വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 5

“ക്രിസ്‌തു​വി​ന്റെ സ്‌നേ​ഹ​മാ​ണു ഞങ്ങളെ നിർബ​ന്ധി​ക്കു​ന്നത്‌”

“ക്രിസ്‌തു​വി​ന്റെ സ്‌നേ​ഹ​മാ​ണു ഞങ്ങളെ നിർബ​ന്ധി​ക്കു​ന്നത്‌”

“ക്രിസ്‌തു​വി​ന്റെ സ്‌നേ​ഹ​മാ​ണു ഞങ്ങളെ നിർബ​ന്ധി​ക്കു​ന്നത്‌. . . . ക്രിസ്‌തു എല്ലാവർക്കും​വേണ്ടി മരിച്ച​തു​കൊണ്ട്‌ ജീവി​ക്കു​ന്നവർ ഇനി തങ്ങൾക്കു​വേ​ണ്ടി​യല്ല, തങ്ങൾക്കു​വേണ്ടി മരിച്ച്‌ ഉയിർപ്പി​ക്ക​പ്പെ​ട്ട​വ​നു​വേണ്ടി ജീവി​ക്കണം.”—2 കൊരി. 5:14, 15.

ഗീതം 13 നമ്മുടെ മാതൃ​കാ​പു​രു​ഷൻ, ക്രിസ്‌തു

ചുരുക്കം a

1-2. (എ) യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും ആഴത്തിൽ ചിന്തി​ക്കു​മ്പോൾ എന്തൊക്കെ വികാ​ര​ങ്ങ​ളാ​ണു നമുക്ക്‌ അനുഭ​വ​പ്പെ​ടു​ന്നത്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

 പ്രിയ​പ്പെ​ട്ട​വ​രു​ടെ മരണം നമ്മളെ ഒരുപാ​ടു വേദനി​പ്പി​ക്കു​ന്നു. ഒരുപാ​ടു ദുരി​ത​മൊ​ക്കെ അനുഭ​വി​ച്ചാ​ണു അവർ മരിച്ച​തെ​ങ്കിൽ ആ ദിവസ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ ആദ്യ​മൊ​ക്കെ വല്ലാത്ത വേദന​യാ​യി​രി​ക്കും. എന്നാൽ കുറച്ച്‌ നാൾ കഴിയു​മ്പോൾ, അവർ പഠിപ്പി​ച്ച​തോ അല്ലെങ്കിൽ നമ്മളെ ധൈര്യ​പ്പെ​ടു​ത്താ​നോ ചിരി​പ്പി​ക്കാ​നോ വേണ്ടി പറഞ്ഞതോ ചെയ്‌ത​തോ ആയ ഏതെങ്കി​ലും കാര്യ​ത്തെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ നമുക്കു സന്തോഷം തോന്നി​യേ​ക്കാം.

2 ഇതു​പോ​ലെ​തന്നെ യേശു കഷ്ടതകൾ സഹിച്ച്‌ മരിച്ച​തി​നെ​ക്കു​റിച്ച്‌ വായി​ക്കു​മ്പോൾ നമുക്കു സങ്കടം തോന്നും. യേശു തന്റെ ജീവൻ ഒരു ബലിയാ​യി നൽകി​യ​തി​നെ​ക്കു​റിച്ച്‌ സ്‌മാ​ര​ക​കാ​ലത്ത്‌ നമ്മൾ ഒരുപാ​ടു ചിന്തി​ക്കു​മ​ല്ലോ. (1 കൊരി. 11:24, 25) എങ്കിലും യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ പറഞ്ഞതും ചെയ്‌ത​തും ആയ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​മ്പോൾ നമുക്കു സന്തോഷം തോന്നും. കൂടാതെ, ഇപ്പോൾ യേശു ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളും ഭാവി​യിൽ നമുക്കു​വേണ്ടി ചെയ്യാൻപോ​കുന്ന കാര്യ​ങ്ങ​ളും ആലോ​ചി​ക്കു​ന്നതു നമുക്കു പ്രോ​ത്സാ​ഹനം പകരും. ഇക്കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും യേശു​വി​നു നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചും ചിന്തി​ക്കു​ന്നതു നന്ദിയു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കും. നമുക്ക്‌ എങ്ങനെ പ്രാ​യോ​ഗി​ക​മായ വിധത്തിൽ അതു ചെയ്യാം എന്നാണ്‌ ഈ ലേഖന​ത്തിൽ പഠിക്കാൻപോ​കു​ന്നത്‌.

യേശു​വി​നോ​ടുള്ള നന്ദി യേശു​വി​നെ അനുഗമിക്കാൻ പ്രേരിപ്പിക്കുന്നു

3. യേശു തന്റെ ജീവൻ മോച​ന​വി​ല​യാ​യി നൽകി​യ​തി​നു നന്ദി തോന്നാൻ നമുക്ക്‌ എന്തൊക്കെ കാരണ​ങ്ങ​ളുണ്ട്‌?

3 യേശു​വി​ന്റെ ജീവി​ത​ത്തെ​യും മരണ​ത്തെ​യും കുറിച്ച്‌ ഓർക്കു​മ്പോൾ നമ്മുടെ ഉള്ളിൽ വിലമ​തി​പ്പു നിറയും. ഭൂമി​യി​ലെ തന്റെ ശുശ്രൂ​ഷ​യു​ടെ സമയത്ത്‌ യേശു ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ കിട്ടാൻപോ​കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ആളുകളെ പഠിപ്പി​ച്ചു. ആ സത്യങ്ങൾ നമുക്ക്‌ വളരെ വില​പ്പെ​ട്ട​താണ്‌. കാരണം, യേശു തന്റെ ജീവൻ മോച​ന​വി​ല​യാ​യി നൽകി​യ​തു​കൊണ്ട്‌ യഹോ​വ​യോ​ടും യേശു​വി​നോ​ടും ഒരു അടുത്ത സൗഹൃ​ദ​ത്തി​ലേക്കു വരാൻ നമുക്കു കഴിയു​ന്നു. കൂടാതെ, യേശു​വിൽ വിശ്വാ​സം അർപ്പി​ക്കു​ന്ന​വർക്കു നിത്യം ജീവി​ക്കാ​നും മരിച്ചു​പോയ പ്രിയ​പ്പെ​ട്ട​വരെ വീണ്ടും കാണാ​നും ഉള്ള അവസര​വു​മുണ്ട്‌. (യോഹ. 5:28, 29; റോമ. 6:23) ഈ അനു​ഗ്ര​ഹ​ങ്ങ​ളൊ​ക്കെ കിട്ടാൻ നമ്മൾ പ്രത്യേ​കിച്ച്‌ ഒന്നും ചെയ്‌തി​ട്ടില്ല. മാത്രമല്ല ഇവയ്‌ക്കെ​ല്ലാം പകരമാ​യി യഹോ​വ​യ്‌ക്കും യേശു​വി​നും എന്തെങ്കി​ലും നൽകാ​നും നമുക്കാ​കില്ല. (റോമ. 5:8, 20, 21) എങ്കിലും എത്ര നന്ദിയു​ള്ള​വ​രാ​ണെന്നു നമുക്കു കാണി​ക്കാ​നാ​കും. എങ്ങനെ?

മഗ്‌ദ​ല​ക്കാ​രി മറിയ​യു​ടെ മാതൃക നന്ദി കാണി​ക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്‌ എങ്ങനെ? (4-5 ഖണ്ഡികകൾ കാണുക.)

4. യേശു തനിക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങൾക്കു നന്ദിയു​ള്ള​വ​ളാ​ണെന്നു മഗ്‌ദ​ല​ക്കാ​രി മറിയ തെളി​യി​ച്ചത്‌ എങ്ങനെ​യാണ്‌? (ചിത്രം കാണുക.)

4 ഒരു ജൂതസ്‌ത്രീ​യാ​യി​രുന്ന മഗ്‌ദ​ല​ക്കാ​രി മറിയ​യു​ടെ കാര്യം നോക്കാം. ഏഴു ഭൂതങ്ങ​ളു​ടെ ഉപദ്ര​വ​മു​ണ്ടാ​യി​രുന്ന ഒരു സ്‌ത്രീ​യാ​യി​രു​ന്നു അവർ. അതിൽനിന്ന്‌ തന്നെ മോചി​പ്പി​ക്കാൻ ആർക്കും കഴിയി​ല്ലെന്ന്‌ ഒരുപക്ഷേ മറിയ ചിന്തി​ച്ചി​ട്ടു​ണ്ടാ​കും. അതു​കൊ​ണ്ടു​തന്നെ ഭൂതങ്ങ​ളു​ടെ പിടി​യിൽനിന്ന്‌ യേശു മറിയയെ മോചി​പ്പി​ച്ച​പ്പോൾ അവർക്കു യേശു​വി​നോട്‌ എത്ര നന്ദി തോന്നി​ക്കാ​ണും! ആ നന്ദി ക്രിസ്‌തു​ശി​ഷ്യ​യാ​യി​ത്തീ​രാ​നും തന്റെ സമയവും ഊർജ​വും വസ്‌തു​വ​ക​ക​ളും ഒക്കെ യേശു​വി​നു​വേണ്ടി ഉപയോ​ഗി​ക്കാ​നും മറിയയെ പ്രേരി​പ്പി​ച്ചു. (ലൂക്കോ. 8:1-3) എങ്കിലും യേശു തരാനി​രി​ക്കുന്ന ഏറ്റവും വലിയ സമ്മാന​ത്തെ​ക്കു​റിച്ച്‌ ഒരുപക്ഷേ ആ സമയത്ത്‌ മറിയ​യ്‌ക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. ‘തന്നിൽ വിശ്വ​സി​ക്കുന്ന എല്ലാവർക്കും’ നിത്യ​ജീ​വൻ കിട്ടാ​നാ​യി യേശു തന്റെ ജീവൻ ബലിയാ​യി നൽകാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. (യോഹ. 3:16) അത്ര​യൊ​ന്നും അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും യേശു​വി​നോ​ടു വിശ്വ​സ്‌ത​യാ​യി​രു​ന്നു​കൊണ്ട്‌ നന്ദിയു​ള്ള​വ​ളാ​ണെന്നു മറിയ തെളി​യി​ച്ചു. യേശു ദണ്ഡനസ്‌തം​ഭ​ത്തിൽ വേദന അനുഭ​വി​ക്കുന്ന സമയത്ത്‌ യേശു​വി​നും മറ്റുള്ള​വർക്കും ആശ്വാസം പകർന്നു​കൊണ്ട്‌ മറിയ അവരുടെ അരിക​ത്തു​ണ്ടാ​യി​രു​ന്നു. (യോഹ. 19:25) ഇനി, യേശു​വി​ന്റെ മരണ​ശേഷം മറിയ​യും മറ്റു രണ്ടു സ്‌ത്രീ​ക​ളു​മാ​ണു യേശു​വി​ന്റെ ശവസം​സ്‌കാ​ര​ത്തി​നു​വേണ്ടി സുഗന്ധവ്യഞ്ജനങ്ങളുമായി കല്ലറയു​ടെ അടുത്ത്‌ എത്തിയത്‌. (മർക്കോ. 16:1, 2) യേശു​വി​നോ​ടു വിശ്വ​സ്‌ത​യാ​യി​രുന്ന മറിയ​യ്‌ക്ക്‌ അപ്രതീ​ക്ഷി​ത​മാ​യി ഒരു അനു​ഗ്രഹം കിട്ടി, പുനരു​ത്ഥാ​ന​പ്പെട്ട യേശു​വി​നെ നേരിൽ കാണാ​നും സംസാ​രി​ക്കാ​നും ഉള്ള അവസരം. മറ്റു പല ശിഷ്യ​ന്മാർക്കും കിട്ടാ​തി​രുന്ന ഒരു അനു​ഗ്ര​ഹ​മാ​യി​രു​ന്നു അത്‌.—യോഹ. 20:11-18.

5. യഹോ​വ​യും യേശു​വും ചെയ്‌ത കാര്യ​ങ്ങൾക്കു നന്ദിയു​ള്ള​വ​രാ​ണെന്നു നമുക്ക്‌ എങ്ങനെ തെളി​യി​ക്കാം?

5 യഹോ​വ​യും യേശു​വും ചെയ്‌ത കാര്യ​ങ്ങൾക്കു നന്ദിയു​ള്ള​വ​രാ​ണെന്നു നമുക്കും തെളി​യി​ക്കാം. എങ്ങനെ? നമ്മുടെ സമയവും ഊർജ​വും വസ്‌തു​വ​ക​ക​ളും ദൈവ​രാ​ജ്യ​പ്ര​വർത്ത​ന​ങ്ങൾക്കു​വേണ്ടി ഉപയോ​ഗി​ച്ചു​കൊണ്ട്‌. അതിനുള്ള ഒരു വിധമാണ്‌ യഹോ​വയെ ആരാധി​ക്കാൻവേണ്ടി ഉപയോ​ഗി​ക്കുന്ന കെട്ടി​ടങ്ങൾ പണിയു​ക​യും പരിപാ​ലി​ക്കു​ക​യും ചെയ്യുന്ന പ്രവർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കു​ന്നത്‌.

യഹോ​വ​യോ​ടും യേശു​വി​നോ​ടും ഉള്ള സ്‌നേഹം മറ്റുള്ള​വരെ സ്‌നേ​ഹി​ക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു

6. മോച​ന​വില നമുക്ക്‌ ഓരോ​രു​ത്തർക്കും​വേ​ണ്ടി​യുള്ള ഒരു സമ്മാന​മാ​ണെന്നു പറയാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

6 യഹോ​വ​യും യേശു​വും നമ്മളെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നെന്നു ചിന്തി​ക്കു​മ്പോൾ അവരെ തിരിച്ച്‌ സ്‌നേ​ഹി​ക്കാൻ നമ്മൾ പ്രേരി​ത​രാ​കു​ന്നു. (1 യോഹ. 4:10, 19) യേശു മരിച്ചതു നമുക്ക്‌ ഓരോ​രു​ത്തർക്കും വേണ്ടി​യാ​ണെന്ന്‌ ഓർക്കു​മ്പോൾ ആ സ്‌നേഹം കൂടുതൽ ശക്തമാ​കും. യേശു​വി​ന്റെ മോച​ന​വില തനിക്കു​വേണ്ടി നൽകിയ ഒരു സമ്മാന​മാ​ണെന്നു പൗലോസ്‌ തിരി​ച്ച​റി​യു​ക​യും വിലമ​തി​ക്കു​ക​യും ചെയ്‌തു. ഗലാത്യ​യി​ലു​ള്ള​വർക്ക്‌ എഴുതി​യ​പ്പോൾ യേശു​വി​നെ​ക്കു​റിച്ച്‌, ‘എന്നെ സ്‌നേ​ഹിച്ച്‌ എനിക്കു​വേണ്ടി തന്നെത്തന്നെ ഏൽപ്പി​ച്ചു​കൊ​ടുത്ത ദൈവ​പു​ത്രൻ’ എന്നു പറഞ്ഞതിൽനിന്ന്‌ നമുക്ക്‌ അതു മനസ്സി​ലാ​ക്കാം. (ഗലാ. 2:20) നിങ്ങൾക്ക്‌ യഹോ​വ​യു​ടെ സുഹൃ​ത്താ​യി​രി​ക്കാൻ കഴി​യേ​ണ്ട​തിന്‌, മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ യഹോവ നിങ്ങളെ തന്നി​ലേക്ക്‌ ആകർഷി​ച്ചു. (യോഹ. 6:44) യഹോവ നിങ്ങളി​ലെ നന്മ കാണു​ക​യും നിങ്ങളെ തന്റെ സുഹൃ​ത്താ​ക്കാൻവേണ്ടി ഏറ്റവും വലിയ വിലതന്നെ കൊടു​ക്കു​ക​യും ചെയ്‌തെന്നു ചിന്തി​ക്കു​മ്പോൾ നിങ്ങൾക്കു സന്തോഷം തോന്നു​ന്നി​ല്ലേ? അത്‌ യഹോ​വ​യോ​ടും യേശു​വി​നോ​ടും ഉള്ള നിങ്ങളു​ടെ സ്‌നേഹം കൂടുതൽ ശക്തമാ​ക്കു​ന്നി​ല്ലേ? അതു​കൊണ്ട്‌ നമുക്ക്‌ ഓരോ​രു​ത്തർക്കും ഇങ്ങനെ ചോദി​ക്കാം: ‘ആ സ്‌നേഹം എന്തു ചെയ്യാൻ എന്നെ പ്രേരി​പ്പി​ക്കണം?’

യഹോ​വ​യോ​ടും യേശു​വി​നോ​ടും ഉള്ള സ്‌നേഹം എല്ലാ തരം ആളുക​ളോ​ടും ദൈവ​രാ​ജ്യ​സ​ന്ദേശം അറിയി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു (7-ാം ഖണ്ഡിക കാണുക.)

7. ചിത്ര​ത്തിൽ കാണു​ന്ന​തു​പോ​ലെ, യഹോ​വ​യോ​ടും യേശു​വി​നോ​ടും ഉള്ള സ്‌നേഹം നമുക്ക്‌ എങ്ങനെ കാണി​ക്കാം? (2 കൊരി​ന്ത്യർ 5:14, 15; 6:1, 2)

7 യഹോ​വ​യോ​ടും യേശു​വി​നോ​ടും ഉള്ള സ്‌നേഹം മറ്റുള്ള​വരെ സ്‌നേ​ഹി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു. (2 കൊരി​ന്ത്യർ 5:14, 15; 6:1, 2 വായി​ക്കുക.) ആ സ്‌നേഹം പ്രവൃ​ത്തി​യി​ലൂ​ടെ കാണി​ക്കാ​നാ​കുന്ന ഒരു വിധം, പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തീക്ഷ്‌ണ​ത​യോ​ടെ പങ്കെടു​ക്കു​ന്ന​താണ്‌. ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കു​മ്പോൾ കണ്ടുമു​ട്ടുന്ന എല്ലാവ​രോ​ടും നമ്മൾ സംസാ​രി​ക്കും. അവരുടെ വംശം ഏതാ​ണെ​ന്നോ സാമ്പത്തി​ക​നില എങ്ങനെ​യു​ള്ള​താ​ണെ​ന്നോ സമൂഹ​ത്തിൽ അവർക്കുള്ള സ്ഥാനം എന്താ​ണെ​ന്നോ നമ്മൾ നോക്കാ​റില്ല. അങ്ങനെ ചെയ്യു​മ്പോൾ നമ്മൾ യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യാണ്‌. കാരണം “എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടണ​മെ​ന്നും അവർ സത്യത്തി​ന്റെ ശരിയായ അറിവ്‌ നേടണ​മെ​ന്നും ആണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌.”—1 തിമൊ. 2:4.

8. നമുക്ക്‌ എങ്ങനെ​യെ​ല്ലാം സഹോ​ദ​ര​ങ്ങ​ളോ​ടുള്ള സ്‌നേഹം തെളി​യി​ക്കാം?

8 സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ച്ചു​കൊ​ണ്ടും യഹോ​വ​യോ​ടും യേശു​വി​നോ​ടും ഉള്ള സ്‌നേഹം നമുക്കു തെളി​യി​ക്കാ​വു​ന്ന​താണ്‌. (1 യോഹ. 4:21) സഹോ​ദ​ര​ങ്ങ​ളു​ടെ ആവശ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​രാ​യി​രു​ന്നു​കൊ​ണ്ടും അവർ ബുദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​മ്പോൾ അവരെ സഹായി​ച്ചു​കൊ​ണ്ടും നമുക്ക്‌ അതു ചെയ്യാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, അവരുടെ പ്രിയ​പ്പെട്ട ആരെങ്കി​ലും മരിക്കു​മ്പോൾ നമുക്ക്‌ അവരെ ആശ്വസി​പ്പി​ക്കാം. ആരെങ്കി​ലും രോഗി​ക​ളാ​കു​മ്പോൾ ചെന്നു കാണാം. ഇനി, നിരാ​ശ​പ്പെ​ട്ടി​രി​ക്കു​ന്ന​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാം. (2 കൊരി. 1:3-7; 1 തെസ്സ. 5:11, 14) കൂടാതെ, സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി എപ്പോ​ഴും പ്രാർഥി​ക്കു​ന്ന​തി​ലൂ​ടെ​യും നമ്മൾ ആ സ്‌നേഹം തെളി​യി​ക്കു​ക​യാണ്‌. ‘നീതി​മാ​ന്റെ ഉള്ളുരു​കി​യുള്ള പ്രാർഥ​ന​യ്‌ക്കു വലിയ ശക്തിയു​ണ്ടെന്ന്‌’ നമുക്ക്‌ അറിയാം.—യാക്കോ. 5:16.

9. സഹോ​ദ​ര​ങ്ങ​ളോ​ടുള്ള സ്‌നേഹം കാണി​ക്കാ​നാ​കുന്ന മറ്റൊരു വിധം ഏതാണ്‌?

9 സഹോ​ദ​ര​ങ്ങ​ളോ​ടു സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ നല്ല ശ്രമം ചെയ്യു​ന്ന​തി​ലൂ​ടെ​യും നമുക്ക്‌ അവരോ​ടു സ്‌നേഹം കാണി​ക്കാം. അങ്ങനെ ചെയ്യു​മ്പോൾ ക്ഷമിക്കുന്ന കാര്യ​ത്തിൽ യഹോവ വെച്ചി​രി​ക്കുന്ന മാതൃക നമ്മൾ അനുക​രി​ക്കു​ക​യാ​യി​രി​ക്കും. നമ്മുടെ പാപങ്ങൾക്കു​വേണ്ടി മരിക്കാൻ തന്റെ പ്രിയ മകനെ യഹോവ വിട്ടു​ത​ന്നെ​ങ്കിൽ, സഹോ​ദ​രങ്ങൾ നമ്മളോ​ടു ചെയ്യുന്ന തെറ്റുകൾ ക്ഷമിക്കാൻ നമ്മൾ എത്രയ​ധി​കം തയ്യാറാ​കേ​ണ്ട​താണ്‌. യേശു​വി​ന്റെ ഉപമയി​ലെ ദുഷ്ടനായ അടിമ​യെ​പ്പോ​ലെ​യാ​യി​രി​ക്കാൻ നമ്മൾ ആരും ആഗ്രഹി​ക്കു​ന്നില്ല. യജമാനൻ ആ അടിമ​യു​ടെ വലി​യൊ​രു കടം എഴുതി​ത്ത​ള്ളി​യെ​ങ്കി​ലും തനിക്കു വളരെ ചെറി​യൊ​രു തുക തരാനു​ണ്ടാ​യി​രുന്ന സഹയടി​മ​യോ​ടു ക്ഷമിക്കാൻ അയാൾ തയ്യാറാ​യില്ല. (മത്താ. 18:23-35) വെറും തെറ്റി​ദ്ധാ​ര​ണ​യു​ടെ പേരിൽ സഭയിൽ ആരെങ്കി​ലു​മാ​യി ഒരു പ്രശ്‌ന​മു​ണ്ടെ​ങ്കിൽ അതു പരിഹ​രി​ക്കാൻ സ്‌മാ​ര​ക​ത്തി​നു മുമ്പു​തന്നെ നിങ്ങൾക്കു ശ്രമി​ക്കാ​നാ​കു​മോ? (മത്താ. 5:23, 24) അങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ നിങ്ങൾ യഹോ​വ​യോ​ടും യേശു​വി​നോ​ടും ഉള്ള സ്‌നേഹം തെളി​യി​ക്കു​ക​യാണ്‌.

10-11. യഹോ​വ​യെ​യും യേശു​വി​നെ​യും സ്‌നേ​ഹി​ക്കു​ന്നെന്നു മൂപ്പന്മാർക്ക്‌ എങ്ങനെ​യെ​ല്ലാം തെളി​യി​ക്കാം? (1 പത്രോസ്‌ 5:1, 2)

10 യഹോ​വ​യെ​യും യേശു​വി​നെ​യും സ്‌നേ​ഹി​ക്കു​ന്നെന്നു മൂപ്പന്മാർക്ക്‌ എങ്ങനെ തെളി​യി​ക്കാം? അതിനുള്ള ഒരു പ്രധാ​ന​വി​ധം, ക്രിസ്‌തു​വി​ന്റെ ആടുകളെ പരിപാ​ലി​ക്കു​ന്ന​താണ്‌. (1 പത്രോസ്‌ 5:1, 2 വായി​ക്കുക.) പത്രോ​സി​നോ​ടുള്ള യേശു​വി​ന്റെ വാക്കുകൾ അതാണു കാണി​ക്കു​ന്നത്‌. പത്രോസ്‌ യേശു​വി​നെ മൂന്നു തവണ തള്ളിപ്പ​റ​ഞ്ഞി​രു​ന്നു. അതു​കൊണ്ട്‌ യേശു​വി​നെ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു തെളി​യി​ക്കാൻ അദ്ദേഹം ആഗ്രഹി​ച്ചു. അപ്പോ​ഴാ​ണു പുനരു​ത്ഥാ​ന​പ്പെട്ട യേശു പത്രോ​സി​നോട്‌, “യോഹ​ന്നാ​ന്റെ മകനായ ശിമോ​നേ, നീ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ” എന്നു ചോദി​ക്കു​ന്നത്‌. യജമാ​ന​നോ​ടുള്ള തന്റെ സ്‌നേഹം തെളി​യി​ക്കാൻ എന്തും ചെയ്യാൻ അദ്ദേഹം ഒരുക്ക​മാ​യി​രു​ന്നു. യേശു പത്രോ​സി​നോ​ടു പറഞ്ഞു: “എന്റെ കുഞ്ഞാ​ടു​കളെ മേയ്‌ക്കുക.” (യോഹ. 21:15-17) തുടർന്നുള്ള തന്റെ ജീവി​ത​ത്തിൽ പത്രോസ്‌ അതുത​ന്നെ​യാ​ണു ചെയ്‌തത്‌. കർത്താ​വി​ന്റെ ആടുകളെ സ്‌നേ​ഹ​ത്തോ​ടെ പരിപാ​ലി​ച്ചു​കൊണ്ട്‌ യേശു​വി​നോ​ടുള്ള സ്‌നേഹം അദ്ദേഹം തെളി​യി​ച്ചു.

11 മൂപ്പന്മാ​രേ, പത്രോ​സി​നോ​ടുള്ള യേശു​വി​ന്റെ വാക്കു​ക​ളു​ടെ പ്രാധാ​ന്യം മനസ്സി​ലാ​ക്കു​ന്നു​ണ്ടെന്ന്‌ ഈ സ്‌മാ​ര​ക​കാ​ലത്ത്‌ നിങ്ങൾക്ക്‌ എങ്ങനെ തെളി​യി​ക്കാം? സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ സമയം ചെലവ​ഴി​ച്ചു​കൊ​ണ്ടും യഹോ​വ​യി​ലേക്കു മടങ്ങി​വ​രു​ന്ന​തി​നു നിഷ്‌ക്രി​യ​രാ​യ​വരെ സഹായി​ക്കാൻ പ്രത്യേ​ക​ശ്രമം ചെയ്‌തു​കൊ​ണ്ടും യേശു​വി​നോ​ടും യഹോ​വ​യോ​ടും ഉള്ള സ്‌നേഹം നിങ്ങൾക്കു തെളി​യി​ക്കാ​നാ​കും. (യഹ. 34:11, 12) കൂടാതെ, ബൈബിൾവി​ദ്യാർഥി​ക​ളെ​യും സ്‌മാ​ര​ക​ത്തി​നു വരുന്ന പുതി​യ​വ​രെ​യും സ്‌നേ​ഹ​ത്തോ​ടെ സ്വാഗതം ചെയ്യുക. ഭാവി​യിൽ അവർ ക്രിസ്‌തു​ശി​ഷ്യ​രാ​യി​ത്തീ​രും എന്ന ചിന്ത​യോ​ടെ അവരോട്‌ ഇടപെ​ടുക.

യേശു​വി​നോ​ടുള്ള സ്‌നേഹം ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു

12. മരണത്തി​ന്റെ തലേരാ​ത്രി യേശു പറഞ്ഞ വാക്കുകൾ നമുക്കു ധൈര്യം പകരു​ന്നത്‌ എങ്ങനെ? (യോഹ​ന്നാൻ 16:32, 33)

12 മരണത്തി​ന്റെ തലേരാ​ത്രി യേശു ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “ഈ ലോക​ത്തിൽ നിങ്ങൾക്കു കഷ്ടതക​ളു​ണ്ടാ​കും. എങ്കിലും ധൈര്യ​മാ​യി​രി​ക്കുക! ഞാൻ ലോകത്തെ കീഴട​ക്കി​യി​രി​ക്കു​ന്നു.” (യോഹ​ന്നാൻ 16:32, 33 വായി​ക്കുക.) ധൈര്യ​ത്തോ​ടെ ശത്രു​ക്കളെ നേരി​ടാ​നും മരണ​ത്തോ​ളം വിശ്വ​സ്‌ത​നാ​യി​രി​ക്കാ​നും യേശു​വി​നെ സഹായി​ച്ചത്‌ എന്താണ്‌? യേശു യഹോ​വ​യിൽ ആശ്രയി​ച്ചു. തന്റെ അനുഗാ​മി​കൾക്കും ഇതു​പോ​ലുള്ള പ്രശ്‌നങ്ങൾ നേരി​ടേ​ണ്ടി​വ​രു​മെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ യേശു യഹോ​വ​യോട്‌, “അവരെ കാത്തു​കൊ​ള്ളേ​ണമേ” എന്ന്‌ അപേക്ഷി​ച്ചു. (യോഹ. 17:11) ഈ കാര്യങ്ങൾ നമുക്കു ധൈര്യം തരുന്നു​ണ്ടോ? ഉണ്ട്‌. കാരണം നമ്മുടെ നേരെ വന്നേക്കാ​വുന്ന ഏതു ശത്രു​വി​നെ​ക്കാ​ളും വളരെ ശക്തനാണ്‌ യഹോവ. (1 യോഹ. 4:4) നമുക്ക്‌ എന്തു പ്രശ്‌നം ഉണ്ടായാ​ലും അതെല്ലാം യഹോവ കാണു​ന്നുണ്ട്‌. നമ്മൾ യഹോ​വ​യിൽ ആശ്രയി​ക്കു​ന്നെ​ങ്കിൽ പേടിയെ മറിക​ട​ക്കാ​നും ധൈര്യം കാണി​ക്കാ​നും യഹോവ സഹായി​ക്കു​മെന്നു നമുക്ക്‌ ഉറപ്പുണ്ട്‌.

13. അരിമ​ഥ്യ​ക്കാ​ര​നായ യോ​സേഫ്‌ ധൈര്യം കാണി​ച്ചത്‌ എങ്ങനെ?

13 അരിമ​ഥ്യ​ക്കാ​ര​നായ യോ​സേ​ഫി​ന്റെ കാര്യം നോക്കാം. ജൂതന്മാ​രു​ടെ പരമോ​ന്നത കോട​തി​യാ​യി​രുന്ന സൻഹെ​ദ്രി​നിൽ ഒരു അംഗമാ​യി​രുന്ന അദ്ദേഹ​ത്തി​നു സമൂഹ​ത്തിൽ വലിയ നിലയും വിലയും ഉണ്ടായി​രു​ന്നു. യോ​സേഫ്‌ ക്രിസ്‌തു​വി​ന്റെ ഒരു ശിഷ്യ​നാ​യി​ത്തീർന്നി​രു​ന്നെ​ങ്കി​ലും അതു മറ്റുള്ള​വരെ അറിയി​ക്കാ​നുള്ള ധൈര്യ​മി​ല്ലാ​യി​രു​ന്നു. ‘അദ്ദേഹം ജൂതന്മാ​രെ പേടിച്ച്‌ യേശു​വി​ന്റെ ഒരു രഹസ്യ​ശി​ഷ്യ​നാ​യി കഴിഞ്ഞി​രു​ന്നു’ എന്നാണു യോഹ​ന്നാൻ പറയു​ന്നത്‌. (യോഹ. 19:38) സമൂഹ​ത്തിൽ തനിക്കുള്ള ആദരവ്‌ നഷ്ടപ്പെ​ടു​മോ എന്നു പേടി​ച്ചി​ട്ടാ​യി​രി​ക്കാം അദ്ദേഹം അങ്ങനെ ചെയ്‌തത്‌. എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും യേശു​വി​ന്റെ മരണ​ശേഷം “യോ​സേഫ്‌ ധൈര്യ​പൂർവം പീലാ​ത്തൊ​സി​ന്റെ അടുത്ത്‌ ചെന്ന്‌ യേശു​വി​ന്റെ ശരീരം ചോദി​ച്ചു.” (മർക്കോ. 15:42, 43) താൻ യേശു​വി​ന്റെ ഒരു ശിഷ്യ​നാ​യി​ത്തീർന്നി​രു​ന്നെന്ന കാര്യം പിന്നെ യോ​സേഫ്‌ മറച്ചു​വെ​ച്ചില്ല.

14. മറ്റുള്ളവർ എന്തു ചിന്തി​ക്കും എന്നോർത്ത്‌ പേടി തോന്നു​മ്പോൾ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

14 യോ​സേ​ഫി​നെ​പ്പോ​ലെ നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും പേടി തോന്നി​യി​ട്ടു​ണ്ടോ? സ്‌കൂ​ളി​ലോ ജോലി​സ്ഥ​ല​ത്തോ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​ണെന്നു പറയാൻ ചില​പ്പോ​ഴെ​ങ്കി​ലും നാണ​ക്കേടു തോന്നാ​റു​ണ്ടോ? മറ്റുള്ളവർ എന്തു ചിന്തി​ക്കു​മെന്ന പേടി കാരണം ഒരു പ്രചാ​ര​ക​നാ​കാ​നോ സ്‌നാ​ന​പ്പെ​ടാ​നോ ഉള്ള തീരു​മാ​നം നിങ്ങൾ നീട്ടി​വെ​ക്കു​ക​യാ​ണോ? അത്തരം ചിന്തകൾ, ശരിയാ​ണെന്നു നിങ്ങൾക്കു ബോധ്യ​മുള്ള കാര്യങ്ങൾ ചെയ്യു​ന്ന​തിന്‌ ഒരു തടസ്സമാ​ക​രുത്‌. പകരം യഹോ​വ​യോട്‌ ആത്മാർഥ​മാ​യി പ്രാർഥി​ക്കുക. ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാ​നുള്ള ധൈര്യം തരേണമേ എന്ന്‌ അപേക്ഷി​ക്കുക. യഹോവ എങ്ങനെ​യെ​ല്ലാ​മാ​ണു നിങ്ങളു​ടെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം തരുന്ന​തെന്നു കാണു​മ്പോൾ നിങ്ങൾ കൂടുതൽ ധൈര്യ​വും മനക്കരു​ത്തും ഉള്ളവരാ​കും.—യശ. 41:10, 13.

മടുത്തു​പോ​കാ​തെ യഹോ​വയെ സേവി​ക്കാൻ സന്തോഷം പ്രേരിപ്പിക്കുന്നു

15. യേശു ശിഷ്യ​ന്മാർക്കു പ്രത്യ​ക്ഷ​പ്പെ​ട്ട​ശേഷം അവർക്കു​ണ്ടായ സന്തോഷം എന്തു ചെയ്യാൻ അവരെ പ്രേരി​പ്പി​ച്ചു? (ലൂക്കോസ്‌ 24:52, 53)

15 യേശു മരിച്ച​പ്പോൾ ശിഷ്യ​ന്മാർ ആകെ സങ്കടത്തി​ലാ​യി. അവരുടെ സാഹച​ര്യം ഒന്നു ചിന്തി​ക്കുക. ഏറ്റവും അടുത്ത സുഹൃ​ത്തി​നെ അവർക്കു നഷ്ടപ്പെ​ട്ടി​രി​ക്കു​ക​യാണ്‌. മുന്നോ​ട്ടു നോക്കു​മ്പോൾ യാതൊ​രു പ്രതീ​ക്ഷ​യ്‌ക്കും വകയി​ല്ലാ​ത്ത​തു​പോ​ലെ അവർക്കു തോന്നി​യി​രി​ക്കാം. (ലൂക്കോ. 24:17-21) എങ്കിലും പുനരു​ത്ഥാ​ന​പ്പെട്ട യേശു തന്റെ ജീവി​ത​ത്തിൽ സംഭവി​ച്ച​തെ​ല്ലാം ബൈബിൾപ്ര​വ​ച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​യാ​യി​രു​ന്നെന്നു മനസ്സി​ലാ​ക്കാൻ അവരെ സഹായി​ച്ചു. അവരെ വലി​യൊ​രു ഉത്തരവാ​ദി​ത്വം ഏൽപ്പി​ക്കു​ക​യും ചെയ്‌തു. (ലൂക്കോ. 24:26, 27, 45-48) 40 ദിവസ​ത്തി​നു ശേഷം യേശു സ്വർഗാ​രോ​ഹണം ചെയ്യുന്ന സമയമാ​യ​പ്പോ​ഴേ​ക്കും അവരുടെ സങ്കടം സന്തോ​ഷ​ത്തി​നു വഴിമാ​റി​യി​ട്ടു​ണ്ടാ​യി​രു​ന്നു. യജമാനൻ ജീവ​നോ​ടെ​യി​രി​ക്കു​ന്നെ​ന്നും അവരെ ഏൽപ്പിച്ച പുതിയ ഉത്തരവാ​ദി​ത്വം ചെയ്യാൻ വേണ്ട സഹായം നൽകു​മെ​ന്നും ഉള്ള അറിവ്‌ അവരെ സന്തോ​ഷി​പ്പി​ച്ചു. ആ സന്തോഷം യഹോ​വയെ സേവി​ക്കു​ന്ന​തിൽ മടുത്തു​പോ​കാ​തെ തുടരാൻ അവരെ സഹായി​ച്ചു.ലൂക്കോസ്‌ 24:52, 53 വായി​ക്കുക; പ്രവൃ. 5:42.

16. നമുക്ക്‌ എങ്ങനെ യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ അനുക​രി​ക്കാം?

16 നമുക്ക്‌ എങ്ങനെ യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ അനുക​രി​ക്കാം? ദൈവ​രാ​ജ്യ​ത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം നൽകി​ക്കൊണ്ട്‌ നമുക്ക്‌ അതു ചെയ്യാ​വു​ന്ന​താണ്‌. സ്‌മാ​ര​ക​കാ​ലത്ത്‌ മാത്രമല്ല വർഷത്തി​ലു​ട​നീ​ളം യഹോ​വയെ സേവി​ക്കു​ന്ന​തിൽ നമുക്കു സന്തോഷം കണ്ടെത്താം. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം? അതിനാ​യി ചിലർ തങ്ങളുടെ ജോലി​സ​മ​യ​ത്തി​നു ചില മാറ്റം വരുത്തി​യി​രി​ക്കു​ന്നു. അങ്ങനെ പതിവാ​യി ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാ​നും മീറ്റി​ങ്ങു​കൾക്കു ഹാജരാ​കാ​നും കുടും​ബാ​രാ​ധ​ന​യിൽ പങ്കുപ​റ്റാ​നും അവർക്കു കഴിയു​ന്നു. ഇനി, മറ്റു ചിലർ സഭയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാ​നോ പ്രചാ​ര​ക​രു​ടെ ആവശ്യം കൂടുതൽ ഉള്ളിടത്ത്‌ പോയി പ്രവർത്തി​ക്കാ​നോ തയ്യാറാ​യി​രി​ക്കു​ന്നു. അതിനു​വേണ്ടി, പൊതു​വേ ആളുകൾ വളരെ പ്രധാ​ന​പ്പെ​ട്ട​താ​യി കരുതുന്ന പല വസ്‌തു​വ​ക​ക​ളും അവർ വേണ്ടെ​ന്നു​വെ​ച്ചി​രി​ക്കു​ന്നു. ദൈവ​സേ​വ​ന​ത്തിൽ തുടരു​മ്പോൾ നമ്മൾ പല കഷ്ടതക​ളും സഹി​ക്കേ​ണ്ടി​വ​രും എന്നതു ശരിയാണ്‌. എങ്കിലും ദൈവ​രാ​ജ്യ​പ്ര​വർത്ത​ന​ങ്ങൾക്കു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​ന്നെ​ങ്കിൽ നമ്മളെ വലിയ അളവിൽ അനു​ഗ്ര​ഹി​ക്കു​മെന്ന്‌ യഹോവ വാക്കു​ത​ന്നി​ട്ടുണ്ട്‌.—സുഭാ. 10:22; മത്താ. 6:32, 33.

യഹോ​വ​യും യേശു​വും നിങ്ങൾക്കു​വേണ്ടി ചെയ്‌ത കാര്യങ്ങളെക്കുറിച്ച്‌ ചിന്തി​ക്കാൻ ഈ സ്‌മാ​ര​ക​കാ​ലത്ത്‌ സമയം കണ്ടെത്തുക (17-ാം ഖണ്ഡിക കാണുക.)

17. ഈ സ്‌മാ​ര​ക​കാ​ലത്ത്‌ എന്തു ചെയ്യാൻ നിങ്ങൾ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു? (ചിത്രം കാണുക.)

17 ഏപ്രിൽ 4-ാം തീയതി ചൊവ്വാഴ്‌ച സ്‌മാ​രകം ആചരി​ക്കാൻ നമ്മൾ കാത്തി​രി​ക്കു​ക​യാണ്‌. എങ്കിലും യേശു​വി​ന്റെ ജീവി​ത​ത്തെ​യും മരണ​ത്തെ​യും കുറി​ച്ചും യഹോ​വ​യും യേശു​വും നമ്മളോ​ടു കാണിച്ച സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചും ചിന്തി​ക്കാൻ ആ ദിവസം​വരെ കാത്തി​രി​ക്കേ​ണ്ട​തില്ല. സ്‌മാ​ര​ക​ത്തി​നു മുമ്പും ശേഷവും ഉള്ള ആഴ്‌ച​ക​ളിൽ, കിട്ടുന്ന എല്ലാ അവസര​വും ആ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ ഉപയോ​ഗി​ക്കുക. അതിനു​വേണ്ടി പുതിയ ലോക ഭാഷാ​ന്തരം ബൈബി​ളിൽ അനുബന്ധം ബി12-ലെ “യേശു​വി​ന്റെ ഭൂമി​യി​ലെ ജീവിതം—അവസാന ആഴ്‌ച” എന്ന ചാർട്ടി​ലുള്ള വിവരങ്ങൾ വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യാം. അങ്ങനെ ചെയ്യു​മ്പോൾ നിങ്ങളു​ടെ നന്ദിയും സ്‌നേ​ഹ​വും ധൈര്യ​വും സന്തോ​ഷ​വും ഒക്കെ കൂടുതൽ ശക്തമാ​ക്കാൻ സഹായി​ക്കുന്ന ബൈബിൾഭാ​ഗങ്ങൾ പ്രത്യേ​കം ശ്രദ്ധി​ക്കുക. നിങ്ങളു​ടെ വിലമ​തിപ്പ്‌ എങ്ങനെ​യെ​ല്ലാം പ്രവൃ​ത്തി​ക​ളി​ലൂ​ടെ കാണി​ക്കാം എന്നതി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ഈ സ്‌മാ​ര​ക​കാ​ലത്ത്‌ യേശു​വി​നെ​ക്കു​റിച്ച്‌ ഓർക്കാൻ നിങ്ങൾ ചെയ്യുന്ന ഓരോ ശ്രമവും യേശു വളരെ വില​പ്പെ​ട്ട​താ​യി കാണും.—വെളി. 2:19.

ഗീതം 17 “എനിക്കു മനസ്സാണ്‌”

a സ്‌മാരകകാലത്ത്‌ നമ്മൾ യേശു​വി​ന്റെ ജീവി​ത​ത്തെ​യും മരണ​ത്തെ​യും കുറി​ച്ചും യഹോ​വ​യും യേശു​വും നമ്മളോ​ടു കാണിച്ച സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചും ആഴത്തിൽ ചിന്തി​ക്കും. അത്‌ അവരോ​ടു നന്ദി കാണി​ക്കാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കും. മോച​ന​വി​ല​യോ​ടുള്ള നന്ദിയും യഹോ​വ​യോ​ടും യേശു​വി​നോ​ടും ഉള്ള സ്‌നേ​ഹ​വും കാണി​ക്കാൻ കഴിയുന്ന ചില വഴിക​ളെ​ക്കു​റിച്ച്‌ ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യും. ഇക്കാര്യ​ങ്ങൾ എങ്ങനെ​യാ​ണു സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കു​ന്ന​തി​നും ധൈര്യം കാണി​ക്കു​ന്ന​തി​നും ശുശ്രൂ​ഷ​യിൽ സന്തോഷം കണ്ടെത്തു​ന്ന​തി​നും സഹായി​ക്കു​ന്ന​തെ​ന്നും നമ്മൾ പഠിക്കും.