വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 24

ഗീതം 24 യഹോ​വ​യു​ടെ പർവത​ത്തി​ലേക്കു വരൂ!

എന്നും യഹോ​വ​യു​ടെ അതിഥി​യാ​യി​രി​ക്കുക!

എന്നും യഹോ​വ​യു​ടെ അതിഥി​യാ​യി​രി​ക്കുക!

“യഹോവേ, അങ്ങയുടെ കൂടാ​ര​ത്തിൽ അതിഥി​യാ​യി വരാൻ ആർക്കു കഴിയും?”സങ്കീ. 15:1.

ഉദ്ദേശ്യം

യഹോ​വ​യു​ടെ സുഹൃ​ത്താ​യി തുടരാൻ എന്തു ചെയ്യണ​മെ​ന്നും തന്റെ സുഹൃ​ത്തു​ക്ക​ളോ​ടു നമ്മൾ എങ്ങനെ ഇടപെ​ടാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്ന​തെ​ന്നും പഠിക്കും.

1. സങ്കീർത്തനം 15:1-5 നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

 യഹോ​വ​യ്‌ക്കു ജീവിതം സമർപ്പി​ക്കു​ക​യും യഹോ​വ​യു​മാ​യി ഒരു അടുത്ത​ബന്ധം നിലനി​റു​ത്തു​ക​യും ചെയ്‌താൽ ദൈവ​ത്തി​ന്റെ കൂടാ​ര​ത്തിൽ അതിഥി​ക​ളാ​യി​രി​ക്കാൻ നമുക്കു കഴിയു​മെന്നു കഴിഞ്ഞ ലേഖന​ത്തിൽ നമ്മൾ പഠിച്ചു. എന്നാൽ അങ്ങനെ​യൊ​രു ബന്ധത്തി​ലേക്കു വരാൻ നമ്മൾ എന്താണു ചെയ്യേ​ണ്ടത്‌? 15-ാം സങ്കീർത്തനം അതെക്കു​റിച്ച്‌ പറയു​ന്നുണ്ട്‌. (സങ്കീർത്തനം 15:1-5 വായി​ക്കുക.) യഹോ​വ​യു​ടെ ഒരു അടുത്ത സുഹൃ​ത്താ​കാൻ നമ്മൾ എന്താണു ചെയ്യേ​ണ്ട​തെന്ന്‌ അവിടെ വിശദീ​ക​രി​ക്കു​ന്നു.

2. യഹോ​വ​യു​ടെ കൂടാ​ര​ത്തെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ ദാവീ​ദി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ എന്തായി​രി​ക്കാം?

2 സങ്കീർത്തനം 15 തുടങ്ങു​ന്നത്‌ ഇങ്ങനെ​യാണ്‌: “യഹോവേ, അങ്ങയുടെ കൂടാ​ര​ത്തിൽ അതിഥി​യാ​യി വരാൻ ആർക്കു കഴിയും? അങ്ങയുടെ വിശു​ദ്ധ​പർവ​ത​ത്തിൽ താമസി​ക്കാൻ ആർക്കാ​കും?” (സങ്കീ. 15:1) യഹോ​വ​യു​ടെ ‘കൂടാരം’ എന്നു പറഞ്ഞ​പ്പോൾ ദാവീ​ദി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌, കുറച്ച്‌ നാൾ ഗിബെ​യോ​നി​ലു​ണ്ടാ​യി​രുന്ന വിശു​ദ്ധ​കൂ​ടാ​ര​മാ​യി​രി​ക്കാം. ദാവീദ്‌ ദൈവ​ത്തി​ന്റെ ‘വിശു​ദ്ധ​പർവ​ത​ത്തെ​ക്കു​റി​ച്ചും’ പറയു​ന്നുണ്ട്‌. അതു പറഞ്ഞ​പ്പോൾ യരുശ​ലേ​മി​ലെ സീയോൻ പർവത​ത്തെ​ക്കു​റി​ച്ചാ​യി​രി​ക്കാം ദാവീദ്‌ ചിന്തി​ച്ചത്‌. ഗിബെ​യോന്‌ ഏതാണ്ട്‌ 10 കിലോ​മീ​റ്റർ വടക്കുള്ള ഈ സീയോൻ പർവത​ത്തിൽ ദാവീദ്‌ ഒരു കൂടാരം നിർമിച്ച്‌, യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ടകം കൊണ്ടു​വന്ന്‌ അവിടെ വെച്ചു. യഹോ​വ​യ്‌ക്കു സ്ഥിരമായ ഒരു ആലയം പണിയു​ന്ന​തു​വരെ ഉടമ്പടി​പ്പെ​ട്ടകം സൂക്ഷി​ക്കാ​നാ​യി​രു​ന്നു അത്‌.—2 ശമു. 6:17.

3. സങ്കീർത്തനം 15 പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (ചിത്ര​വും കാണുക.)

3 മിക്ക ഇസ്രാ​യേ​ല്യർക്കും വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ സേവി​ക്കാൻ കഴിയി​ല്ലാ​യി​രു​ന്നു. ഇനി, ഉടമ്പടി​പ്പെ​ട്ടകം വെച്ചി​രുന്ന കൂടാ​ര​ത്തി​ലാ​ണെ​ങ്കിൽ വളരെ​ക്കു​റച്ച്‌ ആളുകൾക്കേ കയറാൻ പറ്റിയു​ള്ളൂ. എന്നാൽ, യഹോ​വ​യു​ടെ എല്ലാ വിശ്വ​സ്‌ത​ദാ​സർക്കും ദൈവ​ത്തി​ന്റെ ആലങ്കാ​രി​ക​കൂ​ടാ​ര​ത്തിൽ അതിഥി​ക​ളാ​യി​രി​ക്കാൻ പറ്റും. അതിനു നമ്മൾ യഹോ​വ​യു​ടെ സുഹൃ​ത്തു​ക്ക​ളാ​കു​ക​യും സുഹൃ​ത്തു​ക്ക​ളാ​യി തുടരു​ക​യും ചെയ്‌താൽ മതി. അതാണു നമ്മുടെ എല്ലാം ആഗ്രഹ​വും. അങ്ങനെ യഹോ​വ​യു​ടെ സുഹൃ​ത്തു​ക്ക​ളാ​യി തുടരാൻ നമ്മൾ വളർത്തി​യെ​ടു​ക്കേണ്ട ചില ഗുണങ്ങ​ളെ​ക്കു​റിച്ച്‌ 15-ാം സങ്കീർത്ത​ന​ത്തിൽ പറയു​ന്നുണ്ട്‌.

ദാവീ​ദി​ന്റെ നാളിലെ ഇസ്രാ​യേ​ല്യർക്ക്‌ യഹോ​വ​യു​ടെ കൂടാ​ര​ത്തിൽ അതിഥി​യാ​യി​രി​ക്കു​ന്ന​തി​ന്റെ ചിത്രം മനസ്സിൽ കാണാൻ എളുപ്പ​മാ​യി​രു​ന്നു (3-ാം ഖണ്ഡിക കാണുക)


നിഷ്‌ക​ള​ങ്ക​നാ​യി നടന്ന്‌ ശരിയാ​യതു ചെയ്യുക

4. നമ്മൾ സ്‌നാ​ന​മേൽക്കാൻ മാത്രമല്ല യഹോവ പ്രതീ​ക്ഷി​ക്കു​ന്ന​തെന്ന്‌ എങ്ങനെ അറിയാം? (യശയ്യ 48:1)

4 സങ്കീർത്തനം 15:2-ൽ ദൈവ​ത്തി​ന്റെ സുഹൃ​ത്തി​നെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നത്‌ ‘നിഷ്‌ക​ള​ങ്ക​നാ​യി നടന്ന്‌ ശരിയാ​യതു ചെയ്യു​ന്ന​യാൾ’ എന്നാണ്‌. ഇതു നമ്മൾ ചെയ്‌തു​കൊ​ണ്ടേ​യി​രി​ക്കേണ്ട ഒരു കാര്യ​മാണ്‌. എന്നാൽ നമുക്കു ശരിക്കും ‘നിഷ്‌ക​ള​ങ്ക​നാ​യി നടക്കാൻ’ കഴിയു​മോ? കഴിയും. ഒരു മനുഷ്യ​നും പൂർണനല്ല എന്നതു ശരിയാണ്‌. പക്ഷേ, യഹോ​വയെ അനുസ​രി​ക്കാൻ അദ്ദേഹം പരമാ​വധി ശ്രമി​ക്കു​മ്പോൾ യഹോവ ആ വ്യക്തിയെ നിഷ്‌ക​ള​ങ്ക​നാ​യി കണക്കാ​ക്കും. ദൈവ​ത്തി​നു ജീവിതം സമർപ്പി​ക്കു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ചെയ്യു​ന്നത്‌ അതിന്റെ ഒരു തുടക്കം മാത്ര​മാണ്‌. ബൈബിൾക്കാ​ല​ങ്ങ​ളിൽ, ഒരു വ്യക്തി ഇസ്രാ​യേൽജ​ന​ത​യു​ടെ ഭാഗമാ​യി​രു​ന്ന​തു​കൊണ്ട്‌ മാത്രം അദ്ദേഹ​ത്തിന്‌ യഹോ​വ​യു​ടെ അതിഥി​യാ​യി​രി​ക്കാൻ കഴിയി​ല്ലാ​യി​രു​ന്നു. ചിലർ ദൈവത്തെ വിളി​ച്ച​പേ​ക്ഷി​ച്ചെ​ങ്കി​ലും അവർ അത്‌ ചെയ്‌തത്‌ “സത്യ​ത്തോ​ടും നീതി​യോ​ടും” കൂടെ ആയിരു​ന്നില്ല. (യശയ്യ 48:1 വായി​ക്കുക.) യഹോ​വ​യു​ടെ അതിഥി​യാ​കാൻ ശരിക്കും ആഗ്രഹി​ക്കുന്ന ഒരു ഇസ്രാ​യേ​ല്യൻ യഹോവ ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കു​ക​യും അത്‌ അനുസ​രി​ക്കു​ക​യും വേണമാ​യി​രു​ന്നു. ഇന്നും യഹോ​വ​യു​ടെ ഒരു അടുത്ത സുഹൃ​ത്താ​കു​ന്ന​തിന്‌ ഒരാൾ സ്‌നാ​ന​പ്പെ​ടു​ക​യും യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി​ത്തീ​രു​ക​യും ചെയ്‌താൽമാ​ത്രം പോരാ. ആ വ്യക്തി ‘ശരിയാ​യതു ചെയ്യു​ന്ന​തിൽ’ തുട​രേ​ണ്ട​തുണ്ട്‌. എന്നാൽ, നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

5. എല്ലാ കാര്യ​ങ്ങ​ളി​ലും യഹോ​വയെ അനുസ​രി​ക്കുക എന്നാൽ എന്താണ്‌ അർഥം?

5 പതിവാ​യി രാജ്യ​ഹാ​ളിൽ മീറ്റി​ങ്ങു​കൾക്കു പോകു​ന്ന​തു​കൊണ്ട്‌ മാത്രം യഹോവ ഒരാളെ ‘നിഷ്‌ക​ള​ങ്ക​നാ​യും ശരിയാ​യതു ചെയ്യു​ന്ന​യാ​ളാ​യും‘ കണക്കാ​ക്കില്ല. (1 ശമു. 15:22) നമ്മൾ ജീവി​ത​ത്തി​ലെ എല്ലാ കാര്യ​ങ്ങ​ളി​ലും യഹോ​വയെ അനുസ​രി​ക്കാൻ പരമാ​വധി ശ്രമി​ക്കേ​ണ്ട​തുണ്ട്‌, നമ്മൾ ഒറ്റയ്‌ക്കാ​യി​രി​ക്കു​മ്പോൾപ്പോ​ലും. (സുഭാ. 3:6; സഭാ. 12:13, 14) അതു​പോ​ലെ വളരെ നിസ്സാ​ര​മെന്നു നമുക്കു തോന്നുന്ന കാര്യ​ങ്ങ​ളി​ലും യഹോ​വയെ അനുസ​രി​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. അങ്ങനെ ചെയ്യു​മ്പോൾ നമ്മൾ ദൈവത്തെ ശരിക്കും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു കാണി​ക്കു​ക​യാണ്‌. യഹോ​വ​യ്‌ക്ക്‌ അപ്പോൾ നമ്മളോ​ടു കൂടുതൽ ഇഷ്ടം തോന്നും.—യോഹ. 14:23; 1 യോഹ. 5:3.

6. മുമ്പു ചെയ്‌ത നല്ല കാര്യ​ങ്ങ​ളെ​ക്കാൾ എന്തിനു കൂടുതൽ പ്രാധാ​ന്യ​മു​ണ്ടെ​ന്നാണ്‌ എബ്രായർ 6:10-12 സൂചി​പ്പി​ക്കു​ന്നത്‌?

6 നമ്മൾ മുമ്പ്‌ യഹോ​വ​യ്‌ക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളൊ​ക്കെ യഹോവ വളരെ വിലമ​തി​ക്കു​ന്നുണ്ട്‌. എന്നാൽ മുൻകാ​ല​ങ്ങ​ളിൽ വിശ്വ​സ്‌ത​രാ​യി​രു​ന്ന​തു​കൊണ്ട്‌ മാത്രം യഹോ​വ​യു​ടെ കൂടാ​ര​ത്തിൽ അതിഥി​ക​ളാ​യി തുടരാൻ നമുക്കു കഴിയില്ല. എബ്രായർ 6:10-12 (വായി​ക്കുക) വരെയുള്ള വാക്യ​ങ്ങ​ളിൽനിന്ന്‌ അത്‌ വ്യക്തമാണ്‌. നമ്മൾ മുമ്പ്‌ ചെയ്‌ത നല്ല കാര്യ​ങ്ങ​ളൊ​ന്നും യഹോവ മറക്കില്ല. പക്ഷേ, നമ്മൾ “അവസാ​നം​വരെ” മുഴു​ഹൃ​ദ​യ​ത്തോ​ടെ ദൈവത്തെ സേവി​ക്കാൻ ദൈവം പ്രതീ​ക്ഷി​ക്കു​ന്നുണ്ട്‌. അങ്ങനെ നമ്മൾ “തളർന്നു​പോ​കാ​തി​രു​ന്നാൽ” യഹോവ എന്നും നമ്മുടെ സുഹൃ​ത്താ​യി​രി​ക്കും.—ഗലാ. 6:9.

ഹൃദയ​ത്തിൽ സത്യം സംസാ​രി​ക്കു​ക

7. ഹൃദയ​ത്തിൽ സത്യം സംസാ​രി​ക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

7 യഹോ​വ​യു​ടെ കൂടാ​ര​ത്തിൽ അതിഥി​യാ​യി​രി​ക്കാൻ ഒരാൾ ‘ഹൃദയ​ത്തിൽ സത്യം സംസാ​രി​ക്കു​ന്ന​യാൾ’ ആയിരി​ക്കണം. (സങ്കീ. 15:2) അതിൽ നുണ പറയാ​തി​രി​ക്കു​ന്നതു മാത്രമല്ല ഉൾപ്പെ​ടു​ന്നത്‌. നമ്മൾ പറയു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന എല്ലാ കാര്യ​ങ്ങ​ളി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. (എബ്രാ. 13:18) കാരണം, “യഹോവ വഞ്ചകരെ വെറു​ക്കു​ന്നു, നേരു​ള്ള​വ​രെ​യാ​ണു ദൈവം ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​ക്കു​ന്നത്‌.”—സുഭാ. 3:32.

8. നമ്മൾ എങ്ങനെ​യുള്ള ഒരാളാ​ക​രുത്‌?

8 ‘ഹൃദയ​ത്തിൽ സത്യം സംസാ​രി​ക്കു​ന്ന​യാൾ’ എങ്ങനെ​യുള്ള ഒരാളാ​യി​രി​ക്കും? അയാൾ മറ്റുള്ള​വ​രു​ടെ മുമ്പിൽ ശരിയായ കാര്യങ്ങൾ ചെയ്‌തിട്ട്‌, ഒറ്റയ്‌ക്കാ​യി​രി​ക്കു​മ്പോൾ ദൈവ​നി​യ​മങ്ങൾ ലംഘി​ക്കുന്ന ഒരാളാ​യി​രി​ക്കില്ല. (യശ. 29:13) അങ്ങനെ അഭിന​യി​ക്കുന്ന ഒരു വ്യക്തി യഹോവ വെച്ചി​രി​ക്കുന്ന ചില നിയമ​ങ്ങ​ളൊ​ക്കെ ശരിക്കും ആവശ്യ​മു​ള്ള​താ​ണോ എന്നു ചിന്തി​ക്കാൻതു​ട​ങ്ങും. (യാക്കോ. 1:5-8) വലിയ പ്രാധാ​ന്യ​മൊ​ന്നും ഇല്ലെന്നു തോന്നുന്ന കാര്യ​ങ്ങ​ളിൽ അദ്ദേഹം അനുസ​ര​ണ​ക്കേടു കാണി​ക്കും. എന്നിട്ടും കുഴപ്പ​മൊ​ന്നും സംഭവി​ക്കു​ന്നില്ല എന്നു തോന്നു​മ്പോൾ ഗുരു​ത​ര​മായ തെറ്റുകൾ ചെയ്യാൻതു​ട​ങ്ങും. അങ്ങനെ​യുള്ള ഒരാൾ താൻ ദൈവത്തെ സേവി​ക്കു​ന്നു​ണ്ട​ല്ലോ എന്നു ചിന്തി​ച്ചാ​ലും ആ ആരാധന ദൈവം സ്വീക​രി​ക്കില്ല. (സഭാ. 8:11) അതു​കൊണ്ട്‌ നമുക്ക്‌ എല്ലാ കാര്യ​ങ്ങ​ളി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ ശ്രമി​ക്കാം.

9. നഥന​യേ​ലി​നെ യേശു ആദ്യമാ​യി കണ്ട സന്ദർഭ​ത്തിൽനിന്ന്‌ നമുക്ക്‌ എന്താണു പഠിക്കാ​നു​ള്ളത്‌? (ചിത്ര​വും കാണുക.)

9 നമ്മൾ ഹൃദയ​ത്തിൽ സത്യം സംസാ​രി​ക്കുന്ന ഒരാളാ​യി​രി​ക്കേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌. യേശു​വും നഥന​യേ​ലും ഉൾപ്പെട്ട സംഭവ​ത്തിൽനിന്ന്‌ നമുക്ക്‌ അതു മനസ്സി​ലാ​ക്കാം. ഫിലി​പ്പോസ്‌ ഒരിക്കൽ നഥന​യേ​ലി​നെ കൂട്ടി​ക്കൊണ്ട്‌ യേശു​വി​ന്റെ അടു​ത്തേക്കു വന്നു. യേശു നഥന​യേ​ലി​നെ ആദ്യമാ​യി​ട്ടാ​ണു കാണു​ന്ന​തെ​ങ്കി​ലും അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഇതാ, ഒരു കാപട്യ​വു​മി​ല്ലാത്ത തനി ഇസ്രാ​യേ​ല്യൻ.” (യോഹ. 1:47) തന്റെ എല്ലാ ശിഷ്യ​ന്മാ​രും സത്യസ​ന്ധ​രാ​ണെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. എന്നാൽ നഥന​യേ​ലിൽ യേശു ആ ഗുണം കൂടുതൽ കണ്ടു. നമ്മളെ​പ്പോ​ലെ നഥനയേൽ അപൂർണ​നാ​യി​രു​ന്നെ​ങ്കി​ലും അദ്ദേഹ​ത്തിൽ ഒട്ടും കാപട്യ​മി​ല്ലാ​യി​രു​ന്നു. അദ്ദേഹം എല്ലാ കാര്യ​ങ്ങ​ളി​ലും സത്യസ​ന്ധ​നാ​യി​രു​ന്നു. അത്‌ യേശു വിലമ​തി​ക്കു​ക​യും അഭിന​ന്ദി​ക്കു​ക​യും ചെയ്‌തു. നമ്മളെ​ക്കു​റി​ച്ചും യേശു അങ്ങനെ​തന്നെ പറയണ​മെ​ന്നല്ലേ നമ്മുടെ ആഗ്രഹം!

ഫിലി​പ്പോസ്‌ യേശു​വി​നു നഥന​യേ​ലി​നെ പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു. ‘ഒരു കാപട്യ​വും ഇല്ലാത്ത​യാൾ’ എന്ന്‌ യേശു നമ്മളെ​ക്കു​റി​ച്ചും പറയു​മോ? (9-ാം ഖണ്ഡിക കാണുക)


10. നമ്മൾ സംസാരം ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ എന്തു സംഭവി​ച്ചേ​ക്കാം? (യാക്കോബ്‌ 1:26)

10 15-ാം സങ്കീർത്ത​ന​ത്തിൽ പറഞ്ഞി​രി​ക്കുന്ന മിക്ക കാര്യ​ങ്ങ​ളും നമ്മൾ മറ്റുള്ള​വ​രോട്‌ ഇടപെ​ടു​ന്ന​തു​മാ​യി ബന്ധപ്പെ​ട്ട​താണ്‌. സങ്കീർത്തനം 15:3-ൽ യഹോ​വ​യു​ടെ കൂടാ​ര​ത്തിൽ അതിഥി​യാ​യി​രി​ക്കുന്ന ഒരാൾ, “നാവു​കൊണ്ട്‌ പരദൂ​ഷണം പറയു​ന്നില്ല, അയൽക്കാ​രന്‌ ഒരു ദോഷ​വും ചെയ്യു​ന്നില്ല, സ്‌നേ​ഹി​തരെ അപകീർത്തി​പ്പെ​ടു​ത്തു​ന്നില്ല” എന്നു പറയുന്നു. നമ്മൾ സംസാരം ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ അതു മറ്റുള്ള​വരെ വല്ലാതെ വേദനി​പ്പി​ക്കും. അങ്ങനെ ചെയ്യുന്ന ഒരാൾക്ക്‌ യഹോ​വ​യു​ടെ കൂടാ​ര​ത്തിൽ ഒരിക്ക​ലും അതിഥി​യാ​യി​രി​ക്കാൻ പറ്റില്ല.—യാക്കോബ്‌ 1:26 വായി​ക്കുക.

11. എന്താണ്‌ പരദൂ​ഷണം, പശ്ചാത്താ​പ​മി​ല്ലാ​തെ അതിൽ തുടരു​ന്ന​യാൾക്ക്‌ എതിരെ എന്തു നടപടി​യെ​ടു​ക്കും?

11 സങ്കീർത്ത​ന​ക്കാ​രൻ ഇവിടെ പരദൂ​ഷ​ണ​ത്തെ​ക്കു​റിച്ച്‌ എടുത്തു​പ​റ​യു​ന്നുണ്ട്‌. എന്താണ്‌ പരദൂ​ഷണം? മറ്റൊ​രാ​ളു​ടെ നല്ല പേര്‌ നശിപ്പി​ക്കുന്ന വ്യാജ​പ്ര​സ്‌താ​വ​ന​ക​ളാണ്‌ അത്‌. പശ്ചാത്താ​പ​മി​ല്ലാ​തെ പരദൂ​ഷണം പറയുന്ന ഒരാളെ സഭയിൽനിന്ന്‌ പുറത്താ​ക്കും.—യിരെ. 17:10.

12-13. നമ്മൾ അറിയാ​തെ നമ്മുടെ കൂട്ടു​കാ​രെ അപകീർത്തി​പ്പെ​ടു​ത്തി​യേ​ക്കാ​വുന്ന ചില സാഹച​ര്യ​ങ്ങൾ ഏതൊ​ക്കെ​യാണ്‌? (ചിത്ര​വും കാണുക.)

12 സങ്കീർത്തനം 15:3-ൽ യഹോ​വ​യു​ടെ അതിഥി​യാ​യി​രി​ക്കുന്ന ഒരാൾ, അയൽക്കാ​രന്‌ ഒരു ദോഷ​വും ചെയ്യി​ല്ലെ​ന്നും സ്‌നേ​ഹി​തരെ അപകീർത്തി​പ്പെ​ടു​ത്തി​ല്ലെ​ന്നും​കൂ​ടെ പറയു​ന്നുണ്ട്‌. എന്താണ്‌ അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

13 ചില​പ്പോൾ മറ്റൊ​രാ​ളെ അപകീർത്തി​പ്പെ​ടു​ത്തുന്ന വിവരങ്ങൾ നമ്മൾ അറിയാ​തെ പറഞ്ഞു​പ​ര​ത്തി​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌ ഈ സാഹച​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക: (1) ഒരു സഹോ​ദരി മുൻനി​ര​സേ​വനം നിറു​ത്തു​ന്നു, (2) ഒരു ദമ്പതികൾ ഇപ്പോൾ ബഥേലിൽ സേവി​ക്കു​ന്നില്ല, (3) ഒരു സഹോ​ദരൻ ഇപ്പോൾ മൂപ്പനോ ശുശ്രൂ​ഷ​ദാ​സ​നോ അല്ല. അവർ എന്തോ തെറ്റു ചെയ്‌തി​ട്ടാണ്‌ അങ്ങനെ​യൊ​ക്കെ സംഭവി​ച്ച​തെന്നു നമ്മൾ മറ്റുള്ള​വ​രോ​ടു പറഞ്ഞാൽ അതു ശരിയാ​യി​രി​ക്കു​മോ? അത്തരം മാറ്റങ്ങൾക്കു പിന്നിൽ നമുക്ക്‌ അറിയാത്ത പല കാരണ​ങ്ങ​ളും ഉണ്ടായി​രി​ക്കാ​മെന്ന്‌ ഓർക്കുക. എന്തായാ​ലും യഹോ​വ​യു​ടെ കൂടാ​ര​ത്തിൽ അതിഥി​യാ​യി​രി​ക്കുന്ന ഒരാൾ ‘അയൽക്കാ​രന്‌ ഒരു ദോഷ​വും ചെയ്യില്ല, സ്‌നേ​ഹി​തരെ അപകീർത്തി​പ്പെ​ടു​ത്തു​ക​യു​മില്ല.’

മറ്റൊ​രാ​ളെ​ക്കു​റിച്ച്‌ അത്ര നല്ലതല്ലാത്ത കാര്യങ്ങൾ പറഞ്ഞു​പ​ര​ത്തു​മ്പോൾ അതു പരദൂ​ഷ​ണ​മാ​കാ​നുള്ള സാധ്യ​ത​യുണ്ട്‌ (12-13 ഖണ്ഡികകൾ കാണുക)


യഹോ​വയെ ഭയപ്പെ​ടു​ന്ന​വരെ ബഹുമാ​നി​ക്കു​ക

14. ‘നിന്ദ്യനെ ഒഴിവാ​ക്കുക’ എന്നു പറഞ്ഞാൽ അർഥ​മെ​ന്താണ്‌?

14 സങ്കീർത്തനം 15:4-ൽ യഹോ​വ​യു​ടെ സുഹൃ​ത്താ​യി​രി​ക്കുന്ന ഒരാൾ “നിന്ദ്യനെ . . . ഒഴിവാ​ക്കു​ന്നു” എന്നു പറയുന്നു. ഒരാൾ നിന്ദ്യ​നാ​ണോ എന്ന്‌ എങ്ങനെ അറിയാ​നാ​കും? നമ്മു​ടെ​തന്നെ അഭി​പ്രാ​യ​ങ്ങ​ളോ താത്‌പ​ര്യ​ങ്ങ​ളോ വെച്ച്‌ അതു തീരു​മാ​നി​ക്കാൻ പറ്റില്ല. കാരണം നമ്മൾ അപൂർണ​രാണ്‌. ഒത്തു​പോ​കാൻ എളുപ്പ​മുള്ള ഒരാളെ നല്ലയാ​ളാ​യി കാണാ​നും അസ്വസ്ഥ​പ്പെ​ടു​ത്തുന്ന സ്വഭാ​വ​മു​ള്ള​വരെ വെറു​ക്കാ​നും ആയിരി​ക്കും നമുക്കു തോന്നു​ന്നത്‌. അതു​കൊണ്ട്‌ യഹോവ ‘നിന്ദ്യ​രാ​യി’ കാണുന്ന ആളുകളെ മാത്ര​മാ​ണു നമ്മൾ ഒഴിവാ​ക്കേ​ണ്ടത്‌. (1 കൊരി. 5:11) പശ്ചാത്താ​പ​മി​ല്ലാ​തെ തെറ്റു ചെയ്യു​ന്ന​തിൽ തുടരു​ന്ന​വ​രും നമ്മുടെ വിശ്വാ​സ​ങ്ങളെ ആദരി​ക്കാ​ത്ത​വ​രും നമ്മുടെ ആത്മീയ​തയെ തകർക്കാൻ നോക്കു​ന്ന​വ​രും അതിൽ ഉൾപ്പെ​ടും.—സുഭാ. 13:20.

15. ‘യഹോ​വയെ ഭയപ്പെ​ടു​ന്ന​വരെ ബഹുമാ​നി​ക്കാൻ’ കഴിയുന്ന ഒരു വിധം ഏതാണ്‌?

15 സങ്കീർത്തനം 15:4 അടുത്ത​താ​യി പറയു​ന്നത്‌, ‘യഹോ​വയെ ഭയപ്പെ​ടു​ന്ന​വരെ ബഹുമാ​നി​ക്കാ​നാണ്‌.’ അതു​കൊണ്ട്‌ നമ്മളാൽ കഴിയുന്ന എല്ലാ വിധങ്ങ​ളി​ലും യഹോ​വ​യു​ടെ സുഹൃ​ത്തു​ക്ക​ളോ​ടു ദയയും ബഹുമാ​ന​വും കാണി​ക്കാൻ നമ്മൾ ശ്രമി​ക്കു​ന്നു. (റോമ. 12:10) അതിനുള്ള ഒരു വിധം സങ്കീർത്തനം 15:4-ൽത്തന്നെ പറയു​ന്നുണ്ട്‌: യഹോ​വ​യു​ടെ അതിഥി​യാ​യി​രി​ക്കുന്ന ഒരാൾ ‘തനിക്കു നഷ്ടമു​ണ്ടാ​കു​മെന്നു കണ്ടാലും വാക്കു മാറ്റില്ല.’ നമ്മൾ വാക്കു മാറ്റി​യാൽ അതു മറ്റുള്ള​വരെ ഉറപ്പാ​യും വേദനി​പ്പി​ക്കും. (മത്താ. 5:37) ഉദാഹ​ര​ണ​ത്തിന്‌, വിവാ​ഹം​ക​ഴി​ച്ചവർ തങ്ങളുടെ പ്രതി​ജ്ഞ​യ്‌ക്കു ചേർച്ച​യിൽ ജീവി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. ഇനി, മക്കൾക്കു കൊടുത്ത വാക്കു പാലി​ക്കാൻ മാതാ​പി​താ​ക്കൾ പരമാ​വധി ശ്രമി​ക്കു​മ്പോൾ യഹോ​വ​യ്‌ക്കു സന്തോ​ഷ​മാ​കും. ദൈവ​ത്തെ​യും മറ്റുള്ള​വ​രെ​യും സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌, കൊടുത്ത വാക്കു പാലി​ക്കാൻ നമ്മൾ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കും.

16. യഹോ​വ​യു​ടെ സുഹൃ​ത്തു​ക്കളെ ബഹുമാ​നി​ക്കാ​നുള്ള മറ്റൊരു വഴി ഏതാണ്‌?

16 ദൈവ​ത്തി​ന്റെ സുഹൃ​ത്തു​ക്കളെ ബഹുമാ​നി​ക്കാ​നുള്ള മറ്റൊരു വഴി അവരോട്‌ ആതിഥ്യം കാണി​ക്കു​ന്ന​തും അവരെ സഹായി​ക്കാൻ എപ്പോ​ഴും തയ്യാറാ​യി​രി​ക്കു​ന്ന​തും ആണ്‌. (റോമ. 12:13) മീറ്റി​ങ്ങു​കൾക്കും ശുശ്രൂ​ഷ​യ്‌ക്കും പോകു​മ്പോൾ മാത്രമല്ല സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കാൻ വേറെ​യും അവസരങ്ങൾ കണ്ടെത്തുക. അങ്ങനെ​യാ​കു​മ്പോൾ നമ്മൾ അവരോ​ടും യഹോ​വ​യോ​ടും കൂടുതൽ അടുക്കും. ഇനി, ആതിഥ്യം കാണി​ക്കു​മ്പോൾ നമ്മൾ യഹോ​വയെ അനുക​രി​ക്കു​ക​യു​മാണ്‌.

പണസ്‌നേഹം ഒഴിവാ​ക്കു​ക

17. 15-ാം സങ്കീർത്ത​ന​ത്തിൽ പണത്തെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

17 യഹോ​വ​യു​ടെ അതിഥി​യാ​യി​രി​ക്കുന്ന ഒരാൾ, “പണം പലിശ​യ്‌ക്കു കൊടു​ക്കു​ന്നില്ല, നിരപ​രാ​ധി​ക്കെ​തി​രെ കൈക്കൂ​ലി വാങ്ങു​ന്നില്ല” എന്നു നമ്മൾ വായി​ക്കു​ന്നു. (സങ്കീ. 15:5) കുറച്ച്‌ വാക്യങ്ങൾ മാത്ര​മുള്ള ഈ സങ്കീർത്ത​ന​ത്തിൽ പണത്തെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം, പണത്തിനു കൂടുതൽ പ്രാധാ​ന്യം കൊടു​ത്താൽ നമ്മൾ മറ്റുള്ള​വരെ വേദനി​പ്പി​ക്കും. ദൈവ​വു​മാ​യുള്ള നമ്മുടെ ബന്ധവും തകരും. (1 തിമൊ. 6:10) ബൈബിൾക്കാ​ല​ങ്ങ​ളിൽ ചിലർ തങ്ങളുടെ പാവപ്പെട്ട സഹോ​ദ​ര​ങ്ങൾക്കു പണം കടം കൊടു​ത്തിട്ട്‌ അവരുടെ കൈയിൽനിന്ന്‌ പലിശ വാങ്ങി. ഇനി ചില ന്യായാ​ധി​പ​ന്മാർ കൈക്കൂ​ലി വാങ്ങി​യിട്ട്‌, നിരപ​രാ​ധി​കളെ കുറ്റക്കാ​രാ​യി വിധിച്ചു. ഇതു​പോ​ലുള്ള കാര്യങ്ങൾ യഹോവ വെറു​ക്കു​ന്നു.—യഹ. 22:12.

18. പണത്തെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ എന്നു വിലയി​രു​ത്താൻ ഏതു ചോദ്യ​ങ്ങൾ സഹായി​ക്കും? (എബ്രായർ 13:5)

18 നമ്മൾ പണത്തെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ എന്നു സ്വയം വിലയി​രു​ത്തേ​ണ്ടതു പ്രധാ​ന​മാണ്‌. അതിനു നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘ഞാൻ എപ്പോ​ഴും പണത്തെ​ക്കു​റി​ച്ചും അതു​വെച്ച്‌ എന്തു വാങ്ങി​ക്കാം എന്നതി​നെ​ക്കു​റി​ച്ചും ആണോ ചിന്തി​ക്കു​ന്നത്‌? പണം കടം മേടി​ച്ചിട്ട്‌ അതു തന്നയാൾക്കു വലിയ അത്യാ​വ​ശ്യ​മൊ​ന്നും കാണില്ല എന്നു ചിന്തിച്ച്‌ അതു തിരി​ച്ചു​കൊ​ടു​ക്കാൻ വൈകാ​റു​ണ്ടോ? പണമു​ള്ള​തു​കൊണ്ട്‌ ഞാൻ മറ്റുള്ള​വ​രെ​ക്കാൾ വലിയ ആളാ​ണെന്ന്‌ എനിക്കു തോന്നു​ന്നു​ണ്ടോ? അതേസ​മയം മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിൽ പിശു​ക്കു​കാ​ണി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടോ? ഒരു സഹോ​ദ​രനു പണമു​ണ്ടെന്നു കരുതി അദ്ദേഹ​ത്തിന്‌ യഹോ​വ​യോട്‌ ഉള്ളതി​നെ​ക്കാൾ സ്‌നേഹം പണത്തോ​ടാണ്‌ എന്നു ഞാൻ ചിന്തി​ക്കാ​റു​ണ്ടോ? പാവ​പ്പെ​ട്ട​വ​രെ​ക്കാൾ പണക്കാ​രോ​ടു കൂട്ടു​കൂ​ടാ​നാ​ണോ എനിക്കു കൂടുതൽ ഇഷ്ടം?’ ഈ ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. കാരണം, യഹോ​വ​യു​ടെ അതിഥി​യാ​യി​രി​ക്കാ​നുള്ള ക്ഷണം അത്രയ്‌ക്കു വലുതാണ്‌! നമ്മുടെ ജീവിതം പണസ്‌നേ​ഹ​മി​ല്ലാ​ത്ത​താ​യി സൂക്ഷി​ച്ചു​കൊണ്ട്‌ ആ അവസരം നഷ്ടപ്പെ​ടു​ത്തി​ക്ക​ള​യാ​തി​രി​ക്കാൻ നമുക്കു ശ്രമി​ക്കാം. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ യഹോവ നമ്മളെ ഒരിക്ക​ലും ഉപേക്ഷി​ക്കില്ല.എബ്രായർ 13:5 വായി​ക്കുക.

യഹോവ തന്റെ സുഹൃ​ത്തു​ക്കളെ സ്‌നേ​ഹി​ക്കു​ന്നു

19. യഹോവ ചില കാര്യങ്ങൾ നമ്മളിൽനിന്ന്‌ ആവശ്യ​പ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

19 15-ാം സങ്കീർത്ത​ന​ത്തിൽ പറയു​ന്ന​തെ​ല്ലാം അനുസ​രി​ക്കുന്ന ആളെക്കു​റിച്ച്‌ അതിന്റെ അവസാനം ഇങ്ങനെ പറയുന്നു: “അയാൾ ഒരിക്ക​ലും പതറി​പ്പോ​കില്ല.” (സങ്കീ. 15:5) യഹോവ ചില കാര്യങ്ങൾ അനുസ​രി​ക്കാൻ നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണ്‌. നമ്മൾ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ യഹോവ പറയുന്ന കാര്യങ്ങൾ നമ്മൾ അനുസ​രി​ക്കു​ന്നെ​ങ്കിൽ നമുക്കു നല്ലൊരു ജീവിതം ഉണ്ടായി​രി​ക്കും, യഹോവ നമ്മളെ സംരക്ഷി​ക്കു​ക​യും ചെയ്യും.—യശ. 48:17.

20. യഹോ​വ​യു​ടെ അതിഥി​കളെ കാത്തി​രി​ക്കു​ന്നത്‌ എന്താണ്‌?

20 യഹോ​വ​യു​ടെ അതിഥി​കളെ കാത്തി​രി​ക്കു​ന്നതു മനോ​ഹ​ര​മായ ഒരു ഭാവി​യാണ്‌. വിശ്വ​സ്‌ത​രായ അഭിഷി​ക്തർക്കു സ്വർഗ​ത്തിൽ ജീവി​ക്കാ​നുള്ള അവസര​മുണ്ട്‌. യേശു അവിടെ ‘അനേകം താമസ​സ്ഥ​ലങ്ങൾ’ അവർക്കാ​യി ഒരുക്കി​യി​രി​ക്കു​ന്നു. (യോഹ. 14:2) ഇനി ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ളവർ വെളി​പാട്‌ 21:3-ലെ വാഗ്‌ദാ​നം നിറ​വേ​റു​ന്ന​തി​നാണ്‌ കാത്തി​രി​ക്കു​ന്നത്‌. തന്റെ കൂടാ​ര​ത്തിൽ എന്നെന്നും അതിഥി​ക​ളാ​യി​രി​ക്കാൻ, തന്റെ സുഹൃ​ത്തു​ക്ക​ളാ​യി​രി​ക്കാൻ യഹോവ നമ്മളെ​യെ​ല്ലാം ക്ഷണിച്ചി​രി​ക്കു​ന്നു. അത്‌ എത്ര മഹത്തായ ഒരു കാര്യ​മാണ്‌!

ഗീതം 39 ദൈവ​മു​മ്പാ​കെ സത്‌പേര്‌ നേടാം