വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 6

ഗീതം 10 നമ്മുടെ ദൈവ​മായ യഹോ​വയെ സ്‌തു​തി​പ്പിൻ!

“യഹോ​വ​യു​ടെ പേരിനെ സ്‌തു​തി​ക്കു​വിൻ!”

“യഹോ​വ​യു​ടെ പേരിനെ സ്‌തു​തി​ക്കു​വിൻ!”

“യഹോ​വ​യു​ടെ ദാസന്മാ​രേ, ദൈവ​ത്തി​നു സ്‌തു​തി​യേ​കു​വിൻ! യഹോ​വ​യു​ടെ പേരിനെ സ്‌തു​തി​ക്കു​വിൻ!”സങ്കീ. 113:1.

ഉദ്ദേശ്യം

കിട്ടുന്ന എല്ലാ അവസര​ങ്ങ​ളി​ലും യഹോ​വ​യു​ടെ പേരിനെ സ്‌തു​തി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

1-2. തന്റെ സത്‌പേ​രി​നു കളങ്കം വന്നപ്പോൾ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നി​യ​തെന്നു മനസ്സി​ലാ​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

 ഇങ്ങനെ​യൊ​രു സാഹച​ര്യം ചിന്തി​ക്കുക: നിങ്ങൾക്ക്‌ ഒരുപാട്‌ ഇഷ്ടമുള്ള ഒരാൾ നിങ്ങ​ളെ​ക്കു​റിച്ച്‌ വളരെ മോശ​മായ ഒരു കാര്യം പറയുന്നു. അത്‌ ഒരു നുണയാ​ണെന്ന്‌ നിങ്ങൾക്ക്‌ അറിയാം. പക്ഷേ ചിലർ അതു വിശ്വ​സി​ച്ചു. അതിലും കഷ്ടം, കേട്ടവ​രെ​ല്ലാം അതു പറഞ്ഞു​ന​ട​ക്കാൻ തുടങ്ങി. അങ്ങനെ പിന്നെ​യും കുറെ പേർ കൂടി അതു വിശ്വ​സി​ച്ചു. ഇപ്പോൾ നിങ്ങളു​ടെ മാനസി​കാ​വസ്ഥ എന്തായി​രി​ക്കും? നിങ്ങളു​ടെ സത്‌പേ​രും ആളുക​ളു​മാ​യുള്ള ബന്ധവും ഒക്കെ നിങ്ങൾക്കു പ്രധാ​ന​മാ​ണെ​ങ്കിൽ ഈ നുണ നിങ്ങളെ ഒരുപാ​ടു വിഷമി​പ്പി​ക്കും, ഒരു സംശയ​വു​മില്ല.—സുഭാ. 22:1.

2 ഈ സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു തന്റെ സത്‌പേ​രി​നു കളങ്കം വന്നപ്പോൾ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നി​യ​തെന്നു മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കു​ന്നു. ആത്മപു​ത്ര​ന്മാ​രിൽ ഒരാൾ ആദ്യസ്‌ത്രീ​യായ ഹവ്വയോട്‌ ദൈവ​ത്തെ​ക്കു​റിച്ച്‌ നുണ പറഞ്ഞു. അവൾ അതു വിശ്വ​സി​ച്ചു. അങ്ങനെ നമ്മുടെ ആദ്യമാ​താ​പി​താ​ക്കൾ യഹോ​വയെ ധിക്കരി​ക്കു​ക​യും ചെയ്‌തു. ഫലം എന്തായി​രു​ന്നു? പാപവും മരണവും മനുഷ്യ​കു​ടും​ബ​ത്തി​ലേക്കു കടന്നു​വന്നു. (ഉൽപ. 3:1-6; റോമ. 5:12) അന്ന്‌ ഏദെൻതോ​ട്ട​ത്തിൽ സാത്താൻ പറഞ്ഞു​തു​ട​ങ്ങിയ നുണക​ളാണ്‌ മരണവും യുദ്ധവും ദുരി​ത​ങ്ങ​ളും ഉൾപ്പെടെ നമ്മൾ ഇന്നു കാണുന്ന എല്ലാ പ്രശ്‌ന​ങ്ങൾക്കു​മുള്ള കാരണം. തന്നെക്കു​റി​ച്ചുള്ള നുണക​ളും അതിന്റെ പരിണ​ത​ഫ​ല​ങ്ങ​ളും യഹോ​വയെ വേദനി​പ്പി​ക്കു​ന്നു​ണ്ടാ​കി​ല്ലേ? തീർച്ച​യാ​യും. പക്ഷേ ദൈവം അതിന്റെ പേരിൽ കോപ​മോ പകയോ വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നില്ല. പകരം, യഹോവ എപ്പോ​ഴും ‘സന്തോ​ഷ​മുള്ള ദൈവം​ത​ന്നെ​യാണ്‌.’—1 തിമൊ. 1:11.

3. നമുക്ക്‌ എന്തിനുള്ള അവസര​മുണ്ട്‌?

3 യഹോ​വ​യു​ടെ പേര്‌ പരിശു​ദ്ധ​മാ​ക്കു​ന്ന​തിൽ നമുക്കും ഒരു പങ്കുണ്ട്‌. അതിനു നമ്മൾ ലളിത​മായ ഈ കല്പന അനുസ​രി​ച്ചാൽ മതി: “യഹോ​വ​യു​ടെ പേരിനെ സ്‌തു​തി​ക്കു​വിൻ!” (സങ്കീ. 113:1) യഹോ​വ​യെ​ക്കു​റി​ച്ചുള്ള സത്യങ്ങൾ മറ്റുള്ള​വ​രോ​ടു പറയു​മ്പോൾ നമ്മൾ യഹോ​വ​യു​ടെ നാമത്തെ സ്‌തു​തി​ക്കു​ക​യാണ്‌. നിങ്ങൾ അതു ചെയ്യു​മോ? ദൈവ​നാ​മത്തെ മുഴു​ഹൃ​ദ​യ​ത്തോ​ടെ സ്‌തു​തി​ക്കാൻ നമ്മളെ ശക്തമായി പ്രേരി​പ്പി​ക്കുന്ന മൂന്നു കാര്യങ്ങൾ നോക്കാം.

ദൈവ​നാ​മം സ്‌തു​തി​ക്കു​ന്നത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കും

4. നമ്മൾ യഹോ​വയെ സ്‌തു​തി​ക്കു​മ്പോൾ യഹോവ സന്തോ​ഷി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, ഒരു ഉദാഹ​രണം പറയുക. (ചിത്ര​വും കാണുക.)

4 നമ്മൾ യഹോ​വ​യു​ടെ നാമത്തെ സ്‌തു​തി​ക്കു​മ്പോൾ അത്‌ സ്വർഗീ​യ​പി​താ​വി​നെ സന്തോ​ഷി​പ്പി​ക്കും. (സങ്കീ. 119:108) അതിന്റെ അർഥം സ്വന്തം കഴിവു​ക​ളിൽ ആത്മവി​ശ്വാ​സം ഇല്ലാത്ത​തു​കൊണ്ട്‌ മറ്റുള്ള​വ​രിൽനിന്ന്‌ പുകഴ്‌ച കിട്ടണ​മെന്ന്‌ ആഗ്രഹി​ക്കുന്ന അപൂർണ​മ​നു​ഷ്യ​രെ​പ്പോ​ലെ​യാ​ണു പരമാ​ധി​കാ​രി​യായ ദൈവം എന്നാണോ? അല്ല. ഈ ഉദാഹ​രണം ചിന്തി​ക്കുക: ഒരു കുഞ്ഞു​മകൾ വളരെ സ്‌നേ​ഹ​ത്തോ​ടെ അപ്പന്റെ തോളിൽ കൈയി​ട്ടിട്ട്‌ പറയു​ക​യാണ്‌, “പപ്പയാണ്‌ ഈ ലോക​ത്തി​ലെ ഏറ്റവും നല്ല പപ്പ.” അതു കേൾക്കു​മ്പോൾ ആ പിതാ​വിന്‌ എത്ര സന്തോഷം തോന്നും അല്ലേ? അങ്ങനെ സന്തോഷം തോന്നാൻ കാരണം, അദ്ദേഹം കുട്ടി​യു​ടെ പ്രോ​ത്സാ​ഹ​ന​വാ​ക്കു​കൾ കേൾക്കാ​തെ മുന്നോ​ട്ടു​പോ​കാൻ കഴിയാത്ത, ആത്മവി​ശ്വാ​സ​മി​ല്ലാത്ത ഒരാൾ ആയതു​കൊ​ണ്ടാ​ണോ? അല്ലെന്നു നമുക്ക്‌ അറിയാം. അദ്ദേഹം ആത്മവി​ശ്വാ​സ​മുള്ള ഒരു പിതാ​വു​ത​ന്നെ​യാണ്‌. തന്റെ മകളെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ അവൾ സ്‌നേ​ഹ​വും നന്ദിയും കാണി​ക്കു​മ്പോൾ അദ്ദേഹ​ത്തി​നു സന്തോഷം തോന്നു​ന്നു. അത്തരം ഗുണങ്ങൾ വളർന്നു​വ​രു​മ്പോൾ അവൾക്കു ഗുണം ചെയ്യു​മെ​ന്നും അദ്ദേഹ​ത്തിന്‌ അറിയാം. ഇതേ കാരണ​ങ്ങൾകൊ​ണ്ടു​ത​ന്നെ​യാണ്‌ നമ്മു​ടെ​യെ​ല്ലാം പിതാ​വായ യഹോ​വ​യും നമ്മൾ ദൈവത്തെ സ്‌തു​തി​ക്കു​മ്പോൾ സന്തോ​ഷി​ക്കു​ന്നത്‌.

കുഞ്ഞ്‌ സ്‌നേ​ഹ​വും നന്ദിയും പ്രകടി​പ്പി​ക്കു​മ്പോൾ ഒരു അപ്പനു സന്തോഷം തോന്നു​ന്ന​തു​പോ​ലെ നമ്മൾ ദൈവ​ത്തി​ന്റെ പേര്‌ സ്‌തു​തി​ക്കു​മ്പോൾ യഹോ​വ​യ്‌ക്കും സന്തോഷം തോന്നു​ന്നു (4-ാം ഖണ്ഡിക കാണുക)


5. ദൈവ​നാ​മത്തെ സ്‌തു​തി​ക്കു​മ്പോൾ ഏതു നുണ തെറ്റാ​ണെന്നു തെളി​യി​ക്കാൻ നമുക്കു കഴിയും?

5 നമ്മൾ സ്വർഗീ​യ​പി​താ​വി​നെ സ്‌തു​തി​ക്കു​മ്പോൾ സാത്താൻ നമ്മളെ​ക്കു​റി​ച്ചു​തന്നെ പറഞ്ഞ ഒരു നുണ തെറ്റാ​ണെന്നു തെളി​യി​ക്കാൻ നമുക്കു കഴിയും. ഒരു മനുഷ്യ​നും ദൈവ​നാ​മത്തെ വിശ്വ​സ്‌ത​മാ​യി പിന്തു​ണ​യ്‌ക്കി​ല്ലെ​ന്നും പരി​ശോ​ധന നേരി​ട്ടാൽ നിഷ്‌ക​ള​ങ്ക​നാ​യി തുടരി​ല്ലെ​ന്നും ആണ്‌ സാത്താന്റെ വാദം. സ്വന്തം നേട്ടത്തി​നു​വേണ്ടി മനുഷ്യൻ ദൈവ​ത്തെ​പ്പോ​ലും തള്ളിപ്പ​റ​യാൻ തയ്യാറാ​കു​മെന്നു സാത്താൻ പറയുന്നു. (ഇയ്യോ. 1:9-11; 2:4) പക്ഷേ വിശ്വ​സ്‌ത​നായ ഇയ്യോബ്‌ സാത്താൻ ഒരു നുണയ​നാ​ണെന്നു തെളി​യി​ച്ചു. നിങ്ങളും അങ്ങനെ ചെയ്യു​മോ? ദൈവ​നാ​മ​ത്തി​നു​വേണ്ടി വിശ്വ​സ്‌ത​മാ​യി നിൽക്കാ​നും നിഷ്‌ക​ള​ങ്ക​ത​യോ​ടെ ദൈവത്തെ സേവി​ച്ചു​കൊണ്ട്‌ ദൈവത്തെ സന്തോ​ഷി​പ്പി​ക്കാ​നും നമു​ക്കെ​ല്ലാം അവസര​മുണ്ട്‌. (സുഭാ. 27:11) അത്‌ എത്ര വലി​യൊ​രു കാര്യ​മാണ്‌!

6. ദാവീദ്‌ രാജാ​വി​നെ​യും ലേവ്യ​രെ​യും നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം? (നെഹമ്യ 9:5)

6 യഹോ​വയെ സ്‌നേ​ഹി​ക്കുന്ന ആളുകൾ മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യു​ടെ നാമത്തെ സ്‌തു​തി​ക്കും. ദാവീദ്‌ രാജാവ്‌ എഴുതി: “ഞാൻ യഹോ​വയെ സ്‌തു​തി​ക്കട്ടെ; എന്നുള്ളം മുഴുവൻ വിശു​ദ്ധ​മായ തിരു​നാ​മം വാഴ്‌ത്തട്ടെ.” (സങ്കീ. 103:1) യഹോ​വ​യു​ടെ നാമത്തെ സ്‌തു​തി​ക്കുക എന്നു പറഞ്ഞാൽ യഹോ​വ​യെ​ത്തന്നെ സ്‌തു​തി​ക്കുക എന്നാ​ണെന്നു ദാവീദ്‌ മനസ്സി​ലാ​ക്കി. യഹോ​വ​യു​ടെ പേരി​നെ​ക്കു​റിച്ച്‌ കേൾക്കു​മ്പോൾ യഹോ​വ​യു​ടെ വ്യക്തി​ത്വ​മാ​ണു മനസ്സി​ലേ​ക്കു​വ​രു​ന്നത്‌. അതായത്‌, യഹോ​വ​യു​ടെ മനോ​ഹ​ര​മായ ഗുണങ്ങ​ളും അതിശ​യ​ക​ര​മായ പ്രവൃ​ത്തി​ക​ളും എല്ലാം. തന്റെ പിതാ​വി​ന്റെ പേരിനെ പരിശു​ദ്ധ​മാ​യി കാണാ​നും അതിനെ സ്‌തു​തി​ക്കാ​നും ദാവീദ്‌ ആഗ്രഹി​ച്ചു. ‘ഉള്ളം മുഴു​വ​നോ​ടെ,’ അതായത്‌ മുഴു​ഹൃ​ദ​യ​ത്തോ​ടെ​യാണ്‌ ദാവീദ്‌ അതു ചെയ്‌തത്‌. ഇതു​പോ​ലെ ലേവ്യ​രും യഹോ​വയെ സ്‌തു​തി​ക്കു​ന്ന​തിൽ നേതൃ​ത്വ​മെ​ടു​ത്തു. എത്രതന്നെ സ്‌തു​തി​ച്ചാ​ലും യഹോ​വ​യു​ടെ അതിപ​രി​ശു​ദ്ധ​നാ​മം അർഹി​ക്കുന്ന അത്രയും സ്‌തുതി കൊടു​ക്കാൻ തങ്ങൾക്കു കഴിയി​ല്ലെന്ന്‌ അവർ താഴ്‌മ​യോ​ടെ അംഗീ​ക​രി​ച്ചു. (നെഹമ്യ 9:5 വായി​ക്കുക.) ഇത്തരത്തിൽ താഴ്‌മ​യോ​ടെ, ഹൃദയ​പൂർവം നമ്മൾ യഹോ​വയെ സ്‌തു​തി​ക്കു​മ്പോൾ അത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കും.

7. ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കു​മ്പോ​ഴും മറ്റുള്ള​വ​രോട്‌ ഇടപെ​ടു​മ്പോ​ഴും നമുക്ക്‌ എങ്ങനെ യഹോ​വയെ സ്‌തു​തി​ക്കാം?

7 യഹോ​വ​യെ​ക്കു​റിച്ച്‌ സ്‌നേ​ഹ​ത്തോ​ടെ​യും നന്ദി​യോ​ടെ​യും മറ്റുള്ള​വ​രോ​ടു സംസാ​രി​ച്ചു​കൊണ്ട്‌ നമുക്ക്‌ യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കാം. ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കു​മ്പോൾ നമ്മുടെ പ്രധാന ഉദ്ദേശ്യം യഹോ​വയെ അറിയാൻ ആളുകളെ സഹായി​ക്കുക എന്നതാണ്‌. നമ്മളെ​പ്പോ​ലെ​തന്നെ അവരും യഹോ​വയെ സ്‌നേ​ഹ​മുള്ള പിതാ​വാ​യി കാണാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. (യാക്കോ. 4:8) യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തെ​ക്കു​റിച്ച്‌, യഹോ​വ​യു​ടെ സ്‌നേഹം നീതി, ജ്ഞാനം, ശക്തി എന്നിവ​പോ​ലുള്ള മനോ​ഹ​ര​മായ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ നമ്മൾ മറ്റുള്ള​വർക്കു സന്തോ​ഷ​ത്തോ​ടെ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കു​ന്നു. ഇനി, യഹോ​വയെ അനുക​രി​ച്ചു​കൊ​ണ്ടും നമ്മൾ യഹോ​വയെ സ്‌തു​തി​ക്കു​ക​യും സന്തോ​ഷി​പ്പി​ക്കു​ക​യും ചെയ്യുന്നു. (എഫെ. 5:1) അങ്ങനെ ചെയ്യു​മ്പോൾ ഈ ദുഷ്ട​ലോ​ക​ത്തി​ലെ ആളുക​ളിൽനിന്ന്‌ നമ്മൾ വ്യത്യ​സ്‌ത​രാ​യി നിൽക്കും. അതു മറ്റുള്ളവർ ശ്രദ്ധി​ക്കു​ക​യും ചെയ്യും. (മത്താ. 5:14-16) ഓരോ ദിവസ​വും മറ്റുള്ള​വ​രോട്‌ ഇടപെ​ടു​മ്പോൾ നമ്മൾ വ്യത്യ​സ്‌ത​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു വിശദീ​ക​രി​ക്കാൻ ചില​പ്പോൾ അവസര​വും കിട്ടി​യേ​ക്കാം. അതിലൂ​ടെ ആത്മാർഥ​ഹൃ​ദ​യ​രായ ആളുകൾക്ക്‌ യഹോ​വ​യി​ലേ​ക്കുള്ള വഴി തുറക്കു​ക​യാ​ണു നമ്മൾ. ഈ വിധങ്ങ​ളി​ലെ​ല്ലാം യഹോ​വയെ സ്‌തു​തി​ക്കു​ന്നതു നമ്മുടെ പിതാ​വി​നെ സന്തോ​ഷി​പ്പി​ക്കും.—1 തിമൊ. 2:3, 4.

ദൈവ​നാ​മം സ്‌തു​തി​ക്കു​ന്നത്‌ യേശു​വി​നെ സന്തോ​ഷി​പ്പി​ക്കും

8. യഹോ​വ​യു​ടെ നാമം സ്‌തു​തി​ക്കു​ന്ന​തിൽ യേശു എങ്ങനെ​യാണ്‌ മികച്ച മാതൃ​ക​വെ​ച്ചത്‌?

8 സ്വർഗ​ത്തി​ലെ​യും ഭൂമി​യി​ലെ​യും ബുദ്ധി​ശ​ക്തി​യുള്ള എല്ലാ സൃഷ്ടി​ക​ളി​ലും​വെച്ച്‌ പുത്ര​നാണ്‌ പിതാ​വി​നെ ഏറ്റവും നന്നായി അറിയാ​വു​ന്നത്‌. (മത്താ. 11:27) യേശു തന്റെ പിതാ​വി​നെ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ പിതാ​വി​ന്റെ പേരിനെ സ്‌തു​തി​ക്കു​ന്ന​തിൽ യേശു മികച്ച മാതൃ​ക​വെച്ചു. (യോഹ. 14:31) എന്നാൽ എങ്ങനെ? മരണത്തി​ന്റെ തലേരാ​ത്രി​യിൽ പിതാ​വി​നോ​ടു പ്രാർഥി​ച്ച​പ്പോൾ ശുശ്രൂ​ഷ​യിൽ താൻ ചെയ്‌ത ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യ​ത്തെ​ക്കു​റിച്ച്‌ യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ അങ്ങയുടെ പേര്‌ ഇവരെ അറിയി​ച്ചി​രി​ക്കു​ന്നു.” (യോഹ. 17:26) യേശു എന്താണ്‌ അർഥമാ​ക്കി​യത്‌?

9. തന്റെ പിതാ​വി​നെ ഏറ്റവും നന്നായി വരച്ചു​കാ​ട്ടുന്ന ഏതു ദൃഷ്ടാ​ന്ത​ക​ഥ​യാണ്‌ യേശു പറഞ്ഞത്‌?

9 അന്നത്തെ ജൂതന്മാർക്ക്‌ ദൈവ​നാ​മം അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ പേര്‌ യഹോ​വ​യാ​ണെന്ന്‌ അവർക്ക്‌ പറഞ്ഞു​കൊ​ടു​ക്കേണ്ട ആവശ്യ​മി​ല്ലാ​യി​രു​ന്നു. പിന്നെ എങ്ങനെ​യാണ്‌ യേശു അവരെ ദൈവ​ത്തി​ന്റെ പേര്‌ അറിയി​ച്ചത്‌? ‘ദൈവ​ത്തെ​ക്കു​റിച്ച്‌ വിവരി​ച്ചു​കൊ​ടു​ത്തു​കൊണ്ട്‌.’ (യോഹ. 1:17, 18) ഉദാഹ​ര​ണ​ത്തിന്‌, എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ യഹോവ കരുണ​യും അനുക​മ്പ​യും ഉള്ള ദൈവ​മാ​ണെന്നു പറയു​ന്നുണ്ട്‌. (പുറ. 34:5-7) ധൂർത്ത​പു​ത്ര​നെ​യും അവന്റെ പിതാ​വി​നെ​യും കുറി​ച്ചുള്ള ദൃഷ്ടാ​ന്തകഥ പറഞ്ഞ​പ്പോൾ യേശു ആ സത്യം കുറെ​ക്കൂ​ടെ വ്യക്തമാ​ക്കി​ക്കൊ​ടു​ത്തു. പശ്ചാത്ത​പിച്ച മകനെ ‘ദൂരെ​വെ​ച്ചു​തന്നെ തിരി​ച്ച​റി​യു​ക​യും’ അവനെ ഓടി​ച്ചെന്ന്‌ കെട്ടി​പ്പി​ടി​ക്കു​ക​യും അവനോ​ടു മനസ്സോ​ടെ ക്ഷമിക്കു​ക​യും ഒക്കെ ചെയ്‌ത അപ്പനെ​ക്കു​റിച്ച്‌ വായി​ക്കു​മ്പോൾ യഹോ​വ​യു​ടെ കരുണ​യു​ടെ​യും അനുക​മ്പ​യു​ടെ​യും മനോ​ഹ​ര​മാ​യൊ​രു ചിത്ര​മാണ്‌ നമ്മുടെ മനസ്സി​ലേക്കു വരുന്നത്‌. (ലൂക്കോ. 15:11-32) തന്റെ പിതാവ്‌ എങ്ങനെ​യാ​ണോ അങ്ങനെ​തന്നെ യേശു യഹോ​വയെ വരച്ചു​കാ​ട്ടി.

10. (എ) യേശു പിതാ​വി​ന്റെ പേര്‌ ഉപയോ​ഗി​ച്ചെ​ന്നും മറ്റുള്ള​വ​രും അതുതന്നെ ചെയ്യാൻ ആഗ്രഹി​ച്ചെ​ന്നും നമുക്ക്‌ എങ്ങനെ അറിയാം? (മർക്കോസ്‌ 5:19) (ചിത്ര​വും കാണുക.) (ബി) ഇന്നു നമ്മൾ എന്തു ചെയ്യാൻ യേശു ആഗ്രഹി​ക്കു​ന്നു?

10 മറ്റുള്ളവർ പിതാ​വി​ന്റെ പേര്‌ ഉപയോ​ഗി​ച്ചു​കാ​ണാൻ യേശു ആഗ്രഹി​ച്ചോ? തീർച്ച​യാ​യും. അക്കാലത്തെ ചില മതനേ​താ​ക്ക​ന്മാർ ദൈവ​നാ​മം ഉച്ചരി​ക്കു​ന്നത്‌ ഒരു അനാദ​ര​വാ​യി കണ്ടിരു​ന്നു. എന്നാൽ തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠി​ത​മ​ല്ലാത്ത അത്തരം വിശ്വാ​സ​ങ്ങ​ളൊ​ന്നും ദൈവ​നാ​മം ഉപയോ​ഗി​ക്കു​ന്ന​തിൽനി​ന്നും യേശു​വി​നെ തടഞ്ഞില്ല. യേശു ഒരിക്കൽ ഗരസേ​ന്യ​രു​ടെ നാട്ടിൽ ഭൂതബാ​ധി​ത​നായ ഒരു മനുഷ്യ​നെ സുഖ​പ്പെ​ടു​ത്തി. ആകെ പേടി തോന്നിയ അവിടത്തെ ആളുകൾ അവിടം വിട്ടു​പോ​കാൻ യേശു​വി​നോട്‌ അപേക്ഷി​ച്ചു. അങ്ങനെ യേശു​വിന്‌ ആ പ്രദേ​ശ​ത്തു​നിന്ന്‌ പോ​കേ​ണ്ടി​വന്നു. (മർക്കോ. 5:16, 17) എന്നാൽ അവി​ടെ​യു​ള്ളവർ യഹോ​വ​യു​ടെ നാമ​ത്തെ​ക്കു​റിച്ച്‌ അറിയ​ണ​മെ​ന്ന​താ​യി​രു​ന്നു യേശു​വി​ന്റെ ആഗ്രഹം. അതു​കൊ​ണ്ടാണ്‌, യഹോവ ചെയ്‌തു​കൊ​ടുത്ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആളുക​ളോ​ടു വിവരി​ക്കാൻ താൻ സുഖ​പ്പെ​ടു​ത്തിയ മനുഷ്യ​നോട്‌ യേശു പറഞ്ഞത്‌. താൻ ചെയ്‌ത കാര്യ​ങ്ങളല്ല, പകരം യഹോ​വ​യു​ടെ പേര്‌ ആളുകൾ അറിയാ​നാണ്‌ യേശു ആഗ്രഹി​ച്ചത്‌. (മർക്കോസ്‌ 5:19 വായി​ക്കുക.) a ഇന്നും യേശു​വി​ന്റെ ആഗ്രഹം അതുത​ന്നെ​യാണ്‌. തന്റെ പിതാ​വി​ന്റെ പേര്‌ നമ്മൾ ഭൂമി മുഴുവൻ അറിയി​ക്കാൻ യേശു ആഗ്രഹി​ക്കു​ന്നു. (മത്താ. 24:14; 28:19, 20) അങ്ങനെ ചെയ്യു​മ്പോൾ നമ്മുടെ രാജാ​വായ യേശു​വി​നെ നമ്മൾ സന്തോ​ഷി​പ്പി​ക്കു​ക​യാണ്‌.

യഹോവ ചെയ്‌തു​കൊ​ടുത്ത കാര്യങ്ങൾ ആളുക​ളോ​ടു പോയി വിവരി​ക്കാൻ താൻ സുഖ​പ്പെ​ടു​ത്തിയ മനുഷ്യ​നോട്‌ യേശു പറഞ്ഞു (10-ാം ഖണ്ഡിക കാണുക)


11. ഏതു കാര്യ​ത്തെ​ക്കു​റിച്ച്‌ പ്രാർഥി​ക്കാ​നാണ്‌ യേശു തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ചത്‌, യഹസ്‌കേൽ 36:23 അനുസ​രിച്ച്‌ അത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 ആരോ​പ​ണ​ങ്ങ​ളെ​ല്ലാം നീക്കി ദൈവ​നാ​മം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടണം എന്നതാണ്‌ യഹോ​വ​യു​ടെ ഉദ്ദേശ്യ​മെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ യേശു തന്റെ അനുഗാ​മി​കളെ ഇങ്ങനെ പ്രാർഥി​ക്കാൻ പഠിപ്പി​ച്ചത്‌: “സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ.” (മത്താ. 6:9) ഈ പ്രപഞ്ച​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട പ്രശ്‌നം ഇതാ​ണെന്നു യേശു​വിന്‌ അറിയാം. (യഹസ്‌കേൽ 36:23 വായി​ക്കുക.) യഹോ​വ​യു​ടെ നാമം വിശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​വേണ്ടി ഇത്രമാ​ത്രം പ്രവർത്തിച്ച വേറൊ​രു സൃഷ്ടി​യു​മില്ല. എന്നിട്ടും യേശു​വി​നെ അറസ്റ്റ്‌ ചെയ്‌ത സമയത്ത്‌ ശത്രുക്കൾ ആരോ​പിച്ച കുറ്റം എന്താ​ണെന്നു നിങ്ങൾ ഓർക്കു​ന്നി​ല്ലേ? ദൈവ​നി​ന്ദകൻ എന്ന കുറ്റം! പിതാ​വി​ന്റെ വിശു​ദ്ധ​നാ​മത്തെ നിന്ദി​ക്കു​ന്നത്‌ ഏറ്റവും കടുത്ത പാപമാ​ണെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌, തന്നെ ദൈവ​നി​ന്ദ​ക​നാ​യി മുദ്ര​കു​ത്തു​മെന്ന ചിന്ത യേശു​വി​ന്റെ ഹൃദയത്തെ തകർത്തു​ക​ളഞ്ഞു. തന്നെ അറസ്റ്റ്‌ ചെയ്യു​ന്ന​തി​നു മുമ്പുള്ള മണിക്കൂ​റു​ക​ളിൽ യേശു​വിന്‌ “കടുത്ത മനോ​വേദന” തോന്നി​യ​തി​ന്റെ പ്രധാ​ന​കാ​രണം ഇതായി​രി​ക്കണം.—ലൂക്കോ. 22:41-44.

12. ഏറ്റവും മികച്ച രീതി​യിൽ യേശു തന്റെ പിതാ​വി​ന്റെ നാമം പരിശു​ദ്ധ​മാ​ക്കി​യത്‌ എങ്ങനെ​യാണ്‌?

12 പിതാ​വി​ന്റെ പേര്‌ പരിശു​ദ്ധ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ യേശു തനിക്കു നേരിട്ട ആരോ​പ​ണ​ങ്ങ​ളും ഉപദ്ര​വ​വും അപമാ​ന​വും എല്ലാം സഹിച്ചു​നി​ന്നത്‌. എല്ലാ കാര്യ​ങ്ങ​ളി​ലും താൻ പിതാ​വി​നെ അനുസ​രി​ച്ചെന്ന്‌ യേശു​വിന്‌ ഉറപ്പാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ യേശു​വി​നു നാണ​ക്കേടു തോന്നാൻ കാരണങ്ങൾ ഒന്നുമു​ണ്ടാ​യി​രു​ന്നില്ല. (എബ്രാ. 12:2) തന്റെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രയാസം നിറഞ്ഞ ആ സമയങ്ങ​ളിൽ സാത്താൻ നേരിട്ട്‌ ആക്രമി​ക്കു​ക​യാ​ണെന്ന്‌ യേശു മനസ്സി​ലാ​ക്കി. (ലൂക്കോ. 22:2-4; 23:33, 34) യേശു​വി​ന്റെ വിശ്വ​സ്‌തത തകർക്കാ​മെന്നു സാത്താൻ പ്രതീ​ക്ഷി​ച്ചു​കാ​ണും. പക്ഷേ സാത്താൻ ദയനീ​യ​മാ​യി പരാജ​യ​പ്പെട്ടു. സാത്താൻ നിർദ​യ​നായ ഒരു നുണയ​നാ​ണെ​ന്നും കടുത്ത പരി​ശോ​ധ​നകൾ ഉണ്ടാകു​മ്പോ​ഴും വിശ്വ​സ്‌ത​രാ​യി നിൽക്കുന്ന ദാസന്മാർ യഹോ​വ​യ്‌ക്കു​ണ്ടെ​ന്നും യേശു തെളി​യി​ച്ചു.

13. നിങ്ങളു​ടെ രാജാ​വി​നെ സന്തോ​ഷി​പ്പി​ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

13 നിങ്ങളു​ടെ രാജാ​വായ യേശു​വി​നെ സന്തോ​ഷി​പ്പി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നി​ല്ലേ? എങ്കിൽ തുടർന്നും യഹോ​വ​യു​ടെ പേരിനെ സ്‌തു​തി​ക്കുക, നമ്മുടെ ദൈവം ശരിക്കും എങ്ങനെ​യുള്ള വ്യക്തി​യാ​ണെന്നു മനസ്സി​ലാ​ക്കാൻ മറ്റുള്ള​വരെ സഹായി​ക്കുക. അങ്ങനെ നിങ്ങൾക്ക്‌ യേശു​വി​ന്റെ കാലടി​കൾ പിന്തു​ട​രാൻ കഴിയും. (1 പത്രോ. 2:21) അപ്പോൾ യേശു​വി​നെ​പ്പോ​ലെ നിങ്ങളും യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കും, ദൈവ​ത്തി​ന്റെ എതിരാ​ളി​യായ സാത്താൻ നാണം​കെട്ട ഒരു നുണയ​നാ​ണെന്നു തെളി​യി​ക്കും!

ദൈവ​നാ​മം സ്‌തു​തി​ക്കു​ന്നത്‌ ആളുക​ളു​ടെ ജീവൻ രക്ഷിക്കും

14-15. യഹോ​വ​യെ​ക്കു​റിച്ച്‌ ആളുകളെ പഠിപ്പി​ക്കു​മ്പോൾ വലിയ എന്തൊക്കെ മാറ്റങ്ങൾ കാണാൻ നമുക്കു കഴി​ഞ്ഞേ​ക്കാം?

14 യഹോ​വ​യു​ടെ നാമം സ്‌തു​തി​ക്കു​മ്പോൾ നമ്മൾ ആളുക​ളു​ടെ ജീവൻ രക്ഷിക്കാൻ സഹായി​ക്കു​ക​യാണ്‌. അത്‌ എങ്ങനെ? സാത്താൻ ഇന്ന്‌ ‘അവിശ്വാ​സി​ക​ളു​ടെ മനസ്സ്‌ അന്ധമാ​ക്കി​യി​രി​ക്കു​ന്നു.’ (2 കൊരി. 4:4) ദൈവ​ത്തെ​ക്കു​റി​ച്ചുള്ള പല നുണക​ളും പ്രചരി​പ്പി​ച്ചു​കൊ​ണ്ടാണ്‌ അവൻ അതു ചെയ്യു​ന്നത്‌. അതു​കൊണ്ട്‌ ദൈവം ഇല്ലെന്നോ ദൈവം മനുഷ്യ​രെ​ക്കു​റിച്ച്‌ ഒരു ചിന്തയു​മി​ല്ലാത്ത ആളാ​ണെ​ന്നോ തെറ്റു ചെയ്യു​ന്ന​വരെ എന്നേക്കു​മിട്ട്‌ നരകി​പ്പി​ക്കുന്ന ഒരു ക്രൂര​നാ​ണെ​ന്നോ ഒക്കെ ആളുകൾ വിശ്വ​സി​ച്ചി​രി​ക്കു​ക​യാണ്‌. സാത്താൻ എന്തിനാണ്‌ ഈ നുണക​ളെ​ല്ലാം പറയു​ന്നത്‌? യഹോ​വ​യു​ടെ സത്‌പേര്‌ ഇല്ലാതാ​ക്കാൻ; യഹോ​വ​യോട്‌ അടുക്കു​ന്ന​തിൽനിന്ന്‌ ആളുകളെ തടയാൻ. എന്നാൽ നമ്മൾ പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​മ്പോൾ സാത്താന്റെ ഈ ഉദ്ദേശ്യം തകർക്കു​ക​യാണ്‌. പിതാ​വി​നെ​ക്കു​റി​ച്ചുള്ള സത്യം നമ്മൾ ആളുകളെ അറിയി​ക്കു​ന്നു. അങ്ങനെ വിശു​ദ്ധ​മായ ദൈവ​നാ​മത്തെ നമ്മൾ സ്‌തു​തി​ക്കു​ന്നു. എന്താണ്‌ അതിന്റെ ഫലം?

15 ദൈവ​വ​ച​ന​ത്തി​ലെ സത്യങ്ങൾക്ക്‌ അപാര​മായ ശക്തിയുണ്ട്‌. യഹോ​വ​യെ​ക്കു​റി​ച്ചും യഹോവ എങ്ങനെ​യുള്ള ഒരു വ്യക്തി​യാണ്‌ എന്നതി​നെ​ക്കു​റി​ച്ചും ആളുകളെ പഠിപ്പി​ക്കു​മ്പോൾ അവരിൽ വലിയ മാറ്റങ്ങൾ ഉണ്ടാകു​ന്നത്‌ കാണാൻ നമുക്കു കഴിയും. നുണകൾകൊണ്ട്‌ സാത്താൻ തീർത്ത മൂടു​പ​ട​ത്തിൽനിന്ന്‌ അവർ പതി​യെ​പ്പ​തി​യെ പുറത്തു​വ​രും; അങ്ങനെ സ്‌നേ​ഹ​വാ​നായ പിതാ​വി​നെ നമ്മൾ കാണു​ന്ന​തു​പോ​ലെ അവരും കാണാൻ തുടങ്ങും. യഹോ​വ​യു​ടെ അളവറ്റ ശക്തി അവരെ അത്ഭുത​പ്പെ​ടു​ത്തും. (യശ. 40:26) യഹോ​വ​യു​ടെ തികവുറ്റ നീതി​യെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കു​മ്പോൾ അവർ യഹോ​വ​യിൽ ആശ്രയി​ക്കാൻ തുടങ്ങും. (ആവ. 32:4) ദൈവ​ത്തി​ന്റെ അപാര​മായ ജ്ഞാനത്തിൽനിന്ന്‌ അവർ ഒരുപാ​ടു കാര്യങ്ങൾ പഠിക്കും. (യശ. 55:9; റോമ. 11:33) യഹോവ സ്‌നേ​ഹം​ത​ന്നെ​യാ​ണെന്നു തിരി​ച്ച​റി​യു​മ്പോൾ അവർക്ക്‌ ആശ്വാസം തോന്നും. (1 യോഹ. 4:8) അങ്ങനെ അവർ ദൈവ​ത്തോട്‌ അടുക്കു​മ്പോൾ ദൈവ​മക്കൾ എന്ന നിലയിൽ എന്നേക്കും ജീവി​ക്കാ​നുള്ള പ്രത്യാശ കൂടുതൽ ഉറപ്പു​ള്ള​താ​യി​ത്തീ​രും. ഇത്തരത്തിൽ ആളുകളെ അവരുടെ പിതാ​വി​നോട്‌ അടുക്കാൻ സഹായി​ക്കു​ന്നത്‌ എത്ര മഹത്തായ ഒരു കാര്യ​മാണ്‌! നമ്മൾ അങ്ങനെ ചെയ്യു​മ്പോൾ യഹോവ തന്റെ ‘സഹപ്ര​വർത്ത​ക​രാ​യി’ നമ്മളെ കാണും.—1 കൊരി. 3:5, 9.

16. ദൈവ​ത്തി​ന്റെ പേര്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കി​യത്‌ ചിലരെ എങ്ങനെ​യാണ്‌ സ്വാധീ​നി​ച്ചി​രി​ക്കു​ന്നത്‌? ഉദാഹ​ര​ണങ്ങൾ പറയുക.

16 ആദ്യം നമ്മൾ ദൈവ​ത്തി​ന്റെ പേര്‌ യഹോവ ആണെന്നു മാത്ര​മാ​യി​രി​ക്കും ആളുകൾക്ക്‌ പറഞ്ഞു​കൊ​ടു​ക്കു​ന്നത്‌. അതിനു​പോ​ലും ആത്മാർഥ​ഹൃ​ദ​യ​രായ ആളുക​ളിൽ വലിയ സ്വാധീ​നം ചെലു​ത്താൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, ചെറു​പ്പ​ക്കാ​രി​യായ ആലിയ b ഒരു ക്രിസ്‌തീ​യ​പ​ശ്ചാ​ത്ത​ല​ത്തിൽ അല്ല വളർന്നു​വ​ന്നത്‌. അവൾക്ക്‌ അവളുടെ മതത്തി​ലോ ദൈവ​ത്തി​ലോ ഒരു താത്‌പ​ര്യ​വും ഇല്ലായി​രു​ന്നു. എന്നാൽ സാക്ഷി​ക​ളു​ടെ​കൂ​ടെ ബൈബിൾ പഠിച്ചു​തു​ട​ങ്ങി​യ​പ്പോൾ ആലിയ ദൈവത്തെ ഒരു സുഹൃ​ത്താ​യി കാണാൻതു​ടങ്ങി. പല ബൈബി​ളു​ക​ളിൽനി​ന്നും ദൈവ​ത്തി​ന്റെ പേരു നീക്കി അവിടെ കർത്താവ്‌ പോലുള്ള സ്ഥാന​പ്പേ​രു​കൾ കൊടു​ത്തി​രി​ക്കു​ന്നു എന്ന്‌ മനസ്സി​ലാ​ക്കി​യ​പ്പോൾ ആലിയ അത്ഭുത​പ്പെ​ട്ടു​പോ​യി. യഹോവ എന്ന പേരു മനസ്സി​ലാ​ക്കി​യത്‌ അവളുടെ ജീവി​ത​ത്തി​ലെ മറക്കാ​നാ​കാത്ത ഒരു നിമി​ഷ​മാ​യി​രു​ന്നു. അപ്പോൾ ആലിയ പറഞ്ഞു: “എന്റെ ഉറ്റസു​ഹൃ​ത്തായ ദൈവ​ത്തിന്‌ ഒരു പേരുണ്ട്‌!” ഈ അറിവ്‌ അവൾക്ക്‌ എങ്ങനെ​യാണ്‌ പ്രയോ​ജനം ചെയ്‌തത്‌? “എനിക്ക്‌ ഇപ്പോൾ വലിയ മനസ്സമാ​ധാ​നം ഉണ്ട്‌. ദൈവ​ത്തി​ന്റെ പേര്‌ അറിയാൻ കഴിഞ്ഞത്‌ ഒരു അനു​ഗ്ര​ഹം​ത​ന്നെ​യാണ്‌.” ഇനി, സംഗീ​ത​ജ്ഞ​നാ​യി​രുന്ന സ്റ്റീവിന്റെ അനുഭവം നോക്കാം. പാരമ്പ​ര്യം മുറു​കെ​പ്പി​ടി​ക്കുന്ന ഒരു ജൂതമ​ത​പ​ശ്ചാ​ത്ത​ല​ത്തി​ലാണ്‌ അദ്ദേഹം വളർന്നു​വ​ന്നത്‌. ഒരുപാ​ടു കള്ളത്തരങ്ങൾ നേരിൽക്ക​ണ്ട​തു​കൊണ്ട്‌ സംഘടി​ത​മായ ഒരു മതത്തിൽ അദ്ദേഹ​ത്തി​നു താത്‌പ​ര്യം ഉണ്ടായി​രു​ന്നില്ല. എന്നാൽ ഒരു ദിവസം അദ്ദേഹം, യഹോ​വ​യു​ടെ സാക്ഷികൾ തന്റെ സുഹൃ​ത്തി​നെ​ടു​ക്കുന്ന ബൈബിൾപ​ഠ​ന​ത്തിന്‌ കൂടെ​യി​രി​ക്കാൻ തയ്യാറാ​യി. തന്റെ അമ്മയുടെ മരണത്തിൽ ദുഃഖി​ച്ചി​രി​ക്കുന്ന ഒരു സമയമാ​യി​രു​ന്നു അത്‌. അവി​ടെ​വെച്ച്‌ ദൈവ​ത്തി​ന്റെ പേര്‌ എന്താ​ണെന്ന്‌ അറിഞ്ഞത്‌ സ്റ്റീവിന്റെ ഹൃദയത്തെ തൊട്ടു. അദ്ദേഹം പറയുന്നു: “മുമ്പൊ​രി​ക്ക​ലും ഞാൻ ദൈവ​ത്തി​ന്റെ പേര്‌ എന്താ​ണെന്നു കേട്ടി​ട്ടില്ല. ദൈവം ശരിക്കും ഉണ്ടെന്ന്‌, ദൈവം ഒരു യഥാർഥ​വ്യ​ക്തി​യാ​ണെന്നു ഞാൻ ആദ്യമാ​യി മനസ്സി​ലാ​ക്കി. ഒരു സുഹൃ​ത്തി​നെ എനിക്ക്‌ അന്നു കിട്ടി.”

17. യഹോ​വ​യു​ടെ പേര്‌ സ്‌തു​തി​ക്കു​ന്ന​തിൽ തുടരാൻ നിങ്ങൾ തീരു​മാ​നം എടുത്തി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ചിത്ര​വും കാണുക.)

17 പ്രസം​ഗ​പ​ഠി​പ്പി​ക്കൽ പ്രവർത്ത​ന​ത്തിൽ യഹോവ എന്ന വിശു​ദ്ധ​മായ പേര്‌ നിങ്ങൾ ആളുകളെ അറിയി​ക്കു​മോ? ദൈവം ശരിക്കും എങ്ങനെ​യുള്ള ഒരു വ്യക്തി​യാ​ണെന്നു മനസ്സി​ലാ​ക്കാൻ നിങ്ങൾ ആളുകളെ സഹായി​ക്കു​മോ? അതിലൂ​ടെ ദൈവ​നാ​മത്തെ സ്‌തു​തി​ക്കാൻ നിങ്ങൾക്കാ​കും. യഹോവ എന്ന പേരിനു പിന്നിലെ വ്യക്തിയെ മനസ്സി​ലാ​ക്കാൻ ആളുകളെ സഹായി​ച്ചു​കൊണ്ട്‌ നിങ്ങൾക്ക്‌ യഹോ​വ​യു​ടെ നാമം സ്‌തു​തി​ക്കു​ന്ന​തിൽ തുടരാം. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ ആളുക​ളു​ടെ ജീവൻ രക്ഷിക്കാ​നാ​കും. രാജാ​വായ യേശു​ക്രി​സ്‌തു വെച്ച അതേ മാതൃക പിന്തു​ട​രാ​നാ​കും. ഏറ്റവും പ്രധാ​ന​മാ​യി സ്വർഗീ​യ​പി​താ​വായ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ കഴിയും. അങ്ങനെ നിങ്ങൾക്ക്‌ ‘എന്നു​മെ​ന്നേ​ക്കും ദൈവ​ത്തി​ന്റെ പേര്‌ സ്‌തു​തി​ക്കാ​നാ​കട്ടെ!’—സങ്കീ. 145:2.

യഹോ​വ​യു​ടെ പേര്‌ ആളുകളെ പഠിപ്പി​ക്കു​ക​യും യഹോവ എങ്ങനെ​യുള്ള വ്യക്തി​യാ​ണെന്നു കാണി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നമ്മൾ ദൈവ​നാ​മത്തെ സ്‌തു​തി​ക്കു​ന്നു (17-ാം ഖണ്ഡിക കാണുക)

യഹോവയുടെ പേര്‌ സ്‌തു​തി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌ . . .

  • യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നത്‌?

  • യേശു​ക്രി​സ്‌തു​വി​നെ സന്തോ​ഷി​പ്പി​ക്കു​ന്നത്‌?

  • ആളുക​ളു​ടെ ജീവൻ രക്ഷിക്കു​ന്നത്‌?

ഗീതം 2 യഹോവ—അതാണ്‌ അങ്ങയുടെ പേര്‌

a യേശുവിന്റെ ഈ വാക്കുകൾ എഴുതി​യ​പ്പോൾ മർക്കോസ്‌ അവിടെ യഹോവ എന്ന നാമമാണ്‌ ഉപയോ​ഗി​ച്ച​തെന്നു വിശ്വ​സി​ക്കാൻ ശക്തമായ തെളി​വു​ക​ളുണ്ട്‌. അതു​കൊണ്ട്‌ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾപുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ ഈ വാക്യ​ഭാ​ഗത്ത്‌ യഹോവ എന്ന പേര്‌ പുനഃ​സ്ഥാ​പി​ച്ചി​ട്ടുണ്ട്‌. ഈ വാക്യ​ത്തി​ന്റെ പഠനക്കു​റിപ്പ്‌ കാണുക.

b പേരുകൾക്ക്‌ മാറ്റം വരുത്തി​യി​രി​ക്കു​ന്നു.