വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ഭാവി മുൻകൂ​ട്ടി​പ്പ​റ​യാ​നുള്ള യഹോ​വ​യു​ടെ കഴിവി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

യഹോ​വ​യ്‌ക്ക്‌ ഭാവി മുൻകൂ​ട്ടി​പ്പ​റ​യാൻ കഴിയു​മെന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നുണ്ട്‌. (യശ. 45:21) എന്നാൽ അത്‌ എങ്ങനെ​യാ​ണെ​ന്നോ എപ്പോ​ഴെ​ല്ലാ​മാണ്‌ ചെയ്യു​ന്ന​തെ​ന്നോ എത്ര​ത്തോ​ളം വിവരങ്ങൾ അറിയാൻ ശ്രമി​ക്കു​ന്നു​ണ്ടെ​ന്നോ ഒന്നും ബൈബിൾ വിശദ​മാ​യി നമ്മളോ​ടു പറയു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ യഹോ​വ​യു​ടെ ഈ പ്രാപ്‌തി​യെ​ക്കു​റി​ച്ചുള്ള എല്ലാ വിവര​ങ്ങ​ളും നമുക്ക്‌ അറിയില്ല. എങ്കിലും നമുക്ക്‌ അറിയാ​വുന്ന ചില കാര്യങ്ങൾ നോക്കാം.

സ്വയം വെക്കുന്ന പരിധി​ക​ള​ല്ലാ​തെ യഹോ​വ​യ്‌ക്ക്‌ പരിമി​തി​ക​ളൊ​ന്നു​മില്ല. അളവറ്റ ജ്ഞാനമു​ള്ള​തു​കൊണ്ട്‌ എന്തു കാര്യ​വും മുൻകൂ​ട്ടി അറിയാൻ ദൈവ​ത്തി​നു കഴിയും. (റോമ. 11:33) എന്നാൽ യഹോ​വ​യ്‌ക്ക്‌ തികഞ്ഞ ആത്മനി​യ​ന്ത്ര​ണ​വും ഉണ്ട്‌. അതു​കൊ​ണ്ടു​തന്നെ ചില കാര്യങ്ങൾ മുൻകൂ​ട്ടി അറി​യേണ്ടാ എന്നു തീരു​മാ​നി​ക്കാ​നും യഹോ​വ​യ്‌ക്കാ​കും.—യശയ്യ 42:14 താരത​മ്യം ചെയ്യുക.

തന്റെ ഇഷ്ടം നടപ്പാ​ക്കാൻ യഹോ​വ​യ്‌ക്കു കഴിയും. ഭാവി മുൻകൂ​ട്ടി​പ്പ​റ​യാ​നുള്ള യഹോ​വ​യു​ടെ കഴിവു​മാ​യി ഇത്‌ എങ്ങനെ​യാണ്‌ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌? യശയ്യ 46:10 വിശദീ​ക​രി​ക്കു​ന്നു: “തുടക്കം​മു​തലേ, ഒടുക്കം എന്തായി​രി​ക്കു​മെന്നു ഞാൻ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു, ഇതുവരെ സംഭവി​ച്ചി​ട്ടി​ല്ലാ​ത്തവ പുരാ​ത​ന​കാ​ലം​മു​തലേ പ്രവചി​ക്കു​ന്നു. ‘എന്റെ തീരു​മാ​ന​ത്തി​നു മാറ്റമില്ല, എനിക്ക്‌ ഇഷ്ടമു​ള്ളതു ഞാൻ ചെയ്യും’ എന്നു ഞാൻ പറയുന്നു.”

യഹോ​വ​യ്‌ക്കു ഭാവി മുൻകൂ​ട്ടി​പ്പ​റ​യാൻ കഴിയു​ന്ന​തി​ന്റെ ഒരു കാരണം ഇവി​ടെ​നിന്ന്‌ മനസ്സി​ലാ​ക്കാം: താൻ ഉദ്ദേശി​ക്കുന്ന ഏതൊരു കാര്യ​വും നടപ്പി​ലാ​ക്കാ​നുള്ള പ്രാപ്‌തി യഹോ​വ​യ്‌ക്കുണ്ട്‌. അതു​കൊ​ണ്ടു​തന്നെ ഒരു സിനി​മ​യു​ടെ​യോ മറ്റോ അവസാനം എന്താ​ണെന്ന്‌ അറിയാൻ അതു മുന്നോട്ട്‌ ഓടി​ച്ചു​നോ​ക്കേ​ണ്ടി​വ​രുന്ന മനുഷ്യ​രെ​പ്പോ​ലെയല്ല യഹോവ. ദൈവം ഭാവി മുൻകൂ​ട്ടി​പ്പ​റ​യു​ന്നത്‌ അങ്ങനെ​യാ​ണെ​ങ്കിൽ, ഭാവി​യിൽ നടക്കാ​നി​രി​ക്കുന്ന സംഭവ​ങ്ങ​ളിൽ യഹോ​വ​യ്‌ക്ക്‌ ഒരു നിയ​ന്ത്ര​ണ​വു​മി​ല്ലെ​ന്നും അത്‌ എന്താ​ണെന്നു വെറുതേ ഒന്ന്‌ ഓടി​ച്ചു​നോ​ക്കാൻ മാത്രമേ യഹോ​വ​യ്‌ക്കു കഴിയൂ എന്നും വരും. പക്ഷേ യഹോ​വ​യു​ടെ കാര്യ​ത്തിൽ, യഹോ​വ​ത​ന്നെ​യാണ്‌ ഭാവി​യിൽ നടക്കേണ്ട ചില കാര്യങ്ങൾ തീരു​മാ​നി​ക്കു​ന്നത്‌. അതിനാ​യി ഒരു സമയം നിശ്ചയി​ക്കാ​നും ആ സമയം വരു​മ്പോൾ അതു നടപ്പി​ലാ​ക്കാ​നും യഹോ​വ​യ്‌ക്കു കഴിയും.—പുറ. 9:5, 6; മത്താ. 24:36; പ്രവൃ. 17:31.

ഈ കാരണം​കൊ​ണ്ടാണ്‌ ഭാവി​സം​ഭ​വ​ങ്ങ​ളോ​ടു ബന്ധപ്പെട്ട്‌ യഹോവ ചെയ്യുന്ന ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ബൈബി​ളിൽ, “ഒരുക്കി​വെ​ച്ചി​രി​ക്കു​ന്നു,” “രൂപം നൽകി​യി​രി​ക്കു​ന്നു,” “തീരു​മാ​നി​ച്ചി​രി​ക്കു​ന്നു” എന്നൊ​ക്കെ​യുള്ള പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (2 രാജാ. 19:25, അടിക്കു​റിപ്പ്‌; യശ. 46:11) ഈ പദപ്ര​യോ​ഗ​ങ്ങ​ളെ​ല്ലാം വന്നിരി​ക്കു​ന്നത്‌ “കുശവൻ” എന്ന്‌ അർഥം​വ​രുന്ന വാക്കി​നോ​ടു ബന്ധപ്പെട്ട ഒരു മൂലഭാ​ഷാ​പ​ദ​ത്തിൽനി​ന്നാണ്‌. (യിരെ. 18:4) വിദഗ്‌ധ​നായ ഒരു കുശവൻ കളിമ​ണ്ണി​നെ ഭംഗി​യുള്ള ഒരു പാത്ര​മാ​ക്കി മാറ്റു​ന്ന​തു​പോ​ലെ യഹോ​വ​യ്‌ക്കു തന്റെ ഇഷ്ടം നിറ​വേ​റ്റു​ന്ന​തി​നാ​യി കാര്യങ്ങൾ രൂപ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​നാ​കും.—എഫെ. 1:11.

സ്വന്തമാ​യി തീരു​മാ​നങ്ങൾ എടുക്കാ​നുള്ള ഒരാളു​ടെ സ്വാത​ന്ത്ര്യ​ത്തെ യഹോവ ബഹുമാ​നി​ക്കു​ന്നു. യഹോവ ആരു​ടെ​യും ഭാവി വിധി​ച്ചു​വെ​ക്കു​ന്നില്ല. നല്ലവരായ ആളുക​ളെ​ക്കൊണ്ട്‌ അവരുടെ നാശത്തിന്‌ ഇടയാ​ക്കുന്ന കാര്യങ്ങൾ ചെയ്യി​ക്കു​ന്നു​മില്ല. സ്വന്തം ഇഷ്ടമനു​സ​രിച്ച്‌ തീരു​മാ​നം എടുക്കാൻ യഹോവ ഓരോ​രു​ത്ത​രെ​യും അനുവ​ദി​ക്കു​ന്നു. എന്നാൽ അതോ​ടൊ​പ്പം ശരിയായ രീതി​യിൽ എങ്ങനെ ജീവി​ക്കാ​മെന്നു പഠിപ്പി​ക്കു​ക​യും ചെയ്യു​ന്നുണ്ട്‌.

രണ്ട്‌ ഉദാഹ​ര​ണങ്ങൾ നോക്കാം. ആദ്യ​ത്തേത്‌ നിനെ​വെ​യി​ലെ ആളുക​ളു​ടേ​താണ്‌. അവരുടെ ദുഷ്ടത കാരണം ആ നഗരം നശിപ്പി​ക്ക​പ്പെ​ടു​മെന്ന്‌ യഹോവ മുൻകൂ​ട്ടി​പ്പ​റഞ്ഞു. പക്ഷേ അവിടത്തെ ആളുകൾ പശ്ചാത്ത​പി​ച്ച​പ്പോൾ യഹോവ ‘അവർക്കു വരുത്തു​മെന്നു പറഞ്ഞ ദുരന്ത​ത്തെ​ക്കു​റിച്ച്‌ പുനരാ​ലോ​ചി​ച്ചു. ദൈവം അവരെ ശിക്ഷി​ച്ചില്ല.’ (യോന 3:1-10) നിനെ​വെ​യി​ലെ ആളുകൾ യഹോവ കൊടുത്ത മുന്നറി​യിപ്പ്‌ ശ്രദ്ധി​ക്കു​ക​യും, സ്വന്തമാ​യി തീരു​മാ​നം എടുക്കാ​നുള്ള സ്വാത​ന്ത്ര്യം നല്ല രീതി​യിൽ ഉപയോ​ഗി​ച്ചു​കൊണ്ട്‌ പശ്ചാത്ത​പി​ക്കു​ക​യും ചെയ്‌തു. അതു​കൊണ്ട്‌ താൻ മുൻകൂ​ട്ടി​പ്പറഞ്ഞ കാര്യ​ത്തെ​ക്കു​റിച്ച്‌ യഹോവ മാറി​ച്ചി​ന്തി​ച്ചു.

രണ്ടാമത്തെ ഉദാഹ​രണം, കോ​രെശ്‌ എന്ന യോദ്ധാ​വി​നെ​ക്കു​റി​ച്ചുള്ള പ്രവച​ന​മാണ്‌. അദ്ദേഹം ജൂതന്മാ​രെ അടിമ​ത്ത​ത്തിൽനിന്ന്‌ വിടു​വി​ക്കു​ക​യും യഹോ​വ​യു​ടെ ആലയം പുതു​ക്കി​പ്പ​ണി​യാ​നുള്ള കല്പന പുറ​പ്പെ​ടു​വി​ക്കു​ക​യും ചെയ്യു​മെന്നു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (യശ. 44:26–45:4) പേർഷ്യൻ രാജാ​വായ കോ​രെശ്‌ ആ പ്രവചനം നിറ​വേറ്റി. (എസ്ര 1:1-4) എന്നാൽ കോ​രെശ്‌ ഒരിക്ക​ലും സത്യ​ദൈ​വ​ത്തി​ന്റെ ഒരു ആരാധ​ക​നാ​യി​ത്തീർന്നില്ല. പ്രവചനം നിറ​വേ​റ്റാൻ യഹോവ അദ്ദേഹത്തെ ഉപയോ​ഗി​ച്ചെ​ങ്കി​ലും ആരെ ആരാധി​ക്കണം എന്നു തീരു​മാ​നി​ക്കാ​നുള്ള കോ​രെ​ശി​ന്റെ സ്വാത​ന്ത്ര്യ​ത്തിൽ യഹോവ ഇടപെ​ട്ടില്ല.—സുഭാ. 21:1.

ഭാവി മുൻകൂ​ട്ടി​പ്പ​റ​യു​മ്പോൾ യഹോവ പരിഗ​ണി​ക്കുന്ന ഏതാനും ചില കാര്യങ്ങൾ മാത്ര​മാണ്‌ നമ്മൾ ഇതുവരെ ചിന്തി​ച്ചത്‌. ശരിക്കും പറഞ്ഞാൽ, യഹോ​വ​യു​ടെ വഴികൾ പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ ഒരു മനുഷ്യ​നും കഴിയില്ല. (യശ. 55:8, 9) എന്തായാ​ലും യഹോവ പറഞ്ഞു​ത​ന്നി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ ഒന്ന്‌ ഉറപ്പാണ്‌: ഭാവി മുൻകൂ​ട്ടി​പ്പ​റ​യു​ന്നത്‌ ഉൾപ്പെടെ യഹോവ ചെയ്യുന്ന എല്ലാ കാര്യ​ങ്ങ​ളും ഏറ്റവും ഉചിത​മാ​യ​വ​യാ​യി​രി​ക്കും.