കുടുംബങ്ങൾക്കുവേണ്ടി | വിവാഹജീവിതം
അമിതമദ്യപാനവും വിവാഹജീവിതവും
നിങ്ങളുടെ മദ്യപാനത്തെക്കുറിച്ച് ഇണ പരാതി പറയുന്നുണ്ടോ? എങ്കിൽ നിങ്ങൾ ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട് എന്നാണ് അതു കാണിക്കുന്നത്.
ഈ ലേഖനത്തിൽ
അമിതമദ്യപാനവും വിവാഹവും—ഹാനികരമായ ഒരു മിശ്രിതം
അമിതമായ മദ്യപാനം ഹൃദ്രോഗം, കരൾവീക്കം, കാൻസർ പോലുള്ള പല തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ ആരോഗ്യം മാത്രമല്ല നഷ്ടപ്പെടുന്നത്, നിങ്ങളുടെ വിവാഹജീവിതവും തകരാറിലാകും. അമിതമദ്യപാനം ഗാർഹികപീഡനത്തിനും സാമ്പത്തികപ്രശ്നങ്ങൾക്കും അവിശ്വസ്തതയ്ക്കും വിവാഹമോചനത്തിനും കാരണമായേക്കാം.
ബൈബിൾ പറയുന്നതുപോലെ മദ്യപാനം കൂടിക്കഴിഞ്ഞാൽ “അതു സർപ്പത്തെപ്പോലെ കൊത്തും; അണലിയെപ്പോലെ കടിക്കും.” (സുഭാഷിതങ്ങൾ 23:32) നിങ്ങൾ മദ്യത്തിന് അടിമയാണോ എന്ന് എങ്ങനെ അറിയാം?
നിങ്ങൾ മദ്യത്തിന് അടിമയാണോ?
അതിന്റെ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ എന്നറിയാൻ ഈ ചോദ്യങ്ങൾ സഹായിക്കും:
കുടി നിയന്ത്രിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടോ?
‘ഇനി എപ്പോൾ കുടിക്കാൻ പറ്റും’ എന്നാണോ മിക്കപ്പോഴും നിങ്ങളുടെ ചിന്ത?
മദ്യപാനം കാരണം വിവാഹജീവിതത്തിൽ ഉൾപ്പെടെ പല പ്രശ്നങ്ങളുണ്ടായിട്ടും നിങ്ങൾ ഇപ്പോഴും കുടിക്കുന്നുണ്ടോ?
മദ്യപാനം നിറുത്താൻ ശ്രമിക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലുമൊക്കെ അസ്വസ്ഥതകൾ തോന്നുന്നുണ്ടോ?
നിങ്ങളുടെ മദ്യപാനം ഇണയുമായുള്ള വാക്കുതർക്കങ്ങൾക്ക് ഒരു കാരണമാണോ?
മദ്യം കഴിക്കുന്ന കാര്യത്തിൽ നിങ്ങളുടെ ‘കപ്പാസിറ്റി’ കൂടിയിട്ടുണ്ടോ?
വീട്ടിലോ ജോലിസ്ഥലത്തോ നിങ്ങൾ മദ്യം ഒളിപ്പിച്ച് വെക്കുകയോ രഹസ്യമായി കുടിക്കുകയോ ചെയ്യാറുണ്ടോ?
ഇതിൽ ഒന്നോ അതിലധികമോ ചോദ്യങ്ങൾക്കു നിങ്ങളുടെ ഉത്തരം ‘ഉവ്വ്’ എന്നാണെങ്കിൽ നിങ്ങൾ മദ്യത്തിന് അടിമയായിട്ടുണ്ടാകാം; നിങ്ങൾക്കു മദ്യാസക്തിയുണ്ട് എന്നായിരിക്കാം അതിന്റെ അർഥം.
പ്രശ്നമുണ്ട് എന്നു സമ്മതിക്കാൻ ബുദ്ധിമുട്ടാണോ?
കുടി അൽപ്പം കൂടിപ്പോകുന്നുണ്ടെന്ന് ഇണ നിങ്ങളോടു പരാതി പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ, അത് അത്ര വലിയ കുഴപ്പമൊന്നും അല്ലെന്നു പറയാനോ നിങ്ങളുടെ ഭാഗം ന്യായീകരിക്കാനോ നിങ്ങൾ ശ്രമിച്ചിട്ടുണ്ടാകും. ഇണയെയോ മറ്റുള്ളവരെയോ കുറ്റപ്പെടുത്തിക്കൊണ്ട് നിങ്ങൾ ഇങ്ങനെ പറഞ്ഞിരിക്കാം:
“നിന്റെ സ്വഭാവം നല്ലതായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ കുടിക്കില്ലായിരുന്നു.”
“എന്റെപോലെ ടെൻഷനുള്ള ജോലിയാണ് നിനക്ക് ഉള്ളതെങ്കിൽ നീയും കുടിച്ചേനേ.”
“എന്നെക്കാൾ കുടിക്കുന്ന എത്രയോ പേരെ എനിക്കറിയാം.”
ഇങ്ങനെ എന്തെങ്കിലുമൊക്കെ നിങ്ങൾ പറയുന്നുണ്ടെങ്കിൽ സന്തോഷമുള്ള ഒരു വിവാഹജീവിതത്തെക്കാൾ നിങ്ങൾക്കു പ്രധാനം മദ്യം കഴിക്കുന്നതാണെന്നു കാണിക്കുകയായിരിക്കില്ലേ? ശരിക്കും എന്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്?
ബൈബിൾതത്ത്വം: ‘വിവാഹം കഴിച്ചയാൾ, എങ്ങനെ ഭാര്യയുടെ പ്രീതി നേടാം എന്നു ചിന്തിക്കുന്നു.’—1 കൊരിന്ത്യർ 7:33.
നിങ്ങൾക്കു ചെയ്യാനാകുന്നത്
ഇണ പറയുന്നത് ഗൗരവമായെടുക്കുക. ഇണ ഈ വിഷയത്തിൽ ആവശ്യത്തിൽ കൂടുതൽ ടെൻഷനടിക്കുകയാണെന്നു തോന്നുന്നെങ്കിലും നിങ്ങൾക്ക് എന്തുകൊണ്ട് ചില മാറ്റങ്ങൾ വരുത്തിക്കൂടാ? ഇണയ്ക്കു ടെൻഷനാകുന്നുണ്ടെന്ന് അറിഞ്ഞിട്ടും കുടിക്കാൻ തന്നെയാണു നിങ്ങൾ തീരുമാനിക്കുന്നതെങ്കിൽ, അതിന്റെ അർഥം മദ്യപാനം നിങ്ങൾക്ക് ഒരു പ്രശ്നമായിട്ടുണ്ട് എന്നായിരിക്കാം.
ബൈബിൾതത്ത്വം: “തനിക്ക് എന്തു നേട്ടമുണ്ടെന്നല്ല, മറ്റുള്ളവർക്ക് എന്തു നേട്ടമുണ്ടാകുമെന്നാണ് ഓരോരുത്തരും നോക്കേണ്ടത്.”—1 കൊരിന്ത്യർ 10:24.
നന്നായി മനസ്സിലാക്കുക. യുദ്ധം ജയിക്കണമെങ്കിൽ ഒരു പട്ടാളക്കാരൻ ശത്രുവിന്റെ തന്ത്രങ്ങൾ അറിഞ്ഞിരിക്കണം. അതുപോലെ നിങ്ങൾക്കും ഒരു ശത്രുവിനെ കീഴ്പെടുത്തേണ്ടതുണ്ട്. അതിന്, മദ്യാസക്തി എന്ന ശത്രുവിന്റെ സ്വഭാവത്തെക്കുറിച്ചും അത് ആളുകളെ എങ്ങനെയാണ് വലയിലാക്കുന്നത് എന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കണം. അതുപോലെ, മദ്യത്തിന്റെ അടിമത്തത്തിൽനിന്ന് പുറത്തുകടക്കാനും വീണ്ടും അതിൽ വീണുപോകാതിരിക്കാനും എന്തൊക്കെ ചെയ്യാനാകുമെന്നും നിങ്ങൾ പഠിക്കണം.
ബൈബിൾതത്ത്വം: ‘നിങ്ങളോടു പോരാടുന്ന ജഡികമോഹങ്ങൾ ഉപേക്ഷിക്കുക.’—1 പത്രോസ് 2:11.
സഹായം സ്വീകരിക്കുക. മദ്യാസക്തിയിൽനിന്ന് പുറത്ത് കടക്കാൻ ഇന്ന് ആരോഗ്യരംഗത്ത് പല സഹായങ്ങളും ലഭ്യമാണ്. സാധാരണനിലയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള പല പരിപാടികളും ചികിത്സാകേന്ദ്രങ്ങളും ആശുപത്രികളും ഒക്കെയുണ്ട്. ഇനി പക്വതയുള്ള ഒരു സുഹൃത്തിന്റെ സഹായവും സ്വീകരിക്കാനാകും. നിങ്ങൾ മദ്യത്തിലേക്കു വീണുപോകാൻ ഇടയാക്കുന്ന എന്തെങ്കിലും കാരണങ്ങളുണ്ടോ എന്നു കണ്ടെത്താൻ ആ സുഹൃത്തു നിങ്ങളെ സഹായിച്ചേക്കും. വീണ്ടും കുടി തുടങ്ങാൻ തോന്നുകയാണെങ്കിൽ പെട്ടെന്ന് ആ സുഹൃത്തിനെ വിളിക്കുക.
ബൈബിൾതത്ത്വം: “യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.”—സുഭാഷിതങ്ങൾ 17:17.
അമിതമദ്യപാനം എന്നത് ഇങ്ങനെ ഒരു ചെറിയ ലേഖനം വായിച്ചതുകൊണ്ടോ, “ഇനി മുതൽ ഞാൻ കുറച്ച് കുടിക്കാൻ നോക്കാം” എന്നു വെറുതേ പറഞ്ഞതുകൊണ്ടോ തീരുന്ന നിസ്സാരമായ ഒരു പ്രശ്നമല്ല. ഓർക്കുക, നിങ്ങൾ ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതു നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല വിവാഹജീവിതത്തെയും ബാധിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ചിലർ എങ്ങനെയാണ് അമിതമദ്യപാനത്തിൽനിന്ന് പുറത്ത് കടന്നതെന്ന് അറിയാൻ ഈ ലേഖനങ്ങൾ വായിക്കുക.
“ഞാൻ മുമ്പ് ഒരു ക്രൂരനായിരുന്നു”
“ഇപ്പോൾ എനിക്ക് എന്നെക്കുറിച്ച് നാണക്കേടു തോന്നുന്നില്ല”