വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 7

ഗീതം 51 നമ്മൾ ദൈവ​ത്തി​നു സമർപ്പി​തർ!

നാസീർവ്ര​ത​ക്കാ​രിൽനിന്ന്‌ നമുക്കു പഠിക്കാ​നാ​കു​ന്നത്‌

നാസീർവ്ര​ത​ക്കാ​രിൽനിന്ന്‌ നമുക്കു പഠിക്കാ​നാ​കു​ന്നത്‌

“നാസീർവ്ര​ത​കാ​ലത്ത്‌ ഉടനീളം അയാൾ യഹോ​വ​യ്‌ക്കു വിശു​ദ്ധ​നാണ്‌.”സംഖ്യ 6:8.

ഉദ്ദേശ്യം

ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കാ​നും യഹോ​വ​യ്‌ക്കു​വേണ്ടി മനസ്സോ​ടെ ത്യാഗങ്ങൾ ചെയ്യാ​നും നാസീർവ്ര​ത​ക്കാ​രു​ടെ മാതൃക നമ്മളെ സഹായി​ക്കുന്ന വിധം.

1. ചരി​ത്ര​ത്തി​ലു​ട​നീ​ളം യഹോ​വ​യു​ടെ ആരാധകർ കാണി​ച്ചി​രി​ക്കുന്ന മനോ​ഭാ​വം എന്താണ്‌?

 യഹോ​വ​യു​മാ​യുള്ള ബന്ധം നിങ്ങൾക്ക്‌ അമൂല്യ​മാ​ണോ? അതിൽ ഒരു സംശയ​വു​മില്ല! നിങ്ങൾക്കു മാത്രമല്ല അങ്ങനെ തോന്നി​യി​ട്ടു​ള്ളത്‌. പുരാ​ത​ന​കാ​ലം​മു​തൽ ഒട്ടേറെ പേർ അതേ വിലമ​തി​പ്പു കാണി​ച്ചി​ട്ടുണ്ട്‌. (സങ്കീ. 104:33, 34) അവരിൽ പലരും യഹോ​വയെ സേവി​ക്കു​ന്ന​തി​നു​വേണ്ടി പല ത്യാഗ​ങ്ങ​ളും ചെയ്‌ത​വ​രാണ്‌. അവരിൽ എടുത്തു​പ​റ​യേണ്ട ആളുക​ളാണ്‌ പുരാതന ഇസ്രാ​യേ​ലിൽ ഉണ്ടായി​രുന്ന നാസീർവ്ര​ത​ക്കാർ. ആരാണ്‌ അവർ? അവരിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

2. (എ) ആരെയാണ്‌ നാസീർ എന്നു വിളി​ച്ചി​രു​ന്നത്‌? (സംഖ്യ 6:1, 2) (ബി) നാസീർവ്രതം എടുക്കാൻ ചില ഇസ്രാ​യേ​ല്യ​രെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌?

2 യഹോ​വയെ ഒരു പ്രത്യേ​ക​വി​ധ​ത്തിൽ സേവി​ക്കു​ന്ന​തി​നു​വേണ്ടി വ്യക്തി​പ​ര​മാ​യി ചില ത്യാഗങ്ങൾ ചെയ്‌ത തീക്ഷ്‌ണ​ത​യുള്ള ഇസ്രാ​യേ​ല്യ​രെ ആണ്‌ “നാസീർ” എന്നു വിളി​ച്ചി​രു​ന്നത്‌. ആ പേര്‌ അവർക്കു നന്നായി യോജി​ക്കു​ന്ന​താ​യി​രു​ന്നു. കാരണം “തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവൻ,” “വേർതി​രി​ക്ക​പ്പെ​ട്ടവൻ,” “സമർപ്പി​തൻ” എന്നൊക്കെ അർഥമുള്ള എബ്രാ​യ​പ​ദ​ത്തിൽനി​ന്നാണ്‌ ആ പേര്‌ വന്നിരി​ക്കു​ന്നത്‌. മോശ​യു​ടെ നിയമ​മ​നു​സ​രിച്ച്‌ ഒരു പുരു​ഷ​നോ സ്‌ത്രീ​ക്കോ ഒരു നിശ്ചി​ത​കാ​ല​ത്തേക്ക്‌ യഹോ​വ​യ്‌ക്കു​വേണ്ടി നാസീ​രാ​യി ജീവി​ച്ചു​കൊ​ള്ളാ​മെന്നു പ്രതി​ജ്ഞ​യെ​ടു​ക്കാൻ ആകുമാ​യി​രു​ന്നു. a (സംഖ്യ 6:1, 2 വായി​ക്കുക.) എന്നാൽ, അങ്ങനെ​യൊ​രു വാക്കു കൊടു​ക്കു​ന്ന​തോ​ടെ മറ്റ്‌ ഇസ്രാ​യേ​ല്യർക്ക്‌ ഇല്ലാതി​രുന്ന ചില നിബന്ധ​നകൾ ഇവർ പാലി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. എന്നിട്ടും, എന്തു​കൊ​ണ്ടാ​ണു നാസീർവ്രതം എടുക്കാൻ ചിലർ തീരു​മാ​നി​ച്ചത്‌? എന്താണ്‌ അതിന്‌ അവരെ പ്രേരി​പ്പി​ച്ചത്‌? യഹോ​വ​യോ​ടു തോന്നിയ ആഴമായ സ്‌നേ​ഹ​വും യഹോവ നൽകിയ അനു​ഗ്ര​ഹ​ങ്ങ​ളോ​ടുള്ള നന്ദിയും!—ആവ. 6:5; 16:17.

3. ഇന്നത്തെ ദൈവ​ജ​ന​ത്തി​നു നാസീർവ്ര​ത​സ്ഥ​രു​മാ​യി എന്തു സമാന​ത​യാ​ണു​ള്ളത്‌?

3 മോശ​യി​ലൂ​ടെ കൊടുത്ത നിയമ​ത്തി​നു പകരം “ക്രിസ്‌തു​വി​ന്റെ നിയമം” വന്നതോ​ടെ നാസീ​രാ​യി​രി​ക്കാ​നുള്ള ക്രമീ​ക​രണം ഇല്ലാതാ​യി. (ഗലാ. 6:2; റോമ. 10:4) എന്നാൽ, നാസീർവ്ര​ത​സ്ഥ​രെ​പ്പോ​ലെ യഹോ​വ​യു​ടെ ജനം ഇന്നും മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴു​ദേ​ഹി​യോ​ടും മുഴു​മ​ന​സ്സോ​ടും മുഴു​ശ​ക്തി​യോ​ടും കൂടെ യഹോ​വയെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്നു. (മർക്കോ. 12:30) അതു​കൊ​ണ്ടാണ്‌ നമ്മൾ നമ്മളെ​ത്തന്നെ യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ന്നത്‌. മനസ്സോ​ടെ കൊടു​ക്കുന്ന ആ വാക്കിനു ചേർച്ച​യിൽ ജീവി​ക്കാൻ നമ്മൾ യഹോ​വ​യു​ടെ ഇഷ്ടമനു​സ​രിച്ച്‌ പ്രവർത്തി​ക്കു​ക​യും ത്യാഗങ്ങൾ ചെയ്യു​ക​യും വേണം. അത്‌ എങ്ങനെ ചെയ്യാ​മെന്നു മനസ്സി​ലാ​ക്കാൻ നാസീർവ്ര​ത​ക്കാർ തങ്ങളുടെ വാക്കിനു ചേർച്ച​യിൽ ജീവി​ച്ചത്‌ എങ്ങനെ​യെന്നു ചിന്തി​ക്കു​ന്നതു നമ്മളെ സഹായി​ക്കും. b (മത്താ. 16:24) അവരിൽനിന്ന്‌ പഠിക്കാ​നാ​കുന്ന ചില പാഠങ്ങൾ നോക്കാം.

ത്യാഗങ്ങൾ ചെയ്യാൻ മനസ്സു​കാ​ണി​ക്കു​ക

4. സംഖ്യ 6:3, 4 അനുസ​രിച്ച്‌ നാസീ​രാ​യി​രു​ന്നവർ എന്തു ത്യാഗ​മാ​ണു ചെയ്‌തത്‌?

4 സംഖ്യ 6:3, 4 വായി​ക്കുക. നാസീ​രാ​യി​രി​ക്കുന്ന ഒരാൾ യാതൊ​രു ലഹരി​പാ​നീ​യ​വും ഉപയോ​ഗി​ക്കാൻ പാടി​ല്ലാ​യി​രു​ന്നു. കൂടാതെ, മുന്തി​രി​ങ്ങ​യും ഉണക്കമു​ന്തി​രി​യും പോലെ മുന്തി​രി​ച്ചെ​ടി​യു​ടെ എല്ലാ ഉത്‌പ​ന്ന​ങ്ങ​ളും അദ്ദേഹം ഒഴിവാ​ക്കേ​ണ്ട​തു​മു​ണ്ടാ​യി​രു​ന്നു. ഇതെല്ലാം ചുറ്റു​മുള്ള ആളുകൾ പതിവാ​യി കഴിച്ചി​രുന്ന സാധന​ങ്ങ​ളാണ്‌. അതൊ​ന്നും തെറ്റായ കാര്യ​ങ്ങ​ളും ആയിരു​ന്നില്ല. കാരണം, ‘മനുഷ്യ​ന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കുന്ന വീഞ്ഞ്‌’ ദൈവ​ത്തി​ന്റെ ഒരു സമ്മാന​മാ​ണെന്നു ബൈബിൾ പറയു​ന്നുണ്ട്‌. (സങ്കീ. 104:14, 15) എന്നിട്ടും ഇതെല്ലാം ആസ്വദി​ക്കാ​നുള്ള അവകാശം നാസീർവ്ര​ത​ക്കാർ മനസ്സോ​ടെ വേണ്ടെ​ന്നു​വെച്ചു. c

നാസീ​രാ​യി​രു​ന്ന​വ​രെ​പ്പോ​ലെ ത്യാഗങ്ങൾ ചെയ്യാൻ നിങ്ങൾ തയ്യാറാ​ണോ? (4-6 ഖണ്ഡികകൾ കാണുക)


5. മാഡി​യ​നും മാർസി​ല​യും എന്തെല്ലാം ത്യാഗ​ങ്ങ​ളാ​ണു ചെയ്‌തത്‌, എന്തു​കൊണ്ട്‌?

5 നാസീർവ്ര​ത​ക്കാ​രെ​പ്പോ​ലെ യഹോ​വയെ കൂടുതൽ സേവി​ക്കാൻവേണ്ടി ഇന്നു നമ്മളും പല ത്യാഗ​ങ്ങ​ളും ചെയ്യു​ന്നുണ്ട്‌. അങ്ങനെ ചെയ്‌ത രണ്ടു പേരാണ്‌ മാഡി​യ​നും മാർസി​ല​യും. d നല്ല ജോലി​യും മനോ​ഹ​ര​മാ​യൊ​രു വീടും ഒക്കെയുള്ള സുഖക​ര​മായ ജീവി​ത​മാ​യി​രു​ന്നു ആ ദമ്പതി​ക​ളു​ടേത്‌. എങ്കിലും ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാൻ അവർ ആഗ്രഹി​ച്ചു. ആ ലക്ഷ്യത്തിൽ അവർ തങ്ങളുടെ ജീവി​ത​ത്തിൽ ചില മാറ്റങ്ങൾ വരുത്തി. അവർ പറയുന്നു: “ഞങ്ങൾ ചെലവു​കൾ കുറച്ചു. ചെറി​യൊ​രു വീട്ടി​ലേക്കു താമസം മാറി. കാർ വിറ്റു.” ഇതൊ​ന്നും അവർ നിർബ​ന്ധ​മാ​യും ചെയ്യേണ്ട കാര്യ​ങ്ങ​ളാ​യി​രു​ന്നില്ല. എന്നിട്ടും അവർ ഇതൊക്കെ ചെയ്‌തത്‌, ശുശ്രൂ​ഷ​യിൽ കൂടുതൽ പ്രവർത്തി​ക്കാൻ ആഗ്രഹി​ച്ച​തു​കൊ​ണ്ടാണ്‌. അങ്ങനെ​യൊ​രു തീരു​മാ​ന​മെ​ടു​ത്ത​തിൽ അവർക്കു സന്തോ​ഷ​വും സംതൃ​പ്‌തി​യും മാത്ര​മേ​യു​ള്ളൂ.

6. ക്രിസ്‌ത്യാ​നി​കൾ ഇന്ന്‌ ത്യാഗങ്ങൾ ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (ചിത്ര​വും കാണുക.)

6 യഹോ​വ​യു​ടെ സേവന​ത്തിൽ കൂടുതൽ ചെയ്യു​ന്ന​തി​നാ​യി ഇന്നും ക്രിസ്‌ത്യാ​നി​കൾ വ്യക്തി​പ​ര​മായ പല കാര്യ​ങ്ങ​ളും സന്തോ​ഷ​ത്തോ​ടെ വേണ്ടെ​ന്നു​വെ​ക്കു​ന്നു. (1 കൊരി. 9:3-6) ഈ ത്യാഗങ്ങൾ ഒക്കെ ചെയ്യണ​മെന്ന്‌ യഹോവ നിർബന്ധം പറയു​ന്നില്ല. മാത്രമല്ല ചില കാര്യങ്ങൾ അവർ വേണ്ടെ​ന്നു​വെ​ക്കു​ന്നത്‌ അതൊ​ന്നും തെറ്റാ​യ​തു​കൊ​ണ്ടും അല്ല. ഉദാഹ​ര​ണ​ത്തിന്‌, തങ്ങൾക്കു വളരെ​യ​ധി​കം ഇഷ്ടപ്പെട്ട ജോലി​യോ, സ്വന്തമാ​യൊ​രു വീടോ, ഓമന​മൃ​ഗ​ങ്ങൾപോ​ലു​മോ ചിലർ വേണ്ടെ​ന്നു​വെ​ക്കു​ന്നു. മറ്റു ചിലർ, വിവാഹം കഴിക്കു​ന്ന​തോ കുട്ടികൾ ഉണ്ടായി​രി​ക്കു​ന്ന​തോ കുറച്ചു​കാ​ലം കഴിഞ്ഞി​ട്ടാ​കാം എന്നു ചിന്തി​ക്കു​ന്നു. അതു​പോ​ലെ പ്രിയ​പ്പെ​ട്ട​വ​രിൽനിന്ന്‌ അകലേക്കു പോ​കേ​ണ്ടി​വ​രു​മെ​ങ്കി​ലും ആവശ്യം അധിക​മുള്ള സ്ഥലത്ത്‌ സേവി​ക്കാൻ പലരും തയ്യാറാ​കു​ന്നു. നമ്മൾ മനസ്സോ​ടെ ഇത്തരം ത്യാഗങ്ങൾ ചെയ്യു​ന്നത്‌ യഹോ​വ​യ്‌ക്ക്‌ ഏറ്റവും നല്ലതു കൊടു​ക്കാൻ ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌. യഹോ​വയെ സേവി​ക്കു​ന്ന​തി​നു​വേണ്ടി നമ്മൾ വേണ്ടെ​ന്നു​വെ​ക്കുന്ന ഏതൊരു കാര്യ​വും, അതു വലുതാ​ണെ​ങ്കി​ലും ചെറു​താ​ണെ​ങ്കി​ലും യഹോവ വളരെ​യ​ധി​കം വിലമ​തി​ക്കും.—എബ്രാ. 6:10.

വ്യത്യ​സ്‌ത​രാ​യി​രി​ക്കാൻ മനസ്സു​കാ​ണി​ക്കു​ക

7. താൻ കൊടുത്ത വാക്കു പാലി​ക്കാൻ ഒരു നാസീർവ്ര​ത​ക്കാ​രനു ചില​പ്പോ​ഴൊ​ക്കെ ബുദ്ധി​മു​ട്ടാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (സംഖ്യ 6:5) (ചിത്ര​വും കാണുക.)

7 സംഖ്യ 6:5 വായി​ക്കുക. ഒരു നാസീർവ്ര​ത​ക്കാ​രൻ മുടി മുറി​ക്കാൻ പാടി​ല്ലാ​യി​രു​ന്നു. യഹോ​വ​യോ​ടുള്ള സമ്പൂർണ കീഴ്‌പെ​ട​ലി​നെ​യാണ്‌ അത്‌ അർഥമാ​ക്കി​യത്‌. കുറെ നാളായി നാസീ​രാ​യി​രി​ക്കുന്ന ഒരാളു​ടെ മുടി ഒരുപാട്‌ നീണ്ടി​ട്ടു​ണ്ടാ​കും. അതു കാണു​മ്പോൾ അദ്ദേഹം ഒരു നാസീ​രാ​ണെന്നു മറ്റുള്ള​വർക്ക്‌ എളുപ്പം മനസ്സി​ലാ​കും. ചുറ്റു​മു​ള്ളവർ നാസീർവ്ര​തത്തെ വിലമ​തി​ക്കു​ന്ന​വ​രാ​യി​രു​ന്നെ​ങ്കിൽ യഹോ​വ​യ്‌ക്കു കൊടുത്ത വാക്കു പാലി​ക്കാൻ അദ്ദേഹ​ത്തിന്‌ എളുപ്പ​മാ​യി​രു​ന്നു. എന്നാൽ സങ്കടക​ര​മായ കാര്യം, ഇസ്രാ​യേൽ ചരി​ത്ര​ത്തി​ലെ പല സമയങ്ങ​ളി​ലും അവി​ടെ​യു​ള്ളവർ നാസീർവ്ര​ത​ക്കാ​രെ പിന്തു​ണ​യ്‌ക്കു​ക​യോ വിലമ​തി​ക്കു​ക​യോ ചെയ്‌തി​രു​ന്നില്ല. ആമോസ്‌ പ്രവാ​ച​കന്റെ കാലത്ത്‌ വിശ്വാ​സ​ത്യാ​ഗി​ക​ളായ ഇസ്രാ​യേ​ല്യർ “നാസീർവ്ര​ത​ക്കാർക്കു കുടി​ക്കാൻ വീഞ്ഞു കൊടു​ത്തു;” അവരുടെ പ്രതിജ്ഞ തെറ്റി​ക്കാ​നുള്ള ശ്രമമാ​യി​രു​ന്നി​രി​ക്കണം അത്‌. (ആമോ. 2:12) അതു​കൊണ്ട്‌ പലപ്പോ​ഴും നാസീ​രാ​യി​രു​ന്ന​വർക്കു തങ്ങൾ കൊടുത്ത വാക്കിനു ചേർച്ച​യിൽ പ്രവർത്തി​ക്കാ​നും മറ്റുള്ള​വ​രിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യി​രി​ക്കാ​നും നല്ല ധൈര്യം ആവശ്യ​മാ​യി​രു​ന്നു.

തന്റെ പ്രതിജ്ഞ പാലി​ക്കാൻ ആഗ്രഹിച്ച ഒരു നാസീർ, മറ്റുള്ള​വ​രിൽനിന്ന്‌ വ്യത്യ​സ്‌ത​നാ​യി​രി​ക്കാൻ തയ്യാറാ​യി (7-ാം ഖണ്ഡിക കാണുക)


8. ബെഞ്ചമി​ന്റെ അനുഭ​വ​ത്തിൽ നിങ്ങൾക്ക്‌ ഏറ്റവും പ്രോ​ത്സാ​ഹനം തോന്നിയ കാര്യം എന്താണ്‌?

8 യഹോ​വ​യു​ടെ സഹായ​ത്താൽ നമുക്കും ധൈര്യ​ത്തോ​ടെ വ്യത്യ​സ്‌ത​രാ​യി നിൽക്കാൻ കഴിയും; നമ്മൾ പൊതു​വെ നാണമോ പേടി​യോ ഒക്കെ ഉള്ളവരാ​ണെ​ങ്കിൽപ്പോ​ലും. നോർവേ​യി​ലെ പത്തു വയസ്സുള്ള ബെഞ്ചമി​ന്റെ അനുഭവം നോക്കാം. യുദ്ധം നടക്കുന്ന യു​ക്രെ​യിൻ രാജ്യത്തെ പിന്തു​ണ​ച്ചു​കൊണ്ട്‌ സ്‌കൂ​ളിൽ ഒരു പരിപാ​ടി നടക്കാൻപോ​കു​ക​യാ​യി​രു​ന്നു. യു​ക്രെ​യി​നി​ന്റെ പതാക​യു​ടെ നിറത്തി​ലുള്ള വസ്‌ത്രങ്ങൾ ധരിച്ച്‌ ഒരു പാട്ടു പാടാൻ എല്ലാ കുട്ടി​ക​ളോ​ടും ആവശ്യ​പ്പെട്ടു. എന്നാൽ, ആ പരിപാ​ടി​യിൽനിന്ന്‌ വിട്ടു​നിൽക്കു​ന്ന​തി​നു​വേണ്ടി ബെഞ്ചമിൻ അവി​ടെ​നി​ന്നും ദൂരെ മാറി​നിൽക്കാ​മെന്നു വിചാ​രി​ച്ചു. പക്ഷേ അവനെ കണ്ട്‌ ടീച്ചർ ഇങ്ങനെ ഉറക്കെ വിളിച്ച്‌ പറഞ്ഞു: “ഞങ്ങളുടെ കൂടെ വേഗം വാ. നിനക്കു​വേ​ണ്ടി​യാ എല്ലാവ​രും കാത്തു​നിൽക്കു​ന്നേ!” ധൈര്യ​ത്തോ​ടെ ബെഞ്ചമിൻ ടീച്ചറു​ടെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ ഒരു രാജ്യ​ത്തി​ന്റെ​യും പക്ഷം പിടി​ക്കാ​റില്ല. അത്തരം പരിപാ​ടി​ക​ളിൽ ഒന്നും ഞാൻ പങ്കെടു​ക്കാ​റു​മില്ല. ശരിക്കും പറഞ്ഞാൽ, പല യഹോ​വ​യു​ടെ സാക്ഷി​ക​ളും യുദ്ധത്തിൽ പങ്കെടു​ക്കാ​ത്ത​തു​കൊണ്ട്‌ ജയിലി​ലാണ്‌.” ഇതു കേട്ട​പ്പോൾ പരിപാ​ടി​യിൽ പങ്കെടു​ക്കാ​തെ മാറി​നിൽക്കാൻ ടീച്ചർ സമ്മതം കൊടു​ത്തു. പക്ഷേ ക്ലാസിലെ കുട്ടികൾ അവനെ വെറുതെ വിട്ടില്ല. അവർ അവനോ​ടു ചോദ്യ​ങ്ങൾ ചോദി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ആകെ ടെൻഷൻ തോന്നിയ ബെഞ്ചമിൻ കരഞ്ഞു​പോ​കു​മെന്ന അവസ്ഥയി​ലെത്തി. എന്നിട്ടും ടീച്ച​റോ​ടു പറഞ്ഞ കാര്യങ്ങൾ ക്ലാസിലെ എല്ലാവ​രോ​ടും അവൻ ധൈര്യ​ത്തോ​ടെ വീണ്ടും പറഞ്ഞു. പിന്നീട്‌ ബെഞ്ചമിൻ തന്റെ മാതാ​പി​താ​ക്ക​ളോ​ടു പറഞ്ഞതു ധൈര്യ​ത്തോ​ടെ നിൽക്കാൻ യഹോവ തന്നെ സഹായി​ച്ചു എന്നാണ്‌.

9. നമുക്ക്‌ എങ്ങനെ യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കാം?

9 യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മൾ ചുറ്റു​മുള്ള ആളുക​ളിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യി കാണ​പ്പെ​ടു​ന്നു. ജോലി​സ്ഥ​ല​ത്തോ സ്‌കൂ​ളി​ലോ ഒക്കെ ആയിരി​ക്കു​മ്പോൾ നമ്മൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്നു പറയാൻ ധൈര്യം വേണം. ഇനി, ഈ ലോക​ത്തി​ലെ ആളുക​ളു​ടെ മനോ​ഭാ​വ​വും പെരു​മാ​റ്റ​വും എല്ലാം അടിക്കടി അധഃപ​തി​ക്കു​ന്ന​തു​കൊണ്ട്‌ ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാ​നും സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നും നമുക്കു ബുദ്ധി​മുട്ട്‌ തോന്നി​യേ​ക്കാം. (2 തിമൊ. 1:8; 3:13) പക്ഷേ, ദൈവത്തെ സേവി​ക്കാ​ത്ത​വ​രിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യി നിൽക്കാൻ നമ്മൾ ധൈര്യം കാണി​ക്കു​ന്നെ​ങ്കിൽ അത്‌ ‘(യഹോ​വ​യു​ടെ) ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​മെന്നു’ നമുക്ക്‌ എപ്പോ​ഴും ഓർക്കാം.—സുഭാ. 27:11; മലാ. 3:18.

യഹോ​വയെ ജീവി​ത​ത്തിൽ ഒന്നാമ​തു​വെ​ക്കു​ക

10. സംഖ്യ 6:6, 7-ൽ പറഞ്ഞി​രി​ക്കുന്ന നിർദേശം അനുസ​രി​ക്കു​ന്നത്‌ ഒരു നാസീർവ്ര​ത​ക്കാ​രന്‌ അത്ര എളുപ്പ​മ​ല്ലാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

10 സംഖ്യ 6:6, 7 വായി​ക്കുക. ബൈബിൾക്കാ​ല​ങ്ങ​ളി​ലെ ശവസം​സ്‌കാ​ര​രീ​തി​യ​നു​സ​രിച്ച്‌ ആളുകൾക്കു മൃത​ദേ​ഹ​ത്തി​ന്റെ അടുത്ത്‌ പോ​കേ​ണ്ടി​വ​രു​മാ​യി​രു​ന്നു. (യോഹ. 19:39, 40; പ്രവൃ. 9:36-40) എന്നാൽ നാസീ​രാ​യി​രുന്ന ഒരാൾക്ക്‌ യഹോ​വ​യ്‌ക്കു കൊടുത്ത വാക്കു പാലി​ക്കേ​ണ്ട​തു​കൊണ്ട്‌ മൃത​ദേ​ഹ​ത്തിന്‌ അടുത്ത്‌ പോകാൻ പാടി​ല്ലാ​യി​രു​ന്നു. പ്രത്യേ​കി​ച്ചും അടുത്ത ഒരു കുടും​ബാം​ഗ​മാ​ണു മരിക്കു​ന്ന​തെ​ങ്കിൽ അത്‌ അദ്ദേഹ​ത്തി​നു വളരെ ബുദ്ധി​മു​ട്ടാ​കു​മാ​യി​രു​ന്നു. ആ സമയത്തും യഹോ​വ​യ്‌ക്കു കൊടുത്ത വാക്കിനു ചേർച്ച​യിൽ പ്രവർത്തി​ച്ചു​കൊണ്ട്‌ അവർ ശക്തമായ വിശ്വാ​സം കാണിച്ചു. ഇത്തരം വിഷമ​ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽ യഹോവ അവർക്കു​വേണ്ട ശക്തി കൊടു​ത്തെന്നു നമുക്ക്‌ ഉറപ്പാണ്‌.

11. കുടും​ബ​ത്തോ​ടു ബന്ധപ്പെട്ട തീരു​മാ​നങ്ങൾ എടുക്കു​മ്പോൾ ഒരു ക്രിസ്‌ത്യാ​നി ഏതു കാര്യം ശ്രദ്ധി​ക്കും? (ചിത്ര​വും കാണുക.)

11 യഹോ​വ​യ്‌ക്കു സമർപ്പി​ച്ച​പ്പോൾ കൊടുത്ത വാക്ക്‌ ക്രിസ്‌ത്യാ​നി​ക​ളായ നമ്മൾ വളരെ ഗൗരവ​മാ​യി കാണുന്നു. കുടും​ബ​ത്തോ​ടു ബന്ധപ്പെട്ട നമ്മുടെ തീരു​മാ​ന​ങ്ങ​ളെ​യും പ്രവൃ​ത്തി​ക​ളെ​യും അതു സ്വാധീ​നി​ക്കും. വീട്ടിലെ നമ്മുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റവും നന്നായി ചെയ്യാൻ നമ്മൾ പരമാ​വധി ശ്രമി​ക്കു​ന്നു. എന്നാൽ യഹോ​വ​യു​ടെ ഇഷ്ടത്തെ​ക്കാ​ളും കുടും​ബാം​ഗ​ങ്ങ​ളു​ടെ ഇഷ്ടങ്ങൾക്കു നമ്മൾ പ്രാധാ​ന്യം കൊടു​ക്കില്ല. (മത്താ. 10:35-37; 1 തിമൊ. 5:8) അതു​കൊ​ണ്ടു​തന്നെ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്ന​തി​നു​വേണ്ടി ചില​പ്പോൾ നമുക്കു കുടും​ബാം​ഗ​ങ്ങൾക്ക്‌ അത്ര ഇഷ്ടമി​ല്ലാത്ത ചില തീരു​മാ​നങ്ങൾ എടു​ക്കേ​ണ്ടി​വ​ന്നേ​ക്കാം.

വളരെ ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളി​ലും യഹോ​വ​യു​ടെ ഇഷ്ടം ഒന്നാമ​തു​വെ​ക്കാൻ നിങ്ങൾ തയ്യാറാ​ണോ? (11-ാം ഖണ്ഡിക കാണുക) e


12. കുടും​ബ​ത്തിൽ ഒരു വിഷമ​ക​ര​മായ സാഹച​ര്യ​മു​ണ്ടാ​യ​പ്പോൾ അലക്‌സാൻഡ്രൂ എന്തു ചെയ്‌തു, എന്തു ചെയ്‌തില്ല?

12 അലക്‌സാൻഡ്രൂ സഹോ​ദ​ര​ന്റെ​യും ഭാര്യ ഡോറി​ന​യു​ടെ​യും അനുഭവം നോക്കാം. അവർ ഒരുമി​ച്ചാണ്‌ ബൈബിൾപ​ഠനം ആരംഭി​ച്ചത്‌. പക്ഷേ, ഒരു വർഷം കഴിഞ്ഞ​പ്പോൾ ഡോറിന പഠനം നിറുത്തി. അലക്‌സാൻഡ്രൂ​വി​നോ​ടും നിറു​ത്താൻ പറഞ്ഞു. എങ്കിലും, തുടർന്നും പഠിക്കാ​നാ​ണു തന്റെ തീരു​മാ​ന​മെന്ന്‌ അലക്‌സാൻഡ്രൂ വളരെ ശാന്തമാ​യി, നയത്തോ​ടെ ഭാര്യ​യോ​ടു പറഞ്ഞു. പക്ഷേ ഡോറി​ന​യ്‌ക്ക്‌ അത്‌ ഇഷ്ടമാ​യില്ല. പഠനം നിറു​ത്താൻ ഡോറിന നിർബ​ന്ധി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. അവളുടെ ഭാഗത്തു​നിന്ന്‌ ചിന്തി​ക്കാ​നും അവളെ മനസ്സി​ലാ​ക്കാ​നും ശ്രമി​ച്ചെ​ങ്കി​ലും പിടി​ച്ചു​നിൽക്കു​ന്നത്‌ അത്ര എളുപ്പ​മാ​യി​രു​ന്നി​ല്ലെന്ന്‌ അദ്ദേഹം പറയുന്നു. ഡോറിന അദ്ദേഹത്തെ കുറ്റ​പ്പെ​ടു​ത്തു​ക​യും ദേഷ്യ​ത്തോ​ടെ സംസാ​രി​ക്കു​ക​യും ഒക്കെ ചെയ്‌ത​പ്പോൾ, പഠനം നിറു​ത്തി​യാ​ലോ എന്നു​പോ​ലും ചില​പ്പോ​ഴൊ​ക്കെ അദ്ദേഹ​ത്തി​നു തോന്നി. പക്ഷേ അലക്‌സാൻഡ്രൂ മടുത്ത്‌ പിന്മാ​റാ​തെ യഹോ​വയെ ജീവി​ത​ത്തിൽ ഒന്നാമ​തു​വെച്ചു. അതോ​ടൊ​പ്പം ഭാര്യ​യോ​ടു വലിയ സ്‌നേ​ഹ​വും ബഹുമാ​ന​വും കാണി​ക്കു​ക​യും ചെയ്‌തു. അങ്ങനെ ഒടുവിൽ അദ്ദേഹ​ത്തി​ന്റെ നല്ല മാതൃക കണ്ട ഡോറിന, ബൈബിൾപ​ഠനം വീണ്ടും ആരംഭി​ച്ചു. സത്യം സ്വീക​രി​ക്കു​ക​യും ചെയ്‌തു.—JW.ORG-ൽ “സത്യം ജീവി​ത​ത്തി​നു പരിവർത്തനം വരുത്തു​ന്നു” എന്ന പരമ്പര​യിൽ അലക്‌സാൻഡ്രൂ വകാറും ഡോറി​ന​യും: “സ്‌നേഹം ക്ഷമയും ദയയും ഉള്ളതാണ്‌” എന്ന വീഡി​യോ കാണുക.

13. യഹോ​വ​യോ​ടും കുടും​ബ​ത്തോ​ടും സ്‌നേഹം കാണി​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

13 യഹോ​വ​യാണ്‌ കുടും​ബം എന്ന ക്രമീ​ക​രണം ഏർപ്പെ​ടു​ത്തി​യത്‌. നമു​ക്കെ​ല്ലാം സന്തോ​ഷ​മുള്ള ഒരു കുടും​ബം ഉണ്ടായി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. (എഫെ. 3:14, 15) എന്നാൽ നമുക്കു ശരിക്കും സന്തോഷം കിട്ടണ​മെ​ങ്കിൽ, യഹോവ പറയു​ന്ന​ത​നു​സ​രിച്ച്‌ നമ്മൾ കാര്യങ്ങൾ ചെയ്യണം. നിങ്ങൾ കുടും​ബാം​ഗ​ങ്ങൾക്കു​വേണ്ടി കരുതാ​നും അവരോ​ടു സ്‌നേ​ഹ​വും ബഹുമാ​ന​വും കാണി​ക്കാ​നും ആഗ്രഹി​ക്കു​ന്ന​തും അതോ​ടൊ​പ്പം​തന്നെ യഹോ​വയെ ആരാധി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തും യഹോവ കാണു​ന്നുണ്ട്‌. അതിനാ​യി നിങ്ങൾ ചെയ്യുന്ന ത്യാഗ​ങ്ങ​ളും യഹോ​വ​യ്‌ക്ക്‌ അറിയാം. അതെല്ലാം യഹോവ വില​യേ​റി​യ​താ​യി കാണു​ന്നെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക.—റോമ. 12:10.

നാസീർവ്ര​ത​സ്ഥ​രെ​പ്പോ​ലെ ആയിരി​ക്കാൻ പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കുക

14. നമ്മൾ പ്രത്യേ​കം ആരെയാണ്‌ വാക്കു​കൾകൊണ്ട്‌ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ടത്‌?

14 ഇന്നും യഹോ​വ​യു​ടെ എല്ലാ ആരാധ​കർക്കും പല തരത്തി​ലുള്ള ത്യാഗങ്ങൾ ചെയ്യേ​ണ്ടി​വ​രും. സ്‌നേ​ഹ​മാണ്‌ അങ്ങനെ മനസ്സോ​ടെ ത്യാഗങ്ങൾ ചെയ്യാൻ അവരെ പ്രേരി​പ്പി​ക്കു​ന്ന​തെ​ങ്കി​ലും എപ്പോ​ഴും അതത്ര എളുപ്പമല്ല. അത്തരം സാഹച​ര്യ​ങ്ങ​ളിൽ നമുക്ക്‌ എങ്ങനെ പരസ്‌പരം സഹായി​ക്കാം? പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന വാക്കുകൾ പറഞ്ഞു​കൊണ്ട്‌. (ഇയ്യോ. 16:5) ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ പ്രവർത്തി​ക്കു​ന്ന​തി​നു​വേണ്ടി ജീവിതം ലളിത​മാ​ക്കാൻ ശ്രമി​ക്കുന്ന ആരെങ്കി​ലും നിങ്ങളു​ടെ സഭയി​ലു​ണ്ടോ? സ്‌കൂ​ളിൽ വ്യത്യ​സ്‌ത​രാ​യി നിൽക്കു​ന്നതു ബുദ്ധി​മു​ട്ടാ​യി​രു​ന്നി​ട്ടും ധൈര്യ​ത്തോ​ടെ അങ്ങനെ ചെയ്യുന്ന കുട്ടി​കളെ നിങ്ങൾക്ക്‌ അറിയാ​മോ? ഇനി കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നുള്ള എതിർപ്പു കാരണം, വിശ്വ​സ്‌ത​രാ​യി നിൽക്കാൻ പ്രയാ​സ​പ്പെ​ടുന്ന ബൈബിൾവി​ദ്യാർഥി​ക​ളോ സഹാരാ​ധ​ക​രോ നിങ്ങൾക്കി​ട​യി​ലു​ണ്ടോ? അവരോ​ടെ​ല്ലാം പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന എന്തെങ്കി​ലും പറയാ​നുള്ള എല്ലാ അവസര​വും നന്നായി ഉപയോ​ഗി​ക്കുക. അവരുടെ ധൈര്യ​വും ത്യാഗങ്ങൾ ചെയ്യാ​നുള്ള മനസ്സും നിങ്ങൾ വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നു​ണ്ടെന്ന്‌ അവരോ​ടു പറയുക.—ഫിലേ. 4, 5, 7.

15. ചിലർ എങ്ങനെ​യാ​ണു മുഴു​സ​മ​യ​സേ​വ​ന​ത്തി​ലു​ള്ള​വരെ സഹായി​ച്ചി​രി​ക്കു​ന്നത്‌?

15 മുഴു​സ​മ​യ​സേ​വ​ന​ത്തി​ലുള്ള സഹോ​ദ​ര​ങ്ങൾക്കു പ്രയോ​ജനം ചെയ്യുന്ന എന്തെങ്കി​ലും ചെയ്‌തു​കൊ​ടു​ക്കാൻ ചില​പ്പോൾ നമുക്കു കഴി​ഞ്ഞേ​ക്കും. (സുഭാ. 19:17; എബ്രാ. 13:16) ശ്രീല​ങ്ക​യി​ലുള്ള പ്രായ​മായ ഒരു സഹോ​ദരി അങ്ങനെ ചെയ്യാൻ ആഗ്രഹി​ച്ചു. സഹോ​ദ​രി​യു​ടെ പെൻഷൻ തുക അൽപ്പം വർധി​ച്ച​പ്പോൾ, സാമ്പത്തി​ക​ബു​ദ്ധി​മുട്ട്‌ അനുഭ​വി​ക്കുന്ന ചെറു​പ്പ​ക്കാ​രി​ക​ളായ രണ്ടു മുൻനി​ര​സേ​വ​കരെ സഹായി​ക്കാ​മെന്നു സഹോ​ദരി ചിന്തിച്ചു. അങ്ങനെ അവരുടെ ഫോൺബില്ല്‌ അടയ്‌ക്കാൻ ആവശ്യ​മായ ഒരു നിശ്ചിത തുക, എല്ലാ മാസവും സഹോ​ദരി അവർക്കു നൽകാൻതു​ടങ്ങി. എത്ര നല്ലൊരു മനസ്സാണു സഹോ​ദരി കാണി​ച്ചത്‌!

16. പുരാതന ഇസ്രാ​യേ​ലിൽ ഉണ്ടായി​രുന്ന നാസീർവ്രതം എന്ന ക്രമീ​ക​ര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

16 പുരാതന ഇസ്രാ​യേ​ലി​ലു​ണ്ടാ​യി​രുന്ന നാസീർവ്ര​ത​ക്കാ​രിൽനിന്ന്‌ നമുക്ക്‌ ഉറപ്പാ​യും ഒരുപാ​ടു പാഠങ്ങൾ പഠിക്കാ​നുണ്ട്‌. എന്നാൽ, ആ ക്രമീ​ക​രണം നമ്മുടെ സ്വർഗീ​യ​പി​താ​വായ യഹോ​വ​യെ​ക്കു​റി​ച്ചും ചില കാര്യങ്ങൾ പഠിപ്പി​ക്കു​ന്നുണ്ട്‌. നമ്മൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നും നമ്മുടെ സമർപ്പ​ണ​പ്ര​തി​ജ്ഞ​യ്‌ക്കു ചേർച്ച​യിൽ ജീവി​ക്കു​ന്ന​തി​നു​വേണ്ടി ത്യാഗങ്ങൾ ചെയ്യാൻ നമുക്കു മനസ്സു​ണ്ടെ​ന്നും യഹോ​വ​യ്‌ക്ക്‌ ഉറപ്പാണ്‌. യഹോ​വയെ സ്‌നേ​ഹി​ക്കാ​നുള്ള തീരു​മാ​നം സ്വയം എടുക്കാൻ അനുവ​ദി​ച്ചു​കൊണ്ട്‌ യഹോവ നമ്മളെ മാനി​ച്ചി​രി​ക്കു​ന്നു. (സുഭാ. 23:15, 16; മർക്കോ. 10:28-30; 1 യോഹ. 4:19) അതു​പോ​ലെ ദൈവത്തെ സേവി​ക്കു​ന്ന​തി​നു​വേണ്ടി നമ്മൾ ചെയ്യുന്ന എല്ലാ ത്യാഗ​ങ്ങ​ളും യഹോവ കാണു​ക​യും വിലമ​തി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടെന്നു നാസീർവ്ര​ത​ത്തോ​ടു ബന്ധപ്പെട്ട ക്രമീ​ക​രണം കാണി​ച്ചു​ത​രു​ന്നു. അതു​കൊണ്ട്‌ നമ്മുടെ ഏറ്റവും നല്ലതു മനസ്സോ​ടെ യഹോ​വ​യ്‌ക്കു നൽകി​ക്കൊണ്ട്‌ നമുക്കു ദൈവ​സേ​വ​ന​ത്തിൽ തുടരാം.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • നാസീർവ്ര​ത​ക്കാർ ത്യാഗങ്ങൾ ചെയ്യാൻ മനസ്സു​ള്ള​വ​രും ധൈര്യ​മു​ള്ള​വ​രും ആണെന്നു കാണി​ച്ചത്‌ എങ്ങനെ?

  • നാസീർവ്ര​ത​സ്ഥ​രെ​പ്പോ​ലെ ആയിരി​ക്കാൻ നമുക്ക്‌ എങ്ങനെ പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാം?

  • നാസീർവ്രതം എന്ന ക്രമീ​ക​രണം തന്റെ ആരാധ​ക​രിൽ യഹോ​വ​യ്‌ക്കുള്ള ഏത്‌ ഉറപ്പാണ്‌ കാണി​ച്ചു​ത​രു​ന്നത്‌?

ഗീതം 124 എന്നും വിശ്വ​സ്‌തൻ

a യഹോവ ചിലരെ നാസീ​രാ​യി നേരിട്ട്‌ നിയമി​ച്ചി​ട്ടുണ്ട്‌. എന്നാൽ സാധ്യ​ത​യ​നു​സ​രിച്ച്‌, നാസീ​രാ​യി​രുന്ന കൂടുതൽ ആളുക​ളും സ്വയം ആ തീരു​മാ​ന​മെ​ടു​ത്ത​വ​രാ​യി​രു​ന്നു.—“ യഹോവ നിയമിച്ച നാസീർവ്ര​തസ്ഥർ” എന്ന ചതുരം കാണുക.

b ചിലപ്പോഴൊക്കെ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ നാസീർവ്ര​ത​ക്കാ​രെ മുഴു​സ​മ​യ​സേ​വ​ന​ത്തിൽ ഉള്ളവരു​മാ​യി താരത​മ്യം ചെയ്‌തി​ട്ടുണ്ട്‌. എന്നാൽ ഈ ലേഖന​ത്തിൽ, യഹോ​വ​യു​ടെ എല്ലാ സമർപ്പി​ത​ദാ​സർക്കും നാസീർവ്ര​ത​സ്ഥ​രു​ടെ മനോ​ഭാ​വം എങ്ങനെ കാണി​ക്കാ​നാ​കും എന്നാണ്‌ വിശദീ​ക​രി​ക്കു​ന്നത്‌.

c നാസീർവ്രതക്കാർക്കു തങ്ങളുടെ പ്രതിജ്ഞ നിറ​വേ​റ്റു​ന്ന​തു​മാ​യി ബന്ധപ്പെട്ട്‌ കൂടു​ത​ലായ എന്തെങ്കി​ലും നിയമനം ചെയ്യാ​നു​ണ്ടാ​യി​രു​ന്ന​താ​യി തോന്നു​ന്നില്ല.

d JW.ORG-ലെ “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അനുഭ​വങ്ങൾ” എന്ന പരമ്പര​യി​ലുള്ള “ഞങ്ങൾ ജീവിതം ലളിത​മാ​ക്കാൻ തീരു​മാ​നി​ച്ചു” എന്ന ലേഖനം കാണുക.

e ചിത്രത്തിന്റെ വിവരണം: പുരമു​ക​ളിൽ ഇരുന്നു​കൊണ്ട്‌ ഒരു നാസീർ, തന്റെ പ്രിയ കുടും​ബാം​ഗ​ത്തി​ന്റെ മൃത​ദേ​ഹ​വു​മാ​യി ആളുകൾ നടന്നു​നീ​ങ്ങു​ന്നതു നോക്കു​ന്നു. താൻ എടുത്തി​രി​ക്കുന്ന പ്രതിജ്ഞ കാരണം അദ്ദേഹ​ത്തി​നു ശവസം​സ്‌കാ​ര​ച്ച​ട​ങ്ങിൽ പങ്കെടു​ക്കാ​നാ​കു​ന്നില്ല.