കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
കുട്ടികളും സോഷ്യൽ മീഡിയയും—ഭാഗം 1: എന്റെ കുട്ടി സോഷ്യൽ മീഡിയ ഉപയോഗിക്കണോ?
ഒരു സർവേ അനുസരിച്ച്, 97 ശതമാനം കൗമാരക്കാരും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്. നിങ്ങളുടെ കുട്ടിയും ആ കൂട്ടത്തിൽ ചേരാൻ ആഗ്രഹിച്ചിരിക്കുകയാണോ? അങ്ങനെയാണെങ്കിൽ ചില കാര്യങ്ങൾ ചിന്തിക്കുന്നത് നല്ലതായിരിക്കും.
ഈ ലേഖനത്തിൽ
നിങ്ങളുടെ കുട്ടി സമയം എങ്ങനെ ഉപയോഗിക്കും?
“സോഷ്യൽ മീഡിയ ഡിസൈൻ ചെയ്തിരിക്കുന്നത് നിങ്ങളുടെ ശ്രദ്ധ മുഴുവൻ കവർന്നെടുക്കാൻ വേണ്ടിയാണ്. നിങ്ങൾ എപ്പോഴും ഓൺലൈനായിരിക്കണം, അപ്ഡേറ്റുകൾ അറിയാൻവേണ്ടി കൂടെക്കൂടെ സ്ക്രീൻ നോക്കണം, ഇതൊക്കെയാണ് ലക്ഷ്യം” എന്നാണ് ഹെൽപ്പ്ഗൈഡ് വെബ്സൈറ്റ് പറയുന്നത്.
“ഒരവസാനവുമില്ലാത്ത സോഷ്യൽ മീഡിയ പോസ്റ്റുകൾ നോക്കിനോക്കി മിനിറ്റുകൾ മണിക്കൂറുകളാകുന്നത് ഞാൻ അറിയാറേയില്ല. കുറെക്കൂടി പ്രയോജനമുള്ള എന്തെങ്കിലും ചെയ്യാൻവേണ്ടി ഫോണൊന്നു താഴെ വെക്കണമെന്നു വെച്ചാൽ വലിയ ബുദ്ധിമുട്ടാ.”—ലിൻ, 20 വയസ്സ്.
നിങ്ങളോടുതന്നെ ചോദിക്കുക: സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കാര്യത്തിൽ ഞാൻ വെച്ചിരിക്കുന്ന സമയപരിധി പാലിക്കാനുള്ള ആത്മനിയന്ത്രണം എന്റെ കുട്ടിക്കുണ്ടോ? ഇനി, സ്വന്തമായി പരിധികൾ വെക്കാനും അതിനോടു പറ്റിനിൽക്കാനുമുള്ള പക്വത അവനായോ?
ബൈബിൾ തത്ത്വം: “നിങ്ങൾ എങ്ങനെ ജീവിക്കുന്നെന്നു പ്രത്യേകം ശ്രദ്ധിക്കുക; . . . ബുദ്ധിയോടെ നടന്ന് സമയം ഏറ്റവും നന്നായി ഉപയോഗിക്കുക.”—എഫെസ്യർ 5:15, 16.
നിങ്ങളുടെ കുട്ടി സൗഹൃദത്തെ എങ്ങനെ കാണും?
“സോഷ്യൽ മീഡിയ” എന്ന വാക്കു സൂചിപ്പിക്കുന്നത് അത് ഉപയോഗിക്കുന്നവർ മറ്റുള്ളവരുമായി വളരെ സോഷ്യലാണ്, അല്ലെങ്കിൽ അവർക്ക് ഒരുപാടു കൂട്ടുകാരുണ്ട് എന്നൊക്കെയാണ്. പക്ഷേ മിക്കപ്പോഴും ആ കൂട്ടൊന്നും ശരിക്കുമുള്ള കൂട്ടല്ല.
“ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്, കുറെ ലൈക്കും കുറെ ഫോളോവേഴ്സും ഉണ്ടെങ്കിൽ അവർക്കെല്ലാം തങ്ങളെ വലിയ കാര്യമാണെന്നാ പല ചെറുപ്പക്കാരും ചിന്തിക്കുന്നത്. അവർക്ക് ഇവരെ അറിയത്തുപോലുമില്ലായിരിക്കും.”—പട്രീഷ്യ, 17 വയസ്സ്.
നിങ്ങളോടുതന്നെ ചോദിക്കുക: ഫോളോവേഴ്സിനും ലൈക്കുകൾക്കും ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് ഒഴിവാക്കാനുള്ള പക്വത എന്റെ കുട്ടിക്കുണ്ടോ? ഓൺലൈനിൽ അല്ലാതെ നേരിട്ടുള്ള സൗഹൃദങ്ങൾ ഉണ്ടാക്കാൻ എന്റെ കുട്ടിക്കു കഴിയുമോ?
ബൈബിൾ തത്ത്വം: “യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.”—സുഭാഷിതങ്ങൾ 17:17.
നിങ്ങളുടെ കുട്ടിയുടെ മനസ്സിനെ എങ്ങനെ ബാധിക്കും?
സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്നത് ഒറ്റപ്പെടലും ഉത്കണ്ഠയും എന്തിന്, ഡിപ്രഷൻപോലും തോന്നാൻ ഇടയാക്കുമെന്നാണ് ഗവേഷകർ നിരീക്ഷിച്ചിട്ടുള്ളത്.
“നിങ്ങളുടെ കൂട്ടുകാർ നിങ്ങൾ ഇല്ലാതെ മറ്റു കൂട്ടുകാരുമായി സമയം ചെലവഴിക്കുന്നതിന്റെ ഫോട്ടോകൾ കാണുന്നത് അത്ര സുഖമുള്ള ഒരു കാര്യമല്ല.”—സെറീന, 19 വയസ്സ്.
നിങ്ങളോടുതന്നെ ചോദിക്കുക: സോഷ്യൽ മീഡിയയിൽ മറ്റുള്ളവർ ചെയ്യുന്ന ഓരോരോ കാര്യങ്ങൾ കാണുമ്പോൾ തന്നെക്കുറിച്ചുതന്നെ കൂടുതൽ ചിന്തിക്കാനും മറ്റുള്ളവരെക്കാൾ കേമനാണെന്നു കാണിക്കാനും ഒക്കെയുള്ള ഒരു ആഗ്രഹം വരാൻ സാധ്യതയുണ്ട്, അത് ഒഴിവാക്കാനുള്ള പക്വത എന്റെ കുട്ടിക്കുണ്ടോ?
ബൈബിൾ തത്ത്വം: “നമുക്കു ദുരഭിമാനികളാകാതിരിക്കാം. പരസ്പരം മത്സരിക്കുന്നതും അസൂയപ്പെടുന്നതും ഒഴിവാക്കാം.”—ഗലാത്യർ 5:26.
നിങ്ങളുടെ കുട്ടിയുടെ ഓൺലൈനിലെ പെരുമാറ്റം എങ്ങനെയുള്ളതായിരിക്കും?
സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം, സെക്സ്റ്റിംഗ്, അശ്ലീലം പോലുള്ള അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ഇതൊന്നും ചെയ്യണമെന്ന് നിങ്ങളുടെ കുട്ടിക്ക് ആഗ്രഹം കാണണമെന്നില്ല. പക്ഷേ ഇതൊക്കെ അവന്റെ മുന്നിലേക്ക് എത്തിയേക്കാം.
“സോഷ്യൽ മീഡിയയിലെ വീഡിയോയ്ക്കും മറ്റും തുടക്കത്തിൽ വലിയ കുഴപ്പം കാണില്ല. പക്ഷേ പെട്ടെന്നായിരിക്കും വിധം മാറുന്നത്. അതിൽ മോശമായ വാക്കുകൾ ഉപയോഗിക്കുന്നതിന് ആളുകൾക്ക് ഒരു മടിയില്ല, വൃത്തികെട്ട പാട്ടുകൾക്ക് ഒരു ക്ഷാമവുമില്ല.”—ലിൻഡ, 23 വയസ്സ്.
നിങ്ങളോടുതന്നെ ചോദിക്കുക: ഡിജിറ്റൽ ലോകത്ത് ഒരു ഉത്തമ പൗരനാകാനുള്ള പക്വത എന്റെ കുട്ടിക്കുണ്ടോ? മോശം കാര്യങ്ങൾ വരുമ്പോൾ അതിനു നേരെ കണ്ണും കാതും അടയ്ക്കാനുള്ള ആത്മധൈര്യം എന്റെ കുട്ടിക്കുണ്ടോ?
ബൈബിൾ തത്ത്വം: “ലൈംഗിക അധാർമികത, ഏതെങ്കിലും തരം അശുദ്ധി, അത്യാഗ്രഹം എന്നിവ നിങ്ങളുടെ ഇടയിൽ പറഞ്ഞുകേൾക്കാൻപോലും പാടില്ല. . . . നാണംകെട്ട പെരുമാറ്റം, മൗഢ്യസംസാരം, അശ്ലീലഫലിതം ഇങ്ങനെ നിങ്ങൾക്കു ചേരാത്തതൊന്നും പാടില്ല.”—എഫെസ്യർ 5:3, 4.
സോഷ്യൽ മീഡിയ ശരിക്കും ആവശ്യമുണ്ടോ?
ഒരാൾക്കു ജീവിക്കാൻ സോഷ്യൽ മീഡിയ വേണമെന്നില്ല. സന്തോഷവും സുഖവും നിറഞ്ഞ ജീവിതത്തിനുപോലും അതു വേണ്ട. സോഷ്യൽ മീഡിയ ഉപയോഗിക്കാതെ സന്തോഷമായിട്ടു കഴിയുന്ന ഒരുപാടു ചെറുപ്പക്കാരുണ്ട്. ചിലരാണെങ്കിൽ ഒരിക്കൽ ഉപയോഗിച്ചിട്ട് അതു നിറുത്താമെന്നു തീരുമാനിച്ചവരാണ്.
“സോഷ്യൽ മീഡിയയുടെ ഉപയോഗം എന്റെ ചേച്ചിയെ വളരെ മോശമായി ബാധിക്കുന്നതു കണ്ടപ്പോൾ ഞാൻ അതു നിറുത്താൻ തീരുമാനിച്ചു. അന്നുമുതൽ എനിക്കു നല്ല സന്തോഷമുണ്ട്. ഒരുപാടു കാര്യങ്ങൾ എനിക്ക് ആസ്വദിക്കാൻ പറ്റുന്നുണ്ട്.”—നേഥൻ, 17 വയസ്സ്.
ചുരുക്കിപ്പറഞ്ഞാൽ: സോഷ്യൽ മീഡിയ ഉപയോഗിക്കാൻ നിങ്ങളുടെ മകനെയോ മകളെയോ അനുവദിക്കുന്നതിനു മുമ്പ് ഈ കാര്യം ഉറപ്പുവരുത്തുക. സമയപരിധിയോടു പറ്റിനിൽക്കാനും നല്ല സൗഹൃദങ്ങൾ നിലനിറുത്താനും മോശം കാര്യങ്ങൾ ഒഴിവാക്കാനും ഉള്ള പക്വത എന്റെ കുട്ടിക്കുണ്ടോ?
ബൈബിൾ തത്ത്വം: “വിവേകമുള്ളവൻ ഓരോ കാലടിയും ശ്രദ്ധയോടെ വെക്കുന്നു.”—സുഭാഷിതങ്ങൾ 14:15.