വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 5

ഗീതം 27 ദൈവ​പു​ത്ര​ന്മാ​രു​ടെ വെളി​പ്പെ​ടൽ

‘ഞാൻ നിന്നെ ഒരിക്ക​ലും ഉപേക്ഷി​ക്കില്ല!’

‘ഞാൻ നിന്നെ ഒരിക്ക​ലും ഉപേക്ഷി​ക്കില്ല!’

“‘ഞാൻ നിന്നെ ഒരിക്ക​ലും കൈവി​ടില്ല; ഒരിക്ക​ലും ഉപേക്ഷി​ക്കില്ല’ എന്നു ദൈവം പറഞ്ഞി​ട്ടു​ണ്ട​ല്ലോ.”എബ്രാ. 13:5ബി.

ഉദ്ദേശ്യം

ശേഷി​ക്കു​ന്ന അഭിഷി​ക്ത​രെ​ല്ലാം സ്വർഗ​ത്തി​ലേക്കു പോയ​ശേ​ഷ​വും ഭൂമി​യി​ലുള്ള തന്റെ ദാസരെ യഹോവ ഉപേക്ഷി​ക്കി​ല്ലെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കു​ന്ന​തി​ന്റെ കാരണങ്ങൾ.

1. എല്ലാ അഭിഷി​ക്ത​രും സ്വർഗ​ത്തിൽ എത്തുന്നത്‌ എപ്പോ​ഴാ​യി​രി​ക്കും?

 ‘അഭിഷി​ക്ത​രി​ലെ അവസാ​ന​യാ​ളും സ്വർഗ​ത്തി​ലേക്ക്‌ എടുക്ക​പ്പെ​ടു​ന്നത്‌ എപ്പോ​ഴാ​യി​രി​ക്കും?’ വർഷങ്ങ​ളോ​ളം യഹോ​വ​യു​ടെ ജനത്തി​നു​ണ്ടാ​യി​രുന്ന ഒരു ചോദ്യ​മാ​യി​രു​ന്നു ഇത്‌. അർമ​ഗെ​ദോൻ യുദ്ധത്തി​നു ശേഷം കുറച്ച്‌ കാലം​കൂ​ടെ അഭിഷി​ക്ത​രിൽ ചിലർ ഭൂമി​യി​ലെ പറുദീ​സ​യിൽ തുടർന്നേ​ക്കാ​മെന്നു നമ്മൾ ഒരിക്കൽ വിചാ​രി​ച്ചി​രു​ന്നു. എന്നാൽ 2013 ജൂലൈ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ ആ ചോദ്യ​ത്തി​നുള്ള ഉത്തരം നമുക്കു കിട്ടി. അർമ​ഗെ​ദോൻ യുദ്ധം തുടങ്ങു​ന്ന​തി​നു മുമ്പു​തന്നെ ഭൂമി​യിൽ ശേഷി​ക്കുന്ന എല്ലാ അഭിഷി​ക്ത​രും സ്വർഗ​ത്തി​ലേക്കു പോകു​മെന്നു നമ്മൾ അവിടെ പഠിച്ചു.—മത്താ. 24:31.

2. (എ) ചിലരു​ടെ മനസ്സിൽ ഏതു ചോദ്യം വന്നേക്കാം? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

2 അതെക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ ചിലരു​ടെ​യെ​ങ്കി​ലും മനസ്സിൽ ഇങ്ങനെ​യൊ​രു ചോദ്യം വന്നേക്കാം: ‘മഹാക​ഷ്ട​ത​യു​ടെ’ സമയത്ത്‌ ഭൂമി​യി​ലുള്ള ‘വേറെ ആടുക​ളു​ടെ’ കാര്യം എന്താകും? (മത്താ. 24:21; യോഹ. 10:16) തങ്ങൾ ഒരുപാ​ടു സ്‌നേ​ഹി​ക്കുന്ന അഭിഷിക്ത സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ സ്വർഗ​ത്തി​ലേക്കു പോയി​ക്ക​ഴി​യു​മ്പോൾ, പിന്നെ സഹായി​ക്കാൻ ആരുണ്ടാ​കും എന്ന്‌ അവർക്കു പേടി തോന്നി​യേ​ക്കാം. അങ്ങനെ ചിന്തി​ക്കാൻ അവരെ പ്രേരി​പ്പി​ച്ചേ​ക്കാ​വുന്ന രണ്ടു ബൈബിൾവി​വ​ര​ണങ്ങൾ നമുക്കു നോക്കാം. കൂടാതെ നമ്മൾ അങ്ങനെ പേടി​ക്കേ​ണ്ടാ​ത്ത​തി​ന്റെ ചില കാരണ​ങ്ങ​ളും നമ്മൾ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും.

എന്തു സംഭവി​ക്കില്ല?

3-4. ചിലർ എങ്ങനെ ചിന്തി​ച്ചേ​ക്കാം, എന്തു​കൊണ്ട്‌?

3 വഴിന​യി​ക്കാൻ ഭരണസം​ഘ​ത്തി​ലെ അഭിഷി​ക്ത​രായ സഹോ​ദ​ര​ന്മാർ ഇല്ലാ​തെ​വ​ന്നാൽ വേറെ ആടുകൾ സത്യത്തിൽനിന്ന്‌ അകന്നു​പോ​കു​മെന്നു ചിലർ ചിന്തി​ച്ചേ​ക്കാം. ചില ബൈബിൾവി​വ​ര​ണങ്ങൾ ആയിരി​ക്കാം അങ്ങനെ​യൊ​രു ചിന്തയി​ലേക്ക്‌ അവരെ നയിക്കു​ന്നത്‌. രണ്ട്‌ ഉദാഹ​ര​ണങ്ങൾ നോക്കാം. മഹാപു​രോ​ഹി​ത​നായ യഹോ​യാദ ഉൾപ്പെട്ട വിവര​ണ​മാണ്‌ ആദ്യ​ത്തേത്‌. യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സ​നാ​യി​രുന്ന അദ്ദേഹ​വും ഭാര്യ യഹോ​ശ​ബ​ത്തും, കുട്ടി​യാ​യി​രുന്ന യഹോ​വാ​ശി​നെ സംരക്ഷി​ച്ചു. വിശ്വ​സ്‌ത​നായ ഒരു രാജാ​വാ​കാൻ അവർ അവനെ സഹായി​ച്ചു. യഹോ​യാദ ജീവി​ച്ചി​രു​ന്നി​ട​ത്തോ​ളം കാലം യഹോ​വാശ്‌ യഹോ​വ​യു​ടെ മുമ്പാകെ ശരിയാ​യതു ചെയ്‌തു. എന്നാൽ, യഹോ​യാ​ദ​യു​ടെ മരണ​ശേഷം യഹോ​വാ​ശി​ന്റെ സ്വഭാവം മോശ​മാ​കാൻ തുടങ്ങി. ദുഷ്ടരായ പ്രഭു​ക്ക​ന്മാ​രു​ടെ വാക്കുകൾ ശ്രദ്ധിച്ച അദ്ദേഹം യഹോ​വയെ സേവി​ക്കു​ന്നതു നിറുത്തി.—2 ദിന. 24:2, 15-19.

4 അടുത്തത്‌ രണ്ടാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ ഉദാഹ​ര​ണ​മാണ്‌. അപ്പോ​സ്‌ത​ല​ന്മാ​രിൽ ഏറ്റവും അവസാനം മരിച്ചതു യോഹ​ന്നാൻ ആയിരു​ന്നു. തന്റെ ജീവി​താ​വ​സാ​നം​വരെ അദ്ദേഹം, യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി തുടരാൻ മറ്റു ക്രിസ്‌ത്യാ​നി​കളെ സഹായി​ച്ചു. (3 യോഹ. 4) യേശു​വി​ന്റെ മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രെ​പ്പോ​ലെ യോഹ​ന്നാ​നും വിശ്വാ​സ​ത്യാ​ഗ​ത്തിന്‌ എതിരെ പോരാ​ടി. (1 യോഹ. 2:18; 2 തെസ്സ. 2:7) എന്നാൽ അദ്ദേഹ​ത്തി​ന്റെ മരണ​ശേഷം വിശ്വാ​സ​ത്യാ​ഗം കാട്ടു​തീ​പോ​ലെ പടർന്നു. പിന്നീ​ടുള്ള വർഷങ്ങ​ളിൽ ക്രിസ്‌തീ​യസഭ വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ തെറ്റായ പഠിപ്പി​ക്ക​ലു​ക​ളും ആചാര​ങ്ങ​ളും​കൊണ്ട്‌ നിറഞ്ഞു.

5. നമ്മൾ കണ്ട ബൈബിൾവി​വ​ര​ണങ്ങൾ എന്തു സൂചി​പ്പി​ക്കു​ന്നില്ല?

5 അഭിഷി​ക്തർ സ്വർഗ​ത്തി​ലേക്കു പോയി​ക്ക​ഴി​ഞ്ഞാൽ വേറെ ആടുക​ളു​ടെ കാര്യ​ത്തി​ലും ഇതു​പോ​ലെ എന്തെങ്കി​ലും സംഭവി​ക്കു​മെന്നു നമ്മൾ കണ്ട ബൈബിൾവി​വ​ര​ണങ്ങൾ സൂചി​പ്പി​ക്കു​ന്നു​ണ്ടോ? അതായത്‌, തനിക്കു ലഭിച്ച പരിശീ​ലനം തള്ളിക്കളഞ്ഞ യഹോ​വാ​ശി​നെ​പ്പോ​ലെ​യോ വിശ്വാ​സ​ത്യാ​ഗ​ത്തി​ലേക്കു വീണു​പോയ രണ്ടാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ​യോ വിശ്വ​സ്‌ത​രായ വേറെ ആടുക​ളും ഭാവി​യിൽ വഴി​തെ​റ്റി​പ്പോ​കു​മോ? അതൊ​രി​ക്ക​ലും സംഭവി​ക്കില്ല! അഭിഷി​ക്തർ സ്വർഗ​ത്തി​ലേക്കു പോയാ​ലും വേറെ ആടുകൾ യഹോ​വയെ തുടർന്നും ശരിയായ വിധത്തിൽ ആരാധി​ക്കു​മെ​ന്നും യഹോവ അവർക്കു​വേണ്ടി കരുതു​മെ​ന്നും നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും. അങ്ങനെ നമുക്കു പറയാ​നാ​കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ശുദ്ധാ​രാ​ധന ഇനി​യൊ​രി​ക്ക​ലും അശുദ്ധ​മാ​കി​ല്ല

6. ഏതു മൂന്നു കാലഘ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ നമ്മൾ ഇനി പഠിക്കാൻപോ​കു​ന്നത്‌?

6 വരാൻപോ​കുന്ന കഷ്ടതക​ളു​ടെ സമയത്തു​പോ​ലും ശുദ്ധാ​രാ​ധന അശുദ്ധ​മാ​കി​ല്ലെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? നമ്മുടെ ഈ കാലഘ​ട്ട​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന കാര്യ​ങ്ങ​ളിൽനിന്ന്‌ അതു മനസ്സി​ലാ​ക്കാം. നമ്മൾ കണ്ട രണ്ടു ബൈബിൾവി​വ​ര​ണങ്ങൾ നടന്ന കാലഘ​ട്ട​ങ്ങ​ളിൽനി​ന്നും ഒരുപാ​ടു വ്യത്യാ​സ​ങ്ങ​ളുള്ള സമയത്താ​ണു നമ്മൾ ജീവി​ക്കു​ന്നത്‌. അതു മനസ്സി​ലാ​ക്കാൻ ഈ മൂന്നു കാലഘ​ട്ട​ങ്ങ​ളെ​യും ഒന്ന്‌ അടുത്ത്‌ പരിച​യ​പ്പെ​ടാം: (1) പുരാതന ഇസ്രാ​യേ​ല്യർ ജീവി​ച്ചി​രുന്ന സമയം, (2) അപ്പോ​സ്‌ത​ല​ന്മാർ മരിച്ച​ശേ​ഷ​മുള്ള കാലഘട്ടം (3) നമ്മുടെ കാലം, അതായത്‌ “എല്ലാ കാര്യ​ങ്ങ​ളും പൂർവ​സ്ഥി​തി​യി​ലാ​ക്കുന്ന കാലം.”—പ്രവൃ. 3:21.

7. രാജാ​ക്ക​ന്മാ​രും ജനതയും അവിശ്വ​സ്‌ത​രാ​യി​ത്തീർന്നെ​ങ്കി​ലും വിശ്വ​സ്‌ത​രായ ഇസ്രാ​യേ​ല്യ​രെ അതു തളർത്തി​ക്ക​ള​യാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

7 പുരാതന ഇസ്രാ​യേ​ല്യർ ജീവി​ച്ചി​രുന്ന സമയം. മരിക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ മോശ ഇസ്രാ​യേ​ല്യ​രോട്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: “എന്റെ മരണ​ശേഷം നിങ്ങൾ ദുഷ്ടത ചെയ്യു​മെ​ന്നും ഞാൻ നിങ്ങ​ളോ​ടു കല്‌പിച്ച വഴി വിട്ടു​മാ​റു​മെ​ന്നും എനിക്കു നന്നായി അറിയാം.” (ആവ. 31:29) ഇസ്രാ​യേ​ല്യർ മത്സരി​ച്ചാൽ ബന്ദിക​ളാ​യി പോ​കേ​ണ്ടി​വ​രു​മെ​ന്നും മോശ മുന്നറി​യി​പ്പു കൊടു​ത്തി​രു​ന്നു. (ആവ. 28:35, 36) ആ വാക്കുകൾ സത്യമാ​യി​ത്തീർന്നോ? അത്‌ അങ്ങനെ​തന്നെ സംഭവി​ച്ചു. പിന്നീ​ടുള്ള വർഷങ്ങ​ളിൽ പല രാജാ​ക്ക​ന്മാ​രും തെറ്റായ കാര്യങ്ങൾ ചെയ്യു​ക​യും അങ്ങനെ ജനം ദൈവ​ത്തിൽനിന്ന്‌ അകലു​ക​യും ചെയ്‌തു. അതു​കൊണ്ട്‌ ദുഷ്ടരായ ഇസ്രാ​യേ​ല്യ​രെ യഹോവ ശിക്ഷിച്ചു; ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രു​ടെ ഭരണം അവസാ​നി​പ്പി​ച്ചു. (യഹ. 21:25-27) യഹോവ പറഞ്ഞതു​പോ​ലെ​തന്നെ കാര്യങ്ങൾ സംഭവി​ക്കു​ന്നതു കണ്ടപ്പോൾ വിശ്വ​സ്‌ത​രായ ഇസ്രാ​യേ​ല്യർക്കു തുടർന്നും യഹോ​വയെ സേവി​ക്കാൻ കൂടുതൽ ധൈര്യം കിട്ടി.—യശ. 55:10, 11.

8. രണ്ടാം നൂറ്റാ​ണ്ടിൽ ക്രിസ്‌തീ​യസഭ ദുഷി​പ്പി​ക്ക​പ്പെ​ട്ട​തിൽ അതിശ​യി​ക്കാ​നു​ണ്ടോ? വിശദീ​ക​രി​ക്കുക.

8 അപ്പോ​സ്‌ത​ല​ന്മാർ മരിച്ച​ശേ​ഷ​മുള്ള കാലഘട്ടം. രണ്ടാം നൂറ്റാ​ണ്ടിൽ ക്രിസ്‌തീ​യസഭ ദുഷി​പ്പി​ക്ക​പ്പെ​ട്ട​തിൽ അതിശ​യി​ക്കാ​നു​ണ്ടോ? ഒട്ടുമില്ല. കാരണം, ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ വലിയ വിശ്വാ​സ​ത്യാ​ഗം സംഭവി​ക്കു​മെന്നു യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (മത്താ. 7:21-23; 13:24-30, 36-43) യേശു​വി​ന്റെ ഈ പ്രവചനം ഒന്നാം നൂറ്റാ​ണ്ടിൽത്തന്നെ നിറ​വേ​റാൻതു​ടങ്ങി എന്ന കാര്യം അപ്പോ​സ്‌ത​ല​ന്മാ​രായ പൗലോ​സും പത്രോ​സും യോഹ​ന്നാ​നും പറഞ്ഞു. (2 തെസ്സ. 2:3, 7; 2 പത്രോ. 2:1-3, 17-19; 1 യോഹ. 2:18) അപ്പോ​സ്‌ത​ല​ന്മാ​രു​ടെ മരണ​ശേഷം ക്രിസ്‌തീ​യസഭ ദുഷി​പ്പി​ക്ക​പ്പെട്ടു. അങ്ങനെ ക്രിസ്‌ത്യാ​നി​ത്വ​ത്തിൽ വിശ്വാ​സ​ത്യാ​ഗം കടന്നു​കൂ​ടി. അതു വ്യാജ​മ​ത​ങ്ങ​ളു​ടെ സാമ്രാ​ജ്യ​മായ, ബാബി​ലോൺ എന്ന മഹതി​യു​ടെ ഒരു പ്രധാ​ന​ഭാ​ഗ​മാ​യി​ത്തീർന്നു. ഇവി​ടെ​യും പ്രവചനം അങ്ങനെ​തന്നെ നിറ​വേറി.

9. പുരാതന ഇസ്രാ​യേ​ലി​ന്റെ​യും രണ്ടാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ​യും കാലഘ​ട്ട​ങ്ങ​ളിൽനിന്ന്‌ നമ്മുടെ ഈ സമയം വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

9 “എല്ലാ കാര്യ​ങ്ങ​ളും പൂർവ​സ്ഥി​തി​യി​ലാ​ക്കുന്ന കാലം.” പുരാതന ഇസ്രാ​യേ​ലി​ന്റെ​യും രണ്ടാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ​യും കാലഘ​ട്ട​ങ്ങ​ളിൽനിന്ന്‌ നമ്മൾ ജീവി​ക്കുന്ന ഈ കാലഘ​ട്ട​ത്തി​നു വളരെ​യേറെ വ്യത്യാ​സ​മുണ്ട്‌. നമ്മുടെ ഈ സമയത്തെ ബൈബിൾ എന്താണു വിളി​ക്കു​ന്നത്‌? ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ ‘അവസാ​ന​കാ​ലം’ എന്നായി​രി​ക്കും നമ്മുടെ മനസ്സിൽ ആദ്യം വരുന്ന ഉത്തരം. (2 തിമൊ. 3:1) എന്നാൽ അതോ​ടൊ​പ്പം മറ്റൊരു കാലഘ​ട്ട​വും ആരംഭി​ച്ച​താ​യി ബൈബിൾ പറയുന്നു. ബൈബിൾ ഇതിനെ വിളി​ക്കു​ന്നത്‌, “എല്ലാ കാര്യ​ങ്ങ​ളും പൂർവ​സ്ഥി​തി​യി​ലാ​ക്കുന്ന കാലം” എന്നാണ്‌. (പ്രവൃ. 3:21) അവസാ​ന​കാ​ല​ത്തെ​ക്കാൾ ദൈർഘ്യ​മേ​റി​യ​തും പ്രധാ​ന​പ്പെ​ട്ട​തും ആയ മറ്റൊരു കാലഘ​ട്ട​മാണ്‌ ഇത്‌. മിശി​ഹൈ​ക​രാ​ജ്യം എല്ലാം പൂർവ​സ്ഥി​തി​യി​ലാ​ക്കു​ന്ന​തു​വരെ, അതായത്‌ മനുഷ്യ​രെ പൂർണ​ത​യി​ലേക്കു കൊണ്ടു​വ​രു​ക​യും ഭൂമിയെ വീണ്ടും പറുദീ​സ​യാ​ക്കി മാറ്റു​ക​യും ചെയ്യു​ന്ന​തു​വരെ, ഈ കാലഘട്ടം തുടരും. 1914-ൽ ഈ കാലഘട്ടം ആരംഭി​ച്ചു. അപ്പോൾ എന്താണു പൂർവ​സ്ഥി​തി​യി​ലാ​ക്കി​യത്‌? അന്ന്‌ യേശു സ്വർഗ​ത്തിൽ രാജാ​വാ​യി. അങ്ങനെ വീണ്ടും ദാവീ​ദി​ന്റെ വംശപ​ര​മ്പ​ര​യിൽ, തന്നെ പ്രതി​നി​ധീ​ക​രി​ക്കുന്ന ഒരു ഭരണാ​ധി​കാ​രി​യെ യഹോ​വ​യ്‌ക്കു കിട്ടി. എന്നാൽ ഭരണം മാത്രമല്ല യഹോവ പൂർവ​സ്ഥി​തി​യി​ലാ​ക്കി​യത്‌. അധികം വൈകാ​തെ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാ​നും യഹോവ തന്റെ ദാസരെ സഹായി​ച്ചു. (യശ. 2:2-4; യഹ. 11:17-20) ഈ ശുദ്ധാ​രാ​ധന ഇനി വീണ്ടും അശുദ്ധ​മാ​കു​മോ?

10. (എ) ഇക്കാലത്തെ ശുദ്ധാ​രാ​ധ​ന​യെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌? (യശയ്യ 54:17) (ബി) ഈ പ്രവച​നങ്ങൾ നമുക്ക്‌ ആശ്വാസം നൽകു​ന്നത്‌ എങ്ങനെ?

10 യശയ്യ 54:17 വായി​ക്കുക. “നിനക്ക്‌ എതിരെ ഉണ്ടാക്കുന്ന ഒരു ആയുധ​വും ഫലിക്കില്ല” എന്ന പ്രവചനം ഇന്നു നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതോ​ടൊ​പ്പം ആശ്വാസം തരുന്ന ഈ വാക്കു​ക​ളും ഇന്ന്‌ നിറ​വേ​റു​ന്നുണ്ട്‌: “നിന്റെ പുത്ര​ന്മാ​രെ​യെ​ല്ലാം യഹോവ പഠിപ്പി​ക്കും, നിന്റെ പുത്ര​ന്മാർ അളവറ്റ സമാധാ​നം ആസ്വദി​ക്കും. നിന്നെ നീതി​യിൽ സുസ്ഥി​ര​മാ​യി സ്ഥാപി​ക്കും. . . . നീ ഒന്നി​നെ​യും പേടി​ക്കില്ല, ഭയം തോന്നാൻ നിനക്ക്‌ ഒരു കാരണ​വു​മു​ണ്ടാ​യി​രി​ക്കില്ല, അതു നിന്റെ അടു​ത്തേക്കു വരില്ല.” (യശ. 54:13, 14) ഇന്ന്‌ യഹോ​വ​യു​ടെ ജനം നടത്തി​ക്കൊ​ണ്ടി​രി​ക്കുന്ന വിദ്യാ​ഭ്യാ​സ​പ്ര​വർത്ത​നത്തെ ‘ഈ വ്യവസ്ഥി​തി​യു​ടെ ദൈവ​മായ’ സാത്താ​നു​പോ​ലും തടയാൻ കഴിയില്ല. (2 കൊരി. 4:4) ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട്‌ കഴിഞ്ഞു; അത്‌ ഇനി​യൊ​രി​ക്ക​ലും അശുദ്ധ​മാ​കില്ല. അത്‌ എന്നെന്നും നിലനിൽക്കും. നമുക്ക്‌ എതിരെ ഉണ്ടാക്കുന്ന ഒരു ആയുധ​വും വിജയി​ക്കില്ല!

എന്തു സംഭവി​ക്കും?

11. അഭിഷി​ക്തർ സ്വർഗ​ത്തി​ലേക്കു പോയാ​ലും തങ്ങൾ ഉപേക്ഷി​ക്ക​പ്പെ​ടി​ല്ലെന്ന്‌ മഹാപു​രു​ഷാ​ര​ത്തിന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

11 അഭിഷി​ക്തർ സ്വർഗ​ത്തി​ലേക്കു പോയ​തി​നു ശേഷം എന്തു സംഭവി​ക്കും? ഓർക്കുക, യേശു​വാണ്‌ നമ്മുടെ ഇടയൻ. ക്രിസ്‌തീ​യ​സ​ഭയെ നയിക്കു​ന്ന​തും യേശു​വാണ്‌. “ഒരാൾ മാത്ര​മാ​ണു നിങ്ങളു​ടെ നേതാവ്‌; അതു ക്രിസ്‌തു​വാണ്‌” എന്ന്‌ യേശു​തന്നെ പറഞ്ഞു. (മത്താ. 23:10) ഇപ്പോൾത്തന്നെ ഭരണം ആരംഭി​ച്ചി​രി​ക്കുന്ന നമ്മുടെ രാജാ​വിന്‌, തന്റെ ജോലി ചെയ്യു​ന്ന​തിൽ ഒരിക്ക​ലും വീഴ്‌ച വരില്ല. ക്രിസ്‌തു അധികാ​ര​മേ​റ്റി​രി​ക്കു​ന്ന​തു​കൊണ്ട്‌, അഭിഷി​ക്തർ സ്വർഗ​ത്തി​ലേക്കു പോയാ​ലും ഭൂമി​യി​ലെ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്ക്‌ ഒന്നി​നെ​ക്കു​റിച്ച്‌ ഓർത്തും പേടി​ക്കേ​ണ്ട​തില്ല. ക്രിസ്‌തു നമ്മളെ ആ സമയത്ത്‌ എങ്ങനെ​യാ​യി​രി​ക്കും വഴി നയിക്കുക എന്നതി​നെ​പ്പ​റ്റി​യുള്ള എല്ലാ വിശദാം​ശ​ങ്ങ​ളും നമുക്ക്‌ അറിയില്ല. എങ്കിലും നമുക്കു ധൈര്യ​ത്തോ​ടെ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ചില ബൈബിൾവി​വ​ര​ണങ്ങൾ നോക്കാം.

12. യഹോവ തന്റെ ജനത്തെ പരിപാ​ലി​ച്ചത്‌ എങ്ങനെ​യാണ്‌ (എ) മോശ മരിച്ച​തി​നു ശേഷം? (ബി) ഏലിയ​യ്‌ക്കു മറ്റൊരു നിയമനം ലഭിച്ച​ശേഷം? (ചിത്ര​വും കാണുക.)

12 ഇസ്രാ​യേ​ല്യർ വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്കു പ്രവേ​ശി​ക്കു​ന്ന​തി​നു മുമ്പു​തന്നെ മോശ മരിച്ചു. ദൈവ​ത്തി​ന്റെ ജനത്തിന്‌ അപ്പോൾ എന്തു സംഭവി​ച്ചു? അവർ ഉപേക്ഷി​ക്ക​പ്പെ​ട്ടോ? ഇല്ല. അവർ വിശ്വ​സ്‌ത​രാ​യി​രു​ന്നി​ട​ത്തോ​ളം കാലം യഹോവ അവർക്കു​വേണ്ടി കരുതി. മോശ മരിക്കു​ന്ന​തി​നു മുമ്പു​തന്നെ, ഇനി തന്റെ ജനത്തെ നയിക്കാൻ യോശു​വയെ നിയമി​ക്ക​ണ​മെന്ന്‌ യഹോവ മോശ​യോ​ടു പറഞ്ഞി​രു​ന്നു. മോശ വർഷങ്ങ​ളാ​യി യോശു​വയെ പരിശീ​ലി​പ്പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. (പുറ. 33:11; ആവ. 34:9) അതുകൂ​ടാ​തെ വേറെ​യും പ്രാപ്‌ത​രായ പുരു​ഷ​ന്മാർ നേതൃ​ത്വ​മെ​ടു​ക്കാൻ സഹായി​ച്ചി​രു​ന്നു. ആയിരം പേർക്കും നൂറു പേർക്കും അമ്പതു പേർക്കും പത്തു പേർക്കും​പോ​ലും പ്രമാ​ണി​മാ​രാ​യി ആളുക​ളു​ണ്ടാ​യി​രു​ന്നു. (ആവ. 1:15) ഇതു തെളി​യി​ക്കു​ന്നത്‌ യഹോവ തന്റെ ജനത്തി​നു​വേണ്ടി നന്നായി കരുതി എന്നാണ്‌. ഏലിയ​യു​ടെ കാലത്തും യഹോവ അതുതന്നെ ചെയ്‌തു. യഹോ​വയെ സേവി​ക്കാൻ വർഷങ്ങ​ളാ​യി ഇസ്രാ​യേ​ല്യ​രെ ഏലിയ സഹായി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പക്ഷേ, പിന്നീട്‌ സാഹച​ര്യ​ത്തിന്‌ ഒരു മാറ്റം വന്നു. പുതി​യൊ​രു നിയമനം ചെയ്യാൻ തെക്കുള്ള യഹൂദാ​രാ​ജ്യ​ത്തേക്ക്‌ അദ്ദേഹത്തെ യഹോവ മാറ്റി. (2 രാജാ. 2:1; 2 ദിന. 21:12) അപ്പോൾ പത്തു​ഗോ​ത്ര ഇസ്രാ​യേൽ രാജ്യത്തെ വിശ്വ​സ്‌ത​രായ ജനങ്ങൾക്കു തങ്ങൾ ഉപേക്ഷി​ക്ക​പ്പെ​ട്ട​താ​യി തോന്നി​യോ? ഇല്ല. ഏലിയ എലീശയെ വർഷങ്ങ​ളാ​യി പരിശീ​ലി​പ്പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. കൂടാതെ പരിശീ​ലനം ലഭിച്ച “പ്രവാ​ച​ക​പു​ത്ര​ന്മാ​രും” അവി​ടെ​യു​ണ്ടാ​യി​രു​ന്നു. (2 രാജാ. 2:7) ചുരു​ക്കി​പ്പ​റ​ഞ്ഞാൽ, ദൈവ​ജ​നത്തെ നയിക്കാൻ വിശ്വ​സ്‌ത​രായ അനേകം ആളുകൾ ഉണ്ടായി​രു​ന്നു. തന്റെ വിശ്വസ്‌ത ആരാധ​കർക്കു​വേണ്ടി കരുതുക എന്ന ഉദ്ദേശ്യം യഹോവ എല്ലായ്‌പ്പോ​ഴും നിറ​വേറ്റി.

മോശ​യും (ഇടത്തെ ചിത്രം) ഏലിയ​യും (വലത്തെ ചിത്രം) തങ്ങൾക്കു ശേഷം ദൈവ​ജ​നത്തെ നയിക്കാൻ പ്രാപ്‌ത​രാ​യ​വരെ പരിശീ​ലി​പ്പി​ച്ചു (12-ാം ഖണ്ഡിക കാണുക)


13. എബ്രായർ 13:5ബി നമുക്ക്‌ എന്ത്‌ ഉറപ്പു​ത​രു​ന്നു? (ചിത്ര​വും കാണുക.)

13 നമ്മൾ കണ്ട വിവര​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? അഭിഷി​ക്ത​രി​ലെ അവസാ​ന​വ്യ​ക്തി​യും സ്വർഗ​ത്തിൽ പോയി​ക്ക​ഴി​ഞ്ഞാൽപ്പി​ന്നെ ഭൂമി​യി​ലെ വേറെ ആടുകൾക്കു സഹായം കിട്ടാതെ പോകു​മോ? നമ്മൾ അങ്ങനെ പേടി​ക്കേണ്ട ഒരു കാര്യ​വു​മില്ല. കാരണം ബൈബിൾ വ്യക്തമാ​യി ഈ ഉറപ്പു​ത​രു​ന്നു: യഹോവ ഭൂമി​യി​ലെ തന്റെ ജനത്തെ ഒരിക്ക​ലും ഉപേക്ഷി​ക്കില്ല. (എബ്രായർ 13:5ബി വായി​ക്കുക.) മോശ​യെ​യും ഏലിയ​യെ​യും പോലെ മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഇന്ന്‌ നേതൃ​ത്വ​മെ​ടു​ക്കുന്ന അഭിഷി​ക്ത​രു​ടെ ചെറി​യ​കൂ​ട്ട​ത്തി​നു നന്നായി അറിയാം. അതു​കൊ​ണ്ടു​തന്നെ ഭരണസം​ഘ​ത്തി​ലു​ള്ളവർ വർഷങ്ങ​ളാ​യി, വേറെ ആടുക​ളിൽപ്പെട്ട സഹോ​ദ​ര​ന്മാർക്കു നേതൃ​ത്വ​മെ​ടു​ക്കാ​നുള്ള പരിശീ​ലനം കൊടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, മൂപ്പന്മാർക്കും സഞ്ചാര മേൽവി​ചാ​ര​ക​ന്മാർക്കും ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾക്കും ബഥേലി​ലെ മേൽവി​ചാ​ര​ക​ന്മാർക്കും മറ്റുള്ള​വർക്കും സഹായം കൊടു​ക്കാൻവേണ്ടി പല സ്‌കൂ​ളു​ക​ളും അവർ ക്രമീ​ക​രി​ച്ചി​ട്ടുണ്ട്‌. ഇനി, ഭരണസം​ഘ​ത്തി​ന്റെ കീഴിൽ പ്രവർത്തി​ക്കുന്ന വിവിധ കമ്മിറ്റി​ക​ളു​ടെ സഹായി​കൾക്കും അവർ നേരിട്ട്‌ പരിശീ​ലനം കൊടു​ക്കു​ന്നു. ഇപ്പോൾത്തന്നെ ഈ സഹായി​കൾ സംഘട​ന​യി​ലെ പല ഭാരിച്ച ഉത്തരവാ​ദി​ത്വ​ങ്ങ​ളും വിശ്വ​സ്‌ത​മാ​യി ചെയ്യു​ന്നുണ്ട്‌. അഭിഷി​ക്തർ സ്വർഗ​ത്തി​ലേക്കു പോയി​ക്ക​ഴി​യു​മ്പോൾ ക്രിസ്‌തു​വി​ന്റെ ആടുകളെ പരിപാ​ലി​ക്കാൻ അവർ ഇപ്പോൾത്തന്നെ സജ്ജരാണ്‌.

ഭരണസം​ഘം സഹായി​കളെ പരിശീ​ലി​പ്പി​ക്കു​ന്ന​തി​നും, ലോക​മെ​ങ്ങു​മുള്ള മൂപ്പന്മാർക്കും സഞ്ചാര മേൽവി​ചാ​ര​ക​ന്മാർക്കും ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾക്കും ബഥേൽ മേൽവി​ചാ​ര​ക​ന്മാർക്കും മിഷന​റി​മാർക്കും വേണ്ട സ്‌കൂ​ളു​കൾ ക്രമീ​ക​രി​ക്കു​ന്ന​തി​നും നല്ല ശ്രമം ചെയ്യുന്നു (13-ാം ഖണ്ഡിക കാണുക)


14. നമ്മൾ പഠിച്ച പ്രധാ​നാ​ശയം എന്താണ്‌?

14 നമ്മൾ ഇതുവരെ പഠിച്ച​തിൽനി​ന്നുള്ള പ്രധാ​നാ​ശയം ഇതാണ്‌: മഹാക​ഷ്ട​ത​യു​ടെ അവസാ​ന​സ​മ​യത്ത്‌ അഭിഷി​ക്ത​രെ​ല്ലാം സ്വർഗ​ത്തി​ലേക്കു പോയി​ക്ക​ഴി​ഞ്ഞും ഭൂമി​യി​ലുള്ള ദൈവ​ജനം യഹോ​വയെ വിശ്വ​സ്‌ത​മാ​യി ആരാധി​ക്കു​ന്ന​തിൽ തുടരും. യേശു​വി​ന്റെ നേതൃ​ത്വ​മു​ള്ള​തു​കൊണ്ട്‌ അതിന്‌ ഒരു തടസ്സവും നേരി​ടു​ക​യില്ല. ആ സമയത്ത്‌ രാഷ്‌ട്ര​ങ്ങ​ളു​ടെ സഖ്യമായ മാഗോ​ഗി​ലെ ഗോഗി​ന്റെ ആക്രമണം നമ്മൾ നേരി​ടും എന്നതു ശരിയാണ്‌. (യഹ. 38:18-20) എന്നാൽ ചുരു​ങ്ങിയ സമയ​ത്തേ​ക്കുള്ള ഈ ആക്രമ​ണ​ത്തിന്‌ യഹോ​വയെ സേവി​ക്കു​ന്ന​തിൽനിന്ന്‌ ദൈവ​ജ​നത്തെ തടയാ​നാ​കില്ല. യഹോവ തന്റെ ജനത്തെ ഉറപ്പാ​യും രക്ഷിക്കും. അതു​കൊ​ണ്ടു​തന്നെ നമുക്ക്‌ എതിരെ വരുന്നവർ തോറ്റു​പോ​കും. ഒരു ദർശന​ത്തിൽ യോഹ​ന്നാൻ അപ്പോ​സ്‌തലൻ വേറെ ആടുക​ളിൽപ്പെട്ട ‘മഹാപു​രു​ഷാ​രത്തെ’ കാണു​ന്നുണ്ട്‌. ഈ “മഹാപു​രു​ഷാ​രം” ‘മഹാക​ഷ്ട​തയെ’ അതിജീ​വിച്ച്‌ വന്നവരാണ്‌. (വെളി. 7:9, 14) അതെ, യഹോവ അവരെ സംരക്ഷി​ക്കു​മെന്ന്‌ ഉറപ്പാണ്‌!

15-16. വെളി​പാട്‌ 17:14 പറയു​ന്ന​ത​നു​സ​രിച്ച്‌ അഭിഷി​ക്തർ അർമ​ഗെ​ദോൻ യുദ്ധത്തി​ന്റെ സമയത്ത്‌ എന്തു ചെയ്യു​ക​യാ​യി​രി​ക്കും, അതു നമുക്കു പ്രോ​ത്സാ​ഹനം തരുന്നത്‌ എന്തു​കൊണ്ട്‌?

15 ‘സ്വർഗ​ത്തിൽ പോയി​ക്ക​ഴിഞ്ഞ്‌ അഭിഷി​ക്തർ എന്തായി​രി​ക്കും ചെയ്യുക’ എന്നു ചില​രെ​ങ്കി​ലും ചിന്തി​ച്ചേ​ക്കാം. ബൈബിൾ അതിനു കൃത്യ​മായ ഉത്തരം തരുന്നുണ്ട്‌. ഈ ലോക​ത്തി​ലെ ഗവൺമെ​ന്റു​കൾ “കുഞ്ഞാ​ടി​നോ​ടു പോരാ​ടും” എന്നു ബൈബിൾ പറയുന്നു. എന്നാൽ അവർ തോറ്റു​പോ​കു​മെന്ന്‌ ഉറപ്പാണ്‌. കാരണം കുഞ്ഞാട്‌ “അവരെ കീഴട​ക്കും” എന്നും നമ്മൾ അവിടെ വായി​ക്കു​ന്നു. ഈ പോരാ​ട്ട​ത്തിൽ ആരായി​രി​ക്കും കുഞ്ഞാ​ടി​നെ സഹായി​ക്കുക? “വിളി​ക്ക​പ്പെ​ട്ട​വ​രും,” “തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രും,” “വിശ്വ​സ്‌ത​രും” എന്ന്‌ അവരെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു പറയുന്നു. (വെളി​പാട്‌ 17:14 വായി​ക്കുക.) ആരാണ്‌ അവർ? സ്വർഗ​ത്തി​ലേക്കു പുനരു​ത്ഥാ​ന​പ്പെട്ട അഭിഷി​ക്തർ! മഹാക​ഷ്ട​ത​യു​ടെ അവസാ​ന​സ​മ​യത്ത്‌ അഭിഷി​ക്ത​രെ​ല്ലാം സ്വർഗ​ത്തി​ലേക്ക്‌ എടുക്ക​പ്പെട്ട്‌ കഴിയു​മ്പോൾ അവർക്കു കിട്ടുന്ന ആദ്യനി​യ​മ​ന​ങ്ങ​ളിൽ ഒന്ന്‌, ദൈവ​ത്തി​ന്റെ ശത്രു​ക്കൾക്ക്‌ എതിരെ പോരാ​ടുക എന്നതാ​യി​രി​ക്കും. എത്ര ആവേശം നിറഞ്ഞ ഒന്നായി​രി​ക്കും അത്‌! ഈ അഭിഷി​ക്ത​രിൽ ചിലർ യഹോ​വ​യു​ടെ സാക്ഷികൾ ആകുന്ന​തി​നു മുമ്പ്‌ ആളുക​ളോ​ടു പോരാ​ടി​യി​രു​ന്നു. ചിലർ ഈ ലോക​ത്തി​ന്റെ സൈനി​കർപോ​ലും ആയിരു​ന്നു. പക്ഷേ, ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്ന​പ്പോൾ അവർ സമാധാ​ന​ത്തി​ന്റെ പാത തിര​ഞ്ഞെ​ടു​ത്തു. (ഗലാ. 5:22; 2 തെസ്സ. 3:16) ഏതെങ്കി​ലും രീതി​യിൽ യുദ്ധത്തെ പിന്തു​ണ​യ്‌ക്കു​ന്ന​തു​പോ​ലും അവർ നിറുത്തി. എങ്കിലും സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെട്ട്‌ കഴിയു​മ്പോൾ അവർ ക്രിസ്‌തു​വി​നോ​ടും ദൂതന്മാ​രോ​ടും ഒപ്പം ദൈവ​ത്തി​ന്റെ ശത്രു​ക്കൾക്ക്‌ എതി​രെ​യുള്ള അവസാ​ന​യു​ദ്ധ​ത്തിൽ പങ്കെടു​ക്കും.

16 ഇന്ന്‌ ഭൂമി​യി​ലുള്ള അഭിഷി​ക്ത​രിൽ ചിലർ പ്രായ​മാ​യ​വ​രും ശാരീ​രി​ക​മാ​യി ദുർബ​ല​രും ആണ്‌. എന്നാൽ സ്വർഗ​ത്തി​ലേക്കു പുനരു​ത്ഥാ​ന​പ്പെട്ട്‌ കഴിഞ്ഞാൽപ്പി​ന്നെ അവർ ശക്തരായ, അമർത്യ​രായ ആത്മജീ​വി​ക​ളാണ്‌; യേശു​വി​ന്റെ​കൂ​ടെ യുദ്ധം ചെയ്യുന്ന വീര​യോ​ദ്ധാ​ക്കൾ! അത്‌ എത്ര വലിയ ഒരു മാറ്റമാ​യി​രി​ക്കും! അർമ​ഗെ​ദോൻ യുദ്ധത്തി​നു ശേഷം മനുഷ്യ​കു​ടും​ബത്തെ പൂർണ​ത​യി​ലേക്കു നയിക്കാ​നും അവർ യേശു​വി​ന്റെ​കൂ​ടെ പ്രവർത്തി​ക്കും. എന്തായാ​ലും ഒരു കാര്യം ഉറപ്പാണ്‌: ഈ അഭിഷി​ക്തർ സ്വർഗ​ത്തിൽ ചെന്ന്‌ കഴിയു​മ്പോൾ, തങ്ങൾ ഏറെ സ്‌നേ​ഹി​ക്കുന്ന ഭൂമി​യി​ലെ സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി ഒരുപാ​ടു കാര്യങ്ങൾ ചെയ്യും; വെറും അപൂർണ​മ​നു​ഷ്യ​രാ​യി ഭൂമി​യിൽ ഉണ്ടായി​രു​ന്ന​പ്പോൾ ചെയ്‌ത​തി​നെ​ക്കാ​ളും വളരെ കൂടുതൽ കാര്യങ്ങൾ!

17. അർമ​ഗെ​ദോൻ യുദ്ധത്തി​ന്റെ സമയത്ത്‌ എല്ലാ ദൈവ​ദാ​സ​രും സുരക്ഷി​ത​രാ​യി​രി​ക്കും എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

17 വേറെ ആടുക​ളിൽപ്പെട്ട ഒരാളാ​ണോ നിങ്ങൾ? അങ്ങനെ​യെ​ങ്കിൽ, വരാൻപോ​കുന്ന ആ പ്രധാ​ന​പ്പെട്ട അർമ​ഗെ​ദോൻ യുദ്ധത്തിൽ നിങ്ങൾ എന്താണ്‌ ചെയ്യേ​ണ്ടത്‌? ചെയ്യേ​ണ്ടത്‌ ഇത്രയേ ഉള്ളൂ: യഹോ​വ​യിൽ ആശ്രയി​ക്കുക, നിർദേ​ശങ്ങൾ അനുസ​രി​ക്കുക. അതിൽ എന്താണ്‌ ഉൾപ്പെ​ടു​ന്നത്‌? നമ്മളെ ആശ്വസി​പ്പി​ച്ചു​കൊണ്ട്‌ ബൈബിൾ പറയുന്നു: “ചെന്ന്‌ നിങ്ങളു​ടെ ഉൾമു​റി​ക​ളിൽ കയറി, വാതിൽ അടയ്‌ക്കുക. ക്രോധം കടന്നു​പോ​കു​ന്ന​തു​വരെ അൽപ്പ​നേ​ര​ത്തേക്ക്‌ ഒളിച്ചി​രി​ക്കുക!” (യശ. 26:20) സ്വർഗ​ത്തി​ലും ഭൂമി​യി​ലും ഉള്ള യഹോ​വ​യു​ടെ എല്ലാ വിശ്വ​സ്‌ത​ദാ​സ​രും ആ സമയത്ത്‌ സുരക്ഷി​ത​രാ​യി​രി​ക്കും. പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞതു​പോ​ലെ, “ഗവൺമെ​ന്റു​കൾക്കോ ഇപ്പോ​ഴു​ള്ള​തി​നോ വരാനു​ള്ള​തി​നോ . . . ദൈവ​സ്‌നേ​ഹ​ത്തിൽനിന്ന്‌ നമ്മളെ വേർപെ​ടു​ത്താൻ കഴിയില്ല” എന്ന കാര്യ​ത്തിൽ നമുക്കും ഉറപ്പുണ്ട്‌. (റോമ. 8:38, 39) അതു​കൊണ്ട്‌ എപ്പോ​ഴും ഓർക്കുക: യഹോവ നിങ്ങളെ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ന്നു, യഹോവ നിങ്ങളെ ഒരിക്ക​ലും ഉപേക്ഷി​ക്കില്ല!

അഭിഷിക്തരിലെ അവസാ​നത്തെ ആളും സ്വർഗ​ത്തി​ലേക്ക്‌ എടുക്ക​പ്പെ​ട്ട​ശേഷം,

  • എന്ത്‌ സംഭവി​ക്കില്ല?

  • ശുദ്ധാ​രാ​ധന വീണ്ടും അശുദ്ധ​മാ​കില്ല എന്നു നമുക്കു ബോധ്യ​മു​ള്ളത്‌ എന്തു​കൊണ്ട്‌?

  • യഹോവ തന്റെ ജനത്തി​നു​വേണ്ടി കരുതും എന്നു നമുക്ക്‌ ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്‌?

ഗീതം 8 യഹോവ നമുക്ക്‌ അഭയം