വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 36

എടു​ക്കേണ്ടവ എടുക്കുക, അല്ലാത്തവ എറിഞ്ഞു​ക​ള​യുക

എടു​ക്കേണ്ടവ എടുക്കുക, അല്ലാത്തവ എറിഞ്ഞു​ക​ള​യുക

“നമുക്കും, എല്ലാ ഭാരവും . . . എറിഞ്ഞു​ക​ളഞ്ഞ്‌ മുന്നി​ലുള്ള ഓട്ടമ​ത്സരം തളർന്നു​പോ​കാ​തെ ഓടാം.”—എബ്രാ. 12:1.

ഗീതം 33 നിന്റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക

ചുരുക്കം a

1. എബ്രായർ 12:1 അനുസ​രിച്ച്‌ ജീവനു​വേ​ണ്ടി​യുള്ള ഓട്ടം വിജയ​ക​ര​മാ​യി പൂർത്തി​യാ​ക്കാൻ നമ്മൾ എന്തു ചെയ്യണം?

 ക്രിസ്‌ത്യാ​നി​ക​ളു​ടെ ജീവി​തത്തെ ഒരു ഓട്ടമ​ത്സ​ര​ത്തോ​ടു ബൈബിൾ താരത​മ്യം ചെയ്യുന്നു. അതിൽ വിജയി​ക്കു​ന്ന​വർക്കു നിത്യ​ജീ​വ​നാ​ണു സമ്മാന​മാ​യി കിട്ടു​ന്നത്‌. (2 തിമൊ. 4:7, 8) തളർന്നു​പോ​കാ​തെ ഈ ഓട്ടം പൂർത്തി​യാ​ക്കാൻ നമ്മൾ എല്ലാ ശ്രമവും ചെയ്യണം. കാരണം, നമ്മൾ മത്സരത്തി​ന്റെ അവസാന നിമി​ഷ​ത്തി​ലാണ്‌. ഈ ഓട്ടമ​ത്സ​ര​ത്തിൽ ജയിക്കാൻ നമ്മളെ എന്തു സഹായി​ക്കു​മെന്നു വിജയ​ക​ര​മാ​യി അതു പൂർത്തി​യാ​ക്കിയ പൗലോസ്‌ അപ്പോ​സ്‌തലൻ നമുക്കു പറഞ്ഞു​ത​രു​ന്നുണ്ട്‌. ‘എല്ലാ ഭാരവും എറിഞ്ഞു​ക​ളഞ്ഞ്‌ മുന്നി​ലുള്ള ഓട്ടമ​ത്സരം തളർന്നു​പോ​കാ​തെ ഓടാൻ’ അദ്ദേഹം നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്നു.—എബ്രായർ 12:1 വായി​ക്കുക.

2. ‘എല്ലാ ഭാരവും എറിഞ്ഞു​ക​ള​യുക’ എന്നതിന്റെ അർഥം എന്താണ്‌?

2 ‘എല്ലാ ഭാരവും എറിഞ്ഞു​ക​ള​യുക’ എന്നു പറഞ്ഞ​പ്പോൾ പൗലോസ്‌ എന്താണ്‌ ഉദ്ദേശി​ച്ചത്‌? ക്രിസ്‌ത്യാ​നി​കൾ ഒരു ചുമടും എടുക്ക​രുത്‌ എന്നാണോ? അല്ല. പകരം അനാവ​ശ്യ​മായ ഭാരങ്ങൾ നമ്മൾ ഒഴിവാ​ക്കണം എന്നാണ്‌. കാരണം അത്തരം ഭാരങ്ങൾ നമ്മളെ പെട്ടെന്നു ക്ഷീണി​പ്പി​ക്കു​ക​യും ഓട്ടത്തിന്‌ ഒരു തടസ്സമാ​കു​ക​യും ചെയ്യും. അതു​കൊണ്ട്‌, ഓട്ടം തുടര​ണ​മെ​ങ്കിൽ നമ്മുടെ വേഗത കുറ​ച്ചേ​ക്കാ​വുന്ന അനാവ​ശ്യ​മായ എല്ലാ ഭാരങ്ങ​ളും പെട്ടെ​ന്നു​തന്നെ കണ്ടെത്തി എറിഞ്ഞു​ക​ള​യേ​ണ്ട​തുണ്ട്‌. അതേസ​മയം നമ്മൾ എടുക്കേണ്ട ചുമടു​കൾ ഒഴിവാ​ക്കാ​നും പാടില്ല. കാരണം, അവ ഒഴിവാ​ക്കി​യാൽ നമ്മൾ മത്സരത്തിന്‌ അയോ​ഗ്യ​രാ​യി​ത്തീ​രും. (2 തിമൊ. 2:5) അങ്ങനെ​യെ​ങ്കിൽ നമ്മൾ എടുക്കേണ്ട ചുമടു​കൾ ഏതൊ​ക്കെ​യാണ്‌?

3. (എ) ഗലാത്യർ 6:5 പറയു​ന്ന​ത​നു​സ​രിച്ച്‌ നമ്മൾ എന്തു ചുമ​ക്കേ​ണ്ട​തുണ്ട്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും, എന്തു​കൊണ്ട്‌?

3 ഗലാത്യർ 6:5 വായി​ക്കുക. നമ്മൾ ചുമക്കേണ്ട ചില കാര്യ​ങ്ങ​ളു​ണ്ടെന്നു പൗലോസ്‌ അപ്പോ​സ്‌തലൻ സൂചി​പ്പി​ച്ചു. അദ്ദേഹം എഴുതി: ‘ഓരോ​രു​ത്ത​രും സ്വന്തം ചുമടു ചുമക്കണം.’ ഓരോ വ്യക്തി​ക്കും ദൈവ​മു​മ്പാ​കെ​യുള്ള ഉത്തരവാ​ദി​ത്വ​മാ​കുന്ന ചുമടി​നെ​യാ​ണു പൗലോസ്‌ ഇവിടെ ഉദ്ദേശി​ച്ചത്‌. അതു നമ്മൾ സ്വന്തമാ​യി ചുമ​ക്കേ​ണ്ട​തുണ്ട്‌. ഈ ‘ചുമടിൽ’ എന്തൊ​ക്കെ​യാണ്‌ ഉൾപ്പെ​ടു​ന്ന​തെ​ന്നും നമുക്ക്‌ എങ്ങനെ അവ ചുമക്കാ​മെ​ന്നും ഈ ലേഖന​ത്തിൽ പഠിക്കും. കൂടാതെ നമ്മൾ എടു​ത്തേ​ക്കാ​വുന്ന അനാവ​ശ്യ​മായ ഭാരങ്ങൾ എന്തൊ​ക്കെ​യാ​ണെ​ന്നും അവ എങ്ങനെ എറിഞ്ഞു​ക​ള​യാ​മെ​ന്നും കാണും. സ്വന്തം ചുമടു ചുമക്കു​ന്ന​തും അനാവ​ശ്യ​ഭാ​രങ്ങൾ എറിഞ്ഞു​ക​ള​യു​ന്ന​തും ജീവനു​വേ​ണ്ടി​യുള്ള ഓട്ടം വിജയ​ക​ര​മാ​യി പൂർത്തി​യാ​ക്കാൻ നമ്മളെ സഹായി​ക്കും.

നമ്മൾ ചുമക്കേണ്ട ചുമടു​കൾ

നമ്മൾ ചുമക്കേണ്ട ചുമടു​ക​ളിൽ സമർപ്പ​ണ​പ്ര​തി​ജ്ഞ​യ്‌ക്കു ചേർച്ച​യിൽ ജീവി​ക്കു​ന്ന​തും കുടും​ബോ​ത്ത​ര​വാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റു​ന്ന​തും നമ്മുടെ തീരു​മാ​ന​ങ്ങ​ളു​ടെ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു (4-9 ഖണ്ഡികകൾ കാണുക)

4. സമർപ്പ​ണ​പ്ര​തി​ജ്ഞ​യ്‌ക്കു ചേർച്ച​യിൽ ജീവി​ക്കു​ന്നത്‌ ഒരു ഭാരമ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ചിത്ര​വും കാണുക.)

4 നമ്മുടെ സമർപ്പ​ണ​പ്ര​തിജ്ഞ. നമ്മളെ​ത്തന്നെ യഹോ​വ​യ്‌ക്കു സമർപ്പി​ച്ച​പ്പോൾ, എന്നും ദൈവത്തെ ആരാധി​ച്ചു​കൊ​ള്ളാ​മെ​ന്നും ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്‌തു​കൊ​ള്ളാ​മെ​ന്നും നമ്മൾ വാക്കു​കൊ​ടു​ത്ത​താണ്‌. അതു നമ്മൾ പാലി​ക്കണം. സമർപ്പ​ണ​ത്തി​നു ചേർച്ച​യിൽ ജീവി​ക്കു​ക​യെ​ന്നത്‌ ഒരു വലിയ ഉത്തരവാ​ദി​ത്വ​മാണ്‌. എങ്കിലും അതൊരു ഭാരമല്ല. കാരണം, നമ്മളെ സൃഷ്ടി​ച്ചി​രി​ക്കു​ന്ന​തു​തന്നെ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാൻവേ​ണ്ടി​യാണ്‌. (വെളി. 4:11) ദൈവ​ത്തി​ന്റെ ഛായയി​ലും ദൈവത്തെ അറിയാ​നും ആരാധി​ക്കാ​നും ഉള്ള ആഗ്രഹ​ത്തോ​ടെ​യും ആണു നമ്മളെ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ ദൈവ​ത്തോ​ടു അടുക്കാ​നും ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​തിൽ സന്തോഷം കണ്ടെത്താ​നും നമുക്കു കഴിയും. (സങ്കീ. 40:8) മാത്രമല്ല, ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ക​യും ദൈവ​പു​ത്രനെ അനുഗ​മി​ക്കു​ക​യും ചെയ്യു​മ്പോൾ നമുക്കു​തന്നെ ‘ഉന്മേഷം കിട്ടു​ക​യും’ ചെയ്യും.—മത്താ. 11:28-30.

(4-5 ഖണ്ഡികകൾ കാണുക)

5. സമർപ്പ​ണ​ത്തി​നു ചേർച്ച​യിൽ ജീവി​ക്കാൻ നിങ്ങളെ എന്തു സഹായി​ക്കും? (1 യോഹ​ന്നാൻ 5:3)

5 നിങ്ങൾക്ക്‌ എങ്ങനെ ആ ചുമടു ചുമക്കാം? രണ്ടു കാര്യങ്ങൾ അതിനു സഹായി​ക്കും. ഒന്ന്‌, യഹോ​വ​യോ​ടുള്ള സ്‌നേഹം തുടർന്നും ശക്തമാ​ക്കുക. അതിനാ​യി ദൈവം നിങ്ങൾക്ക്‌ ഇതുവരെ ചെയ്‌തു​ത​ന്നി​രി​ക്കുന്ന എല്ലാ നല്ല കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഇനി തരാനി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചും ആഴത്തിൽ ചിന്തി​ക്കുക. ദൈവ​ത്തോ​ടുള്ള സ്‌നേഹം കൂടു​ന്ന​ത​നു​സ​രിച്ച്‌ ദൈവത്തെ അനുസ​രി​ക്കു​ന്ന​തും എളുപ്പ​മാ​യി​ത്തീ​രും. (1 യോഹ​ന്നാൻ 5:3 വായി​ക്കുക.) രണ്ട്‌, യേശു​വി​നെ അനുക​രി​ക്കുക. ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​തിൽ യേശു വിജയി​ച്ചു. കാരണം, സഹായ​ത്തി​നു​വേണ്ടി യേശു യഹോ​വ​യോ​ടു പ്രാർഥി​ക്കു​ക​യും തനിക്കു കിട്ടാ​നി​രുന്ന സമ്മാന​ത്തിൽ ശ്രദ്ധി​ക്കു​ക​യും ചെയ്‌തു. (എബ്രായർ 5:7; 12:2) യേശു​വി​നെ​പ്പോ​ലെ ശക്തിക്കാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കുക. നിത്യ​ജീ​വന്റെ പ്രത്യാശ എപ്പോ​ഴും മനസ്സിൽ അടുപ്പി​ച്ചു​നി​റു​ത്തുക. ദൈവ​ത്തോ​ടുള്ള നിങ്ങളു​ടെ സ്‌നേഹം ശക്തമാ​ക്കു​ക​യും യേശു​വി​നെ അനുക​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ സമർപ്പ​ണ​ത്തി​നു ചേർച്ച​യിൽ ജീവി​ക്കാൻ നിങ്ങൾക്കാ​കും.

6. നമ്മൾ കുടും​ബോ​ത്ത​ര​വാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ചിത്ര​വും കാണുക.)

6 നമ്മുടെ കുടും​ബോ​ത്ത​ര​വാ​ദി​ത്വ​ങ്ങൾ. ജീവനു​വേ​ണ്ടി​യുള്ള ഓട്ടത്തിൽ കുടും​ബാം​ഗ​ങ്ങ​ളെ​ക്കാൾ അധികം നമ്മൾ യഹോ​വ​യെ​യും യേശു​വി​നെ​യും ആണ്‌ സ്‌നേ​ഹി​ക്കേ​ണ്ടത്‌. (മത്താ. 10:37) പക്ഷേ അതിന്റെ അർഥം കുടും​ബോ​ത്ത​ര​വാ​ദി​ത്വ​ങ്ങൾ അവഗണി​ക്കാ​മെന്നല്ല. ശരിക്കും പറഞ്ഞാൽ യഹോ​വ​യെ​യും യേശു​വി​നെ​യും സന്തോ​ഷി​പ്പി​ക്കാ​നാ​ക​ണ​മെ​ങ്കിൽ നമ്മൾ ആ ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റണം. (1 തിമൊ. 5:4, 8) അങ്ങനെ ചെയ്യു​മ്പോൾ നമ്മൾ കൂടുതൽ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കും. കാരണം, ആ രീതി​യി​ലാണ്‌ യഹോവ കുടും​ബ​ങ്ങളെ ഒരുക്കി​യി​രി​ക്കു​ന്ന​തു​തന്നെ; അതായത്‌ ഭാര്യാ​ഭർത്താ​ക്ക​ന്മാർ പരസ്‌പരം സ്‌നേ​ഹി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും മാതാ​പി​താ​ക്കൾ മക്കളെ സ്‌നേ​ഹി​ക്കു​ക​യും പരിശീ​ലി​പ്പി​ക്കു​ക​യും മക്കൾ മാതാ​പി​താ​ക്കളെ അനുസ​രി​ക്കു​ക​യും ചെയ്യു​മ്പോൾ അവിടെ സന്തോഷം കളിയാ​ടുന്ന രീതി​യിൽ.—എഫെ. 5:33; 6:1, 4.

(6-7 ഖണ്ഡികകൾ കാണുക)

7. കുടും​ബ​ത്തി​ലെ ഉത്തരവാ​ദി​ത്വ​ങ്ങൾ നിങ്ങൾക്ക്‌ എങ്ങനെ ഏറ്റവും നന്നായി ചെയ്യാം?

7 നിങ്ങൾക്ക്‌ എങ്ങനെ ആ ചുമടു ചുമക്കാം? കുടും​ബ​ത്തിൽ നിങ്ങളു​ടെ സ്ഥാനം എന്തായി​രു​ന്നാ​ലും ബൈബി​ളിൽ കാണുന്ന ജ്ഞാനത്തിൽ ആശ്രയി​ക്കുക. ശരി​യെന്നു നിങ്ങൾക്കു തോന്നു​ന്ന​തോ പൊതു​വേ ആളുകൾ ചെയ്യു​ന്ന​തോ വിദഗ്‌ധ​രു​ടെ അഭി​പ്രാ​യ​ങ്ങ​ളോ ഒന്നുമാ​യി​രി​ക്ക​രു​തു നിങ്ങളെ നയിക്കു​ന്നത്‌. (സുഭാ. 24:3, 4) യഹോ​വ​യു​ടെ സംഘടന നമുക്കു നൽകി​യി​ട്ടുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്തുക. ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ച​യിൽ എങ്ങനെ പ്രവർത്തി​ക്കാ​മെന്ന്‌ അവയിൽ വിശദീ​ക​രി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തി​നു “കുടും​ബ​ങ്ങൾക്കു​വേണ്ടി” എന്ന ലേഖന​പ​ര​മ്പ​ര​തന്നെ എടുക്കുക. അതിൽ ദമ്പതികൾ, മാതാ​പി​താ​ക്കൾ, കൗമാ​ര​ക്കാർ എന്നിവർ ഇന്നു നേരി​ടുന്ന ചില പ്രശ്‌നങ്ങൾ എങ്ങനെ കൈകാ​ര്യം ചെയ്യാ​മെന്നു പറഞ്ഞി​ട്ടുണ്ട്‌. b ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ക്കാൻ മറ്റു കുടും​ബാം​ഗങ്ങൾ തയ്യാറാ​കു​ന്നി​ല്ലെ​ങ്കി​ലും നിങ്ങൾ അങ്ങനെ ചെയ്യാൻ തീരു​മാ​നി​ച്ചു​റ​യ്‌ക്കുക. നിങ്ങൾ അങ്ങനെ ചെയ്യു​മ്പോൾ കുടും​ബ​ത്തി​ലെ എല്ലാവർക്കും അതിന്റെ പ്രയോ​ജനം കിട്ടും. കൂടാതെ നിങ്ങൾക്ക്‌ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മു​ണ്ടാ​യി​രി​ക്കു​ക​യും ചെയ്യും.—1 പത്രോ. 3:1, 2.

8. നമ്മളെ​ടു​ക്കുന്ന തീരു​മാ​നങ്ങൾ നമ്മളെ എങ്ങനെ ബാധി​ച്ചേ​ക്കാം?

8 നമ്മൾ എടുക്കുന്ന തീരു​മാ​ന​ങ്ങ​ളു​ടെ ഉത്തരവാ​ദി​ത്വം. സ്വന്തമാ​യി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം യഹോവ നമുക്കു നൽകി​യി​ട്ടുണ്ട്‌. അങ്ങനെ നല്ല തീരു​മാ​ന​ങ്ങ​ളെ​ടുത്ത്‌ നമ്മൾ അതിൽനിന്ന്‌ പ്രയോ​ജനം നേടാ​നും യഹോവ ആഗ്രഹി​ക്കു​ന്നു. പക്ഷേ തെറ്റായ ഒരു തീരു​മാ​ന​മെ​ടു​ക്കു​മ്പോൾ അതിന്റെ മോശം ഫലങ്ങളിൽനിന്ന്‌ ദൈവം നമ്മളെ സംരക്ഷി​ക്കില്ല. (ഗലാ. 6:7, 8) അതു​കൊ​ണ്ടു​തന്നെ തെറ്റായ ഒരു തീരു​മാ​ന​മെ​ടു​ക്കു​ക​യോ ചിന്തി​ക്കാ​തെ എന്തെങ്കി​ലും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌താൽ നമ്മൾ അതിന്റെ മോശം ഫലങ്ങൾ അനുഭ​വി​ക്കേ​ണ്ടി​വ​രും. ചെയ്‌തു​പോയ തെറ്റി​നെ​ക്കു​റി​ച്ചോർത്ത്‌ ചില​പ്പോൾ മനസ്സാക്ഷി നമ്മളെ കുറ്റ​പ്പെ​ടു​ത്തി​യേ​ക്കാം. എന്നാൽ നമ്മുടെ തെറ്റിനു നമ്മൾത​ന്നെ​യാണ്‌ ഉത്തരവാ​ദി​കൾ എന്ന്‌ ഓർക്കു​ന്നത്‌, കുറ്റം സമ്മതി​ക്കാ​നും തെറ്റു തിരു​ത്താ​നും അത്‌ ആവർത്തി​ക്കാ​തി​രി​ക്കാ​നും നമ്മളെ പ്രേരി​പ്പി​ക്കും. ഇങ്ങനെ​യൊ​ക്കെ ചെയ്യു​ന്നതു ജീവനു​വേ​ണ്ടി​യുള്ള ഓട്ടം തുടരാൻ നമ്മളെ സഹായി​ക്കും.

(8-9 ഖണ്ഡികകൾ കാണുക)

9. നിങ്ങൾ തെറ്റായ ഒരു തീരു​മാ​ന​മെ​ടു​ത്തു​പോ​യെ​ങ്കിൽ എന്തു ചെയ്യാം? (ചിത്ര​വും കാണുക.)

9 നിങ്ങൾക്ക്‌ എങ്ങനെ ആ ചുമടു ചുമക്കാം? നിങ്ങൾ തെറ്റായ ഒരു തീരു​മാ​ന​മെ​ടു​ത്തു​പോ​യെ​ങ്കിൽ എന്തു ചെയ്യാം? കഴിഞ്ഞു​പോയ കാര്യങ്ങൾ മാറ്റാ​നാ​കി​ല്ലെന്നു സമ്മതി​ക്കുക. പറ്റിയ തെറ്റിനെ ന്യായീ​ക​രി​ക്കു​ക​യോ നിങ്ങ​ളെ​ത്ത​ന്നെ​യോ മറ്റുള്ള​വ​രെ​യോ കുറ്റ​പ്പെ​ടു​ത്തു​ക​യോ ചെയ്‌തു​കൊണ്ട്‌ സമയവും ഊർജ​വും പാഴാ​ക്ക​രുത്‌. പകരം തെറ്റ്‌ സമ്മതി​ക്കുക. ഇപ്പോ​ഴത്തെ സാഹച​ര്യ​ത്തിൽ ചെയ്യാൻ കഴിയു​ന്നത്‌ ഏറ്റവും നന്നായി ചെയ്യാൻ ശ്രമി​ക്കുക. ഇനി, ചെയ്‌തു​പോയ തെറ്റി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ കുറ്റ​ബോ​ധം തോന്നു​ന്നെ​ങ്കിൽ താഴ്‌മ​യോ​ടെ യഹോ​വ​യോ​ടു പ്രാർഥി​ക്കുക. കുറ്റം ഏറ്റുപ​റഞ്ഞ്‌ ക്ഷമയ്‌ക്കാ​യി യാചി​ക്കുക. (സങ്കീ. 25:11; 51:3, 4) നിങ്ങൾ ആരെ​യെ​ങ്കി​ലും വിഷമി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ അവരോ​ടും ക്ഷമ ചോദി​ക്കുക. ആവശ്യ​മെ​ങ്കിൽ മൂപ്പന്മാ​രു​ടെ സഹായം തേടുക. (യാക്കോ. 5:14, 15) നിങ്ങൾക്കു പറ്റിയ തെറ്റു​ക​ളിൽനിന്ന്‌ പഠിക്കുക. അവ ആവർത്തി​ക്കാ​തി​രി​ക്കാൻ ശ്രമി​ക്കുക. ഇങ്ങനെ​യൊ​ക്കെ ചെയ്യു​ന്നെ​ങ്കിൽ യഹോവ നിങ്ങ​ളോ​ടു കരുണ കാണി​ക്കു​ക​യും വേണ്ട സഹായം നൽകു​ക​യും ചെയ്യു​മെന്നു നിങ്ങൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.—സങ്കീ. 103:8-13.

‘എറിഞ്ഞു​ക​ള​യേണ്ട’ ഭാരങ്ങൾ

10. അതിരു​ക​വിഞ്ഞ പ്രതീ​ക്ഷകൾ ഒരു വലിയ ഭാരമാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (ഗലാത്യർ 6:4)

10 അതിരു​ക​വിഞ്ഞ പ്രതീ​ക്ഷകൾ. നമ്മളെ​ത്തന്നെ മറ്റുള്ള​വ​രു​മാ​യി താരത​മ്യം ചെയ്‌താൽ അതിരു​ക​വിഞ്ഞ പ്രതീ​ക്ഷകൾ വെച്ച്‌ നമ്മൾ നമ്മളെ​ത്തന്നെ ഭാര​പ്പെ​ടു​ത്താ​നി​ട​യുണ്ട്‌. (ഗലാത്യർ 6:4 വായി​ക്കുക.) തുടർച്ച​യാ​യി അങ്ങനെ ചെയ്‌തു​കൊ​ണ്ടി​രു​ന്നാൽ മറ്റുള്ള​വ​രോട്‌ അസൂയ തോന്നാ​നും മത്സരമ​നോ​ഭാ​വം വളർന്നു​വ​രാ​നും ഇടയാ​കും. (ഗലാ. 5:26) നമ്മുടെ പരിമി​തി​ക​ളെ​ക്കു​റി​ച്ചോ സാഹച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചോ ചിന്തി​ക്കാ​തെ മറ്റുള്ളവർ ചെയ്യു​ന്ന​തെ​ല്ലാം ചെയ്യാൻ ശ്രമി​ച്ചാൽ അതു നമുക്കു​തന്നെ ദോഷം ചെയ്യും. “പ്രതീ​ക്ഷകൾ നിറ​വേ​റാൻ വൈകു​മ്പോൾ ഹൃദയം തകരുന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാ. 13:12) ആ സ്ഥിതിക്ക്‌, ഒരിക്ക​ലും നിറ​വേ​റ്റാൻ പറ്റാത്ത പ്രതീ​ക്ഷ​ക​ളാ​ണു വെക്കു​ന്ന​തെ​ങ്കിൽ അതു നമ്മളെ എത്രയ​ധി​കം നിരാ​ശ​പ്പെ​ടു​ത്തും! കൂടാതെ അതു നമ്മുടെ ശക്തി ചോർത്തി​ക്ക​ള​യു​ക​യും ജീവനു​വേ​ണ്ടി​യുള്ള ഓട്ടത്തി​ന്റെ വേഗത കുറയ്‌ക്കു​ക​യും ചെയ്യും.—സുഭാ. 24:10.

11. അതിരു​ക​വിഞ്ഞ പ്രതീ​ക്ഷകൾ വെക്കാ​തി​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

11 ആ ഭാരം നിങ്ങൾക്ക്‌ എങ്ങനെ എറിഞ്ഞു​ക​ള​യാം? യഹോവ ആവശ്യ​പ്പെ​ടു​ന്ന​തി​ലും അധികം നമ്മൾ നമ്മളിൽനിന്ന്‌ പ്രതീ​ക്ഷി​ക്ക​രുത്‌. നമുക്കു പറ്റാത്ത ഒരു കാര്യം ചെയ്യാൻ യഹോവ ഒരിക്ക​ലും ആവശ്യ​പ്പെ​ടില്ല. (2 കൊരി. 8:12) നിങ്ങൾ ചെയ്യു​ന്ന​തി​നെ യഹോവ മറ്റുള്ള​വ​രു​ടേ​തു​മാ​യി താരത​മ്യം ചെയ്യി​ല്ലെ​ന്നും ഉറപ്പു​ണ്ടാ​യി​രി​ക്കുക. (മത്താ. 25:20-23) യഹോവ വില​യേ​റി​യ​താ​യി കാണു​ന്നത്‌ നിങ്ങളു​ടെ മുഴു​ഹൃ​ദ​യ​ത്തോ​ടെ​യുള്ള സേവന​വും നിങ്ങളു​ടെ വിശ്വ​സ്‌ത​ത​യും നിങ്ങളു​ടെ സഹനശ​ക്തി​യും ആണ്‌. നിങ്ങളു​ടെ പ്രായം, ആരോ​ഗ്യം, സാഹച​ര്യ​ങ്ങൾ തുടങ്ങി​യവ കാരണം ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം ചെയ്യാൻ ചില​പ്പോൾ കഴിയില്ല എന്ന കാര്യം താഴ്‌മ​യോ​ടെ അംഗീ​ക​രി​ക്കുക. ബർസി​ല്ലാ​യി​യെ​പ്പോ​ലെ പ്രായ​ത്തി​ന്റെ ബുദ്ധി​മു​ട്ടു​ക​ളോ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളോ കാരണം ചില നിയമ​നങ്ങൾ ചെയ്യാ​നാ​കി​ല്ലെന്നു തുറന്നു​പ​റ​യാൻ മനസ്സു​കാ​ണി​ക്കുക. (2 ശമു. 19:35, 36) മോശ​യെ​പ്പോ​ലെ ഉചിത​മാ​യി​രി​ക്കു​മ്പോൾ മറ്റുള്ള​വ​രിൽനിന്ന്‌ സഹായം സ്വീക​രി​ക്കാ​നും ഉത്തരവാ​ദി​ത്വ​ങ്ങൾ അവരെ ഏൽപ്പി​ക്കാ​നും തയ്യാറാ​കുക. (പുറ. 18:21, 22) ഈ വിധങ്ങ​ളിൽ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കു​ന്നതു ജീവനു​വേ​ണ്ടി​യുള്ള ഓട്ടത്തിൽ നമ്മളെ തളർത്തി​ക​ള​ഞ്ഞേ​ക്കാ​വുന്ന അതിരു​ക​വിഞ്ഞ പ്രതീ​ക്ഷകൾ വെക്കാ​തി​രി​ക്കാൻ സഹായി​ക്കും.

12. മറ്റുള്ളവർ എടുക്കുന്ന തെറ്റായ തീരു​മാ​ന​ങ്ങൾക്കു നമ്മൾ ഉത്തരവാ​ദി​ക​ളാ​ണോ? വിശദീ​ക​രി​ക്കുക.

12 മറ്റുള്ളവർ എടുക്കുന്ന തെറ്റായ തീരു​മാ​ന​ത്തി​നു തങ്ങളാണ്‌ ഉത്തരവാ​ദി​കൾ എന്ന ചിന്ത. നമുക്കു മറ്റുള്ള​വർക്കു​വേണ്ടി തീരു​മാ​ന​മെ​ടു​ക്കാ​നോ മറ്റുള്ളവർ എടുത്ത തെറ്റായ തീരു​മാ​ന​ത്തി​ന്റെ പരിണ​ത​ഫ​ല​ങ്ങ​ളിൽനിന്ന്‌ എപ്പോ​ഴും അവരെ സംരക്ഷി​ക്കാ​നോ കഴിയില്ല. ഉദാഹ​ര​ണ​ത്തിന്‌, ഒരു മകനോ മകളോ ഇനി യഹോ​വയെ സേവി​ക്കു​ന്നി​ല്ലെന്നു പറയുന്ന ഒരു സാഹച​ര്യം നോക്കാം. ആ തീരു​മാ​നം മാതാ​പി​താ​ക്കളെ വളരെ സങ്കടത്തി​ലാ​ക്കും. പക്ഷേ, അവരുടെ ആ തീരു​മാ​ന​ത്തി​നു മാതാ​പി​താ​ക്കൾ തങ്ങളെ​ത്തന്നെ കുറ്റ​പ്പെ​ടു​ത്താൻ ശ്രമി​ച്ചാൽ അത്‌ അവർക്കു വലി​യൊ​രു ഭാരമാ​യി​ത്തീ​രും. മാതാ​പി​താ​ക്കൾ അങ്ങനെ​യൊ​രു ഭാരം ചുമക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നില്ല.—റോമ. 14:12.

13. മക്കൾ തെറ്റായ തീരു​മാ​ന​മെ​ടു​ക്കു​മ്പോൾ മാതാ​പി​താ​ക്കൾക്ക്‌ എന്തു മനസ്സിൽപ്പി​ടി​ക്കാം?

13 ആ ഭാരം നിങ്ങൾക്ക്‌ എങ്ങനെ എറിഞ്ഞു​ക​ള​യാം? സ്വന്തമാ​യി തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം യഹോവ നമുക്ക്‌ ഓരോ​രു​ത്തർക്കും തന്നിട്ടു​ണ്ടെന്ന കാര്യം ഓർക്കുക. യഹോ​വയെ സേവി​ക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാ​നുള്ള സ്വാത​ന്ത്ര്യ​വും അതിൽ ഉൾപ്പെ​ടും. ഒരു മാതാ​വോ പിതാ​വോ എന്ന നിലയിൽ നിങ്ങളു​ടെ കഴിവി​ന്റെ പരമാ​വധി ചെയ്യാനേ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു​ള്ളൂ. യഹോവ ഒരിക്ക​ലും നിങ്ങളിൽനിന്ന്‌ പൂർണത പ്രതീ​ക്ഷി​ക്കു​ന്നില്ല. മക്കൾ എടുക്കുന്ന തീരു​മാ​ന​ത്തിന്‌ അവർത​ന്നെ​യാണ്‌ ഉത്തരവാ​ദി​കൾ, നിങ്ങളല്ല. (സുഭാ. 20:11) എങ്കിലും മാതാ​പി​താ​ക്ക​ളെന്ന നിലയിൽ വരുത്തിയ തെറ്റു​ക​ളെ​ക്കു​റിച്ച്‌ കൂടെ​ക്കൂ​ടെ ഓർത്ത്‌ നിങ്ങൾ വിഷമി​ച്ചേ​ക്കാം. അങ്ങനെ തോന്നു​ന്നു​ണ്ടെ​ങ്കിൽ സങ്കടങ്ങൾ യഹോ​വ​യോ​ടു പറഞ്ഞ്‌ ക്ഷമയ്‌ക്കാ​യി യാചി​ക്കുക. പുറ​കോ​ട്ടു ചെന്ന്‌ ചെയ്‌തു​പോയ കാര്യങ്ങൾ നിങ്ങൾ തിരു​ത്താൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നില്ല. കാരണം, നിങ്ങൾക്ക്‌ അതിനാ​കി​ല്ലെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. അതേസ​മയം, മക്കൾ എടുത്ത തെറ്റായ തീരു​മാ​ന​ത്തി​ന്റെ മോശം ഫലങ്ങളിൽനിന്ന്‌ നിങ്ങൾ അവരെ സംരക്ഷി​ക്കാ​നും യഹോവ ആഗ്രഹി​ക്കു​ന്നില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്‌: യഹോ​വ​യി​ലേക്കു മടങ്ങി​വ​രാൻ മക്കൾ ചെയ്യുന്ന ഓരോ ശ്രമവും യഹോ​വയെ സന്തോ​ഷി​പ്പി​ക്കും. ഇരു​കൈ​യും നീട്ടി യഹോവ അവരെ സ്വീക​രി​ക്കും.—ലൂക്കോ. 15:18-20.

14. അമിത​മായ കുറ്റ​ബോ​ധം എറിഞ്ഞു​ക​ള​യേണ്ട ഒരു ഭാരമാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

14 അമിത​മായ കുറ്റ​ബോ​ധം. ഒരു തെറ്റു ചെയ്യു​മ്പോൾ നമുക്കു കുറ്റ​ബോ​ധം തോന്നു​ന്നതു സ്വാഭാ​വി​ക​മാണ്‌. എന്നാൽ നമ്മൾ അമിത​മായ കുറ്റ​ബോ​ധ​ത്തി​ന്റെ ഭാരം ചുമക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നില്ല. അതു നമ്മൾ എറിഞ്ഞു​ക​ള​യേണ്ട ഒന്നാണ്‌. നമുക്ക്‌ അമിത​മായ കുറ്റ​ബോ​ധ​മു​ണ്ടോ എന്ന്‌ എങ്ങനെ അറിയാൻ പറ്റും? കുറ്റം ഏറ്റുപ​റ​യു​ക​യും പശ്ചാത്ത​പി​ക്കു​ക​യും വീണ്ടും അത്‌ ആവർത്തി​ക്കാ​തി​രി​ക്കാൻ വേണ്ട നടപടി​കൾ സ്വീക​രി​ക്കു​ക​യും ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ യഹോവ നമ്മളോ​ടു ക്ഷമി​ച്ചെന്ന്‌ ഉറപ്പാണ്‌. (പ്രവൃ. 3:19) ഇത്ര​യെ​ല്ലാം ചെയ്‌തു​ക​ഴി​ഞ്ഞി​ട്ടും നമ്മൾ കുറ്റ​ബോ​ധ​ത്താൽ നീറി ജീവി​ക്കു​ക​യാ​ണെ​ങ്കിൽ നമുക്ക്‌ അമിത​മായ കുറ്റ​ബോ​ധ​മുണ്ട്‌ എന്നാണ്‌ അതു കാണി​ക്കു​ന്നത്‌. യഹോവ അത്‌ ആഗ്രഹി​ക്കു​ന്നില്ല. കാരണം, അമിത​മായ കുറ്റ​ബോ​ധം നമുക്ക്‌ എത്രമാ​ത്രം ദോഷം ചെയ്യു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. (സങ്കീ. 31:10) ദുഃഖ​ഭാ​ര​ത്താൽ തളർന്നു​പോ​യാൽ ജീവനു​വേ​ണ്ടി​യുള്ള ഓട്ടം നിങ്ങൾ നിറു​ത്തി​ക്ക​ള​യാ​നി​ട​യുണ്ട്‌.—2 കൊരി. 2:7.

നിങ്ങൾ ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കു​ക​യാ​ണെ​ങ്കിൽ യഹോവ നിങ്ങളുടെ പാപങ്ങളെക്കുറിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കില്ല, നിങ്ങളും അങ്ങനെ ചെയ്യരുത്‌ (15-ാം ഖണ്ഡിക കാണുക)

15. അമിത​മായ കുറ്റ​ബോ​ധം എറിഞ്ഞു​ക​ള​യാൻ നിങ്ങളെ എന്തു സഹായി​ക്കും? (1 യോഹ​ന്നാൻ 3:19, 20) (ചിത്ര​വും കാണുക.)

15 ആ ഭാരം നിങ്ങൾക്ക്‌ എങ്ങനെ എറിഞ്ഞു​ക​ള​യാം? അമിത​മായ കുറ്റ​ബോ​ധം തോന്നു​മ്പോൾ ദൈവം കാണി​ക്കുന്ന ‘യഥാർഥ​ക്ഷ​മ​യെ​ക്കു​റിച്ച്‌’ ചിന്തി​ക്കുക. (സങ്കീ. 130:4) ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കു​ന്ന​വർക്ക്‌ യഹോവ ഇങ്ങനെ​യൊ​രു ഉറപ്പു കൊടു​ക്കു​ന്നു: ‘ഞാൻ അവരുടെ പാപം പിന്നെ ഓർക്കില്ല.’ (യിരെ. 31:34) അതിന്റെ അർഥം താൻ ക്ഷമിച്ചു​കളഞ്ഞ പാപങ്ങൾ ഓർത്തു​വെച്ച്‌ നമു​ക്കെ​തി​രെ യഹോവ പിന്നീടു പ്രവർത്തി​ക്കില്ല എന്നാണ്‌. അതു​കൊ​ണ്ടു​തന്നെ ചെയ്‌ത തെറ്റിന്റെ എന്തെങ്കി​ലും മോശം ഫലം അനുഭ​വി​ക്കേ​ണ്ടി​വ​രു​മ്പോൾ അത്‌ യഹോവ നമ്മളോ​ടു ക്ഷമിക്കാ​ത്ത​തു​കൊ​ണ്ടാ​ണെന്ന്‌ ഒരിക്ക​ലും ചിന്തി​ക്ക​രുത്‌. ഇനി, ചെയ്‌ത തെറ്റിന്റെ ഫലമായി സഭയിൽ നമുക്ക്‌ എന്തെങ്കി​ലും ഉത്തരവാ​ദി​ത്വം നഷ്ടമാ​യി​ട്ടു​ണ്ടെ​ങ്കിൽ ഏതു നേരവും അതെക്കു​റിച്ച്‌ ഓർത്ത്‌ ദുഃഖി​ക്കു​ക​യു​മ​രുത്‌. നിങ്ങൾക്കു പറ്റിയ തെറ്റി​നെ​ക്കു​റിച്ച്‌ യഹോവ എപ്പോ​ഴും ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നില്ല. അതു​കൊണ്ട്‌, നിങ്ങളും അങ്ങനെ ചെയ്യരുത്‌.—1 യോഹ​ന്നാൻ 3:19, 20 വായി​ക്കുക.

സമ്മാനം നേടാ​നാ​യി ഓടുക

16. ഓട്ടക്കാ​രെന്ന നിലയിൽ നമ്മൾ ഏതു കാര്യം തിരി​ച്ച​റി​യണം?

16 ജീവനു​വേ​ണ്ടി​യുള്ള ഓട്ടം ഓടു​മ്പോൾ “സമ്മാനം നേടുക എന്ന ലക്ഷ്യത്തിൽ ഓടണം.” (1 കൊരി. 9:24) നമ്മൾ ചുമക്കേണ്ട ചുമടു​കൾ ഏതൊ​ക്കെ​യാ​ണെ​ന്നും എറിഞ്ഞു​ക​ള​യേണ്ട ഭാരങ്ങൾ ഏതൊ​ക്കെ​യാ​ണെ​ന്നും മനസ്സി​ലാ​ക്കു​ന്നെ​ങ്കിൽ നമുക്ക്‌ അതിനു കഴിയും. അവ ഏതൊ​ക്കെ​യാ​ണെന്നു തിരി​ച്ച​റി​യാൻ സഹായി​ക്കുന്ന ചില ഉദാഹ​ര​ണങ്ങൾ ഈ ലേഖന​ത്തിൽ നമ്മൾ പഠിച്ചു. എന്നാൽ ഇനിയും പലതു​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, “അമിത​മായ തീറ്റി​യും കുടി​യും ജീവി​ത​ത്തി​ലെ ഉത്‌ക​ണ്‌ഠ​ക​ളും കാരണം” നമ്മൾ ഭാര​പ്പെ​ട്ടേ​ക്കാ​മെന്നു യേശു പറഞ്ഞു. (ലൂക്കോ. 21:34) ഇവയും ഇതു​പോ​ലുള്ള മറ്റു തിരു​വെ​ഴു​ത്തു​ക​ളും ജീവനു​വേ​ണ്ടി​യുള്ള ഓട്ടത്തിൽ നിങ്ങൾ വരുത്തേണ്ട മാറ്റങ്ങൾ തിരി​ച്ച​റി​യാൻ സഹായി​ക്കും.

17. ജീവനു​വേ​ണ്ടി​യുള്ള ഓട്ടമ​ത്സ​ര​ത്തിൽ വിജയി​ക്കു​മെന്നു നമുക്ക്‌ ഉറപ്പോ​ടെ പറയാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

17 ജീവനു​വേ​ണ്ടി​യുള്ള ഓട്ടമ​ത്സ​ര​ത്തിൽ നമ്മൾ വിജയി​ക്കു​മെന്ന്‌ ഉറപ്പോ​ടെ പറയാം. കാരണം, നമുക്കു വേണ്ട ശക്തി യഹോവ നൽകും. (യശ. 40:29-31) അതു​കൊണ്ട്‌ വേഗത കുറയ്‌ക്കാ​തെ ഓടി​ക്കൊ​ണ്ടി​രി​ക്കുക. തന്റെ മുന്നി​ലുള്ള സമ്മാനം നേടാ​നാ​യി സകല ശക്തിയു​മെ​ടുത്ത്‌ ഓടിയ പൗലോസ്‌ അപ്പോ​സ്‌ത​ലനെ അനുക​രി​ക്കുക. (ഫിലി. 3:13, 14) ജീവനു​വേ​ണ്ടി​യുള്ള ഓട്ടം നിങ്ങൾക്കു​വേണ്ടി ഓടാൻ മറ്റാർക്കും കഴിയില്ല. എന്നാൽ യഹോ​വ​യു​ടെ സഹായ​ത്താൽ നിങ്ങൾക്കു​തന്നെ ആ ഓട്ടം പൂർത്തി​യാ​ക്കാ​നാ​കും. നിങ്ങളു​ടെ ചുമടു​കൾ ചുമക്കാ​നും അനാവ​ശ്യ​ഭാ​രങ്ങൾ എറിഞ്ഞു​ക​ള​യാ​നും യഹോ​വ​യ്‌ക്കു നിങ്ങളെ സഹായി​ക്കാ​നാ​കും. (സങ്കീ. 68:19) യഹോവ നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടെ​ങ്കിൽ ജീവനു​വേ​ണ്ടി​യുള്ള ഓട്ടമ​ത്സ​ര​ത്തിൽ തളർന്നു​പോ​കാ​തെ അവസാ​നം​വരെ ഓടാ​നും വിജയി​ക്കാ​നും നിങ്ങൾക്കു കഴിയും.

ഗീതം 65 മുന്നേ​റു​വിൻ!

a ജീവനു​വേ​ണ്ടി​യുള്ള ഓട്ടത്തിൽ വിജയി​ക്കാൻ ഈ ലേഖനം നമ്മളെ സഹായി​ക്കും. ഈ ഓട്ടത്തിൽ ചില ചുമടു​കൾ നമ്മൾ എടു​ക്കേ​ണ്ട​തുണ്ട്‌. അതിൽ നമ്മുടെ സമർപ്പ​ണ​പ്ര​തി​ജ്ഞ​യും കുടും​ബോ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും നമ്മളെ​ടു​ക്കുന്ന തീരു​മാ​ന​ങ്ങ​ളു​ടെ ഉത്തരവാ​ദി​ത്വ​ങ്ങ​ളും ഉൾപ്പെ​ടു​ന്നു. എന്നാൽ, ഇങ്ങനെ ഓടു​മ്പോൾ വേഗത കുറ​ച്ചേ​ക്കാ​വുന്ന എല്ലാ അനാവ​ശ്യ​ഭാ​ര​ങ്ങ​ളും നമ്മൾ എറിഞ്ഞു​ക​ള​യേ​ണ്ട​തുണ്ട്‌. അവയിൽ ചിലത്‌ എന്തൊ​ക്കെ​യാണ്‌? ഈ ലേഖന​ത്തിൽ അതിന്റെ ഉത്തരവു​മുണ്ട്‌.