വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 1

ഗീതം 38 ദൈവം നിന്നെ ബലപ്പെ​ടു​ത്തും

യഹോ​വ​യിൽ ആശ്രയി​ച്ചു​കൊണ്ട്‌ പേടിയെ മറിക​ട​ക്കുക

യഹോ​വ​യിൽ ആശ്രയി​ച്ചു​കൊണ്ട്‌ പേടിയെ മറിക​ട​ക്കുക

2024-ലെ നമ്മുടെ വാർഷി​ക​വാ​ക്യം: “എനിക്കു പേടി തോന്നു​മ്പോൾ ഞാൻ അങ്ങയിൽ ആശ്രയി​ക്കു​ന്നു.”സങ്കീ. 56:3.

ഉദ്ദേശ്യം

പേടിയെ മറിക​ട​ക്കാ​നാ​യി യഹോ​വ​യി​ലുള്ള ആശ്രയം എങ്ങനെ ശക്തമാ​ക്കാ​നാ​കു​മെന്നു പഠിക്കും.

1. നമുക്ക്‌ ചില​പ്പോ​ഴൊ​ക്കെ പേടി തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

 നമു​ക്കെ​ല്ലാം ചില​പ്പോ​ഴെ​ങ്കി​ലും പേടി തോന്നാ​റുണ്ട്‌. ബൈബിൾ പഠിച്ച​തു​കൊണ്ട്‌, മരിച്ച​വ​രെ​ക്കു​റി​ച്ചോ അമാനു​ഷി​ക​ശ​ക്തി​ക​ളെ​ക്കു​റി​ച്ചോ ലോക​ത്തി​ന്റെ ഭാവി​യെ​ക്കു​റി​ച്ചോ ഒന്നും നമുക്ക്‌ പേടി​യില്ല എന്നതു ശരിയാണ്‌. പക്ഷേ രോഗങ്ങൾ, കുറ്റകൃ​ത്യം, യുദ്ധം എന്നിവ​പോ​ലുള്ള ‘പേടി​പ്പി​ക്കുന്ന കാഴ്‌ചകൾ’ ഇന്നു നമുക്കു ചുറ്റും ഉണ്ട്‌. (ലൂക്കോ. 21:11) ഇനി, മനുഷ്യ​രെ​യും നമുക്കു പേടി തോന്നാം. സത്യാ​രാ​ധ​നയെ എതിർക്കുന്ന കുടും​ബാം​ഗ​ങ്ങ​ളോ നമ്മളെ ഉപദ്ര​വി​ക്കുന്ന ഗവൺമെന്റ്‌ അധികാ​രി​ക​ളോ ഒക്കെ അതിൽപ്പെ​ടും. ഇപ്പോ​ഴു​ള്ള​തോ ഭാവി​യിൽ ഉണ്ടാ​യേ​ക്കാ​വു​ന്ന​തോ ആയ പരി​ശോ​ധ​ന​കളെ എങ്ങനെ നേരി​ടും എന്ന പേടി​യും ചിലർക്കുണ്ട്‌.

2. ഗത്തിൽ ആയിരു​ന്ന​പ്പോ​ഴത്തെ ദാവീ​ദി​ന്റെ സാഹച​ര്യം വിവരി​ക്കുക.

2 ദാവീ​ദി​നും പേടി തോന്നി​യി​ട്ടുണ്ട്‌. തന്നെ വേട്ടയാ​ടി​ക്കൊ​ണ്ടി​രുന്ന ശൗൽ രാജാ​വിൽനിന്ന്‌ രക്ഷപ്പെ​ടാൻ ദാവീ​ദിന്‌, ഒരിക്കൽ ഗത്ത്‌ എന്ന ഫെലി​സ്‌ത്യ​ന​ഗ​ര​ത്തി​ലേക്കു പോ​കേ​ണ്ടി​വന്നു. പക്ഷേ ഗത്തിലെ രാജാ​വായ ആഖീശ്‌ പെട്ടെ​ന്നു​തന്നെ ദാവീ​ദി​നെ തിരി​ച്ച​റി​ഞ്ഞു. ‘പതിനാ​യി​ര​ക്ക​ണ​ക്കി​നു’ ഫെലി​സ്‌ത്യ​രെ കൊന്നവൻ എന്ന്‌ ആളുകൾ പാടി​പ്പു​ക​ഴ്‌ത്തിയ വീര​യോ​ദ്ധാ​വാണ്‌ ഇതെന്ന്‌ ആഖീശി​നു മനസ്സി​ലാ​യി. അതോടെ ദാവീ​ദി​നു “വലിയ പേടി​യാ​യി.” (1 ശമു. 21:10-12) തന്നെ ആഖീശ്‌ എന്തെങ്കി​ലും ചെയ്യു​മോ എന്നായി​രു​ന്നു അദ്ദേഹ​ത്തി​ന്റെ ഭയം. ദാവീദ്‌ ഈ പേടിയെ എങ്ങനെ മറിക​ടന്നു?

3. സങ്കീർത്തനം 56:1-3, 11 അനുസ​രിച്ച്‌ ദാവീദ്‌ എങ്ങനെ​യാണ്‌ പേടിയെ മറിക​ട​ന്നത്‌?

3 ഗത്തിൽവെച്ച്‌ തനിക്കു തോന്നിയ ഭയത്തെ​ക്കു​റിച്ച്‌ 56-ാം സങ്കീർത്ത​ന​ത്തിൽ ദാവീദ്‌ തുറന്നു​പ​റ​ഞ്ഞി​ട്ടുണ്ട്‌. എന്നാൽ ആ പേടിയെ എങ്ങനെ മറിക​ട​ന്നെ​ന്നും അവിടെ അദ്ദേഹം പറയുന്നു. പേടി തോന്നി​യ​പ്പോൾ ദാവീദ്‌ യഹോ​വ​യിൽ ആശ്രയി​ച്ചു. (സങ്കീർത്തനം 56:1-3, 11 വായി​ക്കുക.) അതു വെറു​തേ​യാ​യില്ല. യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ ദാവീദ്‌ അസാധാ​ര​ണ​മായ ഒരു തന്ത്രം പ്രയോ​ഗി​ച്ചു​നോ​ക്കി. അദ്ദേഹം ഒരു ഭ്രാന്ത​നാ​യി അഭിന​യി​ച്ചു! അതോടെ ദാവീദ്‌ ഒരു ശത്രുവല്ല, ശല്യമാ​ണെന്ന്‌ ആഖീശി​നു തോന്നി. അങ്ങനെ ദാവീ​ദിന്‌ അവി​ടെ​നിന്ന്‌ രക്ഷപ്പെ​ടാ​നാ​യി.—1 ശമു. 21:13–22:1.

4. നമുക്ക്‌ എങ്ങനെ യഹോ​വ​യി​ലുള്ള ആശ്രയം ശക്തമാ​ക്കാം? ഒരു ഉദാഹ​രണം പറയുക.

4 യഹോ​വ​യിൽ ആശ്രയി​ച്ചാൽ നമുക്കും പേടിയെ മറിക​ട​ക്കാ​നാ​കും. എന്നാൽ പേടി തോന്നു​മ്പോൾ നമുക്ക്‌ എങ്ങനെ യഹോ​വ​യി​ലുള്ള ആശ്രയം ശക്തമാ​ക്കാം? ഒരു ഉദാഹ​രണം ചിന്തി​ക്കുക: നിങ്ങൾക്ക്‌ ഒരു അസുഖം ഉണ്ടെന്ന്‌ അറിഞ്ഞാൽ ആദ്യം പേടി തോന്നി​യേ​ക്കാം. എന്നാൽ നിങ്ങളു​ടെ ഡോക്ട​റിൽ നിങ്ങൾ ആശ്രയി​ക്കു​ന്നു​ണ്ടെ​ങ്കിൽ പേടി അൽപ്പം കുറയും. ഈ അസുഖം വന്ന ഒരുപാ​ടു പേരെ മുമ്പ്‌ അദ്ദേഹം ചികി​ത്സിച്ച്‌ ഭേദമാ​ക്കി​യി​ട്ടുണ്ട്‌. നിങ്ങൾ പറയു​ന്ന​തെ​ല്ലാം ശ്രദ്ധിച്ച്‌ കേൾക്കുന്ന, നിങ്ങളു​ടെ ഉള്ളിലു​ള്ളതു ശരിക്കും മനസ്സി​ലാ​ക്കുന്ന ഒരാളാണ്‌ അദ്ദേഹം. കൂടാതെ പലർക്കും ഗുണം ചെയ്‌തി​ട്ടുള്ള ഒരു ചികിത്സ നിങ്ങൾക്ക്‌ നിർദേ​ശി​ക്കാ​നും അദ്ദേഹ​ത്തി​നാ​യേ​ക്കും. ഇതു​പോ​ലെ യഹോവ ഇതുവരെ ചെയ്‌ത​തും ഇപ്പോൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​തും ഇനി ചെയ്യാൻപോ​കു​ന്ന​തും ആയ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌ യഹോ​വ​യി​ലുള്ള നമ്മുടെ ആശ്രയം ശക്തമാ​ക്കും. ദാവീദ്‌ ചെയ്‌ത​തും അതുത​ന്നെ​യാണ്‌. 56-ാം സങ്കീർത്ത​ന​ത്തി​ലെ ദാവീ​ദി​ന്റെ ചില വാക്കുകൾ നോക്കു​മ്പോൾ യഹോ​വ​യി​ലുള്ള ആശ്രയം ശക്തമാ​ക്കാ​നും പേടിയെ മറിക​ട​ക്കാ​നും നിങ്ങൾക്കും എങ്ങനെ കഴിയു​മെന്നു ചിന്തി​ക്കുക.

യഹോവ ഇതി​നോ​ടകം എന്തെല്ലാം ചെയ്‌തു?

5. പേടിയെ മറിക​ട​ക്കാൻ ദാവീദ്‌ എന്തി​നെ​ക്കു​റി​ച്ചാണ്‌ ചിന്തി​ച്ചത്‌? (സങ്കീർത്തനം 56:12, 13)

5 അപകട​ക​ര​മായ സാഹച​ര്യ​ത്തിൽ ആയിരു​ന്ന​പ്പോ​ഴും, യഹോവ ഇതി​നോ​ടകം ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ദാവീദ്‌ ചിന്തിച്ചു. (സങ്കീർത്തനം 56:12, 13 വായി​ക്കുക.) അങ്ങനെ ചിന്തി​ക്കു​ന്നതു ദാവീ​ദി​ന്റെ ഒരു രീതി​യാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യു​ടെ സൃഷ്ടി​ക്രി​യ​ക​ളെ​ക്കു​റിച്ച്‌ ദാവീദ്‌ ധ്യാനി​ച്ചി​ട്ടുണ്ട്‌. യഹോ​വ​യു​ടെ അസാധാ​ര​ണ​മായ ശക്തി​യെ​ക്കു​റി​ച്ചും മനുഷ്യ​രോ​ടുള്ള സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചും അതു ദാവീ​ദി​നെ ഓർമി​പ്പി​ച്ചു. (സങ്കീ. 65:6-9) മറ്റുള്ള​വർക്കാ​യി യഹോവ ചെയ്‌ത​തി​നെ​ക്കു​റി​ച്ചും ദാവീദ്‌ ചിന്തി​ക്കു​മാ​യി​രു​ന്നു. (സങ്കീ. 31:19; 37:25, 26) ഇനി, യഹോവ തനിക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളെ​പ്പ​റ്റി​യും ദാവീദ്‌ പ്രത്യേ​കം ധ്യാനി​ച്ചു. ജനിച്ച​തു​മു​തൽ ദാവീ​ദി​നെ യഹോവ സംരക്ഷി​ക്കു​ക​യും പിന്തു​ണ​യ്‌ക്കു​ക​യും ചെയ്‌തു. (സങ്കീ. 22:9, 10) ഇങ്ങനെ​യൊ​ക്കെ ചിന്തി​ച്ചത്‌, യഹോ​വ​യി​ലുള്ള ആശ്രയം ശക്തമാ​ക്കാൻ ദാവീ​ദി​നെ എത്ര​ത്തോ​ളം സഹായി​ച്ചു​കാ​ണും!

യഹോവ ചെയ്‌ത​തും ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​തും ചെയ്യാൻപോ​കു​ന്ന​തും ആയ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊണ്ട്‌ ദാവീദ്‌ യഹോ​വ​യി​ലുള്ള ആശ്രയം ശക്തമാക്കി (5, 8, 12 ഖണ്ഡികകൾ കാണുക) d


6. പേടി തോന്നു​മ്പോൾ യഹോ​വ​യിൽ ആശ്രയി​ക്കാൻ എന്തു സഹായി​ക്കും?

6 പേടി തോന്നു​മ്പോൾ നമുക്കും ഇങ്ങനെ ചിന്തി​ക്കാം: ‘യഹോവ ഇതി​നോ​ടകം എന്തെല്ലാ​മാണ്‌ ചെയ്‌തി​ട്ടു​ള്ളത്‌?’ യഹോ​വ​യു​ടെ സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, പക്ഷിക​ളെ​യും പൂക്ക​ളെ​യും “അടുത്ത്‌ നിരീ​ക്ഷി​ക്കുക.” അവയൊ​ന്നും ദൈവ​ത്തി​ന്റെ ഛായയിൽ അല്ല സൃഷ്ടി​ക്ക​പ്പെ​ട്ടത്‌; അവയ്‌ക്കു ദൈവത്തെ ആരാധി​ക്കാ​നു​മാ​കില്ല. എന്നിട്ടും യഹോവ അവയ്‌ക്കെ​ല്ലാം​വേണ്ടി കരുതു​ന്നു. അങ്ങനെ ചിന്തി​ക്കു​മ്പോൾ നമുക്കു​വേ​ണ്ടി​യും യഹോവ കരുതു​മെന്ന വിശ്വാ​സം ശക്തമാ​കും. (മത്താ. 6:25-32) കൂടാതെ, യഹോവ തന്റെ ആരാധ​കർക്കു​വേണ്ടി ചെയ്‌തി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും നമുക്കു ചിന്തി​ക്കാം. ശക്തമായ വിശ്വാ​സം കാണിച്ച ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കാം. വിശ്വ​സ്‌ത​രായ സഹോ​ദ​ര​ങ്ങ​ളു​ടെ ആധുനി​ക​കാല അനുഭ​വ​ങ്ങ​ളും നമുക്കു വായി​ക്കാം. a ഇനി, യഹോവ ഇതുവരെ നിങ്ങൾക്കാ​യി എങ്ങനെ​യെ​ല്ലാം കരുതി​യി​ട്ടു​ണ്ടെ​ന്നും ചിന്തി​ക്കുക. യഹോവ നിങ്ങളെ എങ്ങനെ​യാണ്‌ സത്യത്തി​ലേക്ക്‌ ആകർഷി​ച്ചത്‌? (യോഹ. 6:44) നിങ്ങളു​ടെ പ്രാർഥ​ന​കൾക്ക്‌ എങ്ങനെ​യാണ്‌ ഉത്തരം തന്നത്‌? (1 യോഹ. 5:14) യഹോവ സ്വന്തം മകനെ ബലിയാ​യി തന്നതു​കൊണ്ട്‌ നിങ്ങൾക്ക്‌ ഓരോ ദിവസ​വും എന്തെല്ലാം പ്രയോ​ജ​ന​ങ്ങ​ളാ​ണു കിട്ടു​ന്നത്‌?—എഫെ. 1:7; എബ്രാ. 4:14-16.

യഹോവ ചെയ്‌ത​തും ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​തും ചെയ്യാൻപോ​കു​ന്ന​തും ആയ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊണ്ട്‌ നമ്മൾ യഹോ​വ​യി​ലുള്ള ആശ്രയം ശക്തമാ​ക്കു​ന്നു (6, 9-10, 13-14 ഖണ്ഡികകൾ കാണുക) e


7. പേടി മറിക​ട​ക്കാൻ ദാനി​യേൽ പ്രവാ​ച​കന്റെ അനുഭവം വനേസ്സയെ എങ്ങനെ​യാണ്‌ സഹായി​ച്ചത്‌?

7 ഹെയ്‌റ്റി​യി​ലെ വനേസ്സ b സഹോ​ദ​രി​ക്കു പേടി തോന്നുന്ന ഒരു സാഹച​ര്യം നേരിട്ടു. സഹോ​ദ​രി​യു​ടെ പ്രദേ​ശ​ത്തുള്ള ഒരാൾ സഹോ​ദ​രി​യെ ദിവസ​വും ഫോൺ വിളി​ക്കു​ക​യും മെസ്സേജ്‌ അയയ്‌ക്കു​ക​യും ഒക്കെ ചെയ്‌ത്‌ ശല്യ​പ്പെ​ടു​ത്തു​മാ​യി​രു​ന്നു. താനു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാൻ അയാൾ വനേസ്സയെ നിർബ​ന്ധി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. പറ്റി​ല്ലെന്നു സഹോ​ദരി തീർത്തു​പ​റഞ്ഞു. പക്ഷേ അതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. അയാൾ സഹോ​ദ​രി​യെ ഭീഷണി​പ്പെ​ടു​ത്താൻപോ​ലും തുടങ്ങി. സഹോ​ദരി പറയുന്നു: “ഞാൻ ആകെ പേടി​ച്ചു​പോ​യി.” ആ പേടിയെ വനേസ്സ എങ്ങനെ​യാണ്‌ മറിക​ട​ന്നത്‌? സുരക്ഷ​യ്‌ക്കു​വേണ്ടി തന്നെ​ക്കൊണ്ട്‌ ചെയ്യാൻ പറ്റുന്ന​തെ​ല്ലാം സഹോ​ദരി ചെയ്‌തു. കാര്യങ്ങൾ പോലീ​സിൽ അറിയി​ക്കാൻ സഹോ​ദ​രി​യെ ഒരു മൂപ്പൻ സഹായി​ച്ചു. ഇനി, മുൻകാ​ല​ങ്ങ​ളിൽ യഹോവ തന്റെ ദാസരെ സംരക്ഷി​ച്ച​തി​നെ​ക്കു​റി​ച്ചും വനേസ്സ ചിന്തിച്ചു. സഹോ​ദരി ഇങ്ങനെ പറയുന്നു: “എന്റെ മനസ്സി​ലേക്ക്‌ ആദ്യം വന്നതു ദാനി​യേൽ പ്രവാ​ച​ക​നാണ്‌. ഒരു തെറ്റും ചെയ്യാത്ത ദാനി​യേ​ലി​നെ വിശന്നി​രുന്ന സിംഹ​ങ്ങ​ളു​ടെ ഇടയി​ലേക്ക്‌ എറി​ഞ്ഞെ​ങ്കി​ലും യഹോവ അദ്ദേഹത്തെ സംരക്ഷി​ച്ചു. അതു​കൊണ്ട്‌ എന്റെ പ്രശ്‌ന​ങ്ങ​ളെ​ല്ലാം ഞാൻ യഹോ​വ​യോട്‌ പറഞ്ഞു; കാര്യങ്ങൾ യഹോ​വയെ ഏൽപ്പിച്ചു. പിന്നെ എനിക്കു പേടി തോന്നി​യില്ല.”—ദാനി. 6:12-22.

യഹോവ ഇപ്പോൾ എന്താണ്‌ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നത്‌?

8. ഏതു കാര്യ​ത്തിൽ ദാവീ​ദിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു? (സങ്കീർത്തനം 56:8)

8 ഗത്തിൽവെച്ച്‌ ജീവനു ഭീഷണി ഉയർത്തുന്ന ഒരു സാഹച​ര്യ​ത്തിൽ ആയിരു​ന്ന​പ്പോ​ഴും, ദാവീദ്‌ പേടി​പ്പെ​ടു​ത്തുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചല്ല ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നത്‌. പകരം, അപ്പോൾത്തന്നെ തനിക്കു​വേണ്ടി യഹോവ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌. യഹോവ തന്നെ വഴിന​യി​ക്കു​ന്നു​ണ്ടെ​ന്നും സംരക്ഷി​ക്കു​ന്നു​ണ്ടെ​ന്നും തന്റെ വികാ​ര​ങ്ങ​ളും ചിന്തക​ളും മനസ്സി​ലാ​ക്കു​ന്നു​ണ്ടെ​ന്നും ദാവീദ്‌ തിരി​ച്ച​റി​ഞ്ഞു. (സങ്കീർത്തനം 56:8 വായി​ക്കുക.) യോനാ​ഥാ​നെ​യും മഹാപു​രോ​ഹി​ത​നായ അഹി​മേ​ലെ​ക്കി​നെ​യും പോലുള്ള വിശ്വ​സ്‌ത​സു​ഹൃ​ത്തു​ക്ക​ളെ​യും യഹോവ ദാവീ​ദി​നു നൽകി. അവർ ദാവീ​ദി​നു വേണ്ട പിന്തു​ണ​യും പ്രാ​യോ​ഗി​ക​സ​ഹാ​യ​വും കൊടു​ത്തു. (1 ശമു. 20:41, 42; 21:6, 8, 9) ഇനി, ശൗൽ എപ്പോ​ഴും കൊല്ലാ​നാ​യി പുറകേ ഉണ്ടായി​രു​ന്നെ​ങ്കി​ലും ദാവീ​ദി​നു രക്ഷപ്പെ​ടാൻ കഴിയു​ന്നു​ണ്ടാ​യി​രു​ന്നു. തന്റെ പ്രശ്‌നം എന്താ​ണെ​ന്നും അത്‌ തന്നെ വ്യക്തി​പ​ര​മാ​യി എങ്ങനെ​യാണ്‌ ബാധി​ക്കു​ന്ന​തെ​ന്നും യഹോ​വ​യ്‌ക്കു കൃത്യ​മാ​യി അറിയാ​മെന്ന്‌ ദാവീ​ദിന്‌ ഉറപ്പാ​യി​രു​ന്നു.

9. നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും കാര്യ​ത്തിൽ യഹോവ എന്തൊക്കെ അറിയു​ന്നുണ്ട്‌?

9 പേടി​പ്പി​ക്കുന്ന ഒരു സാഹച​ര്യ​ത്തി​ലൂ​ടെ നിങ്ങൾ കടന്നു​പോ​കു​മ്പോൾ യഹോവ ആ പരി​ശോ​ധന അറിയു​ന്നു​ണ്ടെ​ന്നും നിങ്ങളു​ടെ ഉള്ളിലെ വികാ​രങ്ങൾ മനസ്സി​ലാ​ക്കു​ന്നു​ണ്ടെ​ന്നും ഉറപ്പു​ണ്ടാ​യി​രി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽ നേരിട്ട അനീതി മാത്രമല്ല അവർ ‘അനുഭ​വിച്ച വേദന​ക​ളും’ യഹോവ മനസ്സി​ലാ​ക്കി. (പുറ. 3:7) അതു​പോ​ലെ, തന്റെ ‘ദുരി​ത​വും പ്രാണ​സ​ങ്ക​ട​വും’ യഹോവ കണ്ടെന്ന്‌ ദാവീദ്‌ പാടി. (സങ്കീ. 31:7) ഇനി, മോശ​മായ തീരു​മാ​നം എടുത്ത​തി​ന്റെ ഫലമാ​യി​ട്ടാ​ണെ​ങ്കിൽപ്പോ​ലും ദൈവ​ജനം ദുരിതം അനുഭ​വി​ക്കു​ന്നതു കണ്ടപ്പോൾ അതു ‘ദൈവത്തെ വേദനി​പ്പി​ച്ചു.’ (യശ. 63:9) നിങ്ങൾക്കു പേടി തോന്നു​മ്പോൾ അത്‌ എങ്ങനെ​യാണ്‌ നിങ്ങളു​ടെ മനസ്സിനെ പിടി​ച്ചു​ല​യ്‌ക്കു​ന്നത്‌ എന്ന്‌ യഹോവ മനസ്സി​ലാ​ക്കു​ന്നുണ്ട്‌. പേടിയെ മറിക​ട​ക്കു​ന്ന​തി​നു നിങ്ങളെ സഹായി​ക്കാൻ യഹോവ കൂടെ​ത്ത​ന്നെ​യുണ്ട്‌.

10. യഹോവ നിങ്ങൾക്കാ​യി കരുതു​ന്നു​ണ്ടെ​ന്നും ഏതു പരി​ശോ​ധ​ന​യും സഹിച്ചു​നിൽക്കാൻ സഹായി​ക്കു​മെ​ന്നും നിങ്ങൾക്ക്‌ ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്‌?

10 പേടി തോന്നുന്ന സാഹച​ര്യ​ങ്ങ​ളിൽ യഹോവ നമ്മളെ സഹായി​ക്കു​ന്നു​ണ്ടോ എന്നു നമുക്കു സംശയം തോന്നി​യേ​ക്കാം. അപ്പോൾ നമുക്ക്‌ എന്തു ചെയ്യാം? ‘യഹോവ നൽകുന്ന പിന്തുണ തിരി​ച്ച​റി​യാൻ സഹായി​ക്കണേ’ എന്നു പ്രാർഥി​ക്കാം. (2 രാജാ. 6:15-17) എന്നിട്ട്‌ ഇങ്ങനെ ചിന്തി​ക്കുക: ‘സഭയിൽ കേട്ട ഏതെങ്കി​ലും ഒരു പ്രസം​ഗ​മോ ഉത്തരമോ എന്നെ ബലപ്പെ​ടു​ത്തി​യോ? ഏതെങ്കി​ലും ഒരു പ്രസി​ദ്ധീ​ക​ര​ണ​മോ വീഡി​യോ​യോ ചിത്ര​ഗീ​ത​മോ എനിക്കു പ്രോ​ത്സാ​ഹനം പകർന്നോ? ധൈര്യം പകരുന്ന ഒരു ആശയമോ വാക്യ​മോ ആരെങ്കി​ലും എന്നോടു പറഞ്ഞോ?’ സഹോ​ദ​ര​ങ്ങ​ളു​ടെ സ്‌നേ​ഹ​വും ആത്മീയ​ഭ​ക്ഷ​ണ​ത്തി​ന്റെ മൂല്യ​വും ഒക്കെ ചില​പ്പോൾ നമ്മൾ ശ്രദ്ധി​ക്കാ​തെ​പോ​യേ​ക്കാം. പക്ഷേ ഓർക്കുക, അതെല്ലാം യഹോ​വ​യിൽനി​ന്നുള്ള വില​യേ​റിയ സമ്മാന​ങ്ങ​ളാണ്‌. (യശ. 65:13; മർക്കോ. 10:29, 30) അത്‌ യഹോവ നിങ്ങൾക്കു​വേണ്ടി കരുതു​ന്നു എന്നതിന്റെ തെളി​വാണ്‌. (യശ. 49:14-16) നിങ്ങൾക്ക്‌ ആശ്രയി​ക്കാൻ കഴിയുന്ന ഒരു വ്യക്തി​യാണ്‌ യഹോവ എന്നും അത്‌ ഉറപ്പു​ത​രു​ന്നു.

11. പേടി മറിക​ട​ക്കാൻ ഐഡയെ എന്താണു സഹായി​ച്ചത്‌?

11 യഹോവ ഇത്തരത്തിൽ സഹായി​ക്കു​ന്നതു തിരി​ച്ച​റിഞ്ഞ ഒരാളാണ്‌ സെനഗ​ലിൽ താമസി​ക്കുന്ന ഐഡ. മൂത്ത മകളാ​യ​തു​കൊണ്ട്‌ അവൾ തനിക്കു​വേ​ണ്ടി​യും കുടും​ബ​ത്തി​നു​വേ​ണ്ടി​യും ജോലി ചെയ്‌ത്‌ പണമു​ണ്ടാ​ക്കാൻ മാതാ​പി​താ​ക്കൾ പ്രതീ​ക്ഷി​ച്ചു. പക്ഷേ ഐഡ മുൻനി​ര​സേ​വനം ചെയ്യു​ന്ന​തി​നാ​യി ജീവിതം ലളിത​മാ​ക്കി​യ​തോ​ടെ അവൾക്കു സാമ്പത്തി​ക​ബു​ദ്ധി​മുട്ട്‌ നേരിട്ടു. അപ്പോൾ കുടും​ബാം​ഗങ്ങൾ അവളെ കുറ്റ​പ്പെ​ടു​ത്താൻ തുടങ്ങി. സഹോ​ദരി ഇങ്ങനെ പറയുന്നു: “എന്റെ മാതാ​പി​താ​ക്കളെ എനിക്കു സഹായി​ക്കാൻ കഴിയി​ല്ലെ​ന്നും എല്ലാവ​രും എന്നെ ഒറ്റപ്പെ​ടു​ത്തു​മെ​ന്നും ഉള്ള പേടി​യാ​യി​രു​ന്നു എനിക്ക്‌. എന്റെ അവസ്ഥയ്‌ക്ക്‌ ഞാൻ യഹോ​വ​യെ​പ്പോ​ലും കുറ്റ​പ്പെ​ടു​ത്തി.” അപ്പോ​ഴാണ്‌ ഐഡ മീറ്റി​ങ്ങിൽ ഒരു പ്രസംഗം കേട്ടത്‌. “നമ്മുടെ ഹൃദയ​ത്തി​ലെ മുറി​വു​കൾ യഹോവ അറിയു​ന്നു​ണ്ടെ​ന്നും യഹോവ നമ്മളെ മനസ്സി​ലാ​ക്കു​ന്നു​ണ്ടെ​ന്നും പ്രസം​ഗകൻ ഓർമി​പ്പി​ച്ചു. യഹോവ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു മൂപ്പന്മാ​രു​ടെ​യും മറ്റുള്ള​വ​രു​ടെ​യും സഹായ​ത്താൽ പതി​യെ​പ്പ​തി​യെ എനിക്കു കൂടുതൽ ഉറപ്പായി. അങ്ങനെ മുമ്പ​ത്തെ​ക്കാ​ളും ആത്മവി​ശ്വാ​സ​ത്തോ​ടെ ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ക്കാൻതു​ടങ്ങി. എന്റെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം കിട്ടി​യ​പ്പോൾ എന്തെന്നി​ല്ലാത്ത ഒരു സമാധാ​നം എനിക്ക്‌ അനുഭ​വ​പ്പെട്ടു.” മുൻനി​ര​സേ​വനം തുടരാ​നും അതോ​ടൊ​പ്പം മാതാ​പി​താ​ക്കൾക്കാ​യി കരുതാ​നും പറ്റുന്ന ഒരു ജോലി ഐഡയ്‌ക്കു കിട്ടി. അവൾ പറയുന്നു: “യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കാൻ ഞാൻ ഇപ്പോൾ പഠിച്ചു. ഇപ്പോൾ എന്തെങ്കി​ലും പേടി തോന്നി​യാ​ലും മിക്ക​പ്പോ​ഴും പ്രാർഥി​ച്ചു​ക​ഴി​യു​മ്പോൾ അതങ്ങു മാറും.”

യഹോവ ഇനി എന്താണു ചെയ്യാൻപോ​കു​ന്നത്‌?

12. സങ്കീർത്തനം 56:9 പറയു​ന്ന​ത​നു​സ​രിച്ച്‌ ദാവീ​ദിന്‌ എന്ത്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു?

12 സങ്കീർത്തനം 56:9 വായി​ക്കുക. ഈ വാക്യ​ത്തിൽ, പേടിയെ മറിക​ട​ക്കാൻ ദാവീ​ദി​നെ സഹായിച്ച മറ്റൊരു കാര്യം കാണാം. ദാവീ​ദി​ന്റെ ജീവിതം അപകട​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും യഹോവ തനിക്കു​വേണ്ടി ഇനി എന്താണു ചെയ്യാൻപോ​കു​ന്നത്‌ എന്നു ദാവീദ്‌ ചിന്തിച്ചു. കൃത്യ​സ​മ​യ​ത്തു​തന്നെ യഹോവ തന്നെ രക്ഷിക്കും എന്നു ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. കാരണം, ഇസ്രാ​യേ​ലി​ന്റെ അടുത്ത രാജാവ്‌ ദാവീദ്‌ ആയിരി​ക്കു​മെന്ന്‌ യഹോവ പറഞ്ഞി​ട്ടുണ്ട്‌. (1 ശമു. 16:1, 13) യഹോവ തന്റെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റ്റു​മെന്നു ദാവീ​ദി​നു ശക്തമായ ഉറപ്പു​ണ്ടാ​യി​രു​ന്നു.

13. യഹോവ എന്തു ചെയ്യു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

13 യഹോവ നമുക്ക്‌ എന്ത്‌ ഉറപ്പാണ്‌ തന്നിരി​ക്കു​ന്നത്‌? ഇപ്പോൾ നേരി​ടുന്ന എല്ലാ പ്രശ്‌ന​ങ്ങ​ളിൽനി​ന്നും യഹോവ നമ്മളെ സംരക്ഷി​ക്കു​മെന്നു നമ്മൾ പ്രതീ​ക്ഷി​ക്കു​ന്നില്ല. c എന്നാൽ അതെല്ലാം ദൈവം പുതിയ ലോക​ത്തിൽ മാറ്റി​ത്ത​രു​മെന്നു നമുക്ക്‌ ഉറപ്പുണ്ട്‌. (യശ. 25:7-9) മരിച്ച​വരെ ഉയിർപ്പി​ക്കാ​നും അസുഖങ്ങൾ ഭേദമാ​ക്കാ​നും ശത്രു​ക്ക​ളെ​യെ​ല്ലാം ഇല്ലാതാ​ക്കാ​നും നമ്മുടെ സ്രഷ്ടാവ്‌ ശക്തനാണ്‌.—1 യോഹ. 4:4.

14. നമുക്ക്‌ എന്തി​നെ​ക്കു​റിച്ച്‌ ധ്യാനി​ക്കാം?

14 പേടി തോന്നു​മ്പോൾ, ഭാവി​യിൽ യഹോവ നിങ്ങൾക്കു​വേണ്ടി ചെയ്യാൻപോ​കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കുക. അന്നു സാത്താ​നില്ല, ദുഷ്ടന്മാർക്കു പകരം നീതി​മാ​ന്മാ​രായ ആളുകൾ മാത്രം. ഓരോ ദിവസ​വും നമ്മൾ പൂർണ​ത​യി​ലേക്കു നടന്നടു​ക്കും. ആ സമയ​ത്തെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ നിങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌? നമ്മുടെ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ സഹായി​ക്കുന്ന ഒരു അവതരണം 2014-ലെ മേഖലാ കൺ​വെൻ​ഷ​നിൽ ഉണ്ടായി​രു​ന്നു. 2 തിമൊ​ഥെ​യൊസ്‌ 3:1-5 പറയു​ന്നതു പറുദീ​സ​യെ​ക്കു​റി​ച്ചാ​യി​രു​ന്നെ​ങ്കിൽ, അതിലെ വാക്കുകൾ എങ്ങനെ ആയിരി​ക്കു​മെന്ന്‌ ഒരു പിതാവ്‌ തന്റെ കുടും​ബ​ത്തോ​ടൊ​പ്പം ചർച്ച ചെയ്‌തു: “പുതിയ ലോക​ത്തിൽ സന്തോഷം നിറഞ്ഞ സമയങ്ങൾ ആയിരി​ക്കു​മെന്നു മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക. കാരണം മനുഷ്യർ പരസ്‌പരം സ്‌നേ​ഹി​ക്കു​ന്ന​വ​രും ആത്മീയ​സ​മ്പത്ത്‌ ആഗ്രഹി​ക്കു​ന്ന​വ​രും എളിമ​യു​ള്ള​വ​രും താഴ്‌മ​യു​ള്ള​വ​രും ദൈവത്തെ സ്‌തു​തി​ക്കു​ന്ന​വ​രും മാതാ​പി​താ​ക്കളെ അനുസ​രി​ക്കു​ന്ന​വ​രും നന്ദിയു​ള്ള​വ​രും വിശ്വ​സി​ക്കാൻ കൊള്ളാ​വു​ന്ന​വ​രും കുടും​ബ​ത്തോട്‌ അതിയായ സ്‌നേ​ഹ​വും വാത്സല്യ​വും ഉള്ളവരും യോജി​ക്കാൻ മനസ്സു​ള്ള​വ​രും മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ നല്ലതു മാത്രം സംസാ​രി​ക്കു​ന്ന​വ​രും ആത്മനി​യ​ന്ത്രണം ഉള്ളവരും സൗമ്യത ഉള്ളവരും നന്മ ഇഷ്ടപ്പെ​ടു​ന്ന​വ​രും ആശ്രയ​യോ​ഗ്യ​രും വഴക്കമു​ള്ള​വ​രും വിനയ​മു​ള്ള​വ​രും ജീവി​ത​സു​ഖങ്ങൾ പ്രിയ​പ്പെ​ടു​ന്ന​തി​നു പകരം ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​വ​രും യഥാർഥ​ദൈ​വ​ഭ​ക്തി​യു​ള്ള​വ​രും ആയിരി​ക്കും. ഇവരോട്‌ അടുത്തു​പ​റ്റി​നിൽക്കുക.” പുതിയ ലോക​ത്തി​ലെ ജീവിതം എങ്ങനെ​യാ​യി​രി​ക്കു​മെന്ന്‌ കുടും​ബാം​ഗ​ങ്ങ​ളോ​ടോ സഹോ​ദ​ര​ങ്ങ​ളോ​ടോ ഒപ്പമി​രുന്ന്‌ നിങ്ങൾ ചർച്ച ചെയ്യാ​റു​ണ്ടോ?

15. പേടി തോന്നി​യെ​ങ്കി​ലും അതു മറിക​ട​ക്കാൻ റ്റാനി​യയെ സഹായി​ച്ചത്‌ എന്താണ്‌?

15 നോർത്ത്‌ മാസി​ഡോ​ണി​യ​യി​ലെ ഒരു സഹോ​ദ​രി​യാണ്‌ റ്റാനിയ. സഹോ​ദരി ബൈബിൾ പഠിക്കാൻ തുടങ്ങി​യ​പ്പോൾ മാതാ​പി​താ​ക്കൾ ശക്തമായി എതിർത്തു. എന്നാൽ ഭാവി​യിൽ യഹോവ തരാൻപോ​കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചതു പേടിയെ മറിക​ട​ക്കാൻ റ്റാനി​യയെ സഹായി​ച്ചു. സഹോ​ദരി പറയുന്നു: “ഞാൻ പേടിച്ച പല കാര്യ​ങ്ങ​ളും എന്റെ ജീവി​ത​ത്തിൽ ഉണ്ടായി. ഓരോ മീറ്റിങ്ങ്‌ കഴിഞ്ഞ്‌ ചെല്ലു​മ്പോ​ഴും അമ്മ എന്നെ തല്ലുമാ​യി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷി​യാ​യാൽ കൊന്നു​ക​ള​യു​മെ​ന്നു​പോ​ലും മാതാ​പി​താ​ക്കൾ പറഞ്ഞു.” അവസാനം സഹോ​ദ​രി​യെ അവർ വീട്ടിൽനിന്ന്‌ ഇറക്കി​വി​ട്ടു. സഹോ​ദരി അപ്പോൾ എന്തു ചെയ്‌തു? റ്റാനിയ പറയുന്നു: “ഞാൻ വിശ്വ​സ്‌തത കാത്തു​സൂ​ക്ഷി​ക്കു​ന്ന​തു​കൊണ്ട്‌ നിത്യ​ത​യി​ലു​ട​നീ​ളം എനിക്കു കിട്ടാൻപോ​കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ഞാൻ ചിന്തിച്ചു. എനിക്ക്‌ ഇപ്പോൾ നഷ്ടമാ​യേ​ക്കാ​വുന്ന കാര്യ​ങ്ങ​ളൊ​ക്കെ യഹോവ പുതിയ ലോക​ത്തിൽ എങ്ങനെ​യാ​യി​രി​ക്കും തിരി​ച്ചു​ത​രു​ന്ന​തെ​ന്നും ഞാൻ ഓർത്തു. അന്നു വേദനി​പ്പി​ക്കുന്ന ഓർമ​ക​ളൊ​ന്നും എന്റെ മനസ്സി​ലു​ണ്ടാ​യി​രി​ക്കില്ല.” റ്റാനിയ വിശ്വ​സ്‌ത​യാ​യി തുടർന്നു. യഹോ​വ​യു​ടെ സഹായ​ത്താൽ സഹോ​ദ​രി​ക്കു താമസി​ക്കാൻ ഒരു സ്ഥലം കിട്ടി. ഇപ്പോൾ റ്റാനിയ വിവാ​ഹി​ത​യാണ്‌; ഭർത്താ​വി​നോ​ടൊ​പ്പം സന്തോ​ഷ​ത്തോ​ടെ മുഴു​സ​മ​യ​സേ​വനം ചെയ്യുന്നു.

യഹോ​വ​യി​ലുള്ള ആശ്രയം ഇപ്പോൾ ശക്തമാ​ക്കു​ക

16. ലൂക്കോസ്‌ 21:26-28-ൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ സംഭവി​ക്കു​മ്പോൾ ധൈര്യ​ത്തോ​ടെ നിൽക്കാൻ നമ്മളെ എന്തു സഹായി​ക്കും?

16 മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ ആളുകൾ “പേടിച്ച്‌ ബോധം​കെ​ടും” എന്നു ബൈബിൾ പറയുന്നു. പക്ഷേ ദൈവ​ജനം ധൈര്യ​ത്തോ​ടെ ഉറച്ചു​നിൽക്കും. (ലൂക്കോസ്‌ 21:26-28 വായി​ക്കുക.) എന്തു​കൊണ്ട്‌? കാരണം അപ്പോ​ഴേ​ക്കും നമ്മൾ യഹോ​വ​യിൽ ആശ്രയി​ക്കാൻ പഠിച്ചി​ട്ടു​ണ്ടാ​കും. മുമ്പ്‌ കണ്ട റ്റാനിയ പറയു​ന്നത്‌, ജീവി​ത​ത്തി​ലെ ബുദ്ധി​മു​ട്ടേ​റിയ സാഹച​ര്യ​ങ്ങൾ നേരി​ടാൻ തന്റെ മുൻകാല അനുഭ​വങ്ങൾ സഹായി​ക്കു​ന്നു എന്നാണ്‌. സഹോ​ദരി പറയുന്നു: “യഹോ​വ​യ്‌ക്കു സഹായി​ക്കാ​നും അനു​ഗ്ര​ഹി​ക്കാ​നും കഴിയാത്ത ഒരു സാഹച​ര്യ​വും ഇല്ല എന്നു ഞാൻ എന്റെ ജീവി​ത​ത്തി​ലൂ​ടെ പഠിച്ചു. ചില​പ്പോൾ നമുക്കു തോന്നി​യേ​ക്കാം മറ്റുള്ള​വ​രാണ്‌ കാര്യങ്ങൾ നിയ​ന്ത്രി​ക്കു​ന്ന​തെന്ന്‌. പക്ഷേ ശരിക്കും പറഞ്ഞാൽ പൂർണ​നി​യ​ന്ത്രണം യഹോ​വ​യു​ടെ കൈക​ളി​ലാണ്‌. യഹോവ അനുവ​ദി​ച്ചി​രി​ക്കുന്ന പരിധി​ക്കു​ള്ളിൽ നിന്നു​കൊ​ണ്ടേ, മറ്റുള്ള​വർക്ക്‌ എന്തെങ്കി​ലും ചെയ്യാൻ കഴിയൂ. പ്രശ്‌നം എത്ര കടുപ്പ​മു​ള്ള​താ​ണെ​ങ്കി​ലും അത്‌ ഒരിക്കൽ അവസാ​നി​ക്കും.”

17. 2024-ലെ നമ്മുടെ വാർഷി​ക​വാ​ക്യം നമ്മളെ എങ്ങനെ സഹായി​ക്കും? (പുറം​താ​ളി​ലെ ചിത്രം കാണുക.)

17 ഇന്നു പേടി തോന്നുന്ന പല സാഹച​ര്യ​ങ്ങ​ളു​മുണ്ട്‌. എന്നാൽ ദാവീ​ദി​നെ​പ്പോ​ലെ ഭയത്തെ കീഴ്‌പെ​ടു​ത്താൻ നമുക്കും കഴിയും. 2024-ലെ നമ്മുടെ വാർഷി​ക​വാ​ക്യം യഹോ​വ​യോ​ടുള്ള ദാവീ​ദി​ന്റെ പ്രാർഥ​ന​യാണ്‌: “എനിക്കു പേടി തോന്നു​മ്പോൾ ഞാൻ അങ്ങയിൽ ആശ്രയി​ക്കു​ന്നു.” (സങ്കീ. 56:3) ഒരു ബൈബിൾപ​ണ്ഡി​തൻ ഈ വാക്യ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞത്‌, ദാവീദ്‌ “തനിക്കു പേടി തോന്നുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചോ തന്റെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചോ ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നില്ല, പകരം തന്റെ രക്ഷകനി​ലേക്ക്‌ എപ്പോ​ഴും നോക്കി” എന്നാണ്‌. വരും​മാ​സ​ങ്ങ​ളിൽ നമ്മുടെ വാർഷി​ക​വാ​ക്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക; പ്രത്യേ​കി​ച്ചും പേടി തോന്നുന്ന സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ. യഹോവ മുൻകാ​ല​ങ്ങ​ളിൽ ചെയ്‌ത​തും ഇപ്പോൾ ചെയ്യു​ന്ന​തും ഭാവി​യിൽ ചെയ്യാൻപോ​കു​ന്ന​തും ആയ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ സമയ​മെ​ടു​ക്കുക. അപ്പോൾ ദാവീ​ദി​നെ​പ്പോ​ലെ നിങ്ങൾക്കും ഇങ്ങനെ പറയാ​നാ​കും: “ഞാൻ ദൈവ​ത്തിൽ ആശ്രയി​ക്കു​ന്നു; എനിക്കു പേടി​യില്ല.”—സങ്കീ. 56:4.

ഒരു ദുരന്തം നേരി​ടേ​ണ്ടി​വന്ന സഹോ​ദരി വാർഷി​ക​വാ​ക്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നു (17-ാം ഖണ്ഡിക കാണുക)

പിൻവരുന്ന കാര്യങ്ങൾ ചിന്തി​ക്കു​ന്നതു പേടിയെ മറിക​ട​ക്കാൻ നിങ്ങളെ എങ്ങനെ സഹായി​ക്കും:

  • യഹോവ ഇതി​നോ​ടകം ചെയ്‌തി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌?

  • യഹോവ ഇപ്പോൾത്തന്നെ ചെയ്യുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌?

  • യഹോവ ഭാവി​യിൽ ചെയ്യാൻപോ​കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌?

ഗീതം 33 നിന്റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക

a വിശ്വാസം ബലപ്പെ​ടു​ത്തുന്ന വിവര​ങ്ങൾക്കാ​യി jw.org-ലെ ‘തിരയുക’ എന്ന ഭാഗത്ത്‌ “അവരുടെ വിശ്വാ​സം അനുക​രി​ക്കുക” എന്നോ “അനുഭ​വങ്ങൾ” എന്നോ ടൈപ്പ്‌ ചെയ്യുക. JW ലൈ​ബ്രറി ആപ്ലി​ക്കേ​ഷ​നിൽ “അവരുടെ വിശ്വാ​സം അനുക​രി​ക്കുക,” “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ജീവി​ത​ക​ഥകൾ” എന്നീ ലേഖന പരമ്പരകൾ കാണുക.

b ചില പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

d ചിത്രത്തിന്റെ വിവരണം: യഹോവ എങ്ങനെ​യാണ്‌ ഒരു കരടിയെ കൊല്ലാൻ തന്നെ ശക്തനാ​ക്കി​യ​തെ​ന്നും പ്രശ്‌ന​ത്തി​ന്റെ സമയത്ത്‌ അഹി​മേ​ലെ​ക്കി​ലൂ​ടെ പ്രാ​യോ​ഗി​ക​സ​ഹാ​യം നൽകി​യ​തെ​ന്നും ഭാവി​യിൽ തന്നെ രാജാ​വാ​ക്കാൻ പോകു​ന്ന​തെ​ന്നും ദാവീദ്‌ ചിന്തി​ക്കു​ന്നു.

e ചിത്രത്തിന്റെ വിവരണം: വിശ്വാ​സ​ത്തി​ന്റെ പേരിൽ ജയിലിൽ ആയിരി​ക്കുന്ന ഒരു സഹോ​ദരൻ യഹോവ എങ്ങനെ​യാണ്‌ പുകവലി നിറു​ത്താൻ തന്നെ സഹായി​ച്ച​തെ​ന്നും പ്രിയ​പ്പെ​ട്ട​വ​രു​ടെ കത്തുക​ളി​ലൂ​ടെ തന്നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തെ​ന്നും പറുദീ​സ​യിൽ നിത്യ​ജീ​വൻ തരാൻപോ​കു​ന്ന​തെ​ന്നും ചിന്തി​ക്കു​ന്നു.