വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകവ്യാപക റിപ്പോർട്ട്‌

ലോകവ്യാപക റിപ്പോർട്ട്‌

ലോക​വ്യാ​പക റിപ്പോർട്ട്‌

ആഫ്രിക്ക

ദേശങ്ങളുടെ എണ്ണം: 56

ജനസംഖ്യ: 77,03,01,093

പ്രസാധകരുടെ എണ്ണം: 9,83,057

ബൈബിളധ്യയനങ്ങളുടെ എണ്ണം: 17,69,182

സഹാറ​യിൽ സുവാർത്ത പ്രസം​ഗി​ക്ക​പ്പെ​ടു​ന്നു​ണ്ടെന്നു നിങ്ങൾക്ക്‌ അറിയാ​മാ​യി​രു​ന്നോ? വടക്കൻ നൈജ​റിൽ, ഖനിക​ളുള്ള ഒരു പട്ടണത്തി​ലാണ്‌ പതി​നേഴു വയസ്സുള്ള നഫീസാ​ട്ടു താമസി​ക്കു​ന്നത്‌. ഒരു ദിവസം കൂട്ടു​കാ​രി​ക​ളു​ടെ സംഭാ​ഷണം അശ്ലീല​ത്തി​ലേക്കു തിരി​ഞ്ഞ​പ്പോൾ നഫീസാ​ട്ടു അവി​ടെ​നി​ന്നു മാറി​പ്പോ​ന്നു. അപ്പോൾ ഒരു പെൺകു​ട്ടി പുറ​കെ​വന്ന്‌ എന്താണു സംഭവി​ച്ച​തെന്ന്‌ അവളോ​ടു ചോദി​ച്ചു. അത്തരം സംഭാ​ഷണം തനിക്കി​ഷ്ട​മ​ല്ലെന്ന്‌ നഫീസാ​ട്ടു മറുപടി പറഞ്ഞു. ആദ്യം അവൾ നഫീസാ​ട്ടു​വി​നെ കളിയാ​ക്കി, അശ്ലീല ചിത്ര​ങ്ങ​ളി​ലൂ​ടെ​യും മറ്റും ഒന്നു കണ്ണോ​ടി​ച്ചെ​ന്നു​വെച്ച്‌ അത്ര കുഴപ്പ​മൊ​ന്നു​മി​ല്ലെ​ന്നാ​യി​രു​ന്നു അവളുടെ അഭി​പ്രാ​യം. എന്നാൽ സ്രഷ്ടാവ്‌ അതൊ​ന്നും ഇഷ്ടപ്പെ​ടു​ന്നി​ല്ലെ​ന്നും അതു​കൊണ്ട്‌ ഇതു ഗൗരവ​മു​ള്ള​താ​ണെ​ന്നും നഫീസാ​ട്ടു പറഞ്ഞു. എന്നിട്ട്‌ തന്റെ സ്‌കൂൾ ബാഗിൽനിന്ന്‌ യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പുസ്‌തകം പുറ​ത്തെ​ടുത്ത്‌ അശ്ലീല​ത്തി​ന്റെ അപകട​ങ്ങ​ളെ​ക്കു​റി​ച്ചു ചർച്ച​ചെ​യ്‌തി​രി​ക്കുന്ന ഭാഗം ആ പെൺകു​ട്ടി​യെ കാണിച്ചു. പിന്നെ അവൾ ബൈബി​ളെ​ടുത്ത്‌ 2 കൊരി​ന്ത്യർ 7:1 പെൺകു​ട്ടി​യെ വായി​ച്ചു​കേൾപ്പി​ച്ചു. അധാർമിക വീഡി​യോ​കൾ കണ്ടപ്പോൾ തന്റെയു​ള്ളിൽ പറഞ്ഞറി​യി​ക്കാ​നാ​വാത്ത ശക്തമായ വികാ​രങ്ങൾ ഉണ്ടാ​യെന്ന്‌ അവൾ നഫീസാ​ട്ടു​വി​നോ​ടു പറഞ്ഞു. അവൾ പുസ്‌ത​ക​ത്തി​ന്റെ ഒരു പ്രതി ചോദി​ച്ചു, നഫീസാ​ട്ടു കൊടു​ക്കു​ക​യും ചെയ്‌തു. നഫീസാ​ട്ടു പറയുന്നു: “അടുത്ത​തവണ ഞാൻ കണ്ടപ്പോൾ അവൾ ഒറ്റയ്‌ക്കാ​യി​രു​ന്നു, സുഹൃ​ത്തു​ക്ക​ളൊ​ക്കെ എവി​ടെ​യെന്ന്‌ ഞാൻ തിരക്കി​യ​പ്പോൾ അവൾ പറഞ്ഞു, ‘എന്റെ സുഹൃത്ത്‌ ഈ പുസ്‌ത​ക​മാണ്‌.’ ഞാൻ അവളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ തുടങ്ങി, അവൾ സ്‌മാ​ര​ക​ത്തിൽ സംബന്ധി​ക്കു​ക​യും ചെയ്‌തു.”

ടാൻസാ​നി​യ​യി​ലുള്ള ഒരു മിഷനറി സഹോ​ദ​രി​യോ​ടൊത്ത്‌ 15-ലേറെ വർഷം മുമ്പ്‌ ഒരു സ്‌ത്രീ ബൈബിൾ പഠിച്ചി​രു​ന്നു. വർഷങ്ങ​ളോ​ളം അധ്യയനം നടന്നെ​ങ്കി​ലും കുടും​ബ​ത്തിൽനി​ന്നുള്ള എതിർപ്പു​കാ​രണം ആ സ്‌ത്രീ സത്യത്തി​നു​വേണ്ടി നടപടി​യൊ​ന്നും സ്വീക​രി​ച്ചില്ല, അങ്ങനെ ബൈബിൾ പഠനം ക്രമേണ നിന്നു​പോ​യി. എന്നാൽ ചെറു​പ്രാ​യ​ത്തി​ലുള്ള, അവരുടെ രണ്ടു പെൺമക്കൾ അന്ന്‌ അമ്മ പഠിക്കുന്ന സമയത്ത്‌ ശ്രദ്ധ​യോ​ടെ കേട്ടി​രി​ക്കു​മാ​യി​രു​ന്നു. അവരിൽ മൂത്തവൾക്ക്‌ 18 വയസ്സാ​യ​പ്പോൾ വീട്ടിൽനി​ന്നു മാറി​നിൽക്കേണ്ട സാഹച​ര്യം​വന്നു, അപ്പോൾത്തന്നെ അവൾ ഒരു രാജ്യ​ഹാ​ളി​ലേക്കു പോയി ഒരു ബൈബി​ള​ധ്യ​യനം ആവശ്യ​പ്പെട്ടു. അവൾ സത്വരം പുരോ​ഗ​മി​ച്ചു, സ്‌നാ​പ​ന​മേറ്റു. അവളുടെ അനുജ​ത്തി​യും ഒരു ബൈബി​ള​ധ്യ​യനം ആവശ്യ​പ്പെട്ടു, അവളും സ്‌നാ​പ​ന​മേറ്റു. സത്യത്തി​നു​വേ​ണ്ടി​യുള്ള മക്കളുടെ ഉറച്ചനി​ല​പാട്‌ അമ്മയ്‌ക്കു പ്രോ​ത്സാ​ഹനം പകർന്നു. അവർ ബൈബി​ള​ധ്യ​യനം പുനരാ​രം​ഭി​ച്ചു. മുമ്പ്‌ അവരെ പിന്തി​രി​പ്പിച്ച മാനു​ഷ​ഭയം തരണം​ചെ​യ്യാൻ ഇത്തവണ അവർക്കു കഴിഞ്ഞു, 2004 മേയ്‌മാ​സ​ത്തി​ലെ സർക്കിട്ട്‌ സമ്മേള​ന​ത്തിൽ അവരും സ്‌നാ​പ​ന​മേറ്റു.

‘അനാഥ​രെ​യും വിധവ​മാ​രെ​യും അവരുടെ സങ്കടത്തിൽ ചെന്നു കാണണ’മെന്ന കൽപ്പന സഭ അനുസ​രി​ക്കു​മ്പോൾ യഹോ​വ​യു​ടെ അനു​ഗ്രഹം ഉറപ്പാണ്‌. (യാക്കോബ്‌ 1:27) ഇത്‌ ലെസോ​ത്തോ​യി​ലെ സഭയുടെ കാര്യ​ത്തിൽ ശരിയാ​യി​രു​ന്നു. സഭയിലെ സ്‌നാ​പ​ന​മേറ്റ ഒരംഗ​മാ​യി​രു​ന്നു മാപോ​ളോ സഹോ​ദരി. അവർ ചെറു​പ്രാ​യ​ത്തി​ലുള്ള നാല്‌ ആൺമക്കളെ ഒറ്റയ്‌ക്കു വളർത്തി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. തനിക്ക്‌ ഗുരു​ത​ര​മായ ഒരു രോഗ​മു​ണ്ടെന്നു മനസ്സി​ലാ​ക്കിയ സഹോ​ദരി സ്വന്തം​കാ​ലിൽ നിൽക്കാൻ കുട്ടി​കളെ പരിശീ​ലി​പ്പി​ച്ചു. അവൾ അവരോ​ടൊ​ത്തു ബൈബിൾ പഠിക്കു​ക​യും അവരെ സഭാ​യോ​ഗ​ങ്ങൾക്കു കൊണ്ടു​പോ​കു​ക​യും ചെയ്‌തി​രു​ന്നു. ചൂല്‌ ഉണ്ടാക്കാൻ സഹോ​ദരി കുട്ടി​കളെ പഠിപ്പി​ച്ചു, കുട്ടികൾ ചൂലു​ണ്ടാ​ക്കി വഴി​യോ​ര​ത്തു​വെച്ചു വിൽക്കു​മാ​യി​രു​ന്നു. 1998-ൽ മാപോ​ളോ സഹോ​ദരി മരിച്ചു. അനാഥ​രായ കുട്ടികൾ അവരുടെ വല്യമ്മ​യു​ടെ സംരക്ഷ​ണ​യി​ലാ​യി. ഒരു സാക്ഷി​യാ​യി​ത്തീ​രാൻ മാപോ​ളോ​യെ സഹായിച്ച മിഷനറി സഹോ​ദരി ഒരു സാമൂ​ഹിക ക്ഷേമ സംഘട​നയെ സമീപിച്ച്‌ കുട്ടി​കൾക്ക്‌ സ്‌കൂൾ ഫീസ്‌ ലഭിക്കാ​നുള്ള ക്രമീ​ക​രണം ചെയ്‌തു. മറ്റു ചില സാക്ഷികൾ കുട്ടി​കൾക്കു വസ്‌ത്രങ്ങൾ നൽകി. അങ്ങനെ​യി​രി​ക്കെ വല്യമ്മ​യും മരിച്ചു. അപ്പോൾ സഭയിലെ ഒരു സഹോ​ദരൻ അവരോ​ടൊ​ത്തു ബൈബിൾ പഠിച്ചു, അവരുടെ വീട്ടു​വാ​ട​ക​യും കൊടു​ത്തു. ആൺകു​ട്ടി​കൾ നാലു​പേ​രും ക്രമമാ​യി യോഗ​ത്തി​നു വരുന്നുണ്ട്‌. രണ്ടുപേർ സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രസാ​ധ​ക​രാണ്‌, മൂത്തവൻ റാൻറ്റ്‌സോ​യ്‌ക്ക്‌ ഇപ്പോൾ 20 വയസ്സുണ്ട്‌, 2004 മാർച്ചി​ലെ സർക്കിട്ട്‌ സമ്മേള​ന​ത്തിൽ അവൻ സ്‌നാ​പ​ന​മേറ്റു. അന്നുതന്നെ സ്‌നാ​പ​ന​മേറ്റ, മാപോ​ളോ​യു​ടെ സഹോ​ദ​രീ​പു​ത്രൻ റിറ്റ്‌സി​ഡി​സി​റ്റ്‌സ്‌വെ​യ്‌ക്ക്‌ ബൈബി​ള​ധ്യ​യനം എടുത്തി​രു​ന്നത്‌ റാൻറ്റ്‌സോ ആയിരു​ന്നു. തനിക്കും അനുജ​ന്മാർക്കും ഈ വർഷങ്ങ​ളി​ല​ത്ര​യും സഹോ​ദ​രങ്ങൾ നൽകിയ സ്‌നേ​ഹ​പ​രി​ച​ര​ണ​ങ്ങ​ളെ​പ്രതി റാൻറ്റ്‌സോ​യ്‌ക്ക്‌ ഹൃദയം​നി​റഞ്ഞ നന്ദിയുണ്ട്‌.

കാമറൂ​ണിൽനി​ന്നുള്ള ഒരു മിഷനറി പറയുന്നു: “ഓരോ ആഴ്‌ച​യും ഞാൻ ഒരു ചെറു​പ്പ​ക്കാ​രനു ബൈബി​ള​ധ്യ​യനം എടുക്കു​മ്പോൾ വീട്ടി​ന​ക​ത്തു​നിന്ന്‌ ആരോ ഭക്തിഗാ​നങ്ങൾ പാടു​ന്നത്‌ കേൾക്കാ​മാ​യി​രു​ന്നു. ‘ആരാണ്‌ ഈ അജ്ഞാത ഗായകൻ?’ എന്നു ഞാൻ എന്റെ വിദ്യാർഥി​യോ​ടു ചോദി​ച്ചു. അത്‌ അവന്റെ അനുജൻ സ്റ്റീഫനാ​യി​രു​ന്നു. അവൻ അന്ധനാ​യി​രു​ന്നു. ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? എന്ന ലഘുപ​ത്രി​ക​യു​ടെ കാസെറ്റ്‌ ഉപയോ​ഗിച്ച്‌ ഞാൻ സ്റ്റീഫനു​മാ​യി ബൈബി​ള​ധ്യ​യനം തുടങ്ങി. ഓരോ പാഠം കഴിയു​മ്പോ​ഴും ഒരു തിരു​വെ​ഴുത്ത്‌ ഓർത്തു​വെ​ക്കണം എന്നതാ​യി​രു​ന്നു ഞങ്ങളുടെ ലക്ഷ്യം. സ്റ്റീഫന്റെ ഓർമ​ശക്തി അപാര​മാ​യി​രു​ന്നു, അവൻ നിരവധി ബൈബിൾ വാക്യങ്ങൾ പഠിച്ചു. സ്റ്റീഫൻ യോഗ​ങ്ങൾക്കു ഹാജരാ​കു​ക​യും മിക്ക​പ്പോ​ഴും ഉത്തരങ്ങൾ പറയു​ക​യും ചെയ്യു​ന്നുണ്ട്‌. ഈയിടെ, അവൻ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ സ്‌കൂ​ളിൽ തന്റെ ആദ്യത്തെ പ്രസംഗം നടത്തി. ബൈബിൾ വായനാ​ഭാ​ഗ​മാ​യി​രു​ന്നു അവന്റെ നിയമനം, സ്റ്റീഫന്‌ ബ്രെയിൽ ലിപി അറിയി​ല്ലാ​യി​രു​ന്ന​തി​നാൽ നിയമിത ഭാഗം മനഃപാ​ഠ​മാ​ക്ക​ണ​മാ​യി​രു​ന്നു. താമസി​യാ​തെ, സ്റ്റീഫന്റെ കൈപി​ടിച്ച്‌ അവനോ​ടൊ​പ്പം വയൽശു​ശ്രൂ​ഷ​യിൽ പങ്കുപ​റ്റു​ന്ന​തി​നാ​യി ഞാൻ കാത്തി​രി​ക്കു​ക​യാണ്‌. ‘അന്നു കുരു​ട​ന്മാ​രു​ടെ കണ്ണു തുറന്നു​വ​രും’ എന്ന യെശയ്യാ​വു 35:5-ലെ വാക്യം സ്റ്റീഫന്‌ ഏറെ ഇഷ്ടപ്പെട്ട ബൈബിൾ വാക്യ​ങ്ങ​ളിൽ ഒന്നാണ്‌. തന്റെ ആത്മീയ നേത്ര​ങ്ങൾക്ക്‌ ഇപ്പോൾത്തന്നെ കാഴ്‌ച ലഭിച്ച​തിൽ അവൻ അതിയാ​യി സന്തോ​ഷി​ക്കു​ന്നു. ഭാവി​യിൽ തന്റെ അക്ഷരീയ നേത്ര​ങ്ങ​ളും വെളിച്ചം കാണും എന്ന പ്രത്യാ​ശ​യിൽ അവൻ യഹോ​വയെ പാടി​സ്‌തു​തി​ക്കു​ന്നു!”

യുദ്ധം പിച്ചി​ച്ചീ​ന്തിയ ലൈബീ​രി​യ​യിൽ നാൻസി എന്നു പേരുള്ള ഒരു സ്‌ത്രീ ഒരു സാക്ഷിയെ സമീപിച്ച്‌ ബൈബി​ള​ധ്യ​യനം ആവശ്യ​പ്പെട്ടു. യഹോ​വ​യു​ടെ സാക്ഷികൾ കള്ളക്രി​സ്‌ത്യാ​നി​ക​ളാ​ണെ​ന്നും ദൈവം അവരെ നരകത്തി​ലേ​ക്കു​വി​ടു​മെ​ന്നും പള്ളി പാസ്റ്റർ അവരോ​ടു പറഞ്ഞി​രു​ന്നു. എന്നിരു​ന്നാ​ലും, നാൻസി​യു​ടെ അയൽപ​ക്ക​ക്കാ​രിൽ ചിലർ സാക്ഷി​ക​ളാ​യി​രു​ന്നു. വെടി​നി​റു​ത്തൽ ഉണ്ടാകു​മ്പോ​ഴൊ​ക്കെ പ്രാ​ദേ​ശിക സഭയിലെ മൂപ്പന്മാർ എല്ലായ്‌പോ​ഴും തങ്ങളുടെ സഹോ​ദ​ര​ങ്ങ​ളു​ടെ ക്ഷേമം തിരക്കി വരാറു​ള്ളത്‌ നാൻസി നിരീ​ക്ഷി​ച്ചു. ചുറ്റു​പാ​ടു​കൾ ശാന്തമാ​കു​മ്പോ​ഴെ​ല്ലാം സാക്ഷികൾ മറ്റുള്ള​വ​രോ​ടു പ്രസം​ഗി​ക്കാൻ പോകു​ന്ന​തും അവരുടെ ശ്രദ്ധയിൽപ്പെട്ടു. യുദ്ധത്താൽ ഒറ്റപ്പെ​ട്ടു​പോയ പ്രദേ​ശ​ത്തേക്ക്‌ ആദ്യ​മെ​ത്തിയ വാഹനം കണ്ടപ്പോൾ നാൻസി​യും പട്ടണത്തി​ലുള്ള മറ്റനേ​ക​രും അതിശ​യി​ച്ചു​പോ​യി. സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീ​സിൽനി​ന്നുള്ള ആ വാഹന​ത്തിൽ ഫ്രാൻസി​ലെ​യും ബെൽജി​യ​ത്തി​ലെ​യും സാക്ഷികൾ സംഭാ​വ​ന​യാ​യി നൽകിയ, അത്യന്താ​പേ​ക്ഷി​ത​മായ ദുരി​താ​ശ്വാ​സ സാമ​ഗ്രി​ക​ളാ​യി​രു​ന്നു. “നിങ്ങളു​ടെ പക്കൽ സത്യമു​ണ്ടെന്ന്‌ എനിക്കു തോന്നു​ന്നു,” നാൻസി പറഞ്ഞു. അവർ ബൈബിൾ പഠിക്കു​ന്ന​തിൽ പുരോ​ഗ​മി​ക്കു​ന്നു.

ഉഗാണ്ട​യിൽ സഹോ​ദ​രങ്ങൾ യോഗങ്ങൾ നടത്തുന്ന വീടിനു മേസ്‌തി​രി​പ്പണി ചെയ്യു​ന്ന​തി​നാ​യി ഒരു യുവാവ്‌ ആ ഗ്രാമ​ത്തി​ലെത്തി. പയനി​യർമാ​രിൽ ഒരാൾ അയാ​ളോ​ടു സാക്ഷീ​ക​രി​ച്ചു. കേട്ട സംഗതി​കൾ അയാൾക്ക്‌ ഇഷ്ടപ്പെട്ടു. എന്നാൽ പെട്ടെ​ന്നു​തന്നെ ആ യുവാ​വിന്‌ കുന്നിൻമു​ക​ളി​ലുള്ള തന്റെ ഗ്രാമ​ത്തി​ലേക്കു തിരി​ച്ചു​പോ​ക​ണ​മാ​യി​രു​ന്നു. അവിടെ സാക്ഷികൾ ആരുമു​ണ്ടാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ ഏറ്റവു​മ​ടു​ത്തുള്ള രാജ്യ​ഹാ​ളിൽ പോകേണ്ട വഴി പയനിയർ അയാൾക്കു പറഞ്ഞു​കൊ​ടു​ത്തു. സഹോ​ദ​ര​ങ്ങളെ കണ്ടുപി​ടി​ക്കാ​നാ​യി ആ ചെറു​പ്പ​ക്കാ​രൻ പർവത​പ്ര​ദേ​ശത്തെ ചെളി​നി​റഞ്ഞ വഴിക​ളി​ലൂ​ടെ ഏകദേശം 30 കിലോ​മീ​റ്റർ സൈക്കിൾ ചവിട്ടി രാജ്യ​ഹാ​ളി​ലെത്തി. ഹാളിൽ അയാൾ ആരെയും കണ്ടില്ല. അതു​കൊണ്ട്‌ ബൈബി​ള​ധ്യ​യനം ആവശ്യ​പ്പെ​ട്ടു​കൊ​ണ്ടുള്ള ഒരു കുറിപ്പ്‌ എഴുതി അയാൾ വാതി​ലി​ന​ടി​യി​ലൂ​ടെ അകത്തേ​ക്കി​ട്ടി​ട്ടു പോന്നു. പിന്നീട്‌, ആ മനുഷ്യ​നെ​ത്തേടി അയാളു​ടെ ഗ്രാമ​ത്തിൽ എത്തിയ പയനിയർ അതിശ​യി​ച്ചു​പോ​യി. അവിടെ 200-ഓളം പേർ ബൈബിൾ സന്ദേശം കേൾക്കാൻ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു! അവരിൽ പലരും ബൈബിൾ പഠിക്കു​ന്ന​തിൽ ആത്മാർഥ​മായ താത്‌പ​ര്യം കാണിച്ചു. ഈ ഉൾപ്ര​ദേ​ശത്ത്‌ ഇപ്പോൾ യോഗങ്ങൾ നടക്കു​ന്നുണ്ട്‌.

തെക്കു​കി​ഴക്കൻ നൈജീ​രി​യ​യി​ലെ ഏകദേശം 600 പേരുള്ള ഒരു കൊച്ചു​ഗ്രാ​മം. ഒരുദി​വസം വൈകു​ന്നേരം ആ ഗ്രാമീ​ണർ ഒരു കാഴ്‌ച​കണ്ടു. ആകാശ​ത്തി​ലെ വലി​യൊ​രു വെളിച്ചം നദിയിൽ പ്രതി​ഫ​ലി​ക്കു​ന്നു. അത്‌ അവരുടെ നേർക്ക്‌ അടുത്തു​വ​രു​ന്ന​താ​യി കാണ​പ്പെട്ടു. ഗ്രാമീ​ണർ പ്രാണ​ര​ക്ഷാർഥം ഓടി. ഇത്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസം​ഗി​ച്ചു​കൊ​ണ്ടി​രുന്ന വിനാ​ശ​മാ​ണെ​ന്നാണ്‌ അനേക​രും ഓർത്തത്‌. അതു​കൊണ്ട്‌ “അർമ​ഗെ​ദോൻ ഈ കെട്ടി​ടത്തെ നശിപ്പി​ക്കു​ക​യില്ല” എന്നു പറഞ്ഞു​കൊണ്ട്‌ അവരെ​ല്ലാം രാജ്യ​ഹാ​ളി​ലേക്ക്‌ ഓടി​ക്ക​യറി. ഒടുവിൽ, രാത്രി 10 മണി​യോ​ടെ ഗ്രാമീ​ണർക്കു മനസ്സി​ലാ​യി അത്‌ ഒരു വലിയ കാട്ടു​തീ​യു​ടെ വെളി​ച്ച​മാ​യി​രു​ന്നെന്ന്‌. അടുത്തുള്ള പള്ളിയി​ലൊ​ന്നും ഓടി​ക്ക​യ​റാ​തി​രു​ന്നത്‌ എന്താ​ണെന്നു സഹോ​ദ​രങ്ങൾ അവരോ​ടു ചോദി​ച്ച​പ്പോൾ ഒരാൾ പറഞ്ഞു: “അവയെ​ല്ലാം വെറും അസംബ​ന്ധ​മല്ലേ, നിങ്ങളു​ടെ അർമ​ഗെ​ദോൻ അവയെ​യെ​ല്ലാം നശിപ്പി​ക്കും, പക്ഷേ രാജ്യ​ഹാൾ നശിപ്പി​ക്കില്ല.”

ഗിനി​യി​ലെ അഭയാർഥി ക്യാമ്പി​ലെ നിരന്ത​ര​പ​യ​നി​യ​റായ ഒരു സഹോ​ദരി ഇങ്ങനെ പറഞ്ഞു: “വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യിൽ ഒരുദി​വസം ഞാൻ എട്ടുവ​യ​സ്സുള്ള ഒരു പെൺകു​ട്ടി​യെ കണ്ടുമു​ട്ടി. അവൾക്ക്‌ അംഗ​വൈ​ക​ല്യ​മു​ണ്ടാ​യി​രു​ന്നു. മിക്കവാ​റും പകൽ മുഴുവൻ അവളെ തനിച്ചാ​ക്കി വീടു​പൂ​ട്ടി​യി​ട്ടി​ട്ടാണ്‌ മാതാ​പി​താ​ക്കൾ പോകു​ന്ന​തെന്ന്‌ അവൾ പറഞ്ഞു. അവളെ എന്റെ സുഹൃ​ത്താ​ക്കാൻ ഇഷ്ടപ്പെ​ടു​ന്ന​താ​യി ഞാൻ പറഞ്ഞു. പിന്നെ, ദൈവം അവൾക്കു​വേണ്ടി എന്തു ചെയ്യാ​നാണ്‌ അവൾ ആഗ്രഹി​ക്കു​ന്ന​തെന്ന്‌ ഞാൻ ചോദി​ച്ചു. ഒന്നു നടക്കാൻ കഴിഞ്ഞാൽ മതി എന്ന്‌ അവൾ പറഞ്ഞു. ഞാൻ ബൈബി​ളിൽനിന്ന്‌ യെശയ്യാ​വു 35:5, 6 എടുത്ത്‌ മുടന്തൻ നടക്കും എന്നുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​നം കാണിച്ചു. എന്നിട്ട്‌ ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക! എന്ന ലഘുപ​ത്രി​ക​യി​ലെ യേശു രോഗി​കളെ സൗഖ്യ​മാ​ക്കുന്ന ചിത്രം കാണി​ച്ചു​കൊ​ടു​ത്തു. ബൈബിൾ പഠിക്കു​ക​യും യഹോവ അവളിൽനിന്ന്‌ ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ ചെയ്യു​ക​യു​മാ​ണെ​ങ്കിൽ ഈ അനു​ഗ്ര​ഹങ്ങൾ അവൾക്കും ലഭിക്കു​മെന്ന്‌ ഞാൻ പറഞ്ഞു. ഒരു ബൈബി​ള​ധ്യ​യ​ന​ത്തിന്‌ അവൾ സമ്മതിച്ചു. ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക! എന്ന ലഘുപ​ത്രിക ഞങ്ങൾ പഠിച്ചു കഴിഞ്ഞു. നിങ്ങൾക്കു ദൈവ​ത്തി​ന്റെ സ്‌നേ​ഹി​ത​നാ​യി​രി​ക്കാൻ കഴിയും! (ഇംഗ്ലീഷ്‌) എന്ന ലഘുപ​ത്രി​ക​യും പഠിച്ചു തീരാ​റാ​യി. മൂന്നാഴ്‌ച പഠിച്ച​പ്പോൾ യോഗ​ങ്ങൾക്കു വരാൻ അവൾ ആഗ്രഹം പ്രകടി​പ്പി​ച്ചു. അവൾക്കു നടക്കാൻ പറ്റാത്ത​തി​നാൽ ഞാൻ അവളുടെ വീട്ടിൽച്ചെന്ന്‌ അവളെ എടുത്തു പുറത്തി​രു​ത്തി ചുമന്നു​കൊ​ണ്ടാണ്‌ യോഗ​ങ്ങൾക്കു പോകു​ന്നത്‌. അവൾക്കു യോഗങ്ങൾ എത്രമാ​ത്രം ഇഷ്ടമാ​ണെ​ന്നോ, എനിക്ക്‌ അവളെ കൊണ്ടു​വ​രാൻ കഴിയാ​തെ​വ​ന്നാൽ അവൾക്കു വലിയ സങ്കടമാണ്‌. ചില​പ്പോൾ കരയു​ക​യും ചെയ്യും.”

അമേരി​ക്ക​കൾ

ദേശങ്ങളുടെ എണ്ണം: 56

ജനസംഖ്യ: 86,88,71,739

പ്രസാധകരുടെ എണ്ണം: 31,65,925

ബൈബിളധ്യയനങ്ങളുടെ എണ്ണം: 30,89,453

ഗ്വാഡ​ലൂ​പ്പിൽ നിന്നുള്ള മാരീ പറയുന്നു: “ഞാൻ ജോലി​നോ​ക്കുന്ന ഹോട്ട​ലി​ന്റെ സമീപ​ത്തുള്ള ബീച്ചിലെ ഒരു പാറപ്പു​റത്ത്‌ രണ്ടു ദിവസ​മാ​യി കുറച്ചു വസ്‌ത്ര​ങ്ങ​ളും ഷൂസും ഇരിപ്പു​ണ്ടെന്ന്‌ ഹോട്ട​ലിൽവ​രുന്ന കുറച്ചു​പേർ എന്നോടു പറഞ്ഞു. ഉടമസ്ഥ​നെ​ക്കു​റി​ച്ചുള്ള എന്തെങ്കി​ലും വിവരം കിട്ടി​യേ​ക്കും എന്ന ധാരണ​യിൽ ഞാൻ ആ സാധനങ്ങൾ എടുത്തു​കൊ​ണ്ടു​പോ​ന്നു. അതിലു​ണ്ടാ​യി​രുന്ന പേഴ്‌സു തുറന്നു​നോ​ക്കി​യ​പ്പോ​ഴോ, 1,372 യു.എസ്‌. ഡോളർ! ഇതെല്ലാം കണ്ടുനി​ന്നവർ, കുറെ പണം ഞാനെ​ടു​ത്തിട്ട്‌ ബാക്കി അവർക്കെ​ല്ലാം​കൂ​ടി വീതി​ച്ചു​കൊ​ടു​ക്കാൻ എന്നെ നിർബ​ന്ധി​ച്ചു. എന്നാൽ ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​ണെ​ന്നും മനസ്സാക്ഷി വിട്ടു പ്രവർത്തി​ക്കാൻ എനിക്കാ​വി​ല്ലെ​ന്നും ഞാൻ അവരോ​ടു പറഞ്ഞു. അങ്ങനെ ഞാൻ സാധന​ങ്ങ​ളെ​ല്ലാ​മെ​ടു​ത്തു ഹോട്ട​ലി​ന്റെ റിസപ്‌ഷ​നിൽ വന്നു. ഞാൻ പണം എടുക്കാ​ത്ത​തു​കണ്ട്‌ അവിടത്തെ ജോലി​ക്കാ​രെ​ല്ലാം ആശ്ചര്യ​പ്പെട്ടു. എന്റെ നിലപാ​ടു ഞാൻ വീണ്ടും വിശദീ​ക​രി​ച്ചു. ഞാൻ ബീച്ചി​ലേക്കു തിരി​ച്ചു​ചെ​ന്ന​പ്പോൾ നമ്മുടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ അവി​ടെ​യു​ണ്ടാ​യി​രുന്ന ചിലർ ജിജ്ഞാസ കാണിച്ചു. ബൈബിൾ ഉപയോ​ഗിച്ച്‌ ഞാൻ അവരോ​ടു സാക്ഷീ​ക​രി​ച്ചു. അക്കൂട്ട​ത്തി​ലെ ഒരു സ്‌ത്രീ പറഞ്ഞു: ‘ഞാൻ ഇനി യഹോ​വ​യു​ടെ സാക്ഷി​കളെ മാത്രമേ ജോലിക്ക്‌ എടുക്കു​ക​യു​ള്ളൂ.’” പിന്നീട്‌, ഉടമസ്ഥനെ കണ്ടുപി​ടി​ച്ചു. സത്യസ​ന്ധ​ത​യ്‌ക്ക്‌ പോലീസ്‌ സഹോ​ദ​രി​യെ അനു​മോ​ദി​ച്ചു.

മെക്‌സി​ക്കോ ബെഥേ​ലി​ലെ അംഗമാണ്‌ അന്റോ​ണി​യോ. എല്ലാ അവസര​ങ്ങ​ളി​ലും സത്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ അദ്ദേഹം ശ്രമി​ക്കാ​റുണ്ട്‌. അടുത്ത​കാ​ലത്ത്‌ ഒരിക്കൽ, അദ്ദേഹം സഭാ​യോ​ഗ​ങ്ങൾക്കു പോകാൻ ബസ്സിൽ യാത്ര​ചെ​യ്യു​മ്പോൾ, നന്നായി വസ്‌ത്രം​ധ​രിച്ച ഒരു യുവതി​ക്കും യുവാ​വി​നും ഒരു ലഘുലേഖ നൽകി. വളരെ രസകര​മായ സംഭാ​ഷ​ണ​ത്തി​ലേക്ക്‌ അതു നയിച്ചു. “എനിക്ക്‌ ഇറങ്ങേണ്ട സ്ഥലമാ​യ​പ്പോൾ ഞാൻ അവരോ​ടു യാത്ര​പ​റഞ്ഞ്‌ എഴു​ന്നേറ്റു,” അന്റോ​ണി​യോ പറയുന്നു. “എന്നാൽ എന്നെ അതിശ​യി​പ്പി​ച്ചു​കൊണ്ട്‌, സംഭാ​ഷണം തുടരാൻ അവർ എന്റെകൂ​ടെ ഇറങ്ങാൻ തീരു​മാ​നി​ച്ചു. അവർക്ക്‌ അവി​ടെയല്ല ഇറങ്ങേ​ണ്ടി​യി​രു​ന്നത്‌. ബസ്സിൽനിന്ന്‌ ഇറങ്ങി​ക്ക​ഴിഞ്ഞ്‌ ഞങ്ങൾ കുറച്ചു​നേ​രം​കൂ​ടി സംസാ​രി​ച്ചു. എന്നിട്ട്‌ യാത്ര​പ​റഞ്ഞ്‌ ഞാൻ മുന്നോ​ട്ടു നടന്നു. ‘താങ്കൾ എങ്ങോ​ട്ടാണ്‌ പോകു​ന്നത്‌?’ അവർ ചോദി​ച്ചു. ‘എന്റെ സഭയിലെ ഒരു യോഗ​ത്തിന്‌,’ ഞാൻ പറഞ്ഞു. അവർ പരസ്‌പരം നോക്കി​യിട്ട്‌ എന്നോടു ചോദി​ച്ചു, ‘ഞങ്ങളും വരട്ടേ?’ ‘തീർച്ച​യാ​യും, എനിക്ക​തിൽ സന്തോ​ഷ​മേ​യു​ള്ളൂ,’ ഞാൻ പറഞ്ഞു.” ആ യുവതി ഒരു അഭിഭാ​ഷ​ക​യാ​യി​രു​ന്നു, കൂടെ​യു​ണ്ടാ​യി​രു​ന്നത്‌ ഒരു സർവക​ലാ​ശാ​ലാ വിദ്യാർഥി​യായ സഹോ​ദ​ര​പു​ത്ര​നും. ഇരുവ​രും ബൈബിൾ സത്യ​ത്തെ​ക്കു​റി​ച്ചു കുറച്ചു​വർഷ​ങ്ങൾക്കു മുമ്പു കേട്ടി​ട്ടു​ണ്ടാ​യി​രു​ന്നു, പക്ഷേ കുടും​ബ​ത്തിൽനി​ന്നുള്ള എതിർപ്പു​മൂ​ലം തുടർന്നു പഠിച്ചില്ല. അവർ അന്റോ​ണി​യോ​യു​ടെ കൂടെ യോഗ​സ്ഥ​ല​ത്തേക്കു നടക്കു​മ്പോൾ അവരോട്‌ ആദ്യം സാക്ഷീ​ക​രിച്ച വ്യക്തിയെ ഒരുപക്ഷേ ഇവിടെ കാണാൻ കഴി​ഞ്ഞേ​ക്കു​മെന്ന്‌ അവർ പ്രത്യാ​ശി​ച്ചി​രു​ന്നു. അക്കാര്യം അന്റോ​ണി​യോ​യോ​ടു പറയു​ക​യും ചെയ്‌തു. അതിശ​യ​ക​ര​മെന്നു പറയട്ടെ, ആ സഹോ​ദ​രി​യെ അവർ അവി​ടെ​വെച്ചു കണ്ടുമു​ട്ടി! അവർക്ക്‌ എന്തു സന്തോഷം തോന്നി​യെ​ന്നോ! ബൈബിൾ പഠിക്കാൻ അവർക്ക്‌ അതിയായ ആകാം​ക്ഷ​യാ​യി​രു​ന്നു. “യഹോ​വ​യാണ്‌ ഞങ്ങളെ ഇവി​ടേക്കു നയിച്ചത്‌, ഇനിമു​തൽ ഞങ്ങൾ ക്രമമാ​യി വരും,” ആ യുവതി പറഞ്ഞു. ബൈബി​ള​ധ്യ​യ​ന​ത്തി​നുള്ള ക്രമീ​ക​രണം ചെയ്‌തു, ഇപ്പോൾ ആഴ്‌ച​യിൽ രണ്ടുതവണ അധ്യയനം നടത്തു​ന്നുണ്ട്‌.

ഹെയ്‌റ്റി​യിൽ ജാക്വി​ലിൻ, (ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ ഭാര്യ) ഒരു പയനിയർ സഹോ​ദ​രി​യു​ടെ കൂടെ പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അപ്പോൾ വഴിയ​രി​കിൽ ഒരു യുവതി ഒറ്റയ്‌ക്കി​രു​ന്നു കരയു​ന്നത്‌ അവർ കണ്ടു. സഹോ​ദ​രി​മാർ അവളെ സമീപിച്ച്‌ കാര്യം ആരാഞ്ഞു. ആദ്യം അവൾ ഒന്നും മിണ്ടി​യില്ല, പിന്നെ​യും സഹോ​ദ​രി​മാർ നയത്തോ​ടെ നിർബ​ന്ധി​ച്ചു ചോദി​ച്ച​പ്പോൾ അവൾ പറഞ്ഞു: “ഞാൻ ചെയ്യാൻ തീരു​മാ​നി​ച്ചതു ചെയ്‌തു.” പെട്ടെ​ന്നു​തന്നെ ജാക്വി​ലി​നു കാര്യം പിടി​കി​ട്ടി, വിഷം കഴിച്ചോ എന്ന്‌ അവർ അവളോ​ടു ചോദി​ച്ചു, അതേ എന്ന അർഥത്തിൽ അവൾ തലയാട്ടി. സഹോ​ദ​രി​മാർ അവളെ ഉടനടി ആശുപ​ത്രി​യി​ലെ​ത്തി​ച്ചു. പിറ്റേ ആഴ്‌ച പയനിയർ സഹോ​ദരി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി വീണ്ടും അവളെ സന്ദർശി​ച്ചു. ഒരു ബൈബി​ള​ധ്യ​യനം തുടങ്ങി.

പരാ​ഗ്വേ​യി​ലെ ഒരു സൂപ്പർമാർക്ക​റ്റിൽ സാധന​ങ്ങ​ളു​ടെ പണമട​യ്‌ക്കവേ താൻ കൊടു​ത്തത്‌ കള്ളനോ​ട്ടാ​ണെ​ന്ന​റിഞ്ഞ ലൂർഡസ്‌ ഞെട്ടി​പ്പോ​യി. കാഷ്യർ പെട്ടെ​ന്നു​തന്നെ സെക്യൂ​രി​റ്റി ഗാർഡി​നെ വിളിച്ചു. ലൂർഡ​സി​നെ​യും അഞ്ചുവ​യ​സ്സുള്ള മകൾ ഇൻഗ്രി​ഡി​നെ​യും പോലീസ്‌ വരുന്ന​തു​വരെ ഒരു ചെറിയ മുറി​യി​ലേക്കു കൊണ്ടു​പോ​യി. ഈ കള്ളനോ​ട്ടു​കൾ എവി​ടെ​നി​ന്നാ​ണു കിട്ടി​യ​തെന്നു പറയാൻ സൂപ്പർമാർക്ക​റ്റി​ന്റെ മാനേ​ജ​രും സെക്യൂ​രി​റ്റി ഗാർഡും ആവശ്യ​പ്പെട്ടു. പക്ഷേ ലൂർഡ​സിന്‌ ഒന്നും ഓർമി​ച്ചെ​ടു​ക്കാൻ കഴിഞ്ഞില്ല, ഇത്‌ കള്ളനോ​ട്ടാ​ണെന്നു തനിക്ക​റി​യി​ല്ലാ​യി​രു​ന്നെന്ന്‌ അവർ പറഞ്ഞു. വളരെ അസ്വസ്ഥ​യായ ഇൻഗ്രിഡ്‌ മാനേ​ജ​രെ​യും സെക്യൂ​രി​റ്റി ഗാർഡി​നെ​യും നോക്കി ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഞങ്ങളെ മോഷ്ടാ​ക്ക​ളെ​പ്പോ​ലെ കാണു​ന്നത്‌ എന്തിനാണ്‌. എന്റെ അമ്മ കള്ളിയല്ല. ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌, ഞങ്ങൾ നുണപ​റ​യില്ല.” സാക്ഷി​യാ​ണോ​യെന്ന്‌ മാനേജർ ചോദി​ച്ച​പ്പോൾ അതേ എന്ന്‌ ലൂർഡസ്‌ മറുപടി പറഞ്ഞു. ഒടുവിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീ​സി​ലേക്കു ഫോൺ ചെയ്‌തു വിവരം കിട്ടി​യ​പ്പോൾ ലൂർഡസ്‌ ഒരു സാക്ഷി​യാ​ണെന്ന്‌ അവർക്കു ബോധ്യ​മാ​യി. ലൂർഡ​സി​നും ഇൻഗ്രി​ഡി​നും അസൗക​ര്യ​ങ്ങൾ വരുത്തി​വെ​ച്ച​തിന്‌ ക്ഷമചോ​ദി​ച്ചിട്ട്‌ അവർ അവരെ പോകാൻ അനുവ​ദി​ച്ചു. എന്തായാ​ലും, ആശിച്ചി​രുന്ന പോപ്‌കോൺ അന്ന്‌ വാങ്ങാൻ കഴിയാ​തെ പോയ​താണ്‌ തന്നെ ഏറ്റവും വിഷമി​പ്പി​ച്ചത്‌ എന്ന്‌ ഇൻഗ്രിഡ്‌ പറയുന്നു.

കോസ്റ്റ​റി​ക്ക​യി​ലുള്ള ഒരു സഹോ​ദരൻ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. കത്തോ​ലി​ക്കാ വിശ്വാ​സി​യായ തന്റെ അയൽക്കാ​ര​നോ​ടു സുവാർത്ത പറയാൻ സഹോ​ദരൻ തീരു​മാ​നി​ച്ചു. സഹോ​ദ​രന്‌ അൽപ്പം പേടി​യു​ണ്ടാ​യി​രു​ന്നു, കാരണം അയൽക്കാ​രനു സാക്ഷി​കളെ ഇഷ്ടമല്ലാ​യി​രു​ന്നു, അദ്ദേഹം അവരെ അസഭ്യം പറയു​ക​പോ​ലും ചെയ്‌തി​ട്ടുണ്ട്‌. എന്നാൽ അതിശ​യ​ക​ര​മെ​ന്നു​പ​റ​യട്ടെ അദ്ദേഹം സഹോ​ദ​രനെ അകത്തേക്കു ക്ഷണിച്ചു, എന്നിട്ട്‌ സാക്ഷി​ക​ളോ​ടുള്ള തന്റെ മനോ​ഭാ​വം മാറി​യ​തി​ന്റെ കാരണം വിശദീ​ക​രി​ച്ചു. ഒരു സുഹൃത്ത്‌ ഒരിക്കൽ ദൂരെ​യുള്ള ഒരു ഇവാൻജ​ലി​ക്കൽ സഭ സന്ദർശി​ക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. അവിടെ എത്തിയ ഉടനെ അദ്ദേഹത്തെ “സാക്ഷ്യം” പറയാൻ ക്ഷണിച്ചു. താൻ ഒരു കത്തോ​ലി​ക്ക​നാണ്‌ എന്ന്‌ അദ്ദേഹം പറഞ്ഞയു​ടൻ ആളുകൾ ഇളകി, പള്ളിവി​ട്ടു​പോ​കാൻ അദ്ദേഹ​ത്തോട്‌ അവർ ആവശ്യ​പ്പെട്ടു. ഒരു കത്തോ​ലി​ക്ക​നു​മാ​യി സഹവസി​ച്ച​തി​നാൽ കുറ്റക്കാ​ര​നാ​ണെന്ന്‌ അദ്ദേഹ​ത്തി​ന്റെ സുഹൃ​ത്തി​നും അവർ താക്കീതു നൽകി. അദ്ദേഹം പള്ളിവി​ട്ടി​റങ്ങി. പരിച​യ​മി​ല്ലാത്ത സ്ഥലം, വീടാ​ണെ​ങ്കിൽ വളരെ അകലെ, പോരാ​ത്ത​തിന്‌ രാത്രി​യും. എങ്ങോട്ടു പോക​ണ​മെന്ന്‌ അദ്ദേഹ​ത്തിന്‌ ഒരെത്തും​പി​ടി​യും കിട്ടി​യില്ല, ഏതായാ​ലും അദ്ദേഹം ഒരു വീട്ടിൽ ചെന്ന്‌ സംഭവി​ച്ച​തെ​ല്ലാം വിവരി​ച്ചു. ആ വീട്ടു​കാർ അദ്ദേഹത്തെ അകത്തേക്കു ക്ഷണിച്ച്‌ ഭക്ഷണവും കിടക്കാൻ സ്ഥലവും ഒക്കെ ഒരുക്കി​ക്കൊ​ടു​ത്തു. ആ വീട്ടു​കാർ അദ്ദേഹ​ത്തോ​ടു സുവാർത്ത പറയു​ക​യും ചെയ്‌തു. അതേ, അവർ യഹോ​വ​യു​ടെ സാക്ഷികൾ ആയിരു​ന്നു. യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ അയൽക്കാ​രെ ശരിക്കും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ മനസ്സി​ലാ​ക്കിയ അദ്ദേഹ​ത്തിന്‌ എന്തുമാ​ത്രം മതിപ്പു​തോ​ന്നി​യി​രി​ക്കണം! ഇപ്പോൾ അദ്ദേഹം സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിക്കു​ന്നു.

ട്രിനി​ഡാ​ഡിൽ നിന്നുള്ള ഒരു സഹോ​ദരി എഴുതു​ന്നു: “ഞാൻ തെരുവു സാക്ഷീ​ക​രണം നടത്തി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ ഒരു സ്‌ത്രീ എന്നെ സമീപിച്ച്‌ ഏറ്റവും പുതിയ ലക്കം മാസി​കകൾ ആവശ്യ​പ്പെട്ടു. കൈയി​ലു​ണ്ടാ​യി​രുന്ന കുറെ മാസി​കകൾ കൊടു​ത്ത​ശേഷം ഞാൻ ബൈബി​ള​ധ്യ​യ​ന​ത്തെ​ക്കു​റി​ച്ചു പറഞ്ഞു. മുമ്പ്‌ ബൈബിൾ പഠിച്ചി​രു​ന്നെ​ന്നും അടുത്ത​കാ​ല​ത്താണ്‌ ഈ പ്രദേ​ശ​ത്തേക്കു മാറി​യ​തെ​ന്നും ആ സ്‌ത്രീ പറഞ്ഞു. ഞാൻ അവരുടെ പേരും വിലാ​സ​വും ചോദി​ച്ചു. എന്നാൽ അവർ തന്നില്ല. നിങ്ങൾ സത്യ​ദൈ​വ​ത്തെ​യാ​ണു സേവി​ക്കു​ന്ന​തെ​ങ്കിൽ അവൻ എന്റെ താമസ​സ്ഥലം നിങ്ങൾക്കു കാണി​ച്ചു​ത​രു​മെന്ന്‌ ആ സ്‌ത്രീ പറഞ്ഞു. അടുത്ത ദിവസം വീടു​തോ​റു​മുള്ള വേലയിൽ ഏർപ്പെ​ട്ടി​രി​ക്കെ ഞാൻ ഒരു വാതി​ലിൽ മുട്ടി, വാതിൽ തുറന്നത്‌ തലേന്നു​കണ്ട അതേ സ്‌ത്രീ ആയിരു​ന്നു. എന്നെയും കൂടെ​യുള്ള സഹോ​ദ​രി​യെ​യും നോക്കി അതിശ​യ​ത്തോ​ടെ ചിരി​ച്ചിട്ട്‌ അവർ ചോദി​ച്ചു: ‘ഇത്ര പെട്ടെന്ന്‌ നിങ്ങൾ എന്നെ എങ്ങനെ കണ്ടുപി​ടി​ച്ചു?’ കഴിഞ്ഞ ദിവസം എന്നോട്‌ എന്താണു പറഞ്ഞ​തെന്ന്‌ ഓർക്കു​ന്നു​ണ്ടോ​യെന്ന്‌ ഞാൻ ചോദി​ച്ചു. അവർ ഞങ്ങളെ വീട്ടി​ലേക്കു ക്ഷണിച്ചു, ഒരു അധ്യയനം ആരംഭി​ച്ചു. ഇപ്പോൾ ആ സ്‌ത്രീ സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാത്ത ഒരു പ്രസാ​ധി​ക​യാണ്‌.”

ഏഷ്യ, മധ്യപൂർവ​ദേ​ശം

ദേശങ്ങളുടെ എണ്ണം: 47

ജനസംഖ്യ: 397,17,03,969

പ്രസാധകരുടെ എണ്ണം: 5,74,927

ബൈബിളധ്യയനങ്ങളുടെ എണ്ണം: 4,44,717

നേപ്പാ​ളി​ലെ ഒരു സാധാരണ പയനി​യ​റാണ്‌ ഘൻശ്യാം. ഉപജീ​വ​ന​ത്തി​നാ​യി ടാക്‌സി ഓടി​ക്കു​ക​യാണ്‌ അദ്ദേഹം. ജോലി​ക്കി​ട​യിൽ പല പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നുള്ള ആളുകളെ അദ്ദേഹം കാണാ​റുണ്ട്‌. പക്ഷേ മിക്കവർക്കും തിരക്കാണ്‌, രാത്രി​യിൽപ്പോ​ലും. സംഭാ​ഷ​ണ​ത്തി​ലേർപ്പെ​ടാ​നൊ​ന്നും അവർക്കു സമയമി​ല്ലെ​ങ്കി​ലും ഒരു സംഭാ​ഷ​ണ​ത്തി​നു തുടക്ക​മി​ടാൻ അദ്ദേഹം മനഃപൂർവം ശ്രമി​ക്കാ​റുണ്ട്‌. തന്റെ വാഹന​ത്തിൽ കയറു​ന്ന​വർക്ക്‌ സാധ്യ​മാ​കു​മ്പോ​ഴൊ​ക്കെ അദ്ദേഹം അനു​യോ​ജ്യ​മായ ലഘു​ലേ​ഖ​യും ഏറ്റവു​മ​ടു​ത്തുള്ള രാജ്യ​ഹാ​ളി​ന്റെ അഡ്രസ്സും കൊടു​ക്കും. അതിന്‌ പലരും അദ്ദേഹ​ത്തോ​ടു വിലമ​തി​പ്പു പ്രകടി​പ്പി​ച്ചി​ട്ടുണ്ട്‌. അവരിൽ അഞ്ചു​പേർക്ക്‌ ഘൻശ്യാം ഇപ്പോൾ ബൈബി​ള​ധ്യ​യനം നടത്തു​ന്നുണ്ട്‌.

തായ്‌വാ​നി​ലെ ഒരു സഹോ​ദ​രി​യു​ടെ ഭർത്താവ്‌ പലപ്പോ​ഴും സഹോ​ദ​രി​യെ ഉച്ചത്തിൽ ശകാരി​ക്കു​മാ​യി​രു​ന്നു, പ്രത്യേ​കിച്ച്‌ സഹോ​ദരി ക്രിസ്‌തീയ യോഗ​ങ്ങൾക്കു പോകാ​നൊ​രു​ങ്ങു​മ്പോൾ. ഒരു ദിവസം അദ്ദേഹ​ത്തിന്‌ മസ്‌തി​ഷ്‌കാ​ഘാ​ത​മു​ണ്ടാ​യി. ശരീരം തളർന്ന്‌ അദ്ദേഹ​ത്തിന്‌ ആശുപ​ത്രി​യിൽ കിട​ക്കേ​ണ്ടി​വന്നു. സഹോ​ദരി വളരെ ക്ഷമയോ​ടെ അദ്ദേഹത്തെ പരിച​രി​ച്ചു. ആരോ​ഗ്യം വീണ്ടെ​ടു​ക്കാൻ വേണ്ടിവന്ന കാലയ​ള​വു​കൊണ്ട്‌ ബൈബിൾ സത്യങ്ങൾ മനസ്സി​ലാ​ക്കാൻ സഹോ​ദരി നയപൂർവം അദ്ദേഹത്തെ സഹായി​ച്ചു. സഹോ​ദരി ഭർത്താ​വി​നോ​ടു പറഞ്ഞു: “തലച്ചോ​റിന്‌ ഏതായാ​ലും വ്യായാ​മം കൂടിയേ തീരൂ. അതു​കൊണ്ട്‌ ഞാൻ ചില കാര്യങ്ങൾ പറഞ്ഞു​ത​രാം അത്‌ ഓർക്കാൻ ശ്രമി​ക്കണം, കേട്ടോ?” താൻ ചിന്തി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു, അതു​കൊണ്ട്‌ അദ്ദേഹം സമ്മതിച്ചു. സഹോ​ദരി പല ലഘുപ​ത്രി​ക​ക​ളിൽനി​ന്നാ​യി അടിസ്ഥാന ബൈബിൾ സത്യങ്ങൾ തിര​ഞ്ഞെ​ടുത്ത്‌ ഉപയോ​ഗി​ച്ചു. ദൈവ​ത്തി​ന്റെ നാമം, ഗുണങ്ങൾ, ബൈബി​ളി​ന്റെ പ്രതി​പാ​ദ്യ​വി​ഷയം എന്നിങ്ങ​നെ​യുള്ള കാര്യങ്ങൾ അവർ അദ്ദേഹത്തെ പഠിപ്പി​ച്ചു. കൂടാതെ, ഈ കാലയ​ള​വിൽ ഒട്ടനവധി സഹോ​ദ​രങ്ങൾ അദ്ദേഹത്തെ കാണാൻ ചെല്ലു​ക​യും അദ്ദേഹ​ത്തോട്‌ ദയയോ​ടെ ഇടപെ​ടു​ക​യും ചെയ്‌തു. ഇത്‌ അദ്ദേഹ​ത്തി​ന്റെ ഹൃദയത്തെ സ്‌പർശി​ച്ചു. ആശുപ​ത്രി​യിൽനി​ന്നു വീട്ടിൽ തിരി​ച്ചെ​ത്തിയ അദ്ദേഹം ഒരു ബൈബി​ള​ധ്യ​യ​ന​ത്തി​നു സമ്മതിച്ചു. ഇപ്പോൾ അദ്ദേഹം ഒരു ചക്രക്ക​സേ​ര​യിൽ യോഗ​ങ്ങൾക്കു വരാൻ തുടങ്ങി. ഇപ്പോൾ സഭയിൽ ഉച്ചത്തിൽ ഉത്തരം പറയാ​നാണ്‌ അദ്ദേഹം തന്റെ ശബ്ദം ഉപയോ​ഗി​ക്കു​ന്നത്‌.

ശ്രീല​ങ്ക​യി​ലെ ഗ്രാമ​പ്ര​ദേ​ശത്ത്‌ പ്രവർത്തി​ക്കുന്ന ഒരു പ്രത്യേക പയനി​യ​റാണ്‌ റോഹാന. അദ്ദേഹ​ത്തിന്‌ ഒരു സൈക്കിൾ റിക്ഷാ​ക്കാ​ര​നിൽനിന്ന്‌ പലപ്പോ​ഴും എതിർപ്പു​കൾ നേരി​ടേ​ണ്ടി​വന്നു. റൊഹാന വയൽശു​ശ്രൂ​ഷ​യിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്നതു കാണു​മ്പോൾ അയാൾ ഉച്ചത്തിൽ അസഭ്യം പറയാൻ തുടങ്ങും. ആ പ്രദേ​ശത്തെ പ്രവർത്തനം നിറു​ത്തി​യി​ല്ലെ​ങ്കിൽ റൊഹാ​നയെ തട്ടിക്ക​ള​യും എന്ന്‌ റിക്ഷാ​ക്കാ​രൻ ഒരിക്കൽ ഭീഷണി​പ്പെ​ടു​ത്തി. സഹോ​ദരൻ പക്ഷേ വളരെ ശാന്തമാ​യി​ട്ടാണ്‌ അയാ​ളോട്‌ ഇടപെ​ട്ടത്‌. പിന്നീട്‌, ഈ മനുഷ്യന്‌ ഒരു അപകടം പിണഞ്ഞു. ഗുരു​ത​ര​മാ​യി പരിക്കേറ്റ അയാൾ ആശുപ​ത്രി​യി​ലാ​യി. റൊഹാന അദ്ദേഹത്തെ കാണാൻ ചെന്നു, ഒരു സമ്മാന​വും നൽകി. തന്നെ കാണാൻ വന്നിരി​ക്കു​ന്നത്‌ ആരാ​ണെന്നു തിരി​ച്ച​റിഞ്ഞ അയാൾ കരയാൻ തുടങ്ങി, ചെയ്‌ത​തി​നും പറഞ്ഞതി​നു​മെ​ല്ലാം റൊഹാ​ന​യോട്‌ അയാൾ മാപ്പു ചോദി​ച്ചു. “സാർ, ഞാൻ ചെയ്‌ത​തു​വെ​ച്ചു​നോ​ക്കു​മ്പോൾ, ഇത്രയും ദൂരം യാത്ര ചെയ്‌ത്‌ എന്നെ കാണാൻ വന്നതി​നെ​ക്കാൾ നല്ലത്‌ ഒരു വടി​യെ​ടുത്ത്‌ എന്നെ പൊതി​രെ തല്ലുന്ന​താ​യി​രു​ന്നു,” അയാൾ പറഞ്ഞു. ഇപ്പോൾ അയാൾ ആശുപ​ത്രി​വി​ട്ടു, തന്റെ റിക്ഷ​യോ​ടി​ക്കൽ തുടരു​ന്നു, അയാൾ നമ്മുടെ മാസിക ക്രമമാ​യി വായി​ക്കു​ന്നു​മുണ്ട്‌.

ഹോ​ങ്കോ​ങ്ങിൽ, വീട്ടു​ജോ​ലി​ക്കാ​രാ​യി മറ്റു രാജ്യ​ങ്ങ​ളിൽനി​ന്നു ധാരാളം പേർ വരാറുണ്ട്‌. അങ്ങനെ വന്ന ഒരു സ്‌ത്രീ ഫിലി​പ്പീൻസിൽവെച്ച്‌ ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? എന്ന ലഘുപ​ത്രിക ഉപയോ​ഗി​ച്ചു പഠിച്ചു തുടങ്ങി​യി​രു​ന്നു. ഇവിടെ വന്നപ്പോൾ അധ്യയനം തുടരാൻ അവൾ ആഗ്രഹി​ച്ചു. എന്നിരു​ന്നാ​ലും, സാക്ഷി​കളെ എങ്ങനെ കണ്ടെത്താ​മെന്ന്‌ ഒരു പിടി​പാ​ടും ഉണ്ടായി​രു​ന്നില്ല. അതു​കൊണ്ട്‌ അവരെ കണ്ടെത്താൻ ഇടയാ​ക്ക​ണമേ എന്ന്‌ അവൾ പ്രാർഥി​ച്ചു. ജോലി ഇല്ലാതി​രുന്ന ഒരു ദിവസം അവൾ തുറമു​ഖ​ത്തും പ്രധാന വ്യാപാര മേഖല​യി​ലും സെൻട്രൽ പാർക്കി​ലു​മൊ​ക്കെ ചെന്നു, അവി​ടെ​യൊ​ക്കെ വാരാ​ന്ത​ങ്ങ​ളിൽ ധാരാളം ഫിലി​പ്പി​നോ​കൾ ഒത്തുകൂ​ടാ​റു​ണ്ടാ​യി​രു​ന്നു. എത്ര തിരഞ്ഞി​ട്ടും സാക്ഷി​ക​ളെ​പ്പോ​ലെ തോന്നി​ക്കുന്ന ആരെയും അവിടെ കണ്ടെത്താ​നാ​യില്ല. സാക്ഷി​ക​ളാ​ണെ​ങ്കിൽ വാരാ​ന്ത​ങ്ങ​ളിൽ സ്ഥിരമാ​യി പാർക്കിൽ സാക്ഷീ​ക​രി​ക്കാ​റു​ള്ള​തു​മാണ്‌. എന്നിരു​ന്നാ​ലും, അവി​ടെ​യുള്ള ഒരു ചവറു​തൊ​ട്ടി​യിൽ ഒരു ആവശ്യം ലഘുപ​ത്രിക കിടക്കു​ന്നത്‌ അവളുടെ കണ്ണിൽപ്പെട്ടു. അതെടു​ത്തു നോക്കി​യ​പ്പോൾ ഒരു ഫോൺനമ്പർ അതിൽ എഴുതി​യി​രി​ക്കു​ന്നതു കണ്ടു. അത്‌ ആ ലഘുപ​ത്രിക സമർപ്പിച്ച സഹോ​ദ​രി​യു​ടേ​താ​യി​രു​ന്നു. ആ സഹോ​ദരി ജോലി​ചെ​യ്യു​ന്ന​താ​കട്ടെ ഈ സ്‌ത്രീ​യു​ടെ അതേ അപ്പാർട്ടു​മെ​ന്റി​ലും. അവൾക്ക്‌ അതിശ​യ​വും ഒപ്പം വലിയ സന്തോ​ഷ​വും തോന്നി. അധ്യയനം പുനരാ​രം​ഭി​ച്ചു, അവൾ ഇപ്പോൾ യോഗ​ങ്ങൾക്കു ഹാജരാ​കു​ന്നുണ്ട്‌.

ദക്ഷിണ കൊറി​യ​യി​ലുള്ള ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നും ഒരു മൂപ്പനും തക്കസമ​യ​ത്താണ്‌ ഒരു ഇടയസ​ന്ദർശനം നടത്തി​യത്‌. പത്തുവർഷ​മാ​യി നിഷ്‌ക്രി​യ​യാ​യി​രുന്ന ഒരു സഹോ​ദ​രി​യെ അവർ സന്ദർശി​ച്ചു. അവരുടെ നിരീ​ശ്വ​ര​വാ​ദി​യായ ഭർത്താവ്‌ ഒരു ശസ്‌ത്ര​ക്രി​യ​യെ​ത്തു​ടർന്ന്‌ പള്ളിയിൽപോ​കാൻ തീരു​മാ​നി​ച്ചി​രു​ന്നു. സഹോ​ദ​ര​ന്മാർ സന്ദർശി​ച്ച​പ്പോൾ ഭർത്താ​വി​നെ കാണാ​നി​ട​യാ​യി. ഒരു സൗഹൃ​ദ​സം​ഭാ​ഷ​ണ​ത്തി​നു​ശേഷം അദ്ദേഹം ആവശ്യം ലഘുപ​ത്രിക സ്വീക​രി​ച്ചു. ഭർത്താ​വിന്‌ ബൈബി​ള​ധ്യ​യനം നടത്തു​ന്ന​തോ​ടൊ​പ്പം മൂപ്പൻ, സഹോ​ദ​രിക്ക്‌ പ്രോ​ത്സാ​ഹനം നൽകു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു. ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ സംബന്ധി​ക്കാ​നുള്ള ക്ഷണം അദ്ദേഹം സ്വീക​രി​ച്ചു, കൺ​വെൻ​ഷനു ഹാജരാ​കു​ക​യും ചെയ്‌തു. അതിനു​ശേഷം അദ്ദേഹം പള്ളിയിൽപോ​കു​ന്നതു നിറുത്തി, ക്രമമാ​യി യോഗ​ങ്ങൾക്കു ഹാജരാ​കാൻ തുടങ്ങി. സഹോ​ദ​രി​യും പുരോ​ഗതി വരുത്തി. മറ്റൊരു നഗരത്തിൽ താമസി​ക്കുന്ന അവരുടെ നാലു മക്കളെ​യും സന്ദർശി​ക്കാ​നുള്ള ക്രമീ​ക​രണം ചെയ്യാ​മോ എന്ന്‌ സഹോ​ദരി ചോദി​ച്ചു. ഫലമോ സഹോ​ദ​രി​യു​ടെ ഭർത്താ​വും, മൂത്തമ​ക​ളും ഭർത്താ​വും, ഇളയമ​ക​ളും സ്‌നാ​പ​ന​മേറ്റു. പിന്നീട്‌, സഹോ​ദ​രി​യു​ടെ മൂത്തമ​ക​നും ഭാര്യ​യും സ്‌നാ​പ​ന​മേറ്റു, അങ്ങനെ മൊത്തം ആറുപേർ പുതു​താ​യി സാക്ഷി​ക​ളാ​യി​ത്തീർന്നു.

ജപ്പാനി​ലെ ഒരു ഹൈസ്‌കൂൾ വിദ്യാർഥി​നി​യാ​ണു യൂക്കി. സഹപാ​ഠി​ക​ളോട്‌ താൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​ണെന്നു പറയാൻ യൂക്കിക്ക്‌ വലിയ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. അവരോ​ടു സാക്ഷീ​ക​രി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ണെന്ന്‌ യൂക്കിക്ക്‌ അറിയാ​മാ​യി​രു​ന്നു. സഹപാ​ഠി​കൾ ഒരിക്ക​ലും മതകാ​ര്യ​ങ്ങൾ സംസാ​രി​ച്ചി​രു​ന്നി​ല്ലാ​ത്ത​തി​നാൽ താൻതന്നെ അതിനു മുൻകൈ എടുക്ക​ണ​മെന്ന്‌ യൂക്കി മനസ്സി​ലാ​ക്കി. അതു​കൊണ്ട്‌ ഉച്ചഭക്ഷ​ണ​സ​മ​യത്ത്‌ കൂട്ടു​കാർ കാണത്ത​ക്ക​വി​ധം പ്രാർഥി​ക്കാൻ യൂക്കി തീരു​മാ​നി​ച്ചു. മുമ്പൊ​ക്കെ ഉച്ചഭക്ഷ​ണ​സ​മ​യത്ത്‌, ആരും കാണാതെ പെട്ടെന്ന്‌ പ്രാർഥി​ച്ചു​തീർക്കു​ക​യാ​ണു ചെയ്‌തി​രു​ന്നത്‌. തീരു​മാ​നം നടപ്പി​ലാ​ക്കാൻ ധൈര്യ​ത്തി​നാ​യി എന്നും രാവിലെ യൂക്കി ദൈവ​ത്തോ​ടു മുട്ടി​പ്പാ​യി പ്രാർഥി​ക്കു​മാ​യി​രു​ന്നു. അങ്ങനെ ഒരു ദിവസം തലകു​മ്പി​ട്ടി​രുന്ന്‌ അൽപ്പം കൂടു​തൽനേരം അവൾ പ്രാർഥി​ച്ചു. പ്രാർഥന കഴിഞ്ഞ​പ്പോൾ ഒരു സഹപാഠി അടുത്തു​വ​ന്നിട്ട്‌ അവൾക്കു സുഖമി​ല്ലേ എന്നു ചോദി​ച്ചു. പക്ഷേ, അപ്പോ​ഴേ​ക്കും കൂട്ടു​കാ​രി​യോ​ടു സാക്ഷീ​ക​രി​ക്കാ​നുള്ള യൂക്കി​യു​ടെ ധൈര്യ​മൊ​ക്കെ ചോർന്നു​പോ​യി​രു​ന്നു. യൂക്കിക്കു വലിയ വിഷമ​മാ​യി, യഹോ​വ​യോട്‌ മാപ്പു ചോദി​ച്ചിട്ട്‌ കൂടുതൽ ധൈര്യ​ത്തി​നാ​യി അവൾ അപേക്ഷി​ച്ചു. അടുത്ത ദിവസ​വും ഭക്ഷണസ​മ​യത്തു യൂക്കി പ്രാർഥി​ച്ചു. അന്നും കൂട്ടു​കാ​രി അടുത്തു​വന്ന്‌ അവൾക്ക്‌ എന്തുപ​റ്റി​യെന്നു ചോദി​ച്ചു. ‘ഇതാണ്‌ പറ്റിയ സമയം!’ യൂക്കി വിചാ​രി​ച്ചു. താൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​ണെന്ന്‌ യൂക്കി അവളോ​ടു പറഞ്ഞു. കൂട്ടു​കാ​രി അതിശ​യി​ച്ചു​പോ​യി, പിന്നെ അവൾ യൂക്കിയെ ചോദ്യ​ങ്ങൾകൊ​ണ്ടു വീർപ്പു​മു​ട്ടി​ച്ചു: നീ എന്തിനു​വേ​ണ്ടി​യാ​ണു പ്രാർഥി​ക്കു​ന്നത്‌? ദൈവ​ത്തി​ന്റെ പേരെ​ന്താണ്‌? യേശു ആരായി​രു​ന്നു? എന്നിങ്ങനെ. യൂക്കി​യു​ടെ സന്തോഷം പറയേ​ണ്ട​തി​ല്ല​ല്ലോ.

ഇന്തൊ​നീ​ഷ്യ​യി​ലെ കുലാങ്‌ പട്ടണത്തി​ലുള്ള ഗ്ലെൻ എന്നയാൾ മദ്യപാ​നി​യും മയക്കു​മ​രുന്ന്‌ ആസക്തനു​മാ​യി​രു​ന്നു. ആരെ​യെ​ങ്കി​ലും ഭീഷണി​പ്പെ​ടു​ത്താ​നോ തല്ലാനോ ആളുകൾ ഇയാളെ വാടക​യ്‌ക്ക്‌ എടുക്കു​മാ​യി​രു​ന്നു. ഗ്ലെൻ മാതാ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​ണു താമസി​ച്ചി​രു​ന്നത്‌. ഒരു ദിവസം യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട രണ്ടുപേർ അവരെ സന്ദർശിച്ച്‌ ബൈബിൾ വിഷയങ്ങൾ സംസാ​രി​ച്ചു. പെട്ടെ​ന്നു​തന്നെ ഗ്ലെൻ ഒരു ബൈബി​ള​ധ്യ​യനം സ്വീക​രി​ച്ചു, തന്റെ മോശ​മായ ശീലങ്ങൾ ഉപേക്ഷി​ക്കാൻ കഠിന​മാ​യി ശ്രമി​ക്കാ​നും തുടങ്ങി. ഒരുദി​വസം ഒരു കടയുടമ ഇയാൾക്ക്‌ ഒരു ഭീമമായ തുക​കൊ​ടു​ത്തിട്ട്‌ ഒരാളെ തല്ലണ​മെന്നു പറഞ്ഞു. ഗ്ലെൻ പണത്തെ​ക്കു​റി​ച്ചു ചിന്തി​ച്ചെ​ങ്കി​ലും ഇത്തരം പണി ഇനി​മേ​ലിൽ ചെയ്യി​ല്ലെന്നു തീരു​മാ​നിച്ച്‌ പണം തിരി​കെ​ക്കൊ​ടുത്ത്‌ ജോലി നിരസി​ച്ചു. പിന്നീട്‌ ഗ്ലെൻ മറ്റൊരു കടയിൽ ചെന്ന​പ്പോൾ കടയുടമ ഭയന്നു​പോ​യി, തന്നെ തല്ലാൻ വന്നതാ​ണെ​ന്നാണ്‌ അയാൾ കരുതി​യത്‌. എന്നാൽ താൻ ഇപ്പോൾ ബൈബിൾ പഠിക്കു​ന്നു​ണ്ടെ​ന്നും സമാധാ​ന​പ​ര​മായ ജീവിതം നയിക്കു​ക​യാ​ണെ​ന്നും ഗ്ലെൻ കടയു​ട​മയെ പറഞ്ഞു ബോധ്യ​പ്പെ​ടു​ത്തി. കടയു​ട​മ​യും ഒരു ബൈബി​ള​ധ്യ​യനം സ്വീക​രി​ച്ചു, തന്റെ കടയിൽ ഇയാൾക്ക്‌ ഒരു ജോലി​യും നൽകി. കഴിഞ്ഞ​വർഷത്തെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ ഗ്ലെൻ സ്‌നാ​പ​ന​മേറ്റു, അപ്പോൾ കടയു​ട​മ​യും ഹാജരു​ണ്ടാ​യി​രു​ന്നു.

യൂറോപ്പ്‌

ദേശങ്ങളുടെ എണ്ണം: 46

ജനസംഖ്യ: 72,83,73,014

പ്രസാധകരുടെ എണ്ണം: 14,90,345

ബൈബിളധ്യയനങ്ങളുടെ എണ്ണം: 7,33,728

നെതർലൻഡ്‌സി​ലെ 88 വയസ്സു​ണ്ടാ​യി​രുന്ന യാക്കോ​ബാ സഹോ​ദരി മരിച്ച​പ്പോൾ ബന്ധുക്കൾക്ക്‌ പ്രാ​ദേ​ശിക പോലീസ്‌ സ്റ്റേഷനിൽനിന്ന്‌ ഒരു ഔദ്യോ​ഗിക കത്തു ലഭിച്ചു. വർഷങ്ങ​ളാ​യി ഈ സഹോ​ദരി പോലീസ്‌ സ്റ്റേഷനിൽ പതിവാ​യി മാസി​കകൾ കൊടു​ത്തു​പോ​ന്നി​രു​ന്നു. ആ കത്ത്‌ ഭാഗി​ക​മാ​യി ഇങ്ങനെ വായി​ക്കു​ന്നു: “യാക്കോ​ബാ ഞങ്ങൾക്ക്‌ ഏറെ പ്രിയ​പ്പെട്ട വ്യക്തി​യാ​യി​രു​ന്നു. അവർ പതിവാ​യി സ്റ്റേഷനിൽ വന്നിരു​ന്നു. അവരോ​ടൊ​ന്നി​ച്ചി​രുന്ന്‌ ഒരു കപ്പു ചായ കുടി​ക്കു​ന്നത്‌ ഞങ്ങൾക്കെ​ല്ലാം എന്തിഷ്ട​മാ​യി​രു​ന്നെ​ന്നോ! ഇത്രയും പ്രായം​ചെ​ന്നി​ട്ടും തന്റെ വിശ്വാ​സം മറ്റുള്ള​വ​രോ​ടു പങ്കു​വെ​ക്കാ​നാ​യി വെയി​ലും മഴയും ഗണ്യമാ​ക്കാ​തെ സൈക്കിൾ ചവിട്ടി പോകുന്ന അവരുടെ ധൈര്യം ഞങ്ങൾ തികച്ചും വിലമ​തി​ക്കു​ന്നു. അവരുടെ നഷ്ടം ഞങ്ങൾക്കു ശരിക്കും അനുഭ​വ​പ്പെ​ടു​ന്നു.”

സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള ഒരു അനുഭ​വ​മാ​ണിത്‌. ഒരു സാക്ഷി​ക്കു​ടും​ബം അവധി​ക്കാ​ലം ചെലവ​ഴി​ക്കാൻ പോയ​പ്പോൾ തങ്ങളുടെ അപ്പാർട്ടു​മെ​ന്റി​ന്റെ താക്കോൽ അടുത്തുള്ള മറ്റൊരു സാക്ഷി​ക്കു​ടും​ബ​ത്തി​ലെ കുട്ടി​യു​ടെ കൈയിൽ കൊടു​ത്തിട്ട്‌ അക്വേ​റി​യ​ത്തി​ലെ മീനു​കൾക്ക്‌ തീറ്റി​കൊ​ടു​ക്ക​ണ​മെന്നു പറഞ്ഞേൽപ്പി​ച്ചു. ആദ്യത്തെ തവണ കുട്ടി താക്കോ​ലു​മെ​ടുത്ത്‌ വീടു തുറക്കാൻ പോയി, അവന്‌ വാതിൽ തുറക്കാൻ അൽപ്പം ബുദ്ധി​മു​ട്ടേ​ണ്ടി​വന്നു. എതിർവ​ശത്തെ അപ്പാർട്ടു​മെ​ന്റിൽ താമസി​ക്കുന്ന സ്‌ത്രീ ശബ്ദം​കേട്ട്‌ വാതിൽപ്പ​ഴു​തി​ലൂ​ടെ നോക്കി​യ​പ്പോൾ, ഒരു പയ്യൻ വാതിൽ തുറക്കാൻ ശ്രമി​ക്കു​ന്ന​താ​ണു കണ്ടത്‌. ഇവൻ കള്ളനാ​യി​രി​ക്കു​മെന്നു കരുതി ആ സ്‌ത്രീ പോലീ​സി​നെ വിളിച്ചു. കുട്ടി അകത്തു​ക​യറി മീനു​കൾക്കു തീറ്റി​യൊ​ക്കെ കൊടു​ത്തു പുറത്തു​വ​ന്ന​പ്പോൾ മുന്നി​ലതാ ആയുധ​ധാ​രി​ക​ളായ രണ്ടു പോലീ​സു​കാർ! “നീ ഇവിടെ എന്തെടു​ക്കു​ക​യാണ്‌?” അവർ ചോദി​ച്ചു. “ഞാൻ മീനു​കൾക്കു തീറ്റി​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു, എന്നോടു പറഞ്ഞി​ട്ടാണ്‌,” കുട്ടി മറുപടി പറഞ്ഞു. പോലീ​സു​കാർക്കു വിശ്വാ​സം വന്നില്ല. കുട്ടി പറഞ്ഞു: “ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാണ്‌, ഈ വീട്ടി​ലു​ള്ള​വ​രും ഞങ്ങളുടെ സഭക്കാ​രാണ്‌. അവർ ഇവി​ടെ​യി​ല്ലാ​ത്ത​തു​കൊണ്ട്‌ മീനു​കൾക്കു തീറ്റി​കൊ​ടു​ക്കാൻ പറഞ്ഞി​രു​ന്നു, വീടിന്റെ താക്കോ​ലും എന്റെ കയ്യിൽ തന്നിട്ടുണ്ട്‌.” പോലീ​സു​കാർക്ക്‌ എന്നിട്ടും വിശ്വാ​സം വന്നില്ല, കുട്ടിയെ പോലീസ്‌ സ്റ്റേഷനിൽ കൊണ്ടു​പോ​കാൻ അവർ ശ്രമിച്ചു. “ഒരു നിമിഷം നിൽക്കൂ,” കുട്ടി പറഞ്ഞു. “എന്റെ കൂട്ടു​കാർ അവരുടെ മൊ​ബൈൽഫോൺ നമ്പർ ഈ കടലാ​സിൽ കുറി​ച്ചി​ട്ടി​ട്ടാ​ണു പോയത്‌, ഇതാ ഇപ്പോൾത്തന്നെ വിളിച്ച്‌ ഞാൻ പറഞ്ഞ​തൊ​ക്കെ ശരിയാ​ണോ​യെന്നു ചോദിക്ക്‌.” പോലീ​സു​കാർ ആ നമ്പരിൽ വിളിച്ച്‌ കുട്ടി പറഞ്ഞ​തൊ​ക്കെ സത്യമാ​ണോ​യെന്നു തിരക്കി. എന്നിട്ട്‌ അവനോ​ടു ക്ഷമചോ​ദിച്ച്‌ തിരി​ച്ചു​പോ​യി. ആ കുടും​ബം അവധി​ക​ഴി​ഞ്ഞു തിരി​ച്ചു​വ​ന്ന​പ്പോൾ എതിർവ​ശത്തു താമസി​ക്കുന്ന ആ സ്‌ത്രീ​യു​ടെ വീട്ടിൽ ചെന്നു. അവരാ​കട്ടെ അവിടെ താമസ​ത്തി​നു വന്നിട്ട്‌ അധികം​നാൾ ആയിരു​ന്നില്ല. തങ്ങളുടെ വീടിന്റെ വശത്തേക്ക്‌ ഒരു കണ്ണുണ്ടാ​യി​രു​ന്ന​തിൽ ആ കുടും​ബം അവരോ​ടു നന്ദി പറഞ്ഞു. എന്നിട്ട്‌, ആ കുട്ടി തങ്ങളെ​പ്പോ​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​ണെ​ന്നും അവനെ പൂർണ​മാ​യും വിശ്വ​സി​ക്കാ​മെ​ന്നും ആ കുടും​ബം അവരോ​ടു പറഞ്ഞു. ആ സ്‌ത്രീക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ ഏറെ​യൊ​ന്നും അറിയി​ല്ലാ​യി​രു​ന്നു, അവരുടെ സംഭാ​ഷണം ഒടുവിൽ ഒരു ബൈബി​ള​ധ്യ​യ​ന​ത്തിൽ കലാശി​ച്ചു.

ഇറ്റലി​യിൽ വീടു​തോ​റു​മുള്ള സാക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കെ ഒരു സഹോ​ദരി ഒരു യുവതി​യെ കണ്ടുമു​ട്ടി. വളരെ തിരക്കുള്ള ഒരു ഉദ്യോ​ഗ​സ്ഥ​യും അമ്മയു​മാ​യി​രു​ന്നു അവർ. അവരു​മാ​യി സംഭാ​ഷണം തുടരാൻ സഹോ​ദരി പലതവണ മടങ്ങി​ച്ചെ​ന്നെ​ങ്കി​ലും കാണാൻ കഴിഞ്ഞില്ല. ഒടുവിൽ ഫോൺചെ​യ്യാൻ സഹോ​ദരി തീരു​മാ​നി​ച്ചു. തനിക്ക്‌ ബൈബി​ളി​നെ​ക്കു​റി​ച്ചു ചർച്ച​ചെ​യ്യാൻ അൽപ്പം​പോ​ലും സമയമി​ല്ലെന്ന്‌ ആ സ്‌ത്രീ സഹോ​ദ​രി​യോ​ടു പറഞ്ഞു. സഹോ​ദരി പറഞ്ഞു: “10-ഓ 15-ഓ മിനിട്ട്‌ ഫോണി​ലൂ​ടെ​പോ​ലും നിങ്ങൾക്ക്‌ എന്തെങ്കി​ലും പഠിക്കാൻ കഴിയും.” “ഓ, ഫോണി​ലൂ​ടെ​യാ​ണെ​ങ്കിൽ കുഴപ്പ​മില്ല!” സ്‌ത്രീ പറഞ്ഞു. അടുത്ത​യി​ടെ സഹോ​ദരി അവരുടെ വീട്ടിൽ ചെന്ന്‌ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം എന്ന പുസ്‌തകം കൊടു​ത്തി​ട്ടു​പോ​ന്നു. പിന്നീട്‌ ടെലി​ഫോ​ണി​ലൂ​ടെ അധ്യയനം ആരംഭി​ച്ചു. സാധാ​ര​ണ​മാ​യി ശനിയാഴ്‌ച രാവി​ലെ​യാണ്‌ അധ്യയനം. പക്ഷേ 10, 15 മിനിട്ട്‌ എന്നുള്ളത്‌ ഇപ്പോൾ അരമണി​ക്കൂർ ആയിരി​ക്കു​ന്നു.

ബ്രിട്ട​നിൽ താമസ​ത്തി​നെ​ത്തുന്ന നിരവധി വിദേ​ശി​ക​ളോ​ടു സാക്ഷീ​ക​രി​ക്കു​ന്ന​തിൽ പ്രത്യേക ശ്രമം നടത്തുന്ന പ്രസാ​ധ​ക​രു​ടെ എണ്ണം അവിടെ വർധി​ക്കു​ക​യാണ്‌. അവരിൽ ഒരാളാണ്‌ ആൻജല. ഭക്ഷണം പായ്‌ക്കു​ചെ​യ്‌തു കൊടു​ക്കുന്ന ഒരു ചൈനീസ്‌ റസ്റ്ററന്റ്‌ സന്ദർശി​ച്ച​പ്പോൾ ജോലി​ക്കാ​രിൽ ഒരാൾ അവളോട്‌ ഉടനടി അവി​ടെ​നി​ന്നു പോക​ണ​മെന്ന്‌ ആവശ്യ​പ്പെട്ടു. എന്നിരു​ന്നാ​ലും, ആൻജല അവി​ടെ​നി​ന്നും പോരു​മ്പോൾ റസ്റ്ററന്റി​ന്റെ പുറകിൽനിന്ന്‌ ഒരു ചൈന​ക്കാ​രി അവരുടെ ഭാഷയിൽ ദൈവ​നാ​മം വിളി​ച്ചു​കൊണ്ട്‌ അവളുടെ പിന്നാലെ ഓടി​വന്നു. പ്രഥമ സംഭാ​ഷ​ണ​ത്തി​നു​ശേഷം ആൻജല അവർക്കു പതിവാ​യി മാസി​കകൾ കൊടു​ക്കാൻ തുടങ്ങി. ആ സ്‌ത്രീ​ക്കു പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഇഷ്ടമാ​യെ​ങ്കി​ലും ദൈവ​മാണ്‌ ഈ പ്രപഞ്ചം സൃഷ്ടി​ച്ച​തെന്ന്‌ വിശ്വ​സി​ക്കാൻ ബുദ്ധി​മു​ട്ടു​ണ്ടെന്ന്‌ അവർ ആൻജല​യോ​ടു പറഞ്ഞു. ഇതെല്ലാം യാദൃ​ച്ഛി​ക​മാ​യി ഉണ്ടായ​താ​ണെ​ന്നാണ്‌ അവർ വിശ്വ​സി​ച്ചി​രു​ന്നത്‌.

റസ്റ്ററന്റിൽ എഗ്‌ റോൾ (മുട്ടയും പച്ചക്കറി​ക​ളും മാംസ​വു​മൊ​ക്കെ ചേർത്തുള്ള ഒരു വിഭവം) ഉണ്ടാക്കു​ന്ന​താ​യി​രു​ന്നു ആ സ്‌ത്രീ​യു​ടെ ജോലി. ഒരു എഗ്‌ റോൾ ഉണ്ടാക്കാൻ എത്ര ചേരു​വകൾ വേണ​മെന്ന്‌ ആൻജല അവരോ​ടു ചോദി​ച്ചു. “അഞ്ച്‌” അവർ മറുപടി നൽകി. എന്നാൽ അടുത്ത​പ്രാ​വ​ശ്യം എഗ്‌ റോൾ ഉണ്ടാക്കു​മ്പോൾ ചേരു​വകൾ അഞ്ചും വായു​വിൽ എറിഞ്ഞിട്ട്‌ അവ എത്ര എഗ്‌ റോളു​ക​ളാ​യി തീരു​ന്നു​ണ്ടെന്നു നോക്ക​ണ​മെന്ന്‌ ആൻജല പറഞ്ഞി​ട്ടു​പോ​യി. അടുത്ത ആഴ്‌ച ആൻജല അവിടെ ചെന്ന​പ്പോൾ ഈ സ്‌ത്രീ​യെ കണ്ടു. അവർ ആൻജല​യ്‌ക്ക്‌ ചൂടോ​ടെ ഒരു എഗ്‌ റോൾ നൽകി​യി​ട്ടു പറഞ്ഞു, ‘ഈ പ്രപഞ്ചത്തെ ദൈവം സൃഷ്ടി​ച്ച​താ​ണെന്ന്‌ എനിക്കി​പ്പോൾ വിശ്വാ​സ​മാ​യി.’ അവർ ക്രമമാ​യി ബൈബിൾ പഠിക്കാൻ തുടങ്ങി. ദൈവ​വ​ച​ന​ത്തിൽനി​ന്നുള്ള സത്യം പഠിക്കു​ന്ന​തിൽ ഈ സ്‌ത്രീ നല്ല പുരോ​ഗതി വരുത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

ജർമനി​യി​ലെ ന്യൂക്ലി​യർ പവർ പ്ലാന്റു​ക​ളിൽനിന്ന്‌ റേഡി​യോ ആക്‌റ്റീ​വ​ത​യുള്ള മാലി​ന്യ​ങ്ങൾ ട്രെയിൻമാർഗം കൊണ്ടു​വ​രു​മ്പോൾ പരിസ്ഥി​തി പ്രവർത്തകർ പലപ്പോ​ഴും പ്രതി​ഷേ​ധി​ക്കാ​റുണ്ട്‌. അതു​കൊണ്ട്‌ ഈ ട്രെയിൻ കടന്നു​വ​രുന്ന റെയിൽപ്പാത കനത്ത പോലീസ്‌ സംരക്ഷ​ണ​യി​ലാ​യി​രി​ക്കും. വണ്ടി എത്തുന്ന​തി​നു മുമ്പ്‌ അവർ പാതയി​ലെ തടസ്സങ്ങ​ളെ​ല്ലാം മാറ്റണം. 2003 നവംബർ മാസത്തിൽ, ഗുഡ്രൺ എന്ന സഹോ​ദരി പയനി​യ​റിങ്‌ ചെയ്യുന്ന സ്ഥലത്തിനു സമീപം ഇത്തരത്തി​ലുള്ള ഒരു പ്രവർത്തനം നടന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. “പോലീ​സു​കാർ മണിക്കൂ​റു​ക​ളോ​ളം വെറു​തെ​യി​രി​ക്കു​ക​യാ​ണ​ല്ലോ എന്നു ഞാൻ ഓർത്തു” അവൾ പറയുന്നു. “അതു​കൊണ്ട്‌ അവരെ സമീപിച്ച്‌ വായി​ക്കാൻ എന്തെങ്കി​ലും കൊടു​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു.” ആ പോലീ​സു​കാർ സൗഹൃ​ദ​പ്ര​കൃ​ത​മു​ള്ള​വ​രാ​ണെന്ന്‌ അവർക്കു മനസ്സി​ലാ​യി. ഒരു കുട്ട നിറയെ വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​ക​ക​ളു​ടെ പ്രതികൾ അടുക്കി​വെച്ച്‌ അവർ പോലീ​സു​കാ​രു​ടെ പക്കലേക്കു നടന്നു. അവരെ ചെന്നു കാണാൻ അവർക്കു യാതൊ​രു ബുദ്ധി​മു​ട്ടും നേരി​ട്ടില്ല. അവരിൽ ബവേറി​യ​യിൽനി​ന്നു​വന്ന ഒരുകൂ​ട്ടം തങ്ങളുടെ വാഹന​ത്തി​ന​ടു​ത്തു​വെച്ച്‌ സഹോ​ദരി ഉണരുക! സമർപ്പി​ക്കു​ന്ന​തി​ന്റെ ചിത്രം​പോ​ലും എടുക്കു​ക​യു​ണ്ടാ​യി. രണ്ടു ദിവസം​കൊണ്ട്‌ അവർ 120-ലേറെ കിലോ​മീ​റ്റർ സഞ്ചരിച്ച്‌ 100-ലധികം പോലീ​സു​കാ​രോ​ടു സംസാ​രി​ച്ചു. അവർ 184 മാസി​കകൾ സമർപ്പി​ച്ചു. “ഇത്‌ അവിസ്‌മ​ര​ണീ​യ​മായ ഒരു അനുഭ​വ​മാണ്‌!” സഹോ​ദരി അത്യു​ത്സാ​ഹ​ത്തോ​ടെ പറഞ്ഞു.

സ്‌പെ​യി​നിൽ ഒരു ദിവസം ജോലി​ക​ഴിഞ്ഞ്‌ അന്നാ മരിയ ബസ്റ്റോ​പ്പിൽ ബസ്‌ കാത്തു​നിൽക്കു​ക​യാ​യി​രു​ന്നു. അവിടെ കുറേ നോട്ടീ​സു​കൾ പതിച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. അവൾ അവ വായി​ക്കാൻ തുടങ്ങി. അതിൽ ഒരു സംഗതി പെട്ടെന്ന്‌ അവളുടെ ശ്രദ്ധയിൽപ്പെട്ടു. അത്‌ ഇങ്ങനെ​യാ​യി​രു​ന്നു: “എത്രയും പെട്ടെന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെ​ടാൻ ഞാൻ ആഗ്രഹി​ക്കു​ന്നു, എനിക്ക്‌ ബൈബിൾ പഠനം തുടരണം.” അന്നാ മരിയ ആ ഫോൺ നമ്പറിൽ അപ്പോൾത്തന്നെ വിളിച്ച്‌ തമ്മിൽക്കാ​ണാ​നുള്ള ക്രമീ​ക​രണം ചെയ്‌തു, ഫേലി​തീ​റ്റസ്‌ എന്നായി​രു​ന്നു ആ സ്‌ത്രീ​യു​ടെ പേര്‌. അവർ ഇക്വ​ഡോ​റിൽനിന്ന്‌ അടുത്ത​യി​ടെ അങ്ങോട്ടു താമസം​മാ​റി വന്നതേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. അവി​ടെ​വെച്ച്‌ രണ്ടുവർഷം അവർ ബൈബിൾ പഠിച്ചി​രു​ന്നു. പെട്ടെ​ന്നു​തന്നെ ബൈബി​ള​ധ്യ​യനം പുനരാ​രം​ഭി​ച്ചു, അന്നുമു​തൽ ഫേലി​തീ​റ്റ​സും മകനും എല്ലാ യോഗ​ങ്ങൾക്കും ഹാജരാ​കു​ന്നുണ്ട്‌. സാക്ഷി​കളെ താമസി​യാ​തെ​തന്നെ കണ്ടുമു​ട്ടാ​നും അങ്ങനെ ആത്മീയ പുരോ​ഗതി വരുത്താ​നും കഴിഞ്ഞ​തിൽ അവർ നന്ദിയു​ള്ള​വ​രാണ്‌.

ബൾഗേ​റി​യ​യിൽ നിന്നുള്ള ഒരു സ്‌ത്രീ​യു​ടെ കൊച്ചു​മകൻ സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഈ സ്‌ത്രീ​യും പഠിക്കാൻ ആരംഭി​ച്ചു. ദൈവ​ത്തി​ന്റെ പേര്‌ യഹോ​വ​യാ​ണെന്ന്‌ അറിഞ്ഞ​പ്പോൾ അവർക്ക്‌ അതിശ​യം​തോ​ന്നി. അവരുടെ കൈവ​ശ​മുള്ള ബൈബി​ളിൽ ദൈവ​നാ​മം ഇല്ലാതി​രു​ന്ന​തി​നാൽ അതുള്ള ഒരു ബൈബിൾ വാങ്ങാ​നാ​യി അവർ പുസ്‌ത​ക​ക്ക​ട​യിൽചെന്നു. എന്താണു തിരയു​ന്ന​തെന്ന്‌ കടക്കാരൻ അവരോ​ടു ചോദി​ച്ചു. കാര്യ​മെ​ന്താ​ണെന്ന്‌ പറഞ്ഞ​പ്പോൾ അയാൾ അവരു​ടെ​നേരെ ആക്രോ​ശി​ക്കാൻ തുടങ്ങി: “നിങ്ങളും ആ കൂട്ടത്തിൽപ്പെ​ട്ട​താ​ണോ!” ആ സമയത്തു​തന്നെ ഒരു പുരോ​ഹി​തൻ കടയി​ലേക്കു കയറി​വന്നു. “ദൈവ​ത്തി​ന്റെ പേരെ​ന്താണ്‌?” കടക്കാരൻ പുരോ​ഹി​ത​നോ​ടു ചോദി​ച്ചു. “യഹോവ, എന്താ സംശയം. വെറുതെ ഈ സ്‌ത്രീ​യു​ടെ നേരെ തട്ടിക്ക​യ​റേണ്ട.” അതു​കേട്ട്‌ കടക്കാരൻ അമ്പരന്നു​പോ​യി. ആ സ്‌ത്രീ​യും കുടും​ബ​ത്തി​ലെ മറ്റു മൂന്നു​പേ​രും ആത്മീയ പുരോ​ഗതി വരുത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

റഷ്യയിൽ നിന്നുള്ള ഒരു കുടും​ബ​ത്തിന്‌ ഒരു ദുരന്തം നേരിട്ടു. ഒരു മാതാ​പി​താ​ക്കൾക്ക്‌ തങ്ങളുടെ പ്രിയ മകനെ മരണത്തിൽ നഷ്ടമായി. അവന്റെ ശവസം​സ്‌കാര ചടങ്ങിൽ സംബന്ധി​ക്കു​ന്ന​തി​നാ​യി അമ്മ അവന്റെ കൂട്ടു​കാ​രെ​യെ​ല്ലാം ഫോൺ ചെയ്‌ത്‌ ക്ഷണിച്ചു. അവന്റെ നോട്ടു​ബു​ക്കിൽനി​ന്നു കിട്ടിയ നമ്പരു​ക​ളാ​യി​രു​ന്നു അതെല്ലാം. അക്കൂട്ട​ത്തിൽ സാക്ഷി​ക​ളു​ടെ ഒരു കുടും​ബ​ത്തി​ന്റെ നമ്പരും ഉണ്ടായി​രു​ന്നു, അമ്മ അവരെ​യും ക്ഷണിച്ചു. സാക്ഷി​ക്കു​ടും​ബ​ത്തിന്‌ ഈ മാതാ​പി​താ​ക്കളെ അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ആ കുടും​ബത്തെ ആശ്വസി​പ്പി​ക്കാൻ ഈ അവസരം ഉപയോ​ഗി​ക്കാം എന്നു ചിന്തിച്ച്‌ പോകാൻ തീരു​മാ​നി​ച്ചു. സഹോ​ദരൻ ആ പിതാ​വി​നോട്‌ പുനരു​ത്ഥാന പ്രത്യാ​ശ​യെ​ക്കു​റി​ച്ചു പറഞ്ഞിട്ട്‌ നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ എന്ന ലഘുപ​ത്രിക കൊടു​ത്തി​ട്ടു​പോ​ന്നു. രണ്ടുദി​വസം കഴിഞ്ഞ്‌ സഹോ​ദരൻ അവരെ സന്ദർശി​ച്ചു. അപ്പോൾ ആ പിതാവു പറഞ്ഞു: “ഈ ലഘുപ​ത്രിക ഞങ്ങളെ ആഴമായി സ്‌പർശി​ച്ചു. ബൈബിൾ പഠിക്കാൻ സമയം കണ്ടെത്താൻ ഞങ്ങൾ തീരു​മാ​നി​ച്ചു.” അദ്ദേഹ​ത്തി​ന്റെ ഭാര്യ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളിൽ പേർ ചാർത്തി, സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രസാ​ധി​ക​യാ​കാ​നുള്ള പടിയി​ലേക്കു പുരോ​ഗ​മി​ക്കു​ന്നു.

ഓഷ്യാ​നി​യ

ദേശങ്ങളുടെ എണ്ണം: 30

ജനസംഖ്യ: 3,48,20,382

പ്രസാധകരുടെ എണ്ണം: 94,087

ബൈബിളധ്യയനങ്ങളുടെ എണ്ണം: 48,307

2003 ഡിസം​ബ​റിൽ ഹവായി​യിൽ വെച്ച്‌ സ്‌നാ​പ​ന​മേ​റ്റ​പ്പോൾ ഒലീന​യ്‌ക്ക്‌ വെറും 12 വയസ്സേ ഉണ്ടായി​രു​ന്നു​ള്ളൂ. വിനോ​ദ​ത്തിൽ മുഴുകി കഴിയുന്ന മറ്റു ചെറു​പ്പ​ക്കാ​രിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി അവൾക്ക്‌ വ്യക്തമായ ആത്മീയ ലക്ഷ്യങ്ങ​ളുണ്ട്‌. അവൾ പറയുന്നു: “മാർച്ച്‌, മേയ്‌ മാസങ്ങ​ളിൽ സഹായ പയനി​യ​റിങ്‌ ചെയ്യാൻ സാധി​ച്ച​തിൽ എനിക്കു വളരെ​യ​ധി​കം സന്തോ​ഷ​മുണ്ട്‌. പയനി​യർമാ​രോ​ടും പ്രായം​ചെ​ന്ന​വ​രോ​ടു​മൊ​പ്പം പ്രവർത്തി​ക്കു​ന്നത്‌ ഞാൻ ഏറെ ആസ്വദി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ശനിയാ​ഴ്‌ച​ക​ളിൽ ഉച്ചതി​രിഞ്ഞ്‌ ഒരു മുൻ മിഷനറി സഹോ​ദ​രി​യോ​ടൊ​പ്പം ചൈനീസ്‌ ഭാഷയി​ലുള്ള ബൈബി​ള​ധ്യ​യ​ന​ങ്ങൾക്കും മടക്കസ​ന്ദർശ​ന​ങ്ങൾക്കും പോകാ​നുള്ള അസുലഭ അവസരം എനിക്കു ലഭിച്ചു. ആ ഭാഷ എനിക്കു വളരെ ഇഷ്ടമായി. ഭാവി​യിൽ ഏതെങ്കി​ലും വിദേശ-ഭാഷാ സഭയിൽ ഒരു സാധാരണ പയനി​യ​റാ​യി സേവി​ക്കുക എന്നതാണ്‌ എന്റെ ഏറ്റവും വലിയ സ്വപ്‌നം. ഈ ലക്ഷ്യത്തിൽ എത്തി​ച്ചേ​രു​ന്ന​തി​നാ​യി ബുധനാ​ഴ്‌ച​ക​ളിൽ സ്‌കൂൾ കഴിഞ്ഞുള്ള സമയത്തും ശനിയാ​ഴ്‌ച​ക​ളി​ലും ഞായറാ​ഴ്‌ച​ക​ളി​ലും ഞാൻ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പോകു​ന്നു. അതു​പോ​ലെ​തന്നെ സാധ്യ​മാ​കു​മ്പോ​ഴെ​ല്ലാം സഹായ പയനി​യ​റിങ്‌ ചെയ്യാ​നും ഞാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.” തന്റെ ലക്ഷ്യം നേടു​ന്ന​തിന്‌ മറ്റെന്തു​കൂ​ടെ സഹായ​ക​മാ​യി​രി​ക്കു​മെ​ന്നാണ്‌ ഒലീന കരുതു​ന്നത്‌? അവൾ പറയുന്നു: “ഞാൻ എന്റെ ഹൃദയത്തെ കാത്തു​സൂ​ക്ഷി​ക്കണം. അതിന്റെ അർഥം, യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ന്ന​താണ്‌ ഏറ്റവും മുഖ്യ​മായ സംഗതി​യെന്ന്‌ ഞാൻ എന്റെ പ്രവൃ​ത്തി​ക​ളി​ലൂ​ടെ തെളി​യി​ക്കണം എന്നാണ്‌.” “യഹോ​വ​യെ​ക്കു​റിച്ച്‌ സമാന​മാ​യി ചിന്തി​ക്കു​ന്ന​വ​രോ​ടൊ​പ്പം സഹവസി​ക്കു​ന്നത്‌ നീതി​യു​ടെ പാതയി​ലാ​യി​രി​ക്കാൻ എന്നെ സഹായി​ക്കും. എത്ര കൂടുതൽ സമയം യഹോ​വയെ സേവി​ക്കു​ന്നു​വോ അത്ര കുറച്ചു സമയമേ ലൗകിക മനോ​ഭാ​വ​മു​ള്ള​വ​രോ​ടൊ​പ്പം ചെലവ​ഴി​ക്കാൻ കാണു​ക​യു​ള്ളൂ. ഭൗതിക വസ്‌തു​ക്ക​ളും അധാർമിക വിനോ​ദ​വും സന്തോഷം പകരു​മെന്ന ചിന്ത മനസ്സി​ലേക്കു കടന്നു​വ​രാ​തെ ഇത്‌ എന്നെ സംരക്ഷി​ക്കു​ന്നു.”

ഒന്നോ രണ്ടോ മക്കളെ, ബന്ധുക്കൾക്കു വളർത്താൻ വിട്ടു​കൊ​ടു​ക്കു​ന്നത്‌ സോളമൻ ദ്വീപു​ക​ളിൽ സർവസാ​ധാ​ര​ണ​മാണ്‌. മാതാ​പി​താ​ക്ക​ളിൽനി​ന്നു യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ, ഒരു ദമ്പതികൾ തങ്ങളുടെ കൗമാ​ര​പ്രാ​യ​ക്കാ​രി​യായ മകളെ തിരി​ച്ചു​കൊ​ണ്ടു​വന്ന്‌ തങ്ങളോ​ടൊ​പ്പം താമസി​പ്പി​ച്ചു. പെട്ടെ​ന്നൊ​രു​നാൾ, സഭാ​യോ​ഗ​ങ്ങ​ളും വയൽസേ​വ​ന​വും കുടുംബ ബൈബി​ള​ധ്യ​യ​ന​വും എല്ലാം ഉൾപ്പെ​ടുന്ന തിരക്കു​പി​ടിച്ച ഒരു പട്ടിക പിൻപ​റ്റുന്ന ഒരു സാക്ഷി​ക്കു​ടും​ബ​ത്തി​ന്റെ ഭാഗമാ​കേണ്ടി വന്നപ്പോൾ ദെബോര എന്ന ആ പെൺകു​ട്ടി അതി​നോട്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? അവൾ അനുസ്‌മ​രി​ക്കു​ന്നു: “ആദ്യമാ​യി സഭാ​യോ​ഗ​ത്തി​നു ചെന്ന​പ്പോൾത്തന്നെ എന്റെ വരവിൽ മറ്റുള്ളവർ അതിയാ​യി സന്തോ​ഷി​ക്കു​ന്നു​ണ്ടെന്ന്‌ ഞാൻ തിരി​ച്ച​റി​ഞ്ഞു. വിശേഷ വസ്‌ത്രങ്ങൾ ധരിച്ച പുരോ​ഹി​ത​ന്മാർ അവിടെ ഉണ്ടായി​രി​ക്കു​മെ​ന്നാ​ണു ഞാൻ കരുതി​യത്‌, പക്ഷേ അങ്ങനെ ആരുമു​ണ്ടാ​യി​രു​ന്നില്ല. കൊച്ചു കുട്ടികൾ ഉൾപ്പെടെ എല്ലാവ​രും യോഗ​ത്തിൽ പങ്കുപ​റ്റു​ന്ന​താ​യി കാണ​പ്പെട്ടു.” അധികം കഴിയു​ന്ന​തി​നു മുമ്പു​തന്നെ ദെബോ​ര​യും സഭാ​യോ​ഗ​ങ്ങ​ളിൽ പങ്കുപ​റ്റാൻ തുടങ്ങി. പിതാവ്‌ തന്നെയും തന്റെ കൂടപ്പി​റ​പ്പു​ക​ളെ​യും പഠിപ്പി​ക്കുന്ന രീതി​യാണ്‌ അവളിൽ മതിപ്പു​ള​വാ​ക്കിയ മറ്റൊരു സംഗതി. അവൾ പറയുന്നു: “ബൈബി​ളിൽ പ്രതി​പാ​ദി​ച്ചി​രി​ക്കുന്ന ആളുക​ളു​ടെ ദൃഷ്ടാ​ന്ത​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കാൻ ഡാഡി ഞങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഇത്‌, പ്രശ്‌ന​ങ്ങ​ളു​മാ​യി മല്ലി​ടേണ്ടി വരു​മ്പോൾ എന്നെ വളരെ​യ​ധി​കം സഹായി​ക്കു​ന്നു.” തന്നെ വീട്ടി​ലേക്കു തിരികെ കൊണ്ടു​വ​രാ​നും അതു​പോ​ലെ​തന്നെ ജീവന്റെ പാതയി​ലൂ​ടെ നടത്താ​നും, ദൈവ​വ​ച​ന​ത്തി​ലെ സത്യം മാതാ​പി​താ​ക്കളെ പ്രേരി​പ്പി​ച്ച​തിൽ താൻ അങ്ങേയറ്റം സന്തോ​ഷി​ക്കു​ന്നു​വെന്ന്‌ സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രസാ​ധി​ക​യായ ദെബോര പറയുന്നു.

പാപ്പുവ ന്യൂഗി​നി​യി​ലെ പ്രദേ​ശങ്ങൾ പർവത​നി​ബി​ഡ​മാണ്‌. പല ഗ്രാമ​ങ്ങ​ളി​ലും റോഡു​മാർഗം എത്തി​ച്ചേ​രാൻ കഴിയു​ക​യില്ല. ഇവയിൽ ചിലതി​നെ ആധുനിക നാഗരി​കത തൊട്ടു​തീ​ണ്ടി​യി​ട്ടു​കൂ​ടി​യില്ല. എന്നിരു​ന്നാ​ലും ദൈവ​രാ​ജ്യ സുവാർത്ത ഈ പ്രദേ​ശ​ങ്ങ​ളിൽപ്പോ​ലും കടന്നു​ചെ​ന്നി​രി​ക്കു​ന്നു. ലിയാന്നാ എന്ന ഒരു വ്യക്തി തലസ്ഥാന നഗരി​യായ പോർട്ട്‌ മോർസ്‌ബി​യി​ലെ ഒരു സഭാ​യോ​ഗ​ത്തി​നു വന്നു. പർവത​ങ്ങ​ളു​ടെ മുകളിൽ സ്ഥിതി​ചെ​യ്യുന്ന ഒരു ഒറ്റപ്പെട്ട ഗ്രാമ​ത്തി​ലെ മുഖ്യ​നാണ്‌ അദ്ദേഹം എന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ സഹോ​ദ​രങ്ങൾ അത്ഭുത​പ്പെട്ടു. ആ ഗ്രാമ​ത്തി​ലെ ആളുകൾക്ക്‌ യാതൊ​രു ആധുനിക സൗകര്യ​ങ്ങ​ളും ലഭ്യമാ​യി​രു​ന്നില്ല. ഹൈ​വേ​യിൽ എത്തി​ച്ചേ​രാൻ ലിയാ​ന്ന​യ്‌ക്ക്‌ കാട്ടി​ലൂ​ടെ അഞ്ചു ദിവസം നടക്കേ​ണ്ടി​വന്നു. അവി​ടെ​നിന്ന്‌ ഒരു ട്രക്കിൽ അദ്ദേഹം തലസ്ഥാ​നത്ത്‌ എത്തി. ഏതാണ്ട്‌ നാലു വർഷം മുമ്പ്‌ നഗരത്തിൽ വന്നപ്പോൾ തെരു​വിൽവെച്ചു കണ്ടുമു​ട്ടിയ ഒരു സഹോ​ദരൻ തനിക്ക്‌ ഒരു വീക്ഷാ​ഗോ​പു​രം മാസിക നൽകി​യ​താ​യി അദ്ദേഹം പറഞ്ഞു. ഗ്രാമ​ത്തി​ലേക്കു തിരി​ച്ചു​പോ​യ​പ്പോൾ ലിയാന്നാ ആ മാസി​ക​യും കൂടെ​ക്കൊ​ണ്ടു​പോ​യി. അദ്ദേഹം അതു വായിച്ചു. തുടർന്ന്‌ ഞായറാ​ഴ്‌ച​തോ​റും തന്റെ ഗ്രാമ​ത്തി​ലുള്ള ആളുകളെ ആ മാസി​ക​യി​ലുള്ള കാര്യങ്ങൾ പഠിപ്പി​ക്കാൻ തുടങ്ങി. ഏതാനും വർഷങ്ങൾ അദ്ദേഹം ഇതു ചെയ്‌തു​പോ​ന്നു. മുഷിഞ്ഞു കീറി​പ്പോ​കാ​തി​രി​ക്കാൻ ഒരു പ്ലാസ്റ്റിക്‌ കവറി​ലാ​ക്കി​യാണ്‌ അദ്ദേഹം മാസിക സൂക്ഷി​ച്ചി​രു​ന്നത്‌. ഒടുവിൽ ഈ മാസി​ക​യു​ടെ പ്രസാ​ധ​കരെ കണ്ടുപി​ടി​ക്കാൻ ഗ്രാമീ​ണർ അദ്ദേഹത്തെ നിർബ​ന്ധി​ച്ചു. അദ്ദേഹം വീണ്ടും നഗരത്തി​ലേക്കു പോയി സഹോ​ദ​ര​ങ്ങ​ളു​മാ​യി ബന്ധപ്പെട്ടു, അവർ അദ്ദേഹ​ത്തിന്‌ ഒരു ബൈബി​ള​ധ്യ​യനം ക്രമീ​ക​രി​ക്കു​ക​യും ചെയ്‌തു. സാക്ഷി​ക​ളു​ടെ ഒരു കുടും​ബ​ത്തോ​ടൊ​പ്പം രണ്ടാഴ്‌ച​യോ​ളം താമസിച്ച ലിയാന്നാ ആവശ്യം ലഘുപ​ത്രി​ക​യു​ടെ പഠനം പൂർത്തി​യാ​ക്കി. അദ്ദേഹ​ത്തി​ന്റെ ഗ്രാമ​ത്തിൽനിന്ന്‌ അധികം അകലെ​യ​ല്ലാത്ത ഒരു പട്ടണത്തിൽ ഒരു സഭയു​ണ്ടെന്ന്‌ അറിയി​ച്ച​പ്പോൾ ലിയാന്നാ ആവേശ​ഭ​രി​ത​നാ​യി ഇങ്ങനെ പറഞ്ഞു: “അത്‌ എളുപ്പ​മാ​ണ​ല്ലോ! എന്റെ ഗ്രാമ​ത്തിൽനി​ന്നും അവിടെ എത്തി​ച്ചേ​രാൻ വെറും രണ്ടു ദിവസം നടന്നാൽ മതിയാ​കും.” ദൈവ​വ​ച​ന​ത്തി​ലെ സത്യങ്ങ​ളെ​ക്കു​റി​ച്ചുള്ള ആഴമായ ഗ്രാഹ്യം സമ്പാദിച്ച ലിയാന്നാ ഒരു ബാഗ്‌ നിറയെ ബൈബിൾ സാഹി​ത്യ​ങ്ങ​ളു​മാ​യി അങ്ങ്‌ അകലെ​യുള്ള തന്റെ ഗ്രാമ​ത്തി​ലേക്കു മടങ്ങി. ഗ്രാമീ​ണരെ ബൈബിൾ കൃത്യ​ത​യോ​ടെ പഠിപ്പി​ക്കു​ന്ന​തി​നാ​യി സമീപ​ഭാ​വി​യിൽത്തന്നെ ആരെങ്കി​ലും ഈ ഗ്രാമം സന്ദർശി​ക്കു​ന്ന​താ​യി​രി​ക്കും. അതിനു​വേണ്ട ക്രമീ​ക​ര​ണങ്ങൾ ചെയ്‌തി​ട്ടുണ്ട്‌.

ദ്വീപ​രാ​ഷ്‌ട്ര​മായ കിരി​ബാ​റ്റി​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പരിഭാ​ഷാ ഓഫീ​സിൽ പ്രവർത്തി​ക്കുന്ന ഒരു സഹോ​ദരി തനിക്കു​ണ്ടായ ഒരു അനുഭവം വിവരി​ക്കു​ന്നു: “ഒരു ദിവസം രാവിലെ, നരകം എന്ന വിഷയ​ത്തെ​ക്കു​റി​ച്ചു പ്രതി​പാ​ദി​ക്കുന്ന ഒരു വീക്ഷാ​ഗോ​പു​രം മാസിക ഞാൻ എന്റെ ബാഗിൽ എടുത്തു​വെച്ചു. പഴയ ലക്കമാ​ണെ​ങ്കി​ലും അത്‌ സമർപ്പി​ക്ക​ണ​മെന്നു ഞാൻ ഉറപ്പിച്ചു. ഞാനും എന്റെ സഹപ്ര​വർത്ത​ക​യും ഒരാളെ കണ്ടുമു​ട്ടി. ഞങ്ങളെ പരിച​യ​പ്പെ​ടു​ത്തി​യ​ശേഷം നരക​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌ എന്താ​ണെന്നു ചുരു​ക്കി​പ്പ​റ​യു​ക​യും മാസിക അദ്ദേഹ​ത്തി​നു സമർപ്പി​ക്കു​ക​യും ചെയ്‌തു. തലകു​നി​ച്ചു​നിന്ന അദ്ദേഹം കുറച്ചു​നേ​ര​ത്തേക്കു യാതൊ​ന്നും ഉരിയാ​ടി​യില്ല. എന്താണു പ്രശ്‌ന​മെന്ന്‌ ഞാൻ തിരക്കി. അദ്ദേഹം തലയു​യർത്തി​യ​പ്പോ​ഴാണ്‌ ഞാൻ അതു ശ്രദ്ധി​ച്ചത്‌, അദ്ദേഹം കരയു​ക​യാ​യി​രു​ന്നു. ആ മാസി​ക​യു​ടെ വിഷയം തന്നെ ആഴത്തിൽ സ്‌പർശി​ച്ച​താ​യി അദ്ദേഹം പറഞ്ഞു. ഏതാനും ആഴ്‌ച​കൾക്കു​മു​മ്പാണ്‌ അദ്ദേഹ​ത്തി​ന്റെ മകൻ മരിച്ചത്‌. അദ്ദേഹ​വും ഭാര്യ​യും അതിന്റെ ദുഃഖ​ത്തിൽ കഴിയു​ക​യാ​യി​രു​ന്നു. തങ്ങളുടെ മകൻ അഗ്നിന​ര​ക​ത്തി​ലാ​ണെന്നു വിശ്വ​സി​ച്ചി​രു​ന്ന​തി​നാൽ തങ്ങളെ ആശ്വസി​പ്പി​ക്ക​ണ​മെന്ന്‌ അവർ ഇരുവ​രും ദൈവ​ത്തോ​ടു തുടർച്ച​യാ​യി പ്രാർഥി​ച്ചി​രു​ന്നു. മരിച്ച​വ​രു​ടെ അവസ്ഥ​യെ​പ്പറ്റി ബൈബിൾ യഥാർഥ​ത്തിൽ എന്താണു പറയു​ന്ന​തെന്നു കേട്ട​പ്പോൾ ആ മനുഷ്യൻ വിസ്‌മ​യി​ക്കു​ക​യും സന്തോ​ഷി​ക്കു​ക​യും ചെയ്‌തു. മടക്കസ​ന്ദർശ​ന​ത്തിൽ ഒരു ബൈബി​ള​ധ്യ​യനം ആരംഭി​ച്ചു. സത്യം വെളി​പ്പെ​ടു​ത്തി​ത്ത​രാൻ ദൈവ​ത്തോ​ടു പ്രാർഥി​ച്ചി​രു​ന്നെ​ന്നും ബൈബിൾ ശരിയാ​യി പഠിപ്പി​ക്കുന്ന ഒരു മതം കണ്ടെത്താൻ അതിയാ​യി വാഞ്‌ഛി​ച്ചി​രു​ന്നെ​ന്നും അദ്ദേഹം കൂടെ​ക്കൂ​ടെ പറയാ​റുണ്ട്‌. അദ്ദേഹം സഭാ​യോ​ഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ തുടങ്ങി​യി​രി​ക്കു​ന്നു എന്നുമാ​ത്രമല്ല വീക്ഷാ​ഗോ​പുര അധ്യയ​ന​ത്തിന്‌ നല്ലവണ്ണം തയ്യാറാ​യി​വന്ന്‌ ഹൃദയ​ത്തിൽനിന്ന്‌ ഉത്തരം പറയാൻ ശ്രമി​ക്കു​ക​യും ചെയ്യുന്നു.”

ഓസ്‌​ട്രേ​ലി​യ​യിൽ 2003 ഡിസം​ബ​റിൽ നടന്ന കൺ​വെൻ​ഷ​നിൽ 60,000-ത്തിലധി​കം പേർ പങ്കെടു​ത്തു. യഹോ​വ​യു​ടെ സാക്ഷികൾ അവിടെ ഇതുവരെ നടത്തി​യി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും വലിയ കൺ​വെൻ​ഷൻ ആയിരു​ന്നു അത്‌. സിഡ്‌നി കൺ​വെൻ​ഷൻ കഴിഞ്ഞ്‌ തിരി​ച്ചെ​ത്തിയ ആറു വയസ്സു​കാ​രി അലിസ്യാ​യ്‌ക്ക്‌ മഹാനായ അധ്യാ​പ​ക​നിൽനിന്ന്‌ പഠിക്കുക (ഇംഗ്ലീഷ്‌) എന്ന പുതിയ പുസ്‌തകം തന്റെ സഹപാ​ഠി​കളെ കാണി​ക്കാൻ തിടു​ക്ക​മാ​യി​രു​ന്നു. അന്നുച്ച​യ്‌ക്ക്‌ അലിസ്യ​യെ വീട്ടി​ലേക്കു കൂട്ടി​ക്കൊ​ണ്ടു പോകാൻ ചെന്ന അമ്മ ക്ലാസ്സ്‌മു​റി​യി​ലെ ബ്ലാക്ക്‌ ബോർഡിൽ “ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കു​വിൻ” എന്നു വലിയ അക്ഷരത്തിൽ എഴുതി​യി​രി​ക്കു​ന്നതു കണ്ട്‌ അതിശ​യി​ച്ചു​പോ​യി. അന്നേദി​വസം രാവിലെ അലിസ്യ കൺ​വെൻ​ഷ​നെ​ക്കു​റിച്ച്‌ മൂന്ന്‌ അധ്യാ​പി​ക​മാ​രോ​ടും 24 സഹപാ​ഠി​ക​ളോ​ടും സംസാ​രി​ച്ചി​രു​ന്നു. പുതിയ പുസ്‌ത​ക​വും പരിപാ​ടി​ക​ളി​ലെ മുഖ്യ ആശയങ്ങ​ളെ​ക്കു​റി​ച്ചുള്ള അലിസ്യാ​യു​ടെ ഉത്സാഹ​പൂർവ​ക​മായ പുനര​വ​ലോ​ക​ന​വും എല്ലാവ​രി​ലും മതിപ്പു​ള​വാ​ക്കി. “ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കു​വിൻ” എന്ന വാക്കുകൾ ദിവസം മുഴു​വ​നും മാഞ്ഞു​പോ​കാ​തെ ബ്ലാക്ക്‌ ബോർഡിൽ ഉണ്ടായി​രു​ന്നു.

[43-ാം പേജിലെ ചിത്രം]

നഫീസാട്ടു, നൈജർ

[43-ാം പേജിലെ ചിത്രം]

റാൻറ്റ്‌സോ (വലത്തു​നി​ന്നു രണ്ടാമത്‌

) ബന്ധുവി​നോ​ടും കൂടപ്പി​റ​പ്പു​ക​ളോ​ടും ഒപ്പം, ലെസോ​ത്തോ​യിൽ

[48-ാം പേജിലെ ചിത്രം]

മാരീ, ഗ്വാഡ​ലൂപ്പ്‌

[48-ാം പേജിലെ ചിത്രം]

അന്റോണിയോ, മെക്‌സി​ക്കോ

[52-ാം പേജിലെ ചിത്രം]

ഘൻശ്യാം, നേപ്പാൾ

[56-ാം പേജിലെ ചിത്രം]

യാക്കോബ, നെതർലൻഡ്‌സ്‌

[58-ാം പേജിലെ ചിത്രം]

ആൻജല, ബ്രിട്ടൻ

[61-ാം പേജിലെ ചിത്രം]

ഒലീനാ, ഹവായ്‌