വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 1

ദൈവ​ത്തി​ന്റെ ‘വചനത്തി​ലു​ള്ളതു സത്യമാ​ണെന്ന്‌’ ഉറച്ചു​വി​ശ്വ​സി​ക്കുക

ദൈവ​ത്തി​ന്റെ ‘വചനത്തി​ലു​ള്ളതു സത്യമാ​ണെന്ന്‌’ ഉറച്ചു​വി​ശ്വ​സി​ക്കുക

2023-ലെ വാർഷി​ക​വാ​ക്യം: “സത്യം—അതാണ്‌ അങ്ങയുടെ വചനത്തി​ന്റെ സാരാം​ശം.”—സങ്കീ. 119:160.

ഗീതം 96 ദൈവ​ത്തി​ന്റെ സ്വന്തം പുസ്‌തകം—ഒരു നിധി

ചുരുക്കം a

1. പലർക്കും ഇന്നു ബൈബി​ളി​ലുള്ള വിശ്വാ​സം നഷ്ടമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

 ആരെ വിശ്വ​സി​ക്ക​ണ​മെന്ന്‌ പലർക്കും ഇന്ന്‌ അറിയില്ല. സമൂഹം വളരെ ആദര​വോ​ടെ കാണുന്ന രാഷ്‌ട്രീ​യ​ക്കാ​രും ശാസ്‌ത്ര​ജ്ഞ​രും ബിസി​നെ​സ്സു​കാ​രും ഒക്കെ ശരിക്കും തങ്ങളുടെ കാര്യ​ത്തിൽ താത്‌പ​ര്യ​മു​ള്ള​വ​രാ​ണോ എന്ന്‌ അവർക്കു സംശയ​മുണ്ട്‌. ഇനി, ക്രിസ്‌തീ​യ​മെന്ന്‌ അവകാ​ശ​പ്പെ​ടുന്ന മതങ്ങളി​ലെ പുരോ​ഹി​ത​ന്മാ​രു​ടെ കാര്യ​മെ​ടു​ത്താ​ലോ? അവർ ബൈബിൾ അനുസ​രി​ക്കു​ന്നെ​ന്നും ബൈബി​ളിൽ വിശ്വ​സി​ക്കു​ന്നെ​ന്നും അവകാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അവരുടെ ജീവി​ത​രീ​തി മറ്റൊ​ന്നാണ്‌. അതു​കൊ​ണ്ടു​തന്നെ ആളുകൾക്കു ബൈബി​ളി​ലുള്ള വിശ്വാ​സ​വും നഷ്ടമാ​യി​രി​ക്കു​ന്നു.

2. സങ്കീർത്തനം 119:160 പറയു​ന്ന​ത​നു​സ​രിച്ച്‌ ഏതു കാര്യ​ത്തിൽ നമുക്കു ബോധ്യ​മു​ണ്ടാ​യി​രി​ക്കണം?

2 യഹോവ ‘സത്യത്തി​ന്റെ ദൈവ​മാ​ണെ​ന്നും’ എപ്പോ​ഴും നമ്മുടെ നന്മയാണ്‌ ആഗ്രഹി​ക്കു​ന്ന​തെ​ന്നും ദൈവ​ദാ​സ​രായ നമുക്ക്‌ അറിയാം. (സങ്കീ. 31:5; യശ. 48:17) ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ വിശ്വ​സി​ക്കാ​നാ​കു​മെന്നു നമുക്കു ബോധ്യ​മുണ്ട്‌. കാരണം, ‘സത്യം—അതാണു ദൈവ​വ​ച​ന​ത്തി​ന്റെ സാരാം​ശം.’ b (സങ്കീർത്തനം 119:160 വായി​ക്കുക.) ഒരു ബൈബിൾപ​ണ്ഡി​തൻ പറഞ്ഞതി​നോ​ടു നമ്മളും യോജി​ക്കും. അദ്ദേഹം എഴുതി: “ദൈവം പറഞ്ഞി​ട്ടു​ള്ള​തൊ​ന്നും നുണയല്ല. അവ ഒരിക്ക​ലും നടക്കാ​തി​രി​ക്കില്ല. ദൈവ​ജ​ന​ത്തി​നു ദൈവത്തെ വിശ്വാ​സ​മാ​യ​തു​കൊണ്ട്‌ ദൈവം പറയുന്ന കാര്യ​ങ്ങ​ളി​ലും വിശ്വ​സി​ക്കാ​നാ​കു​ന്നു.”

3. ഈ ലേഖന​ത്തിൽ നമ്മൾ എന്താണു പഠിക്കു​ന്നത്‌?

3 ദൈവ​വ​ച​ന​ത്തിൽ നമുക്കുള്ള അതേ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ നമുക്ക്‌ എങ്ങനെ മറ്റുള്ള​വരെ സഹായി​ക്കാം? നമുക്ക്‌ ഇപ്പോൾ ബൈബി​ളിൽ വിശ്വ​സി​ക്കാ​വു​ന്ന​തി​ന്റെ മൂന്നു കാരണ​ങ്ങ​ളെ​ക്കു​റിച്ച്‌ നോക്കാം. ഒന്ന്‌, ബൈബി​ളി​ന്റെ സന്ദേശ​ത്തി​നു മാറ്റം വന്നിട്ടില്ല. രണ്ട്‌, ബൈബിൾപ്ര​വ​ച​നങ്ങൾ കൃത്യ​മാ​യി നിറ​വേ​റി​യി​രി​ക്കു​ന്നു. മൂന്ന്‌, ആളുക​ളു​ടെ ജീവി​ത​ത്തി​നു മാറ്റം വരുത്താ​നുള്ള ശക്തി ബൈബി​ളി​നുണ്ട്‌.

ബൈബി​ളി​ന്റെ സന്ദേശ​ത്തി​നു മാറ്റം വന്നിട്ടില്ല

4. ബൈബി​ളി​നു മാറ്റം വന്നിട്ടു​ണ്ടെന്നു ചിലർ ചിന്തി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4 ഏതാണ്ട്‌ 40 വിശ്വ​സ്‌ത​പു​രു​ഷ​ന്മാ​രെ ഉപയോ​ഗി​ച്ചാണ്‌ യഹോവ ബൈബിൾപു​സ്‌ത​കങ്ങൾ എഴുതി​ച്ചത്‌. എന്നാൽ അവർ അന്ന്‌ എഴുതിയ ഒരു കൈ​യെ​ഴു​ത്തു​പ്ര​തി​പോ​ലും ഇപ്പോ​ഴില്ല. c ഇന്നു ലഭ്യമാ​യി​രി​ക്കു​ന്നത്‌ അവയുടെ പകർപ്പു​ക​ളു​ടെ പകർപ്പു​ക​ളാണ്‌. അതു​കൊണ്ട്‌ ചില​രെ​ങ്കി​ലും ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘ദൈവ​ദാ​സ​ന്മാർ അന്ന്‌ എഴുതിയ അതേ കാര്യ​ങ്ങൾത​ന്നെ​യാ​ണോ ഇന്നത്തെ ബൈബി​ളി​ലു​ള്ളത്‌?’ നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും അങ്ങനെ​യൊ​രു സംശയം തോന്നി​യി​ട്ടു​ണ്ടോ?

എബ്രായതിരുവെഴുത്തുകളുടെ പകർപ്പെ​ഴു​ത്തു​കാർ ദൈവ​വ​ചനം കൃത്യ​മാ​യി പകർത്തി​യെ​ഴു​തു​ന്ന​തി​നു നല്ല ശ്രമം ചെയ്‌തു (5-ാം ഖണ്ഡിക കാണുക)

5. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ പകർപ്പു​കൾ എങ്ങനെ​യാ​ണു തയ്യാറാ​ക്കി​യത്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

5 ബൈബി​ളി​ന്റെ സന്ദേശം സംരക്ഷി​ക്കു​ന്ന​തി​നു​വേണ്ടി അതിന്റെ പകർപ്പു​കൾ ഉണ്ടാക്കാൻ യഹോവ ആവശ്യ​പ്പെട്ടു. ഇസ്രാ​യേ​ലി​ലെ രാജാ​ക്ക​ന്മാർ തങ്ങളുടെ ഉപയോ​ഗ​ത്തി​നു​വേണ്ടി ദൈവ​നി​യ​മ​ത്തി​ന്റെ പകർപ്പ്‌ എഴുതി​യു​ണ്ടാ​ക്ക​ണ​മാ​യി​രു​ന്നു. ഇനി, ആ നിയമം ജനത്തെ പഠിപ്പി​ക്കാൻ യഹോവ ലേവ്യ​രോട്‌ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. (ആവ. 17:18; 31:24-26; നെഹ. 8:7) പിന്നീട്‌, ജൂതന്മാർ ബാബി​ലോ​ണി​ലെ പ്രവാ​സ​ത്തിൽനിന്ന്‌ മടങ്ങി​വ​ന്ന​തി​നു ശേഷം പകർപ്പെ​ഴു​ത്തു​കാർ (ശാസ്‌ത്രി​മാർ) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ അനേകം പ്രതികൾ ഉണ്ടാക്കാൻതു​ടങ്ങി. (എസ്ര 7:6, അടിക്കു​റിപ്പ്‌) അവർ ശ്രദ്ധ​യോ​ടെ​യാണ്‌ അതു ചെയ്‌തത്‌. പിന്നീ​ടു​വന്ന പകർപ്പെ​ഴു​ത്തു​കാർ വാക്കുകൾ മാത്രമല്ല അക്ഷരങ്ങൾപോ​ലും എണ്ണിത്തി​ട്ട​പ്പെ​ടു​ത്താൻതു​ടങ്ങി. അങ്ങനെ​യാണ്‌ അവർ തിരു​വെ​ഴു​ത്തു​ക​ളു​ടെ കൃത്യത ഉറപ്പു​വ​രു​ത്തി​യത്‌. ഇങ്ങനെ​യൊ​ക്കെ ചെയ്‌തെ​ങ്കി​ലും മനുഷ്യർ അപൂർണ​രാ​യ​തു​കൊണ്ട്‌ ചെറിയ ചില തെറ്റുകൾ കടന്നു​കൂ​ടി​യി​ട്ടുണ്ട്‌. എന്നാൽ ഒരേ ഭാഗത്തി​ന്റെ​തന്നെ പല പകർപ്പു​ക​ളു​ള്ള​തു​കൊണ്ട്‌ പിൽക്കാ​ലത്ത്‌ ആ തെറ്റുകൾ കണ്ടെത്താ​നാ​യി. എങ്ങനെ?

6. ബൈബിൾ പകർത്തി​യെ​ഴു​തി​യ​പ്പോൾ ഉണ്ടായി​ട്ടുള്ള തെറ്റുകൾ എങ്ങനെ കണ്ടെത്താ​നാ​കും?

6 ബൈബി​ളി​ലെ ചില ഭാഗങ്ങൾ പകർത്തി​യെ​ഴു​തി​യ​പ്പോൾ വന്നിരി​ക്കുന്ന തെറ്റുകൾ കണ്ടെത്താൻ ഇക്കാലത്തെ പണ്ഡിത​ന്മാർ നല്ലൊരു വഴി കണ്ടുപി​ടി​ച്ചി​ട്ടുണ്ട്‌. അതു മനസ്സി​ലാ​ക്കാൻ ഒരു ദൃഷ്ടാന്തം നോക്കുക. ഒരു പേജിലെ വിവരങ്ങൾ 100 പേരെ​ക്കൊണ്ട്‌ പകർത്തി​യെ​ഴു​തി​ക്കു​ന്നെ​ന്നി​രി​ക്കട്ടെ. ഒരാൾ എഴുതി​യ​പ്പോൾ അതിൽ ചെറി​യൊ​രു തെറ്റു​വന്നു. അതു കണ്ടുപി​ടി​ക്കാ​നുള്ള ഒരു മാർഗം, ബാക്കി എല്ലാവ​രും എഴുതി​യ​തു​മാ​യി അയാൾ എഴുതി​യത്‌ ഒത്തു​നോ​ക്കുക എന്നതാണ്‌. അതു​പോ​ലെ, പല ബൈബിൾ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ ഒത്തു​നോ​ക്കു​ന്ന​തി​ലൂ​ടെ, പകർത്തി​യെ​ഴു​തി​യ​പ്പോൾ ആർക്കെ​ങ്കി​ലും തെറ്റു പറ്റുക​യോ എന്തെങ്കി​ലും വിട്ടു​പോ​കു​ക​യോ ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ അതു കണ്ടെത്താൻ പണ്ഡിത​ന്മാർക്കു കഴിയു​ന്നു.

7. ബൈബിൾ പകർത്തി​യെ​ഴു​തി​യവർ എത്ര കൃത്യ​ത​യോ​ടെ​യാണ്‌ അതു ചെയ്‌തത്‌?

7 ബൈബിൾ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ പകർത്തി​യെ​ഴു​തി​യവർ അതിന്റെ കൃത്യത ഉറപ്പു​വ​രു​ത്തു​ന്ന​തി​നു​വേണ്ടി നന്നായി ശ്രമിച്ചു. അതു തെളി​യി​ക്കുന്ന ഒരു ഉദാഹ​രണം നോക്കാം. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ഏറ്റവും പഴയ സമ്പൂർണ കൈ​യെ​ഴു​ത്തു​പ്രതി എ.ഡി. 1008-ലെയോ 1009-ലെയോ ആണ്‌. ലെനിൻഗ്രാഡ്‌ കോഡ​ക്‌സ്‌ എന്നാണ്‌ അതിനെ വിളി​ക്കു​ന്നത്‌. എന്നാൽ അടുത്ത​കാ​ലത്ത്‌ പല ബൈബിൾ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും അത്തരം പ്രതി​ക​ളു​ടെ ചില ഭാഗങ്ങ​ളും കണ്ടെത്തി. അവയ്‌ക്ക്‌ ലെനിൻഗ്രാഡ്‌ കോഡ​ക്‌സി​നെ​ക്കാൾ 1,000 വർഷ​മെ​ങ്കി​ലും പഴക്കമുണ്ട്‌. ആ 1,000 വർഷത്തി​നി​ട​യ്‌ക്കു പല തവണ പകർത്തി​യെ​ഴു​തി​യ​തു​കൊണ്ട്‌ ലെനിൻഗ്രാഡ്‌ കോഡ​ക്‌സ്‌ തയ്യാറാ​ക്കി​യ​പ്പോ​ഴേ​ക്കും തിരു​വെ​ഴു​ത്തു​ക​ളിൽ വലിയ മാറ്റങ്ങൾ വന്നിട്ടു​ണ്ടാ​കു​മെന്നു പലരും ചിന്തി​ച്ചേ​ക്കാം. എന്നാൽ പഴയ ആ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും ലെനിൻഗ്രാഡ്‌ കോഡ​ക്‌സും താരത​മ്യം ചെയ്‌ത​പ്പോൾ പണ്ഡിത​ന്മാർക്ക്‌ ഒരു കാര്യം മനസ്സി​ലാ​യി: വാക്കു​ക​ളിൽ ചില മാറ്റങ്ങൾ കാണു​ന്നു​ണ്ടെ​ങ്കി​ലും ബൈബി​ളി​ന്റെ ആശയത്തിന്‌ ഒരു വ്യത്യാ​സ​വും വന്നിട്ടില്ല.

8. ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും അക്കാലത്തെ മറ്റു പുസ്‌ത​ക​ങ്ങ​ളും താരത​മ്യം ചെയ്യു​മ്പോൾ നമുക്ക്‌ എന്തു വ്യത്യാ​സം കാണാം?

8 എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ പകർത്തി​യെ​ഴു​തി​യ​വ​രു​ടെ അതേ മാതൃക ആദ്യകാല ക്രിസ്‌ത്യാ​നി​ക​ളും അനുക​രി​ച്ചു. അവർ വളരെ ശ്രദ്ധ​യോ​ടെ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളി​ലെ 27 പുസ്‌ത​ക​ങ്ങ​ളു​ടെ​യും കോപ്പി​കൾ ഉണ്ടാക്കി. അവയാണ്‌ അവർ യോഗ​ങ്ങ​ളി​ലും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലും ഉപയോ​ഗി​ച്ചി​രു​ന്നത്‌. ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും അക്കാലത്തെ മറ്റു പുസ്‌ത​ക​ങ്ങ​ളും താരത​മ്യം ചെയ്‌തിട്ട്‌ ഒരു പണ്ഡിതൻ പറഞ്ഞത്‌, “പൊതു​വേ നോക്കി​യാൽ മറ്റു പുസ്‌ത​ക​ങ്ങളെ അപേക്ഷിച്ച്‌ (ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ) കൂടുതൽ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ ഇന്നു ലഭ്യമാണ്‌, . . . അവ ഏതാണ്ട്‌ പൂർണ​രൂ​പ​ത്തി​ലു​മാണ്‌” എന്നാണ്‌. പുതിയ നിയമ​ത്തി​ന്റെ ഘടന (ഇംഗ്ലീഷ്‌ ) എന്ന പുസ്‌തകം ഇങ്ങനെ പറയുന്നു: “(ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ) ആശ്രയ​യോ​ഗ്യ​മായ ആധുനി​ക​പ​രി​ഭാ​ഷ​ക​ളിൽ കാണുന്ന വിവരങ്ങൾ അതിന്റെ എഴുത്തു​കാർ എഴുതിയ അതേ സന്ദേശം​ത​ന്നെ​യാ​ണെന്ന്‌ ഉറച്ചു​വി​ശ്വ​സി​ക്കാം.”

9. യശയ്യ 40:8 പറയു​ന്ന​ത​നു​സ​രിച്ച്‌ ബൈബി​ളി​ന്റെ സന്ദേശ​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു പറയാം?

9 ബൈബി​ളി​ന്റെ കോപ്പി​കൾ ഉണ്ടാക്കാൻ ഒരുപാ​ടു പകർപ്പെ​ഴു​ത്തു​കാർ നൂറു​ക​ണ​ക്കി​നു വർഷങ്ങൾ വളരെ ശ്രദ്ധ​യോ​ടെ അധ്വാ​നി​ച്ചു. അതു​കൊ​ണ്ടാണ്‌ ഇത്ര കൃത്യ​ത​യുള്ള ഒരു ബൈബിൾ നമുക്കു കിട്ടി​യി​രി​ക്കു​ന്നത്‌. d ബൈബിൾ നമുക്കു ലഭ്യമാ​ക്കാ​നും അതു കൃത്യ​ത​യു​ള്ള​താ​ണെന്ന്‌ ഉറപ്പു​വ​രു​ത്താ​നും യഹോ​വ​യാ​ണു പ്രവർത്തി​ച്ച​തെന്ന്‌ ഉറപ്പാണ്‌. (യശയ്യ 40:8 വായി​ക്കുക.) എന്നാൽ ചിലർ ഇങ്ങനെ പറഞ്ഞേ​ക്കാം: ‘ബൈബി​ളി​ന്റെ സന്ദേശ​ത്തി​നു മാറ്റ​മൊ​ന്നും വന്നിട്ടില്ല എന്നുള്ളതു ശരിയാ​യി​രി​ക്കാം. പക്ഷേ അതു​കൊണ്ട്‌ മാത്രം അതു ദൈവ​ത്തിൽനി​ന്നു​ള്ള​താ​ണെന്നു പറയാ​നാ​കു​മോ?’ നമുക്ക്‌ ഇപ്പോൾ ബൈബിൾ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താണ്‌ എന്നതിന്റെ ചില തെളി​വു​കൾ നോക്കാം.

പ്രവച​നങ്ങൾ കൃത്യ​മാ​യി നിറവേറിയിരിക്കുന്നു

ഇടത്ത്‌: C. Sappa/DeAgostini/Getty Images; വലത്ത്‌: Image © Homo Cosmicos/Shutterstock

ബൈബിൾപ്ര​വ​ച​നങ്ങൾ മുമ്പ്‌ നിറ​വേ​റി​യി​ട്ടുണ്ട്‌, ഇപ്പോൾ നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു (10-11 ഖണ്ഡികകൾ കാണുക) f

10. 2 പത്രോസ്‌ 1:21-ലെ വാക്കുകൾ സത്യമാണ്‌ എന്നതിന്റെ ഒരു ഉദാഹ​രണം പറയുക. (ചിത്രങ്ങൾ കാണുക.)

10 ഇപ്പോൾത്തന്നെ നിറ​വേ​റി​യി​ട്ടുള്ള പല പ്രവച​ന​ങ്ങ​ളും ബൈബി​ളി​ലുണ്ട്‌. അവയിൽ പലതും എഴുതി​യതു സംഭവം നടക്കു​ന്ന​തി​നു നൂറു​ക​ണ​ക്കി​നു വർഷങ്ങൾക്കു മുമ്പാണ്‌. എന്നാൽ അവയെ​ല്ലാം കൃത്യ​മാ​യി സംഭവി​ച്ചെന്നു ചരി​ത്ര​ത്തിൽനിന്ന്‌ മനസ്സി​ലാ​ക്കാം. നമുക്ക്‌ അതിൽ അതിശ​യ​മില്ല. കാരണം ബൈബി​ളിൽ എഴുതി​യി​ട്ടുള്ള ഈ പ്രവച​നങ്ങൾ ദൈവ​മായ യഹോ​വ​യിൽനി​ന്നു​ള്ള​താ​ണെന്നു നമുക്ക്‌ അറിയാം. (2 പത്രോസ്‌ 1:21 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌, പുരാതന ബാബി​ലോൺ നഗര​ത്തെ​ക്കു​റി​ച്ചുള്ള ചില പ്രവച​നങ്ങൾ നമുക്കു നോക്കാം. ആ നഗരം പിടി​ച്ച​ട​ക്ക​പ്പെ​ടു​മെന്നു ദൈവ​പ്ര​ചോ​ദി​ത​നാ​യി യശയ്യ പ്രവാ​ചകൻ ബി.സി. എട്ടാം നൂറ്റാ​ണ്ടിൽ മുൻകൂ​ട്ടി​പ്പ​റഞ്ഞു. അദ്ദേഹം അത്‌ എഴുതുന്ന സമയത്ത്‌ ബാബി​ലോൺ ശക്തമായ ഒരു നഗരമാ​യി​രു​ന്നു. അതു പിടി​ച്ച​ട​ക്കുന്ന വ്യക്തി​യു​ടെ പേര്‌ കോ​രെശ്‌ എന്നായി​രി​ക്കു​മെ​ന്നു​പോ​ലും യശയ്യ മുൻകൂ​ട്ടി​പ്പ​റഞ്ഞു. എങ്ങനെ​യാ​യി​രി​ക്കും അദ്ദേഹം അതു ചെയ്യു​ന്ന​തെ​ന്നും പറഞ്ഞി​രു​ന്നു. (യശ. 44:27–45:2) കൂടാതെ, ആ നഗരം പിന്നീടു നശിപ്പി​ക്ക​പ്പെ​ടു​മെ​ന്നും ഒരിക്ക​ലും അവിടെ ആൾത്താ​മസം ഉണ്ടാകി​ല്ലെ​ന്നും യശയ്യ എഴുതി. (യശ. 13:19, 20) അത്‌ അങ്ങനെ​തന്നെ സംഭവി​ക്കു​ക​യും ചെയ്‌തു. ബി.സി. 539-ൽ മേദ്യ​രും പേർഷ്യ​ക്കാ​രും ബാബി​ലോൺ കീഴടക്കി. ഒരിക്കൽ വളരെ പ്രതാ​പ​ത്തി​ലി​രുന്ന ആ നഗരത്തി​ന്റെ സ്ഥാനത്ത്‌ ഇന്നു നാശാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ഒരു കൂമ്പാരം മാത്രമേ ഉള്ളൂ.ജീവിതം ആസ്വദി​ക്കാം പുസ്‌ത​ക​ത്തി​ലെ പാഠം 3 പോയിന്റ്‌ 5-ൽനിന്ന്‌ ബാബി​ലോ​ണി​ന്റെ നാശം എന്ന വീഡി​യോ കാണുക.

11. ദാനി​യേൽ 2:41-43-ലെ പ്രവചനം ഇന്നു നിറ​വേ​റു​ന്നത്‌ എങ്ങനെ?

11 കഴിഞ്ഞ​കാ​ല​ങ്ങ​ളിൽ മാത്രമല്ല ഇന്നും ബൈബിൾപ്ര​വ​ച​നങ്ങൾ നിറ​വേ​റു​ന്നതു നമുക്കു കാണാം. ഉദാഹ​ര​ണ​ത്തിന്‌, ആംഗ്ലോ-അമേരി​ക്കൻ ലോക​ശ​ക്തി​യെ​ക്കു​റി​ച്ചുള്ള ദാനി​യേൽ പ്രവചനം നോക്കുക. (ദാനി​യേൽ 2:41-43 വായി​ക്കുക.) അതിൽ പ്രതി​മ​യു​ടെ പാദം ഭാഗി​ക​മാ​യി ഇരുമ്പും ഭാഗി​ക​മാ​യി കളിമ​ണ്ണും കൊണ്ടാ​ണെന്നു പറഞ്ഞി​രി​ക്കു​ന്നു. അതു സൂചി​പ്പി​ച്ചത്‌ ആ ലോക​ശക്തി “ഭാഗി​ക​മാ​യി ബലമു​ള്ള​തും ഭാഗി​ക​മാ​യി ദുർബ​ല​വും” ആയിരി​ക്കു​മെ​ന്നാണ്‌. ആ പ്രവചനം കൃത്യ​മാ​യി നിറ​വേ​റു​ന്നതു നമ്മൾ ഇന്നു കാണുന്നു. ബ്രിട്ട​നും അമേരി​ക്ക​യും തങ്ങൾക്ക്‌ ഇരുമ്പി​ന്റേ​തു​പോ​ലുള്ള ശക്തിയു​ണ്ടെന്നു തെളി​യി​ച്ചു. കാരണം രണ്ടു ലോക​മ​ഹാ​യു​ദ്ധ​ങ്ങ​ളി​ലും നേടിയ വിജയ​ത്തിൽ അവർക്കു വലി​യൊ​രു പങ്കുണ്ടാ​യി​രു​ന്നു. കൂടാതെ അവർ വലിയ സൈനി​ക​ശ​ക്തി​യാ​യി തുടരു​ക​യും ചെയ്യുന്നു. എന്നാൽ അതിന്റെ ശക്തിയെ ചോർത്തി​ക്ക​ള​യുന്ന പലതും ഇന്നു നടക്കു​ന്നുണ്ട്‌. ഈ ലോക​ശ​ക്തി​യു​ടെ കീഴി​ലുള്ള ജനങ്ങൾ പൗരാ​വ​കാശ പ്രക്ഷോ​ഭ​ങ്ങ​ളി​ലൂ​ടെ​യും തൊഴി​ലാ​ളി​യൂ​ണി​യ​നു​ക​ളി​ലൂ​ടെ​യും സ്വാത​ന്ത്ര്യ​പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യും അവരുടെ അവകാ​ശങ്ങൾ നേടി​യെ​ടു​ക്കാൻ ശ്രമി​ക്കു​ന്നു. ലോക​ത്തി​ലെ രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങൾ വിശക​ലനം ചെയ്യുന്ന ഒരു വിദഗ്‌ധൻ അടുത്തി​ടെ ഇങ്ങനെ പറഞ്ഞു: “അമേരി​ക്ക​യെ​പ്പോ​ലെ ഇത്രയ​ധി​കം രാഷ്‌ട്രീ​യ​മാ​യി ഭിന്നി​ച്ചി​രി​ക്കുന്ന, സ്വത​ന്ത്ര​മാ​യി പ്രവർത്തി​ക്കാൻ കഴിയാത്ത മറ്റൊരു ജനാധി​പ​ത്യ​രാ​ജ്യ​വും ഇക്കാലത്ത്‌ ഇല്ലെന്നു​തന്നെ പറയാം.” ഇനി, ഈ ലോക​ശ​ക്തി​യു​ടെ മറ്റേ ഭാഗമായ ബ്രിട്ടന്റെ കാര്യ​മോ? അടുത്ത​കാ​ല​ത്താ​യി അതു വളരെ വിഭജി​ത​മാണ്‌. യൂറോ​പ്യൻ യൂണി​യ​നിൽ അംഗങ്ങ​ളാ​യുള്ള മറ്റു രാജ്യ​ങ്ങ​ളു​മാ​യി എങ്ങനെ​യുള്ള ഒരു ബന്ധം നിലനി​റു​ത്തണം എന്ന കാര്യ​ത്തിൽ ജനങ്ങൾക്കി​ട​യിൽ പല അഭി​പ്രാ​യ​ങ്ങ​ളു​ള്ള​താണ്‌ അതിനു കാരണം. ഇത്തരം ഭിന്നത​ക​ളൊ​ക്കെ​യു​ള്ള​തു​കൊണ്ട്‌ ആംഗ്ലോ-അമേരി​ക്കൻ ലോക​ശ​ക്തി​ക്കു പെട്ടെ​ന്നൊ​രു തീരു​മാ​ന​മെ​ടുത്ത്‌ പ്രവർത്തി​ക്കാൻ പലപ്പോ​ഴും കഴിയാ​തെ​വ​രു​ന്നു.

12. ബൈബിൾപ്ര​വ​ച​നങ്ങൾ ഏതു കാര്യ​ത്തിന്‌ ഉറപ്പു​ത​രു​ന്നു?

12 ഒരുപാ​ടു ബൈബിൾപ്ര​വ​ച​നങ്ങൾ ഇതി​നോ​ടകം നിറ​വേ​റി​യി​ട്ടുണ്ട്‌. അതു ഭാവി​യെ​ക്കു​റിച്ച്‌ ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന കാര്യങ്ങൾ നടക്കു​മെന്ന നമ്മുടെ വിശ്വാ​സം ശക്തമാ​ക്കു​ന്നു. സങ്കീർത്ത​ന​ക്കാ​രനു തോന്നി​യ​തു​പോ​ലെ​യാ​യി​രി​ക്കാം നമുക്കും തോന്നു​ന്നത്‌. അദ്ദേഹം പ്രാർഥ​ന​യിൽ യഹോ​വ​യോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ പ്രത്യാശ വെക്കു​ന്നതു തിരു​വ​ച​ന​ത്തി​ലാ​യ​തു​കൊണ്ട്‌ അങ്ങയിൽനി​ന്നുള്ള രക്ഷയ്‌ക്കാ​യി കാത്തു​കാ​ത്തി​രി​ക്കു​ന്നു.” (സങ്കീ. 119:81) തന്റെ വചനമായ ബൈബി​ളി​ലൂ​ടെ യഹോവ നമുക്ക്‌ ഒരു നല്ല “ഭാവി​യും പ്രത്യാ​ശ​യും” തന്നിട്ടുണ്ട്‌. (യിരെ. 29:11) അതു മനുഷ്യ​ന്റെ ശ്രമം​കൊണ്ട്‌ വരുന്ന ഒന്നല്ല, പകരം യഹോ​വ​യു​ടെ വാക്കാണ്‌. അതു​കൊണ്ട്‌, നമുക്കു ബൈബിൾപ്ര​വ​ച​നങ്ങൾ നന്നായി പഠിക്കാം. അങ്ങനെ ദൈവ​വ​ച​ന​ത്തി​ലുള്ള വിശ്വാ​സം ശക്തമാ​ക്കാൻ തുടർന്നും ശ്രമി​ക്കാം.

ബൈബി​ളി​ലെ ഉപദേശം ലക്ഷങ്ങളെ സഹായിക്കുന്നു

13. സങ്കീർത്തനം 119:66, 138 പറയു​ന്ന​ത​നു​സ​രിച്ച്‌ ബൈബി​ളിൽ വിശ്വ​സി​ക്കാ​വു​ന്ന​തി​ന്റെ മറ്റൊരു കാരണം എന്താണ്‌?

13 നമുക്കു ബൈബി​ളിൽ വിശ്വ​സി​ക്കാ​വു​ന്ന​തി​ന്റെ മറ്റൊരു കാരണം, ആളുകൾ ബൈബി​ളു​പ​ദേ​ശങ്ങൾ അനുസ​രി​ക്കു​മ്പോൾ അവർക്ക്‌ അതിന്റെ പ്രയോ​ജനം കിട്ടുന്നു എന്നതാണ്‌. (സങ്കീർത്തനം 119:66, 138 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌, വിവാ​ഹ​മോ​ച​ന​ത്തി​ന്റെ വക്കി​ലെ​ത്തിയ ചില ദമ്പതികൾ ബൈബി​ളി​ലെ ഉപദേശം അനുസ​രി​ച്ച​തു​കൊണ്ട്‌ ഇപ്പോൾ സന്തോ​ഷ​ത്തോ​ടെ കഴിയു​ന്നു. അതു​കൊണ്ട്‌ അവരുടെ മക്കൾക്കു തങ്ങളെ​ക്കു​റിച്ച്‌ ശരിക്കും ചിന്തയുള്ള, തങ്ങളെ സ്‌നേ​ഹി​ക്കുന്ന മാതാ​പി​താ​ക്ക​ളുള്ള ഒരു ക്രിസ്‌തീ​യ​കു​ടും​ബ​ത്തിൽ വളർന്നു​വ​രാ​നാ​കു​ന്നു.—എഫെ. 5:22-29.

14. ബൈബിൾസ​ത്യം അനുസ​രി​ക്കു​ന്നത്‌ ആളുക​ളു​ടെ ജീവി​ത​ത്തിൽ മാറ്റം വരുത്തും എന്നതിന്‌ ഒരു ഉദാഹ​രണം പറയുക.

14 ബൈബി​ളി​ലെ ഉപദേ​ശങ്ങൾ അനുസ​രി​ച്ചത്‌ അപകട​കാ​രി​ക​ളായ കുറ്റവാ​ളി​ക​ളു​ടെ​പോ​ലും ജീവിതം മാറ്റി​യി​ട്ടുണ്ട്‌. ജാക്ക്‌ e എന്ന ഒരു ജയിൽപ്പു​ള്ളി​യു​ടെ കാര്യ​ത്തിൽ സംഭവി​ച്ചത്‌ എന്താ​ണെന്നു നോക്കാം. അദ്ദേഹം അക്രമാ​സ​ക്ത​നായ ഒരു കുറ്റവാ​ളി​യാ​യി​രു​ന്നു. വധശി​ക്ഷ​യ്‌ക്കു വിധി​ക്ക​പ്പെട്ട ആളുക​ളു​ടെ കൂട്ടത്തിൽ ഒരുപക്ഷേ ഏറ്റവും അപകട​കാ​രി​യായ ആൾ എന്നാണ്‌ അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞി​രു​ന്നത്‌. ഒരു ദിവസം സഹോ​ദ​രങ്ങൾ ബൈബിൾ പഠിപ്പി​ക്കാൻ ജയിലിൽ ചെന്ന​പ്പോൾ അദ്ദേഹ​വും അവർ പറഞ്ഞതു ശ്രദ്ധിച്ചു. സഹോ​ദ​ര​ന്മാർ അദ്ദേഹ​ത്തോ​ടു കാണിച്ച ആ സ്‌നേ​ഹ​വും പരിഗ​ണ​ന​യും ജാക്കിനെ ഒരുപാ​ടു സ്വാധീ​നി​ച്ചു. അങ്ങനെ അദ്ദേഹ​വും ബൈബിൾ പഠിക്കാൻതു​ടങ്ങി. താൻ മനസ്സി​ലാ​ക്കിയ കാര്യങ്ങൾ അനുസ​രി​ച്ച​തു​കൊണ്ട്‌ സ്വഭാ​വ​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും മാറ്റം വന്ന്‌ അദ്ദേഹം ഒരു നല്ല മനുഷ്യ​നാ​കാൻതു​ടങ്ങി. പിന്നീട്‌ ജാക്ക്‌ ഒരു പ്രചാ​ര​ക​നാ​കു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു. ജയിലി​ലുള്ള മറ്റ്‌ ആളുക​ളോട്‌ അദ്ദേഹം ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ഉത്സാഹ​ത്തോ​ടെ സംസാ​രി​ച്ചു. അങ്ങനെ സത്യം പഠിക്കാൻ നാലു പേരെ​യെ​ങ്കി​ലും സഹായി​ക്കു​ന്ന​തിന്‌ അദ്ദേഹ​ത്തി​നു കഴിഞ്ഞു. അവസാനം വധശി​ക്ഷ​യ്‌ക്കുള്ള ദിവസം വന്നപ്പോ​ഴേ​ക്കും ജാക്കിന്‌ ഒരുപാ​ടു മാറ്റം വന്നിരു​ന്നു. അദ്ദേഹ​ത്തി​ന്റെ ഒരു വക്കീൽ ഇങ്ങനെ പറഞ്ഞു: “20 വർഷം മുമ്പ്‌ ഞാൻ കണ്ട ജാക്ക്‌ അല്ല ഇത്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​കൂ​ടെ ബൈബിൾ പഠിച്ച​തു​കൊണ്ട്‌ അദ്ദേഹം ആകെ മാറി.” ജാക്കിനു വധശിക്ഷ കിട്ടി​യെ​ങ്കി​ലും അദ്ദേഹ​ത്തി​ന്റെ ആ നല്ല മാതൃക ഒരു കാര്യം നമ്മളെ പഠിപ്പി​ക്കു​ന്നു: ബൈബിൾസ​ത്യ​ത്തിന്‌ ആളുക​ളു​ടെ ജീവി​തത്തെ മാറ്റാ​നുള്ള ശക്തിയുണ്ട്‌. നമുക്കു ബൈബി​ളിൽ വിശ്വ​സി​ക്കാം എന്നതിന്റെ ശക്തമായ ഒരു തെളി​വാണ്‌ അത്‌.—യശ. 11:6-9.

ബൈബി​ളി​ലെ ഉപദേശം പല പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നുള്ള ഒരുപാ​ടു പേരുടെ ജീവിതം മെച്ച​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു (15-ാം ഖണ്ഡിക കാണുക) g

15. ബൈബി​ളു​പ​ദേ​ശങ്ങൾ അനുസ​രി​ക്കുന്ന കാര്യ​ത്തിൽ യഹോ​വ​യു​ടെ ജനവും മറ്റുള്ള​വ​രും തമ്മിൽ എന്തു വ്യത്യാ​സം കാണാം? (ചിത്രം കാണുക.)

15 ബൈബി​ളു​പ​ദേ​ശങ്ങൾ അനുസ​രി​ക്കു​ന്ന​തു​കൊണ്ട്‌ യഹോ​വ​യു​ടെ ജനത്തിന്റെ ഇടയിൽ സമാധാ​ന​വും ഐക്യ​വും കാണാ​നാ​കു​ന്നു. (യോഹ. 13:35; 1 കൊരി. 1:10) അത്‌ എടുത്തു​പ​റ​യേണ്ട ഒന്നാണ്‌. കാരണം രാഷ്‌ട്രീ​യാ​ഭി​പ്രാ​യ​ങ്ങ​ളു​ടെ​യും വംശീ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ടെ​യും സമൂഹ​ത്തി​ലെ നിലയു​ടെ​യും വിലയു​ടെ​യും പേരിൽ ലോകം ഇന്നു ഭിന്നി​ച്ചി​രി​ക്കു​ക​യാണ്‌. യഹോ​വ​യു​ടെ ജനത്തിന്റെ ഇടയിലെ ഐക്യം കണ്ടതു ജീൻ എന്ന ചെറു​പ്പ​ക്കാ​രന്റെ ജീവി​തത്തെ ഒരുപാ​ടു സ്വാധീ​നി​ച്ചു. ഒരു ആഫ്രിക്കൻ രാജ്യ​ത്താണ്‌ അദ്ദേഹം വളർന്നു​വ​ന്നത്‌. അവിടെ ആഭ്യന്ത​ര​ക​ലാ​പം പൊട്ടി​പ്പു​റ​പ്പെ​ട്ട​പ്പോൾ അദ്ദേഹം സൈന്യ​ത്തിൽ ചേർന്നു. പക്ഷേ പിന്നീട്‌ ഒരു അയൽരാ​ജ്യ​ത്തേക്ക്‌ ഓടി രക്ഷപ്പെട്ടു. അവി​ടെ​വെച്ച്‌ അദ്ദേഹം യഹോ​വ​യു​ടെ സാക്ഷി​കളെ പരിച​യ​പ്പെട്ടു. ജീൻ പറയുന്നു: “സത്യമ​ത​ത്തി​ലു​ള്ളവർ ഒരിക്ക​ലും രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ ഉൾപ്പെ​ടി​ല്ലെ​ന്നും അവരുടെ ഇടയിൽ ഐക്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും ഞാൻ മനസ്സി​ലാ​ക്കി. അവർ പരസ്‌പരം സ്‌നേ​ഹി​ക്കു​ന്ന​വ​രാ​യി​രി​ക്കും.” അദ്ദേഹം ഇങ്ങനെ​യും പറയുന്നു: “രാജ്യത്തെ സംരക്ഷി​ക്കു​ന്ന​തി​നു​വേണ്ടി ഞാൻ എന്റെ ജീവിതം അർപ്പി​ച്ചി​രു​ന്നു. എന്നാൽ ബൈബിൾസ​ത്യം മനസ്സി​ലാ​ക്കി​യ​പ്പോൾ ഞാൻ എന്റെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു.” ജീനിന്റെ കാഴ്‌ച​പ്പാ​ടി​നു വലിയ മാറ്റം വന്നിരി​ക്കു​ന്നു. മറ്റു പശ്ചാത്ത​ല​ത്തിൽപ്പെട്ട ആളുകൾക്കെ​തി​രെ പോരാ​ടു​ന്ന​തി​നു പകരം താൻ മനസ്സി​ലാ​ക്കിയ ബൈബിൾസ​ത്യ​ങ്ങ​ളെ​ക്കു​റിച്ച്‌ എല്ലാവ​രോ​ടും പറയാൻ അദ്ദേഹം ഇപ്പോൾ ശ്രമി​ക്കു​ന്നു. പല തരത്തിൽപ്പെട്ട ആളുക​ളു​ടെ ജീവി​തത്തെ സ്വാധീ​നി​ക്കാൻ ബൈബി​ളു​പ​ദേ​ശ​ത്തി​നു കഴിയു​മെന്നു നമ്മൾ കണ്ടു. ഈ വസ്‌തുത ബൈബി​ളിൽ വിശ്വ​സി​ക്കാം എന്നതിന്റെ ശക്തമായ ഒരു തെളി​വാണ്‌.

ബൈബിൾ പറയുന്ന കാര്യങ്ങൾ തുടർന്നും വിശ്വസിക്കുക

16. ദൈവ​വ​ച​ന​ത്തി​ലുള്ള നമ്മുടെ വിശ്വാ​സം ശക്തമാ​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

16 ലോകാ​വ​സ്ഥകൾ ഒന്നി​നൊ​ന്നു വഷളാ​കു​ക​യാണ്‌. അതു​കൊ​ണ്ടു​തന്നെ ബൈബിൾ പറയുന്ന കാര്യങ്ങൾ വിശ്വ​സി​ക്കു​ന്നതു കൂടു​തൽക്കൂ​ടു​തൽ പ്രയാ​സ​മാ​യി​ത്തീ​രും. ബൈബിൾ പറയു​ന്ന​തെ​ല്ലാം സത്യമാ​ണോ, നമുക്കു വേണ്ട നിർദേ​ശങ്ങൾ തരാൻ യഹോവ ‘വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമയെ’ നിയമി​ച്ചി​ട്ടു​ണ്ടോ എന്നതു​പോ​ലുള്ള കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മുടെ മനസ്സിൽ സംശയ​ത്തി​ന്റെ വിത്തുകൾ പാകാൻ ആളുകൾ ശ്രമി​ച്ചേ​ക്കാം. എന്നാൽ യഹോ​വ​യു​ടെ വചനം എപ്പോ​ഴും സത്യമാ​ണെന്നു ബോധ്യ​മു​ണ്ടെ​ങ്കിൽ വിശ്വാ​സ​ത്തി​നു നേരെ​യുള്ള ഇത്തരം ആക്രമ​ണ​ങ്ങളെ ചെറു​ത്തു​നിൽക്കാൻ നമുക്കാ​കും. ‘ദൈവ​ത്തി​ന്റെ ചട്ടങ്ങൾ എപ്പോ​ഴും അനുസ​രി​ക്കാൻ, ജീവി​താ​വ​സാ​നം​വരെ പാലി​ക്കാൻ, നമ്മൾ നിശ്ചയി​ച്ചു​റ​ച്ചി​രി​ക്കും.’ (സങ്കീ. 119:112) അതു​പോ​ലെ ബൈബിൾസ​ത്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആളുക​ളോ​ടു പറയാ​നും അതനു​സ​രിച്ച്‌ ജീവി​ക്കാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും നമുക്കു “നാണ​ക്കേടു തോന്നില്ല.” (സങ്കീ. 119:46) ഇനി, ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രു​ന്ന​തു​പോ​ലുള്ള ഏറ്റവും പ്രയാ​സ​ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും “സന്തോ​ഷ​ത്തോ​ടെ​യും ക്ഷമയോ​ടെ​യും” സഹിച്ചു​നിൽക്കാ​നും നമുക്കു കഴിയും.—കൊലോ. 1:11; സങ്കീ. 119:143, 157.

17. 2023-ലെ വാർഷി​ക​വാ​ക്യം ഏതു കാര്യം നമ്മളെ ഓർമി​പ്പി​ക്കും?

17 യഹോവ സത്യം വെളി​പ്പെ​ടു​ത്തി​ത്ത​ന്നി​രി​ക്കു​ന്ന​തിൽ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌! ആത്മവി​ശ്വാ​സ​ത്തോ​ടെ ശാന്തരാ​യി​രി​ക്കാൻ ഈ സത്യം നമ്മളെ സഹായി​ക്കു​ന്നു. കുഴഞ്ഞു​മ​റിഞ്ഞ ഈ ലോക​ത്തിൽ എങ്ങനെ ജീവി​ക്ക​ണ​മെന്ന്‌ അതു നമുക്കു കാണി​ച്ചു​ത​രു​ന്നു. ഭാവി​യിൽ ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തിൻകീ​ഴിൽ നല്ലൊരു ജീവി​ത​ത്തി​നുള്ള പ്രത്യാശ അതു തരുന്നു. അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ വചനം മുഴുവൻ, അതിന്റെ സാരാം​ശം, സത്യമാ​ണെ​ന്നുള്ള ബോധ്യം ശക്തമാ​ക്കി​നി​റു​ത്താൻ 2023-ലെ വാർഷി​ക​വാ​ക്യം നമ്മളെ സഹായി​ക്കട്ടെ!—സങ്കീ. 119:160.

ഗീതം 94 ദൈവ​വ​ച​ന​ത്തി​നായ്‌ നന്ദിയുള്ളവർ

a നമ്മുടെ വിശ്വാ​സത്തെ ബലപ്പെ​ടു​ത്തുന്ന ഒരു വാക്യ​മാണ്‌ 2023-ലെ വാർഷി​ക​വാ​ക്യ​മാ​യി തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌: “സത്യം—അതാണ്‌ അങ്ങയുടെ വചനത്തി​ന്റെ സാരാം​ശം.” (സങ്കീ. 119:160) ഈ പറഞ്ഞതി​നോ​ടു നിങ്ങൾ യോജി​ക്കും എന്നതിനു സംശയ​മില്ല. പക്ഷേ ഇന്നു പല ആളുക​ളും ബൈബിൾ സത്യമാ​ണെ​ന്നോ അതിനു നല്ലൊരു വഴികാ​ട്ടി​യാ​യി​രി​ക്കാൻ കഴിയു​മെ​ന്നോ വിശ്വ​സി​ക്കു​ന്നില്ല. അതു​കൊണ്ട്‌, ബൈബി​ളി​ലും അതിന്റെ ഉപദേ​ശ​ങ്ങ​ളി​ലും വിശ്വ​സി​ക്കാ​വു​ന്ന​തി​ന്റെ കാരണം ആത്മാർഥ​ഹൃ​ദ​യ​രായ ആളുകളെ ബോധ്യ​പ്പെ​ടു​ത്താൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. അതിനു സഹായി​ക്കുന്ന മൂന്നു തെളി​വു​ക​ളെ​ക്കു​റി​ച്ചാണ്‌ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യു​ന്നത്‌.

b പദപ്രയോഗത്തിന്റെ വിശദീ​ക​രണം: “സാരാം​ശം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​പ​ദ​ത്തി​ന്റെ അർഥം അന്തസ്സത്ത, ആകെത്തുക എന്നൊ​ക്കെ​യാണ്‌.

c പുരാതനകാലങ്ങളിൽ കൈ​കൊണ്ട്‌ എഴുതി​യു​ണ്ടാ​ക്കിയ രേഖക​ളെ​യാ​ണു “കൈ​യെ​ഴു​ത്തു​പ്ര​തി​കൾ” എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌.

d ബൈബിൾ സംരക്ഷി​ക്ക​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചുള്ള കൂടുതൽ വിവര​ങ്ങൾക്ക്‌ jw.org-ലെ തിരയുക എന്ന ഭാഗത്ത്‌ “ചരി​ത്ര​വും ബൈബി​ളും” എന്നു ടൈപ്പ്‌ ചെയ്യുക.

e ചില പേരു​കൾക്കു മാറ്റമുണ്ട്‌.

f ചിത്ര​ങ്ങ​ളു​ടെ വിവരണം: ദൈവം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ​തന്നെ ബാബി​ലോൺ നഗരം നശിപ്പി​ക്ക​പ്പെട്ടു.

g ചിത്ര​ങ്ങ​ളു​ടെ വിവരണം: പുനര​വ​ത​രണം—ആളുക​ളോ​ടു പോരാ​ടു​ന്ന​തി​നു പകരം എങ്ങനെ സമാധാ​ന​ത്തോ​ടെ ജീവി​ക്കാ​മെന്ന്‌ ഒരു ചെറു​പ്പ​ക്കാ​രൻ ബൈബി​ളിൽനിന്ന്‌ പഠിക്കു​ന്നു, അങ്ങനെ ചെയ്യാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്നു.