കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
കുട്ടികൾ വായിച്ച് വളരട്ടെ—ഭാഗം 1: വായിക്കുന്നതോ കാണുന്നതോ?
നിങ്ങളുടെ കുട്ടികൾക്കു വെറുതെ ഇരിക്കുന്ന സമയത്ത് വീഡിയോ കാണാനാണോ അതോ വായിക്കാനാണോ ഇഷ്ടം? അപ്പോൾ അവർ ഒരു ഫോൺ എടുക്കുമോ, അതോ പുസ്തകം എടുക്കുമോ?
കാലങ്ങളായി വായന ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആദ്യം ടിവി-യിൽനിന്ന്, പിന്നെ വ്യാപകമായി വന്ന ഓൺലൈൻ ദൃശ്യമാധ്യമങ്ങളിൽനിന്ന്. എഴുത്തുകാരിയായ ജെയിൻ ഹെലി 1990-ൽ പ്രസിദ്ധീകരിച്ച അപകടത്തിലാകുന്ന മനസ്സുകൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ “വായനാശീലം ഏതാണ്ട് ഇല്ലാതാകുന്ന അവസ്ഥയിലേക്കാണു കാര്യങ്ങൾ പോകുന്നത്” എന്ന് അഭിപ്രായപ്പെട്ടു.
ആ പറഞ്ഞതു കുറച്ച് കൂടിപ്പോയില്ലേ എന്ന് അന്നത്തെ ആളുകൾ ചിന്തിച്ചുകാണും. പക്ഷേ ഇന്നു പത്തുമുപ്പതു വർഷം കഴിഞ്ഞ് സാങ്കേതികവിദ്യയുടെ ഉപയോഗം കൂടുതലുള്ള ചില സ്ഥലങ്ങളിലെ വിദ്യാഭ്യാസവിദഗ്ധർ പറയുന്നത്, ഒരു ശരാശരി കണക്കു നോക്കിയാൽ ചെറുപ്പക്കാർക്കു മനസ്സിരുത്തി, കാര്യങ്ങൾ ഗ്രഹിച്ച് വായിക്കാനുള്ള കഴിവ് കുത്തനെ കുറഞ്ഞിരിക്കുകയാണ് എന്നാണ്.
ഈ ലേഖനത്തിൽ
കുട്ടികൾ വായിക്കേണ്ടത് എന്തുകൊണ്ടാണ്?
വായന ഭാവനാശേഷി ഉണർത്തും. ഉദാഹരണത്തിന് ഒരു കഥ വായിക്കുമ്പോൾ കഥാപാത്രങ്ങളുടെ ശബ്ദം, അവരെ കാണാൻ എങ്ങനെയിരിക്കും, ചുറ്റുമുള്ള കാഴ്ചകൾ എന്തൊക്കെയാണ്, ഇങ്ങനെയുള്ള എല്ലാ വിശദാംശങ്ങളും എഴുത്തുകാരൻ പറയുന്നില്ലെങ്കിലും അദ്ദേഹം കോറിയിട്ട സൂചനകൾക്കു നിറംകൊടുക്കേണ്ടതു വായനക്കാരന്റെ ഭാവനാശേഷിയാണ്.
ഇതെക്കുറിച്ച് ഒരു അമ്മയായ ലോറ ഇങ്ങനെ പറയുന്നു: “നമ്മൾ ഒരു സിനിമയോ വീഡിയോയോ കാണുമ്പോൾ മറ്റൊരാളുടെ ഭാവനയാണു കാണുന്നത്, അത് ആസ്വദിക്കാൻ പറ്റും. പക്ഷേ വായനയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അതിനു മറ്റൊരാളുടെ വാക്കുകൾക്കു നമ്മുടെ മനസ്സിൽ ജീവൻ കൊടുക്കാൻ പറ്റും.”
വായന നല്ല ഗുണങ്ങൾ വളർത്തും. വായനയിലൂടെ, പ്രശ്നങ്ങളുടെ കാരണം കണ്ടുപിടിച്ച് അതു പരിഹരിക്കാനുള്ള കുട്ടികളുടെ കഴിവ് കൂടും. കൂടാതെ, വായിക്കുന്നതിനു കുട്ടികൾക്ക് ഏകാഗ്രത വേണം. അതു ക്ഷമയും ആത്മനിയന്ത്രണവും സമാനുഭാവവും പോലുള്ള ഗുണങ്ങൾ വളർത്താൻ അവരെ സഹായിക്കും.
സമാനുഭാവമോ? അതെങ്ങനെ? ചില ഗവേഷകർ കരുതുന്നതു, കുട്ടികൾ സാവകാശം മനസ്സിരുത്തി ഒരു കഥ വായിക്കുമ്പോൾ അവർ കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളെക്കുറിച്ച് ചിന്തിക്കുമെന്നാണ്. മറ്റുള്ളവരോടു സമാനുഭാവം കാണിക്കാൻ അത് അവരെ സഹായിക്കും.
വായന ആഴത്തിൽ ചിന്തിപ്പിക്കും. ശ്രദ്ധിച്ച് വായിക്കുന്ന ഒരാൾ എഴുത്തുകാരന്റെ ചിന്ത മനസ്സിലാക്കാൻ പറ്റുന്ന വേഗത്തിലായിരിക്കും വായിക്കുന്നത്. ചിലപ്പോൾ വായിച്ചതു പിന്നെയും വായിച്ചെന്നുവരാം. അങ്ങനെ ചെയ്യുമ്പോൾ വായിക്കുന്ന കാര്യങ്ങൾ ഓർത്തിരിക്കാനും അവർക്ക് അതിൽനിന്ന് പ്രയോജനം കിട്ടാനും ഉള്ള സാധ്യത കൂടുതലാണ്.—1 തിമൊഥെയൊസ് 4:15.
ജോസഫ് എന്ന ഒരു പിതാവ് ശ്രദ്ധിച്ചത് ഇതാണ്: “വായിക്കുമ്പോൾ വായിക്കുന്ന ഭാഗത്തെ ഒരു കാര്യത്തെക്കുറിച്ച് നമുക്ക് ആഴത്തിൽ ചിന്തിക്കാൻ പറ്റും. അതിനെ നമുക്ക് അറിയാവുന്ന കാര്യങ്ങളുമായി ബന്ധിപ്പിക്കാനും ആ ഭാഗത്തുനിന്ന് എന്തൊക്കെ പഠിക്കാമെന്നു മനസ്സിലാക്കാനും പറ്റും. പക്ഷേ ഒരു സിനിമയോ വീഡിയോയോ ആണു കാണുന്നതെങ്കിൽ അതു നമ്മളെ എപ്പോഴും ഇരുത്തിച്ചിന്തിപ്പിക്കണമെന്നില്ല.”
ചുരുക്കിപ്പറഞ്ഞാൽ: വീഡിയോകൾക്കും മറ്റു ദൃശ്യമാധ്യമങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും വായിക്കുന്നില്ലെങ്കിൽ കുട്ടികൾക്കു ജീവിതത്തിൽ വലിയൊരു നഷ്ടംതന്നെയായിരിക്കും സംഭവിക്കുക.
കുട്ടികളിൽ വായനാശീലം വളർത്താൻ എന്തു ചെയ്യാം?
നേരത്തേതന്നെ തുടങ്ങാം. “ഞാൻ ഗർഭിണിയായിരുന്നപ്പോൾമുതൽ ഞങ്ങൾ മക്കളെ പലതും വായിച്ച് കേൾപ്പിക്കുമായിരുന്നു. അവർ ഉണ്ടായിക്കഴിഞ്ഞും അതു തുടർന്നു. അതു നിറുത്താതെ ചെയ്തതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്. കാരണം, രസത്തിനുവേണ്ടിയാണെങ്കിലും വായിക്കുന്നതു പിന്നീട് അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറി” എന്നാണു രണ്ടു കുട്ടികളുടെ അമ്മയായ ക്ലോയ് പറയുന്നത്.
ബൈബിൾതത്ത്വം: ‘വിശുദ്ധലിഖിതങ്ങൾ നിനക്കു ശൈശവംമുതലേ പരിചയമുള്ളതാണ്.’—2 തിമൊഥെയൊസ് 3:15.
വായനയ്ക്കു പറ്റിയ ചുറ്റുപാട് ഒരുക്കാം. കൈയെത്തുംദൂരത്ത് പുസ്തകങ്ങളും മാസികകളും ലഭ്യമാക്കിക്കൊണ്ട് വീട്ടിൽ വായനയ്ക്കു പറ്റിയ ഒരു ചുറ്റുപാട് ഒരുക്കുക. “നിങ്ങളുടെ മക്കൾക്ക് ആസ്വദിച്ച് വായിക്കാൻ പറ്റിയ പുസ്തകങ്ങൾ കണ്ടുപിടിച്ച് അത് അവരുടെ കട്ടിലിന്റെ അടുത്ത് വെക്കണം” എന്നു നാലു മക്കളുടെ അമ്മയായ തമാര പറയുന്നു.
ബൈബിൾതത്ത്വം: “ശരിയായ വഴിയിൽ നടക്കാൻ കുട്ടിയെ പരിശീലിപ്പിക്കുക; വയസ്സായാലും അവൻ അതു വിട്ടുമാറില്ല.”—സുഭാഷിതങ്ങൾ 22:6.
ഇന്റർനെറ്റിനു പരിധിവെക്കാം. വീട്ടിലാരും ടിവി-യോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കാതെ ഒരു വൈകുന്നേരം ചെലവഴിക്കുന്നതു നല്ലതാണെന്ന് ഒരു അച്ഛനായ ഡാനിയേൽ അഭിപ്രായപ്പെടുന്നു. അദ്ദേഹം പറയുന്നു: “ആഴ്ചയിൽ ഒരു വൈകുന്നേരമെങ്കിലും ഞങ്ങൾ ടിവി കാണാതെ സ്വസ്ഥമായിരിക്കാറുണ്ട്. അപ്പോൾ ഞങ്ങൾ ഒറ്റയ്ക്കൊറ്റയ്ക്കോ ഒരുമിച്ചോ വായിക്കും.”
ബൈബിൾതത്ത്വം: ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തുക.’—ഫിലിപ്പിയർ 1:10.
ചെയ്തുകാണിക്കാം. രണ്ടു മക്കളുടെ അമ്മയായ കരീന പറയുന്നു: “കുട്ടികൾക്കു വായിച്ചുകൊടുക്കുമ്പോൾ, നിങ്ങൾ വായിക്കുന്ന വിധത്തിലൂടെയും അതിനോടുള്ള നിങ്ങളുടെ താത്പര്യത്തിലൂടെയും വായിക്കുന്ന കഥയ്ക്കു ജീവൻ പകരുക. നിങ്ങൾ വായന ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ നിങ്ങളെ കണ്ട് മക്കൾക്കും വായനയോട് ഇഷ്ടം തോന്നിയേക്കാം.”
ബൈബിൾതത്ത്വം: ‘പരസ്യമായി വായിക്കുന്നതിൽ അർപ്പിതനായിരിക്കുക.’—1 തിമൊഥെയൊസ് 4:13.
എല്ലാ കുട്ടികളും വായന ഇഷ്ടപ്പെടുന്നവരാകണമെന്നില്ല. എങ്കിലും നിങ്ങൾ കൊടുക്കുന്ന പ്രോത്സാഹനം മക്കൾക്ക് ഒരു പ്രചോദനമായേക്കാം. രണ്ടു പെൺമക്കളുള്ള ഡേവിഡ് അതിലും ഒരുപടി കടന്ന് പ്രവർത്തിച്ചു. അദ്ദേഹം പറയുന്നു: “എന്റെ മക്കൾ വായിക്കുന്ന അതേ കാര്യങ്ങൾതന്നെ ഞാനും വായിക്കുമായിരുന്നു. അതുകൊണ്ട് അവർക്ക് ഇഷ്ടമുള്ള വിഷയങ്ങൾ ഏതാണെന്നു മനസ്സിലാക്കാനും അതെക്കുറിച്ച് സംസാരിക്കാനും എനിക്കു പറ്റി. ഞങ്ങൾക്കു സ്വന്തമായി ഒരു റീഡിങ് ക്ലബ്ബും ഉണ്ടായിരുന്നു. അത് എന്തു രസമായിരുന്നെന്നോ!”