്കെ വെറു​തേ​യാ​യോ? ഒരിക്ക​ലു​മില്ല! ദൈവം വാഗ്‌ദാ​നം ചെയ്‌ത കാര്യങ്ങൾ ജീവി​ച്ചി​രുന്ന സമയത്ത്‌ അവർക്കു കാണാൻ കഴിഞ്ഞി​ല്ലെ​ങ്കി​ലും യഹോ​വ​യിൽ പ്രത്യാശ വെക്കു​ന്ന​തിൽ അവർ തുടർന്നു. ദൈവ​ത്തി​ന്റെ അംഗീ​കാ​രം തങ്ങൾക്കു​ള്ള​തു​കൊണ്ട്‌ യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം നിറ​വേ​റു​ന്നതു കാണാ​നാ​കു​മെന്ന്‌ അവർക്ക്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. (എബ്രാ. 11:4, 5) ആ വിശ്വ​സ്‌ത​ദാ​സ​രു​ടെ മാതൃക യഹോ​വ​യിൽ തുടർന്നും പ്രത്യാശ വെക്കാൻ നമ്മളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

18. എന്താണു നിങ്ങളു​ടെ തീരു​മാ​നം? (എബ്രായർ 11:6)

18 ഈ ലോകം ഓരോ ദിവസ​വും കൂടു​തൽക്കൂ​ടു​തൽ മോശ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (2 തിമൊ. 3:13) ഇന്നും സാത്താൻ ദൈവ​ജ​നത്തെ പരീക്ഷി​ക്കു​ന്നുണ്ട്‌. ഭാവി​യിൽ നമുക്ക്‌ എന്തൊക്കെ പ്രശ്‌നങ്ങൾ നേരി​ടേ​ണ്ടി​വ​ന്നേ​ക്കാ​മെ​ങ്കി​ലും യഹോ​വ​യ്‌ക്കു​വേണ്ടി കഠിനാ​ധ്വാ​നം ചെയ്യു​മെന്ന്‌ നമുക്ക്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം. കാരണം “നമ്മൾ പ്രത്യാശ വെച്ചി​രി​ക്കു​ന്നത്‌” ജീവനുള്ള ദൈവ​ത്തി​ലാണ്‌. (1 തിമൊ. 4:10) യഹോവ ഇയ്യോ​ബി​നു ചെയ്‌തു​കൊ​ടുത്ത കാര്യ​ങ്ങ​ളിൽനിന്ന്‌ മനസ്സി​ലാ​ക്കാ​നാ​കു​ന്നത്‌ നമ്മുടെ പിതാവ്‌ “വാത്സല്യ​വും കരുണ​യും നിറഞ്ഞ” ദൈവ​മാ​ണെ​ന്നാണ്‌. (യാക്കോ. 5:11) നമുക്കും യഹോ​വ​യോട്‌ എപ്പോ​ഴും വിശ്വ​സ്‌ത​രാ​യി​രി​ക്കാം. ‘തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്കു ദൈവം പ്രതി​ഫലം നൽകും’ എന്ന്‌ ഉറപ്പാണ്‌.എബ്രായർ 11:6 വായി​ക്കുക.

ഗീതം 150 വിടു​ത​ലി​നാ​യി ദൈവത്തെ അന്വേഷിക്കാം

^ ഒരുപാടു പ്രയാ​സങ്ങൾ അനുഭ​വി​ച്ച​വ​രെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ ഇയ്യോ​ബി​ന്റെ പേരാ​യി​രി​ക്കാം നമ്മുടെ മനസ്സി​ലേക്ക്‌ ഓടി​യെ​ത്തു​ന്നത്‌. ആ വിശ്വസ്‌ത ദൈവ​ദാ​സ​നിൽനിന്ന്‌ നമുക്ക്‌ എന്തൊക്കെ മനസ്സി​ലാ​ക്കാം? സാത്താൻ പല സമ്മർദ​ങ്ങ​ളും കൊണ്ടു​വ​ന്നേ​ക്കാ​മെ​ങ്കി​ലും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്ക​ണോ എന്ന തീരു​മാ​നം പൂർണ​മാ​യി നമ്മു​ടേ​താണ്‌. സാത്താന്‌ അക്കാര്യ​ത്തിൽ നിയ​ന്ത്ര​ണ​മില്ല. കൂടാതെ നമ്മൾ നേരി​ടുന്ന എല്ലാ സാഹച​ര്യ​ങ്ങ​ളും യഹോ​വ​യ്‌ക്കു നന്നായി അറിയാം. മാത്രമല്ല, ഇയ്യോ​ബി​ന്റെ പ്രശ്‌ന​ങ്ങൾക്കെ​ല്ലാം യഹോവ ഒരു അവസാനം വരുത്തി​യ​തു​പോ​ലെ, നമ്മുടെ പ്രശ്‌ന​ങ്ങ​ളും യഹോവ ഒരു ദിവസം അവസാ​നി​പ്പി​ക്കും. ഇക്കാര്യ​ങ്ങ​ളൊ​ക്കെ വിശ്വ​സി​ക്കു​ക​യും അതനു​സ​രിച്ച്‌ പ്രവർത്തി​ക്കു​ക​യു​മാ​ണെ​ങ്കിൽ ‘യഹോ​വ​യിൽ പ്രത്യാശ വെച്ച്‌’ പ്രവർത്തിച്ച ദൈവ​ദാ​സ​രെ​പ്പോ​ലെ​യാ​യി​രി​ക്കും നമ്മളും.

^ പദപ്രയോഗത്തിന്റെ വിശദീ​ക​രണം: “പ്രത്യാശ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​പ​ദ​ത്തി​ന്റെ അർഥം ആകാം​ക്ഷ​യോ​ടെ എന്തി​നെ​ങ്കി​ലും​വേണ്ടി കാത്തി​രി​ക്കുക എന്നാണ്‌. ആ വാക്കിന്‌ ഒരു വ്യക്തിയെ വിശ്വ​സി​ക്കു​ന്ന​തി​നെ​യോ ആശ്രയി​ക്കു​ന്ന​തി​നെ​യോ അർഥമാ​ക്കാ​നാ​കും. കൂടാതെ, പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കുന്ന എന്തെങ്കി​ലും ഉറപ്പാ​യും സംഭവി​ക്കും എന്ന ഉറച്ച ബോധ്യ​ത്തെ​യും ആ പദം കുറി​ക്കു​ന്നു.—സങ്കീ. 25:2, 3; 62:5.

^ ചില പേരു​കൾക്കു മാറ്റമുണ്ട്‌.

^ ചിത്ര​ങ്ങ​ളു​ടെ വിവരണം: ഒരു ദുരന്തം തന്റെ മക്കളു​ടെ​യെ​ല്ലാം ജീവൻ കവർന്നു എന്നു വിശ്വ​സി​ക്കാ​നാ​കാ​തെ നിൽക്കുന്ന ഇയ്യോ​ബും ഭാര്യ​യും.

^ ചിത്ര​ങ്ങ​ളു​ടെ വിവരണം : തനിക്കു നേരിട്ട കഷ്ടപ്പാ​ടു​ക​ളെ​ല്ലാം ഇയ്യോബ്‌ വിശ്വ​സ്‌ത​മാ​യി സഹിച്ചു​നി​ന്നു. ഇയ്യോ​ബും ഭാര്യ​യും യഹോവ അവർക്കും കുടും​ബ​ത്തി​നും നൽകി​യി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നു.