കുടുംബങ്ങൾക്കുവേണ്ടി
തോൽവിയെ നേരിടാൻ കുട്ടികളെ എങ്ങനെ സഹായിക്കാം?
ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ കുട്ടികൾ തോൽവിയോ തിരിച്ചടിയോ നേരിട്ടേക്കാം. അതു മറികടക്കാൻ അവരെ എങ്ങനെ സഹായിക്കാം?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
തോൽവി ജീവിതത്തിന്റെ ഭാഗമാണ്. ബൈബിൾ പറയുന്നത്, ‘നമ്മളെല്ലാം പലതിലും തെറ്റിപ്പോകുന്നു’എന്നാണ്. (യാക്കോബ് 3:2) കുട്ടികൾക്കും തെറ്റുപറ്റും. എന്നാൽ അതിൽനിന്ന് പഠിക്കാൻ കഴിയുന്ന ചില കാര്യങ്ങളും ഉണ്ട്. കുട്ടിയുടെ മനക്കട്ടി കൂട്ടാൻ അതു സഹായിക്കും. എല്ലാവർക്കും ജന്മനാ കിട്ടുന്നതല്ല ഈ കഴിവ്. എന്നാൽ അതു വളർത്തിയെടുക്കാൻ പറ്റും. “തോൽവി സംഭവിച്ചിട്ടില്ലെന്നു നടിക്കുന്നതിനേക്കാൾ നല്ലതു തോൽവിയെ നേരിടാൻ കുട്ടി പഠിക്കുന്നതാണ് എന്ന കാര്യം ഞാനും ഭർത്താവും മനസ്സിലാക്കി” എന്ന് ലോറ എന്നു പേരുള്ള ഒരു അമ്മ പറയുന്നു. ലോറ ഇങ്ങനെയും പറഞ്ഞു: “വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ അതുമായി എങ്ങനെ ഒത്തുപോകാമെന്ന് പഠിക്കാൻ അവർക്കു കഴിയും.”
പല കുട്ടികളും തോൽവി നേരിടാൻ പഠിച്ചിട്ടില്ല. ചില കുട്ടികൾ തോൽവിയെ നേരിടാൻ പഠിച്ചിട്ടില്ല. കാരണം, എന്തു വന്നാലും മാതാപിതാക്കൾ അവരെ സംരക്ഷിക്കും. ഉദാഹരണം പറഞ്ഞാൽ, കുട്ടിക്കു പരീക്ഷയ്ക്കു മാർക്കു കുറവാണെങ്കിൽ ചില മാതാപിതാക്കൾ ഉടനെ ടീച്ചറെ കുറ്റപ്പെടുത്തും. ഇനി, മറ്റൊരു കുട്ടിയുമായി എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ അപ്പോൾ ആ കുട്ടിയെ കുറ്റപ്പെടുത്തും.
മാതാപിതാക്കൾ എപ്പോഴും കുട്ടികൾ വരുത്തിയ തെറ്റിന്റെ പരിണതഫലത്തിൽനിന്ന് അവരെ സംരക്ഷിച്ചുകൊണ്ടേയിരുന്നാൽ അവർ എങ്ങനെ തെറ്റിന്റെ ഗൗരവത്തെക്കുറിച്ച് മനസ്സിലാക്കി പ്രശ്നം പരിഹരിക്കാൻ പഠിക്കും?
നിങ്ങൾക്കു ചെയ്യാനാകുന്നത്
പ്രവൃത്തികൾക്കു പരിണതഫലങ്ങൾ ഉണ്ടാകുമെന്നു കുട്ടികളെ പഠിപ്പിക്കുക.
ബൈബിൾ പറയുന്നു: “വഴിതെറ്റിക്കപ്പെടരുത്: ദൈവത്തെ പറ്റിക്കാനാകില്ല. ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും.”—ഗലാത്യർ 6:7.
ഒരാൾ ചെയ്യുന്ന കാര്യത്തിന് അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. കേടുവരുത്തിയാൽ നന്നാക്കാൻ ചിലവുവരും. തെറ്റുകൾക്കു അനന്തരഫലങ്ങൾ ഉണ്ടാകും. ചെയ്യുന്ന കാര്യങ്ങൾക്കൊക്കെ അതിന്റേതായ ഫലം ഉണ്ടാകുമെന്ന സത്യം കുട്ടികൾ മനസ്സിലാക്കണം. അവർ ഉൾപ്പെട്ട കാര്യങ്ങളിൽ അവരുടെ ഉത്തരവാദിത്വം മനസ്സിലാക്കാൻ അവരെ പഠിപ്പിക്കണം. അതുകൊണ്ട് കുട്ടികളെ രക്ഷിക്കാൻ മറ്റുള്ളവരെ പഴിചാരുന്നതും മുടന്തൻ ന്യായങ്ങൾ കണ്ടെത്തുന്നതും ഒഴിവാക്കുക. പകരം, കുട്ടിയുടെ പ്രായത്തിനനുസരിച്ച് അവൻ ചെയ്ത കാര്യത്തിന്റെ അനന്തരഫലം അവൻതന്നെ അനുഭവിക്കാൻ അനുവദിക്കുക. അങ്ങനെയാകുമ്പോൾ തെറ്റായ പ്രവർത്തനങ്ങളെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാട് കുട്ടിക്കു ലഭിക്കും.
പ്രശ്നം പരിഹരിക്കാൻ കുട്ടിയെ സഹായിക്കുക.
ബൈബിൾതത്ത്വം: “നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേൽക്കും.”—സുഭാഷിതങ്ങൾ 24:16.
തോൽവി നമ്മളെ വിഷമിപ്പിക്കുമെന്നതു ശരിയാണ്. എന്നാൽ അതോടെ ലോകം അവസാനിക്കാനൊന്നും പോകുന്നില്ല. സംഭവിച്ച തെറ്റിന്റെ ന്യായാന്യായങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുന്നതിനു പകരം അടുത്ത പ്രാവശ്യം എങ്ങനെ തോൽക്കാതിരിക്കാം എന്നതിൽ ശ്രദ്ധിക്കാൻ കുട്ടിയെ സഹായിക്കുക. ഉദാഹരണത്തിന്, കുട്ടി പരീക്ഷയ്ക്കു തോറ്റാൽ അടുത്ത പ്രാവശ്യം എങ്ങനെ നന്നായി പഠിച്ച് മാർക്കു വാങ്ങിക്കാം എന്നു പറഞ്ഞുകൊടുക്കുക. (സുഭാഷിതങ്ങൾ 20:4) നിങ്ങളുടെ മകൾക്കു കൂട്ടുകാരിയുമായി എന്തെങ്കിലും പ്രശ്നമുണ്ടെന്നു വിചാരിക്കുക. ആ പ്രശ്നത്തിനു കാരണക്കാരി ആരായിരുന്നാലും, പ്രശ്നം പരിഹരിക്കുന്നതിനു മുൻകൈയെടുക്കാൻ മകളോടു പറയുക.—റോമർ 12:18; 2 തിമൊഥെയൊസ് 2:24.
താഴ്മ കാണിക്കാൻ കുട്ടിയെ പഠിപ്പിക്കുക.
ബൈബിൾതത്ത്വം: “നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം ചിന്തിക്കരുത്.”—റോമർ 12:3.
നമ്മൾ മോനോടോ മോളോടോ “എല്ലാവരെക്കാളും നന്നായി നീയാണ് ചെയ്യുന്നത്” എന്നു പറഞ്ഞാൽ അത് ഗുണം ചെയ്യില്ല, അത് ശരിയും അല്ല. സ്കൂളിൽ നല്ല മാർക്ക് വാങ്ങിക്കുന്ന കുട്ടിക്ക് ചിലപ്പോഴെങ്കിലും മാർക്ക് കുറഞ്ഞുപോയേക്കാം. ചില കളികളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾ എപ്പോഴും വിജയിക്കുന്നില്ല. താഴ്മയുള്ള കുട്ടികൾ തോൽവികളും തിരിച്ചടികളും ഉണ്ടാകുമ്പോൾ പക്വതയോടെ അതിനെ നേരിടും.
ബൈബിൾ പറയുന്നതു പരീക്ഷണങ്ങൾ നമ്മളെ ശക്തരാക്കുമെന്നും സഹനശക്തി വളർത്തിയെടുക്കാൻ സഹായിക്കുമെന്നും ആണ്. (യാക്കോബ് 1:2-4) തോൽവിയും തിരിച്ചടിയും ഉണ്ടാകുമ്പോൾ വിഷമം തോന്നുമെങ്കിലും അതിനെയൊക്കെ അതിന്റെ സ്ഥാനത്തു നിറുത്താൻ കുട്ടിയെ പഠിപ്പിക്കുക.
ഏതൊരു കാര്യത്തിലും വൈദഗ്ധ്യം നേടിയെടുക്കാൻ സമയവും ശ്രമവും വേണം. അതുപോലെ കുട്ടികളെ മനക്കട്ടിയുള്ളവരായി വളർത്തിക്കൊണ്ടുവരാനും സമയവും ശ്രമവും വേണം. പക്ഷേ അത് പിന്നീട് ഗുണം ചെയ്യും. അവർ കൗമാരത്തിൽ എത്തുമ്പോൾ ഇത് അവരെ ഒരുപാട് സഹായിക്കും. “പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് അറിയാവുന്ന കൗമാരപ്രായക്കാർ വലിയ അപകടങ്ങളിൽചെന്ന് ചാടുന്നില്ല” എന്ന് സ്നേഹത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറുന്നതിനായി . . . (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ആ പുസ്തകം ഇങ്ങനെയും പറയുന്നു, “അപ്രതീക്ഷിതമായോ പുതിയതായോ എന്തെങ്കിലും സംഭവിക്കുമ്പോൾ അതിനെ നന്നായി നേരിടാൻ അവർക്കു പറ്റും.” അതെ, മനക്കട്ടിയുള്ളവരായിരിക്കാൻ പഠിക്കുന്നതു മുതിരുമ്പോഴും അവർക്കു പ്രയോജനം ചെയ്യും.
ചെയ്യാനാകുന്നത്: മാതൃക വെക്കുക. ജീവിതത്തിലെ നിരാശപ്പെടുത്തുന്ന കാര്യങ്ങൾ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നു കുട്ടികൾ കാണുമ്പോൾ അവരുടെ പ്രശ്നങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർ പഠിക്കും.