കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
അശ്ലീലത്തിൽനിന്ന് നിങ്ങളുടെ മക്കളെ സംരക്ഷിക്കുക
“അശ്ലീലത്തിന്റെ അപകടത്തെക്കുറിച്ച് ഞങ്ങൾക്കു നന്നായിട്ട് അറിയാമായിരുന്നു. എന്നാൽ മകൾക്ക് അത്, ഇത്ര എളുപ്പത്തിൽ കാണാൻ പറ്റുമെന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു.”—നിക്കോൾ.
ഈ ലേഖനത്തിൽ
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
വളരെ ചെറുപ്രായത്തിൽത്തന്നെ കുട്ടികൾ അശ്ലീലം കാണാൻ ഇടയായേക്കാം. പഠനങ്ങൾ കാണിക്കുന്നത് ആദ്യമായി അശ്ലീലം കാണുന്ന കുട്ടികളുടെ പ്രായത്തിന്റെ ശരാശരി കണക്കെടുത്താൽ അത് 11 ആണെന്നാണ്.
അശ്ലീലത്തിനുവേണ്ടി പരതേണ്ട ആവശ്യമില്ല, അത് കുട്ടികളുടെ അടുത്തേക്കു വന്നേക്കാം. ഉദാഹരണത്തിന്, ഇന്റർനെറ്റിൽ എന്തെങ്കിലും സെർച്ച് ചെയ്യുമ്പോഴോ സോഷ്യൽമീഡിയയിൽ എന്തെങ്കിലും കണ്ടുകൊണ്ടിരിക്കുന്നതിന് ഇടയിലോ അശ്ലീലം നിറഞ്ഞ കാര്യങ്ങൾ കടന്നുവന്നേക്കാം. ഓൺലൈൻ വീഡിയോ ഗെയിമുകൾ കളിക്കുന്നതിന് ഇടയിൽ അശ്ലീലം നിറഞ്ഞ ചില പരസ്യങ്ങൾ പൊങ്ങിവന്നേക്കാം. അശ്ലീലം പല രൂപത്തിലായിരിക്കും. സാധാരണ അത് ഫോട്ടോകളായിരിക്കും, അല്ലെങ്കിൽ വീഡിയോകളായിരിക്കും. അതുപോലെ ഇന്റർനെറ്റിൽ അശ്ലീലച്ചുവയുള്ള കഥകൾ വായിക്കാനും കേൾക്കാനും എളുപ്പത്തിൽ ലഭിക്കും.
മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം, മറ്റുള്ളവർ കുട്ടികൾക്ക് ഫോണിലൂടെ അശ്ലീലച്ചുവയുള്ള മെസ്സേജുകളും അയച്ചേക്കാം എന്നതാണ്. 900-ത്തിലധികംവരുന്ന ചെറുപ്പക്കാരെ ഉൾപ്പെടുത്തിയ ഒരു പഠനം പറയുന്നത്, അതിൽ ഏകദേശം 90 ശതമാനം പെൺകുട്ടികൾക്കും 50 ശതമാനം ആൺകുട്ടികൾക്കും അവരുടെ സഹപാഠികളിൽനിന്ന് സ്ഥിരമായി നഗ്നചിത്രങ്ങളും വീഡിയോകളും ലഭിക്കുന്നുണ്ട് എന്നാണ്.
മിക്ക അശ്ലീലങ്ങളിലും അക്രമം ഉൾപ്പെടുന്നു. ഇന്ന് കാണപ്പെടുന്ന മിക്ക അശ്ലീലങ്ങളിലും നിറഞ്ഞുനിൽക്കുന്നത്, പല തരത്തിലുള്ള അക്രമങ്ങളാണ്. അതിൽ മിക്കതും സ്ത്രീകൾക്ക് എതിരെയാണ്.
അശ്ലീലം കുട്ടികൾക്ക് ദോഷം ചെയ്യുന്നു. ഗവേഷണങ്ങൾ കാണിക്കുന്നത് അശ്ലീലം കാണുന്ന കുട്ടികൾക്കു പിൻവരുന്ന കാര്യങ്ങൾ സംഭവിച്ചേക്കാം എന്നാണ്:
പഠനത്തിൽ പിന്നോട്ടു പോയേക്കാം
ഉത്കണ്ഠ, വിഷാദം, വിലകെട്ടവരാണെന്ന തോന്നൽ എന്നിങ്ങനെയൊക്കെ ഉണ്ടായേക്കാം
തങ്ങളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ മറ്റുള്ളവരെ നിർബന്ധിക്കുന്നത് ഒരു കുഴപ്പമല്ലെന്നു തോന്നിയേക്കാം
ചുരുക്കിപ്പറഞ്ഞാൽ: കുട്ടികൾ അശ്ലീലം കാണുന്നെങ്കിൽ അത് അവരെ മോശമായിത്തന്നെ ബാധിക്കും. അതുപോലെ അവരെ ഏറ്റവും നന്നായി സംരക്ഷിക്കാൻ പറ്റുന്നതു മാതാപിതാക്കൾക്കാണ്.
ബൈബിൾ തത്ത്വം: “ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന ഈ വാക്കുകൾ നിന്റെ ഹൃദയത്തിലുണ്ടായിരിക്കണം. നീ അവ ആവർത്തിച്ചുപറഞ്ഞ് നിന്റെ മക്കളുടെ മനസ്സിൽ പതിപ്പിക്കണം. നീ വീട്ടിലായിരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കണം.”—ആവർത്തനം 6:6, 7.
അശ്ലീലം കാണുന്നതിൽനിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം?
നിങ്ങൾതന്നെ അറിഞ്ഞിരിക്കുക. നിങ്ങളുടെ കുട്ടി അശ്ലീലം കാണാൻ ഇടവന്നേക്കാവുന്ന സാഹചര്യങ്ങൾ ഏതൊക്കെയാണെന്നു മനസ്സിലാക്കുക. ഉദാഹരണത്തിന്, സ്കൂളിലെ ഇടവേളകളിൽ ആരുടെയും മേൽനോട്ടത്തിലല്ലാതെ അവൻ ഇന്റർനെറ്റ് സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ടോ?
ഫോൺ സുരക്ഷിതമായി ഉപയോഗിക്കാൻ സഹായിക്കുന്ന എന്തൊക്കെ സവിശേഷതകൾ അവന്റെ a ഫോണിലുണ്ടെന്നു മനസ്സിലാക്കുക. അതുപോലെ ഫോണിൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളും കളിക്കുന്ന ഗെയിമുകളും ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കുക. ഉദാഹരണത്തിന്, മെസ്സേജ് അയയ്ക്കാൻ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒരു മെസ്സേജ് വന്നാൽ ഒരു നിശ്ചിത സമയത്തിന് ഉള്ളിൽ ഡിലീറ്റ് ആകുന്ന തരം സവിശേഷതയുണ്ട്. (“disappearing message”) അത്തരം സവിശേഷതകളുള്ള ആപ്ലിക്കേഷനുകളിൽ അശ്ലീലം നിറഞ്ഞ ഒരു മെസ്സേജോ, വീഡിയോയോ, ചിത്രമോ വന്നാൽ അതും ഒരു നിശ്ചിത സമയത്തിന് ഉള്ളിൽ ഡിലീറ്റായി പോകും. ഇന്ന് ധാരാളം ഓൺലൈൻ വീഡിയോ ഗെയിമുകളിൽ കളിക്കുന്നവർക്ക് അശ്ലീലം കാണാനും സാങ്കൽപ്പികമായി ഗെയിമിലൂടെത്തന്നെ അശ്ലീലപ്രവൃത്തികളിൽ ഏർപ്പെടാനും കഴിയും.
“എന്റെ അനുഭവത്തിൽനിന്ന് ഞാൻ പറയുകയാണ്. നിങ്ങളുടെ കുട്ടിക്ക് ഒരു സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ ഒരു മാതാവോ അല്ലെങ്കിൽ പിതാവോ എന്ന നിലയിൽ അത് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നു നിങ്ങൾ അറിഞ്ഞിരിക്കണം. ഫോണിന്റെ ഉപയോഗം നിയന്ത്രിക്കുന്ന സെറ്റിങ്ങുകൾ (parental controls) എങ്ങനെ ഉപയോഗിക്കാമെന്നും നിങ്ങൾ മനസ്സിലാക്കണം. അതുപോലെ നിങ്ങളുടെ കുട്ടി ആ ഫോണിൽ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അറിയാനും നിങ്ങൾക്കു കഴിയണം.”—ഡേവിഡ്.
ബൈബിൾ തത്ത്വം: “വകതിരിവുള്ളവന്റെ ഹൃദയം അറിവ് നേടുന്നു.”—സുഭാഷിതങ്ങൾ 18:15.
അശ്ലീലം കടന്നുവരാൻ സാധ്യതയുള്ള വഴികൾ പരമാവധി തടയുക. അതിനുവേണ്ടി നിങ്ങൾക്കു ചില കാര്യങ്ങൾ ചെയ്യാനാകും. കുട്ടിയുടെ ഫോൺ ഉൾപ്പെടെ വീട്ടിലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും അശ്ലീലം കടന്നുവരാതിരിക്കാനുള്ള സെറ്റിങ്ങുകൾ ക്രമീകരിക്കുക. കുട്ടികൾക്ക് ഫോൺ കൊടുക്കുമ്പോൾ കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടി മാതാപിതാക്കൾ ഫോണിൽ ചില സെറ്റിങ്ങുകൾ (parental controls) ചെയ്യുക. അതുപോലെ കുട്ടികൾ ഇട്ടിരിക്കുന്ന പാസ്വേഡും അറിഞ്ഞിരിക്കുക.
“മൊബൈൽ സെറ്റിങ്ങ്സിലെ പേരന്റൽ കൺട്രോൾസ് ഓൺ ചെയ്യുന്നതും അതുപോലെ സ്മാർട്ട് ടിവിയിൽ വരുന്ന പരിപാടികൾക്ക് നിയന്ത്രണങ്ങൾ വെക്കുന്നതും പിന്നെ മോന്റെ മൊബൈലിന്റെ പാസ്വേഡ് അറിഞ്ഞിരിക്കുന്നതും വളരെ ഉപകാരപ്രദമായി എനിക്കു തോന്നിയിട്ടുണ്ട്.”—മൗറീഷിയോ.
“വാതിൽ അടച്ച് അവരുടെ മുറിയിൽ ഇരുന്ന് വീഡിയോകൾ കാണാൻ ഞാൻ കുട്ടികളെ അനുവദിക്കാറില്ല. അതുപോലെ ഉറങ്ങാൻപോകുന്ന സമയത്ത് റൂമിലേക്കു മൊബൈൽ കൊണ്ടുപോകാനും ഞാൻ സമ്മതിക്കില്ല.”—ജാൻലൂക്ക.
ബൈബിൾ തത്ത്വം: “വിവേകമുള്ളവൻ ആപത്തു കണ്ട് ഒളിക്കുന്നു.”—സുഭാഷിതങ്ങൾ 22:3.
കുട്ടികളെ മുന്നമേ തയ്യാറാക്കുക. ഫ്ലാവിയ എന്ന ഒരു അമ്മ പറയുന്നു: “ചില മാതാപിതാക്കൾ അശ്ലീലംപോലുള്ള വിഷയങ്ങളെക്കുറിച്ച് കുട്ടികളോടു സംസാരിക്കാറില്ല. കാരണം അവർ ചിന്തിക്കുന്നത് എന്റെ കുട്ടിക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നും നേരിടേണ്ടിവരില്ല എന്നാണ്.” എന്നാൽ ചില മാതാപിതാക്കളുടെ ചിന്ത അങ്ങനെയല്ല. ‘ഞാൻ ഈ വിഷയത്തെക്കുറിച്ച് പറഞ്ഞാൽ അത് എന്താണെന്ന് അറിയാൻ എന്റെ കുട്ടി ശ്രമിച്ചാലോ എന്നാണ്.’ ഇത്തരം ചിന്തകളൊക്കെ തെറ്റാണ്. ജ്ഞാനമുള്ള മാതാപിതാക്കൾ അവരുടെ കുട്ടി അശ്ലീലം കാണാൻ ഇടയാകുന്നതിനു മുമ്പുതന്നെ അതിന്റെ അപകടങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കും. നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാം?
ചെറിയ പ്രായത്തിലുള്ള കുട്ടികൾ അശ്ലീലച്ചുവയുള്ള കാര്യങ്ങൾ കാണാൻ ഇടയായാൽ എന്തു ചെയ്യണമെന്നു പറഞ്ഞുകൊടുക്കുക. ഉദാഹരണത്തിന്, പെട്ടെന്ന് അവരുടെ കണ്ണുകൾ അടക്കാൻ പറയാം. അല്ലെങ്കിൽ ആ ഉപകരണങ്ങൾ ഓഫ് ചെയ്യാൻ പറയാം. അതുപോലെ അങ്ങനെയുള്ള എന്തെങ്കിലും കാര്യങ്ങൾ കാണാനോ കേൾക്കാനോ ഇടയായാൽ അതു മാതാപിതാക്കളോടു വന്നുപറയാനും അവരെ പ്രോത്സാഹിപ്പിക്കാം. b
“ചെറുപ്രായംമുതൽത്തന്നെ ഞാൻ എന്റെ മകനോട് അശ്ലീലം കാണുന്നതിന്റെ അപകടങ്ങളെക്കുറിച്ച് പറയുമായിരുന്നു. ഒരിക്കൽ അവന് 11 വയസ്സുള്ളപ്പോൾ സ്മാർട്ട്ഫോണിൽ അവൻ കളിച്ചുകൊണ്ടിരുന്ന ഗെയിമിൽ അശ്ലീലച്ചുവയുള്ള ചില പരസ്യങ്ങൾ പൊങ്ങിവന്നു. അതിനൊപ്പം അവന്റെതന്നെ ഫോട്ടോ അയച്ചുകൊടുക്കാനുള്ള മെസ്സേജും വന്നു. ഇങ്ങനെയൊക്കെ വന്നാൽ എന്തു ചെയ്യണമെന്നു നേരത്തേ പറഞ്ഞുകൊടുത്തിരുന്നതുകൊണ്ട് അവൻ അപ്പോൾത്തന്നെ എന്റെ അടുത്തുവന്ന് സംഭവിച്ചതെല്ലാം പറഞ്ഞു.”—മൗറീഷിയോ.
ബൈബിൾ തത്ത്വം: “ശരിയായ വഴിയിൽ നടക്കാൻ കുട്ടിയെ പരിശീലിപ്പിക്കുക; വയസ്സായാലും അവൻ അതു വിട്ടുമാറില്ല.”—സുഭാഷിതങ്ങൾ 22:6.
മുതിർന്ന കുട്ടികളെ അശ്ലീലം കാണാനോ കേൾക്കാനോ വായിക്കാനോ ഉള്ള പ്രലോഭനത്തെ ചെറുക്കാൻ സഹായിക്കുക. ഉദാഹരണത്തിന്, അവരുമായി ഒരു കരാർ ഉണ്ടാക്കുക. അശ്ലീലം കാണാൻ ഇടയായാൽ എന്തു ചെയ്യണമെന്നും എന്തുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടതെന്നും അതിൽ എഴുതിവെക്കുക. അതിൽ അശ്ലീലം കാണുന്നതുകൊണ്ടുള്ള ഭവിഷ്യത്തുകളും ഉൾപ്പെടുത്തുക. ഉദാഹരണത്തിന്, ആത്മവിശ്വാസം നഷ്ടപ്പെട്ടേക്കാം, മാതാപിതാക്കളുടെ വിശ്വാസം നഷ്ടപ്പെട്ടേക്കാം, ദൈവവുമായുള്ള ബന്ധം തകർന്നേക്കാം. c
“കുട്ടികൾ വളരുമ്പോൾ, അശ്ലീലം കണ്ടാൽ ഉണ്ടാകുന്ന ദീർഘകാലഭവിഷ്യത്തുക്കളെക്കുറിച്ച് ചിന്തിക്കാൻ അവരെ സഹായിക്കുക. അങ്ങനെയാകുമ്പോൾ അത്തരം പ്രലോഭനമുണ്ടാകുമ്പോൾ അവർക്ക് അതിനെ ചെറുക്കാനാകും.”—ലോററ്റ.
“അശ്ലീലം കാണുന്നതുകൊണ്ടുള്ള അപകടങ്ങൾ മാത്രമല്ല, അങ്ങനെ ചെയ്യുമ്പോൾ യഹോവയ്ക്ക് എന്തു തോന്നും എന്നുകൂടി മനസ്സിലാക്കാൻ കുട്ടികളെ സഹായിച്ചാൽ അത് അവർക്കൊരു സംരക്ഷണമായിരിക്കും.”—ഡേവിഡ്.
ബൈബിൾ തത്ത്വം: ‘ജ്ഞാനം ഒരു സംരക്ഷണമാണ്.’—സഭാപ്രസംഗകൻ 7:12.
കൂടെക്കൂടെ സംസാരിക്കുക. അശ്ലീലംപോലുള്ള ലൈംഗികവിഷയങ്ങളെക്കുറിച്ച് മാതാപിതാക്കളോടു സംസാരിക്കാൻ കുട്ടികൾ ആഗ്രഹിക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണറായ റേച്ചൽ ഡിസൂസ പറയുന്നു: “കുട്ടികൾക്ക് ഏറ്റവും ആവശ്യം, അവരോട് നേരത്തേ സംസാരിക്കുക, കൂടെക്കൂടെ സംസാരിക്കുക എന്നതാണ്. ഈ വിഷയങ്ങളെക്കുറിച്ച് പ്രായത്തിനനുസരിച്ചുള്ള സംസാരമാണ് കുട്ടികൾ ആഗ്രഹിക്കുന്നത്. കുട്ടികൾ വളർന്നുവരുമ്പോൾ ഈ വിഷയത്തിന്റെ വിവിധവശങ്ങളെക്കുറിച്ച് സംസാരിക്കാൻ അവർ ആഗ്രഹിക്കും.”
“എന്റെ ചെറുപ്പത്തിൽ ചില വിഷയങ്ങളെക്കുറിച്ചൊന്നും മാതാപിതാക്കൾ എന്നോടു സംസാരിച്ചിരുന്നില്ല. അവർ ഈ കാര്യങ്ങളൊക്കെ എന്നോടു തുറന്ന് സംസാരിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ ഒരു അമ്മയാണ്. എന്റെ കുട്ടികളോടു ലൈംഗികവിഷയങ്ങളെക്കുറിച്ച് ഒരു മടിയുംകൂടാതെ കൂടെക്കൂടെ സംസാരിക്കാൻ ഞാൻ ശ്രമിക്കും.“—ഫ്ലാവിയ.
നിങ്ങളുടെ കുട്ടി അശ്ലീലം കാണാൻ ഇടയായെങ്കിലോ
ശാന്തരായിരിക്കുക. നിങ്ങളുടെ കുട്ടി അശ്ലീലം കാണാനോ, കേൾക്കാനോ, വായിക്കാനോ ഇടയായെന്നു കണ്ടാൽ നിങ്ങൾ എടുത്തുചാടി ഒന്നും ചെയ്യരുത്. അവൻ അതു കണ്ടതിന്റെ കുറ്റബോധത്തിലായിരിക്കാം, അല്ലെങ്കിൽ അതിന്റെ ഞെട്ടലിലായിരിക്കാം. ഇങ്ങനെ വിഷമിച്ചിരിക്കുന്ന സമയത്ത് നിങ്ങൾ അവനോടു ദേഷ്യപ്പെട്ടാൽ അവനു കൂടുതൽ നിരാശ തോന്നുകയേ ഉള്ളൂ. ഭാവിയിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് നിങ്ങളോടു സംസാരിക്കാൻ അവനു മടി തോന്നിയേക്കാം.
ബൈബിൾ തത്ത്വം: “അറിവുള്ളവൻ വാക്കുകൾ നിയന്ത്രിക്കുന്നു; വകതിരിവുള്ളവൻ ശാന്തത പാലിക്കും.”—സുഭാഷിതങ്ങൾ 17:27.
സത്യാവസ്ഥ മനസ്സിലാക്കുക. എടുത്തുചാടി ഒരു നിഗമനത്തിൽ എത്തുന്നതിനു മുമ്പ് നിങ്ങളുടെ കുട്ടി അശ്ലീലം കാണാൻ ഇടയായത് എങ്ങനെയെന്ന് അറിയാൻ ചോദ്യങ്ങൾ ചോദിക്കുക. ഉദാഹരണത്തിന്, ആരെങ്കിലും ഈ ചിത്രം അവന് അയച്ചുകൊടുത്തതാണോ അതോ അവൻ സ്വയം കണ്ടെത്തിയതാണോ? ആദ്യമായിട്ടാണോ ഇങ്ങനെ സംഭവിച്ചത് അതോ ഇതിനു മുമ്പും അശ്ലീലം കണ്ടിട്ടുണ്ടോ? അവൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണത്തിൽ പേരന്റൽ കൺട്രോൾസ് പോലുള്ള സെറ്റിങ്ങുകൾ ക്രമീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ, അശ്ലീലം കാണാൻ അവൻ മറ്റ് ഏതെങ്കിലും വഴി കണ്ടെത്തിയതാണോ? ഓർക്കുക, നിങ്ങളുടെ പെരുമാറ്റം ഒരു കുറ്റവാളിയെ ചോദ്യം ചെയ്യുന്നതുപോലെ ആയിരിക്കരുത്. മറിച്ച്, അവന്റെ മനസ്സിലുള്ളതു പുറത്തുകൊണ്ടുവരാൻ അവനെ സഹായിക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം.
ബൈബിൾ തത്ത്വം: “മനുഷ്യന്റെ ഹൃദയത്തിലെ ചിന്തകൾ ആഴമുള്ള വെള്ളം; എന്നാൽ വകതിരിവുള്ളവൻ അതു കോരിയെടുക്കും.”—സുഭാഷിതങ്ങൾ 20:5.
വേണ്ടതു ചെയ്യുക. ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടി അബദ്ധവശാലാണ് അശ്ലീലം കണ്ടതെങ്കിൽ, അവന്റെ ഇലക്ട്രോണിക് ഉപകരണത്തിൽ പേരന്റൽ കൺട്രോൾസ് പോലുള്ള സെറ്റിങ്ങുകളിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നതു സഹായകമായേക്കാം.
എന്നാൽ, അവൻ അറിഞ്ഞുകൊണ്ടാണ് അശ്ലീലം കണ്ടതെന്നു നിങ്ങൾക്കു മനസ്സിലായാൽ സ്നേഹത്തോടെ ശക്തമായ തിരുത്തൽ നൽകുക. ഇയ്യോബ് 31:1, സങ്കീർത്തനം 97:10, സങ്കീർത്തനം 101:3 പോലുള്ള തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് അശ്ലീലത്തെ മറികടക്കാനുള്ള ആഗ്രഹം ശക്തമാക്കാൻ അവനെ സഹായിക്കുക. d അവൻ എത്രത്തോളം പുരോഗതി വരുത്തിയിട്ടുണ്ടെന്നും ഇനി എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നും അറിയുന്നതിനുവേണ്ടി ഇനിവരുന്ന ഓരോ ആഴ്ചയും അവനുമായി സംസാരിക്കാമെന്നും പറയുക.
ബൈബിൾ തത്ത്വം: “നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ യഹോവയുടെ ശിക്ഷണത്തിലും ഉപദേശത്തിലും വളർത്തിക്കൊണ്ടുവരുക.”—എഫെസ്യർ 6:4.
a ഈ ലേഖനത്തിൽ ആൺകുട്ടികളെക്കുറിച്ചാണ് പറയുന്നതെങ്കിലും ഇതിലെ വിവരങ്ങൾ പെൺകുട്ടികൾക്കും ബാധകമാണ്.
b പ്രായത്തിനനുസരിച്ച് കുട്ടികളോടു സെക്സിനെക്കുറിച്ച് എങ്ങനെ സംസാരിക്കാനാകും? അതിനുള്ള നിർദേശങ്ങൾക്കായി “സെക്സിനെക്കുറിച്ച് മാതാപിതാക്കൾക്കു മക്കളെ എങ്ങനെ പഠിപ്പിക്കാനാകും?” എന്ന ലേഖനം കാണുക.
c കരാറിൽ എന്തൊക്കെ ഉൾപ്പെടുത്താം എന്നതിനെക്കുറിച്ച് അറിയാൻ “അശ്ലീലം എങ്ങനെ ഒഴിവാക്കാം” (ഇംഗ്ലീഷ്) എന്ന അഭ്യാസം കാണുക.
d “അശ്ലീലം എന്തുകൊണ്ട് ഒഴിവാക്കണം?” എന്ന ലേഖനവും ഒരുമിച്ച് ചർച്ച ചെയ്യാവുന്നതാണ്.