വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 45

ആത്മീയാ​ല​യ​ത്തിൽ യഹോ​വയെ ആരാധി​ക്കാ​നുള്ള അവസരത്തെ വില​യേ​റി​യ​താ​യി കാണുക

ആത്മീയാ​ല​യ​ത്തിൽ യഹോ​വയെ ആരാധി​ക്കാ​നുള്ള അവസരത്തെ വില​യേ​റി​യ​താ​യി കാണുക

‘ആകാശ​വും ഭൂമി​യും ഉണ്ടാക്കിയ ദൈവത്തെ ആരാധി​ക്കുക.—വെളി. 14:7.

ഗീതം 93 ഞങ്ങളുടെ കൂടി​വ​ര​വി​നെ അനു​ഗ്ര​ഹി​ക്കേ​ണമേ!

ചുരുക്കം a

1. ഒരു ദൈവ​ദൂ​തൻ എന്താണു പറയു​ന്നത്‌, അതെക്കു​റിച്ച്‌ നമുക്ക്‌ എന്തു തോന്നണം?

 ഒരു ദൈവ​ദൂ​തൻ നിങ്ങ​ളോ​ടു സംസാ​രി​ച്ചാൽ നിങ്ങൾ അതു ശ്രദ്ധി​ച്ചു​കേൾക്കി​ല്ലേ? ഇന്ന്‌ ‘എല്ലാ ജനതക​ളോ​ടും ഗോ​ത്ര​ക്കാ​രോ​ടും ഭാഷക്കാ​രോ​ടും വംശങ്ങ​ളോ​ടും’ ഒരു ദൂതൻ സംസാ​രി​ക്കു​ന്നുണ്ട്‌. എന്താണ്‌ ആ ദൂതൻ പറയു​ന്നത്‌? “ദൈവത്തെ ഭയപ്പെ​ടുക. ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കുക. ആകാശ​വും ഭൂമി​യും . . . ഉണ്ടാക്കിയ ദൈവത്തെ ആരാധി​ക്കുക.” (വെളി. 14:6, 7) യഹോ​വ​യാണ്‌ എല്ലാവ​രും ആരാധി​ക്കേണ്ട ഒരേ ഒരു സത്യ​ദൈവം. മഹത്തായ ആത്മീയാ​ല​യ​ത്തിൽ യഹോ​വയെ ആരാധി​ക്കാ​നുള്ള വില​യേ​റിയ അവസരം കിട്ടി​യി​രി​ക്കു​ന്ന​തിൽ നമുക്ക്‌ എത്ര നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം!

2. എന്താണ്‌ യഹോ​വ​യു​ടെ ആത്മീയാ​ലയം? (“ അത്‌ എന്തല്ല?” എന്ന ചതുര​വും കാണുക.)

2 ശരിക്കും എന്താണ്‌ ഈ ആത്മീയാ​ലയം? അതെക്കു​റി​ച്ചുള്ള വിവരങ്ങൾ നമുക്ക്‌ എവി​ടെ​നിന്ന്‌ മനസ്സി​ലാ​ക്കാം? ഈ ആത്മീയാ​ലയം ശരിക്കുള്ള ഒരു കെട്ടി​ടമല്ല. യേശു​ക്രി​സ്‌തു​വി​ന്റെ ബലിമ​ര​ണ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ശരിയായ വിധത്തിൽ ആരാധന നടത്താ​നുള്ള യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​മാണ്‌ അത്‌. ഒന്നാം നൂറ്റാ​ണ്ടിൽ യഹൂദ്യ​യിൽ താമസി​ച്ചി​രുന്ന എബ്രായ ക്രിസ്‌ത്യാ​നി​കൾക്ക്‌ എഴുതിയ കത്തിൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഈ ക്രമീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ വിശദീ​ക​രി​ച്ചി​ട്ടുണ്ട്‌. b

3-4. (എ) യഹൂദ്യ​യി​ലെ എബ്രാ​യ​ക്രി​സ്‌ത്യാ​നി​ക​ളെ​ക്കു​റിച്ച്‌ പൗലോ​സിന്‌ എന്ത്‌ ഉത്‌ക​ണ്‌ഠ​യു​ണ്ടാ​യി​രു​ന്നു? (ബി) അദ്ദേഹം എങ്ങനെ​യാണ്‌ അവരെ സഹായി​ച്ചത്‌?

3 യഹൂദ്യ​യിൽ താമസി​ക്കുന്ന എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്കു പൗലോസ്‌ ഇങ്ങനെ​യൊ​രു കത്ത്‌ എഴുതി​യത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം? പ്രധാ​ന​മാ​യും അതിനു രണ്ടു കാരണ​ങ്ങ​ളെ​ങ്കി​ലു​മുണ്ട്‌. ഒന്ന്‌, അവർക്കു പ്രോ​ത്സാ​ഹനം ആവശ്യ​മാ​യി​രു​ന്നു. ജൂതമ​ത​ത്തിൽനി​ന്നു​ള്ള​വ​രാ​യി​രു​ന്നു അവരിൽ മിക്കവ​രും. ക്രിസ്‌ത്യാ​നി​ക​ളാ​യ​തി​ന്റെ പേരിൽ അവരുടെ മുമ്പത്തെ മതനേ​താ​ക്കൾ അവരെ കളിയാ​ക്കി​യി​ട്ടു​ണ്ടാ​കാം. കാരണം, ക്രിസ്‌ത്യാ​നി​കൾക്ക്‌ ആരാധ​ന​യ്‌ക്കാ​യി ഒരു ദേവാ​ല​യ​മോ ദൈവ​ത്തി​നു ബലികൾ അർപ്പി​ക്കാൻ ഒരു യാഗപീ​ഠ​മോ ശുശ്രൂഷ ചെയ്യാൻ പുരോ​ഹി​ത​ന്മാ​രോ ഒന്നുമു​ണ്ടാ​യി​രു​ന്നില്ല. മറ്റുള്ള​വ​രു​ടെ പരിഹാ​സം ഒക്കെ കേട്ട്‌ അവരിൽ പലരും നിരാ​ശ​പ്പെ​ടു​ക​യും ചിലരു​ടെ​യെ​ങ്കി​ലും വിശ്വാ​സം തണുത്തു​പോ​കു​ക​യും ചെയ്‌തി​രി​ക്കാം. (എബ്രാ. 2:1; 3:12, 14) തിരിച്ച്‌ ജൂതമ​ത​ത്തി​ലേക്കു പോയാ​ലോ എന്നു​പോ​ലും ചിലർ ചിന്തി​ച്ചി​ട്ടു​ണ്ടാ​കാം.

4 രണ്ട്‌, ദൈവ​വ​ച​ന​ത്തിൽ കാണുന്ന “കട്ടിയായ ആഹാരം” അതായത്‌, ആഴമേ​റിയ പുതിയ തിരു​വെ​ഴു​ത്തു​പ​ദേ​ശങ്ങൾ മനസ്സി​ലാ​ക്കാൻ ആ എബ്രായ ക്രിസ്‌ത്യാ​നി​കൾ ശ്രമി​ക്കു​ന്നി​ല്ലാ​യി​രു​ന്നു. (എബ്രാ. 5:11-14) തെളി​വ​നു​സ​രിച്ച്‌ അവരിൽ ചിലർ അപ്പോ​ഴും മോശ​യു​ടെ നിയമം പിൻപ​റ്റു​ന്നു​ണ്ടാ​യി​രു​ന്നു. എന്നാൽ ആ നിയമം ആവശ്യ​പ്പെ​ടുന്ന ബലിക​ളൊ​ന്നും അവരുടെ പാപം പൂർണ​മാ​യി ഇല്ലാതാ​ക്കി​ല്ലെന്നു പൗലോസ്‌ വിശദീ​ക​രി​ച്ചു. അതു​കൊ​ണ്ടാ​ണു ദൈവം ആ നിയമം “നീക്കി​ക്ക​ള​ഞ്ഞത്‌.” ഇതെല്ലാം പറഞ്ഞ​ശേഷം പൗലോസ്‌ ആഴമേ​റിയ ചില ഉപദേ​ശങ്ങൾ അവരെ പഠിപ്പി​ച്ചു. യേശു​വി​ന്റെ ബലിയു​ടെ അടിസ്ഥാ​ന​ത്തി​ലുള്ള ‘കൂടുതൽ നല്ലൊരു പ്രത്യാ​ശ​യെ​ക്കു​റിച്ച്‌’ പൗലോസ്‌ സഹവി​ശ്വാ​സി​കളെ ഓർമി​പ്പി​ച്ചു. ‘ദൈവ​ത്തോ​ടു ശരിക്കും അടുക്കാൻ’ അത്‌ അവരെ സഹായി​ക്കു​മാ​യി​രു​ന്നു.—എബ്രാ. 7:18, 19.

5. എബ്രായർ എന്ന ബൈബിൾപു​സ്‌ത​ക​ത്തിൽനിന്ന്‌ നമ്മൾ എന്തു മനസ്സി​ലാ​ക്കണം, എന്തു​കൊണ്ട്‌?

5 മുമ്പത്തെ ആരാധ​ന​യെ​ക്കാൾ ക്രിസ്‌ത്യാ​നി​ക​ളാ​യ​തി​നു ശേഷമുള്ള അവരുടെ ആരാധന കൂടുതൽ ശ്രേഷ്‌ഠ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു പൗലോസ്‌ ആ എബ്രായ സഹോ​ദ​ര​ങ്ങ​ളോ​ടു വിശദീ​ക​രി​ച്ചു. ജൂതമ​ത​ത്തി​ലെ ആരാധ​നാ​രീ​തി ‘വരാനി​രി​ക്കു​ന്ന​വ​യു​ടെ വെറു​മൊ​രു നിഴലാ​യി​രു​ന്നു. പക്ഷേ യാഥാർഥ്യം ക്രിസ്‌തു​വാണ്‌.’ (കൊലോ. 2:17) നിഴൽ എന്നു പറയു​ന്നത്‌ ഒരു വസ്‌തു​വി​ന്റെ ഏകദേ​ശ​രൂ​പം മാത്ര​മാണ്‌, ആ വസ്‌തു​വല്ല. അതു​പോ​ലെ ജൂതന്മാ​രു​ടെ ആരാധ​നാ​രീ​തി​യും വരാനി​രുന്ന യാഥാർഥ്യ​ത്തി​ന്റെ അതായത്‌ ആത്മീയാ​ല​യ​ത്തി​ന്റെ വെറു​മൊ​രു നിഴലാ​യി​രു​ന്നു. യഹോവ ഏർപ്പെ​ടു​ത്തി​യി​രി​ക്കുന്ന ഈ ആത്മീയാ​ലയ ക്രമീ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണു നമ്മുടെ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടു​ന്ന​തും ശരിയായ രീതി​യിൽ ദൈവത്തെ ആരാധി​ക്കാൻ കഴിയു​ന്ന​തും. അതു​കൊണ്ട്‌ ആ “യാഥാർഥ്യം” എന്താ​ണെന്നു നമ്മൾ മനസ്സി​ലാ​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. നമുക്ക്‌ ഇപ്പോൾ എബ്രായർ എന്ന ബൈബിൾപു​സ്‌ത​ക​ത്തിൽ വിശദീ​ക​രി​ച്ചി​രി​ക്കുന്ന ആ ‘നിഴലി​നെ​യും’ (ജൂതന്മാ​രു​ടെ ആരാധ​നാ​രീ​തി) ‘യാഥാർഥ്യ​ത്തെ​യും’ (ക്രിസ്‌ത്യാ​നി​ക​ളു​ടെ ആരാധ​നാ​രീ​തി) ഒന്നു താരത​മ്യം ചെയ്‌ത്‌ പഠിക്കാം. അതിലൂ​ടെ ആത്മീയാ​ലയം എന്താ​ണെ​ന്നും അതിൽ നമ്മൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നും കൂടുതൽ നന്നായി മനസ്സി​ലാ​ക്കാ​നാ​കും.

വിശു​ദ്ധ​കൂ​ടാ​രം

6. വിശു​ദ്ധ​കൂ​ടാ​രം എന്തിനു​വേ​ണ്ടി​യാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌?

6 നിഴൽ. ബി.സി. 1512-ൽ മോശ ഉണ്ടാക്കിയ വിശു​ദ്ധ​കൂ​ടാ​രത്തെ അടിസ്ഥാ​ന​മാ​ക്കി​യാ​ണു പൗലോസ്‌ കാര്യങ്ങൾ വിശദീ​ക​രി​ച്ചത്‌. (“നിഴൽ—യാഥാർഥ്യം” എന്ന ചാർട്ട്‌ കാണുക.) ഇസ്രാ​യേ​ല്യർ ഒരു സ്ഥലത്തു​നിന്ന്‌ മറ്റൊരു സ്ഥലത്തേക്കു മാറി​ക്കൊ​ണ്ടി​രുന്ന സമയ​ത്തെ​ല്ലാം അവർ ഈ വിശു​ദ്ധ​കൂ​ടാ​രം കൂടെ കൊണ്ടു​പോ​കു​മാ​യി​രു​ന്നു. യരുശ​ലേ​മിൽ ആരാധ​ന​യ്‌ക്കു​വേണ്ടി സ്ഥിരമായ ഒരു ആലയം പണിയു​ന്ന​തു​വരെ ഏകദേശം 500 വർഷം അവർ അത്‌ ഉപയോ​ഗി​ച്ചു. (പുറ. 25:8, 9; സംഖ്യ 9:22) ഇസ്രാ​യേ​ല്യർക്ക്‌ യഹോ​വയെ സമീപി​ക്കാ​നും ബലിക​ളും ആരാധ​ന​യും അർപ്പി​ക്കാ​നും ഉള്ള ഒരു കേന്ദ്ര​മാ​യി​രു​ന്നു ആ ‘സാന്നി​ധ്യ​കൂ​ടാ​രം’ അഥവാ വിശു​ദ്ധ​കൂ​ടാ​രം. (പുറ. 29:43-46) എന്നാൽ ക്രിസ്‌ത്യാ​നി​കൾക്കു​വേണ്ടി വരാനി​രുന്ന അതിലും ശ്രേഷ്‌ഠ​മായ ഒന്നി​നെ​യും ഈ വിശു​ദ്ധ​കൂ​ടാ​രം അർഥമാ​ക്കി.

7. ആത്മീയാ​ലയം ഒരു യാഥാർഥ്യ​മാ​യി​ത്തീർന്നത്‌ എപ്പോൾ?

7 യാഥാർഥ്യം. മുമ്പു​ണ്ടാ​യി​രുന്ന വിശു​ദ്ധ​കൂ​ടാ​രം ‘സ്വർഗീ​യ​കാ​ര്യ​ങ്ങ​ളു​ടെ ഒരു നിഴലാ​യി​രു​ന്നു.’ യഹോ​വ​യു​ടെ മഹത്തായ ആത്മീയാ​ല​യ​ത്തെ​യാണ്‌ അത്‌ അർഥമാ​ക്കി​യത്‌. “ആ കൂടാരം ഇക്കാല​ത്തേ​ക്കുള്ള ഒരു പ്രതീ​ക​മാണ്‌” എന്നു പൗലോസ്‌ പറഞ്ഞു. (എബ്രാ. 8:5; 9:9) അതിൽനിന്ന്‌, അദ്ദേഹം എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ അത്‌ എഴുതിയ സമയമാ​യ​പ്പോ​ഴേ​ക്കും ആ ആത്മീയാ​ലയം നിലവിൽ വന്നിരു​ന്നു എന്നു മനസ്സി​ലാ​ക്കാം. എ.ഡി. 29-ൽ യേശു സ്‌നാ​ന​മേൽക്കു​ക​യും പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ടു​ക​യും ചെയ്‌ത​പ്പോ​ഴാണ്‌ ആ ആത്മീയാ​ലയം നിലവിൽ വന്നത്‌. അന്നുമു​തൽ യേശു ശ്രേഷ്‌ഠ​നായ ഒരു ‘മഹാപു​രോ​ഹി​ത​നാ​യി’ ആത്മീയാ​ല​യ​ത്തിൽ സേവി​ക്കാ​നും തുടങ്ങി. cഎബ്രാ. 4:14; പ്രവൃ. 10:37, 38.

മഹാപു​രോ​ഹി​തൻ

8-9. എബ്രായർ 7:23-27 പറയു​ന്ന​തു​പോ​ലെ ഇസ്രാ​യേ​ലി​ലെ മഹാപു​രോ​ഹി​ത​ന്മാ​രും ശ്രേഷ്‌ഠ മഹാപു​രോ​ഹി​ത​നായ യേശു​ക്രി​സ്‌തു​വും തമ്മിലുള്ള പ്രധാ​ന​പ്പെട്ട വ്യത്യാ​സം എന്താണ്‌?

8 നിഴൽ. ജനങ്ങൾക്കു​വേണ്ടി ദൈവത്തെ സമീപി​ക്കാൻ അധികാ​ര​മു​ണ്ടാ​യി​രു​ന്നതു മഹാപു​രോ​ഹി​ത​നാ​യി​രു​ന്നു. വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ സമർപ്പ​ണ​സ​മ​യത്ത്‌ യഹോ​വ​യാണ്‌ ഇസ്രാ​യേൽ ജനത്തിന്റെ ആദ്യ മഹാപു​രോ​ഹി​ത​നാ​യി അഹരോ​നെ നിയമി​ച്ചത്‌. എന്നാൽ ‘എന്നും പുരോ​ഹി​ത​നാ​യി​രി​ക്കാൻ മരണം ആരെയും അനുവ​ദി​ക്കാ​ഞ്ഞ​തു​കൊണ്ട്‌ പലരും ഒന്നിനു പുറകേ ഒന്നായി ആ സ്ഥാനത്ത്‌ വരേണ്ടി​വന്നു’ എന്നു പൗലോസ്‌ വിശദീ​ക​രി​ച്ചു. d (എബ്രായർ 7:23-27 വായി​ക്കുക.) മാത്രമല്ല, അപൂർണ മനുഷ്യ​രാ​യി​രു​ന്ന​തു​കൊണ്ട്‌ ആ മഹാപു​രോ​ഹി​ത​ന്മാർക്കു സ്വന്തം പാപങ്ങൾക്കു​വേ​ണ്ടി​യും യാഗങ്ങൾ അർപ്പി​ക്കേ​ണ്ടി​വന്നു. എന്നാൽ ഈ കാര്യ​ങ്ങ​ളിൽ ഇസ്രാ​യേ​ലി​ലെ മഹാപു​രോ​ഹി​ത​ന്മാ​രും ശ്രേഷ്‌ഠ​നായ മഹാപു​രോ​ഹി​ത​നായ യേശു​ക്രി​സ്‌തു​വും തമ്മിൽ വലിയ വ്യത്യാ​സ​മുണ്ട്‌.

9 യാഥാർഥ്യം. യേശു​ക്രി​സ്‌തു ‘സത്യകൂ​ടാ​ര​ത്തിൽ ശുശ്രൂഷ ചെയ്യുന്ന ഒരു മഹാപു​രോ​ഹി​ത​നാണ്‌. ആ കൂടാരം നിർമി​ച്ചതു മനുഷ്യ​നല്ല, യഹോ​വ​യാണ്‌.’ (എബ്രാ. 8:1, 2) “യേശു എന്നും ജീവി​ക്കു​ന്ന​തു​കൊണ്ട്‌ യേശു​വി​ന്റെ പൗരോ​ഹി​ത്യ​ത്തി​നു പിന്തു​ടർച്ച​ക്കാ​രില്ല” എന്നു പൗലോസ്‌ വിശദീ​ക​രി​ച്ചു. യേശു ‘നിർമ​ല​നും പാപി​ക​ളിൽനിന്ന്‌ വ്യത്യ​സ്‌ത​നും’ ആണെന്നും ഇസ്രാ​യേ​ലി​ലെ മഹാപു​രോ​ഹി​ത​ന്മാ​രെ​പ്പോ​ലെ യേശു​വി​നു സ്വന്തം പാപങ്ങൾക്കു​വേണ്ടി ‘ദിവസ​വും ബലി അർപ്പി​ക്കേണ്ട ആവശ്യ​മില്ല’ എന്നും പൗലോസ്‌ കൂട്ടി​ച്ചേർത്തു. ഇനി, ഇസ്രാ​യേ​ലി​ലെ യാഗപീ​ഠ​വും ബലിയും ആത്മീയാ​ല​യ​ത്തി​ലെ യാഗപീ​ഠ​വും ബലിയും തമ്മിലുള്ള വ്യത്യാ​സം നോക്കാം.

യാഗപീ​ഠ​ങ്ങ​ളും ബലിക​ളും

10. ചെമ്പു​കൊ​ണ്ടുള്ള യാഗപീ​ഠ​ത്തിൽ അർപ്പി​ച്ചി​രുന്ന ബലികൾ എന്തിന്റെ നിഴലാ​യി​രു​ന്നു?

10 നിഴൽ. യഹോ​വ​യ്‌ക്കു​വേണ്ടി മൃഗങ്ങളെ ബലി അർപ്പി​ക്കാ​നുള്ള ചെമ്പു​കൊ​ണ്ടുള്ള ഒരു യാഗപീ​ഠം വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ, വെളി​യി​ലു​ണ്ടാ​യി​രു​ന്നു. (പുറ. 27:1, 2; 40:29) എന്നാൽ മനുഷ്യ​രു​ടെ പാപങ്ങൾ പൂർണ​മാ​യി ക്ഷമിച്ചു​കി​ട്ടാൻ ആ ബലികൾ പോരാ​യി​രു​ന്നു. (എബ്രാ. 10:1-4) വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ വീണ്ടും​വീ​ണ്ടും അർപ്പി​ച്ചി​രുന്ന ആ മൃഗബ​ലി​കൾ, മനുഷ്യ​ന്റെ പാപങ്ങൾ പൂർണ​മാ​യി മോചി​പ്പി​ക്കു​മാ​യി​രുന്ന ഒരു ബലിയു​ടെ നിഴൽ മാത്ര​മാ​യി​രു​ന്നു.

11. യേശു തന്നെത്തന്നെ അർപ്പി​ച്ചത്‌ ഏതു യാഗപീ​ഠ​ത്തി​ലാണ്‌? (എബ്രായർ 10:5-7, 10)

11 യാഥാർഥ്യം. മുഴു മനുഷ്യ​കു​ടും​ബ​ത്തി​നും​വേണ്ടി തന്റെ മനുഷ്യ​ജീ​വൻ ഒരു ബലിയാ​യി അർപ്പി​ക്കാ​നാ​ണു തന്നെ യഹോവ ഭൂമി​യി​ലേക്ക്‌ അയച്ച​തെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (മത്താ. 20:28) അതു​കൊണ്ട്‌ സ്‌നാ​ന​സ​മ​യത്ത്‌ യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തി​നു​വേണ്ടി യേശു തന്നെത്തന്നെ വിട്ടു​കൊ​ടു​ത്തു. (യോഹ. 6:38; ഗലാ. 1:4) യേശു തന്നെത്തന്നെ അർപ്പി​ച്ചതു മനുഷ്യൻ നിർമിച്ച ഒരു യാഗപീ​ഠ​ത്തി​ലല്ല, മറിച്ച്‌ യഹോ​വ​യു​ടെ ‘ഇഷ്ടമാ​കുന്ന’ ഒരു ആലങ്കാ​രിക യാഗപീ​ഠ​ത്തി​ലാണ്‌. യേശു തന്റെ പൂർണ​ത​യുള്ള മനുഷ്യ​ജീ​വൻ ബലിയാ​യി അർപ്പി​ക്കുക എന്നതാ​യി​രു​ന്നു യഹോ​വ​യു​ടെ ആ “ഇഷ്ടം.” അങ്ങനെ ക്രിസ്‌തു​വിൽ വിശ്വ​സി​ക്കുന്ന എല്ലാവ​രു​ടെ​യും പാപങ്ങൾ പൂർണ​മാ​യി മോചി​ച്ചു​കി​ട്ടാൻ യേശു എല്ലാ കാല​ത്തേ​ക്കും​വേണ്ടി “ഒരിക്ക​ലാ​യിട്ട്‌” തന്റെ ജീവൻ ബലിയർപ്പി​ച്ചു. (എബ്രായർ 10:5-7, 10 വായി​ക്കുക.) അടുത്ത​താ​യി വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ ഉള്ളിലുള്ള ചില കാര്യ​ങ്ങ​ളു​ടെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ നോക്കാം.

വിശു​ദ്ധ​സ്ഥലം, അതിവി​ശു​ദ്ധം

12. വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ ഓരോ ഭാഗത്തും ആർക്കൊ​ക്കെ പ്രവേ​ശി​ക്കാ​നാ​കു​മാ​യി​രു​ന്നു?

12 നിഴൽ. വിശു​ദ്ധ​കൂ​ടാ​ര​ത്തി​നും യരുശ​ലേ​മിൽ പിന്നീട്‌ പണിത ആലയങ്ങൾക്കും ഒരുപാ​ടു സമാന​ത​ക​ളു​ണ്ടാ​യി​രു​ന്നു. അവയുടെ ഉള്ളിൽ രണ്ടു ഭാഗങ്ങ​ളു​ണ്ടാ​യി​രു​ന്നു: ‘വിശു​ദ്ധ​സ്ഥ​ല​വും അതിവി​ശു​ദ്ധ​വും.’ അവ തമ്മിൽ ചിത്ര​പ്പ​ണി​ക​ളുള്ള തിരശ്ശീ​ല​കൊണ്ട്‌ വേർതി​രി​ച്ചി​രു​ന്നു. (എബ്രാ. 9:2-5; പുറ. 26:31-33) വിശു​ദ്ധ​സ്ഥ​ലത്ത്‌ സ്വർണം​കൊ​ണ്ടുള്ള ഒരു തണ്ടുവി​ള​ക്കും സുഗന്ധ​ക്കൂട്ട്‌ കത്തിക്കാ​നുള്ള ഒരു യാഗപീ​ഠ​വും കാഴ്‌ച​യപ്പം വെക്കാ​നുള്ള ഒരു മേശയും ഉണ്ടായി​രു​ന്നു. ‘അഭിഷി​ക്ത​പു​രോ​ഹി​ത​ന്മാർക്കു’ മാത്രമേ വിശു​ദ്ധ​സ്ഥ​ലത്ത്‌ പുരോ​ഹി​ത​കർമങ്ങൾ നിർവ​ഹി​ക്കാൻ അനുവാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. (സംഖ്യ 3:3, 7, 10) അതിവി​ശു​ദ്ധ​സ്ഥ​ലത്ത്‌ യഹോ​വ​യു​ടെ സാന്നി​ധ്യ​ത്തെ സൂചി​പ്പി​ക്കുന്ന സ്വർണം പൊതിഞ്ഞ ഉടമ്പടി​പ്പെ​ട്ട​ക​മു​ണ്ടാ​യി​രു​ന്നു. (പുറ. 25:21, 22) തിരശ്ശീ​ല​യ്‌ക്ക്‌ അപ്പുറ​ത്തുള്ള അതിവി​ശു​ദ്ധ​ത്തിൽ പ്രവേ​ശി​ക്കാൻ മഹാപു​രോ​ഹി​തനു മാത്രമേ അനുവാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. അദ്ദേഹം വർഷത്തി​ലൊ​രി​ക്കൽ പാപപ​രി​ഹാ​ര​ദി​വ​സ​മാണ്‌ അതിൽ പ്രവേ​ശി​ച്ചി​രു​ന്നത്‌. (ലേവ്യ 16:2, 17) ഓരോ വർഷവും അദ്ദേഹം തന്റെത​ന്നെ​യും മുഴു​ജ​ന​ത​യു​ടെ​യും പാപപ​രി​ഹാ​ര​ത്തി​നാ​യി മൃഗങ്ങ​ളു​ടെ രക്തവും​കൊണ്ട്‌ അവിടെ പ്രവേ​ശി​ക്കു​മാ​യി​രു​ന്നു. പിന്നീട്‌ യഹോവ ഇവയു​ടെ​യെ​ല്ലാം ശരിക്കുള്ള അർഥം എന്താ​ണെന്നു പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ നമുക്കു വെളി​പ്പെ​ടു​ത്തി​ത്തന്നു.—എബ്രാ. 9:6-8. e

13. വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലെ വിശു​ദ്ധ​സ്ഥ​ല​വും അതിവി​ശു​ദ്ധ​വും എന്തി​നെ​യാണ്‌ അർഥമാ​ക്കു​ന്നത്‌?

13 യാഥാർഥ്യം. ക്രിസ്‌തു​വി​ന്റെ ശിഷ്യ​ന്മാ​രിൽ കുറച്ച്‌ പേർ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ടു​ക​യും അവർ യഹോ​വ​യു​മാ​യുള്ള ഒരു പ്രത്യേ​ക​ബ​ന്ധ​ത്തി​ലേക്കു വരുക​യും ചെയ്‌തി​രി​ക്കു​ന്നു. ആ 1,44,000 പേർ യേശു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ പുരോ​ഹി​ത​ന്മാ​രാ​യി സേവി​ക്കാ​നു​ള്ള​വ​രാണ്‌. (വെളി. 1:6; 14:1) അവർ ഭൂമി​യിൽ ആയിരി​ക്കു​മ്പോൾത്തന്നെ ദൈവം അവരെ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്‌ത്‌ തന്റെ സ്വന്തം പുത്ര​ന്മാ​രാ​യി ദത്തെടു​ക്കു​ന്നു. യഹോ​വ​യു​മാ​യി അവർക്കുള്ള ഈ പ്രത്യേ​ക​ബ​ന്ധ​ത്തെ​യാ​ണു വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലെ വിശു​ദ്ധ​സ്ഥലം സൂചി​പ്പി​ക്കു​ന്നത്‌. (റോമ. 8:15-17) ഇനി, വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലെ അതിവി​ശു​ദ്ധം സൂചി​പ്പി​ക്കു​ന്നത്‌ യഹോ​വ​യു​ടെ വാസസ്ഥ​ല​മായ സ്വർഗ​ത്തെ​യാണ്‌. വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലെ ഈ രണ്ടു ഭാഗങ്ങളെ വേർതി​രി​ക്കുന്ന “തിരശ്ശീല” അർഥമാ​ക്കു​ന്നത്‌ യേശു​വി​ന്റെ മനുഷ്യ​ശ​രീ​ര​ത്തെ​യാണ്‌. മനുഷ്യ​ശ​രീ​ര​ത്തിൽ ആയിരി​ക്കു​ന്നി​ട​ത്തോ​ളം കാലം യേശു​വിന്‌ ആത്മീയാ​ല​യ​ത്തി​ന്റെ ശ്രേഷ്‌ഠ​നായ മഹാപു​രോ​ഹി​തൻ എന്ന നിലയിൽ സ്വർഗ​ത്തി​ലേക്കു പ്രവേ​ശി​ക്കാ​നാ​കു​മാ​യി​രു​ന്നില്ല. മുഴു മനുഷ്യ​കു​ടും​ബ​ത്തി​നും​വേണ്ടി യേശു തന്റെ ശരീരം ഒരു ബലിയാ​യി അർപ്പി​ച്ച​തി​ലൂ​ടെ എല്ലാ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്കും സ്വർഗീ​യ​ജീ​വൻ നേടാ​നുള്ള വഴി തുറന്നു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്വർഗീ​യ​ജീ​വൻ കിട്ടാൻ അവരും തങ്ങളുടെ മനുഷ്യ​ശ​രീ​രം ഉപേക്ഷി​ക്കേ​ണ്ട​തുണ്ട്‌. (എബ്രാ. 10:19, 20; 1 കൊരി. 15:50) യേശു പുനരു​ത്ഥാ​ന​പ്പെ​ട്ട​ശേഷം ആത്മീയാ​ല​യ​ത്തി​ലെ അതിവി​ശു​ദ്ധ​ത്തി​ലേക്കു പ്രവേ​ശി​ച്ചു. ഒടുവിൽ എല്ലാ അഭിഷി​ക്ത​രും അവിടെ യേശു​വി​നോ​ടൊ​പ്പം ചേരും.

14. എബ്രായർ 9:12, 24-26 പറയു​ന്ന​ത​നു​സ​രിച്ച്‌ യഹോ​വ​യു​ടെ ആത്മീയാ​ലയ ക്രമീ​ക​രണം ഏറ്റവും ശ്രേഷ്‌ഠ​മാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

14 യേശു​ക്രി​സ്‌തു​വി​ന്റെ ബലിമ​ര​ണ​ത്തി​ന്റെ​യും പൗരോ​ഹി​ത്യ​ത്തി​ന്റെ​യും അടിസ്ഥാ​ന​ത്തിൽ ശുദ്ധാ​രാ​ധ​ന​യ്‌ക്കു​വേണ്ടി യഹോവ ചെയ്‌തി​രി​ക്കുന്ന ക്രമീ​ക​രണം ശരിക്കും ശ്രേഷ്‌ഠ​മാണ്‌! ഇസ്രാ​യേല്യ മഹാപു​രോ​ഹി​തൻ മനുഷ്യ​നിർമി​ത​മായ കൂടാ​ര​ത്തി​ന്റെ അതിവി​ശു​ദ്ധ​ത്തി​ലേ​ക്കാ​ണു പ്രവേ​ശി​ച്ചത്‌. അദ്ദേഹം മൃഗബ​ലി​യു​ടെ രക്തവു​മാ​യാണ്‌ അതിവി​ശു​ദ്ധ​ത്തി​ലേക്കു കടന്നി​രു​ന്നത്‌. എന്നാൽ യേശു ഏറ്റവും അതിവി​ശു​ദ്ധ​സ്ഥ​ല​മായ “സ്വർഗ​ത്തി​ലേ​ക്കു​ത​ന്നെ​യാ​ണു” പ്രവേ​ശി​ച്ചത്‌, യഹോ​വ​യു​ടെ സന്നിധി​യി​ലേക്ക്‌. “സ്വയം ഒരു ബലിയാ​യി അർപ്പി​ച്ചു​കൊണ്ട്‌ പാപത്തെ ഇല്ലാതാ​ക്കാൻ” യേശു തന്റെ പൂർണ​ത​യുള്ള മനുഷ്യ​ജീ​വന്റെ മൂല്യ​മാ​ണു ദൈവ​മു​മ്പാ​കെ സമർപ്പി​ച്ചത്‌. (എബ്രായർ 9:12, 24-26 വായി​ക്കുക.) യേശു​വി​ന്റെ ബലിയി​ലൂ​ടെ മാത്ര​മാ​ണു നമ്മുടെ പാപങ്ങൾ എന്നെ​ന്നേ​ക്കു​മാ​യി തുടച്ചു​നീ​ക്കാ​നാ​കു​ന്നത്‌. ഇനി നമ്മൾ പഠിക്കാൻ പോകു​ന്നതു നമ്മുടെ പ്രത്യാശ സ്വർഗ​ത്തിൽ ജീവി​ക്കാ​നാ​ണെ​ങ്കി​ലും ഭൂമി​യിൽ ജീവി​ക്കാ​നാ​ണെ​ങ്കി​ലും എല്ലാവർക്കും യഹോ​വയെ ആത്മീയാ​ല​യ​ത്തിൽ ആരാധി​ക്കാ​നാ​കും എന്നതി​നെ​ക്കു​റി​ച്ചാണ്‌.

മുറ്റങ്ങൾ

15. വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ മുറ്റത്ത്‌ ശുശ്രൂഷ ചെയ്‌തി​രു​ന്നത്‌ ആരാണ്‌?

15 നിഴൽ. വിശു​ദ്ധ​കൂ​ടാ​ര​ത്തിന്‌ ഒരു മുറ്റമു​ണ്ടാ​യി​രു​ന്നു. ചുറ്റും വേലി​കെട്ടി തിരിച്ച, വിശാ​ല​മായ ഒരു സ്ഥലമാ​യി​രു​ന്നു അത്‌. അവി​ടെ​യാ​ണു പുരോ​ഹി​ത​ന്മാർ തങ്ങളുടെ ജോലി​കൾ ചെയ്‌തി​രു​ന്നത്‌. ദഹനയാ​ഗം അർപ്പി​ച്ചി​രുന്ന ചെമ്പു​കൊ​ണ്ടുള്ള ഒരു യാഗപീ​ഠം അവി​ടെ​യു​ണ്ടാ​യി​രു​ന്നു. കൂടാതെ, ശുശ്രൂഷ ചെയ്യു​ന്ന​തി​നു മുമ്പ്‌ പുരോ​ഹി​ത​ന്മാർക്കു കൈകാ​ലു​കൾ കഴുകാ​നുള്ള വെള്ളം വെച്ചി​രുന്ന ചെമ്പു​പാ​ത്ര​വും അതിന്‌ അടുത്തു​ണ്ടാ​യി​രു​ന്നു. (പുറ. 30:17-20; 40:6-8) പിന്നീടു പണിത ദേവാ​ല​യ​ങ്ങ​ളിൽ പുറത്തെ മുറ്റവു​മു​ണ്ടാ​യി​രു​ന്നു. പുരോ​ഹി​ത​ന്മാ​ര​ല്ലാ​ത്ത​വർക്കും അവിടെ വരാനും ദൈവത്തെ ആരാധി​ക്കാ​നും കഴിയു​മാ​യി​രു​ന്നു.

16. ആത്മീയാ​ല​യ​ത്തി​ന്റെ മുറ്റങ്ങ​ളിൽ ഇന്ന്‌ യഹോ​വയെ സേവി​ക്കു​ന്നത്‌ ആരൊ​ക്കെ​യാണ്‌?

16 യാഥാർഥ്യം. യേശു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ പുരോ​ഹി​ത​ന്മാ​രാ​യി സേവി​ക്കാൻ പോകു​ന്ന​തി​നു മുമ്പ്‌ അഭിഷി​ക്ത​രിൽ ബാക്കി​യു​ള്ളവർ ഭൂമി​യിൽ ആത്മീയാ​ല​യ​ത്തി​ന്റെ അകത്തെ മുറ്റത്ത്‌ യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്നു. വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലും ദേവാ​ല​യ​ങ്ങ​ളി​ലും ഉണ്ടായി​രുന്ന ആ വലിയ പാത്ര​ത്തി​ലെ വെള്ളം അവരെ​യും എല്ലാ ക്രിസ്‌ത്യാ​നി​ക​ളെ​യും ഒരു കാര്യം ഓർമി​പ്പി​ക്കു​ന്നു: ധാർമി​ക​മാ​യും ആത്മീയ​മാ​യും ശുദ്ധരാ​യി​രി​ക്കു​ന്നതു പ്രധാ​ന​മാ​ണെന്ന കാര്യം. അങ്ങനെ​യെ​ങ്കിൽ ക്രിസ്‌തു​വി​ന്റെ അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാ​രെ വിശ്വ​സ്‌ത​മാ​യി പിന്തു​ണ​യ്‌ക്കുന്ന “മഹാപു​രു​ഷാ​രം” എവി​ടെ​യാണ്‌ ആരാധന നടത്തു​ന്നത്‌? അവർ ‘സിംഹാ​സ​ന​ത്തി​നു മുന്നിൽ’ നിൽക്കു​ന്ന​തും “രാപ്പകൽ ദൈവ​ത്തി​ന്റെ ആലയത്തിൽ വിശു​ദ്ധ​സേ​വനം അനുഷ്‌ഠി​ക്കു​ന്ന​തും” അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ കണ്ടു. ഇന്നു മഹാപു​രു​ഷാ​രം അതു ചെയ്യു​ന്നത്‌ ഇവിടെ ഭൂമി​യിൽ ആത്മീയാ​ല​യ​ത്തി​ന്റെ പുറത്തെ മുറ്റത്താണ്‌. (വെളി. 7:9, 13-15) തന്റെ മഹത്തായ ആത്മീയാ​ല​യ​ത്തിൽ യഹോ​വയെ ആരാധി​ക്കാൻ വിലപ്പെട്ട ഒരു അവസരം തന്നതിൽ യഹോ​വ​യോ​ടു നമുക്ക്‌ എത്ര നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം!

യഹോ​വയെ ആരാധി​ക്കാ​നുള്ള മഹത്തായ അവസരം

17. യഹോ​വ​യ്‌ക്ക്‌ എന്തെല്ലാം ബലികൾ അർപ്പി​ക്കാ​നുള്ള അവസര​മാ​ണു നമുക്കു​ള്ളത്‌?

17 ഇന്ന്‌ എല്ലാ ക്രിസ്‌ത്യാ​നി​കൾക്കും തങ്ങളുടെ സമയവും ഊർജ​വും വസ്‌തു​വ​ക​ക​ളും ഉപയോ​ഗി​ച്ചു​കൊണ്ട്‌ യഹോ​വയെ ആരാധി​ക്കാ​നുള്ള അവസര​മുണ്ട്‌. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എബ്രാ​യ​ക്രി​സ്‌ത്യാ​നി​ക​ളോ​ടു പറഞ്ഞതു​പോ​ലെ “ദൈവ​നാ​മം പരസ്യ​മാ​യി പ്രഖ്യാ​പി​ച്ചു​കൊണ്ട്‌ അധരഫലം, അതായത്‌ സ്‌തു​തി​ക​ളാ​കുന്ന ബലി, യേശു​വി​ലൂ​ടെ നമുക്ക്‌ എപ്പോ​ഴും ദൈവ​ത്തിന്‌ അർപ്പി​ക്കാം.” (എബ്രാ. 13:15) ദൈവ​സേ​വ​ന​ത്തിൽ നമ്മുടെ പരമാ​വധി ചെയ്‌തു​കൊണ്ട്‌ യഹോ​വയെ ആരാധി​ക്കാൻ കിട്ടി​യി​രി​ക്കുന്ന അവസര​ത്തി​നു നന്ദിയു​ള്ള​വ​രാ​ണെന്നു നമുക്കു തെളി​യി​ക്കാം.

18. എബ്രായർ 10:22-25 പറയു​ന്ന​ത​നു​സ​രിച്ച്‌ ഏതൊക്കെ കാര്യങ്ങൾ നമ്മൾ എപ്പോ​ഴും ചെയ്യണം, ഏതു കാര്യങ്ങൾ ഒരിക്ക​ലും മറക്കരുത്‌?

18 എബ്രായർ 10:22-25 വായി​ക്കുക. എബ്രാ​യർക്ക്‌ എഴുതിയ കത്തിന്റെ അവസാ​ന​ഭാ​ഗത്ത്‌ പൗലോസ്‌, യഹോ​വയെ ആരാധി​ക്കു​ന്ന​തി​നോ​ടു ബന്ധപ്പെട്ട്‌ നമ്മൾ എപ്പോ​ഴും ചെയ്യേണ്ട ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ എഴുതി. ഈ കാര്യ​ങ്ങ​ളിൽ ഉൾപ്പെ​ടു​ന്ന​താണ്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്ന​തും നമ്മുടെ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയു​ന്ന​തും മീറ്റി​ങ്ങു​കൾക്കു കൂടി​വ​രു​ന്ന​തും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും ഒക്കെ. യഹോ​വ​യു​ടെ ദിവസം “അടുത്ത​ടുത്ത്‌ വരുന്നതു കാണു​മ്പോൾ നമ്മൾ ഇതു കൂടു​തൽക്കൂ​ടു​തൽ ചെയ്യേ​ണ്ട​താണ്‌.” വെളി​പാ​ടു പുസ്‌ത​ക​ത്തി​ന്റെ അവസാ​ന​ത്തിൽ യഹോ​വ​യു​ടെ ദൂതൻ ‘ദൈവത്തെ ആരാധി​ക്കുക!’ എന്നു രണ്ടു പ്രാവ​ശ്യം പറയു​ന്നതു കാണാം. യഹോ​വയെ ആരാധി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം എടുത്തു​കാ​ണി​ക്കാ​നാ​ണു ദൂതൻ അങ്ങനെ ചെയ്‌തത്‌. (വെളി. 19:10; 22:9) യഹോ​വ​യു​ടെ ആത്മീയാ​ല​യ​ത്തെ​ക്കു​റിച്ച്‌ എത്ര ആഴമേ​റിയ സത്യങ്ങ​ളാ​ണു നമ്മൾ മനസ്സി​ലാ​ക്കി​യ​തെ​ന്നും മഹാ​ദൈ​വ​മായ യഹോ​വയെ ആരാധി​ക്കാൻ എത്ര നല്ല അവസര​മാ​ണു നമുക്കു കിട്ടി​യി​രി​ക്കു​ന്ന​തെ​ന്നും ഒരിക്ക​ലും മറക്കാ​തി​രി​ക്കാം.

ഗീതം 88 അങ്ങയുടെ വഴികൾ അറിയി​ച്ചു തരേണമേ

a യഹോവയുടെ മഹത്തായ ആത്മീയാ​ല​യ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ ആഴത്തിൽ പഠിക്കേണ്ട ഒരു വിഷയ​മാണ്‌. ഏതാണ്‌ ആ ആലയം? എബ്രായർ എന്ന ബൈബിൾപു​സ്‌ത​ക​ത്തിൽ ഈ ആലയ​ത്തെ​ക്കു​റിച്ച്‌ പറയുന്ന ചില കാര്യങ്ങൾ ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യും. യഹോ​വയെ ആരാധി​ക്കാൻ നിങ്ങൾക്കു ലഭിച്ചി​രി​ക്കുന്ന അവസരത്തെ വില​യേ​റി​യ​താ​യി കാണാൻ ഈ പഠനം സഹായി​ക്കട്ടെ.

b എബ്രായർ എന്ന പുസ്‌ത​ക​ത്തിൽ എന്താണു​ള്ള​തെന്നു ചുരു​ക്ക​മാ​യി അറിയാൻ jw.org-ൽ എബ്രായർ—ആമുഖം എന്ന വീഡി​യോ കാണുക.

c ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ എബ്രായർ എന്ന പുസ്‌ത​ക​ത്തിൽ മാത്രമേ യേശു​വി​നെ​ക്കു​റിച്ച്‌ മഹാപു​രോ​ഹി​തൻ എന്നു പറഞ്ഞി​ട്ടു​ള്ളൂ.

d എ.ഡി. 70-ൽ യരുശ​ലേം നശിപ്പി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ​യുള്ള കാലത്ത്‌ ഇസ്രാ​യേ​ലിൽ 84 മഹാപു​രോ​ഹി​ത​ന്മാ​രെ​ങ്കി​ലും ഉണ്ടായി​രു​ന്ന​താ​യി ഒരു പുസ്‌തകം പറയുന്നു.

e പാപപരിഹാരദിവസം മഹാപു​രോ​ഹി​തൻ ചെയ്‌തി​രുന്ന കാര്യ​ങ്ങ​ളു​ടെ അർഥം മനസ്സി​ലാ​ക്കാൻ jw.org-ൽ വിശു​ദ്ധ​കൂ​ടാ​രം (ഇംഗ്ലീഷ്‌) എന്ന വീഡി​യോ കാണുക.