വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

പൗലോസ്‌ തന്നെത്തന്നെ ‘മാസം തികയാ​തെ പിറന്നവൻ’ എന്നു വിളി​ച്ചത്‌ എന്തു​കൊണ്ട്‌? (1 കൊരി​ന്ത്യർ 15:8)

യേശു “ഏറ്റവും ഒടുവിൽ, മാസം തികയാ​തെ പിറന്ന​വ​നെ​പ്പോ​ലുള്ള എനിക്കും പ്രത്യ​ക്ഷ​നാ​യി” എന്ന്‌ 1 കൊരി​ന്ത്യർ 15:8-ൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറയുന്നു. ഒരു ദർശന​ത്തിൽ സ്വർഗീ​യ​മ​ഹ​ത്ത്വ​ത്തി​ലുള്ള യേശു​വി​നെ കണ്ടപ്പോൾ തനിക്കു​ണ്ടായ അനുഭ​വ​ത്തെ​ക്കു​റി​ച്ചാ​ണു പൗലോസ്‌ ഇവിടെ പറയു​ന്നത്‌. എന്നാൽ ‘മാസം തികയാ​തെ പിറന്നവൻ’ എന്നു പറഞ്ഞ​പ്പോൾ പൗലോസ്‌ എന്താണ്‌ ഉദ്ദേശി​ച്ചത്‌? അതിനു നമ്മൾ മുമ്പ്‌ നൽകി​യി​രുന്ന വിശദീ​ക​രണം ഇതാണ്‌: ആത്മജീ​വ​നി​ലേ​ക്കുള്ള പുനരു​ത്ഥാ​നം അഥവാ ജനനം നടക്കു​ന്ന​തി​നു നൂറ്റാ​ണ്ടു​കൾക്കു മുമ്പു​തന്നെ, അതായത്‌ യേശു​വി​നെ ദർശന​ത്തിൽ കണ്ടപ്പോൾത്തന്നെ, പൗലോ​സിന്‌ അതു കിട്ടി​യ​തു​പോ​ലെ​യാ​യി. അതാണു പൗലോസ്‌ ഉദ്ദേശി​ച്ച​തെ​ന്നാ​ണു നമ്മൾ കരുതി​യി​രു​ന്നത്‌. എന്നാൽ ആ വാക്യ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ പഠിച്ച​പ്പോൾ ഈ വിശദീ​ക​ര​ണ​ത്തിന്‌ ഒരു മാറ്റം ആവശ്യ​മാ​ണെന്നു മനസ്സി​ലാ​യി.

ദർശനം കണ്ടപ്പോൾ തനിക്കു​ണ്ടായ മാറ്റ​ത്തെ​ക്കു​റി​ച്ചാ​ണു പൗലോസ്‌ ഇവിടെ സംസാ​രി​ക്കു​ന്നത്‌ എന്നതിനു സംശയ​മില്ല. എന്നാൽ ‘മാസം തികയാ​തെ പിറന്നവൻ’ എന്നു പറഞ്ഞ​പ്പോൾ എന്താണ്‌ അദ്ദേഹം ഉദ്ദേശി​ച്ചത്‌? അതിനു പല സാധ്യ​ത​ക​ളുണ്ട്‌. അതു നമുക്കു നോക്കാം.

അദ്ദേഹ​ത്തി​ന്റെ മാറ്റം പെട്ടെ​ന്നു​ള്ള​തും ഞെട്ടി​ക്കു​ന്ന​തും ആയിരു​ന്നു. മാസം തികയാ​തെ​യുള്ള കുഞ്ഞിന്റെ ജനനം തികച്ചും അപ്രതീ​ക്ഷി​ത​മാണ്‌. അതു​പോ​ലെ പുനരു​ത്ഥാ​ന​പ്പെട്ട യേശു​വി​നെ പൗലോസ്‌ കണ്ടതും വളരെ അപ്രതീ​ക്ഷി​ത​മാ​യി​ട്ടാണ്‌. ശൗൽ (പൗലോ​സി​ന്റെ മറ്റൊരു പേര്‌.) ക്രിസ്‌ത്യാ​നി​കളെ ഉപദ്ര​വി​ക്കു​ന്ന​തി​നു​വേണ്ടി ദമസ്‌കൊ​സി​ലേക്കു യാത്ര ചെയ്യു​ക​യാ​യി​രു​ന്നു. അപ്പോൾ, പുനരു​ത്ഥാ​ന​പ്പെട്ട യേശു​വി​നെ ഒരു ദർശന​ത്തിൽ കാണു​മെന്ന്‌ അദ്ദേഹം ഒട്ടും പ്രതീ​ക്ഷി​ച്ചില്ല. ആ ദർശനം പൗലോ​സിൽ ഉണ്ടാക്കിയ മാറ്റം അദ്ദേഹത്തെ മാത്രമല്ല അദ്ദേഹം ഉപദ്ര​വി​ക്കാൻ പോയ നഗരത്തി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലും അതിശ​യി​പ്പി​ച്ചു. ഇനി, ആ ദർശനം ഞെട്ടി​ക്കു​ന്ന​തു​മാ​യി​രു​ന്നു. താത്‌കാ​ലി​ക​മാ​യി അദ്ദേഹ​ത്തി​ന്റെ കാഴ്‌ച​പോ​ലും നഷ്ടപ്പെട്ടു.—പ്രവൃ. 9:1-9, 17-19.

പൗലോ​സി​ന്റേത്‌ “സമയം തെറ്റി​യുള്ള” ഒരു മാറ്റമാ​യി​രു​ന്നു. “മാസം തികയാ​തെ പിറന്ന” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദത്തെ “സമയം തെറ്റി ജനിച്ച” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താ​നാ​കും. “ആരും പ്രതീ​ക്ഷി​ക്കാത്ത സമയത്ത്‌ ഞാൻ പിറന്ന​തു​പോ​ലെ​യാ​യി​രു​ന്നു അത്‌” എന്നാണു യെരൂ​ശ​ലേം ബൈബിൾ അതു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ശൗൽ ക്രിസ്‌ത്യാ​നി​യാ​യ​പ്പോ​ഴേ​ക്കും യേശു പുനരു​ത്ഥാ​ന​പ്പെട്ട്‌ സ്വർഗ​ത്തി​ലേക്കു പോയി​ക്ക​ഴി​ഞ്ഞി​രു​ന്നു. പുനരു​ത്ഥാ​ന​പ്പെട്ട യേശു​വി​നെ കണ്ട ചില​രെ​ക്കു​റിച്ച്‌ ഈ വാക്യ​ത്തി​നു തൊട്ടു​മു​മ്പുള്ള വാക്യ​ങ്ങ​ളിൽ പൗലോസ്‌ പറയു​ന്നുണ്ട്‌. ആ സമയത്ത്‌ പൗലോസ്‌ യേശു​വി​നെ കണ്ടില്ല. (1 കൊരി. 15:4-8) എന്നാൽ പിന്നീട്‌ അപ്രതീ​ക്ഷി​ത​മായ ഒരു സമയത്ത്‌ യേശു പൗലോ​സി​നു പ്രത്യ​ക്ഷ​പ്പെ​ട്ടു​കൊണ്ട്‌ അതിനുള്ള ഒരു അവസരം കൊടു​ക്കു​ന്നു. അതു​കൊണ്ട്‌ അതിനെ ഒരർഥ​ത്തിൽ ‘സമയം തെറ്റി​യു​ള്ളത്‌’ എന്നു വിളി​ക്കാ​നാ​കും.

പൗലോസ്‌ തന്നെക്കു​റി​ച്ചു​തന്നെ താഴ്‌മ​യോ​ടെ സംസാ​രി​ക്കു​ക​യാ​യി​രു​ന്നു. പൗലോ​സി​ന്റെ ആ പ്രസ്‌താ​വ​ന​യെ​ക്കു​റിച്ച്‌ ചില പണ്ഡിത​ന്മാർ പറയു​ന്നത്‌ അദ്ദേഹം തന്നെത്തന്നെ വളരെ​യ​ധി​കം താഴ്‌ത്തി സംസാ​രി​ക്കു​ക​യാ​യി​രു​ന്നി​രി​ക്കാം എന്നാണ്‌. അതുത​ന്നെ​യാ​ണു പൗലോസ്‌ ഉദ്ദേശി​ച്ച​തെ​ങ്കിൽ ഒരു അപ്പോ​സ്‌ത​ല​നാ​യി​രി​ക്കാ​നുള്ള യോഗ്യത തനിക്കില്ല എന്ന്‌ അദ്ദേഹം സമ്മതി​ക്കു​ക​യാ​യി​രു​ന്നി​രി​ക്കണം. കാരണം ആ പ്രസ്‌താ​വ​ന​യ്‌ക്കു​ശേഷം അദ്ദേഹം പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ഞാൻ അപ്പോ​സ്‌ത​ല​ന്മാ​രിൽ ഏറ്റവും ചെറി​യ​വ​നാണ്‌. ദൈവ​ത്തി​ന്റെ സഭയെ ഉപദ്ര​വിച്ച ഞാൻ അപ്പോ​സ്‌തലൻ എന്നു വിളി​ക്ക​പ്പെ​ടാൻപോ​ലും യോഗ്യ​നല്ല. ഞാൻ ഞാനാ​യി​രി​ക്കു​ന്നതു ദൈവ​ത്തി​ന്റെ അനർഹദയ കാരണ​മാണ്‌.”—1 കൊരി. 15:9, 10.

അതു​കൊണ്ട്‌ ‘മാസം തികയാ​തെ പിറന്നവൻ’ എന്നു പൗലോസ്‌ പറഞ്ഞതു യേശു​വി​ന്റെ പ്രത്യ​ക്ഷ​പ്പെടൽ പെട്ടെ​ന്നു​ള്ള​തും ഞെട്ടി​ക്കു​ന്ന​തും ആയി അദ്ദേഹ​ത്തി​നു തോന്നി​യ​തു​കൊ​ണ്ടാ​യി​രി​ക്കാം. അല്ലെങ്കിൽ തനിക്കു​ണ്ടായ മാറ്റം സമയം തെറ്റി സംഭവി​ച്ച​താ​ണെന്നു ചിന്തി​ച്ച​തു​കൊ​ണ്ടാ​യി​രി​ക്കാം. അതുമ​ല്ലെ​ങ്കിൽ അത്രയും അതിശ​യ​ക​ര​മായ ഒരു ദർശനം കാണാ​നുള്ള യോഗ്യത തനിക്കില്ല എന്നു കരുതി​യ​തു​കൊ​ണ്ടാ​യി​രി​ക്കാം. എന്തായാ​ലും പൗലോസ്‌ തനിക്കു​ണ്ടായ ഈ അനുഭ​വത്തെ വളരെ പ്രധാ​ന​പ്പെട്ട ഒന്നായി കണക്കാക്കി എന്നതിനു സംശയ​മില്ല. യേശു മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നെന്ന കാര്യം ഒരു സംശയ​വും കൂടാതെ മനസ്സി​ലാ​ക്കാൻ ആ ദർശനം പൗലോ​സി​നെ സഹായി​ച്ചു. അതു​കൊ​ണ്ടു​ത​ന്നെ​യാ​ണു യേശു​വി​ന്റെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ സംസാ​രിച്ച പല സന്ദർഭ​ങ്ങ​ളി​ലും അദ്ദേഹം തനിക്കു​ണ്ടായ ഈ അപ്രതീ​ക്ഷിത അനുഭ​വ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറഞ്ഞത്‌.—പ്രവൃ. 22:6-11; 26:13-18.