വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാ​മോ?

നിങ്ങൾക്ക്‌ അറിയാ​മോ?

ബൈബിളിൽ ചില​തൊ​ക്കെ ആവർത്തിച്ച്‌ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ബൈബി​ളെ​ഴു​ത്തു​കാർ ചില​പ്പോ​ഴൊ​ക്കെ ഒരേ കാര്യം​തന്നെ വീണ്ടും​വീ​ണ്ടും ആവർത്തിച്ച്‌ എഴുതി​യി​ട്ടുണ്ട്‌. എന്തു​കൊ​ണ്ടാ​യി​രി​ക്കാം അവർ അങ്ങനെ ചെയ്‌തത്‌? മൂന്നു സാധ്യ​തകൾ നോക്കാം:

അത്‌ എഴുതിയ കാലഘട്ടം. പുരാതന ഇസ്രാ​യേ​ലിൽ മിക്ക ആളുക​ളു​ടെ കൈയി​ലും നിയമ​ത്തി​ന്റെ ഒരു പകർപ്പു​ണ്ടാ​യി​രു​ന്നില്ല. പകരം ജനം വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലോ ആലയത്തി​ലോ ചെല്ലു​മ്പോൾ നിയമ​പു​സ്‌തകം വായി​ച്ചു​കേൾക്കു​ക​യാണ്‌ ചെയ്‌തി​രു​ന്നത്‌. (ആവ. 31:10-12) ഒരു വലിയ ജനക്കൂട്ടം മണിക്കൂ​റു​കൾനിന്ന്‌ കേൾക്കു​മ്പോൾ അവർക്കു പല ശ്രദ്ധാ​ശൈ​ഥി​ല്യ​ങ്ങ​ളും ഉണ്ടായി​ട്ടു​ണ്ടാ​കും. (നെഹ. 8:2, 3, 7) അതു​കൊണ്ട്‌ അത്തരം സന്ദർഭ​ങ്ങ​ളിൽ പ്രധാ​ന​പ്പെട്ട പദപ്ര​യോ​ഗങ്ങൾ വീണ്ടും​വീ​ണ്ടും ആവർത്തിച്ച്‌ കേൾക്കു​ന്നത്‌ തിരു​വെ​ഴു​ത്തു​കൾ ഓർത്തി​രി​ക്കാ​നും അതനു​സ​രിച്ച്‌ പ്രവർത്തി​ക്കാ​നും അവരെ സഹായി​ക്കു​മാ​യി​രു​ന്നു. പ്രത്യേ​കിച്ച്‌ ദൈവ​ത്തി​ന്റെ ചട്ടങ്ങളു​ടെ​യും ന്യായ​ത്തീർപ്പു​ക​ളു​ടെ​യും വിശദാം​ശങ്ങൾ ഓർത്തി​രി​ക്കാൻ അവർക്ക്‌ അതിലൂ​ടെ കഴിഞ്ഞി​ട്ടു​ണ്ടാ​കും.—ലേവ്യ 18:4-22; ആവ. 5:1.

എഴുത്തി​ന്റെ രീതി. ബൈബി​ളി​ന്റെ ഏതാണ്ട്‌ 10 ശതമാ​ന​വും ഗീതങ്ങ​ളാണ്‌. സങ്കീർത്ത​നങ്ങൾ, ഉത്തമഗീ​തം, വിലാ​പങ്ങൾ എന്നീ പുസ്‌ത​ക​ങ്ങ​ളൊ​ക്കെ അതിൽപ്പെ​ടും. ഗീതങ്ങ​ളിൽ ചില​പ്പോ​ഴൊ​ക്കെ ഒരേ പദങ്ങൾതന്നെ ആവർത്തി​ക്കു​ന്നതു കാണാം. അത്‌ ആ പാട്ടിന്റെ പ്രധാ​ന​വി​ഷ​യ​വും അതിലെ വരിക​ളും ഓർത്തി​രി​ക്കാൻ കേൾവി​ക്കാ​രെ സഹായി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, സങ്കീർത്തനം 115:9-11 വരെയുള്ള ഭാഗം നോക്കുക: “ഇസ്രാ​യേലേ, യഹോ​വ​യിൽ ആശ്രയി​ക്കുക.—ദൈവ​മാ​ണ​ല്ലോ അവരുടെ സഹായ​വും പരിച​യും. അഹരോൻഗൃ​ഹമേ, യഹോ​വ​യിൽ ആശ്രയി​ക്കുക.—ദൈവ​മാ​ണ​ല്ലോ അവരുടെ സഹായ​വും പരിച​യും. യഹോ​വയെ ഭയപ്പെ​ടു​ന്ന​വരേ, യഹോ​വ​യിൽ ആശ്രയി​ക്കുക.—ദൈവ​മാ​ണ​ല്ലോ അവരുടെ സഹായ​വും പരിച​യും.” ഇതിൽ വാക്കുകൾ ആവർത്തി​ച്ചി​രി​ക്കു​ന്നത്‌ നിങ്ങൾ ശ്രദ്ധി​ച്ചോ? അത്‌, പാട്ട്‌ പാടു​ന്ന​വ​രു​ടെ മനസ്സിൽ അമൂല്യ​മായ ആ സത്യങ്ങൾ ആഴ്‌ന്നി​റ​ങ്ങാൻ സഹായി​ച്ചി​ട്ടു​ണ്ടാ​കി​ല്ലേ?

പ്രാധാ​ന്യ​മർഹി​ക്കുന്ന വിവരങ്ങൾ എടുത്തു​കാ​ണി​ക്കാൻ. ബൈബി​ളെ​ഴു​ത്തു​കാർ ചില​പ്പോ​ഴൊ​ക്കെ പ്രാധാ​ന്യ​മുള്ള പദപ്ര​യോ​ഗങ്ങൾ ആവർത്തിച്ച്‌ പറഞ്ഞി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേൽ ജനത​യോട്‌ രക്തം കഴിക്ക​രു​തെന്ന്‌ നിർദേ​ശി​ച്ച​പ്പോൾ അതിന്റെ കാരണം വീണ്ടും​വീ​ണ്ടും പറയാൻ യഹോവ മോശയെ നിയോ​ഗി​ച്ചു. ജീവി​യു​ടെ പ്രാണൻ രക്തത്തി​ലാണ്‌, അതായത്‌ രക്തം ജീവനെ അർഥമാ​ക്കു​ന്നു എന്ന്‌ എടുത്തു​കാ​ണി​ക്കാൻ ദൈവം ആഗ്രഹി​ച്ചു. (ലേവ്യ 17:11, 14) പിന്നീട്‌ യരുശ​ലേ​മി​ലെ അപ്പോ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും ക്രിസ്‌ത്യാ​നി​കൾ നിർബ​ന്ധ​മാ​യും പാലി​ക്കേണ്ട ചില നിയമ​ങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ രക്തം ഒഴിവാ​ക്കേ​ണ്ട​തി​ന്റെ ആവശ്യ​ത്തെ​ക്കു​റിച്ച്‌ ആവർത്തിച്ച്‌ പറയു​ന്ന​താ​യി കാണാം.—പ്രവൃ. 15:20, 29.

ബൈബി​ളിൽ ചില കാര്യങ്ങൾ ആവർത്തിച്ച്‌ പറഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അതിലെ പദങ്ങളോ വാക്യ​ങ്ങ​ളോ ഒരു ആചാരം​പോ​ലെ ചൊല്ലി​ക്കൊ​ണ്ടി​രി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു എന്ന്‌ അത്‌ അർഥമാ​ക്കു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, യേശു പറഞ്ഞു: “പ്രാർഥി​ക്കു​മ്പോൾ, . . . ഒരേ കാര്യങ്ങൾ തന്നെയും പിന്നെ​യും ഉരുവി​ട​രുത്‌.” (മത്താ. 6:7) തുടർന്ന്‌, ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ നമുക്കു പ്രാർഥി​ക്കാൻ കഴിയുന്ന ചില വിഷയങ്ങൾ എന്തൊ​ക്കെ​യാ​ണെന്നു യേശു പറഞ്ഞു​തന്നു. (മത്താ. 6:9-13) അതു​കൊണ്ട്‌, പ്രാർഥി​ക്കു​മ്പോൾ നമ്മൾ ഒരേ വാക്കു​കൾതന്നെ വീണ്ടും​വീ​ണ്ടും പറഞ്ഞു​കൊ​ണ്ടി​രി​ക്കില്ല. എന്നാൽ ഒരു വിഷയ​ത്തെ​ക്കു​റി​ച്ചു​തന്നെ പല തവണ പ്രാർഥി​ക്കു​ന്നത്‌ ഒരു തെറ്റല്ല.—മത്താ. 7:7-11.

ദൈവം തന്റെ വചനത്തിൽ ചില പദങ്ങളോ പദപ്ര​യോ​ഗ​ങ്ങ​ളോ ആവർത്തി​ക്കാൻ അനുവ​ദി​ച്ചത്‌ നല്ല കാരണ​ങ്ങൾകൊ​ണ്ടു​ത​ന്നെ​യാണ്‌. നമ്മുടെ മഹാനായ ഉപദേ​ഷ്ടാവ്‌ നമ്മുടെ പ്രയോ​ജ​ന​ത്തി​നാ​യി നമ്മളെ പഠിപ്പി​ക്കുന്ന ഒരു വിധമാണ്‌ അത്‌.—യശ. 48:17, 18.