വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതകഥ

യഹോവ കാണിച്ച വഴിയേ പോകാൻ ഞാൻ തീരു​മാ​നി​ച്ചു

യഹോവ കാണിച്ച വഴിയേ പോകാൻ ഞാൻ തീരു​മാ​നി​ച്ചു

ചെറു​പ്പ​ത്തിൽ ഞാൻ സ്വന്തമാ​യി ഒരു വഴി തിര​ഞ്ഞെ​ടു​ത്തു, ഒരു ജോലി കണ്ടെത്തി. അത്‌ എനിക്ക്‌ ഒരുപാട്‌ ഇഷ്ടവു​മാ​യി​രു​ന്നു. എന്നാൽ മറ്റൊരു വഴിയേ പോകാൻ യഹോവ എന്നെ ക്ഷണിച്ചു. യഹോവ പറഞ്ഞു: “ഞാൻ നിനക്ക്‌ ഉൾക്കാഴ്‌ച തരും, പോകേണ്ട വഴി നിന്നെ പഠിപ്പി​ക്കും.” (സങ്കീ. 32:8) യഹോവ കാണിച്ച വഴിയേ പോയ​തു​കൊണ്ട്‌ ദൈവ​സേ​വ​ന​ത്തിൽ എനിക്കു പലതും ചെയ്യാ​നാ​യി. 52 വർഷം ആഫ്രി​ക്ക​യിൽ സേവിച്ചു, യഹോവ എന്നെ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു.

ഇംഗ്ലണ്ടിൽനിന്ന്‌ ആഫ്രി​ക്ക​യി​ലേക്ക്‌. . .

1935-ൽ ഇംഗ്ലണ്ടി​ലെ ഡാർല​സ്റ്റ​ണി​ലാ​ണു ഞാൻ ജനിച്ചത്‌. ധാരാളം ഉരുക്കു​ശാ​ല​ക​ളും മറ്റു പല ഫാക്ടറി​ക​ളും ഒക്കെയുള്ള സ്ഥലമാ​യി​രു​ന്നു അത്‌. എനിക്ക്‌ ഏതാണ്ടു നാലു വയസ്സു​ള്ള​പ്പോൾ എന്റെ അപ്പനും അമ്മയും യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻതു​ടങ്ങി. 14 വയസ്സാ​യ​പ്പോ​ഴേ​ക്കും ഇതാണു സത്യ​മെന്ന്‌ എനിക്കു ബോധ്യ​മാ​യി. അങ്ങനെ 1952-ൽ, 16-ാമത്തെ വയസ്സിൽ ഞാൻ സ്‌നാ​ന​പ്പെട്ടു.

ഏതാണ്ട്‌ ആ സമയത്ത്‌ ഞാൻ ഒരു ഫാക്ടറി​യിൽ ജോലി​ക്കു പോകാൻതു​ടങ്ങി. വണ്ടിയു​ടെ ഭാഗങ്ങ​ളും മറ്റു ചില ഉപകര​ണ​ങ്ങ​ളും ഒക്കെ ഉണ്ടാക്കുന്ന വലി​യൊ​രു ഫാക്ടറി​യാ​യി​രു​ന്നു അത്‌. ആ കമ്പനി​യു​ടെ ഓഫീ​സിൽ സെക്ര​ട്ട​റി​യാ​യി​രി​ക്കാ​നുള്ള പരിശീ​ല​ന​മാണ്‌ എനിക്കു നൽകി​യി​രു​ന്നത്‌. അതു പ്രധാ​ന​പ്പെട്ട ഒരു ഉത്തരവാ​ദി​ത്വ​മാ​യി​രു​ന്നു. എനിക്ക്‌ അത്‌ ഒത്തിരി ഇഷ്ടമായി.

അങ്ങനെ​യി​രി​ക്കെ സഞ്ചാര​മേൽവി​ചാ​രകൻ എന്നോട്‌ എല്ലാ ആഴ്‌ച​യും വില്ലൻഹാ​ളി​ലുള്ള എന്റെ സ്വന്തം സഭയിൽ ഇടദി​വ​സത്തെ സഭാപു​സ്‌ത​കാ​ധ്യ​യനം നടത്താ​മോ എന്നു ചോദി​ച്ചു. പക്ഷേ ഞാൻ ഇടദി​വ​സത്തെ മീറ്റിങ്ങ്‌ കൂടി​യി​രു​ന്നത്‌ ബ്രോം​സ്‌​ഗ്രോ​വി​ലെ എന്റെ ജോലി​സ്ഥ​ല​ത്തിന്‌ അടുത്തുള്ള സഭയി​ലാണ്‌, വീട്ടിൽനിന്ന്‌ ഏതാണ്ട്‌ 32 കിലോ​മീ​റ്റർ അകലെ. വാരാ​ന്ത​ങ്ങ​ളിൽ മാത്ര​മാ​ണു വീടിന്‌ അടുത്തുള്ള വില്ലൻഹാ​ളിൽ മീറ്റിങ്ങ്‌ കൂടി​യി​രു​ന്നത്‌.

യഹോ​വ​യ്‌ക്കു​വേണ്ടി കൂടുതൽ ചെയ്യാൻ എനിക്ക്‌ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ സഞ്ചാര​മേൽവി​ചാ​രകൻ പറഞ്ഞതു​പോ​ലെ ചെയ്യാൻ ഞാൻ തീരു​മാ​നി​ച്ചു. പക്ഷേ അതിനു​വേണ്ടി ഞാൻ ഒത്തിരി ഇഷ്ടപ്പെ​ട്ടി​രുന്ന ആ ജോലി എനിക്ക്‌ ഉപേക്ഷി​ക്ക​ണ​മാ​യി​രു​ന്നു. എന്നാൽ യഹോവ കാണിച്ച വഴിയേ പോകാൻ തീരു​മാ​നി​ച്ചത്‌ ഓർത്ത്‌ എനിക്ക്‌ ഒരിക്ക​ലും സങ്കട​പ്പെ​ടേ​ണ്ടി​വ​ന്നില്ല. ശരിക്കും പറഞ്ഞാൽ, ആ വഴി എന്റെ ജീവി​ത​ത്തിൽ ഒരുപാ​ടു സന്തോഷം നിറച്ചു.

ബ്രോം​സ്‌​ഗ്രോവ്‌ സഭയിൽ മീറ്റി​ങ്ങി​നു പോകുന്ന സമയത്ത്‌ ഞാൻ ആൻ എന്നൊരു സുന്ദരി​യായ സഹോ​ദ​രി​യെ കണ്ടുമു​ട്ടി. വളരെ തീക്ഷ്‌ണ​ത​യോ​ടെ യഹോ​വയെ സേവി​ച്ചി​രുന്ന ഒരാളാ​യി​രു​ന്നു അവൾ. 1957-ൽ ഞങ്ങൾ വിവാ​ഹി​ത​രാ​യി. അതിനു ശേഷം ഞങ്ങൾ ഒരുമിച്ച്‌ സാധാരണ മുൻനി​ര​സേ​വ​ന​വും പ്രത്യേക മുൻനി​ര​സേ​വ​ന​വും സഞ്ചാര​വേ​ല​യും ബഥേൽസേ​വ​ന​വും ഒക്കെ ചെയ്‌തു. ആനിനെ കൂട്ടു​കി​ട്ടി​യ​തു​കൊണ്ട്‌ എന്റെ സന്തോഷം ഇരട്ടി​യാ​യി.

1966-ൽ 42-ാമത്തെ ഗിലെ​യാദ്‌ ക്ലാസി​ലേക്കു ഞങ്ങളെ ക്ഷണിച്ചു. ഞങ്ങൾക്ക്‌ ഒരുപാ​ടു സന്തോ​ഷ​മാ​യി. അവി​ടെ​നിന്ന്‌ മലാവി​യി​ലേ​ക്കാ​ണു ഞങ്ങളെ നിയമി​ച്ചത്‌. മലാവി​ക്കാർ പൊതു​വേ നല്ല സ്‌നേ​ഹ​വും അതിഥി​പ്രി​യ​വും ഉള്ളവരാ​ണെന്നു പലരും പറഞ്ഞ്‌ കേട്ടി​ട്ടുണ്ട്‌. അങ്ങനെ​യൊ​രു സ്ഥലത്തു​നിന്ന്‌ പെട്ടെന്നു പോ​രേ​ണ്ടി​വ​രു​മെന്നു ഞങ്ങൾ ചിന്തി​ച്ച​തേ​യില്ല.

മലാവി​യിൽ പ്രശ്‌നങ്ങൾ തലപൊക്കുന്നു

മലാവി​യിൽ സഞ്ചാര​വേല ചെയ്യു​മ്പോൾ ഞങ്ങൾ ഉപയോ​ഗി​ച്ചി​രുന്ന ജീപ്പ്‌

1967 ഫെബ്രു​വരി 1-ന്‌ ഞങ്ങൾ മലാവി​യിൽ എത്തി. ആദ്യത്തെ ഒരു മാസം മുഴുവൻ ഭാഷാ​പ​ഠ​ന​മാ​യി​രു​ന്നു. അതു കഴിഞ്ഞ്‌ ഞങ്ങൾ ഡിസ്‌ട്രി​ക്‌റ്റ്‌ വേല തുടങ്ങി. ഞങ്ങൾക്കു വലിയ ഒരു ജീപ്പു​ണ്ടാ​യി​രു​ന്നു. ഏതു വഴിക്കു വേണ​മെ​ങ്കി​ലും, നദിയി​ലൂ​ടെ പോലും, കൊണ്ടു​പോ​കാൻ പറ്റുന്ന ജീപ്പാണ്‌ അത്‌ എന്നാണു പലരും കരുതി​യി​രു​ന്നത്‌. പക്ഷേ വാസ്‌ത​വ​ത്തിൽ അധികം വെള്ളമി​ല്ലാ​ത്തി​ടത്തു മാത്രമേ അത്‌ ഓടി​ക്കാൻ പറ്റുമാ​യി​രു​ന്നു​ള്ളൂ. ഇടയ്‌ക്കൊ​ക്കെ ഞങ്ങൾക്കു പുല്ലു മേഞ്ഞ കുടി​ലിൽ താമസി​ക്കേണ്ടി വന്നിട്ടുണ്ട്‌. മഴക്കാ​ലത്ത്‌ അകത്ത്‌ വെള്ളം വീഴാ​തി​രി​ക്കാൻവേണ്ടി ഞങ്ങൾക്കു പലപ്പോ​ഴും ടാർപ്പാ​ളിൻ വലിച്ചു​കെ​ട്ടേ​ണ്ടി​വന്നു. ഇതായി​രു​ന്നു ഞങ്ങളുടെ മിഷന​റി​സേ​വ​ന​ത്തി​ന്റെ തുടക്കം! പക്ഷേ ഞങ്ങൾക്ക്‌ അത്‌ ഒരുപാട്‌ ഇഷ്ടമായി.

ഏപ്രിൽ മാസമാ​യ​പ്പോ​ഴേ​ക്കും രാജ്യത്ത്‌ ചില പ്രശ്‌ന​ങ്ങ​ളൊ​ക്കെ തലപൊ​ക്കാൻതു​ടങ്ങി. മലാവി​യി​ലെ പ്രസി​ഡ​ന്റായ ഡോ. ഹേസ്റ്റി​ങ്‌സ്‌ ബാൻഡ​യു​ടെ ഒരു പ്രസംഗം റേഡി​യോ​യി​ലൂ​ടെ ഞാൻ കേട്ടു. യഹോ​വ​യു​ടെ സാക്ഷികൾ നികുതി അടയ്‌ക്കു​ന്നില്ല, രാഷ്‌ട്രീയ കാര്യ​ങ്ങ​ളിൽ അനാവ​ശ്യ​മാ​യി തലയി​ടു​ന്നു എന്നൊക്കെ അദ്ദേഹം പറഞ്ഞു. എന്നാൽ അതൊക്കെ വെറും തെറ്റായ ആരോ​പ​ണ​ങ്ങ​ളാ​യി​രു​ന്നു. രാഷ്‌ട്രീയ കാര്യ​ങ്ങ​ളിൽ ഞങ്ങൾ നിഷ്‌പ​ക്ഷ​രാ​യി നിൽക്കു​ന്നു എന്നതാ​യി​രു​ന്നു അവർക്കു ഞങ്ങളോ​ടുള്ള ദേഷ്യ​ത്തി​ന്റെ കാരണം, പ്രത്യേ​കിച്ച്‌ പാർട്ടി​കാർഡു​കൾ വാങ്ങാൻ ഞങ്ങൾ തയ്യാറാ​കാ​തി​രു​ന്നത്‌.

സെപ്‌റ്റം​ബ​റാ​യ​പ്പോ​ഴേ​ക്കും, യഹോ​വ​യു​ടെ സാക്ഷികൾ രാജ്യത്ത്‌ ഒരുപാ​ടു പ്രശ്‌നങ്ങൾ സൃഷ്ടി​ക്കു​ന്നു​വെന്നു പ്രസി​ഡന്റ്‌ ആരോ​പി​ക്കു​ന്ന​താ​യി ഞങ്ങൾ പത്രത്തിൽ വായിച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്തനം പെട്ടെ​ന്നു​തന്നെ നിരോ​ധി​ക്കു​മെന്ന്‌ അദ്ദേഹം ഒരു രാഷ്‌ട്രീയ സമ്മേള​ന​ത്തിൽ പ്രഖ്യാ​പി​ക്കു​ക​യും ചെയ്‌തു. 1967 ഒക്‌ടോ​ബർ 20-ന്‌ ആ നിരോ​ധനം നിലവിൽവന്നു. അതെത്തു​ടർന്ന്‌ പെട്ടെ​ന്നു​തന്നെ പോലീ​സും മറ്റു ചില ഓഫീ​സർമാ​രും ബ്രാ​ഞ്ചോ​ഫീ​സിൽ എത്തി അത്‌ അടച്ചു​പൂ​ട്ടു​ക​യും മിഷന​റി​മാ​രെ​യെ​ല്ലാം നാടു​ക​ട​ത്തു​ക​യും ചെയ്‌തു.

1967-ൽ ഞങ്ങളെ​യും ഞങ്ങളു​ടെ​കൂ​ടെ മിഷനറി സേവനം ചെയ്‌തി​രുന്ന ജാക്ക്‌ ജോഹാൻസൺ സഹോ​ദ​ര​നെ​യും ഭാര്യ ലിൻഡ​യെ​യും അറസ്റ്റു ചെയ്‌ത്‌ മലാവി​യിൽനിന്ന്‌ നാടുകടത്തി

മൂന്നു ദിവസം ഞങ്ങളെ ജയിലിൽ അടച്ചു. എന്നിട്ട്‌ മൗറീ​ഷ്യ​സി​ലേക്കു നാടു​ക​ടത്തി. ആ സമയത്ത്‌ മൗറീ​ഷ്യസ്‌ ബ്രിട്ടന്റെ നിയ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. എന്നിട്ടും അവി​ടെ​യുള്ള അധികാ​രി​കൾ മിഷന​റി​മാ​രാ​യി അവിടെ താമസി​ക്കാൻ ഞങ്ങളെ അനുവ​ദി​ച്ചില്ല. അതു​കൊണ്ട്‌ ഞങ്ങളെ റൊ​ഡേ​ഷ്യ​യി​ലേക്കു (ഇന്നത്തെ സിംബാ​ബ്‌വെ) നിയമി​ച്ചു. അവിടെ ഇറങ്ങി​യ​പ്പോൾ ഞങ്ങൾ കണ്ടതു ദേഷ്യ​ക്കാ​ര​നായ ഒരു ഓഫീ​സ​റെ​യാണ്‌. അദ്ദേഹ​വും രാജ്യത്ത്‌ പ്രവേ​ശി​ക്കാൻ ഞങ്ങൾക്ക്‌ അനുവാ​ദം തരില്ലാ​യി​രു​ന്നു. അദ്ദേഹം പറഞ്ഞു: “മലാവി​യിൽനിന്ന്‌ നിങ്ങളെ നാടു​ക​ടത്തി. മൗറീ​ഷ്യ​സി​ലും താമസി​ക്കാൻ സമ്മതി​ച്ചില്ല. അവസാനം സൗകര്യ​പൂർവം ഇങ്ങോട്ടു വന്നിരി​ക്കു​കയാ, അല്ലേ?” അതു കേട്ട​പ്പോൾ ആൻ കരയാൻതു​ടങ്ങി. ആർക്കും ഞങ്ങളെ വേണ്ടല്ലോ എന്നു ഞങ്ങൾ ചിന്തി​ച്ചു​പോ​യി. ആ സമയത്ത്‌ തിരിച്ച്‌ ഇംഗ്ലണ്ടി​ലേക്കു പോയാ​ലോ എന്നു​പോ​ലും ഞാൻ ഓർത്തു. അവസാനം, ഒരു രാത്രി ബ്രാ​ഞ്ചോ​ഫീ​സിൽ താമസി​ക്കാൻ ആ അധികാ​രി​കൾ ഞങ്ങളെ അനുവ​ദി​ച്ചു. പിറ്റേന്ന്‌ അവരുടെ ഹെഡ്‌ഓ​ഫീ​സിൽ ഹാജരാ​കാ​നും ആവശ്യ​പ്പെട്ടു. അപ്പോ​ഴേ​ക്കും ഞങ്ങൾ ആകെ ക്ഷീണിച്ച്‌ അവശരാ​യി. എന്നാൽ കാര്യ​ങ്ങ​ളെ​ല്ലാം ഞങ്ങൾ യഹോ​വ​യ്‌ക്കു വിട്ടു​കൊ​ടു​ത്തു. പിറ്റേന്ന്‌ ഉച്ച കഴിഞ്ഞ്‌ ഞങ്ങളെ അത്ഭുത​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ഒരു തീരു​മാ​നം വന്നു. സിംബാ​ബ്‌വെ​യിൽ സന്ദർശ​ക​രാ​യി താമസി​ക്കാൻ ഞങ്ങളെ അനുവ​ദി​ച്ചു! അപ്പോൾ എനിക്കു​ണ്ടായ സന്തോഷം പറഞ്ഞറി​യി​ക്കാ​നാ​കില്ല. ശരിക്കും യഹോ​വ​യാ​ണു ഞങ്ങൾക്കു വഴി കാണി​ച്ചു​ത​രു​ന്ന​തെന്ന്‌ എനിക്ക്‌ ഉറപ്പാ​യി​രു​ന്നു.

സിംബാ​ബ്‌വെ​യി​ലി​രുന്ന്‌ മലാവി​യിൽ സേവിക്കുന്നു

1968-ൽ ആനിന്റെകൂടെ സിംബാബ്‌വെ ബഥേലിൽ

സിംബാ​ബ്‌വെ ബ്രാ​ഞ്ചോ​ഫീ​സിൽ സർവീസ്‌ ഡിപ്പാർട്ടു​മെ​ന്റി​ലാ​യി​രു​ന്നു എന്റെ നിയമനം. മലാവി​യി​ലെ​യും മൊസാ​മ്പി​ക്കി​ലെ​യും പ്രവർത്ത​ന​ങ്ങ​ളു​മാ​യി ബന്ധപ്പെ​ട്ട​താ​യി​രു​ന്നു എന്റെ ജോലി. മലാവി​യി​ലെ സഹോ​ദ​രങ്ങൾ ആ സമയത്ത്‌ കടുത്ത ഉപദ്രവം സഹിക്കു​ക​യാ​യി​രു​ന്നു. എന്റെ ജോലി​യു​ടെ ഭാഗമാ​യി മലാവി​യി​ലെ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ അയയ്‌ക്കുന്ന റിപ്പോർട്ടു​കൾ പരിഭാഷ ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഒരു ദിവസം രാത്രി ഞാൻ ഇങ്ങനെ ജോലി ചെയ്യു​മ്പോൾ, അവി​ടെ​യുള്ള സഹോ​ദ​രങ്ങൾ അനുഭ​വി​ക്കുന്ന കൊടും ക്രൂര​ത​ക​ളെ​ക്കു​റിച്ച്‌ വായിച്ച്‌ ശരിക്കും കരഞ്ഞു​പോ​യി. a എന്നാൽ അത്തരം ഒരു സാഹച​ര്യ​ത്തി​ലും അവർ കാണി​ക്കുന്ന വിശ്വ​സ്‌ത​ത​യും വിശ്വാ​സ​വും സഹനശ​ക്തി​യും എന്നെ ഒത്തിരി പ്രോ​ത്സാ​ഹി​പ്പി​ച്ചു.—2 കൊരി. 6:4, 5.

മലാവി​യിൽത്ത​ന്നെ താമസി​ക്കുന്ന സഹോ​ദ​ര​ങ്ങൾക്കും അവി​ടെ​നിന്ന്‌ മൊസാ​മ്പി​ക്കി​ലേക്ക്‌ ഓടി രക്ഷപ്പെ​ട്ട​വർക്കും ആത്മീയാ​ഹാ​രം എത്തിച്ചു​കൊ​ടു​ക്കാൻ ഞങ്ങളെ​ക്കൊണ്ട്‌ പറ്റുന്ന​തെ​ല്ലാം ഞങ്ങൾ ചെയ്‌തു. മലാവി​യി​ലെ പ്രധാന ഭാഷ ചിചെവ ആണ്‌. ആ പരിഭാ​ഷാ​സം​ഘത്തെ അവി​ടെ​നി​ന്നും സിംബാ​ബ്‌വെ​യി​ലുള്ള ഒരു സഹോ​ദ​രന്റെ കൃഷി​യി​ട​ത്തി​ലേക്കു കൊണ്ടു​വന്നു. അദ്ദേഹം അവർക്ക്‌ ആവശ്യ​മായ താമസ​സൗ​ക​ര്യ​വും ഓഫീ​സും ശരിയാ​ക്കി​ക്കൊ​ടു​ത്തു. അങ്ങനെ അവർക്ക്‌ അവിടെ ഇരുന്ന്‌ ബൈബിൾ പ്രസി​ദ്ധീ​ക​ര​ണങ്ങൾ പരിഭാഷ ചെയ്യാ​നാ​യി.

ഓരോ വർഷവും മലാവി​യിൽനി​ന്നുള്ള സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർക്കു സിംബാ​ബ്‌വെ​യിൽ വന്ന്‌ ചിചെവ ഭാഷയി​ലുള്ള ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ കൂടാ​നുള്ള ക്രമീ​ക​ര​ണങ്ങൾ ഞങ്ങൾ ചെയ്‌തു. ഈ സഹോ​ദ​രങ്ങൾ തിരിച്ച്‌ മലാവി​യിൽ ചെന്ന്‌ കൺ​വെൻ​ഷ​നിൽ കേട്ട കാര്യ​ങ്ങ​ളൊ​ക്കെ അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങൾക്കു പറഞ്ഞു​കൊ​ടു​ക്കു​മാ​യി​രു​ന്നു. ഒരു പ്രാവ​ശ്യം അവർ അങ്ങനെ സിംബാ​ബ്‌വെ​യിൽ വന്നപ്പോൾ ധീരരായ ആ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രെ ബലപ്പെ​ടു​ത്താൻവേണ്ടി രാജ്യ​ശു​ശ്രൂ​ഷാ​സ്‌കൂ​ളും നടത്തി.

സിംബാ​ബ്‌വെ​യിൽ നടന്ന ചിചെവ/ഷോണ കൺ​വെൻ​ഷ​നിൽ ഞാൻ ചിചെവ ഭാഷയിൽ പ്രസംഗിക്കുന്നു

1975 ഫെബ്രു​വ​രി​യിൽ, ഞാൻ മൊസാ​മ്പി​ക്കി​ലേക്കു പോയി. മലാവി​യിൽനിന്ന്‌ ഓടി രക്ഷപ്പെട്ട്‌ അവിടെ ക്യാമ്പിൽ കഴിഞ്ഞി​രുന്ന സഹോ​ദ​ര​ങ്ങളെ കാണു​ക​യാ​യി​രു​ന്നു എന്റെ ലക്ഷ്യം. ആ സഹോ​ദ​രങ്ങൾ സംഘട​ന​യു​ടെ ഏറ്റവും പുതിയ നിർദേ​ശ​ങ്ങൾവരെ കൃത്യ​മാ​യി അനുസ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ മൂപ്പന്മാ​രു​ടെ സംഘത്തെ രൂപീ​ക​രി​ക്കാ​നുള്ള ഒരു നിർദേശം വന്നത്‌ ആയിട​യ്‌ക്കാണ്‌. അതു​പോ​ലും അവർ നടപ്പി​ലാ​ക്കി​യി​രു​ന്നു. പുതു​താ​യി നിയമി​ത​രായ മൂപ്പന്മാർ ആത്മീയ​പ്ര​വർത്ത​ന​ങ്ങൾക്കു സജീവ​മായ നേതൃ​ത്വം നൽകി. അവർ പൊതു​പ്ര​സം​ഗങ്ങൾ നടത്തി, സഹോ​ദ​ര​ങ്ങ​ളു​മാ​യി ദിനവാ​ക്യ​വും വീക്ഷാ​ഗോ​പു​ര​വും ചർച്ച ചെയ്‌തു, സമ്മേള​ന​ങ്ങൾപോ​ലും ക്രമീ​ക​രി​ച്ചു. അവരുടെ ക്യാമ്പ്‌ ഒരു കൺ​വെൻ​ഷൻ സ്ഥലം​പോ​ലെ​യാ​യി​രു​ന്നെന്നു പറയാം. ശുചീ​ക​ര​ണ​ത്തി​നും ഭക്ഷ്യവി​ത​ര​ണ​ത്തി​നും സുരക്ഷ​യ്‌ക്കും വേണ്ട എല്ലാം അവർ അവിടെ ചെയ്‌തി​രു​ന്നു. യഹോവ അവരെ എത്രമാ​ത്രം അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നെന്ന്‌ എനിക്കു നേരിൽ കാണാ​നാ​യി. ഇതൊക്കെ കണ്ട്‌ നിറഞ്ഞ മനസ്സോ​ടെ​യാ​ണു ഞാൻ അവി​ടെ​നിന്ന്‌ പോന്നത്‌.

ഏതാണ്ട്‌ 1980-ഓടെ സാംബിയ ബ്രാഞ്ച്‌ മലാവി​യി​ലെ പ്രവർത്ത​ന​ങ്ങൾക്കു മേൽനോ​ട്ടം വഹിക്കാൻതു​ടങ്ങി. പക്ഷേ അപ്പോ​ഴും മലാവി​യി​ലെ സഹോ​ദ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ ഞാൻ മിക്ക​പ്പോ​ഴും ചിന്തി​ക്കു​ക​യും അവർക്കു​വേണ്ടി പ്രാർഥി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. മറ്റു പല സഹോ​ദ​ര​ങ്ങ​ളും അങ്ങനെ​തന്നെ ചെയ്‌തി​രു​ന്നു. സിംബാ​ബ്‌വെ​യി​ലെ ഒരു ബ്രാഞ്ച്‌ കമ്മിറ്റി അംഗമാ​യി​രു​ന്ന​തു​കൊണ്ട്‌ എനിക്കു പലപ്പോ​ഴും ലോകാ​സ്ഥാ​ന​ത്തു​നി​ന്നുള്ള സഹോ​ദ​രങ്ങൾ വരു​മ്പോൾ മലാവി, സൗത്ത്‌ ആഫ്രിക്ക, സാംബിയ എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള ഉത്തരവാ​ദി​ത്വ​പ്പെട്ട സഹോ​ദ​ര​ങ്ങ​ളെ​യും കാണാൻ അവസരം ലഭിച്ചി​രു​ന്നു. ഓരോ തവണ കൂടി​വ​രു​മ്പോ​ഴും ഞങ്ങളുടെ ഒരു പ്രധാന ചർച്ചാ​വി​ഷയം, “മലാവി​യി​ലെ സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി കൂടു​ത​ലാ​യി എന്തു ചെയ്യാ​നാ​കും” എന്നതാ​യി​രു​ന്നു.

പതി​യെ​പ്പ​തി​യെ മലാവി​യി​ലുള്ള സഹോ​ദ​രങ്ങൾ അനുഭ​വി​ച്ചി​രുന്ന ഉപദ്ര​വങ്ങൾ കുറയാൻതു​ടങ്ങി. അതോടെ രാജ്യം​വിട്ട്‌ പോയി​രുന്ന പലരും തിരികെ വന്നു. അവിടെ താമസി​ച്ചി​രുന്ന സഹോ​ദ​ര​ങ്ങൾക്കും വലിയ ആശ്വാ​സ​മാ​യി. ചുറ്റു​മുള്ള പല രാജ്യ​ങ്ങ​ളി​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മേൽ ഉണ്ടായി​രുന്ന നിരോ​ധനം നീങ്ങു​ക​യും അവർക്കു നിയമാം​ഗീ​കാ​രം കിട്ടു​ക​യും ചെയ്‌തു. 1991-ൽ മൊസാ​മ്പി​ക്കി​ലു​ള്ള​വർക്കും സ്വാത​ന്ത്ര്യം ലഭിച്ചു. അതോടെ, ‘എന്നായി​രി​ക്കും മലാവി​യി​ലെ യഹോ​വ​യു​ടെ സാക്ഷി​കൾക്കു സ്വാത​ന്ത്ര്യം കിട്ടു​ന്നത്‌’ എന്നായി ഞങ്ങളുടെ ചിന്ത.

വീണ്ടും മലാവി​യി​ലേക്ക്‌. . .

കുറച്ച്‌ കാലം കഴിഞ്ഞ​പ്പോൾ മലാവി​യി​ലെ രാഷ്‌ട്രീയ സാഹച​ര്യ​മൊ​ക്കെ ഒന്നു മാറി. അങ്ങനെ 1993-ൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മേൽ ഉണ്ടായി​രുന്ന നിരോ​ധനം ഗവൺമെന്റ്‌ നീക്കി. അതു കഴിഞ്ഞ്‌ ഏറെ താമസി​യാ​തെ ഒരു മിഷന​റി​യോ​ടു സംസാ​രി​ച്ച​പ്പോൾ അദ്ദേഹം ചോദി​ച്ചു: “മലാവി​യി​ലേക്കു തിരിച്ച്‌ പോകു​ന്നു​ണ്ടോ?” എനിക്ക്‌ അപ്പോൾ 59 വയസ്സുണ്ട്‌. അതു​കൊണ്ട്‌ ഞാൻ പറഞ്ഞു: “ഇല്ല, എനിക്കു വയസ്സാ​യി​ല്ലേ?” എന്നാൽ അന്നുതന്നെ ഭരണസം​ഘ​ത്തിൽനിന്ന്‌ ഞങ്ങൾക്ക്‌ ഒരു കത്തു കിട്ടി. മലാവി​യി​ലേക്കു തിരികെ പോകാൻ ക്ഷണിച്ചു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു അത്‌.

സിംബാ​ബ്‌വെ​യിൽനിന്ന്‌ പോകു​ന്നതു ഞങ്ങൾക്ക്‌ ഒട്ടും എളുപ്പ​മാ​യി​രു​ന്നില്ല. കുറെ വർഷമാ​യി അവി​ടെ​യാ​യി​രു​ന്ന​തു​കൊണ്ട്‌ ഞങ്ങൾക്കു നല്ല കുറെ കൂട്ടു​കാ​രെ കിട്ടി​യി​രു​ന്നു. മാത്രമല്ല, അവിടത്തെ നിയമനം ഞങ്ങൾക്ക്‌ ഇഷ്ടവു​മാ​യി​രു​ന്നു. ഭരണസം​ഘം പറഞ്ഞതു ഞങ്ങൾക്ക്‌ ഇഷ്ടമാ​ണെ​ങ്കിൽ മാത്രം പോയാൽ മതി എന്നാണ്‌. അതു​കൊണ്ട്‌ വേണ​മെ​ങ്കിൽ സിംബാ​ബ്‌വെ​യിൽത്തന്നെ തുടരാൻ ഞങ്ങൾക്കു തീരു​മാ​നി​ക്കാ​മാ​യി​രു​ന്നു. എന്നാൽ ഞങ്ങൾ അബ്രാ​ഹാ​മി​ന്റെ​യും സാറയു​ടെ​യും കാര്യം ഓർത്തു. അവർക്കു നല്ല പ്രായ​മായ ശേഷമാണ്‌ യഹോവ അവരോ​ടു സ്വന്തം നാടും വീടും ഒക്കെ വിട്ട്‌ പോകാൻ പറഞ്ഞത്‌. യഹോവ കാണിച്ച വഴിയേ പോകു​ന്ന​തി​നു​വേണ്ടി അവർ എല്ലാം ഉപേക്ഷി​ക്കാൻ തയ്യാറാ​യി.—ഉൽപ. 12:1-5.

യഹോ​വ​യു​ടെ സംഘടന തരുന്ന നിർദേശം അനുസ​രി​ക്കാൻതന്നെ ഞങ്ങൾ തീരു​മാ​നി​ച്ചു. അങ്ങനെ 1995 ഫെബ്രു​വരി 1-ാം തീയതി ഞങ്ങൾ മലാവി​യിൽ തിരികെ എത്തി. 28 വർഷം മുമ്പ്‌ ഇതേ ദിവസ​മാ​ണു ഞങ്ങൾ ആദ്യമാ​യി മലാവി​യിൽ കാലു​കു​ത്തു​ന്നത്‌. തുടർന്ന്‌ അവിടെ ഒരു ബ്രാഞ്ച്‌ കമ്മിറ്റി രൂപീ​ക​രി​ച്ചു. ഞാനും മറ്റു രണ്ടു സഹോ​ദ​ര​ന്മാ​രും അതിലു​ണ്ടാ​യി​രു​ന്നു. പെട്ടെ​ന്നു​തന്നെ മലാവി​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്തനം ഊർജി​ത​മാ​ക്കാ​നുള്ള ശ്രമങ്ങൾ ഞങ്ങൾ തുടങ്ങി.

യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ ഉണ്ടായ വളർച്ച

യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ മലാവി​യി​ലെ പ്രചാ​ര​ക​രു​ടെ എണ്ണം പെട്ടെന്നു കൂടാൻതു​ടങ്ങി. 1993-ൽ ഏതാണ്ട്‌ 30,000 പ്രചാ​ര​കരേ അവി​ടെ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. എന്നാൽ 1998 b ആയപ്പോ​ഴേ​ക്കും പ്രചാ​ര​ക​രു​ടെ എണ്ണം 42,000-ത്തിലധി​ക​മാ​യി വർധിച്ചു. മലാവി​യി​ലെ പെട്ടെ​ന്നുള്ള ഈ വളർച്ച കണ്ടിട്ടു പുതി​യൊ​രു ബ്രാ​ഞ്ചോ​ഫീസ്‌ പണിയാൻ ഭരണസം​ഘം ഞങ്ങൾക്ക്‌ അനുമതി നൽകി. അങ്ങനെ ലിലൊ​ങ്വേ എന്ന സ്ഥലത്ത്‌ 30 ഏക്കർ വാങ്ങി. ബ്രാ​ഞ്ചോ​ഫീസ്‌ പണിയു​ന്ന​തി​നു​വേ​ണ്ടി​യുള്ള നിർമാ​ണ​ക്ക​മ്മി​റ്റി​യിൽ ഞാനും ഒരു അംഗമാ​യി​രു​ന്നു.

2001 മെയ്യിൽ പുതിയ ബ്രാ​ഞ്ചോ​ഫീ​സി​ന്റെ സമർപ്പണം നടന്നു. ഭരണസം​ഘ​ത്തിൽനി​ന്നുള്ള ഗൈ പിയേ​ഴ്‌സ്‌ സഹോ​ദ​ര​നാ​ണു സമർപ്പ​ണ​പ്ര​സം​ഗം നടത്തി​യത്‌. മലാവി​യി​ലെ 2,000-ത്തിലധി​കം സഹോ​ദ​രങ്ങൾ ആ പരിപാ​ടി​യിൽ പങ്കെടു​ത്തു. അവരിൽ മിക്കവ​രും സ്‌നാ​ന​മേ​റ്റിട്ട്‌ 40-ലേറെ വർഷം കഴിഞ്ഞി​രു​ന്നു. അവർ വർഷങ്ങ​ളോ​ളം കടുത്ത ഉപദ്രവം സഹിച്ച​വ​രാണ്‌. സാമ്പത്തി​ക​മാ​യി അവർക്ക്‌ ഏറെ​യൊ​ന്നും ഇല്ലായി​രു​ന്നെ​ങ്കി​ലും അവരുടെ വിശ്വാ​സം ശക്തമാ​യി​രു​ന്നു, അവർക്ക്‌ യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധമു​ണ്ടാ​യി​രു​ന്നു. പുതിയ ബഥേൽ സന്ദർശി​ക്കാൻ വന്ന അവരുടെ സന്തോഷം ഒന്നു കാണേ​ണ്ട​താ​യി​രു​ന്നു! എല്ലാം ചുറ്റി നടന്ന്‌ കാണു​ന്ന​തി​നി​ടെ ആഫ്രിക്കൻ ശൈലി​യിൽ അവർ രാജ്യ​ഗീ​തങ്ങൾ പാടു​ന്നു​ണ്ടാ​യി​രു​ന്നു. ഒരിക്ക​ലും മറക്കാൻ പറ്റാത്ത ഒരു അനുഭ​വ​മാ​യി​രു​ന്നു അത്‌. എന്തെല്ലാം പരി​ശോ​ധ​ന​ക​ളു​ണ്ടാ​യാ​ലും വിശ്വ​സ്‌ത​മാ​യി സഹിച്ചു​നിൽക്കു​ന്ന​വരെ യഹോവ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്കു​മെ​ന്ന​തി​ന്റെ ജീവി​ക്കുന്ന തെളി​വു​ക​ളാ​യി​രു​ന്നു അവർ ഓരോ​രു​ത്ത​രും.

മലാവി​യി​ലെ ബ്രാഞ്ചി​ന്റെ പണി കഴിഞ്ഞ​പ്പോൾ രാജ്യ​ഹാ​ളു​ക​ളു​ടെ സമർപ്പണം നടത്താ​നുള്ള നിയമനം എനിക്കു കിട്ടി​ത്തു​ടങ്ങി. സാമ്പത്തി​ക​മാ​യി അധിക​മൊ​ന്നും ഇല്ലാത്ത രാജ്യ​ങ്ങ​ളി​ലെ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്ന​തി​നു​വേ​ണ്ടി​യുള്ള പ്രത്യേക പരിപാ​ടി​യ​നു​സ​രിച്ച്‌ മലാവി​യി​ലെ സഹോ​ദ​ര​ങ്ങൾക്കു പുതിയ രാജ്യ​ഹാ​ളു​കൾ നിർമി​ക്കാ​നുള്ള അനുമതി കിട്ടി. മുമ്പ്‌ യൂക്കാ​ലി​പ്‌റ്റസ്‌ മരങ്ങൾകൊണ്ട്‌ ഉണ്ടാക്കിയ ഷെഡ്ഡി​ലാ​ണു ചില സഭകൾ മീറ്റി​ങ്ങു​കൾക്കാ​യി കൂടി​വ​ന്നി​രു​ന്നത്‌. മേൽക്കൂര പുല്ലു മേഞ്ഞതാ​യി​രി​ക്കും, ഇരിക്കാ​നു​ള്ളതു ബെഞ്ചു​ക​ളും. ഇപ്പോൾ അവർ ഉത്സാഹ​ത്തോ​ടെ ഇഷ്ടികകൾ ചുട്ടെ​ടുത്ത്‌ മനോ​ഹ​ര​മായ പുതിയ ഹാളുകൾ പണിയാൻ ആരംഭി​ച്ചു. എങ്കിലും ഇരിക്കാൻ ബെഞ്ചു​തന്നെ മതി​യെ​ന്നാ​യി​രു​ന്നു അവരുടെ അഭി​പ്രാ​യം. കാരണം ‘ബെഞ്ചി​ലാ​കു​മ്പോൾ എപ്പോ​ഴും ഒരാൾക്കു​കൂ​ടി ഇടം കാണും’ എന്ന്‌ ഒരു ചൊല്ല്‌ അവർക്കി​ട​യി​ലു​ണ്ടാ​യി​രു​ന്നു.

കൂടു​തൽക്കൂ​ടു​തൽ ആളുകൾ യഹോ​വ​യു​ടെ സഹായ​ത്താൽ ആത്മീയ​മാ​യി നല്ല പുരോ​ഗതി വരുത്തു​ന്നതു കാണു​ന്ന​തും എനിക്ക്‌ ഒരുപാ​ടു സന്തോഷം നൽകി. പ്രത്യേ​കിച്ച്‌ അവിടത്തെ ചെറു​പ്പ​ക്കാ​രായ സഹോ​ദ​ര​ന്മാർ യഹോ​വയെ സേവി​ക്കു​ന്ന​തി​നു​വേണ്ടി മനസ്സോ​ടെ മുന്നോ​ട്ടു വരുന്ന​തും സംഘട​ന​യി​ലൂ​ടെ ലഭിക്കുന്ന നല്ല പരിശീ​ലനം പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തും കാണാ​നാ​യി. അവർ സഭകളി​ലും ബഥേലി​ലും പലപല ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കു​ന്നു. കൂടാതെ, പുതു​താ​യി നിയമി​ത​രായ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ സഭയെ നല്ല രീതി​യിൽ ബലപ്പെ​ടു​ത്തി. അവരിൽ പലരും വിവാ​ഹി​ത​രാ​യി​രു​ന്നെ​ങ്കി​ലും യഹോ​വ​യു​ടെ സേവന​ത്തിൽ കൂടുതൽ ചെയ്യു​ന്ന​തി​നു​വേണ്ടി തത്‌കാ​ലം കുട്ടി​കളെ വളർത്തു​ന്ന​തി​ന്റെ സന്തോഷം വേണ്ടെ​ന്നു​വെ​ച്ചി​രി​ക്കു​ന്നു. നാട്ടു​കാ​രിൽനി​ന്നും വീട്ടു​കാ​രിൽനി​ന്നും ഒക്കെയുള്ള നിർബ​ന്ധ​മു​ണ്ടാ​യി​ട്ടും അവർ അവരുടെ തീരു​മാ​ന​ത്തിൽ ഉറച്ചു​നിൽക്കു​ക​യാണ്‌.

ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ത്ത​തിൽ സന്തോഷിക്കുന്നു

ആനി​ന്റെ​കൂ​ടെ ബ്രിട്ടൻ ബഥേലിൽ

ഞങ്ങൾ ആഫ്രി​ക്ക​യിൽ സേവി​ക്കാൻതു​ടങ്ങി 52 വർഷം കഴിഞ്ഞ​പ്പോ​ഴേ​ക്കും എനിക്കു ചില ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളൊ​ക്കെ ഉണ്ടായി. അതു​കൊണ്ട്‌ ഞങ്ങളെ ബ്രിട്ട​നി​ലേക്കു നിയമി​ക്കാ​മോ എന്നു ബ്രാഞ്ച്‌ കമ്മിറ്റി ഭരണസം​ഘ​ത്തോ​ടു ചോദി​ച്ചു. ഭരണസം​ഘം അതു സമ്മതിച്ചു. ആഫ്രി​ക്ക​യിൽനിന്ന്‌ പോരു​ന്നതു ഞങ്ങൾക്കു വലിയ സങ്കടമാ​യി​രു​ന്നു. കാരണം ഞങ്ങൾ അവിടം ഒരുപാട്‌ ഇഷ്ടപ്പെ​ട്ടി​രു​ന്നു. എന്നാൽ ബ്രിട്ട​നി​ലെ ബഥേൽക്കു​ടും​ബം വയസ്സായ ഞങ്ങളെ പൊന്നു​പോ​ലെ നോക്കു​ന്നുണ്ട്‌.

യഹോവ കാണിച്ച വഴിയേ പോകാൻ തീരു​മാ​നി​ച്ച​താ​ണു ഞാൻ ജീവി​ത​ത്തിൽ എടുത്ത ഏറ്റവും നല്ല തീരു​മാ​ന​മെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. സ്വന്തം ബുദ്ധി​യിൽ ആശ്രയി​ച്ചി​രു​ന്നെ​ങ്കിൽ എന്റെ ജീവിതം ഇങ്ങനെ​യൊ​ന്നും ആയിരി​ക്കി​ല്ലാ​യി​രു​ന്നു. എന്നാൽ ‘എന്റെ വഴികൾ നേരെ​യാ​ക്കാൻ’ ഏറ്റവും ആവശ്യം എന്താ​ണെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. (സുഭാ. 3:5, 6) ചെറു​പ്പ​ത്തിൽ ആ വലിയ കമ്പനി​യി​ലെ ജോലി​ക​ളൊ​ക്കെ പഠി​ച്ചെ​ടു​ക്കാൻ എനിക്കു വലിയ ആവേശം തോന്നി. എന്നാൽ അതി​നെ​ക്കാ​ളെ​ല്ലാം എത്രയോ വലി​യൊ​രു സംഘട​ന​യിൽനി​ന്നാണ്‌ എനിക്കു പരിശീ​ലനം കിട്ടി​യത്‌. യഹോ​വ​യു​ടെ ആ സംഘട​ന​യിൽ സന്തോ​ഷ​വും സംതൃ​പ്‌തി​യും നൽകുന്ന സേവനം ചെയ്യാൻ എനിക്കു കഴിഞ്ഞി​രി​ക്കു​ന്നു. ഇന്നുവരെ യഹോ​വയെ സേവി​ക്കാ​നാ​യ​തി​ലും ഇപ്പോ​ഴും അതിൽ തുടരാ​നാ​കു​ന്ന​തി​ലും എനിക്ക്‌ ഒരുപാട്‌ സന്തോ​ഷ​മുണ്ട്‌.

a മലാവിയിലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ചരിത്രം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വാർഷിക പുസ്‌തകം 1999, പേജ്‌ 148-223-ൽ കാണാം.

b മലാവിയിൽ ഇപ്പോൾ 1,00,000-ത്തിലധി​കം പ്രചാ​ര​ക​രുണ്ട്‌.