ആരാണ് നരകത്തിൽ പോകുന്നത്?
ബൈബിളിന്റെ ഉത്തരം
നരകം (ആദ്യം ബൈബിൾ എഴുതപ്പെട്ട ഭാഷകളിൽ, “ഷീയോൾ” എന്നും “ഹേഡിസ്” എന്നും) ഒരു അഗ്നിദണ്ഡനസ്ഥലമല്ല, പകരം ശവക്കുഴിയാണ്. ആരാണ് നരകത്തിൽ പോകുന്നത്? നല്ല ആളുകളും ദുഷ്ടന്മാരും പോകും. (ഇയ്യോബ് 14:13; സങ്കീർത്തനം 9:17) ‘ജീവനുള്ള സകലരും കണ്ടുമുട്ടുന്ന വീട്’ എന്നാണ് മനുഷ്യവർഗത്തിന്റെ ഈ ശവക്കുഴിയെക്കുറിച്ച് ബൈബിൾ പറയുന്നത്.—ഇയ്യോബ് 30:23.
മരിച്ചപ്പോൾ യേശു പോലും പോയത് നരകത്തിലാണ്. എന്നാൽ, ദൈവം യേശുവിനെ “പാതാളത്തിൽ വിട്ടുകളഞ്ഞില്ല.” യേശുവിനെ ദൈവം ഉയിർപ്പിച്ചു.—പ്രവൃത്തികൾ 2:31, 32, സത്യവേദപുസ്തകം.
നരകം നിത്യമായി നിലനിൽക്കുമോ?
നരകത്തിൽ പോകുന്ന എല്ലാവരും തിരികെ വരും. ദൈവത്തിന്റെ ശക്തിയാൽ യേശു അവരെ ജീവനിലേക്കു കൊണ്ടുവരും. (യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15) ഭാവിയിൽ നടക്കാനിരിക്കുന്ന ആ പുനരുത്ഥാനത്തെക്കുറിച്ച് വെളിപാട് 20:13 ഇങ്ങനെ പറയുന്നു: “മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു.” (സത്യവേദപുസ്തകം) നരകം ശൂന്യമായിക്കഴിഞ്ഞാൽ പിന്നെ അതു നിലനിൽക്കില്ല. പിന്നെ അവിടേക്ക് ആരും പോകില്ല. കാരണം “മേലാൽ മരണം ഉണ്ടായിരിക്കില്ല.”—വെളിപാട് 21:3, 4; 20:14.
എങ്കിലും, മരിക്കുന്ന എല്ലാവരും നരകത്തിലേക്കല്ല പോകുന്നത്. മാനസാന്തരത്തിനു പഴുതില്ലാത്തത്ര ഗുരുതരമായ ദുഷ്പ്രവൃത്തി ചെയ്യുന്നവരുണ്ടെന്നു ബൈബിൾ പറയുന്നു. (എബ്രായർ 10:26, 27) അങ്ങനെയുള്ളവർ മരിക്കുമ്പോൾ നരകത്തിലേക്കല്ല, ഗീഹെന്നയിലേക്കാണു പോകുന്നത്. ഗീഹെന്ന നിത്യനാശത്തെയാണ് അർഥമാക്കുന്നത്. (മത്തായി 5:29, 30) ഉദാഹരണത്തിന്, തന്റെ കാലത്തെ കപടഭക്തരായ ചില മതനേതാക്കൾ ഗീഹെന്നയിൽ പോകുമെന്ന് യേശു സൂചിപ്പിച്ചു.—മത്തായി 23:27-33.