കുടുംബങ്ങൾക്കുവേണ്ടി
എന്റെ കുട്ടി ചട്ടമ്പിത്തരത്തിന് ഇരയായാൽ
സ്കൂളിൽ എപ്പോഴും ഒരു കുട്ടി ഉപദ്രവിക്കുന്നെന്നു നിങ്ങളുടെ മകൻ പറഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും? സ്കൂൾ അധികൃതർ ആ ചട്ടമ്പിയെ ശിക്ഷിക്കണമെന്നു നിങ്ങൾ ആവശ്യപ്പെടുമോ? അതോ ആ ചട്ടമ്പിയെ തിരിച്ചടിക്കാനുള്ള വഴി മകനു പറഞ്ഞുകൊടുക്കുമോ? ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് ചില കാര്യങ്ങൾ മനസ്സിലാക്കൂ. a
ചട്ടമ്പിത്തരത്തെക്കുറിച്ച് ഞാൻ എന്ത് അറിയണം?
എന്താണ് ചട്ടമ്പിത്തരം? സ്ഥിരമായി, മനഃപൂർവം ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുന്നതിനെയാണു ചട്ടമ്പിത്തരം എന്നു പറയുന്നത്. അതുകൊണ്ട് എല്ലാ പരിഹാസങ്ങളും ദേഷ്യപ്രകടനങ്ങളും ചട്ടമ്പിത്തരത്തിൽ വരുന്നില്ല.
ചട്ടമ്പിത്തരം എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്? വിഷമിപ്പിക്കുന്ന ഏതു ചെറിയ കാര്യവും ചട്ടമ്പിത്തരമാണെന്നു ചിലർ വിചാരിക്കുന്നു. ഓരോ ചെറിയ പ്രശ്നങ്ങളും വലിയ സംഭവമാക്കി മാറ്റിയാൽ പ്രശ്നങ്ങൾ സ്വയം പരിഹരിക്കാനുള്ള കുട്ടിയുടെ കഴിവിനെ അറിയാതെതന്നെ നിങ്ങൾ നശിപ്പിക്കുകയായിരിക്കും. ആ കഴിവ് ഇപ്പോഴും ഭാവിയിലും അവനു വേണ്ടതാണ്.
ബൈബിൾതത്ത്വം: “പെട്ടെന്നു നീരസപ്പെടരുത്.”—സഭാപ്രസംഗകൻ 7:9.
ചുരുക്കിപ്പറഞ്ഞാൽ: ചില കേസുകളിൽ നിങ്ങൾ ഇടപെടേണ്ടതുണ്ടായിരിക്കാം. മറ്റു സാഹചര്യങ്ങളിൽ സ്വയം കാര്യങ്ങൾ പരിഹരിക്കാനും മറ്റുള്ളവരോട് എങ്ങനെയാണ് ഇടപെടേണ്ടതെന്നു പഠിക്കാനും ഉള്ള അവസരം കുട്ടിക്കു കൊടുക്കുക.—കൊലോസ്യർ 3:13.
എന്നാൽ സ്ഥിരമായി, മനഃപൂർവം ആരെങ്കിലും തന്നെ ഉപദ്രവിക്കുന്നതായി കുട്ടി നിങ്ങളോടു പറയുന്നെങ്കിലോ?
എങ്ങനെ സഹായിക്കാം?
കുട്ടി പറയുന്നതു ക്ഷമയോടെ കേൾക്കുക. (1) എന്താണു സംഭവം, (2) എന്തുകൊണ്ടാണ് അവർ മകനെ നോട്ടപ്പുള്ളിയാക്കിയിരിക്കുന്നത് എന്നീ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. എല്ലാം അറിയുന്നതിനു മുമ്പ് ഒരു നിഗമനത്തിലെത്തരുത്. സ്വയം ചോദിക്കുക: ‘ഞാൻ ഈ കേൾക്കുന്നതിന് എന്തെങ്കിലും മറുവശമുണ്ടോ?’ കാര്യങ്ങളുടെ ഒരു ആകമാനചിത്രം ലഭിക്കാൻ ഒരുപക്ഷേ ടീച്ചറോടോ ഉപദ്രവിച്ചെന്നു മകൻ പറയുന്ന കുട്ടിയുടെ മാതാപിതാക്കളോടോ സംസാരിക്കേണ്ടതുണ്ടായിരിക്കാം.
ബൈബിൾതത്ത്വം: “വസ്തുതകളെല്ലാം കേൾക്കുംമുമ്പേ മറുപടി പറയുന്നതു വിഡ്ഢിത്തം; അതു മനുഷ്യന് അപമാനകരം.”—സുഭാഷിതങ്ങൾ 18:13.
നിങ്ങളുടെ മകൻ ശരിക്കും ഉപദ്രവത്തിന് ഇരയാകുന്നുണ്ടെങ്കിൽ, കാര്യങ്ങൾ മെച്ചമാകുന്നതും മോശമാകുന്നതും അവന്റെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും എന്ന കാര്യം അവനു മനസ്സിലാക്കിക്കൊടുക്കുക. ഉദാഹരണത്തിന്, “സൗമ്യമായ മറുപടി ഉഗ്രകോപം ശമിപ്പിക്കുന്നു; എന്നാൽ പരുഷമായ വാക്കുകൾ കോപം ആളിക്കത്തിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 15:1) തിരിച്ചടിക്കുന്നത് എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെയാണ്. അതു ചട്ടമ്പിത്തരം കുറയാനല്ല കൂടാനേ ഉപകരിക്കൂ.
ബൈബിൾതത്ത്വം: ‘ദ്രോഹിക്കുന്നവരെ ദ്രോഹിക്കുകയോ അപമാനിക്കുന്നവരെ അപമാനിക്കുകയോ ചെയ്യരുത്.’—1 പത്രോസ് 3:9.
തിരിച്ചടിക്കാതിരിക്കുന്നതു കഴിവുകേടല്ലെന്നു കുട്ടിക്കു മനസ്സിലാക്കിക്കൊടുക്കുക. പകരം പ്രകോപിപ്പിക്കുന്നവരുടെ കൈയിലെ കളിപ്പാവയാകാതിരിക്കാനുള്ള കരുത്താണ് അതിലൂടെ നിങ്ങളുടെ കുട്ടിക്കു കിട്ടുന്നത്. ഒരർഥത്തിൽ, ഒരു ചട്ടമ്പിയാകാതെതന്നെ ചട്ടമ്പിയെ തിരിച്ചടിക്കുകയാണു നിങ്ങളുടെ കുട്ടി.
ഓൺലൈനിലൂടെയുള്ള ചട്ടമ്പിത്തരത്തിനാണ് ഇരയാകുന്നതെങ്കിൽ കുട്ടി ഇക്കാര്യം മനസ്സിൽപ്പിടിക്കേണ്ടതു വളരെ പ്രധാനമാണ്. ഓൺലൈൻ വാഗ്വാദത്തിൽ ഏർപ്പെടുകയാണെങ്കിൽ ഗുണ്ടായിസം തുടർന്നുപോകാൻ അതു സൈബർഗുണ്ടയെ പ്രേരിപ്പിക്കും. നിങ്ങളുടെ കുട്ടിതന്നെ ഒരു സൈബർഗുണ്ടയായിത്തീരാനും സാധ്യതയുണ്ട്. അതുകൊണ്ട് ചില സമയത്ത് എറ്റവും നല്ല പ്രതികരണം മിണ്ടാതിരിക്കുന്നതാണ്. ആ വിദ്യ ചട്ടമ്പിയുടെ വായടപ്പിക്കാനും നിയന്ത്രണം നിങ്ങളുടെ കുട്ടിയുടെ കൈയിലാക്കാനും സഹായിച്ചേക്കും.
ബൈബിൾതത്ത്വം: “വിറകില്ലെങ്കിൽ തീ കെട്ടുപോകും.”—സുഭാഷിതങ്ങൾ 26:20.
ചില കേസുകളിൽ, ചട്ടമ്പികളിൽനിന്നും ചട്ടമ്പിത്തരത്തിന് ഇരയാകുമെന്നു തോന്നുന്ന സ്ഥലങ്ങളിൽനിന്നും കുട്ടിക്കു മാറിപ്പോകാനാകും. ഉദാഹരണത്തിന്, ഒരാളോ ഒരു കൂട്ടം ആളുകളോ പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് അറിയാമെങ്കിൽ വേറൊരു വഴിയിലൂടെ പോകാവുന്നതാണ്.
ബൈബിൾതത്ത്വം: “വിവേകമുള്ളവൻ ആപത്തു കണ്ട് ഒളിക്കുന്നു; എന്നാൽ അനുഭവജ്ഞാനമില്ലാത്തവൻ നേരെ അതിൽ ചെന്ന് ചാടി ഭവിഷ്യത്തുകൾ അനുഭവിക്കുന്നു.”—സുഭാഷിതങ്ങൾ 22:3.
ഇതു പരീക്ഷിക്കൂ: പ്രശ്നം പരിഹരിക്കാൻവേണ്ടി ചെയ്യാവുന്ന കാര്യങ്ങളുടെ ഗുണവും ദോഷവും ചിന്തിക്കാൻ അവനെ സഹായിക്കുക. ഉദാഹരണത്തിന്:
ചട്ടമ്പിയെ മൈൻഡ് ചെയ്യാതിരുന്നാൽ എന്തു സംഭവിച്ചേക്കാം?
ചട്ടമ്പിത്തരം നിറുത്താൻ ധൈര്യത്തോടെ പറഞ്ഞാലോ?
ചട്ടമ്പിയെക്കുറിച്ച് സ്കൂൾ അധികൃതരോടു പറഞ്ഞാലോ?
ചട്ടമ്പിത്തരത്തെ തമാശയായി കണ്ടോ ചട്ടമ്പിയോടു സൗഹൃദത്തോടെ ഇടപെട്ടുകൊണ്ടോ ചട്ടമ്പിയെ ശാന്തനാക്കാൻ കഴിയുമോ?
ഓരോ ചട്ടമ്പിത്തരവും വ്യത്യസ്തമാണ്, അതു നേരിട്ടായാലും ഓൺലൈനിലൂടെ ആയാലും. അതുകൊണ്ട് ഓരോ സാഹചര്യത്തിലും എന്തു ചെയ്യാമെന്നു മനസ്സിലാക്കാൻ കുട്ടിയെ സഹായിക്കുക. ആ പ്രശ്നത്തിലുടനീളം നിങ്ങൾ അവരോടൊപ്പമുണ്ടെന്ന് അവർക്കു ഉറപ്പ് കൊടുക്കുക.
ബൈബിൾതത്ത്വം: “യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.”—സുഭാഷിതങ്ങൾ 17:17.
a ഈ ലേഖനത്തിൽ ആൺകുട്ടികളെക്കുറിച്ചാണു പറയുന്നതെങ്കിലും ചർച്ച ചെയ്യുന്ന തത്ത്വങ്ങൾ പെൺകുട്ടികൾക്കും ബാധകമാണ്.