വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 9

ദൈവം തന്ന ജീവൻ എന്ന സമ്മാനത്തെ വില​യേ​റി​യ​താ​യി കാണുക

ദൈവം തന്ന ജീവൻ എന്ന സമ്മാനത്തെ വില​യേ​റി​യ​താ​യി കാണുക

“ദൈവം കാരണ​മാ​ണ​ല്ലോ നമ്മൾ ജീവി​ക്കു​ക​യും ചലിക്കു​ക​യും നിലനിൽക്കു​ക​യും ചെയ്യു​ന്നത്‌.”—പ്രവൃ. 17:28.

ഗീതം 141 ജീവൻ എന്ന അത്ഭുതം

ചുരുക്കം a

1. നമ്മുടെ ജീവനെ എത്ര മൂല്യ​മു​ള്ള​താ​യി​ട്ടാണ്‌ യഹോവ കാണു​ന്നത്‌?

 നിങ്ങൾക്കു കുടും​ബ​ത്തിൽനിന്ന്‌ വിലപി​ടി​പ്പുള്ള ഒരു നെക്‌ലെസ്‌ സമ്മാന​മാ​യി കിട്ടു​ന്നെന്നു വിചാ​രി​ക്കുക. അതു വളരെ പഴക്കമു​ള്ള​തും അൽപ്പം നിറം മങ്ങിയ​തും ആണ്‌. അതിലെ ഒരു കല്ല്‌ ഇളകി​പ്പോ​യി​ട്ടു​മുണ്ട്‌. ഈ കുറവു​ക​ളൊ​ക്കെ​യു​ണ്ടെ​ങ്കി​ലും ആ നെക്‌ലെ​സി​നു ലക്ഷങ്ങൾ വിലവ​രും. അതു​കൊണ്ട്‌ ആ സമ്മാനത്തെ മൂല്യ​മു​ള്ള​താ​യി കണ്ട്‌ നിങ്ങൾ സംരക്ഷി​ക്കി​ല്ലേ? ഇതു​പോ​ലെ യഹോവ നമുക്കു തന്നിരി​ക്കുന്ന ഒരു സമ്മാന​മാ​ണു ജീവൻ. അതിനെ വളരെ മൂല്യ​മു​ള്ള​താ​യി യഹോവ കാണുന്നു. അതു​കൊ​ണ്ടാ​ണു സ്വന്തം മകനെ നമുക്കു​വേണ്ടി മോച​ന​വി​ല​യാ​യി നൽകി​യത്‌.—യോഹ. 3:16.

2. 2 കൊരി​ന്ത്യർ 7:1-ൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ യഹോവ നമ്മളിൽനിന്ന്‌ എന്തു പ്രതീ​ക്ഷി​ക്കു​ന്നു?

2 ജീവന്റെ ഉറവാണ്‌ യഹോവ. (സങ്കീ. 36:9) അപ്പോ​സ്‌ത​ല​നായ പൗലോ​സും അതു വിശ്വ​സി​ച്ചു. അദ്ദേഹം പറഞ്ഞു: “ദൈവം കാരണ​മാ​ണ​ല്ലോ നമ്മൾ ജീവി​ക്കു​ക​യും ചലിക്കു​ക​യും നിലനിൽക്കു​ക​യും ചെയ്യു​ന്നത്‌.” (പ്രവൃ. 17:25, 28) അതു​കൊ​ണ്ടു​തന്നെ നമ്മുടെ ജീവൻ ദൈവം തന്ന സമ്മാന​മാ​ണെന്നു പറയു​ന്നതു തികച്ചും ഉചിത​മാണ്‌. ഇനി, അതു മാത്രമല്ല ജീവൻ നിലനി​റു​ത്താൻ ആവശ്യ​മായ എല്ലാ കാര്യ​ങ്ങ​ളും ദൈവം സ്‌നേ​ഹ​ത്തോ​ടെ മനുഷ്യർക്കു നൽകി​യി​രി​ക്കു​ന്നു. (പ്രവൃ. 14:15-17) എന്നാൽ അത്ഭുത​ക​ര​മാ​യി യഹോവ എപ്പോ​ഴും നമ്മുടെ ജീവൻ സംരക്ഷി​ക്കു​ന്നില്ല. പകരം ശാരീ​രി​ക​വും ആത്മീയ​വും ആയ ആരോ​ഗ്യം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു നമ്മൾ കഴിവി​ന്റെ പരമാ​വധി ചെയ്യാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. (2 കൊരി​ന്ത്യർ 7:1 വായി​ക്കുക.) എന്തു​കൊ​ണ്ടാ​ണു നമ്മൾ ആരോ​ഗ്യ​വും ജീവനും സംരക്ഷി​ക്കേ​ണ്ടത്‌? നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

ജീവൻ എന്ന സമ്മാനത്തെ അമൂല്യ​മാ​യി കാണുക

3. നമ്മൾ ആരോ​ഗ്യം കാത്തു​സൂ​ക്ഷി​ക്കേ​ണ്ട​തി​ന്റെ ഒരു കാരണം എന്താണ്‌?

3 ആരോ​ഗ്യം കാത്തു​സൂ​ക്ഷി​ക്കേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌. ഒരു കാരണം, അപ്പോഴേ നമുക്കു കഴിവി​ന്റെ പരമാ​വധി യഹോ​വയെ സേവി​ക്കാൻ കഴിയൂ. (മർക്കോ. 12:30) നമ്മുടെ ‘ശരീര​ങ്ങളെ വിശു​ദ്ധ​വും ദൈവ​ത്തി​നു സ്വീകാ​ര്യ​വും ആയ ജീവനുള്ള ബലിയാ​യി അർപ്പി​ക്കാ​നാ​ണു’ നമ്മുടെ ആഗ്രഹം. (റോമ. 12:1) അതു​കൊണ്ട്‌ ആരോ​ഗ്യം മോശ​മാ​ക്കുന്ന കാര്യങ്ങൾ ചെയ്യാ​തി​രി​ക്കാൻ നമ്മൾ പ്രത്യേ​കം ശ്രദ്ധി​ക്കും. എത്ര​യൊ​ക്കെ ശ്രദ്ധി​ച്ചാ​ലും ചില​പ്പോൾ ചില അസുഖ​ങ്ങ​ളൊ​ക്കെ വന്നേക്കാ​മെ​ന്നതു ശരിയാണ്‌. എങ്കിലും ആരോ​ഗ്യ​ത്തോ​ടെ​യി​രി​ക്കാൻ വേണ്ട ന്യായ​മായ കാര്യങ്ങൾ നമ്മൾ ചെയ്യും. കാരണം ജീവൻ എന്ന സമ്മാനം തന്ന സ്വർഗീ​യ​പി​താ​വി​നോ​ടു നന്ദിയും വിലമ​തി​പ്പും കാണി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു.

4. ദാവീദ്‌ രാജാവ്‌ എന്താണ്‌ ആഗ്രഹി​ച്ചത്‌?

4 ദൈവം തന്ന സമ്മാന​മായ ജീവനെ ദാവീദ്‌ രാജാവ്‌ വളരെ വിലമ​തി​ച്ചി​രു​ന്നു. അതിന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം എഴുതി: “ഞാൻ മരിച്ചാൽ എന്തു ലാഭം? ഞാൻ ശവക്കു​ഴി​യി​ലേക്ക്‌ ഇറങ്ങി​യാൽ എന്തു നേട്ടം? പൊടി അങ്ങയെ സ്‌തു​തി​ക്കു​മോ? അങ്ങയുടെ വിശ്വ​സ്‌ത​ത​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​മോ?” (സങ്കീ. 30:9; അടിക്കു​റിപ്പ്‌) ഒരുപക്ഷേ തന്റെ ജീവി​താ​വ​സാ​ന​കാ​ല​ത്താ​യി​രി​ക്കാം ദാവീദ്‌ ഈ വാക്കുകൾ എഴുതി​യത്‌. എന്തായാ​ലും, കഴിയു​ന്നി​ട​ത്തോ​ളം കാലം നല്ല ആരോ​ഗ്യ​ത്തോ​ടെ ജീവി​ച്ചി​രി​ക്കാൻ അദ്ദേഹം ആഗ്രഹി​ച്ചു. കാരണം, അപ്പോൾ മാത്രമേ യഹോ​വയെ സ്‌തു​തി​ക്കാൻ അദ്ദേഹ​ത്തി​നാ​കു​മാ​യി​രു​ന്നു​ള്ളൂ. ദാവീദ്‌ രാജാ​വി​ന്റെ അതേ മനോ​ഭാ​വ​മാ​ണു നമുക്കു​മു​ള്ളത്‌.

5. എത്ര പ്രായ​മാ​യാ​ലും ആരോ​ഗ്യം എത്ര മോശ​മാ​യാ​ലും നമുക്ക്‌ എന്തു ചെയ്യാം?

5 ചില ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​ള്ള​തു​കൊ​ണ്ടോ പ്രായ​മാ​യ​തു​കൊ​ണ്ടോ മുമ്പ്‌ ചെയ്‌തി​രു​ന്ന​തു​പോ​ലെ പലതും ചെയ്യാൻ നമുക്ക്‌ ഇപ്പോൾ കഴിയു​ന്നി​ല്ലാ​യി​രി​ക്കാം. അതു​കൊ​ണ്ടു​തന്നെ നമുക്കു നിരാ​ശ​യും സങ്കടവും തോന്നാം. പക്ഷേ അപ്പോ​ഴും നമ്മൾ ആരോ​ഗ്യ​കാ​ര്യ​ങ്ങ​ളിൽ ശ്രദ്ധി​ക്കണം. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? കാരണം നമുക്ക്‌ എത്ര പ്രായ​മാ​യാ​ലും എന്തൊക്കെ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​ണ്ടാ​യാ​ലും ദാവീദ്‌ രാജാ​വി​നെ​പ്പോ​ലെ അപ്പോ​ഴും നമുക്ക്‌ യഹോ​വയെ സ്‌തു​തി​ക്കാൻ കഴിയും. നമ്മൾ രോഗി​ക​ളോ പ്രായം ചെന്നവ​രോ ആണെങ്കി​ലും യഹോവ നമ്മളെ വളരെ മൂല്യ​മു​ള്ള​വ​രാ​യി കാണു​ന്നെന്ന്‌ അറിയു​ന്നതു ശരിക്കും ആശ്വസി​പ്പി​ക്കു​ന്നി​ല്ലേ? (മത്താ. 10:29-31) ഇനി, നമ്മൾ മരിച്ചു​പോ​യാൽപ്പോ​ലും തിരികെ ജീവനി​ലേക്കു കൊണ്ടു​വ​രാൻ യഹോ​വ​യ്‌ക്കു കൊതി തോന്നും. (ഇയ്യോ. 14:14, 15) എന്തുത​ന്നെ​യാ​യാ​ലും ജീവി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം ആരോ​ഗ്യ​വും ജീവനും സംരക്ഷി​ക്കാൻ നമുക്കു പരമാ​വധി ശ്രമി​ക്കാം.

ദുശ്ശീ​ലങ്ങൾ ഒഴിവാക്കുക

6. ഭക്ഷണപാ​നീ​യ​ങ്ങ​ളു​ടെ കാര്യ​ത്തിൽ യഹോവ നമ്മളിൽനിന്ന്‌ എന്താണു പ്രതീ​ക്ഷി​ക്കു​ന്നത്‌?

6 ആരോ​ഗ്യ​പ​രി​പാ​ല​ന​ത്തെ​ക്കു​റി​ച്ചോ ഭക്ഷണ​ക്ര​മ​ത്തെ​ക്കു​റി​ച്ചോ വിവരി​ക്കുന്ന ഒരു പുസ്‌ത​കമല്ല ബൈബിൾ. എന്നാൽ അക്കാര്യ​ങ്ങളെ യഹോവ എങ്ങനെ​യാ​ണു കാണു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ ബൈബിൾ സഹായി​ക്കു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ അമിത​മായ തീറ്റി​യും കുടി​യും പോലെ ‘ശരീര​ത്തി​നു ഹാനി​ക​ര​മായ കാര്യങ്ങൾ ഒഴിവാ​ക്കാ​നുള്ള’ ഉപദേശം യഹോവ നമുക്കു തന്നിട്ടുണ്ട്‌. കാരണം, അവ നമ്മുടെ ആരോ​ഗ്യ​ത്തെ നശിപ്പി​ക്കു​ക​യോ ജീവൻ അപകട​ത്തി​ലാ​ക്കു​ക​യോ ചെയ്‌തേ​ക്കാം. (സഭാ. 11:10; സുഭാ. 23:20) അതു​കൊണ്ട്‌ എന്തു കഴിക്കണം, എത്ര​ത്തോ​ളം കഴിക്കണം എന്നീ കാര്യ​ങ്ങ​ളിൽ നമ്മൾ ആത്മനി​യ​ന്ത്രണം പാലി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നുണ്ട്‌.—1 കൊരി. 6:12; 9:25.

7. ആരോ​ഗ്യ​കാ​ര്യ​ങ്ങ​ളിൽ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ സുഭാ​ഷി​തങ്ങൾ 2:11-ലെ ഉപദേശം നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

7 ചിന്താ​ശേഷി ഉപയോ​ഗിച്ച്‌ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ത്തു​കൊണ്ട്‌ ദൈവം തന്ന സമ്മാന​മായ ജീവനെ വില​പ്പെ​ട്ട​താ​യി കാണു​ന്നു​ണ്ടെന്നു തെളി​യി​ക്കാ​നാ​കും. (സങ്കീ. 119:99, 100; സുഭാ​ഷി​തങ്ങൾ 2:11 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌ ഭക്ഷണത്തി​ന്റെ കാര്യ​ത്തിൽ. ചില ഭക്ഷണസാ​ധ​നങ്ങൾ നമുക്ക്‌ ഒരുപാട്‌ ഇഷ്ടമാ​യി​രി​ക്കാം. പക്ഷേ ആരോ​ഗ്യ​ത്തിന്‌ അത്ര നല്ലത​ല്ലെന്നു കണ്ടാൽ അവ ഒഴിവാ​ക്കാൻ നമ്മൾ പ്രത്യേ​കം ശ്രദ്ധി​ക്കും. കൂടാതെ, നന്നായി വിശ്ര​മി​ക്കാ​നും പതിവാ​യി വ്യായാ​മം ചെയ്യാ​നും ശുചി​ത്വ​ശീ​ലങ്ങൾ പാലി​ക്കാ​നും വീടും പരിസ​ര​വും വൃത്തി​യാ​ക്കി​യി​ടാ​നും ശ്രമി​ച്ചു​കൊണ്ട്‌ സുബോ​ധ​മു​ള്ള​വ​രാ​ണെ​ന്നും നമുക്കു തെളി​യി​ക്കാം.

സുരക്ഷ​യെ​ക്കു​റിച്ച്‌ ചിന്തയുള്ളവരായിരിക്കുക

8. നമ്മുടെ സുരക്ഷ യഹോ​വ​യ്‌ക്ക്‌ എത്ര പ്രധാ​ന​മാ​ണെന്നു ബൈബിൾ കാണി​ക്കു​ന്നത്‌ എങ്ങനെ?

8 വീടു​ക​ളി​ലും ജോലി​സ്ഥ​ല​ത്തും ഗുരു​ത​ര​മായ അപകടങ്ങൾ ഉണ്ടാകാ​തി​രി​ക്കാൻ എന്തൊക്കെ മുൻക​രു​ത​ലു​ക​ളെ​ടു​ക്ക​ണ​മെന്ന നിയമം യഹോവ ഇസ്രാ​യേൽ ജനത്തിനു നൽകി​യി​രു​ന്നു. (പുറ. 21:28, 29; ആവ. 22:8) ഒരാൾ അബദ്ധത്തിൽ ആരെ​യെ​ങ്കി​ലും കൊന്നാ​ലും അയാൾക്കു തക്കതായ ശിക്ഷ കൊടു​ക്കു​മാ​യി​രു​ന്നു. (ആവ. 19:4, 5) ഇനി, അറിയാ​തെ ഒരു ഗർഭസ്ഥ​ശി​ശു​വി​ന്റെ ജീവൻ അപകട​ത്തി​ലാ​ക്കുന്ന വ്യക്തി​ക്കു​പോ​ലും ശിക്ഷ കിട്ടു​മാ​യി​രു​ന്നു. (പുറ. 21:22, 23) ഇതെല്ലാം കാണി​ക്കു​ന്നതു സുരക്ഷ​യെ​ക്കു​റിച്ച്‌ നമ്മൾ വളരെ​യ​ധി​കം ചിന്തയു​ള്ള​വ​രാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നാണ്‌.

ഇതു​പോ​ലുള്ള സാഹച​ര്യ​ങ്ങ​ളിൽ ജീവനെ ആദരി​ക്കു​ന്നു​ണ്ടെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം? (9-ാം ഖണ്ഡിക കാണുക)

9. അപകടങ്ങൾ ഒഴിവാ​ക്കാൻ നമുക്ക്‌ എന്തൊക്കെ ചെയ്യാം? (ചിത്ര​ങ്ങ​ളും കാണുക.)

9 വീട്ടി​ലാ​യി​രു​ന്നാ​ലും ജോലി​സ്ഥ​ല​ത്താ​യി​രു​ന്നാ​ലും ആവശ്യ​മായ സുരക്ഷാ​മുൻക​രു​ത​ലു​കൾ എടുത്തു​കൊണ്ട്‌, ദൈവം തന്ന ജീവൻ എന്ന സമ്മാന​ത്തോ​ടു വിലമ​തി​പ്പു കാണി​ക്കാൻ നമുക്കു കഴിയും. ഉദാഹ​ര​ണ​ത്തിന്‌, കൂർത്ത​തോ മൂർച്ച​യു​ള്ള​തോ ആയ ഉപകര​ണങ്ങൾ, രാസവ​സ്‌തു​ക്കൾ, മരുന്നു​കൾ എന്നിവ കുട്ടി​ക​ളു​ടെ കൈ എത്താത്തി​ടത്ത്‌ വെക്കാൻ നമ്മൾ പ്രത്യേ​കം ശ്രദ്ധി​ക്കും. ഇനി, അവ കളയു​ക​യാ​ണെ​ങ്കിൽ മറ്റാർക്കും ദോഷം വരുത്തു​ന്നി​ല്ലെന്ന്‌ ഉറപ്പു​വ​രു​ത്തും. തീ കത്തിക്കു​മ്പോ​ഴോ വെള്ളം തിളപ്പി​ക്കു​മ്പോ​ഴോ മറ്റ്‌ യന്ത്രോ​പ​ക​ര​ണങ്ങൾ ഉപയോ​ഗി​ക്കു​മ്പോ​ഴോ ഒക്കെ സുരക്ഷ​യെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​രാ​യി​രി​ക്കാ​നും അവ അലക്ഷ്യ​മാ​യി ഇട്ടിട്ടു​പോ​കാ​തി​രി​ക്കാ​നും നമ്മൾ ശ്രദ്ധി​ക്കും. മയക്കം​വ​രു​ത്തുന്ന മരുന്നു​ക​ളോ മദ്യമോ കഴിച്ചിട്ട്‌ അല്ലെങ്കിൽ വേണ്ടത്ര ഉറങ്ങാതെ നമ്മൾ വണ്ടി ഓടി​ക്കില്ല. ഇനി വണ്ടി ഓടി​ക്കു​ന്ന​തി​നി​ടെ ശ്രദ്ധ പതറി​ച്ചേ​ക്കാ​വുന്ന കാര്യങ്ങൾ ചെയ്യാ​തി​രി​ക്കാ​നും നമ്മൾ നോക്കും.

ഒരു ദുരന്തം ഉണ്ടാകുമ്പോൾ

10. ജീവനു ഭീഷണി​യാ​യേ​ക്കാ​വുന്ന ദുരന്തങ്ങൾ ഉണ്ടാകു​ന്ന​തി​നു മുമ്പും അവ നേരി​ടുന്ന സമയത്തും നമുക്ക്‌ എന്തൊക്കെ ചെയ്യാൻ കഴിയും?

10 ചില​പ്പോൾ ജീവൻ കവർന്നെ​ടു​ത്തേ​ക്കാ​വുന്ന അപകട​ക​ര​മായ ചില സാഹച​ര്യ​ങ്ങൾ തടയാൻ നമുക്കു കഴിയില്ല. ഉദാഹ​ര​ണ​ത്തിന്‌ പ്രകൃ​തി​വി​പ​ത്തു​ക​ളോ പകർച്ച​വ്യാ​ധി​ക​ളോ പ്രക്ഷോ​ഭ​ങ്ങ​ളോ പോരാ​ട്ട​ങ്ങ​ളോ ഉണ്ടാകു​മ്പോൾ. അത്തരം സമയങ്ങ​ളിൽ അപകട​സാ​ധ്യത കുറയ്‌ക്കാ​നും ആ ദുരന്തത്തെ അതിജീ​വി​ക്കാ​നും വേണ്ടി അധികാ​രി​കൾ നൽകുന്ന നിർദേ​ശങ്ങൾ നമുക്ക്‌ അനുസ​രി​ക്കാൻ കഴിയും. അവർ ചില​പ്പോൾ നമ്മളോട്‌ ഒരു നിശ്ചി​ത​സ​മ​യ​ത്തി​നു ശേഷം പുറത്ത്‌ ഇറങ്ങരു​തെ​ന്നോ ഒരു പ്രദേ​ശ​ത്തു​നിന്ന്‌ ഒഴിഞ്ഞു​പോ​ക​ണ​മെ​ന്നോ ഒക്കെ ആവശ്യ​പ്പെ​ട്ടേ​ക്കാം. (റോമ. 13:1, 5-7) ചില അപകടങ്ങൾ മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയു​ന്ന​വ​യാണ്‌. അപ്പോൾ അധികാ​രി​കൾ നൽകുന്ന നിർദേ​ശങ്ങൾ അനുസ​രി​ച്ചു​കൊണ്ട്‌ നമുക്ക്‌ ഒരുങ്ങി​യി​രി​ക്കാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, ആവശ്യ​ത്തി​നു വെള്ളവും പെട്ടെന്നു ചീത്തയാ​യി പോകാത്ത ഭക്ഷണസാ​ധ​ന​ങ്ങ​ളും പ്രഥമ​ശു​ശ്രൂ​ഷ​യ്‌ക്കു വേണ്ട വസ്‌തു​ക്ക​ളും നേര​ത്തേ​തന്നെ കരുതി​വെ​ക്കാ​നാ​കും.

11. നമ്മൾ താമസി​ക്കു​ന്നി​ടത്ത്‌ ഒരു രോഗം പടർന്നു​പി​ടി​ക്കു​ന്നെ​ങ്കിൽ എന്തു ചെയ്യാൻ തയ്യാറാ​കണം?

11 നമ്മൾ താമസി​ക്കു​ന്നി​ടത്ത്‌ ഒരു രോഗം പടർന്നു​പി​ടി​ക്കു​ക​യാ​ണെ​ങ്കിൽ എന്തു ചെയ്യണം? ആ സമയത്ത്‌ ഗവൺമെന്റ്‌ അധികാ​രി​കൾ ചില നിർദേ​ശങ്ങൾ തന്നേക്കാം. ഉദാഹ​ര​ണ​ത്തിന്‌ ഇടയ്‌ക്കി​ടെ കൈ കഴുകാ​നോ സാമൂ​ഹിക അകലം പാലി​ക്കാ​നോ മാസ്‌ക്‌ ധരിക്കാ​നോ ക്വാറ​ന്റൈ​നി​ലി​രി​ക്കാ​നോ ഒക്കെയുള്ള നിർദേ​ശങ്ങൾ. അവർ പറയുന്ന കാര്യങ്ങൾ അനുസ​രി​ക്കു​മ്പോൾ, ദൈവ​ത്തി​ന്റെ സമ്മാന​മായ ജീവ​നോ​ടു നമുക്ക്‌ എത്ര​ത്തോ​ളം വിലമ​തി​പ്പു​ണ്ടെന്നു തെളി​യി​ക്കു​ക​യാണ്‌.

12. ഒരു ദുരന്ത​ത്തോ​ടു ബന്ധപ്പെട്ടു പ്രചരി​ക്കുന്ന വിവരങ്ങൾ വിശ്വ​സി​ക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാൻ സുഭാ​ഷി​തങ്ങൾ 14:15 സഹായി​ക്കു​ന്നത്‌ എങ്ങനെ?

12 ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത്‌ പല വ്യാജ​വാർത്ത​ക​ളും കൂട്ടു​കാ​രി​ലൂ​ടെ​യും അയൽക്കാ​രി​ലൂ​ടെ​യും മാധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്രചരി​ച്ചേ​ക്കാം. “കേൾക്കു​ന്ന​തെ​ല്ലാം” വിശ്വ​സി​ക്കു​ന്ന​തി​നു പകരം ഗവൺമെന്റ്‌ അധികാ​രി​ക​ളിൽനി​ന്നോ ഡോക്ടർമാ​രിൽനി​ന്നോ കിട്ടുന്ന കൃത്യ​മായ വിവരങ്ങൾ മാത്രം വിശ്വ​സി​ക്കുക. (സുഭാ​ഷി​തങ്ങൾ 14:15 വായി​ക്കുക.) ഇതു​പോ​ലുള്ള സാഹച​ര്യ​ങ്ങ​ളിൽ ഏറ്റവും ശരിയായ വിവരങ്ങൾ ശേഖരി​ക്കാൻ ഭരണസം​ഘ​വും ബ്രാ​ഞ്ചോ​ഫീ​സും ശ്രമി​ക്കു​ന്നു. അതിനു ശേഷമേ മീറ്റി​ങ്ങു​ക​ളെ​ക്കു​റി​ച്ചും സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഉള്ള നിർദേ​ശങ്ങൾ അവർ നൽകു​ക​യു​ള്ളൂ. (എബ്രാ. 13:17) അത്തരം നിർദേ​ശങ്ങൾ അനുസ​രി​ക്കു​മ്പോൾ നമുക്കും മറ്റുള്ള​വർക്കും സുരക്ഷി​ത​രാ​യി​രി​ക്കാ​നാ​കും. മാത്രമല്ല, സമൂഹ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ നല്ലൊരു പേരു​ണ്ടാ​യി​രി​ക്കാ​നും ഇടയാ​കും.—1 പത്രോ. 2:12.

രക്തപ്പകർച്ച ഒഴിവാ​ക്കാൻ ഒരുങ്ങിയിരിക്കുക

13. രക്തം സ്വീക​രി​ക്കാൻ സമ്മർദ​മു​ണ്ടാ​കു​മ്പോൾ ജീവനെ വളരെ വില​പ്പെ​ട്ട​താ​യി കാണു​ന്നെന്നു നമ്മൾ എങ്ങനെ തെളി​യി​ക്കു​ന്നു?

13 യഹോ​വ​യു​ടെ സാക്ഷി​ക​ളായ നമ്മൾ രക്തം സ്വീക​രി​ക്കി​ല്ലെന്നു പലർക്കും അറിയാം. രക്തത്തെ വിശു​ദ്ധ​മാ​യി കാണു​ന്ന​തു​കൊ​ണ്ടാണ്‌ അങ്ങനെ ചെയ്യു​ന്നത്‌. ഒരു അടിയ​ന്തിര സാഹച​ര്യ​മു​ണ്ടാ​യാൽപ്പോ​ലും രക്തം സ്വീക​രി​ക്കാ​തി​രു​ന്നു​കൊണ്ട്‌ നമ്മൾ യഹോ​വ​യു​ടെ നിയമം അനുസ​രി​ക്കു​ന്നു. (പ്രവൃ. 15:28, 29) നമ്മൾ മരിക്കാൻ ആഗ്രഹി​ക്കു​ന്നു എന്ന്‌ അതിന്‌ അർഥമില്ല. ശരിക്കും പറഞ്ഞാൽ ദൈവം തന്നിരി​ക്കുന്ന സമ്മാന​മായ ജീവനെ നമ്മൾ വളരെ വില​പ്പെ​ട്ട​താ​യി​ട്ടാ​ണു കാണു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ രക്തം കൂടാതെ ഗുണനി​ല​വാ​ര​മുള്ള ചികിത്സ നൽകാൻ തയ്യാറുള്ള ഡോക്ടർമാ​രു​ടെ സഹായം നമ്മൾ സ്വീക​രി​ക്കു​ന്നു.

14. ഓപ്പ​റേ​ഷ​നോ മറ്റേ​തെ​ങ്കി​ലും വലിയ ചികി​ത്സ​യോ വേണ്ടി​വ​രുന്ന സാഹച​ര്യം നമുക്ക്‌ എങ്ങനെ ഒഴിവാ​ക്കാ​നാ​യേ​ക്കും?

14 ആരോ​ഗ്യം സംരക്ഷി​ക്കു​ന്ന​തി​നോ​ടു ബന്ധപ്പെട്ട്‌ ഈ ലേഖന​ത്തിൽ പറഞ്ഞി​രി​ക്കുന്ന വിവരങ്ങൾ അനുസ​രി​ക്കു​ക​യാ​ണെ​ങ്കിൽ ഓപ്പ​റേ​ഷ​നോ മറ്റേ​തെ​ങ്കി​ലും വലിയ ചികി​ത്സ​യോ ആവശ്യ​മാ​യി​വ​രുന്ന സാഹച​ര്യ​ങ്ങൾ ഒരു പരിധി​വരെ ഒഴിവാ​ക്കാ​നാ​യേ​ക്കും. ഇനി, ഒരു ഓപ്പ​റേഷൻ വേണ്ടി​വ​ന്നാൽപ്പോ​ലും നല്ല ആരോ​ഗ്യ​മു​ണ്ടെ​ങ്കിൽ പെട്ടെന്നു സുഖം പ്രാപി​ക്കാ​നാ​കും. അതു​പോ​ലെ വീട്ടി​ലും ജോലി​സ്ഥ​ല​ത്തും അപകട​മു​ണ്ടാ​ക്കി​യേ​ക്കാ​വുന്ന കാര്യങ്ങൾ ഒഴിവാ​ക്കു​ന്ന​തി​ലൂ​ടെ​യും ട്രാഫിക്‌ നിയമങ്ങൾ കൃത്യ​മാ​യി അനുസ​രി​ക്കു​ന്ന​തി​ലൂ​ടെ​യും പെട്ടെന്ന്‌ ഒരു ഓപ്പ​റേഷൻ വേണ്ടി​വ​രുന്ന സാഹച​ര്യ​ങ്ങൾ കുറയ്‌ക്കാ​നാ​കും.

ജീവനെന്ന സമ്മാനത്തെ മൂല്യ​മു​ള്ള​താ​യി കാണു​ന്ന​തു​കൊണ്ട്‌ നമ്മൾ ഡിപിഎ കാർഡ്‌ പൂരി​പ്പി​ക്കു​ക​യും എപ്പോ​ഴും കൂടെ കരുതു​ക​യും ചെയ്യും (15-ാം ഖണ്ഡിക കാണുക) c

15. (എ) ഡിപിഎ കാർഡ്‌ എപ്പോ​ഴും കൂടെ കരുതു​ന്നതു വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ചിത്ര​വും കാണുക.) (ബി) വീഡി​യോ​യിൽ കണ്ടതു​പോ​ലെ രക്തം ഉൾപ്പെട്ട ചികിത്സാ നടപടി​ക​ളു​ടെ കാര്യ​ത്തിൽ നമുക്ക്‌ എങ്ങനെ നല്ലൊരു തീരു​മാ​ന​മെ​ടു​ക്കാം?

15 ജീവനെന്ന സമ്മാന​ത്തോ​ടു നന്ദിയു​ള്ള​തു​കൊണ്ട്‌ നമ്മൾ രക്തപ്പകർച്ച ഒഴിവാ​ക്കാ​നുള്ള ഫാറം (ഡിപിഎ കാർഡ്‌) പൂരി​പ്പിച്ച്‌ എപ്പോ​ഴും കൂടെ കരുതും. രക്തപ്പകർച്ച​യോ​ടും ചില ചികി​ത്സ​യോ​ടും ബന്ധപ്പെട്ട്‌ നമ്മൾ ആഗ്രഹി​ക്കുന്ന കാര്യങ്ങൾ എന്താ​ണെന്ന്‌ ഈ കാർഡിൽ എഴുതി​വെ​ക്കാ​നാ​കും. നിങ്ങൾ ഡിപിഎ കാർഡ്‌ പൂരി​പ്പി​ച്ചോ? അല്ലെങ്കിൽ, നിങ്ങളു​ടെ കാർഡിൽ പുതു​താ​യി എന്തെങ്കി​ലും ചേർക്കേ​ണ്ട​താ​യു​ണ്ടോ? എങ്കിൽ എത്രയും പെട്ടെന്ന്‌ അതു ചെയ്യുക. നമ്മുടെ തീരു​മാ​നങ്ങൾ കൃത്യ​മാ​യി ഡിപിഎ കാർഡിൽ എഴുതി​വെ​ച്ചി​ട്ടു​ണ്ടെ​ങ്കിൽ ഒട്ടും സമയം കളയാതെ ഡോക്ടർമാർക്കു ചികിത്സ തുടങ്ങാ​നാ​കും. കൂടാതെ നമ്മുടെ ശരീര​ത്തി​നു പറ്റാത്ത ചികി​ത്സാ​രീ​തി​ക​ളും മരുന്നു​ക​ളും ഉപയോ​ഗി​ക്കാ​തി​രി​ക്കാ​നും അത്‌ അവരെ സഹായി​ക്കും. b

16. ഡിപിഎ കാർഡ്‌ പൂരി​പ്പി​ക്കു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ എന്തെങ്കി​ലും സംശയ​മു​ണ്ടെ​ങ്കിൽ നമുക്ക്‌ എന്തു ചെയ്യാം?

16 നമ്മൾ എത്ര ചെറു​പ്പ​ക്കാ​രോ ആരോ​ഗ്യ​മു​ള്ള​വ​രോ ആയിരു​ന്നാ​ലും രോഗ​വും അപകട​വും എപ്പോൾ വേണ​മെ​ങ്കി​ലും ഉണ്ടാകാം. (സഭാ. 9:11) അതു​കൊണ്ട്‌ ഡിപിഎ കാർഡ്‌ നേര​ത്തേ​തന്നെ പൂരി​പ്പി​ച്ചു​വെ​ക്കു​ന്നതു ബുദ്ധി​യാ​യി​രി​ക്കും. ആ കാർഡ്‌ പൂരി​പ്പി​ക്കാൻ അറിയി​ല്ലെ​ങ്കിൽ മൂപ്പന്മാ​രു​ടെ സഹായം ചോദി​ക്കാ​വു​ന്ന​താണ്‌. അത്‌ എങ്ങനെ ചെയ്യണ​മെന്നു നന്നായി പഠിക്കാൻ മൂപ്പന്മാർ ശ്രമി​ക്കു​ന്ന​തു​കൊണ്ട്‌ അവർക്കു നമ്മളെ സഹായി​ക്കാൻ കഴിയും. നമുക്കു തിര​ഞ്ഞെ​ടു​ക്കാ​നാ​കുന്ന ചികി​ത്സാ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും അവയിൽ ഓരോ​ന്നി​ലും എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്നതി​നെ​ക്കു​റി​ച്ചും കൃത്യ​മാ​യി പറഞ്ഞു​ത​രാൻ മൂപ്പന്മാർക്കാ​കും. ആവശ്യ​മെ​ങ്കിൽ, നമ്മൾ എടുത്ത തീരു​മാ​നം കാർഡിൽ എഴുതാ​നും അവർ സഹായി​ക്കും. പക്ഷേ അവർ നമുക്കു​വേണ്ടി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കില്ല. അത്‌ നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും ഉത്തരവാ​ദി​ത്വ​മാണ്‌.—ഗലാ. 6:4, 5.

ന്യായബോധമുള്ളവരായിരിക്കുക

17. ആരോ​ഗ്യ​കാ​ര്യ​ങ്ങ​ളിൽ ന്യായ​ബോ​ധ​മു​ള്ള​വ​രാ​ണെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

17 ആരോ​ഗ്യ​പ​രി​പാ​ല​ന​ത്തോ​ടും ചികി​ത്സ​യോ​ടും ബന്ധപ്പെട്ട്‌ നമ്മൾ പല തീരു​മാ​ന​ങ്ങ​ളു​മെ​ടു​ക്കു​ന്നതു ബൈബി​ളിൽനിന്ന്‌ പഠിച്ച കാര്യ​ങ്ങൾക്കു ചേർച്ച​യി​ലാണ്‌. (പ്രവൃ. 24:16; 1 തിമൊ. 3:9) തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോ​ഴും അവയെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു ചർച്ച ചെയ്യു​മ്പോ​ഴും ഫിലി​പ്പി​യർ 4:5-ൽ (അടിക്കു​റിപ്പ്‌) പറയുന്ന തത്ത്വം നമ്മൾ അനുസ​രി​ക്കും. അവിടെ പറയു​ന്നത്‌: “നിങ്ങൾ ന്യായ​ബോ​ധ​മു​ള്ള​വ​രാ​ണെന്ന്‌ എല്ലാവ​രും അറിയട്ടെ” എന്നാണ്‌. ന്യായ​ബോ​ധ​മു​ള്ള​വ​രാ​ണെ​ങ്കിൽ നമ്മൾ എപ്പോ​ഴും ആരോ​ഗ്യ​കാ​ര്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കില്ല. കൂടാതെ, നമ്മുടെ അഭി​പ്രാ​യങ്ങൾ മറ്റുള്ള​വ​രിൽ അടി​ച്ചേൽപ്പി​ക്കാൻ ശ്രമി​ക്കു​ക​യു​മില്ല. ഇനി, മറ്റുള്ളവർ എടുക്കുന്ന തീരു​മാ​നങ്ങൾ നമ്മു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​ണെ​ങ്കിൽപ്പോ​ലും നമ്മൾ അവരെ സ്‌നേ​ഹി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യും.—റോമ. 14:10-12.

18. ജീവനെന്ന സമ്മാന​ത്തോ​ടു നമുക്ക്‌ എങ്ങനെ നന്ദി കാണി​ക്കാം?

18 ജീവൻ സംരക്ഷി​ക്കാ​നുള്ള കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടും ഏറ്റവും മികച്ചതു ദൈവ​ത്തി​നു കൊടു​ത്തു​കൊ​ണ്ടും ജീവന്റെ ഉറവായ യഹോ​വ​യോ​ടു നമുക്കു നന്ദി കാണി​ക്കാ​നാ​കും. (വെളി. 4:11) നമുക്ക്‌ ഇപ്പോൾ രോഗ​ങ്ങ​ളും ദുരന്ത​ങ്ങ​ളും ഒക്കെ ഉണ്ടാകാ​റുണ്ട്‌. എന്നാൽ ഇങ്ങനെ ഒരു ജീവി​തമല്ല സ്രഷ്ടാവ്‌ നമുക്കു​വേണ്ടി ഉദ്ദേശി​ച്ചത്‌. വേദന​യും മരണവും ഒന്നും ഇല്ലാത്ത നിത്യ​മായ ജീവിതം പെട്ടെ​ന്നു​തന്നെ ദൈവം നമുക്കു തരും. (വെളി. 21:4) അതുവരെ ജീവ​നോ​ടി​രി​ക്കാ​നും സ്‌നേ​ഹ​വാ​നായ യഹോ​വയെ സേവി​ക്കാ​നും കഴിയു​ന്നത്‌ എത്ര വലി​യൊ​രു അനു​ഗ്ര​ഹ​മാണ്‌!

ഗീതം 140 നിത്യ​മായ ജീവിതം യാഥാർഥ്യ​മാ​കു​മ്പോൾ!

a ദൈവം നമുക്കു തന്നിട്ടുള്ള ജീവൻ എന്ന സമ്മാനത്തെ വളരെ വിലയു​ള്ള​താ​യി കാണാൻ സഹായി​ക്കുന്ന വിവരങ്ങൾ ഈ ലേഖന​ത്തി​ലുണ്ട്‌. ഇനി, ഒരു ദുരന്തം നേരി​ടേ​ണ്ടി​വ​രുന്ന സാഹച​ര്യ​ത്തിൽ നമുക്ക്‌ എങ്ങനെ ആരോ​ഗ്യ​വും ജീവനും സംരക്ഷി​ക്കാ​മെ​ന്നും കൂടാതെ അപകടങ്ങൾ എങ്ങനെ ഒഴിവാ​ക്കാ​മെ​ന്നും പഠിക്കും. മാത്രമല്ല, അടിയ​ന്തിര ചികിത്സ ആവശ്യ​മായ ഒരു സാഹച​ര്യ​ത്തെ നേരി​ടാൻവേണ്ടി എങ്ങനെ മുന്നമേ ഒരുങ്ങാ​മെ​ന്നും നമ്മൾ പഠിക്കു​ന്ന​താണ്‌.

c ചിത്രത്തിന്റെ വിവരണം: ഒരു യുവസ​ഹോ​ദരൻ ഡിപിഎ കാർഡ്‌ പൂരി​പ്പി​ക്കു​ന്നു. അത്‌ എപ്പോ​ഴും തന്റെ കൈയി​ലു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തു​ന്നു.