വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 3

വിജയി​ക്കാൻ യഹോവ നിങ്ങളെ സഹായി​ക്കു​ന്നു

വിജയി​ക്കാൻ യഹോവ നിങ്ങളെ സഹായി​ക്കു​ന്നു

“യഹോവ കൂടെ​യു​ണ്ടാ​യി​രു​ന്ന​തി​നാൽ യോ​സേഫ്‌ ചെയ്‌ത​തെ​ല്ലാം സഫലമാ​യി​ത്തീർന്നു.”—ഉൽപ. 39:2.

ഗീതം 30 എന്റെ പിതാവ്‌, എന്റെ ദൈവ​വും സ്‌നേഹിതനും

ചുരുക്കം a

1-2. (എ) ബുദ്ധി​മു​ട്ടു​ക​ളും പ്രയാ​സ​ങ്ങ​ളും ഉണ്ടാകു​മ്പോൾ നമ്മൾ അതിശ​യി​ച്ചു​പോ​കു​ന്നി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തൊക്കെ കാര്യങ്ങൾ ചർച്ച ചെയ്യും?

 ജീവി​ത​ത്തിൽ പ്രയാ​സ​ങ്ങ​ളും പ്രശ്‌ന​ങ്ങ​ളും ഒക്കെ ഉണ്ടാകു​മ്പോൾ യഹോ​വ​യു​ടെ ജനം അതിൽ അതിശ​യി​ച്ചു​പോ​കു​ന്നില്ല. കാരണം, “അനേകം കഷ്ടതകൾ സഹിച്ചാ​ണു നമ്മൾ ദൈവ​രാ​ജ്യ​ത്തിൽ കടക്കേ​ണ്ടത്‌” എന്നു ബൈബിൾ പറയുന്നു. (പ്രവൃ. 14:22) ഇനി, നമ്മൾ ഇപ്പോൾ അനുഭ​വി​ക്കുന്ന പല പ്രശ്‌ന​ങ്ങ​ളും പൂർണ​മാ​യി പരിഹ​രി​ക്ക​പ്പെ​ടാൻപോ​കു​ന്നത്‌ ദൈവ​ത്തി​ന്റെ പുതിയ ഭൂമി​യി​ലാ​യി​രി​ക്കു​മെന്ന കാര്യ​വും നമുക്ക്‌ അറിയാം. അന്ന്‌ “മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല.”—വെളി. 21:4.

2 ജീവി​ത​ത്തിൽ ഉണ്ടാ​യേ​ക്കാ​വുന്ന പ്രശ്‌ന​ങ്ങ​ളെ​യോ പ്രയാ​സ​ങ്ങ​ളെ​യോ യഹോവ തടയു​ന്നില്ല. എങ്കിലും അതെല്ലാം സഹിച്ചു​നിൽക്കു​ന്ന​തിന്‌ ആവശ്യ​മായ സഹായം തരുന്നുണ്ട്‌. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ റോമി​ലു​ണ്ടാ​യി​രുന്ന ക്രിസ്‌ത്യാ​നി​ക​ളോ​ടു പറഞ്ഞ കാര്യം ശ്രദ്ധി​ക്കുക. അദ്ദേഹ​ത്തി​നും സഹോ​ദ​ര​ങ്ങൾക്കും നേരി​ടേ​ണ്ടി​വന്ന പലപല പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ അദ്ദേഹം ആദ്യം വിശദീ​ക​രി​ച്ചു. അതിനു ശേഷം അദ്ദേഹം ഇങ്ങനെ​യാ​ണു പറഞ്ഞത്‌: “നമ്മളെ സ്‌നേ​ഹി​ച്ചവൻ മുഖാ​ന്തരം ഈ കാര്യ​ങ്ങ​ളി​ലൊ​ക്കെ നമ്മൾ സമ്പൂർണ​വി​ജയം നേടി പുറത്ത്‌ വരുന്നു.” (റോമ. 8:35-37) അതിന്റെ അർഥം നമ്മൾ ഒരു പ്രയാ​സ​സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ കടന്നു​പോ​കു​മ്പോൾപ്പോ​ലും വിജയി​ക്കാൻ യഹോ​വ​യ്‌ക്കു നമ്മളെ സഹായി​ക്കാൻ കഴിയു​മെ​ന്നാണ്‌. ഇക്കാര്യ​ത്തിൽ യഹോവ യോ​സേ​ഫി​നെ എങ്ങനെ​യാ​ണു സഹായി​ച്ച​തെ​ന്നും നമ്മളെ എങ്ങനെ സഹായി​ക്കു​മെ​ന്നും നമുക്കു നോക്കാം.

സാഹച​ര്യ​ങ്ങൾ പെട്ടെന്നു മാറുമ്പോൾ

3. യോ​സേ​ഫി​ന്റെ ജീവി​ത​ത്തിൽ അപ്രതീ​ക്ഷി​ത​മായ എന്തു മാറ്റമാ​ണു സംഭവി​ച്ചത്‌?

3 ഗോ​ത്ര​പി​താ​വായ യാക്കോ​ബി​ന്റെ പ്രിയ​പ്പെട്ട മകനാ​യി​രു​ന്നു യോ​സേഫ്‌. (ഉൽപ. 37:3, 4) അതു​കൊണ്ട്‌ ചേട്ടന്മാർക്കു യോ​സേ​ഫി​നോ​ടു കടുത്ത അസൂയ തോന്നി. ഒരു അവസരം കിട്ടി​യ​പ്പോൾ അവർ മിദ്യാ​നി​ലെ കച്ചവട​ക്കാർക്കു യോ​സേ​ഫി​നെ വിറ്റു. ആ കച്ചവട​ക്കാർ യോ​സേ​ഫി​നെ​യും​കൊണ്ട്‌ നൂറു​ക​ണ​ക്കി​നു കിലോ​മീ​റ്റ​റു​കൾ അകലെ​യുള്ള ഈജി​പ്‌തി​ലേ​ക്കാ​ണു പോയത്‌. അവിടെ ചെന്ന​പ്പോൾ അവർ യോ​സേ​ഫി​നെ ഫറവോ​ന്റെ കാവൽക്കാ​രു​ടെ മേധാ​വി​യായ പോത്തി​ഫ​റി​നു വിറ്റു. എത്ര പെട്ടെ​ന്നാ​ണു യോ​സേ​ഫി​ന്റെ ജീവിതം മാറി​മ​റി​ഞ്ഞത്‌. യാക്കോ​ബി​ന്റെ പ്രിയ മകനാ​യി​രുന്ന യോ​സേഫ്‌ ഇപ്പോൾ ഈജി​പ്‌തിൽ ഒരു അടിമ​യാണ്‌.—ഉൽപ. 39:1.

4. നമുക്കു ജീവി​ത​ത്തിൽ എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടാ​യേ​ക്കാം?

4 “എല്ലാവർക്കും ദോഷങ്ങൾ ഉണ്ടാകു​ന്നു” എന്നു ബൈബിൾ പറയുന്നു. (സഭാ. 9:11, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ്‌ വേർഷൻ) “പൊതു​വേ ആളുകൾക്ക്‌ ഉണ്ടാകുന്ന” പല ബുദ്ധി​മു​ട്ടു​ക​ളും പ്രയാ​സ​ങ്ങ​ളും നമുക്കും അനുഭ​വി​ക്കേ​ണ്ടി​വ​രു​ന്നുണ്ട്‌. (1 കൊരി. 10:13) അതു കൂടാതെ യേശു​വി​ന്റെ ശിഷ്യ​ന്മാ​രാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ടും നമുക്കു ചില പ്രശ്‌നങ്ങൾ നേരി​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ചില​പ്പോൾ വിശ്വാ​സ​ത്തി​ന്റെ പേരിൽ കളിയാ​ക്ക​ലോ എതിർപ്പോ ഉപദ്ര​വ​മോ​പോ​ലും നമുക്കു സഹി​ക്കേ​ണ്ടി​വ​രാ​റുണ്ട്‌. (2 തിമൊ. 3:12) എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായാ​ലും വിജയി​ക്കാൻ യഹോ​വ​യ്‌ക്കു നിങ്ങളെ സഹായി​ക്കാൻ കഴിയും. യോ​സേ​ഫി​നു​വേണ്ടി യഹോവ അത്‌ എങ്ങനെ​യാ​ണു ചെയ്‌തത്‌?

ഈജി​പ്‌തിൽ പോത്തി​ഫ​റി​ന്റെ അടിമ​യാ​കേ​ണ്ടി​വ​ന്നെ​ങ്കി​ലും വിജയി​ക്കാൻ യഹോവ യോ​സേ​ഫി​നെ സഹായി​ച്ചു (5-ാം ഖണ്ഡിക കാണുക)

5. യോ​സേഫ്‌ വിജയി​ക്കാ​നുള്ള കാരണ​ത്തെ​ക്കു​റിച്ച്‌ പോത്തി​ഫ​റിന്‌ എന്തു മനസ്സി​ലാ​യി? (ഉൽപത്തി 39:2-6)

5 ഉൽപത്തി 39:2-6 വായി​ക്കുക. യോ​സേഫ്‌ നല്ല കഴിവുള്ള, കഠിനാ​ധ്വാ​നി​യായ ചെറു​പ്പ​ക്കാ​ര​നാ​ണെന്നു പോത്തി​ഫ​റി​നു മനസ്സി​ലാ​യി. അതിന്റെ കാരണ​വും അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. ‘യോ​സേഫ്‌ ചെയ്യു​ന്ന​തെ​ല്ലാം യഹോവ സഫലമാ​ക്കു​ന്നെന്നു’ പോത്തി​ഫർ കണ്ടു. b പിന്നീട്‌ അദ്ദേഹം യോ​സേ​ഫി​നെ തന്റെ വിശ്വ​സ്‌ത​പ​രി​ചാ​ര​ക​നാ​യി നിയമി​ച്ചു. കൂടാതെ തന്റെ വീട്ടിലെ എല്ലാ കാര്യ​ങ്ങ​ളു​ടെ​യും ചുമത​ല​യും ഏൽപ്പിച്ചു. അതിലൂ​ടെ പോത്തി​ഫ​റി​നും ധാരാളം അനു​ഗ്ര​ഹങ്ങൾ കിട്ടി.

6. തന്റെ സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ യോ​സേ​ഫിന്‌ എന്തു തോന്നി​ക്കാ​ണും?

6 നമുക്ക്‌ ഇനി യോ​സേ​ഫി​ന്റെ സ്ഥാനത്തു​നിന്ന്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കാം. എന്തിനു​വേ​ണ്ടി​യാ​യി​രി​ക്കും യോ​സേഫ്‌ ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹി​ച്ചി​രി​ക്കുക? പോത്തി​ഫ​റി​ന്റെ ശ്രദ്ധ കിട്ടാ​നും അംഗീ​കാ​ര​വും സമ്മാന​ങ്ങ​ളും ഒക്കെ ലഭിക്കാ​നും ആയിരി​ക്കു​മോ? ഒരിക്ക​ലു​മല്ല. അടിമ​ത്ത​ത്തിൽനിന്ന്‌ സ്വത​ന്ത്ര​നാ​യി എത്രയും പെട്ടെന്ന്‌ അപ്പന്റെ അടുത്ത്‌ എത്താനാ​യി​രി​ക്കും യോ​സേഫ്‌ ആഗ്രഹി​ച്ചി​ട്ടു​ണ്ടാ​കുക. പോത്തി​ഫ​റി​ന്റെ ഭവനത്തിൽ എന്തൊക്കെ സ്ഥാനമാ​ന​ങ്ങ​ളും അധികാ​ര​ങ്ങ​ളും കിട്ടി​യെന്നു പറഞ്ഞാ​ലും ഇപ്പോ​ഴും യോ​സേഫ്‌ യഹോ​വയെ ആരാധി​ക്കാത്ത ഒരു യജമാ​നന്റെ അടിമ​യാണ്‌. എന്നാൽ അടിമ​ത്ത​ത്തിൽനിന്ന്‌ യോ​സേ​ഫി​നെ വെറുതേ വിടാൻ യഹോവ പോത്തി​ഫ​റി​നെ പ്രേരി​പ്പി​ച്ചില്ല. സത്യം​പ​റ​ഞ്ഞാൽ, യോ​സേ​ഫി​ന്റെ സാഹച​ര്യം കൂടുതൽ മോശ​മാ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

സാഹച​ര്യം കൂടുതൽ വഷളാകുന്നെങ്കിൽ

7. യോ​സേ​ഫി​ന്റെ സാഹച​ര്യം കൂടു​തൽക്കൂ​ടു​തൽ വഷളാ​യി​ത്തീർന്നത്‌ എങ്ങനെ? (ഉൽപത്തി 39:14, 15)

7 ഉൽപത്തി 39-ാം അധ്യാ​യ​ത്തിൽ പറയു​ന്ന​ത​നു​സ​രിച്ച്‌ പോത്തി​ഫ​റി​ന്റെ ഭാര്യക്കു യോ​സേ​ഫി​നോ​ടു താത്‌പ​ര്യം തോന്നു​ക​യും അദ്ദേഹത്തെ വശീക​രി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്‌തു. ഒന്നല്ല, പല പ്രാവ​ശ്യം. എന്നാൽ യോ​സേഫ്‌ അതിനു നിന്നു​കൊ​ടു​ത്തില്ല. അവസാനം യോ​സേ​ഫി​നോട്‌ അവർക്കു വല്ലാത്ത ദേഷ്യം തോന്നു​ക​യും തന്നെ മാനഭം​ഗ​പ്പെ​ടു​ത്താൻ ശ്രമി​ച്ചെന്നു നുണ പറയു​ക​യും ചെയ്‌തു. (ഉൽപത്തി 39:14, 15 വായി​ക്കുക.) പോത്തി​ഫർ ഇതു കേട്ട​പ്പോൾ യോ​സേ​ഫി​നെ തടവറ​യി​ലാ​ക്കി. വർഷങ്ങ​ളോ​ളം അദ്ദേഹ​ത്തിന്‌ അവിടെ കഴി​യേ​ണ്ടി​വന്നു. അത്‌ എങ്ങനെ​യുള്ള സ്ഥലമാ​യി​രു​ന്നു? ആ സ്ഥലത്തെ​ക്കു​റിച്ച്‌ പറയാൻ യോ​സേഫ്‌ ഉപയോ​ഗിച്ച എബ്രായ വാക്കിനു “കുഴി” എന്നും അർഥം​വ​രാം. ഇരുണ്ട ചുറ്റു​പാ​ടിൽ, പ്രതീ​ക്ഷ​യ്‌ക്ക്‌ ഒട്ടും വകയി​ല്ലാത്ത ഒരു സാഹച​ര്യ​ത്തി​ലാ​യി​രി​ക്കാം അദ്ദേഹം കഴിഞ്ഞി​രു​ന്ന​തെന്ന്‌ അതു സൂചി​പ്പി​ക്കു​ന്നു. (ഉൽപ. 40:15; അടിക്കു​റിപ്പ്‌) കൂടാതെ യോ​സേ​ഫി​ന്റെ കാലു​കളെ വിലങ്ങു​കൾകൊണ്ട്‌ ബന്ധിച്ച്‌ കഴുത്തിൽ ചങ്ങല അണിയി​ച്ച​താ​യും ബൈബി​ളിൽ നമ്മൾ വായി​ക്കു​ന്നു. (സങ്കീ. 105:17, 18) സത്യം​പ​റ​ഞ്ഞാൽ, യോ​സേ​ഫി​ന്റെ ജീവിതം പഴയതി​ലും കൂടുതൽ വഷളാ​കു​ക​യാ​ണു ചെയ്‌തത്‌. യജമാ​നന്റെ വിശ്വ​സ്‌ത​നാ​യി​രുന്ന യോ​സേഫ്‌ ഇപ്പോൾ ഒരു തടവു​പു​ള്ളി​യാ​യി മാറി​യി​രി​ക്കു​ന്നു.

8. നമ്മൾ നേരി​ടുന്ന പ്രശ്‌നങ്ങൾ എത്ര ബുദ്ധി​മു​ട്ടു​ള്ള​താ​യി​രു​ന്നാ​ലും ഏതു കാര്യ​ത്തിൽ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും?

8 എത്ര​യൊ​ക്കെ പ്രാർഥി​ച്ചി​ട്ടും കാര്യങ്ങൾ കൂടു​തൽക്കൂ​ടു​തൽ മോശ​മാ​കു​ന്ന​താ​യി നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും തോന്നി​യി​ട്ടു​ണ്ടോ? ഒരുപക്ഷേ അങ്ങനെ സംഭവി​ച്ചേ​ക്കാം. സാത്താൻ ഭരിക്കുന്ന ഈ ലോക​ത്തിൽ നമുക്ക്‌ ഉണ്ടാ​യേ​ക്കാ​വുന്ന എല്ലാ പ്രശ്‌ന​ങ്ങ​ളിൽനി​ന്നും യഹോവ നമ്മളെ സംരക്ഷി​ക്കു​ന്നില്ല. (1 യോഹ. 5:19) എങ്കിലും ഒരു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും: നമ്മൾ അനുഭ​വി​ക്കുന്ന പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്കു നന്നായിട്ട്‌ അറിയാം. മാത്രമല്ല, യഹോ​വ​യ്‌ക്ക്‌ നമ്മളെ​ക്കു​റിച്ച്‌ ചിന്തയു​മുണ്ട്‌. (മത്താ. 10:29-31; 1 പത്രോ. 5:6, 7) കൂടാതെ ദൈവം ഇങ്ങനെ ഒരു ഉറപ്പും തന്നിട്ടുണ്ട്‌: “ഞാൻ നിന്നെ ഒരിക്ക​ലും കൈവി​ടില്ല; ഒരിക്ക​ലും ഉപേക്ഷി​ക്കില്ല.” (എബ്രാ. 13:5) പ്രതീ​ക്ഷ​യ്‌ക്ക്‌ ഒരു വകയു​മി​ല്ലാത്ത സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണു കടന്നു​പോ​കു​ന്ന​തെ​ങ്കിൽപ്പോ​ലും, സഹിച്ചു​നിൽക്കാൻ വേണ്ട സഹായം തരാൻ യഹോ​വ​യ്‌ക്കു കഴിയും. യഹോവ എങ്ങനെ​യാണ്‌ അക്കാര്യ​ത്തിൽ യോ​സേ​ഫി​നെ സഹായി​ച്ച​തെന്നു നമുക്കു നോക്കാം.

തടവറ​യി​ലാ​യി​രു​ന്ന​പ്പോ​ഴും അവി​ടെ​വെച്ച്‌ മറ്റു തടവു​പു​ള്ളി​ക​ളു​ടെ ചുമതല യോ​സേ​ഫി​നെ ഏൽപ്പി​ച്ച​പ്പോ​ഴും യഹോവ അദ്ദേഹ​ത്തി​ന്റെ കൂടെ​യു​ണ്ടാ​യി​രു​ന്നു (9-ാം ഖണ്ഡിക കാണുക)

9. തടവറ​യി​ലാ​യി​രു​ന്ന​പ്പോൾ യോ​സേ​ഫി​ന്റെ​കൂ​ടെ യഹോ​വ​യു​ണ്ടാ​യി​രു​ന്നെന്നു നമുക്ക്‌ എങ്ങനെ മനസ്സി​ലാ​ക്കാം? (ഉൽപത്തി 39:21-23)

9 ഉൽപത്തി 39:21-23 വായി​ക്കുക. തടവറ​യിൽ ആ മോശം സാഹച​ര്യ​ത്തി​ലാ​യി​രു​ന്ന​പ്പോൾപ്പോ​ലും വിജയി​ക്കാൻ യഹോവ യോ​സേ​ഫി​നെ സഹായി​ച്ചു. എങ്ങനെ​യാണ്‌? പോത്തി​ഫ​റി​ന്റെ വീട്ടി​ലാ​യി​രു​ന്ന​പ്പോ​ഴെ​ന്ന​പോ​ലെ പതി​യെ​പ്പ​തി​യെ തടവറ​യു​ടെ മേലധി​കാ​രി​യു​ടെ​യും വിശ്വാ​സ​വും ആദരവും നേടി​യെ​ടു​ക്കാൻ യോ​സേ​ഫി​നു കഴിഞ്ഞു. അങ്ങനെ മേലധി​കാ​രി മറ്റു തടവു​കാ​രു​ടെ​യെ​ല്ലാം ചുമതല യോ​സേ​ഫി​നെ ഏൽപ്പിച്ചു. ബൈബിൾ പറയു​ന്നത്‌ “യോ​സേ​ഫി​ന്റെ ചുമത​ല​യി​ലുള്ള ഒന്നി​നെ​ക്കു​റി​ച്ചും തടവറ​യു​ടെ മേലധി​കാ​രിക്ക്‌ അന്വേ​ഷി​ക്കേ​ണ്ടി​വ​ന്നില്ല” എന്നാണ്‌. യോ​സേഫ്‌ ഇപ്പോൾ വെറു​മൊ​രു തടവു​പു​ള്ളി​യല്ല. അദ്ദേഹ​ത്തി​നു ധാരാളം ഉത്തരവാ​ദി​ത്വ​ങ്ങ​ളുണ്ട്‌. വലി​യൊ​രു മാറ്റം, അല്ലേ? കൊട്ടാ​രോ​ദ്യോ​ഗ​സ്ഥന്റെ ഭാര്യയെ മാനഭം​ഗ​പ്പെ​ടു​ത്താൻ ശ്രമി​ച്ചെന്ന്‌ ആരോ​പി​ച്ചാ​ണു യോ​സേ​ഫി​നെ തടവറ​യി​ലാ​ക്കി​യത്‌. ആ യോ​സേ​ഫി​നെ​യാണ്‌ ഇത്ര വലിയ ഉത്തരവാ​ദി​ത്വം ഏൽപ്പി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ ഓർക്കണം. എന്തായി​രി​ക്കും ഇങ്ങനെ​യൊ​രു മാറ്റത്തി​നു കാരണം? അതെക്കു​റിച്ച്‌ ഉൽപത്തി 39:23 പറയുന്നു: “യഹോവ യോ​സേ​ഫി​ന്റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. യോ​സേഫ്‌ ചെയ്‌ത​തെ​ല്ലാം യഹോവ സഫലമാ​ക്കി.”

10. താൻ എല്ലാ കാര്യ​ത്തി​ലും വിജയി​ച്ചെന്നു യോ​സേഫ്‌ ചിന്തി​ച്ചി​രി​ക്കാൻ സാധ്യ​ത​യി​ല്ലാ​ത്ത​തി​ന്റെ കാരണം വിശദീ​ക​രി​ക്കുക.

10 നമുക്കു വീണ്ടും യോ​സേ​ഫി​ന്റെ സ്ഥാനത്തു​നിന്ന്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കാം. വ്യാജാ​രോ​പ​ണ​ത്തി​ന്റെ പേരിൽ തടവിൽ കഴിയുന്ന യോ​സേഫ്‌ തന്റെ കാര്യ​ത്തിൽ എല്ലാം വിജയി​ച്ചെന്നു ചിന്തി​ച്ചു​കാ​ണു​മോ? ശരിക്കും എന്തിനു​വേ​ണ്ടി​യാ​യി​രി​ക്കും യോ​സേഫ്‌ അപ്പോൾ ആഗ്രഹി​ച്ചി​ട്ടു​ണ്ടാ​കുക? തടവറ​യു​ടെ മേലധി​കാ​രി​യു​ടെ പ്രീതി നേടാ​നാ​യി​രി​ക്കു​മോ? സാധ്യ​ത​യ​നു​സ​രിച്ച്‌ തന്റെ പേരി​ലുള്ള ആരോ​പണം മാറി​ക്കി​ട്ടാ​നും തടവറ​യിൽനിന്ന്‌ പുറത്തു​വ​രാ​നും ആയിരി​ക്കി​ല്ലേ? ജയിൽമോ​ചി​ത​നാ​കുന്ന ഒരു സഹതട​വു​കാ​ര​നോ​ടു​പോ​ലും യോ​സേഫ്‌, ഫറവോ​നോ​ടു തന്റെ കാര്യം പറഞ്ഞ്‌ തന്നെ മോചി​പ്പി​ക്ക​ണ​മെന്ന്‌ ആവശ്യ​പ്പെ​ടു​ന്നുണ്ട്‌. (ഉൽപ. 40:14) എന്നാൽ അയാൾ ഉടനെ അങ്ങനെ ചെയ്യു​ന്നില്ല. അതു കാരണം യോ​സേ​ഫി​നു രണ്ടു വർഷം​കൂ​ടെ തടവറ​യിൽ കഴി​യേ​ണ്ടി​വ​രു​ന്നു. (ഉൽപ. 40:23; 41:1, 14) എങ്കിലും ആ സമയത്തും വിജയി​ക്കാൻ യഹോവ യോ​സേ​ഫി​നെ സഹായി​ക്കു​ന്നു. എങ്ങനെ?

11. യഹോവ യോ​സേ​ഫിന്‌ ഏതു പ്രത്യേക കഴിവാ​ണു കൊടു​ത്തത്‌, അത്‌ യഹോ​വ​യു​ടെ ഉദ്ദേശ്യം കൃത്യ​മാ​യി നടക്കാൻ സഹായി​ച്ചത്‌ എങ്ങനെ?

11 യോ​സേഫ്‌ തടവറ​യി​ലാ​യി​രുന്ന സമയത്ത്‌ ഈജി​പ്‌തി​ലെ രാജാവ്‌ രണ്ടു സ്വപ്‌നങ്ങൾ കണ്ടു. യഹോ​വ​യാണ്‌ അവ കാണാൻ ഇടയാ​ക്കി​യത്‌. സ്വപ്‌നം കണ്ട്‌ ആകെ അസ്വസ്ഥ​നായ ഫറവോൻ അതിന്റെ അർഥം അറിയാൻ ആഗ്രഹി​ച്ചു. അപ്പോ​ഴാ​ണു സ്വപ്‌നങ്ങൾ വ്യാഖ്യാ​നി​ക്കാ​നുള്ള കഴിവ്‌ യോ​സേ​ഫി​നു​ണ്ടെന്നു രാജാവ്‌ മനസ്സി​ലാ​ക്കു​ന്നത്‌. അങ്ങനെ യോ​സേ​ഫി​നെ വിളി​പ്പി​ച്ചു. യഹോ​വ​യു​ടെ സഹായ​ത്താൽ യോ​സേഫ്‌ ആ സ്വപ്‌ന​ങ്ങ​ളു​ടെ അർഥം വ്യാഖ്യാ​നി​ച്ചു​കൊ​ടു​ത്തു. കൂടാതെ പ്രാ​യോ​ഗി​ക​മാ​യി ചെയ്യാ​വുന്ന ചില കാര്യ​ങ്ങ​ളും പറഞ്ഞു. യഹോവ യോ​സേ​ഫി​നോ​ടൊ​പ്പ​മു​ണ്ടെന്നു മനസ്സി​ലാ​ക്കിയ ഫറവോൻ അദ്ദേഹത്തെ ഈജി​പ്‌തി​ലെ ഭക്ഷ്യവ​കു​പ്പി​ന്റെ ചുമതല ഏൽപ്പിച്ചു. (ഉൽപ. 41:38, 41-44) പിന്നീട്‌ ഈജി​പ്‌തി​ലും യോ​സേ​ഫി​ന്റെ ദേശമായ കനാനി​ലും ഒക്കെ വലി​യൊ​രു ക്ഷാമമു​ണ്ടാ​യി. എന്നാൽ ഇപ്പോൾ യോ​സേഫ്‌ തന്റെ വീട്ടു​കാ​രെ സംരക്ഷി​ക്കാ​നാ​കുന്ന ഒരു സ്ഥാനത്താ​യി​രു​ന്നു. അതുവഴി മിശി​ഹാ​യി​ലേക്കു നയിക്കുന്ന വംശപ​ര​മ്പ​രയെ സംരക്ഷി​ക്കാ​നും അദ്ദേഹ​ത്തി​നു കഴിയു​മാ​യി​രു​ന്നു.

12. യഹോവ ഏതൊക്കെ വിധങ്ങ​ളി​ലാണ്‌ യോ​സേഫ്‌ വിജയി​ക്കാൻ ഇടയാ​ക്കി​യത്‌?

12 യോ​സേ​ഫി​ന്റെ ജീവി​ത​ത്തി​ലു​ണ്ടായ അസാധാ​ര​ണ​മായ സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കുക. വെറും ഒരു അടിമ​യാ​യി​രുന്ന യോ​സേ​ഫി​നെ പ്രത്യേ​കം ശ്രദ്ധി​ക്കാൻ പോത്തി​ഫ​റി​നെ തോന്നി​പ്പി​ച്ചത്‌ ആരായി​രു​ന്നു? അതു​പോ​ലെ, ഒരു തടവു​പു​ള്ളി​യാ​യി​രുന്ന യോ​സേ​ഫി​നോ​ടു തടവറ​യു​ടെ മേലധി​കാ​രി​ക്കു പ്രീതി തോന്നാൻ ഇടയാ​ക്കി​യത്‌ ആരായി​രി​ക്കും? അസ്വസ്ഥ​പ്പെ​ടു​ത്തുന്ന സ്വപ്‌നങ്ങൾ ഫറവോ​നെ കാണി​ച്ച​തും ആ സ്വപ്‌ന​ത്തി​ന്റെ അർഥം വിശദീ​ക​രി​ക്കാ​നുള്ള കഴിവ്‌ യോ​സേ​ഫി​നു കൊടു​ത്ത​തും ആരാണ്‌? ഇനി, ഈജി​പ്‌തി​ലെ ഭക്ഷ്യവ​കു​പ്പി​ന്റെ ചുമതല യോ​സേ​ഫി​നെ ഏൽപ്പി​ക്കാ​നുള്ള തീരു​മാ​ന​മെ​ടു​ക്കാൻ ഫറവോ​നെ പ്രേരി​പ്പി​ച്ച​തി​നു പിന്നി​ലും ആരാണ്‌? (ഉൽപ. 45:5) തീർച്ച​യാ​യും യഹോ​വ​യാണ്‌ യോ​സേഫ്‌ ചെയ്‌ത​തെ​ല്ലാം സഫലമാ​ക്കി​ത്തീർത്തത്‌. ചേട്ടന്മാർ യോ​സേ​ഫി​നെ കൊല്ലാൻ ശ്രമി​ച്ചെ​ങ്കി​ലും അവരുടെ കുടി​ല​പ​ദ്ധ​തി​യെ തന്റെ ഉദ്ദേശ്യം നടപ്പി​ലാ​ക്കു​ന്ന​തി​നു​വേണ്ടി വഴിതി​രി​ച്ചു​വി​ടാൻ യഹോ​വ​യ്‌ക്കു കഴിഞ്ഞു.

വിജയി​ക്കാൻ യഹോവ എങ്ങനെയാണു നിങ്ങളെ സഹായി​ക്കു​ന്നത്‌?

13. നമ്മുടെ ജീവി​ത​ത്തി​ലു​ണ്ടാ​കുന്ന ഓരോ സാഹച​ര്യ​ത്തി​ലും യഹോവ ഇടപെ​ടു​ന്നു​ണ്ടോ, വിശദീ​ക​രി​ക്കുക.

13 യോ​സേ​ഫി​ന്റെ വിവര​ണ​ത്തിൽനിന്ന്‌ നമുക്കു പഠിക്കാ​നുള്ള പാഠം എന്താണ്‌? നമ്മുടെ ജീവി​ത​ത്തി​ലു​ണ്ടാ​കുന്ന ഓരോ സാഹച​ര്യ​ത്തി​ലും യഹോവ ഇടപെ​ടു​ന്നുണ്ട്‌ എന്നാണോ? നമ്മുടെ ജീവി​ത​ത്തിൽ എന്തെങ്കി​ലും പ്രശ്‌നം ഉണ്ടാകു​മ്പോൾ ഓരോ തവണയും യഹോവ അതിനെ നമ്മുടെ നന്മയ്‌ക്കാ​യി വഴിതി​രി​ച്ചു​വി​ടു​ന്നു​ണ്ടോ? ബൈബിൾ അങ്ങനെ പഠിപ്പി​ക്കു​ന്നില്ല. (സഭാ. 8:9; 9:11) എന്നാൽ ഒരു കാര്യ​ത്തിൽ നമുക്ക്‌ ഉറപ്പുണ്ട്‌: ജീവി​ത​ത്തിൽ ഒരു പ്രശ്‌നം ഉണ്ടാകു​മ്പോൾ യഹോവ അതു കാണു​ന്നുണ്ട്‌, സഹായ​ത്തി​നാ​യി വിളി​ച്ച​പേ​ക്ഷി​ക്കു​മ്പോൾ അതു കേൾക്കു​ക​യും ചെയ്യും. (സങ്കീ. 34:15; 55:22; യശ. 59:1) അതു മാത്രമല്ല, പ്രയാസം നിറഞ്ഞ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ അതു സഹിച്ചു​നിൽക്കു​ന്ന​തിൽ വിജയി​ക്കാൻ യഹോവ നമ്മളെ സഹായി​ക്കു​ക​യും ചെയ്യും. അത്‌ എങ്ങനെ​യാണ്‌?

14. ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങ​ളിൽ യഹോവ നമ്മളെ സഹായി​ക്കുന്ന ഒരു വിധം ഏതാണ്‌?

14 യഹോവ ഇന്നു നമ്മളെ സഹായി​ക്കുന്ന ഒരു വിധം ഏതാണ്‌? ആവശ്യ​മായ പ്രോ​ത്സാ​ഹ​ന​വും ആശ്വാ​സ​വും നൽകി​ക്കൊണ്ട്‌. മിക്ക​പ്പോ​ഴും ഏറ്റവും വേണ്ട സമയത്തു​ത​ന്നെ​യാ​യി​രി​ക്കും അതു കിട്ടു​ന്നത്‌. (2 കൊരി. 1:3, 4) തുർക്ക്‌മ​നി​സ്ഥാ​നി​ലുള്ള ഇസിസ്‌ സഹോ​ദ​രന്‌ അങ്ങനെ​യൊ​രു സഹായം ലഭിച്ചു. അദ്ദേഹ​ത്തി​നു വിശ്വാ​സ​ത്തി​ന്റെ പേരിൽ രണ്ടു വർഷം ജയിൽശിക്ഷ അനുഭ​വി​ക്കേ​ണ്ടി​വന്നു. സഹോ​ദരൻ പറയുന്നു: “എന്നെ വിചാരണ ചെയ്യുന്ന ദിവസം രാവിലെ ഒരു സഹോ​ദരൻ യശയ്യ 30:15 കാണി​ച്ചു​തന്നു. അവിടെ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: ‘ശാന്തരാ​യി​രുന്ന്‌ എന്നിൽ ആശ്രയി​ക്കുക; അതാണു നിങ്ങളു​ടെ ബലം.’ ശാന്തനാ​യി​രുന്ന്‌ എല്ലാ കാര്യ​ത്തി​ലും യഹോ​വ​യിൽ ആശ്രയി​ക്കാൻ ആ വാക്യം എന്നെ സഹായി​ച്ചു. അതെക്കു​റിച്ച്‌ കൂടുതൽ ചിന്തി​ച്ചതു ജയിൽശിക്ഷ അനുഭ​വിച്ച ആ കാല​ത്തെ​ല്ലാം വിശ്വ​സ്‌ത​നാ​യി തുടരാൻ എനിക്കു പ്രോ​ത്സാ​ഹ​ന​മേകി.” ഇതു​പോ​ലെ പ്രോ​ത്സാ​ഹ​ന​വും ആശ്വാ​സ​വും ഏറ്റവും ആവശ്യ​മാ​യി​രുന്ന സമയത്തു​തന്നെ യഹോവ അതു നൽകിയ ഏതെങ്കി​ലും സന്ദർഭ​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ ഓർത്തെ​ടു​ക്കാൻ കഴിയു​ന്നു​ണ്ടോ?

15-16. ടോറി​യു​ടെ അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

15 നമ്മൾ ഒരു പരീക്ഷ​ണ​ത്തി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ യഹോവ നമ്മളെ എങ്ങനെ​യൊ​ക്കെ​യാ​ണു സഹായി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ ഒരുപക്ഷേ ശ്രദ്ധി​ക്ക​ണ​മെ​ന്നില്ല. ടോറി സഹോ​ദ​രി​യു​ടെ കാര്യ​ത്തിൽ അതാണു സംഭവി​ച്ചത്‌. സഹോ​ദ​രി​യു​ടെ മകൻ മെയ്‌സൺ ക്യാൻസർ വന്ന്‌ മരിച്ചു. അതു സഹോ​ദ​രി​യെ വല്ലാതെ തകർത്തു​ക​ളഞ്ഞു. ആറു വർഷം രോഗ​ത്തോ​ടു മല്ലിട്ട​ശേ​ഷ​മാണ്‌ അവൻ മരിച്ചത്‌. സഹോ​ദരി പറയുന്നു: “ഒരു അമ്മയെന്ന നിലയിൽ ഇതിലും വലിയ വേദന എനിക്ക്‌ ഇനി അനുഭ​വി​ക്കാ​നില്ല.” സഹോ​ദരി ഇങ്ങനെ​യും പറഞ്ഞു: “നമ്മൾ ഒരു വേദന സഹിക്കു​ന്ന​തി​നെ​ക്കാൾ ബുദ്ധി​മു​ട്ടാണ്‌ നമ്മുടെ കുഞ്ഞ്‌ അതു സഹിക്കു​ന്നതു കണ്ടുനിൽക്കാൻ. ഈ അഭി​പ്രാ​യ​ത്തോട്‌ എല്ലാ മാതാ​പി​താ​ക്ക​ളും യോജി​ക്കും.”

16 തന്റെ മകൻ വേദന സഹിക്കു​ന്നതു കണ്ടപ്പോൾ സഹോ​ദ​രി​ക്കു വല്ലാത്ത വിഷമം തോന്നി. എങ്കിലും പിന്നീട്‌ അതെക്കു​റിച്ച്‌ ചിന്തി​ച്ച​പ്പോൾ ആ സാഹച​ര്യ​ത്തിൽ സഹിച്ചു​നിൽക്കാൻ യഹോവ തന്നെ സഹായി​ച്ചത്‌ എങ്ങനെ​യാ​ണെന്നു സഹോ​ദ​രി​ക്കു മനസ്സി​ലാ​യി. സഹോ​ദരി പറയുന്നു: “മകൻ സുഖമി​ല്ലാ​തെ കിടന്ന ആ സമയത്ത്‌ യഹോവ എങ്ങനെ​യാണ്‌ എന്നെ സഹായി​ച്ച​തെന്ന്‌ ഇപ്പോൾ എനിക്കു മനസ്സി​ലാ​കു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, മെയ്‌സൺ തീരെ അവശനാ​യി​രി​ക്കു​മ്പോൾ ആർക്കും അവനെ കാണാൻ പറ്റില്ലാ​യി​രു​ന്നു. എങ്കിലും വളരെ ദൂരെ​നി​ന്നു​പോ​ലും സഹോ​ദ​രങ്ങൾ ആശുപ​ത്രി​യിൽ എത്തുമാ​യി​രു​ന്നു. എന്നിട്ട്‌ ഞങ്ങൾക്ക്‌ എന്തു സഹായ​വും ചെയ്യാൻ തയ്യാറാ​യി കാത്തി​രി​പ്പു​മു​റി​യിൽ ഇരിക്കും. ഇനി, ആവശ്യ​മായ സാധന​ങ്ങ​ളും മറ്റും നൽകി​ക്കൊ​ണ്ടും സഹോ​ദ​രങ്ങൾ ഞങ്ങളെ പിന്തു​ണച്ചു. ഏറ്റവും മോശ​മായ സാഹച​ര്യ​ത്തിൽപ്പോ​ലും ഞങ്ങളുടെ ആവശ്യ​ങ്ങ​ളെ​ല്ലാം ഭംഗി​യാ​യി നടന്നു.” സഹിച്ചു​നിൽക്കു​ന്ന​തിന്‌ ആവശ്യ​മാ​യത്‌ എന്താണോ അതു ടോറി സഹോ​ദ​രി​ക്കും മകൻ മെയ്‌സ​ണും യഹോവ നൽകി.—“ ഞങ്ങൾക്ക്‌ ആവശ്യ​മാ​യത്‌ എന്താണോ അത്‌ യഹോവ നൽകി” എന്ന ചതുരം കാണുക.

അനു​ഗ്ര​ഹങ്ങൾ എണ്ണുക

17-18. പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോ​ഴും യഹോവ സഹായി​ക്കു​ന്നു​ണ്ടെന്നു തിരി​ച്ച​റി​യാ​നും അതി​നോ​ടു നന്ദി കാണി​ക്കാ​നും നമ്മളെ എന്തു സഹായി​ക്കും? (സങ്കീർത്തനം 40:5)

17 സങ്കീർത്തനം 40:5 വായി​ക്കുക. മല കയറു​ന്ന​വ​രു​ടെ ലക്ഷ്യം ഏറ്റവും മുകളിൽ എത്തുക എന്നതാണ്‌. എന്നാൽ പോകു​ന്ന​വഴി ഇടയ്‌ക്കി​ടെ നിന്ന്‌ ആ ഭാഗത്തെ മനോ​ഹാ​രി​ത​യൊ​ക്കെ ആസ്വദി​ച്ചാ​യി​രി​ക്കും അവർ മുന്നോ​ട്ടു നീങ്ങു​ന്നത്‌. ഇതു​പോ​ലെ പ്രയാ​സങ്ങൾ നിറഞ്ഞ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോ​ഴും വിജയി​ക്കാൻ യഹോവ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്നു ചിന്തി​ക്കാൻ പതിവാ​യി സമയം കണ്ടെത്തുക. ഓരോ ദിവസ​ത്തി​ന്റെ​യും അവസാനം നിങ്ങൾക്ക്‌ ഇങ്ങനെ ചോദി​ക്കാ​വു​ന്ന​താണ്‌: ‘ഇന്ന്‌ യഹോവ എന്നെ ഏതൊക്കെ വിധങ്ങ​ളി​ലാണ്‌ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നത്‌? പ്രശ്‌നം നിലനിൽക്കു​ന്നു​ണ്ടെ​ങ്കിൽപ്പോ​ലും സഹിച്ചു​നിൽക്കാൻ യഹോവ എങ്ങനെ​യാണ്‌ എന്നെ സഹായി​ക്കു​ന്നത്‌?’ വിജയി​ക്കാൻ നിങ്ങളെ സഹായി​ക്കു​ന്ന​തി​നു യഹോവ ചെയ്‌ത ഒരു കാര്യ​മെ​ങ്കി​ലും കണ്ടെത്താ​നാ​കു​മോ എന്നു നോക്കുക.

18 നമ്മുടെ പ്രശ്‌നം ഒന്ന്‌ അവസാ​നി​ച്ചു​കി​ട്ടാൻവേണ്ടി നമ്മൾ പ്രാർഥി​ക്കു​ന്നു​ണ്ടാ​കാം. അതു മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ, അങ്ങനെ ചെയ്യു​ന്ന​തിൽ തെറ്റു​മില്ല. (ഫിലി. 4:6) എന്നാൽ അതോ​ടൊ​പ്പം യഹോവ നൽകുന്ന അനു​ഗ്ര​ഹങ്ങൾ തിരി​ച്ച​റി​യാ​നും നമുക്കു കഴിയണം. എന്തൊക്കെ പ്രശ്‌ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും നമ്മളെ ശക്തീക​രി​ക്കും, സഹിച്ചു​നിൽക്കാൻ പ്രാപ്‌ത​രാ​ക്കും എന്ന്‌ യഹോവ വാക്കു​ത​ന്നി​ട്ടുണ്ട്‌. പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളിൽ യഹോവ കൂടെ​യു​ണ്ടാ​യി​രി​ക്കു​മെന്ന കാര്യം മറക്കരുത്‌. എപ്പോ​ഴും അതിനു നന്ദിയു​ള്ള​വ​രാ​യി​രി​ക്കുക. ബുദ്ധി​മു​ട്ടു നിറഞ്ഞ സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും വിജയി​ക്കാൻ യഹോവ യോ​സേ​ഫി​നെ സഹായി​ച്ച​തു​പോ​ലെ നമ്മളെ​യും സഹായി​ക്കു​ന്നു​ണ്ടെന്ന കാര്യം മനസ്സി​ലാ​ക്കാൻ അപ്പോൾ നമുക്കു കഴിയും.—ഉൽപ. 41:51, 52.

ഗീതം 32 യഹോ​വ​യു​ടെ പക്ഷത്ത്‌ നിൽക്കുക!

a ബുദ്ധിമുട്ടുകളും പ്രയാ​സ​ങ്ങ​ളും നിറഞ്ഞ സാഹച​ര്യ​ത്തി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ ജീവിതം സഫലമാ​യി അല്ലെങ്കിൽ “വിജയി​ച്ചു” എന്ന്‌ ഒരുപക്ഷേ നമുക്കു തോന്നില്ല. പ്രശ്‌ന​ങ്ങ​ളൊ​ക്കെ ഒന്നു മാറി​യാ​ലേ വിജയി​ച്ചെന്നു പറയാ​നാ​കൂ എന്നായി​രി​ക്കാം നമ്മുടെ ചിന്ത. എന്നാൽ യോ​സേ​ഫി​ന്റെ ജീവി​ത​ത്തി​ലു​ണ്ടായ പല സാഹച​ര്യ​ങ്ങ​ളിൽനിന്ന്‌ നമ്മൾ ഒരു പ്രധാ​ന​പ്പെട്ട കാര്യം പഠിക്കാൻപോ​കു​ക​യാണ്‌: പ്രശ്‌ന​ങ്ങ​ളു​ടെ നടുവി​ലാ​യി​രി​ക്കു​മ്പോൾപ്പോ​ലും വിജയി​ക്കാൻ യഹോ​വ​യ്‌ക്കു നമ്മളെ സഹായി​ക്കാൻ കഴിയു​മെന്ന കാര്യം. അത്‌ എങ്ങനെ​യാ​ണെന്ന്‌ ഈ ലേഖന​ത്തിൽ വിശദീ​ക​രി​ക്കും.

b അടിമയായി ഈജി​പ്‌തിൽ എത്തിയ യോ​സേ​ഫി​ന്റെ ജീവി​ത​ത്തിൽ ആദ്യകാ​ലത്ത്‌ നടന്ന സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ ഏതാനും വാചക​ങ്ങ​ളി​ലാ​ണു പറഞ്ഞി​രി​ക്കു​ന്ന​തെ​ങ്കി​ലും അതു നടന്നതു കുറെ വർഷങ്ങൾകൊ​ണ്ടാ​യി​രി​ക്കാം.